ബൈബിൾ പുസ്തക നമ്പർ 6—യോശുവ
ബൈബിൾ പുസ്തക നമ്പർ 6—യോശുവ
എഴുത്തുകാരൻ: യോശുവ
എഴുതിയ സ്ഥലം: കനാൻ
എഴുത്തു പൂർത്തിയായത്: പൊ.യു.മു. ഏകദേശം 1450
ഉൾപ്പെട്ടിരിക്കുന്ന കാലം: പൊ.യു.മു. 1473-ഏകദേശം 1450
1. പൊ.യു.മു. 1473-ൽ ഇസ്രായേലിനെ ഏതു സാഹചര്യം അഭിമുഖീകരിക്കുന്നു?
വർഷം പൊ.യു.മു. 1473. രംഗം ഏററവും നാടകീയവും പുളകപ്രദവും. മോവാബ് സമഭൂമിയിൽ പാളയമടിച്ചിരിക്കുന്ന ഇസ്രായേല്യർ വാഗ്ദത്തദേശത്തു പ്രവേശിക്കാൻ നിലയുറപ്പിച്ചിരിക്കുകയാണ്. യോർദാന്റെ മറുകരയിലെ ആ പ്രദേശത്തു നിരവധി ചെറുരാജ്യങ്ങൾ സ്ഥിതിചെയ്യുന്നു, ഓരോന്നിനും അതതിന്റെ സ്വകാര്യ സൈന്യങ്ങൾ ഉണ്ട്. അവ അവയിൽത്തന്നെ ഛിദ്രിച്ചവയും ഈജിപ്തിന്റെ വർഷങ്ങളിലെ അഴിമതി നിറഞ്ഞ മേൽക്കോയ്മയാൽ ബലഹീനവുമാണ്. എന്നിരുന്നാലും, ഇസ്രായേൽജനതയെ സംബന്ധിച്ചടത്തോളം എതിർപക്ഷം ശക്തമാണ്. ദേശത്തെ കീഴടക്കണമെങ്കിൽ യെരീഹോ, ഹായി, ഹാസോർ, ലാഖീശ് എന്നിങ്ങനെ കോട്ടകെട്ടി ഉറപ്പിച്ച അനേകം നഗരങ്ങൾ പിടിച്ചടക്കേണ്ടതുണ്ട്. ദുർഘടമായ ഒരു സമയമാണു തൊട്ടുമുമ്പിൽ സ്ഥിതിചെയ്യുന്നത്. നിർണായകയുദ്ധം നടത്തി വിജയംനേടിയേ തീരൂ, തന്റെ ജനത്തെ ആ ദേശത്തു കുടിപാർപ്പിക്കുമെന്നുളള തന്റെ വാഗ്ദത്തം നിറവേററുന്നതിന് അവർക്കുവേണ്ടി ശക്തമായ അത്ഭുതങ്ങളോടെ യഹോവതന്നെ രംഗപ്രവേശംചെയ്യുന്നു. നിസ്സംശയമായി, തന്റെ ജനത്തോടുളള യഹോവയുടെ ഇടപെടലുകളിൽ വളരെ മുന്തിനിൽക്കുന്ന ഈ ഉത്തേജകമായ സംഭവങ്ങൾ രേഖപ്പെടുത്തേണ്ടിവരും, അതും ഒരു ദൃക്സാക്ഷിയാൽ. ഇതിനു മോശയുടെ പിൻഗാമിയായി യഹോവ നിയമിച്ച യോശുവയെക്കാൾ മെച്ചമായി ഏതു മനുഷ്യനുണ്ടായിരിക്കാൻ കഴിയും!—സംഖ്യാ. 27:15-23.
2. യോശുവയെ നേതാവും എഴുത്തുകാരനുമായി തിരഞ്ഞെടുത്തത് ഉചിതമായിരിക്കുന്നതെന്തുകൊണ്ട്?
2 ഒരു നേതാവും നടക്കാനിരിക്കുന്ന സംഭവങ്ങൾ രേഖപ്പെടുത്താനുളള ആളുമെന്ന നിലയിൽ യോശുവയുടെ തിരഞ്ഞെടുപ്പ് അത്യന്തം ഉചിതമാണ്. മരുഭൂമിയിൽ കഴിഞ്ഞ 40 വർഷങ്ങളിലുടനീളം അവൻ മോശയുടെ വളരെ അടുത്ത സഹകാരിയായിരുന്നു. യോശുവ “ബാല്യംമുതൽ മോശെയുടെ ശുശ്രൂഷക്കാരനായിരുന്ന”തുകൊണ്ട് അവൻ ഒരു ആത്മീയനേതാവും ഒരു സൈനികനേതാവുമെന്ന നിലയിൽ യോഗ്യനെന്നു തെളിഞ്ഞിരുന്നു. (സംഖ്യാ. 11:28; പുറ. 24:13; 33:11; യോശു. 1:1) ഇസ്രായേൽ ഈജിപ്തു വിട്ട പൊ.യു.മു. 1513-ൽ അമാലേക്യരെ തോൽപ്പിച്ചപ്പോൾ അവനായിരുന്നു ഇസ്രായേലിന്റെ പടത്തലവൻ. (പുറ. 17:9-14) കനാൻ ഒററുനോക്കാനുളള അപകടകരമായ ദൗത്യത്തിനുവേണ്ടി ഓരോ ഗോത്രത്തിൽനിന്നും ഓരോരുത്തരെ തിരഞ്ഞെടുത്തപ്പോൾ, മോശയുടെ വിശ്വസ്ത സഹപ്രവർത്തകനും ഒരു നിർഭയ സേനാധിപനുമെന്ന നിലയിൽ എഫ്രയീംഗോത്രത്തെ പ്രതിനിധാനംചെയ്യാൻ സ്വാഭാവികമായും തിരഞ്ഞെടുത്തത് അവനെയായിരുന്നു. ആ അവസരത്തിലെ അവന്റെ ധൈര്യവും വിശ്വസ്തതയും വാഗ്ദത്തദേശത്തേക്കുളള അവന്റെ പ്രവേശനത്തിന് ഉറപ്പുകൊടുത്തു. (സംഖ്യാ. 13:8; 14:6-9, 30, 38) അതേ, നൂന്റെ മകനായ യോശുവ എന്ന ഈ മനുഷ്യൻ, “ആത്മാവുളള പുരുഷനായി” “യഹോവയോടു പൂർണ്ണമായി പററിനിന്ന,” “ജ്ഞാനാത്മപൂർണ്ണ”നായ ഒരു മനുഷ്യനാണ്. “യോശുവയുടെ കാലത്തൊക്കെയും” “യിസ്രായേൽ യഹോവയെ സേവിച്ച”ത് അതിശയമല്ല.—സംഖ്യാ. 27:18; 32:12; ആവ. 34:9; യോശു. 24:31.
3. യോശുവ യഥാർഥത്തിൽ ജീവിച്ചിരുന്ന, യഹോവയുടെ ഒരു ദാസനും അവന്റെ പേർവഹിക്കുന്ന പുസ്തകത്തിന്റെ എഴുത്തുകാരനുമായിരുന്നുവെന്ന് എന്തു തെളിയിക്കുന്നു?
3 യോശുവയുടെ അനുഭവജ്ഞാനത്തിന്റെയും പരിശീലനത്തിന്റെയും യഹോവയുടെ ഒരു സത്യാരാധകനെന്ന നിലയിലുളള പരിശോധിക്കപ്പെട്ട ഗുണങ്ങളുടെയും നിലപാടിൽ ‘ദൈവനിശ്വസ്ത തിരുവെഴുത്തുകളുടെ’ എഴുത്തുകാരിലൊരുവനെന്ന നിലയിൽ ഉപയോഗിക്കപ്പെടുന്നതിന് അവൻ തീർച്ചയായും യോഗ്യനായിരുന്നു. യോശുവ കേവലം കെട്ടുകഥാപുരുഷനല്ല, പിന്നെയോ യഥാർഥത്തിൽ ജീവിച്ചിരുന്ന യഹോവയുടെ ഒരു ദാസനായിരുന്നു. ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിൽ അവനെ പേരെടുത്തുപറഞ്ഞിട്ടുണ്ട്. (പ്രവൃ. 7:45; എബ്രാ. 4:8) തന്റെ ജീവിതകാലത്തെ സംഭവങ്ങളെക്കുറിച്ച് എഴുതാൻ മോശ ഉപയോഗിക്കപ്പെട്ടതുപോലെ, അവന്റെ പിൻഗാമിയായ യോശുവതന്നെ സാക്ഷിയായിരുന്ന സംഭവങ്ങൾ എഴുതാൻ അവൻ ഉപയോഗിക്കപ്പെടുന്നതു യുക്തിയുക്തമാണ്. ഈ പുസ്തകം സംഭവങ്ങളുടെ സാക്ഷിയായിരുന്ന ഒരാൾ എഴുതിയതാണെന്നുളളതു യോശുവ 6:25 പ്രകടമാക്കുന്നുണ്ട്. യഹൂദപാരമ്പര്യം എഴുത്തുകാരനെന്ന ബഹുമതി യോശുവക്കാണു കൊടുക്കുന്നത്. പുസ്തകംതന്നെ “യോശുവ ഈ വചനങ്ങൾ ദൈവത്തിന്റെ ന്യായപ്രമാണപുസ്തകത്തിൽ എഴുതി” എന്നു പ്രസ്താവിക്കുന്നു.—യോശു. 24:26.
4. ബൈബിൾപ്രവചന നിവൃത്തിയാലും പിൽക്കാല ബൈബിളെഴുത്തുകാരുടെ സാക്ഷ്യത്താലും യോശുവയുടെ പുസ്തകത്തിന്റെ വിശ്വാസ്യത തെളിയിക്കപ്പെട്ടിരിക്കുന്നത് എങ്ങനെ?
4 യെരീഹോയുടെ നാശത്തിന്റെ സമയത്ത്, ആ നഗരത്തിന്റെ പുനർനിർമാണംസംബന്ധിച്ചു യോശുവ ഒരു പ്രാവചനിക ശാപം ഉച്ചരിച്ചു, ഏതാണ്ട് 500 വർഷംകഴിഞ്ഞ് ഇസ്രായേൽരാജാവായ ആഹാബിന്റെ നാളുകളിൽ അതിനു ശ്രദ്ധേയമായ ഒരു നിവൃത്തിയുണ്ടായി. (യോശു. 6:26; 1 രാജാ. 16:33, 34) യോശുവയുടെ പുസ്തകത്തിന്റെ വിശ്വാസ്യത അതിൽ രേഖപ്പെടുത്തിയിരിക്കുന്ന അനേകം സംഭവങ്ങളെ പിൽക്കാല ബൈബിളെഴുത്തുകാർ പരാമർശിക്കുന്നതിൽനിന്നു കൂടുതലായി സ്ഥിരീകരിക്കപ്പെടുന്നു. സങ്കീർത്തനക്കാർ പലപ്പോഴും ഇവയെ പരാമർശിക്കുന്നുണ്ട്. (സങ്കീ. 44:1-3; 78:54, 55; 105:42-45; 135:10-12; 136:17-22), നെഹെമ്യാവും (നെഹെ. 9:22-25), യെശയ്യാവും (യെശ. 28:21), അപ്പോസ്തലനായ പൗലൊസും (പ്രവൃ. 13:19; എബ്രാ. 11:30, 31) ശിഷ്യനായ യാക്കോബും (യാക്കോ. 2:25) അങ്ങനെ ചെയ്യുന്നു.
5. (എ) യോശുവയുടെ പുസ്തകം ഏതു കാലഘട്ടത്തെ ഉൾപ്പെടുത്തുന്നു? (ബി) യോശുവ എന്ന പേർ ഉചിതമായിരിക്കുന്നത് എന്തുകൊണ്ട്?
5 യോശുവയുടെ പുസ്തകം പൊ.യു.മു. 1473-ലെ കനാനിലേക്കുളള പ്രവേശനം മുതൽ സാധ്യതയനുസരിച്ചു യോശുവ മരിച്ച വർഷമായ പൊ.യു.മു. ഏതാണ്ട് 1450 വരെയുളള 20-ൽപ്പരം വർഷത്തെ ഉൾപ്പെടുത്തുന്നു. “യഹോവ രക്ഷയാകുന്നു” എന്നർഥമുളള യോശുവ (എബ്രായ, യെഹോഷ്വാ) എന്ന പേർതന്നെ ദേശത്തിന്റെ ജയിച്ചടക്കലിന്റെ കാലത്തെ ദൃശ്യനേതാവെന്ന റോളിന്റെ വീക്ഷണത്തിൽ ഏററവും ഉചിതമാണ്. അവൻ വിമോചകനെന്ന നിലയിൽ സകല മഹത്ത്വവും യഹോവക്കാണു കൊടുത്തത്. സെപ്ററുവജിൻറിൽ യേശൂസ് (യെഹോഷ്വായുടെ ഗ്രീക്ക് തത്തുല്യപദം) എന്നാണ് ഈ പുസ്തകം വിളിക്കപ്പെടുന്നത്, ഇതിൽനിന്നാണു യേശു എന്ന പേർ വന്നത്. ധൈര്യം, അനുസരണം, നിർമലത എന്നീ തന്റെ സദ്ഗുണങ്ങളിൽ യോശുവ യഥാർഥമായി “നമ്മുടെ കർത്താവായ യേശുക്രിസ്തു”വിന്റെ ഒരു മഹനീയ പ്രവാചക മാതൃകയാണ്.—റോമ. 5:1.
യോശുവയുടെ പുസ്തകത്തിന്റെ ഉളളടക്കം
6. യോശുവ എന്ന ബൈബിൾപുസ്തകം ഏതു സ്വാഭാവിക വിഭാഗങ്ങളായി തിരിയുന്നു?
6 പുസ്തകം നാലു സ്വാഭാവിക വിഭാഗങ്ങളിൽ പെടുന്നു: (1) വാഗ്ദത്തദേശത്തേക്കുളള നദികടക്കൽ (2) കനാന്റെ ജയിച്ചടക്കൽ (3) ദേശം വിഭാഗിച്ചുകൊടുക്കൽ (4) യോശുവയുടെ വിടവാങ്ങൽ പ്രബോധനങ്ങൾ. മുഴുവിവരണവും ഉജ്ജ്വലമായി അവതരിപ്പിച്ചിരിക്കുന്നു, കോരിത്തരിപ്പിക്കുന്ന രസകരമായ സംഭവങ്ങൾ നിറഞ്ഞതുമാണത്.
7. യഹോവ യോശുവക്ക് ഏതു പ്രോത്സാഹനവും ബുദ്ധ്യുപദേശവും കൊടുക്കുന്നു?
7 വാഗ്ദത്തദേശത്തേക്കുളള നദി കടക്കൽ (1:1–5:12). ഭാവിപരിശോധനകൾ അറിഞ്ഞുകൊണ്ട്, തുടക്കത്തിൽതന്നെ യഹോവ യോശുവക്ക് ഉറപ്പും നല്ല ബുദ്ധ്യുപദേശവും കൊടുക്കുന്നു: “നല്ല ഉറപ്പും ധൈര്യവും ഉളളവനായിമാത്രം ഇരിക്ക. . . ഈ ന്യായപ്രമാണപുസ്തകത്തിലുളളതു നിന്റെ വായിൽനിന്നു നീങ്ങിപ്പോകരുതു; അതിൽ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും പ്രമാണിച്ചുനടക്കേണ്ടതിന്നു നീ രാവും പകലും അതു ധ്യാനിച്ചുകൊണ്ടിരിക്കേണം; എന്നാൽ നിന്റെ പ്രവൃത്തി സാധിക്കും; നീ കൃതാർത്ഥനായും ഇരിക്കും. നിന്റെ ദൈവമായ യഹോവ നീ പോകുന്നേടത്തൊക്കെയും നിന്നോടുകൂടെ ഉളളതുകൊണ്ടു ഉറപ്പും ധൈര്യവുമുളളവനായിരിക്ക . . . എന്നു ഞാൻ നിന്നോടു കല്പിച്ചുവല്ലോ.” (1:7-9) യോശുവ യഥാർഥ നേതാവും അധിപനുമെന്ന നിലയിൽ യഹോവക്കു ബഹുമതി കൊടുക്കുകയും കൽപ്പിച്ചിരുന്നതുപോലെ യോർദാൻ കടക്കുന്നതിന് ഉടൻതന്നെ ഒരുങ്ങിത്തുടങ്ങുകയും ചെയ്യുന്നു. ഇസ്രായേല്യർ മോശയുടെ പിൻഗാമിയെന്ന നിലയിൽ അവനെ സ്വീകരിക്കുന്നു, അവർ വിശ്വസ്തരായിരിക്കുമെന്നു പ്രതിജ്ഞ ചെയ്യുന്നു. അപ്പോൾ കനാന്റെ ജയിച്ചടക്കലിനായി മുന്നോട്ട്!
8. (എ) രാഹാബ് എങ്ങനെ വിശ്വാസം പ്രകടമാക്കുന്നു? (ബി) യഹോവ ഇസ്രായേലിന്റെ മധ്യേ തന്നേത്തന്നെ ഒരു “ജീവനുളള ദൈവം” എന്നു തെളിയിക്കുന്നത് എങ്ങനെ?
8 യെരീഹോ ഒററുനോക്കാൻ രണ്ടു പുരുഷൻമാരെ അയയ്ക്കുന്നു. വേശ്യയായ രാഹാബ് തന്റെ ജീവനെ അപകടത്തിലാക്കിക്കൊണ്ടു ചാരൻമാരെ ഒളിപ്പിച്ചതുവഴി യഹോവയിലുളള തന്റെ വിശ്വാസം പ്രകടമാക്കാൻ അവസരം തക്കത്തിലുപയോഗിക്കുന്നു. പ്രതിഫലമായി യെരീഹോയെ നശിപ്പിക്കുമ്പോൾ അവളെ ഒഴിവാക്കുമെന്നു ചാരൻമാർ സത്യംചെയ്യുന്നു. ഇസ്രായേല്യർ നിമിത്തം ദേശത്തെ സകല നിവാസികളും അധൈര്യപ്പെട്ടിരിക്കുകയാണെന്നുളള വാർത്ത തിരികെവരുന്നു. റിപ്പോർട്ട് അനുകൂലമായതിനാൽ വെളളപ്പൊക്കമുണ്ടായിരുന്ന യോർദാൻനദിയിങ്കലേക്കു യോശുവ സത്വരം നീങ്ങുന്നു. താൻ യോശുവയെ പിന്താങ്ങുന്നുണ്ടെന്നും, മോശയുടെ കാലത്തെപ്പോലെ, ഇസ്രായേലിന്റെ മധ്യത്തിൽ ഒരു “ജീവനുളള ദൈവം” ഉണ്ടെന്നുമുളളതിനു യഹോവ ഇപ്പോൾ പ്രത്യക്ഷമായ തെളിവു കൊടുക്കുന്നു. (3:10) ഉടമ്പടിയുടെ പെട്ടകം ചുമക്കുന്ന പുരോഹിതൻമാർ യോർദാനിൽ കാലുകുത്തുമ്പോൾ മേൽഭാഗത്തുനിന്നുളള വെളളം കുന്നുകൂടുകയും ഉണങ്ങിയ നിലത്തുകൂടെ കടക്കാൻ ഇസ്രായേല്യരെ അനുവദിക്കുകയും ചെയ്യുന്നു. യോശുവ നദിയുടെ നടുവിൽനിന്ന് ഒരു സ്മാരകമായി 12 കല്ലുകൾ എടുക്കുകയും വേറെ 12 കല്ലുകൾ നദിയിൽ പുരോഹിതൻമാർ നിൽക്കുന്നടത്തു സ്ഥാപിക്കുകയും ചെയ്യുന്നു. അതിനുശേഷം പുരോഹിതൻമാർ കടക്കുകയും വെളളം വെളളപ്പൊക്കത്തിന്റെ അവസ്ഥയിലേക്കു മടങ്ങിവരുകയും ചെയ്യുന്നു.
9. അടുത്തതായി ഗിൽഗാലിൽ എന്തു സംഭവിക്കുന്നു?
9 കുറുകെ കടന്നശേഷം ജനം യോർദാനും യെരീഹോയ്ക്കും ഇടയിൽ ഗിൽഗാലിൽ പാളയമടിക്കുന്നു, ഇവിടെ യോശുവ വരാനുളള തലമുറകൾക്ക് ഒരു സാക്ഷ്യമായും “ഭൂമിയിലെ സകല ജാതികളും യഹോവയുടെ കൈ ശക്തിയുളളതെന്നു അറിഞ്ഞു നിങ്ങളുടെ ദൈവമായ യഹോവയെ എന്നേക്കും ഭയപ്പെടേണ്ടതി”ന്നായും സ്മാരകക്കല്ലുകൾ നാട്ടുന്നു. (4:24) (അതിനുശേഷം ഗിൽഗാൽ കുറേ കാലത്തേക്ക് ഒരു അടിസ്ഥാന പാളയമായി ഉപയോഗിച്ചിരിക്കാമെന്നു യോശുവ 10:15 സൂചിപ്പിക്കുന്നു.) ഇവിടെവെച്ചാണ് ഇസ്രായേൽപുരുഷൻമാരെ പരിച്ഛേദന കഴിപ്പിക്കുന്നത്, കാരണം മരുഭൂമിയാത്രക്കാലത്തു പരിച്ഛേദന കഴിപ്പിക്കലില്ലായിരുന്നു. പെസഹ ആഘോഷിക്കുന്നു, മന്നാ നിലയ്ക്കുന്നു, ഒടുവിൽ ഇസ്രായേല്യർ ദേശത്തെ വിളവു ഭക്ഷിച്ചുതുടങ്ങുന്നു.
10. യെരീഹോയുടെ പിടിച്ചടക്കൽ സംബന്ധിച്ചു യഹോവ യോശുവയെ എങ്ങനെ പ്രബോധിപ്പിക്കുന്നു, ഏതു നാടകീയ പ്രവർത്തനം തുടർന്നു നടക്കുന്നു?
10 കനാന്റെ ജയിച്ചടക്കൽ (5:13–12:24). ഇപ്പോൾ ആദ്യത്തെ ലക്ഷ്യസ്ഥാനം ആക്രമണസാധ്യമായ അകലത്തിൽ സ്ഥിതിചെയ്യുന്നു. എന്നാൽ “അടച്ചു ഉറപ്പാക്കിയിരുന്ന” മതിലുകളോടുകൂടിയ ഈ യെരീഹോ നഗരത്തെ എങ്ങനെ പിടിച്ചടക്കും? (6:1) യഹോവതന്നെ നടപടിക്രമത്തിന്റെ വിശദാംശങ്ങൾ നൽകുന്നു. യോശുവയെ ഉപദേശിക്കാൻ “യഹോവയുടെ സൈന്യത്തിന്റെ അധിപതി”യെ അയച്ചുകൊണ്ടുതന്നെ. (5:14) ദിവസം ഒരു പ്രാവശ്യം വീതം ആറുദിവസം ഇസ്രായേൽ സൈന്യം നഗരത്തിനു ചുററും മാർച്ചുചെയ്യണം, മുന്നിൽ പടയാളികളും പിറകേ ഘോഷയാത്രയായി ആട്ടിൻകൊമ്പുകൊണ്ടുളള കാഹളമൂതുന്ന പുരോഹിതൻമാരും ഉടമ്പടിയുടെ പെട്ടകം ചുമക്കുന്ന മററുളളവരും പുറപ്പെടണം. ഏഴാം ദിവസം അവർ ഏഴു പ്രാവശ്യം ചുററണം. യോശുവ വിശ്വസ്തമായി ആജ്ഞകൾ ജനങ്ങളെ അറിയിക്കുന്നു. കൽപ്പിച്ചിരുന്നതുപോലെതന്നെ കൃത്യമായി സൈന്യങ്ങൾ യെരീഹോയ്ക്കു ചുററും മാർച്ചുചെയ്യുന്നു. യാതൊരു വാക്കും ഉച്ചരിക്കുന്നില്ല. കാൽപെരുമാററവും പുരോഹിതൻമാരാലുളള കാഹളമൂത്തുമല്ലാതെ ശബ്ദം കേൾപ്പാനില്ല. അനന്തരം, അന്തിമദിവസത്തിൽ ഏഴാമത്തെ ചുററിനടപ്പിന്റെ പൂർത്തീകരണശേഷം ആർപ്പിടാൻ യോശുവ അവർക്ക് അറിയിപ്പുകൊടുക്കുന്നു. അവർ “ഒരു വലിയ പോർവിളി”യായി ആർപ്പിടുകതന്നെ ചെയ്യുമ്പോൾ യെരീഹോയുടെ മതിലുകൾ നിലംപതിക്കുന്നു! (6:20) എല്ലാവരും ഏകോപിച്ചു നഗരത്തിലേക്കു പാഞ്ഞുകയറി അതിനെ പിടിച്ചടക്കി അഗ്നിക്കിരയാക്കുന്നു. വിശ്വസ്തയായ രാഹാബിനും അവളുടെ ഭവനക്കാർക്കും മാത്രമേ വിടുതൽ ലഭിക്കുന്നുളളു.
11. ഹായിയിലെ പ്രാരംഭപരാജയത്തിന് എങ്ങനെ പരിഹാരം വരുത്തുന്നു?
11 ഇനി പടിഞ്ഞാറോട്ടു ഹായിയിലേക്ക്! നഗരം പിടിച്ചടക്കാൻ അയയ്ക്കപ്പെട്ട 3,000 ഇസ്രായേല്യ പടയാളികളെ ഹായിയിലെ പടജ്ജനം തുരത്തുമ്പോൾ മറെറാരു അനായാസവിജയത്തിന്റെ ഉറപ്പു കൊടുംഭീതിയായി മാറുന്നു. എന്തു സംഭവിച്ചിരിക്കുന്നു? യഹോവ അവരെ കൈവിട്ടിരിക്കുന്നുവോ? യോശുവ ആകാംക്ഷയോടെ യഹോവയോട് അന്വേഷിക്കുന്നു. യെരീഹോയിലെ സകലവും നശിപ്പിച്ചുകളയണമെന്നുളള കൽപ്പനക്കു വിരുദ്ധമായി പാളയത്തിൽ ആരോ എന്തോ മോഷ്ടിച്ച് ഒളിച്ചുവെച്ചുകൊണ്ട് അനുസരണക്കേടു കാണിച്ചിരിക്കുന്നുവെന്നു യഹോവ മറുപടി പറയുന്നു. യഹോവയുടെ അനുഗ്രഹത്തോടെ തുടർന്നു നേട്ടങ്ങളുണ്ടാക്കുന്നതിന് ഇസ്രായേൽ മുന്നമേ പാളയത്തിൽനിന്ന് ഈ അശുദ്ധി നീക്കേണ്ടതാണ്. ദിവ്യ മാർഗനിർദേശത്തിൽ ദുഷ്പ്രവൃത്തിക്കാരനായ ആഖാൻ കണ്ടുപിടിക്കപ്പെടുന്നു, അയാളും കുടുംബവും കല്ലെറിഞ്ഞുകൊല്ലപ്പെടുന്നു. യഹോവയുടെ പ്രീതി വീണ്ടുകിട്ടിയതോടെ ഇസ്രായേല്യർ ഇപ്പോൾ ഹായിക്കെതിരെ നീങ്ങുന്നു. വീണ്ടും ഒരിക്കൽകൂടെ പ്രയോഗിക്കാനുളള തന്ത്രം യഹോവതന്നെ വെളിപ്പെടുത്തുന്നു. ഹായിയിലെ നിവാസികൾ തങ്ങളുടെ ചുവരുകളുളള നഗരത്തിൽനിന്നു പുറത്തുവരാൻ പ്രലോഭിതരാകുകയും ഒരു പതിയിരുപ്പിൽ കുടുങ്ങിപ്പോകുകയും ചെയ്യുന്നു. നഗരം പിടിക്കപ്പെടുകയും സകല നിവാസികളോടുംകൂടെ നശിപ്പിക്കപ്പെടുകയും ചെയ്യുന്നു. (8:26-28) ശത്രുവിനോടു വിട്ടുവീഴ്ചയില്ല!
12. യോശുവ അടുത്തതായി ഏതു ദിവ്യകൽപ്പന നിറവേററുന്നു?
12 മോശമുഖാന്തരമുളള യഹോവയുടെ കൽപ്പന അനുസരിച്ചുകൊണ്ടു യോശുവ പിന്നെ ഏബാൽപർവതത്തിൽ ഒരു യാഗപീഠം പണിയുകയും അതിൽ “ന്യായപ്രമാണത്തിന്റെ ഒരു പകർപ്പു” എഴുതുകയും ചെയ്യുന്നു. (8:32) അനന്തരം അവൻ മുഴുജനതയുടെയും സഭ, പകുതിപേർ ഗെരിസീം പർവതത്തിലും പകുതി ഏബാൽ പർവതത്തിലും നിൽക്കെ ന്യായപ്രമാണത്തിലെ വചനങ്ങളും ഒപ്പം അനുഗ്രഹവും ശാപവും വായിക്കുന്നു.—ആവ. 11:29; 27:1-13.
13. ഗിബെയോന്യർ “സാമർഥ്യത്തോടെ” പ്രവർത്തിക്കുന്നതിൽനിന്ന് എന്തു ഫലമുണ്ടാകുന്നു?
13 ആക്രമണത്തിന്റെ ശീഘ്രപുരോഗതിയിൽ ഭയന്നു കനാനിലെ നിരവധി ചെറുരാജ്യങ്ങൾ യോശുവയുടെ മുന്നേററം തടയാനുളള ശ്രമത്തിൽ സംഘടിക്കുന്നു. ഏതായാലും, ‘യോശുവ യെരീഹോവിനോടും ഹായിയോടും ചെയ്തതു ഗിബെയോന്യർ കേട്ടപ്പോൾ അവർ സാമർഥ്യത്തോടെ പ്രവർത്തിക്കുന്നു’ (യോശു. 9:3, 4, NW) കനാനിൽനിന്നു വിദൂരത്തിലുളള ഒരു ദേശത്തുനിന്നു വരുന്നതായി നടിച്ചുകൊണ്ട്, “അവരെ ജീവനോടെ രക്ഷിക്കു”ന്നതിന് അവർ യോശുവയുമായി ഒരു ഉടമ്പടിചെയ്യുന്നു. ഉപായം കണ്ടുപിടിക്കപ്പെട്ടപ്പോൾ, ഇസ്രായേല്യർ ഉടമ്പടിയെ മാനിക്കുന്നു, എന്നാൽ ഗിബെയോന്യരെ ‘ഏററവും താണ അടിമകളെപ്പോലെ’ “വിറകു കീറുന്നവരും വെളളം കോരുന്നവരും” ആക്കുകയും ഹാമിന്റെ പുത്രനായ കനാന്റെമേലുളള നോഹയുടെ നിശ്വസ്ത ശാപത്തെ ഭാഗികമായി നിവർത്തിക്കുകയും ചെയ്യുന്നു.—യോശു. 9:15, 27; ഉല്പ. 9:25.
14. താൻ ഇസ്രായേലിനുവേണ്ടി പോരാടുകയാണെന്നു യഹോവ ഗിബെയോനിൽ എങ്ങനെ പ്രകടമാക്കുന്നു?
14 ഗിബെയോന്യരുടെ ഈ കൂറുമാററം ചെറിയ സംഗതിയല്ല, കാരണം “ഗിബെയോൻ . . . വലിയോരു പട്ടണവും ഹായിയെക്കാൾ വലിയതും അവിടത്തെ പുരുഷൻമാർ എല്ലാവരും പരാക്രമശാലികളും ആയിരുന്നു.” (യോശു. 10:2) യെരുശലേമിലെ രാജാവായ അദോനീ-സേദെക്ക് ഇതിൽ തനിക്കും കനാനിലെ മററു രാജ്യങ്ങൾക്കും ഒരു ഭീഷണി കാണുന്നു. ശത്രുപക്ഷത്തിലേക്കുളള കൂറുമാററം തടയുന്നതിന് ഒരു മാതൃക വെച്ചേ തീരൂ. അതുകൊണ്ട് അദോനീ-സേദെക്കും വേറെ (ഹെബ്രോൻ, യർമൂത്ത്, ലാഖീശ്, എഗ്ലോൻ എന്നീ നഗരരാജ്യങ്ങളിലെ) നാലു രാജാക്കൻമാരും സംഘടിച്ചു ഗിബെയോനെതിരെ യുദ്ധം ചെയ്യുന്നു. ഗിബെയോന്യരോടുളള തന്റെ ഉടമ്പടി മാനിച്ചുകൊണ്ടു യോശുവ അവരെ സഹായിക്കുന്നതിനു രാത്രിമുഴുവൻ മാർച്ചുചെയ്യുകയും അഞ്ചു രാജാക്കൻമാരുടെ സൈന്യങ്ങളെ തുരത്തുകയും ചെയ്യുന്നു. യഹോവ ഒരിക്കൽകൂടെ വിനാശകരമായ ഫലങ്ങളോടെ മനുഷ്യാതീതശക്തികളെയും അടയാളങ്ങളെയും ഉപയോഗിച്ചുകൊണ്ടു യുദ്ധത്തിൽ ചേരുന്നു. ആകാശത്തുനിന്നു ശക്തമായ കൻമഴ വർഷിക്കുകയും ഇസ്രായേല്യവാൾ നശിപ്പിച്ചതിനെക്കാൾ കൂടുതൽ പേരെ കൊല്ലുകയും ചെയ്യുന്നു. പിന്നീട് അത്ഭുതങ്ങളിൽവെച്ച് അത്ഭുതം, ‘സൂര്യൻ ആകാശമദ്ധ്യേ ഒരു ദിവസംമുഴുവൻ അസ്തമിക്കാതെ നിൽക്കുന്നു.’ (10:13) അങ്ങനെ തുരത്തൽനടപടി പൂർത്തിയാക്കാൻ കഴിയും. ലോകജ്ഞാനികൾ ഈ അത്ഭുതസംഭവത്തെ സംശയത്തോടെ വീക്ഷിക്കാൻ ശ്രമിച്ചേക്കാം, എന്നാൽ വിശ്വാസമുളളവർ പ്രപഞ്ചശക്തികളെ നിയന്ത്രിക്കാനും അവയെ തന്റെ ഇഷ്ടപ്രകാരം നയിക്കാനുമുളള യഹോവയുടെ ശക്തിയെക്കുറിച്ചുളള പൂർണബോധത്തോടെ ദിവ്യരേഖയെ സ്വീകരിക്കുന്നു. യഥാർഥത്തിൽ “യഹോവ തന്നേയായിരുന്നു ഇസ്രായേലിന്നുവേണ്ടി യുദ്ധംചെയ്തതു.”—10:14.
15. ഹാസോരിലെ ആക്രമണത്തിന്റെ ഗതിയും പാരമ്യവും വർണിക്കുക.
15 അഞ്ചു രാജാക്കൻമാരെ നിഗ്രഹിച്ചശേഷം, യോശുവ മക്കേദായെ നശിപ്പിക്കുന്നു. പെട്ടെന്നു തെക്കോട്ടു കടന്നുകൊണ്ട് അവൻ ലിബ്ന, ലാഖീശ്, എഗ്ലോൻ, ഹെബ്രോൻ, ദെബീർ എന്നിങ്ങനെ ഉപ്പുകടലിനും മഹാസമുദ്രത്തിനുമിടക്കുളള കുന്നുകളിലെ നഗരങ്ങളെ പൂർണമായും നശിപ്പിക്കുന്നു. ഇപ്പോൾ ആക്രമണത്തിന്റെ വാർത്ത കനാനിലുടനീളം വ്യാപിച്ചിരിക്കുകയാണ്. വടക്കു ഹാസോരിലെ രാജാവായ യാബീൻ ഭയം വിളിച്ചറിയിക്കുന്നു. അവൻ യോർദാന്റെ ഇരുവശങ്ങളിലും എമ്പാടും ഇസ്രായേല്യർക്കെതിരെ സംയുക്ത നടപടിക്ക് ഒത്തുകൂടാനുളള ആഹ്വാനം അയയ്ക്കുന്നു. കൂടിവന്ന ശത്രുസൈന്യങ്ങൾ ഹെർമോൻ പർവതത്തിനു താഴെ മേരോമിലെ വെളളത്തിനരികെ പാളയമടിക്കുമ്പോൾ “കടല്ക്കരയിലെ മണൽപോലെ അനവധി” ആയിരുന്നു. (11:4) വീണ്ടും യഹോവ യോശുവക്കു വിജയത്തിന് ഉറപ്പുകൊടുക്കുകയും യുദ്ധതന്ത്രം വിവരിക്കുകയും ചെയ്യുന്നു. ഫലമെന്തായിരുന്നു? യഹോവയുടെ ജനത്തിന്റെ ശത്രുക്കൾക്കു തകർത്തുകളയുന്ന മറെറാരു പരാജയം! ഹാസോർ ചുട്ടുകരിക്കുന്നു, അതിന്റെ സഖ്യനഗരങ്ങളും അവയുടെ രാജാക്കൻമാരും നശിപ്പിക്കപ്പെടുന്നു. അങ്ങനെ യോശുവ ഇസ്രായേല്യാധിപത്യം കനാനിൽ നെടുകെയും കുറുകെയും വ്യാപിപ്പിക്കുന്നു. മുപ്പത്തൊന്നു രാജാക്കൻമാർ തോൽപ്പിക്കപ്പെട്ടിരിക്കുന്നു.
16. ദേശത്തിന്റെ ഏതു വിഭാഗിച്ചുകൊടുക്കൽ നടക്കുന്നു?
16 ദേശം വിഭാഗിച്ചുകൊടുക്കൽ (13:1–22:34). ഈ അനേകം വിജയങ്ങൾ ലഭിച്ചിട്ടും, കോട്ടകെട്ടിയ അനേകം മുഖ്യ നഗരങ്ങൾ നശിപ്പിക്കുകയും സംഘടിത ചെറുത്തുനിൽപ്പ് തത്കാലം തകരുകയും ചെയ്തിട്ടും, “ഇനി ഏററവും വളരെ ദേശം കൈവശമാക്കുവാനുണ്ടു.” (13:1) എന്നിരുന്നാലും, ഇപ്പോൾ യോശുവക്ക് ഏതാണ്ട് 90 വയസ്സ് പ്രായമുണ്ട്, മറെറാരു വലിയ വേല ചെയ്യാനുമുണ്ട്—ഒൻപതു പൂർണഗോത്രങ്ങൾക്കും മനശ്ശെയുടെ പാതിഗോത്രത്തിനും ദേശം വിഭാഗിച്ചുകൊടുക്കുന്ന വേലതന്നെ. രൂബേനും ഗാദും മനശ്ശെയുടെ പാതിഗോത്രവും യോർദാനു കിഴക്കു തങ്ങളുടെ അവകാശം വാങ്ങുകയുണ്ടായി. ലേവിഗോത്രത്തിന് ഒന്നും കിട്ടുകയില്ല. “യിസ്രായേലിന്റെ ദൈവമായ യഹോവ” അവരുടെ അവകാശമാണ്. (13:33) പുരോഹിതനായ എലെയാസരിന്റെ സഹായത്തോടെ യോശുവ ഇപ്പോൾ യോർദാനു പടിഞ്ഞാറുവശത്തെ വീതങ്ങൾ കൊടുക്കുന്നു. അവസാനംവരെ യഹോവയുടെ ശത്രുക്കളോടു പൊരുതാൻ ആകാംക്ഷയുളള 85 വയസ്സുകാരനായ കാലേബ് ഹെബ്രോനിലെ അനാക്കിം-ശല്യമുളള പ്രദേശം അപേക്ഷിക്കുകയും നിയമിച്ചുകിട്ടുകയും ചെയ്യുന്നു. (14:12-15) ഗോത്രങ്ങൾക്ക് അവയുടെ അവകാശങ്ങൾ ചീട്ടിട്ടു കിട്ടിയശേഷം യോശുവ എഫ്രയീം പർവതങ്ങളിലുളള തിഗ്ലത്ത്-സേരഹ് നഗരത്തിനുവേണ്ടി അപേക്ഷിക്കുകയും “യഹോവയുടെ കല്പനപ്രകാരം” അത് അവനു കൊടുക്കുകയും ചെയ്യുന്നു. (19:50) എഫ്രയീം പർവതപ്രദേശത്തുതന്നെയുളള ശീലോയിൽ സമാഗമന കൂടാരം സ്ഥാപിക്കപ്പെടുന്നു.
17. സങ്കേത നഗരങ്ങൾക്കും ലേവ്യർക്കുളള നിവാസ നഗരങ്ങൾക്കുംവേണ്ടി എന്തു കരുതൽ ചെയ്യുന്നു?
17 അബദ്ധവശാൽ കൊലചെയ്യുന്നവനുവേണ്ടി ആറു സങ്കേത നഗരങ്ങൾ വേർതിരിക്കുന്നു, യോർദാന്റെ ഓരോ വശത്തും മൂന്നുവീതം. യോർദാനു പടിഞ്ഞാറുവശത്തേതു ഗലീലയിലെ കേദെശും എഫ്രയീമിലെ ശേഖേമും യഹൂദാമലനാട്ടിലെ ഹെബ്രോനും ആയിരുന്നു. കിഴക്കുവശത്തേതു രൂബേന്റെ പ്രദേശത്തെ ബേസെരും ഗിലെയാദിലെ രാമോത്തും ബാശാനിലെ ഗോലാനുമായിരുന്നു. ഇവക്ക് ഒരു “പാവനപദവി” കൊടുക്കുന്നു. (20:7, NW) ലേവ്യർക്കു നാൽപ്പത്തെട്ടു നഗരങ്ങൾ അവയുടെ മേച്ചൽസ്ഥലങ്ങൾ സഹിതം നിവാസനഗരങ്ങളായി ഗോത്ര വീതങ്ങളിൽനിന്നു ചീട്ടിട്ടു കൊടുക്കുന്നു. ഇവയിൽ ആറു സങ്കേതനഗരങ്ങൾ ഉൾപ്പെടുന്നു. അങ്ങനെ ഇസ്രായേൽ “[ദേശം] കൈവശമാക്കി അവിടെ കുടിപാർത്തു.” യഹോവ വാഗ്ദത്തംചെയ്തിരുന്നതുപോലെതന്നെ “സകലവും നിവൃത്തിയായി.”—21:43, 45.
18. കിഴക്കൻ ഗോത്രങ്ങളും പടിഞ്ഞാറൻഗോത്രങ്ങളും തമ്മിൽ എന്തു പ്രതിസന്ധി ഉളവാകുന്നു, ഇത് എങ്ങനെ പരിഹരിക്കപ്പെടുന്നു?
18 ഈ സമയംവരെയും യോശുവയോടുകൂടെ ഉണ്ടായിരുന്ന രൂബേന്റെയും ഗാദിന്റെയും ഗോത്രങ്ങളിൽനിന്നും മനശ്ശെയുടെ പാതി ഗോത്രത്തിൽനിന്നുമുളള ആളുകൾ, വിശ്വസ്തതക്കുളള യോശുവയുടെ ഉദ്ബോധനവും അവന്റെ അനുഗ്രഹവും സ്വീകരിച്ചുകൊണ്ടു യോർദാനക്കരെയുളള തങ്ങളുടെ അവകാശങ്ങളിലേക്കു മടങ്ങിപ്പോകുന്നു. വഴിക്കു യോർദാനെ സമീപിച്ചപ്പോൾ അവർ ഒരു വലിയ യാഗപീഠം പണിതുയർത്തുന്നു. ഇത് ഒരു പ്രതിസന്ധി ഉളവാക്കുന്നു. യഹോവയുടെ ആരാധനക്കുവേണ്ടിയുളള നിയമിതസ്ഥലം ശീലോയിലെ സമാഗമനകൂടാരത്തിങ്കലായതിനാൽ അവർ വഞ്ചനയും അഭക്തിയും പ്രകടമാക്കുന്നതായി പടിഞ്ഞാറൻഗോത്രങ്ങൾ ഭയപ്പെടുന്നു. വിമതരായി സങ്കൽപ്പിക്കപ്പെട്ടവർക്കെതിരെ അവർ യുദ്ധത്തിനൊരുങ്ങുന്നു. എന്നിരുന്നാലും, യാഗപീഠം യാഗമർപ്പിക്കാനല്ല, പിന്നെയോ “യഹോവതന്നേ ദൈവം എന്നതിന്നു ഇതു നമ്മുടെ [യോർദാനു കിഴക്കും പടിഞ്ഞാറുമുളള ഇസ്രായേലിനു] മദ്ധ്യേ സാക്ഷി”യായി ഉതകുന്നതിനുവേണ്ടിയാണ് എന്നു വിശദീകരിക്കപ്പെട്ടപ്പോൾ രക്തച്ചൊരിച്ചിൽ ഒഴിവാക്കപ്പെടുന്നു.—22:34.
19, 20. (എ) യോശുവ എന്തു വിടവാങ്ങൽ പ്രബോധനങ്ങൾ കൊടുക്കുന്നു? (ബി) അവൻ ഇസ്രായേലിനു മുമ്പിൽ ഏതു വിവാദപ്രശ്നം വെക്കുന്നു, ഇസ്രായേൽ ചെയ്യേണ്ട ശരിയായ തിരഞ്ഞെടുപ്പിനെ അവൻ ഊന്നിപ്പറയുന്നത് എങ്ങനെ?
19 യോശുവയുടെ വിടവാങ്ങൽ പ്രബോധനങ്ങൾ (23:1–24:33). ‘യഹോവ ചുററുമുളള സകല ശത്രുക്കളെയും അടക്കി യിസ്രായേലിന്നു സ്വസ്ഥത നല്കി ഏറെക്കാലം കഴിഞ്ഞു യോശുവ വയസ്സുചെന്നു വൃദ്ധനായശേഷം’ അവൻ പ്രചോദകമായ വിടവാങ്ങൽ പ്രബോധനങ്ങൾക്കായി സകല ഇസ്രായേലിനെയും കൂട്ടിവരുത്തുന്നു. (23:1) അവസാനത്തോളം വിനീതനായി അവൻ ജനതകളുടെമേലുളള വലിയ വിജയങ്ങൾക്കു സകല ബഹുമതിയും യഹോവക്കു കൊടുക്കുന്നു. എല്ലാവരും ഇപ്പോൾ വിശ്വസ്തരായി തുടരട്ടെ! “മോശെയുടെ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നതൊക്കെയും പ്രമാണിച്ചുനടപ്പാനും അതിൽനിന്നു വലത്തോട്ടെങ്കിലും ഇടത്തോട്ടെങ്കിലും മാറാതിരിപ്പാനും ഏററവും ഉറപ്പുളളവരായിരിപ്പിൻ.” (23:6) അവർ വ്യാജദൈവങ്ങളെ ഉപേക്ഷിക്കുകയും ‘തങ്ങളുടെ ദൈവമായ യഹോവയെ സേവിപ്പാൻ പൂർണമനസ്സോടെ ഏററവും ജാഗ്രതയായിരിക്കുകയും’ വേണം. (23:11) ശേഷിച്ചിരിക്കുന്ന കനാന്യരുമായി അനുരഞ്ജനം പാടില്ല, അവരുമായി വിവാഹബന്ധമോ മിശ്രവിശ്വാസ സഖ്യങ്ങളോ പാടില്ല, എന്തുകൊണ്ടെന്നാൽ ഇതു യഹോവയുടെ ഉഗ്രകോപം വരുത്തിക്കൂട്ടും.
20 സകല ഗോത്രങ്ങളെയും ശേഖേമിൽ കൂട്ടിവരുത്തി അവരുടെ പ്രതിപുരുഷ ഉദ്യോഗസ്ഥൻമാരെ യഹോവയുടെ മുമ്പാകെ വിളിച്ചുവരുത്തിയിട്ടു യോശുവ അടുത്തതായി, യഹോവ അബ്രഹാമിനെ വിളിക്കുകയും കനാനിലേക്കു വരുത്തുകയും ചെയ്ത സമയംമുതൽ വാഗ്ദത്തദേശത്തിന്റെ ജയിച്ചടക്കലും കൈവശമാക്കലുംവരെ തന്റെ ജനത്തോടുളള തന്റെ ഇടപെടലുകൾ സംബന്ധിച്ച യഹോവയുടെ വ്യക്തിപരമായ വിവരണം നൽകുന്നു. യോശുവ വീണ്ടും വ്യാജമതത്തെക്കുറിച്ചു മുന്നറിയിപ്പു കൊടുത്തിട്ടു “യഹോവയെ ഭയപ്പെട്ടു അവനെ പരമാർത്ഥതയോടും വിശ്വസ്തതയോടുംകൂടെ സേവിപ്പിൻ” എന്ന് ഇസ്രായേലിനെ ആഹ്വാനം ചെയ്യുന്നു. അതേ, “യഹോവയെ സേവിപ്പിൻ.” അനന്തരം അവൻ അത്യന്തം വ്യക്തതയോടെ വിവാദപ്രശ്നം അവതരിപ്പിക്കുന്നു: “നിങ്ങളുടെ പിതാക്കൻമാർ സേവിച്ച ദേവൻമാരെയോ നിങ്ങൾ പാർത്തുവരുന്ന ദേശത്തിലെ അമോര്യരുടെ ദേവൻമാരെയോ ആരെ സേവിക്കും എന്നു ഇന്നു തിരഞ്ഞെടുത്തുകൊൾക. ഞാനും എന്റെ കുടുംബവുമോ ഞങ്ങൾ യഹോവയെ സേവിക്കും.” മോശയെ അനുസ്മരിപ്പിക്കുന്ന ബോധ്യത്തോടെ അവൻ, “യഹോവ ഒരു വിശുദ്ധ ദൈവമാകുന്നു; അവൻ സമ്പൂർണ്ണഭക്തി നിഷ്കർഷിക്കുന്ന ഒരു ദൈവമാകുന്നു” എന്ന് ഇസ്രായേലിനെ ഓർമിപ്പിക്കുന്നു. അതുകൊണ്ട് അന്യദൈവങ്ങളെ നീക്കിക്കളയുക! അങ്ങനെ ജനം ഒററക്കെട്ടായി, “ഞങ്ങളുടെ ദൈവമായ യഹോവയെ ഞങ്ങൾ സേവിക്കും, അവന്റെ ശബ്ദം ഞങ്ങൾ കേട്ടനുസരിക്കും!” എന്നു പ്രഖ്യാപിക്കാൻ ഉത്തേജിതരാകുന്നു. (24:14, 15, 19, 24, NW) അവരെ പിരിച്ചുവിടുന്നതിനു മുമ്പു യോശുവ അവരോട് ഒരു ഉടമ്പടിചെയ്യുകയും ഈ വചനങ്ങൾ ദൈവത്തിന്റെ നിയമപുസ്തകത്തിൽ എഴുതുകയും സാക്ഷ്യമായി ഒരു വലിയ കല്ലു നാട്ടുകയും ചെയ്യുന്നു. പിന്നീട്, യോശുവ നല്ല വാർധക്യമായ 110- വയസ്സിൽ മരിക്കുകയും തിമ്നത്ത്-സേരഹിൽ അടക്കപ്പെടുകയും ചെയ്യുന്നു.
എന്തുകൊണ്ടു പ്രയോജനപ്രദം
21. യോശുവയുടെ പുസ്തകത്തിലെ ഏതു ജ്ഞാനോപദേശം ഇന്നു മുന്തിയ പ്രയോജനമുളളതാണ്?
21 വിശ്വസ്തസേവനം സംബന്ധിച്ച യോശുവയുടെ വിടവാങ്ങൽ പ്രബോധനങ്ങൾ വായിക്കുമ്പോൾ അതു നിങ്ങളുടെ ഹൃദയത്തെ ഉത്തേജിപ്പിക്കുന്നില്ലേ? 3,400-ൽപ്പരം വർഷം മുമ്പ് ഉച്ചരിക്കപ്പെട്ട, “ഞാനും എന്റെ കുടുംബവുമോ, ഞങ്ങൾ യഹോവയെ സേവിക്കും” എന്ന യോശുവയുടെ വാക്കുകൾ നിങ്ങൾ പ്രതിധ്വനിപ്പിക്കുന്നില്ലേ? അല്ലെങ്കിൽ നിങ്ങൾ പീഡാനുഭവത്തിന്റെയോ മററു വിശ്വസ്തരിൽനിന്നുളള ഒററപ്പെടലിന്റെയോ അവസ്ഥകളിലാണു യഹോവയെ സേവിക്കുന്നതെങ്കിൽ വാഗ്ദത്തദേശത്തേക്കുളള അഭിഗമനത്തിന്റെ തുടക്കത്തിൽ ഉച്ചരിക്കപ്പെട്ട, “നല്ല ഉറപ്പും ധൈര്യവുമുളളവനായിമാത്രം ഇരിക്ക” എന്ന യോശുവയോടുളള യഹോവയുടെ വാക്കുകളിൽനിന്നു നിങ്ങൾ ഉത്തേജനം ഉൾക്കൊളളുന്നില്ലേ? മാത്രവുമല്ല, ‘നിങ്ങളുടെ പ്രവൃത്തി സാധിക്കേണ്ടതിന്നു രാവും പകലും [ബൈബിൾ] ധ്യാനിക്കാനുളള’ യഹോവയുടെ ബുദ്ധ്യുപദേശം അനുസരിക്കുന്നതിൽ നിങ്ങൾ അമൂല്യമായ പ്രയോജനം കണ്ടെത്തുന്നില്ലേ? തീർച്ചയായും, അങ്ങനെയുളള ജ്ഞാനപൂർവകമായ ബുദ്ധ്യുപദേശം അനുസരിക്കുന്ന എല്ലാവരും അതു മുന്തിയ വിധത്തിൽ പ്രയോജനപ്രദമാണെന്നു കണ്ടെത്തും.—24:15; 1:7-9.
22. സത്യാരാധനയുടെ ഏത് അത്യന്താപേക്ഷിത ഗുണങ്ങൾ പ്രദീപ്തമാക്കപ്പെടുന്നു?
22 യോശുവയുടെ പുസ്തകത്തിൽ സമുജ്ജ്വലമായി രേഖപ്പെടുത്തിയിരിക്കുന്ന സംഭവങ്ങൾ വെറും പുരാതനചരിത്രത്തെക്കാൾ കവിഞ്ഞതാണ്. അവ ദൈവികതത്ത്വങ്ങളെ പ്രദീപ്തമാക്കുന്നു—വളരെ പ്രമുഖമായി സമ്പൂർണവിശ്വാസവും യഹോവയോടുളള അനുസരണവും അവന്റെ അനുഗ്രഹത്തിനു മർമപ്രധാനമാണെന്നുളളതിനെ തന്നെ. വിശ്വാസത്താൽ, “യെരീഹോയുടെ മതിലുകൾ അവ ഏഴു ദിവസം വളയപ്പെട്ട ശേഷം വീണു” എന്നും വിശ്വാസം നിമിത്തം, “രാഹാബ് എന്ന വേശ്യ അനുസരണമില്ലാതെ പ്രവർത്തിച്ചവരോടുകൂടെ നശിച്ചില്ല” എന്നും അപ്പോസ്തലനായ പൗലൊസ് രേഖപ്പെടുത്തുന്നു. (എബ്രാ. 11:30, 31, NW) അതുപോലെതന്നെ, യാക്കോബ് വിശ്വാസത്തിന്റെ പ്രവൃത്തികൾ ഉളവാക്കുന്നതിൽ ക്രിസ്ത്യാനികൾക്കു പ്രയോജനകരമായ ഒരു ദൃഷ്ടാന്തമെന്ന നിലയിൽ രാഹാബിനെ അവതരിപ്പിക്കുന്നു.—യാക്കോ. 2:24-26.
23. യോശുവയിൽ ഏതു ശക്തമായ ഓർമിപ്പിക്കലുകൾ അടങ്ങിയിരിക്കുന്നു?
23 യോശുവ 10:10-14-ൽ രേഖപ്പെടുത്തിയിരിക്കുന്ന, സൂര്യൻ നിശ്ചലമായി നിൽക്കുകയും ചന്ദ്രൻ അനങ്ങാതെ നിൽക്കുകയും ചെയ്ത അസാധാരണ പ്രകൃതാതീത സംഭവങ്ങളും യഹോവ തന്റെ ജനത്തിനുവേണ്ടി ചെയ്ത മററനേകം അത്ഭുതങ്ങളും ദൈവത്തിന്റെ ദുഷ്ടരായ സകല എതിരാളികളുടെയും അന്തിമ നിർമൂലനാശം വരുത്താനുളള യഹോവയുടെ ശക്തിയുടെയും ഉദ്ദേശ്യത്തിന്റെയും ശക്തമായ ഓർമിപ്പിക്കലുകളാണ്. യോശുവയുടെ കാലത്തെയും ദാവീദിന്റെ കാലത്തെയും യുദ്ധരംഗമായിരുന്ന ഗിബെയോനെ, യഹോവ, “തന്റെ പ്രവൃത്തിയെ തന്റെ ആശ്ചര്യപ്രവൃത്തിയെ തന്നേ, ചെയ്യേണ്ടതിന്നും തന്റെ ക്രിയയെ, തന്റെ അപൂർവ്വക്രിയയെ തന്നേ നടത്തേണ്ടതിന്നും” ഈ നിർമൂലനാശത്തിനായി പ്രക്ഷുബ്ധനായി എഴുന്നേൽക്കുന്നതിനോടു യെശയ്യാവു ബന്ധപ്പെടുത്തുന്നു.—യെശ. 28:21, 22.
24. യോശുവയുടെ പുസ്തകം രാജ്യവാഗ്ദത്തങ്ങളോട് എങ്ങനെ ബന്ധപ്പെടുന്നു, ഇവ ‘എല്ലാം നിവൃത്തിയാകു’മെന്ന് അത് എന്ത് ഉറപ്പുനൽകുന്നു?
24 യോശുവയിലെ സംഭവങ്ങൾ മുമ്പോട്ടു ദൈവരാജ്യത്തിലേക്കു വിരൽ ചൂണ്ടുന്നുവോ? തീർച്ചയായും! വാഗ്ദത്തദേശത്തിന്റെ ജയിച്ചടക്കലും കുടിപാർപ്പും വളരെ വലിപ്പമേറിയ ഒന്നിനോടു ബന്ധിപ്പിക്കേണ്ടതാണെന്ന് അപ്പോസ്തലനായ പൗലൊസ് സൂചിപ്പിച്ചു: “യോശുവ അവർക്കു സ്വസ്ഥത വരുത്തി എങ്കിൽ മറെറാരു ദിവസത്തെക്കുറിച്ചു പിന്നത്തേതിൽ കല്പിക്കയില്ലായിരുന്നു; ആകയാൽ ദൈവത്തിന്റെ ജനത്തിന്നു ഒരു ശബത്തനുഭവം ശേഷിച്ചിരിക്കുന്നു.” (എബ്രാ. 4:1, 8, 9) അവർ, “നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ നിത്യരാജ്യത്തിലേക്കുളള പ്രവേശനം” ഉറപ്പുവരുത്തുന്നതിനു മുന്നേറുകയാണ്. (2 പത്രൊ. 1:10, 11) മത്തായി 1:5 പ്രകടമാക്കുന്നതുപോലെ, രാഹാബ് യേശുക്രിസ്തുവിന്റെ ഒരു പൂർവികമാതാവായിത്തീർന്നു. അങ്ങനെ യോശുവയുടെ പുസ്തകം രാജ്യസന്തതിയുടെ ഉത്പാദനത്തിലേക്കു നയിക്കുന്ന രേഖയിലെ മറെറാരു മർമപ്രധാനമായ കണ്ണി പ്രദാനം ചെയ്യുന്നു. യഹോവയുടെ രാജ്യവാഗ്ദത്തങ്ങൾ സുനിശ്ചിതമായി നിവൃത്തിയേറുമെന്ന് അതു ദൃഢമായ ഉറപ്പുനൽകുന്നു. അബ്രഹാമിനോടും ഇസ്ഹാക്കിനോടും യാക്കോബിനോടും ചെയ്തതും അവരുടെ വംശജരായ ഇസ്രായേല്യരോട് ആവർത്തിച്ചതുമായ ദൈവത്തിന്റെ വാഗ്ദത്തത്തെക്കുറിച്ചു സംസാരിച്ചുകൊണ്ടു രേഖ യോശുവയുടെ നാളിനെക്കുറിച്ചു പറയുന്നു: “യഹോവ യിസ്രായേൽ ഗൃഹത്തോടു അരുളിച്ചെയ്ത വാഗ്ദാനങ്ങളിൽ [“നല്ല വാഗ്ദാനങ്ങളിൽ,” NW] ഒന്നും വൃഥാവാകാതെ സകലവും നിവൃത്തിയായി.” (യോശു. 21:45; ഉല്പ. 13:14-17) അതുപോലെയാണു നീതിയുളള സ്വർഗരാജ്യത്തെക്കുറിച്ചുളള “നല്ല വാഗ്ദത്ത”വും—അതെല്ലാം നിവൃത്തിയാകും!
[അധ്യയന ചോദ്യങ്ങൾ]