നിങ്ങൾക്കു ബൈബിളിൽ വിശ്വസിക്കാൻ കഴിയുമോ?
അധ്യായം 17
നിങ്ങൾക്കു ബൈബിളിൽ വിശ്വസിക്കാൻ കഴിയുമോ?
1. (എ) ബൈബിൾതന്നെ അവകാശപ്പെടുന്നതിനെതിരായി അനേകരും ബൈബിളിനെ വീക്ഷിക്കുന്നത് എങ്ങനെയാണ്? (ബി) ഏതു ചോദ്യം ഉദിക്കുന്നു?
പൊയ്പോയ ഏതോ ഒരു യുഗത്തിലെ ജ്ഞാനികളായ പുരുഷന്മാർ എഴുതിയ ഒരു പുസ്തകം ആയി മാത്രമാണ് അനേകരും ബൈബിളിനെ കാണുന്നത്. ഒരു യൂണിവേഴ്സിറ്റി പ്രൊഫസറായ ജെറാൾഡ് എ. ലാറ്യു ഇങ്ങനെ തറപ്പിച്ചു പറഞ്ഞു: “ബൈബിളിൽ പ്രസ്താവിച്ചിരിക്കുന്ന എഴുത്തുകാരുടെ വീക്ഷണങ്ങൾ അവരുടെ കാലത്ത് പ്രചാരത്തിലിരുന്ന ആശയങ്ങളെയും വിശ്വാസങ്ങളെയും ധാരണകളെയും പ്രതിഫലിപ്പിക്കുന്നു, അക്കാലത്തെ വിജ്ഞാന പരിധിയുടെ പരിമിതിയുമുണ്ട് അവയ്ക്ക്.”1 പക്ഷേ ബൈബിൾ, അത് ദൈവത്താൽ നിശ്വസ്തമാക്കപ്പെട്ട ഒരു പുസ്തകമാണെന്ന് അവകാശപ്പെടുന്നു. (2 തിമൊഥെയൊസ് 3:16) ഇതു സത്യമാണെങ്കിൽ, അതിന്റെ വിവിധ ഭാഗങ്ങൾ എഴുതപ്പെട്ട സമയത്തു നിലവിലുണ്ടായിരുന്ന തെറ്റായ വീക്ഷണങ്ങളിൽനിന്ന് അതു തീർച്ചയായും വിമുക്തമായിരിക്കും. ഏതൽക്കാല അറിവിന്റെ വെളിച്ചത്തിൽ പരിശോധിക്കുമ്പോൾ ബൈബിൾ പ്രസ്താവനകൾ ശരിയാണെന്നു തെളിയുന്നുണ്ടോ?
2. പുതിയ വിവരങ്ങൾ ശാസ്ത്രീയ വിഷയങ്ങളെക്കുറിച്ചുള്ള മനുഷ്യരുടെ എഴുത്തുകളെ മിക്കപ്പോഴും ബാധിക്കുന്നത് എങ്ങനെ?
2 ഈ ചോദ്യം പരിചിന്തിക്കുമ്പോൾ, അറിവു വർധിക്കുന്നതിനനുസരിച്ച് മനുഷ്യർക്ക് പുതിയ വിവരങ്ങളോടും കണ്ടുപിടിത്തങ്ങളോടും പൊരുത്തപ്പെടുന്നതിനായി തങ്ങളുടെ വീക്ഷണങ്ങൾ നിരന്തരം മാറ്റിക്കൊണ്ടിരിക്കേണ്ടിവരുന്നുവെന്ന സംഗതി മനസ്സിൽ പിടിക്കുക. സയന്റിഫിക്ക് മന്ത്ലി ഒരിക്കൽ ഇങ്ങനെ പ്രസ്താവിച്ചു: “ചിലപ്പോൾ അഞ്ചു വർഷം മുമ്പ് എഴുതപ്പെട്ട ലേഖനങ്ങൾപോലും അവയുമായി ബന്ധപ്പെട്ട ശാസ്ത്രമേഖലകളിലെ അത്യാധുനിക ചിന്താഗതിയെ പ്രതിഫലിപ്പിക്കുന്നുവെന്നു പ്രതീക്ഷിക്കാൻ കഴിയില്ല.”2 എന്നാൽ ബൈബിളിന്റെ വ്യത്യസ്ത ഭാഗങ്ങൾ എഴുതുകയും സമാഹരിക്കുകയും ചെയ്തത് ഏതാണ്ട് 1,600 വർഷത്തെ ഒരു കാലഘട്ടംകൊണ്ടാണ്, അതിന്റെ എഴുത്തു പൂർത്തിയായതാണെങ്കിലോ ഏതാണ്ട് 2,000 വർഷം മുമ്പും. അതിന്റെ കൃത്യതയെക്കുറിച്ച് ഇന്ന് എന്തു പറയാൻ കഴിയും?
ബൈബിളും ശാസ്ത്രവും
3. ഭൂമിയുടെ താങ്ങിനെക്കുറിച്ച് പുരാതന ആളുകൾക്ക് എന്തു വീക്ഷണങ്ങളാണ് ഉണ്ടായിരുന്നത്, എന്നാൽ ബൈബിൾ എന്തു പറയുന്നു?
3 ബൈബിളിന്റെ എഴുത്തു നടന്ന സമയത്ത് ഭൂമി ശൂന്യാകാശത്തു നിലകൊള്ളുന്ന വിധം സംബന്ധിച്ച് അഭ്യൂഹം ഉണ്ടായിരുന്നു. ഉദാഹരണത്തിന്, ചിലയാളുകൾ വിശ്വസിച്ചിരുന്നത് ഒരു വലിയ കടലാമയുടെ പുറത്തു നിൽക്കുന്ന നാല് ആനകൾ ഭൂമിയെ താങ്ങിനിർത്തിയിരുന്നുവെന്നാണ്. എങ്കിലും ബൈബിൾ, അത് എഴുതപ്പെട്ട സമയത്ത് നിലവിലുണ്ടായിരുന്ന സാങ്കൽപ്പികവും അശാസ്ത്രീയവുമായ വീക്ഷണങ്ങളെ പ്രതിഫലിപ്പിക്കുന്നതിനു പകരം ഇങ്ങനെ ലളിതമായി പ്രസ്താവിച്ചു: “ഉത്തരദിക്കിനെ [ദൈവം] ശൂന്യത്തിന്മേൽ വിരിക്കുന്നു; ഭൂമിയെ നാസ്തിത്വത്തിന്മേൽ [“ശൂന്യത്തിന്മേൽ,” NW] തൂക്കുന്നു.” (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) (ഇയ്യോബ് 26:7) അതേ, ഭൂമിക്ക് യാതൊരു ദൃശ്യ താങ്ങുമില്ലെന്ന് 3,000-ത്തിലധികം വർഷം മുമ്പ് ബൈബിൾ കൃത്യമായി രേഖപ്പെടുത്തി. ഈ വസ്തുത ഏറെ അടുത്തകാലത്തു മനസ്സിലാക്കിയിട്ടുള്ള ഗുരുത്വവും ചലനവും സംബന്ധിച്ച നിയമങ്ങളോടു ചേർച്ചയിലാണ്. “ഇയ്യോബ് ഈ സത്യം എങ്ങനെ അറിഞ്ഞു എന്നത് വിശുദ്ധ തിരുവെഴുത്തിന്റെ നിശ്വസ്തതയെ നിഷേധിക്കുന്നവർക്ക് എളുപ്പം ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ്” എന്ന് ഒരു മതപണ്ഡിതൻ പ്രസ്താവിക്കുകയുണ്ടായി.3
4, 5. (എ) ഭൂമിയുടെ ആകൃതിയെക്കുറിച്ച് ഒരുകാലത്ത് ആളുകൾ എന്താണു വിശ്വസിച്ചിരുന്നത്, അത് എന്തു ഭയത്തിനിടയാക്കി? (ബി) ഭൂമിയുടെ ആകൃതിയെക്കുറിച്ച് ബൈബിൾ എന്താണു പറയുന്നത്?
4 ഭൂമിയുടെ ആകൃതിയെക്കുറിച്ച് ദി എൻസൈക്ലോപീഡിയ അമേരിക്കാനാ ഇപ്രകാരം പറയുന്നു: “ഭൂമിയെക്കുറിച്ചു മനുഷ്യർക്ക് ഉണ്ടായിരുന്നതായി അറിയപ്പെടുന്ന ഏറ്റവും ആദിമ സങ്കൽപ്പം ഭൂമി പ്രപഞ്ചത്തിന്റെ മധ്യത്തിലുള്ള പരന്നതും ഉറപ്പുള്ളതുമായ ഒരു വേദിയായിരുന്നു എന്നതാണ്. . . . ഗോളാകൃതിയിലുള്ള ഭൂമി എന്ന ആശയം നവോത്ഥാന കാലഘട്ടംവരെ വ്യാപകമായി അംഗീകരിക്കപ്പെട്ടിരുന്നില്ല.”4 ആദ്യകാലത്തെ ചില നാവികർ പരന്ന ഭൂമിയുടെ അറ്റത്തുകൂടെ കപ്പലോടിക്കാൻ പോലും ഭയപ്പെട്ടിരുന്നു! എന്നാൽ ദിക്സൂചകം കണ്ടുപിടിക്കുകയും മറ്റു പുരോഗതികൾ കൈവരിക്കുകയും ചെയ്തതോടെ ദീർഘദൂര സമുദ്രയാത്രകൾ സാധ്യമായിത്തീർന്നു. “മിക്കയാളുകളും വിശ്വസിച്ചിരുന്നതുപോലെ ഭൂലോകം പരന്നതല്ല, ഉരുണ്ടതാണെന്ന്” ഈ “സമുദ്ര പര്യടനങ്ങൾ കാണിച്ചുതന്നു” എന്ന് മറ്റൊരു വിശ്വവിജ്ഞാനകോശം വിശദീകരിക്കുന്നു.5
5 എങ്കിലും മനുഷ്യർ അത്തരം സമുദ്രയാത്രകൾ നടത്തുന്നതിനു വളരെനാൾ മുമ്പ്, വാസ്തവത്തിൽ ഏതാണ്ട് 2,700 വർഷം മുമ്പുതന്നെ, ബൈബിൾ ഇപ്രകാരം പറയുകയുണ്ടായി: “അവൻ ഭൂമണ്ഡലത്തിന്മീതെ [“ഭൂവൃത്തത്തിൻമീതെ,” NW] അധിവസിക്കുന്നു; അതിലെ നിവാസികൾ വെട്ടുക്കിളികളെപ്പോലെ ഇരിക്കുന്നു.” (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) (യെശയ്യാവു 40:22) ഡേവിഡ്സണിന്റെ അനലിറ്റിക്കൽ ഹീബ്രു ആൻഡ് കാൽഡീ ലെക്സിക്കൻ പോലെയുള്ള പരാമർശ കൃതികൾ പറയുന്നതനുസരിച്ച് ‘മണ്ഡലം’ അല്ലെങ്കിൽ ‘വൃത്തം’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ചുഗ് എന്ന എബ്രായ പദത്തിന് “ഗോള”ത്തെയും അർഥമാക്കാൻ കഴിയും. അതുകൊണ്ട് മറ്റു ചില വിവർത്തനങ്ങൾ “ഭൂഗോളം” (ഡുവേ ഭാഷാന്തരം) എന്നും “ഉരുണ്ട ഭൂമി” (മോഫറ്റ്) എന്നും മറ്റുമുള്ള പദപ്രയോഗങ്ങളാണ് ഈ വാക്യത്തിൽ ഉപയോഗിക്കുന്നത്. അങ്ങനെ ബൈബിൾ, അത് എഴുതപ്പെട്ടപ്പോൾ നിലവിലുണ്ടായിരുന്ന ഭൂമി പരന്നതാണെന്ന തെറ്റായ വീക്ഷണത്താൽ സ്വാധീനിക്കപ്പെട്ടില്ല. അതിന്റെ പ്രസ്താവന കൃത്യമായിരുന്നു.
6. പുരാതന കാലങ്ങളിൽ പൊതുവെ ആർക്കുംതന്നെ അറിയില്ലായിരുന്ന അത്ഭുതകരമായ ഏതു പരിവൃത്തിയെക്കുറിച്ചാണ് ബൈബിൾ വർണിക്കുന്നത്?
6 നദികൾ കടലുകളിലും സമുദ്രങ്ങളിലും ചെന്നു പതിക്കുന്നുവെങ്കിലും അവയുടെ ആഴം വർധിക്കാത്തത് ആളുകൾ പണ്ടുമുതലേ ശ്രദ്ധിച്ചിട്ടുണ്ട്. ഭൂമിക്ക് ഗോളാകൃതിയാണ് ഉള്ളതെന്നു മനസ്സിലാക്കുന്നതുവരെ ചിലർ വിശ്വസിച്ചിരുന്നത് ഭൂമിയുടെ അറ്റങ്ങളിൽനിന്ന്, ചെന്നുചേരുന്ന ജലം തുളുമ്പിപ്പോകുന്നതാണ് ഇതിനു കാരണമെന്നാണ്. എന്നാൽ, സൂര്യൻ ഓരോ സെക്കന്റിലും കടലുകളിൽനിന്നു ശതകോടിക്കണക്കിനു ലിറ്റർ ജലത്തെ നീരാവിയുടെ രൂപത്തിൽ മുകളിലേക്കു “വലിച്ചെടുക്കുന്നു” എന്ന് പിന്നീടു മനസ്സിലാക്കി. ഇതിൽനിന്നും മേഘങ്ങൾ രൂപംകൊള്ളുന്നു. ഈ മേഘങ്ങൾ കരപ്രദേശങ്ങൾക്കു മുകളിലൂടെ കാറ്റടിച്ചു നീങ്ങുമ്പോൾ അവയിലെ ഈർപ്പം മഴയും മഞ്ഞും ആയി പെയ്യുന്നു. ഭൂമിയിലെത്തുന്ന ഈ വെള്ളം നദികളിലേക്ക് ഒഴുകുകയും വീണ്ടും സമുദ്രങ്ങളിലെത്തുകയും ചെയ്യുന്നു. അത്ഭുതകരമായ ഈ പരിവൃത്തിയെക്കുറിച്ച് പുരാതന കാലങ്ങളിൽ പൊതുവെ ആർക്കുംതന്നെ അറിയില്ലായിരുന്നെങ്കിലും ബൈബിൾ അതേക്കുറിച്ചു പ്രസ്താവിക്കുന്നുണ്ട്: “എല്ലാ നദികളും കടലിലേക്ക് ഒഴുകുന്നു, എന്നിട്ടും കടൽ നിറയുന്നില്ല. നദികൾ ഉത്ഭവിച്ചിടത്തേക്കു വെള്ളം മടങ്ങിച്ചെല്ലുന്നു, വീണ്ടും ഒഴുക്കു തുടങ്ങുന്നു.”—സഭാപ്രസംഗി 1:7, റ്റുഡേയ്സ് ഇംഗ്ലീഷ് വേർഷൻ.
7, 8. (എ) പ്രപഞ്ചത്തിന്റെ ഉത്പത്തിയെക്കുറിച്ച് ബൈബിൾ പറയുന്നതു ശരിയാണെന്നു തെളിഞ്ഞിരിക്കുന്നത് എങ്ങനെ? (ബി) ഏറെ പുതിയ ഈ വിവരങ്ങളോടുള്ള ചില ജ്യോതിശ്ശാസ്ത്രജ്ഞന്മാരുടെ പ്രതികരണം എന്താണ്, അവർ അങ്ങനെ പ്രതികരിക്കുന്നത് എന്തുകൊണ്ട്?
7 പ്രപഞ്ചത്തിന്റെ ഉത്പത്തിയെക്കുറിച്ചു ബൈബിൾ ഇങ്ങനെ പ്രസ്താവിക്കുന്നു: “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.” (ഉല്പത്തി 1:1) എന്നാൽ പ്രപഞ്ചത്തിന് ആരംഭം ഇല്ലായിരുന്നുവെന്നു തറപ്പിച്ചു പറയുന്ന അനേകം ശാസ്ത്രജ്ഞന്മാരും ഈ പ്രസ്താവനയെ അശാസ്ത്രീയമായി കണക്കാക്കുന്നു. എന്നാൽ ഏറെ പുതിയ വിവരങ്ങളിലേക്കു വിരൽചൂണ്ടിക്കൊണ്ട് ജ്യോതിശ്ശാസ്ത്രജ്ഞനായ റോബർട്ട് ജാസ്റ്റ്രോ ഇപ്രകാരം വിശദീകരിക്കുന്നു: “പ്രപഞ്ചത്തിന് ഏതോ പ്രകാരത്തിലുള്ള ഒരു ആരംഭം ഉണ്ടായിരുന്നു എന്നതാണ് പുതിയ വികാസങ്ങളുടെ അന്തഃസത്ത—അതായത് അത് സമയത്തിലെ ഒരു പ്രത്യേക നിമിഷത്തിൽ തുടങ്ങി.” 9-ാം അധ്യായത്തിൽ ചർച്ച ചെയ്തിരുന്ന മഹാസ്ഫോടന സിദ്ധാന്തത്തെ കുറിച്ചാണ് ജാസ്റ്റ്രോ ഇവിടെ പരാമർശിക്കുന്നത്. ഇപ്പോൾ പൊതുവെ അംഗീകരിക്കപ്പെടുന്ന ഒരു സിദ്ധാന്തമാണ് അത്. അദ്ദേഹം ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “ജ്യോതിശ്ശാസ്ത്രപരമായ തെളിവ് ലോകോത്പത്തിയെക്കുറിച്ചുള്ള ബൈബിളിന്റെ വീക്ഷണത്തിലേക്കു നയിക്കുന്ന വിധമാണു നാമിപ്പോൾ കാണുന്നത്. വിശദാംശങ്ങൾ വ്യത്യസ്തമാണ് എങ്കിലും ഉല്പത്തിയെക്കുറിച്ചുള്ള ജ്യോതിശ്ശാസ്ത്ര വിവരണത്തിലെയും ബൈബിൾ വിവരണത്തിലെയും അടിസ്ഥാന ആശയങ്ങൾ ഒന്നുതന്നെയാണ്.”6
8 അത്തരം കണ്ടെത്തലുകളോടുള്ള മറ്റു ജ്യോതിശ്ശാസ്ത്രജ്ഞന്മാരുടെ പ്രതികരണം എന്താണ്? “ജ്യോതിശ്ശാസ്ത്രജ്ഞന്മാർ അസാധാരണമാംവിധം അസ്വസ്ഥരാണ്, ശാസ്ത്രംതന്നെ വെളിച്ചത്തുകൊണ്ടുവരുന്ന തെളിവ് തങ്ങളുടെ തൊഴിലിന്റെ വിശ്വാസപ്രമാണങ്ങളുമായുള്ള ഒരു സംഘട്ടനത്തിലേക്കു നയിക്കുമ്പോൾ ശാസ്ത്രജ്ഞന്മാരുടെ മനസ്സ്—വളരെ വസ്തുനിഷ്ഠമെന്നു കരുതപ്പെടുന്ന ഒരു മനസ്സ്—എങ്ങനെ പ്രതികരിക്കുമെന്നതിന്റെ രസാവഹമായ ഒരു പ്രകടനമാണ് അവരുടെ പ്രതികരണങ്ങൾ. ബാക്കിയുള്ളവരായ നമ്മുടെ വിശ്വാസങ്ങൾ തെളിവുമായി പൊരുത്തപ്പെടാതെ വരുമ്പോൾ നാം പെരുമാറുന്ന അതേ വിധത്തിൽ തന്നെയാണു ശാസ്ത്രജ്ഞനും പെരുമാറുന്നത് എന്നു വരുന്നു. നാം അസ്വസ്ഥർ ആയിത്തീരുന്നു, പൊരുത്തക്കേടില്ലെന്നു നടിക്കുന്നു, അല്ലെങ്കിൽ അർഥശൂന്യമായ പ്രസ്താവനകൾകൊണ്ട് നാം അതു മൂടിക്കളയുന്നു,” ജാസ്റ്റ്രോ എഴുതുന്നു.7 ഇവിടെയും ‘ശാസ്ത്രം വെളിച്ചത്തുകൊണ്ടുവന്ന തെളിവ്’ പ്രപഞ്ചോത്പത്തിയെക്കുറിച്ചു ശാസ്ത്രജ്ഞന്മാർ ദീർഘനാളായി ധരിച്ചുവെച്ചിരുന്നതുമായി ചേർച്ചയിലല്ലെങ്കിലും അതു സഹസ്രാബ്ദങ്ങൾക്കു മുമ്പ് ബൈബിളിൽ എഴുതപ്പെട്ട കാര്യത്തെ സ്ഥിരീകരിക്കുന്നു.
9, 10. (എ) ഒരു മഹാപ്രളയത്തെക്കുറിച്ചു ബൈബിൾ എന്താണു പറയുന്നത്? (ബി) ബൈബിൾ പറയുന്നതു സത്യമാണെന്ന് ഇപ്പോൾ ഏതു തെളിവ് സ്ഥിരീകരിക്കുന്നു?
9 നോഹയുടെ നാളിൽ, ഒരു മഹാപ്രളയം ഭൂമിയിലെ ഏറ്റവും ഉയരംകൂടിയ പർവതങ്ങളെ മൂടിയെന്നും നോഹ പണിത വലിയ പെട്ടകത്തിനു വെളിയിലുണ്ടായിരുന്ന സകല മനുഷ്യരും നശിച്ചുപോയെന്നും ബൈബിൾ പറയുന്നു. (ഉല്പത്തി 7:1-24) ഈ വിവരണത്തെ അനേകരും പുച്ഛിച്ചു തള്ളിയിട്ടുണ്ട്. എന്നാൽ ഉയരമുള്ള പർവതങ്ങളിൽ കക്കകൾ കാണാൻ കഴിയും. ഒരു മഹാപ്രളയം അനതിവിദൂര ഭൂതകാലത്ത് സംഭവിച്ചു എന്നതിനുള്ള കൂടുതലായ തെളിവാണ് മഞ്ഞുപുതഞ്ഞ ചെളിക്കൂമ്പാരങ്ങളിൽ നിക്ഷേപിക്കപ്പെട്ടിരിക്കുന്ന ഒട്ടനവധി ഫോസിലുകളും മൃതശരീരങ്ങളും. ദ സാറ്റർഡേ ഈവനിങ് പോസ്റ്റ് ഇപ്രകാരം എഴുതി: “ഈ ജന്തുക്കളിൽ അനേകവും ഒട്ടും ചീഞ്ഞുപോകാത്തവയും മുഴുവനോടെയുള്ളവയും കേടു സംഭവിക്കാത്തവയും ആയിരുന്നു, അവ അപ്പോഴും എഴുന്നേറ്റുനിൽക്കുകയോ കുറഞ്ഞപക്ഷം മുട്ടിൻമേൽ നിവർന്നുനിൽക്കുകയോ ആയിരുന്നു. . . . വാസ്തവത്തിൽ—നമ്മുടെ മുൻ ചിന്താഗതിക്ക്—ഞെട്ടലുളവാക്കുന്ന ഒരു ചിത്രമാണ് ഇത്. അതിശൈത്യത്തിൽ കഴിയാൻ പ്രത്യേകാൽ രൂപകൽപ്പന ചെയ്യപ്പെടാഞ്ഞ തിന്നുകൊഴുത്ത കൂറ്റൻ മൃഗങ്ങളുടെ വലിയ പറ്റങ്ങൾ നല്ല വെയിലത്തു പുൽമേടുകളിൽ ശാന്തമായി മേയുകയായിരുന്നു . . . പെട്ടെന്ന് അക്രമത്തിന്റെ യാതൊരു ദൃശ്യ സൂചനയുമില്ലാതെ, വായിൽ അവസാനമായുണ്ടായിരുന്ന തീറ്റി ഇറക്കാൻ കഴിയുന്നതിനുപോലും മുമ്പ്, അവയെല്ലാം കൊല്ലപ്പെട്ടു. അതുകഴിഞ്ഞ് അവ വളരെ വേഗം തണുത്തുറഞ്ഞു, അവയുടെ ശരീരത്തിലെ സകല കോശങ്ങളും പൂർണമായി സംരക്ഷിക്കപ്പെടത്തക്കവണ്ണം തന്നെ.”8
10 ഈ വിവരണം മഹാപ്രളയത്തിൽ സംഭവിച്ചതുമായി ചേർച്ചയിലാണ്. ബൈബിൾ അതിനെ പിൻവരുന്ന വാക്കുകളിൽ വർണിക്കുന്നു: “ആഴിയുടെ ഉറവുകൾ ഒക്കെയും പിളർന്നു; ആകാശത്തിന്റെ കിളിവാതിലുകളും തുറന്നു.” പേമാരിയാൽ വെള്ളം “ഭൂമിയിൽ അത്യധികം പൊങ്ങി.” ധ്രുവ പ്രദേശങ്ങളിൽ ഇതിനോടൊപ്പം അങ്ങേയറ്റം തണുത്ത കാറ്റുകളും ഉണ്ടായിരുന്നുവെന്നതിനു സംശയമില്ല. (ഉല്പത്തി 1:6-8; 7:11, 19) അവിടെ ഊഷ്മ വ്യതിയാനം അതിസത്വരവും തീക്ഷ്ണവുമായിരിക്കും. അങ്ങനെ വിവിധയിനം ജീവികൾ തണുത്തുറഞ്ഞ ചെളിയിൽ അകപ്പെടുകയും അതിൽ സംരക്ഷിക്കപ്പെടുകയും ചെയ്തു. സൈബീരിയയിൽനിന്നു ഖനകർ കുഴിച്ചെടുത്ത മാമത്ത് അതുപോലെയുള്ള ഒന്ന് ആയിരുന്നിരിക്കാം. ഇതോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിൽ അതിനെ കാണാം. അതിന്റെ വായിലും വയറ്റിലും അപ്പോഴും പച്ചില ഉണ്ടായിരുന്നു, മഞ്ഞ് ഉരുക്കിക്കളഞ്ഞപ്പോൾ അതിന്റെ മാംസം ഭക്ഷ്യയോഗ്യംപോലുമായിരുന്നു.
11. വർധിച്ച വിജ്ഞാനം ബൈബിളിലെ മറ്റെന്തിനെയും കൂടെ സ്ഥിരീകരിച്ചിരിക്കുന്നു, ഇത് ചില ശാസ്ത്രജ്ഞന്മാർപോലും എന്തു നിഗമനംചെയ്യുന്നതിന് ഇടയാക്കിയിരിക്കുന്നു?
11 ബൈബിളിനെ എത്രയധികം അടുത്തു പരിശോധിക്കുന്നുവോ അത്രയധികം അമ്പരപ്പിക്കുന്നതാണ് അതിന്റെ അത്ഭുതകരമായ കൃത്യത. ഈ പുസ്തകത്തിന്റെ 36, 37 പേജുകളിൽ സൂചിപ്പിച്ചതുപോലെ, ബൈബിൾ സൃഷ്ടിയുടെ പടികളെ വർണിക്കുന്നത് ശാസ്ത്രം ഇപ്പോൾ സ്ഥിരീകരിക്കുന്ന അതേ ക്രമത്തിൽത്തന്നെയാണ്, ബൈബിൾ കേവലം മനുഷ്യനിൽനിന്ന് ഉത്ഭവിച്ചതായിരുന്നെങ്കിൽ വിശദീകരിക്കാൻ ബുദ്ധിമുട്ടുള്ള ഒരു വസ്തുതയാണ് അത്. വർധിച്ചുവരുന്ന വിജ്ഞാനം സ്ഥിരീകരിച്ചിട്ടുള്ള ബൈബിളിലെ അനേകം വിശദാംശങ്ങൾക്ക് മറ്റൊരു ഉദാഹരണമാണ് അത്. എക്കാലത്തെയും അതിമഹാന്മാരായ ശാസ്ത്രജ്ഞന്മാരിൽ ഒരാളായ ഐസക്ക് ന്യൂട്ടൺ പിൻവരുന്നപ്രകാരം പറഞ്ഞതു നല്ല കാരണത്തോടെയാണ്: “ബൈബിളിലെ മതത്തെക്കാൾ മെച്ചമായി സാക്ഷ്യപ്പെടുത്തപ്പെട്ട ശാസ്ത്രങ്ങളില്ല.”9
ബൈബിളും ആരോഗ്യവും
12. ഒരു ഡോക്ടർ ആരോഗ്യം സംബന്ധിച്ച സാധാരണ അന്ധവിശ്വാസങ്ങളെ ബൈബിളിലെ പ്രസ്താവനകളുമായി വിപരീത താരതമ്യം ചെയ്തതെങ്ങനെ?
12 നൂറ്റാണ്ടുകളിൽ ഉടനീളം ആരോഗ്യവിഷയങ്ങൾ സംബന്ധിച്ച് വളരെയധികം അജ്ഞത പ്രകടമായിരുന്നിട്ടുണ്ട്. ഒരു ഡോക്ടർ ഇങ്ങനെ പ്രസ്താവിക്കുകപോലും ചെയ്തു: “അനേകം അന്ധവിശ്വാസങ്ങൾ ഇന്നും ധാരാളമാളുകൾ വെച്ചുപുലർത്തുന്നു, അതായത്, ഒരുതരം ചെസ്റ്റ് നട്ട് മരത്തിന്റെ കായ് പോക്കറ്റിലിട്ടുകൊണ്ടു നടന്നാൽ വാതരോഗം വരില്ല; ചൊറിത്തവളകളെ പിടിച്ചാൽ അരിമ്പാറയുണ്ടാകും; ചെമന്ന ഫ്ളാനൽ കഴുത്തിൽ ചുറ്റിയാൽ തൊണ്ടവേദന മാറും” ഇങ്ങനെ പലതും. എന്നാൽ അദ്ദേഹം ഇങ്ങനെ വിശദീകരിച്ചു: “ബൈബിളിൽ അത്തരം പ്രസ്താവനകളൊന്നും കാണുന്നില്ല. അതുതന്നെ ശ്രദ്ധേയമാണ്.”10
13. പുരാതന ഈജിപ്തുകാർ അപകടകരമായ ഏതു വൈദ്യചികിത്സ നിർദേശിച്ചു?
13 പണ്ട് ഉപയോഗിച്ചിരുന്ന അപകടകരമായ വൈദ്യചികിത്സകളെ ഒരുവൻ ബൈബിൾ പറയുന്നതുമായി താരതമ്യം ചെയ്യുമ്പോഴും ശ്രദ്ധേയമായ പല സംഗതികളും കാണാൻ കഴിയും. ഉദാഹരണത്തിന്, പുരാതന ഈജിപ്തുകാരുടെ ഒരു വൈദ്യശാസ്ത്രരേഖയായ പപ്പൈറസ് എബേർസ് വിവിധ രോഗങ്ങൾക്കുള്ള ചികിത്സയായി വിസർജ്യത്തിന്റെ ഉപയോഗം നിർദേശിച്ചിരുന്നു. മനുഷ്യ വിസർജ്യം നറുമ്പാലിൽ കലർത്തി പൊറ്റ പൊഴിഞ്ഞ മുറിവുകളിൽ ലേപമായി തേക്കാൻ അതു നിർദേശിച്ചു. ശരീരത്തിൽ കയറിപ്പോയ മരച്ചീളുകളും മറ്റും എടുക്കാനുള്ള ഒരു ചികിത്സ ഇങ്ങനെ വായിക്കപ്പെടുന്നു: “പുഴുക്കളുടെ രക്തം എണ്ണയിൽ വേവിച്ച് ചാലിച്ചോ തുരപ്പനെലിയെ കൊന്ന് വേവിച്ച് എണ്ണ ചേർത്തോ കഴുതച്ചാണകം നറുമ്പാലിൽ കലർത്തിയോ മുറിവിൽ തേക്കുക.”11 അത്തരം ചികിത്സ ഗുരുതരമായ രോഗബാധകൾക്ക് ഇടയാക്കുമെന്ന് ഇപ്പോൾ മനസ്സിലാക്കുന്നു.
14. വിസർജ്യം മറവുചെയ്യുന്നതിനെക്കുറിച്ചു ബൈബിൾ എന്താണു പറയുന്നത്, ഇത് ഒരു സംരക്ഷണമായിരുന്നിട്ടുള്ളത് എങ്ങനെ?
14 വിസർജ്യത്തെക്കുറിച്ചു ബൈബിൾ എന്താണു പറയുന്നത്? അത് ഇപ്രകാരം നിർദേശിച്ചു: “ബാഹ്യത്തിന്നു ഇരിക്കുമ്പോൾ [കുഴിക്കുന്ന ഒരു ഉപകരണംകൊണ്ട്] കുഴിച്ചു നിന്റെ വിസർജ്ജനം മൂടിക്കളയേണം.” (ആവർത്തനപുസ്തകം 23:13) അതുകൊണ്ട്, വൈദ്യചികിത്സയിൽ നിർദേശിക്കുന്നതിൽനിന്നു വളരെ വ്യത്യസ്തമായി വിസർജ്യത്തെ ശരിയായി മറവുചെയ്യാൻ ബൈബിൾ നിർദേശിച്ചു. ഈച്ചകൾ വന്നിരിക്കത്തക്കവിധം തുറസ്സായ സ്ഥലങ്ങളിൽ വിസർജിക്കുന്നതിന്റെ അപകടത്തെക്കുറിച്ച് ഈ നൂറ്റാണ്ടുവരെ പൊതുവെ ആർക്കും അറിയാൻപാടില്ലായിരുന്നു. ഇത് ഈച്ച പരത്തുന്ന ഗുരുതരമായ രോഗങ്ങളുടെ വ്യാപനത്തിനും അനേകമാളുകളുടെ മരണത്തിനും ഇടയാക്കി. എങ്കിലും ലളിതമായ പ്രതിവിധി എല്ലാക്കാലത്തും ബൈബിളിലുണ്ടായിരുന്നു, 3,000-ത്തിലധികം വർഷം മുമ്പ് ഇസ്രായേല്യർ അത് അനുസരിച്ചിരുന്നു.
15. മരിച്ചവരെ തൊടുന്നതു സംബന്ധിച്ച ബൈബിൾ ഉപദേശം അനുസരിച്ചിരുന്നെങ്കിൽ അനേകം മരണങ്ങൾക്കിടയാക്കിയ ഏതു വൈദ്യ നടപടി ഒഴിവാക്കാമായിരുന്നു?
15 കഴിഞ്ഞ നൂറ്റാണ്ടിൽ, ഡോക്ടർമാർ ശവശരീരങ്ങൾ കീറിമുറിച്ചു പരിശോധിച്ചശേഷം ആ മുറിയിൽനിന്ന് കൈകൾപോലും കഴുകാതെ നേരിട്ടു പ്രസവവാർഡിലേക്കു പരിശോധനക്കായി പോകുമായിരുന്നു. അങ്ങനെ, മരിച്ചവരിൽനിന്ന് മറ്റുള്ളവർക്കും രോഗബാധ ഉണ്ടാകുകയും അനേകർ മരിക്കുകയും ചെയ്തു. കൈകഴുകലിന്റെ പ്രാധാന്യം വ്യക്തമായി കാണിച്ചുകൊടുത്തപ്പോഴും വൈദ്യ സമുദായത്തിലെ പലരും അത്തരം ശുചിത്വ നടപടികളെ എതിർത്തു. നിസ്സംശയമായും അവർക്ക് അറിയാൻ പാടില്ലാതിരുന്ന, ബൈബിളിലെ ജ്ഞാനത്തെ അവർ തള്ളിക്കളയുകയായിരുന്നു. എന്തുകൊണ്ടെന്നാൽ മരിച്ച ഒരു വ്യക്തിയെ തൊടുന്ന ഏതൊരാളും അശുദ്ധനായിത്തീർന്നെന്നും അയാൾ തന്റെ ശരീരവും വസ്ത്രങ്ങളും കഴുകണമെന്നും ഇസ്രായേല്യരോടുള്ള യഹോവയുടെ നിയമം ആജ്ഞാപിച്ചു.—സംഖ്യാപുസ്തകം 19:11-22.
16. എട്ടാം ദിവസം പരിച്ഛേദന ഏൽക്കണം എന്നു നിർദേശിക്കുന്നതിൽ മാനുഷിക അറിവിലും അതീതമായ ജ്ഞാനം പ്രകടമാക്കപ്പെട്ടത് എങ്ങനെ?
16 അബ്രഹാമുമായുള്ള ഒരു ഉടമ്പടിയുടെ അടയാളമെന്ന നിലയിൽ യഹോവയാം ദൈവം പറഞ്ഞു: “നിങ്ങളിൽ പുരുഷപ്രജയൊക്കെയും എട്ടുദിവസം പ്രായമാകുമ്പോൾ പരിച്ഛേദന ഏല്ക്കേണം.” (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) പിന്നീട് ഈ കൽപ്പന ഇസ്രായേൽ ജനതയോട് ആവർത്തിക്കുകയുണ്ടായി. (ഉല്പത്തി 17:12; ലേവ്യപുസ്തകം 12:2, 3) എട്ടാം ദിവസത്തിന്റെ കാര്യം പ്രത്യേകം പറഞ്ഞത് എന്തുകൊണ്ടെന്നതിനു വിശദീകരണമൊന്നും നൽകിയില്ല, എന്നാൽ അതിന്റെ കാരണം ഇപ്പോൾ നമുക്കു മനസ്സിലാകുന്നു. രക്തത്തെ കട്ടപിടിപ്പിക്കുന്ന ഘടകമായ ജീവകം K മതിയായ അളവിലെത്തുന്നത് അപ്പോൾ മാത്രമാണെന്ന് വൈദ്യ ഗവേഷണം കണ്ടുപിടിച്ചിരിക്കുന്നു. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന മറ്റൊരു അനിവാര്യ ഘടകമായ പ്രോത്രോംബിൻ ഒരു കുട്ടിയുടെ ജീവിതത്തിൽ മറ്റേതു സമയത്തെക്കാളും കൂടുതലുണ്ടായിരിക്കുന്നത് എട്ടാം ദിവസമായിരിക്കുന്നതായി കാണുന്നു. ഈ തെളിവിന്റെ അടിസ്ഥാനത്തിൽ ഡോ. എസ്. ഐ. മാക്മില്ലൻ ഇങ്ങനെ നിഗമനംചെയ്തു: “പരിച്ഛേദന കഴിക്കുന്നതിന് ഏറ്റവും പറ്റിയ ദിവസം എട്ടാം ദിവസമാണ്.”12 ഇതു കേവലം ഒത്തുവന്നതായിരുന്നോ? ഒരിക്കലുമല്ല. അതിനെക്കുറിച്ച് അറിയാമായിരുന്ന ഒരു ദൈവത്താൽ കൈമാറപ്പെട്ട അറിവായിരുന്നു അത്.
17. ശാസ്ത്രത്തിന്റെ മറ്റ് ഏതു കണ്ടുപിടിത്തമാണു ബൈബിളിനെ സ്ഥിരീകരിക്കുന്നത്?
17 ആധുനിക ശാസ്ത്രത്തിന്റെ മറ്റൊരു കണ്ടുപിടിത്തം മാനസികഭാവവും വികാരങ്ങളും ആരോഗ്യത്തെ എത്രത്തോളം ബാധിക്കും എന്നതു സംബന്ധിച്ചുള്ളതാണ്. ഒരു വിശ്വവിജ്ഞാനകോശം ഇപ്രകാരം വിശദീകരിക്കുന്നു: “അവയവങ്ങളുടെയും അവയവ വ്യവസ്ഥകളുടെയും ശരീരധർമപരമായ പ്രവർത്തനം വ്യക്തിയുടെ മാനസിക നിലയുമായി അടുത്തു ബന്ധപ്പെട്ടിരിക്കുന്നുവെന്നും അപ്രകാരം ബാധിക്കപ്പെട്ട ഒരു അവയവത്തിലെ കലകൾക്കു മാറ്റംപോലും സംഭവിച്ചേക്കാമെന്നുമുള്ള സംഗതി 1940-നുശേഷം കൂടുതൽ കൂടുതൽ പ്രകടമായിത്തീർന്നിട്ടുണ്ട്.”13 എന്നാൽ, മാനസികഭാവവും ശാരീരിക ആരോഗ്യവും തമ്മിലുള്ള ഈ അടുത്ത ബന്ധത്തെക്കുറിച്ച് ദീർഘനാൾ മുമ്പേ ബൈബിളിൽ പരാമർശിച്ചിരുന്നു. ഉദാഹരണത്തിന് അത് പിൻവരുന്നപ്രകാരം പറയുന്നു: “ശാന്തമനസ്സു ദേഹത്തിന്നു ജീവൻ; അസൂയയോ അ[സ്ഥി]കൾക്കു ദ്രവത്വം.”—സദൃശവാക്യങ്ങൾ 14:30; 17:22.
18. ബൈബിൾ ഹാനികരമായ വികാരങ്ങളിൽനിന്ന് ആളുകളെ തിരിച്ചുവിടുകയും സ്നേഹം പ്രകടമാക്കുന്നതിന് ഊന്നൽ കൊടുക്കുകയും ചെയ്യുന്നതെങ്ങനെ?
18 അതുകൊണ്ട് ബൈബിൾ ഹാനികരമായ വികാരങ്ങളിൽനിന്നും മനോഭാവങ്ങളിൽനിന്നും ആളുകളെ തിരിച്ചുവിടുന്നു. അത് ഇപ്രകാരം ഉദ്ബോധിപ്പിക്കുന്നു: “നാം മര്യാദയായി നടക്ക; . . . പിണക്കത്തിലും അസൂയയിലുമല്ല.” അത് ഇങ്ങനെയും ബുദ്ധിയുപദേശിക്കുന്നു: “എല്ലാ കൈപ്പും കോപവും ക്രോധവും കൂറ്റാരവും ദൂഷണവും സകലദുർഗ്ഗുണവുമായി നിങ്ങളെ വിട്ടു ഒഴിഞ്ഞുപോകട്ടെ. നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുള്ളവരായി”രിപ്പിൻ. (റോമർ 13:13; എഫെസ്യർ 4:31, 32) ബൈബിൾ പ്രത്യേകിച്ചും സ്നേഹത്തെ ശുപാർശചെയ്യുന്നു. “എല്ലാറ്റിന്നും മീതെ . . . സ്നേഹം ധരിപ്പിൻ” എന്ന് അതു പറയുന്നു. സ്നേഹത്തിന്റെ ഏറ്റവും വലിയ വക്താവായ യേശു തന്റെ ശിഷ്യന്മാരോട് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു പുതിയോരു കല്പന ഞാൻ നിങ്ങൾക്കു തരുന്നു; ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ” തന്നെ. തന്റെ ഗിരിപ്രഭാഷണത്തിൽ അവൻ ഇങ്ങനെപോലും പറഞ്ഞു: “നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ [“സ്നേഹിച്ചുകൊണ്ടിരിപ്പിൻ,” NW].” (കൊലൊസ്സ്യർ 3:12-15; യോഹന്നാൻ 13:34; മത്തായി 5:44) ദൗർബല്യമെന്നു വിളിച്ചുകൊണ്ട് പലരും അതിനെ പരിഹസിച്ചേക്കാം. എന്നാൽ അവർ വിലയൊടുക്കേണ്ടിവരുന്നു. അനേകം മാനസിക രോഗങ്ങളുടെയും മറ്റു പ്രശ്നങ്ങളുടെയും ഒരു മുഖ്യ കാരണം സ്നേഹത്തിന്റെ അഭാവമാണെന്നു ശാസ്ത്രം മനസ്സിലാക്കിയിരിക്കുന്നു.
19. ആധുനിക ശാസ്ത്രം സ്നേഹത്തെക്കുറിച്ച് എന്താണു കണ്ടുപിടിച്ചിരിക്കുന്നത്?
19 ബ്രിട്ടീഷ് മെഡിക്കൽ ജേർണലായ ലാൻസെറ്റ് ഒരിക്കൽ ഇപ്രകാരം പറഞ്ഞു: “ഇതുവരെ നടത്തിയിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട മനഃശാസ്ത്ര കണ്ടുപിടിത്തം മനസ്സിനെ സംരക്ഷിക്കാനും പുനഃസ്ഥാപിക്കാനുമുള്ള സ്നേഹത്തിന്റെ പ്രാപ്തിയെക്കുറിച്ചുള്ളതാണ്.”14 അതുപോലെതന്നെ, ഒരു പ്രശസ്ത സമ്മർദചികിത്സാവിദഗ്ധനായ ഡോ. ഹാൻസ് സെൽയി ഇപ്രകാരം പറഞ്ഞു: “അൾസറും വർധിച്ച രക്തസമ്മർദവും ഹൃദ്രോഗവും ഉണ്ടാകുന്നതു വിദ്വേഷത്തിനിരയാകുന്ന വ്യക്തിക്കോ നിരാശപ്പെടുത്തുന്ന മുതലാളിക്കോ അല്ല. വിദ്വേഷിക്കുകയും നിരാശിതനാകാൻ സ്വയം അനുവദിക്കുകയും ചെയ്യുന്ന ആളിനാണ്. ‘നിന്റെ അയൽക്കാരെ സ്നേഹിക്കുക’ എന്നത് നൽകപ്പെട്ടിട്ടുള്ളതിലേക്കും ജ്ഞാനപൂർവകമായ വൈദ്യോപദേശങ്ങളിലൊന്നാണ്.”15
20. ഒരു ഡോക്ടർ ഗിരിപ്രഭാഷണത്തിലെ ക്രിസ്തുവിന്റെ പഠിപ്പിക്കലുകളെ മനോരോഗവിദഗ്ധരുടെ ഉപദേശവുമായി താരതമ്യം ചെയ്തതെങ്ങനെ?
20 തീർച്ചയായും, ബൈബിളിന്റെ ജ്ഞാനം ആധുനിക കണ്ടുപിടിത്തങ്ങളെക്കാളും വളരെയേറെ മുന്നിലാണ്. ഡോ. ജെയിംസ് റ്റി. ഫിഷെർ ഒരിക്കൽ ഇങ്ങനെ എഴുതി: “മാനസിക ആരോഗ്യം എന്ന വിഷയത്തെക്കുറിച്ച് ഏറ്റവും യോഗ്യരായ മനഃശാസ്ത്രജ്ഞന്മാരും മനോരോഗവിദഗ്ധരും ഇന്നോളം എഴുതിയിട്ടുള്ള സകല ആധികാരിക ലേഖനങ്ങളുടെയും ആകെത്തുക എടുക്കുകയാണെങ്കിൽ—അവയെ സംയോജിപ്പിക്കുകയും അവയ്ക്കു സംശുദ്ധിവരുത്തുകയും അനാവശ്യ വാഗ്ധോരണികൾ നീക്കംചെയ്യുകയുമാണെങ്കിൽ—കഴമ്പുള്ള വിവരങ്ങൾ എടുക്കുകയും ഭംഗിവാക്കുകൾ ഒഴിവാക്കുകയുമാണെങ്കിൽ, ജീവിച്ചിരിക്കുന്ന ഏറ്റവും പ്രാപ്തരായ കവികളെക്കൊണ്ട് ശുദ്ധ ശാസ്ത്രീയ വിജ്ഞാനത്തിന്റെ കലർപ്പില്ലാത്ത ശകലങ്ങൾ സംക്ഷിപ്തമായി പ്രസ്താവിപ്പിക്കുകയാണെങ്കിൽ, നിങ്ങൾക്കു ഗിരിപ്രഭാഷണത്തിന്റെ വികൃതവും അപൂർണവുമായ സമാഹാരമായിരിക്കും ലഭിക്കുക.”16
ബൈബിളും ചരിത്രവും
21. ഏതാണ്ട് നൂറു വർഷം മുമ്പ് വിമർശകർ ബൈബിളിന്റെ ചരിത്രപരമായ മൂല്യത്തെ വീക്ഷിച്ചത് എങ്ങനെയാണ്?
21 ഡാർവിൻ തന്റെ പരിണാമസിദ്ധാന്തം പ്രസിദ്ധീകരിച്ചതിനുശേഷം ബൈബിളിന്റെ ചരിത്രരേഖ വ്യാപകമായ ആക്രമണത്തിനു വിധേയമായി. പുരാവസ്തുശാസ്ത്രജ്ഞനായ ലെനർഡ് വുളി ഇപ്രകാരം വിശദീകരിച്ചു: “പഴയനിയമത്തിലെ ആദ്യ പുസ്തകങ്ങളിൽ വർണിച്ചിരിക്കുന്ന മിക്ക വിവരങ്ങളുടെയും ചരിത്രപരമായ അടിസ്ഥാനത്തെ നിരസിക്കാൻ തയ്യാറായിക്കൊണ്ട് തീവ്രവിമർശകരുടെ ഒരു സംഘം പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ തലപൊക്കി.”17 ശലോമോന്റെ കാലംവരെയോ അതിനുശേഷമോ എഴുത്തു സാധാരണമല്ലായിരുന്നുവെന്നുപോലും വാസ്തവത്തിൽ ചില വിമർശകർ അവകാശപ്പെട്ടു; തന്മൂലം ആദിമ ബൈബിൾവിവരണങ്ങൾ എഴുതപ്പെട്ടത് സംഭവങ്ങൾ നടന്നു നൂറ്റാണ്ടുകൾ പിന്നിട്ടതിനു ശേഷമാകയാൽ അവ വിശ്വസിക്കാൻ കൊള്ളില്ലെന്ന് അവർ പറഞ്ഞു. ഈ സിദ്ധാന്തത്തിന്റെ വക്താക്കളിലൊരാൾ 1892-ൽ ഇങ്ങനെ പറഞ്ഞു: “മോശെയുടെ കാലത്തിനുമുമ്പത്തെ വിവരണങ്ങൾ ചർച്ചചെയ്യുന്ന സമയം അവയുടെ ഐതിഹ്യ പ്രകൃതിക്കു മതിയായ തെളിവാണ്. അത് എഴുത്തിനെക്കുറിച്ചു യാതൊരു വിവരവുമില്ലായിരുന്ന സമയമായിരുന്നു.”18
22. ആദിമകാലത്തെ ആളുകളുടെ എഴുതാനുള്ള പ്രാപ്തിയെക്കുറിച്ച് എന്താണു മനസ്സിലാക്കിയിരിക്കുന്നത്?
22 എന്നാൽ മോശെയുടെ കാലത്തിനു വളരെനാൾ മുമ്പുതന്നെ എഴുത്ത് സാധാരണമായിരുന്നു എന്നു കാണിക്കുന്ന പുരാവസ്തുശാസ്ത്രപരമായ വളരെയധികം തെളിവുകൾ സമീപകാലത്തു കുന്നുകൂടിയിട്ടുണ്ട്. “പൂർവപിതാക്കന്മാരുടെ കാലഘട്ടം മുതൽത്തന്നെ കനാനിലും അയൽ ജില്ലകളിലും അക്ഷരമാല ഉപയോഗിച്ചുള്ള എബ്രായ എഴുത്ത് ഉപയോഗത്തിലുണ്ടായിരുന്നു എന്ന് നാം വീണ്ടും ഊന്നിപ്പറയേണ്ടിയിരിക്കുന്നു, ലിപികളുടെ ആകൃതിയിൽ ത്വരിതഗതിയിലുണ്ടായ വ്യത്യാസം സാധാരണ ഉപയോഗത്തിന്റെ വ്യക്തമായ തെളിവാണ്” എന്ന് പുരാവസ്തുശാസ്ത്രജ്ഞനായ വില്യം ഫോക്സ്വെൽ ഓൾബ്രൈറ്റ് വിശദീകരിച്ചു.19 പ്രമുഖ ചരിത്രകാരനും ഖനകനും ആയ മറ്റൊരാൾ ഇങ്ങനെ പ്രസ്താവിച്ചു: “മോശെക്ക് എഴുതാനറിയാമായിരുന്നോ എന്ന ചോദ്യം എന്നെങ്കിലും ഉന്നയിക്കപ്പെട്ടത് ഇപ്പോൾ യുക്തിഹീനമായി കാണപ്പെടുന്നു.”20
23. സർഗ്ഗോൻ രാജാവിനെക്കുറിച്ച് എന്തു കണ്ടെത്തപ്പെട്ടു, അത് വീക്ഷണങ്ങളുടെ എന്തു തിരുത്തലിനിടയാക്കി?
23 പുതിയ വിവരങ്ങളുടെ വെളിപ്പെടുത്തൽ ബൈബിളിന്റെ ചരിത്രരേഖയെ ആവർത്തിച്ചാവർത്തിച്ചു സമർഥിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, അസീറിയൻ രാജാവായ സർഗ്ഗോൻ യെശയ്യാവു 20:1-ലെ ബൈബിൾ വിവരണത്തിലൂടെ മാത്രമാണു ദീർഘനാളോളം അറിയപ്പെട്ടിരുന്നത്. വാസ്തവത്തിൽ അദ്ദേഹത്തെക്കുറിച്ചുള്ള ഈ ബൈബിൾ പരാമർശം ചരിത്രപരമായി യാതൊരു മൂല്യവുമില്ലാത്തതാണെന്നു പറഞ്ഞ് കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ഭാഗത്ത് വിമർശകർ അതിനെ മുഖവിലയ്ക്കെടുത്തില്ല. എന്നാൽ പുരാവസ്തുശാസ്ത്രപരമായ കുഴിക്കലുകളുടെ ഫലമായി ഖോർസാബാഡിലുള്ള സർഗ്ഗോന്റെ മഹനീയമായ രാജധാനിയുടെ അവശിഷ്ടങ്ങളും അദ്ദേഹത്തിന്റെ ഭരണത്തെക്കുറിച്ചുള്ള അനേകം ആലേഖനങ്ങളും കണ്ടെടുത്തു. അതിന്റെ ഫലമായി സർഗ്ഗോൻ ഇപ്പോൾ അസീറിയൻ രാജാക്കന്മാരിൽ ഏറ്റവും അറിയപ്പെടുന്ന ഒരാളാണ്. ഇസ്രായേല്യ ചരിത്രകാരനായ മോഷെ പേൾമാൻ ഇപ്രകാരം എഴുതി: “പഴയനിയമത്തിന്റെ ചരിത്ര ഭാഗങ്ങളുടെ പ്രാമാണികതയെപോലും സംശയിച്ചിരുന്ന സന്ദേഹവാദികൾ പെട്ടെന്നുതന്നെ തങ്ങളുടെ വീക്ഷണങ്ങൾ തിരുത്താൻ തുടങ്ങി.”21
24. ശമര്യയുടെമേലുള്ള ജയിച്ചടക്കലിന്റെ സംഗതിയിൽ സർഗ്ഗോന്റെ ഒരു അസീറിയൻ വിവരണം ബൈബിൾ വിവരണത്തോട് എത്ര അടുത്ത സാദൃശ്യം വഹിക്കുന്നു?
24 മുമ്പ് ബൈബിളിലൂടെ മാത്രം അറിയപ്പെട്ടിരുന്ന ഒരു സംഭവത്തെക്കുറിച്ച് സർഗ്ഗോന്റെ ആലേഖനങ്ങളിലൊന്ന് പറയുന്നു. അത് ഇപ്രകാരം വായിക്കുന്നു: “ഞാൻ ശമര്യയെ വളഞ്ഞ് കീഴടക്കുകയും അതിലെ 27,290 നിവാസികളെ കൊള്ളമുതലായി കൊണ്ടുപോകുകയും ചെയ്തു.”22 ഇതിനെക്കുറിച്ചുള്ള 2 രാജാക്കന്മാർ 17:6-ലെ ബൈബിൾ വിവരണം ഇങ്ങനെ വായിക്കുന്നു: “ഹോശേയയുടെ ഒമ്പതാം ആണ്ടിൽ അശ്ശൂർരാജാവു ശമര്യയെ പിടിച്ചു യിസ്രായേലിനെ ബദ്ധരാക്കി . . . കൊണ്ടുപോയി.” ഈ രണ്ടു വിവരണങ്ങളുടെ ശ്രദ്ധേയമായ സാദൃശ്യത്തെക്കുറിച്ച് പേൾമാൻ ഇങ്ങനെ പ്രസ്താവിച്ചു: “ജേതാവിന്റെയും പരാജിതരുടെയും ചരിത്ര രേഖകളിലെ രണ്ടു റിപ്പോർട്ടുകളായിരുന്നു ഇവ, ഒന്ന് മിക്കവാറും മറ്റേതിന്റെ പ്രതിഫലനമാണ്.”23
25. ബൈബിൾ രേഖയും മതേതര രേഖയും എല്ലാ കാര്യങ്ങളിലും യോജിക്കുമെന്നു നാം പ്രതീക്ഷിക്കരുതാത്തത് എന്തുകൊണ്ട്?
25 ബൈബിൾ രേഖയും മതേതര രേഖയും എല്ലാ വിശദാംശങ്ങളിലും യോജിക്കുമെന്ന് അപ്പോൾ നാം പ്രതീക്ഷിക്കേണ്ടതുണ്ടോ? ഇല്ല, പേൾമാൻ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “ഇരുപക്ഷങ്ങളും ‘യുദ്ധത്തെക്കുറിച്ച്’ ഇത്തരത്തിൽ ഒരുപോലെ ‘റിപ്പോർട്ടു ചെയ്യുന്നത്’ പുരാതന കാലത്ത് മധ്യപൂർവദേശത്ത് അസാധാരണമായിരുന്നു (ആധുനിക നാളിലും ചിലപ്പോൾ ഇതു സത്യമാണ്). ഇസ്രായേലും അതിന്റെ ഒരു അയൽരാജ്യവും തമ്മിൽ സംഘട്ടനമുണ്ടാകുമ്പോഴും ഇസ്രായേൽ പരാജയപ്പെടുമ്പോഴും മാത്രമായിരുന്നു യുദ്ധത്തെക്കുറിച്ച് അപ്രകാരം റിപ്പോർട്ടു ചെയ്തിരുന്നത്. ഇസ്രായേൽ ജയിച്ചപ്പോൾ പരാജയത്തിന്റെ യാതൊരു രേഖയും ശത്രുവിന്റെ ദിനവൃത്താന്തങ്ങളിൽ പ്രത്യക്ഷപ്പെട്ടില്ല.”24 (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) സർഗ്ഗോന്റെ പുത്രനായ സൻഹേരീബ് ഇസ്രായേലിൽ നടത്തിയ സൈനിക ആക്രമണത്തെക്കുറിച്ചുള്ള അസീറിയൻ വിവരണങ്ങളിൽ വലിയൊരു കാര്യം വിട്ടുപോയിരിക്കുന്നത് അതുകൊണ്ട് അതിശയം ജനിപ്പിക്കുന്നില്ല. അതെന്താണ്?
26. ഇസ്രായേലിലേക്കുള്ള സൻഹേരീബിന്റെ സൈനിക പര്യടനത്തെക്കുറിച്ചു ബൈബിൾ പറയുന്നതിനെ അദ്ദേഹത്തിന്റെ വിവരണവുമായി എങ്ങനെ താരതമ്യംചെയ്യാം?
26 സൻഹേരീബ് രാജാവിന്റെ ഇസ്രായേലിലേക്കുള്ള പര്യടന രംഗങ്ങൾ ചിത്രീകരിക്കുന്ന, അദ്ദേഹത്തിന്റെ കൊട്ടാരത്തിലെ ചുവർകൊത്തുപണികൾ കണ്ടുപിടിച്ചിട്ടുണ്ട്. അതിനെക്കുറിച്ചുള്ള ലിഖിത വിവരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഒരു കളിമൺ പ്രിസത്തിലെ വിവരണം ഇങ്ങനെ വായിക്കുന്നു: “യഹൂദനായ ഹിസ്കീയാവ് എന്റെ നുകത്തിനു കീഴടങ്ങിയില്ല, അവന്റെ ബലവത്തായ 46 നഗരങ്ങളെ ഞാൻ ഉപരോധിച്ചു . . . കൂട്ടിനുള്ളിലെ ഒരു പക്ഷിയെപ്പോലെ ഞാൻ അവനെ അവന്റെ രാജകീയ വസതിയായ യെരൂശലേമിൽ ഒരു തടവുകാരനാക്കി. . . . ഞാൻ അവന്റെ രാജ്യം വെട്ടിക്കുറച്ചു, എന്നിട്ടും (അവന്റെ) യജമാനൻ എന്ന നിലയിൽ എനിക്കു (തരേണ്ട) കപ്പവും കാട്രൂ-കാഴ്ചദ്രവ്യങ്ങളും ഞാൻ വർധിപ്പിച്ചു.”25 അതുകൊണ്ട് അസീറിയൻ വിജയങ്ങളെ സംബന്ധിച്ചിടത്തോളം സൻഹേരീബിന്റെ ഭാഷ്യം ബൈബിളുമായി പൊരുത്തത്തിലാണ്. എന്നാൽ പ്രതീക്ഷിച്ചതുപോലെതന്നെ, യെരൂശലേമിനെ കീഴ്പെടുത്തുന്നതിലുള്ള അദ്ദേഹത്തിന്റെ പരാജയത്തെക്കുറിച്ചും അദ്ദേഹത്തിന്റെ 1,85,000 ഭടന്മാർ ഒറ്റ രാത്രിയിൽ കൊല്ലപ്പെട്ടതുകൊണ്ട് സ്വന്ത രാജ്യത്തേക്കു മടങ്ങിപ്പോകാൻ നിർബന്ധിതനായിത്തീർന്ന വസ്തുതയെക്കുറിച്ചും അദ്ദേഹം പരാമർശിക്കുന്നില്ല.—2 രാജാക്കന്മാർ 18:13–19:36; യെശയ്യാവു 36:1–37:37.
27. സൻഹേരീബിന്റെ വധത്തെക്കുറിച്ചുള്ള ബൈബിൾ വിവരണത്തെ അതിനെക്കുറിച്ച് പുരാതന മതേതര വിവരണങ്ങൾ പറയുന്നതുമായി എങ്ങനെ താരതമ്യംചെയ്യാം?
27 സൻഹേരീബിന്റെ വധവും അടുത്തകാലത്തെ ഒരു കണ്ടുപിടിത്തം വെളിപ്പെടുത്തുന്ന സംഗതിയും പരിചിന്തിക്കുക. സൻഹേരീബിന്റെ രണ്ടു പുത്രന്മാരായ അദ്രമേലെക്കും ശരേസെരും അദ്ദേഹത്തെ കൊന്നുവെന്നു ബൈബിൾ പറയുന്നു. (2 രാജാക്കന്മാർ 19:36, 37) എങ്കിലും, ബാബിലോണിയൻ രാജാവായ നബോണീഡസിന്റേതെന്നു കരുതപ്പെടുന്ന വിവരണവും പൊ.യു.മു. മൂന്നാം നൂറ്റാണ്ടിലെ ബാബിലോണിയൻ പുരോഹിതനായ ബെറോസ്സസിന്റെ വിവരണവും പറയുന്നത് ഒരു പുത്രൻ മാത്രമേ കൊലയിൽ ഉൾപ്പെട്ടിരുന്നുള്ളൂ എന്നാണ്. ഏതായിരുന്നു ശരി? സൻഹേരീബിനു ശേഷം രാജാവായ അദ്ദേഹത്തിന്റെ പുത്രൻ ഏസെർ-ഹദ്ദോന്റെ ശകലിത പ്രിസത്തിന്റെ ഏറെ അടുത്തകാലത്തെ കണ്ടുപിടിത്തത്തെക്കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട് ചരിത്രകാരനായ ഫിലിപ്പ് ബൈബർഫെൽഡ് ഇപ്രകാരം എഴുതി: “ബൈബിൾ വിവരണം തന്നെ ശരിയാണെന്നു തെളിഞ്ഞു. ഏസെർ-ഹദ്ദോന്റെ ആലേഖനം തീരെ ചെറിയ വിശദാംശങ്ങളിൽ പോലും അതിനെ സ്ഥിരീകരിച്ചു, ബാബിലോണിയൻ-അസീറിയൻ ചരിത്രത്തിലെ ഈ സംഭവത്തിന്റെ കാര്യത്തിൽ അത് ബാബിലോണിയൻ പ്രമാണങ്ങളെക്കാൾ പോലും കൃത്യമെന്നു തെളിഞ്ഞു. ബൈബിളിനു ചേർച്ചയിൽ അല്ലാത്ത സമകാലീന വിവരണങ്ങളെ വിലയിരുത്തുമ്പോൾ ഈ വസ്തുത വളരെ പ്രാധാന്യം അർഹിക്കുന്നു.”26
28. ബേൽശസ്സറിനെക്കുറിച്ച് ബൈബിൾ പറയുന്നതു സത്യമെന്നു തെളിഞ്ഞിരിക്കുന്നത് എങ്ങനെ?
28 അതുപോലെതന്നെ, ബേൽശസ്സറിനെ സംബന്ധിച്ച അറിയപ്പെട്ടിരുന്ന എല്ലാ പുരാതന വിവരണങ്ങളും ഒരുകാലത്തു ബൈബിളിൽനിന്നു വ്യത്യസ്തമായിരുന്നു. ബൈബിൾ ബേൽശസ്സറിനെ അവതരിപ്പിക്കുന്നത് ബാബിലോന്റെ പതനസമയത്തെ അതിന്റെ രാജാവായിട്ടാണ്. (ദാനീയേൽ 5:1-31) എന്നാൽ ആ സമയത്ത് നബോണീഡസ് ആയിരുന്നു രാജാവ് എന്നു പറഞ്ഞുകൊണ്ട് മതേതര എഴുത്തുകൾ ബേൽശസ്സറിനെക്കുറിച്ചു പരാമർശിക്കുകപോലും ചെയ്തില്ല. അതുകൊണ്ട്, ബേൽശസ്സർ ഒരിക്കലും ജീവിച്ചിരുന്നില്ലെന്നു വിമർശകർ അവകാശപ്പെട്ടു. പക്ഷേ, ബേൽശസ്സറിനെ നബോണീഡസിന്റെ ഒരു മകനായും തന്റെ പിതാവിനോടൊപ്പം ബാബിലോനിലെ സഹഭരണാധിപനായും തിരിച്ചറിയിച്ച പുരാതന എഴുത്തുകൾ ഏറെ അടുത്തകാലത്തു കണ്ടെടുക്കപ്പെട്ടു. വ്യക്തമായും ഇക്കാരണത്താൽ “രാജ്യത്തിലെ മൂന്നാമനായി” വാഴിക്കാമെന്നു ബേൽശസ്സർ ദാനീയേലിനോടു വാഗ്ദാനം ചെയ്തുവെന്ന് ബൈബിൾ പറയുന്നു, എന്തെന്നാൽ ബേൽശസ്സർ തന്നെയായിരുന്നു രണ്ടാമത്തെ ഭരണാധികാരി. (ദാനീയേൽ 5:16, 29) അങ്ങനെ യേൽ യൂണിവേഴ്സിറ്റി പ്രൊഫസറായ ആർ. പി. ഡൗവെർട്ടി, ദാനീയേൽ എന്ന ബൈബിൾ പുസ്തകത്തെയും മറ്റു പുരാതന എഴുത്തുകളെയും താരതമ്യംചെയ്യവെ ഇങ്ങനെ പറഞ്ഞു: “തിരുവെഴുത്തു വിവരണത്തെ അതിവിശിഷ്ടമെന്നു വ്യാഖ്യാനിക്കാവുന്നതാണ്. എന്തുകൊണ്ടെന്നാൽ അത് ബേൽശസ്സർ എന്ന നാമം ഉപയോഗിക്കുന്നു, ബേൽശസ്സറിന് രാജാധികാരം ആരോപിക്കുന്നു, ആ രാജ്യത്ത് ദ്വിഭരണം നിലവിലുണ്ടായിരുന്നതായി അംഗീകരിക്കുകയും ചെയ്യുന്നു.”27
29. പൊന്തിയോസ് പീലാത്തൊസിനെക്കുറിച്ച് ബൈബിൾ പറയുന്നതിനെ സ്ഥിരീകരിക്കുന്ന എന്ത് കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു?
29 ബൈബിളിൽ പരാമർശിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ ചരിത്രപരതയെ സ്ഥിരീകരിക്കുന്ന ഒരു കണ്ടുപിടിത്തത്തിന്റെ മറ്റൊരു ഉദാഹരണം 1979-ൽ ഇസ്രായേലിലെ കൈസര്യ പര്യവേക്ഷണസംഘത്തോടൊത്തു പ്രവർത്തിച്ച മൈക്കിൾ ജെ. ഹൗവർഡ് നൽകുന്നു. “1,900 വർഷത്തോളം പീലാത്തൊസ് സുവിശേഷങ്ങളുടെ താളുകളിലും റോമൻ ചരിത്രകാരന്മാരുടെയും യഹൂദാ ചരിത്രകാരന്മാരുടെയും അവ്യക്തമായ ഓർമകളിലും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് ഒന്നുംതന്നെ അറിഞ്ഞിരുന്നില്ല. അദ്ദേഹം ഒരിക്കലും ജീവിച്ചിരുന്നിട്ടില്ലെന്നുപോലും ചിലർ പറഞ്ഞു. എന്നാൽ 1961-ൽ ഇറ്റലിയിൽനിന്നുള്ള ഒരു പുരാവസ്തു പര്യവേക്ഷണസംഘം കൈസര്യയിലെ പുരാതന റോമൻ തിയേറ്ററിന്റെ അവശിഷ്ടങ്ങളിൽ പരിശോധന നടത്തുകയായിരുന്നു. ഒരു ജോലിക്കാരൻ ഗോവണികളിലൊന്നിൽ ഉപയോഗിച്ചിരുന്ന ഒരു കല്ല് മറിച്ചിട്ടു. അതിന്റെ പിൻവശത്ത് ലാറ്റിനിൽ ഭാഗികമായി അവ്യക്തമായ പിൻവരുന്ന ആലേഖനം ഉണ്ടായിരുന്നു: ‘സീസരീൻസിബസ് റ്റിബെര്യം പൊൺഷ്യസ് പൈലറ്റസ് പ്രേയ്ഫെക്റ്റസ് യൂഡേയിയേ.’ (കൈസര്യ തിബെര്യമിലെ ആളുകൾക്ക് പൊന്തിയോസ് പീലാത്തൊസ് യഹൂദ്യയുടെ അധിപതി.) പീലാത്തൊസ് ജീവിച്ചിരുന്നുവോ എന്നതു സംബന്ധിച്ച സംശയങ്ങൾക്ക് അത് ഒരു മാരകപ്രഹരമേൽപ്പിച്ചു. . . . ക്രിസ്തുവിനെ ക്രൂശിക്കുന്നതിന് ഉത്തരവിട്ട ആ മനുഷ്യന്റെ ജീവിതത്തെക്കുറിച്ചു ലഭിച്ച ആദ്യത്തെ സമകാലീന ശിലാലിഖിത തെളിവായിരുന്നു അത്.”28—യോഹന്നാൻ 19:13-16; പ്രവൃത്തികൾ 4:27.
30. ബൈബിൾ രേഖയെ സമർഥിക്കുന്ന, ഒട്ടകങ്ങളുടെ ഉപയോഗം സംബന്ധിച്ച എന്തെല്ലാം കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു?
30 ആധുനിക കണ്ടുപിടിത്തങ്ങൾ പുരാതന ബൈബിൾ വിവരണങ്ങളുടെ നിസ്സാരമായ വിശദാംശങ്ങളെപ്പോലും സ്ഥിരീകരിക്കുന്നു. ഉദാഹരണത്തിന്, ഒട്ടകങ്ങളെ ആദിമ കാലത്ത് ഇണക്കി വളർത്തിയിരുന്നില്ലെന്നും അതുകൊണ്ട് “റിബെക്കായെ നാം അവളുടെ സ്വനഗരമായ നാഹോരിന്റെ നഗരത്തിൽ ആദ്യമായി കണ്ടുമുട്ടുന്ന” രംഗത്തിൽ “സ്റ്റേജുപകരണങ്ങൾക്കു മാറ്റംവരുത്തേണ്ടതുണ്ടെന്നും” 1964-ൽ വെർനെർ കെലെർ ബൈബിളിനു വിരുദ്ധമായി എഴുതുകയുണ്ടായി. “കിണറ്റിങ്കൽ അവൾ വെള്ളം കൊടുത്ത, അവളുടെ ഭാവി അമ്മായിയപ്പനായ അബ്രാഹാമിന്റെ ‘ഒട്ടകങ്ങൾ,’ കഴുതകൾ ആയിരുന്നു.”29 (ഉല്പത്തി 24:10) എന്നാൽ, 1978-ൽ ഇസ്രായേലി സൈനിക നേതാവും പുരാവസ്തുശാസ്ത്രജ്ഞനുമായ മോഷെ ഡൈയാൻ ആ ആദിമ കാലത്ത് ഒട്ടകങ്ങൾ “വാഹനമായി ഉതകിയിരുന്നു”വെന്നും അതുകൊണ്ട് ബൈബിൾ വിവരണം കൃത്യമാണെന്നുമുള്ള തെളിവിലേക്കു വിരൽചൂണ്ടി. “ഫൊയ്നിക്യയിലെ ബൈബ്ലോസിൽ കണ്ടെടുത്ത, ക്രിസ്തുവിനു മുമ്പ് പതിനെട്ടാം നൂറ്റാണ്ടിലെ ഒരു കൊത്തുപണി മുട്ടുകുത്തിനിൽക്കുന്ന ഒരു ഒട്ടകത്തെ ചിത്രീകരിക്കുന്നു” എന്ന് ഡൈയാൻ വിശദീകരിച്ചു. “മെസപ്പൊത്താമിയായിൽ അടുത്തയിടെ കണ്ടുപിടിച്ച പൂർവപിതാക്കന്മാരുടെ കാലഘട്ടത്തിലെ ഗോളസ്തംഭ മുദ്രകളിൽ ഒട്ടക സവാരിക്കാരെ ചിത്രീകരിച്ചിട്ടുണ്ട്.”30
31. ബൈബിൾ ചരിത്രപരമായി കൃത്യതയുള്ളതാണെന്നതിനു കൂടുതലായ എന്തു തെളിവുണ്ട്?
31 ബൈബിൾ ചരിത്രപരമായി കൃത്യതയുള്ളതാണ് എന്നതിനുള്ള തെളിവ് നിഷേധിക്കാനാവാത്തവിധം വർധിച്ചിരിക്കുന്നു. ഈജിപ്തിന്റെ ചെങ്കടൽ ദുരന്തത്തെക്കുറിച്ചും അത്തരത്തിലുള്ള മറ്റു തോൽവികളെക്കുറിച്ചുമുള്ള മതേതര രേഖകൾ കണ്ടെത്തിയിട്ടില്ലെന്നുള്ളതു സത്യമാണെങ്കിലും ഇത് ആശ്ചര്യകരമല്ല, എന്തുകൊണ്ടെന്നാൽ ഭരണാധിപന്മാർക്കു തങ്ങളുടെ തോൽവികൾ രേഖപ്പെടുത്തുന്ന ശീലമില്ലായിരുന്നു. എന്നാൽ ശലോമോന്റെ മകനായ രെഹബെയാമിന്റെ ഭരണകാലത്ത് യഹൂദായുടെമേലുള്ള ശീശക്ക് ഫറവോന്റെ വിജയകരമായ ആക്രമണത്തിന്റെ രേഖ ഈജിപ്തിലെ കാർനക്ക് ക്ഷേത്രചുവരുകളിൽ കണ്ടെത്തി. ബൈബിൾ ഇതിനെക്കുറിച്ച് 1 രാജാക്കന്മാർ 14:25, 26-ൽ പറയുന്നു. കൂടാതെ, ഇസ്രായേലിനെതിരെയുള്ള തന്റെ പ്രക്ഷോഭത്തെക്കുറിച്ചുള്ള മോവാബ് രാജാവായ മേശായുടെ ഭാഷ്യം കണ്ടുപിടിച്ചിട്ടുണ്ട്, അത് മോവാബ്യശില എന്നു വിളിക്കപ്പെടുന്നതിലാണു രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. ഈ വിവരണം ബൈബിളിൽ 2 രാജാക്കന്മാർ 3:4-27-ലും വായിക്കാൻ കഴിയും.
32. ഇന്നു കാഴ്ചബംഗ്ലാവുകൾ സന്ദർശിക്കുന്നവർക്കു ബൈബിൾ വിവരണങ്ങളെ സ്ഥിരീകരിക്കുന്ന എന്തു കാണാൻ കഴിയും?
32 അനേകം കാഴ്ചബംഗ്ലാവുകളിലും സന്ദർശകർക്ക് ബൈബിൾ വിവരണങ്ങളെ സ്ഥിരീകരിക്കുന്ന ചുവർകൊത്തുപണികളും ആലേഖനങ്ങളും പ്രതിമകളും കാണാൻ കഴിയും. ഹിസ്കീയാവ്, മനശ്ശെ, ഒമ്രി, ആഹാബ്, പേക്കഹ്, മെനഹേം, ഹോശേയ തുടങ്ങിയ യഹൂദായിലെയും ഇസ്രായേലിലെയും രാജാക്കന്മാർ അസീറിയൻ രാജാക്കന്മാരുടെ ക്യൂണിഫോം രേഖകളിൽ പ്രത്യക്ഷപ്പെടുന്നു. ശൽമനേസെറിന്റെ കറുത്ത ഏകശിലാസ്തംഭത്തിൽ യേഹൂ രാജാവോ അദ്ദേഹത്തിന്റെ ഒരു പ്രതിനിധിയോ കപ്പം കൊടുക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. ബൈബിൾ കഥാപാത്രങ്ങളായ മൊർദ്ദെഖായിക്കും എസ്ഥേറിനും അറിയാമായിരുന്ന പേർഷ്യയിലെ ശൂശൻ രാജധാനിയുടെ രംഗസജ്ജീകരണം ഇന്നു ദർശനത്തിനായി പുനഃസൃഷ്ടിച്ചിട്ടുണ്ട്. ബൈബിൾ വിവരണങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ആദിമ റോമൻ കൈസർമാരായ ഔഗുസ്തൊസ്, തീബെര്യൊസ്, ക്ലൌദ്യൊസ് എന്നിവരുടെ പ്രതിമകളും കാഴ്ചബംഗ്ലാവു സന്ദർശിക്കുന്നവർക്കു കാണാൻ കഴിയും. (ലൂക്കൊസ് 2:1; 3:1; പ്രവൃത്തികൾ 11:28; 18:2) വാസ്തവത്തിൽ, തീബെര്യൊസ് കൈസരുടെ സ്വരൂപമുള്ള ഒരു വെള്ളി ദിനാറ നാണയം കണ്ടെടുത്തിട്ടുണ്ട്—നികുതിയുടെ സംഗതി ചർച്ചചെയ്തപ്പോൾ യേശു ചോദിച്ചത് ഇതുപോലെയുള്ള ഒന്നാണ്.—മത്തായി 22:19-21.
33. ഇസ്രായേൽ ദേശവും അതിന്റെ സവിശേഷതകളും ബൈബിൾ കൃത്യതയുള്ളതാണെന്നതിനു തെളിവു നൽകുന്നതെങ്ങനെ?
33 ആധുനിക നാളിൽ ഇസ്രായേൽ സന്ദർശിക്കുന്ന ബൈബിളിനെ കുറിച്ച് അറിയാവുന്ന ഒരാൾക്ക്, ബൈബിൾ ആ ദേശത്തെയും അതിന്റെ സവിശേഷതകളെയും വളരെ കൃത്യതയോടെ വർണിക്കുന്നു എന്ന വസ്തുതയിൽ തീർച്ചയായും മതിപ്പു തോന്നും. സൈനായ് പെനിൻസ്വെലയിലെ ഒരു ഭൂവിജ്ഞാനീയ പര്യവേക്ഷണസംഘത്തിന്റെ നേതാവായ ഡോ. സീവ് ഷ്റിമെർ ഒരിക്കൽ ഇങ്ങനെ പറഞ്ഞു: “തീർച്ചയായും ഞങ്ങൾക്കു ഞങ്ങളുടെ സ്വന്തം ഭൂപടങ്ങളും ഭൂമിതി സർവേ പ്ലാനുകളും ഉണ്ട്, എന്നാൽ ബൈബിളും ഭൂപടങ്ങളും തമ്മിൽ വ്യത്യാസമുണ്ടായിരിക്കുന്നിടത്ത് ഞങ്ങൾ ബൈബിൾ തിരഞ്ഞെടുക്കുന്നു.”31 ബൈബിളിൽ അവതരിപ്പിച്ചിരിക്കുന്ന ചരിത്രം ഒരുവനു വ്യക്തിപരമായി അനുഭവിച്ചറിയാൻ കഴിയുന്നതെങ്ങനെ എന്നതിന് ഒരു ഉദാഹരണം നൽകുകയാണെങ്കിൽ: 2,700-ലധികം വർഷം മുമ്പ് കടുപ്പമുള്ള പാറ വെട്ടിയുണ്ടാക്കിയ യെരൂശലേമിലെ 533 മീറ്റർ നീളമുള്ള ഒരു തുരങ്കത്തിലൂടെ ഇന്നൊരാൾക്കു നടക്കാൻ കഴിയും. നഗരമതിലുകൾക്കു വെളിയിലുള്ള രഹസ്യ ഗീഹോൻ നീരുറവയിൽനിന്നു നഗരത്തിനകത്തുള്ള ശിലോഹാം കുളത്തിലേക്ക് ജലം കൊണ്ടുപോകുകവഴി നഗരത്തിലെ ജലവിതരണം നിലനിർത്തുന്നതിനുവേണ്ടിയാണ് അതു വെട്ടിയത്. സൻഹേരീബിന്റെ വരാനിരിക്കുന്ന ഉപരോധം മുൻകൂട്ടിക്കണ്ടുകൊണ്ട് നഗരത്തിൽ വെള്ളം നൽകുന്നതിനുവേണ്ടി ഹിസ്കീയാവ് ഈ ജലതുരങ്കം നിർമിച്ചതിനെക്കുറിച്ചു ബൈബിൾ വിശദീകരിക്കുന്നു.—2 രാജാക്കന്മാർ 20:20; 2 ദിനവൃത്താന്തം 32:30.
34. ബൈബിളിന്റെ കൃത്യതയെക്കുറിച്ച് ആദരണീയരായ ചില പണ്ഡിതന്മാർ പറഞ്ഞിരിക്കുന്നത് എന്ത്?
34 ബൈബിളിന്റെ കൃത്യതയെ വിലകുറച്ചുകാണുന്നത് ജ്ഞാനരഹിതമായിരിക്കുന്നത് എന്തുകൊണ്ടെന്നു ചിത്രീകരിക്കുന്ന ഏതാനും ഉദാഹരണങ്ങൾ മാത്രമാണ് ഇവ. ഇവ കൂടാതെ ഇനിയും അനേകം ഉദാഹരണങ്ങളുണ്ട്. അതുകൊണ്ട് ബൈബിളിന്റെ വിശ്വാസ്യതയെ സംബന്ധിച്ച സംശയങ്ങൾ സാധാരണമായി ബൈബിൾ പറയുന്ന കാര്യങ്ങളിലോ ഈടുറ്റ തെളിവിലോ അല്ല, പകരം തെറ്റായ അറിവിലോ അജ്ഞതയിലോ അടിസ്ഥാനപ്പെട്ടവയാണ്. ബ്രിട്ടീഷ് മ്യൂസിയത്തിന്റെ മുൻ ഡയറക്ടറായ ഫ്രെഡറിക് കെനിയൻ ഇപ്രകാരം എഴുതി: “പുരാവസ്തുശാസ്ത്രം ഇതുവരെ അതിന്റെ അവസാന വാക്കു പറഞ്ഞിട്ടില്ലെങ്കിലും അറിവിന്റെ വർധനവ് ബൈബിളിനു നേട്ടമേ കൈവരുത്തൂ, ഇതുവരെ നേടിയിട്ടുള്ള ഫലങ്ങൾ ഇതിനെ സ്ഥിരീകരിക്കുന്നു.”32 സുപ്രസിദ്ധ പുരാവസ്തുശാസ്ത്രജ്ഞനായ നെൽസൺ ഗ്ലൂക്ക് ഇപ്രകാരം പറഞ്ഞു: “പുരാവസ്തുശാസ്ത്രപരമായ യാതൊരു കണ്ടുപിടിത്തവും ബൈബിൾ പരാമർശത്തെ ഒരിക്കലും നിഷേധിച്ചിട്ടില്ലെന്ന് അസന്ദിഗ്ധമായി പറയാവുന്നതാണ്. പുരാവസ്തുശാസ്ത്രപരമായ അസംഖ്യം കണ്ടുപിടിത്തങ്ങൾ നടത്തിയിട്ടുണ്ട്, അവ ബൈബിളിലെ ചരിത്ര പ്രസ്താവനകളെ വ്യക്തമായ രൂപരേഖയുടെ കാര്യത്തിലോ കൃത്യമായ വിശദാംശത്തിന്റെ കാര്യത്തിലോ സ്ഥിരീകരിക്കുന്നു.”33
സത്യസന്ധതയും പൊരുത്തവും
35, 36. (എ) വിവിധ ബൈബിളെഴുത്തുകാർ വ്യക്തിപരമായ എന്തു ബലഹീനതകൾ സമ്മതിച്ചു പറഞ്ഞു? (ബി) ഈ എഴുത്തുകാരുടെ സത്യസന്ധത ബൈബിൾ ദൈവത്തിൽനിന്നുള്ളതാണെന്ന അവരുടെ അവകാശവാദത്തിന് പിൻബലം നൽകുന്നതെന്തുകൊണ്ട്?
35 ബൈബിളിനെ ദൈവത്തിൽനിന്നുള്ളതായി തിരിച്ചറിയിക്കുന്ന മറ്റൊരു സംഗതി അതിന്റെ എഴുത്തുകാരുടെ സത്യസന്ധതയാണ്. തെറ്റുകളോ തോൽവികളോ, പ്രത്യേകിച്ച് എഴുത്തിൽ, സമ്മതിക്കുക എന്നത് അപൂർണ മനുഷ്യർക്കു ബുദ്ധിമുട്ടുള്ള സംഗതിയാണ്. പുരാതനകാലത്തെ മിക്ക എഴുത്തുകാരും അവരുടെ വിജയങ്ങളെയും നന്മകളെയും കുറിച്ചു മാത്രം പ്രസ്താവിച്ചു. എങ്കിലും, താൻ ‘അകൃത്യം ചെയ്തെന്നും’ അതുകൊണ്ട് ഇസ്രായേലിനെ വാഗ്ദത്തനാട്ടിലേക്കു നയിക്കുന്നതിനു താൻ യോഗ്യനല്ലാതായിത്തീർന്നുവെന്നും മോശെ എഴുതി. (ആവർത്തനപുസ്തകം 32:50-52; സംഖ്യാപുസ്തകം 20:1-13) യോനാതന്നെ തന്റെ അനുസരണക്കേടിനെക്കുറിച്ചു പറഞ്ഞു. (യോനാ 1:1-3; 4:1) പൗലൊസ് തന്റെ മുൻ തെറ്റുകൾ സമ്മതിച്ചു പറയുന്നു. (പ്രവൃത്തികൾ 22:19, 20; തീത്തൊസ് 3:3) അപ്പൊസ്തലന്മാർ ചിലപ്പോഴൊക്കെ അൽപ്പവിശ്വാസം കാണിക്കുകയും പ്രാമുഖ്യത തേടുകയും യേശുവിന്റെ അറസ്റ്റിന്റെ സമയത്ത് അവനെ ഉപേക്ഷിക്കുകപോലും ചെയ്തുവെന്നും ക്രിസ്തുവിന്റെ ഒരു അപ്പൊസ്തലനായ മത്തായി പ്രസ്താവിച്ചു.—മത്തായി 17:18-20; 18:1-6; 20:20-28; 26:56.
36 ബൈബിളെഴുത്തുകാർ എന്തെങ്കിലും തെറ്റായി അവതരിപ്പിക്കാൻ ശ്രമിച്ചതായിരുന്നെങ്കിൽ അത് അവരെക്കുറിച്ചു തന്നെയുള്ള പ്രതികൂലമായ വിവരങ്ങളാകുകയില്ലായിരുന്നോ? അവർ തങ്ങളുടെതന്നെ ബലഹീനതകൾ വെളിപ്പെടുത്താനും എന്നിട്ട് മറ്റു സംഗതികളെക്കുറിച്ചു തെറ്റായ അവകാശവാദങ്ങൾ നടത്താനും സാധ്യതയില്ലായിരുന്നു, ഉണ്ടായിരുന്നോ? അതുകൊണ്ട് ബൈബിളെഴുത്തുകാരുടെ സത്യസന്ധത, അവർ എഴുതിയപ്പോൾ ദൈവം അവരെ നയിച്ചതാണെന്നുള്ള അവരുടെ അവകാശവാദത്തിനു പിൻബലം നൽകുന്നു.—2 തിമൊഥെയൊസ് 3:16.
37. ബൈബിളിന്റെ ആന്തരിക പൊരുത്തം അത് ദൈവനിശ്വസ്തമാണെന്നുള്ളതിന്റെ വളരെ ശക്തമായ തെളിവ് ആയിരിക്കുന്നതെന്തുകൊണ്ട്?
37 ഒരു കേന്ദ്ര പ്രതിപാദ്യവിഷയത്തെ ചുറ്റിപ്പറ്റിയുള്ള ആന്തരിക പൊരുത്തവും ബൈബിളിന്റെ ദിവ്യ ഗ്രന്ഥകർത്തൃത്വത്തെ സാക്ഷ്യപ്പെടുത്തുന്നു. ബൈബിളിന്റെ 66 പുസ്തകങ്ങൾ 40 വ്യത്യസ്ത എഴുത്തുകാർ 16 നൂറ്റാണ്ടുകളുൾപ്പെട്ട ഒരു കാലഘട്ടംകൊണ്ട് എഴുതിയതാണെന്നു പറയാൻ എളുപ്പമാണ്. എന്നാൽ ആ വസ്തുത എത്ര അത്ഭുതകരമാണെന്നു ചിന്തിക്കുക! ഒരു പുസ്തകത്തിന്റെ എഴുത്ത് ആരംഭിച്ചത് റോമാ സാമ്രാജ്യത്തിന്റെ കാലത്താണെന്നും അതിന്റെ എഴുത്ത് ഏകാധിപത്യങ്ങളുടെയും ആധുനിക നാളിലെ റിപ്പബ്ലിക്കുകളുടെയും കാലഘട്ടത്തിലൂടെ തുടർന്നുപോയെന്നും എഴുത്തുകാർ പട്ടാളക്കാരും രാജാക്കന്മാരും പുരോഹിതന്മാരും മീൻപിടുത്തക്കാരും ഒരു ഇടയനും ഒരു ഡോക്ടറും പോലെ വ്യത്യസ്ത ആളുകളായിരുന്നുവെന്നും കരുതുക. ആ പുസ്തകത്തിന്റെ എല്ലാ ഭാഗങ്ങളും കൃത്യമായ ഒരേ പ്രതിപാദ്യവിഷയം പിൻപറ്റാൻ നിങ്ങൾ പ്രതീക്ഷിക്കുമോ? എന്നാൽ ബൈബിൾ എഴുതപ്പെട്ടത് സമാനമായ ഒരു കാലഘട്ടത്തിൽ, വ്യത്യസ്ത രാഷ്ട്രീയ ഭരണകൂടങ്ങളുടെ സമയത്ത്, പ്രസ്തുത വിഭാഗങ്ങളിലെല്ലാംപെട്ട മനുഷ്യരാലാണ്. അതിന് ആകമാന പൊരുത്തമുണ്ട്. അതിന്റെ അടിസ്ഥാന സന്ദേശത്തിന്റെ അന്തഃസത്ത ആദ്യന്തം ഒന്നുതന്നെയാണ്. “ദൈവകല്പനയാൽ” ഈ “മനുഷ്യർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ടു സംസാരിച്ച”താണെന്ന ബൈബിളിന്റെ അവകാശവാദത്തിന് ഇതു പിൻബലം നൽകുന്നില്ലേ?—2 പത്രൊസ് 1:20, 21.
38. ബൈബിളിൽ വിശ്വസിക്കുന്നതിന് ഒരു വ്യക്തി എന്തു ചെയ്യേണ്ടതാണ്?
38 ബൈബിളിൽ നിങ്ങൾക്കു വിശ്വസിക്കാൻ കഴിയുമോ? അത് എന്താണു പറയുന്നതെന്ന് യഥാർഥത്തിൽ പരിശോധിക്കുകയും അത് പറയുന്നുവെന്നു ചിലയാളുകൾ അവകാശപ്പെടുന്നത് കണ്ണടച്ച് അംഗീകരിക്കാതിരിക്കുകയും ചെയ്യുകയാണെങ്കിൽ അതിൽ വിശ്വസിക്കുന്നതിനുള്ള കാരണം നിങ്ങൾ കണ്ടെത്തും. എന്നാൽ ബൈബിൾ തീർച്ചയായും ദൈവത്താൽ നിശ്വസ്തമായിരുന്നു എന്നതിനുള്ള ഇതിലും ശക്തമായ തെളിവുണ്ട്. അതാണ് അടുത്ത അധ്യായത്തിന്റെ വിഷയം.
[അധ്യയന ചോദ്യങ്ങൾ]
[202-ാം പേജിലെ ആകർഷകവാക്യം]
‘ഉല്പത്തിയെക്കുറിച്ചുള്ള ജ്യോതിശ്ശാസ്ത്ര വിവരണവും ബൈബിൾ വിവരണവും ഒന്നുതന്നെയാണ്’
[204-ാം പേജിലെ ആകർഷകവാക്യം]
ബൈബിൾ അന്ധവിശ്വാസപരമായ പ്രസ്താവനകളിൽനിന്നു ശ്രദ്ധേയമായി വിമുക്തമാണ്
[206-ാം പേജിലെ ആകർഷകവാക്യം]
മാനസികഭാവവും ശാരീരിക ആരോഗ്യവും തമ്മിലുള്ള അടുത്ത ബന്ധത്തെക്കുറിച്ച് ബൈബിളിൽ ദീർഘനാൾ മുമ്പേ പ്രസ്താവിച്ചിരുന്നു
[207-ാം പേജിലെ ആകർഷകവാക്യം]
സ്നേഹത്തിന് ബൈബിൾ നൽകുന്ന ഊന്നൽ ആരോഗ്യകരമായ വൈദ്യോപദേശവുമായി ചേർച്ചയിലാണ്
[215-ാം പേജിലെ ആകർഷകവാക്യം]
തെറ്റുകളോ തോൽവികളോ, പ്രത്യേകിച്ച് എഴുത്തിൽ, സമ്മതിക്കുക എന്നത് മനുഷ്യ പ്രകൃതിക്ക് എതിരാണ്
[215-ാം പേജിലെ ആകർഷകവാക്യം]
ബൈബിളിന് ആകമാന പൊരുത്തമുണ്ട്
[201-ാം പേജിലെ രേഖാചിത്രം]
പുരാതന കാലങ്ങളിൽ പൊതുവെ ആർക്കുംതന്നെ അറിയില്ലായിരുന്ന ഈ ജലപരിവൃത്തിയെ കുറിച്ച് ബൈബിൾ വർണിക്കുന്നു
[200-ാം പേജിലെ ചിത്രം]
ഭൂമി താങ്ങിനിർത്തപ്പെട്ടത് ഈ വിധത്തിലാണെന്നാണു പുരാതനകാലത്തെ ചില ആളുകൾ വിശ്വസിച്ചിരുന്നത്
[203-ാം പേജിലെ ചിത്രം]
സൈബീരിയയിൽനിന്നു കുഴിച്ചെടുത്ത മഞ്ഞിലുറച്ച മാമത്ത്. ആയിരക്കണക്കിനു വർഷങ്ങൾക്കു ശേഷവും അതിന്റെ വായിലും വയറ്റിലും പച്ചില ഉണ്ടായിരുന്നു, മഞ്ഞ് ഉരുക്കിക്കളഞ്ഞപ്പോൾ അതിന്റെ മാംസം ഭക്ഷ്യയോഗ്യമായിരുന്നു
[205-ാം പേജിലെ ചിത്രം]
കഴിഞ്ഞ നൂറ്റാണ്ടിൽ ഡോക്ടർമാർ മരിച്ചവരെ തൊട്ടശേഷം എല്ലായ്പോഴും കൈ കഴുകിയിരുന്നില്ല, ഇത് മറ്റു മരണങ്ങൾക്കിടയാക്കി
മോർച്ചറി
പ്രസവമുറി
[209-ാം പേജിലെ ചിത്രം]
ബൈബിൾ വിവരണത്തിലൂടെ മാത്രം ദീർഘനാളോളം അറിയപ്പെട്ടിരുന്ന സർഗ്ഗോൻ രാജാവിന്റെ ചുണ്ണാമ്പുകല്ലിൽ തീർത്ത ശിൽപ്പം
[210-ാം പേജിലെ ചിത്രങ്ങൾ]
സൻഹേരീബ് രാജാവിന്റെ നിനെവേയിലുള്ള കൊട്ടാരത്തിലെ ചുവർ കൊത്തുപണി, അദ്ദേഹം യഹൂദ്യ നഗരമായ ലാഖീശിൽനിന്നുള്ള കൊള്ളമുതൽ സ്വീകരിക്കുന്ന രംഗമാണു കാണിച്ചിരിക്കുന്നത്
സൻഹേരീബ് രാജാവിന്റെ ഈ കളിമൺ പ്രിസം ഇസ്രായേലിലേക്കുള്ള അദ്ദേഹത്തിന്റെ സൈനിക പര്യടനത്തെ വർണിക്കുന്നു
[211-ാം പേജിലെ ചിത്രങ്ങൾ]
സൻഹേരീബിന്റെ പുത്രനായ ഏസെർ-ഹദ്ദോന്റെ വിജയസ്തംഭം 2 രാജാക്കന്മാർ 19:37-നെ വിശദമാക്കുന്നു: “അവന്റെ മകനായ ഏസെർ-ഹദ്ദോൻ അവന്നുപകരം രാജാവായ്തീർന്നു”
കൈസര്യയിൽ കണ്ടെത്തപ്പെട്ട ഈ ആലേഖനം പൊന്തിയോസ് പീലാത്തൊസ് യഹൂദ്യയിലെ ഗവർണറായിരുന്നു എന്നു സ്ഥിരീകരിക്കുന്നു
[212-ാം പേജിലെ ചിത്രങ്ങൾ]
ഈ ചുവർ കൊത്തുപണി യഹൂദയുടെമേലുള്ള ശീശക്കിന്റെ വിജയത്തെക്കുറിച്ചുള്ള ബൈബിൾ രേഖയെ സമർഥിക്കുന്നു
ബൈബിളിൽ വർണിച്ചിരിക്കുന്ന, മോവാബ്യ രാജാവായ മേശായുടെ ഇസ്രായേലിനെതിരെയുള്ള പ്രക്ഷോഭത്തെക്കുറിച്ച് മോവാബ്യ ശില രേഖപ്പെടുത്തുന്നു
[213-ാം പേജിലെ ചിത്രങ്ങൾ]
യേഹൂ രാജാവോ അദ്ദേഹത്തിന്റെ ഒരു പ്രതിനിധിയോ ശൽമനേസെർ III-ാമൻ രാജാവിനു കപ്പം കൊടുക്കുന്നു
യേശുക്രിസ്തു ജനിച്ച സമയത്തു കൈസരായിരുന്ന ഔഗുസ്തൊസിന്റെ മാർബിളിൽ തീർത്ത അർധകായപ്രതിമ
തീബെര്യൊസ് കൈസരുടെ ആലേഖനത്തോടുകൂടിയ ഒരു വെള്ളി ദിനാറ, ഇതുപോലെയുള്ള ഒന്നാണ് ക്രിസ്തു ചോദിച്ചത്
[214-ാം പേജിലെ ചിത്രം]
അസീറിയൻ ഉപരോധത്തിന്റെ സമയത്ത് യെരൂശലേമിലേക്കു വെള്ളം കൊണ്ടുപോകുന്നതിനുവേണ്ടി ഹിസ്കീയാവ് രാജാവ് ഉണ്ടാക്കിയ തുരങ്കത്തിന്റെ ഉൾഭാഗം