ജീവൻ യാദൃച്ഛികമായി ഉളവാകുമോ?
അധ്യായം 4
ജീവൻ യാദൃച്ഛികമായി ഉളവാകുമോ?
1. (എ) ജീവോത്പത്തിയെക്കുറിച്ച് ചാൾസ് ഡാർവിൻ എന്താണു സമ്മതിച്ചത്? (ബി) ഇന്നത്തെ പരിണാമസിദ്ധാന്തം പുനരുജ്ജീവിപ്പിച്ചിരിക്കുന്ന ആശയമേത്?
“സ്രഷ്ടാവ് ആരംഭത്തിൽ ഒന്നോ അതിലധികമോ ജീവരൂപങ്ങളിലേക്ക്” ജീവൻ “ഊതിക്കൊടു”ത്തിരിക്കാൻ ഇടയുണ്ടെന്ന് തന്റെ പരിണാമസിദ്ധാന്തം മുന്നോട്ടു വെക്കവെ ചാൾസ് ഡാർവിൻ സമ്മതിച്ചു പറഞ്ഞു.1 എന്നാൽ ഇന്നത്തെ പരിണാമസിദ്ധാന്തം ഒരു സ്രഷ്ടാവിനെക്കുറിച്ചുള്ള ഏതു പരാമർശത്തെയും പൊതുവെ ഒഴിവാക്കുന്നു. പകരം, അത് ഒരിക്കൽ ചവറ്റുകൊട്ടയിൽ എറിഞ്ഞിരുന്ന ജീവന്റെ സ്വതഃജനന സിദ്ധാന്തത്തെ വീണ്ടും പൊടിതട്ടി എടുത്തിരിക്കുന്നു, അൽപ്പം ചില ഭേദഗതികളോടെ.
2. (എ) സ്വതഃജനനം ഉൾപ്പെട്ട ഏതു മുൻ വിശ്വാസമാണ് തെറ്റാണെന്നു തെളിയിക്കപ്പെട്ടത്? (ബി) ഇപ്പോൾ ജീവൻ താനേ ഉണ്ടാകുന്നില്ലെന്നു സമ്മതിക്കുന്നെങ്കിലും പരിണാമവാദികൾ എന്താണ് അനുമാനിക്കുന്നത്?
2 സ്വതഃജനന വിശ്വാസത്തിന്റെ വേരുതേടിപ്പോയാൽ നാം നൂറ്റാണ്ടുകൾക്കു പിമ്പിൽ ചെന്നെത്തും. പൊ.യു. 17-ാം നൂറ്റാണ്ടിൽ, ഫ്രാൻസിസ് ബേക്കണെയും വില്യം ഹാർവിയെയും പോലെയുള്ള ആദരണീയരായ ശാസ്ത്രജ്ഞർപോലും ഈ സിദ്ധാന്തം അംഗീകരിച്ചിരുന്നു. പക്ഷേ, ജീവനിൽനിന്നു മാത്രമേ ജീവൻ ഉണ്ടാകുന്നുള്ളുവെന്നു പരീക്ഷണങ്ങളിലൂടെ തെളിയിച്ച ലൂയി പാസ്ചറും മറ്റു ശാസ്ത്രജ്ഞരും 19-ാം നൂറ്റാണ്ടിൽ ആ സിദ്ധാന്തത്തിന് ഒരു മാരകമായ പ്രഹരമേൽപ്പിച്ചതായി കാണപ്പെടുന്നു. എന്നിരുന്നാലും, ജീവന്റെ ഒരു കണിക ദീർഘനാൾ മുമ്പ് ജീവനില്ലാത്ത വസ്തുവിൽനിന്ന് എങ്ങനെയോ താനേ ഉത്ഭവിച്ചിരിക്കണമെന്ന് പരിണാമസിദ്ധാന്തം അനുമാനിക്കുന്നു—ആവശ്യത്തെ പ്രതി.
സ്വതഃജനനത്തിന്റെ ഒരു നവരൂപം
3, 4. (എ) ജീവോത്പത്തിയിലേക്കു നയിക്കുന്ന പടികൾ സംബന്ധിച്ച് എന്ത് രൂപരേഖ നൽകപ്പെട്ടിരിക്കുന്നു? (ബി) ജീവൻ യാദൃച്ഛികമായി ഉളവാകാനുള്ള സാധ്യതയില്ലാഞ്ഞിട്ടും പരിണാമവാദികൾ എന്താണു വിശ്വസിക്കുന്നത്?
3 ജീവന്റെ ആരംഭഘട്ടത്തെ കുറിച്ചുള്ള ഇന്നത്തെ പരിണാമവാദികളുടെ വീക്ഷണം റിച്ചർഡ് ഡോക്കിൻസിന്റെ ദ സെൽഫിഷ് ജീൻ എന്ന പുസ്തകത്തിൽ സംഗ്രഹിച്ചിരിക്കുന്നു. ആരംഭത്തിൽ കാർബൺ ഡൈ ഓക്സൈഡ്, മീഥെയ്ൻ, അമോണിയ, ജലം എന്നിവ അടങ്ങിയ ഒരു അന്തരീക്ഷം ഭൂമിക്ക് ഉണ്ടായിരുന്നുവെന്ന് അദ്ദേഹം അനുമാനിക്കുന്നു. സൂര്യപ്രകാശത്തിൽ നിന്നും ഒരുപക്ഷേ മിന്നൽ, അഗ്നിപർവത സ്ഫോടനങ്ങൾ എന്നിവയിൽ നിന്നും ലഭിച്ച ഊർജത്താൽ ഈ ലഘു സംയുക്തങ്ങൾ വിഘടിക്കുകയും തുടർന്ന് അമിനോ അമ്ലങ്ങളായി രൂപംകൊള്ളുകയും ചെയ്തു. വിവിധതരം അമിനോ അമ്ലങ്ങൾ ക്രമേണ സമുദ്രത്തിൽ കൂടിച്ചേരുകയും അവ സംയോജിച്ച് മാംസ്യസമാന സംയുക്തങ്ങളായി തീരുകയും ചെയ്തു. ഒടുവിൽ സമുദ്രം ഒരു “ജൈവ സൂപ്പ്” ആയിത്തീർന്നുവെന്ന് അദ്ദേഹം പറയുന്നു, എന്നാൽ അപ്പോഴും അതു നിർജീവമായിരുന്നു.
4 ഡോക്കിൻസിന്റെ വിവരണമനുസരിച്ച്, അങ്ങനെയിരിക്കെ, “തികച്ചും അസാധാരണമായ ഒരു തന്മാത്ര യദൃച്ഛയാ രൂപംകൊണ്ടു”—സ്വയം പ്രത്യുത്പാദനം നടത്താൻ ശേഷി ഉണ്ടായിരുന്ന ഒരു തന്മാത്ര ആയിരുന്നു അത്. അത്തരമൊരു യാദൃച്ഛികത അങ്ങേയറ്റം അസംഭവ്യം ആണെന്നു സമ്മതിക്കുന്നെങ്കിലും അത് ഏതെങ്കിലും വിധത്തിൽ സംഭവിച്ചിട്ടുണ്ടാകണമെന്ന് അദ്ദേഹം ശഠിക്കുന്നു. സമാന തന്മാത്രകൾ കൂടിച്ചേർന്നു. എന്നിട്ട്, വീണ്ടും, അങ്ങേയറ്റം അസംഭവ്യമായ ഒരു യാദൃച്ഛിക സംഭവത്തിലൂടെ അവ മറ്റു മാംസ്യ തന്മാത്രകൾകൊണ്ടുള്ള ഒരു സംരക്ഷക മറയാൽ സ്വയം പൊതിഞ്ഞു, അത് അവയുടെ സ്തരമായിത്തീർന്നു. അങ്ങനെ, ആദ്യ ജീവകോശം താനേ രൂപംകൊണ്ടതായി പറയപ്പെടുന്നു.2
5. പ്രസിദ്ധീകരണങ്ങൾ ജീവോത്പത്തിയെ കുറിച്ച് സാധാരണഗതിയിൽ ചർച്ച ചെയ്യുന്നതെങ്ങനെ, എന്നാൽ ഒരു ശാസ്ത്രജ്ഞൻ എന്താണു പറയുന്നത്?
5 ഈ ഘട്ടത്തിൽ ഒരു വായനക്കാരന് ഡോക്കിൻസ് തന്റെ പുസ്തകത്തിന്റെ ആമുഖത്തിൽ അഭിപ്രായപ്പെട്ടതു മനസ്സിലായി തുടങ്ങിയേക്കാം: “ഈ പുസ്തകം ഏറെക്കുറെ ശാസ്ത്രകൽപ്പിതകഥപോലെ വായിക്കേണ്ടതുണ്ട്.”3 എന്നാൽ അദ്ദേഹത്തിന്റെ സമീപനം അസാധാരണമല്ലെന്ന് ആ വിഷയത്തെ കുറിച്ചു വായിക്കുന്നവർ കണ്ടെത്തും. പരിണാമത്തെ കുറിച്ചുള്ള മറ്റു മിക്ക പുസ്തകങ്ങളും ജീവനില്ലാത്ത വസ്തുവിൽ നിന്നുള്ള ജീവന്റെ ആവിർഭാവത്തിന്റെ വിശദീകരണം സംബന്ധിച്ച അന്ധാളിപ്പിക്കുന്ന പ്രശ്നത്തെ തൊട്ടുഴിഞ്ഞു കടന്നുപോകുന്നു. അതുകൊണ്ട് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ജന്തുശാസ്ത്ര വിഭാഗത്തിന്റെ പ്രൊഫസറായ വില്യം തോർപ്പ് സഹശാസ്ത്രജ്ഞന്മാരോട് ഇങ്ങനെ പറഞ്ഞു: “ജീവോത്പത്തി സംഭവിച്ച വിധം വിശദീകരിക്കാനുള്ള ശ്രമത്തിൽ കഴിഞ്ഞ പത്തുപതിനഞ്ചു വർഷക്കാലമായി പ്രസിദ്ധീകരിച്ചിട്ടുള്ള എല്ലാ ഊഹാപോഹങ്ങളും ചർച്ചകളും തീരെ കഥയില്ലാത്തതും കഴമ്പില്ലാത്തതുമാണെന്നു പ്രകടമാക്കപ്പെട്ടിരിക്കുന്നു. എന്നത്തെയും പോലെതന്നെ ഇപ്പോഴും പ്രശ്നത്തിന് ഒരു പരിഹാരം ദൃഷ്ടിപഥത്തിലെങ്ങുമില്ല.”4
6. വിജ്ഞാന വർധനവ് എന്താണു പ്രകടിപ്പിക്കുന്നത്?
6 അടുത്തകാലത്തെ വിജ്ഞാന വിസ്ഫോടനം സചേതന വസ്തുക്കൾക്കും അചേതന വസ്തുക്കൾക്കും ഇടയിലെ വിടവിനെ എടുത്തു കാണിക്കുകയേ ചെയ്തിട്ടുള്ളൂ. അറിയപ്പെടുന്നതിൽവെച്ച് ഏറ്റവും പഴക്കമുള്ള ഏകകോശ ജീവികൾപോലും ദുർഗ്രഹമാംവിധം സങ്കീർണമായിരിക്കുന്നതായി കണ്ടെത്തിയിരിക്കുന്നു. “ജീവശാസ്ത്രത്തിന്റെ ലക്ഷ്യം ഒരു ലളിതമായ തുടക്കത്തിൽ എത്തിച്ചേരുകയെന്നതാണ്. ശിലകളിൽ കണ്ടെത്തപ്പെട്ട പുരാതന ജീവരൂപങ്ങളുടെ ഫോസിൽ അവശിഷ്ടങ്ങൾ ഒരു ലളിതമായ തുടക്കം വെളിപ്പെടുത്തുന്നില്ല. . . . അതുകൊണ്ട് പരിണാമസിദ്ധാന്തത്തിന് ഒരു ശരിയായ അടിത്തറയില്ല” എന്നു ജ്യോതിശ്ശാസ്ത്രജ്ഞന്മാരായ ഫ്രെഡ് ഹോയ്ലും ചന്ദ്ര വിക്രമസിംഹെയും പറയുന്നു.5 അറിവിന്റെ ചക്രവാളം വികസിക്കവെ, ഇത്ര അവിശ്വസനീയമാംവിധം സങ്കീർണമായ സൂക്ഷ്മ ജീവരൂപങ്ങൾ യാദൃച്ഛികമായി എങ്ങനെ ഉളവായിരിക്കാമെന്നു വിശദീകരിക്കുക ഏറെ ദുഷ്കരമായിത്തീരുന്നു.
7. ജീവോത്പത്തിയിലേക്കു നയിച്ചതായി അവകാശപ്പെടുന്ന മുഖ്യ പടികളേവ?
7 പരിണാമസിദ്ധാന്തം വിഭാവന ചെയ്യുന്നതനുസരിച്ച് ജീവോത്പത്തിയിലേക്കു നയിച്ച മുഖ്യ പടികൾ (1) അനുയോജ്യമായ ആദിമ അന്തരീക്ഷത്തിന്റെ അസ്തിത്വം (2) ജീവന് അനിവാര്യമായ “ലഘു” തന്മാത്രകളടങ്ങിയ ജൈവ സൂപ്പിന്റെ സമുദ്രങ്ങളിലെ രൂപംകൊള്ളൽ. (3) ഇവയിൽനിന്ന് മാംസ്യങ്ങളും ന്യൂക്ലിയോടൈഡുകളും (സങ്കീർണമായ രാസ സംയുക്തങ്ങൾ) ഉളവാകൽ (4) അവ സംയോജിക്കുകയും ഒരു സ്തരം ആർജിക്കുകയും ചെയ്യൽ, അതിനുശേഷം (5) അവ ഒരു ജനിതക രേഖ വികസിപ്പിച്ചെടുക്കുകയും അവയുടെ പകർപ്പുകൾ ഉണ്ടാക്കാൻ തുടങ്ങുകയും ചെയ്യൽ എന്നിവയാണ്. ഈ പടികൾ കണ്ടെത്തപ്പെട്ട വസ്തുതകളോടു യോജിപ്പിലാണോ?
ആദിമ അന്തരീക്ഷം
8. സ്റ്റാൻലി മില്ലറും പിന്നീടുള്ളവരും നടത്തിയ ഒരു പ്രസിദ്ധ പരീക്ഷണം പാളിപ്പോയത് എങ്ങനെ?
8 1953-ൽ സ്റ്റാൻലി മില്ലർ ഹൈഡ്രജൻ, മീഥെയ്ൻ, അമോണിയ, നീരാവി എന്നിവ അടങ്ങിയ ഒരു “അന്തരീക്ഷ”ത്തിലൂടെ ഒരു വൈദ്യുത സ്ഫുലിംഗം കടത്തിവിട്ടു. അതിന്റെ ഫലമായി മാംസ്യങ്ങളുടെ നിർമാണ ഘടകങ്ങളായ, ഇപ്പോൾ നിലവിലുള്ള അനേകം അമിനോ അമ്ലങ്ങളിൽ ചിലത് ഉത്പാദിപ്പിക്കപ്പെട്ടു. എന്നാൽ ജീവന്റെ നിലനിൽപ്പിന് ആവശ്യമായ 20 അമിനോ അമ്ലങ്ങളിൽ 4 എണ്ണം മാത്രമേ അദ്ദേഹത്തിനു ലഭിച്ചുള്ളൂ. 30-ലധികം വർഷം പിന്നിട്ടിട്ടും, അനിവാര്യമായ 20 അമിനോ അമ്ലങ്ങളിൽ എല്ലാം, പരീക്ഷണത്തിലൂടെ ഉത്പാദിപ്പിക്കാൻ ശാസ്ത്രജ്ഞർക്കു കഴിഞ്ഞില്ല, അവ ഉണ്ടാകാൻ സാധ്യതയുള്ളതായി തോന്നിയേക്കാവുന്ന സാഹചര്യങ്ങളിൽ പോലും.
9, 10. (എ) ഭൂമിയുടെ ആദിമ അന്തരീക്ഷത്തിന്റെ സാധ്യമായ ചേരുവ സംബന്ധിച്ച് എന്താണു വിശ്വസിക്കപ്പെടുന്നത്? (ബി) പരിണാമം എന്തു വിഷമസന്ധിയെയാണു നേരിടുന്നത്, ഭൂമിയുടെ ആദിമ അന്തരീക്ഷത്തെക്കുറിച്ച് അറിയപ്പെടുന്നത് എന്താണ്?
9 ഭൂമിയുടെ ആദിമ അന്തരീക്ഷം തന്റെ പരീക്ഷണ ഫ്ളാസ്കിലേതിനോടു സമാനമായിരുന്നെന്ന് മില്ലർ അനുമാനിച്ചു. എന്തുകൊണ്ട്? കാരണം, അദ്ദേഹവും ഒരു സഹപ്രവർത്തകനും പിന്നീടു പറഞ്ഞതുപോലെ: “ജൈവസംയുക്തങ്ങളുടെ സംശ്ലേഷണം നിരോക്സീകരണം സംഭവിച്ച [അന്തരീക്ഷത്തിൽ സ്വതന്ത്ര ഓക്സിജൻ ഇല്ലാത്ത] പരിതഃസ്ഥിതികളിൽ മാത്രമേ നടക്കുകയുള്ളൂ.”6 എന്നാൽ, ആദിമ അന്തരീക്ഷത്തിൽ ഓക്സിജൻ ഉണ്ടായിരുന്നുവെന്ന് മറ്റു പരിണാമവാദികൾ സിദ്ധാന്തിക്കുന്നു. ഇതു പരിണാമത്തിനു സൃഷ്ടിക്കുന്ന വിഷമസന്ധി ഹിച്ചിങ്ങിന്റെ വാക്കുകളിൽ പ്രകടമാണ്: “വായുവിൽ ഓക്സിജൻ ഉണ്ടായിരുന്നെങ്കിൽ ആദ്യത്തെ അമിനോ അമ്ലം ഒരിക്കലും ഉണ്ടാകുമായിരുന്നില്ല; ഓക്സിജൻ ഇല്ലായിരുന്നെങ്കിൽ കോസ്മിക് രശ്മികൾ അതിനെ തുടച്ചുനീക്കുകയും ചെയ്യുമായിരുന്നു.”7
10 ഭൂമിയുടെ ആദിമ അന്തരീക്ഷത്തിന്റെ അവസ്ഥ എന്തായിരുന്നെന്നു സ്ഥാപിക്കാനുള്ള ഏതൊരു ശ്രമവും ഊഹാപോഹത്തിലോ അനുമാനത്തിലോ മാത്രം അടിസ്ഥാനപ്പെട്ടതായിരിക്കും എന്നതാണു വസ്തുത. അത് എങ്ങനെ ആയിരുന്നുവെന്ന് ആർക്കും തിട്ടമില്ല.
ഒരു “ജൈവ സൂപ്പ്” ഉണ്ടാകുമായിരുന്നോ?
11. (എ) സമുദ്രത്തിൽ “ജൈവ സൂപ്പ്” രൂപംകൊള്ളാൻ സാധ്യതയില്ലാത്തത് എന്തുകൊണ്ട്? (ബി) മില്ലറിന് തനിക്കു ലഭിച്ച ഏതാനും അമിനോ അമ്ലങ്ങൾ സംരക്ഷിക്കാൻ കഴിഞ്ഞതെങ്ങനെ?
11 അന്തരീക്ഷത്തിൽ ഉളവായതായി വിചാരിക്കപ്പെടുന്ന അമിനോ അമ്ലങ്ങൾ താഴേക്ക് ഒഴുകിയെത്താനും സമുദ്രങ്ങളിൽ ഒരു “ജൈവ സൂപ്പ്” രൂപംകൊള്ളാനും എത്രത്തോളം സാധ്യതയുണ്ട്? ഒട്ടും സാധ്യതയില്ല. അന്തരീക്ഷത്തിലെ ലഘുവായ സംയുക്തങ്ങളെ ശിഥിലമാക്കിയിരുന്ന ഊർജം അതിലേറെ വേഗത്തിൽ, രൂപംകൊള്ളുന്ന ഏതു സങ്കീർണമായ അമിനോ അമ്ലങ്ങളെയും വിഘടിപ്പിക്കുമായിരുന്നു. രസകരമെന്നു പറയട്ടെ, ഒരു “അന്തരീക്ഷ”ത്തിലൂടെ വൈദ്യുത സ്ഫുലിംഗം കടത്തിവിട്ടുകൊണ്ടുള്ള പരീക്ഷണത്തിൽ, തനിക്കു ലഭിച്ച നാല് അമിനോ അമ്ലങ്ങൾ മില്ലർക്കു സംരക്ഷിക്കാൻ കഴിഞ്ഞത് അദ്ദേഹം അവയെ സ്ഫുലിംഗത്തിന്റെ ഭാഗത്തുനിന്നു മാറ്റിയതുകൊണ്ടു മാത്രമാണ്. അദ്ദേഹം അവ അവിടെ വിട്ടിരുന്നെങ്കിൽ സ്ഫുലിംഗം അവയെ വിഘടിപ്പിക്കുമായിരുന്നു.
12. ചില അമിനോ അമ്ലങ്ങൾ സമുദ്രങ്ങളിൽ എത്തിച്ചേർന്നാൽപ്പോലും അവയ്ക്ക് എന്തു സംഭവിക്കുമായിരുന്നു?
12 എന്നാൽ, അമിനോ അമ്ലങ്ങൾ വല്ലവിധേനയും സമുദ്രങ്ങളിൽ എത്തിച്ചേർന്നുവെന്നും അന്തരീക്ഷത്തിലെ വിനാശകാരിയായ അൾട്രാവയലറ്റ് വികിരണത്തിൽനിന്നു സംരക്ഷിക്കപ്പെട്ടുവെന്നും അനുമാനിക്കുന്നെങ്കിലെന്ത്? ഹിച്ചിങ് ഇപ്രകാരം വിശദീകരിച്ചു: “ജലോപരിതലത്തിന് അടിയിൽ കൂടുതലായ രാസപ്രവർത്തനങ്ങളെ ഉജ്ജീവിപ്പിക്കാൻ മതിയായ ഊർജം ഉണ്ടായിരിക്കുകയില്ല; കൂടുതൽ സങ്കീർണമായ തന്മാത്രകളുടെ വളർച്ചയെ ജലം എന്തായാലും തടയും.”8
13. മാംസ്യങ്ങൾ രൂപംകൊള്ളണമെങ്കിൽ ജലത്തിലെ അമിനോ അമ്ലങ്ങൾ എന്തു ചെയ്യണം, എന്നാൽ മറ്റ് എന്ത് അപകടത്തെ അപ്പോൾ അവ അഭിമുഖീകരിക്കുന്നു?
13 അതുകൊണ്ട്, അമിനോ അമ്ലങ്ങൾ ഒരിക്കൽ ജലത്തിൽ ചെന്നുപെട്ടാൽ, കൂടുതൽ വലിയ തന്മാത്രകൾ രൂപീകൃതമാകാനും ജീവന്റെ രൂപീകരണത്തിന് ഉപയോഗപ്രദമായ മാംസ്യങ്ങളായി പരിണമിക്കാനും അവ അതിനു വെളിയിൽ കടന്നേ പറ്റൂ. എന്നാൽ, അവ ജലത്തിനു വെളിയിൽ കടന്നാൽ വീണ്ടും അപകടകാരിയായ അൾട്രാവയലറ്റ് പ്രകാശത്തിന്റെ നാശവലയത്തിലാകും! “മറ്റു വാക്കുകളിൽ പറഞ്ഞാൽ, ജീവപരിണാമത്തിലെ ആദ്യത്തേതും താരതമ്യേന എളുപ്പമുള്ളതുമായ ഈ പടിതന്നെ [അമിനോ അമ്ലങ്ങൾ ഉണ്ടാകൽ] കടക്കുന്നതിന് സൈദ്ധാന്തിക തലത്തിൽ നിന്നു നോക്കുമ്പോൾ സാധ്യത ഇല്ല” എന്ന് ഹിച്ചിങ് പറയുന്നു.9
14. അതുകൊണ്ട്, പരിണാമവാദികളെ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ കീറാമുട്ടികളിലൊന്ന് ഏത്?
14 ജീവൻ സമുദ്രങ്ങളിൽ താനേ ഉടലെടുത്തുവെന്ന ആശയത്തിൽ പലരും കടിച്ചുതൂങ്ങാറുണ്ടെങ്കിലും അനിവാര്യമായിരിക്കുന്ന രാസപ്രക്രിയകൾക്ക് ജലാശയങ്ങൾ ഒട്ടും അനുകൂലമല്ല. രസതന്ത്രജ്ഞനായ റിച്ചർഡ് ഡിക്കേഴ്സൺ ഇങ്ങനെ വിശദീകരിക്കുന്നു: “ജലത്തിന്റെ സാന്നിധ്യം ബഹുലകീകരണത്തെക്കാൾ [ചെറിയ തന്മാത്രകൾ കൂടിച്ചേർന്ന് വലിയവ ഉണ്ടാകൽ] വിബഹുലകീകരണത്തിന് [വലിയ തന്മാത്രകൾ ലഘു തന്മാത്രകളായി വിഘടിക്കൽ] അനുകൂലമായതിനാൽ ആദിമ സമുദ്രത്തിലെ ജലീയ പരിസ്ഥിതിയിൽ ബഹുലകീകരണം എങ്ങനെ തുടങ്ങിയിരിക്കാമെന്നു മനസ്സിലാക്കുക ബുദ്ധിമുട്ടാണ്.”10 ജീവരസതന്ത്രജ്ഞനായ ജോർജ് വാൽഡ് പിൻവരുന്നപ്രകാരം പ്രസ്താവിച്ചുകൊണ്ട് ഈ വീക്ഷണത്തോടു യോജിക്കുന്നു: “സ്വതഃവിലയനത്തിനാണു സാധ്യത വളരെക്കൂടുതൽ, തന്നിമിത്തം അത് സ്വതഃസംശ്ലേഷണത്തെക്കാൾ വളരെ വേഗത്തിൽ സംഭവിക്കുന്നു.” ജൈവ സൂപ്പ് രൂപംകൊള്ളുകയില്ല എന്നാണ് ഇതിന്റെ അർഥം! വാൽഡ് അതിനെ കുറിച്ച് ഇങ്ങനെ പറയുന്നു: “നാം [പരിണാമവാദികൾ], അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ കീറാമുട്ടി” ആണിത്.
15, 16. ജൈവ സൂപ്പെന്നു കരുതപ്പെടുന്നതിലെ അമിനോ അമ്ലങ്ങളിൽനിന്ന് ജീവന് ആവശ്യമായ മാംസ്യങ്ങൾ ലഭിക്കുന്നതിനുള്ള മുഖ്യ പ്രശ്നമെന്താണ്?
15 എന്നാൽ, പരിണാമസിദ്ധാന്തം അഭിമുഖീകരിക്കുന്ന മറ്റൊരു കീറാമുട്ടിയുണ്ട്. 100-ലധികം അമിനോ അമ്ലങ്ങൾ ഉണ്ടെങ്കിലും ജീവന് ആധാരമായ മാംസ്യങ്ങൾക്ക് 20 എണ്ണം മാത്രമേ ആവശ്യമുള്ളൂവെന്ന് ഓർമിക്കുക. മാത്രമല്ല, അവ രണ്ട് ആകൃതികളിലുണ്ട്: ചിലത് “വലതുവശ (right-handed)” തന്മാത്രകളും മറ്റുചിലത് “ഇടതുവശ (left-handed)” തന്മാത്രകളും ആണ്. ഒരു സൈദ്ധാന്തിക ജൈവ സൂപ്പിലെന്നപോലെ അവ യദൃച്ഛയാ രൂപംകൊണ്ടതാണെങ്കിൽ പകുതി വലതുവശ തന്മാത്രകളും പകുതി ഇടതുവശ തന്മാത്രകളും ആയിരിക്കാനാണ് ഏറ്റവും സാധ്യത. അങ്ങനെയെങ്കിൽ ജീവികളിൽ രണ്ടു തരത്തിലുള്ളവയും കാണപ്പെടേണ്ടതാണ്. എന്നാൽ, ജീവന് ആധാരമായ മാംസ്യങ്ങളുടെ ഉത്പാദനത്തിന് ഉപയോഗിക്കുന്ന 20 അമിനോ അമ്ലങ്ങൾ എല്ലാം ഇടതുവശ അമിനോ അമ്ലങ്ങളാണ്!
16 ആവശ്യമുള്ള പ്രത്യേക ഇനങ്ങൾ മാത്രം സൂപ്പിൽ യാദൃച്ഛികമായി ഒത്തുചേരുന്നത് എങ്ങനെ? ഭൗതികശാസ്ത്രജ്ഞനായ ജെ. ഡി. ബെർനൽ ഇപ്രകാരം സമ്മതിച്ചു പറയുന്നു: “അതിന്റെ വിശദീകരണം . . . ഇപ്പോഴും ജീവന്റെ ഘടനാപരമായ വശങ്ങളുടെ, വിശദീകരിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഗങ്ങളിലൊന്നായി അവശേഷിക്കുന്നുവെന്ന് സമ്മതിച്ചേ പറ്റൂ.” അദ്ദേഹം ഇങ്ങനെ നിഗമനം ചെയ്തു: “നമുക്ക് അത് എന്നെങ്കിലും വിശദീകരിക്കാൻ കഴിയുമെന്നും തോന്നുന്നില്ല.”12
സംഭവ്യതയും താനേ ഉളവായ മാംസ്യങ്ങളും
17. ഏതു ദൃഷ്ടാന്തം പ്രശ്നത്തിന്റെ വ്യാപ്തിയെ കാണിക്കുന്നു?
17 ശരിയായ അമിനോ അമ്ലങ്ങൾ കൂടിച്ചേർന്ന് ഒരു മാംസ്യ തന്മാത്ര ഉണ്ടാകാൻ എന്തുമാത്രം സാധ്യതയുണ്ട്? ചെമന്ന പയറും വെളുത്ത പയറും തുല്യ എണ്ണം അടങ്ങിയിട്ടുള്ള നന്നായി ഇളക്കിയ ഒരു വലിയ കൂമ്പാരത്തോട് അതിനെ ഉപമിക്കാൻ കഴിയും. ഈ കൂമ്പാരത്തിൽ 100-ലധികം വ്യത്യസ്ത ഇനങ്ങളിലുള്ള പയറും ഉണ്ട്. ഇപ്പോൾ, ആ കൂമ്പാരത്തിലേക്ക് ഒരു വലിയ കോരികയിട്ടു കോരിയാൽ നിങ്ങൾക്ക് എന്തു കിട്ടുമെന്നാണു വിചാരിക്കുന്നത്? ഒരു മാംസ്യത്തിന്റെ അടിസ്ഥാന ഘടകങ്ങളെ പ്രതിനിധാനംചെയ്യുന്ന പയറുകൾ ലഭിക്കാൻ നിങ്ങൾ ചെമന്നതു മാത്രം കോരിയെടുക്കേണ്ടതുണ്ട്—വെളുത്തത് ഒരെണ്ണംപോലും ഉണ്ടായിരിക്കാൻ പാടില്ല! മാത്രമല്ല, നിങ്ങളുടെ കോരികയിൽ ചെമന്ന പയറിന്റെ 20 ഇനങ്ങൾ മാത്രമേ ഉണ്ടായിരിക്കാവൂ. ഓരോന്നും കോരികയിൽ ഒരു പ്രത്യേകമായ, മുൻനിയമിത സ്ഥാനത്തായിരിക്കുകയും വേണം. മാംസ്യലോകത്ത്, ഈ നിബന്ധനകളിൽ ഏതെങ്കിലുമൊന്നിൽ ഒരൊറ്റ പിഴവു സംഭവിച്ചാൽ ഉണ്ടാകുന്ന മാംസ്യം ശരിയാംവണ്ണം പ്രവർത്തിക്കുകയില്ല. നമ്മുടെ സാങ്കൽപ്പിക പയറു കൂമ്പാരത്തെ എത്രമാത്രം ഇളക്കിയാലും കോരിയാലും ശരിയായ സംയോജനത്തിലുള്ള പയറുകൾ കിട്ടുമോ? ഇല്ല. അപ്പോൾപ്പിന്നെ സാങ്കൽപ്പിക ജൈവ സൂപ്പിൽ അത് എങ്ങനെ സാധ്യമാകുമായിരുന്നു?
18. ലഘുവായ ഒരു മാംസ്യ തന്മാത്ര പോലും യാദൃച്ഛികമായി രൂപംകൊള്ളാനുള്ള സാധ്യത എത്ര വാസ്തവികമാണ്?
18 ജീവന് അനിവാര്യമായ മാംസ്യങ്ങൾക്കു വളരെ സങ്കീർണ തന്മാത്രകളാണ് ഉള്ളത്. ഒരു ലഘുവായ മാംസ്യ തന്മാത്രപോലും ജൈവ സൂപ്പിൽ യാദൃച്ഛികമായി രൂപംകൊള്ളുന്നതിനുള്ള സാധ്യത എത്രത്തോളമുണ്ട്? അത് 10113-ൽ (1 കഴിഞ്ഞ് 113 പൂജ്യങ്ങൾ) ഒന്നു മാത്രമാണെന്നു പരിണാമവാദികൾ സമ്മതിച്ചു പറയുന്നു. എന്നാൽ 1050-ൽ ഒന്നുമാത്രം സാധ്യതയുള്ള ഏതൊന്നിനെയും ഒരിക്കലും സംഭവിക്കാത്തതായി ഗണിതശാസ്ത്രജ്ഞന്മാർ തള്ളിക്കളയുന്നു. 10113 എന്ന സംഖ്യ പ്രപഞ്ചത്തിലെ എല്ലാ ആറ്റങ്ങളുടെയും കണക്കാക്കപ്പെടുന്ന മൊത്തം എണ്ണത്തെക്കാൾ കൂടുതലാണ്. അപ്പോൾപ്പിന്നെ അതു സംഭവിക്കാൻ എത്രമാത്രം സാധ്യതയുണ്ടെന്ന് ഊഹിക്കാവുന്നതേയുള്ളൂ!
19. ഒരു ജീവകോശത്തിന് ആവശ്യമായ എൻസൈമുകൾ ലഭിക്കുന്നതിനുള്ള സാധ്യത എത്രയാണ്?
19 ചില മാംസ്യങ്ങൾ നിർമാണ വസ്തുക്കളായും മറ്റു ചിലത് എൻസൈമുകളായും വർത്തിക്കുന്നു. രണ്ടാമതു പറഞ്ഞവ കോശത്തിനുള്ളിൽ ആവശ്യമായ രാസപ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തുന്നു. അവയുടെ സഹായമില്ലെങ്കിൽ കോശം നശിച്ചുപോകും. കോശപ്രവർത്തനത്തിന്, എൻസൈമുകളായി പ്രവർത്തിക്കുന്ന 2,000 മാംസ്യങ്ങളാണ് ആവശ്യമായിരിക്കുന്നത്. ഇവയെല്ലാം യാദൃച്ഛികമായി ലഭിക്കുന്നതിനുള്ള സാധ്യത എത്രമാത്രമാണ്? 1040,000-ത്തിൽ ഒന്ന്! അതായത് “മുഴു പ്രപഞ്ചവും ജൈവ സൂപ്പുകൊണ്ടുള്ളത് ആയാൽപോലും അവയെല്ലാം ലഭിക്കാൻ സാധ്യതയില്ല,” ഹോയ്ൽ തറപ്പിച്ചുപറയുന്നു. അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ഭൂമിയിൽ ജീവൻ [താനേ] ഉളവായി എന്ന് ഉറച്ചു വിശ്വസിക്കത്തക്കവണ്ണം സാമൂഹിക വിശ്വാസങ്ങളോ ശാസ്ത്രീയ പരിശീലനമോ ഒരാളുടെ മനസ്സിനെ പരുവപ്പെടുത്താത്ത പക്ഷം ലളിതമായ ഈ കണക്കുകൂട്ടൽ അത്തരം ഒരു ആശയത്തെ പാടേ തള്ളിക്കളയുന്നു.”13
20. കോശത്തിന് ആവശ്യമായിരിക്കുന്ന സ്തരം പ്രശ്നത്തെ വർധിപ്പിക്കുന്നത് എന്തുകൊണ്ട്?
20 പക്ഷേ, വാസ്തവത്തിൽ സാധ്യത, ഈ തീരെ ചെറിയ സംഖ്യ സൂചിപ്പിക്കുന്നതിനെക്കാൾ വളരെയധികം കുറവാണ്. കാരണം, കോശത്തെ ആവരണംചെയ്യുന്ന ഒരു സ്തരം ഉണ്ടായിരിക്കേണ്ടതുണ്ട്. എന്നാൽ മാംസ്യം, പഞ്ചസാര, കൊഴുപ്പു തന്മാത്രകൾ എന്നിവകൊണ്ടു നിർമിതമായ ഈ സ്തരം അങ്ങേയറ്റം സങ്കീർണമാണ്. ലെസ്ലി ഓർഗൽ എന്ന പരിണാമവാദി ഇപ്രകാരം എഴുതുന്നു: “പോഷകങ്ങൾ, വിസർജ്യങ്ങൾ, ലോഹ അയോണുകൾ എന്നിവയുടെ അകത്തേക്കും പുറത്തേക്കുമുള്ള ഗതിയെ പ്രത്യേകം നിയന്ത്രിക്കുന്ന കുഴലുകളും പമ്പുകളും ഉൾപ്പെടുന്നതാണ് ഇപ്പോഴത്തെ കോശസ്തരങ്ങൾ. പ്രത്യേക ധർമം നിർവഹിക്കുന്ന ഈ കുഴലുകളിൽ കൃത്യമായി ആവശ്യമായ മാംസ്യങ്ങൾ തന്നെയാണുള്ളത്. ഇവയാകട്ടെ, ജീവപരിണാമത്തിന്റെ തുടക്കത്തിൽ ഉണ്ടായിരുന്നിരിക്കാൻ ഇടയില്ലാഞ്ഞ തന്മാത്രകളാണ്.”14
21. ഡിഎൻഎ-യ്ക്ക് ആവശ്യമായ ഹിസ്റ്റോണുകൾ ലഭിക്കുക എത്രത്തോളം ബുദ്ധിമുട്ടാണ്?
21 ജനിതക രേഖയെ ഉൾക്കൊള്ളുന്ന ഡിഎൻഎ-യുടെ ഘടനാ യൂണിറ്റുകളായ ന്യൂക്ലിയോടൈഡുകൾ ലഭിക്കാനാണ് ഇവയെക്കാളേറെ ബുദ്ധിമുട്ട്. ഡിഎൻഎ-യിൽ അഞ്ചു ഹിസ്റ്റോണുകൾ ഉൾപ്പെട്ടിരിക്കുന്നു (ജീനുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിൽ ഹിസ്റ്റോണുകൾക്കു പങ്കുള്ളതായി കരുതപ്പെടുന്നു). ഈ ഹിസ്റ്റോണുകളിൽ ഏറ്റവും ലഘുവായതുപോലും രൂപംകൊള്ളാനുള്ള സാധ്യത 20100-ൽ ഒന്നായിരിക്കുന്നതായി പറയപ്പെടുന്നു—മറ്റൊരു ഭീമൻ സംഖ്യ. “ഏറ്റവും വലിയ ജ്യോതിശ്ശാസ്ത്ര ദൂരദർശിനികളിൽ ദൃശ്യമാകുന്ന സകല നക്ഷത്രങ്ങളിലെയും ഗാലക്സികളിലെയും ആറ്റങ്ങളുടെ ആകെത്തുകയെക്കാൾ വലിയ” സംഖ്യ തന്നെ.15
22. (എ) ‘കോഴിയോ മുട്ടയോ’ എന്ന പഴയ പ്രഹേളിക മാംസ്യങ്ങളും ഡിഎൻഎ-യുമായി ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെ? (ബി) ഒരു പരിണാമവാദി എന്തു പോംവഴിയാണു നിർദേശിക്കുന്നത്, അത് യുക്തിസഹമാണോ?
22 എന്നാൽ പരിണാമസിദ്ധാന്തം അഭിമുഖീകരിക്കുന്ന ഏറെ വലിയ പ്രശ്നങ്ങളിൽ ഒന്നാണ് കോശ പുനരുത്പാദനത്തിന് അനിവാര്യമായ ഒരു സമ്പൂർണ ജനിതക രേഖയുടെ ഉത്ഭവം. ‘കോഴിയോ മുട്ടയോ’ എന്ന പഴയ പ്രഹേളിക മാംസ്യങ്ങളോടും ഡിഎൻഎ-യോടുമുള്ള ബന്ധത്തിൽ വീണ്ടും തലപൊക്കുന്നു. ഹിച്ചിങ് പറയുന്നു: “മാംസ്യങ്ങൾ അവയുടെ രൂപീകരണത്തിന് ഡിഎൻഎ-യെ ആശ്രയിക്കുന്നു. എന്നാൽ മാംസ്യമില്ലാതെ ഡിഎൻഎ-ക്ക് ഉളവാകാൻ കഴിയുകയില്ല.”16 ഡിക്കേഴ്സൺ ചൂണ്ടിക്കാണിക്കുന്നതു പോലെ ഇത് ഒരു വിരോധാഭാസത്തിന് ഇടയാക്കുന്നു: “ഏതാണ് ആദ്യമുണ്ടായത്,” മാംസ്യമോ ഡിഎൻഎ-യോ? “ഉത്തരം ‘അവ ഒരേ സമയത്തു വികാസംപ്രാപിച്ചു’ എന്നത് ആയിരുന്നേ പറ്റൂ,” അദ്ദേഹം തറപ്പിച്ചു പറയുന്നു.17 ഫലത്തിൽ, ‘കോഴിയും’ ‘മുട്ടയും’ ഒരേ സമയം പരിണമിച്ചു വന്നിരിക്കണം എന്നാണ് അദ്ദേഹം പറയുന്നത്, ഒന്നും മറ്റേതിൽനിന്ന് ഉളവായതല്ല. ഇതു നിങ്ങൾക്കു യുക്തിസഹമായി തോന്നുന്നുവോ? ഒരു ശാസ്ത്ര ലേഖകൻ അതിങ്ങനെ സംഗ്രഹിക്കുന്നു: “ജനിതക രേഖയുടെ ഉത്ഭവം ഒരു വൻ കോഴി-മുട്ട പ്രശ്നം അവതരിപ്പിക്കുന്നു, അതിപ്പോൾ ആകെ ഉടഞ്ഞു കിടക്കുകയാണ്.”18
23. ജനിതക സംവിധാനത്തെക്കുറിച്ച് മറ്റു ശാസ്ത്രജ്ഞന്മാർ എന്തു പറയുന്നു?
23 രസതന്ത്രജ്ഞനായ ഡിക്കേഴ്സണും ഈ രസാവഹമായ അഭിപ്രായം പറഞ്ഞു: “ജനിതക സംവിധാനത്തിന്റെ പരിണാമം പരീക്ഷണശാലയിൽ തെളിയിക്കപ്പെട്ടിട്ടില്ല; അതുകൊണ്ട് അസുഖകരമായ യാഥാർഥ്യങ്ങളുടെ കൂച്ചുവിലങ്ങില്ലാതെ ഒരുവന് എത്ര വേണമെങ്കിലും ഊഹിക്കാൻ കഴിയും.”19 എന്നാൽ “അസുഖകരമായ യാഥാർഥ്യങ്ങളുടെ” പ്രളയങ്ങളെ കണ്ടില്ലെന്നു നടിക്കുന്നത് ശാസ്ത്രത്തെ സംബന്ധിച്ച് ശരിയായ ഒരു നടപടിയാണോ? ലെസ്ലി ഓർഗൽ ജനിതക രേഖയുടെ സാന്നിധ്യത്തെ “ജീവോത്പത്തി പ്രശ്നത്തിന്റെ ഏറ്റവും കുഴപ്പിക്കുന്ന വശം” എന്നു വിളിക്കുന്നു.20 ഫ്രാൻസിസ് ക്രിക്ക് ഇപ്രകാരം നിഗമനം ചെയ്തു: “ജനിതക രേഖ സർവസാധാരണമായ ഒന്നാണ്. എങ്കിലും അതിനെ രൂപപ്പെടുത്താനാവശ്യമായ സംവിധാനം ഒറ്റയടിക്ക് ഉളവായിരിക്കാൻ ആകാത്തവിധം അത്ര സങ്കീർണമാണ്.”21
24. പ്രകൃതിനിർധാരണത്തെക്കുറിച്ചും പുനരുത്പാദനം നടത്തുന്ന ആദ്യത്തെ കോശത്തെക്കുറിച്ചും എന്തു പറയാൻ കഴിയും?
24 എന്നാൽ, “ഒറ്റയടിക്ക്” എന്തെങ്കിലും സംഭവിക്കേണ്ടതിന്റെ ആവശ്യം തന്നെ വരുന്നില്ലെന്നു കാണിക്കാനായി പരിണാമസിദ്ധാന്തം പ്രകൃതിനിർധാരണം—സാവധാനത്തിൽ, പടിപടിയായി നടക്കുന്ന ഒരു പ്രക്രിയ—എന്ന ആശയത്തെ പൊക്കിപ്പിടിക്കുന്നു. പക്ഷേ, ജനിതക രേഖ ഇല്ലെങ്കിൽ പുനരുത്പാദനം നടക്കുകയില്ല. പുനരുത്പാദനം നടന്നില്ലെങ്കിൽ പ്രകൃതിനിർധാരണത്തിന് തിരഞ്ഞെടുക്കാൻ യാതൊന്നും ഉണ്ടായിരിക്കുകയുമില്ല.
വിസ്മയമുണർത്തുന്ന പ്രകാശസംശ്ലേഷണം
25. ഏതു പ്രക്രിയ ആരംഭിക്കാനുള്ള വിസ്മയാവഹമായ പ്രാപ്തിയാണ് പരിണാമം ഒരു ലഘു കോശത്തിന് ആരോപിക്കുന്നത്?
25 പരിണാമസിദ്ധാന്തത്തിന്റെ മറ്റൊരു വിലങ്ങുതടി ഇപ്പോൾ തലപൊക്കുന്നു. പരിണാമശ്രേണിയിൽ എങ്ങോ വെച്ച് ഭൗമജീവനെ പാടേ മാറ്റിമറിച്ച ഒരു സംഗതി ആദിമ കോശം കണ്ടുപിടിക്കേണ്ടിയിരുന്നു—പ്രകാശസംശ്ലേഷണം. സസ്യങ്ങൾ കാർബൺ ഡൈ ഓക്സൈഡിനെ സ്വീകരിക്കുകയും ഓക്സിജനെ പുറത്തുവിടുകയും ചെയ്യുന്ന ഈ പ്രക്രിയ ശാസ്ത്രജ്ഞർക്ക് ഇതുവരെ പൂർണമായി മനസ്സിലായിട്ടില്ല. ജീവശാസ്ത്രജ്ഞനായ എഫ്. ഡബ്ലിയു. വെന്റ് പ്രസ്താവിച്ചതുപോലെ “ആർക്കും ഇതുവരെ ടെസ്റ്റ്ട്യൂബിൽ പുനരാവിഷ്കരിക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഒരു പ്രക്രിയ” ആണിത്. എങ്കിലും, ലഘുവായ ഒരു ചെറിയ കോശം യാദൃച്ഛികമായി ഈ പ്രക്രിയ ആരംഭിച്ചതായി കരുതപ്പെടുന്നു.
26. ഈ പ്രക്രിയ എന്തു സമൂല പരിവർത്തനമാണ് ഉളവാക്കിയത്?
26 ഈ പ്രകാശസംശ്ലേഷണ പ്രക്രിയയുടെ ഫലമായി സ്വതന്ത്ര ഓക്സിജൻ ഇല്ലാതിരുന്ന ഒരു അന്തരീക്ഷത്തിലെ ഓരോ അഞ്ചു തന്മാത്രകളിലും ഒന്നു വീതം ഓക്സിജൻ തന്മാത്രയായി മാറി. അതിന്റെ ഫലമായി, ജന്തുക്കൾക്ക് ഓക്സിജൻ ശ്വസിക്കാനും അങ്ങനെ ജീവൻ നിലനിർത്താനും കഴിഞ്ഞു. കൂടാതെ, അൾട്രാവയലറ്റ് വികിരണത്തിന്റെ ഹാനികരമായ ഫലങ്ങളിൽനിന്ന് മുഴു ജീവജാലങ്ങളെയും സംരക്ഷിക്കുന്ന ഒരു ഓസോൺ പാളിയും രൂപംകൊണ്ടു. പക്ഷേ, അത്ഭുതകരമായ ഈ സംഭവപരമ്പരകൾ കേവലം യാദൃച്ഛികമായി സംഭവിക്കുമോ?
ബുദ്ധിശക്തി ഉൾപ്പെട്ടിട്ടുണ്ടോ?
27. തെളിവുകൾ ചില പരിണാമവാദികളെ എവിടെക്കൊണ്ടെത്തിച്ചിരിക്കുന്നു?
27 ഒരു ജീവകോശം യാദൃച്ഛികമായി ഉളവാകുന്നതിനുള്ള അതിബൃഹത്തായ പ്രതികൂല സാധ്യതകൾ തിരിച്ചറിയുമ്പോൾ ചില പരിണാമവാദികൾ പിന്തിരിയാൻ നിർബന്ധിതരാകുന്നു. ഉദാഹരണത്തിന്, ബഹിരാകാശത്തുനിന്നുള്ള പരിണാമം (ഇംഗ്ലീഷ്) എന്ന പുസ്തകത്തിന്റെ ഗ്രന്ഥകർത്താക്കൾ (ഹോയ്ലും വിക്രമസിംഹെയും) ഇങ്ങനെ പറഞ്ഞുകൊണ്ടു ശ്രമം ഉപേക്ഷിക്കുന്നു: “ഈ പ്രശ്നങ്ങൾ അക്കമിട്ടു നിരത്താൻ പറ്റാത്തവണ്ണം വളരെ സങ്കീർണമാണ്.” അവർ ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “കൂടിയ അളവിലുള്ളതോ മെച്ചമോ ആയ ഒരു ജൈവ സൂപ്പാണ് ഉണ്ടായിരുന്നതെന്നു പറഞ്ഞുകൊണ്ട് നമുക്കു രക്ഷപ്പെടാൻ . . . മാർഗമൊന്നുമില്ല. അങ്ങനെ കരുതുന്നത് പ്രശ്നത്തിനു പരിഹാരമായേക്കുമെന്നാണ് ഒന്നോ രണ്ടോ വർഷം മുമ്പു നാം പ്രതീക്ഷിച്ചത്. നാം മുകളിൽ കണക്കുകൂട്ടിയ സാധ്യതകൾ ഒരു ഭൗമിക സൂപ്പിലെന്നപോലെതന്നെ ഒരു പ്രാപഞ്ചിക സൂപ്പിന്റെ കാര്യത്തിലും അടിസ്ഥാനപരമായി അസംഭവ്യമാണ്.”23
28. (എ) ബുദ്ധിശക്തിയുടെ ആവശ്യം സമ്മതിക്കാതിരിക്കുന്നതിനു പിന്നിൽ എന്തു കാരണമായിരിക്കാമുള്ളത്? (ബി) ഉയർന്ന ബുദ്ധിശക്തി ആവശ്യമാണെന്നു വിശ്വസിക്കുന്ന പരിണാമവാദികൾ, ആ ബുദ്ധിശക്തിയുടെ ഉറവിടം എന്തല്ലെന്നാണു പറയുന്നത്?
28 അതുകൊണ്ട്, ജീവൻ ഉളവാക്കുന്നതിൽ ബുദ്ധിശക്തി ഏതോ വിധത്തിൽ ഉൾപ്പെട്ടിരിക്കണം എന്നു സമ്മതിച്ചതിനു ശേഷം ഗ്രന്ഥകർത്താക്കൾ തുടരുന്നു: “വാസ്തവത്തിൽ, ആ സിദ്ധാന്തം തികച്ചും സ്പഷ്ടമായ ഒന്നായി ആളുകൾ പരക്കെ അംഗീകരിക്കാത്തത് എന്തുകൊണ്ടെന്ന് അത്ഭുതം തോന്നും, അത്രമാത്രം വ്യക്തമാണ് അത്. കാരണങ്ങൾ ശാസ്ത്രീയം അല്ല, പകരം മനഃശാസ്ത്രപരമാണ്.”24 അതുകൊണ്ട്, ഡോക്കിൻസ് പ്രസ്താവിച്ചതുപോലെ, മിക്ക പരിണാമവാദികളും യാദൃച്ഛിക ജീവോത്പത്തി എന്ന ആശയത്തിൽ കടിച്ചുതൂങ്ങുന്നതും ഏതെങ്കിലും “രൂപകൽപ്പനയെയോ ഉദ്ദേശ്യത്തെയോ മാർഗനിർദേശത്തെയോ”25 നിരസിക്കുന്നതും എന്തുകൊണ്ട് എന്നതിനുള്ള സാധ്യമായ ഒരേ ഒരു വിശദീകരണം ‘മനഃശാസ്ത്രപരമായ’ പ്രതിബന്ധം നിമിത്തമാണെന്ന് ഒരു നിരീക്ഷകൻ നിഗമനം ചെയ്തേക്കാം. വാസ്തവത്തിൽ, ഹോയ്ലും വിക്രമസിംഹെയും പോലും ബുദ്ധിശക്തിയുടെ ആവശ്യം സമ്മതിച്ചു പറഞ്ഞ ശേഷം ആളത്വമുള്ള ഒരു സ്രഷ്ടാവ് ജീവോത്പത്തിക്ക് ഉത്തരവാദി ആയിരിക്കുന്നതായി തങ്ങൾ വിശ്വസിക്കുന്നില്ലെന്നു പറയുന്നു.26 അവർ പറയുന്നത്, ബുദ്ധിശക്തി എന്തായാലും ഉൾപ്പെട്ടിരുന്നു, പക്ഷേ ഒരു സ്രഷ്ടാവ് ഉണ്ടായിരുന്നില്ല എന്നാണ്. അതു പരസ്പരവിരുദ്ധമായി നിങ്ങൾക്കു തോന്നുന്നുവോ?
അതൊരു ശാസ്ത്രീയ വസ്തുതയാണോ?
29. ശാസ്ത്രീയ രീതി എന്താണ്?
29 ജീവന്റെ താനേയുള്ള ആരംഭത്തെ ശാസ്ത്ര വസ്തുതയായി അംഗീകരിക്കണമെങ്കിൽ അതു ശാസ്ത്രീയമായ രീതിയിൽത്തന്നെ സ്ഥാപിക്കപ്പെടണം. ആ രീതി പിൻവരുന്നതാണ്: സംഭവിക്കുന്നത് എന്താണെന്നു നിരീക്ഷിക്കുക; ആ നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കി സത്യമായിരിക്കാവുന്ന കാര്യങ്ങളെ പറ്റി ഒരു സിദ്ധാന്തം ആവിഷ്കരിക്കുക; കൂടുതലായ നിരീക്ഷണ പരീക്ഷണങ്ങളിലൂടെ ആ സിദ്ധാന്തത്തിന്റെ മാറ്റുരച്ചു നോക്കുക; സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങൾ നിവൃത്തിയാകുന്നുണ്ടോ എന്നു നിരീക്ഷിക്കുക.
30. ശാസ്ത്രീയ രീതി ബാധകമാക്കുന്നതിനോടുള്ള ബന്ധത്തിൽ സ്വതഃജനനം ഏതെല്ലാം വിധങ്ങളിലാണു പാളിപ്പോകുന്നത്?
30 ശാസ്ത്രീയ രീതിയിൽ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കവെ, ജീവന്റെ സ്വതഃജനനം നിരീക്ഷിക്കാൻ കഴിഞ്ഞിട്ടില്ല. അതിപ്പോൾ സംഭവിക്കുന്നുണ്ട് എന്നതിന് യാതൊരു തെളിവുമില്ല. അതു സംഭവിച്ചിരുന്നു എന്നു പരിണാമവാദികൾ പറയുന്ന സമയത്ത് മനുഷ്യ നിരീക്ഷകരാരും തീർച്ചയായും അവിടെങ്ങും ഉണ്ടായിരുന്നില്ല. അതു സംബന്ധിച്ച യാതൊരു സിദ്ധാന്തവും നിരീക്ഷണത്തിലൂടെ സമർഥിക്കപ്പെട്ടിട്ടില്ല. പരീക്ഷണശാലാ പരീക്ഷണങ്ങൾ അതു പുനരാവിഷ്കരിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു. സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങൾ നിവൃത്തിയായിട്ടുമില്ല. ശാസ്ത്രീയ രീതി ഒരു തരത്തിലും ബാധകമാക്കാൻ കഴിയാത്ത ഈ സാഹചര്യത്തിൽ അത്തരമൊരു സിദ്ധാന്തത്തെ വസ്തുതയുടെ തലത്തിലേക്ക് ഉയർത്തുന്നത് ശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം സത്യസന്ധമാണോ?
31. ഒരു ശാസ്ത്രജ്ഞന് സ്വതഃജനനത്തെക്കുറിച്ചു പരസ്പരവിരുദ്ധമായ എന്തു വീക്ഷണങ്ങളാണ് ഉള്ളത്?
31 അതേസമയം, ജീവനില്ലാത്ത വസ്തുവിൽനിന്നുള്ള ജീവന്റെ സ്വതഃജനനം അസാധ്യമാണെന്നുള്ള നിഗമനത്തെ പിന്തുണയ്ക്കാൻ വേണ്ടത്ര തെളിവുകളുണ്ട്. “ഒരു ജീവിയുടെ സ്വതഃജനനം അസാധ്യമാണെന്നു സമ്മതിക്കാൻ ഒരാൾ അതുപ്രകാരം നടക്കേണ്ട സംഗതികളുടെ വ്യാപ്തിയെക്കുറിച്ചു ശ്രദ്ധാപൂർവം പരിചിന്തിക്കുക മാത്രമേ വേണ്ടൂ” എന്ന് ഹാർവാർഡ് സർവകലാശാലയിലെ പ്രൊഫസർ വാൽഡ് സമ്മതിച്ചു പറയുന്നു. എന്നാൽ പരിണാമത്തിന്റെ ഈ അനുകൂല വാദി വാസ്തവത്തിൽ എന്താണു വിശ്വസിക്കുന്നത്? അദ്ദേഹം മറുപടി പറയുന്നു: “എങ്കിലും നാമിവിടെയുണ്ട്—അതുകൊണ്ടുതന്നെ ഞാൻ സ്വതഃജനനത്തിൽ വിശ്വസിക്കുന്നു.”27 അതു വസ്തുനിഷ്ഠമായ ശാസ്ത്രീയ സമീപനമാണെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ?
32. അത്തരം ന്യായവാദം അശാസ്ത്രീയമാണെന്നു പരിണാമവാദികൾപോലും സമ്മതിക്കുന്നത് എങ്ങനെ?
32 ബ്രിട്ടീഷ് ജീവശാസ്ത്രജ്ഞനായ ജോസഫ് ഹെൻറി വൂഡ്ജെർ അത്തരം ന്യായവാദത്തെ “സംഭവിച്ചതായി നിങ്ങൾ വിശ്വസിക്കാൻ ആഗ്രഹിക്കുന്ന സംഗതി വാസ്തവത്തിൽ നടന്നുവെന്ന വെറും കടുംപിടിത്തം” എന്നു വിശേഷിപ്പിക്കുന്നു.28 ശാസ്ത്രീയ രീതി അവലംബിക്കുന്നതിലെ ഈ പ്രകടമായ ലംഘനത്തെ ശാസ്ത്രജ്ഞന്മാർതന്നെ സമ്മതിച്ചു പറയുന്നതെങ്ങനെ? സുപ്രസിദ്ധ പരിണാമവാദിയായ ലോറെൻ ഐസ്ലീ ഇങ്ങനെ പറഞ്ഞു: “കെട്ടുകഥയിലും അത്ഭുതത്തിലും ആശ്രയിക്കുന്നതിന് ദൈവശാസ്ത്രജ്ഞനെ ശകാരിച്ചശേഷം സ്വന്തമായി ഒരു കെട്ടുകഥ നിർമിക്കേണ്ടി വരുന്ന, ഒട്ടും മെച്ചമല്ലാത്ത സ്ഥാനത്ത് ശാസ്ത്രം എത്തിയിരിക്കുന്നു: അതായത്, ദീർഘകാലത്തെ ശ്രമത്തിനു ശേഷവും സംഭവിക്കുമെന്ന് ഇന്നു തെളിയിക്കാൻ കഴിയാത്ത ഒരു സംഗതി സത്യത്തിൽ അതിപുരാതന കാലത്തു സംഭവിച്ചു എന്ന് അത് അഭ്യൂഹിച്ചിരിക്കുന്നു.”29
33. മുൻ തെളിവുകളുടെയെല്ലാം അടിസ്ഥാനത്തിൽ സ്വതഃജനനവും ശാസ്ത്രീയ രീതിയുടെ ബാധകമാക്കലും സംബന്ധിച്ച് എന്തു നിഗമനത്തിൽ എത്തിച്ചേരേണ്ടതുണ്ട്?
33 തെളിവിന്റെ അടിസ്ഥാനത്തിൽ, ജീവന്റെ സ്വതഃജനന സിദ്ധാന്തത്തെ ശാസ്ത്ര വസ്തുതയായി കണക്കാക്കുന്നതിനെക്കാൾ ശാസ്ത്രകൽപ്പിതകഥയായി കണക്കാക്കുന്നതാണു മെച്ചമെന്നു തോന്നുന്നു. തങ്ങൾ വിശ്വസിക്കാൻ ആഗ്രഹിക്കുന്നതു വിശ്വസിക്കുന്നതിനു വേണ്ടി, അത്തരം സിദ്ധാന്തങ്ങളെ അനുകൂലിക്കുന്ന പലരും ശാസ്ത്രീയ രീതി വിട്ടുകളഞ്ഞിരിക്കുന്നതായി കാണുന്നു. ജീവൻ യാദൃച്ഛികമായി ഉത്ഭവിക്കുന്നതിനുള്ള സാധ്യത തുലോം തുച്ഛമായിരുന്നിട്ടും ശാസ്ത്രീയ രീതി സാധാരണ അവലംബിക്കാറുള്ള ജാഗ്രതയോടുകൂടിയ സമീപനത്തിനു പകരം, കാര്യങ്ങളിൽ കടിച്ചുതൂങ്ങുന്നതിനുള്ള ഒരു പ്രവണതയാണു കാണാൻ കഴിയുന്നത്.
എല്ലാ ശാസ്ത്രജ്ഞരും അതിനെ അംഗീകരിക്കുന്നില്ല
34. (എ) ഒരു ഭൗതികശാസ്ത്രജ്ഞൻ ശാസ്ത്രീയമായി വിശാലമനഃസ്ഥിതി പ്രകടിപ്പിക്കുന്നത് എങ്ങനെ? (ബി) അദ്ദേഹം പരിണാമത്തെ എങ്ങനെ വർണിക്കുന്നു, പല ശാസ്ത്രജ്ഞന്മാരെയും കുറിച്ച് എന്ത് അഭിപ്രായമാണ് അദ്ദേഹം പുറപ്പെടുവിക്കുന്നത്?
34 എന്നിരുന്നാലും, എല്ലാ ശാസ്ത്രജ്ഞരും ഇക്കാര്യത്തിൽ കടുംപിടിത്തക്കാരല്ല. ഉദാഹരണത്തിന്, ഭൗതികശാസ്ത്രജ്ഞനായ എച്ച്. എസ്. ലിപ്സൺ ജീവൻ താനേ ഉളവാകുന്നതിനുള്ള പ്രതികൂല സാധ്യതകൾ തിരിച്ചറിഞ്ഞുകൊണ്ട് ഇങ്ങനെ പറഞ്ഞു: “സ്വീകാര്യമായ ഏക വിശദീകരണം സൃഷ്ടിയാണ്. എന്നെ പോലെയുള്ള ഭൗതികശാസ്ത്രജ്ഞർക്ക് ഇതു നിഷിദ്ധമാണെന്ന് എനിക്കറിയാം. എന്നാൽ നമുക്ക് ഇഷ്ടമില്ലാത്ത ഒരു സിദ്ധാന്തമാണെങ്കിലും അതിനെ പരീക്ഷണങ്ങൾ തെളിയിക്കുന്നപക്ഷം നാം തള്ളിക്കളയരുത്.” ഡാർവിന്റെ പുസ്തകമായ വർഗോത്പത്തി പുറത്തിറങ്ങിയതിനുശേഷം “പരിണാമം ഒരർഥത്തിൽ ഒരു ശാസ്ത്ര മതം ആയിത്തീർന്നെന്നും മിക്കവാറും എല്ലാ ശാസ്ത്രജ്ഞന്മാരും അതിനെ അംഗീകരിച്ചിരിക്കുകയാണെന്നും പലരും തങ്ങളുടെ നിരീക്ഷണങ്ങളെ അതിന് അനുയോജ്യമാം വിധം ‘വളച്ചൊടിക്കാൻ’ തയ്യാറാണെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു.30 സങ്കടകരംതന്നെ, പക്ഷേ അതാണു യാഥാർഥ്യം.
35. (എ) ഒരു യൂണിവേഴ്സിറ്റി പ്രൊഫസർ ഏത് ആശയം തള്ളിക്കളയുന്നതാണു വേദനാകരമായി കണ്ടെത്തിയിരിക്കുന്നത്? (ബി) ജീവൻ യാദൃച്ഛികമായി പരിണമിച്ചുണ്ടാകാനുള്ള സാധ്യതയെ അദ്ദേഹം എങ്ങനെ ദൃഷ്ടാന്തീകരിക്കുന്നു?
35 കാർഡിഫിലെ യൂണിവേഴ്സിറ്റി കോളെജ് പ്രൊഫസർ ചന്ദ്ര വിക്രമസിംഹെ ഇപ്രകാരം പറഞ്ഞു: “ഒരു ശാസ്ത്രജ്ഞനായി പരിശീലനം ലഭിച്ചു തുടങ്ങിയപ്പോൾ മുതൽതന്നെ, ഉദ്ദേശ്യപൂർവകമായ സൃഷ്ടി സംബന്ധിച്ച ഒരു ആശയവുമായും ശാസ്ത്രത്തിന് യോജിക്കാൻ കഴിയില്ലെന്നു വിശ്വസിക്കത്തക്കവണ്ണം എന്നെ വല്ലാതെ മസ്തിഷ്കപ്രക്ഷാളനം ചെയ്തിരുന്നു. വളരെ വേദനയോടെ ആണെങ്കിലും ആ ആശയം തള്ളിക്കളയേണ്ടിയിരിക്കുന്നു. ഈ സാഹചര്യത്തിൽ, അതായത് ഇപ്പോൾ ഞാൻ എത്തിയിരിക്കുന്ന മാനസികാവസ്ഥയിൽ ഞാൻ തീർത്തും അസ്വസ്ഥനാണ്. എന്നാൽ, അതിൽനിന്നു പുറത്തുചാടാൻ യുക്തിസഹമായ യാതൊരു മാർഗവുമില്ല . . . കാരണം, ജീവൻ, ഭൂമിയിലെ ഒരു രാസപരമായ യാദൃച്ഛികത ആയിരുന്നു എന്നു പറയുന്നത് പ്രപഞ്ചത്തിലെ എല്ലാ ഗ്രഹങ്ങളിലെയും എല്ലാ കടൽത്തീരങ്ങളിലും ഒരു പ്രത്യേക മണൽത്തരി തിരഞ്ഞു കണ്ടെത്തുന്നതുപോലെയാണ്.” മറ്റു വാക്കുകളിൽ പറഞ്ഞാൽ, ജീവൻ ഒരു രാസപരമായ യാദൃച്ഛികതയിലൂടെ ഉത്ഭവിച്ചിരിക്കാൻ യാതൊരു സാധ്യതയുമില്ല. അതുകൊണ്ട് വിക്രമസിംഹെ ഇങ്ങനെ നിഗമനം ചെയ്യുന്നു: “ഒരു പ്രാപഞ്ചിക തലത്തിൽ സൃഷ്ടി നടന്നു എന്നു സമ്മതിക്കാത്തപക്ഷം ജീവന് ആധാരമായ രാസവസ്തുക്കൾക്ക് കൃത്യമായ ക്രമം ഉള്ളതിന്റെ കാരണം മനസ്സിലാക്കാൻ നമുക്കു കഴിയുകയില്ല.”31
36. റോബർട്ട് ജാസ്റ്റ്രോ എന്ത് അഭിപ്രായ പ്രകടനമാണു നടത്തുന്നത്?
36 ജ്യോതിശ്ശാസ്ത്രജ്ഞനായ റോബർട്ട് ജാസ്റ്റ്രോ പറഞ്ഞു: “ജീവൻ സൃഷ്ടിക്രിയയുടെ ഫലമായിരുന്നില്ല എന്നുള്ളതിന് ശാസ്ത്രജ്ഞന്മാർക്ക് യാതൊരു തെളിവുമില്ല.”32
37. പരിണാമത്തെക്കുറിച്ച് എന്തു ചോദ്യമാണ് ഉദിക്കുന്നത്, ഉത്തരം എവിടെ കണ്ടെത്താൻ കഴിയും?
37 ഇനി, ആദ്യത്തെ ജീവകോശം ഏതോ വിധത്തിൽ താനേ ഉണ്ടായി എന്ന് അനുമാനിച്ചാൽപോലും ഇന്നോളം ഭൂമിയിൽ ജീവിച്ചിരുന്നിട്ടുള്ള സകല ജീവികളും അതിൽനിന്നു പരിണമിച്ചുണ്ടായി എന്നതിനു തെളിവുണ്ടോ? ഫോസിലുകൾ ഉത്തരം നൽകുന്നു, ഫോസിൽ രേഖ വാസ്തവത്തിൽ എന്തു പറയുന്നുവെന്ന് അടുത്ത അധ്യായം ചർച്ചചെയ്യുന്നു.
[അധ്യയന ചോദ്യങ്ങൾ]
[44-ാം പേജിലെ ആകർഷകവാക്യം]
“മാംസ്യങ്ങൾ അവയുടെ രൂപീകരണത്തിന് ഡിഎൻഎ-യെ ആശ്രയിക്കുന്നു. എന്നാൽ മാംസ്യമില്ലാതെ ഡിഎൻഎ-ക്ക് ഉളവാകാൻ കഴിയുകയില്ല”
[46-ാം പേജിലെ ആകർഷകവാക്യം]
ജനിതക രേഖ: “ജീവോത്പത്തി പ്രശ്നത്തിന്റെ ഏറ്റവും കുഴപ്പിക്കുന്ന വശം”
[50-ാം പേജിലെ ആകർഷകവാക്യം]
ഫലത്തിൽ ചില ശാസ്ത്രജ്ഞന്മാർ പറയുന്നത് ‘ബുദ്ധിശക്തി എന്തായാലും ഉൾപ്പെട്ടിരുന്നു, പക്ഷേ ഒരു സ്രഷ്ടാവ് ഉണ്ടായിരുന്നില്ല’ എന്നാണ്
[53-ാം പേജിലെ ആകർഷകവാക്യം]
ഒരു ശാസ്ത്രജ്ഞൻ സമ്മതിച്ചു പറഞ്ഞു: “സ്വീകാര്യമായ ഏക വിശദീകരണം സൃഷ്ടിയാണ്”
[53-ാം പേജിലെ ആകർഷകവാക്യം]
ജാസ്റ്റ്രോ: “ജീവൻ സൃഷ്ടിക്രിയയുടെ ഫലമായിരുന്നില്ല എന്നുള്ളതിന് ശാസ്ത്രജ്ഞന്മാർക്ക് യാതൊരു തെളിവുമില്ല”
[52-ാം പേജിലെ ചതുരം]
മുമ്പത്തെയും ഇപ്പോഴത്തെയും പരിണാമവാദികൾ ജീവോത്പത്തിയെക്കുറിച്ച് അഭിപ്രായപ്പെടുന്നു
“ജീവൻ അജൈവ വസ്തുവിൽനിന്നു വികാസംപ്രാപിച്ചുവെന്നുള്ള പരികൽപ്പന ഇപ്പോഴും ഒരു വിശ്വാസപ്രമാണമാണ്.”—ഗണിതശാസ്ത്രജ്ഞനായ ജെ. ഡബ്ലിയു. എൻ. സള്ളിവൻd
“ജീവൻ യാദൃച്ഛികമായി ഉത്ഭവിക്കുന്നതിനുള്ള സാധ്യതയെ ഒരു അച്ചടിശാലയിലെ സ്ഫോടനത്തിന്റെ ഫലമായി അൺഅബ്രിജ്ഡ് ഡിക്ഷണറി ഉണ്ടാകുന്നതിനുള്ള സാധ്യതയോടു താരതമ്യപ്പെടുത്താം.”—ജീവശാസ്ത്രജ്ഞനായ എഡ്വിൻ കോൺക്ലിൻe
“ഒരു ജീവിയുടെ സ്വതഃജനനം അസാധ്യമാണെന്നു സമ്മതിക്കാൻ ഒരാൾ അതുപ്രകാരം നടക്കേണ്ട സംഗതികളുടെ വ്യാപ്തിയെക്കുറിച്ചു ശ്രദ്ധാപൂർവം പരിചിന്തിക്കുക മാത്രമേ വേണ്ടൂ”—ജീവരസതന്ത്രജ്ഞനായ ജോർജ് വാൽഡ്f
“ഇന്നു ലഭ്യമായിരിക്കുന്ന സകല പരിജ്ഞാനവും നേടിയിട്ടുള്ള സത്യസന്ധനായ ഒരു മനുഷ്യന്, ജീവോത്പത്തി ഇപ്പോൾ ഏതാണ്ടൊരു അത്ഭുതമായി കാണപ്പെടുന്നുവെന്നു മാത്രമേ പറയാൻ കഴിയൂ.”—ജീവശാസ്ത്രജ്ഞനായ ഫ്രാൻസിസ് ക്രിക്ക്g
“ഭൂമിയിൽ ജീവൻ [താനേ] ഉളവായി എന്ന് ഉറച്ചു വിശ്വസിക്കത്തക്കവണ്ണം സാമൂഹിക വിശ്വാസങ്ങളോ ശാസ്ത്രീയ പരിശീലനമോ ഒരാളുടെ മനസ്സിനെ പരുവപ്പെടുത്താത്ത പക്ഷം ലളിതമായ ഈ കണക്കുകൂട്ടൽ [അതിന്റെ ഗണിതശാസ്ത്രപരമായ പ്രതികൂല സാധ്യതകൾ] അത്തരം ഒരു ആശയത്തെ പാടേ തള്ളിക്കളയുന്നു.”—ജ്യോതിശ്ശാസ്ത്രജ്ഞരായ ഫ്രെഡ് ഹോയ്ലും എൻ. സി. വിക്രമസിംഹെയുംh
[47-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
പ്രകാശസംശ്ലേഷണത്തിൽ സസ്യങ്ങൾ സൂര്യപ്രകാശം, കാർബൺ ഡൈ ഓക്സൈഡ്, ജലം, ധാതുക്കൾ എന്നിവ ഉപയോഗിച്ച് ഓക്സിജനും ഭക്ഷ്യോത്പന്നങ്ങളും ഉത്പാദിപ്പിക്കുന്നു. ലഘുവായ ഒരു കോശത്തിന് ഇതെല്ലാം തനിയെ കണ്ടുപിടിച്ചു ചെയ്യാൻ കഴിയുമായിരുന്നോ?
[ചിത്രങ്ങൾ]
മനുഷ്യരും ജന്തുക്കളും ഓക്സിജൻ ശ്വസിക്കുന്നു, കാർബൺ ഡൈ ഓക്സൈഡ് പുറത്തുവിടുന്നു. സസ്യങ്ങൾ കാർബൺ ഡൈ ഓക്സൈഡ് സ്വീകരിക്കുന്നു, ഓക്സിജൻ പുറത്തുവിടുന്നു
[രേഖാചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
പ്രകാശം
ഓക്സിജൻ
നീരാവി
കാർബൺ ഡൈ ഓക്സൈഡ്
[48, 49 പേജുകളിലെ ചതുരം/ചിത്രം]
അത്യത്ഭുതകരമായ കോശം
ജീവകോശം അത്യന്തം സങ്കീർണമാണ്. ജീവശാസ്ത്രജ്ഞനായ ഫ്രാൻസിസ് ക്രിക്ക് അതിന്റെ പ്രവർത്തനങ്ങളെ ലളിതമായി വർണിക്കാൻ ശ്രമിച്ചു, എന്നാൽ തനിക്ക് ഒരു പരിധിവരെയേ പോകാൻ കഴിയൂ എന്ന് അദ്ദേഹം ഒടുവിൽ മനസ്സിലാക്കി. “അതു വളരെ സങ്കീർണമായതിനാൽ വായനക്കാരൻ സകല വിശദാംശങ്ങളുമായി മല്ലടിക്കാൻ ശ്രമിക്കരുത്,” അദ്ദേഹം പറയുന്നു.a
കോശത്തിന്റെ ഡിഎൻഎ-യിലുള്ള നിർദേശങ്ങളെല്ലാം “കടലാസിൽ പകർത്തിയാൽ 600 പേജുള്ള ആയിരം പുസ്തകങ്ങൾ നിറയും. ഓരോ കോശവും തന്മാത്രകൾ എന്നു വിളിക്കപ്പെടുന്ന ഇരുപതു ദശലക്ഷം കോടി ചെറു ആറ്റസമൂഹങ്ങൾ തിങ്ങിനിറഞ്ഞ ഒരു ലോകമാണ്. . . . നമ്മുടെ 46 ക്രോമസോം ‘ഇഴകൾ’ കൂട്ടിയോജിപ്പിച്ചാൽ അതിന് രണ്ടു മീറ്ററിലധികം നീളം വരും. എങ്കിലും, അവയെ ഉൾക്കൊള്ളുന്ന കോശമർമത്തിന്റെ വ്യാസം ഒരു മില്ലിമീറ്ററിന്റെ നൂറിലൊരു ഭാഗത്തെക്കാൾ കുറവാണ്,” നാഷണൽ ജിയോഗ്രഫിക്ക് വിശദീകരിക്കുന്നു.b
കോശപ്രവർത്തനങ്ങളെ കുറിച്ച് ഒരു ഏകദേശ ധാരണ നൽകുന്നതിന് ന്യൂസ്വീക്ക് മാസിക ഒരു ദൃഷ്ടാന്തം ഉപയോഗിക്കുന്നു: “100 ലക്ഷം കോടി കോശങ്ങളോരോന്നും മതിലുള്ള ഒരു നഗരം പോലെ പ്രവർത്തിക്കുന്നു. ഊർജോത്പാദന നിലയങ്ങൾ കോശത്തിന് ആവശ്യമായ ഊർജം ഉത്പാദിപ്പിക്കുന്നു. ഫാക്ടറികൾ രാസ വ്യാപാരത്തിന്റെ മർമപ്രധാന യൂണിറ്റുകളായ മാംസ്യങ്ങളെ ഉളവാക്കുന്നു. സങ്കീർണമായ ഗതാഗത സംവിധാനങ്ങൾ പ്രത്യേക രാസവസ്തുക്കളെ കോശത്തിനകത്തും പുറത്തും, ഒരു സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്കു വഴിനയിക്കുന്നു. സുരക്ഷാഭിത്തികൾക്കരികെ നിൽക്കുന്ന കാവൽഭടന്മാർ കയറ്റുമതി-ഇറക്കുമതി വിപണികളെ നിയന്ത്രിക്കുകയും അപകടസൂചനകൾ എന്തെങ്കിലുമുണ്ടോ എന്നറിയാൻ ബാഹ്യലോകത്തെ നിരീക്ഷിക്കുകയും ചെയ്യുന്നു. സുശിക്ഷിതമായ ജൈവസേനകൾ ആക്രമണകാരികളെ പിടികൂടാൻ തയ്യാറായി നിൽക്കുന്നു. ഒരു കേന്ദ്രീകൃത ജനിതക ഗവൺമെന്റ് ക്രമസമാധാനം പാലിക്കുന്നു.”c
ആധുനിക പരിണാമസിദ്ധാന്തം ആദ്യമായി അവതരിപ്പിച്ചപ്പോൾ ജീവകോശത്തിന്റെ അതിസങ്കീർണതയെപ്പറ്റി ശാസ്ത്രജ്ഞന്മാർക്കു കാര്യമായ അറിവൊന്നും ഉണ്ടായിരുന്നില്ല. കൊടുത്തിരിക്കുന്ന ചിത്രത്തിൽ ഒരു സാധാരണ കോശത്തിന്റെ ഏതാനും ഭാഗങ്ങൾ കാണിച്ചിരിക്കുന്നു—1/40 മില്ലിമീറ്റർ മാത്രം വ്യാസമുള്ള ഒരു പാത്രത്തിൽ അവയെല്ലാം അടുക്കിവെച്ചിരിക്കുന്നു.
കോശസ്തരം
കോശത്തിന് ഉള്ളിലേക്കും പുറത്തേക്കും കടക്കുന്ന വസ്തുക്കളെ നിയന്ത്രിക്കുന്ന ആവരണം
റൈബോസോമുകൾ
അമിനോ അമ്ലങ്ങൾ സംയോജിച്ച് മാംസ്യങ്ങൾ രൂപംകൊള്ളുന്നത് ഇവയിൽവെച്ചാണ്
കോശമർമം
ഒരു ഇരട്ടസ്തരത്താൽ ആവരണംചെയ്യപ്പെട്ടിരിക്കുന്ന ഇത് കോശത്തിലെ പ്രവർത്തനങ്ങളെ എല്ലാം നിയന്ത്രിക്കുന്ന കേന്ദ്രമാണ്
ക്രോമസോമുകൾ
കോശത്തിന്റെ ജനിതക മാസ്റ്റർ പ്ലാനായ ഡിഎൻഎ ഇവയിലാണ് ഉള്ളത്
മർമകം
റൈബോസോമുകൾ സംയോജിപ്പിക്കപ്പെടുന്ന സ്ഥലം
അന്തർദ്രവ്യജാലിക
ഈ സ്തരപാളികൾ, അവയിൽ പറ്റിപ്പിടിച്ചിരിക്കുന്ന റൈബോസോമുകൾ (ചില റൈബോസോമുകൾ കോശത്തിൽ സ്വതന്ത്രമായി ഒഴുകിനടക്കുന്നു) ഉത്പാദിപ്പിക്കുന്ന മാംസ്യങ്ങൾ ശേഖരിച്ചുവെക്കുകയോ മറ്റിടങ്ങളിലേക്ക് എത്തിക്കുകയോ ചെയ്യുന്നു
മൈറ്റോകോൺഡ്രിയണുകൾ
കോശത്തിന് ഊർജം പ്രദാനം ചെയ്യുന്ന എറ്റിപി തന്മാത്രകളുടെ ഉത്പാദന കേന്ദ്രങ്ങൾ
ഗോൾഗി വസ്തു
കോശം ഉത്പാദിപ്പിക്കുന്ന മാംസ്യങ്ങൾ പായ്ക്കു ചെയ്ത് വിതരണം ചെയ്യുന്ന പരന്ന സ്തര സഞ്ചികളുടെ സമൂഹം
സെൻട്രിയോളുകൾ
കോശമർമത്തിനു സമീപം സ്ഥിതിചെയ്യുന്ന ഇവ കോശ പുനരുത്പാദനത്തിൽ പ്രധാന പങ്കു വഹിക്കുന്നു
[ചിത്രം]
നിങ്ങളുടെ ശരീരത്തിലെ 1,00,00,000,00,00,000 കോശങ്ങൾ യാദൃച്ഛികമായി ഉണ്ടായവയോ?
[40-ാം പേജിലെ ചിത്രം]
അടിത്തറയില്ലാതെ ഒരു വലിയ കെട്ടിടത്തിനും നിൽക്കാൻ കഴിയുകയില്ല. “പരിണാമസിദ്ധാന്തത്തിന് ഒരു ശരിയായ അടിത്തറയില്ല” എന്നു രണ്ടു ശാസ്ത്രജ്ഞന്മാർ പറയുന്നു
[42-ാം പേജിലെ ചിത്രം]
ചെമന്നതു മാത്രം, വേണ്ടിയ ഇനങ്ങൾ മാത്രം, ഓരോന്നും അതിന്റെ മുൻനിയമിത
[43-ാം പേജിലെ ചിത്രം]
ജീവരൂപങ്ങളിൽ “ഇടതുവശ” അമിനോ അമ്ലങ്ങൾ മാത്രം കാണുന്നു: ‘നമുക്ക് അത് എന്നെങ്കിലും വിശദീകരിക്കാൻ കഴിയുമെന്നു തോന്നുന്നില്ല’
[45-ാം പേജിലെ ചിത്രങ്ങൾ]
ഏതാണ് ആദ്യം ഉണ്ടായത്?
“ജനിതക രേഖയുടെ ഉത്ഭവം ഒരു വൻ കോഴി-മുട്ട പ്രശ്നം അവതരിപ്പിക്കുന്നു, അതിപ്പോൾ ആകെ ഉടഞ്ഞു കിടക്കുകയാണ്”