ഒരു വിദ്യാർഥിയുടെ ധർമസങ്കടം
സാം ആകെ അസ്വസ്ഥനാണ്. മനസ്സിൽ വല്ലാത്തൊരു സംഘർഷം. ചാൾസ് ഡാർവിനും അദ്ദേഹത്തിന്റെ പരിണാമസിദ്ധാന്തവും ശാസ്ത്രീയ പുരോഗതിക്ക് എന്തെല്ലാം സംഭാവനകൾ നൽകിയിരിക്കുന്നുവെന്നും മാനവരാശിയെ അന്ധവിശ്വാസങ്ങളിൽനിന്ന് എങ്ങനെ മുക്തമാക്കിയിരിക്കുന്നുവെന്നും അവൻ ഏറെ ആദരിക്കുന്ന അവന്റെ അധ്യാപിക വിവരിച്ചുകഴിഞ്ഞതേയുള്ളൂ. അടുത്തത് വിദ്യാർഥികൾക്ക് അഭിപ്രായം പറയാനുള്ള സമയമാണ്.
സാം ധർമസങ്കടത്തിലായി. ഭൂമിയെയും അതിലെ ചരാചരങ്ങളെയും സൃഷ്ടിച്ചതു ദൈവമാണെന്ന് മാതാപിതാക്കൾ അവനെ പഠിപ്പിച്ചിട്ടുണ്ട്. അവരുടെ അഭിപ്രായത്തിൽ സൃഷ്ടിയെക്കുറിച്ചുള്ള ബൈബിൾ വിവരണം വിശ്വാസയോഗ്യമാണ്; പരിണാമവാദമാകട്ടെ, തെളിവുകളുടെ പിന്തുണയില്ലാത്ത വെറുമൊരു സിദ്ധാന്തവും. മാതാപിതാക്കളും അധ്യാപികയും തികഞ്ഞ ആത്മാർഥതയോടെയാണ് തങ്ങളുടെ പക്ഷം സമർഥിക്കാൻ ശ്രമിക്കുന്നത്. എന്നാൽ ഇവയിൽ ഏതു വിശ്വസിക്കണം, സാം ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രശ്നം അതാണ്.
ഓരോ അധ്യയനവർഷവും ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ക്ലാസ്സ് മുറികളിൽ ഇത്തരം രംഗങ്ങൾ അരങ്ങേറുന്നുണ്ട്. സാമിനെപ്പോലുള്ള കുട്ടികൾ അപ്പോൾ എന്താണു ചെയ്യേണ്ടത്? കാര്യങ്ങൾ നന്നായി അപഗ്രഥിച്ച് അതിന്റെ അടിസ്ഥാനത്തിൽ ഒരു നിഗമനത്തിൽ എത്തുന്നതായിരിക്കില്ലേ ഉചിതം? പരിണാമത്തിനാണോ സൃഷ്ടിക്കാണോ തെളിവുകളുടെ പിൻബലം ഉള്ളതെന്ന് പരിശോധിച്ചശേഷം ഏതിൽ വിശ്വസിക്കണമെന്ന് അവർ തീരുമാനിക്കണം.
കേൾക്കുന്നതെല്ലാം കണ്ണുമടച്ചു വിശ്വസിക്കുന്നതിന് എതിരെ ബൈബിൾ നമുക്കു മുന്നറിയിപ്പു നൽകുന്നുണ്ട്. “അല്പബുദ്ധി ഏതു വാക്കും വിശ്വസിക്കുന്നു; സൂക്ഷ്മബുദ്ധിയോ തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു” എന്ന് ഒരു ബൈബിൾ എഴുത്തുകാരൻ പറയുന്നു. (സദൃശവാക്യങ്ങൾ 14:15) സ്വന്തം വിവേചനാപ്രാപ്തി ഉപയോഗിച്ച്, കേൾക്കുന്ന കാര്യങ്ങളെല്ലാം സത്യമാണോയെന്ന് ഉറപ്പുവരുത്താൻ ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു.—റോമർ 12:1, 2.
സ്കൂളുകളിൽ സൃഷ്ടിവാദം പഠിപ്പിക്കണമെന്നു വാദിക്കുന്ന മതസംഘടനകളെ പിന്തുണയ്ക്കുകയല്ല ഈ ലഘുപത്രികയുടെ ഉദ്ദേശ്യം. മറിച്ച്, ജീവൻ യാദൃച്ഛികമായി ഉളവായതാണെന്നും സൃഷ്ടിയെ സംബന്ധിച്ച ബൈബിൾവിവരണം ഒരു കെട്ടുകഥയാണെന്നും പഠിപ്പിക്കുന്നവരുടെ വാദങ്ങൾക്ക് അടിസ്ഥാനമുണ്ടോയെന്ന് പരിശോധിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
നാം ഇപ്പോൾ ജീവന്റെ അടിസ്ഥാനഘടകമായ കോശങ്ങളെ ഒന്ന് അടുത്തു നിരീക്ഷിക്കാൻ പോകുകയാണ്. കോശങ്ങൾക്കുള്ളിൽ നടക്കുന്ന വിസ്മയാവഹമായ ചില പ്രവർത്തനങ്ങൾ അതിലൂടെ നിങ്ങൾ മനസ്സിലാക്കും. കൂടാതെ പരിണാമസിദ്ധാന്തത്തെ പിന്താങ്ങുന്ന ചില അനുമാനങ്ങൾ വിശകലനംചെയ്യാനുള്ള അവസരവും നിങ്ങൾക്ക് ഉണ്ടായിരിക്കും.
ജീവൻ ഉണ്ടായത് പരിണാമത്താലോ, അതോ സൃഷ്ടിയാലോ? ഇന്നല്ലെങ്കിൽ നാളെ നാമെല്ലാം ഈ ചോദ്യത്തെ അഭിമുഖീകരിക്കേണ്ടതായി വന്നേക്കാം. ഒരുപക്ഷേ, ഇതിനോടകംതന്നെ നിങ്ങൾ ഇതേക്കുറിച്ചു ഗൗരവമായി ചിന്തിച്ചിട്ടുണ്ടാകും. ജീവൻ സൃഷ്ടിക്കപ്പെട്ടതാണെന്നു വിശ്വസിക്കാൻ അനേകരെയും പ്രേരിപ്പിച്ചിട്ടുള്ള ചില വസ്തുതകളാണ് ഈ ലഘുപത്രികയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.