നമ്മുടെ ഭയഗംഭീര പ്രപഞ്ചം
അധ്യായം 9
നമ്മുടെ ഭയഗംഭീര പ്രപഞ്ചം
1, 2. (എ) ഭൗതികാകാശത്തെ എങ്ങനെ വർണിക്കാൻ കഴിയും? (ബി) ചിന്തകരായ ആളുകൾ ഏതു ചോദ്യങ്ങൾ ചോദിക്കുന്നു, ഉത്തരങ്ങൾ എന്തു നിർണയിക്കാൻ സഹായിക്കുന്നു?
ആയിരക്കണക്കിനു വർഷങ്ങളായി ആളുകൾ നക്ഷത്രനിബിഡമായ ആകാശത്തെ നോക്കി അത്ഭുതംകൂറിയിട്ടുണ്ട്. തെളിവുള്ള ഒരു രാത്രിയിൽ നയനമനോഹരമായ താരകങ്ങൾ ഒളിവിതറുന്ന രത്നങ്ങൾപ്പോലെ ആകാശത്തിന്റെ ഇരുളിമയിൽ ഞാന്നുകിടക്കുന്നു. നിലാവുള്ള ഒരു രാത്രിയിൽ ചന്ദ്രബിംബം അതിന്റെ പ്രഭാപൂരത്താൽ ഭൂമിയെ കുളിപ്പിക്കുന്ന കാഴ്ച അതിമനോഹരമാണ്.
2 തങ്ങൾ കാണുന്ന കാര്യങ്ങളെക്കുറിച്ചു ചിന്തിക്കുന്ന ആളുകൾ പലപ്പോഴും ഇങ്ങനെ അത്ഭുതപ്പെടുന്നു: ‘അങ്ങകലെ ബഹിരാകാശത്ത് എന്താണുള്ളത്? അത് എങ്ങനെയാണു സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്? അവയെല്ലാം ആരംഭിച്ചവിധം നമുക്കു കണ്ടെത്താൻ കഴിയുമോ?’ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ഭൂമിയും അതിലെ മനുഷ്യനും മറ്റു ജീവികളും ഇവിടെ ആയിരിക്കുന്നതിന്റെ കാരണവും ഭാവിയിൽ അവസ്ഥ എന്തായിരിക്കാമെന്നും കൂടുതൽ കൃത്യമായി നിർണയിക്കാൻ സഹായിക്കുമെന്നതിനു സംശയമില്ല.
3. പ്രപഞ്ചത്തെക്കുറിച്ചുള്ള വർധിച്ചുവരുന്ന വിജ്ഞാനത്തിന്റെ ഒരു ഫലമെന്ത്?
3 നഗ്നനേത്രംകൊണ്ടു കാണാൻ കഴിയുന്ന ഏതാനും ആയിരം നക്ഷത്രങ്ങളേ ഈ പ്രപഞ്ചത്തിലുള്ളൂ എന്നാണ് അനേകം നൂറ്റാണ്ടുകൾക്കു മുമ്പ് വിചാരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ, ആകാശത്തെ സസൂക്ഷ്മം പരിശോധിക്കുന്ന ശക്തമായ ഉപകരണങ്ങളുടെ സഹായത്തോടെ അതിനെക്കാളൊക്കെ വളരെയേറെ നക്ഷത്രങ്ങളുണ്ടെന്ന് ശാസ്ത്രജ്ഞന്മാർ മനസ്സിലാക്കിയിരിക്കുന്നു. വാസ്തവത്തിൽ, ഏതൊരാളും സങ്കൽപ്പിച്ചിട്ടുള്ളതിനെക്കാൾ വളരെയേറെ ഭയഗംഭീരമായ സംഗതികളാണ് അവർ നിരീക്ഷിച്ചിട്ടുള്ളത്. അവയുടെയെല്ലാം ബാഹുല്യവും സങ്കീർണതയും മനുഷ്യമനസ്സിനെ അമ്പരപ്പിക്കുന്നു. പ്രപഞ്ചത്തെക്കുറിച്ച് മനുഷ്യൻ ഇപ്പോൾ മനസ്സിലാക്കിക്കൊണ്ടിരിക്കുന്ന കാര്യങ്ങൾ “അവനെ അത്ഭുതസ്തബ്ധനാക്കി”യിരിക്കുന്നു എന്ന് നാഷണൽ ജിയോഗ്രഫിക്ക് മാസിക അഭിപ്രായപ്പെട്ടു.1
ഭയഗംഭീരമായ വലുപ്പം
4. 1920-കളിൽ എന്താണു കണ്ടുപിടിക്കപ്പെട്ടത്?
4 കഴിഞ്ഞ നൂറ്റാണ്ടുകളിൽ ആദിമ ദൂരദർശിനികളുപയോഗിച്ച് ആകാശത്തെ സസൂക്ഷ്മം പരിശോധിച്ച ജ്യോതിശ്ശാസ്ത്രജ്ഞന്മാർ മങ്ങിയ, മേഘസദൃശമായ ചില രൂപഘടനകൾ ശ്രദ്ധിക്കാനിടയായി. അവ വാതകമേഘങ്ങളാണെന്ന് അവർ കരുതി. എന്നാൽ 1920-കളിൽ വലുപ്പമേറിയതും കൂടുതൽ ശക്തവുമായ ദൂരദർശിനികൾ ഉപയോഗത്തിൽ വന്നപ്പോൾ ഈ “വാതകങ്ങൾ” വിചാരിച്ചിരുന്നതിനെക്കാൾ വളരെയേറെ വലുപ്പമുള്ളതും സുപ്രധാനവുമായ മറ്റെന്തോ ആണെന്നു കണ്ടെത്തപ്പെട്ടു: ഗാലക്സികൾ.
5. (എ) എന്താണ് ഒരു ഗാലക്സി? (ബി) നമ്മുടെ ക്ഷീരപഥ ഗാലക്സി എന്താണ് ഉൾക്കൊള്ളുന്നത്?
5 ഒരു കേന്ദ്ര ന്യൂക്ലിയസിനു ചുറ്റും ഭ്രമണംചെയ്യുന്ന നക്ഷത്രങ്ങളുടെയും വാതകത്തിന്റെയും മറ്റു പദാർഥങ്ങളുടെയും വലിയൊരു കൂട്ടമാണ് ഒരു ഗാലക്സി. ഗാലക്സികളെ ദ്വീപവിശ്വങ്ങൾ എന്നു വിളിച്ചിരിക്കുന്നു, കാരണം അവയിലോരോന്നും ഒരു പ്രപഞ്ചംപോലെതന്നെയാണ്. ഉദാഹരണത്തിന് ക്ഷീരപഥം എന്നു വിളിക്കപ്പെടുന്ന, നമ്മുടെ ഗാലക്സിയെക്കുറിച്ചു പരിചിന്തിക്കുക. നമ്മുടെ സൗരയൂഥം, അതായത് സൂര്യനും ഭൂമിയും മറ്റു ഗ്രഹങ്ങളും അവയുടെ ചന്ദ്രന്മാരും, ഈ ഗാലക്സിയുടെ ഭാഗമാണ്. എന്നാൽ ഈ സൗരയൂഥം അതിലെ തീരെ ചെറിയ ഒരു അംശം മാത്രമേ ആകുന്നുള്ളൂ, എന്തുകൊണ്ടെന്നാൽ നമ്മുടെ ക്ഷീരപഥ ഗാലക്സിയിൽ 10,000 കോടിയിലേറെ നക്ഷത്രങ്ങളുണ്ട്! ചില ശാസ്ത്രജ്ഞന്മാർ പറയുന്നത് കുറഞ്ഞത് 20,000 കോടിമുതൽ 40,000 കോടിവരെ നക്ഷത്രങ്ങൾ അതിൽ ഉണ്ടെന്നാണ്. ഒരു ശാസ്ത്രലേഖകൻ ഇങ്ങനെ പ്രസ്താവിക്കുകപോലും ചെയ്തു: “ക്ഷീരപഥ ഗാലക്സിയിൽ അഞ്ഞൂറുസഹസ്രകോടിമുതൽ ആയിരംസഹസ്രകോടിവരെ നക്ഷത്രങ്ങൾ ഉണ്ടായിരിക്കാം.”2
6. നമ്മുടെ ഗാലക്സിക്കു കുറുകെയുള്ള ദൂരം എത്രയാണ്?
6 പ്രകാശത്തിന്റെ വേഗത്തിൽ (ഒരു സെക്കന്റിൽ 2,98,051 കിലോമീറ്റർ) സഞ്ചരിക്കാൻ കഴിയുമെങ്കിൽ നമ്മുടെ ഗാലക്സി കുറുകെ കടക്കാൻ നിങ്ങൾ 1,00,000 വർഷം എടുക്കും. അത്രയധികം ആണ് അതിന്റെ വ്യാസം! അത് എത്ര കിലോമീറ്ററാണ്? കൊള്ളാം, പ്രകാശം ഒരു വർഷം ഏതാണ്ട് 9.6 ശതസഹസ്രകോടി (9,60,000,00,00,000) കിലോമീറ്റർ സഞ്ചരിക്കുന്നതിനാൽ അതിനെ 1,00,000 കൊണ്ടു ഗുണിച്ചാൽ നിങ്ങൾക്ക് ഉത്തരം ലഭിക്കുന്നു: നമ്മുടെ ക്ഷീരപഥ ഗാലക്സിയുടെ വ്യാസം ഏതാണ്ട് 960 സഹസ്രലക്ഷം കോടി (9,600,00,00,000,00,00,000) കിലോമീറ്റർ ആണ്! ഗാലക്സിക്കുള്ളിലെ നക്ഷത്രങ്ങൾക്കിടയ്ക്കുള്ള ശരാശരി അകലം ഏതാണ്ട് ആറ് പ്രകാശവർഷങ്ങൾ അല്ലെങ്കിൽ ഏകദേശം 58 ശതസഹസ്രകോടി കിലോമീറ്റർ ആയിരിക്കുന്നതായി പറയപ്പെടുന്നു.
7. പ്രപഞ്ചത്തിലെ ഗാലക്സികളുടെ എണ്ണം സംബന്ധിച്ച് എന്തു കണക്കുകൂട്ടലുകളാണു നടത്തിയിരിക്കുന്നത്?
7 ഇത്തരം വലുപ്പവും ദൂരവും ഗ്രഹിക്കുകയെന്നത് മനുഷ്യമനസ്സിനു മിക്കവാറും അസാധ്യംതന്നെയാണ്. എന്നാൽ, നമ്മുടെ ഗാലക്സി മാത്രമല്ല ബാഹ്യാകാശത്തുള്ളത്! ഒട്ടനവധി ഗാലക്സികൾ ഇപ്പോൾ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. അവ “ഒരു പുൽത്തകിടിയിലെ പുൽക്കൊടികൾ പോലെ അത്ര അധികം ഉണ്ടെന്ന്” പറയപ്പെട്ടിരിക്കുന്നു.3 ദൃശ്യ പ്രപഞ്ചത്തിൽ ഏതാണ്ട് സഹസ്രകോടി ഗാലക്സികളുണ്ട്! എന്നാൽ ഇവയെ കൂടാതെ, ഇന്നത്തെ ദൂരദർശിനികളുപയോഗിച്ചു കാണാൻ കഴിയാത്ത മറ്റനേകം ഗാലക്സികളുമുണ്ട്. പ്രപഞ്ചത്തിൽ 10,000 കോടി ഗാലക്സികളുണ്ടെന്ന് ചില ജ്യോതിശ്ശാസ്ത്രജ്ഞന്മാർ കണക്കാക്കുന്നു! ഓരോ ഗാലക്സിയിലും സഹസ്രകോടിക്കണക്കിനു നക്ഷത്രങ്ങൾ ഉണ്ടായിരുന്നേക്കാം!
ഗാലക്സികളുടെ സമൂഹങ്ങൾ
8. ഗാലക്സികൾ എങ്ങനെ ക്രമീകരിക്കപ്പെട്ടിരിക്കുന്നു?
8 എന്നാൽ ഇതുകൊണ്ടു തീർന്നില്ല. ഭയഗംഭീരമായ ഈ ഗാലക്സികൾ ബഹിരാകാശത്ത് അടുക്കും ചിട്ടയുമില്ലാതെ ചിതറിക്കിടക്കുകയല്ല. പകരം, ഒരു മുന്തിരിക്കുലയിലെ മുന്തിരിങ്ങകൾപ്പോലെ അവ സാധാരണമായി ഗാലക്സിസമൂഹങ്ങൾ എന്നു വിളിക്കപ്പെടുന്ന സുനിശ്ചിത ഗണങ്ങളായി ക്രമീകരിക്കപ്പെട്ടിരിക്കുന്നു. ഇത്തരം ആയിരക്കണക്കിനു ഗാലക്സിസമൂഹങ്ങളെ ഇതിനോടകം തന്നെ നിരീക്ഷിക്കുകയും ഫോട്ടോയിൽ പകർത്തുകയും ചെയ്തിട്ടുണ്ട്.
9. നമ്മുടെ പ്രാദേശിക ഗാലക്സിസമൂഹത്തിൽ എന്ത് ഉൾപ്പെട്ടിരിക്കുന്നു?
9 ചില ഗാലക്സിസമൂഹങ്ങളിൽ ഗാലക്സികളുടെ എണ്ണം താരതമ്യേന കുറവാണ്. ഉദാഹരണത്തിന്, നമ്മുടെ ക്ഷീരപഥ ഗാലക്സി ഇരുപതോളം ഗാലക്സികൾ മാത്രമുള്ള ഒരു ഗാലക്സിസമൂഹത്തിന്റെ ഭാഗമാണ്. ഈ പ്രാദേശിക ഗണത്തിൽ, തെളിവുള്ള ഒരു രാത്രിയിൽ ദൂരദർശിനിയുടെ സഹായംകൂടാതെ കാണാൻ കഴിയുന്ന ഒരു “അയൽക്കാരൻ” ഗാലക്സിയുണ്ട്. അതാണ് ആൻഡ്രോമിഡാ ഗാലക്സി. നമ്മുടെ ഗാലക്സിയെപ്പോലെ തന്നെ അതിനും സർപ്പിളാകൃതി ആണ്.
10. (എ) ഒരു ഗാലക്സിസമൂഹത്തിൽ എത്ര ഗാലക്സികൾ ഉണ്ടായിരുന്നേക്കാം? (ബി) ഗാലക്സികൾ തമ്മിലും ഗാലക്സികളുടെ സമൂഹങ്ങൾ തമ്മിലുമുള്ള അകലം എത്രയാണ്?
10 എന്നാൽ മറ്റു ചില ഗാലക്സിസമൂഹങ്ങളിൽ ഡസൻ കണക്കിന്, ഒരുപക്ഷേ നൂറുകണക്കിനോ ആയിരക്കണക്കിനോപോലും, ഗാലക്സികൾ അടങ്ങിയിരിക്കുന്നു. ഉദാഹരണത്തിന്, ഒരു ഗാലക്സിസമൂഹത്തിൽ 10,000-ത്തോളം ഗാലക്സികൾ ഉള്ളതായി കരുതപ്പെടുന്നു! ഒരു ഗാലക്സിസമൂഹത്തിന് ഉള്ളിലെ ഗാലക്സികൾക്കിടയ്ക്കുള്ള ശരാശരി അകലം ഏതാണ്ട് ദശലക്ഷം പ്രകാശവർഷങ്ങൾ ആണ്. എന്നാൽ ഒരു ഗാലക്സിസമൂഹത്തിൽനിന്നു മറ്റൊന്നിലേക്കുള്ള അകലം അതിന്റെ നൂറിരട്ടി ആയിരുന്നേക്കാം. ഒരു മുന്തിരിവള്ളിയിലെ മുന്തിരിക്കുലകൾപ്പോലെ, ഗാലക്സിസമൂഹങ്ങൾത്തന്നെ “ഗാലക്സിസമൂഹസഞ്ചയങ്ങളാ”യി (superclusters) ക്രമീകരിക്കപ്പെട്ടിരിക്കുന്നു എന്നതിനും തെളിവുണ്ട്. എത്ര അപാരമായ വലുപ്പവും മികച്ച സംഘാടനവും!
സമാനമായ സംഘാടനം
11. നമ്മുടെ സൗരയൂഥത്തിൽ സമാനമായ എന്തു സംഘാടനം നാം കാണുന്നു?
11 നമ്മുടെ സൗരയൂഥത്തിലേക്കു നോക്കുമ്പോൾ അതിഗംഭീരമായി സംഘടിപ്പിക്കപ്പെട്ട മറ്റൊരു ക്രമീകരണം നാം കാണുന്നു. ഇടത്തരം വലുപ്പമുള്ള ഒരു നക്ഷത്രമായ സൂര്യൻ എന്ന “ന്യൂക്ലിയസി”നു ചുറ്റും ഭൂമിയും മറ്റു ഗ്രഹങ്ങളും അവയുടെ ചന്ദ്രന്മാരും കൃത്യമായ ഭ്രമണപഥങ്ങളിലൂടെ നീങ്ങുന്നു. ഭാവിയിലെ ഏതൊരു സമയത്തും അവ എവിടെ ആയിരിക്കും എന്ന് ജ്യോതിശ്ശാസ്ത്രജ്ഞന്മാർക്കു കൃത്യമായി പ്രവചിക്കാൻ കഴിയത്തക്കവിധം ഗണിതപരമായി അത്ര കൃത്യതയോടെയാണ് അവ വർഷംതോറും ഭ്രമണംചെയ്യുന്നത്.
12. ആറ്റങ്ങൾ സംഘടിതമായിരിക്കുന്നത് എങ്ങനെ?
12 അതിസൂക്ഷ്മ വസ്തുക്കളിലേക്ക്—ആറ്റങ്ങളിലേക്ക്—നോക്കിയാലും അതേ കൃത്യതതന്നെ നമുക്കു കാണാം. ക്രമത്തിന്റെ ഒരു അത്ഭുതമാണ് ആറ്റം, അതിന്റെ ക്രമം സൗരയൂഥത്തിന്റെ ക്രമത്തോടു സദൃശം ആണ്. അതിൽ പ്രോട്ടോണുകളെന്നും ന്യൂട്രോണുകളെന്നും വിളിക്കപ്പെടുന്ന കണങ്ങളടങ്ങുന്ന ഒരു അണുകേന്ദ്രവും അതിനു ചുറ്റുമായി ഭ്രമണംചെയ്യുന്ന തീരെ ചെറിയ ഇലക്ട്രോണുകളും ഉണ്ട്. ദ്രവ്യമെല്ലാം ഈ നിർമാണഘടകങ്ങൾകൊണ്ടു നിർമിതമാണ്. ഒരു പദാർഥത്തെ മറ്റൊന്നിൽനിന്നു വ്യത്യസ്തമാക്കുന്നത് ന്യൂക്ലിയസിലെ പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും എണ്ണവും അതിനുചുറ്റും ഭ്രമണംചെയ്തുകൊണ്ടിരിക്കുന്ന ഇലക്ട്രോണുകളുടെ എണ്ണവും അവയുടെ ക്രമീകരണവുമാണ്. ഇവയ്ക്ക് ഉത്കൃഷ്ടമായ ഒരു ക്രമമുണ്ട്, കാരണം ദ്രവ്യത്തിന്റെ ഘടകങ്ങളായ എല്ലാ മൂലകങ്ങളെയും അവയിലുള്ള നിർമാണഘടകങ്ങളുടെ എണ്ണമനുസരിച്ച് കൃത്യമായ ക്രമത്തിൽ അടുക്കിവെക്കാൻ കഴിയും.
ഈ സംഘാടനത്തിനു പിന്നിൽ എന്താണുള്ളത്?
13. മുഴു പ്രപഞ്ചത്തിലും എന്തു സവിശേഷത കാണപ്പെടുന്നു?
13 നാം കണ്ടതുപോലെ, പ്രപഞ്ചത്തിന്റെ വലുപ്പം ശരിക്കും ഭയഗംഭീരമാണ്. അതുപോലെതന്നെയാണ് അതിന്റെ അത്ഭുതകരമായ ക്രമീകരണവും. അതിബൃഹത്തായ സംഗതികളിൽ മുതൽ അതിസൂക്ഷ്മമായ സംഗതികളിൽ വരെ, ഗാലക്സിസമൂഹങ്ങളിൽ മുതൽ ആറ്റങ്ങളിൽ വരെ, നാം കാണുന്ന അതിഗംഭീരമായ സംഘാടനം പ്രപഞ്ചത്തിന്റെ സവിശേഷതയാണ്. ഡിസ്കവർ മാസിക ഇങ്ങനെ പ്രസ്താവിച്ചു: “ഞങ്ങൾ ആ ക്രമം അത്ഭുതത്തോടെ ഗ്രഹിച്ചറിഞ്ഞു, ഞങ്ങളുടെ പ്രപഞ്ചശാസ്ത്രജ്ഞന്മാരും ഭൗതികശാസ്ത്രജ്ഞന്മാരും ക്രമത്തിന്റെ പുതിയതും വിസ്മയാവഹവുമായ വശങ്ങൾ കണ്ടെത്തിക്കൊണ്ടേയിരിക്കുകയാണ്. . . . അതൊരു അത്ഭുതമാണെന്നു ഞങ്ങൾ പറയാറുണ്ടായിരുന്നു, എന്നാൽ മുഴു പ്രപഞ്ചത്തെയും ഒരു അത്ഭുതമായി പരാമർശിക്കാനാണ് ഇപ്പോഴും ഞങ്ങൾ ആഗ്രഹിക്കുന്നത്.”4 പ്രപഞ്ചത്തെ വർണിക്കാൻ ജ്യോതിശ്ശാസ്ത്രത്തിൽ സാധാരണ ഉപയോഗിക്കാറുള്ള “കോസ്മോസ്” എന്ന പദം തന്നെ ഈ ക്രമീകൃത ഘടനയെ സൂചിപ്പിക്കുന്നു. ഒരു നിഘണ്ടു ഈ പദത്തെ നിർവചിക്കുന്നത് “ക്രമീകൃതവും ഏകോപിതവും വ്യവസ്ഥാപിതവുമായ ഒരു പ്രപഞ്ചം” എന്നാണ്.5
14. ഒരു മുൻ ബഹിരാകാശസഞ്ചാരി എന്ത് അഭിപ്രായ പ്രകടനമാണു നടത്തിയത്?
14 മുൻ ബഹിരാകാശസഞ്ചാരിയായ ജോൺ ഗ്ലെൻ “നമുക്കു ചുറ്റുമുള്ള മുഴു പ്രപഞ്ചത്തിന്റെയും ക്രമ”ത്തെക്കുറിച്ചു പറയുകയുണ്ടായി. “എല്ലാ” ഗാലക്സികളും “അവയുടെ നിർദിഷ്ട ഭ്രമണപഥങ്ങളിലൂടെ സഞ്ചരി”ക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് അദ്ദേഹം ഇങ്ങനെ ചോദിച്ചു: “അതു കേവലം യാദൃച്ഛികമായി സംഭവിക്കുമായിരുന്നോ? ഒഴുകി നടക്കുന്ന ഒരുകൂട്ടം ഗോളങ്ങൾ ഒരു യാദൃച്ഛിക സംഭവത്താൽ പെട്ടെന്ന് സ്വന്തമായ ഈ ഭ്രമണപഥങ്ങൾ ഉണ്ടാക്കിത്തുടങ്ങിയത് ആയിരിക്കുമോ?” അദ്ദേഹം ഇങ്ങനെ നിഗമനം ചെയ്തു: “എനിക്കതു വിശ്വസിക്കാൻ കഴിയുന്നില്ല. . . . ഏതോ ശക്തി അവയെ എല്ലാം ഭ്രമണപഥത്തിൽ വെച്ചിരിക്കുന്നു, അവിടെ നിലനിർത്തുകയും ചെയ്യുന്നു.”6
15. പ്രപഞ്ചത്തിന്റെ കൃത്യമായ രൂപസംവിധാനവും സംഘാടനവും എന്താണു സൂചിപ്പിക്കുന്നത്?
15 വാസ്തവത്തിൽ, ജ്യോതിർഗോളങ്ങളെ സമയപാലനത്തിനുള്ള ആധാരമായി മനുഷ്യന് ഉപയോഗിക്കാൻ കഴിയത്തക്കവിധം പ്രപഞ്ചം അത്ര കൃത്യമായി സംഘടിതമാണ്. സ്പഷ്ടമായും, നന്നായി രൂപസംവിധാനം ചെയ്ത ഏതൊരു വാച്ചും രൂപസംവിധാനം ചെയ്യാൻ കഴിവുള്ള ഒരു ക്രമീകൃത മനസ്സിന്റെ ഉത്പന്നമാണ്. രൂപസംവിധാനം ചെയ്യുന്ന ഒരു ക്രമീകൃത മനസ്സ് ബുദ്ധിശക്തിയുള്ള ഒരു വ്യക്തിക്കു മാത്രമേ ഉണ്ടായിരിക്കാൻ കഴിയൂ. അങ്ങനെയെങ്കിൽ പ്രപഞ്ചത്തിൽ ആകമാനം ദർശിക്കാൻ കഴിയുന്ന വളരെയേറെ സങ്കീർണമായ രൂപസംവിധാനത്തെയും ആശ്രയയോഗ്യതയെയും സംബന്ധിച്ചോ? ഇത് ഒരു രൂപസംവിധായകന്റെ, ഒരു നിർമാതാവിന്റെ, ഒരു മനസ്സിന്റെ, ബുദ്ധിശക്തിയുടെ അസ്തിത്വത്തെ വിളിച്ചോതുന്നില്ലേ? ബുദ്ധിശക്തിക്കു വ്യക്തിത്വത്തിൽനിന്നു വേറിട്ടു നിൽക്കാൻ കഴിയുമെന്നു വിശ്വസിക്കുന്നതിനു നിങ്ങൾക്ക് എന്തെങ്കിലും കാരണമുണ്ടോ?
16. പ്രപഞ്ചത്തെക്കുറിച്ച് നാം എന്തു നിഗമനത്തിൽ എത്തിച്ചേരേണ്ടിയിരിക്കുന്നു?
16 നമുക്ക് അത് അംഗീകരിക്കാതെ നിവൃത്തിയില്ല: അതിഗംഭീരമായ സംഘാടനത്തിന് അതിഗംഭീരനായ ഒരു സംഘാടകൻ ആവശ്യമാണ്. സംഘടിതമായിട്ടുള്ള എന്തെങ്കിലും യാദൃച്ഛികമായി, ആകസ്മികമായി സംഭവിച്ചിട്ടുള്ളതായി നാം ഇന്നേവരെ കേട്ടിട്ടില്ല. മറിച്ച്, നമ്മുടെ ജീവിതാനുഭവങ്ങൾ എല്ലാം പ്രകടമാക്കുന്നത് സംഘടിതമായിട്ടുള്ള സകലതിനും ഒരു സംഘാടകൻ ഉണ്ടായിരുന്നേ പറ്റൂ എന്നാണ്. സകല യന്ത്രങ്ങൾക്കും കമ്പ്യൂട്ടറുകൾക്കും കെട്ടിടങ്ങൾക്കും അതേ, പെൻസിലിനും കടലാസിനും പോലും ഒരു നിർമാതാവ്, ഒരു സംഘാടകൻ ഉണ്ടായിരുന്നിട്ടുണ്ട്. അപ്പോൾ, പ്രപഞ്ചത്തിലെ വളരെയേറെ സങ്കീർണവും ഭയഗംഭീരവുമായ സംഘാടനത്തിനും ഒരു സംഘാടകൻ ഉണ്ടായിരുന്നിരിക്കണം എന്നു ചിന്തിക്കുന്നതു യുക്തിപൂർവകമാണ്.
നിയമത്തിന് ഒരു നിയമനിർമാതാവ് ആവശ്യമാണ്
17. പ്രപഞ്ചത്തിൽ നിയമം ഉൾപ്പെട്ടിരിക്കുന്നതെങ്ങനെ?
17 കൂടാതെ, ആറ്റങ്ങൾമുതൽ ഗാലക്സികൾവരെയുള്ള മുഴു പ്രപഞ്ചത്തെയും സുനിശ്ചിതമായ ഭൗതിക നിയമങ്ങൾ ഭരിക്കുന്നു. ഉദാഹരണത്തിന്, ചൂട്, വെളിച്ചം, ശബ്ദം, ഗുരുത്വാകർഷണം എന്നിവയെ ഭരിക്കുന്ന നിയമങ്ങളുണ്ട്. ഭൗതികശാസ്ത്രജ്ഞനായ സ്റ്റീവൻ ഡബ്ലിയു. ഹോക്കിങ് ഇങ്ങനെ പറഞ്ഞു: “നാം പ്രപഞ്ചത്തെ പരിശോധിക്കുന്തോറും അത് ഒട്ടും നിയമവിമുക്തമല്ലെന്നും മറിച്ച് വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന സുനിർവചിതമായ ചില നിയമങ്ങൾ അനുസരിക്കുന്നുവെന്നും നാം കണ്ടെത്തുന്നു. ഈ നിയമങ്ങളെ എല്ലാം മറ്റൊരു വലിയ നിയമത്തിന്റെ ഭാഗമാക്കിത്തീർക്കുന്ന ചില ഏകോപന തത്ത്വങ്ങളുണ്ടായിരുന്നേക്കാമെന്നു കരുതുന്നതു വളരെ ന്യായയുക്തമായി തോന്നുന്നു.”7
18. ഒരു റോക്കറ്റ് വിദഗ്ധൻ എന്തു നിഗമനം ചെയ്തു?
18 റോക്കറ്റ് വിദഗ്ധനായ വെർനെർ ഫോൺ ബ്രൗൺ പിൻവരുന്നപ്രകാരം പറഞ്ഞപ്പോൾ ഒരു പടികൂടെ മുന്നോട്ടുപോയി: “പ്രപഞ്ചത്തിലെ പ്രകൃതി നിയമങ്ങൾ വളരെ കൃത്യമാണ്. അതുകൊണ്ട് ചന്ദ്രനിലേക്കു പറക്കാൻ ഒരു ബഹിരാകാശവാഹനം നിർമിക്കാൻ നമുക്കു യാതൊരു വിഷമവും ഇല്ല. സെക്കന്റിന്റെ ഒരംശംവരെ കൃത്യതയോടെ പറക്കലിന്റെ സമയവും നമുക്ക് അളക്കാൻ കഴിയും. തീർച്ചയായും ഈ നിയമങ്ങൾ ആരെങ്കിലും വെച്ചതായിരുന്നേ പറ്റൂ.”8 ഒരു റോക്കറ്റ് ഭൂമിയെയോ ചന്ദ്രനെയോ വിജയകരമായി ചുറ്റണമെങ്കിൽ അതു വിക്ഷേപിക്കുന്ന ശാസ്ത്രജ്ഞന്മാർ അത്തരം പ്രപഞ്ചനിയമങ്ങളുമായി പൊരുത്തത്തിൽ പ്രവർത്തിച്ചേ തീരൂ.
19. നിയമങ്ങളുടെ അസ്തിത്വത്തിന് എന്താവശ്യമാണ്?
19 നിയമങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോൾ അവ ഒരു നിയമനിർമാതാവിൽ നിന്നു വന്നുവെന്നു നാം സമ്മതിക്കുന്നു. “സ്റ്റോപ്പ്” എന്ന ഒരു ഗതാഗത സൂചനയുടെ പിന്നിൽ നിയമം രൂപപ്പെടുത്തിയ ഒരു വ്യക്തിയോ വ്യക്തികളുടെ കൂട്ടമോ തീർച്ചയായും ഉണ്ട്. അങ്ങനെയെങ്കിൽ ഭൗതികപ്രപഞ്ചത്തെ ഭരിക്കുന്ന സമഗ്രമായ നിയമങ്ങളെ സംബന്ധിച്ചെന്ത്? വിദഗ്ധമായി നിർമിക്കപ്പെട്ട അത്തരം നിയമങ്ങൾ തീർച്ചയായും അതിബുദ്ധിമാനായ ഒരു നിയമനിർമാതാവിന് സാക്ഷ്യംവഹിക്കുന്നു.
സംഘാടകനും നിയമനിർമാതാവും
20. സയൻസ് ന്യൂസ് എന്തു പ്രസ്താവനയാണു നടത്തിയത്?
20 പ്രപഞ്ചത്തിൽ എങ്ങും ദൃശ്യമായ ക്രമത്തിന്റെയും നിയമത്തിന്റെയും സകല സവിശേഷതകളെയും കുറിച്ച് അഭിപ്രായപ്പെട്ടശേഷം സയൻസ് ന്യൂസ് ഇങ്ങനെ പ്രസ്താവിച്ചു: “ഈ കാര്യങ്ങളുടെ ശ്രദ്ധാപൂർവകമായ വിചിന്തനം പ്രപഞ്ചശാസ്ത്രജ്ഞന്മാരെ അസ്വസ്ഥരാക്കുന്നു. എന്തുകൊണ്ടെന്നാൽ അത്തരം പ്രത്യേകമായ, കൃത്യതയുള്ള അവസ്ഥകൾ യാദൃച്ഛികമായി ഉളവാകുമായിരുന്നു എന്നു തോന്നുന്നില്ല. സകലതും വിദഗ്ധമായി സൃഷ്ടിക്കപ്പെട്ടതാണെന്നും ദൈവഹിതത്താൽ ഉളവായതാണെന്നും അംഗീകരിക്കുന്നതാണ് ഈ പ്രശ്നം കൈകാര്യംചെയ്യുന്നതിനുള്ള ഒരു മാർഗം.”9
21. ചില വ്യക്തികൾ എന്തു നിഗമനംചെയ്യാൻ മനസ്സുള്ളവരാണ്?
21 അനേകം ശാസ്ത്രജ്ഞന്മാരുൾപ്പെടെ നിരവധി ആളുകൾ അതു സമ്മതിക്കാൻ മനസ്സുള്ളവരല്ല. എന്നാൽ, മറ്റുചിലർ തെളിവുകളെല്ലാം അടിവരയിടുന്ന സംഗതി, അതായത് എല്ലാത്തിന്റെയും പിന്നിൽ ബുദ്ധിശക്തി ഉണ്ടെന്നുള്ള വസ്തുത, സമ്മതിക്കാൻ മനസ്സുള്ളവരാണ്. പ്രപഞ്ചത്തിലെ അപാരമായ വലുപ്പവും അതിലുടനീളം കാണാൻ കഴിയുന്ന കൃത്യതയും നിയമവും വെറുമൊരു യാദൃച്ഛിക സംഭവത്തിന്റെ ഫലമായിരിക്കാൻ ഒരു സാധ്യതയുമില്ലെന്ന് അവർ സമ്മതിക്കുന്നു. ഈ കാര്യങ്ങളെല്ലാം ഒരു ശ്രേഷ്ഠ മനസ്സിന്റെ ഉത്പന്നങ്ങളായിരുന്നേ തീരൂ.
22. ഒരു ബൈബിളെഴുത്തുകാരൻ പ്രപഞ്ചത്തിന്റെ കാരണഭൂതനെ തിരിച്ചറിയിച്ചതെങ്ങനെ?
22 ഒരു ബൈബിളെഴുത്തുകാരനും ഇതേ നിഗമനത്തിൽ ആണ് എത്തിച്ചേർന്നത്. ഭൗതികാകാശങ്ങളെ കുറിച്ച് അവൻ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ കണ്ണു മേലോട്ടു ഉയർത്തി നോക്കുവിൻ; ഇവയെ സൃഷ്ടിച്ചതാർ? അവൻ അവയുടെ സൈന്യത്തെ സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കയും അവയെ എല്ലാം പേർ ചൊല്ലി വിളിക്കയും ചെയ്യുന്നു.” ആ “അവൻ” “ആകാശങ്ങളുടെ സ്രഷ്ടാവും അവയെ വിരിക്കുന്ന മഹിമാധനനും” ആയി തിരിച്ചറിയിക്കപ്പെട്ടിരിക്കുന്നു.—യെശയ്യാവു 40:26; 42:5, NW.
ഊർജസ്രോതസ്സ്
23, 24. ദ്രവ്യത്തെ എങ്ങനെ ഉളവാക്കാൻ കഴിയും?
23 സ്ഥിതിചെയ്യുന്ന ദ്രവ്യത്തെ പ്രപഞ്ചനിയമങ്ങൾ ഭരിക്കുന്നു. എന്നാൽ ദ്രവ്യമെല്ലാം എവിടെനിന്നു വന്നു? കോസ്മോസിൽ കാൾ സാഗാൻ പറയുന്നു: “ഈ പ്രപഞ്ചത്തിന്റെ തുടക്കത്തിൽ ഗാലക്സികളോ നക്ഷത്രങ്ങളോ ഗ്രഹങ്ങളോ ജീവനോ നാഗരികതകളോ ഉണ്ടായിരുന്നില്ല.” ആ അവസ്ഥയിൽനിന്ന് ഇന്നത്തെ പ്രപഞ്ചത്തിലേക്കുള്ള മാറ്റം “നാം മനസ്സിലാക്കി തുടങ്ങിയിരിക്കുന്നതു പോലെ, ദ്രവ്യത്തിന്റെയും ഊർജത്തിന്റെയും ഏറ്റവും ഭയഗംഭീരമായ രൂപാന്തരീകരണം ആണ്.”10
24 പ്രപഞ്ചം എങ്ങനെ അസ്തിത്വത്തിൽ വന്നിരിക്കുമെന്നു മനസ്സിലാക്കുന്നതിനുള്ള താക്കോൽ അതാണ്: ഊർജത്തിന്റെയും ദ്രവ്യത്തിന്റെയും ഒരു രൂപാന്തരീകരണം സംഭവിച്ചിരുന്നിരിക്കണം. ഐൻസ്റ്റൈന്റെ പ്രസിദ്ധ സൂത്രവാക്യമായ E=mc2 (ഊർജം സമം പിണ്ഡം ഗുണം പ്രകാശവേഗത്തിന്റെ വർഗം) ഈ ബന്ധത്തെ സ്ഥിരീകരിച്ചു. ഈ സൂത്രവാക്യത്തിൽനിന്ന് ഉരുത്തിരിയുന്ന ഒരു നിഗമനം, ദ്രവ്യത്തിൽനിന്നു വൻതോതിൽ ഊർജം ഉത്പാദിപ്പിക്കാൻ കഴിയുന്നതുപോലെതന്നെ ഊർജത്തിൽനിന്നു ദ്രവ്യവും ഉത്പാദിപ്പിക്കാൻ കഴിയുമെന്നതാണ്. ആദ്യത്തേതു സത്യമാണെന്ന് അണുബോംബ് തെളിയിച്ചു. അതുകൊണ്ട് ജ്യോതിർഭൗതിക ശാസ്ത്രജ്ഞനായ (astrophysicist) ജോസിപ് ക്ലെസെക്ക് ഇങ്ങനെ പ്രസ്താവിച്ചു: “മൗലികകണങ്ങൾ മിക്കതും, സാധ്യതയനുസരിച്ച് മുഴുവനുംതന്നെ ഊർജത്തിന്റെ ദ്രവീഭവനം വഴി സൃഷ്ടിക്കപ്പെടാം.”11
25. പ്രപഞ്ചത്തെ സൃഷ്ടിക്കുന്നതിനാവശ്യമായ ഭയഗംഭീര ശക്തിയുടെ ഉറവിടമേത്?
25 അതുകൊണ്ട്, പ്രപഞ്ചത്തിലെ ദ്രവ്യം നിർമിക്കുന്നതിനുള്ള അസംസ്കൃത പദാർഥം അളവറ്റ ഊർജത്തിന്റെ ഒരു സ്രോതസ്സിൽ ഉണ്ടായിരിക്കുമായിരുന്നു എന്നതിനു ശാസ്ത്രീയ തെളിവുണ്ട്. നേരത്തേ ഉദ്ധരിച്ച ബൈബിളെഴുത്തുകാരൻ പിൻവരുന്നപ്രകാരം പറഞ്ഞുകൊണ്ട് ഈ ഊർജസ്രോതസ്സ് ജീവനും ബുദ്ധിശക്തിയുമുള്ള ഒരു വ്യക്തിയാണെന്നു സൂചിപ്പിച്ചു: “ചലനാത്മക ഊർജത്തിന്റെ സമൃദ്ധി നിമിത്തവും അവന്റെ ശക്തിയുടെ ആധിക്യം നിമിത്തവും അവയിൽ ഒന്നുപോലും [ജ്യോതിർഗോളങ്ങൾ] നഷ്ടമാവുന്നില്ല.” അതുകൊണ്ട്, ഉല്പത്തി 1:1-ൽ “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു” എന്നു പറയുമ്പോൾ ബൈബിൾ അതിരറ്റ ഊർജത്തിന്റെ ഈ സ്രോതസ്സിലേക്കാണ് ശ്രദ്ധ ക്ഷണിക്കുന്നത്.
ആരംഭം കുഴഞ്ഞുമറിഞ്ഞതല്ല
26. ഇന്നു ശാസ്ത്രജ്ഞന്മാർ പൊതുവെ എന്തു സമ്മതിക്കുന്നു?
26 പ്രപഞ്ചത്തിന് തീർച്ചയായും ഒരു ആരംഭമുണ്ടായിരുന്നുവെന്ന് ഇന്നു ശാസ്ത്രജ്ഞന്മാർ പൊതുവെ സമ്മതിക്കുന്നു. ഈ ആരംഭത്തെ വിശദീകരിക്കാനുള്ള ശ്രമത്തിൽ അവർ മഹാസ്ഫോടനം (Big Bang) എന്നറിയപ്പെടുന്ന ഒരു പ്രമുഖസിദ്ധാന്തത്തിന് രൂപം കൊടുത്തു. “പ്രപഞ്ചോത്പത്തിയെക്കുറിച്ചുള്ള അടുത്തകാലത്തെ മിക്കവാറുമെല്ലാ ചർച്ചകളും മഹാസ്ഫോടന സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയുള്ളതാണെ”ന്ന് ഫ്രാൻസിസ് ക്രിക്ക് അഭിപ്രായപ്പെടുന്നു.12 ജാസ്റ്റ്രോ ഈ പ്രപഞ്ച “സ്ഫോടന”ത്തെ “അക്ഷരാർഥത്തിലുള്ള സൃഷ്ടിനിമിഷ”മായി പരാമർശിക്കുന്നു.13 എന്നാൽ, ഈ “നിമിഷ”ത്തിനുശേഷം സംഭവിച്ചതിനെക്കുറിച്ച് “തങ്ങൾക്കു സവിസ്തരം വർണിക്കാൻ കഴിയുന്നതായി” ശാസ്ത്രജ്ഞന്മാർ “പൊതുവെ അവകാശപ്പെടുന്നുണ്ടെ”ങ്കിലും “സൃഷ്ടിനിമിഷത്തിന്” ഇടയാക്കിയതെന്തെന്നുള്ളത് “ഒരു നിഗൂഢതയായിത്തന്നെ അവശേഷിക്കുന്നു”എന്ന് ജ്യോതിർഭൗതിക ശാസ്ത്രജ്ഞനായ ജോൺ ഗ്രിബ്ബിൻ ന്യൂ സയന്റിസ്റ്റിൽ സമ്മതിച്ചു പറഞ്ഞു. എന്നിട്ട് അദ്ദേഹം ചിന്താമഗ്നനായി പറഞ്ഞു, “ഒരുപക്ഷേ ദൈവംതന്നെ ആയിരിക്കാം അതിനിടയാക്കിയത്.”14
27. മഹാസ്ഫോടന സിദ്ധാന്തം വളരെ പരിമിതമായിരിക്കുന്നത് എന്തുകൊണ്ട്?
27 എന്നിരുന്നാലും, ഈ “നിമിഷ”ത്തിന്റെ ബഹുമതി ദൈവത്തിനു കൊടുക്കാൻ മിക്ക ശാസ്ത്രജ്ഞന്മാരും മനസ്സുള്ളവരല്ല. അതുകൊണ്ട്, ഒരു ന്യൂക്ലിയർ ബോംബ് സ്ഫോടനം പോലെ ഈ സ്ഫോടനം ആകെ കുഴഞ്ഞുമറിഞ്ഞ ഒരു അവസ്ഥയ്ക്ക് ഇടയാക്കിയതായി സാധാരണ പറയപ്പെടുന്നു. എന്നാൽ ഈ രീതിയിലുള്ള സ്ഫോടനം മെച്ചമായ സംഘാടനത്തിൽ കലാശിക്കുന്നുണ്ടോ? യുദ്ധകാലത്ത് നഗരങ്ങളിൽ വീഴുന്ന ബോംബുകൾ അതിഗംഭീരമായി രൂപസംവിധാനം ചെയ്യപ്പെട്ട കെട്ടിടങ്ങളെയും തെരുവുകളെയും ഗതാഗത നിയമങ്ങൾ ഉൾക്കൊള്ളുന്ന സൂചനകളെയും ഉളവാക്കുന്നുണ്ടോ? നേരെമറിച്ച്, അത്തരം സ്ഫോടനങ്ങൾ വിനാശത്തിനും ക്രമരാഹിത്യത്തിനും അവ്യവസ്ഥയ്ക്കും ശിഥിലീകരണത്തിനും ഇടയാക്കുന്നു. സ്ഫോടനത്തിനു പിന്നിൽ ന്യൂക്ലിയർ ഉപകരണങ്ങളാകുമ്പോൾ ക്രമരാഹിത്യം സമഗ്രമാണ്—1945-ൽ ജപ്പാനിലെ നഗരങ്ങളായ ഹിരോഷിമയിലും നാഗസാക്കിയിലും സംഭവിച്ചതുപോലെ.
28. പ്രപഞ്ചത്തെ സൃഷ്ടിക്കുന്നതിൽ പ്രവർത്തിച്ച പ്രബല ശക്തികളെക്കുറിച്ച് എന്തു നിഗമനം ചെയ്യേണ്ടതുണ്ട്?
28 ഇല്ല, വെറുമൊരു “സ്ഫോടന”ത്തിന് വിസ്മയാവഹമായ ക്രമവും രൂപസംവിധാനവും നിയമവും ഉള്ള നമ്മുടെ ഭയഗംഭീര പ്രപഞ്ചത്തെ സൃഷ്ടിക്കാൻ കഴിയില്ല. അതിഗംഭീരമായ സംഘാടനത്തിലും നിയമത്തിലും കലാശിക്കത്തക്കവിധം പ്രബല ശക്തികളുടെ പ്രവർത്തനത്തെ നയിക്കാൻ ശക്തനായ ഒരു സംഘാടകനും നിയമനിർമാതാവിനും മാത്രമേ കഴിയൂ. അതുകൊണ്ട് ശാസ്ത്രീയമായ തെളിവും യുക്തിയും ഈ ബൈബിൾ പ്രഖ്യാപനത്തിന് ഉറച്ച പിൻബലം നൽകുന്നു: “ആകാശം ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്നു; ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു.”—സങ്കീർത്തനം 19:1.
29. ശാസ്ത്രത്തിന്റെയും അതുപോലെ നമ്മുടെതന്നെയും നിരീക്ഷണങ്ങൾ എന്തിനെ സ്ഥിരീകരിക്കുന്നു?
29 അങ്ങനെ, പരിണാമസിദ്ധാന്തം വ്യക്തമായി ഉത്തരം നൽകിയിട്ടില്ലാത്ത ചോദ്യങ്ങൾക്കു ബൈബിൾ അനായാസം ഉത്തരം നൽകുന്നു. നാം ഇരുട്ടിൽ തപ്പിത്തടയാൻ ഇടയാക്കാതെ സകലത്തിന്റെയും ഉത്പത്തിക്കു പിന്നിൽ എന്താണുള്ളത് എന്നതു സംബന്ധിച്ച് ബൈബിൾ ലളിതമായും മനസ്സിലാകുന്നവിധത്തിലും നമുക്ക് ഉത്തരം നൽകുന്നു. യാതൊന്നും തനിയെ അസ്തിത്വത്തിൽ വരുന്നില്ല എന്ന ശാസ്ത്രത്തിന്റെയും അതുപോലെതന്നെ നമ്മുടെയും നിരീക്ഷണങ്ങളെ അതു സ്ഥിരീകരിക്കുന്നു. പ്രപഞ്ചം നിർമിക്കപ്പെട്ടപ്പോൾ നാം ആരും അവിടെ ഇല്ലായിരുന്നെങ്കിലും ബൈബിൾ ന്യായവാദം ചെയ്യുന്നതുപോലെ അതിന് ഒരു വിദഗ്ധ ശിൽപ്പി ഉണ്ടായിരിക്കേണ്ടിയിരുന്നു എന്നതു സ്പഷ്ടമാണ്: “ഏതു ഭവനവും ചമെപ്പാൻ ഒരാൾ വേണം; സർവവും ചമെച്ചവൻ ദൈവം തന്നേ.”—എബ്രായർ 3:4.
[അധ്യയന ചോദ്യങ്ങൾ]
[115-ാം പേജിലെ ആകർഷകവാക്യം]
പ്രപഞ്ചത്തെക്കുറിച്ച് മനുഷ്യൻ ഇപ്പോൾ മനസ്സിലാക്കിക്കൊണ്ടിരിക്കുന്ന കാര്യങ്ങൾ “അവനെ അത്ഭുതസ്തബ്ധനാക്കി”യിരിക്കുന്നു
[117-ാം പേജിലെ ആകർഷകവാക്യം]
നമ്മുടെ ക്ഷീരപഥ ഗാലക്സിയിൽ 10,000 കോടിയിലേറെ നക്ഷത്രങ്ങളുണ്ട്
[118-ാം പേജിലെ ആകർഷകവാക്യം]
ഒരു മുന്തിരിക്കുലയിലെ മുന്തിരിങ്ങകൾപ്പോലെ ഗാലക്സികൾ ഗാലക്സിസമൂഹങ്ങളായി ക്രമീകരിക്കപ്പെട്ടിരിക്കുന്നു
[122-ാം പേജിലെ ആകർഷകവാക്യം]
ശാസ്ത്രജ്ഞന്മാർ “ക്രമത്തിന്റെ പുതിയതും വിസ്മയാവഹവുമായ വശങ്ങൾ കണ്ടെത്തിക്കൊണ്ടേയിരിക്കുകയാണ്”
[123-ാം പേജിലെ ആകർഷകവാക്യം]
അതിഗംഭീരമായ സംഘാടനത്തിന് അതിഗംഭീരനായ ഒരു സംഘാടകൻ ആവശ്യമാണ്
[123-ാം പേജിലെ ആകർഷകവാക്യം]
പ്രപഞ്ചം “സുനിർവചിതമായ ചില നിയമങ്ങൾ അനുസരിക്കുന്നു”
[125-ാം പേജിലെ ആകർഷകവാക്യം]
“അത്തരം പ്രത്യേകമായ, കൃത്യതയുള്ള അവസ്ഥകൾ യാദൃച്ഛികമായി ഉളവാകുമായിരുന്നു എന്നു തോന്നുന്നില്ല”
[114-ാം പേജ് നിറയെയുള്ള ചിത്രം]
[116-ാം പേജിലെ ചിത്രം]
ഒരു സാധാരണ സർപ്പിള ഗാലക്സി
[116, 117 പേജുകളിലെ ചിത്രം]
നമ്മുടെ ക്ഷീരപഥ ഗാലക്സിയോടുള്ള താരതമ്യത്തിൽ മുകളിലത്തെ ചതുരത്തിലുള്ള നമ്മുടെ സൗരയൂഥം ചെറുതായി കാണപ്പെടുന്നു
[119-ാം പേജിലെ ചിത്രം]
നമ്മുടെ ക്ഷീരപഥത്തോടു സമാനമായ ആൻഡ്രോമിഡാ ഗാലക്സി, 10,000 കോടിയോളം ഗാലക്സികൾ ഉൾക്കൊള്ളുന്നതായി പറയപ്പെടുന്ന ഭയഗംഭീര പ്രപഞ്ചത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ്
[120, 121 പേജുകളിലെ ചിത്രങ്ങൾ]
നമ്മുടെ സൗരയൂഥത്തിലെ ഗ്രഹങ്ങൾ അങ്ങേയറ്റം കൃത്യതയോടുകൂടി സൂര്യനെ ചുറ്റുന്നു
ഒരു ആറ്റത്തിലെ ക്രമം സൗരയൂഥത്തിന്റേതിനോടു സമാനമാണ്
[122-ാം പേജിലെ ചിത്രം]
കൃത്യതയുള്ള ഒരു വാച്ച് ബുദ്ധിശാലിയായ ഒരു രൂപസംവിധായകന്റെ ഉത്പന്നമാണ്. അങ്ങനെയെങ്കിൽ, പ്രപഞ്ചത്തിൽ കാണുന്ന അതിനെക്കാളൊക്കെ മികച്ച കൃത്യതയുടെ പിന്നിലും ബുദ്ധിശാലിയും ശ്രേഷ്ഠനുമായ ഒരു രൂപസംവിധായകൻ ഉണ്ടായിരിക്കേണ്ടതല്ലേ?
[124-ാം പേജിലെ ചിത്രം]
ചലനത്തിന്റെയും ഗുരുത്വാകർഷണത്തിന്റെയും നിയമങ്ങൾ അനുസരിക്കാതെ ഒരു റോക്കറ്റിന് അതിന്റെ ഭ്രമണപഥത്തിൽ പറന്നെത്താൻ കഴിയില്ല. തീർച്ചയായും ഈ നിയമങ്ങൾക്കു പിന്നിൽ ഒരു നിയമനിർമാതാവ് ഉണ്ടായിരുന്നിരിക്കണം
[125-ാം പേജിലെ ചിത്രം]
ഗതാഗത നിയമങ്ങൾ നിർമിക്കുന്നതിന് ഒരു മനസ്സ് ആവശ്യമാണ്
[126-ാം പേജിലെ ചിത്രങ്ങൾ]
ദ്രവ്യവും ഊർജവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അണുബോംബ് പ്രകടമാക്കി
ബോംബ് സ്ഫോടനങ്ങൾ കെട്ടിടങ്ങൾ മെച്ചമായി സംഘടിപ്പിക്കപ്പെടാൻ ഇടയാക്കുന്നുണ്ടോ?
[127-ാം പേജിലെ ചിത്രം]
“ഏതു ഭവനവും ചമെപ്പാൻ ഒരാൾ വേണം; സർവ്വവും ചമെച്ചവൻ ദൈവം തന്നേ.”—എബ്രായർ 3:4