ബൈബിൾ പുസ്തക നമ്പർ 3—ലേവ്യപുസ്തകം
ബൈബിൾ പുസ്തക നമ്പർ 3—ലേവ്യപുസ്തകം
എഴുത്തുകാരൻ: മോശ
എഴുതിയ സ്ഥലം: മരുഭൂമി
എഴുത്തു പൂർത്തിയായത്: പൊ.യു.മു. 1512
ഉൾപ്പെട്ടിരിക്കുന്ന കാലം: 1 മാസം (പൊ.യു.മു. 1512)
1. (എ) ലേവ്യപുസ്തകം എന്ന പേർ ഉചിതമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) ലേവ്യപുസ്തകത്തിനു വേറെ ഏതു പേരുകൾ കൊടുക്കപ്പെട്ടിട്ടുണ്ട്?
ബൈബിളിലെ മൂന്നാമത്തെ പുസ്തകത്തിന്റെ ഏററവും സാധാരണമായ പേര് ലേവ്യപുസ്തകം എന്നാണ്, അതു ഗ്രീക്ക് സെപ്ററുവജിൻറിലെ ല്യൂയ്ററിക്കോനിൽനിന്നു വൾഗേററിലെ “ലെവിററിക്കസ” വഴി വരുന്നതാണ്. ലേവ്യരെക്കുറിച്ചു ക്ഷണികമായ പരാമർശനമേ (25:32, 33-ൽ) ഉളളൂവെങ്കിലും ഈ പേർ ഉചിതമാണ്, എന്തുകൊണ്ടെന്നാൽ ഈ പുസ്തകത്തിൽ അടങ്ങിയിരിക്കുന്നതു മുഖ്യമായി, ലേവിഗോത്രത്തിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട ലേവ്യപൗരോഹിത്യത്തിന്റെ നിബന്ധനകളും പുരോഹിതൻമാർ ജനത്തെ പഠിപ്പിച്ച നിയമങ്ങളുമാണ്: “പുരോഹിതൻ സൈന്യങ്ങളുടെ യഹോവയുടെ ദൂതനാകയാൽ അവന്റെ അധരങ്ങൾ പരിജ്ഞാനം സൂക്ഷിച്ചുവെക്കേണ്ടതും ഉപദേശം അവനോടു ചോദിച്ചു പഠിക്കേണ്ടതുമല്ലോ.” (മലാ. 2:7) എബ്രായ പാഠത്തിൽ, “അവൻ വിളിക്കാൻ തുടങ്ങി” എന്ന അക്ഷരീയ അർഥമുളള അതിലെ പ്രാരംഭ വാചകമായ വായിഗ്രായെ അടിസ്ഥാനപ്പെടുത്തിയാണു പുസ്തകത്തിനു പേരിട്ടിരിക്കുന്നത്. പിൽക്കാല യഹൂദൻമാരുടെ ഇടയിൽ ഈ പുസ്തകം പുരോഹിതൻമാരുടെ ന്യായപ്രമാണം എന്നും യാഗങ്ങളുടെ ന്യായപ്രമാണം എന്നും വിളിക്കപ്പെട്ടു.—ലേവ്യ. 1:1, NW അടിക്കുറിപ്പ്.
2. ഏതു തെളിവ് എഴുത്തുകാരനെന്ന മോശയുടെ പദവിയെ പിന്താങ്ങുന്നു?
2 ലേവ്യപുസ്തകം എഴുതിയതു മോശയാണെന്നുളളതിൽ തർക്കമില്ല. ഉപസംഹാരം അഥവാ അന്ത്യപ്രസ്താവം ഇങ്ങനെ പറയുന്നു: “യഹോവ . . . മോശെയോടു കല്പിച്ച കല്പനകൾ ഇവ തന്നേ.” (27:34) സമാനമായ ഒരു പ്രസ്താവന ലേവ്യപുസ്തകം 26:46-ൽ കാണുന്നു. ഉല്പത്തിയും പുറപ്പാടും എഴുതിയതു മോശയാണെന്നു തെളിയിക്കുന്നതായി നേരത്തേ കണ്ട തെളിവുകൾ ലേവ്യപുസ്തകം എഴുതിയതും മോശയാണെന്നുളളതിനെ പിന്താങ്ങുന്നു, കാരണം പഞ്ചഗ്രന്ഥങ്ങൾ ആദ്യം ഒരു ചുരുൾ ആയിരുന്നു. മാത്രവുമല്ല, ലേവ്യപുസ്തകത്തെ മൂലഎബ്രായയിൽ “കൂടാതെ” എന്ന ഘടകത്താൽ മുൻ പുസ്തകങ്ങളോടു യോജിപ്പിക്കുന്നുണ്ട്. എല്ലാററിലുംവെച്ച് ഏററം ശക്തമായ സാക്ഷ്യം യേശുക്രിസ്തുവും യഹോവയുടെ മററു നിശ്വസ്ത ദാസൻമാരും ലേവ്യപുസ്തകത്തിലെ നിയമങ്ങളെയും തത്ത്വങ്ങളെയും കൂടെക്കൂടെ ഉദ്ധരിക്കുകയോ പരാമർശിക്കുകയോ ചെയ്യുകയും അവ മോശ നൽകിയതായി പറയുകയും ചെയ്യുന്നുവെന്നതാണ്.—ലേവ്യ. 23:34, 40-43—നെഹ. 8:14, 15; ലേവ്യ. 14:1-32—മത്താ. 8:2-4; ലേവ്യ. 12:2—ലൂക്കൊ. 2:22; ലേവ്യ. 12:3—യോഹ. 7:22; ലേവ്യ. 18:5—റോമ. 10:5.
3. ലേവ്യപുസ്തകം ഏതു കാലഘട്ടത്തെ ഉൾപ്പെടുത്തുന്നു?
3 ലേവ്യപുസ്തകത്തിൽ ഏതു കാലഘട്ടമാണ് ഉൾപ്പെടുത്തുന്നത്? “രണ്ടാം സംവത്സരം ഒന്നാം മാസം ഒന്നാം തീയതി” തിരുനിവാസം സ്ഥാപിച്ചതോടെ പുറപ്പാടുപുസ്തകം ഉപസംഹരിക്കുന്നു. യഹോവ മോശയോടു “അവർ മിസ്രയീം ദേശത്തുനിന്നു പുറപ്പെട്ടതിന്റെ രണ്ടാം സംവത്സരം രണ്ടാം മാസം ഒന്നാം തീയതി” സംസാരിക്കുന്നതോടെ (ലേവ്യപുസ്തക വിവരണത്തിനു തൊട്ടുപിന്നാലെയുളള) സംഖ്യാപുസ്തകം തുടങ്ങുന്നു. അതുകൊണ്ടു ലേവ്യപുസ്തകത്തിലെ ചുരുക്കം ചില സംഭവങ്ങൾ നടന്നതിനകം ഒരു ചാന്ദ്രമാസത്തിൽ കൂടുതൽ കടന്നുപോയിരിക്കുകയില്ലെന്നു സിദ്ധിക്കുന്നു, പുസ്തകത്തിൽ ഏറിയപങ്കും നിയമങ്ങളും നിബന്ധനകളുമാണ് അടങ്ങിയിരിക്കുന്നത്.—പുറ. 40:17; സംഖ്യാ. 1:1; ലേവ്യ. 8:1–10:7; 24:10-23.
4. ലേവ്യപുസ്തകം എഴുതപ്പെട്ടതെപ്പോൾ?
4 എപ്പോഴാണു മോശ ലേവ്യപുസ്തകം എഴുതിയത്? സംഭവങ്ങൾ നടന്നപ്പോൾ അവൻ അവയുടെ ഒരു രേഖ ഉണ്ടാക്കിയെന്നും ദൈവത്തിന്റെ നിർദേശങ്ങൾ കിട്ടിയപ്പോൾ അവ എഴുതിയെന്നും നിഗമനംചെയ്യുന്നതു ന്യായയുക്തമാണ്. അമാലേക്യരെ ഇസ്രായേൽ യുദ്ധത്തിൽ തോൽപ്പിച്ച ശേഷം ഉടനെ അവരുടെ നാശത്തെക്കുറിച്ച് എഴുതാൻ മോശക്കു ദൈവം കൽപ്പന കൊടുക്കുന്നതിനാൽ ഇതു സൂചിപ്പിക്കപ്പെടുന്നു. പുസ്തകത്തിലെ ചില കാര്യങ്ങളാൽ നേരത്തേയുളള ഒരു തീയതിയും നിർദേശിക്കപ്പെടുന്നു. ദൃഷ്ടാന്തത്തിന്, ഇസ്രായേല്യർ ആഹാരത്തിന് ഉപയോഗിക്കാൻ ആഗ്രഹിച്ച മൃഗങ്ങളെ അറുക്കുന്നതിനു തിരുനിവാസത്തിന്റെ വാതിൽക്കൽ കൊണ്ടുവരാൻ അവരോടു കൽപ്പിച്ചു. പൗരോഹിത്യസ്ഥാനാരോഹണശേഷം താമസിയാതെ ഈ കൽപ്പന കൊടുക്കുകയും രേഖപ്പെടുത്തുകയും ചെയ്യുമായിരുന്നു. ഇസ്രായേല്യരെ അവരുടെ മരുപ്രയാണകാലത്തു വഴിനടത്തുന്നതിന് അനേകം നിർദേശങ്ങൾ കൊടുക്കുന്നു. ഇതെല്ലാം മോശ ലേവ്യപുസ്തകം പൊ.യു.മു. 1512-ൽ എഴുതിയെന്നതിലേക്കു വിരൽ ചൂണ്ടുന്നു.—പുറ. 17:14; ലേവ്യ. 17:3, 4; 26:46.
5. യാഗങ്ങളും ആചാരപരമായ അശുദ്ധിയും സംബന്ധിച്ച നിയമങ്ങളാൽ എന്ത് ഉദ്ദേശ്യം സാധിതമായി?
5 ലേവ്യപുസ്തകം എഴുതിയത് എന്തിനാണ്? തന്റെ സേവനത്തിനായി വേർതിരിക്കപ്പെട്ട ഒരു വിശുദ്ധജനത, ശുദ്ധീകരിക്കപ്പെട്ട ഒരു ജനം, ഉണ്ടായിരിക്കാൻ യഹോവ ഉദ്ദേശിച്ചിരുന്നു. ഹാബേലിന്റെ കാലംമുതൽ ദൈവത്തിന്റെ വിശ്വസ്ത മനുഷ്യർ യഹോവക്കു യാഗങ്ങളർപ്പിച്ചുകൊണ്ടാണിരുന്നിട്ടുളളത്. എന്നാൽ ആദ്യം ഇസ്രായേൽ ജനതക്കാണു യഹോവ പാപയാഗങ്ങളെയും മററു യാഗങ്ങളെയുംകുറിച്ചു വ്യക്തമായ നിർദേശങ്ങൾ കൊടുത്തത്. ലേവ്യപുസ്തകത്തിൽ സവിസ്തരം വിശദീകരിച്ചിരിക്കുന്ന ഈ യാഗങ്ങൾ പാപത്തിന്റെ അത്യന്ത പാപപൂർണതയെക്കുറിച്ച് ഇസ്രായേല്യരെ ബോധവാൻമാരാക്കുകയും അത് അവരെ യഹോവക്ക് എത്ര അപ്രീതിയുളളവരാക്കിയെന്നു ബോധ്യപ്പെടുത്തുകയും ചെയ്തു. ന്യായപ്രമാണത്തിന്റെ ഭാഗമെന്ന നിലയിൽ ഈ നിബന്ധനകൾ യഹൂദൻമാരെ ക്രിസ്തുവിലേക്കു നയിക്കുന്ന ഒരു അധ്യാപകനായി സേവിച്ചു. അവ ഒരു രക്ഷകന്റെ ആവശ്യം അവർക്കു കാണിച്ചുകൊടുക്കുകയും അതേസമയം ലോകത്തിന്റെ ശേഷിച്ച ഭാഗത്തുനിന്നു വേറിട്ട ഒരു ജനമായി അവരെ സൂക്ഷിക്കാൻ പ്രയോജകീഭവിക്കുകയും ചെയ്തു. വിശേഷിച്ച് ആചാരപരമായ ശുദ്ധിസംബന്ധിച്ച ദൈവനിയമങ്ങൾ ഒടുവിൽ പറഞ്ഞ ഉദ്ദേശ്യത്തിനുതകി.—ലേവ്യ. 11:44; ഗലാ. 3:19-25.
6. യഹോവയിൽനിന്നുളള വിശദമായ മാർഗനിർദേശം ഇപ്പോൾ പ്രത്യേകമായി ആവശ്യമായിരുന്നത് എന്തുകൊണ്ട്?
6 ഒരു പുതിയ ദേശത്തേക്കു യാത്രചെയ്യുന്ന ഒരു പുതിയ ജനതയെന്ന നിലയിൽ ഇസ്രായേലിന് ഉചിതമായ മാർഗനിർദേശം ആവശ്യമായിരുന്നു. പുറപ്പാടിനുശേഷം ഒരു വർഷംപോലും കഴിഞ്ഞിരുന്നില്ല, ഈജിപ്തിലെ ജീവിതനിലവാരങ്ങളും അവിടത്തെ മതാചാരങ്ങളും അവരുടെ മനസ്സിൽ പച്ചപിടിച്ചുനിന്നിരുന്നു. സഹോദരനും സഹോദരിയും തമ്മിലുളള വിവാഹം ഈജിപ്തിൽ നടപ്പിലുണ്ടായിരുന്നു. അനേകം ദൈവങ്ങളുടെ ബഹുമാനാർഥമുളള വ്യാജാരാധന നടത്തിയിരുന്നു, അവയിൽ ചിലതു മൃഗദൈവങ്ങളായിരുന്നു. ഇപ്പോൾ ഈ വലിയ സഭ ജീവിതവും മതാചാരങ്ങളും അതിലും ഹീനമായിരുന്ന കനാനിലേക്കു പോകുകയായിരുന്നു. എന്നാൽ വീണ്ടും ഇസ്രായേലിന്റെ പാളയത്തിലേക്കു നോക്കുക. തനി ഈജിപ്തുകാരോ ഭാഗികമായി ഈജിപ്തുകാരോ ആയിരുന്ന അനേകർ ചേർന്നു സഭ വലുതായിത്തീർന്നിരുന്നു. അവർ ഇസ്രായേലിന്റെ ഇടയിൽത്തന്നെ പാർത്തവരും ഈജിപ്ഷ്യൻ മാതാപിതാക്കൾക്കു ജനിച്ചവരും ഈജിപ്തുകാരുടെ രീതികളിലും മതത്തിലും ദേശഭക്തിയിലും വളർത്തപ്പെടുകയും അഭ്യസിപ്പിക്കപ്പെടുകയും ചെയ്തിരുന്നവരുമായ ഒരു സമ്മിശ്രപുരുഷാരമായിരുന്നു. ഇവരിൽ അനേകർ നിസ്സംശയമായി തങ്ങളുടെ സ്വദേശത്തു വെറും കുറച്ചുകാലം മുമ്പുവരെ വെറുക്കത്തക്ക ആചാരങ്ങളിൽ മുഴുകിയിരുന്നു. ഇവർക്കു യഹോവയിൽനിന്നു വിശദമായ മാർഗനിർദേശം ലഭിക്കേണ്ടത് എത്ര ആവശ്യമായിരുന്നു!
7. ലേവ്യപുസ്തകത്തിലെ നിബന്ധനകൾ ഏതു വിധത്തിൽ ദിവ്യഗ്രന്ഥകർത്തൃത്വത്തിന്റെ മുദ്ര വഹിക്കുന്നു?
7 ലേവ്യപുസ്തകത്തിനു ദിവ്യ നിശ്വസ്തതയുടെ ഉറപ്പിൻമുദ്ര ഉടനീളമുണ്ട്. വെറും മനുഷ്യർക്ക് അതിലെ ജ്ഞാനപൂർവകവും നീതിപൂർവകവുമായ നിയമങ്ങളും നിബന്ധനകളും രൂപപ്പെടുത്താൻ കഴിയുമായിരുന്നില്ല. ആഹാരക്രമം, രോഗം, സമ്പർക്കനിരോധം, മൃതശരീരങ്ങളുടെ കൈകാര്യം എന്നിവസംബന്ധിച്ച അതിലെ ചട്ടങ്ങൾ ലൗകിക ഭിഷഗ്വരൻമാർ ആയിരക്കണക്കിനു വർഷങ്ങൾ കഴിയുന്നതുവരെ മനസ്സിലാക്കാഞ്ഞ വസ്തുതകളുടെ അറിവിനെ വെളിപ്പെടുത്തുന്നു. ഭക്ഷിക്കാൻ അശുദ്ധമായ മൃഗങ്ങളെക്കുറിച്ചുളള ദൈവത്തിന്റെ നിയമങ്ങൾ ഇസ്രായേല്യരെ യാത്രാവേളയിൽ സംരക്ഷിക്കുമായിരുന്നു. അതു പന്നികളിൽനിന്നുണ്ടാകുന്ന ട്രൈക്കിനോസിസ്, ചിലതരം മത്സ്യങ്ങളിൽനിന്ന് ഉണ്ടാകുന്ന ടൈഫോയിഡ്, പാരാടൈഫോയിഡ്, ചത്ത മൃഗങ്ങളിൽനിന്നുണ്ടാകുന്ന രോഗാണുബാധ എന്നിങ്ങനെയുളളവയിൽനിന്ന് അവരെ സംരക്ഷിക്കുമായിരുന്നു. ഈ പ്രായോഗിക നിയമങ്ങൾ അവർ ഒരു വിശുദ്ധ ജനതയായി നിലനിന്നു വാഗ്ദത്തദേശത്തെത്തി കുടിപാർക്കേണ്ടതിന് അവരുടെ മതത്തെയും അവരുടെ ജീവിതത്തെയും നയിക്കേണ്ടതിനായിരുന്നു. യഹോവ നൽകിയ നിബന്ധനകൾ ആരോഗ്യത്തിന്റെ കാര്യത്തിൽ മററു ജനങ്ങളെ അപേക്ഷിച്ചു യഹൂദൻമാർക്കു സുനിശ്ചിതമായ പ്രയോജനങ്ങൾ നൽകിയെന്നു ചരിത്രം പ്രകടമാക്കുന്നു.
8. ലേവ്യപുസ്തകത്തിന്റെ പ്രാവചനികമായ ഉളളടക്കം നിശ്വസ്തതയെ കൂടുതലായി തെളിയിക്കുന്നത് എങ്ങനെ?
8 ലേവ്യപുസ്തകത്തിലെ പ്രവചനങ്ങളുടെയും മാതൃകകളുടെയും നിവൃത്തിയും അതിന്റെ നിശ്വസ്തതയെ കൂടുതലായി തെളിയിക്കുന്നു. അനുസരണക്കേടിന്റെ പരിണതഫലങ്ങൾ സംബന്ധിച്ച ലേവ്യപുസ്തകത്തിലെ മുന്നറിയിപ്പുകളുടെ നിവൃത്തി മതപരവും മതേതരവുമായ ചരിത്രം രേഖപ്പെടുത്തുന്നു. മററുളളവയുടെ കൂട്ടത്തിൽ അമ്മമാർ ക്ഷാമം നിമിത്തം സ്വന്തം മക്കളെ തിന്നുമെന്ന് അതു മുൻകൂട്ടിപ്പറഞ്ഞു. പൊ.യു.മു. 607-ലെ യെരുശലേമിന്റെ നാശത്തിങ്കൽ ഇതിനു നിവൃത്തിയുണ്ടായി എന്നു യിരെമ്യാവു സൂചിപ്പിക്കുന്നു. നഗരത്തിന്റെ പൊ.യു. 70-ലെ പിൽക്കാല നാശത്തിൽ അങ്ങനെ സംഭവിക്കുന്നതിനെക്കുറിച്ചു ജോസീഫസ് പറയുന്നു. അവർ അനുതപിക്കുന്ന പക്ഷം യഹോവ അവരെ ഓർക്കുമെന്നുളള പ്രാവചനിക വാഗ്ദത്തത്തിനു പൊ.യു.മു. 537-ൽ ബാബിലോനിൽനിന്ന് അവർ മടങ്ങിവന്നപ്പോൾ നിവൃത്തിയുണ്ടായി. (ലേവ്യ. 26:29, 41-45; വിലാ. 2:20; 4:10; എസ്രാ 1:1-6) ലേവ്യപുസ്തകത്തിന്റെ നിശ്വസ്തതയെ കൂടുതലായി സാക്ഷ്യപ്പെടുത്തുന്നതാണു നിശ്വസ്ത തിരുവെഴുത്തുകളെന്ന നിലയിൽ അതിൽനിന്നു മററു ബൈബിളെഴുത്തുകാർ എടുക്കുന്ന ഉദ്ധരണികൾ. എഴുത്തുകാരനെന്ന നിലയിൽ മോശയെ സ്ഥിരീകരിക്കുന്നതായി നേരത്തെ കുറിക്കൊണ്ടവയ്ക്കു പുറമേ ദയവായി മത്തായി 5:38; 12:4; 2 കൊരിന്ത്യർ 6:16; 1 പത്രൊസ് 1:16 എന്നിവയും കാണുക.
9. ലേവ്യപുസ്തകം യഹോവയുടെ നാമത്തെയും വിശുദ്ധിയെയും മഹിമപ്പെടുത്തുന്നതെങ്ങനെ?
9 ലേവ്യപുസ്തകം യോജിപ്പോടെ യഹോവയുടെ നാമത്തെയും പരമാധികാരത്തെയും മഹിമപ്പെടുത്തുന്നു. 36 പ്രാവശ്യമെങ്കിലും അതിലെ നിയമങ്ങൾക്കുളള ബഹുമതി യഹോവക്കു കൊടുക്കുന്നു. യഹോവ എന്ന പേർതന്നെ ഓരോ അധ്യായത്തിലും ശരാശരി പത്തു പ്രാവശ്യം കാണുന്നുണ്ട്. “ഞാൻ യഹോവയാകുന്നു” എന്ന ഓർമിപ്പിക്കലിനാൽ കൂടെക്കൂടെ ദൈവനിയമങ്ങളോടുളള അനുസരണത്തിന് ഉദ്ബോധനം കൊടുക്കുന്നു. വിശുദ്ധി എന്ന ഒരു പ്രതിപാദ്യവിഷയം ലേവ്യപുസ്തകത്തിലുടനീളമുണ്ട്. മററ് ഏതു ബൈബിൾപുസ്തകത്തെക്കാളും കൂടുതൽ പ്രാവശ്യം ഇതിൽ ഈ വ്യവസ്ഥയെക്കുറിച്ചു പറയുന്നു. യഹോവ വിശുദ്ധനായിരിക്കുന്നതുകൊണ്ട് ഇസ്രായേല്യരും വിശുദ്ധരായിരിക്കണമായിരുന്നു. ചില ആളുകളും സ്ഥലങ്ങളും വസ്തുക്കളും കാലഘട്ടങ്ങളും വിശുദ്ധമായി വേർതിരിക്കപ്പെട്ടു. ദൃഷ്ടാന്തത്തിന്, പാപപരിഹാരദിവസവും യോബേൽവർഷവും യഹോവയുടെ ആരാധനയിലെ പ്രത്യേക ആചരണകാലങ്ങളായി വേർതിരിക്കപ്പെട്ടു.
10. യാഗങ്ങളോടുളള ബന്ധത്തിൽ എന്ത് ഊന്നിപ്പറയുന്നു, പാപങ്ങൾക്ക് ഏതു ശിക്ഷകൾ സൂചിപ്പിക്കുന്നു?
10 വിശുദ്ധി സംബന്ധിച്ച ലേവ്യപുസ്തകത്തിന്റെ ഊന്നലിനു ചേർച്ചയായി അതു പാപമോചനത്തിനായുളള രക്തംചൊരിയൽ, അതായത് ഒരു ജീവന്റെ ബലി, വഹിച്ച പങ്കിനെ ഊന്നിപ്പറയുന്നു. മൃഗയാഗങ്ങൾ ശുദ്ധിയുളള വീട്ടുമൃഗങ്ങളിൽനിന്നു മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ചില പാപങ്ങൾക്ക് ഒരു യാഗത്തിനുപുറമേ, കുററസമ്മതവും നഷ്ടപരിഹാരവും പിഴ ഒടുക്കലും ആവശ്യപ്പെട്ടിരുന്നു. മററു ചില പാപങ്ങൾക്കു ശിക്ഷ മരണമായിരുന്നു.
ലേവ്യപുസ്തകത്തിന്റെ ഉളളടക്കം
11. ലേവ്യപുസ്തകത്തെ എങ്ങനെ വിവരിക്കാം?
11 ലേവ്യപുസ്തകത്തിൽ ഏറെയും നിയമനിർമാണപരമായ എഴുത്തുകളാണടങ്ങുന്നത്, അവയിലധികവും പ്രാവചനികവുമാണ്. ഈ പുസ്തകം പൊതുവേ ഒരു വിഷയ ബാഹ്യരേഖയാണു പിന്തുടരുന്നത്, ഒന്നിനുപിന്നാലെ വളരെ യുക്തിസഹമായി വരുന്ന എട്ടു ഭാഗങ്ങളായി അതിനെ തിരിക്കാം.
12. ഏതെല്ലാം തരം രക്തസഹിത ബലികളുണ്ട്, അവ എങ്ങനെ അർപ്പിക്കപ്പെടണം?
12 യാഗങ്ങൾക്കുളള നിബന്ധനകൾ (1:1–7:38). വിവിധയാഗങ്ങൾ പൊതുവേ രണ്ടു വിഭാഗങ്ങളിൽ പെടുന്നു: “രക്തസഹിതം; മാട്, ചെമ്മരിയാടുകൾ, കോലാടുകൾ, പക്ഷി എന്നിവ അടങ്ങുന്നുത്; രക്തരഹിതം; ധാന്യമടങ്ങുന്നത്. രക്തസഹിത ബലികൾ ഒന്നുകിൽ (1) ദഹനയാഗമോ (2) സംസർഗയാഗമോ (3) പാപയാഗമോ അല്ലെങ്കിൽ (4) അകൃത്യയാഗമോ ആയി അർപ്പിക്കണമായിരുന്നു. നാലുതരം യാഗങ്ങൾക്കും ഈ മൂന്നു കാര്യങ്ങൾ പൊതുവിലുണ്ടായിരുന്നു: യാഗമർപ്പിക്കുന്നയാൾതന്നെ അതു തിരുനിവാസത്തിന്റെ വാതിൽക്കൽ കൊണ്ടുവരേണ്ടതാണ്, അയാൾ അതിൻമേൽ തന്റെ കൈകൾ വെക്കേണ്ടതാണ്, അനന്തരം മൃഗം അറുക്കപ്പെടണം. രക്തം തളിച്ച ശേഷം, യാഗത്തിന്റെ തരമനുസരിച്ചു പിണം കൈകാര്യംചെയ്യേണ്ടതാണ്. നമുക്കു രക്തസഹിത ബലികൾ ക്രമത്തിൽ പരിചിന്തിക്കാം.
13-16. (എ) താഴെപ്പറയുന്നവയ്ക്കുളള വ്യവസ്ഥകൾ വിവരിക്കുക (1) ദഹനയാഗങ്ങൾ (2) സംസർഗയാഗങ്ങൾ (3) പാപയാഗങ്ങൾ (4) അകൃത്യയാഗങ്ങൾ. (ബി) രക്തസഹിത ബലികളോടുളള ബന്ധത്തിൽ എന്ത് ആവർത്തിച്ചു വിലക്കിയിരിക്കുന്നു?
13 (1) ദഹനയാഗങ്ങളിൽ, യാഗമർപ്പിക്കുന്നയാളിന്റെ സാമ്പത്തികശേഷിയെ ആശ്രയിച്ച് ഒരു കാളക്കുട്ടിയോ ആട്ടുകൊററനോ കോലാടോ പ്രാവിൻകുഞ്ഞോ ഒരു കുറുപ്രാവോ അടങ്ങിയിരിക്കാം. അതിനെ കഷണങ്ങളായി നുറുക്കി, തോൽ ഒഴികെ സകലവും യാഗപീഠത്തിൻമേൽ ദഹിപ്പിക്കണം. ഒരു പ്രാവിൻകുഞ്ഞിന്റെയോ കുറുപ്രാവിന്റെയോ കാര്യത്തിൽ തല പിരിച്ചെടുക്കണം, ഛേദിക്കരുത്, അന്നസഞ്ചിയും തൂവലുകളും നീക്കംചെയ്യേണ്ടതാണ്.—1:1-17; 6:8-13; 5:8.
14 (2) സംസർഗയാഗം മാടുകളിലോ ആട്ടിൻകൂട്ടത്തിലോ പെട്ട ഒരു ആണോ പെണ്ണോ ആകാം. അതിന്റെ കൊഴുപ്പുഭാഗങ്ങൾ മാത്രം യാഗപീഠത്തിൽ ദഹിപ്പിക്കും, ഒരു ഭാഗം പുരോഹിതൻ എടുക്കുന്നു, ബാക്കിയുളളത് യാഗമർപ്പിക്കുന്നയാൾ ഭക്ഷിക്കുന്നു. അതു സമുചിതമായി ഒരു സംസർഗയാഗമെന്നു വിളിക്കപ്പെടുന്നു, കാരണം യാഗംകഴിക്കുന്നയാൾ അതിലൂടെ, ഒരു അർഥത്തിൽ, യഹോവയോടും പുരോഹിതനോടും ഒപ്പം ഒരു ഭക്ഷണത്തിൽ പങ്കുപററുന്നു, അല്ലെങ്കിൽ സംസർഗമനുഭവിക്കുന്നു.—3:1-17; 7:11-36.
15 (3) പാപയാഗം നിനച്ചിരിക്കാത്ത പാപങ്ങൾക്ക് അല്ലെങ്കിൽ അബദ്ധവശാൽ ചെയ്യുന്ന പാപങ്ങൾക്കാണ് ആവശ്യമായിരിക്കുന്നത്. അർപ്പിക്കപ്പെടുന്ന മൃഗം ഏതു തരമാണെന്നുളളത് ആരുടെ—പുരോഹിതന്റെയോ മൊത്തത്തിൽ ജനത്തിന്റെയോ ഒരു പ്രഭുവിന്റെയോ ഒരു സാധാരണക്കാരന്റെയോ—പാപത്തിനു പരിഹാരംവരുത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. വ്യക്തികൾക്കുവേണ്ടി സ്വമേധയാ അർപ്പിക്കുന്ന ദഹനയാഗങ്ങളിൽനിന്നും സംസർഗയാഗങ്ങളിൽനിന്നും വ്യത്യസ്തമായി പാപയാഗങ്ങൾ നിർബന്ധിതമാണ്.—4:1-35; 6:24-30.
16 (4) അകൃത്യയാഗങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്, അവിശ്വസ്തതയോ വഞ്ചനയോ കവർച്ചയോ നിമിത്തമുളള വ്യക്തിപരമായ കുററത്തിനു പരിഹാരംവരുത്താനാണ്. ചില സന്ദർഭങ്ങളിൽ കുററം ഏററുപറയേണ്ടതും ഒരുവന്റെ സാമ്പത്തികശേഷിയനുസരിച്ചുളള ഒരു യാഗം കഴിക്കേണ്ടതും ആവശ്യമാണ്. മററു സന്ദർഭങ്ങളിൽ, നഷ്ടപ്പെട്ടതിനു തുല്യമായതിനോട് അതിന്റെ 20 ശതമാനം കൂട്ടി നഷ്ടപരിഹാരവും ഒരു കോലാട്ടുകൊററന്റെ യാഗവും ആവശ്യപ്പെടുന്നു. യാഗങ്ങളെ സംബന്ധിച്ചു പ്രതിപാദിക്കുന്ന ലേവ്യപുസ്തകത്തിന്റെ ഈ ഭാഗത്തു രക്തം ഭക്ഷിക്കലിനെ ദൃഢമായും ആവർത്തിച്ചും വിലക്കുന്നു.—5:1–6:7; 7:1-7, 26, 27; 3:17.
17. രക്തരഹിത ബലികൾ അർപ്പിക്കേണ്ടതെങ്ങനെ?
17 രക്തരഹിത യാഗങ്ങളിൽ ധാന്യം അടങ്ങിയിരിക്കുന്നു, മുഴുവനായി വറുത്തോ തരിയായി പൊടിച്ചോ നേർത്ത പൊടിയാക്കിയോ അത് അർപ്പിക്കണമായിരുന്നു; അവ വിവിധ വിധങ്ങളിൽ, വേവിച്ചോ ദോശക്കല്ലിൽ ചുട്ടോ ഗാഢമായ കൊഴുപ്പിൽ വറുത്തോ തയ്യാറാക്കണം. അവ ഉപ്പും എണ്ണയും ചില സമയങ്ങളിൽ കുന്തിരിക്കവും ചേർത്ത് അർപ്പിക്കണമായിരുന്നു, എന്നാൽ അവ തീർത്തും പുളിപ്പോ പഴച്ചാറോ ചേർക്കാത്തതായിരിക്കണമായിരുന്നു. ചില യാഗങ്ങളുടെ കാര്യത്തിൽ ഒരു ഭാഗം പുരോഹിതനുളളതായിരിക്കും.—2:1-16.
18. വിശ്വാസത്തെ ബലപ്പെടുത്തുന്ന ഏതു കാഴ്ചയോടെ പൗരോഹിത്യത്തിന്റെ അവരോധിക്കൽ പാരമ്യത്തിലെത്തുന്നു?
18 പൗരോഹിത്യത്തിന്റെ അവരോധിക്കൽ (8:1–10:20). ഇപ്പോൾ ഇസ്രായേലിൽ ഒരു വലിയ സംഭവത്തിനുളള സമയം സമാഗതമാകുന്നു, പൗരോഹിത്യത്തിന്റെ അവരോധിക്കൽ. യഹോവ തന്നോടു കൽപ്പിച്ചതുപോലെതന്നെ അതിന്റെ സകല വിശദാംശങ്ങളോടുംകൂടെ മോശ അതു കൈകാര്യംചെയ്യുന്നു. “യഹോവ മോശെമുഖാന്തരം കല്പിച്ച സകലകാര്യങ്ങളെയും അഹരോനും അവന്റെ പുത്രൻമാരും ചെയ്തു.” (8:36) അവരോധിക്കലിൽ വ്യാപൃതമായിരുന്ന ഏഴുദിവസത്തിനുശേഷം അത്ഭുതകരവും വിശ്വാസത്തെ ബലപ്പെടുത്തുന്നതുമായ ഒരു കാഴ്ച വരുന്നു. മുഴുസഭയും ഹാജരുണ്ട്. പുരോഹിതൻമാർ യാഗങ്ങളർപ്പിച്ചുകഴിഞ്ഞതേയുണ്ടായിരുന്നുളളു. അഹരോനും മോശയും ജനത്തെ അനുഗ്രഹിച്ചുകഴിഞ്ഞിരിക്കുന്നു. അപ്പോൾ, നോക്കൂ! “യഹോവയുടെ തേജസ്സു സകല ജനത്തിനും പ്രത്യക്ഷമായി. യഹോവയുടെ സന്നിധിയിൽനിന്നു തീ പുറപ്പെട്ടു യാഗപീഠത്തിൻമേൽ ഉളള ഹോമയാഗവും മേദസ്സും ദഹിപ്പിച്ചു; ജനമെല്ലാം അതു കണ്ടപ്പോൾ ആർത്തു സാഷ്ടാംഗം വീണു.” (9:23, 24) തീർച്ചയായും, യഹോവ അവരുടെ അനുസരണത്തിനും ആരാധനക്കും യോഗ്യനാണ്!
19. ഏതു ലംഘനം നടക്കുന്നു, തുടർന്ന് എന്തു സംഭവിക്കുന്നു?
19 എന്നിരുന്നാലും നിയമങ്ങളുടെ ലംഘനമുണ്ട്. ദൃഷ്ടാന്തമായി, അഹരോന്റെ പുത്രൻമാരായ നാദാബും അബീഹൂവും യഹോവയുടെ മുമ്പാകെ അവിഹിതമായ അഗ്നി കത്തിക്കുന്നു. “ഉടനെ യഹോവയുടെ സന്നിധിയിൽനിന്നു തീ പുറപ്പെട്ടു അവരെ ദഹിപ്പിച്ചുകളഞ്ഞു; അവർ യഹോവയുടെ സന്നിധിയിൽ മരിച്ചുപോയി.” (10:2) സ്വീകാര്യമായ യാഗം അർപ്പിക്കുന്നതിനും യഹോവയുടെ അംഗീകാരം ആസ്വദിക്കുന്നതിനും ജനവും പുരോഹിതനും ഒരുപോലെ യഹോവയുടെ നിർദേശങ്ങൾ അനുസരിക്കേണ്ടതാണ്. ഇതിനുശേഷം ഉടൻതന്നെ, തിരുനിവാസത്തിങ്കൽ സേവിക്കുമ്പോൾ പുരോഹിതൻമാർ ലഹരിപാനീയങ്ങൾ കുടിക്കരുതെന്നുളള കൽപ്പന ദൈവം കൊടുക്കുന്നു, ലഹരി അഹരോന്റെ രണ്ടു പുത്രൻമാരുടെ ദുഷ്പ്രവൃത്തിയിൽ ഗണ്യമായ പങ്കുവഹിച്ചിരിക്കണമെന്നു സൂചിപ്പിച്ചുകൊണ്ടുതന്നെ.
20, 21. ഏതു നിബന്ധനകൾ ശുദ്ധിയെയും ഉചിതമായ ശുചിത്വത്തെയും ഉൾപ്പെടുത്തുന്നു?
20 ശുദ്ധിസംബന്ധിച്ച നിയമങ്ങൾ (11:1–15:33). ഈ വിഭാഗം ആചാരപരവും ശുചിത്വസംബന്ധവുമായ ശുദ്ധി കൈകാര്യം ചെയ്യുന്നു. ചില കാട്ടുമൃഗങ്ങളും ചില വീട്ടുമൃഗങ്ങളും അശുദ്ധമാണ്. സകല മൃതദേഹങ്ങളും അശുദ്ധമാണ്, തൊടുന്നവരെ അശുദ്ധരാക്കുകയും ചെയ്യുന്നു. ഒരു കുട്ടിയുടെ ജനനവും അശുദ്ധി വരുത്തുന്നു, അതു വേർപാടും പ്രത്യേക യാഗങ്ങളും ആവശ്യമാക്കുകയും ചെയ്യുന്നു.
21 കുഷ്ഠം പോലെയുളള ചില ത്വഗ്രോഗങ്ങളും ആചാരപരമായ അശുദ്ധി വരുത്തിക്കൂട്ടുന്നു, ശുദ്ധീകരണം ആളുകൾക്കുമാത്രമല്ല, വസ്ത്രങ്ങൾക്കും വീടുകൾക്കും പോലും ബാധകമാക്കേണ്ടതാണ്. സമ്പർക്കനിരോധം ആവശ്യപ്പെടുന്നുണ്ട്. ആർത്തവവും ശുക്ലസ്ഖലനവും അതുപോലെ അശുദ്ധിയിൽ കലാശിക്കുന്നു, തുടർച്ചയായ സ്രാവങ്ങളും അങ്ങനെതന്നെ. ഈ കേസുകളിൽ വേർപാട് ആവശ്യപ്പെട്ടിരിക്കുന്നു, വിമുക്തമാകുമ്പോൾ, കൂടുതലായി, ദേഹംകഴുകലോ യാഗങ്ങളുടെ അർപ്പണമോ അല്ലെങ്കിൽ രണ്ടുംകൂടെയോ ആവശ്യപ്പെടുന്നു.
22. (എ) 16-ാം അധ്യായം പ്രമുഖമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) പാപപരിഹാരദിവസത്തെ നടപടിക്രമം എന്താണ്?
22 പാപപരിഹാരദിവസം (16:1-34). ഇത് ഒരു പ്രമുഖ അധ്യായമാണ്, എന്തുകൊണ്ടെന്നാൽ അതിൽ ഇസ്രായേലിന്റെ അതിപ്രധാന ദിവസമായ പാപപരിഹാരദിവസത്തെ സംബന്ധിച്ച നിർദേശങ്ങൾ അടങ്ങിയിരിക്കുന്നു, അത് ഏഴാം മാസത്തിന്റെ പത്താം ദിവസമാണ്. അത് ആത്മ തപനത്തിനുളള (ഉപവാസത്താലായിരിക്കാൻ നല്ല സാധ്യതയുണ്ട്) ഒരു ദിവസമാണ്, അന്നേ ദിവസം ലൗകികവേലയൊന്നും അനുവദിക്കുകയില്ല. അതു തുടങ്ങുന്നത് അഹരോന്റെയും അവന്റെ കുടുംബമായ ലേവിഗോത്രത്തിന്റെയും പാപങ്ങൾക്കുവേണ്ടി ഒരു കാളക്കുട്ടിയെ അർപ്പിച്ചുകൊണ്ടും തുടർന്നു ജനതയിൽ ശേഷിച്ചവർക്കുവേണ്ടി ഒരു കോലാടിനെ അർപ്പിച്ചുകൊണ്ടുമാണ്. ധൂപവർഗം കത്തിച്ച ശേഷം ക്രമത്തിൽ ഓരോ മൃഗത്തിന്റെയും രക്തത്തിൽ കുറേ തിരുനിവാസത്തിന്റെ അതിവിശുദ്ധത്തിലേക്കു കൊണ്ടുപോയി പെട്ടകത്തിന്റെ മൂടിയുടെ മുമ്പാകെ തളിക്കേണ്ടിയിരിക്കുന്നു. പിന്നീട്, മൃഗങ്ങളുടെ പിണങ്ങൾ പാളയത്തിനു പുറത്തു കൊണ്ടുപോയി ദഹിപ്പിക്കേണ്ടതാണ്. ഈ ദിവസം ജീവനുളള ഒരു കോലാടിനെയും യഹോവയുടെ മുമ്പാകെ കാഴ്ചവെക്കണം, അതിൻമേൽ ജനത്തിന്റെ സകല പാപങ്ങളും ഉച്ചരിച്ച ശേഷം അതിനെ മരുഭൂമിയിലേക്കു നടത്തേണ്ടതാണ്. പിന്നീടു രണ്ട് ആട്ടുകൊററൻമാരെ ദഹനയാഗങ്ങളായി അർപ്പിക്കണം, ഒന്ന് അഹരോനും അവന്റെ കുടുംബത്തിനും മറേറതു ജനതയിൽ ശേഷിച്ചവർക്കും വേണ്ടി.
23. (എ) രക്തത്തെസംബന്ധിച്ച ബൈബിളിലെ അത്യന്തം വ്യക്തമായ പ്രസ്താവനകളിലൊന്ന് നാം എവിടെ കാണുന്നു? (ബി) തുടർന്ന് ഏതു നിബന്ധനകൾ കൊടുക്കുന്നു?
23 രക്തംസംബന്ധിച്ച ചട്ടങ്ങളും മററു കാര്യങ്ങളും (17:1–20:27). ഈ ഭാഗം, ജനത്തിനുവേണ്ടി അനേകം ചട്ടങ്ങൾ വിവരിക്കുന്നു. വീണ്ടും തിരുവെഴുത്തുകളിലെ ഏതിനെക്കാളും ഏററം വ്യക്തമായ പ്രസ്താവനകളിലൊന്നിൽ രക്തത്തെ വിലക്കുന്നു. (17:10-14) രക്തം ഉചിതമായി യാഗപീഠത്തിൻമേൽ ഉപയോഗിക്കാവുന്നതാണ്, എന്നാൽ ഭക്ഷിക്കാൻ പാടില്ല. നിഷിദ്ധ ബന്ധുവേഴ്ച, സോദോമ്യപാപം, മൃഗവേഴ്ച എന്നിങ്ങനെയുളള വെറുക്കത്തക്ക നടപടികൾ വിലക്കപ്പെട്ടിരിക്കുന്നു. പീഡിതരുടെയും എളിയവരുടെയും അന്യരുടെയും സംരക്ഷണത്തിനുവേണ്ടിയുളള നിബന്ധനകൾ ഉണ്ട്. “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം. ഞാൻ യഹോവ ആകുന്നു” എന്ന കൽപ്പന കൊടുക്കുന്നു. (19:18) ജനതയുടെ സാമൂഹികവും സാമ്പത്തികവുമായ ക്ഷേമം സംരക്ഷിക്കപ്പെടുന്നു. മോലേക്കിന്റെ ആരാധനയും ആത്മവിദ്യയും പോലെയുളള ആത്മീയാപകടങ്ങൾ നിയമവിരുദ്ധമാക്കപ്പെടുന്നു, ശിക്ഷ മരണമാണ്. വീണ്ടും ദൈവം തന്റെ ജനത്തിനുവേണ്ടി വേർപാടിനെ ദൃഢീകരിക്കുന്നു: “നിങ്ങൾ എനിക്കു വിശുദ്ധൻമാരായിരിക്കേണം; യഹോവയായ ഞാൻ വിശുദ്ധനാകകൊണ്ടു നിങ്ങളും എനിക്കു വിശുദ്ധൻമാരായിരിക്കേണം. നിങ്ങൾ എനിക്കുളളവരായിരിക്കേണ്ടതിന്നു ഞാൻ നിങ്ങളെ ജാതികളിൽനിന്നു വേറുതിരിച്ചിരിക്കുന്നു.”—20:26.
24. ലേവ്യപുസ്തകം പൗരോഹിത്യയോഗ്യതകളെയും കാലികമായ ഉത്സവങ്ങളെയും സംബന്ധിച്ച് എന്തു വിവരിക്കുന്നു?
24 പൗരോഹിത്യവും ഉത്സവങ്ങളും (21:1–25:55). അടുത്ത മൂന്ന് അധ്യായങ്ങൾ ഇസ്രായേലിന്റെ ഔപചാരിക ആരാധനയെയാണു മുഖ്യമായി കൈകാര്യംചെയ്യുന്നത്: പുരോഹിതൻമാരെ ഭരിക്കുന്ന ചട്ടങ്ങൾ, അവരുടെ ശാരീരിക യോഗ്യതകൾ, അവർക്ക് ആരെ വിവാഹം കഴിക്കാം, ആർക്കു വിശുദ്ധവസ്തുക്കൾ ഭക്ഷിക്കാം, യാഗങ്ങളിൽ ഉപയോഗിക്കേണ്ട ഊനമില്ലാത്ത മൃഗങ്ങൾക്കുളള വ്യവസ്ഥകൾ എന്നിവ. മൂന്നു ദേശീയ കാലിക ഉത്സവങ്ങൾ ആഘോഷിക്കാൻ കൽപ്പിക്കുന്നു, ‘നിങ്ങളുടെ ദൈവമായ യഹോവയുടെ മുമ്പാകെ സന്തോഷിക്കു’ന്നതിനുളള അവസരങ്ങളാണവ. (23:40) ജനത ഈ വിധത്തിൽ ഒരു മനുഷ്യനെപ്പോലെ, യഹോവയോടുളള അതിന്റെ ബന്ധത്തെ ശക്തിപ്പെടുത്തിക്കൊണ്ടു ശ്രദ്ധയും സ്തുതിയും ആരാധനയും അവനിലേക്കു തിരിക്കും. ഇവ യഹോവക്കുളള ഉത്സവങ്ങളാണ്, വാർഷിക വിശുദ്ധ കൺവെൻഷനുകൾ. പെസഹ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളോടുകൂടെ വസന്തത്തിന്റെ പ്രാരംഭത്തിലേക്കു നിശ്ചയിച്ചിരിക്കുന്നു, പെന്തെക്കോസ്ത് അഥവാ വാരോത്സവം തുടർന്നു വസന്തത്തിന്റെ ഒടുവിൽ വരുന്നു; പാപപരിഹാരദിവസവും എട്ടുദിവസത്തെ കൂടാരപ്പെരുന്നാളും അല്ലെങ്കിൽ ഫലശേഖരപ്പെരുന്നാളും ശരത്കാലത്താണ്.
25. (എ) “നാമ”ത്തെ ബഹുമാന്യമായി കരുതേണ്ടതാണെന്ന് എങ്ങനെ പ്രകടമാക്കപ്പെടുന്നു? (ബി) ഏതു നിബന്ധനകളിൽ “ഏഴ്” എന്ന സംഖ്യയെ ഉൾപ്പെടുത്തുന്നു?
25 ഇരുപത്തിനാലാം അധ്യായത്തിൽ, തിരുനിവാസശുശ്രൂഷയിൽ ഉപയോഗിക്കേണ്ട അപ്പവും എണ്ണയും സംബന്ധിച്ചു നിർദേശം കൊടുക്കുന്നു. തുടർന്നു “നാമ”ത്തെ, അതെ, യഹോവ എന്ന ആ നാമത്തെ ദുഷിക്കുന്ന ഏതൊരുവനും കല്ലെറിഞ്ഞുകൊല്ലപ്പെടേണ്ടതാണെന്നു യഹോവ നിയമം വെക്കാനിടയാക്കിയ സംഭവം നടക്കുന്നു. അനന്തരം അവൻ “കണ്ണിന്നുപകരം കണ്ണു, പല്ലിന്നുപകരം പല്ലു” എന്ന ഇനംതിരിച്ചുളള ശിക്ഷാനിയമം പ്രസ്താവിക്കുന്നു. (24:11-16, 20) 25-ാം അധ്യായത്തിൽ ഓരോ 7-ാം വർഷത്തിലും ഒരുവർഷം നീളുന്ന ശബത്തും അഥവാ സ്വസ്ഥവർഷവും ഓരോ 50-ാം വർഷത്തിലെ യോബേലും സംബന്ധിച്ച നിബന്ധനകൾ കാണപ്പെടുന്നു. ഈ 50-ാം വർഷം ദേശത്തു മുഴുവനും സ്വാതന്ത്ര്യം വിളംബരംചെയ്യണം, കഴിഞ്ഞുപോയ 49 വർഷങ്ങളിൽ വിൽക്കുകയോ വിട്ടുകൊടുക്കുകയോ ചെയ്ത പരമ്പരാഗതവസ്തു തിരികെ കൊടുക്കേണ്ടതാണ്. ദരിദ്രരുടെയും അടിമകളുടെയും അവകാശങ്ങളെ സംരക്ഷിക്കുന്ന നിയമങ്ങൾ കൊടുക്കപ്പെടുന്നു. ഈ വിഭാഗത്തിൽ “ഏഴ്” എന്ന സംഖ്യ പ്രമുഖമായി കാണപ്പെടുന്നു, ഏഴാം ദിവസം, ഏഴാം വർഷം, ഏഴു ദിവസത്തെ ഉത്സവങ്ങൾ, ഏഴ് ആഴ്ചകളുടെ ഒരു കാലഘട്ടം, ഏഴു വർഷങ്ങളുടെ ഏഴു മടങ്ങിനു ശേഷം വരാനുളള യോബേൽ.
26. ലേവ്യപുസ്തകം എന്തിൽ പാരമ്യത്തിലെത്തുന്നു?
26 അനുസരണത്തിന്റെയും അനുസരണക്കേടിന്റെയും പരിണതഫലങ്ങൾ (26:1-46). ലേവ്യപുസ്തകം ഈ അധ്യായത്തിൽ അതിന്റെ പാരമ്യത്തിലെത്തുന്നു. യഹോവ ഇവിടെ അനുസരണത്തിന്റെ പ്രതിഫലങ്ങളും അനുസരണക്കേടിന്റെ ശിക്ഷകളും എണ്ണിയെണ്ണി പറയുന്നു. അതേസമയം, ഇസ്രായേല്യർ തങ്ങളെത്തന്നെ താഴ്ത്തുന്നുവെങ്കിൽ അവർക്ക് അവൻ പ്രത്യാശ വെച്ചുനീട്ടുന്നു, ഇങ്ങനെ പറഞ്ഞുകൊണ്ട്: “ഞാൻ അവരുടെ ദൈവമായിരിക്കേണ്ടതിന്നു ജാതികൾ കാൺകെ മിസ്രയീം ദേശത്തുനിന്നു ഞാൻ കൊണ്ടുവന്ന അവരുടെ പൂർവ്വൻമാരോടു ചെയ്ത നിയമം ഞാൻ അവർക്കുവേണ്ടി ഓർക്കും; ഞാൻ യഹോവ ആകുന്നു.”—26:45.
27. ലേവ്യപുസ്തകം എങ്ങനെ ഉപസംഹരിക്കുന്നു?
27 മററു ചട്ടങ്ങൾ (27:1-34). നേർച്ചകൾ കൈകാര്യം ചെയ്യേണ്ട വിധത്തെയും യഹോവക്കുളള ആദ്യജാതരെയും യഹോവക്കു വിശുദ്ധമായിത്തീരുന്ന ദശാംശത്തെയും കുറിച്ചുളള നിർദേശങ്ങളോടെ ലേവ്യപുസ്തകം ഉപസംഹരിക്കുന്നു. അനന്തരം ഹ്രസ്വമായ അന്ത്യപ്രസ്താവം വരുന്നു: “യിസ്രായേൽമക്കൾക്കുവേണ്ടി യഹോവ സീനായി പർവതത്തിൽവെച്ചു മോശെയോടു കല്പിച്ച കല്പനകൾ ഇവ തന്നേ.”—27:34.
എന്തുകൊണ്ടു പ്രയോജനപ്രദം
28. ലേവ്യപുസ്തകം ഇന്നു ക്രിസ്ത്യാനികൾക്ക് എന്തു പ്രയോജനമുളളതാണ്?
28 നിശ്വസ്ത തിരുവെഴുത്തുകളുടെ ഒരു ഭാഗമെന്ന നിലയിൽ, ലേവ്യപുസ്തകം ഇന്നു ക്രിസ്ത്യാനികൾക്കു വലിയ പ്രയോജനമുളളതാണ്. യഹോവയെയും അവന്റെ ഗുണവിശേഷങ്ങളെയും അവൻ ന്യായപ്രമാണ ഉടമ്പടിയിൻകീഴിൽ ഇസ്രായേലുമായി ഇടപെട്ടപ്പോൾ വളരെ വ്യക്തമായി പ്രകടമാക്കിയ തന്റെ സൃഷ്ടികളോടു താൻ ഇടപെടുന്ന രീതികളെയും മനസ്സിലാക്കുന്നതിൽ അത് അത്ഭുതകരമായി സഹായകമാണ്. ലേവ്യപുസ്തകം എല്ലായ്പോഴും ബാധകമാകുന്ന അനേകം അടിസ്ഥാന തത്ത്വങ്ങൾ പ്രസ്താവിക്കുന്നു. അതിൽ അനേകം പ്രാവചനിക മാതൃകകളും പ്രവചനങ്ങളും അടങ്ങിയിരിക്കുന്നു, അവയുടെ പരിചിന്തനം വിശ്വാസത്തെ ബലപ്പെടുത്തുന്നതാണ്. അതിലെ തത്ത്വങ്ങളിലനേകവും ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിൽ പുനഃപ്രസ്താവിക്കുന്നുണ്ട്, അവയിൽ ചിലതു നേരിട്ട് ഉദ്ധരിച്ചിരിക്കുകയാണ്. ഏഴു മുന്തിയ പോയിൻറുകൾ താഴെ പരിചിന്തിക്കുന്നു.
29-31. (എ) യഹോവയുടെ പരമാധികാരത്തോടും (ബി) നാമത്തോടും (സി) വിശുദ്ധിയോടുമുളള ആദരവിനെ ലേവ്യപുസ്തകം ഊന്നിപ്പറയുന്നത് എങ്ങനെ?
29 (1) യഹോവയുടെ പരമാധികാരം. അവൻ നിയമദാതാവാണ്, സൃഷ്ടികളെന്ന നിലയിൽ നാം അവനോടു കണക്കു ബോധിപ്പിക്കേണ്ടവരാണ്. ഉചിതമായി നാം അവനെ ഭയപ്പെടാൻ അവൻ നമ്മോടു കൽപ്പിക്കുന്നു. സാർവത്രിക പരമാധികാരിയെന്ന നിലയിൽ, അവൻ മാത്സര്യം സഹിക്കുകയില്ല, അതു വിഗ്രഹാരാധനയുടെയോ ആത്മവിദ്യയുടെയോ ഭൂതവിശ്വാസത്തിന്റെ മററു വശങ്ങളുടെയോ രൂപത്തിൽ ആയാലും.—ലേവ്യ. 18:4; 25:17; 26:1; മത്താ. 10:28; പ്രവൃ. 4:24.
30 (2) യഹോവയുടെ നാമം. അവന്റെ നാമം വിശുദ്ധമായി സൂക്ഷിക്കപ്പെടേണ്ടതാണ്. നാം വാക്കിനാലോ പ്രവൃത്തിയാലോ അതിൻമേൽ നിന്ദ വരുത്താൻ മുതിരരുത്.—ലേവ്യ. 22:32; 24:10-16; മത്താ. 6:9.
31 (3) യഹോവയുടെ വിശുദ്ധി. അവൻ വിശുദ്ധനാകയാൽ അവന്റെ ജനവും വിശുദ്ധർ, അതായത്, തന്റെ സേവനത്തിനുവേണ്ടി വിശുദ്ധീകരിക്കപ്പെട്ടവർ അഥവാ വേർതിരിക്കപ്പെട്ടവർ ആയിരിക്കേണ്ടതാണ്. ഇതിൽ നമുക്കു ചുററുമുളള ഭക്തികെട്ട ലോകത്തിൽനിന്നു വേറിട്ടുനിൽക്കുന്നതും ഉൾപ്പെടുന്നു.—ലേവ്യ. 11:44; 20:26; യാക്കോ. 1:27; 1 പത്രൊ. 1:15, 16.
32-34. (എ) പാപം, (ബി) രക്തം, (സി) ആപേക്ഷികകുററം എന്നിവസംബന്ധിച്ച് ഏതു തത്ത്വങ്ങൾ വിവരിക്കപ്പെടുന്നു?
32 (4) പാപത്തിന്റെ അത്യന്ത പാപപൂർണത. പാപം എന്തെന്നു തീരുമാനിക്കുന്നതു ദൈവമാണ്, നാം പാപത്തിനെതിരെ കഠിനപോരാട്ടം നടത്തണം. പാപത്തിന് എല്ലായ്പോഴും ഒരു പരിഹാരയാഗം ആവശ്യമാണ്. കൂടാതെ, അതു നമ്മിൽനിന്നു കുററസമ്മതവും അനുതാപവും സാധ്യമാകുന്ന അളവിൽ നഷ്ടപരിഹാരവും ആവശ്യപ്പെടുന്നു. ചില പാപങ്ങൾക്കു ക്ഷമ പാടില്ല.—ലേവ്യ. 4:2; 5:5; 20:2, 10; 1 യോഹ. 1:9; എബ്രാ. 10:26-29.
33 (5) രക്തത്തിന്റെ പവിത്രത. രക്തം പരിപാവനമാകയാൽ അത് ഒരു രൂപത്തിലും ശരീരത്തിലേക്കു സ്വീകരിക്കാവുന്നതല്ല. രക്തത്തിന് അനുവദിച്ചിരിക്കുന്ന ഏക ഉപയോഗം പാപത്തിനുളള ഒരു പ്രായശ്ചിത്തം ആയിട്ടാണ്.—ലേവ്യ. 17:10-14; പ്രവൃ. 15:29; എബ്രാ. 9:22.
34 (6) കുററത്തിലും ശിക്ഷയിലുമുളള ആപേക്ഷികത. എല്ലാ പാപങ്ങളെയും പാപികളെയും ഒരേ തലത്തിൽ കരുതിയില്ല. സ്ഥാനം കൂടുതൽ ഉയർന്നതായിരിക്കുമ്പോൾ പാപത്തിന്റെ ഉത്തരവാദിത്വവും ശിക്ഷയും കൂടിയതാണ്. മനഃപൂർവ പാപം കരുതിക്കൂട്ടിയല്ലാത്ത പാപത്തെക്കാൾ കൂടുതൽ കഠിനമായി ശിക്ഷിക്കപ്പെട്ടു. പിഴകൾ, കൊടുക്കാനുളള പ്രാപ്തിയനുസരിച്ചു മിക്കപ്പോഴും തരംതിരിക്കപ്പെട്ടു. ആപേക്ഷികതയുടെ ഈ തത്ത്വം പാപവും ശിക്ഷയുമല്ലാത്ത ആചാരപരമായ അശുദ്ധിപോലെയുളള മണ്ഡലങ്ങളിലും ബാധകമായി.—ലേവ്യ. 4:3, 22-28; 5:7-11; 6:2-7; 12:8; 21:1-15; ലൂക്കൊ. 12:47, 48; യാക്കോ. 3:1; 1 യോഹ. 5:16.
35. ലേവ്യപുസ്തകം സഹമനുഷ്യനോടുളള നമ്മുടെ കടമകളെ സംഗ്രഹിക്കുന്നതെങ്ങനെ?
35 (7) നീതിയും സ്നേഹവും. സഹമനുഷ്യനോടുളള നമ്മുടെ കടമകളെ സംഗ്രഹിച്ചുകൊണ്ടു ലേവ്യപുസ്തകം 19:18 പറയുന്നു: “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം.” ഇതിൽ എല്ലാം ഉൾക്കൊണ്ടിരിക്കുന്നു. അതു പക്ഷപാതിത്വംകാട്ടലോ മോഷണമോ നുണപറച്ചിലോ ഏഷണിയോ ഒഴിവാക്കുന്നു, അതു വികലരോടും ദരിദ്രരോടും കുരുടരോടും ബധിരരോടും പരിഗണന കാണിക്കാൻ ആവശ്യപ്പെടുന്നു.—ലേവ്യ. 19:9-18; മത്താ. 22:39; റോമ. 13:8-13.
36. ലേവ്യപുസ്തകം ക്രിസ്തീയ സഭയ്ക്കു പ്രയോജനകരമാണെന്നു തെളിയിക്കുന്നതെന്ത്?
36 യേശുവും അവന്റെ അപ്പോസ്തലൻമാരും, ശ്രദ്ധേയമായി പൗലൊസും പത്രൊസും, കൂടെക്കൂടെ ലേവ്യപുസ്തകത്തെ പരാമർശിച്ചു പറയുന്ന കാര്യങ്ങൾ അതു ക്രിസ്തീയ സഭയിൽ മുന്തിയ വിധത്തിൽ ‘പഠിപ്പിക്കുന്നതിന്, ശാസിക്കുന്നതിന്, കാര്യങ്ങൾ നേരേയാക്കുന്നതിന്, നീതിയിൽ ശിക്ഷണം കൊടുക്കുന്നതിന്, പ്രയോജനപ്രദമാണ്’ എന്നു തെളിയിക്കുന്നു. ഇവ അനേകം പ്രാവചനിക മാതൃകകളിലേക്കും വരാനുളള കാര്യങ്ങളുടെ നിഴലുകളിലേക്കും ശ്രദ്ധ ക്ഷണിച്ചു. പൗലൊസ് സൂചിപ്പിച്ചതുപോലെ, “ന്യായപ്രമാണം വരുവാനുളള നൻമകളുടെ നിഴൽ” ആണ്. അതു “സ്വർഗ്ഗീയത്തിന്റെ ദൃഷ്ടാന്തവും നിഴലും” വിവരിക്കുന്നു.—2 തിമൊ. 3:16; എബ്രാ. 10:1; 8:5.
37. എബ്രായരിൽ മാതൃകകളുടെ ഏതു നിവൃത്തികൾ വർണിക്കപ്പെടുന്നു?
37 തിരുനിവാസത്തിനും പൗരോഹിത്യത്തിനും യാഗങ്ങൾക്കും വിശേഷിച്ചു വാർഷിക പാപപരിഹാരദിവസത്തിനും മാതൃകാപരമായ സാർഥകത ഉണ്ടായിരുന്നു. എബ്രായർക്കുളള തന്റെ ലേഖനത്തിൽ യഹോവയുടെ ആരാധനയുടെ “സത്യകൂടാര”ത്തോടുളള ബന്ധത്തിൽ ഈ കാര്യങ്ങളുടെ ആത്മീയ മറുഘടകങ്ങളെ തിരിച്ചറിയാൻ പൗലൊസ് നമ്മെ സഹായിക്കുന്നു. (എബ്രാ. 8:2) മുഖ്യ പുരോഹിതനായ അഹരോൻ ‘കൈകളാൽ നിർമ്മിക്കപ്പെടാത്ത കൂടുതൽ വലിപ്പവും പൂർണതയുമുളള കൂടാരത്തിലൂടെ, സംഭവിച്ചിരിക്കുന്ന നല്ല കാര്യങ്ങളുടെ ഒരു മഹാപുരോഹിതനായ’ യേശുക്രിസ്തുവിനെ ചിത്രീകരിക്കുന്നു. (എബ്രാ. 9:11, NW; ലേവ്യ. 21:10) മൃഗയാഗങ്ങളുടെ രക്തം യേശുക്രിസ്തുവിന്റെ രക്തത്തെ മുൻനിഴലാക്കുന്നു, അതു “നമുക്ക് എന്നേക്കുമുളള ഒരു വിടുതൽ” നേടുന്നു. (എബ്രാ. 9:12, NW) യാഗരക്തം അർപ്പിക്കുന്നതിനു വാർഷിക പാപപരിഹാരദിവസത്തിൽ മാത്രം മഹാപുരോഹിതൻ പ്രവേശിച്ച തിരുനിവാസത്തിന്റെ ഏററവും ഉളളിലെ അറയായ അതിവിശുദ്ധം “സ്വർഗ്ഗംതന്നെ”യായ “യാഥാർഥ്യത്തിന്റെ ഒരു പകർപ്പാ”ണ്, അതിലേക്കാണു യേശു “നമുക്കുവേണ്ടി ദൈവവ്യക്തിയുടെ മുമ്പാകെ പ്രത്യക്ഷപ്പെടുന്നതിനു” കയറിപ്പോയത്.—എബ്രാ. 9:24, NW; ലേവ്യ. 16:14, 15.
38. മാതൃകയിലെ യാഗങ്ങൾ യേശുവിൽ നിവൃത്തിയേറിയതെങ്ങനെ?
38 യഥാർഥ ബലിമൃഗങ്ങൾ—ദഹനയാഗങ്ങളോ പാപയാഗങ്ങളോ ആയി അർപ്പിക്കപ്പെടുന്ന അവികലമായ, കളങ്കമററ, മൃഗങ്ങൾ—യേശുക്രിസ്തുവിന്റെ മനുഷ്യശരീരത്തിന്റെ കളങ്കമററ പൂർണബലിയെ പ്രതിനിധാനം ചെയ്യുന്നു. (എബ്രാ. 9:13, 14; 10:1-10; ലേവ്യ. 1:3) കൗതുകകരമായി, പാപയാഗത്തിനുളള മൃഗങ്ങളുടെ പിണം പാളയത്തിനു പുറത്തു കൊണ്ടുപോയി ദഹിപ്പിക്കുന്ന പാപപരിഹാരദിവസത്തിന്റെ സവിശേഷതയും പൗലൊസ് ചർച്ചചെയ്യുന്നു. (ലേവ്യ. 16:27) “അങ്ങനെ യേശുവും സ്വന്തരക്തത്താൽ ജനത്തെ വിശുദ്ധീകരിക്കേണ്ടതിന്നു നഗരവാതിലിന്നു പുറത്തുവെച്ചു കഷ്ടം അനുഭവിച്ചു. ആകയാൽ നാം അവന്റെ നിന്ദ ചുമന്നുകൊണ്ടു പാളയത്തിന്നു പുറത്തു അവന്റെ അടുക്കൽ ചെല്ലുക” എന്നു പൗലൊസ് എഴുതുന്നു. (എബ്രാ. 13:12, 13) അങ്ങനെയുളള നിശ്വസ്ത വ്യാഖ്യാനങ്ങളാൽ, ലേവ്യപുസ്തകത്തിൽ വിവരിച്ചിരിക്കുന്ന ആചാരപരമായ നടപടികൾക്കു കൂടുതലായ അർഥം കൈവരുന്നു, അവിടെ പരിശുദ്ധാത്മാവിനാൽ മാത്രം വ്യക്തമാക്കാൻ കഴിയുന്ന യാഥാർഥ്യങ്ങളിലേക്കു വിരൽചൂണ്ടുന്ന ഭയാദരവുണർത്തുന്ന നിഴലുകൾ എത്ര അത്യത്ഭുതകരമായി യഹോവ ഉളവാക്കിയെന്നു തീർച്ചയായും നമുക്കു ഗ്രഹിച്ചുതുടങ്ങാൻ കഴിയും. (എബ്രാ. ) “ദൈവാലയത്തിൻമേൽ ഒരു മഹാപുരോഹിത”നായ ക്രിസ്തുയേശുമുഖേന യഹോവ ചെയ്യുന്ന ജീവനുവേണ്ടിയുളള കരുതലിൽനിന്നു പ്രയോജനമനുഭവിക്കാനുളളവർക്ക് അത്തരം ശരിയായ ഗ്രാഹ്യം മർമപ്രധാനമാണ്.— 9:8എബ്രാ. 10:19-25.
39. യഹോവയുടെ രാജ്യോദ്ദേശ്യങ്ങളെ പ്രസിദ്ധമാക്കുന്നതിൽ ലേവ്യപുസ്തകം “എല്ലാ തിരുവെഴുത്തി”നോടും സംയോജിക്കുന്നത് എങ്ങനെ?
39 അഹരോന്റെ പൗരോഹിത്യകുടുംബത്തെപ്പോലെ, മഹാപുരോഹിതനെന്ന നിലയിൽ യേശുക്രിസ്തുവിനു തന്നോടു സഹവസിക്കുന്ന ഉപപുരോഹിതൻമാരുണ്ട്. അവരെക്കുറിച്ചു “രാജകീയ പുരോഹിതവർഗ്ഗം” എന്നു പറയുന്നു. (1 പത്രൊ. 2:9) ലേവ്യപുസ്തകം യഹോവയുടെ വലിയ മഹാപുരോഹിതനും രാജാവുമായവന്റെ പാപപരിഹാരവേലയിലേക്കും തന്റെ ഭവനത്തിലെ അംഗങ്ങളുടെമേൽ വെക്കപ്പെട്ടിരിക്കുന്ന വ്യവസ്ഥകളിലേക്കും വ്യക്തമായി വിരൽചൂണ്ടുകയും അവ വിശദീകരിക്കുകയും ചെയ്യുന്നു, ആ അംഗങ്ങൾ “സന്തുഷ്ടരും വിശുദ്ധരും” ആയിരിക്കുന്നതായും ‘ദൈവത്തിന്റെയും ക്രിസ്തുവിന്റെയും പുരോഹിതൻമാരായി അവനോടുകൂടെ ആയിരം വർഷം ഭരിക്കുന്നതായും’ പറയപ്പെടുന്നു. അനുസരണമുളള മനുഷ്യവർഗത്തെ പൂർണതയിലേക്ക് ഉയർത്തുന്നതിൽ ആ പൗരോഹിത്യവേല എന്തനുഗ്രഹങ്ങളാണു സാക്ഷാത്കരിക്കുക, ആ സ്വർഗീയരാജ്യം ഭൂമിയിൽ സമാധാനവും നീതിയും പുനഃസ്ഥാപിച്ചുകൊണ്ട് എന്തു സൗഭാഗ്യമാണു കൈവരുത്തുക! തീർച്ചയായും, തന്റെ നാമത്തിന്റെ വിശുദ്ധീകരണമായി തന്റെ മാഹാത്മ്യങ്ങളെ വിസ്തൃതമായി ഘോഷിക്കുന്നതിന് ഒരു മഹാപുരോഹിതനും രാജാവുമായവനെയും ഒരു രാജകീയ പുരോഹിതവർഗത്തെയും ഏർപ്പാടുചെയ്തതിനു വിശുദ്ധദൈവമായ യഹോവയ്ക്കു നാമെല്ലാം നന്ദികൊടുക്കേണ്ടതാണ്! സത്യമായി, ലേവ്യപുസ്തകം യഹോവയുടെ രാജ്യോദ്ദേശ്യങ്ങളെ പ്രസിദ്ധമാക്കുന്നതിൽ “എല്ലാ തിരുവെഴുത്തി”നോടും അത്ഭുതകരമായി സംയോജിക്കുന്നു.—വെളി. 20:6, NW.
[അധ്യയന ചോദ്യങ്ങൾ]