ബൈബിൾ പുസ്തക നമ്പർ 47—2 കൊരിന്ത്യർ
ബൈബിൾ പുസ്തക നമ്പർ 47—2 കൊരിന്ത്യർ
എഴുത്തുകാരൻ: പൗലൊസ്
എഴുതിയ സ്ഥലം: മാസിഡോണിയ
എഴുത്തു പൂർത്തിയായത്: പൊ.യു. ഏകദേശം 55
1, 2. (എ) പൗലൊസ് കൊരിന്ത്യർക്കുളള തന്റെ രണ്ടാമത്തെ ലേഖനമെഴുതുന്നതിലേക്കു നയിച്ചതെന്ത്? (ബി) പൗലൊസ് എവിടെവെച്ചാണ് എഴുതിയത്, അവൻ എന്തിനെക്കുറിച്ച് ഉത്ക്കണ്ഠാകുലനായിരുന്നു?
സമയം പൊ.യു. 55-ലെ വേനൽക്കാലത്തിന്റെ അന്ത്യമോ ശരത്കാലത്തിന്റെ ആരംഭമോ ആയിരുന്നു. കൊരിന്തിലെ ക്രിസ്തീയ സഭയിൽ അപ്പോസ്തലനായ പൗലൊസിന് ഉത്ക്കണ്ഠ ഉളവാക്കിക്കൊണ്ടിരുന്ന ചില കാര്യങ്ങൾ പിന്നെയുമുണ്ടായിരുന്നു. കൊരിന്ത്യർക്കു തന്റെ ഒന്നാമത്തെ ലേഖനമെഴുതിയ ശേഷം അനേകം മാസങ്ങൾ കടന്നുപോയിരുന്നില്ല. യഹൂദ്യയിലെ വിശുദ്ധൻമാർക്കുവേണ്ടി നടത്തിക്കൊണ്ടിരുന്ന പണശേഖരത്തിൽ സഹായിക്കുന്നതിനും സാധ്യതയനുസരിച്ച് ഒന്നാമത്തെ ലേഖനത്തോടുളള കൊരിന്ത്യരുടെ പ്രതികരണം നിരീക്ഷിക്കുന്നതിനുമായി തീത്തൊസിനെ പിന്നീടു കൊരിന്തിലേക്ക് അയച്ചിരുന്നു. (2 കൊരി. 8:1-6; 2:13) അവർ അത് എങ്ങനെ സ്വീകരിച്ചിരുന്നു? അത് അവരെ ദുഃഖത്തിനും അനുതാപത്തിനും പ്രേരിപ്പിച്ചിരുന്നതായി അറിഞ്ഞതു പൗലൊസിന് എത്ര ആശ്വാസം കൈവരുത്തി! ഈ നല്ല വാർത്തയുമായി തീത്തൊസ് മാസിഡോണിയയിൽ പൗലൊസിന്റെ അടുക്കലേക്കു തിരിച്ചുവന്നിരുന്നു. ഇപ്പോൾ അപ്പോസ്തലന്റെ ഹൃദയം തന്റെ പ്രിയപ്പെട്ട സഹ കൊരിന്ത്യവിശ്വാസികളോടുളള സ്നേഹത്താൽ നിറഞ്ഞുകവിയുകയായിരുന്നു.—7:5-7; 6:11.
2 അതുകൊണ്ടു പൗലൊസ് കൊരിന്ത്യർക്കു വീണ്ടും എഴുതി. ഈ ഹൃദയോദ്ദീപകവും ശക്തവുമായ രണ്ടാമത്തെ ലേഖനം മാസിഡോണിയയിൽ വെച്ചാണ് എഴുതിയത്, പ്രത്യക്ഷത്തിൽ തീത്തൊസ് അത് എത്തിച്ചുകൊടുക്കുകയും ചെയ്തു. (9:2, 4; 8:16-18, 22-24) എഴുതുന്നതിനു പൗലൊസിനെ പ്രേരിപ്പിച്ച ഉത്ക്കണ്ഠാജനകമായ കാര്യങ്ങളിലൊന്നു കൊരിന്ത്യരുടെ ഇടയിലെ “അതിശ്രേഷ്ഠതയുളള അപ്പോസ്തലൻമാ”രുടെ സാന്നിധ്യമായിരുന്നു. അവരെ അവൻ “കളളയപ്പോസ്തലൻമാർ, കപടവേലക്കാർ” എന്നും വർണിച്ചു. (11:5, 13, 14) താരതമ്യേന പ്രായംകുറഞ്ഞ സഭയുടെ ആത്മീയ ക്ഷേമം അപകടത്തിലായിരുന്നു. ഒരു അപ്പോസ്തലനെന്ന നിലയിലുളള പൗലൊസിന്റെ അധികാരത്തിനെതിരെ ആക്രമണമുണ്ടായി. കൊരിന്ത്യർക്കുളള അവന്റെ രണ്ടാമത്തെ ലേഖനം അങ്ങനെ ഒരു വലിയ ആവശ്യം നിറവേററി.
3, 4. (എ) പൗലൊസ്തന്നെ കൊരിന്തിലേക്ക് ഏതു സന്ദർശനങ്ങൾ നടത്തി? (ബി) രണ്ടു കൊരിന്ത്യർ നമുക്ക് ഇപ്പോൾ എങ്ങനെ പ്രയോജനംചെയ്യുന്നു?
3 “ഈ മൂന്നാം പ്രാവശ്യം നിങ്ങളുടെ അടുക്കൽ വരുവാൻ ഞാൻ ഒരുങ്ങിയിരിക്കുന്നു” എന്നു പൗലൊസ് പറഞ്ഞതു ശ്രദ്ധിക്കുക. (2 കൊരി. 12:14; 13:1) പൗലൊസ് തന്റെ ഒന്നാം ലേഖനമെഴുതിയപ്പോൾ രണ്ടാം പ്രാവശ്യം സന്ദർശനം നടത്തുന്നതിന് അവൻ ആസൂത്രണം ചെയ്തിരുന്നു. എന്നാൽ അവൻ അതിനൊരുങ്ങിയെങ്കിലും ഈ ‘രണ്ടാമത്തെ അനുഗ്രഹം’ സഫലമായില്ല. (1 കൊരി. 16:5; 2 കൊരി. 1:15) അപ്പോൾ, യഥാർഥത്തിൽ പൗലൊസ് അവിടെ ഒരിക്കൽമാത്രമാണുണ്ടായിരുന്നത്, പൊ.യു. 50-52-ലെ 18 മാസക്കാലത്ത്. അക്കാലത്തായിരുന്നു കൊരിന്തിൽ ക്രിസ്തീയ സഭ സ്ഥാപിക്കപ്പെട്ടത്. (പ്രവൃ. 18:1-18) എന്നിരുന്നാലും, ഒരിക്കൽകൂടെ കൊരിന്തു സന്ദർശിക്കാനുളള പൗലൊസിന്റെ ആഗ്രഹം സഫലമായി. ഒരുപക്ഷേ പൊ.യു. 56-ൽ മൂന്നു മാസം ഗ്രീസിലായിരുന്നപ്പോൾ അവൻ ആ സമയത്തിന്റെ ഒരു ഭാഗം കൊരിന്തിൽ ചെലവഴിച്ചു. അവിടെനിന്നാണ് അവൻ റോമർക്കുളള തന്റെ ലേഖനം എഴുതിയത്.—റോമ. 16:1, 23; 1 കൊരി. 1:14.
4 രണ്ടു കൊരിന്ത്യർ ഒന്നു കൊരിന്ത്യരോടും പൗലൊസിന്റെ മററു ലേഖനങ്ങളോടുംകൂടെ ബൈബിൾകാനോന്റെ വിശ്വാസ്യമായ ഒരു ഭാഗമായി എല്ലായ്പോഴും കരുതപ്പെട്ടിട്ടുണ്ട്. വീണ്ടും കൊരിന്തിലെ സഭക്കുളളിലേക്കു നോക്കാനും അവരെയും നമ്മെയും ബുദ്ധ്യുപദേശിക്കാൻ നൽകപ്പെട്ട പൗലൊസിന്റെ നിശ്വസ്തവാക്കുകളിൽനിന്നു പ്രയോജനമനുഭവിക്കാനും നാം പ്രാപ്തരാക്കപ്പെടുന്നു.
രണ്ടു കൊരിന്ത്യരുടെ ഉളളടക്കം
5. (എ) ആശ്വാസത്തെക്കുറിച്ചു പൗലൊസ് എന്ത് എഴുതുന്നു? (ബി) കൂടുതലായ ഉറപ്പുനൽകുന്നതായി ക്രിസ്തുവിലൂടെ എന്തു കൈവന്നിരിക്കുന്നു?
5 “സർവ്വാശ്വാസവും നൽകുന്ന ദൈവ”ത്തിൽനിന്നുളള സഹായം (1:1–2:11). പൗലൊസ് പ്രാരംഭ അഭിവാദ്യത്തിൽ തിമൊഥെയൊസിനെ ഉൾപ്പെടുത്തുന്നു. “മനസ്സലിവുളള പിതാവും സർവ്വാശ്വാസവും നൽകുന്ന ദൈവവുമായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം വാഴ്ത്തപ്പെട്ടവൻ” എന്നു പൗലൊസ് പറയുന്നു, നാം ക്രമത്തിൽ മററുളളവരെ ആശ്വസിപ്പിക്കാൻ പ്രാപ്തരാകേണ്ടതിനുതന്നെ. പൗലൊസും അവന്റെ സഹപ്രവർത്തകരും അങ്ങേയററത്തെ സമ്മർദത്തിൻകീഴിലും അവരുടെ ജീവിതം അപകടത്തിലുമായിട്ടും ദൈവം അവരെ വിടുവിച്ചിരിക്കുന്നു. കൊരിന്ത്യർക്കും അവർക്കുവേണ്ടി പ്രാർഥിച്ചുകൊണ്ടു സഹായിക്കാൻ കഴിയും. തന്റെ ആത്മാർഥതയിലും ദൈവത്തിന്റെ അനർഹദയയിലുമുളള ആത്മവിശ്വാസത്തോടെയാണ് അവൻ അവർക്കുവേണ്ടി എഴുതുന്നത്. ദൈവത്തിന്റെ വാഗ്ദാനങ്ങൾ യേശു മുഖാന്തരം “ഉവ്വ്” എന്നായിത്തീർന്നിരിക്കുന്നു. ക്രിസ്തുവിനുളളവരെ അവൻ അഭിഷേകം ചെയ്യുകയും അവർക്ക് “ആത്മാവു എന്ന അച്ചാരം” അവരുടെ ഹൃദയങ്ങളിൽ കൊടുക്കുകയും ചെയ്തിരിക്കുന്നു.—1:3, 4, 20, 22.
6. ഇപ്പോൾ അനുതാപമുളള പുറത്താക്കപ്പെട്ടിരുന്ന ദുഷ്പ്രവൃത്തിക്കാരനെ സംബന്ധിച്ച് എന്തു ചെയ്യണമെന്നു പൗലൊസ് ബുദ്ധ്യുപദേശിക്കുന്നു?
6 പൗലൊസിന്റെ ഒന്നാമത്തെ ലേഖനത്തിന്റെ അഞ്ചാം അധ്യായത്തിലെ അവന്റെ അഭിപ്രായങ്ങളുടെ ലക്ഷ്യമായിരുന്ന മനുഷ്യൻ സഭയിൽനിന്നു പുറത്താക്കപ്പെട്ടതായി കാണപ്പെടുന്നു. അയാൾ അനുതപിച്ചു ദുഃഖം പ്രകടമാക്കുകയാണ്. അതുകൊണ്ട് യഥാർഥ ക്ഷമ നീട്ടിക്കൊടുക്കാനും അനുതാപമുളളയാളോടുളള അവരുടെ സ്നേഹം സ്ഥിരീകരിക്കാനും പൗലൊസ് കൊരിന്ത്യരോടു പറയുന്നു.
7. പൗലൊസ് തന്നേത്തന്നെയും കൊരിന്ത്യരെയും എങ്ങനെ അവതരിപ്പിക്കുന്നു, അവൻ എന്ത് ഉറപ്പിച്ചു പറയുന്നു?
7 പുതിയ ഉടമ്പടിയുടെ ശുശ്രൂഷകരെന്ന നിലയിൽ യോഗ്യർ (2:12–6:10). താനും കൊരിന്ത്യക്രിസ്ത്യാനികളും ക്രിസ്തുവിനോടൊപ്പം ഒരു ജയോത്സവ ഘോഷയാത്രയിലായിരിക്കുന്നതായി പൗലൊസ് അവതരിപ്പിക്കുന്നു. (ആ നാളിൽ ജയംനേടുന്ന സൈന്യങ്ങളുടെ ഘോഷയാത്ര പോകുന്ന വഴിയിൽ കത്തിച്ചിരുന്ന ധൂപത്തിന്റെ സൗരഭ്യവാസന കൊരിന്ത്യർക്കു പരിചിതമായിരുന്നു.) ജീവൻ പ്രാപിക്കുന്നവർക്കനുഭവപ്പെടുന്ന ക്രിസ്ത്യാനിയുടെ “വാസന”യും നശിക്കുന്നവർക്കനുഭവപ്പെടുന്ന “വാസന”യും തമ്മിൽ ഒരു ശക്തമായ വൈപരീത്യമുണ്ട്. “ഞങ്ങൾ ദൈവവചനത്തിന്റെ നടത്തക്കച്ചവടക്കാരല്ല,” പൗലൊസ് ഉറപ്പിച്ചു പറയുന്നു.—2:16, 17, NW.
8. (എ) ശുശ്രൂഷകരെന്ന നിലയിൽ പൗലൊസിനും സഹപ്രവർത്തകർക്കും ഏതു സാക്ഷ്യപത്രങ്ങൾ ഉണ്ട്? (ബി) പുതിയ ഉടമ്പടിയുടെ ശുശ്രൂഷ മികച്ചതായിരിക്കുന്നത് എങ്ങനെ?
8 പൗലൊസിനും അവന്റെ കൂട്ടുവേലക്കാർക്കും കൊരിന്ത്യർക്കായി അല്ലെങ്കിൽ അവരിൽനിന്നുളള സാക്ഷ്യപത്രങ്ങൾ, എഴുതപ്പെട്ട ശുപാർശക്കത്തുകൾ, ആവശ്യമില്ല. കൊരിന്ത്യവിശ്വാസികൾതന്നെ കൽപ്പലകകളിൽ അല്ല, “ഹൃദയമെന്ന മാംസപ്പലകയിൽ” “ഞങ്ങളുടെ ശുശ്രൂഷയാൽ” എഴുതപ്പെട്ട, ആലേഖനംചെയ്യപ്പെട്ട ശുപാർശക്കത്തുകളാണ്, പൗലൊസ് പ്രഖ്യാപിക്കുന്നു. പുതിയ ഉടമ്പടിയുടെ ശുശ്രൂഷകരെ ദൈവം വേണ്ടത്ര യോഗ്യരാക്കിയിരിക്കുന്നു. എഴുതപ്പെട്ട സംഹിത മങ്ങിപ്പോകുന്ന മഹത്ത്വമുളള ഒരു മരണശാസനം ആയിരുന്നു, അതു താത്ക്കാലികവുമായിരുന്നു. എന്നിരുന്നാലും ആത്മാവിന്റെ ശാസനം ജീവനിലേക്കു നയിക്കുന്നു, നിലനിൽക്കുന്നതുമാണ്, സമൃദ്ധമായ മഹത്ത്വമുളളതുമാണ്. “മോശെയുടെ പുസ്തകം വായിക്കുമ്പോൾ” ഇസ്രായേൽപുത്രൻമാരുടെ ഹൃദയങ്ങളിൽ ഒരു മൂടുപടം സ്ഥിതിചെയ്യുന്നു. എന്നാൽ യഹോവയിലേക്കുളള ഒരു തിരിയൽ ഉളളപ്പോൾ മൂടുപടം നീക്കപ്പെടുന്നു, അവർ “തേജസ്സിൻമേൽ തേജസ്സു പ്രാപിച്ചു അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു.”—3:3, 15, 18.
9. പൗലൊസ് ശുശ്രൂഷയാകുന്ന നിക്ഷേപത്തെ വർണിക്കുന്നത് എങ്ങനെ?
9 പിന്നീടു പൗലൊസ് തുടരുന്നു: ‘അതുകൊണ്ടു ഞങ്ങൾക്കു കരുണ ലഭിച്ചിട്ടു ഈ ശുശ്രൂഷ ഉണ്ടാകയാൽ ഞങ്ങൾ ലജ്ജാകരമായ രഹസ്യങ്ങളെ ത്യജിച്ചു ഉപായം പ്രയോഗിക്കാതെയും ദൈവവചനത്തിൽ കൂട്ടു ചേർക്കാതെയും സത്യം വെളിപ്പെടുത്തുന്നതിനാൽ ദൈവസന്നിധിയിൽ സകല മനുഷ്യരുടെയും മനഃസാക്ഷിക്കു ഞങ്ങളെത്തന്നേ ബോധ്യമാക്കുന്നു. എന്നാൽ ഞങ്ങളുടെ സുവിശേഷം മറഞ്ഞിരിക്കുന്നു എങ്കിൽ നശിച്ചുപോകുന്നവർക്കത്രേ മറഞ്ഞിരിക്കുന്നു. ദൈവപ്രതിമയായ ക്രിസ്തുവിന്റെ തേജസ്സുളള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിപ്പാൻ ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സു കുരുടാക്കി. ഞങ്ങൾക്കുളള ഈ നിക്ഷേപം എത്ര വലുതാകുന്നു. ഈ അത്യന്തശക്തി ഞങ്ങളുടെ സ്വന്തം എന്നല്ല, ദൈവത്തിന്റെ ദാനമെന്നു വരേണ്ടതിന്നു ഈ നിക്ഷേപം ഞങ്ങൾക്കു മൺപാത്രങ്ങളിൽ ആകുന്നു ഉളളതു. പീഡനത്തിനും സമ്മർദത്തിനും കീഴിൽ, അതെ മരണത്തിൻമുമ്പിൽപ്പോലും ഞങ്ങൾ വിശ്വാസം പ്രകടമാക്കുകയും പിൻമാറാതിരിക്കുകയും ചെയ്യുന്നു, എന്തുകൊണ്ടെന്നാൽ നൊടിനേരത്തേക്കുളള ഞങ്ങളുടെ കഷ്ടം അത്യന്തം അനവധിയായി തേജസ്സിന്റെ നിത്യഘനം ഞങ്ങൾക്കു കിട്ടുവാൻ ഹേതുവാകുന്നു. അതുകൊണ്ടു കാണാത്തതിനെയത്രേ ഞങ്ങൾ നോക്കിക്കൊണ്ടിരിക്കുന്നത്.’—4:1-18.
10. (എ) ക്രിസ്തുവിനോട് ഐക്യത്തിലിരിക്കുന്നവരെ സംബന്ധിച്ചു പൗലൊസ് എന്തു പറയുന്നു? (ബി) പൗലൊസ് ദൈവത്തിന്റെ ഒരു ശുശ്രൂഷകനെന്ന നിലയിൽ തന്നേത്തന്നെ സ്വീകാര്യനാക്കുന്നത് എങ്ങനെ?
10 ‘ഞങ്ങളുടെ ഭൗമഭവനം സ്വർഗ്ഗത്തിലെ നിത്യഭവനത്തിനു വഴിമാറിക്കൊടുക്കുമെന്നു ഞങ്ങൾ അറിയുന്നു,’ പൗലൊസ് എഴുതുന്നു. ‘ഇതിനിടയിൽ ഞങ്ങൾ വിശ്വാസത്തിൽ മുന്നേറുകയും നല്ല ധൈര്യമുളളവരായിരിക്കുകയും ചെയ്യുന്നു. ക്രിസ്തുവിൽനിന്നു വിട്ടുനിൽക്കുന്നുവെങ്കിലും അവനു സ്വീകാര്യരായിരിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു.’ (5:1, 7-9) ക്രിസ്തുവിനോട് ഐക്യത്തിലിരിക്കുന്നവർ ഒരു “പുതിയ സൃഷ്ടി”യാകുന്നു, നിരപ്പിന്റെ ഒരു ശുശ്രൂഷയാണവർക്കുളളത്. അവർ “ക്രിസ്തുവിന്നുവേണ്ടി സ്ഥാനാപതികളായി”രിക്കുന്നു. (5:17, 20) സകല വിധത്തിലും പൗലൊസ് ദൈവത്തിന്റെ ഒരു ശുശ്രൂഷകനായി തന്നേത്തന്നെ സ്വീകാര്യനാക്കുന്നു. എങ്ങനെ? ‘ബഹുസഹിഷ്ണുത, കഷ്ടം, തല്ലു, അദ്ധ്വാനം, ഉറക്കിളെപ്പു, നിർമ്മലത, പരിജ്ഞാനം, ദീർഘക്ഷമ, ദയ, പരിശുദ്ധാത്മാവു, നിർവ്യാജസ്നേഹം, സത്യവചനം, ദൈവശക്തി, എന്നിവയാലും, ദരിദ്രനെങ്കിലും പലരെയും സമ്പന്നനാക്കുന്നവനും, ഒന്നും ഇല്ലാത്തവനെങ്കിലും എല്ലാം കൈവശമുളളവനുമായിരിക്കുന്നതിനാലുംതന്നെ.’—6:4-10.
11. പൗലൊസ് ഏതു ബുദ്ധ്യുപദേശവും മുന്നറിയിപ്പും നൽകുന്നു?
11 “ദൈവഭയത്തിൽ വിശുദ്ധിയെ തികെച്ചുകൊൾക” (6:11–7:16). പൗലൊസ് കൊരിന്ത്യരോടു പറയുന്നു: നിങ്ങളെ സ്വീകരിക്കാൻ ‘ഞങ്ങളുടെ ഹൃദയം വിശാലമായിരിക്കുന്നു.’ അവരും തങ്ങളുടെ ആർദ്രപ്രിയങ്ങളിൽ വിശാലരാകണം. എന്നാൽ ഇപ്പോൾ ഒരു മുന്നറിയിപ്പു വരുന്നു! “അവിശ്വാസികളോടു ഇണയല്ലാപ്പിണ കൂടരുതു.” (6:11, 14) വെളിച്ചത്തിനു ഇരുട്ടിനോട്, അല്ലെങ്കിൽ ക്രിസ്തുവിനു ബെലീയാലിനോട്, എന്തു കൂട്ടായ്മ? ജീവനുളള ഒരു ദൈവത്തിന്റെ ആലയമെന്ന നിലയിൽ, അവർ തങ്ങളേത്തന്നെ വേർപെടുത്തുകയും അശുദ്ധമായതിനെ തൊടാതിരിക്കുകയും വേണം. പൗലൊസ് പറയുന്നു: “ജഡത്തിലെയും ആത്മാവിലെയും സകല കൻമഷവും നീക്കി നമ്മെത്തന്നേ വെടിപ്പാക്കി ദൈവഭയത്തിൽ വിശുദ്ധിയെ തികെച്ചുകൊൾക.”—7:1.
12. കൊരിന്തിൽനിന്നുളള റിപ്പോർട്ടിൽ പൗലൊസ് സന്തോഷിച്ചത് എന്തുകൊണ്ട്?
12 പൗലൊസ് കൂടുതലായി ഇങ്ങനെ പ്രസ്താവിക്കുന്നു: “ഞാൻ ആശ്വാസംകൊണ്ടു നിറഞ്ഞിരിക്കുന്നു; ഞങ്ങളുടെ സകല കഷ്ടതയിലും സന്തോഷം എനിക്കു കവിഞ്ഞിരിക്കുന്നു.” (7:4) എന്തുകൊണ്ട്? തീത്തൊസിന്റെ സാന്നിധ്യംകൊണ്ടുമാത്രമല്ല, കൊരിന്ത്യരുടെ ആകാംക്ഷയുടെയും അവരുടെ ദുഃഖത്തിന്റെയും പൗലൊസിനുവേണ്ടിയുളള അവരുടെ തീക്ഷ്ണതയുടെയും നല്ല റിപ്പോർട്ടുകൾ നിമിത്തവും. തന്റെ ഒന്നാമത്തെ ലേഖനം താത്ക്കാലിക സങ്കടം വരുത്തിയെന്ന് അവൻ തിരിച്ചറിയുന്നു, എന്നാൽ കൊരിന്ത്യർ രക്ഷക്കുവേണ്ടി അനുതാപത്തിനായി സങ്കടപ്പെട്ടതിനാൽ അവൻ സന്തോഷിക്കുന്നു. അവർ തീത്തൊസുമായി സഹകരിച്ചതിൽ അവരെ അവൻ പുകഴ്ത്തുന്നു.
13. (എ) പൗലൊസ് ഔദാര്യത്തിന്റെ ഏതു ദൃഷ്ടാന്തങ്ങൾ ഉദ്ധരിക്കുന്നു? (ബി) കൊടുക്കലിനോടുളള ബന്ധത്തിൽ പൗലൊസ് ഏതു തത്ത്വങ്ങൾ ചർച്ചചെയ്യുന്നു?
13 ഔദാര്യത്തിനു പ്രതിഫലം കിട്ടും (8:1–9:15). ഞെരുക്കമനുഭവിക്കുന്ന “വിശുദ്ധൻമാർ”ക്കുവേണ്ടിയുളള സംഭാവനകളോടു ബന്ധപ്പെട്ടു പൗലൊസ് മക്കദോന്യക്കാരുടെ ദൃഷ്ടാന്തം ഉദ്ധരിക്കുന്നു. കടുത്ത ദാരിദ്ര്യം ഗണ്യമാക്കാതെയുളള അവരുടെ ഔദാര്യം യഥാർഥത്തിൽ അവരുടെ പ്രാപ്തിക്കതീതമായിരുന്നു; ഇനി കൊരിന്ത്യർ ധനികരാകേണ്ടതിനു ദരിദ്രനായിത്തീർന്ന കർത്താവായ യേശുക്രിസ്തുവിനോടുളള അവരുടെ അകൈതവ സ്നേഹത്തിന്റെ ഒരു പ്രകടനമെന്ന നിലയിൽ അവരുടെ ഭാഗത്ത് അതേ തരം കൊടുക്കൽ കാണാൻ അവൻ പ്രത്യാശിക്കുന്നു. അവർക്കുളളതനുസരിച്ചുളള ഈ കൊടുക്കൽ ഒരു സമീകരണത്തിൽ കലാശിക്കും, തന്നിമിത്തം വളരെയധികമുളളവനു കണക്കിലധികം ഉണ്ടായിരിക്കയില്ല, അൽപ്പമുളളവന് തീരെ കുറച്ചും ഉണ്ടായിരിക്കയില്ല. ഈ ദയാപൂർവകമായ ദാനത്തോടുളള ബന്ധത്തിൽ തീത്തൊസും മററു ചിലരും അവരുടെ അടുക്കലേക്ക് അയയ്ക്കപ്പെടുകയാണ്. പൗലൊസ് കൊരിന്ത്യരുടെ ഔദാര്യത്തെയും മനസ്സൊരുക്കത്തെയും കുറിച്ചു പ്രശംസിച്ചുകൊണ്ടാണിരിക്കുന്നത്, സമൃദ്ധമായ ദാനം പൂർത്തിയാക്കുന്നതിലുളള ഏതെങ്കിലും പരാജയം നിമിത്തം അവർ ലജ്ജിതരാകാൻ അവൻ ആഗ്രഹിക്കുന്നില്ല. അതെ, “ധാരാളമായി വിതെക്കുന്നവൻ ധാരാളമായി കൊയ്യും.” അതു ഹൃദയത്തിൽനിന്നായിരിക്കട്ടെ, എന്തുകൊണ്ടെന്നാൽ “സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു.” അവരോടുളള തന്റെ അനർഹദയ പെരുക്കാനും സകലതരം ഔദാര്യത്തിനും അവരെ സമ്പന്നരാക്കാനുംകൂടെ അവൻ പ്രാപ്തനാണ്. “പറഞ്ഞുതീരാത്ത ദാനം നിമിത്തം ദൈവത്തിന്നു സ്തോത്രം.”—9:1, 6, 7, 15.
14. പൗലൊസ് തന്റെ അപ്പോസ്തലത്വത്തിന്റെ തെളിവിലേക്ക് ഏതാശയങ്ങൾ അവതരിപ്പിക്കുന്നു?
14 പൗലൊസ് തന്റെ അപ്പോസ്തലപദവിക്കായി വാദിക്കുന്നു (10:1–13:14). താൻ കാഴ്ചയിൽ എളിയവനാണെന്നു പൗലൊസ് സമ്മതിക്കുന്നു. എന്നാൽ ക്രിസ്ത്യാനികൾ ജഡപ്രകാരം യുദ്ധംചെയ്യുന്നില്ല; അവരുടെ ആയുധങ്ങൾ ആത്മീയമാണ്, ദൈവപരിജ്ഞാനത്തിനെതിരായ ന്യായവാദങ്ങളെ മറിച്ചിടാൻ “ദൈവസന്നിധിയിൽ ശക്തിയുളളവ”യാണ്. (10:4) ചിലർ കാര്യങ്ങളെ മുഖവിലയിൽ മാത്രം കണ്ടുകൊണ്ട് അപ്പോസ്തലന്റെ ലേഖനങ്ങൾ ഘനമുളളവയാണെന്നും എന്നാൽ അവന്റെ സംസാരം നിന്ദ്യമാണെന്നും പറയുന്നു. പൗലൊസിന്റെ പ്രവർത്തനങ്ങൾ അവന്റെ ലേഖനത്തിലെ വാക്കുകൾപോലെതന്നെയായിരിക്കുമെന്ന് അങ്ങനെയുളളവർ അറിയട്ടെ. മററാരുടെയെങ്കിലും പ്രദേശത്തെ നേട്ടങ്ങളെക്കുറിച്ചല്ല പൗലൊസ് പ്രശംസിക്കുന്നതെന്നു കൊരിന്ത്യർ തിരിച്ചറിയണം. അവൻ വ്യക്തിപരമായി അവർക്കു സുവാർത്ത എത്തിച്ചുകൊടുത്തിരിക്കുന്നു. കൂടാതെ, എന്തെങ്കിലും പ്രശംസ വേണമെങ്കിൽ, അതു യഹോവയിൽ ആയിരിക്കട്ടെ.
15. (എ) പൗലൊസ് കളളയപ്പോസ്തലൻമാർക്കെതിരെ ഏതു ദൃഷ്ടാന്തങ്ങളുപയോഗിച്ചു സംസാരിക്കുന്നു? (ബി) പൗലൊസിന്റെ സ്വന്തം രേഖ എന്താണ്?
15 കൊരിന്ത്യസഭയെ ഒരു നിർമല കന്യകയായി സമർപ്പിക്കാനുളള ഉത്തരവാദിത്വം പൗലൊസിനു തോന്നുന്നു. ഹവ്വാ സർപ്പത്തിന്റെ ഉപായത്താൽ വശീകരിക്കപ്പെട്ടതുപോലെ, അവരുടെ മനസ്സുകൾ ദുഷിച്ചുപോയേക്കുമെന്നതിന്റെ അപകടമുണ്ട്. തന്നിമിത്തം പൗലൊസ് കൊരിന്ത്യസഭയിലെ “അതിശ്രേഷ്ഠതയുളള അപ്പോസ്തലൻമാ”ർക്കെതിരെ തുറന്നു സംസാരിക്കുന്നു. (11:5) അവർ കളളയപ്പോസ്തലൻമാരാണ്. സാത്താൻതന്നെയും ഒരു വെളിച്ചദൂതനായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്നു, അതുകൊണ്ട് അവന്റെ ശുശ്രൂഷകൻമാർ അതുതന്നെ ചെയ്യുന്നത് അതിശയമല്ല. എന്നാൽ ക്രിസ്തുവിന്റെ ശുശ്രൂഷകരായിരിക്കുന്നതുസംബന്ധിച്ചു പൗലൊസിന്റെ രേഖയോട് അവർ എങ്ങനെ പൊരുത്തപ്പെടുന്നു? അവൻ വളരെയധികം സഹിച്ചുനിന്നിരിക്കുന്നു: തടവ്, പ്രഹരങ്ങൾ, മൂന്നുപ്രാവശ്യം കപ്പൽച്ചേതം, അനേകം അപകടങ്ങൾ, മിക്കപ്പോഴും ഉറക്കമോ ഭക്ഷണമോ ഇല്ലായ്മ. എന്നിരുന്നാലും ഇതിലെല്ലാം അവനു സഭകളുടെ ആവശ്യങ്ങൾ സംബന്ധിച്ച കാഴ്ചപ്പാട് ഒരിക്കലും നഷ്ടപ്പെട്ടില്ല, ആരെങ്കിലും ഇടറിയപ്പോൾ എല്ലായ്പോഴും രോഷം അനുഭവപ്പെടുകയും ചെയ്തു.
16. (എ) പൗലൊസിന് എന്തിനെക്കുറിച്ചു പ്രശംസിക്കാവുന്നതാണ്, എന്നാൽ അവൻ തന്റെ ദൗർബല്യങ്ങളെക്കുറിച്ചു സംസാരിക്കാനിഷ്ടപ്പെടുന്നത് എന്തുകൊണ്ട്? (ബി) പൗലൊസ് തന്റെ അപ്പോസ്തലത്വത്തിന്റെ തെളിവുകൾ ഹാജരാക്കിയിരിക്കുന്നത് എങ്ങനെ?
16 അതുകൊണ്ട് ആർക്കെങ്കിലും പ്രശംസിക്കാൻ കാരണമുണ്ടെങ്കിൽ, അതു പൗലൊസിനാണുളളത്. കൊരിന്തിലെ നാമധേയ അപ്പോസ്തലൻമാർക്കു പറുദീസയിലേക്ക് എടുക്കപ്പെട്ടതിനെക്കുറിച്ച്, ഉച്ചരിച്ചുകൂടാത്ത കാര്യങ്ങൾ കേട്ടതിനെക്കുറിച്ച്, പറയാൻ കഴിയുമോ? എന്നിരുന്നാലും, പൗലൊസ് അവന്റെ ദൗർബല്യങ്ങളെക്കുറിച്ചു പറയുന്നു. അമിതമായി നിഗളിക്കാതിരിക്കേണ്ടതിന് അവന്നു “ജഡത്തിൽ ഒരു ശൂലം” കൊടുക്കപ്പെട്ടു. അതു നീക്കംചെയ്യണമെന്നു പൗലൊസ് അഭ്യർഥിച്ചു, എന്നാൽ “എന്റെ കൃപ നിനക്കു മതി” എന്ന് അവനോടു പറയപ്പെട്ടു. “ക്രിസ്തുവിന്റെ ശക്തി” ഒരു കൂടാരംപോലെ തന്റെമേൽ സ്ഥിതിചെയ്യേണ്ടതിനു പൗലൊസ് തന്റെ ദൗർബല്യങ്ങളെക്കുറിച്ച് ഏറെ പ്രശംസിക്കും. (12:7, 9) ഇല്ല, പൗലൊസ് “അതിശ്രേഷ്ഠതയുളള അപ്പോസ്തലൻമാരെ”ക്കാൾ കുറഞ്ഞവനാണെന്നു തെളിഞ്ഞിരുന്നില്ല, അവൻ “പൂർണ്ണ സഹിഷ്ണുതയിലും അടയാളങ്ങളാലും അത്ഭുതങ്ങളാലും വീര്യപ്രവൃത്തികളാലും” തങ്ങളുടെ ഇടയിൽ ഉളവാക്കിയ അപ്പോസ്തലത്വത്തിന്റെ തെളിവ് കൊരിന്ത്യർ കണ്ടിരിക്കുന്നു. അവൻ അവരുടെ സ്വത്തുക്കൾ അന്വേഷിക്കുകയല്ലായിരുന്നു, തീത്തൊസും അവൻ അയച്ച മററു സഹപ്രവർത്തകരും അവരിൽനിന്നു മുതലെടുക്കാഞ്ഞതുപോലെതന്നെ.—12:11, 12.
17. കൊരിന്ത്യർക്കു പൗലൊസ് ഏത് അന്തിമ ബുദ്ധ്യുപദേശം കൊടുക്കുന്നു?
17 സകലവും അവരുടെ പരിപോഷണത്തിനുവേണ്ടിയാണ്. എന്നിരുന്നാലും, താൻ കൊരിന്തിൽ വന്നെത്തുമ്പോൾ ജഡത്തിന്റെ പ്രവൃത്തികൾസംബന്ധിച്ച് അനുതപിച്ചിട്ടില്ലാത്ത ചിലരെ കണ്ടെത്തുമോയെന്ന ഭയം പൗലൊസ് പ്രകടമാക്കുന്നു. താൻ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ആരെയും വെറുതെ വിടുകയില്ലെന്നും അവൻ പാപികൾക്കു മുന്നമേ അറിയിപ്പു കൊടുക്കുന്നു. തങ്ങൾ യേശുക്രിസ്തുവിനോടുളള ഐക്യത്തിൽ വിശ്വാസത്തിലാണോയെന്നു പരിശോധിക്കാൻ അവൻ സഭയിലെ എല്ലാവരെയും ബുദ്ധ്യുപദേശിക്കുന്നു. പൗലൊസും തിമൊഥെയൊസും അവർക്കുവേണ്ടി ദൈവത്തോടു പ്രാർഥിക്കും. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ദൈവം അവരോടുകൂടെയിരിക്കേണ്ടതിനു സന്തോഷിക്കാനും ഐക്യത്തിൽ യഥാസ്ഥാനപ്പെടാനും അവൻ അവരെ ഉദ്ബോധിപ്പിക്കുന്നു, വിശുദ്ധൻമാരിൽനിന്നുളള അഭിവാദനങ്ങളും അവരുടെ ആത്മീയാനുഗ്രഹങ്ങൾക്കുവേണ്ടിയുളള സ്വന്തം അഭിലാഷവും അയച്ചുകൊണ്ട് ഉപസംഹരിക്കുകയും ചെയ്യുന്നു.
എന്തുകൊണ്ടു പ്രയോജനപ്രദം
18. ക്രിസ്ത്യാനികൾ ശുശ്രൂഷയെക്കുറിച്ച് ഏതു ശരിയായ വീക്ഷണം കൈക്കൊളളണം?
18 രണ്ടു കൊരിന്ത്യരിൽ പ്രകടിതമായിരിക്കുന്നപ്രകാരം ക്രിസ്തീയശുശ്രൂഷയോടുളള പൗലൊസിന്റെ വിലമതിപ്പ് എത്ര ഉത്തേജകവും പ്രോത്സാഹജനകവുമാണ്! നമുക്ക് അവൻ വീക്ഷിച്ചതുപോലെതന്നെ അതിനെ വീക്ഷിക്കാം. ദൈവത്താൽ വേണ്ടത്ര യോഗ്യനാക്കപ്പെടുന്ന ക്രിസ്തീയ ശുശ്രൂഷകൻ വചനത്തിന്റെ നടത്തക്കച്ചവടക്കാരനല്ല, പിന്നെയോ ആത്മാർഥതയിൽനിന്നു സേവിക്കുന്നവനാണ്. ഏതെങ്കിലും എഴുതപ്പെട്ട രേഖയല്ല അവനെ സ്വീകാര്യനാക്കുന്നത്, പിന്നെയോ അയാൾ ശുശ്രൂഷയിൽ കായിക്കുന്ന ഫലമാണ്. എന്നിരുന്നാലും ശുശ്രൂഷ തീർച്ചയായും മഹത്ത്വമാർന്നതാണെങ്കിലും അവനു പൊങ്ങച്ചം കാട്ടാൻ കാരണമില്ല. അപൂർണമനുഷ്യരെന്ന നിലയിൽ ദൈവദാസൻമാർക്കു ദുർബല മൺപാത്രങ്ങളിലാണ് ഈ സേവനനിക്ഷേപമുളളത്, ശക്തി ദൈവത്തിന്റേതാണെന്നു വ്യക്തമായി കാണാൻതന്നെ. അതുകൊണ്ട്, ഇതു ദൈവശുശ്രൂഷകരായിരിക്കുന്ന പദവി സ്വീകരിക്കുന്നതിൽ താഴ്മ ആവശ്യമാക്കിത്തീർക്കുന്നു, ‘ക്രിസ്തുവിനു പകരം സ്ഥാനാപതി’കളായി സേവിക്കുന്നതു ദൈവത്തിൽനിന്നുളള എന്തൊരു അനർഹദയയാണ്! അപ്പോൾ “ദൈവത്തിന്റെ കൃപ ലഭിച്ചതു വ്യർത്ഥമായിത്തീരരുത്” എന്ന പൗലൊസിന്റെ ഉദ്ബോധനം എത്ര ഉചിതമാണ്!—2:14-17; 3:1-5; 4:7; 5:18-20; 6:1.
19. പൗലൊസ് ഇന്നത്തെ ക്രിസ്തീയശുശ്രൂഷകർക്ക്, വിശേഷാൽ മേൽവിചാരകൻമാർക്ക്, ഏതു വിവിധ വിധങ്ങളിൽ മുന്തിയ മാതൃക വെച്ചു?
19 തീർച്ചയായും ക്രിസ്തീയ ശുശ്രൂഷകർക്ക് അനുകരിക്കാൻ വിശിഷ്ടമായ ഒരു മാതൃകയാണു പൗലൊസ് വെച്ചത്. ഒരു സംഗതി പറഞ്ഞാൽ, അവൻ നിശ്വസ്ത എബ്രായ തിരുവെഴുത്തുകളെ വിലമതിക്കുകയും പഠിക്കുകയും ചെയ്തു, ആവർത്തിച്ച് അവയിൽനിന്ന് ഉദ്ധരിക്കുകയും സൂചിപ്പിക്കുകയും ബാധകമാക്കുകയും ചെയ്തു. (2 കൊരി. 6:2, 16-18; 7:1; 8:15; 9:9; 13:1; യെശ. 49:8; ലേവ്യ. 26:12; യെശ. 52:11; യെഹെ. 20:41; 2 ശമൂ. 7:14; ഹോശേ. 1:10) മാത്രവുമല്ല, ഒരു മേൽവിചാരകനെന്ന നിലയിൽ അവൻ ആട്ടിൻകൂട്ടത്തോട് അഗാധമായ താത്പര്യം പ്രകടമാക്കുകയും “ഞാൻ അതിസന്തോഷത്തോടെ നിങ്ങളുടെ ജീവന്നു വേണ്ടി ചെലവിടുകയും ചെലവായിപ്പോകയും ചെയ്യും” എന്നു പറയുകയും ചെയ്തു. രേഖ വ്യക്തമായി പ്രകടമാക്കുന്നതുപോലെ, അവൻ സഹോദരൻമാർക്കുവേണ്ടി തന്നേത്തന്നെ മുഴുവനായി അർപ്പിച്ചു. (2 കൊരി. 12:15; 6:3-10) അവൻ പഠിപ്പിക്കുകയും പ്രബോധിപ്പിക്കുകയും കൊരിന്ത്യസഭയിലെ കാര്യങ്ങൾ നേരെയാക്കുകയും ചെയ്യവേ അക്ഷീണം അധ്വാനിക്കുകയായിരുന്നു. കൊരിന്ത്യരോട്, “ഇണയല്ലാപ്പിണ കൂടരുതു” എന്നു പറഞ്ഞുകൊണ്ട് അവൻ ഇരുളിനോടുളള കൂട്ടായ്മയ്ക്കെതിരെ വ്യക്തമായി മുന്നറിയിപ്പു നൽകി. അവരോടുളള അവന്റെ സ്നേഹപൂർവകമായ താത്പര്യം നിമിത്തം “സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ” അവരുടെ മനസ്സുകൾ ദുഷിക്കുന്നതു കാണാൻ അവൻ ആഗ്രഹിച്ചില്ല. അതുകൊണ്ട്, “വിശ്വാസത്തിൽ ഇരിക്കുന്നുവോ എന്നു നിങ്ങളെത്തന്നേ പരീക്ഷിപ്പിൻ” എന്ന് അവൻ ഹൃദയപൂർവം ബുദ്ധ്യുപദേശിച്ചു. “സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു” എന്നു പറഞ്ഞുകൊണ്ട് അവൻ ക്രിസ്തീയ ഔദാര്യത്തിന് അവരെ പ്രചോദിപ്പിച്ചു. ദൈവത്തിന്റെ അവർണനീയമായ സൗജന്യദാനം നിമിത്തം അവൻതന്നെ ഏററവും വിലമതിപ്പോടുകൂടിയ നന്ദി ദൈവത്തിനു കൊടുത്തു. സത്യമായി കൊരിന്തിലെ അവന്റെ സഹോദരൻമാർ പൗലൊസിന്റെ ഹൃദയമാകുന്ന മാംസപ്പലകയിൽ ആലേഖനംചെയ്യപ്പെട്ടു. അവരുടെ താത്പര്യങ്ങൾക്കുളള അവന്റെ ധാരാളമായ സേവനം തീക്ഷ്ണതയുളള, നല്ല ഉണർവുളള ഒരു മേൽവിചാരകന്റെ മുഴു ലക്ഷണവുമായിരുന്നു. നമുക്ക് ഇന്ന് എത്ര മുന്തിയ മാതൃക!—6:14; 11:3; 13:5; 9:7, 15; 3:2.
20. (എ) പൗലൊസ് നമ്മുടെ മനസ്സുകളെ ശരിയായ ദിശയിൽ ഉറപ്പിക്കുന്നത് എങ്ങനെ? (ബി) രണ്ടു കൊരിന്ത്യർ ഏതു മഹത്തായ പ്രത്യാശയിലേക്കു വിരൽചൂണ്ടുന്നു?
20 പീഡാനുഭവസമയത്തെ ശക്തിയുടെ യഥാർഥ ഉറവെന്ന നിലയിൽ “മനസ്സലിവുളള പിതാവും സർവ്വാശ്വാസവും നൽകുന്ന ദൈവവു”മായവനിലേക്കു വിരൽചൂണ്ടുന്നതിനാൽ അപ്പോസ്തലനായ പൗലൊസ് നമ്മുടെ മനസ്സിനെ യഥാർഥ ദിശയിൽ നിർത്തുന്നു. തന്റെ പുതിയ ലോകത്തിലേക്കുളള രക്ഷക്കുവേണ്ടി നാം സഹിച്ചുനിൽക്കേണ്ടതിനു ‘നമുക്കുളള കഷ്ടത്തിലൊക്കെയും നമ്മെ ആശ്വസിപ്പിക്കുന്നത്’ അവനാണ്. “കൈപ്പണിയല്ലാത്ത നിത്യഭവനമായി ദൈവത്തിന്റെ ദാനമായോരു കെട്ടിടം . . . സ്വർഗ്ഗത്തിൽ” ഉണ്ടെന്നുളള മഹത്തായ പ്രത്യാശയിലേക്കും പൗലൊസ് വിരൽചൂണ്ടുകയും “ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ അതു പുതുതായി തീർന്നിരിക്കുന്നു” എന്നു പറയുകയും ചെയ്യുന്നു. തീർച്ചയായും രണ്ടു കൊരിന്ത്യരിൽ, പൗലൊസിനെപ്പോലെ സ്വർഗീയരാജ്യത്തെ അവകാശപ്പെടുത്തുന്നവർക്കുവേണ്ടിയുളള അത്ഭുതകരമായ ഉറപ്പിന്റെ വാക്കുകൾ അടങ്ങിയിരിക്കുന്നു.—1:3, 4; 5:1, 17.
[അധ്യയന ചോദ്യങ്ങൾ]