ബൈബിൾ പുസ്തക നമ്പർ 63—2 യോഹന്നാൻ
ബൈബിൾ പുസ്തക നമ്പർ 63—2 യോഹന്നാൻ
എഴുത്തുകാരൻ: അപ്പോസ്തലനായ യോഹന്നാൻ
എഴുതിയ സ്ഥലം: എഫേസൂസ് അല്ലെങ്കിൽ സമീപം
എഴുത്തു പൂർത്തിയായത്: പൊ.യു. ഏകദേശം 98
1. രണ്ടു യോഹന്നാൻ എഴുതിയത് ആർക്കായിരിക്കാം?
യോഹന്നാന്റെ രണ്ടാമത്തെ ലേഖനം ഹ്രസ്വമാണ്—അത് ഒരൊററ പപ്പൈറസ് ഷീററിൽ എഴുതാൻ കഴിയുമായിരുന്നു. എന്നാൽ അത് അർഥസമ്പൂർണമാണ്. അതു സംബോധനചെയ്യുന്നതു ‘മാന്യനായകിയാരെയും മക്കളെയു’മാണ്. അക്കാലത്തു “കൈര്യാ” (“നായകി” എന്നതിന്റെ ഗ്രീക്ക്) ഒരു സംജ്ഞാനാമമായി സ്ഥിതിചെയ്തിരുന്നതുകൊണ്ട് ആ പേരുളള ഒരു വ്യക്തിയെയാണു സംബോധന ചെയ്തതെന്നു ചില ബൈബിൾ പണ്ഡിതൻമാർ വിചാരിക്കുന്നു. മറിച്ച്, “മാന്യനായകിയാർ,” [“തെരഞ്ഞെടുക്കപ്പെട്ട മഹിള,” NW] എന്നു പരാമർശിച്ചുകൊണ്ട് ഒരു ക്രിസ്തീയ സഭക്കാണു യോഹന്നാൻ എഴുതുന്നതെന്നു ചിലർ വിചാരിക്കുന്നു. പീഡകരെ കുഴപ്പിക്കാൻ ഇതു ചെയ്തിരിക്കാം. അങ്ങനെയാണെങ്കിൽ, അവസാനത്തെ വാക്യത്തിൽ പറഞ്ഞിരിക്കുന്ന “സഹോദരി”യുടെ മക്കളുടെ അഭിവാദ്യങ്ങൾ മറെറാരു സഭയിലെ അംഗങ്ങളിൽപ്പെട്ടവരുടേതായിരിക്കും. അതുകൊണ്ടു രണ്ടാമത്തെ ലേഖനം ലക്ഷ്യത്തിൽ ഒന്നാമത്തേതുപോലെ പൊതുവ്യാപ്തിയുളളതായിരിക്കാൻ ഉദ്ദേശിക്കപ്പെട്ടിരുന്നില്ല, എന്തെന്നാൽ തെളിവനുസരിച്ച് അത് ഒരു വ്യക്തിക്കോ ഒരു പ്രത്യേക സഭക്കോ ആണ് എഴുതപ്പെട്ടത്.—വാക്യം 1.
2. (എ) രണ്ടു യോഹന്നാന്റെ എഴുത്തുകാരനെന്ന നിലയിൽ അപ്പോസ്തലനായ യോഹന്നാനിലേക്ക് ഏതു തെളിവു വിരൽചൂണ്ടുന്നു? (ബി) ലേഖനം എഫേസൂസിൽവെച്ചോ അതിനടുത്തുവെച്ചോ പൊ.യു. ഏതാണ്ട് 98-ൽ എഴുതപ്പെട്ടുവെന്ന് എന്തു സൂചിപ്പിക്കുന്നു, അതിന്റെ വിശ്വാസ്യതയെ പിന്താങ്ങുന്നത് എന്ത്?
2 യോഹന്നാൻ ഈ ലേഖനം എഴുതിയെന്നതിനെ സംശയിക്കാൻ ന്യായമില്ല. എഴുത്തുകാരൻ സ്വയം “മൂപ്പൻ” എന്നു വിളിക്കുന്നു. യോഹന്നാന്റെ പ്രായക്കൂടുതൽകൊണ്ടു മാത്രമല്ല, പിന്നെയോ “തൂണുകളിൽ” (ഗലാ. 2:9) ഒരുവനും അതിജീവിക്കുന്ന അവസാനത്തെ അപ്പോസ്തലനുമെന്ന നിലയിൽ അവൻ സത്യമായി ക്രിസ്തീയ സഭയിലെ ഒരു “മൂപ്പൻ” ആയിരുന്നതുകൊണ്ടും ഇതു തീർച്ചയായും യോഹന്നാനു ചേരുന്നു. അവൻ സുപ്രസിദ്ധനായിരുന്നു, അവന്റെ വായനക്കാർക്കു കൂടുതലായ തിരിച്ചറിയിക്കൽ ആവശ്യമായിരിക്കുമായിരുന്നില്ല. എഴുത്തുകാരൻ അവനാണെന്നുളളത് ഒന്നാമത്തെ ലേഖനത്തോടും യോഹന്നാന്റെ സുവിശേഷത്തോടുമുളള ശൈലിയിലെ സാമ്യത്താലും സൂചിപ്പിക്കപ്പെടുന്നു. ഒന്നാമത്തെ ലേഖനത്തെപ്പോലെ, രണ്ടാമത്തെ ലേഖനവും എഫേസൂസിൽവെച്ചോ പരിസരത്തുവെച്ചോ പൊ.യു. ഏതാണ്ട് 98-ൽ എഴുതപ്പെട്ടുവെന്നു പ്രകടമാകുന്നു. രണ്ടും മൂന്നും യോഹന്നാനെക്കുറിച്ചു മക്ലിന്റോക്കിന്റെയും സ്ട്രോംഗിന്റെയും സൈക്ലോപീഡിയ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “രണ്ടു ലേഖനങ്ങളും അവയുടെ പൊതു സാദൃശ്യം നിമിത്തം എഫേസൂസിൽനിന്നുളള ആദ്യത്തെ ലേഖനത്തിനുശേഷം താമസിയാതെ എഴുതപ്പെട്ടുവെന്നു നമുക്ക് ഊഹിക്കാവുന്നതാണ്. അവ രണ്ടും ഒന്നാം ലേഖനത്തിൽ പൂർണമായി വിവരിക്കപ്പെട്ടിരുന്ന തത്ത്വങ്ങൾ നടത്തയുടെ വ്യക്തിഗതമായ കേസുകൾക്കു ബാധകമാക്കുന്നു.” a ഈ ലേഖനത്തിന്റെ വിശ്വാസ്യതക്കു തെളിവായി രണ്ടാം നൂററാണ്ടിലെ ഐറേനിയസ് അത് ഉദ്ധരിക്കുകയും അതേ കാലഘട്ടത്തിൽത്തന്നെയുളള അലക്സാണ്ട്രിയയിലെ ക്ലെമൻറ് അംഗീകരിക്കുകയും ചെയ്തു. b കൂടാതെ, യോഹന്നാന്റെ ലേഖനങ്ങൾ മുറേറേറാറിയൻ ശകലത്തിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്.
3. യോഹന്നാൻ ഈ ലേഖനമെഴുതിയത് എന്തിനാണ്?
3 ഒന്നു യോഹന്നാനെക്കുറിച്ചു സത്യമായിരുന്നതുപോലെ, ഈ ലേഖനം എഴുതിയതിന്റെ കാരണം ക്രിസ്തീയ വിശ്വാസത്തിനെതിരായ വ്യാജോപദേഷ്ടാക്കളുടെ കടന്നാക്രമണമായിരുന്നു. പരസ്പരസ്നേഹത്തിൽ സത്യത്തിൽ തുടർന്നു നടക്കവേ അങ്ങനെയുളളവരെ തിരിച്ചറിയാനും അവരിൽനിന്ന് അകന്നുനിൽക്കാനും കഴിയത്തക്കവണ്ണം അവരെക്കുറിച്ചു തന്റെ വായനക്കാർക്കു മുന്നറിയിപ്പു കൊടുക്കാൻ യോഹന്നാൻ ആഗ്രഹിക്കുന്നു.
രണ്ടു യോഹന്നാന്റെ ഉളളടക്കം
4. അന്യോന്യം സ്നേഹിക്കാൻ യോഹന്നാൻ വിശേഷാൽ ബുദ്ധ്യുപദേശിക്കുന്നത് എന്തുകൊണ്ട്, ക്രിസ്തുവിന്റെ ഉപദേശത്തിനതീതമായി തളളിക്കയറിപ്പോകുന്നവരോട് എങ്ങനെ പെരുമാറണം?
4 പരസ്പരം സ്നേഹിക്കുക; വിശ്വാസത്യാഗികളെ ത്യജിക്കുക (വാക്യ. 1-13). ‘മാന്യനായകിയാരോടും മക്കളോടും’ സത്യത്തിലുളള തന്റെ സ്നേഹം പ്രകടമാക്കിയശേഷം പിതാവു കൽപ്പിച്ച പ്രകാരം അവരിൽ ചിലർ സത്യത്തിൽ നടക്കുന്നതു കണ്ടതിൽ യോഹന്നാൻ സന്തോഷിക്കുന്നു. ദൈവത്തിന്റെ കൽപ്പനകളനുസരിച്ചു തുടർന്നു നടന്നുകൊണ്ട് അവർ അന്യോന്യം സ്നേഹം പ്രകടമാക്കാൻ അവൻ അപേക്ഷിക്കുന്നു. എന്തുകൊണ്ടെന്നാൽ യേശുക്രിസ്തു ജഡത്തിൽ വന്നതായി ഏററുപറയാത്ത വഞ്ചകരും എതിർക്രിസ്തുക്കളും ലോകത്തിലേക്കു പുറപ്പെട്ടിരിക്കുന്നു. ക്രിസ്തുവിന്റെ ഉപദേശത്തിനതീതമായി തളളിക്കയറിപ്പോകുന്നവനു ദൈവമില്ല, എന്നാൽ ഈ ഉപദേശത്തിൽ നിലനിൽക്കുന്നവനു “പിതാവും പുത്രനും” ഉണ്ട്. ഈ ഉപദേശം കൊണ്ടുവരാത്ത ഏതൊരുവനെയും അവരുടെ വീടുകളിൽ സ്വീകരിക്കരുത്, അഭിവാദനംചെയ്യുകപോലുമരുത്. യോഹന്നാന് അനേകം കാര്യങ്ങൾ അവർക്ക് എഴുതാനുണ്ട്, എന്നാൽ അവരുടെ സന്തോഷം “പൂർണ്ണമാകേണ്ടതിന്നു” വന്ന് അവരുമായി മുഖാമുഖം സംസാരിക്കാൻ അവൻ ആഗ്രഹിക്കുന്നു.—വാക്യ. 9, 12.
എന്തുകൊണ്ടു പ്രയോജനപ്രദം
5. (എ) ആധുനികകാലങ്ങളിലും ഉയർന്നുവന്നിട്ടുളള ഏതു സാഹചര്യം യോഹന്നാന്റെ നാളിൽ ഉയർന്നുവന്നു? (ബി) യോഹന്നാനെപ്പോലെ, ഇന്നു നമുക്കു സഭയുടെ ഐക്യത്തിനുവേണ്ടി എങ്ങനെ വിലമതിപ്പു പ്രകടമാക്കാൻ കഴിയും?
5 ആധുനിക കാലങ്ങളിലെന്നപോലെ, യോഹന്നാന്റെ നാളിൽ ചിലർ ക്രിസ്തുവിന്റെ വ്യക്തവും ലളിതവുമായ ഉപദേശങ്ങളിൽ ഉറച്ചുനിൽക്കുന്നതിൽ സംതൃപ്തരല്ലായിരുന്നുവെന്നു പ്രകടമാകുന്നു. അവർ കൂടുതലായി തങ്ങളുടെ കർണങ്ങളെ രസിപ്പിക്കുന്ന എന്തോ, അവരെ ഉയർത്തുകയും ലോകതത്ത്വജ്ഞാനികളുടെ വർഗത്തിൽ നിർത്തുകയും ചെയ്യുന്ന എന്തോ, ആഗ്രഹിച്ചു. തങ്ങളുടെ സ്വാർഥ ലക്ഷ്യങ്ങൾ നേടുന്നതിനു ക്രിസ്തീയ സഭയെ ദുഷിപ്പിക്കുന്നതിനും വിഭജിക്കുന്നതിനും അവർ സന്നദ്ധരായിരുന്നു. സ്നേഹത്തിലും പിതാവിനോടും പുത്രനോടുമുളള ഐക്യത്തിൽ ശരിയായ ഉപദേശത്തിലും സ്ഥിതിചെയ്യുന്ന സഭയുടെ യോജിപ്പിനെ യോഹന്നാൻ വിലമതിച്ചു. നിശ്വസ്ത തിരുവെഴുത്തുകളാൽ ലഭിച്ചതിനതീതമായി മറെറാരു ഉപദേശം സ്വീകരിച്ചു വിശ്വാസത്യാഗികളായിത്തീരുന്നവരുമായുളള കൂട്ടായ്മയെയോ അഭിവാദനങ്ങളെയോ നിരസിച്ചുകൊണ്ടുപോലും നാം ഇന്നു സഭയുടെ ഐക്യത്തിനു സമാനമായ പ്രാധാന്യം കൽപ്പിക്കണം. ദൈവകൽപ്പനകൾക്കനുസൃതമായും സത്യക്രിസ്തീയ സഹവാസത്തിൽ കണ്ടെത്താവുന്ന പൂർണസന്തോഷത്തിലും തുടർന്നു നടക്കുന്നതിനാൽ “പിതാവായ ദൈവത്തിങ്കൽനിന്നും പിതാവിന്റെ പുത്രനായ യേശുക്രിസ്തുവിങ്കൽനിന്നും സ്നേഹത്തിലും സത്യത്തിലും കൃപയും കനിവും സമാധാനവും നമ്മോടുകൂടെ ഇരിക്കു”മെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. (വാക്യം. 3) തീർച്ചയായും യോഹന്നാന്റെ രണ്ടാം ലേഖനം അങ്ങനെയുളള ക്രിസ്തീയ ഏകതയുടെ അനുഗൃഹീതാവസ്ഥക്ക് അടിവരയിടുന്നു.
[അടിക്കുറിപ്പുകൾ]
a 1981 പുനർമുദ്രണം, വാല്യം IV, പേജ് 955.
b പുതിയ ബൈബിൾ നിഘണ്ടു, രണ്ടാം പതിപ്പ്, 1986, ജെ. ഡി. ഡഗ്ലസ് സംവിധാനംചെയ്തത്, പേജ് 605.
[അധ്യയന ചോദ്യങ്ങൾ]