ബൈബിൾ പുസ്തക നമ്പർ 49—എഫെസ്യർ
ബൈബിൾ പുസ്തക നമ്പർ 49—എഫെസ്യർ
എഴുത്തുകാരൻ: പൗലൊസ്
എഴുതിയ സ്ഥലം: റോം
എഴുത്തു പൂർത്തിയായത്: പൊ.യു. ഏകദേശം 60-61
1. എപ്പോൾ, ഏതു സാഹചര്യങ്ങളിൽ പൗലൊസ് എഫെസ്യർക്കുളള തന്റെ ലേഖനം എഴുതി?
നിങ്ങൾ തടവിലാണെന്നു സങ്കൽപ്പിക്കുക. ഒരു ക്രിസ്തീയ മിഷനറിയെന്ന നിലയിലുളള നിങ്ങളുടെ തീക്ഷ്ണമായ പ്രവർത്തനം നിമിത്തം പീഡിപ്പിക്കപ്പെടുന്നതുകൊണ്ടാണു നിങ്ങൾ അവിടെയായിരിക്കുന്നത്. ഇപ്പോൾ നിങ്ങൾക്കു യാത്രചെയ്യാനും സഭകളെ സന്ദർശിച്ച് അവയെ ശക്തീകരിക്കാനും കഴിയാത്തതിനാൽ നിങ്ങൾ എന്തു ചെയ്യാൻ പോകുകയാണ്? നിങ്ങളുടെ പ്രസംഗവേലയാൽ ക്രിസ്ത്യാനികളായിത്തീർന്നവർക്ക് എഴുത്തുകൾ എഴുതരുതോ? ഒരുപക്ഷേ, നിങ്ങൾക്ക് എങ്ങനെയുണ്ടെന്ന് അറിയാൻ അവർ ആഗ്രഹിക്കുകയില്ലേ? ഒരുപക്ഷേ അവർക്കു പ്രോത്സാഹനത്തിന്റെ ആവശ്യമില്ലേ? തീർച്ചയായും ഉണ്ട്! അങ്ങനെ നിങ്ങൾ എഴുതാൻ തുടങ്ങുന്നു. അപ്പോസ്തലനായ പൗലൊസ് പൊ.യു. ഏതാണ്ട് 59-61-ൽ ആദ്യമായി റോമിൽ തടവിലാക്കപ്പെട്ടപ്പോൾ ചെയ്തതുതന്നെയാണു നിങ്ങൾ ചെയ്യുന്നത്. അവൻ കൈസർക്ക് അപ്പീൽ കൊടുത്തിരുന്നു. കാവലിൻകീഴിൽ വിചാരണ കാത്തിരിക്കുകയായിരുന്നെങ്കിലും അവനു കുറെ പ്രവർത്തന സ്വാതന്ത്ര്യമുണ്ടായിരുന്നു. പൗലൊസ് ഒരുപക്ഷേ പൊ.യു. 60-ലോ 61-ലോ റോമിൽനിന്ന് എഫെസ്യർക്കുളള തന്റെ ലേഖനമെഴുതി ഒനേസിമൂസിനോടുകൂടെയുണ്ടായിരുന്ന തിഹിക്കോസ്വശം കൊടുത്തയച്ചു.—എഫെ. 6:21; കൊലൊ. 4:7-9.
2, 3. എഫെസ്യർ പൗലൊസ് എഴുതിയെന്നതിനെയും അതേസമയം അതിന്റെ കാനോനികതയെയും നിസ്തർക്കമായി തെളിയിക്കുന്നത് എന്ത്?
2 പൗലൊസ് ആദ്യവാചകത്തിൽത്തന്നെ തന്നെ തിരിച്ചറിയിക്കുകയും നാലുപ്രാവശ്യം തന്നെ ‘കർത്താവിൽ ബദ്ധൻ’ എന്നു പരാമർശിക്കുകയും അല്ലെങ്കിൽ സൂചിപ്പിക്കുകയും ചെയ്യുന്നു. (എഫെ. 1:1; 3:1, 13; 4:1; 6:20) എഴുത്തുകാരൻ പൗലൊസാണെന്നുളളതിനെതിരായ വാദങ്ങൾ പൊളിഞ്ഞുപോയിരിക്കുന്നു. പൊ.യു. ഏതാണ്ട് 200 മുതലുളളതെന്നു വിശ്വസിക്കപ്പെടുന്ന ചെസ്ററർ ബീററി പപ്പൈറസ് നമ്പർ 2-ന് (P46) പൗലൊസിന്റെ ലേഖനങ്ങൾ അടങ്ങിയ ഒരു കൈയെഴുത്തു പുസ്തകത്തിൽനിന്നുളള 86 താളുകൾ ഉണ്ട്. അവയുടെ കൂട്ടത്തിൽ എഫെസ്യർക്കുളള ലേഖനവുമുണ്ട്, അങ്ങനെ അത് അക്കാലത്ത് അവന്റെ ലേഖനങ്ങളിൽ ഉൾപ്പെടുത്തപ്പെട്ടതായി പ്രകടമാകുന്നു.
3 ഈ ലേഖനം പൗലൊസ് എഴുതിയെന്നും അത് “എഫെസ്യർക്കുളള”തായിരുന്നുവെന്നും ആദ്യകാല സഭാ എഴുത്തുകാർ സ്ഥിരീകരിക്കുന്നു. ദൃഷ്ടാന്തത്തിന്, പൊ.യു. രണ്ടാം നൂററാണ്ടിലെ ഐറേനിയസ്, പിൻവരുന്നപ്രകാരം എഫെസ്യർ 5:30 ഉദ്ധരിച്ചു: “നാം അവന്റെ ശരീരത്തിന്റെ അവയവങ്ങളാകുന്നുവെന്നു വാഴ്ത്തപ്പെട്ട പൗലൊസ് എഫെസ്യർക്കുളള ലേഖനത്തിൽ പറയുന്നപ്രകാരം.” അതേ കാലഘട്ടത്തിൽത്തന്നെയുളള അലക്സാണ്ട്രിയയിലെ ക്ലെമൻറ്, “അതുകൊണ്ട് എഫെസ്യർക്കുളള ലേഖനത്തിലും ദൈവഭയത്തിൽ അന്യോന്യം കീഴ്പ്പെട്ടിരിക്കുക എന്ന് അവൻ എഴുതുന്നു” എന്നു റിപ്പോർട്ടുചെയ്തുകൊണ്ട് എഫെസ്യർ 5:21 ഉദ്ധരിച്ചു. പൊ.യു. മൂന്നാം നൂററാണ്ടിന്റെ ആദ്യ പകുതിയിൽ എഴുതിയ ഓറിജൻ “എന്നാൽ എഫെസ്യർക്കുളള ലേഖനത്തിൽ ലോകസ്ഥാപനത്തിനുമുമ്പേ നമ്മെ തെരഞ്ഞെടുത്തവൻ എന്നു പറയുമ്പോൾ അപ്പോസ്തലനും അതേ ഭാഷ ഉപയോഗിക്കുന്നു” a എന്നു പറഞ്ഞപ്പോൾ എഫെസ്യർ 1:4 ഉദ്ധരിച്ചു. ആദിമ ക്രിസ്തീയ ചരിത്രത്തിന്റെ മറെറാരു പ്രാമാണികനായ യൂസേബിയസ് (പൊ.യു. ഏകദേശം 260-342) എഫെസ്യരെ ബൈബിൾകാനോനിൽ ഉൾപ്പെടുത്തുന്നു, ആദിമസഭാ എഴുത്തുകാരിൽ മിക്കവരും നിശ്വസ്ത തിരുവെഴുത്തുകളുടെ ഭാഗമെന്ന നിലയിൽ എഫെസ്യരെ പരാമർശിക്കുന്നു. b
4. എഫെസ്യർ മററാരെയോ സംബോധനചെയ്യുന്നതാണെന്നു ചിലർ നിഗമനംചെയ്യാൻ ഇടയാക്കിയിരിക്കുന്നത് എന്ത്, എന്നാൽ ലേഖനം എഫേസൂസിലാണ് എത്തേണ്ടിയിരുന്നതെന്നുളളതിനെ ഏതു തെളിവു പിന്താങ്ങുന്നു?
4 ചെസ്ററർ ബീററി പപ്പൈറസും വത്തിക്കാൻ കൈയെഴുത്തുപ്രതി നമ്പർ 1209-ഉം സൈനാററിക് കൈയെഴുത്തുപ്രതിയും അധ്യായം 1, വാക്യം 1-ലെ “എഫേസൂസിൽ ഉളള” എന്ന വാക്കുകൾ വിട്ടുകളയുന്നു, അങ്ങനെ ലേഖനം ചെന്നെത്തേണ്ട സ്ഥലം സൂചിപ്പിക്കുന്നില്ല. ഈ വസ്തുതയും ഒപ്പം എഫേസൂസിലെ വ്യക്തികൾക്കുളള അഭിവാദ്യങ്ങളുടെ അഭാവവും (അവിടെ പൗലൊസ് മൂന്നുവർഷം അധ്വാനിച്ചെങ്കിലും) ലേഖനം വേറെയാരെയെങ്കിലും സംബോധനചെയ്യുന്നതായിരിക്കാമെന്നോ കുറഞ്ഞപക്ഷം എഫേസൂസ് ഉൾപ്പെടെ ഏഷ്യാമൈനറിലെ പല സഭകൾക്കുളള ഒരു ചാക്രികലേഖനമായിരിക്കാമെന്നോ നിഗമനംചെയ്യുന്നതിലേക്കു ചിലരെ നയിച്ചിട്ടുണ്ട്. എന്നിരുന്നാലും, മററു മിക്ക കൈയെഴുത്തുപ്രതികളും “എഫേസൂസിൽ ഉളള” എന്ന വാക്കുകൾ ഉൾപ്പെടുത്തുന്നു. നാം മുകളിൽ ശ്രദ്ധിച്ചതുപോലെ, ആദിമ സഭാ എഴുത്തുകാർ എഫെസ്യർക്കുളള ഒരു ലേഖനമായി അതിനെ സ്വീകരിച്ചു.
5. പൗലൊസിന്റെ നാളിലെ എഫേസൂസിനെക്കുറിച്ചു ശ്രദ്ധാർഹമായിരുന്നത് എന്ത്?
5 ചില പശ്ചാത്തല വിവരങ്ങൾ ഈ ലേഖനത്തിന്റെ ഉദ്ദേശ്യം മനസ്സിലാക്കാൻ നമ്മെ സഹായിക്കും. പൊതുയുഗത്തിന്റെ ഒന്നാം നൂററാണ്ടിൽ എഫേസൂസ് അതിലെ ക്ഷുദ്രപ്രയോഗവും മന്ത്രവാദവും ജ്യോതിഷവും ഫലപുഷ്ടിദേവതയായ അർത്തേമിസിന്റെ c ആരാധനയും സംബന്ധിച്ചു കീർത്തിപ്പെട്ടതായിരുന്നു. ഈ ദേവതയുടെ പ്രതിമക്കു ചുററുമായി ഒരു മഹനീയമായ ക്ഷേത്രം പണിതുയർത്തിയിരുന്നു, അതു പുരാതനകാലത്തെ ഏഴ് അതിശയങ്ങളിലൊന്നായി കരുതപ്പെട്ടിരുന്നു. 19-ാം നൂററാണ്ടിൽ ഈ സ്ഥലത്തു നടന്ന ഖനനങ്ങളനുസരിച്ച്, 73 മീററർ വീതിയും 127 മീററർ നീളവുമുളള ഒരു പ്ലാററ്ഫോറത്തിൻമേലായിരുന്നു ഈ ക്ഷേത്രം പണിയപ്പെട്ടിരുന്നത്. ആലയത്തിനുതന്നേ 50 മീററർ വീതിയും 105 മീററർ നീളവുമുണ്ടായിരുന്നു. അതിൽ 100 മാർബിൾ തൂണുകൾ ഉണ്ടായിരുന്നു, ഓരോന്നിനും 17 മീററർ ഉയരവുമുണ്ടായിരുന്നു. മേൽക്കൂര വലിയ വെളള മാർബിൾ പാളികൾ പാകിയതായിരുന്നു. മാർബിൾകട്ടകളുടെ ചേർപ്പിങ്കൽ കുമ്മായത്തിനുപകരം സ്വർണം ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. ഈ ആലയം ലോകമെമ്പാടുംനിന്നുളള വിനോദസഞ്ചാരികളെ ആകർഷിച്ചിരുന്നു. ശതസഹസ്രക്കണക്കിനു സന്ദർശകർ ഉത്സവവേളകളിൽ നഗരത്തിൽ തടിച്ചുകൂടുമായിരുന്നു. എഫേസൂസിലെ തട്ടാൻമാർ തീർഥാടകർക്കു സ്മരണികകളെന്ന നിലയിൽ അർത്തേമിസിന്റെ വെളളികൊണ്ടുളള ക്ഷേത്രരൂപങ്ങൾ വിൽക്കുന്ന ലാഭകരമായ ഒരു തൊഴിൽ നടത്തിപ്പോന്നു.
6. എഫേസൂസിലെ പൗലൊസിന്റെ പ്രവർത്തനത്തിന്റെ വ്യാപ്തി എത്രത്തോളമായിരുന്നു?
6 പൗലൊസ് തന്റെ രണ്ടാമത്തെ മിഷനറിയാത്രയിൽ ഒരു ഹ്രസ്വ പ്രസംഗസന്ദർശനത്തിന് എഫേസൂസിൽ ഇറങ്ങിയിരുന്നു, പിന്നീടു വേല തുടരുന്നതിന് അക്വിലായെയും പ്രിസ്കില്ലയെയും അവിടെ വിട്ടു. (പ്രവൃ. 18:18-21) അവൻ മൂന്നാമത്തെ മിഷനറിയാത്രയിൽ തിരിച്ചുചെന്ന് അനേകരോടു “മാർഗ”ത്തെക്കുറിച്ചു പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്തുകൊണ്ട് ഏതാണ്ടു മൂന്നു വർഷം അവിടെ പാർത്തു. (പ്രവൃ. 19:8-10; 20:31) എഫേസൂസിലായിരുന്നപ്പോൾ പൗലൊസ് കഠിനവേല ചെയ്തു. ബൈബിൾകാലങ്ങളിലെ അനുദിനജീവിതം (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ ഏ. ഈ. ബയ്ലി എഴുതുന്നു: “പൗലൊസിന്റെ സാധാരണപതിവ് സൂര്യനുദിക്കുമ്പോൾമുതൽ തുറന്നോസ് തന്റെ പഠിപ്പിക്കൽ പൂർത്തിയാക്കുന്ന സമയമായ രാവിലെ 11 മണിവരെ തന്റെ തൊഴിലിൽ ഏർപ്പെടുക എന്നതായിരുന്നു; (പ്രവൃ. 20:34, 35) പിന്നെ രാവിലെ 11 മണിമുതൽ വൈകുന്നേരം 4 മണിവരെ മണ്ഡപത്തിൽ പ്രസംഗിക്കുകയും സഹായികളുമായി കോൺഫറൻസുകൾ നടത്തുകയും ചെയ്യുന്നു, . . . പിന്നീട് ഒടുവിൽ വൈകുന്നേരം 4 മണിമുതൽ രാത്രി വളരെയാകുന്നതുവരെ വീടുതോറുമുളള സുവിശേഷീകരണ പ്രചരണം നടത്തുന്നു. (പ്രവൃ. 20:20, 21, 31) അവൻ ഭക്ഷിക്കുന്നതിനും ഉറങ്ങുന്നതിനും എപ്പോൾ സമയം കണ്ടെത്തിയെന്ന് ഒരുവൻ അതിശയിക്കുന്നു.”—1943, പേജ് 308.
7. പൗലൊസിന്റെ തീക്ഷ്ണമായ പ്രസംഗത്തിൽനിന്ന് എന്തു ഫലമുണ്ടായി?
7 ഈ തീക്ഷ്ണമായ പ്രസംഗത്തിനിടയിൽ ആരാധനയിലെ പ്രതിമകളുടെ ഉപയോഗത്തെ പൗലൊസ് തുറന്നുകാട്ടി. ഇതു തട്ടാനായ ദെമത്രിയോസിനെപ്പോലെ അവയെ നിർമിക്കുകയും വിൽക്കുകയും ചെയ്യുന്നവരുടെ ക്രോധം ജ്വലിപ്പിച്ചു. ഈ ബഹളത്തിൽ ഒടുവിൽ പൗലൊസ് നഗരം വിട്ടുപോകേണ്ടിവന്നു.—പ്രവൃ. 19:23–20:1.
8. എഫെസ്യർക്കുളള പൗലൊസിന്റെ ലേഖനം ഏത് ആശയങ്ങൾ സംബന്ധിച്ച് ഏററവും കാലോചിതമായിരുന്നു?
8 ഇപ്പോൾ തടവിൽ കിടക്കെ, പുറജാതീയാരാധകരാൽ ചുററപ്പെട്ട് അർത്തേമിസിന്റെ ഭയാവഹമായ ക്ഷേത്രത്തിന്റെ നിഴലിലായിരുന്ന എഫെസ്യസഭ അഭിമുഖീകരിച്ച പ്രശ്നങ്ങളെക്കുറിച്ചു പൗലൊസ് ചിന്തിക്കുകയാണ്. യഹോവ തന്റെ ആത്മാവിനാൽ വസിക്കുന്ന “ഒരു വിശുദ്ധമന്ദിര”മാണ് ഈ അഭിഷിക്തക്രിസ്ത്യാനികളെന്നു പ്രകടമാക്കിക്കൊണ്ടു പൗലൊസ് ഇപ്പോൾ അവർക്കു നൽകുന്ന ഉചിതമായ ദൃഷ്ടാന്തം അവർക്കാവശ്യമായിരുന്നുവെന്നതിനു സംശയം വേണ്ട. (എഫെ. 2:21) യേശുക്രിസ്തു മുഖേന ഐക്യവും സമാധാനവും പുനഃസ്ഥാപിക്കുന്നതിനുളള ദൈവത്തിന്റെ ഉപാധിയായ അവന്റെ ഭരണനിർവഹണം (തന്റെ വീട്ടുകാര്യങ്ങൾ നടത്തുന്ന രീതി) സംബന്ധിച്ച് എഫെസ്യർക്കു വെളിപ്പെടുത്തപ്പെടുന്ന “പാവനരഹസ്യം” നിസ്സംശയമായി അവർക്ക് ഒരു വലിയ പ്രചോദനവും ആശ്വാസവുമായിരുന്നു. (1:9, 10, NW) ക്രിസ്തുവിലെ യഹൂദന്റെയും യവനന്റെയും ഐക്യത്തെ പൗലൊസ് ഊന്നിപ്പറയുന്നു. അവൻ ഒരുമ, ഐക്യം, നേടാൻ ഉദ്ബോധിപ്പിക്കുന്നു. അങ്ങനെ, ഈ പുസ്തകത്തിന്റെ ഉദ്ദേശ്യവും മൂല്യവും പ്രസ്പഷ്ടമായ നിശ്വസ്തതയും നമുക്ക് ഇപ്പോൾ വിലമതിക്കാൻ കഴിയും.
എഫെസ്യരുടെ ഉളളടക്കം
9. ദൈവം തന്റെ സ്നേഹത്തെ പെരുക്കിയിരിക്കുന്നത് എങ്ങനെ, പൗലൊസിന്റെ പ്രാർഥന എന്താണ്?
9 ക്രിസ്തുമുഖേന ഐക്യം കൈവരുത്തുന്നതിനുളള ദൈവത്തിന്റെ ഉദ്ദേശ്യം (1:1–2:22). അപ്പോസ്തലനായ പൗലൊസ് അഭിവാദ്യങ്ങൾ അർപ്പിക്കുന്നു. ദൈവം തന്റെ മഹത്തായ അനർഹദയ നിമിത്തം വാഴ്ത്തപ്പെടണം. ഇതിന്, അവരെ അവൻ യേശുക്രിസ്തുവിനോടുളള ഐക്യത്തിലായിരിക്കുന്നതിനു തിരഞ്ഞെടുക്കുന്നതിനോടു ബന്ധമുണ്ട്. അവൻ മുഖാന്തരം അവർക്ക് അവന്റെ രക്തത്താൽ മറുവിലയിലൂടെയുളള വിടുതലുണ്ട്. കൂടാതെ, തന്റെ ഇഷ്ടത്തിന്റെ പാവനരഹസ്യം അവരെ അറിയിച്ചുകൊണ്ടു ദൈവം അവരോടുളള തന്റെ സ്നേഹം പെരുകാനിടയാക്കിയിരിക്കുന്നു. എന്തുകൊണ്ടെന്നാൽ ‘എല്ലാം പിന്നെയും ക്രിസ്തുവിൽ ഒന്നായിച്ചേർക്കുന്നതിനുളള’ ഒരു ഭരണനിർവഹണം അവൻ ഉദ്ദേശിച്ചിരിക്കുന്നു, ക്രിസ്തുവിനോടുളള ഐക്യത്തിലാണ് അവരും അവകാശികളായി നിയമിതരായത്. (1:10) ഇതിന്റെ ഒരു അച്ചാരമായി അവർ പരിശുദ്ധാത്മാവിനാൽ മുദ്രയിടപ്പെട്ടിരിക്കുന്നു. അവർ വിളിക്കപ്പെട്ടിരിക്കുന്ന പ്രത്യാശയെക്കുറിച്ച് അവർക്കു ദൃഢമായ ബോധ്യമുണ്ടാകണമെന്നും ക്രിസ്തുവിനെ ഉയിർപ്പിക്കുകയും ഏതു ഭരണകൂടത്തിനും അധികാരത്തിനും വളരെ മീതെ അവനെ ആക്കിവെക്കുകയും സഭക്കുളള സകലത്തിന്റെയും മേൽ അവനെ ശിരസ്സാക്കിവെക്കുകയും ചെയ്തതിൽ ദൈവം ഉപയോഗിച്ച അതേ ശക്തി അവർക്കായും ഉപയോഗിക്കുമെന്ന് അവർ തിരിച്ചറിയണമെന്നുമാണ് അവന്റെ പ്രാർഥന.
10. എഫെസ്യർ എങ്ങനെ “വിശുദ്ധൻമാരുടെ സഹപൗരൻമാ”രായിത്തീർന്നിരിക്കുന്നു?
10 അവർ ലംഘനങ്ങളിലും പാപങ്ങളിലും മരിച്ചവരായിരുന്നിട്ടും ദൈവം തന്റെ കരുണാധിക്യത്താലും വലിയ സ്നേഹത്താലും അവരെ ജീവിപ്പിക്കുകയും ‘ക്രിസ്തുയേശുവിനോടുകൂടെ സ്വർഗ്ഗത്തിൽ’ ഒരുമിച്ച് ഇരുത്തുകയും ചെയ്തിരിക്കുന്നു. (2:6) ഇതെല്ലാം അനർഹദയയും വിശ്വാസവും നിമിത്തമാണ്, അല്ലാതെ അവരുടെ സ്വന്തമായ ഏതെങ്കിലും പ്രവൃത്തികളുടെ ഫലമല്ല. വിജാതീയരെ യഹൂദൻമാരിൽനിന്ന് അകററിനിർത്തിയിരുന്ന കൽപ്പനകളടങ്ങിയ ന്യായപ്രമാണ ചുവർ ഇടിച്ചുകളഞ്ഞ ക്രിസ്തു അവരുടെ സമാധാനമാണ്. ഇപ്പോൾ ഇരു ജനങ്ങൾക്കും ക്രിസ്തുമുഖേന പിതാവിലേക്കു പ്രവേശനമുണ്ട്. അതുകൊണ്ട് എഫെസ്യർ മേലാൽ അന്യരല്ല, എന്നാൽ അവർ ‘വിശുദ്ധൻമാരുടെ സഹപൗരൻമാരാണ്,’ യഹോവക്ക് ആത്മാവിനാൽ വസിക്കാനുളള ഒരു വിശുദ്ധമന്ദിരമായി വളരുകയും ചെയ്യുന്നു.—2:19.
11. “പാവനരഹസ്യം” എന്താണ്, എഫെസ്യർക്കുവേണ്ടി പൗലൊസ് എന്തു പ്രാർഥിക്കുന്നു?
11 “ക്രിസ്തുവിന്റെ പാവനരഹസ്യം” (3:1-21). ദൈവം ഇപ്പോൾ തന്റെ വിശുദ്ധ അപ്പോസ്തലൻമാർക്കും പ്രവാചകൻമാർക്കും “ക്രിസ്തുവിനെ സംബന്ധിച്ചുളള . . . മർമ്മം [“ക്രിസ്തുവിന്റെ പാവനരഹസ്യം,” NW] ജാതികൾ സുവിശേഷത്താൽ ക്രിസ്തുയേശുവിൽ കൂട്ടവകാശികളും ഏകശരീരസ്ഥരും വാഗ്ദത്തത്തിൽ പങ്കാളികളും ആകേണം എന്നുളളതു തന്നേ” അറിയിച്ചുകൊടുത്തിരിക്കുന്നു. (3:4, 6) ദൈവത്തിന്റെ അനർഹദയയാൽ, ക്രിസ്തുവിന്റെ അപരിമേയധനം ഘോഷിക്കുന്നതിനും പാവനരഹസ്യം എങ്ങനെ അറിയിക്കപ്പെടുന്നുവെന്നു മനുഷ്യരെ കാണിക്കേണ്ടതിനും പൗലൊസ് ഇതിന്റെ ഒരു ശുശ്രൂഷകനായിത്തീർന്നിരിക്കുന്നു. ദൈവത്തിന്റെ ബഹുവിധമായ ജ്ഞാനം അറിയിക്കപ്പെടുന്നതു സഭ മുഖാന്തരമാണ്. ഇതു നിമിത്തം പരിജ്ഞാനത്തെക്കാൾ മികച്ച ക്രിസ്തുവിൻസ്നേഹം അവർ പൂർണമായി അറിയേണ്ടതിനും “നാം ചോദിക്കുന്നതിലും നിനെക്കുന്നതിലും അത്യന്തം പരമായി ചെയ്വാൻ” ദൈവത്തിനു കഴിയുമെന്നു തിരിച്ചറിയേണ്ടതിനും ദൈവാത്മാവു മുഖാന്തരം ബലംകൊണ്ട് അവർ ശക്തരാക്കപ്പെടാൻ പൗലൊസ് പ്രാർഥിക്കുന്നു.—3:20.
12. (എ) ക്രിസ്ത്യാനികൾ എങ്ങനെ നടക്കണം, എന്തുകൊണ്ട്? (ബി) ക്രിസ്തു ഏതു ദാനങ്ങൾ നൽകിയിരിക്കുന്നു, എന്ത് ഉദ്ദേശ്യത്തിൽ? (സി) “പുതിയ വ്യക്തിത്വം” ധരിക്കുന്നതിൽ എന്തുൾപ്പെട്ടിരിക്കുന്നു?
12 “പുതിയ വ്യക്തിത്വം” ധരിക്കൽ (4:1–5:20) ക്രിസ്ത്യാനികൾ മനസ്സിന്റെ എളിമയിലും ദീർഘക്ഷമയോടും സ്നേഹത്തോടും കൂടെയും സമാധാനമാകുന്ന ഐക്യബന്ധത്തിലും തങ്ങളുടെ വിളിക്കു യോഗ്യമായി നടക്കണം. എന്തെന്നാൽ ഒരു ആത്മാവും ഒരു പ്രത്യാശയും ഒരു വിശ്വാസവും “എല്ലാവർക്കും മീതെയുളളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായ” ഒരുവനും മാത്രമാണുളളത്. (4:6) അതുകൊണ്ട് “ഏക കർത്താ”വായ ക്രിസ്തു “വിശുദ്ധൻമാരുടെ യഥാസ്ഥാനത്വത്തിന്നായുളള ശുശ്രൂഷയുടെ വേലെക്കും ക്രിസ്തുവിന്റെ ശരീരത്തിന്റെ ആത്മീയവർദ്ധനെക്കും”വേണ്ടി പ്രവാചകൻമാർ, സുവിശേഷകൻമാർ, ഇടയൻമാർ, ഉപദേഷ്ടാക്കൻമാർ എന്നിവരെ നൽകിയിരിക്കുന്നു. അതുകൊണ്ട്, ‘നമുക്കു സ്നേഹത്തിൽ സത്യം സംസാരിച്ചുകൊണ്ടു ക്രിസ്തു എന്ന തലയോളം സകലത്തിലും വളരാം,’ ഒരു ശരീരമെന്ന നിലയിൽ ഓരോ അവയവവും സഹകരിച്ചു യോജിപ്പിൽ ഒന്നിച്ചുചേർന്നുകൊണ്ടുതന്നെ എന്നു പൗലൊസ് എഴുതുന്നു. (4:5, 12, 15) പഴയ വ്യക്തിത്വത്തിന്റെ അധാർമികവും നിഷ്പ്രയോജനകരവും അജ്ഞവുമായ വഴികൾ നീക്കംചെയ്യപ്പെടണം; ഓരോ വ്യക്തിയും തന്റെ മനസ്സിനെ കർമോദ്യുക്തമാക്കുന്ന ശക്തിയിൽ പുതുക്കംപ്രാപിക്കുകയും “ദൈവേഷ്ടപ്രകാരം യഥാർഥ നീതിയിലും വിശ്വസ്തതയിലും സൃഷ്ടിക്കപ്പെട്ട പുതിയ വ്യക്തിത്വം ധരിക്കുകയും” [NW] വേണം. എല്ലാവരും അന്യോന്യം വേണ്ടപ്പെട്ടവരാകയാൽ അവർ സത്യം സംസാരിക്കുകയും ക്രോധവും മോഷണവും ചീത്ത സംസാരങ്ങളും ദ്രോഹപൂർവകമായ കയ്പും നീക്കംചെയ്യുകയും വേണം—ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുത്. പകരം, അവർ ‘തമ്മിൽ ദയയും മനസ്സലിവുമുളളവരായി ദൈവം ക്രിസ്തുവിൽ അവരോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിക്കട്ടെ.’—4:24, 32.
13. ദൈവത്തിന്റെ ഒരു അനുകാരിയായിത്തീരുന്നതിന്, ഒരുവൻ എന്തു ചെയ്യണം?
13 എല്ലാവരും ദൈവത്തിന്റെ അനുകാരികളായിത്തീരണം. അവരുടെയിടയിൽ പരസംഗവും അശുദ്ധിയും അത്യാഗ്രഹവും പറയപ്പെടുകപോലുമരുത്, എന്തുകൊണ്ടെന്നാൽ അങ്ങനെയുളള കാര്യങ്ങൾ ചെയ്യുന്നവർക്കു രാജ്യത്തിൽ അവകാശമില്ല. “വെളിച്ചത്തിന്റെ മക്കളായി നടന്നുകൊണ്ടേയിരിക്കുക” എന്നു പൗലൊസ് എഫെസ്യരെ ബുദ്ധ്യുപദേശിക്കുന്നു. നിങ്ങൾ നടക്കുന്നതെങ്ങനെയെന്നു “കർശനമായി സൂക്ഷിച്ചുകൊൾക,” അവസരം വിലയ്ക്കുവാങ്ങുക, എന്തുകൊണ്ടെന്നാൽ “നാളുകൾ ദുഷ്ടമാണ്.” അതെ, അവർ ‘യഹോവയുടെ ഇഷ്ടം എന്തെന്നു ഗ്രഹിക്കുന്നതിൽ തുടരണം’, നന്ദിയുളള ഒരു വിധത്തിൽ ദൈവസ്തുതിയെക്കുറിച്ചു പറയുകയും വേണം.—5:8, 15-17, NW.
14. ഭാര്യാഭർത്താക്കൻമാരുടെ പരസ്പരമുളള ഉത്തരവാദിത്വങ്ങൾ ഏവ?
14 ഉചിതമായ കീഴ്പ്പെടൽ; ക്രിസ്തീയ യുദ്ധം (5:21–6:24) സഭ ക്രിസ്തുവിനു കീഴടങ്ങിയിരിക്കുന്നതുപോലെ, ഭാര്യമാർ ഭർത്താക്കൻമാർക്കു കീഴടങ്ങിയിരിക്കേണ്ടതാണ്. ‘ക്രിസ്തുവും സഭയെ സ്നേഹിച്ചതുപോലെതന്നെ’ ഭർത്താക്കൻമാർ തങ്ങളുടെ ഭാര്യമാരെ തുടർന്നു സ്നേഹിക്കണം. അതുപോലെ, “ഭാര്യക്കു ഭർത്താവിനോടു ആഴമായ ബഹുമാനം ഉണ്ടായിരിക്കണം.”—5:25, 33, NW.
15. കുട്ടികളെയും മാതാപിതാക്കളെയും അടിമകളെയും യജമാനൻമാരെയും ക്രിസ്തീയ പടക്കോപ്പിനെയുംകുറിച്ച് പൗലൊസ് എന്തു ബുദ്ധ്യുപദേശിക്കുന്നു?
15 കുട്ടികൾ മാതാപിതാക്കളോടുളള ഐക്യത്തിലും അനുസരണത്തിലും ദൈവികശിക്ഷണത്തിനു ചെവികൊടുത്തും ജീവിക്കണം. അടിമകളും യജമാനൻമാരും ദൈവത്തിനു പ്രസാദകരമായി വർത്തിക്കണം, എന്തുകൊണ്ടെന്നാൽ എല്ലാവരുടെയും യജമാനൻ ‘സ്വർഗ്ഗത്തിൽ ഉണ്ട്, അവന്റെ പക്കൽ മുഖപക്ഷമില്ല.’ ഒടുവിൽ, എല്ലാവരും “കർത്താവിലും അവന്റെ അമിതബലത്തിലും ശക്തിപ്പെ”ടട്ടെ, പിശാചിനെതിരെ ഉറച്ചുനിൽക്കാൻ കഴിയേണ്ടതിനു ദൈവത്തിൽനിന്നുളള സമ്പൂർണപടക്കോപ്പ് ധരിച്ചുകൊണ്ടുതന്നെ. ‘എല്ലാററിന്നും മീതെ വിശ്വാസം എന്ന പരിച എടുത്തുകൊൾക,’ കൂടാതെ ‘ദൈവവചനം എന്ന ആത്മാവിന്റെ വാളും.’ പ്രാർഥിച്ചുകൊണ്ടിരിക്കുക, ഉണർന്നിരിക്കുക. സകല സംസാരസ്വാതന്ത്ര്യത്തോടുംകൂടെ ‘സുവിശേഷത്തിന്റെ മർമ്മം അറിയിക്കേണ്ടതിനു’ തനിക്കുവേണ്ടിയും പ്രാർഥിക്കാൻ പൗലൊസ് അപേക്ഷിക്കുന്നു.—6:9, 10, 16, 17, 19.
എന്തുകൊണ്ടു പ്രയോജനപ്രദം
16. എഫെസ്യരിൽ ഏതു ചോദ്യങ്ങൾക്കു പ്രായോഗികമായ ഉത്തരങ്ങളുണ്ട്, ദൈവത്തിനു പ്രസാദകരമായ വ്യക്തിത്വത്തെക്കുറിച്ച് എന്തു പറഞ്ഞിരിക്കുന്നു?
16 എഫെസ്യർക്കുളള ലേഖനം ക്രിസ്തീയജീവിതത്തിന്റെ മിക്കവാറും എല്ലാ വശങ്ങളെയും സ്പർശിക്കുന്നു. ക്ലേശകരമായ പ്രശ്നങ്ങളുടെയും ലോകത്തിലെ അപകൃത്യങ്ങളുടെയും ഏതൽക്കാലത്തെ കുതിച്ചുകയററത്തിന്റെ വീക്ഷണത്തിൽ ദൈവികഭക്തിയോടുകൂടിയ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും പൗലൊസിന്റെ സാരവത്തും പ്രായോഗികവുമായ ബുദ്ധ്യുപദേശം യഥാർഥ പ്രയോജനമുളളതാണ്. കുട്ടികൾ മാതാപിതാക്കളോടും മാതാപിതാക്കൾ കുട്ടികളോടും എങ്ങനെ വർത്തിക്കണം? ഭർത്താവിനു ഭാര്യയോടും ഭാര്യക്കു ഭർത്താവിനോടുമുളള ഉത്തരവാദിത്തങ്ങൾ എന്താണ്? സ്നേഹത്തിൽ ഐക്യവും ഒരു ദുഷ്ടലോകത്തിൻമധ്യേ ക്രിസ്തീയ നിർമലതയും പാലിക്കുന്നതിനു സഭയിലെ വ്യക്തികൾ എന്തു ചെയ്യേണ്ടതാണ്? പൗലൊസിന്റെ ബുദ്ധ്യുപദേശം ഈ ചോദ്യങ്ങളെല്ലാം കൈകാര്യംചെയ്യുന്നു, പുതിയ ക്രിസ്തീയ വ്യക്തിത്വം ധരിക്കുന്നതിൽ എന്തുൾപ്പെട്ടിരിക്കുന്നുവെന്ന് അവൻ തുടർന്നു പ്രകടമാക്കുന്നു. എഫെസ്യരുടെ പഠനത്തിലൂടെ, ദൈവത്തിനു പ്രസാദകരവും “സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട”തുമായ തരം വ്യക്തിത്വത്തോടുളള യഥാർഥ വിലമതിപ്പു നേടാൻ എല്ലാവരും പ്രാപ്തരായിത്തീരും.—4:24-32; 6:1-4; 5:3-5, 15-20, 22-33.
17. സഭയിലെ ക്രമീകരണങ്ങളോടുളള സഹകരണംസംബന്ധിച്ച് എഫെസ്യർ എന്തു പ്രകടമാക്കുന്നു?
17 സഭയിലെ നിയമനങ്ങളുടെയും നിയോഗങ്ങളുടെയും ഉദ്ദേശ്യവും ഈ ലേഖനം കാണിച്ചുതരുന്നു. ഇതു പക്വതയെ മുന്നിൽ കണ്ടുകൊണ്ടുളള “വിശുദ്ധൻമാരുടെ യഥാസ്ഥാനത്വത്തിന്നായുളള ശുശ്രൂഷയുടെ വേലെക്കും ക്രിസ്തുവിന്റെ ശരീരത്തിന്റെ ആത്മികവർദ്ധനെക്കും ആകുന്നു.” ഈ സഭാപരമായ ക്രമീകരണങ്ങളോടു പൂർണമായി സഹകരിക്കുന്നതിനാൽ ക്രിസ്ത്യാനിക്കു “സ്നേഹത്തിൽ . . . ക്രിസ്തു എന്ന തലയോളം സകലത്തിലും വളരുവാൻ” സാധിക്കും.—4:12, 15.
18. “പാവനരഹസ്യ”ത്തെയും ഒരു ആത്മീയ ആലയത്തെയും കുറിച്ച് എന്തു വ്യക്തമാക്കിയിരിക്കുന്നു?
18 എഫെസ്യർക്കുളള ലേഖനം “ക്രിസ്തുവിന്റെ മർമ്മം” സംബന്ധിച്ച ഗ്രാഹ്യം മൂർച്ചയുളളതാക്കുന്നതിന് ആദിമസഭക്കു വലിയ പ്രയോജനം ചെയ്തു. വിശ്വസിച്ച യഹൂദൻമാരോടൊപ്പം ‘ജാതികളും’ “സുവിശേഷത്താൽ ക്രിസ്തുയേശുവിൽ കൂട്ടവകാശികളും . . . വാഗ്ദത്തത്തിൻ പങ്കാളികളും” ആകാൻ വിളിക്കപ്പെടുകയാണെന്ന് ഇവിടെ വ്യക്തമാക്കപ്പെട്ടു. പുറജാതിയെ യഹൂദനിൽനിന്നു വേലികെട്ടി അകററിയിരുന്ന ‘കല്പനകളായ ന്യായപ്രമാണം’ എന്ന വേർപാടിന്റെ ചുവർ നീക്കംചെയ്യപ്പെട്ടിരിക്കുന്നു. ഇപ്പോൾ ക്രിസ്തുവിന്റെ രക്തത്താൽ എല്ലാവരും വിശുദ്ധൻമാരുടെ സഹപൗരൻമാരും ദൈവഭവനത്തിലെ അംഗങ്ങളുമായിത്തീർന്നിരുന്നു. അർത്തേമിസിന്റെ പുറജാതിക്ഷേത്രത്തിൽനിന്നു കടകവിരുദ്ധമായി, ഇവർ ആത്മാവിനാൽ ദൈവത്തിനു വസിക്കാനുളള ഒരു സ്ഥലമായി—“കർത്താവിൽ [“യഹോവക്കായുളള,” NW] വിശുദ്ധമന്ദിരമായി”—ക്രിസ്തുയേശുവിനോടുളള ഐക്യത്തിൽ ഒരുമിച്ചു പണിയപ്പെടുകയായിരുന്നു.—3:4, 6; 2:15, 21.
19. എഫെസ്യർ ഇന്നോളം ഏതു പ്രത്യാശയും പ്രോത്സാഹനവും വെച്ചുനീട്ടുന്നതിൽ തുടരുന്നു?
19 “പാവനരഹസ്യം” സംബന്ധിച്ച്, “സ്വർഗ്ഗത്തിലും [സ്വർഗീയരാജ്യത്തിലായിരിക്കാൻ തിരഞ്ഞെടുക്കപ്പെടുന്നവർ] ഭൂമിയിലുമുളളതു [രാജ്യമണ്ഡലത്തിൽ ഭൂമിയിൽ ജീവിക്കാനുളളവർ] എല്ലാം പിന്നെയും ക്രിസ്തുവിൽ ഒന്നായിച്ചേർക്ക എന്നിങ്ങനെ കാലസമ്പൂർണ്ണതയിലെ വ്യവസ്ഥെ”യെക്കുറിച്ചും [“ഭരണനിർവഹണം,” NW] പൗലൊസ് പറഞ്ഞു. അങ്ങനെ സമാധാനവും ഐക്യവും പുനഃസ്ഥാപിക്കാനുളള ദൈവത്തിന്റെ മഹത്തായ ഉദ്ദേശ്യം മുൻപന്തിയിലേക്കു വരുത്തപ്പെടുന്നു. ഈ ബന്ധത്തിൽ എഫെസ്യരെ ദൈവം ഏതിലേക്കു വിളിച്ചിരിക്കുന്നുവോ ആ പ്രത്യാശ അവർ പൂർണമായി ഗ്രഹിക്കേണ്ടതിനും “വിശുദ്ധൻമാരിൽ അവന്റെ അവകാശത്തിന്റെ മഹിമാധനം” എന്തെന്നു മനസ്സിലാക്കേണ്ടതിനും ഹൃദയദൃഷ്ടികൾ പ്രകാശിതമായിരിക്കുന്ന എഫെസ്യർക്കുവേണ്ടി പൗലൊസ് പ്രാർഥിച്ചു. ഈ വാക്കുകൾ അവരുടെ പ്രത്യാശയിൽ അവരെ അതിയായി പ്രോത്സാഹിപ്പിച്ചിരിക്കണം. എഫെസ്യർക്കുളള നിശ്വസ്തലേഖനം ഈ നാളിൽ സഭയെ കെട്ടുപണി ചെയ്യുന്നതായി തുടരുന്നു, ‘ദൈവം നൽകുന്ന എല്ലാ നിറവിനോളം നിറഞ്ഞുവരാൻതന്നെ.’—1:9-11, 18; 3:19.
[അടിക്കുറിപ്പുകൾ]
a ബൈബിളിലെ പുസ്തകങ്ങളുടെ ഉത്ഭവവും ചരിത്രവും (ഇംഗ്ലീഷ്), 1868, സി. ഈ. സ്റേറാവ്, പേജ് 357.
b പുതിയ ബൈബിൾ നിഘണ്ടു (ഇംഗ്ലീഷ്), രണ്ടാം പതിപ്പ്, 1986, ജെ.ഡി. ഡഗ്ലസ് സംവിധാനംചെയ്തത്, പേജ് 175.
c തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 1, പേജ് 182.
[അധ്യയന ചോദ്യങ്ങൾ]