ഉത്പരിവർത്തനങ്ങൾ—പരിണാമത്തിനുള്ള ഒരു അടിസ്ഥാനമോ?
അധ്യായം 8
ഉത്പരിവർത്തനങ്ങൾ—പരിണാമത്തിനുള്ള ഒരു അടിസ്ഥാനമോ?
1, 2. പരിണാമത്തിന്റെ ഒരു അടിസ്ഥാനമാണെന്നു പറയപ്പെടുന്ന പ്രവർത്തനമേത്?
പരിണാമസിദ്ധാന്തം അഭിമുഖീകരിക്കുന്ന മറ്റൊരു വിഷമതയുണ്ട്. പരിണാമം എങ്ങനെ സംഭവിച്ചുവെന്നാണു കരുതപ്പെടുന്നത്? ഒരു ജീവിയിനം മറ്റൊന്നായി പരിണമിക്കുന്നതിന് അതിനെ പ്രാപ്തമാക്കിയതായി കരുതപ്പെടുന്ന ഒരു അടിസ്ഥാന സംഗതി ഏതാണ്? കോശമർമത്തിനുള്ളിലെ വ്യത്യസ്ത വ്യതിയാനങ്ങൾ ഇതിൽ ഒരു പങ്കുവഹിക്കുന്നുണ്ടെന്നു പരിണാമവാദികൾ പറയുന്നു. ഇവയിലേറ്റവും പ്രധാനം ഉത്പരിവർത്തനങ്ങൾ (mutations) എന്നറിയപ്പെടുന്ന “യാദൃച്ഛിക” മാറ്റങ്ങളാണ്. ലൈംഗിക കോശങ്ങളിലെ ജീനുകളും ക്രോമസോമുകളും ആണ് ഉത്പരിവർത്തനപരമായ ഈ മാറ്റങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന പ്രത്യേക ഭാഗങ്ങൾ എന്നു വിശ്വസിക്കപ്പെടുന്നു. കാരണം അവയിലെ ഉത്പരിവർത്തനങ്ങൾ സന്തതികളിലേക്കു കൈമാറപ്പെടാൻ കഴിയും.
2 “ഉത്പരിവർത്തനങ്ങളാണ് . . . പരിണാമത്തിന്റെ അടിസ്ഥാനം” എന്ന് ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ പ്രസ്താവിക്കുന്നു.1 അതുപോലെ, പരിണാമത്തിന് ആവശ്യമായ “അസംസ്കൃത പദാർഥങ്ങൾ” ആണ് ഉത്പരിവർത്തനങ്ങൾ എന്ന് പുരാജീവിശാസ്ത്രജ്ഞനായ സ്റ്റീവൻ സ്റ്റാൻലി പറയുകയുണ്ടായി.2 ജനിതകശാസ്ത്രജ്ഞനായ പിയോ കോളർ ഉത്പരിവർത്തനങ്ങൾ “പരിണാമ പുരോഗതിക്ക് അനിവാര്യമാണെ”ന്നു പ്രഖ്യാപിച്ചു.3
3. പരിണാമത്തിന് ആവശ്യമായിരിക്കുന്നത് ഏതു തരം ഉത്പരിവർത്തനങ്ങളാണ്?
3 എന്നാൽ, വെറുതെ ഏതെങ്കിലും തരത്തിലുള്ള ഉത്പരിവർത്തനമല്ല പരിണാമത്തിന് ആവശ്യമായിരിക്കുന്നത്. പരിണാമം നടക്കുന്നതിന്, “സാവധാനത്തിൽ, പടിപടിയായി ജീവികളിൽ സംഭവിക്കുന്ന അനുകൂലമായ ഉത്പരിവർത്തനങ്ങൾ” ഉണ്ടായിരിക്കേണ്ടതുണ്ട് എന്നു റോബർട്ട് ജാസ്റ്റ്രോ ചൂണ്ടിക്കാട്ടി.4 കാൾ സാഗാൻ ഇങ്ങനെ കൂട്ടിച്ചേർത്തു: “ഉത്പരിവർത്തനങ്ങൾ—പെട്ടെന്നുള്ള പാരമ്പര്യ മാറ്റങ്ങൾ—അടുത്ത തലമുറയിലേക്കു കൃത്യമായി കൈമാറപ്പെടുന്നു. അവ പരിണാമത്തിന് ആവശ്യമായ അസംസ്കൃത പദാർഥം പ്രദാനം ചെയ്യുന്നു. ഒരു ജീവിയുടെ അതിജീവന സാധ്യത വർധിപ്പിക്കുന്ന എണ്ണത്തിൽ കുറവായ അത്തരം ഉത്പരിവർത്തനങ്ങളെ പരിസ്ഥിതി തിരഞ്ഞെടുക്കുന്നു. അതിന്റെ ഫലമായി, സാവധാനം സംഭവിക്കുന്ന രൂപാന്തരണങ്ങളുടെ ഒരു പരമ്പരയിലൂടെ ഒരു ജീവരൂപം മറ്റൊന്നായി മാറുന്നു. ഇങ്ങനെ പുതിയ വർഗങ്ങൾ ഉത്ഭവിക്കുന്നു.”5
4. ഉത്പരിവർത്തനങ്ങൾ ശീഘ്രഗതിയിലുള്ള പരിണാമ മാറ്റങ്ങളിൽ ഉൾപ്പെട്ടിരിക്കാം എന്ന അവകാശവാദം സംബന്ധിച്ച് എന്തു വൈഷമ്യമാണ് ഉടലെടുക്കുന്നത്?
4 കൂടാതെ, ‘വിരമിത സന്തുലിതാവസ്ഥാ’ സിദ്ധാന്തം പറയുന്ന പ്രകാരമുള്ള ശീഘ്രമാറ്റങ്ങളുടെ പിന്നിലെ പ്രധാന കാരണം ഉത്പരിവർത്തനങ്ങളാണ് എന്നും പറയപ്പെട്ടിരിക്കുന്നു. ജോൺ ഗ്ലൈഡ്മാൻ സയൻസ് ഡൈജസ്റ്റിൽ ഇങ്ങനെ എഴുതി: “ക്വാണ്ടം-ലീപ്പ് സിദ്ധാന്തത്തിൽ പറയുന്ന കാര്യങ്ങൾ സംഭവിക്കുന്നതിനു മതിയായ ജനിതക ഉപകരണങ്ങൾ, നിർണായകമായ നിയന്ത്രണം ചെലുത്തുന്ന ജീനുകളിലെ ഉത്പരിവർത്തനങ്ങൾ തന്നെയായിരിക്കാമെന്നു പരിണാമ പരിഷ്കർത്താക്കൾ വിശ്വസിക്കുന്നു.” എന്നാൽ ബ്രിട്ടീഷ് ജന്തുശാസ്ത്രജ്ഞനായ കോളിൻ പാറ്റേഴ്സൺ ഇങ്ങനെ പ്രസ്താവിച്ചു: “നിർണായകമായ നിയന്ത്രണം ചെലുത്തുന്ന ഈ ജീനുകളെപ്പറ്റി നമുക്കു യാതൊന്നും അറിഞ്ഞുകൂടാ. അതുകൊണ്ട്, അവയെ കുറിച്ച് നമുക്ക് എങ്ങനെ വേണമെങ്കിലും ഊഹിക്കാൻ കഴിയും.”6 എന്നാൽ പൊതുവെ അംഗീകരിക്കപ്പെടുന്ന വസ്തുത, പരിണാമത്തിൽ ഉൾപ്പെട്ടിരിക്കുന്നതായി കരുതപ്പെടുന്ന ഉത്പരിവർത്തനങ്ങൾ വളരെ ദീർഘമായ ഒരു കാലഘട്ടം കൊണ്ട് ജീവികളിൽ പടിപടിയായി സംഭവിക്കുന്ന നിസ്സാരമായ ആകസ്മിക മാറ്റങ്ങളാണ് എന്നതാണ്.
5. ഉത്പരിവർത്തനങ്ങൾ ആരംഭിക്കുന്നത് എങ്ങനെ?
5 ഉത്പരിവർത്തനങ്ങൾ ആരംഭിക്കുന്നത് എങ്ങനെയാണ്? സാധാരണഗതിയിൽ നടക്കുന്ന കോശ പുനരുത്പാദന പ്രക്രിയയുടെ സമയത്താണ് അവയിലധികവും സംഭവിക്കുന്നതെന്നു കരുതപ്പെടുന്നു. എന്നാൽ അണുപ്രസരണം, രാസവസ്തുക്കൾ തുടങ്ങിയ ബാഹ്യകാരകങ്ങളും അവയ്ക്കിടയാക്കാമെന്നു പരീക്ഷണങ്ങൾ തെളിയിച്ചിരിക്കുന്നു. അവ എത്ര കൂടെക്കൂടെയാണ് സംഭവിക്കുന്നത്? കോശത്തിലെ ജനിതക പദാർഥത്തിന്റെ പുനരുത്പാദനം അത്ഭുതകരമായ സ്ഥിരത പ്രകടമാക്കുന്നു. ഒരു ജീവിയുടെ ഉള്ളിലെ വിഭജനം നടക്കുന്ന കോശങ്ങളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ ഉത്പരിവർത്തനങ്ങൾ അങ്ങനെയൊന്നും സംഭവിക്കുന്നില്ല. “ജീനിനെ ഉൾക്കൊള്ളുന്ന ഡിഎൻഎ ശൃംഖലകളു”ടെ പുനരുത്പാദനം “അത്ഭുതകരമാംവിധം കൃത്യതയുള്ളതാണ്. പകർപ്പുകൾ ഉണ്ടാക്കുമ്പോൾ സംഭവിക്കുന്ന പാകപ്പിഴകൾ അത്യന്തം അപൂർവവും യാദൃച്ഛികവുമാണ്” എന്ന് എൻസൈക്ലോപീഡിയ അമേരിക്കാനാ അഭിപ്രായപ്പെട്ടു.7
അവ പ്രയോജനകരമോ ഹാനികരമോ?
6, 7. ഉത്പരിവർത്തനങ്ങളുടെ ഏത് അനുപാതമാണു പ്രയോജനകരമായിരിക്കുന്നതിനു പകരം ഹാനികരമായിരിക്കുന്നത്?
6 പ്രയോജനകരങ്ങളായ ഉത്പരിവർത്തനങ്ങളാണ് പരിണാമത്തിന്റെ ഒരു അടിസ്ഥാനമെങ്കിൽ, അത്തരത്തിലുള്ള എത്ര ഉത്പരിവർത്തനങ്ങളാണ് നടക്കുന്നത്? ഇക്കാര്യത്തിൽ പരിണാമവാദികൾ നല്ല യോജിപ്പിലാണ്. ഉദാഹരണത്തിന്, കാൾ സാഗാൻ ഇങ്ങനെ പ്രഖ്യാപിക്കുന്നു: “മിക്കവയും ഒന്നുകിൽ ഹാനികരമോ അല്ലെങ്കിൽ മാരകമോ ആണ്.”8 പിയോ കോളർ പ്രസ്താവിക്കുന്നു: “ഉത്പരിവർത്തനങ്ങൾ വളരെയധികം നടക്കുന്നത് ഉത്പരിവർത്തനവിധേയമായ ജീനിനെ വഹിക്കുന്ന വ്യക്തിക്കു ഹാനികരമാണ്. ഹാനികരമായ അനേകായിരം ഉത്പരിവർത്തനങ്ങൾ നടക്കുമ്പോൾ വിജയപ്രദമോ ഗുണകരമോ ആയ ഒറ്റയൊരു ഉത്പരിവർത്തനം മാത്രമാണു നടക്കുന്നത് എന്നു പരീക്ഷണങ്ങൾ തെളിയിച്ചിരിക്കുന്നു.”9
7 “നിർവീര്യമായ” ഉത്പരിവർത്തനങ്ങളെ മാറ്റിനിർത്തിയാൽ, ഹാനികരമായ ഉത്പരിവർത്തനങ്ങളുടെ എണ്ണം പ്രയോജനകരമെന്നു കരുതപ്പെടുന്നവയുടെ എണ്ണത്തേക്കാൾ വളരെ കൂടുതലാണ്, ഹാനികരമായവ ആയിരക്കണക്കിനു നടക്കുമ്പോൾ പ്രയോജനകരമായത് ഒന്നേ നടക്കുന്നുള്ളൂ. “സങ്കീർണമായ ഏതൊരു ഘടനയിലും യാദൃച്ഛിക മാറ്റങ്ങൾ സംഭവിച്ചാൽ ഇത്തരം ഫലങ്ങൾ പ്രതീക്ഷിക്കേണ്ടതാണ്” എന്ന് എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പ്രസ്താവിക്കുന്നു.10 അതുകൊണ്ടാണ് നൂറുകണക്കിനു വരുന്ന ജനിതകരോഗങ്ങൾക്ക് ഇടയാക്കുന്നത് ഉത്പരിവർത്തനങ്ങളാണ് എന്നു പറയുന്നത്.11
8. യഥാർഥ ഫലങ്ങൾ ഒരു എൻസൈക്ലോപീഡിയയുടെ പ്രസ്താവനയെ സ്ഥിരീകരിക്കുന്നത് എങ്ങനെ?
8 ഉത്പരിവർത്തനങ്ങളുടെ ദോഷപ്രകൃതി നിമിത്തം എൻസൈക്ലോപീഡിയ അമേരിക്കാനാ ഇങ്ങനെ സമ്മതിച്ചു പറഞ്ഞു: “മിക്ക ഉത്പരിവർത്തനങ്ങളും ജീവിക്കു ഹാനികരമാണ് എന്ന വസ്തുതയെ, ഉത്പരിവർത്തനങ്ങൾ പരിണാമത്തിനു വേണ്ട അസംസ്കൃത പദാർഥങ്ങൾ പ്രദാനം ചെയ്യുന്നു എന്ന വീക്ഷണവുമായി പൊരുത്തപ്പെടുത്താൻ ബുദ്ധിമുട്ടുള്ളതായി തോന്നുന്നു. ജീവശാസ്ത്ര പാഠപുസ്തകങ്ങളിൽ ചിത്രീകരിച്ചിരിക്കുന്ന ഉത്പരിവർത്തിതങ്ങൾ (mutants) തീർച്ചയായും വികൃതവും വിചിത്രവുമായ കുറെ രൂപങ്ങളുടെ ശേഖരമാണ്. ഉത്പരിവർത്തനം നിർമാണാത്മകമല്ല, നശീകരണാത്മകമായ ഒരു പ്രക്രിയയാണെന്നു തോന്നുന്നു.”12 ഉത്പരിവർത്തനവിധേയമായ ഷഡ്പദങ്ങളെ സാധാരണ ഷഡ്പദങ്ങളുമായി പരീക്ഷണങ്ങളിലൂടെ താരതമ്യം ചെയ്തപ്പോൾ ഫലം എല്ലായ്പോഴും ഒന്നുതന്നെയായിരുന്നു. ജി. ലെഡ്യാർഡ് സ്റ്റെബ്ബിൻസ് ഇങ്ങനെ പറഞ്ഞു: “തലമുറകൾ—ഒന്നുകിൽ വളരെയേറെ തലമുറകൾ അല്ലെങ്കിൽ ഏതാനും തലമുറകൾ—കടന്നുപോകവെ ഉത്പരിവർത്തിതങ്ങൾ ഒഴിവാക്കപ്പെടുന്നു.”13 അവയ്ക്കു സാധാരണ രൂപങ്ങളോടു കിടപിടിക്കാനായില്ല, കാരണം അവയ്ക്ക് ഉത്പരിവർത്തനങ്ങൾ കൊണ്ട് മെച്ചമൊന്നും ഉണ്ടായില്ല. പകരം അവ സാധാരണ രൂപങ്ങളെക്കാൾ അധഃപതിച്ചവ ആയിത്തീർന്നിരുന്നു. മാത്രമല്ല, അവയുടെ അതിജീവന സാധ്യതയും കുറവായിരുന്നു.
9, 10. ഉത്പരിവർത്തനങ്ങൾ പരിണാമത്തെ വിശദീകരിക്കുന്നുവെന്നതു ന്യായീകരണമില്ലാത്ത ഒരു അഭ്യൂഹം ആയിരിക്കുന്നത് എന്തുകൊണ്ട്?
9 ശാസ്ത്രലേഖകനായ ഐസക്ക് അസിമോവ് തന്റെ പുസ്തകമായ ദ വെൽസ്പ്രിങ്സ് ഓഫ് ലൈഫിൽ ഇങ്ങനെ സമ്മതിച്ചു പറഞ്ഞു: “മിക്ക ഉത്പരിവർത്തനങ്ങളും കാര്യങ്ങളെ കൂടുതൽ വഷളാക്കുകയേയുള്ളൂ.” എന്നിരുന്നാലും, അദ്ദേഹം ഇങ്ങനെ തറപ്പിച്ചു പറഞ്ഞു: “ഉത്പരിവർത്തനങ്ങൾ ആത്യന്തികമായി പരിണാമ ഗതിയെ തീർച്ചയായും മുന്നോട്ടും മേൽപ്പോട്ടും നയിക്കും.”14 എന്നാൽ അവ അങ്ങനെ ചെയ്യുന്നുണ്ടോ? 1,000-ത്തിൽ 999-ലധികം പ്രാവശ്യവും ഹാനികരമെന്നു തെളിഞ്ഞ ഏതെങ്കിലും പ്രക്രിയയെ പ്രയോജനകരമായി കണക്കാക്കാൻ കഴിയുമോ? നിങ്ങൾ ഒരു വീടു പണിയാൻ ആഗ്രഹിക്കുന്നെങ്കിൽ, ഓരോ ആയിരം നിർമിതിയിലും ഒന്നുമാത്രം ശരിയായി നടത്തിയിട്ടുള്ള ഒരു കെട്ടിടനിർമാതാവിനെ നിങ്ങൾ കൂലിക്കുവിളിക്കുമോ? ഒരു മോട്ടോർവാഹന ഡ്രൈവർ ഡ്രൈവുചെയ്യുന്ന സമയത്ത് നടത്തിയ ഓരോ ആയിരം കണക്കുകൂട്ടലുകളിലും ഒന്നുമാത്രമേ ശരിയായി വന്നിട്ടുള്ളുവെങ്കിൽ അയാളുടെകൂടെ സഞ്ചരിക്കാൻ നിങ്ങൾ ആഗ്രഹിക്കുമോ? ഒരു ശസ്ത്രക്രിയാവിദഗ്ധൻ ശസ്ത്രക്രിയചെയ്യുന്ന സമയത്ത് നടത്തിയ ഓരോ ആയിരം നീക്കങ്ങളിലും ഒന്നുമാത്രമേ ശരിയായി വന്നിട്ടുള്ളുവെങ്കിൽ അയാൾ നിങ്ങളെ ശസ്ത്രക്രിയചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുമോ?
10 ജനിതകശാസ്ത്രജ്ഞനായ ഡോബ്ഷാൻസ്കി ഒരിക്കൽ പറഞ്ഞു: “എളുപ്പത്തിൽ കേടുപറ്റുന്ന ഏതൊരു സംവിധാനത്തിലും നടക്കുന്ന ഒരു ആകസ്മികസംഭവമോ ഒരു യാദൃച്ഛികമാറ്റമോ അതിനെ മെച്ചപ്പെടുത്തുമെന്നു പ്രതീക്ഷിക്കാൻ കഴിയില്ല. ഒരാളുടെ വാച്ചിലെയോ റേഡിയോ സെറ്റിലെയോ യന്ത്രസംവിധാനത്തിലേക്ക് ഒരു വടി കുത്തിക്കടത്തുന്നത് അതു മെച്ചമായി പ്രവർത്തിക്കാൻ ഇടയാക്കുകയില്ല.”15 അതുകൊണ്ട് നിങ്ങളോടുതന്നെ ചോദിക്കുക: ജീവികളിലെ വിസ്മയകരമാംവിധം സങ്കീർണമായ കോശങ്ങൾ, അവയവങ്ങൾ, കൈകാലുകൾ, പ്രക്രിയകൾ എന്നിവ താറുമാറാക്കുന്ന ഒരു പ്രവർത്തനത്താൽ നിർമിക്കപ്പെട്ടു എന്നതു യുക്തിസഹമായി തോന്നുന്നുണ്ടോ?
ഉത്പരിവർത്തനങ്ങൾ പുതിയ എന്തെങ്കിലും ഉളവാക്കുന്നുവോ?
11-13. ഉത്പരിവർത്തനങ്ങൾ എന്നെങ്കിലും പുതിയ എന്തെങ്കിലും ഉളവാക്കുന്നുണ്ടോ?
11 എല്ലാ ഉത്പരിവർത്തനങ്ങളും പ്രയോജനകരമാണെങ്കിൽത്തന്നെ അവയ്ക്ക് പുതിയ എന്തെങ്കിലും ഉളവാക്കാൻ കഴിയുമോ? ഇല്ല, അവയ്ക്കു കഴിയില്ല. നേരത്തേതന്നെ ഉള്ള ഒരു സവിശേഷതയെ വ്യത്യാസപ്പെടുത്താൻ മാത്രമേ ഒരു ഉത്പരിവർത്തനത്തിനു കഴിയൂ. അത് വൈവിധ്യം പ്രദാനം ചെയ്യുന്നു, എന്നാൽ ഒരിക്കലും പുതിയ എന്തെങ്കിലും ഉളവാക്കുന്നില്ല.
12 പ്രയോജനകരമായ ഒരു ഉത്പരിവർത്തനംകൊണ്ട് എന്തു സംഭവിച്ചേക്കാമെന്നതിന് ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ ഒരു ഉദാഹരണം നൽകുന്നു: “വരണ്ട പ്രദേശത്തുള്ള ഒരു സസ്യത്തിന്, ഏറെ വലുപ്പവും കരുത്തുമുള്ള വേരുകൾ വളർന്നുവരാനിടയാക്കുന്ന ഒരു ഉത്പരിവർത്തിത ജീൻ ഉണ്ടായിരുന്നേക്കാം. അതു മുഖാന്തരം അതിന്റെ വേരുകൾക്കു കൂടുതൽ വെള്ളം വലിച്ചെടുക്കാൻ കഴിയുന്നതുകൊണ്ട് ആ സസ്യത്തിന് അതിന്റെ വർഗത്തിലെ മറ്റുള്ളവയെക്കാൾ മെച്ചമായ അതിജീവന സാധ്യതയുണ്ടായിരിക്കും.”16 എന്നാൽ പുതിയ ഒരു ജീവരൂപം ഉളവായോ? ഇല്ല, അത് അപ്പോഴും അതേ സസ്യം തന്നെയാണ്. അത് മറ്റെന്തെങ്കിലുമായി പരിണമിക്കുന്നില്ല.
13 ഉത്പരിവർത്തനങ്ങൾ ഒരു വ്യക്തിയുടെ തലമുടിയുടെ നിറത്തിനോ ഘടനയ്ക്കോ മാറ്റം വരുത്തിയേക്കാം. എന്നാൽ തലമുടി എല്ലായ്പോഴും തലമുടി തന്നെയായിരിക്കും. അത് ഒരിക്കലും തൂവലുകളായി മാറുകയില്ല. ഒരു വ്യക്തിയുടെ കൈക്ക് ഉത്പരിവർത്തനങ്ങളുടെ ഫലമായി മാറ്റം ഭവിച്ചേക്കാം. അതിൽ അസാധാരണമായ വിരലുകൾ കണ്ടേക്കാം. ചിലപ്പോൾ ആറു വിരലുകളോ മറ്റെന്തെങ്കിലും വൈരൂപ്യം പോലുമോ ഉണ്ടായിരുന്നേക്കാം. എന്നാൽ അത് എല്ലായ്പോഴും കൈ തന്നെയാണ്. അത് ഒരിക്കലും മറ്റെന്തെങ്കിലുമായി മാറുന്നില്ല. പുതിയ യാതൊന്നും ഉണ്ടാകുന്നില്ല, ഒരിക്കലും ഉണ്ടാകുകയുമില്ല.
പഴ ഈച്ചയെ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ
14, 15. പഴ ഈച്ചകളിൽ പതിറ്റാണ്ടുകളോളം നടത്തിയ പരീക്ഷണങ്ങൾ എന്താണു വെളിപ്പെടുത്തിയിരിക്കുന്നത്?
14 ഡ്രോസോഫില മെലനോഗാസ്റ്റർ എന്ന സാധാരണ പഴ ഈച്ചയിൽ നടത്തിയ വിപുലമായ പരീക്ഷണങ്ങളോടു കിടനിൽക്കാൻ കഴിയുന്ന ഉത്പരിവർത്തന പരീക്ഷണങ്ങൾ അധികമില്ല. 1900-ങ്ങളുടെ ആരംഭം മുതൽ ശാസ്ത്രജ്ഞന്മാർ ദശലക്ഷക്കണക്കിന് പഴ ഈച്ചകളെ എക്സ്റേകൾക്കു വിധേയമാക്കിയിട്ടുണ്ട്. ഇതുമൂലം ഉത്പരിവർത്തനങ്ങളുടെ ആവൃത്തി സാധാരണയിലും നൂറിരട്ടിയിലധികമായി വർധിച്ചു.
15 ഈ പതിറ്റാണ്ടുകളിലെ പരീക്ഷണങ്ങൾ എല്ലാം എന്താണു തെളിയിച്ചത്? പരീക്ഷണങ്ങളുടെ ഒരു ഫലം ഡോബ്ഷാൻസ്കി വെളിപ്പെടുത്തുകയുണ്ടായി: “ഡ്രോസോഫിലയുടെ—ജനിതകശാസ്ത്രത്തിലെ മാനദണ്ഡമായി എടുക്കാൻ കഴിയുന്ന ഗവേഷണത്തിൽ ഏറിയപങ്കും ഇതിലാണു നടന്നിട്ടുള്ളത്—തനി ഉത്പരിവർത്തിതങ്ങൾ മിക്കവയുംതന്നെ ജീവനക്ഷമതയിലും പ്രജനനപ്രാപ്തിയിലും ആയുർദൈർഘ്യത്തിലും ഈച്ചകളുടെ വന്യ ഇനങ്ങളെക്കാൾ തരംതാണവയാണ്.”17 മറ്റൊരു ഫലം ഉത്പരിവർത്തനങ്ങൾ ഒരിക്കലും പുതിയ യാതൊന്നും ഉത്പാദിപ്പിച്ചില്ല എന്നതായിരുന്നു. പഴ ഈച്ചകൾക്കു വിരൂപമായ ചിറകുകളും കാലുകളും ശരീരവും മറ്റു തരത്തിലുള്ള വൈരൂപ്യങ്ങളും ഉണ്ടായിരുന്നു. എന്നാൽ അവ എപ്പോഴും പഴ ഈച്ചകളായിത്തന്നെ നിലകൊണ്ടു. ഉത്പരിവർത്തിത ഈച്ചകളെ തമ്മിൽ ഇണചേർത്തപ്പോൾ പല തലമുറകൾക്കുശേഷം ചില സാധാരണ പഴ ഈച്ചകൾ മുട്ടവിരിഞ്ഞു പുറത്തുവരാൻ തുടങ്ങിയതായി കണ്ടെത്തി. ഈ സാധാരണ ഈച്ചകളെ അവയുടെ സ്വാഭാവിക അവസ്ഥയിൽ ജീവിക്കാൻ വിട്ടിരുന്നെങ്കിൽ, അവയെക്കാൾ ദുർബലമായ ഉത്പരിവർത്തിത ഈച്ചകൾ ചത്തുപോയാലും, പഴ ഈച്ചയുടെ യഥാർഥ രൂപത്തെ നിലനിർത്തിക്കൊണ്ട് അവ തുടർന്നു ജീവിക്കുമായിരുന്നു.
16. ജീവികളെ മാറ്റംവരാതെ നിർത്താൻ പാരമ്പര്യ രേഖ സഹായിക്കുന്നതെങ്ങനെ?
16 പാരമ്പര്യ രേഖയായ ഡിഎൻഎ-യ്ക്ക് ജനിതകപരമായ കേടുപാടുകൾ എന്തെങ്കിലും സംഭവിച്ചാൽ സ്വയം നന്നാക്കാനുള്ള അത്ഭുതകരമായ പ്രാപ്തി ഉണ്ട്. ഈ പ്രാപ്തി, ഏതു ജീവിവർഗത്തിനായി അതു കോഡ് ചെയ്യപ്പെട്ടിരിക്കുന്നുവോ ആ വർഗത്തെ നിലനിർത്താൻ സഹായിക്കുന്നു. ജനിതകപരമായ കേടുപാടുകൾ “തുടർച്ചയായി നന്നാക്കിക്കൊണ്ടിരിക്കുന്ന എൻസൈമുകൾ ഓരോ ജീവിയുടെയും ജീവനെയും തലമുറതലമുറയായുള്ള അതിന്റെ തുടർച്ചയെയും” നിലനിർത്തുന്ന വിധത്തെക്കുറിച്ച് സയന്റിഫിക്ക് അമേരിക്കൻ പ്രതിപാദിക്കുന്നു. ആ ആനുകാലിക പ്രസിദ്ധീകരണം ഇങ്ങനെ പറയുന്നു: “പ്രത്യേകിച്ച്, ഡിഎൻഎ തന്മാത്രകൾക്കുണ്ടാകുന്ന കാര്യമായ തകരാറ് ഒരു അടിയന്തിര പ്രതികരണം ഉളവാക്കുന്നു, തത്ഫലമായി കേടുപോക്കുന്നതിനുള്ള എൻസൈമുകൾ വർധിച്ച അളവിൽ സംശ്ലേഷിക്കപ്പെടുന്നു.”18
17. ഉത്പരിവർത്തനങ്ങൾ സംബന്ധിച്ചു നടത്തിയ പരീക്ഷണങ്ങളിൽ ഗോൾഡ്ഷ്മിഡ്റ്റ് നിരാശനായതെന്തുകൊണ്ട്?
17 അങ്ങനെ, ഡാർവിൻ റീട്രൈഡ് എന്ന പുസ്തകത്തിൽ ഗ്രന്ഥകാരൻ, ബഹുമാന്യ ജനിതകശാസ്ത്രജ്ഞനായിരുന്ന പരേതനായ റിച്ചാർഡ് ഗോൾഡ്ഷ്മിഡ്റ്റിനെക്കുറിച്ചു പിൻവരുന്നപ്രകാരം പ്രസ്താവിക്കുന്നു: “പഴ ഈച്ചകളിലെ ഉത്പരിവർത്തനങ്ങൾ അനേക വർഷങ്ങളോളം നിരീക്ഷിച്ചശേഷം ഗോൾഡ്ഷ്മിഡ്റ്റ് നിരാശനായി. ഒരു സാമ്പിളിൽ ആയിരം ഉത്പരിവർത്തനങ്ങൾ ഒരുമിച്ചുനടന്നാലും പുതിയ വർഗം ഉണ്ടാകുകയില്ലാത്തവിധം മാറ്റങ്ങൾ അങ്ങേയറ്റം നിസ്സാരമായിരുന്നു എന്ന് അദ്ദേഹം വിലപിച്ചു.”19
കറുത്തപുള്ളികളുള്ള നിശാശലഭം
18, 19. കറുത്തപുള്ളികളുള്ള നിശാശലഭത്തെ സംബന്ധിച്ച് എന്ത് അവകാശവാദമാണു നടത്തിയത്, എന്തുകൊണ്ട്?
18 ഇംഗ്ലണ്ടിൽ കാണപ്പെടുന്ന കറുത്തപുള്ളികളുള്ള നിശാശലഭം, പരിണാമം നടക്കുന്നു എന്നതിന്റെ ഒരു ആധുനിക ഉദാഹരണമെന്ന നിലയിൽ പരിണാമത്തെ കുറിച്ചുള്ള പുസ്തകങ്ങളിൽ പലപ്പോഴും പരാമർശിക്കപ്പെടാറുണ്ട്. ദി ഇന്റർനാഷണൽ വൈൽഡ്ലൈഫ് എൻസൈക്ലോപീഡിയ ഇങ്ങനെ പ്രസ്താവിച്ചു: “മനുഷ്യൻ ഇന്നോളം കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും ശ്രദ്ധേയമായ പരിണാമ മാറ്റമാണ് ഇത്.”20 ഒരു വർഗത്തിന്റെ പോലും പരിണാമം തെളിയിക്കാൻ കഴിയാത്തതിൽ ഡാർവിൻ അങ്ങേയറ്റം അസ്വസ്ഥനായിരുന്നു എന്നു നിരീക്ഷിച്ച ശേഷം ജാസ്റ്റ്രോ ചെമന്ന ഭീമൻമാരും വെളുത്ത കുള്ളൻമാരും എന്ന തന്റെ പുസ്തകത്തിൽ ഇങ്ങനെ കൂട്ടിച്ചേർത്തു: “തനിക്കു വേണ്ട തെളിവു പ്രദാനം ചെയ്യുമായിരുന്ന ഒരു ഉദാഹരണം തൊട്ടടുത്തു തന്നെ ഉണ്ടായിരുന്നിട്ടും അദ്ദേഹം അത് അറിഞ്ഞിരുന്നില്ല. അങ്ങേയറ്റം വിരളമായ ഒരു ഉദാഹരണമായിരുന്നു അത്.”21 ജാസ്റ്റ്രോ പറഞ്ഞത് കറുത്തപുള്ളികൾ ഉള്ള നിശാശലഭത്തെ കുറിച്ചായിരുന്നു.
19 കറുത്തപുള്ളികൾ ഉള്ള നിശാശലഭത്തിന് എന്തു സംഭവിച്ചു? ആദ്യമൊക്കെ, ഈ നിശാശലഭത്തിന്റെ ഇളംനിറത്തിലുള്ള ഇനമായിരുന്നു ഇരുണ്ടനിറത്തിലുള്ളതിനെക്കാൾ സാധാരണം. ഈ ഇളംനിറത്തിലുള്ള ഇനം മരങ്ങളുടെ ഇളംനിറത്തിലുള്ള തായ്ത്തടികളുമായി നന്നായി ഇണങ്ങിപ്പോയതിനാൽ പക്ഷികളുടെ ആക്രമണത്തിൽ നിന്ന് അവയ്ക്കു മിക്കപ്പോഴും രക്ഷപ്പെടാനായി. അങ്ങനെയിരിക്കെ, വ്യവസായ മേഖലകളിൽനിന്നുള്ള വർഷങ്ങളിലെ മലിനീകരണം നിമിത്തം മരങ്ങളുടെ തായ്ത്തടികൾ ഇരുണ്ടുപോയി. ഇപ്പോൾ നിശാശലഭങ്ങളുടെ ഇളംനിറം അവയ്ക്കു വിനയായിത്തീർന്നു, കാരണം പക്ഷികൾക്ക് അവയെ വളരെ വേഗത്തിൽ കണ്ടുപിടിക്കാനും അങ്ങനെ അകത്താക്കാനും കഴിഞ്ഞു. തത്ഫലമായി, ഉത്പരിവർത്തിതമെന്നു പറയപ്പെടുന്ന, കറുത്തപുള്ളികളുള്ള നിശാശലഭത്തിന്റെ ഇരുണ്ട വർഗം മെച്ചമായി അതിജീവിച്ചു. കാരണം, കരിപിടിച്ച് ഇരുണ്ടതായിത്തീർന്ന മരങ്ങളിലിരിക്കുന്ന അവയെ കണ്ടുപിടിക്കാൻ പക്ഷികൾക്കു ബുദ്ധിമുട്ടായിരുന്നു. അങ്ങനെ, ഇരുണ്ട വർഗം പെട്ടെന്നുതന്നെ പ്രമുഖ ഇനമായി തീർന്നു.
20. കറുത്തപുള്ളികളുള്ള നിശാശലഭം പരിണമിക്കുകയായിരുന്നില്ലെന്ന് ഒരു ഇംഗ്ലീഷ് വൈദ്യശാസ്ത്ര ആനുകാലിക പ്രസിദ്ധീകരണം വിശദീകരിക്കുന്നത് എങ്ങനെ?
20 എന്നാൽ കറുത്തപുള്ളികളുള്ള നിശാശലഭം മറ്റേതെങ്കിലും ഇനം ഷഡ്പദമായി പരിണമിക്കുകയായിരുന്നോ? അല്ല, അപ്പോഴും അത് കറുത്തപുള്ളികളുള്ള നിശാശലഭംതന്നെ ആയിരുന്നു, നിറത്തിനു വ്യത്യാസം ഉണ്ടായിരുന്നുവെന്നു മാത്രം. അതുകൊണ്ട് ഇംഗ്ലീഷ് വൈദ്യശാസ്ത്ര ആനുകാലിക പ്രസിദ്ധീകരണമായ ഓൺ കോൾ, പരിണാമം തെളിയിക്കാനുള്ള ശ്രമത്തിൽ ഈ ഉദാഹരണത്തിന്റെ ഉപയോഗം “കുപ്രസിദ്ധ”മാണെന്നു പ്രസ്താവിച്ചു. അത് ഇങ്ങനെ പ്രഖ്യാപിച്ചു: “ചുറ്റുപാടുകളോടു ചേരുന്ന നിറം ഇരപിടിയന്മാരുടെ കണ്ണിൽ അകപ്പെടാതിരിക്കാൻ ഒരു ജീവിയെ സഹായിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണിത്. എന്നാൽ, തുടക്കം മുതൽ ഒടുക്കം വരെ അവ നിശാശലഭങ്ങൾ തന്നെ ആയിരുന്നു. മാത്രമല്ല, പുതിയ വർഗങ്ങളൊന്നും രൂപംകൊണ്ടതുമില്ല. അതുകൊണ്ട് പരിണാമത്തിനുള്ള തെളിവെന്ന നിലയിൽ അവ തീർത്തും അപ്രസക്തമാണ്.”22
21. ആന്റിബയോട്ടിക്കുകളോടു പ്രതിരോധശക്തിയുള്ളവ ആയിത്തീരാൻ രോഗാണുക്കൾക്കുണ്ടെന്നു പറയപ്പെടുന്ന കഴിവു സംബന്ധിച്ച് എന്തു പറയാൻ കഴിയും?
21 കറുത്തപുള്ളികളുള്ള നിശാശലഭം പരിണാമത്തിനു വിധേയമായിക്കൊണ്ടിരിക്കുകയാണ് എന്ന തെറ്റായ അവകാശവാദം മറ്റു പല ഉദാഹരണങ്ങളോടും സമാനമാണ്. ദൃഷ്ടാന്തത്തിന്, ചില രോഗാണുക്കൾ ആന്റിബയോട്ടിക്കുകളോടു പ്രതിരോധശക്തി ഉള്ളവയാണെന്നു തെളിഞ്ഞിരിക്കുന്നു, ഇത് പരിണാമം നടക്കുന്നതിന്റെ ഉദാഹരണമായി സാധാരണ ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാൽ ശക്തിയേറിയ രോഗാണുക്കൾ അപ്പോഴും ഒരേ ഇനം തന്നെയാണ്, അവ മറ്റെന്തെങ്കിലുമായി പരിണമിക്കുന്നില്ല. ഉത്പരിവർത്തനങ്ങളല്ല, പിന്നെയോ ചില രോഗാണുക്കൾ തുടക്കം മുതലേ പ്രതിരോധശക്തിയുള്ളവയായിരുന്നു എന്ന വസ്തുതയായിരിക്കാം അവ ആ സവിശേഷത പ്രകടിപ്പിച്ചതിന്റെ കാരണം എന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഔഷധങ്ങൾ മറ്റുള്ളവയെ കൊന്നപ്പോൾ പ്രതിരോധശക്തിയുള്ളവ പെരുകുകയും പ്രമുഖമായിത്തീരുകയും ചെയ്തു. ബഹിരാകാശത്തുനിന്നുള്ള പരിണാമം ഇങ്ങനെ പറയുന്നു: “എന്നാൽ, ഈ ഉദാഹരണങ്ങളിൽ, നേരത്തേതന്നെ സ്ഥിതിചെയ്യുന്ന ജീനുകളുടെ തിരഞ്ഞെടുപ്പിലധികമായി എന്തെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോയെന്നു ഞങ്ങൾ സംശയിക്കുന്നു.”23
22. ചില ഷഡ്പദങ്ങൾ വിഷങ്ങളോടു പ്രതിരോധശക്തിയുള്ളവയാണെന്നുള്ള വസ്തുത അവ പരിണമിച്ചുകൊണ്ടിരിക്കുകയാണെന്ന് അർഥമാക്കുന്നുണ്ടോ?
22 ചില ഷഡ്പദങ്ങൾ അവയ്ക്കെതിരെ പ്രയോഗിക്കപ്പെട്ട വിഷങ്ങളോടു പ്രതിരോധശക്തി ഉള്ളവയായിരുന്നതിന്റെ കാരണവും ഇതേ പ്രക്രിയതന്നെ ആയിരിക്കാം. ഷഡ്പദങ്ങളിൽ പ്രയോഗിക്കപ്പെട്ട വിഷങ്ങൾ ഒന്നുകിൽ അവയെ കൊന്നു, അല്ലെങ്കിൽ അവയുടെ മേൽ യാതൊരു ഫലവും ഉളവാക്കിയില്ല. പ്രതിരോധശക്തി ഇല്ലാഞ്ഞവ ആദ്യം തന്നെ കൊല്ലപ്പെട്ടു. അതുകൊണ്ട് അവയ്ക്കു പ്രതിരോധശക്തി വളർത്തിയെടുക്കാനുള്ള സാവകാശം കിട്ടിയില്ല. മറ്റുള്ളവയുടെ അതിജീവനം അവ തുടക്കം മുതലേ പ്രതിരോധശക്തി ഉള്ളവയായിരുന്നു എന്ന് അർഥമാക്കുന്നു. അത്തരം പ്രതിരോധശക്തി ചില ഷഡ്പദങ്ങളിൽ കാണുന്നതും മറ്റുള്ളവയിൽ കാണാത്തതുമായ ഒരു ജനിതക ഘടകമാണ്. എങ്ങനെയായാലും, ഷഡ്പദങ്ങൾ അതേ വർഗമായിത്തന്നെ നിലകൊണ്ടു. അവ മറ്റെന്തെങ്കിലുമായി പരിണമിക്കുകയായിരുന്നില്ല.
‘അതതു വർഗമനുസരിച്ച്’
23. ഉല്പത്തിയിലെ ഏതു മാനദണ്ഡമാണ് ഉത്പരിവർത്തനങ്ങളും സ്ഥിരീകരിച്ചിരിക്കുന്നത്?
23 ഉത്പരിവർത്തനങ്ങൾ ഒരിക്കൽക്കൂടി സ്ഥിരീകരിക്കുന്ന സന്ദേശം ഉല്പത്തി 1-ാം അധ്യായത്തിലെ സൂത്രവാക്യമാണ്: ജീവികൾ “അതതു വർഗമനുസരിച്ചു” മാത്രം പുനരുത്പാദനം നടത്തുന്നു. ജനിതക രേഖ ഒരു സസ്യത്തെയോ ജന്തുവിനെയോ ശരാശരി രൂപത്തിൽനിന്നു വളരെയധികം മാറിപ്പോകുന്നതു തടയുന്നുവെന്നതാണു കാരണം. വൻ വൈവിധ്യം (ഉദാഹരണത്തിന്, മനുഷ്യരിലോ പൂച്ചകളിലോ പട്ടികളിലോ കാണാൻ കഴിയുന്നതുപോലെ) ഉണ്ടായിരിക്കാൻ കഴിയും, എന്നാൽ ഒരു ജീവിക്കു മറ്റൊന്നായി മാറാൻ കഴിയുന്നത്ര വൈവിധ്യം ഉണ്ടാകയില്ല. ഉത്പരിവർത്തനങ്ങളെക്കുറിച്ച് ഇന്നോളം നടത്തിയിട്ടുള്ള സകല പരീക്ഷണങ്ങളും ഇതു തെളിയിക്കുന്നു. കൂടാതെ, ജീവോത്ഭവ നിയമവും—നേരത്തേ സ്ഥിതിചെയ്യുന്ന ജീവനിൽനിന്നു മാത്രമേ ജീവന് ഉളവാകാൻ കഴിയൂ എന്നും ജനക ജീവിയും അതിന്റെ സന്താനവും ഒരേ “വർഗ”മാണെന്നും ഉള്ള നിയമം—ഇന്നു തെളിയിക്കപ്പെട്ടിരിക്കുന്നു.
24. ജീവികൾ “അവയുടെ വർഗമനുസരിച്ചു”മാത്രം പുനരുത്പാദനം നടത്തുന്നുവെന്നു പ്രജനന പരീക്ഷണങ്ങൾ പ്രകടമാക്കിയിരിക്കുന്നത് എങ്ങനെ?
24 പ്രജനന പരീക്ഷണങ്ങളും ഇതു സ്ഥിരീകരിക്കുന്നു. സങ്കരണം വഴി വിവിധ ജന്തുക്കളിലും സസ്യങ്ങളിലും മാറ്റങ്ങൾ വരുത്തിക്കൊണ്ടേയിരിക്കാൻ ശാസ്ത്രജ്ഞന്മാർ ശ്രമം നടത്തിയിരിക്കുന്നു. ക്രമേണ, പുതിയ ജീവരൂപങ്ങളെ തങ്ങൾക്കു വികസിപ്പിച്ചെടുക്കാൻ കഴിയുമോ എന്നു കാണാൻ അവർ ആഗ്രഹിച്ചു. അതിന്റെ ഫലമെന്തായിരുന്നു? ഓൺ കോൾ റിപ്പോർട്ടു ചെയ്യുന്നു: “ഏതാനും തലമുറകൾ കൊണ്ട് ജീവികൾ അവയ്ക്കു മെച്ചപ്പെടാൻ കഴിയുന്നതിന്റെ പരമാവധി മെച്ചപ്പെടുന്നതായും—അതിലും കൂടുതൽ പുരോഗതി കൈവരിക്കുക അസാധ്യമാണ് —ഇതിനിടയ്ക്ക് പുതിയ വർഗങ്ങൾ രൂപം കൊള്ളാത്തതായും പ്രജനകർ സാധാരണ കണ്ടെത്തുന്നു. . . അതുകൊണ്ട് പ്രജനന നടപടികൾ പരിണാമത്തെ പിന്താങ്ങുന്നതിനു പകരം അതിനെ നിരാകരിക്കുന്നതായി തോന്നുന്നു.”24
25, 26. ജീവികളിലെ പുനരുത്പാദനത്തിന്റെ പരിധികൾ സംബന്ധിച്ച് ശാസ്ത്ര പ്രസിദ്ധീകരണങ്ങൾ എന്താണു പറയുന്നത്?
25 ശാസ്ത്രം എന്ന മാസികയിലും മിക്കവാറും ഇതേ പ്രസ്താവന തന്നെ നടത്തപ്പെട്ടിരിക്കുന്നു: “വർഗങ്ങൾക്ക്, ശാരീരികമായും മറ്റുതരത്തിലുമുള്ള സവിശേഷതകളിൽ നിസ്സാരമായ രൂപഭേദങ്ങൾക്കു വിധേയമാകാനുള്ള കഴിവ് തീർച്ചയായുമുണ്ട്. എന്നാൽ ഈ കഴിവ് പരിമിതമാണ്, ആത്യന്തികമായി നോക്കുമ്പോൾ ജീവിക്ക് സാമാന്യ [ശരാശരി] രൂപത്തിൽനിന്ന് കാര്യമായ വ്യത്യാസമൊന്നും വരുന്നില്ല.”25 അതുകൊണ്ട്, ജീവികൾ, തുടർച്ചയായി മാറിക്കൊണ്ടിരിക്കുന്നതിനുള്ള പ്രവണത അല്ല അവകാശപ്പെടുത്തിയിരിക്കുന്നത്, മറിച്ച് (1) അതേപടി നിലനിൽക്കുന്നതിനുള്ള പ്രവണതയും (2) തീരെ പരിമിതമായ വ്യതിയാന പരിധികളുമാണ്.
26 അതുകൊണ്ട്, മോളിക്യൂൾസ് റ്റു ലിവിങ് സെൽസ് എന്ന പുസ്തകം ഇങ്ങനെ പ്രസ്താവിക്കുന്നു: “ഒരു കാരറ്റിലെയോ എലിയുടെ കരളിലെയോ കോശങ്ങൾ എണ്ണമറ്റ പുനരുത്പാദനചക്രങ്ങൾക്കു ശേഷം പോലും അവയുടെ തനതായ കലാ-ജൈവഘടനാ താദാത്മ്യങ്ങൾ സ്ഥിരമായി നിലനിർത്തുന്നു.”26കോശ പരിണാമത്തിലെ സഹജീവനം (ഇംഗ്ലീഷ്) ഇങ്ങനെ പറയുന്നു: “എല്ലാ ജീവികളും . . . അവിശ്വസനീയമായ നിഷ്ഠയോടെ പുനരുത്പാദനം നടത്തുന്നു.”27സയന്റിഫിക്ക് അമേരിക്കനും ഇങ്ങനെ പ്രസ്താവിക്കുന്നു: “ജീവികളുടെ രൂപവൈവിധ്യം ബഹുലമാണ്, എന്നാൽ ഏതെങ്കിലും പ്രത്യേക വംശപരമ്പരയ്ക്കുള്ളിൽ രൂപം അത്ഭുതകരമാംവിധം സ്ഥിരമാണ്: തലമുറതലമുറകളായി പന്നികൾ പന്നികളായും ഓക്കു മരങ്ങൾ ഓക്കു മരങ്ങളായും നിലകൊള്ളുന്നു.”28 ഒരു ശാസ്ത്രലേഖകൻ ഇപ്രകാരം അഭിപ്രായപ്പെട്ടു: “റോസാച്ചെടികളിൽ എല്ലായ്പോഴും റോസാപുഷ്പങ്ങൾ മാത്രമേ വിരിയുന്നുള്ളൂ, ഒരിക്കലും കുടമുല്ലപ്പൂക്കൾ ഉണ്ടാകുന്നില്ല. കോലാടുകൾ കോലാട്ടിൻകുട്ടികളെയാണു പ്രസവിക്കുന്നത്, ഒരിക്കലും ചെമ്മരിയാട്ടിൻകുട്ടികളെ പ്രസവിക്കുന്നില്ല.” ഉത്പരിവർത്തനങ്ങൾക്ക് “ആകമാന പരിണാമത്തെ—മത്സ്യങ്ങളും ഉരഗങ്ങളും പക്ഷികളും സസ്തനങ്ങളും ഉള്ളതിന്റെ കാരണം—വിശദീകരിക്കാൻ കഴിയുകയില്ല” എന്ന് അദ്ദേഹം നിഗമനം ചെയ്തു.29
27. ഗാലപ്പാഗോസ് ദ്വീപുകളിലെ കുരുവികളെ സംബന്ധിച്ച് ഡാർവിൻ എന്താണു തെറ്റായി വ്യാഖ്യാനിച്ചത്?
27 ഒരു വർഗത്തിനുള്ളിൽ തന്നെയുള്ള വ്യതിയാനം, പരിണാമത്തെക്കുറിച്ചുള്ള ഡാർവിന്റെ ആദിമ ചിന്താഗതിയെ സ്വാധീനിച്ച ഒരു സംഗതി സംബന്ധിച്ചു വിശദീകരണം നൽകുന്നു. അദ്ദേഹം ഗാലപ്പാഗോസ് ദ്വീപുകളിൽ ആയിരുന്നപ്പോൾ കുരുവികളെ നിരീക്ഷിക്കുകയുണ്ടായി. ഈ പക്ഷികൾ തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലുള്ള—അവ അവിടെനിന്നു ദേശാടനം നടത്തിയതായി കാണപ്പെടുന്നു—അവയുടെ ജനക വർഗത്തിന്റെ അതേ ഇനത്തിലുള്ളവയായിരുന്നു. എന്നാൽ കൊക്കുകളുടെ ആകൃതിയിലും മറ്റും വിചിത്ര വ്യത്യാസങ്ങളുണ്ടായിരുന്നു. പരിണാമം നടക്കുന്നതിന്റെ തെളിവായി ഡാർവിൻ ഇതിനെ വ്യാഖ്യാനിച്ചു. എന്നാൽ വാസ്തവത്തിൽ അത് ഒരു ജീവിയുടെ ജനിതക ഘടന അനുവദിക്കുന്ന, ഒരു വർഗത്തിനുള്ളിൽത്തന്നെയുള്ള വൈവിധ്യത്തിന്റെ മറ്റൊരു ഉദാഹരണമല്ലാതെ മറ്റൊന്നുമായിരുന്നില്ല. കുരുവികൾ അപ്പോഴും കുരുവികൾതന്നെയായിരുന്നു. അവ മറ്റെന്തെങ്കിലുമായി മാറുകയായിരുന്നില്ല, അവ ഒരിക്കലും മാറുകയുമില്ല.
28. ‘അവയുടെ വർഗമനുസരിച്ച്’ എന്ന ഉല്പത്തി നിയമവുമായി ശാസ്ത്ര വസ്തുത പൂർണയോജിപ്പിലാണെന്ന് എങ്ങനെ പറയാൻ കഴിയും?
28 അങ്ങനെ, ഉല്പത്തി പറയുന്നതു ശാസ്ത്ര വസ്തുതയുമായി പൂർണ യോജിപ്പിലാണ്. നിങ്ങൾ വിത്തു നടുമ്പോൾ അവ “അതതു വർഗമനുസരിച്ചു” മാത്രം ഉത്പാദനം നടത്തുന്നു. ഈ നിയമം ഒരിക്കലും തെറ്റുകയില്ല എന്ന ഉറപ്പോടെ നിങ്ങൾക്ക് ഒരു പൂന്തോട്ടം നട്ടുപിടിപ്പിക്കാൻ കഴിയും. പൂച്ചകൾ പ്രസവിക്കുമ്പോൾ അവയുടെ കുഞ്ഞുങ്ങൾ എപ്പോഴും പൂച്ചകളാണ്. മനുഷ്യർ അച്ഛനമ്മമാരായിത്തീരുമ്പോൾ അവരുടെ കുട്ടികൾ എല്ലായ്പോഴും മനുഷ്യരാണ്. നിറം, വലുപ്പം, ആകൃതി ഇവയിൽ വ്യതിയാനമുണ്ട്, എന്നാൽ ഈ വ്യതിയാനം എല്ലായ്പോഴും വർഗത്തിന്റെ പരിധികൾക്കുള്ളിലാണ്. മറിച്ചൊരു സംഗതി നിങ്ങൾ എപ്പോഴെങ്കിലും വ്യക്തിപരമായി കണ്ടിട്ടുണ്ടോ? ആരും കണ്ടിട്ടില്ല.
പരിണാമത്തിനുള്ള ഒരു അടിസ്ഥാനമല്ല
29. ഉത്പരിവർത്തനങ്ങളെക്കുറിച്ച് ഒരു ഫ്രഞ്ച് ജീവശാസ്ത്രജ്ഞൻ എന്തു പറഞ്ഞു?
29 ഇതെല്ലാം നമ്മെ കൊണ്ടെത്തിക്കുന്നത് വ്യക്തമായ ഈ നിഗമനത്തിലാണ്: യാതൊരു യാദൃച്ഛിക ജനിതകമാറ്റത്തിനും ഒരു ജീവിവർഗത്തെ മറ്റൊന്നാക്കി മാറ്റാൻ കഴിയുകയില്ല. ഫ്രഞ്ച് ജീവശാസ്ത്രജ്ഞനായ ജീൻ റൊസ്റ്റാൻഡ് ഒരിക്കൽ പറഞ്ഞു: “ഇല്ല, പാരമ്പര്യത്തിന്റെ ഈ ‘പിശകുകൾക്ക്’, ഘടനാപരമായി ഇത്രയേറെ വൈവിധ്യവും സംശുദ്ധിയും വിസ്മയാവഹമായ ‘അനുകൂലനസ്വഭാവങ്ങളും’ നിറഞ്ഞ ഈ മുഴുലോകവും നിർമിക്കാൻ കഴിഞ്ഞു എന്ന് എനിക്കു തീർച്ചയായും ചിന്തിക്കാൻ കഴിയില്ല. അതു പ്രകൃതിനിർധാരണത്തിന്റെ സഹായത്തോടു കൂടി സംഭവിച്ചുവെന്നു പറഞ്ഞാലും ശരി, വളരെ ദീർഘമായ കാലഘട്ടം കൊണ്ട് പരിണാമത്തിന്റെ ഫലമായി സംഭവിച്ചതാണെന്നു പറഞ്ഞാലും ശരി.”30
30. ഉത്പരിവർത്തനങ്ങളെക്കുറിച്ച് ഒരു ജനിതകശാസ്ത്രജ്ഞൻ എന്ത് അഭിപ്രായ പ്രകടനമാണു നടത്തിയത്?
30 സമാനമായി, ജനിതകശാസ്ത്രജ്ഞനായ സി. എച്ച്. വാഡിങ്റ്റൺ ഉത്പരിവർത്തനങ്ങളിലൂടെ പുതിയ ജീവരൂപങ്ങൾ ഉണ്ടാകുന്നു എന്ന വിശ്വാസത്തെക്കുറിച്ച് ഇങ്ങനെ പ്രസ്താവിച്ചു: “നല്ല ചേർച്ചയുള്ള ഏതെങ്കിലും പതിന്നാല് ഇംഗ്ലീഷ് വരികളെടുക്കുക. ഒരു സമയത്ത് അതിലെ ഒരക്ഷരം വെച്ചു വ്യത്യാസപ്പെടുത്തിക്കൊണ്ടേയിരിക്കുക. അപ്പോഴും നിങ്ങൾക്ക് എന്തെങ്കിലുമൊക്കെ അർഥം ലഭിക്കുന്നുണ്ട് എന്നിരിക്കട്ടെ. ഈ പ്രക്രിയ തുടർന്നാൽ ഒടുവിൽ നിങ്ങൾക്ക് ഷേക്സ്പിയറിന്റെ ഗീതകങ്ങളിലൊന്നു ലഭിക്കും എന്നു പറയുന്നതു പോലെയുള്ള ഒരു സിദ്ധാന്തമാണു വാസ്തവത്തിൽ ഇത്. . . . അതൊരുതരം ഭ്രാന്തൻ യുക്തിയായി എനിക്കു തോന്നുന്നു, നമ്മുടെ വാദം അതിലും മെച്ചമായിരിക്കേണ്ടതാണെന്നു ഞാൻ കരുതുന്നു.”31
31. ഉത്പരിവർത്തനങ്ങൾ പരിണാമത്തിനുള്ള അസംസ്കൃത പദാർഥമാണ് എന്ന വിശ്വാസത്തെ ഒരു ശാസ്ത്രജ്ഞൻ എന്താണു വിളിച്ചത്?
31 പ്രൊഫസർ ജോൺ മോർ പ്രഖ്യാപിച്ചതാണു സത്യം: “ജീൻ ഉത്പരിവർത്തനങ്ങൾ, പ്രകൃതിനിർധാരണം ഉൾപ്പെടെ ഏതു പരിണാമ പ്രക്രിയയ്ക്കുമുള്ള അസംസ്കൃത പദാർഥമാണ് എന്ന . . . ഏതൊരു സൈദ്ധാന്തിക അവകാശവാദവും, കൂലങ്കഷമായ പരിശോധനയ്ക്കും വിശകലനത്തിനും ശേഷം വെറും കെട്ടുകഥയാണെന്നു തെളിയുന്നു.”32
[അധ്യയന ചോദ്യങ്ങൾ]
[99-ാം പേജിലെ ആകർഷകവാക്യം]
“ഉത്പരിവർത്തനങ്ങളാണ് . . . പരിണാമത്തിന്റെ അടിസ്ഥാനം”
[100-ാം പേജിലെ ആകർഷകവാക്യം]
ഉത്പരിവർത്തനങ്ങളെ ജനിതക സംവിധാനത്തിലെ “അപകടങ്ങ”ളോട് ഉപമിച്ചിരിക്കുന്നു. എന്നാൽ അപകടങ്ങൾ ദോഷമേ ചെയ്യൂ, ഗുണം ചെയ്യുകയില്ല
[101-ാം പേജിലെ ആകർഷകവാക്യം]
“ഉത്പരിവർത്തനം നിർമാണാത്മകമല്ല, നശീകരണാത്മകമായ ഒരു പ്രക്രിയയാണെന്നു തോന്നുന്നു”
[105-ാം പേജിലെ ആകർഷകവാക്യം]
“ഒരു സാമ്പിളിൽ ആയിരം ഉത്പരിവർത്തനങ്ങൾ ഒരുമിച്ചുനടന്നാലും പുതിയ വർഗം ഉണ്ടാകുകയില്ല”
[107-ാം പേജിലെ ആകർഷകവാക്യം]
“പരിണാമത്തിനുള്ള തെളിവെന്ന നിലയിൽ അതു തീർത്തും അപ്രസക്തമാണ്”
[107-ാം പേജിലെ ആകർഷകവാക്യം]
ഉത്പരിവർത്തനങ്ങൾ സ്ഥിരീകരിക്കുന്ന സന്ദേശം ഇതാണ്: ജീവികൾ “അതതു വർഗമനുസരിച്ചു” മാത്രം പുനരുത്പാദനം നടത്തുന്നു
[108-ാം പേജിലെ ആകർഷകവാക്യം]
“പ്രജനന നടപടികൾ പരിണാമത്തെ പിന്താങ്ങുന്നതിനു പകരം അതിനെ നിരാകരിക്കുന്നതായി തോന്നുന്നു”
[109-ാം പേജിലെ ആകർഷകവാക്യം]
“തലമുറതലമുറകളായി പന്നികൾ പന്നികളായും ഓക്കു മരങ്ങൾ ഓക്കു മരങ്ങളായും നിലകൊള്ളുന്നു”
[110-ാം പേജിലെ ആകർഷകവാക്യം]
ഉത്പരിവർത്തനങ്ങൾക്ക് ‘ആകമാന പരിണാമത്തെ വിശദീകരിക്കാൻ കഴിയുകയില്ല’
[110-ാം പേജിലെ ആകർഷകവാക്യം]
“അതൊരുതരം ഭ്രാന്തൻ യുക്തിയായി എനിക്കു തോന്നുന്നു, നമ്മുടെ വാദം അതിലും മെച്ചമായിരിക്കേണ്ടതാണെന്നു ഞാൻ കരുതുന്നു”
[112, 113 പേജുകളിലെ ചതുരം/ചിത്രം]
വസ്തുതകൾക്കു നിരക്കുന്നത് ഏതാണ്?
മുൻ അധ്യായങ്ങൾ വായിച്ച സ്ഥിതിക്ക് ഇങ്ങനെ ചോദിക്കുന്നത് ഉചിതമാണ്: വസ്തുതകൾക്കു നിരക്കുന്നത് ഏതാണ്, പരിണാമമോ സൃഷ്ടിയോ? താഴെയുള്ള കോളങ്ങൾ പരിണാമ മാതൃകയും സൃഷ്ടി മാതൃകയും യഥാർഥ ലോകത്തിൽ കണ്ടെത്തുന്ന വസ്തുതകളും കാണിക്കുന്നു.
പരിണാമ മാതൃകയുടെ സൃഷ്ടി മാതൃകയുടെ പ്രവചനങ്ങൾ യഥാർഥ ലോകത്തിൽ
പ്രവചനങ്ങൾ കണ്ടെത്തുന്ന
വസ്തുതകൾ
ജീവൻ നിർജീവ ജീവൻ മുമ്പുള്ള ജീവനിൽനിന്നു (1) ജീവൻ മുമ്പുള്ള
വസ്തുവിൽനിന്ന് മാത്രം ഉളവാകുന്നു; ജീവനിൽനിന്നു മാത്രം
യാദൃച്ഛിക രാസ ബുദ്ധിശക്തിയുള്ള ഒരു ഉളവാകുന്നു; (2) സങ്കീർണമായ
പരിണാമത്തിലൂടെ സ്രഷ്ടാവിനാൽ ആദ്യം ജനിതക രേഖ
പരിണമിച്ചു വന്നു സൃഷ്ടിക്കപ്പെട്ടു യാദൃച്ഛികമായി ഉളവാകാൻ
(സ്വതഃജനനം) യാതൊരു വഴിയുമില്ല
ഫോസിലുകൾ ഫോസിലുകൾ പിൻവരുന്നവ ഫോസിലുകൾ പിൻവരുന്നവ
പിൻവരുന്നവ കാണിക്കണം: (1) സങ്കീർണ കാണിക്കുന്നു: (1) സങ്കീർണ
കാണിക്കണം: രൂപങ്ങൾ വൻ വൈവിധ്യത്തോടെ ജീവികൾ വൻ
(1) ലഘുവായ പെട്ടെന്നു പ്രത്യക്ഷമാകുന്നത്; വൈവിധ്യത്തോടെ പെട്ടെന്നു
ജീവരൂപങ്ങൾ ക്രമേണ (2) പ്രമുഖ വർഗങ്ങളെ തമ്മിൽ പ്രത്യക്ഷമാകുന്നത്; (2) ഓരോ
ഉത്ഭവിക്കുന്നത്; വേർതിരിക്കുന്ന വിടവുകൾ; പുതിയ വർഗവും മുമ്പുള്ള
(2) മുമ്പുള്ളവയെ കണ്ണികളായി വർത്തിക്കുന്ന വർഗങ്ങളിൽനിന്നു വേറിട്ടത്;
ബന്ധിപ്പിക്കുന്ന രൂപങ്ങളുടെ അഭാവം കണ്ണികളായി വർത്തിക്കുന്ന
പരിവർത്തന രൂപങ്ങൾ രൂപങ്ങളുടെ അഭാവം
പുതിയ വർഗങ്ങൾ പുതിയ വർഗങ്ങളൊന്നും അനേകം ഇനങ്ങളുണ്ടെങ്കിലും
ക്രമേണ ഉളവാകുന്നു; ക്രമേണ പ്രത്യക്ഷപ്പെടുന്നില്ല; പുതിയ വർഗങ്ങളൊന്നും
വിവിധ പരിവർത്തന അപൂർണമായ അസ്ഥികളോ ക്രമേണ പ്രത്യക്ഷപ്പെടുന്നില്ല;
ഘട്ടങ്ങളിൽ അപൂർണമായ അവയവങ്ങളോ ഇല്ല, മറിച്ച് അപൂർണമായി രൂപംകൊണ്ട
അസ്ഥികളുടെയും എല്ലാ ഭാഗങ്ങളും പൂർണരൂപം അസ്ഥികളോ അവയവങ്ങളോ
അവയവങ്ങളുടെയും തുടക്കങ്ങൾ പ്രാപിച്ചിരിക്കുന്നു ഇല്ല
ഉത്പരിവർത്തനങ്ങൾ: ഉത്പരിവർത്തനങ്ങൾ സങ്കീർണ ചെറിയ ഉത്പരിവർത്തനങ്ങൾ
അന്തിമ ഫലം പ്രയോജനപ്രദം; ജീവന് ഹാനികരം; പുതുതായ ഹാനികരം, വലിയവ
പുതിയ സവിശേഷതകൾ യാതൊന്നിലും കലാശിക്കുന്നില്ല മാരകം; ഒരിക്കലും
ഉളവാക്കുന്നു പുതുതായ
യാതൊന്നിലും കലാശിക്കുന്നില്ല
പ്രാകൃതവും മനുഷ്യൻ ഉള്ളപ്പോൾ മുതൽ നാഗരികത മനുഷ്യന്റെയൊപ്പം
അപരിഷ്കൃതവുമായ നാഗരികതയുണ്ട്; അത് പ്രത്യക്ഷപ്പെടുന്നു; ഗുഹാവാസികൾ
തുടക്കങ്ങളിൽനിന്നു ആരംഭംമുതലേ സങ്കീർണം ഉള്ളപ്പോൾത്തന്നെ
നാഗരികത ക്രമേണ നാഗരികതയുമുണ്ടായിരുന്നു
ഉത്ഭവിച്ചു
ഭാഷ, ജന്തുക്കളുടെ മനുഷ്യൻ ഉള്ളപ്പോൾ മുതൽ മനുഷ്യൻ ഉള്ളപ്പോൾ മുതൽ
ലളിതമായ ശബ്ദങ്ങളിൽനിന്നു ഭാഷയുണ്ട്; പുരാതന ഭാഷയുണ്ട്; പുരാതനമായവ
സങ്കീർണമായ ആധുനിക ഭാഷകൾ സങ്കീർണവും മിക്കപ്പോഴും ആധുനികമായവയെക്കാൾ
ഭാഷകളായി പരിണമിച്ചു പൂർണവും സങ്കീർണം
ദശലക്ഷക്കണക്കിനു ഏതാണ്ട് 6,000 വർഷം അതിപുരാതന ലിഖിത രേഖകൾക്ക്
വർഷങ്ങൾക്കു മുമ്പുള്ള മുമ്പുള്ള മനുഷ്യന്റെ ഏതാണ്ട് 5,000 വർഷത്തെ
മനുഷ്യന്റെ പ്രത്യക്ഷപ്പെടൽ പ്രത്യക്ഷപ്പെടൽ പഴക്കമേയുള്ളൂ
. . .യുക്തിയുക്തമായ നിഗമനം
യഥാർഥ ലോകത്തിൽ കണ്ടെത്തിയിരിക്കുന്ന കാര്യങ്ങളെ പരിണാമം പ്രവചിച്ചതിനോടും സൃഷ്ടി പ്രവചിച്ചതിനോടും നാം താരതമ്യം ചെയ്യുമ്പോൾ, വസ്തുതകൾക്കു നിരക്കുന്നത് ഏതു മാതൃകയാണെന്നും നിരക്കാത്തത് ഏതാണെന്നുമുള്ളതു വ്യക്തമല്ലേ? നമുക്കു ചുറ്റുമുള്ള ജീവലോകത്തിൽനിന്നും ദീർഘനാൾ മുമ്പു ജീവിച്ചിരുന്നവയുടെ ഫോസിൽ രേഖയിൽനിന്നും ഉള്ള തെളിവുകൾ ഒരേ നിഗമനത്തെ തന്നെ സാക്ഷ്യപ്പെടുത്തുന്നു: ജീവൻ സൃഷ്ടിക്കപ്പെട്ടു; അതു പരിണമിച്ചു വന്നില്ല.
അല്ല, അജ്ഞാതമായ ഏതോ ആദിമ “സൂപ്പി”ലായിരുന്നില്ല ജീവൻ ഉടലെടുത്തത്. ആൾക്കുരങ്ങിനെപ്പോലുള്ള പൂർവികരിലൂടെയല്ല മനുഷ്യർ ഇവിടെ വന്നത്. മറിച്ച്, ജീവികൾ വ്യതിരിക്ത ജനിതക കുടുംബങ്ങളായി സമൃദ്ധമായി സൃഷ്ടിക്കപ്പെട്ടു. ഓരോന്നിനും അതിന്റെ സ്വന്തം “വർഗ”ത്തിനുള്ളിൽ വൻ വൈവിധ്യത്തോടെ പെരുകാൻ കഴിഞ്ഞു, എന്നാൽ വ്യത്യസ്ത വർഗങ്ങളെ തമ്മിൽ വേർതിരിക്കുന്ന അതിർവരമ്പു കടക്കാൻ കഴിഞ്ഞില്ല. ജീവികളിൽ വ്യക്തമായി നിരീക്ഷിക്കാൻ കഴിയുന്നതുപോലെ, ആ അതിർവരമ്പ് പ്രാബല്യത്തിലാക്കുന്നതു വന്ധ്യതയാണ്. വർഗങ്ങൾ തമ്മിലുള്ള വ്യത്യാസം, ഓരോന്നിന്റെയും അതുല്യമായ ജനിതക സംവിധാനത്താൽ സംരക്ഷിക്കപ്പെടുന്നു.
എന്നാൽ, കേവലം സൃഷ്ടി മാതൃകയുടെ പ്രവചനങ്ങളുമായി യോജിക്കുന്ന വസ്തുതകളെക്കാളധികമായി ഒരു സ്രഷ്ടാവിനെ സാക്ഷ്യപ്പെടുത്തുന്ന വളരെയധികം സംഗതികൾകൂടെ ഉണ്ട്. ഭൂമിയിൽ, വാസ്തവത്തിൽ പ്രപഞ്ചത്തിലുടനീളം കാണുന്ന, വിസ്മയാവഹമായ രൂപമാതൃകകളെയും സങ്കീർണതകളെയും കുറിച്ചു പരിചിന്തിക്കുക. ഇവയും ഒരു പരമോന്നത ബുദ്ധിശക്തിയുടെ അസ്തിത്വത്തെ സാക്ഷ്യപ്പെടുത്തുന്നു. തുടർന്നുവരുന്ന പല അധ്യായങ്ങളിൽ, ഭയഗംഭീര പ്രപഞ്ചം മുതൽ അതിസൂക്ഷ്മ ലോകത്തിലെ സങ്കീർണമായ രൂപമാതൃകകൾ വരെയുള്ള ഈ അത്ഭുതങ്ങളിൽ ഏതാനും ചിലതിൽ മാത്രം നാം ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരിക്കും.
[102-ാം പേജിലെ ചിത്രങ്ങൾ]
ഒരു കെട്ടിടനിർമാതാവ് നടത്തിയ ഓരോ ആയിരം നിർമിതിയിലും ഒന്നുമാത്രമേ ശരിയായി വന്നിട്ടുള്ളൂവെങ്കിൽ നിങ്ങൾ അയാളെ കൂലിക്കുവിളിക്കുമോ?
ഒരു ഡ്രൈവർ നടത്തിയ ഓരോ ആയിരം കണക്കുകൂട്ടലുകളിലും ഒന്നുമാത്രമേ ശരിയായി വന്നിട്ടുള്ളൂവെങ്കിൽ നിങ്ങൾ അയാളുടെകൂടെ സഞ്ചരിക്കുമോ?
ഒരു ശസ്ത്രക്രിയാവിദഗ്ധൻ നടത്തിയ ഓരോ ആയിരം നീക്കങ്ങളിലും ഒന്നുമാത്രമേ ശരിയായി വന്നിട്ടുള്ളൂവെങ്കിൽ അയാൾ നിങ്ങളെ ശസ്ത്രക്രിയ ചെയ്യാൻ നിങ്ങൾ അനുവദിക്കുമോ?
[103-ാം പേജിലെ ചിത്രം]
ഡോബ്ഷാൻസ്കി: ‘ഒരാളുടെ റേഡിയോ സെറ്റിലേക്ക് ഒരു വടി കുത്തിക്കടത്തുന്നത് അതു മെച്ചമായി പ്രവർത്തിക്കാൻ ഇടയാക്കുകയില്ല’
[104-ാം പേജിലെ ചിത്രങ്ങൾ]
പഴ ഈച്ചകളെ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ വിരൂപമായ അനേകം ഉത്പരിവർത്തിതങ്ങളെ ഉത്പാദിപ്പിച്ചു, എന്നാൽ അവ എപ്പോഴും പഴ ഈച്ചകളായിത്തന്നെ നിലകൊണ്ടു
സാധാരണ പഴ ഈച്ച
ഉത്പരിവർത്തനത്തിന്റെ ഫലമായി ഉളവായ ഈച്ചകൾ
[106-ാം പേജിലെ ചിത്രങ്ങൾ]
കറുത്തപുള്ളികളുള്ള നിശാശലഭത്തിന്റെ നിറഭേദം പരിണാമമല്ല, മറിച്ച് ഒരു അടിസ്ഥാന വർഗത്തിനുള്ളിലെ വൈവിധ്യം മാത്രമാണ്
[108-ാം പേജിലെ ചിത്രങ്ങൾ]
നായ്കുടുംബത്തിൽ അനേകം വൈവിധ്യങ്ങളുണ്ട്, എന്നാൽ നായ്ക്കൾ എല്ലായ്പോഴും നായ്ക്കളായിത്തന്നെ നിലകൊള്ളുന്നു
[109-ാം പേജിലെ ചിത്രങ്ങൾ]
മനുഷ്യകുടുംബത്തിൽ വൻ വൈവിധ്യമുണ്ട്, എന്നാൽ മനുഷ്യർ ‘അവരുടെ വർഗമനുസരിച്ചു’മാത്രം പുനരുത്പാദനം നടത്തുന്നു
[111-ാം പേജിലെ ചിത്രങ്ങൾ]
ഡാർവിൻ ഗാലപ്പാഗോസിൽ നിരീക്ഷിച്ച കുരുവികൾ എപ്പോഴും കുരുവികളായിത്തന്നെ നിലകൊള്ളുന്നു; അതുകൊണ്ട് പരിണാമമല്ല, വൈവിധ്യമായിരുന്നു അദ്ദേഹം നിരീക്ഷിച്ചത്