നിങ്ങൾ എന്തു തിരഞ്ഞെടുക്കും?
അധ്യായം 20
നിങ്ങൾ എന്തു തിരഞ്ഞെടുക്കും?
1, 2. (എ) “സുവാർത്ത” ഇന്ന് ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്നത് എങ്ങനെ? (ബി) ഈ ആഗോള കൂട്ടിച്ചേർക്കലിനെക്കുറിച്ചു മുൻകൂട്ടി പറഞ്ഞിരുന്നത് എങ്ങനെ?
ദൈവരാജ്യത്തിൻകീഴിലെ പറുദീസ—ഇത്തരം വാർത്തകളാണ് മനുഷ്യവർഗത്തിന് ആവശ്യം. “രാജ്യത്തിന്റെ ഈ സുവാർത്ത”യെക്കുറിച്ച് ഭൂവ്യാപകമായി ആളുകളോടു പറയുന്നത് “അവസാനം വരു”ന്നതിനു തൊട്ടുമുമ്പുള്ള കാലഘട്ടത്തിന്റെ ഒരു സവിശേഷതയായിരിക്കുമെന്ന് യേശു പ്രവചിച്ചു. (മത്തായി 24:14, NW) ഇന്ന് ദശലക്ഷക്കണക്കിനു യഹോവയുടെ സാക്ഷികൾ അതുതന്നെയാണു ചെയ്തുകൊണ്ടിരിക്കുന്നത്. അവർ മറ്റു ദശലക്ഷങ്ങളുമായി ഈ സുവാർത്ത പങ്കുവെക്കുന്നു. ഈ ആളുകൾ സാക്ഷികളോടൊപ്പം ബൈബിൾ പഠിച്ചുകൊണ്ടും സഹവസിച്ചുകൊണ്ടും പ്രതികരിക്കുന്നു.
2 എല്ലാ ജനതകളിൽനിന്നും ആളുകളെ കൂട്ടിച്ചേർത്തുകൊണ്ടിരിക്കുന്ന ഈ വിപുലമായ ആഗോള വിദ്യാഭ്യാസവേലയെക്കുറിച്ച് ബൈബിളിൽ മുൻകൂട്ടി പറഞ്ഞിരുന്നു. യെശയ്യാവിന്റെ പ്രവചനം ഈ അവസാന നാളുകളെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: ‘യഹോവയുടെ ആരാധന ഉറപ്പായി സ്ഥാപിതമായിത്തീരും, അതിലേക്ക് എല്ലാ ജനതകളിൽനിന്നുമുള്ള ആളുകൾ ഒഴുകിച്ചെല്ലേണ്ടതുണ്ട്. യഹോവ തന്റെ വഴികളെക്കുറിച്ച് അവരെ പഠിപ്പിക്കും, അവർ അവന്റെ പാതകളിൽ നടക്കുകയും ചെയ്യും.’—യെശയ്യാവു 2:2-4, NW; യെശയ്യാവു 60:22-ഉം സെഖര്യാവു 8:20-23-ഉം കൂടെ കാണുക.
3. രാജ്യസന്ദേശം എന്തിന് ഇടയാക്കുന്നു?
3 ലോകവ്യാപകമായ രാജ്യ പ്രഖ്യാപനം ആളുകളുടെ ഒരു വിഭജനത്തിന് ഇടയാക്കുന്നു. നമ്മുടെ നാളിൽ പരമകാഷ്ഠയിൽ എത്തുന്ന ഒന്നിനെക്കുറിച്ച് ആലങ്കാരിക ഭാഷയിൽ യേശു ഇങ്ങനെ മുൻകൂട്ടി പറഞ്ഞു: “സകല ജനതകളും അവന്റെ മുമ്പാകെ കൂട്ടിവരുത്തപ്പെടും. ഒരു ഇടയൻ ചെമ്മരിയാടുകളെ കോലാടുകളിൽനിന്നു വേർതിരിക്കുന്നതുപോലെ അവൻ ആളുകളെ തമ്മിൽ വേർതിരിക്കും.” സ്രഷ്ടാവിന്റെ ഉദ്ദേശ്യങ്ങളോടു സഹകരിക്കുന്നവർ ചെമ്മരിയാടുതുല്യരായി തിരിച്ചറിയിക്കപ്പെടുന്നു. സ്വതന്ത്രരായി നിലകൊള്ളുന്നവർ കോലാടുതുല്യരാണെന്നു പറയപ്പെടുന്നു. ‘ചെമ്മരിയാടുകൾ’ ‘നിത്യജീവൻ’ കൊയ്യുമെന്നും എന്നാൽ ‘കോലാടുകൾ’ ‘നിത്യഛേദനം’ അനുഭവിക്കുമെന്നും യേശു പറഞ്ഞു.—മത്തായി 25:32-46, NW.
‘സത്യത്തെ അസത്യത്തിനുവേണ്ടി കൈമാറാ’തിരിക്കൽ
4. (എ) നാം തുടർന്നു ജീവിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ എന്തു മർമപ്രധാനമാണ്? (ബി) ബൈബിളനുസരിച്ച്, പരിണാമസിദ്ധാന്തത്തെ എങ്ങനെ വർഗീകരിക്കേണ്ടതാണ്?
4 ദൈവോദ്ദേശ്യങ്ങൾക്കു ചേർച്ചയിൽ ജീവിതം നയിക്കുന്നത് നമ്മുടെ ഭാവിക്കു മർമപ്രധാനമാണ്, എന്തെന്നാൽ ‘ജീവന്റെ ഉറവ്’ അവന്റെ പക്കലാണ്. (സങ്കീർത്തനം 36:9) അതുകൊണ്ട് യാഥാർഥ്യത്തിനു വിരുദ്ധമായ തത്ത്വചിന്തകളുടെ കെണിയിൽ നാം അകപ്പെട്ടുപോകരുത്. “ദൈവത്തെക്കുറിച്ചുള്ള സത്യം അസത്യത്തിന്നു കൈമാറി”യവരെക്കുറിച്ചും “സ്രഷ്ടാവിന്നു പകരം സൃഷ്ടിയെ സേവിച്ചാരാധിച്ച”വരെക്കുറിച്ചും റോമർ 1:25, (ഓശാന ബൈ.) പറയുന്നു. നാം കണ്ടുകഴിഞ്ഞതുപോലെ, പരിണാമസിദ്ധാന്തം യാഥാർഥ്യത്തിനു വിരുദ്ധമാണ്. അതേ, ഫലത്തിൽ ഒരു ‘അസത്യം’ തന്നെ. സൃഷ്ടിപ്പിന്റെ ദൈവത്തെക്കുറിച്ചുള്ള വസ്തുതകളെ അത്തരമൊരു “അസത്യത്തിന്നു” കൈമാറുന്നതിന് റോമർ 1:20, (NW) പറയുന്നതനുസരിച്ച്, തെളിവിന്റെ വീക്ഷണത്തിൽ “ഒഴികഴിവില്ല.”
5, 6. (എ) പരിണാമത്തിലുള്ള വിശ്വാസം യഥാർഥത്തിൽ എവിടെനിന്നാണ് ഉത്ഭവിച്ചത്? (ബി) അത് നമ്മുടെ കാലത്ത് വളരെ വ്യാപകമായിത്തീർന്നിരിക്കുന്നത് എന്തുകൊണ്ട്? (സി) ഈ സംഗതിയെക്കുറിച്ച് നമുക്ക് എങ്ങനെയാണു തോന്നേണ്ടത്?
5 തെളിവ് പ്രതികൂലമായിരുന്നിട്ടും പരിണാമസിദ്ധാന്തം ആധുനികകാലത്തു വളരെ വ്യാപകമായിത്തീർന്നിരിക്കുന്നതിൽ അതിശയംതോന്നരുത്. ഈ വിശ്വാസത്തിന്റെ യഥാർഥ സന്ദേശം ദൈവം ഇല്ലെന്നതാണ്, അതായത് അവന്റെ ആവശ്യമില്ലെന്നാണ്. അത്തരമൊരു ഭയങ്കര നുണ എവിടെനിന്നായിരിക്കും ഉത്ഭവിക്കുക? പിൻവരുന്നപ്രകാരം പറഞ്ഞപ്പോൾ അത് എവിടെനിന്നാണെന്ന് യേശു തിരിച്ചറിയിച്ചു: ‘പിശാച് ഭോഷ്കു പറയുന്നവനും അതിന്റെ അപ്പനും ആകുന്നു.’—യോഹന്നാൻ 8:44.
6 പരിണാമസിദ്ധാന്തം സാത്താന്റെ ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നുവെന്ന വസ്തുത നാം സമ്മതിക്കേണ്ടതുണ്ട്. ദൈവത്തിനെതിരെ മത്സരിക്കുന്നതിൽ ആളുകൾ തന്റെ ഗതിയും അതുപോലെതന്നെ ആദാമിന്റെയും ഹവ്വായുടെയും ഗതിയും അനുകരിക്കാൻ അവൻ ആഗ്രഹിക്കുന്നു. ഇത് ഇപ്പോൾ വിശേഷാൽ സത്യമാണ്, എന്തുകൊണ്ടെന്നാൽ പിശാചിന് “അല്പകാലമേ” ബാക്കിയുള്ളൂ. (വെളിപ്പാടു 12:9-12) അതുകൊണ്ട് പരിണാമത്തിൽ വിശ്വസിക്കുന്നപക്ഷം നാം അവന്റെ താത്പര്യങ്ങളെ പ്രോത്സാഹിപ്പിക്കുകയും സ്രഷ്ടാവിന്റെ അത്ഭുതകരമായ ഉദ്ദേശ്യങ്ങൾക്കുനേരെ കണ്ണടയ്ക്കുകയും ആയിരിക്കും ചെയ്യുന്നത്. അങ്ങനെയെങ്കിൽ ഇതിനെക്കുറിച്ചു നമുക്ക് എങ്ങനെയാണു തോന്നേണ്ടത്? നമ്മിൽനിന്നു പണമോ കേവലം കുറച്ചു ഭൗതികസ്വത്തുക്കളോ കവർന്നെടുക്കാൻ ശ്രമിക്കുന്നവരോട് നമുക്കു രോഷം തോന്നുന്നു. പരിണാമസിദ്ധാന്തത്തോടും അതിന്റെ ഉപജ്ഞാതാവിനോടും നമുക്ക് അതിലേറെ രോഷം തോന്നേണ്ടതാണ്, എന്തുകൊണ്ടെന്നാൽ നമ്മിൽനിന്നു നിത്യജീവൻ കവർന്നെടുക്കുകയെന്നതാണ് അവന്റെ ഉദ്ദേശ്യം.—1 പത്രൊസ് 5:8.
‘എല്ലാവരും അറിയേണ്ടിവരും’
7. തന്റെ അസ്തിത്വത്തെയും തന്റെ നാമത്തെയും കുറിച്ചു താൻ എന്തു ചെയ്യുമെന്നാണ് സ്രഷ്ടാവു പറയുന്നത്?
7 വാസ്തവത്തിൽ ഒരു സ്രഷ്ടാവുണ്ടെന്ന് ഉടൻതന്നെ സകലരും അറിയും. അവൻ ഇപ്രകാരം പ്രസ്താവിക്കുന്നു: “ജാതികളുടെ ഇടയിൽ . . . അശുദ്ധമായ്പോയിരിക്കുന്ന എന്റെ മഹത്തായ നാമത്തെ ഞാൻ വിശുദ്ധീകരിക്കും; ജാതികൾ . . . ഞാൻ യഹോവ എന്നു . . . അറിയും [“അറിയേണ്ടിവരും,” NW].” (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) (യെഹെസ്കേൽ 36:23) അതേ, ‘യഹോവ തന്നെയാണു ദൈവം എന്നും അവനാണു നമ്മെ ഉണ്ടാക്കിയതെന്നും നാം അവനുള്ളവർ ആകുന്നു’ എന്നും എല്ലാവരും അറിയേണ്ടിവരും.—സങ്കീർത്തനം 100:3.
8. യഹോവ ജനതകളെ പെട്ടെന്നുതന്നെ എങ്ങനെ നേരിടും?
8 യഹോവ ജനതകളെ പെട്ടെന്നുതന്നെ നേരിടുമ്പോൾ അവനാണ് സൃഷ്ടിപ്പിന്റെ ദൈവം എന്ന് അവർ അറിയാനിടയാകും. ദൈവത്തിൽനിന്നു സ്വതന്ത്രനാകുന്നതിനുള്ള ശ്രമത്തിൽ മനുഷ്യൻ നടത്തുന്ന ദുരിതപൂർണമായ പരീക്ഷണം യഹോവ അവസാനിപ്പിക്കുന്നതോടെ ആയിരിക്കും ഇതു സംഭവിക്കുക. അപ്പോൾ ‘അവന്റെ ക്രോധത്താൽ ഭൂമി നടുങ്ങും; ജാതികൾക്കു അവന്റെ ഉഗ്രകോപം സഹിപ്പാൻ കഴികയുമില്ല.’ “ആകാശത്തെയും ഭൂമിയെയും നിർമ്മിക്കാത്ത ദേവന്മാരോ ഭൂമിയിൽനിന്നും ആകാശത്തിൻ കീഴിൽനിന്നും നശിച്ചുപോകും.”—യിരെമ്യാവു 10:10, 11; വെളിപ്പാടു 19:11-21-കൂടെ കാണുക.
9. (എ) പറുദീസയിൽ പരിണാമത്തെക്കുറിച്ചുള്ള പഠിപ്പിക്കൽ ഉണ്ടായിരിക്കുകയില്ലാത്തത് എന്തുകൊണ്ട്? (ബി) യഹോവയുടെ പ്രാപ്തിയുടെ ഏത് ഭയഗംഭീരമായ പ്രകടനം അവൻ മനുഷ്യരെ സൃഷ്ടിച്ചതാണെന്നു തെളിയിക്കും?
9 അങ്ങനെ, വരാൻപോകുന്ന പറുദീസയിൽ ജനതകളും അവരുടെ വിദ്യാഭ്യാസ പദ്ധതികളും മാധ്യമങ്ങളും മേലാൽ ഉണ്ടായിരിക്കുകയില്ല. അതുകൊണ്ട് അന്ന് പരിണാമത്തെക്കുറിച്ചുള്ള പഠിപ്പിക്കൽ ഉണ്ടായിരിക്കുകയില്ല. പകരം, യെശയ്യാവു 11:9 പ്രകടമാക്കുന്ന പ്രകാരം, “സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരി”ക്കും. (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) സ്രഷ്ടാവിനെ അടുത്തറിയാൻ എല്ലാവരും പഠിപ്പിക്കപ്പെടും. അവൻ കഴിഞ്ഞകാലത്ത് തന്റെ ഉദ്ദേശ്യങ്ങൾ നടപ്പിലാക്കിയിരിക്കുന്ന വിധത്തിൽ അവർ അത്ഭുതംകൂറും. അവർ പറുദീസയിലെ അവന്റെ ഭാവി പ്രവർത്തനങ്ങൾ കണ്ട് രോമാഞ്ചംകൊള്ളും. ഭയഗംഭീരമായ ആ പ്രവർത്തനങ്ങളിൽ പുനരുത്ഥാനവും ഉൾപ്പെടും. മനുഷ്യരെ ദൈവം സൃഷ്ടിച്ചതുതന്നെയാണെന്ന് അത് അനിഷേധ്യമായി പ്രകടമാക്കും. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ മരണമടഞ്ഞ ശതകോടിക്കണക്കിനാളുകളെ പുനഃസൃഷ്ടിക്കാനുള്ള അവന്റെ പ്രാപ്തി, ആദ്യ മനുഷ്യജോടിയെ സൃഷ്ടിക്കാൻ അവൻ പ്രാപ്തനായിരുന്നുവെന്നു തീർച്ചയായും തെളിയിക്കും.
ഒരു തിരഞ്ഞെടുപ്പ്
10. യഹോവ ഇപ്പോൾത്തന്നെ ഭാവി എന്താണെന്നു തീരുമാനിച്ചിരിക്കുന്നു എന്ന വസ്തുതയുടെ വീക്ഷണത്തിൽ ഏതു ചോദ്യങ്ങൾ നാം നമ്മോടുതന്നെ ചോദിക്കേണ്ടതുണ്ട്?
10 അല്ല, യാദൃച്ഛികമായ ഏതോ പരിണാമ പ്രക്രിയയാലല്ല ഭാവി നിർണയിക്കപ്പെടുന്നത്. സ്രഷ്ടാവ് ഇപ്പോൾത്തന്നെ ഭാവി എന്താണെന്നു നിർണയിച്ചിരിക്കുന്നു. അവന്റെ ഉദ്ദേശ്യങ്ങളാണു നിറവേറ്റപ്പെടാൻ പോകുന്നത്, ഏതെങ്കിലും മനുഷ്യന്റെയോ പിശാചിന്റെയോ ഉദ്ദേശ്യങ്ങളല്ല. (യെശയ്യാവു 46:9-11) ഇതിന്റെ വീക്ഷണത്തിൽ നാമോരോരുത്തരും പിൻവരുന്ന ചോദ്യങ്ങൾ നമ്മോടുതന്നെ ചോദിക്കേണ്ടതുണ്ട്: “എന്റെ നിലപാട് എന്താണ്? നീതിനിഷ്ഠമായ ഒരു പറുദീസയിൽ എന്നേക്കും ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ അതിജീവനത്തിനുള്ള ദൈവത്തിന്റെ നിബന്ധനകൾ ഞാൻ അനുസരിക്കുന്നുണ്ടോ?
11. നാം പറുദീസയിൽ ജീവിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ആരുടെ മാതൃക നാം പിൻപറ്റേണ്ടതുണ്ട്?
11 പറുദീസയിൽ എന്നേക്കും ജീവിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ നാം സ്രഷ്ടാവിനെയും അവന്റെ ഉദ്ദേശ്യങ്ങളെയും നിയമങ്ങളെയും ആദരിക്കുന്നവരുടെ മാതൃക പിൻപറ്റേണ്ടതുണ്ടെന്ന് ബൈബിൾ പ്രകടമാക്കുന്നു. അത് ഇപ്രകാരം ബുദ്ധിയുപദേശിക്കുന്നു: “നിഷ്കളങ്കനെ കുറിക്കൊള്ളുക; നേരുള്ളവനെ നോക്കിക്കൊൾക; സമാധാനപുരുഷന്നു സന്തതി ഉണ്ടാകും [“ആ മനുഷ്യന്റെ ഭാവി സമാധാനപൂർണമായിരിക്കും,” NW]. എന്നാൽ അതിക്രമക്കാർ ഒരുപോലെ മുടിഞ്ഞുപോകും; ദുഷ്ടന്മാരുടെ സന്താനം ഛേദിക്കപ്പെടും [“ദുഷ്ടന്മാർക്കു ഭാവി ഇല്ലാതാകും,” NW].”—സങ്കീർത്തനം 37:37, 38.
12. (എ) മനുഷ്യർക്കു തിരഞ്ഞെടുപ്പിൻ സ്വാതന്ത്ര്യമുണ്ടെങ്കിലും എന്തു തുടർന്നുപോകാൻ ദൈവം അനുവദിക്കുകയില്ല? (ബി) ദൈവത്തെ സേവിക്കുന്നതിനായി തങ്ങളുടെ തിരഞ്ഞെടുപ്പിൻ സ്വാതന്ത്ര്യം ഉപയോഗിക്കുന്നവർക്ക് എന്തു ലഭിക്കാനിരിക്കുന്നു?
12 ദൈവത്തെ സേവിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അവൻ നമുക്കു തന്നിട്ടുണ്ട്. അനുസരിക്കാൻ അവൻ മനുഷ്യരെ നിർബന്ധിക്കുകയില്ല, എന്നാൽ ദുഷ്ടതയും കഷ്ടപ്പാടും അനീതിയും ശാശ്വതമായി തുടർന്നുപോകാനും അവൻ അനുവദിക്കുകയില്ല. വരാൻപോകുന്ന അവന്റെ പറുദീസയിലെ സമാധാനത്തെയും സന്തുഷ്ടിയെയും താറുമാറാക്കുന്ന ഏതൊരാളെയും തുടർന്നു ജീവിക്കാനും അവൻ അനുവദിക്കുകയില്ല. അതുകൊണ്ടാണ് തന്നെ സേവിക്കുന്നതിനായി തങ്ങളുടെ തിരഞ്ഞെടുപ്പു സ്വാതന്ത്ര്യം ഉപയോഗിക്കാൻ അവൻ ഇപ്പോൾ ആളുകളെ ക്ഷണിക്കുന്നത്. അപ്രകാരം ചെയ്യുന്നവർ അസംതൃപ്തികരമായ ഈ ലോകത്തിന്റെ അന്ത്യം കാണും. മാത്രമല്ല, അതിനുശേഷം ഭൂമിയെ ഒരു പറുദീസയാക്കി മാറ്റുന്നതിൽ സഹായിക്കുന്നതിന്റെ അതിയായ സന്തോഷവും അവർ അനുഭവിക്കും.—സങ്കീർത്തനം 37:34.
13. ‘സാക്ഷാലുള്ള ജീവൻ’ വേണമെങ്കിൽ നാം എന്തു ചെയ്യണം?
13 അനേകമാളുകൾ യഹോവയുടെ നിബന്ധനകൾ അനുസരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നതു സത്യംതന്നെ. അത് അവരുടെ കാര്യം, അതിന് അവർ വലിയ വിലതന്നെ ഒടുക്കേണ്ടി വരും. (യെഹെസ്കേൽ ) എന്നാൽ വരാനിരിക്കുന്ന “സാക്ഷാലുള്ള ജീവനെ പിടിച്ചുകൊ”ള്ളാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? ( 33:91 തിമൊഥെയൊസ് 6:19) ആഗ്രഹിക്കുന്നെങ്കിൽ എന്തു ചെയ്യണമെന്ന് യേശു കാണിച്ചുതന്നു. അവൻ ദൈവത്തോടുള്ള പ്രാർഥനയിൽ പറഞ്ഞു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.”—യോഹന്നാൻ 17:3.
14. നാം ജ്ഞാനപൂർവകവും അടിയന്തിരവുമായ ഏതു ഗതി സ്വീകരിക്കണം?
14 അതുകൊണ്ട്, ശേഷിച്ചിരിക്കുന്ന സമയത്ത് സ്വീകരിക്കേണ്ടിയിരിക്കുന്ന ജ്ഞാനപൂർവകവും അടിയന്തിരവുമായ ഗതി, സ്രഷ്ടാവിന്റെ ഇഷ്ടം മനസ്സിലാക്കുകയും അതു ചെയ്യാൻ ആത്മാർഥമായി ശ്രമിക്കുകയും ചെയ്യുക എന്നതാണ്. അവന്റെ നിശ്വസ്ത വചനം ഇങ്ങനെ ഉദ്ബോധിപ്പിക്കുന്നു: “യഹോവയുടെ കോപദിവസം നിങ്ങളുടെ മേൽ വരുന്നതിന്നു മുമ്പെ, . . . യഹോവയുടെ ന്യായം പ്രവർത്തിക്കുന്നവരായി ഭൂമിയിലെ സകല സൌമ്യന്മാരുമായുള്ളോരേ, അവനെ അന്വേഷിപ്പിൻ; നീതി അന്വേഷിപ്പിൻ; സൌമ്യത അന്വേഷിപ്പിൻ; പക്ഷെ നിങ്ങൾക്കു യഹോവയുടെ കോപദിവസത്തിൽ മറഞ്ഞിരിക്കാം.”—സെഫന്യാവു 2:2, 3.
15. സൗമ്യരായ വ്യക്തികളെ എന്തു മഹത്തായ ഭാവിപ്രതീക്ഷയാണു കാത്തിരിക്കുന്നത്?
15 ദൈവഹിതത്തിനു താഴ്മയോടെ കീഴ്പെടുന്ന അത്തരമൊരു സൗമ്യനായ വ്യക്തിയാണു നിങ്ങൾ എന്നു തെളിയിക്കുക. അപ്രകാരം തെളിയിക്കുന്നെങ്കിലെന്ത്? ‘ലോകം ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു’ എന്നു ബൈബിൾ പറയുന്നു. (1 യോഹന്നാൻ 2:17) നിങ്ങൾ ശരിയായ തിരഞ്ഞെടുപ്പു നടത്തുന്നെങ്കിൽ എന്തൊരു മഹത്തായ ഭാവിപ്രതീക്ഷയാണുള്ളത്—പറുദീസ ഭൂമിയിലെ എന്നേക്കുമുള്ള ജീവിതം!
[അധ്യയന ചോദ്യങ്ങൾ]
[247-ാം പേജിലെ ആകർഷകവാക്യം]
ദശലക്ഷക്കണക്കിന് ആളുകൾ യഹോവയുടെ സത്യാരാധനയിലേക്കു കൂടിവന്നു കൊണ്ടിരിക്കുന്നു
[248-ാം പേജിലെ ആകർഷകവാക്യം]
പരിണാമമെന്ന ആശയം യഥാർഥത്തിൽ എവിടെനിന്നാണ് ഉത്ഭവിച്ചത്?
[249-ാം പേജിലെ ആകർഷകവാക്യം]
ഒരു സ്രഷ്ടാവുണ്ടെന്ന് ഉടൻതന്നെ സകലരും അറിയും
[249-ാം പേജിലെ ആകർഷകവാക്യം]
മനുഷ്യരെ ദൈവം സൃഷ്ടിച്ചതുതന്നെയാണെന്ന് പുനരുത്ഥാനം തെളിയിക്കും
[250-ാം പേജിലെ ആകർഷകവാക്യം]
ഭാവി ഇപ്പോൾത്തന്നെ തീരുമാനിക്കപ്പെട്ടിരിക്കുന്നു
[250-ാം പേജിലെ ആകർഷകവാക്യം]
നാം നമ്മുടെ തിരഞ്ഞെടുപ്പു സ്വാതന്ത്ര്യം എങ്ങനെ ഉപയോഗിക്കും?
[251-ാം പേജിലെ ചിത്രം]
ശരിയായ തിരഞ്ഞെടുപ്പു നടത്തുന്നവരുടെ മുന്നിൽ ഒരു മഹത്തായ ഭാവിപ്രതീക്ഷയുണ്ട്