ബൈബിൾ പുസ്തക നമ്പർ 21—സഭാപ്രസംഗി
ബൈബിൾ പുസ്തക നമ്പർ 21—സഭാപ്രസംഗി
എഴുത്തുകാരൻ: ശലോമോൻ
എഴുതിയ സ്ഥലം: യെരുശലേം
എഴുത്തു പൂർത്തിയായത്: പൊ.യു.മു. 1000-ത്തിനു മുമ്പ്
1. ഏത് ഉൽകൃഷ്ടമായ ഉദ്ദേശ്യത്തോടെ സഭാപ്രസംഗി എഴുതപ്പെട്ടു?
ഉൽകൃഷ്ടമായ ഒരു ഉദ്ദേശ്യത്തിനാണു സഭാപ്രസംഗിയുടെ പുസ്തകം എഴുതപ്പെട്ടത്. യഹോവക്കു സമർപ്പിക്കപ്പെട്ട ഒരു ജനത്തിന്റെ നായകൻ എന്ന നിലയിൽ ശലോമോന് അവരുടെ സമർപ്പണത്തോടുളള വിശ്വസ്തതയിൽ അവരെ ഒരുമിപ്പിച്ചുനിർത്താനുളള ഉത്തരവാദിത്വമുണ്ടായിരുന്നു. അവൻ സഭാപ്രസംഗിയിലെ ജ്ഞാനപൂർവകമായ ബുദ്ധ്യുപദേശംമുഖേന ആ ഉത്തരവാദിത്വം നിറവേററാൻ ശ്രമിച്ചു.
2. ഈ ഉദ്ദേശ്യം സഭാപ്രസംഗിയുടെ എബ്രായ പേരിൽ പ്രകടമായിരിക്കുന്നതും അങ്ങനെ ഗ്രീക്കിലും ഇംഗ്ലീഷിലുമുളള പേരുകളെക്കാൾ അതിനെ കൂടുതൽ അനുയോജ്യമാക്കുന്നതും എങ്ങനെ?
2 സഭാപ്രസംഗി 1:1-ൽ [NW] അവൻ തന്നേത്തന്നെ “സഭാസംഘാടകൻ” എന്നു പരാമർശിക്കുന്നു. എബ്രായഭാഷയിലെ പദം കോഹെലത്ത് ആണ്, എബ്രായ ബൈബിളിൽ ഈ പുസ്തകത്തിന് ആ പേരാണ് കൊടുത്തിരിക്കുന്നത്. എക്ലെസ്യാസ്റെറസ് എന്ന ശീർഷകമാണു ഗ്രീക്ക് സെപ്ററുവജിൻറ് കൊടുക്കുന്നത്, അതിന്റെ അർഥം “ഒരു എക്ലിസ്യായിലെ (സഭ; കൂട്ടം) അംഗം” എന്നാണ്, അതിൽനിന്നാണ് എക്ലിസ്യാസ്ററിസ് (സഭാപ്രസംഗി) എന്ന ഇംഗ്ലീഷ്പദം ഉത്ഭൂതമാകുന്നത്. എന്നിരുന്നാലും കോഹെലത്ത് സഭാസംഘാടകൻ എന്നു കൂടുതൽ ഉചിതമായി വിവർത്തനം ചെയ്യപ്പെടുന്നു, ഇതു ശലോമോനു കൂടുതൽ ഉചിതമായ ഒരു പേരാണ്. അത് ഈ പുസ്തകം എഴുതിയതിലുളള ശലോമോന്റെ ഉദ്ദേശ്യം അറിയിക്കുന്നു.
3. ഏതർഥത്തിൽ ശലോമോൻ ഒരു സഭാസംഘാടകൻ ആയിരുന്നു?
3 ശലോമോൻരാജാവ് ഏതർഥത്തിലാണ് ഒരു സഭാസംഘാടകൻ ആയിരുന്നത്, അവൻ എന്തിലേക്കാണു സഭയെ സംഘടിപ്പിച്ചത്? അവൻ തന്റെ ജനമായ ഇസ്രായേല്യരുടെയും താത്കാലിക നിവാസികളായ അവരുടെ കൂട്ടാളികളുടെയും ഒരു സഭാസംഘാടകനായിരുന്നു. അവൻ ഇവരെയെല്ലാം തന്റെ ദൈവമായ യഹോവയുടെ ആരാധനയ്ക്കായി സംഘടിപ്പിച്ചു. നേരത്തെ അവൻ യെരുശലേമിൽ യഹോവയുടെ ആലയം പണികഴിപ്പിച്ചിരുന്നു. അതിന്റെ സമർപ്പണത്തിങ്കൽ അവൻ അവരെയെല്ലാം ദൈവാരാധനയ്ക്കായി വിളിച്ചുകൂട്ടിയിരുന്നു, അഥവാ ഒന്നിച്ചുകൂട്ടിയിരുന്നു. (1 രാജാ. 8:1) ഇപ്പോൾ, ഈ ലോകത്തിലെ വ്യർഥവും നിഷ്ഫലവുമായ പ്രവർത്തനങ്ങളിൽനിന്ന് അകററിനിർത്തിക്കൊണ്ടു മൂല്യവത്തായ പ്രവർത്തനങ്ങൾക്കായി അവൻ സഭാപ്രസംഗിമുഖേന തന്റെ ജനത്തെ സംഘടിപ്പിക്കാൻ ശ്രമിച്ചു.—സഭാ. 12:8-10.
4. ശലോമോൻ എഴുത്തുകാരനായി സ്ഥിരീകരിക്കപ്പെടുന്നത് എങ്ങനെ?
4 ശലോമോന്റെ പേർ പ്രത്യേകമായി പറയുന്നില്ലെങ്കിലും എഴുത്തുകാരനെന്ന നിലയിൽ അവനെ സ്ഥിരീകരിക്കുന്നതിനു പല ഭാഗങ്ങളും തികച്ചും സമർഥമാണ്. സഭാസംഘാടകൻ “ദാവീദിന്റെ മകനും” “യെരൂശലേമിൽ രാജാവായി”രുന്നവനുമായി തന്നേത്തന്നെ അവതരിപ്പിക്കുന്നു. ഇതു ശലോമോൻ രാജാവിനു മാത്രമേ ബാധകമാകാൻ കഴിയുമായിരുന്നുളളു, എന്തുകൊണ്ടെന്നാൽ യെരുശലേമിലെ അവന്റെ പിൻഗാമികൾ യഹൂദയിൽ മാത്രമേ രാജാക്കൻമാരായിരുന്നിട്ടുളളു. തന്നെയുമല്ല, സഭാസംഘാടകൻ എഴുതുന്ന പ്രകാരം: “യെരൂശലേമിൽ എനിക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം ജ്ഞാനം ഞാൻ സമ്പാദിച്ചിരിക്കുന്നു; എന്റെ ഹൃദയം ജ്ഞാനവും അറിവും ധാരാളം പ്രാപിച്ചിരിക്കുന്നു.” (1:1, 12, 16) ഇതു ശലോമോനു യോജിക്കുന്നു. സഭാപ്രസംഗി 12:9 നമ്മോടു പറയുന്നത് “ചിന്തിച്ചു ശോധനകഴിച്ചു അനേകം സദൃശവാക്യം ചമെക്കയും ചെയ്തു” എന്നാണ്. ശലോമോൻ രാജാവ് 3,000 സദൃശവാക്യങ്ങൾ പറഞ്ഞു. (1 രാജാ. 4:32) സഭാപ്രസംഗി 2:4-9 എഴുത്തുകാരന്റെ നിർമാണപരിപാടിയെക്കുറിച്ചും മുന്തിരിത്തോട്ടങ്ങൾ, പൂന്തോട്ടങ്ങൾ, ഉദ്യാനങ്ങൾ, ജലസേചനപദ്ധതികൾ, ദാസൻമാരുടെയും ദാസിമാരുടെയും ക്രമീകരണം എന്നിവയെക്കുറിച്ചും വെളളിയും പൊന്നും കുന്നുകൂട്ടുന്നതിനെയും മററു നേട്ടങ്ങളെയും കുറിച്ചും പറയുന്നു. ഇതെല്ലാം ശലോമോനെക്കുറിച്ചു സത്യമായിരുന്നു. ശേബയിലെ രാജ്ഞി ശലോമോന്റെ ജ്ഞാനവും സമ്പൽസമൃദ്ധിയും കണ്ടപ്പോൾ “എന്നാൽ പാതിപോലും ഞാൻ അറിഞ്ഞിരുന്നില്ല” എന്നു പറഞ്ഞു.—1 രാജാ. 10:7.
5. സഭാപ്രസംഗി എവിടെ, എപ്പോൾ എഴുതപ്പെട്ടിരിക്കണം?
5 സഭാസംഘാടകൻ “യെരൂശലേമിൽ” രാജാവായിരുന്നു എന്നു പറയുന്നതിനാൽ എഴുതിയ സ്ഥലമായി യെരുശലേമിനെ പുസ്തകം തിരിച്ചറിയിക്കുന്നു. ശലോമോന്റെ 40 വർഷത്തെ വാഴ്ചയിൽ അധികഭാഗവും പിന്നിട്ട ശേഷം അവൻ ഈ പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്ന നിരവധി യത്നങ്ങളിൽ ഏർപ്പെട്ട ശേഷവും എന്നാൽ അവൻ വിഗ്രഹാരാധയിലേക്കു വീണുപോകുന്നതിനുമുമ്പുമായിരിക്കണം കാലം, അതായതു പൊ.യു.മു. 1000 എന്ന വർഷത്തിനു മുമ്പ്. അപ്പോഴേക്കും അവൻ ഈ ലോകത്തിലെ വ്യാപാരങ്ങളെയും ഭൗതികനേട്ടങ്ങൾക്കു പിന്നാലെയുളള കഠിനയത്നങ്ങളെയും കുറിച്ചു വിപുലമായ അറിവു നേടിയിരിക്കണം. അപ്പോഴും അവനു ദൈവപ്രീതി ഉണ്ടായിരുന്നു, അവന്റെ നിശ്വസ്തതയിൻ കീഴിലുമായിരുന്നു.
6. സഭാപ്രസംഗിയുടെ നിശ്വസ്തതസംബന്ധിച്ച് ഏതു തടസ്സവാദങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുണ്ട്, ഇവയെ എങ്ങനെ ഖണ്ഡിക്കാം?
6 സഭാപ്രസംഗി “ദൈവനിശ്വസ്ത”മാണെന്നു നമുക്ക് എങ്ങനെ ഉറപ്പുണ്ടായിരിക്കാൻ കഴിയും? അതിൽ യഹോവയെന്ന ദിവ്യനാമം ഒരിക്കൽപോലും പറയുന്നില്ലാത്തതുകൊണ്ടു ചിലർ അതിന്റെ നിശ്വസ്തതയെ ചോദ്യംചെയ്തേക്കാം. എന്നിരുന്നാലും, അതു തീർച്ചയായും യഹോവയുടെ സത്യാരാധനക്കുവേണ്ടി വാദിക്കുന്നു, അത് ആവർത്തിച്ച് ഹാ എലോഹിം, “സത്യദൈവം”, എന്ന പദപ്രയോഗം ഉപയോഗിക്കുന്നു. മററു ബൈബിൾപുസ്തകങ്ങളിൽ സഭാപ്രസംഗിയിൽനിന്നു നേരിട്ടുളള ഉദ്ധരണികൾ ഇല്ലാത്തതുകൊണ്ട്, മറെറാരു തടസ്സവാദം ഉന്നയിക്കപ്പെട്ടേക്കാം. എന്നിരുന്നാലും, പുസ്തകത്തിൽ സമർപ്പിച്ചിരിക്കുന്ന ഉപദേശങ്ങളും സ്ഥാപിച്ചിരിക്കുന്ന തത്ത്വങ്ങളും തിരുവെഴുത്തുകളുടെ ശേഷിച്ച ഭാഗത്തോടു തികച്ചും യോജിപ്പിലാണ്. ക്ലാർക്കിന്റെ ഭാഷ്യം, വാല്യം III, പേജ് 799 ഇങ്ങനെ പ്രസ്താവിക്കുന്നു: “കോഹെലത്ത് അഥവാ എക്ലിസ്യാസ്ററിസ് എന്ന ശീർഷകത്തിലുളള പുസ്തകം സർവശക്തന്റെ നിശ്വസ്തതയിൽ എഴുതപ്പെട്ടതായി യഹൂദ്യവും ക്രിസ്തീയവുമായ സഭ എക്കാലത്തും സ്വീകരിച്ചിട്ടുണ്ട്; പരിശുദ്ധകാനോന്റെ ഒരു ഭാഗമായി ഉചിതമായി കരുതപ്പെടുകയും ചെയ്തു.”
7. ശലോമോന്റെ പശ്ചാത്തലത്തിലെ എന്ത് സഭാപ്രസംഗിയെന്ന പുസ്തകം എഴുതാൻ അവനെ പ്രമുഖമായി യോഗ്യനാക്കി?
7 ലോകജ്ഞാനികളായ “അമിതകൃത്തിപ്പുകാർ” സഭാപ്രസംഗിയുടെ ഭാഷയും അതിലെ തത്ത്വശാസ്ത്രവും ഒരു പിൽക്കാലതീയതിയിലേതാണെന്നു പറഞ്ഞുകൊണ്ട് അതു ശലോമോന്റെ എഴുത്തല്ലെന്നും ‘എല്ലാ തിരുവെഴുത്തിന്റെയും’ യഥാർഥ ഭാഗമല്ലെന്നും അവകാശപ്പെട്ടിട്ടുണ്ട്. അന്തർദേശീയ വ്യാപാരത്തിന്റെയും വ്യവസായത്തിന്റെയും പടിപടിയായുളള വികാസത്തിൽനിന്നും സഞ്ചാരപ്രമുഖരിൽനിന്നും ബാഹ്യലോകവുമായുളള മററു സമ്പർക്കങ്ങളിൽനിന്നും ശലോമോൻ സമ്പാദിച്ചുകൂട്ടിയിരിക്കാവുന്ന വിജ്ഞാനശേഖരത്തെ അവർ അവഗണിക്കുന്നു. (1 രാജാ. 4:30, 34; 9:26-28; 10:1, 23, 24) എഫ്. സി. കുക്ക് തന്റെ ബൈബിൾ ഭാഷ്യം വാല്യം IV, പേജ് 622-ൽ എഴുതിയിരിക്കുന്നതുപോലെ: “മഹാനായ എബ്രായ രാജാവിന്റെ അനുദിന വ്യാപാരങ്ങളും തിരഞ്ഞെടുക്കപ്പെട്ട ഉദ്യമങ്ങളും സാധാരണ എബ്രായ ജീവിതത്തിന്റെയും ചിന്തയുടെയും ഭാഷയുടെയും മണ്ഡലത്തിൽനിന്നു വളരെ ദൂരത്തിൽ അവനെ എത്തിച്ചിരിക്കണം.”
8. സഭാപ്രസംഗിയുടെ കാനോനികത്വത്തിനുളള അതിശക്തമായ വാദം എന്താണ്?
8 എന്നിരുന്നാലും, സഭാപ്രസംഗിയുടെ കാനോനികത്വത്തിനുവേണ്ടി വാദിക്കാൻ ബാഹ്യ ആധാരഗ്രന്ഥങ്ങൾ യഥാർഥത്തിൽ ആവശ്യമാണോ? പുസ്തകത്തിന്റെതന്നെ ഒരു പരിശോധന അതിന്റെ ആന്തരികയോജിപ്പിനെ മാത്രമല്ല, അതു തീർച്ചയായും ഏതിന്റെ ഭാഗമായിരിക്കുന്നുവോ ആ തിരുവെഴുത്തുകളുടെ ശേഷിച്ച ഭാഗത്തോടുളള യോജിപ്പിനെയും വെളിപ്പെടുത്തും.
സഭാപ്രസംഗിയുടെ ഉളളടക്കം
9. മനുഷ്യപുത്രൻമാരുടെ യത്നങ്ങൾ സംബന്ധിച്ചു സഭാസംഘാടകൻ എന്തു കണ്ടെത്തുന്നു?
9 മനുഷ്യന്റെ ജീവിതരീതിയുടെ വ്യർഥത (1:1–3:22). പ്രാരംഭവാക്കുകൾ പുസ്തകത്തിന്റെ വിഷയപ്രതിപാദ്യത്തെ മുഴക്കുന്നു: “ഹാ മായ, മായ എന്നു സഭാപ്രസംഗി പറയുന്നു; ഹാ മായ, മായ, സകലവും മായയത്രേ.” മനുഷ്യവർഗത്തിന്റെ അധ്വാനം കൊണ്ടും പ്രയത്നം കൊണ്ടും എന്തു പ്രയോജനം? തലമുറകൾ വരുകയും പോകുകയും ചെയ്യുന്നു. പ്രകൃതിപരമായ പരിവൃത്തികൾ ഭൂമിയിൽ ആവർത്തിക്കുന്നു, “സൂര്യനു കീഴിൽ പുതുതായി യാതൊന്നുമില്ല.” (1:2, 3, 9) സഭാസംഘാടകൻ മനുഷ്യപുത്രൻമാരുടെ അപായകരമായ വ്യാപാരങ്ങൾസംബന്ധിച്ചു ജ്ഞാനം തേടാനും പര്യവേഷണം നടത്താനും കാംക്ഷിച്ചു. എന്നാൽ ജ്ഞാനത്തിലും മൂഢതയിലും സാഹസങ്ങളിലും കഠിനവേലയിലും തീററിയിലും കുടിയിലും സകലവും “മായയും വൃഥാപ്രയത്നവുമത്രേ” എന്ന് അവൻ കണ്ടെത്തുന്നു. അവൻ ക്ലേശവും ഭൗതികത്വ ഉദ്യമങ്ങളും നിറഞ്ഞ ‘ജീവിതത്തെ വെറുക്കാ’നിടയാകുന്നു.—1:14; 2:11, 17.
10. ദൈവത്തിന്റെ ദാനം എന്താണ്, എന്നാൽ പാപപൂർണനായ മനുഷ്യന് ഒടുവിൽ എന്തു ഭവിക്കുന്നു?
10 എല്ലാററിനും ഒരു നിയമിത കാലമുണ്ട്—അതേ, ദൈവം സകലത്തെയും ‘അതതിന്റെ സമയത്തു ഭംഗിയായി ചെയ്തു.’ തന്റെ സൃഷ്ടികൾ ഭൂമിയിലെ ജീവിതം ആസ്വദിക്കാൻ അവൻ ആഗ്രഹിക്കുന്നു. “ജീവപര്യന്തം സന്തോഷിക്കുന്നതും സുഖം അനുഭവിക്കുന്നതും അല്ലാതെ ഒരു നൻമയും മനുഷ്യർക്കു ഇല്ല എന്നു ഞാൻ അറിയുന്നു. ഏതു മനുഷ്യനും തിന്നുകുടിച്ചു തന്റെ സകലപ്രയത്നംകൊണ്ടും സുഖം അനുഭവിക്കുന്നതും ദൈവത്തിന്റെ ദാനം ആകുന്നു.” എന്നാൽ കഷ്ടം! പാപികളായ മനുഷ്യവർഗത്തിനു മൃഗങ്ങൾക്കു ഭവിക്കുന്നതുതന്നെ ഭവിക്കുന്നു: “അതു മരിക്കുന്നതുപോലെ അവനും മരിക്കുന്നു; രണ്ടിന്നും ശ്വാസം ഒന്നത്രേ; മനുഷ്യന്നു മൃഗത്തെക്കാൾ വിശേഷതയില്ല; സകലവും മായയല്ലോ.”—3:1, 11-13, 19.
11. ദൈവഭയമുളള മനുഷ്യനു സഭാസംഘാടകൻ എന്തു ജ്ഞാനോപദേശം കൊടുക്കുന്നു?
11 ദൈവത്തെ ഭയപ്പെടുന്നവർക്കു ജ്ഞാനോപദേശം (4:1–7:29). ശലോമോൻ മരിച്ചവരെ അഭിനന്ദിക്കുന്നു, എന്തെന്നാൽ അവർ “സൂര്യന്നു കീഴെ നടക്കുന്ന പീഡനങ്ങ”ളിൽനിന്നെല്ലാം മുക്തരാണ്. പിന്നീട്, അവൻ വ്യർഥവും അനർഥകരവുമായ പ്രവൃത്തികളെ തുടർന്നു വർണിക്കുന്നു. “ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലതു” എന്നും “മുപ്പിരിച്ചരടു വേഗത്തിൽ അററുപോകയില്ല” എന്നും അവൻ ജ്ഞാനപൂർവം ബുദ്ധ്യുപദേശിക്കുന്നു. (4:1, 2, 9, 12) ദൈവജനത്തെ വിളിച്ചുകൂട്ടുന്നതു സംബന്ധിച്ച് അവൻ നല്ല ബുദ്ധ്യുപദേശം നൽകുന്നു: “ദൈവാലയത്തിലേക്കു പോകുമ്പോൾ കാൽ സൂക്ഷിക്ക; മൂഢൻമാർ യാഗം അർപ്പിക്കുന്നതിനെക്കാൾ അടുത്തുചെന്നു കേൾക്കുന്നതു നല്ലതു.” ദൈവമുമ്പാകെ സംസാരിക്കാൻ ധൃതി കൂട്ടരുത്; ‘നിന്റെ വാക്കുകൾ ചുരുക്കമായിരിക്കട്ടെ’ നിങ്ങൾ ദൈവത്തിനു നേരുന്നതു നിവർത്തിക്കുക. “നീയോ ദൈവത്തെ ഭയപ്പെടുക.” ദരിദ്രർ ഞെരുക്കപ്പെടുമ്പോൾ, “ഉന്നതന്നു മീതെ ഒരു ഉന്നതനും അവർക്കുമീതെ അത്യുന്നതനും [“ഉന്നതൻമാരായിരിക്കുന്നവരും,” NW] ജാഗരിക്കുന്നു.” വെറും ദാസനു ശാന്തമായ ഉറക്കം ലഭിക്കും, എന്നാൽ ധനവാൻ ഉറങ്ങാൻ കഴിയാത്തവിധം വ്യാകുലനാണ് എന്ന് അവൻ നിരീക്ഷിക്കുന്നു. എന്നിരുന്നാലും, അവൻ ലോകത്തിലേക്കു വന്നിരിക്കുന്നതു നഗ്നനായിട്ടാണ്, അവൻ എത്ര കഠിനവേല ചെയ്താലും അവനു ലോകത്തിൽനിന്നു യാതൊന്നും കൊണ്ടുപോകാൻ കഴിയില്ല.—5:1, 2, 4, 7, 8, 12, 15.
12. ജീവിതത്തിലെ ഗൗരവമുളള പ്രശ്നങ്ങൾ സംബന്ധിച്ചും പണത്തെ അപേക്ഷിച്ചു ജ്ഞാനത്തിന്റെ പ്രയോജനംസംബന്ധിച്ചും എന്തു ബുദ്ധ്യുപദേശം കൊടുക്കപ്പെടുന്നു?
12 ഒരു മനുഷ്യനു ധനവും മഹത്ത്വവും ലഭിച്ചേക്കാം, എന്നാൽ അയാൾ നൻമ അനുഭവിച്ചിട്ടില്ലെങ്കിൽ അയാൾ “ഈരായിരത്താണ്ട്” ജീവിച്ചതുകൊണ്ട് എന്തു പ്രയോജനം? “സന്തോഷഭവനത്തിൽ” മൂഢൻമാരോടു സഹവസിക്കുന്നതിനെക്കാൾ ജീവിതവും മരണവുമാകുന്ന ഗൗരവമുളള പ്രശ്നങ്ങൾ കാര്യമായി എടുക്കുന്നതാണ് ഏറെ നല്ലത്; അതേ, “മൂഢന്റെ ചിരി കലത്തിന്റെ കീഴെ കത്തുന്ന മുളളിന്റെ പൊടുപൊടുപ്പുപോലെ ആകുന്നു”വെന്നതുകൊണ്ടു ജ്ഞാനിയുടെ ശാസന സ്വീകരിക്കുന്നതാണു മെച്ചം. ജ്ഞാനം പ്രയോജനകരമാണ്. “ജ്ഞാനം ഒരു ശരണം, ദ്രവ്യവും ഒരു ശരണം; ജ്ഞാനമോ ജ്ഞാനിയുടെ ജീവനെ പാലിക്കുന്നു; ഇതത്രേ പരിജ്ഞാനത്തിന്റെ വിശേഷത.” അപ്പോൾ മനുഷ്യവർഗത്തിന്റെ വഴി അനർഥകരമായിത്തീർന്നിരിക്കുന്നത് എന്തുകൊണ്ട്? “ദൈവം മനുഷ്യനെ നേരുളളവനായി സൃഷ്ടിച്ചു, അവരോ അനേകം സൂത്രങ്ങളെ അന്വേഷിച്ചുവരുന്നു.”—6:6; 7:4, 6, 12, 29.
13. സഭാസംഘാടകൻ എന്ത് ഉപദേശിക്കുകയും കൽപ്പിക്കുകയും ചെയ്യുന്നു, മനുഷ്യൻ പോകുന്ന സ്ഥലത്തെക്കുറിച്ച് അവൻ എന്തു പറയുന്നു?
13 എല്ലാവർക്കുമുളള ഒരേ സംഭവ്യത (8:1–9:12). “രാജാവിന്റെ കല്പന പ്രമാണിച്ചുകൊളേളണം,” സഭാസംഘാടകൻ ബുദ്ധ്യുപദേശിക്കുന്നു; എന്നാൽ ദുഷ്പ്രവൃത്തിക്കെതിരായ വിധി ശീഘ്രം നടപ്പിലാക്കാത്തതുകൊണ്ടു “മനുഷ്യർ ദോഷം ചെയ്വാൻ ധൈര്യപ്പെടുന്നു” എന്ന് അവൻ നിരീക്ഷിക്കുന്നു. (8:2, 11) സന്തോഷത്തെ അവൻതന്നെ അഭിനന്ദിക്കുന്നു, എന്നാൽ മറെറാരു അപായമുണ്ട്! സകലതരം മനുഷ്യരും ഒരേ സ്ഥലത്തേക്കു പോകുന്നു—മരണത്തിലേക്ക്! തങ്ങൾ മരിക്കുമെന്നാണു ജീവനുളളവരുടെ ബോധം, “എന്നാൽ മരിച്ചവരോ ഒന്നും അറിയുന്നില്ല. . . . ചെയ്വാൻ നിനക്കു സംഗതിവരുന്നതൊക്കെയും ശക്തിയോടെ ചെയ്ക; നീ ചെല്ലുന്ന പാതാളത്തിൽ പ്രവൃത്തിയോ സൂത്രമോ അറിവോ ജ്ഞാനമോ ഒന്നും ഇല്ല.”—9:5, 10.
14. (എ) സഭാസംഘാടകൻ ഏതു പ്രായോഗികജ്ഞാനം ഊന്നിപ്പറയുന്നു? (ബി) കാര്യത്തിന്റെ തീർപ്പ് എന്താണ്?
14 പ്രായോഗികജ്ഞാനവും മമനുഷ്യന്റെ കടപ്പാടും (9:13–12:14). “മൂഢൻമാർ ശ്രേഷ്ഠ പദവിയിൽ എത്തു”ന്നതുപോലെയുളള മററ് അനർഥങ്ങളെക്കുറിച്ചു സഭാസംഘാടകൻ പറയുന്നു. അവൻ പ്രായോഗികമൂല്യമുളള അനേകം സദൃശവാക്യങ്ങൾ വിവരിക്കുന്നു, യഥാർഥജ്ഞാനം അനുസരിക്കപ്പെടാത്തപക്ഷം ‘ബാല്യവും യൌവനവും പോലും മായ അത്രേ’ എന്നും അവൻ പ്രഖ്യാപിക്കുന്നു. അവൻ ഇങ്ങനെ പ്രസ്താവിക്കുന്നു: “നിന്റെ യൌവനകാലത്തു നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊൾക.” അല്ലെങ്കിൽ വാർധക്യം ഒരുവനെ കേവലം ഭൂമിയിലെ പൊടിയിലേക്കു തിരികെവിട്ടേക്കാം, സഭാസംഘാടകന്റെ വാക്കുകളോടെ: “ഹാ മായ, . . . സകലവും മായ അത്രേ.” അവൻതന്നെ ജനങ്ങളെ തുടർച്ചയായി പരിജ്ഞാനം പഠിപ്പിച്ചു, എന്തുകൊണ്ടെന്നാൽ “ജ്ഞാനികളുടെ വചനങ്ങൾ മുടിങ്കോൽപോലെ”യാകുന്നു, ശരിയായ പ്രവൃത്തികൾക്കു പ്രേരിപ്പിക്കുന്നവതന്നെ. എന്നാൽ ലോകജ്ഞാനത്തെക്കുറിച്ച് അവൻ ഇങ്ങനെ മുന്നറിയിപ്പു നൽകുന്നു: “പുസ്തകം ഓരോന്നുണ്ടാക്കുന്നതിന്നു അവസാനമില്ല; അധികം പഠിക്കുന്നതു ശരീരത്തിന്നു ക്ഷീണം തന്നേ.” അനന്തരം സഭാസംഘാടകൻ വ്യർഥതയെയും ജ്ഞാനത്തെയുംകുറിച്ചു ചർച്ചചെയ്തതെല്ലാം സംഗ്രഹിച്ചുകൊണ്ടു പുസ്തകത്തെ അതിന്റെ മഹത്തായ പാരമ്യത്തിലെത്തിക്കുന്നു: “എല്ലാററിന്റെയും സാരം കേൾക്കുക; ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്പനകളെ പ്രമാണിച്ചുകൊൾക. അതു ആകുന്നു സകല മനുഷ്യർക്കും വേണ്ടുന്നതു. ദൈവം നല്ലതും തീയതുമായ സകലപ്രവൃത്തിയെയും സകല രഹസ്യങ്ങളുമായി ന്യായവിസ്താരത്തിലേക്കു വരുത്തുമല്ലോ.”—10:6; 11:1, 10; 12:1, 8-14.
എന്തുകൊണ്ടു പ്രയോജനപ്രദം
15. അനർഥകരമായ യത്നങ്ങളും മൂല്യവത്തായ പ്രവൃത്തികളും തമ്മിൽ ശലോമോൻ വ്യത്യാസംകൽപ്പിക്കുന്നതെങ്ങനെ?
15 അശുഭാപ്തിവിശ്വാസത്തിന്റെ ഒരു പുസ്തകമായിരിക്കുന്നതിനു പകരം, സഭാപ്രസംഗിയിൽ ദിവ്യജ്ഞാനത്തിന്റെ ഉജ്ജ്വലമായ രത്നങ്ങൾ പതിച്ചിരിക്കുന്നു. മായയെന്നു താൻ മുദ്രയടിക്കുന്ന അനേകം നേട്ടങ്ങളെ എണ്ണിപ്പറയുമ്പോൾ മോറിയാമലയിലെ യഹോവയുടെ ആലയത്തിന്റെ പണിയെയോ യഹോവയുടെ നിർമലാരാധനയെയോ അവൻ ഉൾപ്പെടുത്തുന്നില്ല. അവൻ ജീവൻ എന്ന ദൈവദാനത്തെ മായയെന്നു വർണിക്കുന്നില്ല, എന്നാൽ അതു മമനുഷ്യന്റെ സന്തോഷിക്കലിന്റെയും നൻമചെയ്യലിന്റെയും ഉദ്ദേശ്യത്തിലാണെന്ന് അവൻ പ്രകടമാക്കുന്നു. (3:12, 13; 5:18-20; 8:15) അനർഥകരമായ പ്രവൃത്തികൾ ദൈവത്തെ അവഗണിക്കുന്നവയാണ്. ഒരു പിതാവു തന്റെ പുത്രനുവേണ്ടി സമ്പത്തു കൂട്ടിവെച്ചേക്കാം, എന്നാൽ ഒരു അത്യാഹിതം എല്ലാം നശിപ്പിക്കുന്നു, യാതൊന്നും അയാൾക്കുവേണ്ടി ശേഷിക്കുന്നില്ല. ആത്മീയ ധനത്തിന്റെ നിലനിൽക്കുന്ന അവകാശം ഒരുക്കിക്കൊടുക്കുന്നത് ഏറെ മെച്ചമായിരിക്കും. സമൃദ്ധി ഉണ്ടായിരിക്കുന്നതും അത് ആസ്വദിക്കാൻ കഴിയാതെവരുന്നതും ദുഃഖകരമാണ്. സകല ലൗകികധനികരും യാതൊന്നും കൈയിലില്ലാതെ മരണത്തിൽ “പോകുമ്പോൾ” അവരെയെല്ലാം അനർഥം പിടിപെടുന്നു.—5:13-15; 6:1, 2.
16. കോഹെലത്ത് അഥവാ സഭാപ്രസംഗി യേശുവിന്റെ പഠിപ്പിക്കലുകളുമായി പൊരുത്തപ്പെടുന്നതെങ്ങനെ?
16 മത്തായി 12:42-ൽ ക്രിസ്തുയേശു തന്നേത്തന്നെ “ശലോമോനിലും വലിയവൻ” എന്നു പരാമർശിച്ചു. ശലോമോൻ യേശുവിനെ ചിത്രീകരിച്ചതുകൊണ്ടു കോഹെലത്ത് എന്ന പുസ്തകത്തിലെ ശലോമോന്റെ വാക്കുകൾ യേശുവിന്റെ പഠിപ്പിക്കലുകളോടു യോജിപ്പിലാണെന്നു നാം കണ്ടെത്തുന്നുവോ? നാം അനേകം സമാന്തരപ്രയോഗങ്ങൾ കാണുന്നു! ദൃഷ്ടാന്തത്തിന്, “എന്റെ പിതാവു ഇന്നുവരെയും പ്രവർത്തിക്കുന്നു; ഞാനും പ്രവർത്തിക്കുന്നു” എന്നു പറഞ്ഞപ്പോൾ യേശു ദൈവത്തിന്റെ പ്രവൃത്തിയുടെ വിപുലമായ വ്യാപ്തിക്ക് അടിവരയിട്ടു. (യോഹ. 5:17) ശലോമോനും ദൈവത്തിന്റെ പ്രവൃത്തികളെ പരാമർശിക്കുന്നു: “സൂര്യന്റെ കീഴിൽ നടക്കുന്ന പ്രവൃത്തി ആരാഞ്ഞറിവാൻ മനുഷ്യന്നു കഴിവില്ല എന്നിങ്ങനെ ഞാൻ ദൈവത്തിന്റെ സകല പ്രവൃത്തിയെയും കണ്ടു; മനുഷ്യൻ എത്ര പ്രയാസപ്പെട്ടു അന്വേഷിച്ചാലും അതിനെ ഗ്രഹിക്കയില്ല; ഒരു ജ്ഞാനി തന്നേയും അതിനെ ഗ്രഹിപ്പാൻ നിരൂപിച്ചാൽ അവന്നു സാധിക്കയില്ല.”—സഭാ. 8:17.
17. യേശുവിന്റെയും ശലോമോന്റെയും വാക്കുകളിൽ വേറെ ഏതു സമാന്തരങ്ങൾ കാണാനുണ്ട്?
17 യേശുവും ശലോമോനും ഒന്നിച്ചുകൂടാൻ സത്യാരാധകരെ പ്രോത്സാഹിപ്പിച്ചു. (മത്താ. 18:20; സഭാ. 4:9-12; 5:1) “വ്യവസ്ഥിതിയുടെ സമാപന”ത്തെയും “ജനതകളുടെ നിയമിതകാലങ്ങ”ളെയും സംബന്ധിച്ച യേശുവിന്റെ പ്രസ്താവങ്ങൾ “എല്ലാററിനും ഒരു സമയമുണ്ടു; ആകാശത്തിൻ കീഴുളള സകല കാര്യത്തിനും ഒരു കാലമുണ്ടു” എന്ന ശലോമോന്റെ പ്രസ്താവനയോടു യോജിപ്പിലാണ്.—മത്താ. 24:3, NW; ലൂക്കൊ 21:24, NW; സഭാ. 3:1.
18. ഏതു മുന്നറിയിപ്പുകൾ കൊടുക്കുന്നതിൽ യേശുവും അവന്റെ ശിഷ്യൻമാരും ശലോമോനോടു യോജിക്കുന്നു?
18 എല്ലാററിനുമുപരിയായി, യേശുവും അവന്റെ ശിഷ്യൻമാരും ഭൗതികത്വത്തിന്റെ പടുകുഴികളെക്കുറിച്ചു മുന്നറിയിപ്പുകൊടുക്കുന്നതിൽ ശലോമോനോടു ചേരുന്നു. ജ്ഞാനമാണു യഥാർഥ സംരക്ഷണം, എന്തുകൊണ്ടെന്നാൽ അത് “അതിന്റെ ഉടമസ്ഥരെ ജീവനോടെ സംരക്ഷിക്കുന്നു,” ശലോമോൻ പറയുന്നു. “മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും,” യേശു പറയുന്നു. (സഭാ. 7:12, NW; മത്താ. 6:33) സഭാപ്രസംഗി 5:10-ൽ ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: “ദ്രവ്യപ്രിയന്നു ദ്രവ്യം കിട്ടീട്ടും ഐശ്വര്യപ്രിയന്നു ആദായം കിട്ടീട്ടും തൃപ്തി വരുന്നില്ല. അതും മായ അത്രേ.” “ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിന്നും മൂലമല്ലോ” എന്നു 1 തിമൊഥെയൊസ് 6:6-19-ൽ പൗലൊസ് നൽകുന്ന ബുദ്ധ്യുപദേശം വളരെ സമാനമാണ്. ബൈബിൾപ്രബോധനത്തിന്റെ മററ് ആശയങ്ങൾ സംബന്ധിച്ചും സമാനമായ സമാന്തര വേദഭാഗങ്ങൾ ഉണ്ട്.—സഭാ. 3:17—പ്രവൃ. 17:31; സഭാ. 4:1—യാക്കോ. 5:4; സഭാ. 5:1, 2—യാക്കോ. 1:19; സഭാ. 6:12—യാക്കോ. 4:14; സഭാ. 7:20—റോമ. 3:23; സഭാ. 8:17—റോമ. 11:33.
19. ഇന്നു നമുക്ക് ഏതു സന്തുഷ്ട പ്രതീക്ഷയോടെ യഹോവയുടെ ആരാധനയിൽ ഒന്നിച്ചുകൂടാം?
19 ജഡത്തിലായിരുന്നപ്പോൾ, ശലോമോൻ രാജാവിന്റെ ഒരു സന്തതിയായിരുന്ന, ദൈവത്തിന്റെ പ്രിയപുത്രനായ യേശുക്രിസ്തുവിന്റെ രാജ്യഭരണം ഒരു പുതിയ ഭൗമികസമുദായം സ്ഥാപിക്കും. (വെളി. 21:1-5) തന്റെ മാതൃകാരാജ്യത്തിൽ തന്റെ പ്രജകളുടെ മാർഗദർശനത്തിനുവേണ്ടി ശലോമോൻ എഴുതിയത് ഇപ്പോൾ ക്രിസ്തുയേശുവിൻകീഴിലെ ദൈവരാജ്യത്തിൽ പ്രത്യാശയർപ്പിക്കുന്ന എല്ലാവർക്കും മർമപ്രധാനമായ താത്പര്യമുളളതാണ്. അതിന്റെ ഭരണത്തിൻകീഴിൽ മനുഷ്യവർഗം സഭാസംഘാടകൻ വിവരിച്ച ജ്ഞാനപൂർവകമായ അതേ തത്ത്വങ്ങളനുസരിച്ചു ജീവിക്കുകയും സന്തുഷ്ട ജീവിതമാകുന്ന ദൈവദാനത്തിൽ നിത്യമായി സന്തോഷിക്കുകയും ചെയ്യും. യഹോവയുടെ രാജ്യത്തിൻ കീഴിലെ ജീവിതസന്തോഷങ്ങൾ പൂർണമായി സാക്ഷാത്കരിക്കേണ്ടതിനു യഹോവയുടെ ആരാധനയിൽ ഒന്നിച്ചുകൂടാനുളള സമയം ഇപ്പോഴാണ്.—സഭാ. 3:12, 13; 12:13, 14.
[അധ്യയന ചോദ്യങ്ങൾ]