ബൈബിൾ പുസ്തക നമ്പർ 30—ആമോസ്
ബൈബിൾ പുസ്തക നമ്പർ 30—ആമോസ്
എഴുത്തുകാരൻ: ആമോസ്
എഴുതിയ സ്ഥലം: യഹൂദ
എഴുത്തു പൂർത്തിയായത്: പൊ.യു.മു. ഏകദേശം 804
1. ആമോസ് ആരായിരുന്നു?
ഒരു പ്രവാചകനല്ല, പ്രവാചകന്റെ പുത്രനുമല്ല, എന്നാൽ ഒരു ആട്ടിടയനും കാട്ടത്തിപ്പഴങ്ങൾ പറിക്കുന്നവനും—ഇതായിരുന്നു യഹോവ വിളിച്ചു സ്വന്തം യഹൂദാജനതയോടു മാത്രമല്ല, വിശേഷിച്ചു വടക്കേ ഇസ്രായേൽജനതയോടും പ്രവചിക്കാൻ അയച്ചപ്പോഴത്തെ ആമോസ്. അവൻ 2 രാജാക്കൻമാർ 17:13, 22, 23-ൽ പരാമർശിച്ച പ്രവാചകൻമാരിൽ ഒരാളായിരുന്നു. അവൻ യെരുശലേമിനു 16 കിലോമീററർ തെക്കും പത്തു-ഗോത്ര ഇസ്രായേൽരാജ്യത്തിന്റെ തെക്കൻ അതിർത്തിയിൽനിന്ന് ഒരു ദിവസത്തെ യാത്രാദൂരവുമുള്ള യഹൂദയിലെ തെക്കോവയിൽനിന്നുളള ഒരുവനായിരുന്നു.—ആമോ. 1:1; 7:14, 15.
2. ആമോസിന്റെ പ്രവചനത്തിന്റെ കാലം എങ്ങനെ നിശ്ചയിക്കാം?
2 അസാധാരണ ശ്രദ്ധയർഹിച്ച ഒരു ഭൂകമ്പത്തിനു രണ്ടു വർഷംമുമ്പു യഹൂദാരാജാവായ ഉസ്സീയാവിന്റെയും ഇസ്രായേൽരാജാവായ യോവാശിന്റെ പുത്രനായ യൊരോബെയാം II-ാമന്റെയും നാളുകളിലായിരുന്നു പ്രവാചകനായുളള തന്റെ ജീവിതവൃത്തി അവൻ ആരംഭിച്ചതെന്ന് ഈ പ്രവചനത്തിന്റെ പ്രാരംഭവാക്യം പ്രസ്താവിക്കുന്നു. ഇത് ഈ പ്രവചനത്തെ പൊ.യു.മു. 829 മുതൽ ഏതാണ്ട് 804 വരെയുളള 26 വർഷത്തെ കാലഘട്ടത്തിനുളളിൽ നിർത്തുന്നു, ഈ കാലത്താണ് ഈ രാജാക്കൻമാരുടെ വാഴ്ചകൾ കവിഞ്ഞുകിടന്നത്. സെഖര്യാപ്രവാചകൻ ഉസ്സീയാവിന്റെ നാളുകളിലെ വിപത്കരമായ ഭൂകമ്പത്തെക്കുറിച്ചു പറയുന്നു, ആ കാലത്തു ജനം ഭയന്ന് ഓടിപ്പോയി. (സെഖ. 14:5) ഉസ്സീയാവ് ധിക്കാരപൂർവം ആലയത്തിൽ ധൂപം അർപ്പിക്കാൻ ശ്രമിച്ചപ്പോൾ ഒരു ഭൂകമ്പമുണ്ടായതായി യഹൂദചരിത്രകാരനായ ജോസീഫസ് പ്രസ്താവിക്കുന്നു. എന്നിരുന്നാലും, ആമോസ് പറഞ്ഞ ഭൂകമ്പം ഉസ്സീയാവിന്റെ വാഴ്ചക്കാലത്തു നേരത്തെ സംഭവിച്ചുവെന്നു തോന്നുന്നു.
3. (എ) ആമോസിന്റെ കഷ്ടത്തിന്റെ സന്ദേശം കാലോചിതമായിരുന്നത് എന്തുകൊണ്ട്? (ബി) അവൻ യഹോവയുടെ പരമാധികാരത്തെ മഹിമപ്പെടുത്തിയത് എങ്ങനെ?
3 ആമോസ് എന്ന പേരിന്റെ അർഥം “ഒരു ചുമട് ആയിരിക്കുക” അല്ലെങ്കിൽ “ഒരു ചുമടു വഹിക്കുക” എന്നാണ്. അവൻ ഇസ്രായേലിനും യഹൂദക്കും (നിരവധി പുറജാതി ജനതകൾക്കും) ഉളള കഷ്ടത്താൽ ഭാരമുളള സന്ദേശങ്ങൾ വഹിച്ചുവെങ്കിലും അവൻ യഹോവയുടെ ജനത്തിന്റെ പുനഃസ്ഥാപനത്തെ സംബന്ധിച്ച ആശ്വാസത്തിന്റെ സന്ദേശവും വഹിച്ചു. ഇസ്രായേലിൽ കഷ്ടത്തിന്റെ ഒരു ഭാരം പ്രഖ്യാപിക്കുന്നതിനു സകല കാരണവുമുണ്ടായിരുന്നു. സമ്പൽസമൃദ്ധിയും ആഡംബരജീവിതവും കാമാസക്തിയുമായിരുന്നു ദൈനംദിന ക്രമം. ജനം യഹോവയുടെ ന്യായപ്രമാണം മറന്നുകളഞ്ഞിരുന്നു. അവരുടെ പ്രത്യക്ഷത്തിലുളള സമ്പൽസമൃദ്ധി പഴുത്തുപോയ പഴത്തെപ്പോലെ അവർ അപ്പോൾത്തന്നെ നാശത്തിലേക്കു നയിക്കുന്ന അധഃപതനത്തിലായിരുന്നുവെന്ന വസ്തുതസംബന്ധിച്ച് അവരെ കുരുടാക്കിയിരുന്നു. ഏതാനുംചില ഹ്രസ്വവർഷങ്ങൾകൊണ്ടു പത്തു-ഗോത്രരാജ്യം ദമാസ്കസിനപ്പുറം പ്രവാസത്തിലേക്കു പോകുമെന്ന് ആമോസ് പ്രവചിച്ചു. ഇതിൽ അവൻ യഹോവയുടെ നീതിയെയും പരമാധികാരത്തെയും മഹിമപ്പെടുത്തി, അവനെ അവൻ “പരമാധികാര കർത്താ”വെന്ന നിലയിൽ 21 പ്രാവശ്യം പരാമർശിക്കുന്നു.—ആമോ. 1:8, NW.
4. ഏതു പ്രവചനങ്ങളുടെ നിവൃത്തി ആമോസിന്റെ വിശ്വാസ്യതയെ സാക്ഷ്യപ്പെടുത്തുന്നു?
4 ഈ പ്രവചനത്തിന്റെയും മററു പ്രവചനങ്ങളുടെയും നിവൃത്തി ആമോസിന്റെ വിശ്വാസ്യതയെ സാക്ഷ്യപ്പെടുത്തുന്നു. ഇസ്രായേലിനു ചുററുമുളള ശത്രുജനതകൾ—സിറിയക്കാരും ഫെലിസ്ത്യരും സോര്യരും ഏദോമ്യരും അമ്മോന്യരും മോവാബ്യരും—നാശത്തിന്റെ തീയാൽ വിഴുങ്ങപ്പെടും എന്നും പ്രവാചകൻ മുൻകൂട്ടിപ്പറഞ്ഞു. ഈ ശത്രുകോട്ടകളിൽ ഓരോന്നും കാലക്രമത്തിൽ തകർന്നുവെന്നത് ഒരു ചരിത്രവസ്തുതയാണ്. യഹൂദയുടെയും ഇസ്രായേലിന്റെയും വഴികൾ അതിലും നിന്ദ്യമായിരുന്നു, എന്തുകൊണ്ടെന്നാൽ അവർ വ്യാജാരാധന നടത്തുന്നതിനുവേണ്ടി യഹോവയെ ഉപേക്ഷിച്ചു. ഇസ്രായേലിന്റെ അവസാനത്തെ കോട്ട, കോട്ടകെട്ടിയുറപ്പിച്ച ശമര്യാനഗരം, ശൽമനേസർ V-ാമന്റെ കീഴിലുളള അസീറിയൻ സൈന്യത്താൽ ഉപരോധിക്കപ്പെട്ട ശേഷം പൊ.യു.മു. 740-ാമാണ്ടിൽ കീഴടങ്ങി. (2 രാജാ. 17:1-6) യഹൂദാ സഹോദരിജനതക്കു സംഭവിച്ചതിൽനിന്നു പാഠം പഠിച്ചില്ല, അങ്ങനെ അവൾ പൊ.യു.മു. 607-ൽ നശിപ്പിക്കപ്പെട്ടു.
5. പുരാവസ്തുശാസ്ത്രം ആമോസിലെ രേഖയെ സ്ഥിരീകരിക്കുന്നത് എങ്ങനെ?
5 ആമോസ് ആഡംബരജീവിതത്തിന് ഇസ്രായേലിനെ കുററംവിധിച്ചു, എന്തുകൊണ്ടെന്നാൽ ധനികർ തങ്ങളുടെ “ദന്തഭവനങ്ങൾ” പണിയാൻ ദരിദ്രരെ വഞ്ചിക്കുകയായിരുന്നു, ആ ഭവനങ്ങളിൽ അവർ വീഞ്ഞുകുടിക്കുകയും സദ്യനടത്തുകയും ചെയ്തിരുന്നു. (ആമോ. 3:15; 5:11, 12; 6:4-7) ഈ സമ്പൽസമൃദ്ധിയുടെ തെളിവു പുരാവസ്തുശാസ്ത്രജ്ഞർ വെളിച്ചത്തുകൊണ്ടുവന്നിട്ടുണ്ട്. ശമര്യയിലെ ഖനനത്തിൽ നിരവധി ദന്തവസ്തുക്കൾ കണ്ടെത്തപ്പെട്ടു. വിശുദ്ധനാട്ടിലെ പുരാവസ്തുശാസ്ത്ര ഖനനങ്ങളുടെ എൻസൈക്ലോപീഡിയ (ഇംഗ്ലീഷ്) ഇങ്ങനെ പ്രസ്താവിക്കുന്നു: “രണ്ടു പ്രധാന കൂട്ടങ്ങൾ തിരിച്ചറിയാൻ കഴിയും: 1. വളരെ എഴുന്നുനിൽക്കുന്ന കൊത്തുപണികളോടുകൂടിയ ഫലകങ്ങൾ, . . . 2. താണ തലത്തിൽ എഴുന്നുനിൽക്കുന്ന കൊത്തുപണികളോടുകൂടിയതും വിലയേറിയ കല്ലുകളും വർണസ്ഫടികങ്ങളും സ്വർണത്താളുകളും മററും പതിച്ച ഉൾപ്പണികളാൽ അലങ്കൃതവുമായ ഫലകങ്ങൾ . . . ദന്തങ്ങൾ ഫിനീഷ്യൻ കലയുടെ ഉത്പന്നങ്ങളാണെന്നു പരിഗണിക്കപ്പെടുന്നു, ഒരുപക്ഷേ അവ ഇസ്രായേല്യരാജാക്കൻമാരുടെ കൊട്ടാരത്തിലെ ഗൃഹോപകരണങ്ങളിൽ പതിക്കുന്നതിന് ഉപയോഗിക്കപ്പെട്ടു. ആഹാബ് പണികഴിപ്പിച്ച ‘ദന്തഗൃഹ’ത്തെക്കുറിച്ചും (1 രാജാ. 22:39) ആമോസിന്റെ (6:4-ലെ) ശാസനാവാക്കുകളിൽ ശമര്യയിൽ നയിക്കപ്പെട്ട ആഡംബരജീവിതത്തിന്റെ പ്രതീകമായിരുന്ന ‘ആനക്കൊമ്പുകൊണ്ടുളള കട്ടിലുകളെ’ക്കുറിച്ചും ബൈബിൾ പറയുന്നു.” a
6. ആമോസിന്റെ വിശ്വാസ്യതയെ നിർണായകമായി തെളിയിക്കുന്നത് എന്ത്?
6 ആമോസിന്റെ പുസ്തകം ബൈബിൾകാനോനിൽ പെട്ടതാണെന്നുളളതിനു സംശയമുണ്ടായിരിക്കാവുന്നതല്ല. മൂന്നു വാക്യങ്ങളുടെ പ്രവൃത്തികൾ 7:42, 43-ലെ സ്തേഫാനോസിനാലുളള പരാവർത്തനവും ആ പുസ്തകത്തിൽനിന്നുളള പ്രവൃത്തികൾ 15:15-18-ലെ യാക്കോബിന്റെ ഉദ്ധരണിയും അതിന്റെ വിശ്വാസ്യതയെ നിർണായകമായി തെളിയിക്കുന്നതാണ്.—ആമോ. 5:25-27; 9:11, 12.
ആമോസിന്റെ ഉളളടക്കം
7. ആമോസ് ഏതു ജനതകൾക്ക് എതിരെയുളള യഹോവയുടെ ന്യായവിധികളെക്കുറിച്ചു മുന്നറിയിപ്പു കൊടുക്കുന്നു?
7 ജനതകൾക്കെതിരായ ന്യായവിധികൾ (1:1–2:3). “യഹോവ സീയോനിൽനിന്നു ഗർജ്ജിച്ചു.” (1:2) ആമോസ് ജനതകൾക്കെതിരായ യഹോവയുടെ ഉഗ്രമായ ന്യായവിധികളെക്കുറിച്ചു മുന്നറിയിപ്പുകൊടുത്തുതുടങ്ങുന്നു. ദമാസ്കസ് (സിറിയ) ഗിലെയാദിനെ ഇരുമ്പു മെതിയന്ത്രങ്ങൾകൊണ്ടു മെതിച്ചിരിക്കുന്നു. ഗസ്സയും (ഫെലിസ്ത്യ) സോരും ഇസ്രായേല്യബന്ദികളെ ഏദോമിനു കൈമാറിയിരിക്കുന്നു. ഏദോമിൽത്തന്നെ കരുണയും സഹോദരസ്നേഹവും കുറവാണ്. അമ്മോൻ ഗിലെയാദിനെ ആക്രമിച്ചിരിക്കുന്നു. മോവാബ് കുമ്മായത്തിനുവേണ്ടി ഏദോംരാജാവിന്റെ അസ്ഥികൾ ദഹിപ്പിച്ചിരിക്കുന്നു. യഹോവയുടെ കൈ ഈ ജനതകൾക്കെല്ലാം എതിരാണ്, അവൻ പറയുന്നു: “ഞാൻ ശിക്ഷ മടക്കിക്കളകയില്ല.”—1:3, 6, 8, 9, 11, 13; 2:1.
8. യഹൂദക്കും ഇസ്രായേലിനുമെതിരെയും യഹോവയുടെ ന്യായവിധി ഘോഷിക്കപ്പെടുന്നത് എന്തുകൊണ്ട്?
8 യഹൂദക്കും ഇസ്രായേലിനുമെതിരായ ന്യായവിധി (2:4-16). യഹോവ തന്റെ കോപം യഹൂദയിൽനിന്നു പിൻമാററുകയുമില്ല. അവർ “യഹോവയുടെ ന്യായപ്രമാണത്തെ നിരസി”ച്ചുകൊണ്ടു ലംഘനംചെയ്തിരിക്കുന്നു. (2:4) ഇസ്രായേലോ? യഹോവ അവർക്കുവേണ്ടി ഉഗ്രൻമാരായ അമോര്യരെ നിർമൂലമായി നശിപ്പിക്കുകയും അവർക്ക് ആ നല്ല ദേശം കൊടുക്കുകയും ചെയ്തു. അവൻ അവരുടെ ഇടയിൽ നാസീറുകളെയും പ്രവാചകൻമാരെയും എഴുന്നേൽപ്പിച്ചു, എന്നാൽ അവർ നാസീറുകൾ തങ്ങളുടെ പ്രതിജ്ഞ ലംഘിക്കാനിടയാക്കുകയും “പ്രവചിക്കരുത്” എന്നു പ്രവാചകൻമാരോടു കൽപ്പിക്കുകയും ചെയ്തു. (2:12) അതുകൊണ്ടു യഹോവ പുതുതായി കൊയ്തെടുത്ത ധാന്യം നിറച്ച വണ്ടിയെപ്പോലെ അവരുടെ അടിസ്ഥാനങ്ങൾ ആടിപ്പോകാനിടയാക്കുന്നു. അവരുടെ വീരൻമാരെസംബന്ധിച്ചാണെങ്കിൽ അവർ നഗ്നരായി ഓടിപ്പോകും.
9. യഹോവ സംസാരിച്ചിരിക്കുന്നുവെന്നു തെളിയിക്കുന്നത് എന്ത്, വിശേഷാൽ ആർക്കെതിരെ ആമോസ് പ്രവചിക്കുന്നു?
9 ഇസ്രായേലിനോടു കണക്കുചോദിക്കൽ (3:1–6:14). ആമോസ് ഹഠാദാകർഷിക്കുന്ന ദൃഷ്ടാന്തങ്ങളുടെ ഉപയോഗത്താൽ തന്റെ പ്രവചിക്കൽ അതിൽത്തന്നെ യഹോവ സംസാരിച്ചിരിക്കുന്നുവെന്നു തെളിയിക്കുന്നതായി ദൃഢീകരിക്കുന്നു. “യഹോവയായ കർത്താവു പ്രവാചകൻമാരായ തന്റെ ദാസൻമാർക്കു തന്റെ രഹസ്യം വെളിപ്പെടുത്താതെ ഒരു കാര്യവും ചെയ്കയില്ല. . . . യഹോവയായ കർത്താവു അരുളിച്ചെയ്തിരിക്കുന്നു; ആർ പ്രവചിക്കാതിരിക്കും?” (3:7, 8) ശമര്യയിൽ വസിക്കുന്ന ആഡംബരപ്രിയരായ കവർച്ചക്കാർക്കെതിരെ ആമോസ് വിശേഷാൽ പ്രവചിക്കുകതന്നെ ചെയ്യുന്നു. യഹോവ അവരുടെ വിശിഷ്ടമായ കട്ടിലിൽനിന്ന് അവരെ പിടിച്ചിറക്കും, അവരുടെ ദന്തഭവനങ്ങൾ നശിക്കും.
10. യഹോവ ഇസ്രായേലിനെ എന്തിനെക്കുറിച്ച് ഓർമിപ്പിക്കുന്നു, ഏതു കഷ്ടദിവസം വരാനിരിക്കുന്നു?
10 യഹോവ ഇസ്രായേല്യർക്കു കൊടുത്ത ശിക്ഷകളെയും തിരുത്തലുകളെയും വിവരിക്കുന്നു. “നിങ്ങൾ എങ്കലേക്കു തിരിച്ചുവന്നില്ല” എന്ന് അഞ്ചു പ്രാവശ്യം അവൻ അവരെ ഓർമിപ്പിക്കുന്നു. അതുകൊണ്ട് ഇസ്രായേലേ, “നിന്റെ ദൈവത്തോട് ഏററുമുട്ടാൻ ഒരുങ്ങിക്കൊൾക.” (4:6-12, NW) ആമോസ് പ്രാവചനികമായ ഒരു വിലാപഗീതം പാടുന്നു: “യിസ്രായേൽകന്യക വീണിരിക്കുന്നു; ഇനി എഴുന്നേൽക്കയും ഇല്ല. അവൾ നിലത്തോടു പററിക്കിടക്കുന്നു; അവളെ നിവിർക്കുവാൻ ആരുമില്ല.” (5:2) എന്നിരുന്നാലും, ആകാശത്തിലെയും ഭൂമിയിലെയും അത്ഭുതങ്ങളുടെ നിർമാതാവായ യഹോവ, തന്നെ അന്വേഷിക്കാനും തുടർന്നു ജീവിക്കാനും ഇസ്രായേലിനെ ആഹ്വാനംചെയ്തുകൊണ്ടിരിക്കുന്നു. അതെ, “നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന്നു തിൻമയല്ല, നൻമ തന്നേ അന്വേഷിപ്പിൻ.” (5:4, 6, 14) എന്നാൽ യഹോവയുടെ ദിവസം അവർക്ക് എന്ത് അർഥമാക്കും? അത് ഒരു കഷ്ടദിവസമായിരിക്കും. ഒരു പ്രവാഹംപോലെ, അത് അവരെ ദമാസ്കസിനപ്പുറം പ്രവാസത്തിലേക്ക് അടിച്ചുനീക്കും. അവരുടെ വിപുലമായ വിരുന്നുകൾ നടക്കുന്ന ദന്താലംകൃത ഭവനങ്ങൾ ചരൽക്കല്ലും ശൂന്യശിഷ്ടങ്ങളുമായി മാറും.
11. ഏതധികാരത്താൽ ഇസ്രായേലിനെതിരെ പ്രവചിക്കുന്നതിന് ആമോസ് നിർബന്ധം പിടിക്കുന്നു?
11 എതിർപ്പു ഗണ്യമാക്കാതെ ആമോസ് പ്രവചിക്കുന്നു (7:1-17). യഹോവ ഇസ്രായേലിന്റെ നടുവിൽ പിടിച്ചിരിക്കുന്ന ഒരു തൂക്കുകട്ട പ്രവാചകനെ കാണിക്കുന്നു. കൂടുതലായി ക്ഷമ ഉണ്ടായിരിക്കയില്ല. അവൻ ഇസ്രായേലിന്റെ വിശുദ്ധമന്ദിരങ്ങളെ ശൂന്യമാക്കുകയും യൊരോബെയാം II-ാമന്റെ ഗൃഹത്തിനെതിരെ ഒരു വാളുമായി എഴുന്നേൽക്കുകയും ചെയ്യും. ബെഥേലിലെ പുരോഹിതനായ അമസ്യാവ് “ആമോസ് . . . നിനക്കു വിരോധമായി കൂട്ടുകെട്ടുണ്ടാക്കുന്നു” എന്നു പറഞ്ഞുകൊണ്ടു യൊരോബെയാമിന്റെ അടുക്കലേക്ക് ഒരാളെ അയയ്ക്കുന്നു. (7:10) തന്റെ പ്രവചിക്കൽ നിർവഹിക്കുന്നതിനു യഹൂദയിലേക്കു പോകാൻ അമസ്യാവ് ആമോസിനോടു പറയുന്നു. “ഞാൻ ആടുകളെ നോക്കിക്കൊണ്ടിരിക്കുമ്പോൾ യഹോവ എന്നെ പിടിച്ചു: നീ ചെന്നു എന്റെ ജനമായ യിസ്രായേലിനോടു പ്രവചിക്ക എന്നു യഹോവ എന്നോടു കല്പിച്ചു” എന്നു പറഞ്ഞുകൊണ്ട് ആമോസ് തന്റെ അധികാരം വ്യക്തമാക്കുന്നു. (7:15) ആമോസ് പിന്നീട് അമസ്യാവിനും അയാളുടെ ഭവനത്തിനും അനർഥം മുൻകൂട്ടിപ്പറയുന്നു.
12. ഇസ്രായേലിന് ഏതു ക്ഷാമം മുൻകൂട്ടിപ്പറയുന്നു, എന്നാൽ ഏതു മഹത്തായ വാഗ്ദത്തത്തോടെ പ്രവചനം അവസാനിക്കുന്നു?
12 പീഡനം, ശിക്ഷണം, പുനഃസ്ഥാപനം (8:1–9:15). യഹോവ ആമോസിനെ ഒരു കുട്ട വേനൽപ്പഴം കാണിക്കുന്നു. അവൻ ഇസ്രായേൽ ദരിദ്രരെ ഞെരുക്കുന്നതിനെ കുററം വിധിക്കുകയും അവരുടെ ദുഷ്പ്രവൃത്തികൾ നിമിത്തം അവർ വിലപിക്കേണ്ടിവരുമെന്നു “യാക്കോബിന്റെ മഹിമയെ ചൊല്ലി” സത്യംചെയ്യുകയും ചെയ്യുന്നു. “അപ്പത്തിന്നായുളള വിശപ്പല്ല വെളളത്തിന്നായുളള ദാഹവുമല്ല, യഹോവയുടെ വചനങ്ങളെ കേൾക്കേണ്ടതിന്നുളള വിശപ്പുതന്നേ ഞാൻ ദേശത്തേക്കു അയക്കുന്ന നാളുകൾ വരുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.” (8:7, 11) അവർ മേലാൽ എഴുന്നേൽക്കാതവണ്ണം വീഴും. അവർ ഷീയോളിലേക്കു കുഴിച്ചിറങ്ങിയാലും ആകാശങ്ങളിലേക്കു കയറിപ്പോയാലും യഹോവയുടെ സ്വന്തം കൈ അവരെ പിടികൂടും. അവന്റെ ജനത്തിലെ പാപികൾ വാളിനാൽ വീഴും. ഇനി, ഒരു മഹത്തായ വാഗ്ദത്തം! “വീണുപോയ ദാവീദിൻ കൂടാരത്തെ ഞാൻ അന്നാളിൽ നിവിർത്തുകയും അതിന്റെ പിളർപ്പുകളെ അടെക്കയും . . . അതിനെ പുരാതന കാലത്തിൽ എന്നപോലെ പണിയുകയും ചെയ്യും.” (9:11) വീണ്ടും കൂട്ടിച്ചേർക്കപ്പെട്ട ബന്ദികൾ വളരെ സമ്പൽസമൃദ്ധിയുളളവരായിത്തീർന്നതുകൊണ്ടു കൊയ്യുന്നവനു തന്റെ സമൃദ്ധമായ വിളവു ശേഖരിക്കാൻ കഴിയുന്നതിനുമുമ്പ് ഉഴുന്നവൻ അയാളുടെ മുമ്പിൽ കടക്കും. യഹോവയിൽനിന്നുളള ഈ അനുഗ്രഹങ്ങൾ സ്ഥിരമായിരിക്കും!
എന്തുകൊണ്ടു പ്രയോജനപ്രദം
13. ആമോസിന്റെ മുന്നറിയിപ്പുകളിൽനിന്നു നമുക്ക് ഇന്ന് എങ്ങനെ പ്രയോജനമനുഭവിക്കാൻ കഴിയും?
13 ഇന്നത്തെ ബൈബിൾവായനക്കാർക്ക് ആമോസ് ഇസ്രായേലിനോടും യഹൂദയോടും അവരുടെ അടുത്ത അയൽക്കാരോടും പ്രഘോഷിച്ച മുന്നറിയിപ്പുകളുടെ കാരണം ശ്രദ്ധിക്കുന്നതിനാൽ പ്രയോജനം അനുഭവിക്കാൻ കഴിയും. യഹോവയുടെ നിയമത്തെ ത്യജിക്കുന്നവർക്കും ദരിദ്രരെ വഞ്ചിക്കുകയും ഞെരുക്കുകയും ചെയ്യുന്നവർക്കും അത്യാഗ്രഹികൾക്കും അധർമികൾക്കും വിഗ്രഹാരാധന നടത്തിക്കൊണ്ടിരിക്കുന്നവർക്കും യഹോവയുടെ അംഗീകാരം നേടാൻ കഴിയില്ല. എന്നാൽ അങ്ങനെയുളള കാര്യങ്ങളിൽനിന്ന് അകന്നുമാറുകയും അനുതപിക്കുകയും ചെയ്യുന്നവരോടു യഹോവ ക്ഷമിക്കുകയും അവരോടു കരുണ കാണിക്കുകയും ചെയ്യുന്നു. ഈ ദുഷ്ട ലോകത്തിലെ ദുഷിപ്പിക്കുന്ന സഹവാസങ്ങളിൽനിന്നു നാം നമ്മേത്തന്നെ വേർപെടുത്തുകയും “ജീവിച്ചിരിക്കേണ്ടതിന്നു എന്നെ അന്വേഷിപ്പിൻ” എന്ന യഹോവയുടെ ബുദ്ധ്യുപദേശം അനുസരിക്കുകയും ചെയ്യുന്നുവെങ്കിൽ നാം ജ്ഞാനികളാണ്.—5:4, 6, 14.
14. സ്തേഫാനോസിന്റെ കാലത്തെ യഹൂദൻമാർ ആമോസിന്റെ ഓർമിപ്പിക്കലുകളിൽനിന്നു പ്രയോജനമനുഭവിച്ചോ?
14 തന്റെ രക്തസാക്ഷിമരണത്തിന്റെ സമയത്ത്, സ്തേഫാനോസ് ആമോസിന്റെ കാര്യം എടുത്തുപറഞ്ഞു. മോലേക്കും രേഫാനുംപോലെയുളള അന്യദൈവങ്ങളുമായുളള ഇസ്രായേലിന്റെ വിഗ്രഹാരാധനയാണ് അടിമത്തം കൈവരുത്തിയതെന്ന് അവൻ യഹൂദൻമാരെ ഓർമിപ്പിച്ചു. ആ യഹൂദൻമാർ ആമോസിന്റെ വാക്കുകൾ ആവർത്തിച്ചു കേട്ടതുകൊണ്ടു പ്രയോജനമനുഭവിച്ചോ? ഇല്ല! അവർ കുപിതരായി സ്തേഫാനോസിനെ കല്ലെറിഞ്ഞുകൊല്ലുകയും പൊ.യു. 70-ലെ യെരുശലേമിന്റെ നാശത്തിൽ തങ്ങളുടെമേലുണ്ടായ കൂടുതലായ അനർഥത്തിന് അർഹരായിത്തീരുകയും ചെയ്തു.—ആമോ. 5:25-27; പ്രവൃ. 7:42, 43.
15. ഏതു പുനഃസ്ഥാപനപ്രവചനങ്ങൾ പരിചിന്തിക്കുന്നതു പ്രയോജനകരമാണ്?
15 ആമോസിലെ അനേകം പ്രവചനങ്ങളുടെ നിവൃത്തി പരിചിന്തിക്കുന്നതു പ്രയോജനകരമാണ്, ഇസ്രായേലിന്റെയും യഹൂദയുടെയും മററു ജനതകളുടെയും മേലുളള ശിക്ഷയിൽ നിവൃത്തിയായവ മാത്രമല്ല, പുനഃസ്ഥാപന പ്രവചനങ്ങളും. ആമോസ് മുഖാന്തരമുളള യഹോവയുടെ വചനത്തിന് അനുസൃതമായി ഇസ്രായേൽ ബന്ദികൾ തങ്ങളുടെ ശൂന്യമായി കിടക്കുന്ന നഗരങ്ങൾ പണിതു പാർക്കുന്നതിനും മുന്തിരിത്തോട്ടങ്ങളും തോപ്പുകളും നട്ടുണ്ടാക്കുന്നതിനുമായി പൊ.യു.മു. 537-ൽ മടങ്ങിപ്പോയി.—ആമോ. 9:14; എസ്രാ 3:1.
16. ക്രിസ്തീയസഭയോടുളള ബന്ധത്തിൽ യാക്കോബ് ആമോസ് 9:11, 12-ന്റെ ഒരു നിവൃത്തി സൂചിപ്പിച്ചതെങ്ങനെ?
16 എന്നിരുന്നാലും, അപ്പോസ്തലൻമാരുടെ നാളുകളിൽ ആമോസിന്റെ പ്രവചനത്തിന്റെ മഹത്തും പരിപുഷ്ടിപ്പെടുത്തുന്നതുമായ ഒരു നിവൃത്തി ഉണ്ടായി. ക്രിസ്തീയ സഭയിലേക്കുളള ഇസ്രായേല്യരല്ലാത്തവരുടെ കൂട്ടിച്ചേർപ്പിനെക്കുറിച്ചു ചർച്ചചെയ്യുമ്പോൾ ഇത് ആമോസ് 9:11, 12-ൽ മുൻകൂട്ടിപ്പറഞ്ഞിരുന്നുവെന്നു യാക്കോബ് നിശ്വസ്തതയിൽ വ്യക്തമാക്കുന്നു. ‘വീണുപോയ ദാവീദിൻ കൂടാരത്തിന്റെ പുനർനിർമാണ’ത്തിനു ക്രിസ്തീയ സഭയോടുളള ബന്ധത്തിൽ നിവൃത്തിയുണ്ടാകുന്നതായി അവൻ സൂചിപ്പിക്കുന്നു, “മനുഷ്യരിൽ ശേഷിച്ചവരും എന്റെ നാമം വിളിച്ചിരിക്കുന്ന സകല ജാതികളും കർത്താവിനെ അന്വേഷിക്കും എന്നു . . . കർത്താവു [“യഹോവ,” NW] അരുളിച്ചെയ്യുന്നു.” തീർച്ചയായും ഇവിടെ ശീമോൻ പത്രൊസ് പ്രതിപാദിച്ച പ്രകാരമുളള പുതിയ വികാസത്തിനു തിരുവെഴുത്തുപിന്തുണ ഉണ്ടായിരുന്നു—ദൈവം “തന്റെ നാമത്തിന്നായി” ജാതികളിൽനിന്ന് ഒരു ജനത്തെ എടുക്കുകയായിരുന്നു എന്നതിനുതന്നെ.—പ്രവൃ. 15:13-19.
17. ദൈവരാജ്യത്തോടുളള ബന്ധത്തിൽ ആമോസ് ഏതു സമ്പൽസമൃദ്ധിയും സ്ഥിരതയും മുൻകൂട്ടിപ്പറയുന്നു?
17 ഈ ക്രിസ്തീയ സഭയുടെ തലവനായ യേശുക്രിസ്തു “തന്റെ പിതാവായ ദാവീദിന്റെ സിംഹാസനം” അവകാശപ്പെടുത്തുകയും എന്നേക്കും ഭരിക്കുകയും ചെയ്യുന്ന “ദാവീദിന്റെ പുത്രൻ” എന്നു മറെറാരിടത്തു തിരിച്ചറിയിക്കപ്പെടുന്നു. (ലൂക്കൊ. 1:32, 33; 3:31) അങ്ങനെ ആമോസിന്റെ പ്രവചനം ഒരു രാജ്യത്തിനുവേണ്ടി ദാവീദിനോടു ചെയ്ത ഉടമ്പടിയുടെ നിവൃത്തിയിലേക്കു വിരൽചൂണ്ടുന്നു. ആമോസിന്റെ സമാപനവാക്കുകൾ “ദാവീദിന്റെ കൂടാര”ത്തെ ഉയർത്തുന്ന കാലത്തെ കവിഞ്ഞൊഴുകുന്ന സമ്പൽസമൃദ്ധിയുടെ അത്യത്ഭുതകരമായ ദർശനം നൽകുന്നുവെന്നു മാത്രമല്ല, അവ ദൈവരാജ്യത്തിന്റെ സ്ഥിരതക്ക് അടിവരയിടുകയും ചെയ്യുന്നു: “ഞാൻ അവരെ അവരുടെ ദേശത്തു നടും; ഞാൻ അവർക്കു കൊടുത്തിരിക്കുന്ന ദേശത്തുനിന്നു അവരെ ഇനി പറിച്ചുകളകയുമില്ല എന്നു നിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.” യഹോവ “ദാവീദിൻ കൂടാരത്തെ” പൂർണമായി പുനഃസ്ഥാപിക്കുമ്പോൾ ഭൂമി നിത്യാനുഗ്രഹങ്ങൾകൊണ്ടു നിറയും.—ആമോ. 9:13-15.
[അടിക്കുറിപ്പുകൾ]
a 1978, യെരുശലേം, പേജ് 1046.
[അധ്യയന ചോദ്യങ്ങൾ]