ബൈബിൾ പുസ്തക നമ്പർ 61—2 പത്രൊസ്
ബൈബിൾ പുസ്തക നമ്പർ 61—2 പത്രൊസ്
എഴുത്തുകാരൻ: പത്രൊസ്
എഴുതിയ സ്ഥലം: ബാബിലോൻ (?)
എഴുത്തു പൂർത്തിയായത്: പൊ.യു. ഏകദേശം 64
1. രണ്ടു പത്രൊസ് എഴുതിയതു പത്രൊസാണെന്ന് ഏതു വസ്തുതകൾ തെളിയിക്കുന്നു?
പത്രൊസ് തന്റെ രണ്ടാമത്തെ ലേഖനം രചിച്ചപ്പോൾ, താൻ താമസിയാതെ മരണത്തെ അഭിമുഖീകരിക്കേണ്ടതാണെന്നു തിരിച്ചറിഞ്ഞു. തങ്ങളുടെ ശുശ്രൂഷയിൽ സ്ഥിരത പാലിക്കാൻ സഹക്രിസ്ത്യാനികളെ സഹായിക്കുന്നതിനു സൂക്ഷ്മപരിജ്ഞാനമുണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യം അവരെ അനുസ്മരിപ്പിക്കാൻ അവൻ ആകാംക്ഷാപൂർവം ആഗ്രഹിച്ചു. അപ്പോസ്തലനായ പത്രൊസിന്റെ പേർവഹിക്കുന്ന രണ്ടാം ലേഖനത്തിന്റെ എഴുത്തുകാരൻ അവനാണെന്നുളളതിനെ സംശയിക്കുന്നതിന് ഏതെങ്കിലും കാരണമുണ്ടായിരിക്കുമോ? ലേഖനംതന്നെ ലേഖനകർത്തൃത്വം സംബന്ധിച്ചു പൊന്തിവരാവുന്ന ഏതു സംശയങ്ങളെയും തുടച്ചുനീക്കുന്നു. താൻ “യേശുക്രിസ്തുവിന്റെ ഒരു അടിമയും അപ്പോസ്തലനുമായ ശിമോൻ പത്രൊസ്” ആണെന്ന് എഴുത്തുകാരൻതന്നെ പറയുന്നു. (2 പത്രൊ. 1:1, NW) അവൻ ഇതിനെ ‘ഞാൻ നിങ്ങൾക്ക് എഴുതുന്ന രണ്ടാമത്തെ ലേഖനം’ എന്നു പരാമർശിക്കുന്നു. (3:1) അവൻ തന്നേക്കുറിച്ചുതന്നെ യേശുക്രിസ്തുവിന്റെ മറുരൂപത്തിന്റെ ഒരു ദൃക്സാക്ഷിയെന്നു പറയുന്നു. അതു പത്രൊസ് യാക്കോബിനോടും യോഹന്നാനോടുംകൂടെ പങ്കുവെച്ച ഒരു പദവിയായിരുന്നു. അവൻ ഇതിനെക്കുറിച്ച് ഒരു ദൃക്സാക്ഷിയുടെ സകല വികാരത്തോടുംകൂടെ എഴുതുന്നു. (1:16-21) യേശു തന്റെ മരണത്തെ മുൻകൂട്ടിപ്പറഞ്ഞിരുന്നതായി അവൻ പറയുന്നു.—2 പത്രൊ. 1:14; യോഹ. 21:18, 19.
2. രണ്ടു പത്രൊസിന്റെ കാനോനികതയെ തെളിയിക്കുന്നത് എന്ത്?
2 എന്നിരുന്നാലും, ചില വിമർശകർ രണ്ടാമത്തെ ലേഖനത്തെ പത്രൊസിന്റെ കൃതിയാണോയെന്നു സംശയിക്കുന്നതിനുളള കാരണമായി രണ്ടു ലേഖനങ്ങളിലെയും ശൈലികളുടെ വ്യത്യാസത്തിലേക്കു വിരൽചൂണ്ടിയിട്ടുണ്ട്. എന്നാൽ ഇതു യഥാർഥമായ പ്രശ്നമുയർത്തുകയില്ല, എന്തുകൊണ്ടെന്നാൽ വിഷയവും എഴുത്തിന്റെ ഉദ്ദേശ്യവും വ്യത്യസ്തമായിരുന്നു. കൂടാതെ, പത്രൊസ് തന്റെ ഒന്നാമത്തെ ലേഖനം “ഒരു വിശ്വസ്ത സഹോദരനായ സില്വാനോസ്മുഖാന്തരം” എഴുതി. വാചകങ്ങൾക്കു രൂപംകൊടുക്കുന്നതിനു സില്വാനോസിനു കുറെ അനുവാദം കൊടുത്തുവെങ്കിൽ അതു രണ്ടു ലേഖനങ്ങളുടെയും ശൈലിയിലുളള വ്യത്യാസത്തിനു കാരണമാകാം, രണ്ടാമത്തെ ലേഖനം എഴുതിയതിൽ സില്വാനോസിനു പ്രത്യക്ഷത്തിൽ ഒരു പങ്കുണ്ടായിരുന്നില്ല. (1 പത്രൊ. 5:12, NW) “അതിനു പിതാക്കൻമാരിൽനിന്നുളള സാക്ഷ്യം കുറവാണ്” എന്ന കാരണത്താൽ അതിന്റെ കാനോനികത സംബന്ധിച്ചും തർക്കമുണ്ട്. എന്നിരുന്നാലും, “ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളുടെ പ്രമുഖ ആദിമ പുസ്തകപ്പട്ടികകൾ” എന്ന ചാർട്ടിൽനിന്നു നിരീക്ഷിക്കാൻ കഴിയുന്നതുപോലെ, മൂന്നാം കാർത്തേജ് കൗൺസിലിനു മുമ്പുളള നിരവധി പ്രാമാണികർ രണ്ടു പത്രൊസിനെ ബൈബിൾ പുസ്തകപ്പട്ടികയുടെ ഭാഗമെന്നു പരിഗണിച്ചു. a
3. പ്രത്യക്ഷത്തിൽ എപ്പോൾ, എവിടെവച്ചു രണ്ടു പത്രൊസ് എഴുതപ്പെട്ടു, അത് ആരെ സംബോധന ചെയ്തു?
3 പത്രൊസിന്റെ രണ്ടാം ലേഖനം എപ്പോഴാണ് എഴുതപ്പെട്ടത്? ഒന്നാം ലേഖനത്തിനുശേഷം താമസിയാതെ ബാബിലോനിൽനിന്നോ അതിന്റെ പരിസരത്തുനിന്നോ പൊ.യു. ഏതാണ്ട് 64-ൽ അത് എഴുതപ്പെട്ടിരിക്കാനിടയുണ്ട്. എന്നാൽ നേരിട്ടുളള തെളിവില്ല, വിശേഷാൽ സ്ഥലം സംബന്ധിച്ച്. എഴുത്തിന്റെ സമയത്തു പൗലൊസിന്റെ മിക്ക ലേഖനങ്ങളും സഭകൾക്കിടയിൽ പ്രചരിക്കുന്നുണ്ടായിരുന്നു. പത്രൊസിന് അവയെക്കുറിച്ചറിയാമായിരുന്നു. അവൻ അവയെ ദൈവനിശ്വസ്തമായി കരുതുകയും ‘ശേഷം തിരുവെഴുത്തുകളോടുകൂടെ’ അവയെ ഉൾപ്പെടുത്തുകയും ചെയ്തു. പത്രൊസിന്റെ രണ്ടാമത്തെ ലേഖനം, “ഞങ്ങൾക്കു ലഭിച്ചതുപോലെ അതേ വിലയേറിയ വിശ്വാസം ലഭിച്ചവ”രെ സംബോധനചെയ്യുന്നതാണ്. അവരിൽ ഒന്നാം ലേഖനം ആർക്കെഴുതിയോ അവരും പത്രൊസിന്റെ പ്രസംഗം കേട്ടിരുന്ന മററുളളവരും ഉൾപ്പെടുന്നു. ഒന്നാമത്തെ ലേഖനം അനേകം പ്രദേശങ്ങളിൽ പ്രചരിച്ചിരുന്നതുപോലെ, രണ്ടാം ലേഖനത്തിനും ഒരു പൊതു സ്വഭാവം കൈവന്നു.—2 പത്രൊ. 3:15, 16; 1:1; 3:1; 1 പത്രൊ. 1:1.
രണ്ടു പത്രൊസിന്റെ ഉളളടക്കം
4. (എ) സൂക്ഷ്മപരിജ്ഞാനംസംബന്ധിച്ചു ഫലപൂർണരാകാൻ സഹോദരൻമാർ എങ്ങനെ കഠിനയത്നം ചെയ്യണം, അവരോട് എന്തു വാഗ്ദാനം ചെയ്തിരിക്കുന്നു? (ബി) പ്രവാചകവചനം എങ്ങനെ കൂടുതൽ ഉറപ്പാക്കപ്പെടുന്നു, അത് അനുസരിക്കേണ്ടത് എന്തുകൊണ്ട്?
4 സ്വർഗീയ രാജ്യത്തിലേക്കുളള വിളി ഉറപ്പാക്കൽ (1:1-21). ‘വിശ്വാസം ലഭിച്ചവരിൽ’ സ്നേഹപൂർവകമായ താത്പര്യം വേഗംതന്നെ പത്രൊസ് പ്രകടമാക്കുന്നു. അവർക്കു “ദൈവത്തിന്റെയും നമ്മുടെ കർത്താവായ യേശുവിന്റെയും പരിജ്ഞാന”ത്താൽ അനർഹദയയും സമാധാനവും വർധിച്ചുവരാൻ അവൻ ആഗ്രഹിക്കുന്നു. ദൈവം അവർക്കു “വിലയേറിയതും അതിമഹത്തുമായ വാഗ്ദത്ത”ങ്ങൾ സൗജന്യമായി നൽകിയിരിക്കുന്നു, അവയാൽ അവർക്കു ദിവ്യസ്വഭാവത്തിനു കൂട്ടാളികളായിത്തീരാവുന്നതാണ്. തന്നിമിത്തം, അവർ ആത്മാർഥമായ ശ്രമത്താൽ തങ്ങളുടെ വിശ്വാസത്തിനു സത്ഗുണവും പരിജ്ഞാനവും ആത്മനിയന്ത്രണവും സഹിഷ്ണുതയും ദൈവഭക്തിയും സഹോദരപ്രീതിയും സ്നേഹവും പ്രദാനംചെയ്യട്ടെ. ഈ ഗുണങ്ങൾ അവരിൽ നിറഞ്ഞുകവിയുകയാണെങ്കിൽ, അവർ ഒരിക്കലും സൂക്ഷ്മപരിജ്ഞാനംസംബന്ധിച്ചു നിഷ്ക്രിയരോ നിഷ്ഫലരോ ആകുകയില്ല. സഹോദരൻമാർ തങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും അതുപോലെതന്നെ തങ്ങളുടെ കർത്താവിന്റെ നിത്യരാജ്യത്തിലേക്കുളള പ്രവേശനവും ഉറപ്പാക്കുവാൻ തങ്ങളുടെ പരമാവധി പ്രവർത്തിക്കണം. ‘തന്റെ കൂടാരം പൊളിഞ്ഞുപോകാൻ അടുത്തിരിക്കുന്നു’വെന്നറിഞ്ഞുകൊണ്ട്, തന്റെ വേർപാടിനുശേഷം അവർ അവയെക്കുറിച്ചു പറയേണ്ടതിന് അവൻ ഈ കാര്യങ്ങൾ അവരെ അനുസ്മരിപ്പിക്കുകയാണ്. പത്രൊസ് വിശുദ്ധപർവതത്തിൽ ക്രിസ്തുവിന്റെ മഹിമക്ക് ഒരു ദൃക്സാക്ഷിയായിരുന്നു, അന്ന് ഈ വചനങ്ങൾ ‘“ഇവൻ എന്റെ പ്രിയപുത്രൻ; ഇവങ്കൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്നുളള ശബ്ദം അതിശ്രേഷ്ഠതേജസ്സിങ്കൽനിന്നു വന്നു.’ അങ്ങനെ പ്രവാചകവചനം കൂടുതൽ ഉറപ്പാക്കപ്പെടുന്നു. അത് അനുസരിക്കണം, എന്തുകൊണ്ടെന്നാൽ മമനുഷ്യന്റെ ഇഷ്ടത്താലല്ല, പിന്നെയോ “ദൈവകല്പനയാൽ മനുഷ്യർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ടു സംസാരിച്ചതത്രേ” അത്.—1:1, 2, 4, 14, 17, 21.
5. വ്യാജോപദേഷ്ടാക്കൾക്കെതിരായി പത്രൊസ് എന്തു മുന്നറിയിപ്പു നൽകുന്നു, അങ്ങനെയുളളവർക്കെതിരായ ദൈവത്തിന്റെ ന്യായവിധികളുടെ സുനിശ്ചിതത്വംസംബന്ധിച്ച് ഏതു ശക്തമായ ദൃഷ്ടാന്തങ്ങൾ അവൻ ഉപയോഗിക്കുന്നു?
5 വ്യാജോപദേഷ്ടാക്കൾക്കെതിരെ ശക്തമായ മുന്നറിയിപ്പ് (2:1-22). കളളപ്രവാചകൻമാരും ഉപദേഷ്ടാക്കൻമാരും വിനാശകരമായ മതവിഭാഗങ്ങൾ ആനയിക്കുകയും അഴിഞ്ഞ നടത്തക്കു പ്രോത്സാഹിപ്പിക്കുകയും സത്യത്തിൻമേൽ നിന്ദ വരുത്തുകയും ചെയ്യും. എന്നാൽ അവരുടെ നാശം ഉറങ്ങുന്നില്ല. പാപംചെയ്ത ദൂതൻമാരെ ശിക്ഷിക്കുന്നതിൽനിന്നോ നോഹയുടെ നാളിൽ ഒരു പ്രളയം വരുത്തുന്നതിൽനിന്നോ സോദോമിനെയും ഗൊമോറയെയും ചാമ്പലാക്കുന്നതിൽനിന്നോ ദൈവം പിൻമാറിനിന്നില്ല. എന്നാൽ അവൻ പ്രസംഗകനായ നോഹയെയും നീതിമാനായ ലോത്തിനെയും വിടുവിച്ചു, തന്നിമിത്തം ‘ദൈവികഭക്തിയുളളവരെ പീഡാനുഭവത്തിൽനിന്നു വിടുവിക്കാനും നീതികെട്ട ആളുകളെ ഛേദിക്കപ്പെടുന്നതിന് ന്യായവിധി ദിവസത്തിലേക്കു കരുതിവെക്കാനും യഹോവ അറിയുന്നു,’ എന്തുകൊണ്ടെന്നാൽ അവർ സാഹസികരും തന്നിഷ്ടക്കാരും ന്യായബോധമില്ലാത്ത മൃഗങ്ങൾക്കു തുല്യരും അജ്ഞരും ദുഷിപറയുന്നവരും വഞ്ചനാത്മകമായ ഉപദേശങ്ങളിൽ ഉല്ലസിക്കുന്നവരും വ്യഭിചാരികളും ദുരാഗ്രഹികളും ദുഷ്പ്രവൃത്തിയുടെ പ്രതിഫലം ഇച്ഛിക്കുന്നതിൽ ബിലെയാമിനെപ്പോലെയുളളവരുമാകുന്നു. അവർ സ്വാതന്ത്ര്യം വാഗ്ദാനംചെയ്യുന്നു, എന്നാൽ അവർതന്നെ അഴിമതിയുടെ അടിമകളാണ്. അവർ നീതിയുടെ പാത അറിയാതിരിക്കുന്നത് അവർക്കു മെച്ചമായിരിക്കുമായിരുന്നു, എന്തെന്നാൽ: “സ്വന്ത ഛർദ്ദിക്കു തിരിഞ്ഞ നായെന്നും കുളിച്ചിട്ടു ചെളിയിൽ ഉരുളുവാൻ തിരിഞ്ഞ പന്നിയെന്നും” ഉളള മൊഴി അവർക്കു സംഭവിച്ചിരിക്കുന്നു.—2:9, 22, NW.
6. (എ) പത്രൊസ് എഴുതുന്നത് എന്തിന്, ദൈവത്തിന്റെ വാഗ്ദത്തംസംബന്ധിച്ച് അവൻ എന്തു പറയുന്നു? (ബി) പരിഹാസികളോടുളള വിപരീത താരതമ്യത്തിൽ ക്രിസ്ത്യാനികൾ എങ്ങനെ തങ്ങളേത്തന്നെ ജാഗ്രതയുളളവരെന്നു പ്രകടമാക്കണം?
6 യഹോവയുടെ ദിവസത്തെ മനസ്സിൽ അടുപ്പിച്ചുനിർത്തുക (3:1-18). മുൻപറഞ്ഞ വചനങ്ങൾ ക്രിസ്ത്യാനികൾ ഓർക്കേണ്ടതിന് അവരുടെ വ്യക്തമായ ചിന്താപ്രാപ്തികളെ ഉണർത്താൻ പത്രൊസ് എഴുതുകയാണ്. ക്രിസ്തുവിന്റെ “വാഗ്ദത്ത സാന്നിദ്ധ്യം എവിടെ?” എന്നു ചോദിച്ചുകൊണ്ട് അന്ത്യകാലത്തു പരിഹാസികൾ വരും. പുരാതന കാലങ്ങളിലെ ലോകത്തെ ദൈവം വെളളംകൊണ്ടു നശിപ്പിച്ചുവെന്നും “ഇപ്പോഴത്തെ ആകാശവും ഭൂമിയും അതേ വചനത്താൽ തീക്കായി സൂക്ഷിച്ചും ന്യായവിധിയും ഭക്തികെട്ട മനുഷ്യരുടെ നാശവും സംഭവിപ്പാനുളള ദിവസത്തേക്കു കരുതിവെച്ചുമിരിക്കുന്നു” എന്നും ഈ മനുഷ്യരുടെ ശ്രദ്ധയിൽ പെടുന്നില്ല. ഒരു ആയിരം വർഷം യഹോവക്ക് ഒരു ദിവസംപോലെയാണ്, അതുകൊണ്ട് “യഹോവ തന്റെ വാഗ്ദത്തം നിവർത്തിപ്പാൻ താമസിക്കുന്നില്ല,” എന്നാൽ അവൻ ആരും നശിപ്പിക്കപ്പെടാനാഗ്രഹിക്കാതെ ക്ഷമയുളളവനാണ്. അതുകൊണ്ട്, ക്രിസ്ത്യാനികൾ നടത്ത സൂക്ഷിക്കുകയും ആകാശങ്ങൾ അഗ്നിയാൽ വിലയിക്കുകയും ഉഗ്രതാപത്താൽ മൂലകങ്ങൾ ഉരുകുകയും ചെയ്യുന്ന യഹോവയുടെ ദിവസത്തെ കാത്തിരിക്കുകയും മനസ്സിൽ അടുപ്പിച്ചുനിർത്തുകയും ചെയ്യവേ ദൈവഭക്തിപ്രവൃത്തികൾ ചെയ്തുകൊണ്ടിരിക്കണം. എന്നാൽ ദൈവവാഗ്ദത്തപ്രകാരം “പുതിയ ആകാശങ്ങളും ഒരു പുതിയ ഭൂമിയും” ഉണ്ടാകാനിരിക്കുകയാണ്.—3:4, 7, 9, 13, NW.
7. മുന്നമേയുളള ഈ പരിജ്ഞാനമുളളതിനാൽ, ക്രിസ്ത്യാനികൾ എങ്ങനെ തീവ്രശ്രമം ചെയ്യണം?
7 അതുകൊണ്ട്, ഒടുവിൽ അവരെ “കറയും കളങ്കവുമില്ലാത്തവരായി സമാധാനത്തോടെ കാൺമാൻ” അവർ തങ്ങളുടെ പരമാവധി പ്രവർത്തിക്കണം. പ്രിയനായ പൗലൊസ് അവർക്ക് എഴുതിയതുപോലെതന്നെ അവർ തങ്ങളുടെ കർത്താവിന്റെ ക്ഷമയെ രക്ഷയെന്നു പരിഗണിക്കണം. മുന്നമേയുളള ഈ അറിവോടെ, അവർ തങ്ങളുടെ സ്വന്ത സ്ഥിരതയിൽനിന്നു വീണുപോകാതിരിക്കാൻ സൂക്ഷിക്കണം. എന്നാൽ “കൃപയിലും നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പരിജ്ഞാനത്തിലും വളരുവിൻ. അവന്നു ഇപ്പോഴും എന്നെന്നേക്കും മഹത്വം,” പത്രൊസ് ഉപസംഹരിക്കുന്നു.—3:14, 18.
എന്തുകൊണ്ടു പ്രയോജനപ്രദം
8. (എ) പത്രൊസ് എബ്രായ തിരുവെഴുത്തുകളുടെയും ഗ്രീക്ക് തിരുവെഴുത്തുകളുടെയും നിശ്വസ്തത സാക്ഷ്യപ്പെടുത്തുന്നത് എങ്ങനെ? (ബി) സൂക്ഷ്മപരിജ്ഞാനം മുറുകെപ്പിടിക്കുന്നതിനാൽ നമുക്ക് എങ്ങനെ പ്രയോജനം ലഭിക്കും?
8 സൂക്ഷ്മപരിജ്ഞാനം എത്ര അത്യന്താപേക്ഷിതമാണ്! താൻ എബ്രായ തിരുവെഴുത്തുകളിൽനിന്നു നേടിയ സൂക്ഷ്മപരിജ്ഞാനം പത്രൊസ്തന്നെ തന്റെ വാദങ്ങളിൽ നെയ്തുചേർക്കുന്നു. അവ പരിശുദ്ധാത്മാവിനാൽ നിശ്വസ്തമാണെന്ന് അവൻ സാക്ഷ്യപ്പെടുത്തുന്നു: “പ്രവചനം ഒരിക്കലും മമനുഷ്യന്റെ ഇഷ്ടത്താൽ വന്നതല്ല, ദൈവകല്പനയാൽ മനുഷ്യർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ടു സംസാരിച്ചതത്രേ.” പൗലൊസിന്റെ ജ്ഞാനം “അവനു നൽകപ്പെട്ട”താണെന്നും അവൻ ചൂണ്ടിക്കാട്ടുന്നു. (1:21; 3:15, NW) ഈ നിശ്വസ്ത തിരുവെഴുത്തുകളെല്ലാം പരിചിന്തിക്കുന്നതിനാലും സൂക്ഷ്മപരിജ്ഞാനത്തെ മുറുകെപ്പിടിക്കുന്നതിനാലും നാം അതിയായി പ്രയോജനമനുഭവിക്കുന്നു. അപ്പോൾ, “സകലവും സൃഷ്ടിയുടെ ആരംഭത്തിൽ ഇരുന്നതുപോലെ തന്നേ ഇരിക്കുന്നു” എന്നു പറയുന്നവരായി പത്രൊസ് വർണിച്ചവരെപ്പോലെ നാം ഒരിക്കലും അലംഭാവമുളളവരാകുകയില്ല. (3:4) തന്റെ ലേഖനത്തിന്റെ 2-ാമധ്യായത്തിൽ പത്രൊസ് വർണിക്കുന്നവരെപ്പോലുളള വ്യാജോപദേഷ്ടാക്കൻമാരുടെ കെണിയിലും നാം വീഴുകയില്ല. മറിച്ച്, പത്രൊസും മററു ബൈബിളെഴുത്തുകാരും നൽകിയ ഓർമിപ്പിക്കലുകൾ നാം നിരന്തരം പരിചിന്തിക്കണം. ഇവ “സത്യത്തിൽ ഉറെച്ചു” നിൽക്കാനും ക്ഷമയോടും സ്ഥിരതയോടുംകൂടെ “കൃപയിലും നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പരിജ്ഞാനത്തിലും വളരു”വാനും നമ്മെ സഹായിക്കുന്നു.—1:12; 3:18.
9. ഏതു ആത്മാർഥശ്രമം നടത്താൻ നാം പ്രോത്സാഹിപ്പിക്കപ്പെടുന്നു, എന്തുകൊണ്ട്?
9 “ദൈവത്തിന്റെയും നമ്മുടെ കർത്താവായ യേശുവിന്റെയും പരിജ്ഞാനത്തിൽ” വർധിച്ചുവരാനുളള ഒരു സഹായമെന്ന നിലയിൽ 1-ാം അധ്യായം 5 മുതൽ 7 വരെയുളള വാക്യങ്ങളിൽ പട്ടികപ്പെടുത്തിയിരിക്കുന്ന ക്രിസ്തീയ ഗുണങ്ങൾ പരിപുഷ്ടിപ്പെടുത്തുന്നതിന് ആത്മാർഥമായ ശ്രമംചെയ്യാൻ പത്രൊസ് ശുപാർശചെയ്യുന്നു. പിന്നീട് 8-ാം വാക്യത്തിൽ അവൻ കൂട്ടിച്ചേർക്കുന്നു: “ഇവ നിങ്ങൾക്കുണ്ടായി വർദ്ധിക്കുന്നു എങ്കിൽ നിങ്ങൾ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പരിജ്ഞാനം സംബന്ധിച്ചു ഉത്സാഹമില്ലാത്തവരും നിഷ്ഫലൻമാരും ആയിരിക്കയില്ല.” സത്യമായി ഈ ദുർഘടനാളുകളിൽ ദൈവശുശ്രൂഷകരെന്ന നിലയിലുളള പ്രവർത്തനത്തിന് ഇതു വിശിഷ്ടമായ പ്രോത്സാഹനമാണ്!—1:2.
10. (എ) പത്രൊസ് ഏതു വാഗ്ദാനങ്ങൾക്കു ദൃഢത കൊടുക്കുന്നു, അവയോടുളള ബന്ധത്തിൽ അവൻ എന്ത് ഉദ്ബോധിപ്പിക്കുന്നു? (ബി) രാജ്യപ്രവചനങ്ങൾ സംബന്ധിച്ചു പത്രൊസ് എന്ത് ഉറപ്പുനൽകുന്നു?
10 യഹോവയാം ദൈവത്തിന്റെ “വിലയേറിയതും അതിമഹത്തുമായ വാഗ്ദത്തങ്ങ”ളിൽ പങ്കുപററുന്നത് ഉറപ്പുവരുത്താൻ ഒരുവൻ കഠിനശ്രമംചെയ്യുന്നത് എത്ര മൂല്യവത്താണ്! അതുകൊണ്ടാണു രാജ്യലാക്കിൽ ദൃഷ്ടിപതിപ്പിക്കാൻ അഭിഷിക്തക്രിസ്ത്യാനികളെ ഉദ്ബോധിപ്പിച്ചുകൊണ്ടു പത്രൊസ് ഇങ്ങനെ പറയുന്നത്: “നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പാക്കുവാൻ അധികം ശ്രമിപ്പിൻ. ഇങ്ങനെ ചെയ്താൽ നിങ്ങൾ ഒരുനാളും ഇടറിപ്പോകാതെ നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ നിത്യരാജ്യത്തിലേക്കുളള പ്രവേശനം ധാരാളമായി പ്രാപിക്കും.” പിന്നീടു പത്രൊസ് യേശുവിന്റെ രാജ്യമഹത്ത്വത്തിന്റെ മഹിമയിലേക്കു ശ്രദ്ധ ക്ഷണിക്കുന്നു, അവൻ മറുരൂപ ദർശനത്തിലൂടെ അതിന്റെ ഒരു ദൃക്സാക്ഷിയായിരുന്നു. “പ്രവാചകവാക്യവും അധികം സ്ഥിരമായിട്ടു നമുക്കുണ്ടു” എന്ന് അവൻ കൂട്ടിച്ചേർക്കുന്നു. യഹോവയുടെ മഹനീയ രാജ്യത്തെസംബന്ധിച്ച സകല പ്രവചനങ്ങളും തീർച്ചയായും നിവൃത്തിയേറുമെന്നുളളതു സത്യംതന്നെ. അങ്ങനെ, യെശയ്യാവിന്റെ പ്രവചനത്തിൽനിന്ന് ഉദ്ധരിച്ച പത്രൊസിന്റെ വാക്കുകൾ നാം പ്രതിധ്വനിപ്പിക്കുന്നതു ദൃഢവിശ്വാസത്തോടെയാണ്: “നാം അവന്റെ വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു.”—2 പത്രൊ. 1:4, 10, 11, 19; 3:13; യെശ. 65:17, 18.
[അടിക്കുറിപ്പുകൾ]
a 303-ാം പേജിലെ ചാർട്ടു കാണുക.
[അധ്യയന ചോദ്യങ്ങൾ]