ബൈബിൾ പുസ്തക നമ്പർ 20—സദൃശവാക്യങ്ങൾ
ബൈബിൾ പുസ്തക നമ്പർ 20—സദൃശവാക്യങ്ങൾ
പറഞ്ഞവർ: ശലോമോൻ, ആഗൂർ, ലെമൂവേൽ
എഴുതിയ സ്ഥലം: യെരുശലേം
എഴുത്തു പൂർത്തിയായത്: പൊ.യു.മു. ഏകദേശം 717
1. സദൃശവാക്യങ്ങളുടെ പുസ്തകത്തിൽ ഏതു ജ്ഞാനം കാണാവുന്നതാണ്?
ദാവീദിന്റെ പുത്രനായ ശലോമോൻ പൊ.യു.മു. 1037-ൽ ഇസ്രായേലിൽ രാജാവായിത്തീർന്നപ്പോൾ, “ഈ ജനത്തിനു നായകനായിരിക്കേണ്ടതിന്നു” “ജ്ഞാനവും വിവേകവും” കിട്ടാൻ യഹോവയോടു പ്രാർഥിച്ചു. ഉത്തരമായി, യഹോവ അവന് ‘അറിവും ജ്ഞാനവും വിവേകമുളള ഒരു ഹൃദയവും’ കൊടുത്തു. (2 ദിന. 1:10-12; 1 രാജാ. 3:12; 4:30, 31) തത്ഫലമായി, ശലോമോൻ “മൂവായിരം സദൃശവാക്യം പറ”യാനിടയായി. (1 രാജാ. 4:32) ഈ സുഭാഷിതജ്ഞാനത്തിൽ കുറേ സദൃശവാക്യങ്ങൾ എന്ന ബൈബിൾപുസ്തകത്തിൽ രേഖപ്പെടുത്തപ്പെട്ടു. അവന്റെ ജ്ഞാനം യഥാർഥത്തിൽ “ദൈവം ശലോമോന്റെ ഹൃദയത്തിൽ കൊടുത്ത”തായിരുന്നതുകൊണ്ടു സദൃശവാക്യങ്ങൾ പഠിക്കുമ്പോൾ നാം വാസ്തവത്തിൽ യഹോവയാം ദൈവത്തിന്റെ ജ്ഞാനമാണു പഠിക്കുന്നത്. (1 രാജാ. 10:23, 24) ഈ സദൃശവാക്യങ്ങൾ നിത്യസത്യങ്ങളെ സംഗ്രഹിക്കുന്നു. അവ ആദ്യമായി ഉച്ചരിക്കപ്പെട്ടപ്പോഴത്തേതുപോലെതന്നെ ഇപ്പോഴും കാലാനുസൃതമാണ്.
2. സദൃശവാക്യങ്ങളിലെ ദിവ്യമാർഗദർശനം പ്രദാനംചെയ്യുന്നതിനു ശലോമോന്റെ കാലം ഉചിതമായ ഒന്നായിരുന്നത് എന്തുകൊണ്ട്?
2 ശലോമോന്റെ വാഴ്ച ഈ ദിവ്യ മാർഗനിർദേശം കൊടുക്കുന്നതിന് അനുയോജ്യമായ സമയമായിരുന്നു. ശലോമോൻ “യഹോവയുടെ സിംഹാസനത്തിൽ” ഇരിക്കുന്നതായി പറയപ്പെട്ടു. ഇസ്രായേലിന്റെ ദിവ്യാധിപത്യരാജ്യം അതിന്റെ ഔന്നത്യത്തിലായിരുന്നു. ശലോമോൻ മികച്ച “രാജമഹിമ”യാൽ അനുഗൃഹീതനായി. (1 ദിന. 29:23, 25) അതു സമാധാനത്തിന്റെയും സമൃദ്ധിയുടെയും ഒരു കാലം, സുരക്ഷിതത്വത്തിന്റെ ഒരു കാലം, ആയിരുന്നു. (1 രാജാ. 4:20-25) എന്നിരുന്നാലും, ദിവ്യാധിപത്യഭരണത്തിൻകീഴിൽ പോലും, ജനത്തിനു മനുഷ്യാപൂർണത മൂലമുളള വ്യക്തിപരമായ പ്രശ്നങ്ങളും പ്രയാസങ്ങളുമുണ്ടായിരുന്നു. തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു തങ്ങളെ സഹായിക്കാൻ ജനം ജ്ഞാനിയായ ശലോമോൻ രാജാവിലേക്കു നോക്കുന്നതു മനസ്സിലാക്കാവുന്നതാണ്. (1 രാജാ. 3:16-28) ഈ അനേകം കേസുകളിൽ വിധി പ്രസ്താവിക്കുന്നതിനിടയിൽ അവൻ ദൈനംദിനം ഉയർന്നുവരുന്ന അനേകം സാഹചര്യങ്ങൾക്കു പററുന്ന സദൃശവാക്യങ്ങൾ ഉച്ചരിച്ചു. ഹ്രസ്വവും എന്നാൽ ഗംഭീരവുമായ ഈ മൊഴികളെ ദൈവേഷ്ടത്തിനു ചേർച്ചയിൽ തങ്ങളുടെ ജീവിതങ്ങളെ ക്രമപ്പെടുത്താൻ ആഗ്രഹിച്ചവർ അതിയായി വിലമതിച്ചു.
3. സദൃശവാക്യങ്ങൾ എങ്ങനെ സമാഹരിക്കാനിടയായി?
3 സദൃശവാക്യങ്ങൾ ശലോമോൻ എഴുതി എന്നു രേഖ പറയുന്നില്ല. എന്നിരുന്നാലും, അവൻ സദൃശവാക്യങ്ങൾ ‘പറഞ്ഞു’വെന്നും “ചിന്തിച്ചു ശോധന കഴിച്ചു അനേകം സദൃശവാക്യങ്ങൾ ചമെ”ച്ചുവെന്നും രേഖ പറയുന്നു, അങ്ങനെ പിൽക്കാല ഉപയോഗത്തിനായി സദൃശവാക്യങ്ങൾ സൂക്ഷിക്കുന്നതിൽ താത്പര്യംകാട്ടിയെന്നും അതു പ്രകടമാക്കുന്നു. (1 രാജാ. 4:32; സഭാ. 12:9) ദാവീദിന്റെയും ശലോമോന്റെയും കാലത്ത് അരമന ഉദ്യോഗസ്ഥൻമാരുടെ പട്ടികകളിൽ ഔദ്യോഗിക സെക്രട്ടറിമാർ ഉണ്ടായിരുന്നു. (2 ശമൂ. 20:25; 2 രാജാ. 12:10) അവന്റെ അരമനയിലെ ഈ എഴുത്തുകാർ അവന്റെ സദൃശവാക്യങ്ങൾ എഴുതുകയും ശേഖരിക്കുകയും ചെയ്തുവോയെന്നു നമുക്കറിയില്ല, എന്നാൽ അവന്റേതുപോലെ മനസ്സാമർഥ്യമുളള ഏതു ഭരണാധികാരിയുടെയും മൊഴികൾ അത്യന്തം ആദരിക്കപ്പെടുകയും സാധാരണഗതിയിൽ രേഖപ്പെടുത്തുകയും ചെയ്യും. ഈ പുസ്തകം മററു ശേഖരങ്ങളിൽനിന്നു സമാഹരിച്ച ഒരു ശേഖരമാണെന്നു പൊതുവേ അംഗീകരിക്കപ്പെടുന്നു.
4. (എ) സദൃശവാക്യങ്ങളുടെ പുസ്തകം പൊതുവേ എങ്ങനെ വിഭജിക്കപ്പെടുന്നു? (ബി) സദൃശവാക്യങ്ങളിൽ സിംഹഭാഗവും ആർ ഉത്പാദിപ്പിച്ചതാണ്?
4 സദൃശവാക്യങ്ങളുടെ പുസ്തകത്തെ അഞ്ചു ഭാഗങ്ങളായി വിഭജിക്കാവുന്നതാണ്. ഇവ: (1) “ദാവീദിന്റെ മകനായ ശലോമോന്റെ സദൃശവാക്യങ്ങൾ” എന്ന പ്രാരംഭവാക്കുകളോടെ തുടങ്ങുന്ന 1-9 വരെയുള്ള അധ്യായങ്ങൾ; (2) “ശലോമോന്റെ സദൃശവാക്യങ്ങൾ” എന്നു വർണിക്കപ്പെടുന്ന 10-24 വരെയുള്ള അധ്യായങ്ങൾ; (3) “ഇവയും ശലോമോന്റെ സദൃശവാക്യങ്ങൾ; യെഹൂദാരാജാവായ ഹിസ്കീയാവിന്റെ ആളുകൾ അവയെ ശേഖരിച്ചിരിക്കുന്നു” എന്നു തുടങ്ങുന്ന 25-29 വരെയുള്ള അധ്യായങ്ങൾ; (4) “യാക്കേയുടെ മകനായ ആഗൂരിന്റെ വചനങ്ങൾ” ആയി അവതരിപ്പിക്കുന്ന 30-ാം അധ്യായം; (5) “ലെമൂവേൽ രാജാവിന്റെ വചനങ്ങൾ; അവന്റെ അമ്മ അവന്നു ഉപദേശിച്ചുകൊടുത്ത അരുളപ്പാടു” ആയിരിക്കുന്ന 31-ാം അധ്യായം. അങ്ങനെ സദൃശവാക്യങ്ങളുടെ സിംഹഭാഗത്തിന്റെയും ഉത്പാദകൻ ശലോമോനായിരുന്നു. ആഗൂരിനെയും ലെമൂവേലിനെയും സംബന്ധിച്ചാണെങ്കിൽ, അവർ ആരാണെന്നു സുനിശ്ചിതമായി യാതൊന്നും അറിയപ്പെടുന്നില്ല. ലെമൂവേൽ ശലോമോന്റെ മറെറാരു പേർ ആയിരിക്കാമെന്നു ചില വ്യാഖ്യാതാക്കൾ സൂചിപ്പിക്കുന്നു.
5. സദൃശവാക്യങ്ങൾ എപ്പോൾ എഴുതപ്പെടുകയും സമാഹരിക്കപ്പെടുകയും ചെയ്തു?
5 സദൃശവാക്യങ്ങൾ എപ്പോൾ എഴുതപ്പെടുകയും സമാഹരിക്കപ്പെടുകയും ചെയ്തു? അധികഭാഗവും ശലോമോന്റെ വാഴ്ചക്കാലത്ത് (പൊ.യു.മു. 1037-998) അവന്റെ വ്യതിചലനത്തിനുമുമ്പ് എഴുതപ്പെട്ടുവെന്നതിനു സംശയമില്ല. ആഗൂരും ലെമൂവേലും ആരാണെന്നുളളതിലെ അനിശ്ചിതത്വം നിമിത്തം അവർ എഴുതിയ വിവരങ്ങളുടെ തീയതി നിശ്ചയിക്കുക സാധ്യമല്ല. ശേഖരങ്ങളിലൊന്നു ഹിസ്കിയാവിന്റെ വാഴ്ചക്കാലത്തു (പൊ.യു.മു. 745-717) നടത്തിയതിനാൽ അന്തിമശേഖരണം നടത്തിയത് അവന്റെ വാഴ്ചക്കു മുമ്പായിരിക്കാവുന്നതല്ല. ഹിസ്കിയാരാജാവിന്റെ മേൽനോട്ടത്തിലാണോ അവസാനത്തെ രണ്ടു ഭാഗങ്ങളും ശേഖരിക്കപ്പെട്ടത്? ഇതിനുത്തരമായി, ന്യൂവേൾഡ് ട്രാൻസ്ലേഷൻ ഓഫ് ദി ഹോളി സ്ക്രിപ്ച്ചേഴ്സ്—വിത്ത് റഫറൻസസ്-ൽ സദൃശവാക്യങ്ങൾ 31:31-നു പ്രകാശംചൊരിയുന്ന ഒരു അടിക്കുറിപ്പുണ്ട്. “എബ്രായ പാഠത്തിന്റെ ചില പതിപ്പുകൾ, വേല പൂർത്തീകരിച്ചിരിക്കുന്നുവെന്നു സൂചിപ്പിക്കാൻ ഹിസ്കിയാരാജാവിന്റെ എഴുത്തുകാർ നടത്തിയ പകർപ്പെഴുത്തിലുളള തന്റെ ഒപ്പായി നിലകൊളളുന്ന ത്ര്യക്ഷരങ്ങൾ അഥവാ ഹേത്ത്, സയിൻ, കോഫ് (חזק) എന്നീ മൂന്ന് അക്ഷരങ്ങൾ പ്രദർശിപ്പിക്കുന്നു.”
6. ഒരു സദൃശവാക്യം എന്താണ്, പുസ്തകത്തിന്റെ എബ്രായ തലക്കെട്ട് ഉചിതമായിരിക്കുന്നത് എന്തുകൊണ്ട്?
6 എബ്രായ ബൈബിളുകളിൽ ഈ പുസ്തകത്തെ ആദ്യം അതിലെ ആദ്യവാക്കായ മിഷ്ലെ എന്ന പദംകൊണ്ടു വിളിച്ചിരുന്നു, അതിന്റെ അർഥം “സദൃശവാക്യങ്ങൾ” എന്നായിരുന്നു. മിഷ്ലെ എന്നതു മാഷാൽ എന്ന എബ്രായ നാമത്തിന്റെ നിർമാണാവസ്ഥയിലുളള ബഹുവചനം ആണ്, “പോലെയായിരിക്കുക” അല്ലെങ്കിൽ “സമാനമായിരിക്കുക” എന്നർഥമുളള ഒരു മൂല പദത്തിൽനിന്ന് ആ നാമം നിഷ്പന്നമായിരിക്കുന്നതായി പൊതുവേ വിചാരിക്കപ്പെടുന്നു. ഈ പദങ്ങൾ ഈ പുസ്തകത്തിന്റെ ഉളളടക്കത്തെ നന്നായി വർണിക്കുന്നു, എന്തുകൊണ്ടെന്നാൽ സദൃശവാക്യങ്ങൾ സാദൃശ്യമോ താരതമ്യങ്ങളോ പ്രയോഗിക്കുന്ന, കേൾവിക്കാരനെ ചിന്തിപ്പിക്കാൻ ഉദ്ദേശിച്ചിട്ടുളള, സാരവത്തായ മൊഴികളാണ്. സദൃശവാക്യങ്ങളുടെ ഹ്രസ്വരൂപം അവയെ മനസ്സിലാക്കാൻ എളുപ്പവും രസകരവുമാക്കിത്തീർക്കുന്നു, ഈ രൂപത്തിൽ അവ അനായാസം പഠിപ്പിക്കപ്പെടുകയും പഠിക്കയും ഓർമിക്കുകയും ചെയ്യുന്നു. ആശയം തങ്ങിനിൽക്കുന്നു.
7. സദൃശവാക്യങ്ങളുടെ ശൈലി സംബന്ധിച്ച് എന്തു കുറിക്കൊളളണം?
7 പുസ്തകത്തിലെ ആശയപ്രകാശനരീതിയും അത്യന്തം രസാവഹമാണ്. അത് എബ്രായ കാവ്യരീതിയാണ്. പുസ്തകത്തിന്റെ അധികഭാഗത്തിന്റെയും ഘടന സമാന്തര കവിതയായിട്ടാണ്. ഇതു വരികളുടെ അല്ലെങ്കിൽ പദ്യങ്ങളുടെ അവസാന ഭാഗങ്ങൾ പ്രാസനിബദ്ധമാക്കുന്നില്ല, അല്ലെങ്കിൽ ഒരുപോലെ ധ്വനിക്കുന്നില്ല. അതിൽ ലയാത്മക വരികൾ സമാന്തരചിന്തകളോ ആശയങ്ങളോ നൽകാനിടയാക്കുന്നത് ഉൾപ്പെടുന്നു. അതിന്റെ മനോഹാരിതയും പ്രബോധനശക്തിയും ആശയലയത്തിലാണു സ്ഥിതിചെയ്യുന്നത്. ആശയങ്ങൾ സമാനാർഥമോ വിപരീതാർഥമോ ഉളളതായിരിക്കാം, എന്നാൽ അവിടെ സമാന്തരത്തിന്റെ ശക്തിയുളളതു ചിന്തയെ വികസിപ്പിക്കുന്നതിനും ആശയം വിപുലീകരിക്കുന്നതിനും ആശയത്തിലെ അർഥം ധരിപ്പിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ്. സമാനാർഥ സമാന്തരങ്ങളുടെ ദൃഷ്ടാന്തങ്ങൾ സദൃശവാക്യങ്ങൾ 11:25; 16:18; 18:15 എന്നിവിടങ്ങളിലും കൂടുതൽ സമൃദ്ധമായുളള വിപരീത സമാന്തരങ്ങളുടെ ദൃഷ്ടാന്തങ്ങൾ സദൃശവാക്യങ്ങൾ 10:7, 30; 12:25; 13:25; 15:8 എന്നിവിടങ്ങളിലും കാണാവുന്നതാണ്. മറെറാരു തരം ഘടന പുസ്തകത്തിന്റെ ഒടുവിൽ കാണാവുന്നതാണ്. (സദൃ. 31:10-31) അവിടത്തെ 22 വാക്യങ്ങൾ എബ്രായയിൽ എബ്രായ അക്ഷരമാലയിലെ തുടർന്നുളള ഓരോ അക്ഷരവുംകൊണ്ടു തുടങ്ങത്തക്കവണ്ണം ക്രമീകരിച്ചിരിക്കുന്നു, ഇതാണു നിരവധി സങ്കീർത്തനങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രാക്ഷരിശൈലി. പുരാതന എഴുത്തുകളിൽ ഭംഗിയിൽ ഈ ശൈലിയോടു സമാന്തരമായ മറെറാന്നില്ല.
8. ആദിമക്രിസ്ത്യാനികളാലുളള സദൃശവാക്യങ്ങളുടെ ഉപയോഗം അതിന്റെ വിശ്വാസ്യതയെ സാക്ഷ്യപ്പെടുത്തുന്നത് എങ്ങനെ?
8 സദൃശവാക്യങ്ങളുടെ വിശ്വാസ്യത പെരുമാററച്ചട്ടങ്ങൾ പ്രസ്താവിക്കുന്നതിന് ആദിമ ക്രിസ്ത്യാനികൾ ഈ പുസ്തകം വിപുലമായി ഉപയോഗിച്ചതിനാലും പ്രകടമാക്കപ്പെടുന്നു. പ്രത്യക്ഷത്തിൽ യാക്കോബിനു സദൃശവാക്യങ്ങൾ സുപരിചിതമായിരുന്നു, ക്രിസ്തീയ നടത്തസംബന്ധിച്ച് അവൻ കൊടുത്ത വിശിഷ്ട ബുദ്ധ്യുപദേശത്തിൽ അതിലെ അടിസ്ഥാനതത്ത്വങ്ങൾ ഉപയോഗിക്കുകയും ചെയ്തു. (സദൃശവാക്യങ്ങൾ 14:29; 17:27 യാക്കോബ് 1:19, 20-നോടും സദൃശവാക്യങ്ങൾ 3:34 യാക്കോബ് 4:6-നോടും സദൃശവാക്യങ്ങൾ 27:1 യാക്കോബ് 4:13, 14-നോടും താരതമ്യം ചെയ്യുക.) സദൃശവാക്യങ്ങളിൽനിന്നു നേരിട്ടുളള ഉദ്ധരണികളും പിൻവരുന്ന വേദഭാഗങ്ങളിൽ കാണപ്പെടുന്നു: റോമർ 12:20—സദൃശവാക്യങ്ങൾ 25:21, 22; എബ്രായർ 12:5, 6—സദൃശവാക്യങ്ങൾ 3:11, 12; 2 പത്രൊസ് 2:22—സദൃശവാക്യങ്ങൾ 26:11.
9. സദൃശവാക്യങ്ങൾ ബൈബിളിന്റെ ശേഷംഭാഗത്തോടു യോജിക്കുന്നത് എങ്ങനെ?
9 കൂടാതെ, സദൃശവാക്യങ്ങൾ ബൈബിളിന്റെ ശേഷിച്ച ഭാഗവുമായി യോജിപ്പിലാണെന്ന് അതുതന്നെ പ്രകടമാക്കുന്നു, അങ്ങനെ “എല്ലാ തിരുവെഴുത്തി”ന്റെയും ഭാഗമാണെന്നു തെളിയിക്കുന്നു. അതു മോശയുടെ ന്യായപ്രമാണത്തോടും യേശുവിന്റെ പഠിപ്പിക്കലിനോടും യേശുവിന്റെ ശിഷ്യൻമാരുടെയും അപ്പോസ്തലൻമാരുടെയും എഴുത്തുകളോടുമുളള താരതമ്യത്തിൽ ശ്രദ്ധേയമായ ആശയ ഐക്യം അവതരിപ്പിക്കുന്നു. (സദൃശവാക്യങ്ങൾ 10:16—1 കൊരിന്ത്യർ 15:58-ഉം ഗലാത്യർ 6:8, 9-ഉം; സദൃശവാക്യങ്ങൾ 12:25—മത്തായി 6:25; സദൃശവാക്യങ്ങൾ 20:20—പുറപ്പാടു 20:12-ഉം മത്തായി 15:4-ഉം കാണുക.) മനുഷ്യാധിവാസത്തിനുവേണ്ടിയുളള ഭൂമിയുടെ ഒരുക്കൽപോലെയുളള ആശയങ്ങളെ സ്പർശിക്കുമ്പോൾപോലും മററു ബൈബിളെഴുത്തുകാരുമായുളള ചിന്തയിലെ ഏകതയുണ്ട്.—സദൃ. 3:19, 20; ഉല്പ. 1:6, 7; ഇയ്യോ. 38:4-11; സങ്കീ. 104:5-9.
10, 11. പുസ്തകത്തിന്റെ ദിവ്യനിശ്വസ്തതയെ കൂടുതലായി സാക്ഷ്യപ്പെടുത്തുന്നത് എന്ത്?
10 സദൃശവാക്യത്തിൽ ഉൾപ്പെട്ടിരിക്കുന്നതു രാസപരമോ വൈദ്യശാസ്ത്രപരമോ ആരോഗ്യപരമോ ആയ തത്ത്വങ്ങളായാലും ശരി പുസ്തകത്തിന്റെ ദിവ്യനിശ്വസ്തതയെ സാക്ഷ്യപ്പെടുത്തുന്നതാണ് അതിന്റെ ശാസ്ത്രീയ കൃത്യത. പ്രത്യക്ഷത്തിൽ സദൃശവാക്യങ്ങൾ 25:20 അമ്ല-ക്ഷാര പ്രവർത്തനത്തെക്കുറിച്ചു പറയുന്നു. മദ്യം ചിന്താപ്രക്രിയകളെ മന്ദീഭവിപ്പിക്കുന്നുവെന്ന ആധുനിക ശാസ്ത്ര കണ്ടുപിടിത്തങ്ങളോടു സദൃശവാക്യങ്ങൾ 31:4, 5 യോജിക്കുന്നു. തേൻ ആരോഗ്യപ്രദമായ ഒരു ആഹാരമാണെന്നുളളതിനോട് അനേകം പോഷകാഹാരവിദഗ്ധർ യോജിക്കുന്നു. ഇതു “മകനേ, തേൻ തിന്നുക; അതു നല്ലതല്ലോ” എന്ന സദൃശവാക്യത്തെ അനുസ്മരിപ്പിക്കുന്നു. (സദൃ. 24:13) ശാരീരിക-മനോജന്യ രോഗങ്ങളെസംബന്ധിച്ച ആധുനിക നിരീക്ഷണങ്ങൾ സദൃശവാക്യങ്ങൾക്കു പുത്തരിയല്ല. “സന്തുഷ്ടഹൃദയം നല്ലോരു ഔഷധമാകുന്നു.”—17:22; 15:17.
11 തീർച്ചയായും, സദൃശവാക്യങ്ങളുടെ പുസ്തകം ഓരോ മനുഷ്യാവശ്യത്തെയും സാഹചര്യത്തെയും വളരെ പൂർണമായി കൈകാര്യംചെയ്യുന്നതുകൊണ്ട് ഒരു പ്രാമാണികൻ ഇങ്ങനെ പ്രസ്താവിച്ചു: “അതിൽ ഉചിതമായ നിർദേശമില്ലാത്ത ഒരു ബന്ധംപോലും ജീവിതത്തിൽ ഇല്ല, ഉചിതമായ പ്രചോദനമോ തിരുത്തലോ ഇല്ലാത്ത നല്ലതോ തീയതോ ആയ യാതൊരു പ്രവണതയുമില്ല. മനുഷ്യാവബോധം എല്ലായിടത്തും ദിവ്യമായതിനോടുളള സത്വരബന്ധത്തിൽ വരുത്തപ്പെടുന്നു, . . . മനുഷ്യൻ അവന്റെ നിർമാതാവും ന്യായാധിപനുമായവന്റെ മുമ്പാകെ എന്നപോലെ നടക്കുന്നു . . . ഈ പുരാതനപുസ്തകത്തിൽ സകലതരം മനുഷ്യവർഗവും കാണപ്പെടുന്നുണ്ട്; മൂവായിരം വർഷം മുമ്പു രേഖപ്പെടുത്തിയതാണെങ്കിലും അതിന്റെ ജീവിച്ചിരിക്കുന്ന പ്രതിനിധാനത്തിൽനിന്നു ഇപ്പോൾ വരച്ചതുപോലെ സ്വഭാവത്തോടു യോജിപ്പിലാണ്.”—സ്മിത്തിന്റെ ബൈബിൾനിഘണ്ടു, 1890, വാല്യം III, പേജ് 2616.
സദൃശവാക്യങ്ങളുടെ ഉളളടക്കം
12. (എ) ഏതു കൂട്ടിയിണക്കപ്പെട്ട കവിത സദൃശവാക്യങ്ങളുടെ ആദ്യവിഭാഗമായിരിക്കുന്നു? (ബി) ജ്ഞാനവും മാനുഷനടത്തയും സംബന്ധിച്ച് അത് എന്തു പഠിപ്പിക്കുന്നു? (സി) സദൃശവാക്യങ്ങൾ 1:7 മുഴു പുസ്തകത്തിനും മാതൃക വെക്കുന്നത് എങ്ങനെ?
12 ഒന്നാം വിഭാഗം (1:1–9:18). ഹൃദയത്തെ അല്ലെങ്കിൽ മുഴു ആന്തരികവ്യക്തിയെയും നയിക്കുന്നതിനും ആഗ്രഹത്തെ തിരിച്ചുവിടുന്നതിനുമുളള ജ്ഞാനത്തിന്റെ ആവശ്യം കൈകാര്യംചെയ്യുന്ന, ഒരു പിതാവു പുത്രനോടു നടത്തുന്ന മട്ടിലുളള ഹ്രസ്വപ്രഭാഷണങ്ങളടങ്ങുന്ന അന്യോന്യബന്ധമുളള ഒരു കവിതയാണിത്. അതു ജ്ഞാനത്തിന്റെ മൂല്യവും അതിന്റെ അനുഗ്രഹങ്ങളും പഠിപ്പിക്കുന്നു: സന്തുഷ്ടിയും ഉല്ലാസവും സമാധാനവും ജീവനുംതന്നെ. (1:33; 3:13-18; 8:32-35) അത് ഇതും ജ്ഞാനരാഹിത്യവും അതിന്റെ ഫലങ്ങളും തമ്മിലുളള അന്തരം കാട്ടുന്നു: കഷ്ടപ്പാടും ഒടുവിൽ മരണവുംതന്നെ. (1:28-32; 7:24-27; 8:36) അനന്തമായ ജീവിതസാഹചര്യങ്ങളെയും സാധ്യതകളെയും പരിഗണിച്ചുകൊണ്ട് അത് ഒരുവനു മനുഷ്യനടത്തയും അതിന്റെ ഇപ്പോഴത്തെയും ഭാവിയിലെയും പരിണതഫലങ്ങളും സംബന്ധിച്ച ഒരു അടിസ്ഥാനപഠനവിവരം നൽകുന്നു. സദൃശവാക്യങ്ങൾ 1:7-ലെ [NW] വാക്കുകൾ മുഴു പുസ്തകത്തിനും മാതൃക വെക്കുന്നു: “യഹോവാഭയം പരിജ്ഞാനത്തിന്റെ ആരംഭമാകുന്നു.” യഹോവയെ പരിഗണിക്കുന്നുവെന്ന് എല്ലാ പ്രവർത്തനങ്ങളും പ്രകടമാക്കേണ്ടതാണ്. ദൈവനിയമങ്ങൾ മറക്കാതിരിക്കേണ്ടതിന്റെയും അവന്റെ കൽപ്പനകളോടു പററിനിൽക്കേണ്ടതിന്റെയും അവ ഉപേക്ഷിക്കാതിരിക്കേണ്ടതിന്റെയും ആവശ്യകതയുടെ നിരന്തര ആവർത്തനമുണ്ട്.
13. സദൃശവാക്യങ്ങളുടെ ആദ്യ വിഭാഗത്തിലൂടെയുളള പ്രമുഖ തന്തുക്കളെ കണ്ടെത്തുക.
13 ഈ ആദ്യ ഭാഗത്തിന്റെ നെയ്ത്തിൽ ഉടനീളം കാണുന്ന പ്രമുഖ തന്തുക്കൾ പ്രായോഗികജ്ഞാനം, പരിജ്ഞാനം, യഹോവാഭയം, ശിക്ഷണം, വകതിരിവ്, എന്നിവയാണ്. ദുഷിച്ച കൂട്ടുകെട്ടിനും യഹോവയുടെ ശിക്ഷണത്തിന്റെ നിരസനത്തിനും അന്യസ്ത്രീകളുമായുളള അനുചിതമായ ബന്ധങ്ങൾക്കും എതിരെ മുന്നറിയിപ്പുകൾ നൽകുന്നു. (1:10-19; 3:11, 12; 5:3-14; 7:1-27) ജ്ഞാനം പൊതുസ്ഥലങ്ങളിൽ നിൽക്കുന്നതായി, അങ്ങനെ പ്രാപ്യം, ലഭ്യം, ആയിരിക്കുന്നതായി രണ്ടു പ്രാവശ്യം വർണിക്കപ്പെട്ടിരിക്കുന്നു. (1:20, 21; 8:1-11) അതു മൂർത്തീകരിക്കപ്പെടുകയും അനുഭവപരിചയമില്ലാത്തവരോട് ആകർഷകമായി സംസാരിക്കുകയും ചെയ്യുന്നു, ഭൂമിയിലെ സൃഷ്ടിയുടെമേൽ കുറെ വെളിച്ചം വീശിക്കൊണ്ടുപോലും. (1:22-33; 8:4-36) ഇത് എത്ര വിസ്മയാവഹമായ ഒരു പുസ്തകമാണ്! ഈ വിഭാഗം “യഹോവാഭയം ജ്ഞാനത്തിന്റെ തുടക്കമാകുന്നു” എന്ന അതിന്റെ പ്രതിപാദ്യവിഷയത്തോടെ അവസാനിക്കുന്നു. (9:10, NW) നമ്മുടെ സകല വഴികളിലും യഹോവയെ തിരിച്ചറിയുന്നതും ഒപ്പം നാം അവന്റെ വഴികളോടു പററിനിൽക്കുന്നതുമാണു ജീവന്റെ മാർഗമെന്നും അതിന് അനഭിലഷണീയമായ വളരെയധികം കാര്യങ്ങളിൽനിന്നു നമ്മെ സംരക്ഷിക്കാൻ കഴിയുമെന്നും അതു വാദിക്കുന്നു.
14. ഏതു വിരുദ്ധ സമാന്തരപ്രയോഗങ്ങൾ സദൃശവാക്യങ്ങളിലെ പ്രായോഗിക ഉപദേശങ്ങൾ മുന്തിനിൽക്കാനിടയാക്കുന്നു?
14 രണ്ടാം വിഭാഗം (10:1–24:34). ഇവിടെ നാം തിരഞ്ഞെടുക്കാനുളള ഒട്ടേറെ കാര്യങ്ങൾ, ജീവിതത്തിലെ സങ്കീർണസാഹചര്യങ്ങൾക്കു ജ്ഞാനം ബാധകമാക്കുന്ന ബന്ധമില്ലാത്ത വിശിഷ്ട തത്ത്വോക്തികൾ, കാണുന്നു. നമ്മെ ഉചിതമായ പ്രയുക്തികൾ പഠിപ്പിച്ചുകൊണ്ട് അതു വർധിച്ച സന്തുഷ്ടിയെയും ഉല്ലാസകരമായ ജീവിതത്തെയും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിടുന്നു. സമാന്തരപ്രയോഗങ്ങളിലെ വൈപരീത്യങ്ങൾ ഈ പഠിപ്പിക്കലുകൾ നമ്മുടെ മനസ്സുകളിൽ മുന്തിനിൽക്കാനിടയാക്കുന്നു. 10, 11, 12 എന്നീ അധ്യായങ്ങളിൽ മാത്രം പരിചിന്തിച്ചിരിക്കുന്ന വിഷയങ്ങളുടെ ഒരു ഭാഗികമായ പട്ടിക ഇവിടെ കൊടുത്തിരിക്കുന്നു:
സ്നേഹം വിദ്വേഷത്തിനു വിരുദ്ധം
ജ്ഞാനം മൂഢതക്കു വിരുദ്ധം
സത്യസന്ധത വഞ്ചനക്കു വിരുദ്ധം
വിശ്വസ്തത ഏഷണിക്കു വിരുദ്ധം
സത്യം വ്യാജത്തിനു വിരുദ്ധം
ഔദാര്യം ലോഭത്തിനു വിരുദ്ധം
ഉത്സാഹം അലസതക്കു വിരുദ്ധം
നിർമലതയിലുളള നടപ്പു വക്രവഴികൾക്കു വിരുദ്ധം
നല്ല ബുദ്ധ്യുപദേശം വിദഗ്ധ മാർഗനിർദേശരാഹിത്യത്തിനു വിരുദ്ധം
പ്രാപ്തയായ ഭാര്യ മാനംകെട്ട ഭാര്യക്കു വിരുദ്ധം
നീതി ദുഷ്ടതക്കു വിരുദ്ധം
വിനയം ധിക്കാരത്തിനു വിരുദ്ധം
അനുദിനജീവിതത്തോടുളള ബന്ധത്തിൽ ഈ പട്ടിക പരിശോധിക്കുന്നതു സദൃശവാക്യങ്ങൾ യഥാർഥത്തിൽ പ്രായോഗികമായ ഒരു പുസ്തകമാണെന്നു നമ്മെ ബോധ്യപ്പെടുത്തേണ്ടതാണ്!
15. സദൃശവാക്യങ്ങളിൽ കൈകാര്യം ചെയ്തിരിക്കുന്ന വിവിധ മനുഷ്യസാഹചര്യങ്ങളുടെ ചില ദൃഷ്ടാന്തങ്ങൾ നൽകുക.
15 ഈ വിഭാഗത്തിന്റെ ശേഷിച്ച ഭാഗം (13:1–24:34) നമുക്ക് ഉൾക്കാഴ്ചയും വിവേചനയും ലഭിക്കേണ്ടതിനു യഹോവയുടെ പ്രമാണങ്ങൾ സംബന്ധിച്ച അതിന്റെ ഓർമിപ്പിക്കലുകൾ തുടരുന്നു. കൈകാര്യംചെയ്തിരിക്കുന്ന വലിയ വൈവിധ്യമുളള മനുഷ്യസാഹചര്യങ്ങളുടെ ഒരു പട്ടിക എത്ര വിപുലമായ പ്രതിപാദനമാണ് ഈ പുസ്തകം നടത്തുന്നത് എന്നു പ്രകടമാക്കും. നാട്യം, ധിക്കാരം, വാക്കുപാലിക്കൽ, നിപുണത, സഹവാസങ്ങൾ, കുട്ടിയെ തിരുത്തലും പരിശീലിപ്പിക്കലും, ശരിസംബന്ധിച്ച മനുഷ്യവീക്ഷണം, കോപത്തിനു താമസമുണ്ടായിരിക്കൽ, ക്ലേശിതരോടുളള അനുകമ്പ, ചതി, പ്രാർഥന, പരിഹാസം, ജീവിതാവശ്യങ്ങളിലെ സംതൃപ്തി, അഹങ്കാരം, അന്യായമായ ലാഭം, കൈക്കൂലി, ശണ്ഠ, ആത്മനിയന്ത്രണം, ഒററപ്പെടൽ, മൗനം, പക്ഷപാതിത്വം, വഴക്കടിക്കൽ, താഴ്മ, ആഡംബരം, ഒരു പിതാവിന്റെയും മാതാവിന്റെയും പരിപാലനം, ലഹരിപാനീയങ്ങൾ, വഞ്ചിക്കൽ, ഒരു ഭാര്യയുടെ ഗുണങ്ങൾ, ദാനങ്ങൾ, വായ്പവാങ്ങൽ, കടംകൊടുക്കൽ, ദയ, വിശ്വാസം, വസ്തുസംബന്ധമായ അതിർത്തികൾ, ഭവനംപണിയൽ, അസൂയ, പ്രതിക്രിയ, മായ, സൗമ്യമായ ഉത്തരം, ധ്യാനം, യഥാർഥ സഖിത്വം എന്നിവ സംബന്ധിച്ച ഈ ബൈബിൾബുദ്ധ്യുപദേശം അത്യന്തം പ്രയോജനപ്രദമാണ്. ദൈനംദിനകാര്യങ്ങൾ സംബന്ധിച്ച സാരവത്തായ മാർഗനിർദേശത്തിനു സമീപിക്കാവുന്ന ബഹുലമായ ബുദ്ധ്യുപദേശംതന്നെ! ചിലർക്ക് ഇവയിൽ പലതും അപ്രധാനമെന്നു തോന്നിയേക്കാം. എന്നാൽ നിസ്സാരമെന്നു തോന്നുന്ന കാര്യങ്ങളിൽപോലും ബൈബിൾ നമ്മുടെ ആവശ്യങ്ങളെ അവഗണിക്കുന്നില്ലെന്നു നാം ഇവിടെ ഗൗനിക്കുന്നു. ഇതിൽ തീർച്ചയായും സദൃശവാക്യങ്ങൾ അമൂല്യമാണ്.
16. സദൃശവാക്യങ്ങളുടെ മൂന്നാം വിഭാഗത്തിൽ പരിപുഷ്ടിപ്പെടുത്തുന്ന ഏതു ബുദ്ധ്യുപദേശം നൽകപ്പെട്ടിരിക്കുന്നു?
16 മൂന്നാം വിഭാഗം (25:1–29:27). ബഹുമാനം, ക്ഷമ, ശത്രുക്കൾ, മൂഢരോടുളള ഇടപെടൽ, തമാശ, മുഖസ്തുതി, അസൂയ, ഒരു സുഹൃത്തു വരുത്തുന്ന മുറിവ്, വിശപ്പ്, ഏഷണി, ഉത്തരവാദിത്വത്തിലുളള ശ്രദ്ധ, പലിശ, കുററസമ്മതം, ദുഷ്ടഭരണത്തിന്റെ ഫലങ്ങൾ, ഗർവ്, നീതിയുളള ഭരണത്തിന്റെ ഫലങ്ങൾ, ബാലജനദുഷ്കൃത്യങ്ങൾ, ദാസരോടുളള പെരുമാററം, ഉൾക്കാഴ്ച, ദർശനം എന്നിങ്ങനെയുളള കാര്യങ്ങൾസംബന്ധിച്ചു പരിപുഷ്ടിപ്പെടുത്തുന്ന ബുദ്ധ്യുപദേശം നൽകപ്പെടുന്നു.
17. (എ) ആഗൂർ ഏതു “ഘനമായ സന്ദേശം” അറിയിക്കുന്നു? (ബി) അവൻ നാലു കാര്യങ്ങളുടെ ഏതു വ്യത്യസ്ത കൂട്ടങ്ങൾ വർണിക്കുന്നു?
17 നാലാം വിഭാഗം (30:1-33). ഇത് ആഗൂരിന്റേതാണെന്നു പറയപ്പെടുന്ന “ഘനമായ ദൂത്” [NW] ആണ്. തന്റെ സ്വന്തം അപ്രാധാന്യത്തിന്റെ വിനീതമായ ഒരു അംഗീകരണത്തിനുശേഷം എഴുത്തുകാരൻ ഭൂമിയെയും അതിലെ വസ്തുക്കളെയും സൃഷ്ടിക്കുന്നതിനുളള മമനുഷ്യന്റെ അപ്രാപ്തിയെ പരാമർശിക്കുന്നു. അവൻ ദൈവവചനത്തെ ശോധനചെയ്തതെന്നും ഒരു പരിചയെന്നും വിളിക്കുന്നു. വ്യാജവചനത്തെ തന്നിൽനിന്ന് അകററണമെന്നും തനിക്കു ധനമോ ദാരിദ്ര്യമോ നൽകരുതെന്നും അവൻ അപേക്ഷിക്കുന്നു. മാതാപിതാക്കളുടെമേൽ തിൻമ വിളിച്ചുവരുത്തുന്ന അശുദ്ധവും ഉദ്ധതവും അത്യാഗ്രഹമുളളതുമായ ഒരു തലമുറയെ അവൻ വർണിക്കുന്നു. “മതി” എന്നു പറയാത്ത നാലു കാര്യങ്ങളും ഗ്രഹിക്കാൻ പ്രയാസമായ നാലു കാര്യങ്ങളും തിരിച്ചറിയിക്കപ്പെടുന്നു. (30:15, 16) വ്യഭിചാരിണിയായ സ്ത്രീയുടെ നിർലജ്ജമായ സ്വനിർദോഷീകരണം നൽകപ്പെടുന്നു. പിന്നീടു ഭൂമിക്കു പൊറുക്കാനാവാത്ത നാലു കാര്യങ്ങൾ വർണിക്കപ്പെടുന്നു. സഹജജ്ഞാനമുളള ചെറിയ നാലു ജീവികളും ഗമനത്തിൽ മികവുളള നാലു ജീവികളും വർണിക്കപ്പെടുന്നു. അനുയോജ്യമായ താരതമ്യങ്ങളാൽ എഴുത്തുകാരൻ “കോപം ഇളക്കിയാൽ വഴക്കുണ്ടാകും” എന്നു മുന്നറിയിപ്പു കൊടുക്കുന്നു.—30:33.
18. ലെമൂവേൽരാജാവിന് (എ) ഒരു ചീത്ത സ്ത്രീയെക്കുറിച്ച് (ബി) ഒരു പ്രാപ്തയായ സ്ത്രീയെക്കുറിച്ച് എന്തു പറയാനുണ്ട്?
18 അഞ്ചാം വിഭാഗം (31:1-31). ഇവിടെ ലെമൂവേൽരാജാവിന്റെ മറെറാരു “ഘനമായ ദൂതാ”ണുളളത്. ഇതു രണ്ടു രചനാശൈലിയിലാണ്. ആദ്യഭാഗം ഒരു ചീത്ത സ്ത്രീമുഖാന്തരം ഒരുവൻ എത്തിച്ചേർന്നേക്കാവുന്ന വിനാശത്തെ ചർച്ചചെയ്യുകയും ലഹരിപാനീയത്തിന് എങ്ങനെ വിവേചനയെ മറിച്ചുകളയാൻ കഴിയുമെന്നു മുന്നറിയിപ്പു കൊടുക്കുകയും നീതിപൂർവകമായ ന്യായവിധി ആവശ്യപ്പെടുകയും ചെയ്യുന്നു. അവസാനഭാഗത്തെ ചിത്രാക്ഷരി ഒരു പ്രാപ്തയായ ഭാര്യയുടെ വിശിഷ്ടമായ വർണനക്കു വിനിയോഗിക്കുന്നു. അതു കുറേ വിശദമായി അവളുടെ മൂല്യം പരിചിന്തിക്കുകയും അവൾ വിശ്വസിക്കപ്പെടുന്നുവെന്നും അവളുടെ ഉടമസ്ഥനു പ്രതിഫലം കൈവരുത്തുന്നുവെന്നും ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. അവളുടെ ഗുണങ്ങളിൽ ഉത്സാഹവതിയും നേരത്തെ എഴുന്നേൽക്കുന്നവളും ശ്രദ്ധാപൂർവം സാധനങ്ങൾ വാങ്ങുന്നവളും ദരിദ്രരോടു ദയാലുവും ദീർഘദൃഷ്ടി പ്രയോഗിക്കുന്നവളും ജ്ഞാനത്തോടെ സംസാരിക്കുന്നവളുമായിരിക്കുന്നത് ഉൾപ്പെടുന്നു. അവൾ ജാഗ്രതയുളളവളും അവളുടെ കുട്ടികളാൽ ബഹുമാനിക്കപ്പെടുന്നവളും ഭർത്താവിനാൽ പ്രശംസിക്കപ്പെടുന്നവളുംകൂടെയാണ്. എല്ലാററിനുമുപരിയായി, അവൾ യഹോവയെ ഭയപ്പെടുന്നു.
എന്തുകൊണ്ടു പ്രയോജനപ്രദം
19. സദൃശവാക്യങ്ങൾതന്നെ അതിന്റെ പ്രയോജനകരമായ ഉദ്ദേശ്യം അറിയിക്കുന്നത് എങ്ങനെ?
19 സദൃശവാക്യങ്ങളുടെ പ്രയോജനകരമായ ഉദ്ദേശ്യം ആദ്യവാക്യങ്ങളിൽ പ്രസ്താവിക്കപ്പെടുന്നു: “ജ്ഞാനവും പ്രബോധനവും പ്രാപിപ്പാനും വിവേകവചനങ്ങളെ ഗ്രഹിപ്പാനും പരിജ്ഞാനം, നീതി, ന്യായം, നേർ എന്നിവെക്കായി പ്രബോധനം ലഭിപ്പാനും അല്പബുദ്ധികൾക്കു സൂക്ഷ്മബുദ്ധിയും ബാലന്നു പരിജ്ഞാനവും വകതിരിവും നൽകുവാനും.” (1:2-4) ആ പ്രസ്താവിതോദ്ദേശ്യത്തിന് അനുയോജ്യമായി ഈ പുസ്തകം പരിജ്ഞാനത്തെയും ജ്ഞാനത്തെയും വിവേകത്തെയും പ്രദീപ്തമാക്കുന്നു, ഓരോന്നും അതിന്റെ പ്രത്യേകവിധത്തിൽ പ്രയോജനകരമാണ്.
20. സദൃശവാക്യങ്ങൾ പരിജ്ഞാനത്തെക്കുറിച്ച് എന്തു പറയുന്നു?
20 (1) പരിജ്ഞാനം മമനുഷ്യന്റെ വലിയ ആവശ്യമാണ്, കാരണം മനുഷ്യൻ അജ്ഞതയിലേക്കു വീണുപോകുന്നതു നല്ലതല്ല. ഒരുവനു യഹോവാഭയം കൂടാതെ ഒരിക്കലും സൂക്ഷ്മപരിജ്ഞാനം സമ്പാദിപ്പാൻ കഴിയില്ല. കാരണം ആ ഭയത്തോടെയാണു പരിജ്ഞാനത്തിനു തുടക്കമിടുന്നത്. പരിജ്ഞാനം മേത്തരം സ്വർണത്തെക്കാളും അഭിലഷിക്കേണ്ടതാണ്. എന്തുകൊണ്ട്? പരിജ്ഞാനത്താൽ നീതിമാൻമാർ രക്ഷിക്കപ്പെടുന്നു; അതു പാപത്തിലേക്കു ബദ്ധപ്പെടുന്നതിൽനിന്നു നമ്മെ പിടിച്ചുനിർത്തുന്നു. നാം അതിനുവേണ്ടി, അത് ഉൾക്കൊളളുന്നതിനുവേണ്ടി, എത്ര ഗവേഷണംചെയ്യേണ്ടതുണ്ട്! അതു വിലയേറിയതാണ്. അതുകൊണ്ടു “ജ്ഞാനികളുടെ വചനങ്ങളെ ചെവിചായിച്ചു കേൾക്കുക, എന്റെ പരിജ്ഞാനത്തിനു മനസ്സുവെക്കുക.”—22:17; 1:7; 8:10; 11:9; 18:15; 19:2; 20:15.
21. ജ്ഞാനത്തെ സംബന്ധിച്ച ദിവ്യപഠിപ്പിക്കൽ എന്താണ്?
21 (2) ജ്ഞാനം, യഹോവയുടെ സ്തുതിക്കായി പരിജ്ഞാനം ഉപയോഗിക്കാനുളള പ്രാപ്തി“തന്നേ പ്രധാനം.” അതു സമ്പാദിക്കുക. അതിന്റെ ഉറവു യഹോവയാണ്. ജീവദായകമായ ജ്ഞാനത്തിന്റെ തുടക്കം യഹോവയാം ദൈവത്തെ അറിയുന്നതിലും ഭയപ്പെടുന്നതിലുമാണ്—അതാണു ജ്ഞാനത്തിന്റെ മഹാരഹസ്യം. അതുകൊണ്ടു ദൈവത്തെ ഭയപ്പെടുക, മനുഷ്യനെയല്ല. മൂർത്തീകരിക്കപ്പെട്ട ജ്ഞാനം തങ്ങളുടെ വഴികളെ മെച്ചപ്പെടുത്താൻ എല്ലാവരെയും പ്രോത്സാഹിപ്പിച്ചുകൊണ്ട് ഒരു വിളംബരം പുറപ്പെടുവിക്കുന്നു. ജ്ഞാനം തെരുവുകളിൽതന്നെ ഉച്ചത്തിൽ വിളിച്ചുപറയുന്നു. തിരിഞ്ഞുവന്നു ജ്ഞാനത്തിന്റെ അപ്പം തിന്നാൻ പരിചയഹീനരായ എല്ലാവരോടും ഹൃദയശൂന്യരോടും വിളിച്ചുപറയുന്നു. അപ്പോൾ, യഹോവാഭയത്താൽ അവർക്ക് അൽപ്പമേ ഉളളൂവെങ്കിലും അവർ സന്തുഷ്ടരായിരിക്കും. ജ്ഞാനത്തിന്റെ അനുഗ്രഹങ്ങൾ അനേകമാണ്; അതിന്റെ ഫലങ്ങൾ അതിയായി പ്രയോജനപ്രദമാണ്. ജ്ഞാനവും അറിവും—ഇവ നമ്മെ കാത്തുസൂക്ഷിക്കുന്ന തരം ചിന്താപ്രാപ്തിക്കു പ്രാഥമികമായ മൗലികകാര്യങ്ങളാണ്. തേൻ പ്രയോജനകരവും ഉല്ലാസപ്രദവുമായിരിക്കുന്നതുപോലെയാണു ജ്ഞാനവും. അതിനു പൊന്നിനെക്കാൾ മൂല്യമുണ്ട്; അത് ഒരു ജീവവൃക്ഷമാണ്. ജ്ഞാനമില്ലെങ്കിൽ ജനം നശിക്കുന്നു, എന്തുകൊണ്ടെന്നാൽ ജ്ഞാനം ജീവനെ സംരക്ഷിക്കുന്നു; അതു ജീവൻ കൈവരുത്തുന്നു.—4:7; 1:7, 20-23; 2:6, 7, 10, 11; 3:13-18, 21-26; 8:1-36; 9:1-6, 10; 10:8; 13:14; 15:16, 24; 16:16, 20-24; 24:13, 14.
22. വിവേകത്തിൽ ഏതു സംരക്ഷണം കാണാം?
22 (3) അറിവിനും ജ്ഞാനത്തിനും പുറമേ, വിവേകം മർമപ്രധാനമാണ്; അതുകൊണ്ടു “നിന്റെ സകല സമ്പാദ്യത്താലും വിവേകം നേടുക.” വിവേകം ഒരു വസ്തുതയെ അതിന്റെ ബന്ധപ്പെട്ട ഭാഗങ്ങളിൽ കാണാനുളള പ്രാപ്തിയാണ്. അതിന്റെ അർഥം ദൈവത്തെ എല്ലായ്പോഴും മനസ്സിൽ നിർത്തുന്ന വകതിരിവ് എന്നാണ്, എന്തുകൊണ്ടെന്നാൽ മനുഷ്യനു തന്റെ സ്വന്ത വിവേകത്തിൽ ഊന്നാവുന്നതല്ല. ഒരുവൻ യഹോവയോടുളള എതിർപ്പിൽ പ്രവർത്തിക്കുന്നുവെങ്കിൽ വിവേകം അല്ലെങ്കിൽ വകതിരിവ് ഉണ്ടായിരിക്കുക എത്ര അസാധ്യമാണ്! നമ്മുടെ സ്വന്തമാക്കുന്നതിനു നാം വിവേകത്തെ ഒരു മറഞ്ഞിരിക്കുന്ന നിധിപോലെ അന്വേഷിക്കേണ്ടതാണ്. വിവേകം നേടുന്നതിനു നമുക്കു പരിജ്ഞാനം ആവശ്യമാണ്. വിവേകി പരിജ്ഞാനത്തിനുവേണ്ടി നടത്തുന്ന അന്വേഷണത്തിനു പ്രതിഫലം ലഭിക്കുന്നു, അയാളുടെ മുമ്പാകെ ജ്ഞാനമുണ്ട്. അയാൾ ഇരുട്ടിന്റെ വഴിയിൽ തങ്ങളോടുകൂടെ നടക്കാൻ ഒരുവനെ കുരുക്കാൻ ശ്രമിച്ചേക്കാവുന്ന എണ്ണമററ വഷളരിൽനിന്നുളളതുപോലുളള ഈ ലോകത്തിലെ അനേകം ചതിക്കുഴികളിൽനിന്നു വിടുവിക്കപ്പെടുന്നു. ജീവദായകമായ പരിജ്ഞാനത്തിന്റെയും ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ഉറവായ യഹോവയാം ദൈവത്തിനു നന്ദി!—4:7; 2:3, 4; 3:5; 15:14; 17:24; 19:8; 21:30.
23. ഏതു തരം ജ്ഞാനോപദേശം അടുത്തതായി ചർച്ചചെയ്യും?
23 സദൃശവാക്യങ്ങളുടെ പ്രയോജനകരമായ ഉദ്ദേശ്യത്തിനു ചേർച്ചയായി, ഈ പുസ്തകം വിവേകം സമ്പാദിക്കുന്നതിനും ഹൃദയത്തെ കാത്തുസൂക്ഷിക്കുന്നതിനും നമ്മെ സഹായിക്കുന്നതിനു ജ്ഞാനപൂർവകമായ ധാരാളം നിശ്വസ്തബുദ്ധ്യുപദേശം നമുക്കു നൽകുന്നു, കാരണം “ജീവന്റെ ഉത്ഭവം അതിൽനിന്നല്ലോ [ഹൃദയത്തിൽനിന്ന്] ആകുന്നു.” (4:23) അടുത്തതായി ചേർത്തിരിക്കുന്നതു പുസ്തകത്തിലുടനീളം ഊന്നിപ്പറഞ്ഞിരിക്കുന്ന ജ്ഞാനോപദേശത്തിന്റെ തിരഞ്ഞെടുത്ത വിവരങ്ങളാണ്.
24. ദുഷ്ടരെയും നീതിമാൻമാരെയും കുറിച്ച് എന്തു പ്രസ്താവിക്കപ്പെട്ടിരിക്കുന്നു?
24 ദുഷ്ടരും നീതിമാൻമാരും തമ്മിലുളള അന്തരം കാട്ടുന്നു: ദുഷ്ടൻ തന്റെ വളഞ്ഞ വഴികളിൽ പിടിക്കപ്പെടും, അവന്റെ നിക്ഷേപങ്ങൾ അവനെ ക്രോധദിവസത്തിൽ രക്ഷിക്കുകയില്ല, നീതിമാൻ ജീവൻ ലഭിക്കാനുളളവനാണ്, യഹോവയാൽ പ്രതിഫലം കൊടുക്കപ്പെടും.—2:21, 22; 10:6, 7, 9, 24, 25, 27-32; 11:3-7, 18-21, 23, 30, 31; 12:2, 3, 7, 28; 13:6, 9; 14:2, 11; 15:3, 8, 29; 29:16.
25. സദൃശവാക്യങ്ങൾ ദുർമാർഗത്തെസംബന്ധിച്ചു മുന്നറിയിപ്പു നൽകുന്നതെങ്ങനെ?
25 ശുദ്ധമായ ധാർമികനിഷ്ഠകളുടെ ആവശ്യം: ശലോമോൻ തുടർച്ചയായി ദുർമാർഗത്തിനെതിരെ മുന്നറിയിപ്പുനൽകുന്നു. വ്യഭിചാരികളായ ആളുകൾക്ക് ഒരു ബാധയും അപമാനവും കിട്ടും, അവരുടെ നിന്ദ തുടച്ചുനീക്കപ്പെടുകയില്ല. ഒരു യുവാവിനു “മോഷ്ടിച്ച വെളളം” മധുരമെന്നു തോന്നിയേക്കാം, എന്നാൽ വേശ്യ മരണത്തിലേക്കിറങ്ങുകയും അനുഭവപരിചയമില്ലാത്ത ഇരകളെ തന്നോടുകൂടെ കൊണ്ടുപോകുകയും ചെയ്യുന്നു. ദുർമാർഗത്തിന്റെ പടുകുഴിയിലേക്കു വീഴുന്നവർ യഹോവയാൽ അപലപിക്കപ്പെടുന്നു.—2:16-19: 5:1-23; 6:20-35: 7:4-27; 9:13-18; 22:14; 23:27, 28.
26. ആത്മനിയന്ത്രണത്തെക്കുറിച്ച് എന്തു പറയപ്പെടുന്നു?
26 ആത്മനിയന്ത്രണത്തിന്റെ ആവശ്യം: അമിതമദ്യപാനവും പെരുവയറും കുററംവിധിക്കപ്പെട്ടിരിക്കുന്നു. ദൈവത്തിന്റെ അംഗീകാരം ലഭിക്കേണ്ടവരെല്ലാം തീനിലും കുടിയിലും മിതത്വം പാലിക്കണം. (20:1; 21:17; 23:21, 29-35; 25:16; 31:4, 5) കോപത്തിനു താമസമുളളവർ വിവേചനയിൽ സമൃദ്ധരും ഒരു പട്ടണം പിടിച്ചടക്കുന്ന ഒരു ശക്തനായ മനുഷ്യനെക്കാൾ ഉന്നതരുമാകുന്നു. (14:17, 29; 15:1, 18; 16:32; 19:11; 25:15, 28; 29:11, 22) ഒരുവന്റെ അസ്ഥികൾക്കു ദ്രവത്വമായിരിക്കുന്ന സ്പർധയും അസൂയയും ഒഴിവാക്കാനും ആത്മനിയന്ത്രണം ആവശ്യമാണ്.—14:30; 24:1; 27:4; 28:22.
27. (എ) സംസാരത്തിന്റെ ജ്ഞാനരഹിതമായ ഉപയോഗം എന്താണ്? (ബി) നമ്മുടെ അധരങ്ങളുടെയും നാവുകളുടെയും ജ്ഞാനപൂർവകമായ ഉപയോഗം വളരെ മർമപ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
27 സംസാരത്തിന്റെ ജ്ഞാനപൂർവകവും ബുദ്ധിശൂന്യവുമായ ഉപയോഗങ്ങൾ: വക്രസംസാരവും ഏഷണിക്കാരനും കളളസാക്ഷിയും കൃത്രിമംകാട്ടുന്നവനും യഹോവക്കു വെറുപ്പായതുകൊണ്ടു വെളിച്ചത്താക്കപ്പെടും. (4:24; 6:16-19; 11:13; 12:17, 22; 14:5, 25; 17:4; 19:5, 9; 20:17; 24:28; 25:18) ഒരുവന്റെ വായ് നല്ല കാര്യങ്ങൾ സംസാരിക്കുന്നുവെങ്കിൽ, അതു ജീവന്റെ ഒരു ഉറവാണ്; എന്നാൽ മൂഢന്റെ വായ് അവന്റെ നാശത്തിനിടയാക്കുന്നു. “മരണവും ജീവനും നാവിന്റെ അധികാരത്തിൽ ഇരിക്കുന്നു, അതു ഇഷ്ടപ്പെടുന്നവൻ അതിന്റെ ഫലം അനുഭവിക്കും.” (18:21) ഏഷണി, വഞ്ചനാപരമായ സംസാരം, മുഖസ്തുതി, ധൃതഗതിയിലുളള വാക്കുകൾ എന്നിവയെല്ലാം കുററംവിധിക്കപ്പെടുന്നു. സത്യം സംസാരിക്കുന്നത്, ദൈവത്തെ ബഹുമാനിക്കുന്നത്, ജ്ഞാനഗതിയാണ്.—10:11, 13, 14; 12:13, 14, 18, 19; 13:3; 14:3; 16:27-30; 17:27, 28; 18:6-8, 20; 26:28; 29:20; 31:26.
28. അഹങ്കാരം ഏതു ഹാനി വരുത്തുന്നു, താഴ്മയിൽനിന്ന് എന്തു പ്രയോജനങ്ങൾ കൈവരുന്നു?
28 അഹങ്കാരത്തിന്റെ മൗഢ്യവും താഴ്മയുടെ ആവശ്യവും: അഹങ്കാരിയായ മനുഷ്യൻ യഥാർഥത്തിൽ തനിക്കില്ലാത്ത ഒരു ഔന്നത്യത്തിലേക്കു തന്നേത്തന്നെ ഉയർത്തുന്നു, തന്നിമിത്തം അയാൾ വീണു തകരുന്നു. ഹൃദയത്തിൽ അഹങ്കാരമുളളവർ യഹോവക്കു വെറുപ്പാണ്, എന്നാൽ അവൻ താഴ്മയുളളവർക്കു ജ്ഞാനവും മഹത്ത്വവും ധനവും ജീവനും കൊടുക്കുന്നു.—3:7; 11:2; 12:9; 13:10; 15:33; 16:5, 18, 19; 18:12; 21:4; 22:4; 26:12; 28:25, 26; 29:23.
29. മടി എങ്ങനെ കരുതപ്പെടണം, ഉത്സാഹം എത്ര മൂല്യവത്താണ്?
29 അലസതയല്ല, ഉത്സാഹം: മടിയുളള ഒരാളെ സംബന്ധിച്ച വർണനകൾ അനേകമാണ്. അയാൾ ഒരു പാഠം പഠിക്കുന്നതിന് ഉറുമ്പിന്റെ അടുക്കലേക്കു പോകുകയും ജ്ഞാനിയായിത്തീരുകയും വേണം. എന്നാൽ ഉത്സാഹി—അയാൾ അഭിവൃദ്ധിപ്പെടും!—1:32; 6:6-11; 10:4, 5, 26; 12:24; 13:4; 15:19; 18:9; 19:15, 24; 20:4, 13; 21:25, 26; 22:13; 24:30-34; 26:13-16; 31:24, 25.
30. സദൃശവാക്യങ്ങൾ ശരിയായ സഹവാസത്തെ എങ്ങനെ ഊന്നിപ്പറയുന്നു?
30 ശരിയായ സഹവാസം: യഹോവയെ ഭയപ്പെടാത്തവരോടും ദുഷ്ടരോടും അല്ലെങ്കിൽ മൂഢരോടും കോപിഷ്ഠരോടും അപവാദികളോടും അല്ലെങ്കിൽ അതിഭക്ഷകരോടും സഹവസിക്കുന്നതു ഭോഷത്വമാണ്. പകരം, ജ്ഞാനികളുമായി സഹവസിക്കുക, എന്നാൽ നിങ്ങൾ കൂടുതൽ ജ്ഞാനികളായിത്തീരും.—1:10-19; 4:14-19; 13:20; 14:7; 20:19; 22:24, 25; 28:7.
31. ശാസനയെ സംബന്ധിച്ച ജ്ഞാനോപദേശം എന്താണ്?
31 ശാസനയുടെയും തിരുത്തലിന്റെയും ആവശ്യം: “യഹോവ താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു.” ഈ ശിക്ഷണത്തിനു ശ്രദ്ധകൊടുക്കുന്നവർ മഹത്ത്വത്തിലേക്കും ജീവനിലേക്കുമുളള വഴിയിലാണ്. ശാസനയെ വെറുക്കുന്നവൻ അപമാനിതനാകും.—3:11, 12; 10:17; 12:1; 13:18; 15:5, 31-33; 17:10; 19:25; 29:1.
32. ഒരു നല്ല ഭാര്യയായിരിക്കുന്നതു സംബന്ധിച്ച് ഏതു നല്ല ബുദ്ധ്യുപദേശം നൽകപ്പെടുന്നു?
32 ഒരു നല്ല ഭാര്യയായിരിക്കുന്നതു സംബന്ധിച്ച ബുദ്ധ്യുപദേശം: ഒരു ഭാര്യ കലഹക്കാരിയായി ലജ്ജാവഹമായി പ്രവർത്തിക്കുന്നതിനെതിരെ സദൃശവാക്യങ്ങൾ ആവർത്തിച്ചു മുന്നറിയിപ്പുനൽകുന്നു. വിവേകവും പ്രാപ്തിയും ദൈവഭയവുമുളള ഭാര്യക്കു തന്റെ നാവിൽ സ്നേഹദയയുടെ നിയമമുണ്ട്. അത്തരമൊരു ഭാര്യയെ കണ്ടെത്തുന്ന ഏതൊരുവനും യഹോവയിൽനിന്നു സൻമനസ്സു കിട്ടുന്നു.—12:4; 18:22; 19:13, 14; 21:9, 19; 27:15, 16; 31:10-31.
33. കുട്ടികളുടെ വളർത്തൽസംബന്ധിച്ച് ഏതു പ്രയോജനപ്രദമായ ഉപദേശം അവതരിപ്പിച്ചിരിക്കുന്നു?
33 കുട്ടികളെ വളർത്തൽ: “മറക്കാതിരിക്ക”ത്തക്കവണ്ണം അവരെ ദൈവകൽപ്പനകൾ ക്രമമായി പഠിപ്പിക്കുക. അവരെ യഹോവയുടെ പ്രബോധനത്തിൽ ശൈശവംമുതൽ വളർത്തിക്കൊണ്ടുവരിക. ആവശ്യമായിരിക്കുമ്പോൾ വടി ഉപയോഗിക്കാതിരിക്കരുത്; സ്നേഹത്തിന്റെ ഒരു പ്രകടനമെന്ന നിലയിൽ വടിയും ശാസനയും ഒരു ബാലനു ജ്ഞാനം കൊടുക്കുന്നു. ദൈവികവിധത്തിൽ കുട്ടികളെ വളർത്തുന്നവർക്ക്, അപ്പനും അമ്മക്കും വളരെയധികം ഉല്ലാസവും സന്തോഷവും കൈവരുത്തുന്ന ജ്ഞാനികളായ മക്കൾ ഉണ്ടായിരിക്കും.—4:1-9; 13:24; 17:21; 22:6, 15; 23:13, 14, 22, 24, 25; 29:15, 17.
34. മററുളളവരെ സഹായിക്കുന്നതിൽ ഉത്തരവാദിത്വം ഏറെറടുക്കുന്നതുകൊണ്ട് എന്തു ഗുണമുണ്ട്?
34 മററുളളവരെ സഹായിക്കാനുളള ഉത്തരവാദിത്വം: ഇതു മിക്കപ്പോഴും സദൃശവാക്യങ്ങളിൽ ഊന്നിപ്പറയപ്പെടുന്നു. ജ്ഞാനി മററുളളവരുടെ പ്രയോജനത്തിനുവേണ്ടി അറിവ് എങ്ങും പരത്തണം. തീരെ വകയില്ലാത്തവരോട് ആനുകൂല്യം കാട്ടുന്നതിൽ ഒരുവൻ ഉദാരനുമായിരിക്കണം, അങ്ങനെ ചെയ്യുമ്പോൾ അയാൾ യഥാർഥത്തിൽ, തിരികെ തരുമെന്ന് ഉറപ്പുനൽകുന്ന യഹോവക്കു വായ്പകൊടുക്കുകയാണ്.—11:24-26; 15:7; 19:17; 24:11, 12; 28:27.
35. നമ്മുടെ പ്രശ്നങ്ങളുടെ ഉൾക്കാമ്പിലേക്കുതന്നെ കടന്നുകൊണ്ടു സദൃശവാക്യങ്ങൾ ഏതു ബുദ്ധ്യുപദേശം നൽകുന്നു?
35 യഹോവയിലുളള ആശ്രയം: നാം ദൈവത്തിൽ പൂർണമായി ആശ്രയിക്കേണ്ടതാണെന്നു ബുദ്ധ്യുപദേശിക്കുന്നതിൽ സദൃശവാക്യങ്ങൾ നമ്മുടെ പ്രശ്നങ്ങളുടെ ഉൾക്കാമ്പിലേക്കുതന്നെ കടക്കുന്നു. നാം യഹോവയെ നമ്മുടെ സകല വഴികളിലും പരിഗണിക്കണം. ഒരു മനുഷ്യൻ തന്റെ ഗതി ആസൂത്രണംചെയ്തേക്കാം, എന്നാൽ യഹോവ വേണം അയാളുടെ ചുവടുകൾ നയിക്കാൻ. യഹോവയുടെ നാമം ബലമുളള ഒരു ഗോപുരമാണ്, നീതിമാൻ അതിലേക്ക് ഓടിച്ചെന്ന് അഭയം പ്രാപിക്കുന്നു. യഹോവയിൽ പ്രത്യാശിക്കുകയും മാർഗനിർദേശത്തിനുവേണ്ടി അവന്റെ വചനത്തിലേക്കു തിരിയുകയും ചെയ്യുക.—3:1, 5, 6; 16:1-9; 18:10; 20:22; 28:25, 26; 30:5, 6.
36. ഏതു വീക്ഷണങ്ങളിൽ സദൃശവാക്യങ്ങളെ കാലാനുസൃതവും പ്രായോഗികവും പ്രയോജനപ്രദവുമെന്നു വർണിക്കാൻ കഴിയും?
36 സദൃശവാക്യങ്ങളുടെ പുസ്തകം നമുക്കുതന്നെയും മററുളളവർക്കും ഉപദേശവും ശിക്ഷണവും കൊടുക്കുന്നതിന് എത്ര പ്രയോജനപ്രദമാണ്! മനുഷ്യബന്ധത്തിന്റെ യാതൊരു വശവും അവഗണിക്കപ്പെടുന്നതായി തോന്നുന്നില്ല. തന്റെ സഹാരാധകരിൽനിന്നു തന്നേത്തന്നെ ഒററപ്പെടുത്തുന്ന ഒരാൾ ഉണ്ടോ? (18:1) ഉന്നതസ്ഥാനീയനായ ഒരാൾ സംഗതിയുടെ രണ്ടുവശവും കേൾക്കാതെ നിഗമനങ്ങളിലെത്തുന്നുവോ? (18:17) ഒരുവൻ അപകടകരമായ തമാശ കാണിക്കുന്നവനാണോ? (26:18, 19) ഒരുവൻ പക്ഷപാതിത്വം കാണിക്കാൻ പ്രവണത കാട്ടുന്നുവോ? (28:21) കടയിലെ വ്യാപാരി, വയലിലെ കർഷകൻ, ഭർത്താവും ഭാര്യയും കുട്ടിയും—എല്ലാവർക്കും ആരോഗ്യാവഹമായ ബുദ്ധ്യുപദേശം കിട്ടുന്നു. യുവാവിന്റെ പാതയിൽ പതിയിരിക്കുന്ന അനേകം കെണികളെ തുറന്നുകാട്ടാൻ കഴിയത്തക്കവണ്ണം മാതാപിതാക്കൾ സഹായിക്കപ്പെടുന്നു. ജ്ഞാനികൾക്ക് അനുഭവപരിചയമില്ലാത്തവരെ പഠിപ്പിക്കാൻ കഴിയും. നാം എവിടെ ജീവിച്ചാലും സദൃശവാക്യങ്ങൾ പ്രായോഗികമാണ്; ഈ പുസ്തകത്തിലെ പ്രബോധനവും ബുദ്ധ്യുപദേശവും ഒരിക്കലും കാലഹരണപ്പെടുന്നില്ല: “സദൃശവാക്യങ്ങളുടെ പുസ്തകം ഇന്നത്തെ പ്രഭാതപത്രത്തെക്കാൾ കൂടുതൽ കാലാനുസൃതമാണ്” a എന്ന് ഒരു അമേരിക്കൻ വിദ്യാഭ്യാസപ്രവർത്തകനായ വില്യം ലയൻ ഫെല്പ്സ് ഒരിക്കൽ പറയുകയുണ്ടായി. സദൃശവാക്യങ്ങളുടെ പുസ്തകം ദൈവനിശ്വസ്തമാകയാൽ അതു കാലാനുസൃതവും പ്രായോഗികവും പഠിപ്പിക്കലിനു പ്രയോജനപ്രദവുമാകുന്നു.
37. സദൃശവാക്യങ്ങൾ വലിപ്പമേറിയ ശലോമോന്റെ ഉപദേശങ്ങളോട് എങ്ങനെ യോജിക്കുന്നു?
37 ഏറെയും ശലോമോൻ പറഞ്ഞ സദൃശവാക്യങ്ങളുടെ പുസ്തകം കാര്യങ്ങൾ നേരെയാക്കുന്നതിനു പ്രയോജനപ്രദമാകയാൽ അതു മനുഷ്യരെ സർവശക്തനായ ദൈവത്തിലേക്കു തിരിക്കുന്നു. മത്തായി 12:42-ൽ “ശലോമോനിലും വലിയവൻ” എന്നു പരാമർശിച്ച യേശുക്രിസ്തുവും അങ്ങനെ ചെയ്തു.
38. സദൃശവാക്യങ്ങൾ ദൈവരാജ്യത്തോടും അതിന്റെ നീതിയുളള തത്ത്വങ്ങളോടുമുളള നമ്മുടെ വിലമതിപ്പു വർധിപ്പിക്കുന്നതെങ്ങനെ?
38 ഈ അതിശ്രേഷ്ഠ ജ്ഞാനി രാജ്യസന്തതിയായി യഹോവ തിരഞ്ഞെടുത്തിരിക്കുന്നവനായിരിക്കുന്നതിൽ നമുക്ക് എത്ര നന്ദിയുളളവരായിരിക്കാൻ കഴിയും! അവന്റെ സിംഹാസനമാണു ശലോമോൻ രാജാവിന്റേതിനെക്കാൾപോലും വളരെ മഹത്തരമായ ഒരു സമാധാനപൂർണമായ വാഴ്ചക്ക് ‘നീതിയാൽ സ്ഥിരപ്പെടുന്നത്.’ ആ രാജ്യഭരണത്തെക്കുറിച്ചു “ദയയും വിശ്വസ്തതയും രാജാവിനെ കാക്കുന്നു. ദയകൊണ്ടു അവൻ തന്റെ സിംഹാസനത്തെ ഉറപ്പിക്കുന്നു” എന്നു പറയപ്പെടും. അതു മനുഷ്യവർഗത്തിനുവേണ്ടി നീതിയുളള ഭരണം നടക്കുന്ന ഒരു നിത്യത തുറന്നുകൊടുക്കും, അതിനെക്കുറിച്ചു സദൃശവാക്യങ്ങൾ ഇങ്ങനെയും പറയുന്നു: “അഗതികൾക്കു വിശ്വസ്തതയോടെ ന്യായപാലനംചെയ്യുന്ന രാജാവിന്റെ സിംഹാസനം എന്നേക്കും സ്ഥിരമായിരിക്കും.” അങ്ങനെ സദൃശവാക്യങ്ങൾ പരിജ്ഞാനത്തിലേക്കും ജ്ഞാനത്തിലേക്കും വിവേകത്തിലേക്കും അതുപോലെതന്നെ നിത്യജീവനിലേക്കുമുളള നമ്മുടെ പാതയിൽ വെളിച്ചം വീശുന്നുവെന്നു മാത്രമല്ല, ഏറെ പ്രധാനമായി, അവ യഹോവയാം ദൈവത്തെ യഥാർഥ ജ്ഞാനത്തിന്റെ ഉറവായി മഹിമപ്പെടുത്തുകയും ചെയ്യുന്നുവെന്നു നാം സന്തോഷപൂർവം മനസ്സിലാക്കാൻ ഇടയാകുന്നു. രാജ്യാവകാശിയായ യേശുക്രിസ്തുവിലൂടെയാണ് അവൻ ആ ജ്ഞാനം വിതരണംചെയ്യുന്നത്. സദൃശവാക്യങ്ങൾ ദൈവരാജ്യത്തോടും അതിപ്പോൾ ഭരിക്കുന്നതിനുപയോഗിക്കുന്ന നീതിയുളള തത്ത്വങ്ങളോടുമുളള നമ്മുടെ വിലമതിപ്പു വളരെയധികം വർധിപ്പിക്കുന്നു.—സദൃ. 25:5; 16:12; 20:28; 29:14.
[അടിക്കുറിപ്പുകൾ]
a ക്രിസ്തീയവിശ്വാസത്തിന്റെ നിധി (ഇംഗ്ലീഷ്) 1949, സ്ററബറും ക്ലാർക്കും സംവിധാനംചെയ്തത്, പേജ് 48.
[അധ്യയന ചോദ്യങ്ങൾ]