ദൈവം ദുഷ്ടത അനുവദിക്കുന്നതിൽനിന്നു നാം എന്തു മനസ്സിലാക്കുന്നു?
അധ്യായം ഏഴ്
ദൈവം ദുഷ്ടത അനുവദിക്കുന്നതിൽനിന്നു നാം എന്തു മനസ്സിലാക്കുന്നു?
1, 2. (എ) യഹോവ ഏദെനിൽവെച്ചു മത്സരികളെ സത്വരം വധിച്ചിരുന്നെങ്കിൽ, അതു നമ്മെ എങ്ങനെ ബാധിക്കുമായിരുന്നു? (ബി) സ്നേഹപൂർവകമായ ഏതു ക്രമീകരണങ്ങൾ യഹോവ നമുക്കായി ലഭ്യമാക്കിയിരിക്കുന്നു?
“എന്റെ ആയുഷ്കാലം ചുരുക്കവും കഷ്ടമുള്ളതും അത്രേ” എന്നു ഗോത്രപിതാവായ യാക്കോബ് പറഞ്ഞു. (ഉല്പത്തി 47:9) സമാനമായി, “മനുഷ്യൻ അല്പായുസ്സുള്ളവനും കഷ്ടസമ്പൂർണ്ണനും ആകുന്നു” എന്ന് ഇയ്യോബ് പ്രസ്താവിച്ചു. (ഇയ്യോബ് 14:1) അവരെപ്പോലെ നമ്മിൽ മിക്കവരും പ്രയാസങ്ങളും അനീതികളും ദുരന്തങ്ങൾപോലും അനുഭവിച്ചിട്ടുണ്ട്. എന്നിരുന്നാലും, നമ്മൾ ജനിച്ചത് ദൈവത്തിന്റെ ഭാഗത്തെ അനീതി അല്ലായിരുന്നു. ആദാമിനും ഹവ്വായ്ക്കും ഉണ്ടായിരുന്നതുപോലെ, പൂർണതയുള്ള മനസ്സോ ശരീരമോ ഒരു പറുദീസാ ഭവനമോ നമുക്ക് ഇല്ലെന്നുള്ളതു സത്യം. എന്നാൽ ആദാമും ഹവ്വായും യഹോവയ്ക്കെതിരെ മത്സരിച്ച ഉടൻതന്നെ അവൻ അവരെ വധിച്ചിരുന്നെങ്കിലോ? എങ്കിൽ രോഗമോ ദുഃഖമോ മരണമോ ഉണ്ടായിരിക്കുമായിരുന്നില്ല എന്നതു ശരിയാണ്. എന്നാൽ അതോടൊപ്പം മനുഷ്യവർഗവും ഉണ്ടായിരിക്കുമായിരുന്നില്ല എന്നതാണു വാസ്തവം. നമ്മളാരും ജനിക്കുമായിരുന്നില്ല. മക്കളെ ജനിപ്പിക്കാൻ ദൈവം കരുണാപൂർവം ആദാമിനെയും ഹവ്വായെയും അനുവദിച്ചു, ആ മക്കൾക്കു പാരമ്പര്യസിദ്ധമായി അപൂർണത ഉണ്ടായിരിക്കുമായിരുന്നെങ്കിലും. ആദാം നഷ്ടപ്പെടുത്തിയത്—ഒരു പറുദീസാ ഭൂമിയിലെ നിത്യജീവൻ—നമുക്കു തിരികെ കിട്ടാൻ യഹോവ ക്രിസ്തുവിലൂടെ ക്രമീകരണം ചെയ്തു.—യോഹന്നാൻ 10:10; റോമർ 5:12.
2 പുതിയ ലോകത്തിലെ പറുദീസാ ചുറ്റുപാടുകളിലുള്ള നിത്യജീവനായി നോക്കിപ്പാർത്തിരിക്കാൻ കഴിയുന്നതു നമ്മെ സംബന്ധിച്ച് എത്ര പ്രോത്സാഹജനകമാണ്! അവിടെ നമ്മൾ രോഗം, സങ്കടം, വേദന, മരണം എന്നിവയിൽനിന്നും ദുഷ്ട ജനങ്ങളിൽനിന്നും മോചിതരായിരിക്കും. (സദൃശവാക്യങ്ങൾ 2:21, 22; വെളിപ്പാടു 21:4, 5) എന്നാൽ നമ്മുടെ വ്യക്തിപരമായ രക്ഷ നമുക്കും യഹോവയ്ക്കും വളരെ മൂല്യവത്തായിരിക്കെ, അതിലും പ്രധാനമായ ചിലത് ഉൾപ്പെട്ടിരിക്കുന്നുവെന്ന് ബൈബിൾ രേഖയിൽനിന്നു നാം മനസ്സിലാക്കുന്നു.
അവന്റെ മഹത്തായ നാമത്തിനുവേണ്ടി
3. ഭൂമിയെയും മനുഷ്യവർഗത്തെയും സംബന്ധിച്ച യഹോവയുടെ ഉദ്ദേശ്യത്തിന്റെ നിവൃത്തിയിൽ എന്ത് ഉൾപ്പെട്ടിരിക്കുന്നു?
3 ഭൂമിയെയും മനുഷ്യവർഗത്തെയും സംബന്ധിച്ച ദൈവോദ്ദേശ്യത്തിന്റെ നിവൃത്തിയിൽ അവന്റെ നാമം ഉൾപ്പെട്ടിരിക്കുന്നു. യഹോവ എന്ന ആ നാമത്തിന്റെ അർഥം “ആയിത്തീരാൻ അവൻ ഇടയാക്കുന്നു” എന്നാണ്. അതുകൊണ്ട് അവന്റെ നാമം, അഖിലാണ്ഡ പരമാധികാരിയും തന്റെ ഉദ്ദേശ്യങ്ങൾ നിവർത്തിക്കുന്ന മഹാ സ്രഷ്ടാവും സത്യത്തിന്റെ ദൈവവും എന്ന നിലയിലുള്ള അവന്റെ കീർത്തിയെ ഉൾക്കൊള്ളുന്നു. യഹോവയുടെ സ്ഥാനം നിമിത്തം അവന്റെ നാമത്തിനും അതിൽ എന്ത് ഉൾപ്പെട്ടിരിക്കുന്നു എന്നതിനും അർഹമായ തികഞ്ഞ ആദരവു കൊടുക്കുന്നതിനെയും എല്ലാവരും അവനെ അനുസരിക്കുന്നതിനെയും ആശ്രയിച്ചാണ് മുഴു അഖിലാണ്ഡത്തിലെയും സമാധാനവും ക്ഷേമവും സ്ഥിതിചെയ്യുന്നത്.
4. ഭൂമിയെ സംബന്ധിച്ച യഹോവയുടെ ഉദ്ദേശ്യത്തിൽ എന്ത് ഉൾപ്പെട്ടിരുന്നു?
4 ആദാമിനെയും ഹവ്വായെയും സൃഷ്ടിച്ചശേഷം യഹോവ അവർക്ക് ഒരു നിയമനം നൽകി. തന്റെ ഉദ്ദേശ്യം, അവർ മുഴുഭൂമിയെയും കീഴടക്കി പറുദീസയുടെ അതിരുകൾ വ്യാപിപ്പിക്കുക എന്നതു മാത്രമല്ല, അവരുടെ സന്തതികളെക്കൊണ്ടു ഭൂമിയെ നിറയ്ക്കുകയും കൂടി ചെയ്യുക എന്നതാണെന്ന് അവൻ വ്യക്തമാക്കി. (ഉല്പത്തി 1:28) അവരുടെ പാപം നിമിത്തം ഈ ഉദ്ദേശ്യം പരാജയപ്പെടാൻ പോകുകയായിരുന്നോ? ഈ ഭൂമിയെയും മനുഷ്യരാശിയെയും സംബന്ധിച്ച തന്റെ ഉദ്ദേശ്യം നിറവേറ്റാൻ സർവശക്തനായ യഹോവയ്ക്കു കഴിയുന്നില്ലെങ്കിൽ അവന്റെ നാമത്തിന് അത് എന്തൊരു നിന്ദയായിരിക്കും!
5. (എ) ആദ്യ മനുഷ്യർ നന്മതിന്മകളുടെ അറിവിന്റെ വൃക്ഷത്തിൽനിന്നു ഭക്ഷിച്ചാൽ അവർ എപ്പോൾ മരിക്കുമായിരുന്നു? (ബി) ഭൂമിയെ സംബന്ധിച്ച തന്റെ ഉദ്ദേശ്യത്തെ ആദരിക്കവേ, യഹോവ ഉല്പത്തി 2:17-ലെ തന്റെ വാക്കു നിവർത്തിച്ചത് എങ്ങനെ?
5 ആദാമും ഹവ്വായും തന്റെ വാക്ക് അനുസരിക്കാതെ നന്മതിന്മകളുടെ അറിവിന്റെ വൃക്ഷത്തിൽ നിന്നുള്ള ഫലം ഭക്ഷിച്ചാൽ, അതു ഭക്ഷിക്കുന്ന “ദിവസം” അവർ മരിക്കുമെന്നു യഹോവ മുന്നറിയിപ്പു കൊടുത്തിരുന്നു. (ഉല്പത്തി 2:17, NW) തന്റെ വാക്കു പാലിച്ചുകൊണ്ട്, അവർ പാപം ചെയ്ത അന്നുതന്നെ യഹോവ അവരോടു കണക്കു ചോദിക്കുകയും അവർക്കു മരണശിക്ഷ വിധിക്കുകയും ചെയ്തു. ദൈവത്തിന്റെ ദൃഷ്ടിയിൽ, ആദാമും ഹവ്വായും ആ ദിവസംതന്നെ മരിച്ചു. എന്നുവരികിലും ഭൂമിയെ സംബന്ധിച്ച തന്റെ ഉദ്ദേശ്യം നിറവേറ്റാൻ, അവർ ശാരീരികമായി മരിക്കുന്നതിനു മുമ്പ് ഒരു കുടുംബത്തെ ഉളവാക്കാൻ യഹോവ അവരെ അനുവദിച്ചു. എന്നിരുന്നാലും, 1,000 വർഷത്തെ ഒരു ദിവസമായി വീക്ഷിക്കാൻ ദൈവത്തിനു കഴിയുമെന്നതുകൊണ്ട്, 930-ാം വയസ്സിൽ ആദാമിന്റെ ജീവിതം അവസാനിച്ചപ്പോൾ അവൻ ഒരു “ദിവസ”ത്തിനുള്ളിൽത്തന്നെ മരിച്ചെന്നു പറയാൻ കഴിയും. (2 പത്രൊസ് 3:8, NW; ഉല്പത്തി 5:3-5) അങ്ങനെ ശിക്ഷ എപ്പോൾ നടപ്പിലാക്കും എന്നതു സംബന്ധിച്ച് യഹോവ നടത്തിയ പ്രസ്താവനയുടെ സത്യത ഉയർത്തിപ്പിടിക്കപ്പെട്ടു, അവരുടെ മരണം ഭൂമിയെ സംബന്ധിച്ച അവന്റെ ഉദ്ദേശ്യത്തെ നിഷ്ഫലമാക്കിയില്ല. എങ്കിലും ദുഷ്ടന്മാർ ഉൾപ്പെടെയുള്ള അപൂർണ മനുഷ്യർ കുറെക്കാലത്തേക്കു ജീവിക്കാൻ അനുവദിക്കപ്പെട്ടിരിക്കുന്നു.
6, 7. (എ) പുറപ്പാടു 9:15, 16 അനുസരിച്ച്, കുറെക്കാലത്തേക്കു തുടരാൻ യഹോവ ദുഷ്ടന്മാരെ അനുവദിക്കുന്നത് എന്തുകൊണ്ട്? (ബി) ഫറവോന്റെ കാര്യത്തിൽ, യഹോവയുടെ ശക്തി എങ്ങനെ പ്രകടമാക്കപ്പെട്ടു, അവന്റെ നാമം എങ്ങനെ പ്രസിദ്ധമാക്കപ്പെട്ടു? (സി) ഇന്നത്തെ ദുഷ്ടവ്യവസ്ഥിതിയുടെ നാശം എന്തു കൈവരുത്തും?
6 മോശെയുടെ നാളിൽ യഹോവ ഈജിപ്തിലെ ഭരണാധികാരിയോടു നടത്തിയ പ്രസ്താവന, ദുഷ്ടരെ തുടർന്നു ജീവിക്കാൻ അവൻ അനുവദിച്ചിരിക്കുന്നതിന്റെ കാരണം കൂടുതലായി സൂചിപ്പിക്കുന്നു. ഇസ്രായേൽ മക്കൾ ഈജിപ്ത് വിട്ടുപോകുന്നതിനെ ഫറവോൻ വിലക്കിയപ്പോൾ യഹോവ തത്ക്ഷണം അവനെ പ്രഹരിച്ചില്ല. ദേശത്തിന്മേൽ പത്തു ബാധകൾ വരുത്തിക്കൊണ്ട് വിസ്മയാവഹമായ വിധങ്ങളിൽ യഹോവ തന്റെ ശക്തി പ്രകടമാക്കി. ഏഴാമത്തെ ബാധയെക്കുറിച്ചു മുന്നറിയിപ്പു നൽകവേ, തനിക്ക് ഫറവോനെയും അവന്റെ ജനത്തെയും ഭൂമുഖത്തുനിന്ന് അനായാസം തുടച്ചുനീക്കാൻ കഴിയുമായിരുന്നുവെന്നു യഹോവ അവനോടു പറഞ്ഞു. “എങ്കിലും എന്റെ ശക്തി നിന്നെ കാണിക്കേണ്ടതിന്നും എന്റെ നാമം സർവ്വഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിന്നും ഞാൻ നിന്നെ നിർത്തിയിരിക്കുന്നു” എന്ന് അവൻ പറയുകയുണ്ടായി.—പുറപ്പാടു 9:15, 16.
7 യഹോവ ഇസ്രായേല്യരെ വിടുവിച്ചപ്പോൾ അവന്റെ നാമം പരക്കെ അറിയപ്പെടാൻ ഇടയായെന്നു തീർച്ച. (യോശുവ 2:1, 9-11) ഇപ്പോൾ 3,500-ലധികം വർഷങ്ങൾ കഴിഞ്ഞിട്ടും അവൻ അന്നു ചെയ്ത കാര്യങ്ങൾ വിസ്മരിക്കപ്പെട്ടിട്ടില്ല. യഹോവ എന്ന വ്യക്തിപരമായ നാമം മാത്രമല്ല, ആ നാമം വഹിക്കുന്നവനെ സംബന്ധിച്ചുള്ള സത്യവും ഘോഷിക്കപ്പെട്ടു. ഇത് വാഗ്ദാനങ്ങൾ പാലിക്കുന്നവനും തന്റെ ദാസന്മാർക്കുവേണ്ടി നടപടി സ്വീകരിക്കുന്നവനുമായ ദൈവം എന്ന യഹോവയുടെ കീർത്തിയെ സ്ഥിരീകരിച്ചു. (യോശുവ 23:14) അവന്റെ സർവശക്തി നിമിത്തം യാതൊന്നിനും അവന്റെ ഉദ്ദേശ്യത്തെ തടയാനാവില്ലെന്ന് അതു പ്രകടമാക്കി. (യെശയ്യാവു 14:24, 27) അതുകൊണ്ട്, സാത്താന്റെ മുഴു ദുഷ്ടവ്യവസ്ഥിതിയെയും നശിപ്പിച്ചുകൊണ്ട് തന്റെ വിശ്വസ്ത ദാസന്മാർക്കുവേണ്ടി അവൻ താമസിയാതെതന്നെ നടപടി എടുക്കുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. പരമോന്നത ശക്തിയുടെ ആ പ്രകടനവും യഹോവയുടെ നാമത്തിന് അതു കൈവരുത്തുന്ന മഹത്ത്വവും ഒരിക്കലും വിസ്മരിക്കപ്പെടുകയില്ല. പ്രയോജനങ്ങൾ അനന്തമായിരിക്കും.—യെഹെസ്കേൽ 38:23; വെളിപ്പാടു 19:1, 2.
‘ഹാ, ദൈവത്തിന്റെ ജ്ഞാനത്തിന്റെ ആഴം!’
8. ഏതു വസ്തുതകൾ പരിചിന്തിക്കാൻ പൗലൊസ് നമ്മെ പ്രോത്സാഹിപ്പിക്കുന്നു?
8 റോമർക്കുള്ള തന്റെ ലേഖനത്തിൽ അപ്പൊസ്തലനായ പൗലൊസ് “ദൈവത്തിന്റെ പക്കൽ അനീതി ഉണ്ടോ?” എന്ന ചോദ്യം ഉന്നയിക്കുന്നു. “ഒരുനാളും ഇല്ല” എന്ന് അവൻ ദൃഢമായി ഉത്തരം നൽകുന്നു. അനന്തരം അവൻ ദൈവത്തിന്റെ കരുണയെ ഊന്നിപ്പറയുകയും ഫറവോനെ കുറെക്കാലത്തേക്കു കൂടി ജീവിക്കാൻ അനുവദിച്ചതിന് യഹോവ നൽകിയ കാരണത്തെ പരാമർശിക്കുകയും ചെയ്യുന്നു. മനുഷ്യരായ നാം കുശവന്റെ കൈകളിലെ കളിമണ്ണുപോലെയാണെന്നും പൗലൊസ് പ്രകടമാക്കുന്നു. പിന്നീട് അവൻ ഇങ്ങനെ പ്രസ്താവിക്കുന്നു: “എന്നാൽ ദൈവം തന്റെ കോപം കാണിപ്പാനും ശക്തി വെളിപ്പെടുത്തുവാനും യെഹൂദന്മാരിൽനിന്നു മാത്രമല്ല, ജാതികളിൽനിന്നും വിളിച്ചു തേജസ്സിന്നായി മുന്നൊരുക്കിയ കരുണാപാത്രങ്ങളായ നമ്മിൽ തന്റെ തേജസ്സിന്റെ ധനം വെളിപ്പെടുത്തുവാനും ഇച്ഛിച്ചിട്ടു നാശയോഗ്യമായ കോപപാത്രങ്ങളെ വളരെ ദീർഘക്ഷമയോടെ സഹിച്ചു എങ്കിൽ എന്തു?”—റോമർ 9:14-24.
9. (എ) ‘നാശയോഗ്യമായ കോപപാത്രങ്ങൾ’ ആര്? (ബി) തന്നെ എതിർക്കുന്നവരോട് യഹോവ വലിയ ദീർഘക്ഷമ കാണിച്ചിരിക്കുന്നത് ഏത് അർഥത്തിൽ, അന്തിമഫലം തന്നെ സ്നേഹിക്കുന്നവരുടെ പ്രയോജനത്തിന് ഉതകുന്നത് എങ്ങനെ?
9 ഏദെനിലെ മത്സരം മുതൽ യഹോവയെയും അവന്റെ നിയമങ്ങളെയും എതിർത്തിട്ടുള്ള ഏവരും ‘നാശയോഗ്യമായ കോപപാത്രങ്ങൾ’ ആയിരുന്നിട്ടുണ്ട്. അന്നുമുതൽ ഇക്കാലം വരെയും യഹോവ ദീർഘക്ഷമ പ്രകടമാക്കിയിരിക്കുന്നു. ദുഷ്ടർ അവന്റെ നടപടികളെ പരിഹസിക്കുകയും അവന്റെ ദാസന്മാരെ പീഡിപ്പിക്കുകയും ചെയ്തിരിക്കുന്നു. അവർ അവന്റെ പുത്രനെ കൊല്ലുകപോലും ചെയ്തു. വലിയ നിയന്ത്രണം പാലിച്ചുകൊണ്ട് യഹോവ തനിക്കെതിരെയുള്ള മത്സരത്തിന്റെയും തന്നെ മാറ്റിനിറുത്തിക്കൊണ്ടുള്ള മനുഷ്യഭരണത്തിന്റെയും വിപത്കരമായ ഫലങ്ങൾ പൂർണമായി കാണാൻ സകല സൃഷ്ടികൾക്കും വേണ്ടത്ര സമയം അനുവദിച്ചിരിക്കുന്നു. അതിനിടെ, യേശുവിന്റെ മരണം അനുസരണമുള്ള മനുഷ്യവർഗത്തെ വിടുവിക്കുന്നതിനും ‘പിശാചിന്റെ പ്രവൃത്തികളെ അഴിക്കുന്നതിനും’ ഉള്ള വഴി തുറന്നു.—1 യോഹന്നാൻ 3:8; എബ്രായർ 2:14, 15.
10. കഴിഞ്ഞ 1,900 വർഷക്കാലം യഹോവ ദുഷ്ടന്മാരെ സഹിച്ചിരിക്കുന്നത് എന്തുകൊണ്ട്?
10 യേശുവിന്റെ പുനരുത്ഥാനം മുതലുള്ള 1,900-ത്തിൽപ്പരം വർഷക്കാലത്ത്, യഹോവ ‘കോപപാത്രങ്ങളുടെ’ നാശത്തെ താമസിപ്പിച്ചുകൊണ്ട് കൂടുതലായി അവരെ സഹിച്ചിരിക്കുന്നു. എന്തുകൊണ്ട്? ഒരു കാരണം, തന്റെ സ്വർഗീയ രാജ്യത്തിൽ യേശുക്രിസ്തുവിനോടൊപ്പം ആയിരിക്കാനുള്ളവരെ അവൻ ഒരുക്കിക്കൊണ്ടിരിക്കുകയായിരുന്നു എന്നതാണ്. ഇവരുടെ എണ്ണം, 1,44,000 ആണ്. അവരാണ് അപ്പൊസ്തലനായ പൗലൊസ് പറഞ്ഞ ‘കരുണാപാത്രങ്ങൾ.’ ആദ്യം യഹൂദന്മാരുടെ ഇടയിൽനിന്നുള്ള വ്യക്തികൾ ഈ സ്വർഗീയവർഗം ആയിരിക്കാൻ ക്ഷണിക്കപ്പെട്ടു. പിന്നീട് ദൈവം വിജാതീയ രാഷ്ട്രങ്ങളിലെ ആളുകളെ ക്ഷണിച്ചു. തന്നെ സേവിക്കാൻ ഇവരിൽ ആരെയും യഹോവ നിർബന്ധിച്ചില്ല. എന്നാൽ തന്റെ സ്നേഹനിർഭരമായ കരുതലുകളോടു വിലമതിപ്പോടെ പ്രതികരിച്ചവരുടെ ഇടയിൽനിന്ന് ചിലർക്ക് സ്വർഗീയ രാജ്യത്തിൽ തന്റെ പുത്രന്റെ സഹഭരണാധികാരികളായിരിക്കാനുള്ള പദവി അവൻ കൊടുത്തു. ആ സ്വർഗീയവർഗത്തിന്റെ ഒരുക്കൽ ഇപ്പോൾ മിക്കവാറും പൂർത്തിയായിരിക്കുകയാണ്.—ലൂക്കൊസ് 22:29; വെളിപ്പാടു 14:1-4.
11. (എ) യഹോവയുടെ ദീർഘക്ഷമയിൽനിന്ന് ഏതു കൂട്ടമാണ് ഇപ്പോൾ പ്രയോജനം അനുഭവിക്കുന്നത്? (ബി) മരിച്ചവർക്ക് എങ്ങനെ പ്രയോജനം ലഭിക്കും?
11 എന്നാൽ ഭൂമിയിൽ നിവാസികളുണ്ടായിരിക്കുന്നതു സംബന്ധിച്ചെന്ത്? യഹോവയുടെ ദീർഘക്ഷമ സകല ജനതകളിൽനിന്നുമുള്ള “ഒരു മഹാപുരുഷാര”ത്തിന്റെ കൂട്ടിച്ചേർപ്പും സാധ്യമാക്കിയിരിക്കുന്നു. അവരുടെ എണ്ണം ഇപ്പോൾ ദശലക്ഷങ്ങൾ ആയിരിക്കുന്നു. ഈ ഭൗമികവർഗം ഈ വ്യവസ്ഥിതിയുടെ അന്ത്യത്തെ അതിജീവിക്കുമെന്നും ഒരു പറുദീസാഭൂമിയിലെ നിത്യജീവന്റെ പ്രത്യാശ അവർക്ക് ഉണ്ടായിരിക്കുമെന്നും യഹോവ വാഗ്ദാനം ചെയ്തിരിക്കുന്നു. (വെളിപ്പാടു 7:9, 10; സങ്കീർത്തനം 37:29; യോഹന്നാൻ 10:16) ദൈവത്തിന്റെ തക്കസമയത്ത്, മരിച്ചവരിൽനിന്ന് അസംഖ്യം പേർ ഉയിർപ്പിക്കപ്പെടും, അവർക്കു സ്വർഗീയ രാജ്യത്തിന്റെ ഭൗമിക പ്രജകളായിരിക്കാനുള്ള അവസരം നൽകപ്പെടും. “നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും” എന്ന് പ്രവൃത്തികൾ 24:15-ൽ ദൈവവചനം മുൻകൂട്ടി പറയുന്നു.—യോഹന്നാൻ 5:28, 29.
12. (എ) യഹോവ ദുഷ്ടത സഹിച്ചിരിക്കുന്നതിൽനിന്ന് നാം അവനെക്കുറിച്ച് എന്തു പഠിച്ചിരിക്കുന്നു? (ബി) യഹോവ ഈ കാര്യങ്ങളെ കൈകാര്യം ചെയ്ത വിധത്തെക്കുറിച്ചു നിങ്ങൾ എന്തു വിചാരിക്കുന്നു?
12 ഇതിലെല്ലാം എന്തെങ്കിലും അനീതി ഉണ്ടോ? ഇല്ല, എന്തുകൊണ്ടെന്നാൽ ദുഷ്ടന്മാരുടെ അഥവാ ‘കോപപാത്രങ്ങളുടെ’ നാശം താമസിപ്പിക്കുകവഴി, ദൈവം തന്റെ ഉദ്ദേശ്യത്തിനു ചേർച്ചയിൽ മറ്റുള്ളവരോട് അനുകമ്പ കാണിക്കുകയാണ്. അവൻ എത്ര കരുണാമയനും സ്നേഹവാനുമാണെന്ന് ഇതു പ്രകടമാക്കുന്നു. യഹോവയുടെ ഉദ്ദേശ്യത്തിന്റെ ചുരുളഴിയുന്നതു നിരീക്ഷിക്കാൻ സമയം ലഭിച്ചിരിക്കുന്നതുകൊണ്ട് അവനെക്കുറിച്ചുതന്നെ വളരെ കാര്യങ്ങൾ പഠിക്കാനും നമുക്കു സാധിക്കുന്നു. വെളിച്ചത്തു വരുന്ന അവന്റെ വ്യക്തിത്വത്തിന്റെ വിവിധ വശങ്ങൾ—അവന്റെ നീതി, കരുണ, ദീർഘക്ഷമ, ബഹുവിധ ജ്ഞാനം—എന്നിവ നമ്മെ വിസ്മയിപ്പിക്കുന്നു. അഖിലാണ്ഡ പരമാധികാരം—ഭരണം നടത്താനുള്ള യഹോവയുടെ അവകാശം—സംബന്ധിച്ച വിവാദപ്രശ്നം അവൻ ജ്ഞാനപൂർവം കൈകാര്യം ചെയ്തിരിക്കുന്ന വിധം അവന്റെ ഭരണരീതിയാണ് അത്യുത്തമം എന്ന വസ്തുതയ്ക്ക് എക്കാലവും ഒരു സാക്ഷ്യമായിരിക്കും. അപ്പൊസ്തലനായ പൗലൊസിനോടൊത്തു നാം പറയുന്നു: “ഹാ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ! അവന്റെ ന്യായവിധികൾ എത്ര അപ്രമേയവും അവന്റെ വഴികൾ എത്ര അഗോചരവും ആകുന്നു.”—റോമർ 11:33.
നമ്മുടെ ഭക്തി പ്രകടമാക്കാനുള്ള അവസരം
13. നാം വ്യക്തിപരമായ കഷ്ടതകൾ സഹിക്കുമ്പോൾ നമുക്ക് എന്തിനുള്ള അവസരം ലഭിക്കുന്നു, ജ്ഞാനപൂർവം പ്രതികരിക്കാൻ നമ്മെ എന്തു സഹായിക്കും?
13 ദൈവദാസന്മാരിൽ അനേകരും വ്യക്തിപരമായ കഷ്ടതകൾ അനുഭവിക്കുന്നുണ്ട്. ദൈവം ദുഷ്ടന്മാരെ ഇതുവരെ നശിപ്പിച്ചിട്ടില്ലാത്തതുകൊണ്ടും മനുഷ്യവർഗത്തിന്റെ മുൻകൂട്ടി പറഞ്ഞിരിക്കുന്ന പുനഃസ്ഥാപനം കൈവരുത്തിയിട്ടില്ലാത്തതുകൊണ്ടും അവരുടെ ദുരിതം തുടരുകയാണ്. ഇതു നമ്മെ ആകുലരാക്കണമോ? അതോ ഇത്തരം സാഹചര്യങ്ങളെ പിശാച് ഒരു നുണയനാണെന്നു തെളിയിക്കുന്നതിൽ പങ്കുപറ്റാനുള്ള അവസരങ്ങളായി വീക്ഷിക്കാൻ നമുക്കു കഴിയുമോ? പിൻവരുന്ന അഭ്യർഥന നാം മനസ്സിൽ പിടിക്കുന്നെങ്കിൽ അങ്ങനെ ചെയ്യാൻ നാം ശക്തീകരിക്കപ്പെടും: “മകനേ, എന്നെ നിന്ദിക്കുന്നവനോടു ഞാൻ ഉത്തരം പറയേണ്ടതിന്നു നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്ക.” (സദൃശവാക്യങ്ങൾ 27:11) ഭൗതിക നഷ്ടമോ ശാരീരിക ക്ലേശമോ അനുഭവിക്കേണ്ടി വരുന്നപക്ഷം ആളുകൾ ദൈവത്തെ കുറ്റപ്പെടുത്തുമെന്നും ശപിക്കുകപോലും ചെയ്യുമെന്നും യഹോവയെ നിന്ദിക്കുന്ന സാത്താൻ അവകാശപ്പെട്ടു. (ഇയ്യോബ് 1:9-11; 2:4, 5) കഷ്ടപ്പാടുകൾ ഗണ്യമാക്കാതെ യഹോവയോടു വിശ്വസ്തരായിരിക്കുകവഴി നമ്മുടെ സംഗതിയിൽ സാത്താന്റെ അവകാശവാദം ശരിയല്ലെന്നു പ്രകടമാക്കുമ്പോൾ നാം യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുകയാണു ചെയ്യുന്നത്.
14. കഷ്ടതകൾ ഉണ്ടാകുമ്പോൾ നാം യഹോവയിൽ ആശ്രയിക്കുന്നെങ്കിൽ നമുക്ക് എന്തു പ്രയോജനങ്ങൾ ലഭിക്കും?
14 കഷ്ടതകൾ ഉണ്ടാകുമ്പോൾ നാം യഹോവയിൽ ആശ്രയിക്കുന്നെങ്കിൽ വിലപ്പെട്ട ഗുണങ്ങൾ വളർത്തിയെടുക്കാൻ നമുക്കു കഴിയും. ദൃഷ്ടാന്തത്തിന്, യേശു അനുഭവിച്ച കഷ്ടതകളുടെ ഫലമായി അവൻ മുമ്പ് അറിഞ്ഞിട്ടില്ലാത്ത ഒരു രീതിയിൽ “അനുസരണം പഠിച്ചു.” ദീർഘക്ഷമയും സഹിഷ്ണുതയും യഹോവയുടെ നീതിയുള്ള വഴികളോട് ആഴമായ വിലമതിപ്പും നട്ടുവളർത്താൻ കഴിയുമെന്നതിനാൽ നമുക്കും നമ്മുടെ കഷ്ടതകളിൽനിന്നു പഠിക്കാനാവും.—എബ്രായർ 5:8, 9; 12:11; യാക്കോബ് 1:2-4.
15. നാം ക്ഷമയോടെ ക്ലേശം സഹിക്കുന്നതിൽനിന്ന് മറ്റുള്ളവർക്ക് എങ്ങനെ പ്രയോജനം ലഭിച്ചേക്കാം?
15 നാം ചെയ്യുന്നതു മറ്റുള്ളവർ നിരീക്ഷിക്കും. നീതിയോടുള്ള സ്നേഹത്തിന്റെ പേരിൽ നാം അനുഭവിക്കുന്ന കഷ്ടതകൾ കാണുമ്പോൾ ഇന്ന് യഥാർഥ ക്രിസ്ത്യാനികൾ ആരെന്ന് അവരിൽ ചിലർ കാലക്രമത്തിൽ തിരിച്ചറിയാൻ ഇടയായേക്കാം. ആരാധനയിൽ നമ്മോടൊത്തു ചേരുകവഴി നിത്യജീവന്റെ അനുഗ്രഹങ്ങൾക്ക് യോഗ്യരായിത്തീരാൻ അവർക്കു കഴിയും. (മത്തായി 25:34-36, 40, 46) ആളുകൾക്ക് ആ അവസരം ലഭിക്കാൻ യഹോവയും അവന്റെ പുത്രനും ആഗ്രഹിക്കുന്നു.
16. വ്യക്തിപരമായ ക്ലേശം സംബന്ധിച്ച നമ്മുടെ വീക്ഷണം ഐക്യം എന്ന വിഷയത്തോടു ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെ?
16 പ്രയാസകരമായ സാഹചര്യങ്ങളെപ്പോലും യഹോവയോടുള്ള നമ്മുടെ ഭക്തി പ്രകടമാക്കാനും അവന്റെ ഇഷ്ടം നിറവേറ്റുന്നതിൽ പങ്കുപറ്റാനുമുള്ള അവസരങ്ങളായി നാം വീക്ഷിക്കുമ്പോൾ അതെത്ര പ്രശംസനീയമാണ്! അങ്ങനെ ചെയ്യുന്നത് നാം തീർച്ചയായും ദൈവത്തോടും ക്രിസ്തുവിനോടുമുള്ള ഐക്യത്തിലേക്കു നീങ്ങുകയാണെന്നുള്ളതിനു തെളിവു നൽകും. സകല സത്യക്രിസ്ത്യാനികൾക്കും വേണ്ടി യേശു യഹോവയോട് ഇങ്ങനെ പ്രാർഥിച്ചു: “ഇവർക്കു വേണ്ടിമാത്രമല്ല, ഇവരുടെ വചനത്താൽ എന്നിൽ വിശ്വസിപ്പാനിരിക്കുന്നവർക്കു വേണ്ടിയും ഞാൻ അപേക്ഷിക്കുന്നു. നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിപ്പാൻ അവർ എല്ലാവരും ഒന്നാകേണ്ടതിന്നു, പിതാവേ, നീ എന്നിലും ഞാൻ നിന്നിലും ആകുന്നതുപോലെ അവരും നമ്മിൽ ആകേണ്ടതിന്നു [“ഐക്യത്തിൽ ആകേണ്ടതിന്,” NW] തന്നേ.”—യോഹന്നാൻ 17:20, 21.
17. നാം യഹോവയോടു വിശ്വസ്തരാണെങ്കിൽ, ഭാവി സംബന്ധിച്ചു നമുക്ക് എന്ത് ഉറപ്പുണ്ടായിരിക്കാൻ കഴിയും?
17 നാം യഹോവയോടു വിശ്വസ്തരാണെങ്കിൽ, അവൻ നമുക്ക് ഉദാരമായി പ്രതിഫലം നൽകും. അവന്റെ വചനം പറയുന്നു: “നിങ്ങൾ ഉറപ്പുള്ളവരും കുലുങ്ങാത്തവരും നിങ്ങളുടെ പ്രയത്നം കർത്താവിൽ വ്യർത്ഥമല്ല എന്നു അറിഞ്ഞിരിക്കയാൽ കർത്താവിന്റെ വേലയിൽ എപ്പോഴും വർദ്ധിച്ചുവരുന്നവരും ആകുവിൻ.” (1 കൊരിന്ത്യർ 15:58) അത് ഇങ്ങനെയും പ്രസ്താവിക്കുന്നു: “ദൈവം നിങ്ങളുടെ പ്രവൃത്തിയും . . . തന്റെ നാമത്തോടു കാണിച്ച സ്നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല.” (എബ്രായർ 6:10) യാക്കോബ് 5:11 ഇങ്ങനെ പറയുന്നു: “സഹിഷ്ണുത കാണിച്ചവരെ നാം ഭാഗ്യവാന്മാർ എന്നു പുകഴ്ത്തുന്നു. യോബിന്റെ സഹിഷ്ണുത നിങ്ങൾ കേട്ടും കർത്താവു വരുത്തിയ അവസാനം കണ്ടുമിരിക്കുന്നു; കർത്താവു മഹാ കരുണയും മനസ്സലിവുമുള്ളവനല്ലോ.” ഇയ്യോബിന് എന്തു പ്രതിഫലം ലഭിച്ചു? “യഹോവ ഇയ്യോബിന്റെ പിൻകാലത്തെ അവന്റെ മുൻകാലത്തെക്കാൾ അധികം അനുഗ്രഹിച്ചു.” (ഇയ്യോബ് 42:10-16) അതേ, യഹോവ “തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു.” (എബ്രായർ 11:6) നമുക്കു നോക്കിപ്പാർത്തിരിക്കാൻ എത്ര മഹത്തായ പ്രതിഫലമാണുള്ളത്—ഒരു പറുദീസാഭൂമിയിലെ നിത്യജീവൻതന്നെ!
18. ഇപ്പോൾ നമുക്ക് ഉണ്ടായിരുന്നേക്കാവുന്ന വേദനാകരമായ ഓർമകൾക്ക് ഒടുവിൽ എന്തു സംഭവിക്കും?
18 കഴിഞ്ഞ ആയിരക്കണക്കിനു വർഷങ്ങളായി മനുഷ്യകുടുംബത്തോടു ചെയ്യപ്പെട്ട സകല ദ്രോഹവും ദൈവരാജ്യം നീക്കംചെയ്യും. അന്നു നാം അനുഭവിക്കാൻ പോകുന്ന സന്തോഷം ഇന്നു നാം അനുഭവിക്കുന്ന ഏതു ദുരിതത്തെയും നിഷ്പ്രഭമാക്കുന്നതായിരിക്കും. മുൻകാല ദുരിതത്തിന്റെ അസുഖകരമായ ഓർമകൾ നമ്മെ അലട്ടുകയില്ല. പുതിയ ലോകത്തിലെ ആളുകളുടെ അനുദിന ജീവിതത്തിന്റെ പരിപുഷ്ടിപ്പെടുത്തുന്ന ചിന്തകളും പ്രവർത്തനങ്ങളും വേദനാജനകമായ ഓർമകളെ ക്രമേണ തുടച്ചുനീക്കും. യഹോവ പ്രഖ്യാപിക്കുന്നു: “ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു; മുമ്പിലെത്തവ ആരും ഓർക്കുകയില്ല; ആരുടെയും മനസ്സിൽ വരികയുമില്ല. ഞാൻ സൃഷ്ടിക്കുന്നതിനെക്കുറിച്ചു നിങ്ങൾ സന്തോഷിച്ചു എന്നേക്കും ഘോഷിച്ചുല്ലസിപ്പിൻ.” അതേ, യഹോവയുടെ പുതിയ ലോകത്തിൽ, “സർവ്വഭൂമിയും വിശ്രമിച്ചു സ്വസ്ഥമായിരിക്കുന്നു; അവർ ആർത്തു പാടുന്നു” എന്ന് ഉദ്ഘോഷിക്കാൻ നീതിമാന്മാർക്കു കഴിയും.—യെശയ്യാവു 14:7; 65:17, 18.
പുനരവലോകന ചർച്ച
• തിന്മ അനുവദിച്ചിരിക്കവേ, യഹോവ സ്വന്തം നാമത്തോട് ഉചിതമായി വലിയ ആദരവു കാണിച്ചിരിക്കുന്നത് എങ്ങനെ?
• ദൈവം ‘കോപപാത്രങ്ങളെ’ സഹിച്ചിരിക്കുന്നത് അവന്റെ കരുണ നമ്മിലേക്ക് എത്തിച്ചേരുക സാധ്യമാക്കിയത് എങ്ങനെ?
• വ്യക്തിപരമായ കഷ്ടതകൾ ഉൾപ്പെടുന്ന സാഹചര്യങ്ങളിൽ നാം എന്തു കാണാൻ ശ്രമിക്കണം?
[അധ്യയന ചോദ്യങ്ങൾ]
[67-ാം പേജിലെ ചിത്രങ്ങൾ]
യഹോവ “ഇയ്യോബിന്റെ പിൻകാലത്തെ അവന്റെ മുൻകാലത്തെക്കാൾ അധികം അനുഗ്രഹിച്ചു”