ബൈബിൾ പുസ്തക നമ്പർ 43—യോഹന്നാൻ
ബൈബിൾ പുസ്തക നമ്പർ 43—യോഹന്നാൻ
എഴുത്തുകാരൻ: അപ്പോസ്തലനായ യോഹന്നാൻ
എഴുതിയ സ്ഥലം: എഫേസൂസ് അല്ലെങ്കിൽ സമീപപ്രദേശം
എഴുത്തു പൂർത്തിയായത്: പൊ.യു. ഏകദേശം 98
ഉൾപ്പെട്ടിരിക്കുന്ന കാലം: ആമുഖത്തിനുശേഷം പൊ.യു. 29-33
1. യേശുവുമായുളള യോഹന്നാന്റെ സഹവാസത്തിലെ അടുപ്പംസംബന്ധിച്ചു തിരുവെഴുത്തുകൾ എന്തു പ്രകടമാക്കുന്നു?
മത്തായിയുടെയും മർക്കൊസിന്റെയും ലൂക്കൊസിന്റെയും സുവിശേഷ രേഖകൾ 30 വർഷമായി പ്രചരിച്ചുകൊണ്ടാണിരുന്നത്, പരിശുദ്ധാത്മാവിനാൽ നിശ്വസ്തരായ മനുഷ്യരുടെ കൃതികൾ എന്ന നിലയിൽ അവയെ ഒന്നാം നൂററാണ്ടിലെ ക്രിസ്ത്യാനികൾ വിലമതിക്കാനുമിടയായി. ഇപ്പോൾ, ആ നൂററാണ്ടിന്റെ അവസാനം അടുത്തുവരുകയും യേശുവിനോടുകൂടെയായിരുന്നവരുടെ എണ്ണം കുറഞ്ഞുവരുകയും ചെയ്യവേ, ഈ ചോദ്യം തീർച്ചയായും ഉയർന്നുവന്നിരിക്കണം, ഇനി എന്തെങ്കിലും പറയാനുണ്ടോ? വ്യക്തിപരമായ ഓർമയിൽനിന്നു യേശുവിന്റെ ശുശ്രൂഷയുടെ വിലപ്പെട്ട വിശദാംശങ്ങൾ പൂരിപ്പിക്കാൻ കഴിയുന്ന ആരെങ്കിലും ഇനിയുമുണ്ടോ? ഉവ്വ്, ഉണ്ടായിരുന്നു. വൃദ്ധനായ യോഹന്നാൻ യേശുവുമായുളള സഹവാസംനിമിത്തം വിശിഷ്ടമായി അനുഗ്രഹിക്കപ്പെട്ടിരുന്നു. പ്രത്യക്ഷത്തിൽ യോഹന്നാൻ ദൈവത്തിന്റെ കുഞ്ഞാടിനെ പരിചയപ്പെടുത്തിയ സ്നാപകയോഹന്നാന്റെ ശിഷ്യൻമാരുടെ ആദ്യസംഘത്തിൽ പെട്ടിരുന്നു, തന്നോടുകൂടെ മുഴുസമയശുശ്രൂഷയിൽ ചേരാൻ കർത്താവിനാൽ ക്ഷണിക്കപ്പെട്ട ആദ്യത്തെ നാലുപേരിൽ ഒരുവനുമായിരുന്നു. (യോഹ. 1:35-39; മർക്കൊ. 1:16-20) അദ്ദേഹം യേശുവിന്റെ ശുശ്രൂഷയിലുടനീളം അവനുമായുളള ഉററ സഹവാസത്തിൽ തുടർന്നു. ഒടുവിലത്തെ പെസഹയിൽ യേശുവിന്റെ മാർവിനു മുമ്പിൽ ചാരിക്കിടന്ന “യേശു സ്നേഹിച്ച” ശിഷ്യനുമായിരുന്നു അവൻ. (യോഹ. 13:23; മത്താ. 17:1; മർക്കൊ. 5:37; 14:33) യേശുവിന്റെ വധത്തിന്റെ ഹൃദയഭേദകമായ രംഗത്ത് അവൻ ഹാജരുണ്ടായിരുന്നു. അവിടെവെച്ചു യേശു തന്റെ ജഡിക മാതാവിനെ അവന്റെ പരിപാലനത്തിനു ഭരമേൽപ്പിച്ചു. യേശു ഉയിർത്തെഴുന്നേററു എന്ന വാർത്ത പരിശോധിക്കുന്നതിനു കല്ലറയ്ക്കലേക്കു പത്രൊസിന്റെ മുമ്പിൽ ഓടിയതും അവനായിരുന്നു.—യോഹ. 19:26, 27; 20:2-4.
2. തന്റെ സുവിശേഷം എഴുതാൻ യോഹന്നാൻ സജ്ജനും ഊർജസ്വലനുമാക്കപ്പെട്ടത് എങ്ങനെ, ഏത് ഉദ്ദേശ്യത്തിൽ?
2 ഏതാണ്ട് 70 വർഷത്തെ സജീവ ശുശ്രൂഷയാൽ പതംവന്നും പത്മോസ്ദ്വീപിൽ അടുത്ത കാലത്തെ ഏകാന്തത്തടവുവാസത്തിലെ ദർശനങ്ങളാലും ധ്യാനങ്ങളാലും ഊർജിതനായും യോഹന്നാൻ തന്റെ ഹൃദയത്തിൽ ദീർഘകാലം പ്രിയങ്കരമായി കരുതിയിരുന്ന കാര്യങ്ങൾ എഴുതാൻ സുസജ്ജനായിരുന്നു. വായിക്കുന്ന ഓരോരുത്തനും ‘യേശു ദൈവപുത്രനായ ക്രിസ്തു ആണെന്നു വിശ്വസിക്കുന്നതിനും വിശ്വസിക്കുകനിമിത്തം യേശുവിന്റെ നാമത്തിൽ അയാൾക്കു ജീവൻ ലഭിക്കേണ്ടതിനുമായി’ ആ വിലപ്പെട്ട, ജീവദായകമായ മൊഴികളിലനേകവും ഓർക്കാനും എഴുതാനും പരിശുദ്ധാത്മാവ് ഇപ്പോൾ അവന്റെ മനസ്സിനു ശക്തി പകർന്നു.—20:31, NW.
3, 4. (എ) സുവിശേഷത്തിന്റെ കാനോനികത്വത്തിന്, (ബി) യോഹന്നാന്റെ ലേഖകപദവിക്കു ബാഹ്യമായും ആന്തരികമായുമുളള തെളിവെന്ത്?
3 രണ്ടാം നൂററാണ്ടിന്റെ പ്രാരംഭത്തിലെ ക്രിസ്ത്യാനികൾ ഈ വിവരണത്തിന്റെ എഴുത്തുകാരനായി യോഹന്നാനെ അംഗീകരിച്ചിരുന്നു, ഈ എഴുത്തിനെ നിശ്വസ്ത തിരുവെഴുത്തുകാനോന്റെ അവിതർക്കിതഭാഗമായി കരുതുകയും ചെയ്തിരുന്നു. അലക്സാണ്ട്രിയയിലെ ക്ലെമൻറും ഐറേനിയസും തെർത്തുല്യനും ഓറിജനും യോഹന്നാന്റെ ലേഖകപദവിയെ സാക്ഷ്യപ്പെടുത്തുന്നു, അവരെല്ലാം രണ്ടാം നൂററാണ്ടിന്റെ ഒടുവിലും മൂന്നാം നൂററാണ്ടിന്റെ ആരംഭത്തിലും ജീവിച്ചവരായിരുന്നു. തന്നെയുമല്ല, എഴുത്തുകാരൻ യോഹന്നാനായിരുന്നുവെന്നതിനു ധാരാളം ആന്തരികതെളിവു പുസ്തകത്തിൽതന്നെ കാണാനുണ്ട്. പ്രസ്പഷ്ടമായി, എഴുത്തുകാരൻ ഒരു യഹൂദനായിരുന്നു, യഹൂദൻമാരുടെ ആചാരങ്ങളും ദേശവും നന്നായി പരിചയമുളളവനുമായിരുന്നു. (2:6; 4:5; 5:2; 10:22, 23) അവൻ ഒരു അപ്പോസ്തലൻ മാത്രമല്ല, യേശുവിനെ പ്രത്യേക അവസരങ്ങളിൽ അനുഗമിച്ചിരുന്ന പത്രൊസ്, യാക്കോബ്, യോഹന്നാൻ എന്നിങ്ങനെ മൂന്നുപേരടങ്ങിയ ഉൾവൃത്തത്തിൽപ്പെട്ട ഒരാളുമായിരുന്നുവെന്നു വിവരണത്തിന്റെ സുപരിചയംതന്നെ സൂചിപ്പിക്കുന്നു. (മത്താ. 17:1; മർക്കൊ. 5:37; 14:33) ഇവരിൽ (സെബദിയുടെ മകനായ) യാക്കോബ് ഈ പുസ്തകം എഴുതപ്പെട്ടതിനു ദീർഘനാൾമുമ്പു പൊ.യു. ഏതാണ്ട് 44-ൽ ഹെരോദാവ് അഗ്രിപ്പാവ് 1-ാമനാൽ രക്തസാക്ഷിമരണം വരിച്ചതിനാൽ അവൻ ഒഴിവാക്കപ്പെടുന്നു. (പ്രവൃ. 12:2) എഴുത്തുകാരനോടൊപ്പം യോഹന്നാൻ 21:20-24-ൽ പത്രൊസിനെക്കുറിച്ചു പറയുന്നതുകൊണ്ട് അവൻ ഒഴിവാക്കപ്പെടുന്നു.
4 ഈ അവസാന വാക്യങ്ങളിൽ, “യേശു സ്നേഹിച്ച” ശിഷ്യൻ എന്ന് എഴുത്തുകാരൻ പരാമർശിക്കപ്പെടുന്നു. ഈ രേഖയിൽ അപ്പോസ്തലനായ യോഹന്നാന്റെ പേർ ഒരിക്കലും പറയുന്നില്ലെങ്കിലും ഇതും സമാനമായ പദപ്രയോഗങ്ങളും പല പ്രാവശ്യം ഉപയോഗിക്കപ്പെടുന്നുണ്ട്. യേശു അവനെക്കുറിച്ചു “ഞാൻ വരുവോളം ഇവൻ ഇരിക്കേണമെന്നു എനിക്കു ഇഷ്ടം ഉണ്ടെങ്കിൽ അതു നിനക്കു എന്തു?” എന്നു പറയുന്നതായി ഇവിടെ ഉദ്ധരിക്കപ്പെടുന്നു. (യോഹ. 21:20, 22) പരാമർശിക്കപ്പെടുന്ന ഈ ശിഷ്യൻ പത്രൊസിനെയും മററ് അപ്പോസ്തലൻമാരെയുംകാൾ ദീർഘമായി ജീവിച്ചിരിക്കുമെന്ന് ഇതു സൂചിപ്പിക്കുന്നു. ഇതെല്ലാം അപ്പോസ്തലനായ യോഹന്നാനു യോജിക്കുന്നു. യേശുവിന്റെ വരവിന്റെ വെളിപാടുദർശനം കൊടുക്കപ്പെട്ട ശേഷം “ആമേൻ, കർത്താവായ യേശുവേ, വരേണമേ” എന്ന വാക്കുകളോടെ ആ ശ്രദ്ധേയമായ പ്രവചനം യോഹന്നാൻ ഉപസംഹരിക്കുന്നതു കൗതുകകരമാണ്.—വെളി. 22:20.
5. യോഹന്നാൻ തന്റെ സുവിശേഷം എപ്പോൾ എഴുതിയതായി വിശ്വസിക്കപ്പെടുന്നു?
5 യോഹന്നാന്റെ എഴുത്തുകൾതന്നെ ഈ കാര്യംസംബന്ധിച്ചു തിട്ടമായ വിവരങ്ങൾ നൽകുന്നില്ലെങ്കിലും പത്മോസ് ദ്വീപിലെ പ്രവാസത്തിൽനിന്നുളള മടങ്ങിവരവിനുശേഷം യോഹന്നാൻ തന്റെ സുവിശേഷം എഴുതിയെന്നു പൊതുവേ വിശ്വസിക്കപ്പെടുന്നു. (വെളി. 1:9) റോമാചക്രവർത്തിയായ നെർവാ, പൊ.യു. 96-98-ൽ തന്റെ മുൻഗാമിയായ ഡൊമീഷ്യന്റെ വാഴ്ചയുടെ അവസാനത്തിൽ പ്രവാസത്തിലാക്കപ്പെട്ടിരുന്ന അനേകരെ തിരികെ വിളിച്ചു. പൊ.യു. ഏതാണ്ട് 98-ൽ തന്റെ സുവിശേഷം എഴുതിയശേഷം ട്രാജൻചക്രവർത്തിയുടെ മൂന്നാം വർഷത്തിൽ, പൊ.യു. 100-ൽ, യോഹന്നാൻ എഫേസൂസിൽവെച്ചു സമാധാനത്തോടെ മരിച്ചുവെന്നു വിശ്വസിക്കപ്പെടുന്നു.
6. പലസ്തീനു പുറത്ത്, എഫേസൂസിലോ അതിനടുത്തോ വെച്ചാണു യോഹന്നാന്റെ സുവിശേഷം എഴുതപ്പെട്ടതെന്ന് ഏതു തെളിവു സൂചിപ്പിക്കുന്നു?
6 എഴുത്തിന്റെ സ്ഥലം എഫേസൂസോ അതിന്റെ പരിസരമോ ആയിരിക്കുമെന്നതുസംബന്ധിച്ചു ചരിത്രകാരനായ യൂസേബിയസ്, (പൊ.യു. ഏകദേശം 260-342) “കർത്താവിന്റെ മാർവിൽ വിശ്രമിക്കുകപോലും ചെയ്തിരുന്ന അവന്റെ ശിഷ്യനായ യോഹന്നാൻതന്നെ ആസ്യയിലെ എഫേസൂസിൽ പാർക്കവേ തന്റെ സുവിശേഷം നൽകി” a എന്ന് ഐറേനിയസ് പറയുന്നത് ഉദ്ധരിക്കുന്നു. യേശുവിന്റെ എതിരാളികളെ “പരീശൻമാരും” “മുഖ്യപുരോഹിതൻമാരും” എന്നും മററും പരാമർശിക്കാതെ “യഹൂദൻമാർ” എന്ന പൊതുപദത്താൽ അനേകം പ്രാവശ്യം പരാമർശിക്കുന്നതു പുസ്തകം പലസ്തീനു പുറത്തുവെച്ച് എഴുതപ്പെട്ടുവെന്നതിനെ പിന്താങ്ങുന്നു. (യോഹ. 1:19; 12:9) കൂടാതെ, ഗലീലക്കടൽ തിബെര്യാസ്കടൽ എന്ന അതിന്റെ റോമൻപേരിലാണു വിശദീകരിക്കപ്പെടുന്നത്. (6:1; 21:1) യഹൂദരല്ലാത്തവർക്കുവേണ്ടി യോഹന്നാൻ യഹൂദ്യ ഉത്സവങ്ങളുടെ സഹായകമായ വിശദീകരണങ്ങൾ കൊടുക്കുന്നു. (6:4; 7:2; 11:55) അവന്റെ പ്രവാസസ്ഥലമായ പത്മോസ് എഫേസൂസിനു സമീപമായിരുന്നു. എഫേസൂസിനോടും ഏഷ്യാമൈനറിലെ മററു സഭകളോടുമുളള അവന്റെ പരിചയം വെളിപാട് 2-ഉം 3-ഉം അധ്യായങ്ങളാൽ സൂചിപ്പിക്കപ്പെടുന്നു.
7. പപ്പൈറസ് റൈലാൻഡ്സ് 457-ന്റെ പ്രാധാന്യമെന്താണ്?
7 യോഹന്നാന്റെ സുവിശേഷത്തിന്റെ വിശ്വാസ്യതയെ തെളിയിക്കുന്നവയാണു കൈയെഴുത്തുപ്രതികളുടെ 20-ാം നൂററാണ്ടിലെ കണ്ടുപിടിത്തങ്ങൾ. ഇവയിലൊന്ന് ഈജിപ്തിൽ കണ്ടെത്തപ്പെട്ട യോഹന്നാന്റെ സുവിശേഷത്തിന്റെ ഒരു ശകലമാണ്, അതിപ്പോൾ പപ്പൈറസ് റൈലാൻഡ്സ് 457 (P52) എന്നാണറിയപ്പെടുന്നത്. അതിൽ യോഹന്നാൻ 18:31-33, 37, 38, അടങ്ങിയിരിക്കുന്നു, ജോൺ റൈലാൻഡ്സ് ലൈബ്രറി, മാഞ്ചസ്ററർ, ഇംഗ്ലണ്ടിൽ സൂക്ഷിക്കപ്പെടുകയും ചെയ്യുന്നു. b ഒന്നാം നൂററാണ്ടിന്റെ അവസാനത്തിൽ യോഹന്നാൻ എഴുതി എന്ന പാരമ്പര്യത്തോടുളള അതിന്റെ ബന്ധം സംബന്ധിച്ചാണെങ്കിൽ ബൈബിളും ആധുനികപാണ്ഡിത്യവും (ഇംഗ്ലീഷ്), 1949 എന്ന തന്റെ പുസ്തകത്തിൽ 21-ാം പേജിൽ പരേതനായ സർ ഫ്രെഡറിക് കെനിയൻ ഇങ്ങനെ പറഞ്ഞു: “ചെറുതെങ്കിലും, ഈ സുവിശേഷത്തിന്റെ ഒരു കൈയെഴുത്തുപ്രതി, സങ്കൽപ്പമനുസരിച്ച് അതു കണ്ടെത്തപ്പെട്ട പ്രവിശ്യാ ഈജിപ്തിൽ ക്രി.വ. ഏതാണ്ട് 130-150 വരെയുളള ഘട്ടത്തിൽ പ്രചരിച്ചിരുന്നുവെന്നു തെളിയിക്കുന്നതിനു മതിയാകും. കൃതിയുടെ ഉത്ഭവസ്ഥലത്തുനിന്ന് അതിന്റെ പ്രചാരത്തിന് ഒരു ചുരുങ്ങിയ കാലമെങ്കിലും അനുവദിച്ചാൽ അതു രചനയുടെ തീയതിയെ ഒന്നാം നൂററാണ്ടിന്റെ അവസാനദശാബ്ദമെന്ന പരമ്പരാഗത തീയതിയോടു വളരെയടുത്തേക്ക് എത്തിക്കുന്നതിനാൽ പാരമ്പര്യത്തിന്റെ സാധുതയെ ചോദ്യംചെയ്യുന്നതിനു മേലാൽ ഒരു കാരണവുമില്ല.”
8. (എ) യോഹന്നാന്റെ സുവിശേഷത്തിന്റെ മുഖവുരസംബന്ധിച്ചു ശ്രദ്ധേയമായിട്ടുളളത് എന്താണ്? (ബി) യേശുവിന്റെ ശുശ്രൂഷ മൂന്നരവർഷത്തെ ദൈർഘ്യമുളളതായിരുന്നുവെന്നതിന് അത് എന്തു തെളിവു നൽകുന്നു?
8 യോഹന്നാന്റെ സുവിശേഷം അതിന്റെ മുഖവുരസംബന്ധിച്ചു ശ്രദ്ധേയമാണ്, അത് “ആദിയിൽ ദൈവത്തോടുകൂടെ ആയിരുന്ന” വചനത്തെ, സകലവും ആർമുഖാന്തരം അസ്തിത്വത്തിലേക്കു വന്നോ ആ ഒരുവനെന്ന നിലയിൽ വെളിപ്പെടുത്തുന്നു. (1:2) പിതാവും പുത്രനും തമ്മിലുളള വിലയേറിയ ബന്ധം അറിയിച്ച ശേഷം യോഹന്നാൻ യേശുവിന്റെ പ്രവൃത്തികളുടെയും പ്രഭാഷണങ്ങളുടെയും ഒരു വിദഗ്ധ ചിത്രീകരണത്തിലേക്കു കടക്കുന്നു, വിശേഷാൽ ദൈവത്തിന്റെ വലിയ ക്രമീകരണത്തിൽ സകലത്തെയും ഐക്യത്തിൽ ബന്ധിപ്പിക്കുന്ന ഉററ സ്നേഹത്തിന്റെ കാഴ്ചപ്പാടിൽ. യേശുവിന്റെ ഭൂമിയിലെ ജീവിതത്തെക്കുറിച്ചുളള ഈ വിവരണം പൊ.യു. 29-33 വരെയുളള കാലഘട്ടത്തെ ഉൾപ്പെടുത്തുന്നു, തന്റെ ശുശ്രൂഷാകാലത്തു യേശു സംബന്ധിച്ച നാലു പെസഹകളെക്കുറിച്ചു പറയാനും അതു ശ്രദ്ധിക്കുന്നു, അങ്ങനെ അവന്റെ ശുശ്രൂഷയുടെ ദൈർഘ്യം മൂന്നര വർഷമായിരുന്നുവെന്നതിനു തെളിവിന്റെ കണ്ണികളിലൊന്നു പ്രദാനംചെയ്യുന്നു. ഈ പെസഹകളിൽ മൂന്നെണ്ണം അങ്ങനെതന്നെ പറയപ്പെടുന്നു. (2:13; 6:4; 12:1; 13:1) അവയിലൊന്ന്, “യഹൂദൻമാരുടെ ഒരു ഉത്സവം” എന്നു പരാമർശിക്കപ്പെടുന്നു. എന്നാൽ സന്ദർഭം അത്, “ഇനി നാലു മാസം കഴിഞ്ഞിട്ടു കൊയ്ത്തു വരുന്നു” എന്നു യേശു പറഞ്ഞതിനു ശേഷം താമസിയാതെയാണെന്നു സ്ഥാപിക്കുന്നു, അങ്ങനെ ആ ഉത്സവം പെസഹയാണെന്നു സൂചിപ്പിക്കുന്നു. കൊയ്ത്തിന്റെ ഏതാണ്ട് ആരംഭത്തിലാണ് അതു നടന്നിരുന്നത്.—4:35; 5:1. c
9. യോഹന്നാന്റെ സുവിശേഷം പൂരകമാണെന്ന് എന്തു പ്രകടമാക്കുന്നു, എന്നിരുന്നാലും, അതു യേശുവിന്റെ ശുശ്രൂഷയിലെ സകല വിശദാംശങ്ങളും നികത്തുന്നുണ്ടോ?
9 “യോഹന്നാന്റെ” സുവിശേഷം ഏറെയും അനുപൂരകമാണ്; 92 ശതമാനം മറേറ മൂന്നു സുവിശേഷങ്ങളിൽ ഉൾപ്പെടുത്താത്ത പുതിയ വിവരങ്ങളാണ്. അങ്ങനെയാണെങ്കിലും, യോഹന്നാൻ ഈ വാക്കുകളോടെ ഉപസംഹരിക്കുന്നു: “യേശു ചെയ്തതു മററു പലതും ഉണ്ടു; അതു ഓരോന്നായി എഴുതിയാൽ എഴുതിയ പുസ്തകങ്ങൾ ലോകത്തിൽ തന്നേയും ഒതുങ്ങുകയില്ല എന്നു ഞാൻ നിരൂപിക്കുന്നു.”—21:25.
യോഹന്നാന്റെ ഉളളടക്കം
10. “വചന”ത്തെ സംബന്ധിച്ചു യോഹന്നാൻ എന്തു പറയുന്നു?
10 ആമുഖം: “വചന”ത്തെ അവതരിപ്പിക്കുന്നു (1:1-18). മനോഹരമായ ലാളിത്യത്തോടെ ആദിയിൽ “വചനം ദൈവത്തോടുകൂടെ ആയിരുന്നു”വെന്നും ജീവൻതന്നെ അവൻ മുഖാന്തരമായിരുന്നുവെന്നും അവൻ “മനുഷ്യരുടെ വെളിച്ച”മായിത്തീർന്നുവെന്നും യോഹന്നാൻ (സ്നാപകൻ) അവനെക്കുറിച്ചു സാക്ഷ്യംവഹിച്ചുവെന്നും യോഹന്നാൻ പ്രസ്താവിക്കുന്നു. (1:1, 4) വെളിച്ചം ലോകത്തിലുണ്ടായിരുന്നു, എന്നാൽ ലോകം അവനെ അറിഞ്ഞില്ല. അവനെ സ്വീകരിച്ചവർ ദൈവത്തിൽനിന്നു ജനിച്ചു ദൈവമക്കളായിത്തീർന്നു. ന്യായപ്രമാണം മോശമുഖാന്തരം കൊടുക്കപ്പെട്ടതുപോലെ, “കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരം വന്നു.”—1:17.
11. യോഹന്നാൻ സ്നാപകൻ യേശുവിനെ എന്തായി തിരിച്ചറിയിക്കുന്നു, യേശുവിനെ യോഹന്നാന്റെ ശിഷ്യൻമാർ എന്തായി സ്വീകരിക്കുന്നു?
11 ‘ദൈവത്തിന്റെ കുഞ്ഞാടിനെ’ മനുഷ്യർക്കു കാണിച്ചുകൊടുക്കുന്നു (1:19-51). താൻ ക്രിസ്തു അല്ലെന്നും എന്നാൽ തന്റെ പിന്നാലെ ഒരുവൻ വരുന്നുണ്ടെന്നും ആ ഒരുവന്റെ ചെരുപ്പിന്റെ വാറഴിപ്പാൻ താൻ യോഗ്യനല്ലെന്നും യോഹന്നാൻ സ്നാപകൻ ഏററുപറയുന്നു. അടുത്തദിവസം യേശു യോഹന്നാന്റെ നേരെ വരുമ്പോൾ യോഹന്നാൻ അവനെ “ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു” ആയി തിരിച്ചറിയിക്കുന്നു. (1:27, 29) അടുത്തതായി, അവൻ തന്റെ ശിഷ്യൻമാരിൽ രണ്ടുപേരെ യേശുവിനു പരിചയപ്പെടുത്തുന്നു. ഇവരിൽ ഒരാളായ അന്ത്രയോസ് തന്റെ സഹോദരനായ പത്രൊസിനെ യേശുവിന്റെ അടുക്കൽ കൊണ്ടുവരുന്നു. ഫിലിപ്പോസും നഥനയേലും യേശുവിനെ ‘യിസ്രായേലിന്റെ രാജാവായ ദൈവപുത്രനായി’ സ്വീകരിക്കുന്നു.—1:49.
12. (എ) യേശുവിന്റെ ആദ്യത്തെ അത്ഭുതം എന്താണ്? (ബി) തന്റെ ശുശ്രൂഷാകാലത്തു തന്റെ ആദ്യ പെസഹക്കു യെരുശലേമിലായിരുന്നപ്പോൾ അവൻ എന്തു ചെയ്യുന്നു?
12 യേശുവിന്റെ അത്ഭുതങ്ങൾ അവൻ “ദൈവത്തിന്റെ പരിശുദ്ധൻ” ആണെന്നു തെളിയിക്കുന്നു (2:1–6:71). യേശു ഗലീലയിലെ കാനായിൽ ഒരു വിവാഹസദ്യാസമയത്തു വെളളത്തെ ഏററവും നല്ല വീഞ്ഞാക്കി മാററിക്കൊണ്ടു തന്റെ ആദ്യത്തെ അത്ഭുതം ചെയ്യുന്നു. ഇത് “അടയാളങ്ങളുടെ ആരംഭ”മാണ്, “അവന്റെ ശിഷ്യൻമാർ അവനിൽ വിശ്വസിച്ചു.” (2:11) യേശു പെസഹക്കുവേണ്ടി യെരുശലേമിലേക്കു പോകുന്നു. ആലയത്തിൽ വാണിഭക്കാരെയും പണകൈമാററക്കാരെയും കണ്ടിട്ട് അവൻ ഒരു ചാട്ട എടുത്ത് അവരെ വളരെ വീറോടെ ഓടിക്കുന്നതിനാൽ അവന്റെ ശിഷ്യൻമാർ, “നിന്റെ ആലയത്തെക്കുറിച്ചുളള എരിവു എന്നെ തിന്നുകളയുന്നു” എന്ന പ്രവചനത്തിന്റെ നിവൃത്തി തിരിച്ചറിയുന്നു. (യോഹ. 2:17; സങ്കീ. 69:9) തന്റെ സ്വന്തം ശരീരമാകുന്ന ആലയം തകർക്കപ്പെടുമെന്നും മൂന്നു ദിവസംകൊണ്ടു വീണ്ടും ഉയർത്തപ്പെടുമെന്നും അവൻ മുൻകൂട്ടിപ്പറയുന്നു.
13. (എ) ജീവൻ പ്രാപിക്കുന്നതിന് എന്താവശ്യമാണെന്നു യേശു പ്രകടമാക്കുന്നു? (ബി) സ്നാപകയോഹന്നാൻ യേശുവിനോടുളള ബന്ധത്തിൽ തന്നേക്കുറിച്ചുതന്നെ എങ്ങനെ സംസാരിക്കുന്നു?
13 ഭയം പിടിപെട്ട നിക്കോദേമോസ് രാത്രിയിൽ യേശുവിന്റെ അടുക്കൽ വരുന്നു. യേശു ദൈവത്തിൽനിന്ന് അയയ്ക്കപ്പെട്ടതാണെന്ന് അവൻ ഏററുപറയുന്നു. ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതിന് ഒരുവൻ വെളളത്തിൽനിന്നും ആത്മാവിൽനിന്നും ജനിക്കേണ്ടതാണെന്നു യേശു അവനോടു പറയുന്നു. ജീവൻ കിട്ടാൻ സ്വർഗത്തിൽനിന്നുളള മനുഷ്യപുത്രനെ വിശ്വസിക്കേണ്ടത് ആവശ്യമാണ്. “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.” (യോഹ. 3:16) ലോകത്തിലേക്കു വന്നിരിക്കുന്ന വെളിച്ചം ഇരുട്ടിനു വിരുദ്ധമാണ്, എന്നാൽ “സത്യം പ്രവർത്തിക്കുന്നവനോ . . . വെളിച്ചത്തിങ്കലേക്കു വരുന്നു” എന്നു യേശു ഉപസംഹരിക്കുന്നു. യോഹന്നാൻ സ്നാപകൻ പിന്നീടു യേശുവിന്റെ യഹൂദ്യയിലെ പ്രവർത്തനത്തെക്കുറിച്ചു മനസ്സിലാക്കുന്നു, താൻതന്നെ ക്രിസ്തു അല്ലെങ്കിലും “മണവാളന്റെ സ്നേഹിത”നാകയാൽ “മണവാളന്റെ സ്വരം കേട്ടിട്ടു അത്യന്തം സന്തോഷിക്കുന്നു” എന്നു പ്രഖ്യാപിക്കുകയും ചെയ്യുന്നു. (3:21, 29) യേശു ഇപ്പോൾ വർധിക്കണം, എന്നാൽ യോഹന്നാൻ കുറയണം.
14. യേശു സുഖാറിലെ ശമര്യസ്ത്രീയോട് എന്തു വിശദീകരിക്കുന്നു, അവിടത്തെ അവന്റെ പ്രസംഗത്തിൽനിന്ന് എന്തു ഫലമുണ്ടാകുന്നു?
14 യേശു വീണ്ടും ഗലീലെക്കു പുറപ്പെടുന്നു. മാർഗമധ്യേ പൊടിപിടിച്ച് “വഴി നടന്നു ക്ഷീണിച്ചിട്ടു” സുഖാറിലെ യാക്കോബിന്റെ ഉറവിങ്കൽ വിശ്രമിക്കുന്നതിന് അവൻ ഇരിക്കുന്നു, ആ സമയത്ത് അവന്റെ ശിഷ്യൻമാർ ആഹാരം വാങ്ങുന്നതിനു നഗരത്തിൽ പോയിരിക്കയാണ്. (4:6) അത് ഉച്ചസമയമാണ്, ആറാംമണി. ഒരു ശമര്യക്കാരി വെളളം കോരാൻ അടുത്തുവരുന്നു. യേശു കുടിക്കാൻ ചോദിക്കുന്നു. അപ്പോൾ അവൻ ക്ഷീണിതനാണെങ്കിലും, ദൈവത്തെ “ആത്മാവിലും സത്യത്തിലും” ആരാധിക്കുന്നവർക്കു നിത്യജീവൻ കൊടുക്കുന്ന, സത്യമായും നവോൻമേഷം പകരുന്ന, യഥാർഥ “വെളള”ത്തെക്കുറിച്ച് അവൻ അവളോടു സംസാരിച്ചുതുടങ്ങുന്നു. ശിഷ്യൻമാർ തിരിച്ചുവന്ന് ആഹാരം കഴിക്കാൻ അവനെ നിർബന്ധിക്കുന്നു, “എന്നെ അയച്ചവന്റെ ഇഷ്ടംചെയ്തു അവന്റെ പ്രവൃത്തി തികെക്കുന്നതുതന്നെ എന്റെ ആഹാരം” എന്ന് അവൻ പ്രസ്താവിക്കുന്നു. ഈ പ്രദേശത്തു രണ്ടു ദിവസംകൂടെ അവൻ ചെലവഴിക്കുന്നു, തന്നിമിത്തം അനേകം ശമര്യക്കാർ “അവൻ സാക്ഷാൽ ലോകരക്ഷിതാവു” എന്നു വിശ്വസിക്കാനിടയാകുന്നു. (4:24, 34, 42) ഗലീലയിലെ കാനായിൽ എത്തിയശേഷം, യേശു ഒരു കുലീനമമനുഷ്യന്റെ പുത്രനെ, അവന്റെ അടുത്തേക്കു ചെല്ലാതെ പോലും സൗഖ്യമാക്കുന്നു.
15. യെരുശലേമിൽ യേശുവിനെതിരെ എന്ത് ആരോപണം ഉന്നയിക്കപ്പെടുന്നു, അവൻ തന്റെ വിമർശകരോട് എങ്ങനെ ഉത്തരം പറയുന്നു?
15 യേശു വീണ്ടും യഹൂദൻമാരുടെ ഉത്സവത്തിനുവേണ്ടി യെരുശലേമിലേക്കു കയറിപ്പോകുന്നു. അവൻ ശബത്തിൽ ഒരു രോഗിയായ മനുഷ്യനെ സൗഖ്യമാക്കുന്നു, ഇതു വിമർശനത്തിന്റെ ഒരു കൊടുങ്കാററുയർത്തുന്നു. “എന്റെ പിതാവു ഇന്നുവരെയും പ്രവർത്തിക്കുന്നു; ഞാനും പ്രവർത്തിക്കുന്നു” എന്നു യേശു തിരിച്ചടിക്കുന്നു. (5:17) യേശു തന്നേത്തന്നെ ദൈവത്തോടു സമനാക്കുന്നതിലൂടെ ശബത്ത്ലംഘനക്കുററത്തോടു ദൈവദൂഷണം കൂട്ടിയിരിക്കുന്നുവെന്നു യഹൂദനേതാക്കൻമാർ ഇപ്പോൾ അവകാശപ്പെടുന്നു. സ്വന്തമായി മുൻകൈ എടുത്തു പുത്രന് ഒരു കാര്യവും ചെയ്യാൻ കഴിയില്ലെന്നും പിതാവിനെ തികച്ചും ആശ്രയിക്കുന്നുവെന്നും യേശു ഉത്തരംപറയുന്നു. “കല്ലറകളിൽ ഉളളവർ എല്ലാവരും അവന്റെ ശബ്ദം കേട്ടു . . . പുനരുത്ഥാനം” ചെയ്യുമെന്നുളള അത്യത്ഭുതകരമായ പ്രസ്താവന അവൻ ചെയ്യുന്നു. എന്നാൽ തന്റെ വിശ്വാസരഹിതരായ സദസ്സിനോടു യേശു പറയുന്നു: “തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ടു ഏകദൈവത്തിന്റെ പക്കൽനിന്നുളള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്കു എങ്ങനെ വിശ്വസിപ്പാൻ കഴിയും?”—5:28, 29, 44.
16. (എ) ആഹാരത്തെയും ജീവനെയുംസംബന്ധിച്ച് യേശു എന്തു പഠിപ്പിക്കുന്നു? (ബി) അപ്പോസ്തലൻമാരുടെ ബോധ്യം പത്രൊസ് പ്രകടമാക്കുന്നത് എങ്ങനെ?
16 യേശു അഞ്ചപ്പവും രണ്ടു ചെറുമീനും കൊണ്ട് 5,000 പുരുഷൻമാരെ അത്ഭുതകരമായി പോഷിപ്പിക്കുമ്പോൾ, ജനക്കൂട്ടം അവനെ പിടിച്ചു രാജാവാക്കുന്നതിനെക്കുറിച്ചു ചിന്തിക്കുന്നു, എന്നാൽ അവൻ ഒരു പർവതത്തിലേക്കു പിൻവാങ്ങുന്നു. പിന്നീട്, “നശിച്ചുപോകുന്ന ആഹാര”ത്തിന്റെ പിന്നാലെ പോകുന്നതിന് അവൻ അവരെ ശാസിക്കുന്നു. പകരം, അവർ “നിത്യജീവങ്കലേക്കു നിലനിൽക്കുന്ന ആഹാരത്തിനായി” പ്രവർത്തിക്കണം. പുത്രനെന്നനിലയിൽ തന്നിൽ വിശ്വാസം പ്രകടമാക്കുന്നതു ജീവന്റെ അപ്പം ഭക്ഷിക്കലാണെന്ന് അവൻ ചൂണ്ടിക്കാട്ടുന്നു, അവൻ ഇങ്ങനെ കൂട്ടിച്ചേർക്കുകയും ചെയ്യുന്നു: “നിങ്ങൾ മനുഷ്യപുത്രന്റെ മാംസം തിന്നാതെയും അവന്റെ രക്തം കുടിക്കാതെയും ഇരുന്നാൽ നിങ്ങൾക്കു ഉളളിൽ ജീവൻ ഇല്ല.” ഇതിങ്കൽ അവന്റെ ശിഷ്യൻമാരിൽ അനേകർ ഇടറി അവനെ വിട്ടുപോകുന്നു. “നിങ്ങൾക്കും പൊയ്ക്കൊൾവാൻ മനസ്സുണ്ടോ” എന്നു യേശു 12 പേരോടു ചോദിക്കുന്നു. “കർത്താവേ, ഞങ്ങൾ ആരുടെ അടുക്കൽ പോകും? നിത്യജീവന്റെ വചനങ്ങൾ നിന്റെ പക്കൽ ഉണ്ടു. നീ ദൈവത്തിന്റെ പരിശുദ്ധൻ എന്നു ഞങ്ങൾ വിശ്വസിച്ചും അറിഞ്ഞും ഇരിക്കുന്നു” എന്നു പത്രൊസ് മറുപടി പറയുന്നു. (6:27, 53, 67-69) എന്നിരുന്നാലും, യൂദാ തന്നെ ഒററിക്കൊടുക്കുമെന്നറിഞ്ഞുകൊണ്ട് അവരിലൊരാൾ ഒരു ദൂഷകനാണെന്നു യേശു പറയുന്നു.
17. കൂടാരപ്പെരുന്നാളിന്റെ സമയത്ത് ആലയത്തിലെ യേശുവിന്റെ പഠിപ്പിക്കലിന് എന്തു ഫലമുണ്ട്?
17 “വെളിച്ചം” ഇരുട്ടിനു വിരുദ്ധം (7:1–12:50). യേശു രഹസ്യമായി യെരുശലേമിലേക്കു പോയി കൂടാരപ്പെരുന്നാൾ പകുതി കഴിഞ്ഞപ്പോൾ പ്രത്യക്ഷപ്പെടുകയും പരസ്യമായി ആലയത്തിൽ പഠിപ്പിക്കുകയും ചെയ്യുന്നു. അവൻ യഥാർഥത്തിൽ ക്രിസ്തു ആണോയെന്നു ജനങ്ങൾ വാദിക്കുന്നു. യേശു അവരോടു പറയുന്നു: ‘ഞാൻ സ്വയമായിട്ടു വന്നവനല്ല, എന്നെ അയച്ചവൻ സത്യവാൻ ആകുന്നു; അവൻ എന്നെ അയച്ചു.’ മറെറാരവസരത്തിൽ അവൻ ജനക്കൂട്ടത്തോടു വിളിച്ചുപറയുന്നു: “ദാഹിക്കുന്നവൻ എല്ലാം എന്റെ അടുക്കൽ വന്നു കുടിക്കട്ടെ.” യേശുവിനെ അറസ്ററുചെയ്യാൻ അയയ്ക്കപ്പെട്ട ഉദ്യോഗസ്ഥൻമാർ വെറുംകൈയായി ചെന്ന് “ഈ മനുഷ്യൻ സംസാരിക്കുന്നതുപോലെ ആരും ഒരുനാളും സംസാരിച്ചിട്ടില്ല” എന്നു പുരോഹിതൻമാരെ അറിയിക്കുന്നു. ഭരണാധികാരികളിലാരും വിശ്വസിച്ചിട്ടില്ലെന്നും ഗലീലയിൽനിന്ന് ഒരു പ്രവാചകനും എഴുന്നേൽപ്പിക്കപ്പെടുന്നില്ലെന്നും പരീശൻമാർ കുപിതരായി ഉത്തരം പറയുന്നു.—7:28, 29, 37, 46.
18. യഹൂദൻമാർ യേശുവിനെതിരെ ഏത് എതിർപ്പു കൊണ്ടുവരുന്നു, അവൻ എങ്ങനെ മറുപടി പറയുന്നു?
18 കൂടുതലായ ഒരു പ്രസംഗത്തിൽ “ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു” എന്നു യേശു പറയുന്നു. അവൻ ഒരു കളളസാക്ഷിയാണെന്നും വിവാഹിതരല്ലാത്തവർക്കു ജനിച്ചവനാണെന്നും ഒരു ശമര്യക്കാരനും ഭൂതബാധിതനുമാണെന്നുമുളള ദ്രോഹപൂർവകമായ ആരോപണങ്ങൾക്കു യേശു ശക്തമായി മറുപടി പറയുന്നു: “ഞാൻ എന്നെത്തന്നേ മഹത്വപ്പെടുത്തിയാൽ എന്റെ മഹത്വം ഏതുമില്ല; എന്നെ മഹത്വപ്പെടുത്തുന്നതു എന്റെ പിതാവു ആകുന്നു.” “അബ്രാഹാം ജനിച്ചതിന്നു മുമ്പെ ഞാൻ ഉണ്ടു” എന്ന് അവൻ പ്രസ്താവിക്കുമ്പോൾ യഹൂദൻമാർ അവന്റെമേൽ അലസിപ്പോയ മറെറാരു വധശ്രമം നടത്തുന്നു. (8:12, 54, 58) നിരാശിതരായി അവർ യേശു അത്ഭുതകരമായി കാഴ്ചശക്തി തിരികെ കൊടുത്ത ഒരു മനുഷ്യനെ ചോദ്യംചെയ്യുകയും അയാളെ പുറത്താക്കുകയും ചെയ്യുന്നു.
19. (എ) യേശു തന്റെ പിതാവിനോടുളള ബന്ധത്തെയും തന്റെ ആടുകളുടെ പരിപാലനത്തെയും സംബന്ധിച്ച് എങ്ങനെ സംസാരിക്കുന്നു? (ബി) യഹൂദൻമാർ അവനെ ഭീഷണിപ്പെടുത്തുമ്പോൾ അവരോട് അവൻ എങ്ങനെ ഉത്തരം പറയുന്നു?
19 വീണ്ടും യേശു യഹൂദൻമാരോടു സംസാരിക്കുന്നു, ഈ പ്രാവശ്യം തന്റെ ആടുകളെ പേർചൊല്ലി വിളിക്കുന്നവനും തന്റെ ആടുകൾക്കു ‘സമൃദ്ധമായിട്ടു ജീവൻ ഉണ്ടാകാൻ’ അവയ്ക്കുവേണ്ടി തന്റെ ജീവൻ വെച്ചുകൊടുക്കുന്നവനുമായ നല്ല ഇടയനെക്കുറിച്ചാണ്. അവൻ പറയുന്നു: “ഈ തൊഴുത്തിൽ ഉൾപ്പെടാത്ത വേറെ ആടുകൾ എനിക്കു ഉണ്ടു; അവയെയും ഞാൻ നടത്തേണ്ടതാകുന്നു; അവ എന്റെ ശബ്ദം കേൾക്കും; ഒരാട്ടിൻകൂട്ടവും ഒരിടയനും ആകും.” (10:10, 16) തന്റെ പിതാവിന്റെ കൈയിൽനിന്ന് ആർക്കും ആടുകളെ പിടിച്ചുപറിക്കാൻ കഴികയില്ലെന്ന് അവൻ യഹൂദൻമാരോടു പറയുന്നു, താനും തന്റെ പിതാവും ഒന്നാണെന്നും അവൻ പറയുന്നു. വീണ്ടും അവർ അവനെ കല്ലെറിഞ്ഞുകൊല്ലാൻ ശ്രമിക്കുന്നു. ദൈവദൂഷണംസംബന്ധിച്ച അവരുടെ ആരോപണത്തിനു മറുപടിയായി, സങ്കീർത്തനപുസ്തകത്തിൽ ഭൂമിയിലെ ചില ശക്തൻമാരെ ‘ദൈവങ്ങൾ’ എന്നു പരാമർശിക്കുന്നുണ്ടെന്നും അതേസമയം തന്നേക്കുറിച്ചു താൻ ദൈവപുത്രൻ എന്നാണു പരാമർശിച്ചിരിക്കുന്നതെന്നും അവൻ അവരെ ഓർമിപ്പിക്കുന്നു. (സങ്കീ. 82:6) കുറഞ്ഞപക്ഷം തന്റെ പ്രവൃത്തികളെ വിശ്വസിക്കാൻ അവൻ അവരെ പ്രോത്സാഹിപ്പിക്കുന്നു.—യോഹ. 10:34.
20. (എ) അടുത്തതായി യേശു ഏതു മുന്തിയ അത്ഭുതം ചെയ്യുന്നു? (ബി) ഇത് എന്തിലേക്കു നയിക്കുന്നു?
20 മറിയയുടെയും മാർത്തയുടെയും സഹോദരനായ ലാസറിനു സുഖമില്ലെന്നു യെരുശലേമിനടുത്തുളള ബഥനിയിൽനിന്നു വാർത്ത കിട്ടുന്നു. യേശു അവിടെ എത്തുമ്പോഴേക്കു ലാസർ മരിച്ചു കല്ലറയിൽ ആയിട്ടു നാലുദിവസമായിരുന്നു. അനേകർ യേശുവിൽ വിശ്വസിക്കാൻ ഇടയാക്കിക്കൊണ്ടു ലാസറിനെ ജീവനിലേക്കു തിരികെ വരുത്തുന്ന ഭയങ്കര അത്ഭുതം യേശു ചെയ്യുന്നു. ഇതു സൻഹെദ്രീമിന്റെ ഒരു പ്രത്യേക യോഗം ചേരാനിടയാക്കുന്നു, അവിടെ യേശു ജനതക്കുവേണ്ടി മരിക്കാൻ നിർണയിക്കപ്പെട്ടിരിക്കുന്നതായി പ്രവചിക്കാൻ മഹാപുരോഹിതനായ കയ്യഫാസ് നിർബന്ധിതനാകുന്നു. മുഖ്യപുരോഹിതൻമാരും പരീശൻമാരും യേശുവിനെ കൊല്ലാൻ ആലോചന കഴിക്കുമ്പോൾ അവൻ പൊതുരംഗത്തുനിന്നു താത്കാലികമായി വിരമിക്കുന്നു.
21. (എ) ജനവും പരീശൻമാരും യെരുശലേമിലേക്കുളള യേശുവിന്റെ പ്രവേശനത്തോടു പ്രതികരിക്കുന്നത് എങ്ങനെ? (ബി) തന്റെ മരണവും അതിന്റെ ഉദ്ദേശ്യവും സംബന്ധിച്ചു യേശു എന്തു ദൃഷ്ടാന്തം നൽകുന്നു, അവൻ തന്റെ ശ്രോതാക്കളെ എന്തിനു പ്രോത്സാഹിപ്പിക്കുന്നു?
21 പെസഹക്ക് ആറു ദിവസം മുമ്പ്, യേശു യെരുശലേമിലേക്കു പോകുന്ന വഴി വീണ്ടും ബഥനിയിൽ വരുന്നു. ലാസറിന്റെ ഭവനക്കാർ അവനെ സത്കരിക്കുന്നു. പിന്നീടു ശബത്തിന്റെ പിറേറന്ന്, നീസാൻ 9-ന് അവൻ കഴുതപ്പുറത്തു കയറി ഒരു മഹാപുരുഷാരത്തിന്റെ ജയഘോഷത്തിൻമധ്യേ യെരുശലേമിലേക്കു പ്രവേശിക്കുന്നു; “നമുക്കു ഒന്നും സാധിക്കുന്നില്ലല്ലോ; ലോകം അവന്റെ പിന്നാലെ ആയിപ്പോയി” എന്നു പരീശൻമാർ തമ്മിൽ തമ്മിൽ പറയുന്നു. കോതമ്പുമണിയുടെ ദൃഷ്ടാന്തത്താൽ നിത്യജീവനുവേണ്ടി ഫലം ഉത്പാദിപ്പിക്കപ്പെടേണ്ടതിനു തന്നെ മരണത്തിൽ നടേണ്ടതാണെന്നു യേശു അറിയിക്കുന്നു. അവൻ തന്റെ പിതാവിനോട് അവന്റെ നാമത്തെ മഹത്ത്വപ്പെടുത്താൻ അപേക്ഷിക്കുന്നു. “ഞാൻ മഹത്വപ്പെടുത്തിയിരിക്കുന്നു; ഇനിയും മഹത്വപ്പെടുത്തും” എന്നു സ്വർഗത്തിൽനിന്ന് ഒരു ശബ്ദം കേൾക്കുന്നു. ഇരുട്ട് ഒഴിവാക്കാനും വെളിച്ചത്തിൽ നടക്കാനും, അതെ, “വെളിച്ചത്തിന്റെ മക്കൾ” ആയിത്തീരാൻ യേശു തന്റെ ശ്രോതാക്കളെ പ്രോത്സാഹിപ്പിക്കുന്നു. ഇരുട്ടിന്റെ ശക്തികൾ അവനോടടുക്കുമ്പോൾ ‘ലോകത്തിലേക്കു വന്നിരിക്കുന്ന വെളിച്ച’മെന്ന നിലയിൽ തന്നിൽ വിശ്വാസമർപ്പിക്കാൻ അവൻ ജനങ്ങളോടു ശക്തമായ ഒരു പൊതു അഭ്യർഥന നടത്തുന്നു.—12:19, 28, 36, 46.
22. പെസഹാ ഭക്ഷണവേളയിൽ യേശു എന്തു മാതൃക വെക്കുന്നു, അവൻ ഏതു പുതിയ കൽപ്പന നൽകുന്നു?
22 വിശ്വസ്തരായ അപ്പോസ്തലൻമാർക്ക് അന്തിമ ബുദ്ധ്യുപദേശം (13:1–16:33). 12 അപ്പോസ്തലൻമാരോടൊത്തുളള പെസഹ അത്താഴം നടന്നുകൊണ്ടിരുന്നപ്പോൾ യേശു എഴുന്നേററു തന്റെ മേലങ്കികൾ ഊരി ഒരു തോർത്തും കാലിടുന്ന ഒരു പാത്രവും എടുത്തു തന്റെ ശിഷ്യൻമാരുടെ പാദങ്ങൾ കഴുകിത്തുടങ്ങുന്നു. പത്രൊസ് പ്രതിഷേധിക്കുന്നു, എന്നാൽ അവനും തന്റെ പാദങ്ങൾ കഴുകിക്കേണ്ടതാണെന്നു യേശു പത്രൊസിനോടു പറയുന്നു. തന്റെ താഴ്മയുടെ മാതൃക പിന്തുടരാൻ യേശു ശിഷ്യൻമാരെ ബുദ്ധ്യുപദേശിക്കുന്നു, എന്തുകൊണ്ടെന്നാൽ “ദാസൻ [“അടിമ”, NW] യജമാനനെക്കാൾ വലിയവൻ അല്ല.” തന്നെ ഒററിക്കൊടുക്കുന്നവനെക്കുറിച്ച് അവൻ സംസാരിക്കുകയും യൂദായെ ഇറക്കിവിടുകയും ചെയ്യുന്നു. യൂദാ പോയശേഷം യേശു മററുളളവരുമായി സ്വകാര്യമായി സംസാരിക്കുന്നു. “നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു പുതിയോരു കല്പന ഞാൻ നിങ്ങൾക്കു തരുന്നു; ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു തന്നേ. നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യൻമാർ എന്നു എല്ലാവരും അറിയും.”—13:16, 34, 35.
23. ആശ്വാസമെന്ന നിലയിൽ, യേശു ഏതു പ്രത്യാശയെയും വാഗ്ദത്തംചെയ്യപ്പെട്ട ഏതു സഹായിയെയും പററി ചർച്ചചെയ്യുന്നു?
23 യേശു തന്റെ അനുഗാമികൾക്കുവേണ്ടി ഈ നിർണായക മണിക്കൂറിൽ ആശ്വാസത്തിന്റെ വിസ്മയകരമായ വാക്കുകൾ പറയുന്നു. അവർ ദൈവത്തിലും തന്നിലും വിശ്വാസമർപ്പിക്കണം. തന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വസതികൾ ഉണ്ട്. അവൻ വീണ്ടും വരുകയും അവരെ വീട്ടിൽ തന്റെ അടുക്കൽ ചേർത്തുകൊളളുകയും ചെയ്യും. “ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു,” യേശു പറയുന്നു. “ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.” വിശ്വാസം പ്രകടമാക്കുന്നതിനാൽ അവർ തന്നെക്കാൾ വലിയ പ്രവൃത്തികൾ ചെയ്യുമെന്നും തന്റെ പിതാവു മഹത്ത്വപ്പെടേണ്ടതിനു തന്റെ നാമത്തിൽ അവർ ചോദിക്കുന്ന എന്തും അവൻ കൊടുക്കുമെന്നും തന്റെ അനുഗാമികളോട് അവൻ ആശ്വാസപൂർവകമായി പറയുന്നു. അവരെ സകലവും പഠിപ്പിക്കുന്നതും താൻ അവരോടു പറഞ്ഞിരിക്കുന്നതെല്ലാം അവരെ ഓർമിപ്പിക്കുന്നതുമായ “സത്യത്തിന്റെ ആത്മാവു” ആകുന്ന മറെറാരു സഹായിയെ അവൻ അവർക്കു വാഗ്ദാനംചെയ്യുന്നു. താൻ തന്റെ പിതാവിന്റെ അടുക്കലേക്കു പോകുന്നതിനാൽ അവർ സന്തോഷിക്കണം, എന്തുകൊണ്ടെന്നാൽ “പിതാവു എന്നെക്കാൾ വലിയവനല്ലോ” എന്നു യേശു പറയുന്നു.—14:6, 17, 28.
24. തന്നോടും തന്റെ പിതാവിനോടും അപ്പോസ്തലൻമാർക്കുളള ബന്ധം യേശു ചർച്ചചെയ്യുന്നത് എങ്ങനെ, അവർക്ക് എന്ത് അനുഗ്രഹങ്ങളോടെ?
24 യേശു തന്നേക്കുറിച്ചുതന്നെ സാക്ഷാൽ മുന്തിരിവളളിയെന്നും തന്റെ പിതാവിനെ കൃഷിക്കാരനെന്നും പറയുന്നു. തന്നോടുളള ഐക്യത്തിൽ സ്ഥിതിചെയ്യാൻ അവരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് അവൻ പറയുന്നു: “നിങ്ങൾ വളരെ ഫലം കായ്ക്കുന്നതിനാൽ എന്റെ പിതാവു മഹത്വപ്പെടുന്നു. അങ്ങനെ നിങ്ങൾ എന്റെ ശിഷ്യൻമാർ ആകും.” (15:8) അവരുടെ സന്തോഷത്തിന് എങ്ങനെ പൂർണമാകാൻ കഴിയും? താൻ അവരെ സ്നേഹിച്ചതുപോലെ തമ്മിൽ തമ്മിൽ സ്നേഹിക്കുന്നതിനാൽ. അവൻ അവരെ സ്നേഹിതർ എന്നു വിളിക്കുന്നു. എന്തൊരു വിലയേറിയ ബന്ധം! ലോകം അവനെ പകച്ചതുപോലെ അവരെയും പകയ്ക്കും. എന്നാൽ തന്നേക്കുറിച്ചു സാക്ഷ്യംവഹിക്കുന്നതിനും തന്റെ ശിഷ്യൻമാരെ സകല സത്യത്തിലേക്കും നടത്തുന്നതിനും യേശു സഹായിയെ അയയ്ക്കും. അവൻ അവരെ വീണ്ടും കാണുമ്പോൾ അവരുടെ ഇപ്പോഴത്തെ സങ്കടം സന്തോഷത്തിനു വഴിമാറും. ആരും അവരുടെ സന്തോഷം അവരിൽനിന്ന് എടുത്തുകളയുകയില്ല. “നിങ്ങൾ എന്നെ സ്നേഹിച്ചു, ഞാൻ പിതാവിന്റെ അടുക്കൽനിന്നു വന്നിരിക്കുന്നു എന്നു വിശ്വസിച്ചിരിക്കകൊണ്ടു പിതാവു താനും നിങ്ങളെ സ്നേഹിക്കുന്നു” എന്ന അവന്റെ വാക്കുകൾ ആശ്വാസപ്രദമാണ്. അതെ, അവർ ചിതറിക്കപ്പെടും, എന്നാൽ “നിങ്ങൾക്കു എന്നിൽ സമാധാനം ഉണ്ടാകേണ്ടതിന്നു ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ടു; എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു” എന്നു യേശു പറയുന്നു.—16:27, 33.
25. (എ) യേശു തന്റെ പിതാവിനോടുളള പ്രാർഥനയിൽ എന്തു സമ്മതിച്ചുപറയുന്നു? (ബി) തന്നെയും തന്റെ ശിഷ്യരെയും അവരുടെ വചനത്താൽ വിശ്വസിക്കാനിരിക്കുന്നവരെയും കുറിച്ച് അവൻ എന്തപേക്ഷിക്കുന്നു?
25 തന്റെ ശിഷ്യൻമാർക്കുവേണ്ടിയുളള യേശുവിന്റെ പ്രാർഥന (17:1-26). യേശു തന്റെ പിതാവിനോടു പ്രാർഥനയിൽ ഇങ്ങനെ സമ്മതിച്ചുപറയുന്നു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” ഭൂമിയിലെ തന്റെ നിയുക്തജോലി പൂർത്തിയാക്കിയശേഷം, ലോകം ഉണ്ടാകുംമുമ്പേ തനിക്കുണ്ടായിരുന്ന മഹത്ത്വത്തിൽ തന്നെ തന്റെ പിതാവിന്റെ അടുക്കൽ മഹത്ത്വപ്പെടുത്താൻ യേശു ഇപ്പോൾ അപേക്ഷിക്കുന്നു. അവൻ പിതാവിന്റെ നാമം തന്റെ ശിഷ്യൻമാർക്കു വെളിപ്പെടുത്തിയിരിക്കുന്നു, ‘അവന്റെ സ്വന്തം നാമം നിമിത്തം’ അവരെ കാത്തുകൊളളണമെന്നു പിതാവിനോട് അപേക്ഷിക്കുകയും ചെയ്യുന്നു. പിതാവിനോട് അവൻ അപേക്ഷിക്കുന്നത് അവരെ ലോകത്തിൽനിന്ന് എടുക്കണമെന്നല്ല, പിന്നെയോ അവരെ ദുഷ്ടനിൽനിന്നു കാത്തുകൊളളണമെന്നും തന്റെ സത്യവചനത്താൽ അവരെ വിശുദ്ധീകരിക്കണമെന്നുമാണ്. ഈ ശിഷ്യൻമാരുടെ വചനത്താൽ പിന്നീടു വിശ്വാസം പ്രകടമാക്കാനിരിക്കുന്ന എല്ലാവരെയും ഉൾപ്പെടുത്താൻ തന്റെ പ്രാർഥനയെ യേശു വിശാലമാക്കുന്നു. “നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിപ്പാൻ അവർ എല്ലാവരും ഒന്നാകേണ്ടതിന്നു, പിതാവേ, നീ എന്നിലും ഞാൻ നിന്നിലും ആകുന്നതുപോലെ അവരും നമ്മിൽ ആകേണ്ടതിന്നു തന്നേ.” തന്റെ സ്വർഗീയ മഹത്ത്വത്തിൽ ഇവരും തന്നോടുകൂടെ പങ്കുപററണമെന്ന് അവൻ അപേക്ഷിക്കുന്നു, എന്തുകൊണ്ടെന്നാൽ അവൻ പിതാവിന്റെ നാമം അവരെ അറിയിച്ചിരിക്കുന്നു, തന്റെ സ്നേഹം അവരിൽ വസിക്കേണ്ടതിന്നുതന്നെ.—17:3, 11, 21.
26. യേശുവിന്റെ അറസ്ററിനെയും വിചാരണയെയും സംബന്ധിച്ചു വിവരണം എന്തു പറയുന്നു?
26 ക്രിസ്തു വിസ്തരിക്കപ്പെടുകയും സ്തംഭത്തിൽ കൊല്ലപ്പെടുകയും ചെയ്യുന്നു (18:1–19:42). യേശുവും ശിഷ്യൻമാരും കിദ്രോൻതാഴ്വരക്കപ്പുറത്തെ ഒരു തോട്ടത്തിലേക്കു പോകുന്നു. ഇവിടെയാണു യൂദാ ഒരു പടക്കൂട്ടത്തോടൊപ്പം വരുന്നതും യേശുവിനെ ഒററിക്കൊടുക്കുന്നതും. അവൻ ശാന്തമായി കീഴ്പ്പെടുന്നു. എന്നിരുന്നാലും, പത്രൊസ് ഒരു വാളുമായി അവനെ പരിരക്ഷിക്കുന്നു, എന്നാൽ ശാസിക്കപ്പെടുന്നു: “പിതാവു എനിക്കു തന്ന പാനപാത്രം ഞാൻ കുടിക്കേണ്ടയോ?” (18:11) പിന്നീട്, യേശുവിനെ ബന്ധിച്ചു മഹാപുരോഹിതനായ കയ്യഫാവിന്റെ അമ്മായിയപ്പനായ ഹന്നാവിന്റെ അടുക്കലേക്കു നടത്തുന്നു. യോഹന്നാനും പത്രൊസും അടുത്തു പിന്തുടരുന്നു, യോഹന്നാൻ മഹാപുരോഹിതന്റെ നടുമുററത്തേക്ക് അവർക്കു പ്രവേശനം തരപ്പെടുത്തുന്നു, അവിടെ ക്രിസ്തുവിനെ അറിയുന്നില്ലെന്നു പത്രൊസ് മൂന്നു പ്രാവശ്യം തളളിപ്പറയുന്നു. യേശു ആദ്യമായി ഹന്നാവിനാൽ ചോദ്യംചെയ്യപ്പെടുകയും പിന്നീട് കയ്യഫാവിന്റെ മുമ്പാകെ വരുത്തപ്പെടുകയും ചെയ്യുന്നു. പിന്നീട് യേശുവിനെ റോമൻ ഗവർണറായ പീലാത്തോസിന്റെ മുമ്പാകെ കൊണ്ടുവരുന്നു. യഹൂദൻമാരാകട്ടെ മരണശിക്ഷക്കുവേണ്ടി മുറവിളി കൂട്ടുന്നു.
27. (എ) രാജത്വവും അധികാരവും സംബന്ധിച്ചു പീലാത്തോസ് ഏതു ചോദ്യങ്ങൾ ഉന്നയിക്കുന്നു, യേശു എങ്ങനെ അഭിപ്രായം പറയുന്നു? (ബി) രാജത്വം സംബന്ധിച്ചു യഹൂദൻമാർ എന്തു നില സ്വീകരിക്കുന്നു?
27 “നീ രാജാവു തന്നേയല്ലോ” എന്ന പീലാത്തോസിന്റെ ചോദ്യത്തിന് “നീ പറഞ്ഞതുപോലെ ഞാൻ രാജാവുതന്നേ; സത്യത്തിന്നു സാക്ഷിനിൽക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു” എന്നു യേശു മറുപടി പറയുന്നു. (18:37) പെസഹയിൽ ഏതെങ്കിലും തടവുകാരനെ സ്വതന്ത്രനായി വിടുന്ന പതിവുണ്ടായിരുന്നതിനാൽ പീലാത്തോസ് യേശുവിനെതിരെ യഥാർഥ തെളിവുകാണാതെ അവനെ വിട്ടയയ്ക്കാമെന്നു വാഗ്ദാനം ചെയ്യുന്നു, എന്നാൽ യഹൂദൻമാർ കൊളളക്കാരനായ ബറബ്ബാസിനെ പകരം ആവശ്യപ്പെടുന്നു. പീലാത്തോസ് യേശുവിനെ ചമ്മട്ടികൊണ്ട് അടിപ്പിക്കുന്നു. വീണ്ടും അവനെ വിട്ടയയ്ക്കാൻ അദ്ദേഹം ശ്രമിക്കുന്നു. എന്നാൽ യഹൂദൻമാർ അവനെ “ക്രൂശിക്ക, ക്രൂശിക്ക . . . അവൻ തന്നെത്താൻ ദൈവപുത്രനാക്കി” എന്ന് ആക്രോശിക്കുന്നു. അവനെ ദണ്ഡനസ്തംഭത്തിൽ തറയ്ക്കാൻ തനിക്ക് അധികാരമുണ്ടെന്നു പീലാത്തോസ് യേശുവിനോടു പറയുമ്പോൾ “മേലിൽനിന്നു നിനക്കു കിട്ടീട്ടില്ല എങ്കിൽ എന്റെമേൽ നിനക്കു ഒരു അധികാരവും ഉണ്ടാകയില്ലായിരുന്നു” എന്നു യേശു മറുപടി പറയുന്നു. വീണ്ടും യഹൂദൻമാർ അവനെ “കൊന്നുകളക, കൊന്നുകളക; അവനെ ക്രൂശിക്ക . . . ഞങ്ങൾക്കു കൈസരല്ലാതെ മറെറാരു രാജാവില്ല” എന്നു വിളിച്ചുപറയുന്നു. ഇതിങ്കൽ, പീലാത്തോസ് അവനെ സ്തംഭത്തിലേററി കൊല്ലുന്നതിനു വിട്ടുകൊടുക്കുന്നു.—19:6, 7, 11, 15.
28. ഗൊൽഗൊഥായിൽ എന്തു നടക്കുന്നു, അവിടെ ഏതു പ്രവചനങ്ങൾ നിവർത്തിക്കപ്പെടുന്നു?
28 “എബ്രായഭാഷയിൽ ഗൊൽഗൊഥാ എന്നു പേരുളള തലയോടിടം എന്ന സ്ഥലത്തേക്കു” യേശുവിനെ കൊണ്ടുപോയി വേറെ രണ്ടുപേരുടെ നടുവിൽ സ്തംഭത്തിലേററുന്നു. പീലാത്തോസ് എല്ലാവർക്കും കണ്ടു മനസ്സിലാക്കുന്നതിന് എബ്രായയിലും ലത്തീനിലും ഗ്രീക്കിലും “നസറായനായ യേശു യെഹൂദൻമാരുടെ രാജാവു” എന്ന സ്ഥാനപ്പേർ എഴുതി അവന്റെ മീതെ കെട്ടിവെക്കുന്നു. (19:17, 19) യേശു തന്റെ അമ്മയെ പരിപാലിക്കാൻ യോഹന്നാനെ ഭരമേൽപ്പിക്കുന്നു. പുളിച്ച കുറേ വീഞ്ഞു സ്വീകരിച്ച ശേഷം “നിവൃത്തിയായി” എന്ന് അവൻ ഉദ്ഘോഷിക്കുന്നു. അനന്തരം അവൻ തല കുനിച്ചു പ്രാണൻ വിടുന്നു. (19:30) പ്രവചനങ്ങളുടെ നിവൃത്തിയായി വധസംഘം അവന്റെ അങ്കികൾക്കായി ചീട്ടിടുന്നു, അവന്റെ അസ്ഥികൾ ഒടിക്കാതിരിക്കുന്നു, ഒരു കുന്തംകൊണ്ട് അവന്റെ വശത്തു കുത്തുന്നു. (യോഹ. 19:24, 32-37; സങ്കീ. 22:18; 34:20; 22:17; സെഖ. 12:10) പിന്നീട് അരിമഥ്യയിലെ യോസേഫും നിക്കൊദേമൊസും ശവസംസ്കാരത്തിനുവേണ്ടി അവന്റെ ശരീരം ഒരുക്കി അടുത്തുളള ഒരു സ്മാരകക്കല്ലറയിൽ വെക്കുന്നു.
29. (എ) പുനരുത്ഥാനംപ്രാപിച്ച യേശു തന്റെ ശിഷ്യൻമാർക്ക് എവിടെയെല്ലാം പ്രത്യക്ഷപ്പെടുന്നു? (ബി) പത്രൊസിനോടുളള യേശുവിന്റെ അന്തിമ പ്രസ്താവനകളിൽ അവൻ ഏത് ആശയങ്ങൾ വ്യക്തമാക്കുന്നു?
29 പുനരുത്ഥാനംപ്രാപിച്ച ക്രിസ്തുവിന്റെ പ്രത്യക്ഷതകൾ (20:1–21:25). ക്രിസ്തുവിനെ സംബന്ധിച്ചു യോഹന്നാൻ നൽകുന്ന തെളിവിന്റെ നിര പുനരുത്ഥാനത്തിന്റെ സന്തുഷ്ട ധ്വനിയോടെ ഉപസംഹരിക്കുന്നു. മഗ്ദലേന മറിയ ഒഴിഞ്ഞ കല്ലറ കാണുന്നു, പത്രൊസും മറെറാരു ശിഷ്യനും (യോഹന്നാൻ) അങ്ങോട്ട് ഓടുകയും കെട്ടുകളും തലത്തുണിയുംമാത്രം കിടക്കുന്നതു കാണുകയും ചെയ്യുന്നു. കല്ലറയ്ക്കടുത്തു നിന്ന മറിയ രണ്ടു ദൂതൻമാരോടും ഒടുവിൽ താൻ വിചാരിക്കുന്നപ്രകാരം തോട്ടക്കാരനോടും സംസാരിക്കുന്നു. അവൻ “മറിയേ!” എന്ന് ഉത്തരം പറയുമ്പോൾ പെട്ടെന്ന് അവൻ യേശുവാണെന്ന് അവൾ തിരിച്ചറിയുന്നു. അടുത്തതായി, പൂട്ടിയിട്ടിരുന്ന വാതിലുകൾക്കുളളിൽ യേശു തന്റെ ശിഷ്യൻമാർക്കു പ്രത്യക്ഷപ്പെട്ട് പരിശുദ്ധാത്മാവിലൂടെ അവർക്കു ലഭിക്കാനിരിക്കുന്ന ശക്തിയെക്കുറിച്ച് അവരോടു പറയുന്നു. പിന്നീട് അപ്പോൾ ഹാജരില്ലായിരുന്ന തോമസ് വിശ്വസിക്കാൻ വിസമ്മതിക്കുന്നു, എന്നാൽ എട്ടു ദിവസം കഴിഞ്ഞു യേശു വീണ്ടും പ്രത്യക്ഷപ്പെടുകയും തോമസിനു തെളിവു കൊടുക്കുകയും ചെയ്യുന്നു. അതിങ്കൽ, “എന്റെ കർത്താവും എന്റെ ദൈവവുമേ!” എന്നു തോമസ് ഉദ്ഘോഷിക്കുന്നു. (20:16, 28, NW) ദിവസങ്ങൾക്കുശേഷം യേശു വീണ്ടും തിബെര്യാസ് കടലിങ്കൽ തന്റെ ശിഷ്യൻമാരെ കാണുന്നു; അവൻ അവർക്ക് അത്ഭുതകരമായ ഒരു മീൻപിടിത്തം പ്രദാനംചെയ്യുകയും പിന്നീട് അവരുമായി പ്രഭാതഭക്ഷണം കഴിക്കുകയും ചെയ്യുന്നു. തന്നെ സ്നേഹിക്കുന്നുവോ എന്നു മൂന്നുപ്രാവശ്യം അവൻ പത്രൊസിനോടു ചോദിക്കുന്നു. സ്നേഹിക്കുന്നുവെന്നു പത്രൊസ് ദൃഢമായി പറയുമ്പോൾ യേശു “എന്റെ കുഞ്ഞാടുകളെ മേയ്ക്ക,” “എന്റെ ആടുകളെ പാലിക്ക,” “എന്റെ ആടുകളെ മേയ്ക്ക” എന്ന് ഉദ്ദേശ്യപൂർവം പറയുന്നു. പിന്നീട് ഏതു തരം മരണത്താൽ പത്രൊസ് ദൈവത്തെ മഹത്ത്വപ്പെടുത്തും എന്ന് അവൻ മുൻകൂട്ടിപ്പറയുന്നു. പത്രൊസ് യോഹന്നാനെക്കുറിച്ചു ചോദിക്കുന്നു, “ഞാൻ വരുവോളം ഇവൻ ഇരിക്കേണമെന്നു എനിക്കു ഇഷ്ടമുണ്ടെങ്കിൽ അതു നിനക്കു എന്തു?” എന്നു യേശു പറയുന്നു.—21:15-17, 22.
എന്തുകൊണ്ടു പ്രയോജനപ്രദം
30. യോഹന്നാൻ സ്നേഹമെന്ന ഗുണത്തിനു പ്രത്യേക ഊന്നൽ കൊടുക്കുന്നത് എങ്ങനെ?
30 വളച്ചുകെട്ടില്ലായ്മ നിമിത്തം ശക്തവും ക്രിസ്തു ആയിത്തീർന്ന വചനത്തിന്റെ ഉററതും ഹൃദയോദ്ദീപകവുമായ ചിത്രീകരണം നിമിത്തം ബോധ്യംവരുത്തുന്നതുമായ “യോഹന്നാന്റെ” സുവിശേഷം വാക്കിലും പ്രവൃത്തിയിലും ഈ അഭിഷിക്ത ദൈവപുത്രന്റെ ഒരു അടുത്ത വീക്ഷണം നമുക്കു നൽകുന്നു. യോഹന്നാന്റെ ശൈലിയും പദസമ്പത്തും ലളിതവും താൻ ‘പഠിപ്പില്ലാത്ത സാമാന്യമനുഷ്യൻ’ എന്നു സൂചിപ്പിക്കുന്നതുമാണെങ്കിലും അദ്ദേഹത്തിന്റെ ആശയപ്രകാശനത്തിനു ഭയങ്കര ശക്തിയുണ്ട്. (പ്രവൃ. 4:13) അദ്ദേഹത്തിന്റെ സുവിശേഷം പിതാവും പുത്രനും തമ്മിലുളള ഉററ സ്നേഹവും അവരുമായി ഐക്യത്തിലിരിക്കുന്നതിലൂടെ കണ്ടെത്താവുന്ന സ്നേഹപൂർവകമായ ബന്ധവും അറിയിച്ചുതരുമ്പോൾ അതിന്റെ അത്യുന്നത തലങ്ങളിലേക്ക് ഉയരുകയാണ്. മറേറ മൂന്നു സുവിശേഷങ്ങളിലും മൊത്തത്തിലുളളതിനെക്കാൾ കൂടുതൽ പ്രാവശ്യം “സ്നേഹം,” “സ്നേഹിച്ചു” എന്നീ പദങ്ങൾ യോഹന്നാൻ ഉപയോഗിക്കുന്നുണ്ട്.
31. യോഹന്നാന്റെ സുവിശേഷത്തിലുടനീളം ഏതു ബന്ധം ഊന്നിപ്പറയപ്പെടുന്നു, അത് അതിന്റെ പരകോടീയ പ്രകടനത്തിൽ എത്തുന്നത് എങ്ങനെ?
31 വചനവും പിതാവായ ദൈവവും തമ്മിൽ ആദിയിൽ എത്ര മഹത്ത്വമാർന്ന ബന്ധമാണു നിലനിന്നത്! ദൈവനിശ്ചയത്താൽ “വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽനിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു.” (യോഹ. 1:14) പിന്നീട്, യോഹന്നാന്റെ വിവരണത്തിലുടനീളം യേശു തന്റെ പിതാവിന്റെ ഇഷ്ടത്തോടുളള ചോദ്യംചെയ്യാത്ത അനുസരണത്തോടുകൂടിയ കീഴ്പ്പെടലിന്റെ ബന്ധമാണു തനിക്കുളളതെന്ന് ഊന്നിപ്പറയുന്നു. (4:34, 5:19, 30; 7:16; 10:29, 30; 11:41, 42; 12:27, 49, 50; 14:10) ഈ ഉററ ബന്ധത്തിന്റെ പ്രകടനം യോഹന്നാൻ 17-ാം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഹൃദയസ്പൃക്കായ പ്രാർഥനയിൽ മഹത്തായ പാരമ്യത്തിലെത്തുന്നു, അവിടെ ഭൂമിയിൽ പിതാവു തനിക്കു ചെയ്യാൻ തന്ന പ്രവൃത്തി താൻ പൂർത്തിയാക്കിയതായി യേശു പിതാവിനെ അറിയിക്കുകയും “ഇപ്പോൾ പിതാവേ, ലോകം ഉണ്ടാകുംമുമ്പെ എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വത്തിൽ എന്നെ നിന്റെ അടുക്കൽ മഹത്വപ്പെടുത്തേണമേ” എന്നു കൂട്ടിച്ചേർക്കുകയും ചെയ്യുന്നു.—17:5.
32. ഏതു പദപ്രയോഗങ്ങളാൽ യേശു തന്റെ ശിഷ്യരോടുളള സ്വന്തം ബന്ധവും താൻ ജീവന്റെ അനുഗ്രഹങ്ങൾ മനുഷ്യവർഗത്തിനു ലഭിക്കുന്നതിനുളള ഏക സരണിയാണെന്നുളളതും പ്രകടമാക്കുന്നു?
32 തന്റെ ശിഷ്യൻമാരുമായുളള യേശുവിന്റെ ബന്ധത്തെസംബന്ധിച്ചെന്ത്? യഹോവയുടെ അനുഗ്രഹങ്ങൾ അവരിലേക്കും സകല മനുഷ്യവർഗത്തിലേക്കും വ്യാപിക്കുന്നതിനുളള ഏക സരണിയെന്ന നിലയിൽ യേശുവിന്റെ പങ്കു നിരന്തരം മുൻപന്തിയിൽ നിർത്തപ്പെടുന്നു. (14:13, 14; 15:16; 16:23, 24) അവൻ “ദൈവത്തിന്റെ കുഞ്ഞാടു,” “ജീവന്റെ അപ്പം,” “ലോകത്തിന്റെ വെളിച്ചം,” “നല്ല ഇടയൻ,” “പുനരുത്ഥാനവും ജീവനും,” “വഴിയും സത്യവും ജീവനും,” “സാക്ഷാൽ മുന്തിരിവളളി” എന്നിങ്ങനെ പരാമർശിക്കപ്പെടുന്നു. (1:29; 6:35; 8:12; 10:11; 11:25; 14:6; 15:1) “സാക്ഷാൽ മുന്തിരിവളളി”യുടെ ഈ ദൃഷ്ടാന്തത്തിൻകീഴിലാണു യേശു തന്റെ യഥാർഥ അനുഗാമികളും താനും തമ്മിൽ മാത്രമല്ല, പിതാവുമായും നിലവിലുളള അത്ഭുതകരമായ ഐക്യത്തെക്കുറിച്ച് അറിയിക്കുന്നത്. വളരെയധികം ഫലം കായ്ക്കുന്നതിനാൽ അവർ തന്റെ പിതാവിനെ മഹത്ത്വപ്പെടുത്തും. “പിതാവു എന്നെ സ്നേഹിക്കുന്നതുപോലെ, ഞാനും നിങ്ങളെ സ്നേഹിക്കുന്നു; എന്റെ സ്നേഹത്തിൽ വസിപ്പിൻ,” യേശു ബുദ്ധ്യുപദേശിക്കുന്നു.—15:9.
33. തന്റെ ശുശ്രൂഷയുടെ എന്തുദ്ദേശ്യം യേശു പ്രാർഥനയിൽ പ്രകടമാക്കുന്നു?
33 അനന്തരം ഈ സ്നേഹിക്കപ്പെട്ടവരും ‘അവരുടെ വചനത്താൽ തന്നിൽ വിശ്വാസമർപ്പിക്കുന്നവരും’ സത്യവചനത്താൽ വിശുദ്ധീകരിക്കപ്പെട്ടു തന്റെ പിതാവിനോടും തന്നോടുതന്നെയും ഒന്നായിരിക്കേണ്ടതിന് അവൻ എത്ര തീക്ഷ്ണമായി യഹോവയോടു പ്രാർഥിക്കുന്നു! തീർച്ചയായും, യേശുവിന്റെ ശുശ്രൂഷയുടെ മുഴു ഉദ്ദേശ്യവും തന്റെ പിതാവിനോടുളള അവന്റെ പ്രാർഥനയിലെ അന്തിമവാക്കുകളിൽ അത്ഭുതകരമായി പ്രകടമാക്കപ്പെട്ടിരിക്കുന്നു: “നീ എന്നെ സ്നേഹിക്കുന്ന സ്നേഹം അവരിൽ ആകുവാനും ഞാൻ അവരിൽ ആകുവാനും ഞാൻ നിന്റെ നാമം അവർക്കു വെളിപ്പെടുത്തിയിരിക്കുന്നു; ഇനിയും വെളിപ്പെടുത്തും.”—17:20, 26.
34. ലോകത്തെ എങ്ങനെ കീഴടക്കണമെന്നുളളതുസംബന്ധിച്ചു യേശു എന്തു പ്രയോജനകരമായ ബുദ്ധ്യുപദേശം കൊടുത്തു?
34 യേശു തന്റെ ശിഷ്യരെ ലോകത്തിൽ വിടുകയായിരുന്നെങ്കിലും, “സത്യത്തിന്റെ ആത്മാവു” എന്ന ഒരു സഹായി ഇല്ലാതെ അവരെ വിടാൻ പോകുകയല്ലായിരുന്നു. തന്നെയുമല്ല, “വെളിച്ചത്തിന്റെ മക്കൾ” എന്ന നിലയിൽ എങ്ങനെ വിജയിക്കാമെന്ന് അവർക്കു കാണിച്ചുകൊടുത്തുകൊണ്ടു ലോകവുമായുളള അവരുടെ ബന്ധം സംബന്ധിച്ചും അവൻ അവർക്കു സമയോചിതമായ ബുദ്ധ്യുപദേശം കൊടുത്തു. (14:16, 17; 3:19-21; 12:36) “എന്റെ വചനത്തിൽ നിലനിൽക്കുന്നു എങ്കിൽ നിങ്ങൾ വാസ്തവമായി എന്റെ ശിഷ്യൻമാരായി, സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രൻമാരാക്കുകയും ചെയ്യും” എന്നു യേശു പറഞ്ഞു. ഇതിനു വിപരീതമായി, “നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ; നിങ്ങളുടെ പിതാവിന്റെ മോഹങ്ങളെ ചെയ്വാനും ഇച്ഛിക്കുന്നു. . . . അവനിൽ സത്യം ഇല്ലായ്കകൊണ്ടു സത്യത്തിൽ നിൽക്കുന്നതുമില്ല” എന്ന് അവൻ ഇരുട്ടിന്റെ പുത്രൻമാരോടു പറഞ്ഞു. അപ്പോൾ എല്ലായ്പോഴും സത്യത്തിൽ നിലനിൽക്കാൻ, അതെ, ‘പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിപ്പാൻ’ നമുക്കു ദൃഢനിശ്ചയം ചെയ്യാം, “ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു” എന്ന യേശുവിന്റെ വാക്കുകളിൽനിന്നു ശക്തിയാർജിക്കുകയും ചെയ്യാം.—8:31, 32, 44; 4:23; 16:33.
35. (എ) ദൈവരാജ്യം സംബന്ധിച്ചു യേശു എന്തു സാക്ഷ്യം കൊടുക്കുന്നു? (ബി) യോഹന്നാന്റെ സുവിശേഷം സന്തുഷ്ടിക്കും നന്ദിക്കും കാരണം നൽകുന്നത് എന്തുകൊണ്ട്?
35 ഇതിനെല്ലാം ദൈവരാജ്യത്തോടും ഒരു ബന്ധമുണ്ട്. യേശു വിചാരണചെയ്യപ്പെട്ടപ്പോൾ, “എന്റെ രാജ്യം ഐഹികമല്ല; എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദൻമാരുടെ കൈയിൽ ഏൽപ്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു; എന്നാൽ എന്റെ രാജ്യം ഐഹികമല്ല” എന്ന് അവൻ സാക്ഷ്യപ്പെടുത്തി. അനന്തരം, പീലാത്തോസിന്റെ ചോദ്യത്തിനുത്തരമായി അവൻ പറഞ്ഞു: “നീ പറഞ്ഞതുപോലെ ഞാൻ രാജാവുതന്നേ; സത്യത്തിന്നു സാക്ഷിനിൽക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു. സത്യതത്പരനായവൻ എല്ലാം എന്റെ വാക്കു കേൾക്കുന്നു.” (18:36, 37) ശ്രദ്ധിക്കുന്നവരും രാജാവിനോടുളള ബന്ധത്തിൽ “ദൈവരാജ്യത്തിൽ കടപ്പാൻ” ‘വീണ്ടും ജനിക്കു’ന്നവരും തീർച്ചയായും സന്തുഷ്ടരാണ്. ഇടയരാജാവിന്റെ ശബ്ദം ശ്രദ്ധിക്കുകയും ജീവൻ പ്രാപിക്കുകയും ചെയ്യുന്ന “വേറെ ആടുകൾ” സന്തുഷ്ടരാണ്. തീർച്ചയായും യോഹന്നാന്റെ സുവിശേഷം പ്രദാനംചെയ്തതിനു നന്ദിക്കു കാരണമുണ്ട്, എന്തുകൊണ്ടെന്നാൽ “യേശു ദൈവപുത്രനായ ക്രിസ്തു എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവന്റെ നാമത്തിൽ നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിന്നു”മാണ് അത് എഴുതപ്പെട്ടത്.—3:3, 5; 10:16; 20:31.
[അടിക്കുറിപ്പുകൾ]
a സഭാചരിത്രം, യൂസേബിയസ്, V, VIII, 4.
b തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 1, പേജ് 323.
c തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 2, പേജുകൾ 57-8.
[അധ്യയന ചോദ്യങ്ങൾ]