ബൈബിൾ പുസ്തക നമ്പർ 54—1 തിമൊഥെയൊസ്
ബൈബിൾ പുസ്തക നമ്പർ 54—1 തിമൊഥെയൊസ്
എഴുത്തുകാരൻ: പൗലൊസ്
എഴുതിയ സ്ഥലം: മാസിഡോണിയ
എഴുത്തു പൂർത്തിയായത്: പൊ.യു. ഏകദേശം 61-64
1, 2. (എ) പ്രവൃത്തികളിലെയും രണ്ടു തിമൊഥെയൊസിലെയും പൗലൊസിന്റെ തടവുവാസത്തെക്കുറിച്ചുളള വർണനകളിൽ ഏതു വൈരുദ്ധ്യം കാണപ്പെടുന്നു? (ബി) ഒന്നു തിമൊഥെയൊസ് എപ്പോൾ എഴുതപ്പെട്ടതായി പ്രത്യക്ഷമാകുന്നു, എന്തുകൊണ്ട്?
പൗലൊസിന്റെ ജീവിതത്തെക്കുറിച്ചു പ്രവൃത്തികളുടെ പുസ്തകത്തിൽ ലൂക്കൊസ് നൽകുന്ന വിവരണം, കൈസറിനു കൊടുത്ത അപ്പീലിന്റെ ഫലം പ്രതീക്ഷിച്ചു റോമിൽ കഴിയുന്ന പൗലൊസിനോടെ അവസാനിക്കുകയാണ്. പൗലൊസ് സ്വന്തം വാടകവീട്ടിൽ താമസിക്കുന്നതായും അവന്റെ അടുക്കൽ വരുന്നവരോടെല്ലാം ദൈവരാജ്യം പ്രസംഗിക്കുന്നതായും “പൂർണ്ണപ്രാഗത്ഭ്യത്തോടെ വിഘ്നംകൂടാതെ” അങ്ങനെ ചെയ്യുന്നതായും പ്രകടമാക്കപ്പെട്ടിരിക്കുന്നു. (പ്രവൃ. 28:30, 31) എന്നാൽ തിമൊഥെയൊസിനുളള തന്റെ രണ്ടാമത്തെ ലേഖനത്തിൽ: “ഞാൻ ദുഷ്പ്രവൃത്തിക്കാരൻ എന്നപോലെ ചങ്ങല ധരിച്ചു കഷ്ടം സഹിക്കുന്നു” എന്നു പൗലൊസ് എഴുതുന്നു. അവന്റെ മരണം ആസന്നമായിരിക്കുന്നതായി അവൻ പറയുന്നു. (2 തിമൊ. 2:9; 4:6-8) എന്തൊരു മാററം! ആദ്യസന്ദർഭത്തിൽ അവൻ മാന്യനായ ഒരു തടവുപുളളിയായി കരുതപ്പെട്ടു, രണ്ടാം പ്രാവശ്യം ഒരു ദുഷ്പ്രവൃത്തിക്കാരനായി കരുതപ്പെട്ടു. റോമിൽ ചെലവഴിച്ച രണ്ടു വർഷത്തിന്റെ അവസാനത്തിൽ പൊ.യു. 61-ലെ പൗലൊസിന്റെ സാഹചര്യത്തെക്കുറിച്ചു ലൂക്കൊസ് അഭിപ്രായപ്രകടനം നടത്തിയ സമയത്തിനും തന്റെ അവസ്ഥയെക്കുറിച്ചു തിമൊഥെയൊസിനു സ്വയം എഴുതിയതിനുമിടയിൽ—അതു തന്റെ മരണത്തിനു തൊട്ടുമുമ്പ് എഴുതിയെന്നു പ്രത്യക്ഷമാകുന്നു—എന്തു സംഭവിച്ചിരുന്നു?
2 തിമൊഥെയൊസിനും തീത്തൊസിനുമുളള പൗലൊസിന്റെ ലേഖനങ്ങളുടെ എഴുത്തിനെ പ്രവൃത്തികളുടെ പുസ്തകം വിവരിക്കുന്ന കാലഘട്ടത്തോടു യോജിപ്പിക്കുന്നതിന്റെ പ്രയാസം, കൈസറിനു കൊടുത്ത അപ്പീലിൽ അവൻ വിജയപ്രദനായി എന്നും പൊ.യു. ഏതാണ്ട് 61-ൽ അവൻ വിമോചിതനായി എന്നും നിഗമനം ചെയ്യുന്നതിലേക്കു ചില ബൈബിൾ ഭാഷ്യകാരൻമാരെ നയിച്ചിരിക്കുന്നു. ബൈബിളിന്റെ പുതിയ വെസ്ററ്മിനിസ്ററർ നിഘണ്ടു ഇങ്ങനെ പറയുന്നു: “പ്രവൃത്തികളിലെ അവസാനവാക്യം, വർണിക്കപ്പെട്ടിരിക്കുന്ന തടവുവാസം അപ്പോസ്തലന്റെ ശിക്ഷാവിധിയിലും മരണത്തിലും കലാശിച്ചുവെന്ന സങ്കൽപ്പത്തെക്കാൾ [പൗലൊസ് രണ്ടു വർഷത്തെ തടവുവാസത്തിനുശേഷം വിമോചിതനായി] എന്ന ഈ വീക്ഷണത്തോടു മെച്ചമായി യോജിക്കുന്നു. ആരും അവന്റെ വേലയെ തടസ്സപ്പെടുത്തിയില്ലെന്നുളള വസ്തുത ലൂക്കൊസ് ഊന്നിപ്പറയുന്നു, അങ്ങനെ അവന്റെ പ്രവർത്തനത്തിന്റെ അവസാനം അടുത്തിരുന്നില്ലെന്നുളള ധാരണ തീർച്ചയായും കൊടുക്കുകയും ചെയ്യുന്നു.” a അപ്പോൾ റോമിലെ അവന്റെ ഒന്നാമത്തെ തടവിൽനിന്നുളള മോചനത്തിനും അവിടത്തെ അവന്റെ അന്തിമ തടവിനുമിടക്ക് അല്ലെങ്കിൽ പൊ.യു. ഏതാണ്ട് 61-64-ൽ ആയിരിക്കണം ഒന്നു തിമൊഥെയൊസിന്റെ എഴുത്തു നടന്നത്.
3, 4. (എ) തടവിൽനിന്നുളള പൗലൊസിന്റെ മോചനം ഉണ്ടായപ്പോൾ തെളിവനുസരിച്ച് പൗലൊസ് എന്തു ചെയ്തു? (ബി) അവൻ എവിടെനിന്നാണ് ഒന്നു തിമൊഥെയൊസ് എഴുതിയത്?
3 തടവിൽനിന്നു വിമോചിതനായ ശേഷം, തെളിവനുസരിച്ചു പൗലൊസ് തിമൊഥെയൊസിനോടും തീത്തൊസിനോടുംകൂടെ തന്റെ മിഷനറി പ്രവർത്തനം വീണ്ടും തുടങ്ങി. ചിലർ സങ്കൽപ്പിക്കുന്നതുപോലെ, പൗലൊസ് എന്നെങ്കിലും സ്പെയിനിലെത്തിയോ എന്നു തീർച്ചയില്ല. പൗലൊസ് “പ[ടിഞ്ഞാറിന്റെ] അങ്ങേയററംവരെ” ചെന്നു എന്നു റോമിലെ ക്ലെമെൻറ് എഴുതി (പൊ.യു. ഏകദേശം 95-ൽ), സ്പെയിനും അതിൽ ഉൾപ്പെട്ടിരിക്കാം. b
4 തിമൊഥെയൊസിനുള്ള പൗലൊസിന്റെ ഒന്നാമത്തെ ലേഖനം അവൻ എവിടെനിന്നാണ് എഴുതിയത്? പൗലൊസ് മാസിഡോണിയക്കു പോയപ്പോൾ എഫേസൂസിലെ ചില സഭാകാര്യങ്ങളിൽ ശ്രദ്ധിക്കാൻ അവൻ തിമൊഥെയൊസിനെ ഏർപ്പാടുചെയ്തതായി 1 തിമൊഥെയൊസ് 1:3 സൂചിപ്പിക്കുന്നു. അവൻ അവിടെനിന്നു തിരികെ എഫേസൂസിലുളള തിമൊഥെയൊസിനു ലേഖനം എഴുതിയെന്നു പ്രത്യക്ഷമാകുന്നു.
5. തിമൊഥെയൊസിനുള്ള ലേഖനങ്ങളുടെ വിശ്വാസ്യതക്ക് എന്തു സാക്ഷ്യമുണ്ട്?
5 തിമൊഥെയൊസിനുള്ള രണ്ടു ലേഖനങ്ങളും പൗലൊസിനാൽ എഴുതപ്പെട്ടതായും നിശ്വസ്ത തിരുവെഴുത്തുകളുടെ ഭാഗമായിരിക്കുന്നതായും ആദിമകാലങ്ങൾ മുതൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. പോളിക്കാർപ്പ്, ഇഗ്നേഷ്യസ്, റോമിലെ ക്ലെമൻറ്, എന്നിവർ ഉൾപ്പെടെയുളള ആദിമ ക്രിസ്തീയ എഴുത്തുകാരെല്ലാം ഇതിൽ യോജിപ്പുളളവരാണ്. ആദ്യത്തെ ഏതാനും ചില നൂററാണ്ടുകളിലെ പുസ്തകപ്പട്ടികകളിൽ പൗലൊസിന്റെ എഴുത്തുകളെന്ന നിലയിൽ ഈ ലേഖനങ്ങളെ ഉൾപ്പെടുത്തുന്നുണ്ട്. ഒരു പ്രാമാണികൻ ഇങ്ങനെ എഴുതുന്നു: “ഇതിനെക്കാൾ കൂടുതൽ ശക്തമായ സാക്ഷ്യമുളള പുതിയ നിയമ എഴുത്തുകൾ ഇല്ല . . . വിശ്വാസ്യതക്കെതിരായ തടസ്സവാദങ്ങൾ ആദിമസഭയിൽനിന്നുളള ശക്തമായ തെളിവിനു വിരുദ്ധമായ നൂതന യുക്തികളായി കരുതേണ്ടതാണ്.” c
6. (എ) ഏതു പല കാരണങ്ങളാൽ പൗലൊസ് ഒന്നു തിമൊഥെയൊസ് എഴുതി? (ബി) തിമൊഥെയൊസിന്റെ പശ്ചാത്തലമെന്തായിരുന്നു, അവൻ പക്വമതിയായ ഒരു പ്രവർത്തകനായിരുന്നുവെന്ന് എന്തു സൂചിപ്പിക്കുന്നു?
6 പൗലൊസ് തിമൊഥെയൊസിന് ഈ ഒന്നാമത്തെ ലേഖനം എഴുതുന്നതു സഭയിലെ സംഘടനാപരമായ ചില നടപടിക്രമങ്ങൾ വ്യക്തമായി വിവരിക്കുന്നതിനാണ്. വ്യാജോപദേശങ്ങൾക്കെതിരെ സൂക്ഷിക്കുന്നതിനും അങ്ങനെയുളള ‘വ്യാജപരിജ്ഞാനത്തെ’ ചെറുത്തുനിൽക്കാൻ സഹോദരൻമാരെ ബലിഷ്ഠരാക്കുന്നതിനും തിമൊഥെയൊസിനു മുന്നറിയിപ്പുകൊടുക്കേണ്ട ആവശ്യവും അവനുണ്ടായിരുന്നു. (1 തിമൊ. 6:20) എഫേസൂസ് എന്ന വ്യാപാര നഗരം ഭൗതികത്വത്തിന്റെയും “പണസ്നേഹ”ത്തിന്റെയും പ്രലോഭനങ്ങളും ഒരുക്കുമായിരുന്നു, അതുകൊണ്ട് അതുസംബന്ധിച്ചും കുറെ ബുദ്ധ്യുപദേശം കൊടുക്കുന്നതു കാലോചിതമായിരിക്കും. (6:10, NW) തീർച്ചയായും തിമൊഥെയൊസിന് ഈ വേലക്ക് ഉപയോഗിക്കാൻ അനുഭവപരിചയത്തിന്റെയും പരിശീലനത്തിന്റെയും നല്ല പശ്ചാത്തലം ഉണ്ടായിരുന്നു. അവൻ ഒരു ഗ്രീക്ക് പിതാവിനും ദൈവഭയമുളള ഒരു യഹൂദസ്ത്രീക്കും പിറന്നവനായിരുന്നു. തിമൊഥെയൊസിനു ക്രിസ്ത്യാനിത്വവുമായി ആദ്യസമ്പർക്കമുണ്ടായതെപ്പോഴാണെന്നു കൃത്യമായി അറിയപ്പെടുന്നില്ല. ഒരുപക്ഷേ പൊ.യു. 49-ന്റെ ഒടുവിലോ പൊ.യു. 50-ന്റെ പ്രാരംഭത്തിലോ തന്റെ രണ്ടാം മിഷനറി പര്യടനവേളയിൽ പൗലൊസ് ലുസ്ത്ര സന്ദർശിച്ചപ്പോൾ തിമൊഥെയൊസ് (ഒരുപക്ഷേ അവന്റെ യുവപ്രായത്തിന്റെ ഒടുവിലോ 20-കളുടെ പ്രാരംഭത്തിലോ) “ലുസ്ത്രയിലും ഇക്കോന്യയിലുമുളള സഹോദരൻമാരാൽ നല്ല സാക്ഷ്യംകൊണ്ടവൻ” ആയിരുന്നു. അതുകൊണ്ടു തിമൊഥെയൊസ് ശീലാസിനോടും തന്നോടുംകൂടെ യാത്രചെയ്യാൻ പൗലൊസ് ക്രമീകരണം ചെയ്തു. (പ്രവൃ. 16:1-3) പൗലൊസിന്റെ 14 ലേഖനങ്ങളിൽ 11 എണ്ണത്തിലും പ്രവൃത്തികളുടെ പുസ്തകത്തിലും തിമൊഥെയൊസിന്റെ പേരു പറയുന്നുണ്ട്. പൗലൊസ് എല്ലായ്പോഴും അവനിൽ പിതൃനിർവിശേഷമായ താത്പര്യം കാണിക്കുകയും പല അവസരങ്ങളിലും വ്യത്യസ്ത സഭകളെ സന്ദർശിക്കുന്നതിനും സേവിക്കുന്നതിനും നിയോഗിക്കുകയും ചെയ്തു—തിമൊഥെയൊസ് മിഷനറി വയലിൽ നല്ല വേല ചെയ്തിരുന്നുവെന്നതിനും ഭാരിച്ച ഉത്തരവാദിത്വങ്ങൾ വഹിക്കുന്നതിനു യോഗ്യനായിരുന്നുവെന്നതിനുമുളള ഒരു തെളിവുതന്നെ.—1 തിമൊ. 1:2; 5:23; 1 തെസ്സ. 3:2; ഫിലി. 2:19.
ഒന്നു തിമൊഥെയൊസിന്റെ ഉളളടക്കം
7. എഫേസൂസിൽ താമസിക്കാൻ പൗലൊസ് തിമൊഥെയൊസിനെ പ്രോത്സാഹിപ്പിക്കുന്നത് എന്തുകൊണ്ട്?
7 നല്ല മനഃസാക്ഷിയോടുകൂടിയ വിശ്വാസം നേടാനുളള ഉദ്ബോധനം (1:1-20) തിമൊഥെയൊസിനെ “വിശ്വാസത്തിൽ നിജപുത്രൻ” എന്നനിലയിൽ അഭിവാദ്യംചെയ്തശേഷം എഫേസൂസിൽ നിൽക്കാൻ പൗലൊസ് അവനെ പ്രോത്സാഹിപ്പിക്കുന്നു. വിശ്വാസം പകർന്നു കൊടുക്കുന്നതിനു പകരം നിഷ്പ്രയോജനകരമായ തർക്കങ്ങളിലേക്കു നയിക്കുന്ന ‘അന്യഥായുളള ഉപദേശം’ പഠിപ്പിക്കുന്നവരെ അവൻ തിരുത്തണം. ഈ അനുശാസനത്തിന്റെ ലക്ഷ്യം “ശുദ്ധഹൃദയം, നല്ല മനസ്സാക്ഷി, നിർവ്യാജവിശ്വാസം എന്നിവയാൽ ഉളവാകുന്ന സ്നേഹ”മാണെന്നു പൗലൊസ് പറയുന്നു. “ചിലർ ഇവ വിട്ടുമാറി വൃഥാവാദത്തിലേക്കു തിരിഞ്ഞു”വെന്ന് അവൻ കൂട്ടിച്ചേർക്കുന്നു.—1:2, 3, 5, 6.
8. പൗലൊസിനോടു കാണിച്ച കരുണ എന്തിനെ ഊന്നിപ്പറഞ്ഞു, ഏതു നല്ല പോരാട്ടം നടത്താൻ അവൻ തിമൊഥെയൊസിനെ പ്രോത്സാഹിപ്പിക്കുന്നു?
8 പൗലൊസ് മുമ്പ് ഒരു ദൂഷകനും ഒരു പീഡകനുമായിരുന്നു. എന്നിരുന്നാലും, കർത്താവിന്റെ അനർഹദയ “ക്രിസ്തുയേശുവിലുളള വിശ്വാസത്തോടും സ്നേഹത്തോടുംകൂടെ അത്യന്തം വർദ്ധിച്ചു,” തന്നിമിത്തം അവനോടു കരുണ കാണിക്കപ്പെട്ടു. അവൻ പാപികളിൽ അഗ്രഗണ്യനായിരുന്നു; അങ്ങനെ അവൻ ‘പാപികളെ രക്ഷിക്കാൻ ലോകത്തിലേക്കു വന്ന’ ക്രിസ്തുയേശുവിന്റെ ദീർഘക്ഷമയുടെ ഒരു പ്രകടനമായിത്തീർന്നു. നിത്യതയുടെ രാജാവ് എന്നേക്കുമുളള മാനവും മഹത്ത്വവും സ്വീകരിക്കാൻ എത്ര യോഗ്യനാണ്! “വിശ്വാസവും നല്ല മനസ്സാക്ഷിയുമുളളവനായി” നല്ല പോരാട്ടംനടത്താൻ പൗലൊസ് തിമൊഥെയൊസിനോട് ആജ്ഞാപിക്കുന്നു. അവൻ “വിശ്വാസക്കപ്പൽ തകർന്നുപോയ”വരെപ്പോലെ ആയിരിക്കരുത്. ദൂഷണം പറഞ്ഞതുനിമിത്തം പൗലൊസ് ശിക്ഷണം കൊടുത്ത ഹുമനയോസും അലക്സാണ്ടരും ഇത്തരക്കാരായിരുന്നു.—1:14, 15, 18, 19.
9. (എ) ഏതു പ്രാർഥനകൾ നടത്തേണ്ടതാണ്, എന്തുകൊണ്ട്? (ബി) സഭയിലെ സ്ത്രീകളെസംബന്ധിച്ച് എന്തു പറഞ്ഞിരിക്കുന്നു?
9 സഭയിലെ ആരാധനയും സംഘടനയും സംബന്ധിച്ച നിർദേശങ്ങൾ (2:1–6:2). ക്രിസ്ത്യാനികൾ ദൈവികഭക്തിയോടെ സമാധാനത്തിൽ ജീവിക്കുകയെന്ന ലക്ഷ്യത്തിൽ ഉന്നതസ്ഥാനീയർ ഉൾപ്പെടെ സകല തരക്കാരെയും സംബന്ധിച്ചു പ്രാർഥനകൾ നടത്തണം. ‘സകല മനുഷ്യരും രക്ഷപ്രാപിക്കുകയും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുകയും ചെയ്യുക’ എന്നതാണു രക്ഷകനായ ദൈവത്തിന്റെ ഇഷ്ടം. “ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (2:4-6) പൗലൊസ് ഒരു അപ്പോസ്തലനും ഈ കാര്യങ്ങളുടെ ഒരു ഉപദേഷ്ടാവുമായി നിയമിക്കപ്പെട്ടു. അതുകൊണ്ടു ഭക്തിയോടെ പ്രാർഥിക്കാൻ പുരുഷൻമാരെയും ദൈവത്തെ ആദരിക്കുന്നവർക്കു യോഗ്യമായ വിധം വിനീതമായും സുബോധത്തോടെയും വസ്ത്രധാരണം നടത്താൻ സ്ത്രീകളെയും അവൻ ആഹ്വാനംചെയ്യുന്നു. ഒരു സ്ത്രീ മൗനമായി പഠിക്കുകയും പുരുഷന്റെമേൽ അധികാരം പ്രയോഗിക്കാതിരിക്കുകയും ചെയ്യണം, എന്തുകൊണ്ടെന്നാൽ “ആദാം ആദ്യം നിർമ്മിക്കപ്പെട്ടു, പിന്നെ ഹവ്വ.”—2:13.
10. മേൽവിചാരകൻമാരുടെയും ശുശ്രൂഷാദാസൻമാരുടെയും യോഗ്യതകളേവ, പൗലൊസ് ഈ കാര്യങ്ങൾ എഴുതുന്നത് എന്തുകൊണ്ട്?
10 ഒരു മേൽവിചാരകനാകാൻ എത്തിപ്പിടിക്കുന്ന പുരുഷൻ ഒരു നല്ല വേല ആഗ്രഹിക്കുന്നവനാണ്. പൗലൊസ് പിന്നീടു മേൽവിചാരകൻമാരുടെയും ശുശ്രൂഷാദാസൻമാരുടെയും യോഗ്യതകൾ പട്ടികപ്പെടുത്തുന്നു. ഒരു മേൽവിചാരകൻ “നിരപവാദ്യനായി ഏകഭാര്യയുടെ ഭർത്താവും നിർമ്മദനും ജിതേന്ദ്രിയനും സുശീലനും അതിഥിപ്രിയനും ഉപദേശിപ്പാൻ സമർത്ഥനും ആയിരിക്കേണം. മദ്യപ്രിയനും തല്ലുകാരനും അരുതു; ശാന്തനും കലഹിക്കാത്തവനും ദ്രവ്യാഗ്രഹമില്ലാത്തവനും സ്വന്തകുടുംബത്തെ നന്നായി ഭരിക്കുന്നവനും മക്കളെ പൂർണഗൌരവത്തോടെ അനുസരണത്തിൽ പാലിക്കുന്നവനും ആയിരിക്കേണം. . . . പുതിയ ശിഷ്യനും അരുതു. . . . പുറമേയുളളവരോടു നല്ല സാക്ഷ്യം പ്രാപിച്ചവനും ആയിരിക്കേണം.” (3:2-7) ശുശ്രൂഷാദാസൻമാർക്കു സമാനമായ വ്യവസ്ഥകളുണ്ട്. അവർ സേവിക്കുന്നതിനുമുമ്പു യോഗ്യതസംബന്ധിച്ചു പരീക്ഷിക്കപ്പെടണം. “സത്യത്തിന്റെ തൂണും അടിസ്ഥാനവുമായ” ദൈവത്തിന്റെ സഭയിൽ താൻ തന്നെ എങ്ങനെ നടക്കണമെന്നു തിമൊഥെയൊസ് അറിയേണ്ടതിനാണു പൗലൊസ് ഈ കാര്യങ്ങൾ എഴുതുന്നത്.—3:15.
11. (എ) പിന്നീട് ഏതു പ്രശ്നങ്ങൾ പ്രത്യക്ഷമാകും? (ബി) തിമൊഥെയൊസ് എന്തിനു ശ്രദ്ധകൊടുക്കണം, എന്തുകൊണ്ട്?
11 പിൽക്കാലങ്ങളിൽ ചിലർ ഭൂതങ്ങളുടെ പഠിപ്പിക്കലുകളാൽ വിശ്വാസത്തിൽനിന്നു വീണുപോകും. വ്യാജം പറയുന്ന കപടഭക്തരായ മനുഷ്യർ വിവാഹം വിലക്കുകയും നന്ദിപ്രകടനത്തോടെ ഭക്ഷിക്കാൻ ദൈവം സൃഷ്ടിച്ച ഭോജ്യങ്ങൾ വർജിക്കണമെന്നു കൽപ്പിക്കുകയും ചെയ്യും. ഒരു നല്ല ശുശ്രൂഷകനെന്ന നിലയിൽ തിമൊഥെയൊസ് വ്യാജകഥകളെയും ‘കിഴവിക്കഥകളെയും’ തളളിക്കളയണം. മറിച്ച്, അവൻ ദൈവികഭക്തി ലാക്കാക്കി തന്നേത്തന്നെ പരിശീലിപ്പിച്ചുകൊണ്ടിരിക്കണം. “അതിന്നായിട്ടു തന്നേ നാം സകലമനുഷ്യരുടെയും പ്രത്യേകം വിശ്വാസികളുടെയും രക്ഷിതാവായ ജീവനുളള ദൈവത്തിൽ ആശവെച്ചു അദ്ധ്വാനിച്ചും പോരാടിയും വരുന്നു” എന്നു പൗലൊസ് പറയുന്നു. അതുകൊണ്ടു തിമൊഥെയൊസ് അവർക്ക് ഈ കൽപ്പനകൾ കൊടുത്തുകൊണ്ടും അവരെ പഠിപ്പിച്ചുകൊണ്ടുമിരിക്കണം. തന്റെ യൗവനത്തെ തുച്ഛീകരിക്കാൻ അവൻ ആരെയും അനുവദിക്കരുത്, മറിച്ച് നടത്തയിലും ദൈവികസേവനത്തിലും മാതൃകയായിത്തീരണം. അവൻ ഈ കാര്യങ്ങളിൽ മുഴുകിയിരിക്കുകയും തനിക്കുതന്നെയും തന്റെ പഠിപ്പിക്കലിനും നിരന്തരശ്രദ്ധ കൊടുക്കുകയും ചെയ്യണം. എന്തുകൊണ്ടെന്നാൽ ഈ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നതിനാൽ അവൻ ‘തന്നെയും തന്റെ പ്രസംഗം കേൾക്കുന്നവരെയും രക്ഷിക്കും.’—4:7, 10, 16.
12. സഭയിലെ വിധവമാരോടും മററുളളവരോടും ഇടപെടുന്നതുസംബന്ധിച്ച് ഏതു ബുദ്ധ്യുപദേശം നൽകപ്പെടുന്നു?
12 വ്യക്തികളോട് എങ്ങനെ ഇടപെടണമെന്നു പൗലൊസ് തിമൊഥെയൊസിനെ ബുദ്ധ്യുപദേശിക്കുന്നു: പ്രായമേറിയ പുരുഷൻമാരെ പിതാക്കൻമാരെപ്പോലെയും പ്രായമേറിയ സ്ത്രീകളെ അമ്മമാരെപ്പോലെയും ഇളയ സ്ത്രീകളെ സഹോദരിമാരെപ്പോലെയും. യഥാർഥത്തിൽ വിധവമാരായിരിക്കുന്നവർക്കുവേണ്ടി അനുയോജ്യമായ കരുതൽ ചെയ്യണം. എന്നിരുന്നാലും സാധ്യമെങ്കിൽ ഒരു വിധവയെ അവളുടെ കുടുംബം പരിപാലിക്കണം. ഇതിൽ പരാജയപ്പെടുന്നതു വിശ്വാസത്തെ തളളിപ്പറയലായിരിക്കും. കുറഞ്ഞത് 60 വയസ്സെങ്കിലുമാകുമ്പോൾ, ‘സൽപ്രവൃത്തി ചെയ്തു’പോന്നിട്ടുണ്ടെങ്കിൽ ഒരു വിധവയെ പട്ടികയിൽ ചേർക്കാം. (5:10) മറിച്ച്, തങ്ങളെ നിയന്ത്രിക്കാൻ തങ്ങളുടെ ലൈംഗിക വികാരങ്ങളെ അനുവദിക്കുന്ന ഇളയ വിധവമാരെ ഉൾപ്പെടുത്തരുത്. അങ്ങുമിങ്ങും നടന്നു കുശുകുശുക്കുന്നതിനു പകരം, എതിരാളിക്കു പ്രേരണ കൊടുക്കാതിരിക്കാൻ അവർ വിവാഹം കഴിക്കുകയും മക്കളെ പ്രസവിക്കുകയും ചെയ്യട്ടെ.
13. പ്രായമേറിയ പുരുഷൻമാരോട് ഏതു പരിഗണന കാണിക്കണം, പാപം ചെയ്തുകൊണ്ടിരിക്കുന്ന ആളുകളെ എങ്ങനെ കൈകാര്യംചെയ്യണം, അടിമകളുടെമേൽ ഏത് ഉത്തരവാദിത്വം വരുന്നു?
13 നല്ല വിധത്തിൽ അധ്യക്ഷത വഹിക്കുന്ന പ്രായമേറിയ പുരുഷൻമാരെ, “പ്രത്യേകം വചനത്തിലും ഉപദേശത്തിലും അദ്ധ്വാനിക്കുന്നവരെ തന്നേ” ഇരട്ടി മാനത്തിനു യോഗ്യരായി എണ്ണണം. (5:17) രണ്ടോ മൂന്നോ സാക്ഷികളുടെ തെളിവില്ലാതെ പ്രായമേറിയ ഒരു പുരുഷനെതിരെ ഒരു കുററാരോപണം അംഗീകരിക്കാവുന്നതല്ല. പാപംചെയ്തുകൊണ്ടിരിക്കുന്ന ആളുകളെ സകല കാണികളുടെയും മുമ്പാകെ ശാസിക്കേണ്ടതാണ്. എന്നാൽ ഈ കാര്യങ്ങളിൽ മുൻവിധിയോ പക്ഷഭേദമോ പാടില്ല. അടിമകൾ നല്ല സേവനം അനുഷ്ഠിച്ചുകൊണ്ട് അവരുടെ ഉടമകളെ, വിശേഷാൽ “വിശ്വാസികളും പ്രിയരു”മായ സഹോദരൻമാരെ, ബഹുമാനിക്കണം.—6:2.
14. “സ്വയംപര്യാപ്തിയോടൊപ്പമുളള ദൈവികഭക്തി”യോടുളള ബന്ധത്തിൽ അഹങ്കാരത്തെയും പണസ്നേഹത്തെയുംസംബന്ധിച്ച് പൗലൊസിന് എന്തു പറയാനുണ്ട്?
14 “സ്വയംപര്യാപ്തിയോടൊപ്പമുളള ദൈവികഭക്തി” സംബന്ധിച്ച ബുദ്ധ്യുപദേശം (6:3-21, NW). ആരോഗ്യപ്രദമായ വചനങ്ങൾക്ക അംഗീകാരം കൊടുക്കാത്ത മനുഷ്യൻ അഹങ്കാരത്താൽ ചീർത്തു നിസ്സാരകാര്യങ്ങളെക്കുറിച്ചുളള ഉഗ്രമായ തർക്കങ്ങളിലേക്കു നയിക്കുന്ന ചോദ്യംചെയ്യലുകൾസംബന്ധിച്ചു മാനസികമായി രോഗബാധിതനായിരിക്കുന്നു. മറിച്ച്, “സ്വയംപര്യാപ്തിയോടൊപ്പമുളള ദൈവികഭക്തി” വലിയ ആദായ മാർഗമാകുന്നു. ഉണ്ണാനും ഉടുക്കാനുമുണ്ടെങ്കിൽ ഒരുവൻ സംതൃപ്തനായിരിക്കണം. ധനവാനാകണമെന്നുളള തീരുമാനം നാശത്തിലേക്കു നയിക്കുന്ന ഒരു കെണിയാകുന്നു, പണസ്നേഹം “സകലതരം ദോഷത്തിന്റെയും ഒരു മൂലകാരണ”മാകുന്നു. ഈ കാര്യങ്ങൾ വിട്ടോടി ക്രിസ്തീയ സദ്ഗുണങ്ങൾ പിന്തുടരാനും വിശ്വാസത്തിന്റെ നല്ല പോർ പൊരുതി ‘നിത്യജീവന്റെമേൽ ദൃഢമായ ഒരു പിടിനേടാനും’ ദൈവത്തിന്റെ മനുഷ്യനെന്ന നിലയിൽ തിമൊഥെയൊസിനെ പൗലൊസ് പ്രോത്സാഹിപ്പിക്കുന്നു. (6:6, 10, 12, NW) അവൻ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതവരെ ഈ കൽപ്പനകൾ “നിഷ്കളങ്കനും നിരപവാദ്യനുമായി” അനുസരിക്കണം. ധനികരായവർ സാക്ഷാലുളള ജീവനെ മുറുകെപ്പിടിക്കേണ്ടതിനു ‘നിശ്ചയമില്ലാത്ത ധനത്തിലല്ല, ദൈവത്തിൽ ആശ വെക്കണം.’ ഉപസംഹരിക്കുമ്പോൾ, തന്റെ ഉപദേശസംബന്ധമായ ഉപനിധി കാത്തുകൊളളാനും മലിനീകരിക്കുന്ന സംസാരത്തിൽനിന്നും ‘ജ്ഞാനം എന്നു വ്യാജമായി പേർ പറയുന്നതിന്റെ തർക്കസൂത്രങ്ങളിൽനിന്നും’ അകന്നുനിൽക്കാനും തിമൊഥെയൊസിനെ പൗലൊസ് പ്രോത്സാഹിപ്പിക്കുന്നു.—6:13, 17, 20.
എന്തുകൊണ്ടു പ്രയോജനപ്രദം
15. ഊഹാപോഹങ്ങൾക്കും വാദങ്ങൾക്കുമെതിരെ എന്തു മുന്നറിയിപ്പുകൊടുക്കുന്നു?
15 വ്യർഥമായ ഊഹാപോഹങ്ങളിലും തത്ത്വശാസ്ത്രപരമായ വാദങ്ങളിലും ഏർപ്പെടുന്നവർക്ക് ഈ ലേഖനം ഒരു ശക്തമായ താക്കീതു നൽകുന്നു. ‘വാഗ്വാദങ്ങൾ’ അഹങ്കാരത്തോടു ബന്ധപ്പെട്ടിരിക്കുന്നു, അവ ഒഴിവാക്കേണ്ടതാണ്. കാരണം അവ ‘വിശ്വാസമെന്ന ദൈവവ്യവസ്ഥയല്ല, തർക്കങ്ങൾക്കു മാത്രം ഉതകുന്നത്’ ഒരുക്കിക്കൊണ്ടു ക്രിസ്തീയ വളർച്ചയെ തടസ്സപ്പെടുത്തുന്നുവെന്നു പൗലൊസ് നമ്മോടു പറയുന്നു. (6:3-6; 1:3) ജഡത്തിന്റെ പ്രവൃത്തികളോടൊപ്പം, ഈ തർക്കിക്കൽ ‘സന്തുഷ്ടനായ ദൈവത്തിന്റെ മഹത്വമുളള സുവാർത്തക്ക് അനുസൃതമായ ആരോഗ്യാവഹമായ പഠിപ്പിക്കലിന് എതിരാണ്.’—1:10, 11, NW.
16. ഭൗതികത്വം സംബന്ധിച്ച് പൗലൊസ് എന്തു ബുദ്ധ്യുപദേശം കൊടുത്തു?
16 പണത്തോട് അത്യാർത്തിയുളള എഫേസൂസിൽ ക്രിസ്ത്യാനികൾക്കു പ്രത്യക്ഷത്തിൽ ഭൗതികത്വത്തോടും അതിന്റെ വ്യാമോഹങ്ങളോടും പൊരുതുന്നതുസംബന്ധിച്ചു ബുദ്ധ്യുപദേശം ആവശ്യമായിരുന്നു. പൗലൊസ് ആ ബുദ്ധ്യുപദേശം കൊടുത്തു. ‘പണസ്നേഹം സകല തിൻമക്കും മൂലകാരണമാകുന്നു’ എന്നു പറഞ്ഞു ലോകം അവനെ യഥേഷ്ടം ഉദ്ധരിച്ചിരിക്കുന്നു, എന്നാൽ എത്ര ചുരുക്കംപേരേ അവന്റെ വാക്കുകൾ അനുസരിക്കുന്നുളളു! മറിച്ച്, സത്യക്രിസ്ത്യാനികൾ എല്ലാ സമയത്തും ഈ ബുദ്ധ്യുപദേശം അനുസരിക്കേണ്ടതുണ്ട്. അത് അവർക്കു ജീവനെ അർഥമാക്കുന്നു. അവർ ഭൗതികത്വത്തിന്റെ ഹാനികരമായ കെണിയിൽനിന്ന് ഓടിപ്പോയി “നിശ്ചയമില്ലാത്ത ധനത്തിലല്ല, പിന്നെയോ നമ്മുടെ ആസ്വാദനത്തിനായി നമുക്കു സകലവും സമൃദ്ധമായി തരുന്ന ദൈവത്തിൽ” ആശവെക്കേണ്ടതുണ്ട്.—6:6-12, 17-19, NW.
17. തിമൊഥെയൊസിനുള്ള ഏതു ബുദ്ധ്യുപദേശം തീക്ഷ്ണതയുളള ഇന്നത്തെ സകല യുവശുശ്രൂഷകർക്കും കാലോചിതമാണ്?
17 ഒരു യുവക്രിസ്ത്യാനി എങ്ങനെയായിരിക്കണമോ അതിന്റെ ഒരു നല്ല ദൃഷ്ടാന്തമാണു തിമൊഥെയൊസ്തന്നെ എന്നു പൗലൊസിന്റെ ലേഖനം പ്രകടമാക്കുന്നു. താരതമ്യേന പ്രായക്കുറവായിരുന്നെങ്കിലും അവൻ ആത്മീയ വളർച്ചയിൽ പക്വമതിയായിരുന്നു. ഒരു മേൽവിചാരകനെന്ന നിലയിൽ യോഗ്യത പ്രാപിക്കുന്നതിന് അവൻ എത്തിപ്പിടിച്ചിരുന്നു, താൻ ആസ്വദിച്ച പദവികളിൽ സമൃദ്ധമായി അനുഗ്രഹിക്കപ്പെടുകയും ചെയ്തു. എന്നാൽ തീക്ഷ്ണതയുളള ഇന്നത്തെ എല്ലാ ശുശ്രൂഷകരെയുംപോലെ, അവൻ തുടർച്ചയായ പുരോഗതി വരുത്തത്തക്കവണ്ണം ഈ കാര്യങ്ങളെക്കുറിച്ചു വിചിന്തനം ചെയ്തുകൊണ്ടിരിക്കുകയും അവയിൽ മുഴുകിയിരിക്കുകയും വേണമായിരുന്നു. ക്രിസ്തീയ പുരോഗതി വരുത്തുന്നതിൽ തുടർച്ചയായ സന്തോഷം തേടുന്ന എല്ലാവർക്കും പൗലൊസിന്റെ ബുദ്ധ്യുപദേശം സമയോചിതമാണ്: “നിന്നെത്തന്നേയും ഉപദേശത്തെയും സൂക്ഷിച്ചുകൊൾക; ഇതിൽ ഉറെച്ചുനില്ക്ക; അങ്ങനെ ചെയ്താൽ നീ നിന്നെയും നിന്റെ പ്രസംഗം കേൾക്കുന്നവരെയും രക്ഷിക്കും.”—4:15, 16.
18. സഭയിലെ ക്രമീകൃതമായ ഏത് ഏർപ്പാടുകൾ വ്യക്തമായി നിർവചിക്കപ്പെടുന്നു, പൗലൊസ് എബ്രായ തിരുവെഴുത്തുകളെ ഒരു പ്രമാണമായി എങ്ങനെ ഉപയോഗിക്കുന്നു?
18 ഈ നിശ്വസ്തലേഖനം ദൈവത്തിന്റെ ക്രമീകൃതമായ ഏർപ്പാടുകളിൽ വിലമതിപ്പു ജനിപ്പിക്കുന്നു. സഭയിൽ ദിവ്യാധിപത്യ ഐക്യം നിലനിർത്തുന്നതിൽ സ്ത്രീകൾക്കും പുരുഷൻമാർക്കും തങ്ങളുടെ പങ്ക് എങ്ങനെ നിർവഹിക്കാമെന്ന് അതു പ്രകടമാക്കുന്നു. (2:8-15) പിന്നീട് അതു മേൽവിചാരകൻമാരുടെയും ശുശ്രൂഷാദാസൻമാരുടെയും യോഗ്യതകൾ ചർച്ചചെയ്യുന്നു. അങ്ങനെ പ്രത്യേകസ്ഥാനങ്ങളിൽ സേവിക്കുന്നവർ എത്തിച്ചേരേണ്ട വ്യവസ്ഥകൾ പരിശുദ്ധാത്മാവു സൂചിപ്പിക്കുന്നു. “ഒരുവൻ അദ്ധ്യക്ഷസ്ഥാനം കാംക്ഷിക്കുന്നു എങ്കിൽ നല്ലവേല ആഗ്രഹിക്കുന്നു” എന്നു പറഞ്ഞുകൊണ്ട് ഈ ലേഖനം ഈ നിലവാരങ്ങളിലെത്താൻ സകല സമർപ്പിതശുശ്രൂഷകൻമാരെയും പ്രോത്സാഹിപ്പിക്കുന്നു. (3:1-13) സഭയിൽ വിവിധ പ്രായത്തിലും ലിംഗവർഗങ്ങളിലുമുളളവരോടു മേൽവിചാരകനുണ്ടായിരിക്കേണ്ട ഉചിതമായ മനോഭാവം സാക്ഷികളുടെ മുമ്പാകെ ആരോപണങ്ങൾ കൈകാര്യംചെയ്യുന്ന വിധത്തോടൊപ്പം ഉചിതമായി ചർച്ചചെയ്തിരിക്കുന്നു. പ്രസംഗത്തിലും പഠിപ്പിക്കലിലും കഠിനവേല ചെയ്യുന്ന പ്രായമേറിയ പുരുഷൻമാർ ഇരട്ടി മാനത്തിനു യോഗ്യരാണെന്ന് ഊന്നിപ്പറഞ്ഞപ്പോൾ പൗലൊസ് ഒരു പ്രമാണമെന്ന നിലയിൽ എബ്രായ തിരുവെഴുത്തുകൾ രണ്ടു പ്രാവശ്യം ഉപയോഗിക്കുന്നു: “മെതിക്കുന്ന കാളെക്കു മുഖക്കൊട്ട കെട്ടരുതു എന്നു തിരുവെഴുത്തു പറയുന്നു; വേലക്കാരൻ തന്റെ കൂലിക്കു യോഗ്യൻ എന്നും ഉണ്ടല്ലോ.”—1 തിമൊ. 5:1-3, 9, 10, 19-21, 17, 18; ആവ. 25:4; ലേവ്യ. 19:13.
19. രാജ്യപ്രത്യാശ എങ്ങനെ മുൻപന്തിയിലേക്കു വരുത്തപ്പെടുന്നു, ഈ അടിസ്ഥാനത്തിൽ ഏത് ഉദ്ബോധനം കൊടുക്കപ്പെടുന്നു?
19 ഈ നല്ല ബുദ്ധ്യുപദേശമെല്ലാം കൊടുത്തശേഷം, ‘രാജാധിരാജാവും കർത്താധികർത്താവുമായ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതവരെ’ നിഷ്കളങ്കനും നിരപവാദ്യനുമായി ഈ കൽപ്പന അനുസരിക്കണമെന്നു പൗലൊസ് കൂട്ടിച്ചേർക്കുന്നു. ഈ രാജ്യപ്രത്യാശയുടെ അടിസ്ഥാനത്തിൽ, “നൻമ ചെയ്വാനും സൽപ്രവൃത്തികളിൽ സമ്പന്നരായി ദാനശീലരും ഔദാര്യമുളളവരുമായി സാക്ഷാലുളള ജീവനെ പിടിച്ചുകൊളേളണ്ടതിന്നു വരുംകാലത്തേക്കു നല്ലൊരു അടിസ്ഥാനം നിക്ഷേപിച്ചുകൊൾവാനും” ക്രിസ്ത്യാനികൾക്കു ശക്തമായ ഉദ്ബോധനം കൊടുത്തുകൊണ്ടു ലേഖനം പര്യവസാനിക്കുന്നു. (1 തിമൊ. 6:14, 15, 18, 19) ഒന്നു തിമൊഥെയൊസിലെ നല്ല ബുദ്ധ്യുപദേശങ്ങളെല്ലാം തീർച്ചയായും പ്രയോജനകരമാണ്!
[അടിക്കുറിപ്പുകൾ]
a 1970, എച്ച്. എസ്. ഗെമാൻ സംവിധാനംചെയ്തത്, പേജ് 721.
b നിഖ്യായിക്കു മുമ്പുളള പിതാക്കൻമാർ (ഇംഗ്ലീഷ്), വാല്യം 1, പേജ് 6, “കൊരിന്ത്യർക്കുളള ക്ലെമെൻറിന്റെ ഒന്നാമത്തെ ലേഖനം” അധ്യാ. V.
c പുതിയ ബൈബിൾ നിഘണ്ടു, രണ്ടാം പതിപ്പ്, 1986, ജെ. ഡി. ഡഗ്ലസ് സംവിധാനംചെയ്തത്, പേജ് 1203.
[അധ്യയന ചോദ്യങ്ങൾ]