ഉല്പത്തി എന്താണു പറയുന്നത്?
അധ്യായം 3
ഉല്പത്തി എന്താണു പറയുന്നത്?
1. (എ) ഉല്പത്തി സംബന്ധിച്ച ഈ ചർച്ചയുടെ ഉദ്ദേശ്യമെന്താണ്, എന്ത് ഓർത്തിരിക്കേണ്ടതുണ്ട്? (ബി) ഉല്പത്തി ഒന്നാം അധ്യായത്തിൽ സംഭവങ്ങൾ ചർച്ചചെയ്യപ്പെടുന്നത് എങ്ങനെ?
വളച്ചൊടിക്കപ്പെടുകയോ തെറ്റിദ്ധരിക്കപ്പെടുകയോ ചെയ്യുന്ന മറ്റു സംഗതികളുടെ കാര്യത്തിലെന്നപോലെ ബൈബിളിന്റെ ഒന്നാമത്തെ അധ്യായവും ചുരുങ്ങിയപക്ഷം നിഷ്പക്ഷമായൊരു ശ്രദ്ധയെങ്കിലും അർഹിക്കുന്നുണ്ട്. സൂക്ഷ്മപരിശോധന നടത്തി അത് അറിയപ്പെടുന്ന വസ്തുതകളുമായി ഒത്തുപോകുന്നുവോ എന്നു നിർണയിക്കുകയാണ് ആവശ്യമായിരിക്കുന്നത്, അല്ലാതെ ഏതെങ്കിലും സൈദ്ധാന്തിക ചട്ടക്കൂടിലേക്ക് അതിനെ ഞെക്കിക്കൊള്ളിക്കുകയല്ല. ഉല്പത്തിവിവരണം എഴുതപ്പെട്ടത് സൃഷ്ടി “എങ്ങനെയാണ്” നടന്നതെന്നു കാണിക്കാനല്ല എന്ന സംഗതിയും ഓർമിക്കേണ്ടതുണ്ട്. പകരം, ഏതെല്ലാം സംഗതികളാണ് ഉളവായത്, ഏതു ക്രമത്തിലാണ് അവ ഉളവായത്, ഓരോന്നും ആദ്യമായി പ്രത്യക്ഷപ്പെടാനെടുത്ത സമയദൈർഘ്യം അഥവാ “ദിവസം” എന്നിങ്ങനെയുള്ള കാര്യങ്ങൾ വിവരിച്ചുകൊണ്ട് അതു പ്രധാന സംഭവങ്ങൾ പടിപടിയായി ചർച്ചചെയ്യുന്നു.
2. (എ) ഉല്പത്തിയിലെ സംഭവങ്ങൾ ആരുടെ വീക്ഷണത്തിലാണ് വർണിച്ചിരിക്കുന്നത്? (ബി) പ്രകാശഗോളങ്ങളെ കുറിച്ചുള്ള വർണന ഇതു സൂചിപ്പിക്കുന്നത് എങ്ങനെ?
2 ഉല്പത്തിവിവരണം പരിശോധിക്കുമ്പോൾ, അത് ഭൂമിയിലെ ആളുകളുടെ വീക്ഷണത്തിലാണു കാര്യങ്ങളെ സമീപിക്കുന്നത് എന്ന കാര്യം മനസ്സിൽ പിടിക്കുന്നതു സഹായകമാണ്. അതുകൊണ്ട് മനുഷ്യരായ നിരീക്ഷകർ ഹാജരുണ്ടായിരുന്നെങ്കിൽ അവർ എങ്ങനെ കാണുമായിരുന്നോ ആ വിധത്തിലാണ് അതു സംഭവങ്ങളെ വർണിക്കുന്നത്. അതു നാലാം ഉല്പത്തി “ദിവസ”ത്തിലെ സംഭവങ്ങൾ വർണിക്കുന്ന വിധത്തിൽനിന്ന് ഇതു കാണാൻ കഴിയും. അവിടെ സൂര്യനെയും ചന്ദ്രനെയും, നക്ഷത്രങ്ങളോടുള്ള താരതമ്യത്തിൽ വലിയ പ്രകാശഗോളങ്ങളായി വർണിച്ചിരിക്കുന്നു. എന്നാൽ പല നക്ഷത്രങ്ങളും നമ്മുടെ സൂര്യനെക്കാൾ വളരെയേറെ വലുതാണ്, ചന്ദ്രൻ അവയോടുള്ള താരതമ്യത്തിൽ ഒന്നുമല്ലതാനും. എന്നാൽ ഭൂമിയിൽനിന്ന് അവയെ നിരീക്ഷിക്കുന്ന ഒരാൾക്ക് അവ അങ്ങനെയല്ല കാണപ്പെടുന്നത്. അതുകൊണ്ട്, ഭൂമിയിൽനിന്നു നോക്കുമ്പോൾ സൂര്യൻ ‘പകൽ വാഴുന്ന വലിപ്പമേറിയ വെളിച്ചവും’ ചന്ദ്രൻ ‘രാത്രി വാഴുന്ന വലിപ്പം കുറഞ്ഞ വെളിച്ചവും’ ആയി കാണപ്പെടുന്നു.—ഉല്പത്തി 1:14-18.
3. ഒന്നാം “ദിവസ”ത്തിനു മുമ്പത്തെ ഭൂമിയുടെ അവസ്ഥയെ കുറിച്ച് ഉല്പത്തി പുസ്തകം വിവരിക്കുന്നത് എങ്ങനെ?
3 ഒന്നാം ഉല്പത്തി “ദിവസ”ത്തിന് എത്രനാൾ മുമ്പാണ് ഭൂമി അസ്തിത്വത്തിൽ വന്നതെന്ന് ഉല്പത്തിയുടെ ആദ്യ ഭാഗം പറയുന്നില്ലെങ്കിലും അതിനു ശതകോടിക്കണക്കിനു വർഷങ്ങൾക്കു മുമ്പായിരിക്കാം അതു നിലവിൽ വന്നതെന്ന് അതു സൂചിപ്പിക്കുന്നു. എന്നാൽ ഒന്നാം “ദിവസം” ആരംഭിക്കുന്നതിനു തൊട്ടുമുമ്പ് ഭൂമിയുടെ അവസ്ഥ എന്തായിരുന്നുവെന്ന് അതു തീർച്ചയായും വിവരിക്കുന്നു: “ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു.”—ഉല്പത്തി 1:2.
ഒരു ഉല്പത്തി “ദിവസ”ത്തിന് എന്തു ദൈർഘ്യമുണ്ട്?
4. “ദിവസം” എന്ന പദം വെറും 24 മണിക്കൂർ സമയത്തെ അർഥമാക്കുന്നില്ലെന്നുള്ളതിനു സൃഷ്ടിവിവരണത്തിൽത്തന്നെ എന്തു സൂചനയാണുള്ളത്?
4 ഉല്പത്തി 1-ാം അധ്യായത്തിൽ ഉപയോഗിച്ചിരിക്കുന്ന “ദിവസം” (day) എന്ന പദം കേവലം 24 മണിക്കൂർ അടങ്ങുന്ന ഒന്നാണെന്നു പലരും കരുതുന്നു. എന്നാൽ, വെളിച്ചമുള്ള ഭാഗത്തെ മാത്രം “പകൽ” (day) എന്നു വിളിച്ചുകൊണ്ട് ഉല്പത്തി 1:5-ൽ ദൈവംതന്നെ ദിവസത്തെ കുറേക്കൂടെ ചെറിയ സമയഘട്ടമായി തിരിക്കുന്നതു കാണാം. ഉല്പത്തി 2:4-ൽ മൊത്തം സൃഷ്ടിപ്പിൻ കാലഘട്ടങ്ങളെ ഒരു ‘നാൾ’ [‘ദിവസം,’ (day) NW] എന്നു വിളിക്കുന്നു: “യഹോവയായ ദൈവം ഭൂമിയും ആകാശവും സൃഷ്ടിച്ച നാളിൽ [“ദിവസത്തിൽ,” (day) NW] [മൊത്തം ആറു സൃഷ്ടിപ്പിൻ കാലഘട്ടങ്ങൾ] ആകാശവും ഭൂമിയും സൃഷ്ടിച്ചതിന്റെ ഉല്പത്തിവിവരം.”—ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.
5. “ദിവസം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ പദത്തിന്റെ ഏത് അർഥമാണ് വിശേഷിച്ചും ആ പദം ദീർഘമായ കാലഘട്ടങ്ങളെ അർഥമാക്കുന്നുവെന്ന് സൂചിപ്പിക്കുന്നത്?
5 “ദിവസം” അല്ലെങ്കിൽ “പകൽ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന യോഹം എന്ന എബ്രായ പദത്തിന് വ്യത്യസ്ത സമയ ദൈർഘ്യങ്ങളെ അർഥമാക്കാൻ കഴിയും. ഈ പദത്തിന് പിൻവരുന്ന അർഥങ്ങൾ വരാമെന്ന്, വില്യം വിൽസന്റെ പഴയനിയമ പദ പഠനങ്ങൾ (ഇംഗ്ലീഷ്) പറയുന്നു: “ദിവസം; സമയത്തെ പൊതുവെയോ ദീർഘസമയത്തെയോ കുറിക്കാനും പരിചിന്തനവിധേയമായ മൊത്തം കാലഘട്ടത്തെ കുറിക്കാനും കൂടെക്കൂടെ ഉപയോഗിക്കപ്പെടുന്നു. . . . അസാധാരണമായ ഏതെങ്കിലും സംഭവം നടക്കുന്ന ഒരു പ്രത്യേക കാലത്തെയോ സമയത്തെയോ കുറിക്കാനും ദിവസം ഉപയോഗിക്കപ്പെടുന്നു.”1 സൃഷ്ടിപ്പിൻ “ദിവസ”ങ്ങളുടെ കാര്യത്തിൽ ഈ അവസാനത്തെ അർഥം ചേരുന്നതായി കാണപ്പെടുന്നു. എന്തെന്നാൽ ഈ കാലഘട്ടങ്ങളിൽ തീർച്ചയായും അസാധാരണ സംഭവങ്ങൾ നടന്നതായി വർണിക്കപ്പെടുന്നു. അത് 24 മണിക്കൂറിനെക്കാൾ വളരെ ദീർഘമായ കാലഘട്ടങ്ങളെയും അർഥമാക്കുന്നു.
6. “സന്ധ്യ,” ‘ഉഷസ്സ്’ എന്നീ പദപ്രയോഗങ്ങൾ ഉപയോഗിക്കുന്നതുകൊണ്ട് “ദിവസം” 24 മണിക്കൂറിനെ അർഥമാക്കണമെന്ന് നിർബന്ധമില്ലാത്തത് എന്തുകൊണ്ട്?
6 ഉല്പത്തി 1-ാം അധ്യായം സൃഷ്ടിപ്പിൻ കാലഘട്ടങ്ങളോടുള്ള ബന്ധത്തിൽ “സന്ധ്യ,” ‘ഉഷസ്സ്’ എന്നീ പദപ്രയോഗങ്ങൾ ഉപയോഗിക്കുന്നു. അവ 24 മണിക്കൂർ ദൈർഘ്യമുള്ളവ ആയിരുന്നുവെന്ന് ഇതു സൂചിപ്പിക്കുന്നില്ലേ? നിർബന്ധമില്ല. ചില സ്ഥലങ്ങളിൽ ആളുകൾ ഒരാളുടെ ആയുഷ്കാലത്തെ മിക്കപ്പോഴും അദ്ദേഹത്തിന്റെ “നാൾ” എന്നു പരാമർശിക്കാറുണ്ട്. “എന്റെ പിതാവിന്റെ നാൾ” എന്നോ “ഷേക്സ്പിയറിന്റെ നാൾ” എന്നോ ഒക്കെ അവർ പറഞ്ഞേക്കാം. “അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഉഷസ്സിൽ [അല്ലെങ്കിൽ പ്രഭാതത്തിൽ]” എന്നോ “അദ്ദേഹത്തിന്റെ ജീവിത സായാഹ്നത്തിൽ [അല്ലെങ്കിൽ പ്രദോഷത്തിൽ]” എന്നോ പറഞ്ഞുകൊണ്ട് അവർ ആയുഷ്കാലമാകുന്ന ആ ‘നാളി’നെ തന്നെ വിഭജിച്ചേക്കാം. അതുകൊണ്ട് ഉല്പത്തി 1-ാം അധ്യായത്തിലെ ‘സന്ധ്യയും ഉഷസ്സും,’ സൃഷ്ടിപ്പിൻ ദിവസങ്ങളിൽ ഓരോന്നിനും കേവലം 24 മണിക്കൂർ ദൈർഘ്യമേ ഉള്ളൂ എന്നു സൂചിപ്പിക്കുന്നില്ല.
7. “ദിവസം” 24 മണിക്കൂറിലേറെ സമയത്തെ അർഥമാക്കിയേക്കാം എന്ന് അതിന്റെ മറ്റ് ഏത് ഉപയോഗങ്ങൾ കാണിക്കുന്നു?
7 ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന ‘നാൾ’ (day) എന്ന പദം ഉഷ്ണകാലത്തെയും ശീതകാലത്തെയും, അതായത് ഋതുഭേദത്തെ അർഥമാക്കുന്നു. (സെഖര്യാവു 14:8) ‘കൊയ്ത്തുകാലം’ [“കൊയ്ത്തുനാൾ,” NW] അനേകം ദിവസങ്ങൾ ഉൾപ്പെടുന്നതാണ്. (സദൃശവാക്യങ്ങൾ 25:13-ഉം ഉല്പത്തി 30:14-ഉം താരതമ്യം ചെയ്യുക.) ആയിരം വർഷം ഒരു ദിവസം പോലെയാണെന്നു പറയപ്പെട്ടിരിക്കുന്നു. (സങ്കീർത്തനം 90:4; 2 പത്രൊസ് 3:8, 10) “ന്യായവിധിദിവസ”ത്തിൽ അനേകം വർഷങ്ങൾ ഉൾപ്പെടുന്നു. (മത്തായി 10:15; 11:22-24) അതുകൊണ്ട്, ഉല്പത്തിയിലെ “ദിവസ”ങ്ങളിലും ദീർഘമായ കാലഘട്ടങ്ങൾ, അതായത് സഹസ്രാബ്ദങ്ങൾ, ഉൾപ്പെട്ടിരുന്നിരിക്കാമെന്നു വിശ്വസിക്കുന്നത് യുക്തിസഹമായി തോന്നുന്നു. അങ്ങനെയെങ്കിൽ ആ സൃഷ്ടിപ്പിൻ യുഗങ്ങളിൽ എന്താണു സംഭവിച്ചത്? അവയെക്കുറിച്ചുള്ള ബൈബിളിന്റെ വിവരണം ശാസ്ത്രീയ വസ്തുതകളുമായി യോജിപ്പിലാണോ? സൃഷ്ടിപ്പിൻ “ദിവസ”ങ്ങളിലെ സംഭവവികാസങ്ങളെ കുറിച്ചുള്ള ഉല്പത്തിയിലെ വിവരണം നമുക്ക് ഒന്നു പുനരവലോകനം ചെയ്യാം.
ഒന്നാം “ദിവസം”
8, 9. ഒന്നാം “ദിവസം” എന്തു സംഭവിച്ചു, സൂര്യനും ചന്ദ്രനും ആ സമയത്തു സൃഷ്ടിക്കപ്പെട്ടുവെന്ന് ഉല്പത്തി പറയുന്നുണ്ടോ?
8 “വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി. ദൈവം വെളിച്ചത്തിന്നു പകൽ എന്നും ഇരുളിന്നു രാത്രി എന്നും പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം.”—ഉല്പത്തി 1:3, 5.
9 തീർച്ചയായും, ഈ ഒന്നാം “ദിവസ”ത്തിനു ദീർഘനാൾ മുമ്പുതന്നെ സൂര്യചന്ദ്രന്മാർ ബാഹ്യാകാശത്തിൽ ഉണ്ടായിരുന്നു, എന്നാൽ ഭൂമിയിലെ ഒരു നിരീക്ഷകനു കാണാൻ കഴിയത്തക്കവണ്ണം അവയുടെ വെളിച്ചം ഭൗമോപരിതലത്തിൽ എത്തിയിട്ടില്ലായിരുന്നു. സ്പഷ്ടമായും ഇപ്പോൾ ഈ ഒന്നാം “ദിവസം” വെളിച്ചം ഭൂമിയിൽ ദൃശ്യമായിത്തീരുകയും ഭ്രമണംചെയ്തുകൊണ്ടിരിക്കുന്ന ഭൂമിക്കു ദിനരാത്രങ്ങൾ മാറിമാറിവരുകയും ചെയ്തു.
10. ഈ വെളിച്ചം ഏതു വിധത്തിൽ വന്നിരിക്കാം, ഏതു തരത്തിലുള്ള വെളിച്ചത്തെയാണു സൂചിപ്പിക്കുന്നത്?
10 വെളിച്ചത്തിന്റെ വരവ് ദീർഘ സമയഘട്ടംകൊണ്ടു സംഭവിച്ച, ക്രമാനുഗതമായ ഒരു പ്രക്രിയ ആയിരുന്നതായി കാണപ്പെടുന്നു, ഒരു വൈദ്യുത ബൾബ് ഓൺ ചെയ്യുമ്പോഴത്തെപ്പോലെ തത്ക്ഷണം സംഭവിച്ച ഒന്നായിരുന്നില്ല. വിവർത്തകനായ ജെ. ഡബ്ലിയു. വാട്സ് ഉല്പത്തിയിലെ പ്രസ്തുത ഭാഗം പിൻവരുന്നപ്രകാരം പരിഭാഷപ്പെടുത്തുമ്പോൾ ഈ ആശയം പ്രതിഫലിപ്പിക്കുന്നു: “ക്രമേണ വെളിച്ചം ഉണ്ടായി.” (ഉല്പത്തിയുടെ ഒരു വ്യതിരിക്ത പരിഭാഷ, ഇംഗ്ലീഷ്) സൂര്യനിൽനിന്നുള്ളതായിരുന്നു ഈ വെളിച്ചം, എന്നാൽ സൂര്യനെ മേഘാവരണത്തിലൂടെ കാണാൻ കഴിയുമായിരുന്നില്ല. അതുകൊണ്ട്, റോതർഹാമിന്റെ എംഫസൈസ്ഡ് ബൈബിൾ, 3-ാം വാക്യത്തെക്കുറിച്ച് അഭിപ്രായപ്പെടുന്നതു പോലെ ഭൂമിയിൽ എത്തിയിരുന്ന വെളിച്ചം “വികീർണനം സംഭവിച്ച വെളിച്ച”മായിരുന്നു.—14-ാം വാക്യത്തിന്റെ ബി അടിക്കുറിപ്പു കാണുക.
രണ്ടാം “ദിവസം”
11, 12. (എ) രണ്ടാം “ദിവസ”ത്തിൽ എന്തു സംഭവിച്ചതായി വർണിക്കപ്പെടുന്നു? (ബി) ഈ സംഭവവികാസത്തെ കുറിക്കുന്ന എബ്രായ പദം ചിലപ്പോൾ ഏതു വിധത്തിൽ തെറ്റായി പരിഭാഷപ്പെടുത്തപ്പെട്ടിരിക്കുന്നു, എന്നാൽ അതിന്റെ ശരിയായ അർഥം എന്താണ്?
11 “വെള്ളങ്ങളുടെ മദ്ധ്യേ ഒരു വിതാനം [“വിരിവ്,” NW] ഉണ്ടാകട്ടെ; അതു വെള്ളത്തിന്നും വെള്ളത്തിന്നും തമ്മിൽ വേർപിരിവായിരിക്കട്ടെ . . . വിതാനം [“വിരിവ്,” NW] ഉണ്ടാക്കീട്ടു ദൈവം വിതാനത്തിൻ [“വിരിവിൻ,” NW] കീഴുള്ള വെള്ളവും വിതാനത്തിൻ [“വിരിവിൻ,” NW] മീതെയുള്ള വെള്ളവും തമ്മിൽ വേർപിരിച്ചു; അങ്ങനെ സംഭവിച്ചു. ദൈവം വിതാനത്തിന്നു [“വിരിവിനു,” NW] ആകാശം എന്നു പേരിട്ടു.”—ഉല്പത്തി 1:6-8.
12 ചില വിവർത്തനങ്ങൾ ‘വിരിവിനു’ പകരം “കമാനം” (ഫേർമമെന്റ്) എന്ന പദം ഉപയോഗിക്കുന്നു. ഈ ഉപയോഗത്തിൽനിന്ന്, “കമാന”ത്തെ ലോഹംകൊണ്ടുള്ള ഒരു താഴികക്കുടമായി ചിത്രീകരിക്കുന്ന സൃഷ്ടിയെക്കുറിച്ചുള്ള കെട്ടുകഥകളിൽനിന്ന് ഉല്പത്തിവിവരണം കടമെടുത്തതാണ് എന്ന വാദം ഉടലെടുത്തിട്ടുണ്ട്. എന്നാൽ “ഫേർമമെന്റ്” എന്ന് ഉപയോഗിക്കുന്ന ജയിംസ് രാജാവിന്റെ ബൈബിൾ പരിഭാഷയിൽപോലും മാർജിനിൽ “വിരിവ്” (expansion) എന്നു കൊടുക്കുന്നുണ്ട്. “വിരിവ്” എന്നു വിവർത്തനം ചെയ്തിരിക്കുന്ന റേക്വിയ എന്ന എബ്രായ പദത്തിന്റെ അർഥം നിവർത്തുക, വിരിക്കുക അല്ലെങ്കിൽ വിസ്തൃതമാക്കുക എന്നാണെന്നുള്ളതാണ് ഇതിനു കാരണം.
13. വിരിവ് എങ്ങനെ കാണപ്പെട്ടിരുന്നിരിക്കാം?
13 വെള്ളത്തെയും വെള്ളത്തെയും തമ്മിൽ വേർപിരിച്ചത് ദൈവമാണ് എന്ന് ഉല്പത്തിവിവരണം പറയുന്നു, എന്നാൽ എങ്ങനെയാണെന്ന് അതു പറയുന്നില്ല. വേർപിരിക്കൽ എങ്ങനെ സംഭവിച്ചാലും ‘മീതെയുള്ള വെള്ളം’ ഭൂമിയിൽനിന്ന് ഉയർത്തപ്പെട്ടതുപോലെ കാണപ്പെടുമായിരുന്നു. ഉല്പത്തി 1:20-ൽ (NW) പ്രസ്താവിച്ചിരിക്കുന്ന പ്രകാരം, പക്ഷികൾ ‘ആകാശവിരിവിൽ’ പറക്കുന്നതായി പിന്നീടു പറയാൻ കഴിയുമായിരുന്നു.
മൂന്നാം “ദിവസം”
14. മൂന്നാം “ദിവസ”ത്തെ സംഭവവികാസങ്ങളെ കുറിച്ച് ഉല്പത്തി പുസ്തകം വർണിക്കുന്നത് എങ്ങനെ?
14 “ആകാശത്തിൻ കീഴുള്ള വെള്ളം ഒരു സ്ഥലത്തു കൂടട്ടെ; ഉണങ്ങിയ നിലം കാണട്ടെ . . .; അങ്ങനെ സംഭവിച്ചു. ഉണങ്ങിയ നിലത്തിന്നു ദൈവം ഭൂമി എന്നും വെള്ളത്തിന്റെ കൂട്ടത്തിന്നു സമുദ്രം എന്നും പേരിട്ടു.” (ഉല്പത്തി 1:9, 10) മുമ്പത്തെപ്പോലെ തന്നെ, ഇത് എങ്ങനെയാണു സംഭവിച്ചതെന്നു വിവരണം വർണിക്കുന്നില്ല. കരപ്രദേശങ്ങൾ രൂപീകൃതമായപ്പോൾ ഉഗ്രമായ ഭൗമിക ചലനങ്ങൾ സംഭവിച്ചിരിക്കുമെന്നതിനു സംശയമില്ല. ഈ ഉഗ്രമാറ്റങ്ങൾ യാദൃച്ഛികമായി സംഭവിച്ചവയാണെന്നു ഭൂവിജ്ഞാനികൾ വാദിക്കുന്നു. എന്നാൽ ഉല്പത്തി ഒരു സ്രഷ്ടാവിന്റെ മാർഗനിർദേശത്തെയും നിയന്ത്രണത്തെയും കുറിച്ചു സൂചിപ്പിക്കുന്നു.
15, 16. (എ) ഭൂമിയെ സംബന്ധിച്ച എന്ത് ആശയങ്ങളാണ് ഇയ്യോബിനോടു ചോദിച്ചത്? (ബി) ഭൂഖണ്ഡങ്ങളുടെയും പർവതങ്ങളുടെയും വേരുകൾ എത്രത്തോളം ആഴത്തിലെത്തുന്നു, ഭൂമിയുടെ ‘മൂലക്കല്ല്’ ആയി പരാമർശിച്ചിരിക്കുന്നത് എന്തിനെയാണ്?
15 ഭൂമിയെ സംബന്ധിച്ച് ദൈവം ഇയ്യോബിനോടു ചോദ്യങ്ങൾ ചോദിക്കുന്നതായി കാണുന്ന ബൈബിൾ ഭാഗത്ത് ഭൂമിയുടെ ചരിത്രവുമായി ബന്ധപ്പെട്ട വിവിധ വികാസങ്ങളെ കുറിച്ചു വിവരിക്കുന്നുണ്ട്: ഭൂമിയുടെ അളവുകൾ, മേഘക്കൂട്ടങ്ങൾ, സമുദ്രങ്ങൾ, ഉണങ്ങിയ നിലം അവയിലെ തിരമാലകൾക്ക് അതിരു കൽപ്പിച്ച വിധം എന്നിങ്ങനെ ദീർഘ കാലഘട്ടങ്ങൾ കൊണ്ടു സംഭവിച്ച, സൃഷ്ടി സംബന്ധമായ അനേകം പൊതു കാര്യങ്ങൾ. ഇക്കൂട്ടത്തിൽ ഭൂമിയെ ഒരു കെട്ടിടത്തോട് ഉപമിച്ചുകൊണ്ട് ദൈവം ഇയ്യോബിനോട് ഇങ്ങനെ ചോദിച്ചതായി ബൈബിൾ പറയുന്നു: “അതിന്റെ പൊഴിയുള്ള ആധാരങ്ങൾ [“socket pedestals”] ഏതിന്മേൽ ഉറപ്പിച്ചിരിക്കുന്നു? അല്ല, അതിന്റെ മൂലക്കല്ലിട്ടവൻ ആരാണ്?”—ഇയ്യോബ് 38:6, NW.
16 രസാവഹമെന്നു പറയട്ടെ, ഭൂഖണ്ഡങ്ങളുടെ കീഴിൽ വളരെ കനമുള്ളതും പർവതനിരകളുടെ കീഴിൽ അതിലേറെ കനമുള്ളതുമായ ഭൂവൽക്കം “പൊഴി”യിലേക്കെന്നതുപോലെ കീഴ്ഭാഗത്തുള്ള മാന്റിലിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലുന്നു, ഇത് വൃക്ഷവേരുകൾ മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്നതുപോലെയാണ്. “പർവതങ്ങൾക്കും ഭൂഖണ്ഡങ്ങൾക്കും വേരുകൾ ഉണ്ടെന്നുള്ള ആശയം വീണ്ടും വീണ്ടും പരിശോധിക്കപ്പെടുകയും ശരിയാണെന്നു കണ്ടെത്തുകയും ചെയ്തിരിക്കുന്നു” എന്ന് പുട്നാംസ് ജിയോളജി പറയുന്നു.2 സമുദ്രവൽക്കത്തിന് ഏതാണ്ട് 8 കിലോമീറ്റർ കനമേയുള്ളൂ. എന്നാൽ ഭൂഖണ്ഡവേരുകൾ ഏതാണ്ട് 32 കിലോമീറ്റർ ആഴത്തിലെത്തുന്നു, പർവതവേരുകൾ അതിന്റെ ഇരട്ടിദൂരത്തോളം ഇറങ്ങിച്ചെല്ലുന്നു. ഭൂമിയുടെ എല്ലാ പാളികളും സകല ദിശകളിൽനിന്നും ഭൂമിയുടെ കാമ്പിൻമേൽ അകത്തേക്കു സമ്മർദം ചെലുത്തുന്നു. അങ്ങനെ അതിനെ താങ്ങായി വർത്തിക്കുന്ന ഒരു വലിയ ‘മൂലക്കല്ലു’പോലെ ആക്കിത്തീർക്കുന്നു.
17. ഉണങ്ങിയ നിലം രൂപംകൊണ്ടതിനോടുള്ള ബന്ധത്തിൽ പ്രധാനപ്പെട്ട സംഗതി എന്താണ്?
17 ഉണങ്ങിയ നിലം ഉയർത്തപ്പെട്ടത് ഏതു രീതിയിൽ ആയാലും അതിനെ ഭൂമിയുടെ രൂപംകൊള്ളലിലെ ഒരു ഘട്ടമായി ബൈബിളും ശാസ്ത്രവും അംഗീകരിക്കുന്നു എന്നതാണു പ്രധാനപ്പെട്ട സംഗതി.
മൂന്നാം “ദിവസം” ഭൂസസ്യങ്ങൾ
18, 19. (എ) ഉണങ്ങിയ നിലം കൂടാതെ മറ്റെന്തും കൂടെ മൂന്നാം “ദിവസം” ഉളവായി? (ബി) ഉല്പത്തിവിവരണം പറയാത്തത് എന്തിനെക്കുറിച്ചാണ്?
18 ബൈബിൾ വിവരണം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “‘ഭൂമി പുല്ലും വിത്തുള്ള സസ്യങ്ങളും ഉള്ളിൽ വിത്തുള്ള ഫലം കായ്ക്കുന്ന ഫലവൃക്ഷങ്ങളും അതതു വർഗമനുസരിച്ചു നിലത്തു മുളപ്പിക്കട്ടെ.’ അങ്ങനെ സംഭവിച്ചു.”—ഉല്പത്തി 1:11, NW.
19 അങ്ങനെ ഈ മൂന്നാം സൃഷ്ടിപ്പിൻ കാലഘട്ടത്തിന്റെ ഒടുവിൽ ഭൂസസ്യങ്ങളുടെ വലിയ മൂന്നു വിഭാഗങ്ങൾ സൃഷ്ടിക്കപ്പെട്ടു. വികീർണ വെളിച്ചം അപ്പോഴേക്കും വളരെ ശക്തിപ്പെട്ടിരുന്നിരിക്കും. അങ്ങനെ ഹരിത സസ്യങ്ങളുടെ നിലനിൽപ്പിനു വളരെ മർമപ്രധാനമായ പ്രകാശസംശ്ലേഷണ പ്രക്രിയയ്ക്കു മതിയായ അളവിൽ പ്രകാശം ലഭ്യമായിരുന്നിരിക്കും. രംഗത്തുവന്ന ഓരോ ‘വർഗം’ സസ്യത്തെ കുറിച്ചും വിവരണം പറയുന്നില്ല. അതിസൂക്ഷ്മ സസ്യങ്ങൾ, ജലസസ്യങ്ങൾ തുടങ്ങിയവയെ പ്രത്യേകം പേരെടുത്തു പറയുന്നില്ലെങ്കിലും അവ സാധ്യതയനുസരിച്ച് ഈ “ദിവസം” തന്നെയാണു സൃഷ്ടിക്കപ്പെട്ടത്.
നാലാം “ദിവസം”
20. വിരിവിൽ പ്രകാശഗോളങ്ങൾ പ്രത്യക്ഷമായതോടെ സമയത്തിലെ ഏതു വിഭജനങ്ങൾ സാധ്യമായിത്തീർന്നു?
20 “പകലും രാവും തമ്മിൽ വേർപിരിവാൻ ആകാശവിതാനത്തിൽ [“ആകാശവിരിവിൽ,” NW] വെളിച്ചങ്ങൾ [“പ്രകാശഗോളങ്ങൾ,” NW] ഉണ്ടാകട്ടെ; അവ അടയാളങ്ങളായും കാലം [“ഋതു,” NW], ദിവസം, സംവത്സരം എന്നിവ തിരിച്ചറിവാനായും ഉതകട്ടെ; ഭൂമിയെ പ്രകാശിപ്പിപ്പാൻ ആകാശവിതാനത്തിൽ [“ആകാശവിരിവിൽ,” NW] അവ വെളിച്ചങ്ങളായിരിക്കട്ടെ [“പ്രകാശഗോളങ്ങളായിരിക്കട്ടെ,” NW] . . . ; അങ്ങനെ സംഭവിച്ചു. പകൽ വാഴേണ്ടതിന്നു വലിപ്പമേറിയ വെളിച്ചവും [“പ്രകാശഗോളവും,” NW] രാത്രി വാഴേണ്ടതിന്നു വലിപ്പം കുറഞ്ഞ വെളിച്ചവും [“പ്രകാശഗോളവും,” NW] ആയി രണ്ടു വലിയ വെളിച്ചങ്ങളെ [“പ്രകാശഗോളങ്ങളെ,” NW] ദൈവം ഉണ്ടാക്കി, നക്ഷത്രങ്ങളെയും ഉണ്ടാക്കി.”—ഉല്പത്തി 1:14-16; സങ്കീർത്തനം 136:7-9.
21. നാലാം “ദിവസ”ത്തെ വെളിച്ചം ഒന്നാം ദിവസത്തേതിൽനിന്നു വ്യത്യസ്തമായിരുന്നത് എങ്ങനെ?
21 നേരത്തേ, ഒന്നാം “ദിവസം” “വെളിച്ചം ഉണ്ടാകട്ടെ” എന്നാണ് ദൈവം കൽപ്പിക്കുന്നത്. അവിടെ “വെളിച്ചം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ പദം ’ഓഹ്ർ ആണ്. അതു വെളിച്ചത്തെ പൊതുവായി അർഥമാക്കുന്നു. എന്നാൽ നാലാം “ദിവസ”ത്തിലെ സംഭവവികാസത്തെ പരാമർശിക്കാൻ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം മാ’ഓഹ്ർ ആണ്. അതിന്റെ അർഥം വെളിച്ചത്തിന്റെ ഉറവ് എന്നാണ്. എംഫസൈസ്ഡ് ബൈബിളിൽ ‘പ്രകാശഗോളങ്ങളെ’ക്കുറിച്ചുള്ള ഒരു അടിക്കുറിപ്പിൽ റോതർഹാം പറയുന്നു: “3-ാം വാക്യത്തിൽ, ’ഓർ [’ഓഹ്ർ], വികീർണ വെളിച്ചം.” 14-ാം വാക്യത്തിലെ മാ’ഓഹ്ർ എന്ന എബ്രായ പദം “വെളിച്ചം പ്രദാനംചെയ്യുന്ന” ഒന്നിനെ അർഥമാക്കുന്നുവെന്ന് അദ്ദേഹം തുടർന്നു പ്രകടമാക്കുന്നു. ഒന്നാം “ദിവസം” വികീർണ വെളിച്ചം ചുറ്റാടകൾ തുളച്ചുകടന്നുവെന്നുള്ളതു വ്യക്തമാണ്. എന്നാൽ മേഘപാളികൾ അപ്പോഴും ഭൂമിയെ ആവരണം ചെയ്തിരുന്നതുകൊണ്ട് ഒരു ഭൗമിക നിരീക്ഷകന് ആ വെളിച്ചത്തിന്റെ ഉറവുകൾ കാണാൻ കഴിയുമായിരുന്നില്ല. എന്നാൽ, നാലാം “ദിവസം” സംഗതികൾക്കു മാറ്റംവന്നതായി കാണുന്നു.
22. നാലാം “ദിവസ”ത്തെ ഏതു സംഭവവികാസത്തിന് ജന്തുജാലങ്ങളുടെ ആഗമനത്തിനു സഹായകമായിരിക്കാൻ കഴിയുമായിരുന്നു?
22 അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് ആരംഭത്തിൽ വളരെ കൂടുതൽ ആയിരുന്നതിനാൽ ഭൂമിയിലെങ്ങും നല്ല ചൂടായിരുന്നിരിക്കണം. എന്നാൽ മൂന്നും നാലും സൃഷ്ടിപ്പിൻ കാലഘട്ടങ്ങളിൽ സസ്യങ്ങൾ തഴച്ചുവളരവേ, അവ കാർബൺ ഡൈ ഓക്സൈഡ് എന്ന താപഗ്രാഹിയായ പുതപ്പിന്റെ കുറേ ഭാഗം ആഗിരണം ചെയ്തു. കൂടാതെ, സസ്യങ്ങൾ ജന്തുജാലങ്ങൾക്ക് അനിവാര്യമായ ഓക്സിജൻ പുറത്തുവിടുകയും ചെയ്തു.
23. ഈ കാലയളവിൽ ഏതു വലിയ മാറ്റങ്ങൾ സംഭവിച്ചതായി വർണിക്കപ്പെടുന്നു?
23 ഇപ്പോൾ, ഒരു ഭൗമിക നിരീക്ഷകൻ ഉണ്ടായിരുന്നെങ്കിൽ അയാൾക്ക് “അടയാളങ്ങളായും കാലം [“ഋതു,” NW], ദിവസം, സംവത്സരം എന്നിവ തിരിച്ചറിവാനായും ഉത”കുന്ന സൂര്യചന്ദ്രനക്ഷത്രാദികളെ വ്യക്തമായി കാണാൻ കഴിയുമായിരുന്നു. (ഉല്പത്തി 1:14) ചാന്ദ്രമാസങ്ങൾ കണക്കുകൂട്ടുന്നതിനു ചന്ദ്രനും സൗരവർഷങ്ങൾ കണക്കുകൂട്ടുന്നതിനു സൂര്യനും ഉപയോഗപ്പെടുമായിരുന്നു. ഇപ്പോൾ ഈ നാലാം “ദിവസം” “സംഭവിച്ച” ഋതുക്കൾ തീർച്ചയായും ഇന്നത്തെക്കാൾ ഒക്കെ കാഠിന്യം കുറഞ്ഞവ ആയിരുന്നു.—ഉല്പത്തി 1:15; 8:20-22.
അഞ്ചാം “ദിവസം”
24. അഞ്ചാം “ദിവസം” ഏതു വർഗം ജീവികൾ ഉളവായതായി പറയപ്പെടുന്നു, അവ ഏതു വർഗം ജീവികളെ മാത്രമേ ഉത്പാദിപ്പിക്കുമായിരുന്നുള്ളൂ?
24 “വെള്ളത്തിൽ ജലജന്തുക്കൾ കൂട്ടമായി ജനിക്കട്ടെ; ഭൂമിയുടെ മീതെ ആകാശവിതാനത്തിൽ [“ആകാശവിരിവിൽ,” NW] പറവജാതി പറക്കട്ടെ എന്നു ദൈവം കല്പിച്ചു. ദൈവം വലിയ തിമിംഗലങ്ങളെയും വെള്ളത്തിൽ കൂട്ടമായി ജനിച്ചു ചരിക്കുന്ന അതതുതരം [‘അതതു വർഗം,’ NW] ജീവജന്തുക്കളെയും അതതു തരം [‘വർഗം,’ NW] പറവജാതിയെയും സൃഷ്ടിച്ചു.”—ഉല്പത്തി 1:20, 21.
25. “ജീവജന്തു” എന്ന പദം ഏതെല്ലാം ജീവികളെ അർഥമാക്കുമായിരുന്നു?
25 “ജീവജന്തു” എന്ന പദം ‘ഭൂമിയുടെ മീതെ ആകാശവിരിവിൽ പറക്കുന്ന പറവകൾക്കും’ ബാധകമാകുന്നു. കൂടാതെ, വായുവിലെ ജീവരൂപങ്ങളും ഭീമാകാരമായ കടൽജന്തുക്കൾ ഉൾപ്പെടെയുള്ള സമുദ്ര ജീവികളും അതിൽ പെടും. ശാസ്ത്രജ്ഞന്മാർ അടുത്തകാലത്ത് ഇവയുടെ ഫോസിൽ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ആറാം “ദിവസം”
26-28. ആറാം “ദിവസം” എന്തു സംഭവിച്ചു, അവസാനത്തെ സൃഷ്ടിക്രിയ ശ്രദ്ധേയമായിരുന്നത് എന്തുകൊണ്ട്?
26 “അതതുതരം [“അതതു വർഗം,” NW] കന്നുകാലി [“വളർത്തുമൃഗം,” NW], ഇഴജാതി, കാട്ടുമൃഗം ഇങ്ങനെ അതതു തരം [“വർഗം,” NW] ജീവജന്തുക്കൾ ഭൂമിയിൽനിന്നു ഉളവാകട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.”—ഉല്പത്തി 1:24.
27 അങ്ങനെ ആറാം “ദിവസം” കരയിൽ വസിക്കുന്ന ജീവികളായ കാട്ടുമൃഗങ്ങളും വളർത്തുമൃഗങ്ങളും പ്രത്യക്ഷപ്പെട്ടു. എന്നാൽ ഈ അവസാന “ദിവസം” സമാപിച്ചിരുന്നില്ല. അവസാനമായി ഒരു വിശിഷ്ട ‘വർഗം’ ഉണ്ടാകേണ്ടിയിരുന്നു:
28 “അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവ്വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു. ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.”—ഉല്പത്തി 1:26, 27.
29, 30. ഉല്പത്തി 2-ാം അധ്യായവും 1-ാം അധ്യായവും തമ്മിലുള്ള അന്തരം എങ്ങനെ മനസ്സിലാക്കാം?
29 ഉല്പത്തി 2-ാം അധ്യായം ആദ്യത്തെ അധ്യായത്തിൽ ഇല്ലാത്ത ചില കാര്യങ്ങൾ പരാമർശിക്കുന്നതായി കാണുന്നു. എന്നിരുന്നാലും, ചിലർ നിഗമനം ചെയ്തിരിക്കുന്നതുപോലെ, അത് 1-ാം അധ്യായത്തിലെ വിവരണത്തിനു വിരുദ്ധമായ മറ്റൊരു സൃഷ്ടിവിവരണമല്ല. പകരം, അത് മൂന്നാം “ദിവസ”ത്തിലെ ഒരു പ്രത്യേക ഘട്ടത്തെ—ഉണങ്ങിയ നിലം രൂപംകൊണ്ടതിനു ശേഷവും എന്നാൽ ഭൂസസ്യങ്ങൾ സൃഷ്ടിക്കപ്പെട്ടതിനു മുമ്പും ഉള്ള കാലയളവിനെ—കുറിച്ചു ചർച്ചചെയ്തുകൊണ്ട് വിവരണം തുടങ്ങുന്നു എന്നേ ഉള്ളൂ. ആദാം ജീവനുള്ള മനുഷ്യനായിത്തീർന്ന വിധത്തെ കുറിച്ചും അവന്റെ പറുദീസാ ഭവനമായ ഏദെനെ കുറിച്ചും അവന്റെ ഭാര്യയായ ഹവ്വായെ കുറിച്ചുമൊക്കെ ചർച്ചചെയ്തുകൊണ്ട് അത് മനുഷ്യരുടെ ആഗമനം സംബന്ധിച്ച വിശദാംശങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്യുന്നു.—ഉല്പത്തി 2:4ബി-9, 15-18, 21, 22.
30 ഉല്പത്തി വിവരണം മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നതിനുവേണ്ടിയാണ് മേൽപ്പറഞ്ഞ കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. സൃഷ്ടിപ്രക്രിയയ്ക്ക്, വെറും 144 മണിക്കൂറടങ്ങുന്ന (6 × 24) ഒരു കാലയളവല്ല, പിന്നെയോ അനേകം സഹസ്രാബ്ദങ്ങൾ എടുത്തുവെന്ന് തികച്ചും വാസ്തവികമായ ഈ വിവരണം സൂചിപ്പിക്കുന്നു.
ഉല്പത്തി ഇത് എങ്ങനെ അറിഞ്ഞു?
31. (എ) ഉല്പത്തിവിവരണത്തെ ചിലർ തെറ്റായി വ്യാഖ്യാനിക്കുന്നത് എങ്ങനെ? (ബി) അവരുടെ വാദങ്ങൾ ശരിയല്ലെന്ന് എന്തു കാണിക്കുന്നു?
31 ഈ സൃഷ്ടിവിവരണം അംഗീകരിക്കാൻ പലർക്കും ബുദ്ധിമുട്ടു തോന്നുന്നു. പുരാതന ജനങ്ങളുടെ, മുഖ്യമായും പുരാതന ബാബിലോന്യരുടെ, സൃഷ്ടിയെക്കുറിച്ചുള്ള കെട്ടുകഥകളിൽനിന്നു കടമെടുത്തതാണ് അതെന്ന് അവർ വാദിക്കുന്നു. എന്നാൽ, അടുത്തകാലത്തെ ഒരു ബൈബിൾ നിഘണ്ടു ഇങ്ങനെ പറഞ്ഞു: “പ്രപഞ്ചത്തിന്റെ സൃഷ്ടിയെ വ്യക്തമായി പരാമർശിക്കുന്ന യാതൊരു കെട്ടുകഥയും ഇതുവരെ കണ്ടെത്തിയിട്ടില്ല. നിരവധി ദൈവങ്ങളും പരമാധികാരത്തിനു വേണ്ടിയുള്ള അവരുടെ പോരാട്ടങ്ങളും” കെട്ടുകഥകളുടെ “മുഖമുദ്രയാണ്. ഇവയാകട്ടെ [ഉല്പത്തി] 1-ഉം 2-ഉം അധ്യായങ്ങളിൽ കാണുന്ന, ഏകദൈവത്തെ കുറിച്ചുള്ള എബ്രാ[യ] പഠിപ്പിക്കലിൽനിന്നു പാടേ വ്യത്യസ്തമാണ്.”3 സൃഷ്ടി സംബന്ധിച്ച ബാബിലോന്യ ഐതിഹ്യങ്ങളെക്കുറിച്ച് ബ്രിട്ടീഷ് മ്യൂസിയത്തിന്റെ ട്രസ്റ്റികൾ ഇങ്ങനെ പ്രസ്താവിച്ചു: “ബാബിലോന്യ വിവരണങ്ങളുടെയും എബ്രായ വിവരണങ്ങളുടെയും മൂല ആശയങ്ങൾ അടിസ്ഥാനപരമായി ഭിന്നമാണ്.”4
32. ഉല്പത്തിയിലെ സൃഷ്ടിവിവരണം ശാസ്ത്രീയമായി ഈടുറ്റതാണെന്നു പ്രകടമാക്കപ്പെട്ടിരിക്കുന്നത് എങ്ങനെ?
32 നാം ഇത്രയും നേരം പരിചിന്തിച്ച കാര്യങ്ങൾ ഉല്പത്തിയിലെ സൃഷ്ടിവിവരണം ശാസ്ത്രീയമായി ഒരു ഈടുറ്റ രേഖയാണെന്നു തെളിയിക്കുന്നു. അത് “അതതു വർഗമനുസരിച്ചു” മാത്രം പുനരുത്പാദനം നടത്തുന്ന വലിയ സസ്യ-ജന്തു വിഭാഗങ്ങളെയും അവയുടെ അനേകം വൈവിധ്യങ്ങളെയും വെളിപ്പെടുത്തുന്നു. ഫോസിൽ രേഖ ഇതിനെ സ്ഥിരീകരിക്കുന്നു. വാസ്തവത്തിൽ, ഓരോ “വർഗ”വും പെട്ടെന്നു പ്രത്യക്ഷപ്പെട്ടെന്ന് അതു സൂചിപ്പിക്കുന്നു; പരിണാമസിദ്ധാന്തം തെളിയിക്കാൻ ആവശ്യമായതുപോലെ, ഏതെങ്കിലും ഒരു മുൻ “വർഗ”വുമായി അതിനെ ബന്ധിപ്പിക്കുന്ന യഥാർഥ പരിവർത്തന രൂപങ്ങൾ ഇല്ല.
33. ഉല്പത്തിയിലെ സൃഷ്ടിവിവരണം സംബന്ധിച്ച വിവരങ്ങൾ എവിടെനിന്നു മാത്രമേ അറിയാൻ കഴിയുമായിരുന്നുള്ളൂ?
33 ഈജിപ്തിലെ സകല ജ്ഞാനത്തിനും ഉല്പത്തിയുടെ എഴുത്തുകാരനായ മോശെയ്ക്ക് സൃഷ്ടിപ്രക്രിയ സംബന്ധിച്ച് യാതൊരു തുമ്പും നൽകാൻ കഴിയുമായിരുന്നില്ല. സൃഷ്ടി സംബന്ധിച്ച പുരാതന ജനങ്ങളുടെ കെട്ടുകഥകൾക്ക് ഉല്പത്തിയിൽ മോശെ എഴുതിയതിനോടു യാതൊരു സാദൃശ്യവും ഉണ്ടായിരുന്നില്ല. അങ്ങനെയെങ്കിൽ, മോശെ ഈ കാര്യങ്ങളെല്ലാം എവിടെനിന്നാണു മനസ്സിലാക്കിയത്? അവിടെയുണ്ടായിരുന്ന ആരിൽ നിന്നെങ്കിലും ആയിരിക്കാനാണു സാധ്യത.
34. സംഭവവികാസങ്ങളെ സംബന്ധിച്ച ഉല്പത്തി വിവരണം ആശ്രയയോഗ്യമാണെന്ന് എന്തു തെളിയിക്കുന്നു?
34 ഉല്പത്തിയിലെ സൃഷ്ടിവിവരണം, സംഭവങ്ങളെ കുറിച്ച് അറിയാമായിരുന്ന ഒരു ഉറവിൽനിന്നു വന്നിരിക്കണം എന്നതിനു ഗണിത സംഭവ്യതാ ശാസ്ത്രം ശ്രദ്ധേയമായ തെളിവു നൽകുന്നു. സൃഷ്ടിവിവരണം പിൻവരുന്ന ക്രമത്തിൽ 10 പ്രധാന ഘട്ടങ്ങൾ പട്ടികപ്പെടുത്തുന്നു: (1) ഒരു തുടക്കം; (2) അന്ധകാര നിബിഡമായ, ഘന വാതകങ്ങളാലും ജലത്താലും മൂടപ്പെട്ടിരുന്ന ഒരു ആദിമ ഭൂമി; (3) വെളിച്ചം; (4) ആകാശവിരിവ് അല്ലെങ്കിൽ അന്തരീക്ഷം; (5) വിസ്തൃതമായ ഉണങ്ങിയ നിലം; (6) ഭൂസസ്യങ്ങൾ; (7) ആകാശവിരിവിൽ വ്യക്തമായി കാണാവുന്ന സൂര്യചന്ദ്രനക്ഷത്രാദികൾ, ഋതുക്കളുടെ ആരംഭം; (8) ഭീമാകാരമായ കടൽ ജന്തുക്കളും പറവകളും; (9) കാട്ടുമൃഗങ്ങളും ഇണക്കമുള്ള മൃഗങ്ങളും സസ്തനങ്ങളും; (10) മനുഷ്യൻ. ഈ ഘട്ടങ്ങൾ പൊതുവെ ഈ ക്രമത്തിൽ സംഭവിച്ചുവെന്നു ശാസ്ത്രം സമ്മതിക്കുന്നു. ഉല്പത്തിയുടെ ലേഖകൻ ഈ ക്രമം കേവലം ഊഹിച്ചെടുക്കാൻ എത്രത്തോളം സാധ്യതയുണ്ട്? നിങ്ങൾ കണ്ണു മൂടിക്കെട്ടിയിട്ട് 1 മുതൽ 10 വരെയുള്ള സംഖ്യകൾ ഒരു പെട്ടിയിൽ നിന്നെടുത്ത് ക്രമത്തിൽ വെക്കുന്നതിനുള്ള സാധ്യതയ്ക്കു തുല്യമാണ് അത്. നിങ്ങൾ ഇത് ആദ്യ ശ്രമത്തിൽ ചെയ്യാനുള്ള സാധ്യത 36,28,800-ൽ 1 ആണ്! അതുകൊണ്ട്, ഒരിടത്തുനിന്നും അറിവു ലഭിക്കാതെ എഴുത്തുകാരൻ മേൽപ്പറഞ്ഞ സംഭവങ്ങൾ ശരിയായ ക്രമത്തിൽ പട്ടികപ്പെടുത്തിയതാണ് എന്നു പറയുന്നതു വസ്തുതകൾക്കു നിരക്കുന്നതല്ല.
35. ഏതു ചോദ്യങ്ങൾ ഉയർന്നു വരുന്നു, ഉത്തരങ്ങൾ എവിടെ ചർച്ച ചെയ്യപ്പെടും?
35 എന്നാൽ പരിണാമസിദ്ധാന്തം, വസ്തുതകൾ അറിഞ്ഞിരുന്നവനും മനുഷ്യർക്ക് അവ വെളിപ്പെടുത്താൻ കഴിവുണ്ടായിരുന്നവനുമായ ഒരു സ്രഷ്ടാവ് അവിടെ ഉണ്ടായിരുന്നെന്നു സമ്മതിക്കുന്നില്ല. പകരം, നിർജീവ രാസവസ്തുക്കളിൽ നിന്നുള്ള ജീവികളുടെ സ്വതഃജനനം വഴിയാണ് ഭൂമിയിൽ ജീവൻ ആവിർഭവിച്ചതെന്ന് അതു പറയുന്നു. എന്നാൽ കേവലം യാദൃച്ഛികമായി സംഭവിക്കുന്ന, ആരുടെയും മാർഗനിർദേശം കൂടാതെ നടക്കുന്ന രാസപ്രവർത്തനങ്ങൾക്ക് ജീവൻ ഉളവാക്കാൻ കഴിയുമോ? ഇപ്രകാരം സംഭവിക്കുമെന്ന് ശാസ്ത്രജ്ഞന്മാർക്കു തന്നെ ഉറപ്പുണ്ടോ? ദയവായി അടുത്ത അധ്യായം കാണുക.
[അധ്യയന ചോദ്യങ്ങൾ]
[25-ാം പേജിലെ ആകർഷകവാക്യം]
ഉല്പത്തിവിവരണം ഭൂമിയിലെ ഒരു നിരീക്ഷകന്റെ വീക്ഷണത്തിലാണ് കാര്യങ്ങളെ സമീപിക്കുന്നത്
[36-ാം പേജിലെ ആകർഷകവാക്യം]
ഫോസിൽ രേഖ “അതതു വർഗമനുസരിച്ചു”ള്ള പുനരുത്പാദനത്തെ മാത്രമേ സ്ഥിരീകരിക്കുന്നുള്ളൂ
[35-ാം പേജിലെ ചതുരം]
ഉല്പത്തിയിലെ സൃഷ്ടിവിവരണം അടിസ്ഥാനപ്പെടുത്തിയിരിക്കുന്നതായി ചിലർ അവകാശപ്പെടുന്ന സൃഷ്ടിയെക്കുറിച്ചുള്ള ഒരു ബാബിലോന്യ കെട്ടുകഥ:
അപ്സു എന്ന ദേവനും റ്റയാമറ്റ് എന്ന ദേവിയും മറ്റു ദൈവങ്ങളെ ഉണ്ടാക്കി.
പിന്നീട് ഈ ദൈവങ്ങളെക്കൊണ്ടു സഹികെട്ട അപ്സു അവരെ കൊല്ലാൻ ശ്രമിച്ചു. എന്നാൽ ഇയ എന്ന ദേവൻ അദ്ദേഹത്തെ കൊന്നു.
റ്റയാമറ്റ് പ്രതികാരബുദ്ധിയോടെ ഇടപെടുകയും ഇയയെ കൊല്ലാൻ ശ്രമിക്കുകയും ചെയ്തു, എന്നാൽ ഇയയുടെ പുത്രനായ മർദൂക് റ്റയാമറ്റിനെ കൊന്നു.
മർദൂക് അവരുടെ ശരീരം രണ്ടായി പിളർന്ന് ഒരു പകുതിയിൽനിന്ന് ആകാശവും മറ്റേ പകുതിയിൽനിന്നു ഭൂമിയും ഉണ്ടാക്കി.
പിന്നെ മർദൂക് ഇയയുടെ സഹായത്തോടെ മറ്റൊരു ദേവനായ കിങ്കുവിന്റെ രക്തത്തിൽനിന്നു മനുഷ്യവർഗത്തെ ഉളവാക്കി.a
ഇത്തരമൊരു കഥയ്ക്ക് ഉല്പത്തിയിലെ സൃഷ്ടിവിവരണത്തോട് എന്തെങ്കിലും സാദൃശ്യമുണ്ടെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ?
[36-ാം പേജിലെ ചതുരം]
വിഖ്യാതനായ ഒരു ഭൂവിജ്ഞാനി ഉല്പത്തിയിലെ സൃഷ്ടിവിവരണത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു:
“ഭൂമിയുടെ ഉത്പത്തിയെ കുറിച്ചും അതിലെ ജീവന്റെ വികാസത്തെ കുറിച്ചുമുള്ള നമ്മുടെ ആധുനിക ആശയങ്ങൾ, എളിയവരായ ഇടയജനങ്ങൾക്ക്—ഉല്പത്തി പുസ്തകം സംബോധനചെയ്ത ഗോത്രക്കാരെപ്പോലെ ഉള്ളവർക്ക്—ചുരുക്കമായി വിശദീകരിച്ചുകൊടുക്കാൻ ഒരു ഭൂവിജ്ഞാനി എന്ന നിലയിൽ എന്നോട് ആവശ്യപ്പെട്ടാൽ, ഉല്പത്തി ഒന്നാം അധ്യായത്തിന്റെ ഭാഷാശൈലി മിക്കവാറും അടുത്തു പിൻപറ്റുന്നതിലും മെച്ചമായി മറ്റൊന്നും ചെയ്യാൻ എനിക്കു സാധിക്കുമെന്നു തോന്നുന്നില്ല.”b കൂടാതെ, സംഭവങ്ങളുടെ ക്രമം—സമുദ്രോത്പത്തി മുതൽ കരയുടെ രൂപംകൊള്ളൽ, സമുദ്രജീവികളുടെ ആവിർഭാവം, പക്ഷികളുടെയും സസ്തനികളുടെയും ആഗമനം എന്നിവവരെ—തത്ത്വത്തിൽ ഭൂവിജ്ഞാനീയ രേഖ വെളിപ്പെടുത്തുന്ന മുഖ്യ വിഭാഗങ്ങളുടെ ക്രമംതന്നെയാണെന്നും വാലസ് പ്രാറ്റ് എന്ന ഈ ഭൂവിജ്ഞാനി പറഞ്ഞു.
[27-ാം പേജിലെ ചിത്രം]
1-ാം ദിവസം: “വെളിച്ചം ഉണ്ടാകട്ടെ”
[28-ാം പേജിലെ ചിത്രം]
2-ാം ദിവസം: “ഒരു വിതാനം [“വിരിവ്,” NW] ഉണ്ടാകട്ടെ”
[29-ാം പേജിലെ ചിത്രം]
3-ാം ദിവസം: “ഉണങ്ങിയ നിലം കാണട്ടെ”
[30-ാം പേജിലെ ചിത്രം]
3-ാം ദിവസം: ‘ഭൂമിയിൽനിന്നു പുല്ലു മുളെച്ചുവരട്ടെ’
[31-ാം പേജിലെ ചിത്രങ്ങൾ]
4-ാം ദിവസം: ‘വിതാനത്തിൽ [“വിരിവിൽ,” NW] പകൽ വാഴേണ്ടതിന്നു വലിപ്പമേറിയതും രാത്രി വാഴേണ്ടതിന്നു വലിപ്പം കുറഞ്ഞതുമായ വെളിച്ചങ്ങൾ [“പ്രകാശഗോളങ്ങൾ,” NW] ഉണ്ടാകട്ടെ’
[32-ാം പേജിലെ ചിത്രം]
5-ാം ദിവസം: ‘വെള്ളത്തിൽ ജലജന്തുക്കൾ കൂട്ടമായി ജനിക്കട്ടെ; ഭൂമിയുടെ മീതെ പറവജാതി പറക്കട്ടെ’
[33-ാം പേജിലെ ചിത്രം]
6-ാം ദിവസം: ‘അതതു വർഗം വളർത്തുമൃഗങ്ങളും കാട്ടുമൃഗങ്ങളും’
[34-ാം പേജിലെ ചിത്രം]
6-ാം ദിവസം: “ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു”
[37-ാം പേജിലെ ചിത്രം]
ഇത് ആദ്യ ശ്രമത്തിൽ ചെയ്യാനുള്ള സാധ്യത 36,28,800-ൽ 1 ആണ്