ഫോസിൽ രേഖയെ സംസാരിക്കാൻ അനുവദിക്കൽ
അധ്യായം 5
ഫോസിൽ രേഖയെ സംസാരിക്കാൻ അനുവദിക്കൽ
1. ഫോസിലുകൾ എന്താണ്?
ഭൂവൽക്കത്തിൽ പരിരക്ഷിക്കപ്പെട്ട പുരാതന ജീവരൂപങ്ങളുടെ അവശിഷ്ടങ്ങളാണ് ഫോസിലുകൾ. അവ അസ്ഥികൂടങ്ങളോ എല്ല്, പല്ല്, തോട് എന്നിങ്ങനെയുള്ള അവയുടെ ഭാഗങ്ങളോ ആയിരുന്നേക്കാം. കൂടാതെ, മുദ്രയോ കാൽപ്പാടോ പോലെ, മുമ്പു ജീവിച്ചിരുന്ന ജീവികൾ അവശേഷിപ്പിച്ചിട്ടുള്ള അടയാളങ്ങളും ഫോസിലിൽ പെടുന്നു. പല ഫോസിലുകളിലും അവയുടെ ആദിമ ഘടകപദാർഥങ്ങൾ മേലാലില്ല. പകരം ധാതുനിക്ഷേപങ്ങൾ അവയിലേക്ക് അരിച്ചിറങ്ങി അവയുടെ ആകൃതി കൈവരിച്ചിരിക്കുന്നു.
2, 3. പരിണാമത്തെ സംബന്ധിച്ചിടത്തോളം ഫോസിലുകൾ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
2 പരിണാമത്തെ സംബന്ധിച്ചിടത്തോളം ഫോസിലുകൾ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? ജനിതകശാസ്ത്രജ്ഞനായ ജി. എൽ. സ്റ്റെബ്ബിൻസ് ഒരു പ്രധാന കാരണം ചൂണ്ടിക്കാട്ടി: “ഏതെങ്കിലും പ്രമുഖ ജീവിവർഗം പരിണമിക്കുന്നത് ജീവശാസ്ത്രജ്ഞന്മാർ ആരും വാസ്തവത്തിൽ കണ്ടിട്ടില്ല.”1 ഇന്നു ഭൂമിയിലുള്ള ജീവികൾ മറ്റെന്തെങ്കിലുമായി പരിണമിക്കുന്നതു നാം കാണുന്നില്ല. പകരം, അവയെല്ലാം പൂർണരൂപം പ്രാപിച്ചവയും മറ്റിനങ്ങളിൽനിന്നു വ്യതിരിക്തവുമാണ്. ജനിതകശാസ്ത്രജ്ഞനായ തിയൊഡോഷ്യസ് ഡോബ്ഷാൻസ്കി ഇപ്രകാരം അഭിപ്രായപ്പെട്ടു: “ഇടയ്ക്കുള്ള ജീവരൂപങ്ങളുടെ ഇടമുറിയാത്ത പരമ്പരയാൽ ബന്ധിതമായ . . . ഒരൊറ്റ നിരയല്ല ജീവലോകം.”2 ചാൾസ് ഡാർവിൻ ഇങ്ങനെ സമ്മതിച്ചു പറഞ്ഞു: “ഓരോ [ജീവ] രൂപത്തിന്റെയും വ്യതിരിക്തതയും അസംഖ്യം പരിവർത്തന കണ്ണികൾ ഉണ്ടായിട്ടും അതിന്റെ സവിശേഷതകൾ കണ്ണികളുടേതുമായി കൂടിക്കലരാത്തതും വളരെ വലിയ ഒരു പ്രശ്നമാണ്.”3
3 അതുകൊണ്ട്, ഇപ്പോൾ ജീവിച്ചിരിക്കുന്ന വ്യതിരിക്ത ഇനം ജീവികൾ പരിണാമസിദ്ധാന്തത്തെ ഒരു തരത്തിലും പിന്തുണയ്ക്കുന്നില്ല. അതുകൊണ്ടാണ് ഫോസിൽ രേഖ വളരെ പ്രാധാന്യം അർഹിക്കുന്നത്. ഫോസിലുകളെങ്കിലും പരിണാമസിദ്ധാന്തത്തിന് ആവശ്യമായ തെളിവു പ്രദാനം ചെയ്യുമെന്നു കരുതപ്പെട്ടു.
ഫോസിൽ രേഖയിൽ തിരയേണ്ടത്
4-6. പരിണാമം വാസ്തവമായിരുന്നെങ്കിൽ ഫോസിൽ തെളിവ് എന്തു കാണിക്കുമായിരുന്നു?
4 പരിണാമം ഒരു വസ്തുത ആയിരുന്നെങ്കിൽ, ഒരു ജീവിവർഗത്തിൽനിന്നു മറ്റൊന്നിലേക്കുള്ള ക്രമാനുഗതമായ മാറ്റം ഫോസിൽ തെളിവ് തീർച്ചയായും വെളിപ്പെടുത്തുമായിരുന്നു. പരിണാമസിദ്ധാന്തത്തിന്റെ ഏതു ഭാഷ്യം സ്വീകരിച്ചാലും സംഗതി അതായിരുന്നേ പറ്റൂ. “വിരമിത സന്തുലിതാവസ്ഥ”യുമായി ബന്ധപ്പെട്ട കൂടുതൽ ശീഘ്രമായ മാറ്റങ്ങളിൽ വിശ്വസിക്കുന്ന ശാസ്ത്രജ്ഞന്മാർപോലും, സംഭവിച്ചതായി കരുതുന്ന മാറ്റങ്ങൾ നടക്കാൻ പല സഹസ്രാബ്ദങ്ങൾ എടുക്കുമായിരുന്നു എന്നു സമ്മതിക്കുന്നു. അതുകൊണ്ട് ഇടയ്ക്കത്തെ കണ്ണികളുടെ ഫോസിലുകൾ ഉണ്ടായിരിക്കേണ്ടതില്ലെന്നു വിശ്വസിക്കുന്നതു ന്യായയുക്തമല്ല.
5 മാത്രമല്ല, പരിണാമം ഒരു വസ്തുത ആയിരുന്നെങ്കിൽ ഫോസിൽ രേഖ ജീവികളിൽ പുതിയ അവയവങ്ങൾ വികാസം പ്രാപിച്ചു വരുന്നതു വെളിപ്പെടുത്തണം. വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന കൈകാലുകൾ, ചിറകുകൾ, കണ്ണുകൾ തുടങ്ങിയവയോടു കൂടിയ ചില ഫോസിലുകളെങ്കിലും ഉണ്ടായിരിക്കേണ്ടതാണ്. ഉദാഹരണത്തിന്, മത്സ്യച്ചിറകുകൾ ഉഭയജീവികളുടെ പാദങ്ങളോടും വിരലുകളോടും കൂടിയ കാലുകളായും ചെകിളകൾ ശ്വാസകോശങ്ങളായും മാറിക്കൊണ്ടിരിക്കുന്നത് നമുക്കു കാണാൻ കഴിയണം. ഉരഗങ്ങളുടെ മുൻകാലുകൾ പക്ഷികളുടെ ചിറകുകളായും പിൻകാലുകൾ കൂർത്തുവളഞ്ഞ നഖങ്ങളോടുകൂടിയ കാലുകളായും ശൽക്കങ്ങൾ തൂവലുകളായും വായ് കൊമ്പുപോലെ കടുപ്പമുള്ള ചുണ്ടായും മാറിക്കൊണ്ടിരിക്കുന്നതും കാണാൻ കഴിയണം.
6 ഇതിനോടുള്ള ബന്ധത്തിൽ ന്യൂ സയന്റിസ്റ്റ് എന്ന ബ്രിട്ടീഷ് ആനുകാലിക പ്രസിദ്ധീകരണം പരിണാമ സിദ്ധാന്തത്തെക്കുറിച്ച് ഇപ്രകാരം പറയുന്നു: “ഒരു സമ്പൂർണ ഫോസിൽ രേഖയിൽ, ദീർഘ കാലഘട്ടംകൊണ്ടു സംഭവിച്ച ക്രമേണയുള്ള, തുടർച്ചയായ മാറ്റം കാണിക്കുന്ന, ജീവികളുടെ വംശപരമ്പരകൾ ഉണ്ടായിരിക്കുമെന്ന് അതു പ്രവചിക്കുന്നു.”4 ഡാർവിൻതന്നെ ഇങ്ങനെ തറപ്പിച്ചു പറഞ്ഞു: “മുമ്പ് അസ്തിത്വത്തിൽ ഉണ്ടായിരുന്ന ഇടയ്ക്കുള്ള ഇനങ്ങളുടെ എണ്ണം വാസ്തവത്തിൽ വളരെയധികം [ആയിരുന്നിരിക്കണം].”5
7. ഉല്പത്തിയിലെ സൃഷ്ടിവിവരണം വാസ്തവികമാണെങ്കിൽ ഫോസിൽ രേഖ എന്തു കാണിക്കണം?
7 നേരെമറിച്ച്, ഉല്പത്തിയിലെ സൃഷ്ടിവിവരണം വാസ്തവികമാണെങ്കിൽ ഒരിനം ജീവി മറ്റൊന്നായി മാറുന്നതു ഫോസിൽ രേഖ കാണിക്കുകയില്ല. ഓരോ വ്യത്യസ്ത ഇനം ജീവിയും “അതതു വർഗമനുസരിച്ചു” മാത്രം പ്രത്യുത്പാദനം നടത്തുമെന്ന ഉല്പത്തി പ്രസ്താവനയെ അതു പ്രതിഫലിപ്പിക്കും. (ഉല്പത്തി 1:11, 12, 21, 24, 25, NW) കൂടാതെ, ജീവജാലങ്ങൾ സൃഷ്ടിക്രിയയുടെ ഫലമായി ഉളവായതാണെങ്കിൽ ഭാഗികമായ, അതായത് പൂർണവികാസം പ്രാപിക്കാത്ത അസ്ഥികളോ അവയവങ്ങളോ ഫോസിൽ രേഖയിൽ ഉണ്ടായിരിക്കുകയില്ല. ജീവികൾ ഇന്ന് ആയിരിക്കുന്നതുപോലെ ഫോസിലുകളെല്ലാം പൂർണവും അതിസങ്കീർണവുമായിരിക്കും.
8. ജീവികൾ സൃഷ്ടിക്കപ്പെട്ടതാണെങ്കിൽ ഫോസിൽ രേഖ മറ്റെന്തും കൂടെ കാണിക്കണം?
8 കൂടാതെ, ജീവികൾ സൃഷ്ടിക്കപ്പെട്ടതാണെങ്കിൽ, മുമ്പുള്ള യാതൊരു ജീവിയുമായി ബന്ധമില്ലാതെ അവ ഫോസിൽ രേഖയിൽ പെട്ടെന്നു പ്രത്യക്ഷപ്പെടണം. ഇതു സത്യമാണെന്നു കണ്ടെത്തുന്നു എങ്കിലെന്ത്? ഡാർവിൻ ഇങ്ങനെ തുറന്നു സമ്മതിച്ചു: “അനേകം വർഗങ്ങൾ . . . പെട്ടെന്ന് അസ്തിത്വത്തിൽ വരുകയാണു ചെയ്തിട്ടുള്ളത് എങ്കിൽ ആ വസ്തുത പരിണാമസിദ്ധാന്തത്തിനു കനത്ത ഒരു അടിതന്നെ ആയിരിക്കും.”6
രേഖ എത്രത്തോളം പൂർണമാണ്?
9. തന്റെ നാളിൽ ലഭ്യമായിരുന്ന തെളിവിനെക്കുറിച്ച് ഡാർവിൻ എന്തു പറഞ്ഞു?
9 എന്നാൽ, സൃഷ്ടിക്കാണോ പരിണാമത്തിനാണോ പിൻബലം ഉള്ളത് എന്നു നിഷ്പക്ഷമായി പരിശോധിക്കാൻ മതിയായവിധം ഫോസിൽ രേഖ പൂർണമാണോ? ഒരു നൂറ്റാണ്ടിനു മുമ്പ് ഡാർവിന് അങ്ങനെ തോന്നിയില്ല. അദ്ദേഹത്തിന്റെ നാളിലെ ഫോസിൽ രേഖയ്ക്ക് എന്തായിരുന്നു “കുഴപ്പം”? അദ്ദേഹത്തിന്റെ സിദ്ധാന്തത്തെ പിന്താങ്ങുന്നതിന് ആവശ്യമായ പരിവർത്തന കണ്ണികൾ അതിൽ ഇല്ലായിരുന്നു. ആ സ്ഥിതിവിശേഷം ഇങ്ങനെ പറയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു: “ആ ഇടക്കണ്ണികൾ എല്ലാ ഭൂഗർഭപാളികളിലും പാറയടുക്കുകളിലും നിറഞ്ഞു കാണാത്തത് എന്തുകൊണ്ടാണ്? ഭൂവിജ്ഞാനം അത്തരത്തിൽ സൂക്ഷ്മ മാറ്റം കാണിക്കുന്ന, ക്രമാനുഗതമായ ഏതെങ്കിലും ജൈവശൃംഖലയെ തീർച്ചയായും വെളിപ്പെടുത്തുന്നില്ല; ഇത് ഒരുപക്ഷേ സിദ്ധാന്തത്തിനെതിരെ ഉന്നയിക്കപ്പെട്ടേക്കാവുന്ന ഏറ്റവും സ്പഷ്ടവും ഗുരുതരവുമായ തടസ്സവാദമാണ്.”7
10. തന്നെ നിരാശനാക്കിയ മറ്റ് ഏതു സംഗതിയെ കുറിച്ചാണ് ഡാർവിൻ പറഞ്ഞത്?
10 ഡാർവിന്റെ നാളിലെ ഫോസിൽ രേഖ അദ്ദേഹത്തിന് മറ്റൊരു വിധത്തിലും ആശാഭംഗത്തിനിടയാക്കി. അദ്ദേഹം വിശദീകരിച്ചു: “ജീവിവർഗങ്ങളുടെ ഗണങ്ങൾ ചില ഭൂഗർഭപാളികളിൽ മൊത്തമായി പൊടുന്നനെ പ്രത്യക്ഷപ്പെടുന്നു എന്ന സംഗതിയെ ജീവിവർഗങ്ങളുടെ രൂപമാറ്റത്തിലുള്ള വിശ്വാസത്തെ തകർക്കാൻ പോന്ന തരത്തിലുള്ള ഒരു തടസ്സവാദമായി . . . പല പുരാജീവിശാസ്ത്രജ്ഞന്മാരും ഉന്നയിച്ചിരിക്കുന്നു.” അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “ബന്ധപ്പെട്ട മറ്റൊരു പ്രശ്നമുണ്ട്, അത് ഇതിലും വളരെയേറെ ഗൗരവതരമാണ്. ജന്തുലോകത്തിലെ മുഖ്യ വിഭാഗങ്ങളിൽ പലതിലെയും ജീവിവർഗങ്ങൾ അറിയപ്പെടുന്നതിൽ വെച്ച് ഏറ്റവും അടിയിലുള്ള, ഫോസിൽവാഹികളായ ശിലകളിൽ പെട്ടെന്നു പ്രത്യക്ഷമാകുന്നു എന്നതിനെ കുറിച്ചാണു ഞാൻ പരാമർശിക്കുന്നത്. . . . എന്തുകൊണ്ട് ഇതു സംഭവിച്ചു എന്നു വിശദീകരിക്കാനാകുന്നില്ല; ഇവിടെ പരാമർശിച്ച [പരിണാമപരമായ] വീക്ഷണങ്ങൾക്കെതിരെ യുക്തിസഹമായ ഒരു വാദഗതിയായി അത് ഉന്നയിക്കപ്പെട്ടേക്കാം.”8
11. ഡാർവിൻ താൻ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്കു വിശദീകരണം നൽകാൻ ശ്രമിച്ചതെങ്ങനെ?
11 ഡാർവിൻ ഫോസിൽ രേഖയെ ആക്രമിച്ചുകൊണ്ട് ഈ വമ്പിച്ച പ്രശ്നങ്ങൾക്കു വിശദീകരണം നൽകാൻ ശ്രമിച്ചു. അദ്ദേഹം പറഞ്ഞു: “അപൂർണമായി സൂക്ഷിക്കപ്പെട്ട ഒരു ലോകചരിത്രമെന്ന നിലയിലാണ് ഞാൻ ഭൂവിജ്ഞാനീയ രേഖയെ കാണുന്നത്, . . . അപൂർണം എന്നുവെച്ചാൽ തീർത്തും അപൂർണം.”9 കാലം കടന്നുപോകുന്നതോടെ വിട്ടുപോയ ഫോസിൽക്കണ്ണികൾ തീർച്ചയായും കണ്ടെടുക്കപ്പെടുമെന്ന് അദ്ദേഹവും മറ്റു ചിലരും അനുമാനിച്ചു.
12. ഫോസിൽ രേഖ ഇപ്പോൾ എത്ര വിപുലമാണ്?
12 ഇപ്പോൾ, ഒരു നൂറ്റാണ്ടിലേറെക്കാലത്തെ വിപുലമായ കുഴിക്കലിനുശേഷം ഒട്ടനവധി ഫോസിലുകൾ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ഇപ്പോൾ രേഖ ഡാർവിൻ പറഞ്ഞ അത്ര “അപൂർണ”മാണോ? ജൈവപരിണാമ പ്രക്രിയകൾ (ഇംഗ്ലീഷ്) എന്ന പുസ്തകം ഇപ്രകാരം അഭിപ്രായപ്പെടുന്നു: “പൂർവ ജീവരൂപങ്ങളെ സംബന്ധിച്ച രേഖ ഇപ്പോൾ വിപുലമാണ്, പുരാജീവിശാസ്ത്രജ്ഞന്മാർ പുതിയ ഫോസിലുകൾ കണ്ടെത്തുകയും അവയെക്കുറിച്ചു വിവരിക്കുകയും അവയെ താരതമ്യപ്പെടുത്തുകയും ചെയ്യുന്തോറും ആ രേഖ കൂടുതൽ കൂടുതൽ സമ്പുഷ്ടം ആയിക്കൊണ്ടിരിക്കുകയാണ്.”10 സ്മിത്സോണിയൻ ഇൻസ്റ്റിറ്റ്യൂഷനിലെ ശാസ്ത്രജ്ഞനായ പോർട്ടർ കിർ ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “ലോകമെമ്പാടുമുള്ള കാഴ്ചബംഗ്ലാവുകളിൽ പട്ടികപ്പെടുത്തിയതും തിരിച്ചറിഞ്ഞിട്ടുള്ളതുമായ പത്തു കോടി ഫോസിലുകളുണ്ട്.”11 അതുകൊണ്ട്, ഒരു ഭൗമചരിത്ര വഴികാട്ടി (ഇംഗ്ലീഷ്) ഇങ്ങനെ പ്രഖ്യാപിക്കുന്നു: “ഫോസിലുകളുടെ സഹായത്തോടെ പുരാജീവിശാസ്ത്രജ്ഞന്മാർക്ക് ഇപ്പോൾ കഴിഞ്ഞ യുഗങ്ങളിലെ ജീവജാലങ്ങളെ സംബന്ധിച്ച ഒന്നാന്തരമൊരു ചിത്രംതന്നെ നമുക്കു നൽകാൻ കഴിയുന്നു.”12
13, 14. വിപുലമായ ഫോസിൽ തെളിവ് പരിണാമവാദികളെ നിരാശരാക്കിയിരിക്കുന്നത് എന്തുകൊണ്ട്?
13 ഇത്രയും നാൾ പിന്നിടുകയും ദശലക്ഷക്കണക്കിനു ഫോസിലുകൾ സമാഹരിക്കപ്പെടുകയും ചെയ്തതിനു ശേഷം രേഖ ഇപ്പോൾ എന്താണു പറയുന്നത്? ഈ ഫോസിലുകൾ “നമ്മുടെ ജീവശാസ്ത്ര ഉത്ഭവത്തെ സംബന്ധിച്ച് പുതിയതും വിസ്മയാവഹവുമായ സംഗതികൾ വെളിപ്പെടുത്തുന്നു”വെന്ന് പരിണാമവാദിയായ സ്റ്റീവൻ സ്റ്റാൻലി പ്രസ്താവിക്കുന്നു.13 മൂന്നു പരിണാമവാദികൾ എഴുതിയ ജീവനെ സംബന്ധിച്ച ഒരു വീക്ഷണം (ഇംഗ്ലീഷ്) എന്ന പുസ്തകം ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “ഫോസിൽ രേഖ പുരാജീവിശാസ്ത്രജ്ഞന്മാർക്കു വിശദീകരിക്കാൻ കഴിഞ്ഞിട്ടില്ലാത്ത സവിശേഷതകൾക്കൊണ്ടു നിറഞ്ഞിരിക്കുന്നു.”14 ഇത്രയേറെ ‘വിസ്മയാവഹവും’ ‘വിശദീകരിക്കാൻ കഴിയാത്ത’തുമായി ഈ പരിണാമശാസ്ത്രജ്ഞന്മാർ കണ്ടെത്തിയിരിക്കുന്നത് എന്താണ്?
14 ഡാർവിന്റെ നാളിലെ ഫോസിൽ തെളിവുകൾ വെളിപ്പെടുത്തിയ അതേ സംഗതിതന്നെയാണ് ഇപ്പോൾ ലഭ്യമായിരിക്കുന്ന ബൃഹത്തായ ഫോസിൽ തെളിവുകളും വെളിപ്പെടുത്തുന്നത് എന്ന വസ്തുതയാണ് ഈ ശാസ്ത്രജ്ഞന്മാരെ അന്ധാളിപ്പിക്കുന്നത്. അതായത് അവ പിൻവരുന്ന സംഗതികൾ വെളിപ്പെടുത്തുന്നു: ജീവികളുടെ അടിസ്ഥാന വർഗങ്ങൾ പെട്ടെന്നു പ്രത്യക്ഷമാകുകയും ദീർഘ കാലഘട്ടങ്ങളോളം കാര്യമായ മാറ്റമൊന്നുമില്ലാതെ തുടരുകയും ചെയ്യുന്നു. ഒരു പ്രമുഖ ഇനം ജീവിക്കും മറ്റൊന്നിനും ഇടയ്ക്കുള്ള യാതൊരു പരിവർത്തന കണ്ണികളും ഇതുവരെ കണ്ടെത്തിയിട്ടില്ല. അതുകൊണ്ട് പ്രതീക്ഷിച്ചതിന്റെ നേർ വിപരീതമാണു ഫോസിൽ രേഖ കാണിക്കുന്നത്.
15. ഫോസിൽ രേഖയെക്കുറിച്ചുള്ള തന്റെ പഠനത്തിൽനിന്ന് ഒരു സസ്യശാസ്ത്രജ്ഞൻ എന്തു നിഗമനത്തിൽ എത്തിച്ചേർന്നു?
15 സ്വീഡിഷ് സസ്യശാസ്ത്രജ്ഞനായ ഹെറിബെർട്ട് നിൽസൺ സ്വന്തമായി 40 വർഷം ഗവേഷണം നടത്തിയശേഷം സ്ഥിതിവിശേഷത്തെ ഈ രീതിയിൽ വർണിച്ചു: “പുരാജീവശാസ്ത്ര വസ്തുതകൾ വെച്ചുകൊണ്ട് പരിണാമത്തിന്റെ ഒരു വികൃതചിത്രം പോലും നിർമിക്കാനാകില്ല. പരിവർത്തന കണ്ണികളുടെ അഭാവത്തിനു കാരണം ഫോസിലുകളുടെ ദൗർലഭ്യമാണെന്നു പറയാൻ കഴിയാത്തത്ര അളവിൽ . . . ഫോസിലുകൾ ഇപ്പോൾ ലഭ്യമാണ്. കണ്ണികൾ കാണാത്തത് അവയില്ലാത്തതു കൊണ്ടു തന്നെയാണ്, അവയൊരിക്കലും കണ്ടെത്തപ്പെടാൻ പോകുന്നില്ല.”15
ജീവൻ പെട്ടെന്നു പ്രത്യക്ഷമാകുന്നു
16. (എ) ആദിമ ഫോസിൽ രേഖ എന്തു സ്ഥിരീകരിക്കുന്നുണ്ട് എന്ന ധാരണയാണ് ഒരു ശാസ്ത്രജ്ഞൻ ആളുകൾക്കു നൽകുന്നത്? (ബി) എന്നാൽ ഫോസിൽ രേഖ ആ ധാരണ സത്യമാണെന്നു തെളിയിക്കുന്നുണ്ടോ?
16 നമുക്കു തെളിവുകൾ കൂടുതൽ അടുത്തു നിരീക്ഷിക്കാം. ചെമന്ന ഭീമൻമാരും വെളുത്ത കുള്ളൻമാരും (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ റോബർട്ട് ജാസ്റ്റ്രോ ഇപ്രകാരം പ്രസ്താവിക്കുന്നു: “ആദ്യത്തെ ശതകോടി വർഷങ്ങളിലെപ്പോഴോ ഒരു സമയത്ത് ജീവൻ ഭൂമുഖത്തു പ്രത്യക്ഷപ്പെട്ടു. ഫോസിൽ രേഖ സൂചിപ്പിക്കുന്നതനുസരിച്ച്, ജീവികൾ സാവധാനം ലഘുവായവയിൽ നിന്ന് കൂടുതൽ പുരോഗമിച്ച രൂപങ്ങളിലേക്കുള്ള ഗോവണി കയറി.” ഈ പ്രസ്താവന കേട്ടാൽ ഒരാൾ വിചാരിക്കും ആദ്യത്തെ “ലഘു” ജീവരൂപങ്ങളിൽനിന്നു സങ്കീർണമായവയിലേക്കുള്ള മന്ദഗതിയിലുള്ള പരിണാമത്തെ ഫോസിൽ രേഖ സ്ഥിരീകരിച്ചിട്ടുണ്ടെന്ന്. എന്നാൽ ആ പുസ്തകംതന്നെ ഇങ്ങനെ പറയുന്നു: “ജീവൻ ഉടലെടുത്ത, നിർണായകമായ ആദ്യ ശതകോടി വർഷങ്ങൾ ഭൗമചരിത്രത്തിലെ എഴുതാപ്പുറങ്ങളാണ്.”16
17. ആദ്യ ജീവരൂപങ്ങളെ “ലഘുവായവ”യെന്നു വിളിക്കാൻ കഴിയുമായിരുന്നോ?
17 മാത്രമല്ല, ആ ആദിമ ജീവി ഇനങ്ങളെ വാസ്തവത്തിൽ “ലഘുവായവ” എന്നു വർണിക്കാൻ കഴിയുമോ? ബഹിരാകാശത്തുനിന്നുള്ള പരിണാമം ഇപ്രകാരം പറയുന്നു: “ഏറ്റവും പഴക്കമുള്ള ശിലകൾ രൂപംകൊണ്ട യുഗത്തിലേക്കു മടങ്ങിച്ചെല്ലുമ്പോൾ ശിലകളിൽ കണ്ടെത്തപ്പെടുന്ന പുരാതന ജീവരൂപങ്ങളുടെ ഫോസിൽ അവശിഷ്ടങ്ങൾ ഒരു ലഘുവായ തുടക്കത്തെ വെളിപ്പെടുത്തുന്നില്ല. പട്ടിയോടോ കുതിരയോടോ ഒക്കെ താരതമ്യപ്പെടുത്തുമ്പോൾ ഫോസിൽ ബാക്ടീരിയയും ഫോസിൽ ആൽഗകളും സൂക്ഷ്മ ഫംഗസുകളും ലഘുവായവ ആണെന്നു നമുക്കു തോന്നിയേക്കാമെങ്കിലും അവ അത്യന്തം സങ്കീർണമായ ജീവരൂപങ്ങളാണ്. ഭൗമോപരിതലത്തിലെ ഏറ്റവും പഴക്കമുള്ള ശിലകൾ രൂപീകൃതമായപ്പോൾത്തന്നെ ജീവജാലങ്ങളുടെ ജൈവരാസപരമായ സങ്കീർണതയിലധികവും നിലവിലുണ്ടായിരുന്നു.”17
18. ഏകകോശ ജീവികൾ ബഹുകോശ ജീവികളായി പരിണമിച്ചുവെന്നതിന് എന്തെങ്കിലും ഫോസിൽ തെളിവുണ്ടോ?
18 ഈ തുടക്കംമുതൽ, ഏകകോശ ജീവികൾ ബഹുകോശ ജീവികളായി പരിണമിച്ചുവെന്നു സ്ഥിരീകരിക്കുന്നതിനുള്ള ഏതെങ്കിലുമൊരു തെളിവു കണ്ടെത്താൻ കഴിയുമോ? “ബഹുകോശ ജീവികളുടെ വികാസത്തിലെ ഈ പ്രാരംഭ ഘട്ടങ്ങളെക്കുറിച്ചുള്ള യാതൊരു സൂചനയും ഫോസിൽ രേഖയിലടങ്ങിയിട്ടില്ലെ”ന്ന് ജാസ്റ്റ്രോ പറയുന്നു.18 പകരം എന്താണുള്ളത്? അദ്ദേഹം പറയുന്നു: “ഏതാണ്ട് മുന്നൂറു കോടി വർഷങ്ങളിലെ അദൃശ്യ പുരോഗതിക്കുശേഷം, ഏതാണ്ടു നൂറു കോടി വർഷം മുമ്പ് ഒരു സമൂല പരിവർത്തനം സംഭവിച്ചതുവരെ, ശിലാരേഖയിൽ കാര്യമായിട്ടുള്ളത് ബാക്ടീരിയയും ഏകകോശസസ്യങ്ങളും മാത്രമാണ്. അതിനുശേഷം, ആദ്യത്തെ ബഹുകോശ ജീവികൾ ഭൂമിയിൽ രംഗപ്രവേശം ചെയ്തു.”19
19. കാംബ്രിയൻ കാലഘട്ടം എന്നു വിളിക്കപ്പെടുന്നതിന്റെ തുടക്കത്തിൽ എന്തു സംഭവിച്ചു?
19 അങ്ങനെ, ഫോസിൽ രേഖ കാംബ്രിയൻ കാലഘട്ടം എന്നു വിളിക്കപ്പെടുന്നതിന്റെ തുടക്കത്തിൽ വിശദീകരണമില്ലാത്ത, നാടകീയമായ ഒരു വഴിത്തിരിവിലേക്കു കടക്കുന്നു. ഈ സമയത്ത് പൂർണമായി വികാസംപ്രാപിച്ച, സങ്കീർണവും വൈവിധ്യമാർന്നതും ആയ നിരവധി സമുദ്രജീവികൾ—അവയിൽ പലതിനും കട്ടിയുള്ള പുറന്തോട് ഉണ്ടായിരുന്നു—വളരെ പെട്ടെന്നു പ്രത്യക്ഷപ്പെടുന്നു. അതുകൊണ്ട് ഈ പ്രത്യക്ഷപ്പെടലിനെ ജീവികളുടെ ഒരു “സ്ഫോടനം” എന്നാണു പലപ്പോഴും വിളിക്കുന്നത്. ജീവനെ സംബന്ധിച്ച ഒരു വീക്ഷണം (ഇംഗ്ലീഷ്) അതിനെ ഇങ്ങനെ വർണിക്കുന്നു: “കാംബ്രിയൻ കാലഘട്ടത്തിന്റെ ഉദയംമുതൽ ഏതാണ്ട് ഒരു കോടി വർഷം നീണ്ട ഒരു കാലഘട്ടത്തിൽ, അസ്ഥികൂടങ്ങളുള്ള അകശേരുകികളുടെ എല്ലാ പ്രമുഖ വർഗങ്ങളും, നമ്മുടെ ഗ്രഹം കണ്ടിട്ടുള്ളതിൽവെച്ച് അത്യധികം വൈവിധ്യത്തോടെ ആദ്യമായി രംഗപ്രവേശം ചെയ്തു.” ഒച്ചുകൾ, സ്പോഞ്ജുകൾ, നക്ഷത്ര മത്സ്യങ്ങൾ, ചിറ്റാക്കൊഞ്ചിനെപ്പോലെയുള്ള ട്രൈലോബൈറ്റുകൾ എന്നിവയും സങ്കീർണമായ മറ്റു പല സമുദ്രജീവികളും പ്രത്യക്ഷമായി. രസാവഹമായി, അതേ പുസ്തകം ഇപ്രകാരം പ്രസ്താവിക്കുന്നു: “വാസ്തവത്തിൽ, ജീവിച്ചിരിക്കുന്ന ഏത് ആർത്രോപോഡിനും ഉള്ളതിനെക്കാൾ സങ്കീർണവും പ്രവർത്തനക്ഷമവുമായ നേത്രങ്ങൾ വംശനാശം സംഭവിച്ച ചില ട്രൈലോബൈറ്റുകൾ വികസിപ്പിച്ചെടുത്തിരുന്നു.”20
20. കാംബ്രിയൻ കാലഘട്ടത്തിലെ ജീവജാലങ്ങളുടെ ഇരച്ചുകയറ്റത്തിനും അതിനു മുമ്പത്തെ സ്ഥിതിക്കും ഇടയിൽ ഏതെങ്കിലും ഫോസിൽക്കണ്ണികളുണ്ടോ?
20 ജീവജാലങ്ങളുടെ ഈ ഇരച്ചുകയറ്റത്തിനും അതിനു മുമ്പത്തെ സ്ഥിതിക്കും ഇടയിൽ ഏതെങ്കിലും ഫോസിൽക്കണ്ണികളുണ്ടോ? ഡാർവിന്റെ നാളിൽ ആ കണ്ണികൾ ഉണ്ടായിരുന്നില്ല. അദ്ദേഹം ഇങ്ങനെ സമ്മതിച്ചു പറഞ്ഞു: “കാംബ്രിയൻ കാലഘട്ടത്തിനു മുമ്പുണ്ടായിരുന്നതായി അനുമാനിക്കുന്ന അതിപ്രാരംഭ കാലഘട്ടങ്ങളിലെ ഫോസിൽസമൃദ്ധമായ നിക്ഷേപങ്ങൾ നാം കണ്ടെത്താത്തത് എന്തുകൊണ്ടെന്നു ചോദിച്ചാൽ എനിക്കു തൃപ്തികരമായ ഒരു ഉത്തരവും നൽകാൻ കഴിയില്ല.”21 ഇന്നു സാഹചര്യം മാറിയിട്ടുണ്ടോ? “ജീവിവർഗങ്ങളുടെ ഗണങ്ങൾ . . . മൊത്തമായി പൊടുന്നനെ പ്രത്യക്ഷപ്പെടു”ന്നതിനെ കുറിച്ചു ഡാർവിൻ നടത്തിയ പ്രസ്താവന കുറിക്കൊണ്ടശേഷം പുരാജീവിശാസ്ത്രജ്ഞനായ ആൽഫ്രഡ് എസ്. റോമർ എഴുതി: “ഇതിന് [കാംബ്രിയൻ കാലഘട്ട ശിലകൾക്ക്] അടിയിൽ കാംബ്രിയൻ ജീവരൂപങ്ങളുടെ പൂർവികർ ഉണ്ടായിരിക്കാൻ പ്രതീക്ഷിക്കാവുന്ന വളരെ കനത്തിലുള്ള ഊറൽ നിക്ഷേപങ്ങളുണ്ട്. എന്നാൽ അവയെ നാം അവിടെ കണ്ടെത്തുന്നില്ല; ഈ പഴക്കമേറിയ അടുക്കുകളിൽ ജീവന്റെ തെളിവുകൾ ഒന്നും തന്നെയില്ല. അതുകൊണ്ട് ആകമാന ചിത്രം കാംബ്രിയൻ കാലഘട്ടത്തിന്റെ തുടക്കത്തിൽ വിശേഷവിധിയായി സൃഷ്ടി നടന്നു എന്ന ആശയത്തോടു ചേർച്ചയിലാണെന്നു ന്യായമായി പറയാൻ കഴിയും. ‘കാംബ്രിയൻ കാലഘട്ടത്തിനു മുമ്പുണ്ടായിരുന്നതായി അനുമാനിക്കുന്ന അതിപ്രാരംഭ കാലഘട്ടങ്ങളിലെ ഫോസിൽസമൃദ്ധമായ നിക്ഷേപങ്ങൾ നാം കണ്ടെത്താത്തത് എന്തുകൊണ്ടെന്നു ചോദിച്ചാൽ എനിക്കു തൃപ്തികരമായ ഒരു ഉത്തരവും നൽകാൻ കഴിയില്ല’ എന്നു ഡാർവിൻ പറഞ്ഞു. ഇന്നു നമുക്കും ഉത്തരമില്ല,” റോമർ പറഞ്ഞു.22
21. ഏതു വാദങ്ങൾക്കാണു പിൻബലം ഇല്ലാത്തത്, എന്തുകൊണ്ട്?
21 ഫോസിൽക്കണ്ണികൾ പരിരക്ഷിക്കപ്പെടുക സാധ്യമാകാത്തവിധം കാംബ്രിയൻ-പൂർവ ശിലകൾക്ക് താപത്താലും മർദത്താലും വല്ലാതെ പരിവർത്തനം സംഭവിച്ചിരുന്നുവെന്നോ ആഴംകുറഞ്ഞ സമുദ്രങ്ങളിൽ ഫോസിലുകൾ പരിരക്ഷിക്കപ്പെടത്തക്കവണ്ണം ശിലാനിക്ഷേപങ്ങൾ ഇല്ലായിരുന്നുവെന്നോ ചിലർ വാദിക്കുന്നുണ്ട്. “ഈ വാദങ്ങൾക്കൊന്നും പിൻബലമില്ല” എന്ന് സാൽവഡോർ ഇ. ലുറിയ, സ്റ്റീവൻ ജേ ഗൂൾഡ്, സാം സിംഗർ എന്നീ പരിണാമവാദികൾ പറയുന്നു. അവർ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ഭൂവിജ്ഞാനികൾ, പരിവർത്തനം സംഭവിക്കാത്ത അനേകം കാംബ്രിയൻ-പൂർവ ഊറൽ നിക്ഷേപങ്ങൾ കണ്ടെടുത്തിട്ടുണ്ട്. സങ്കീർണ ജീവികളുടെ ഫോസിലുകൾ അവയിലില്ല.”23
22. ഈ വസ്തുതകളുടെ വെളിച്ചത്തിൽ ഒരു ജീവരസതന്ത്രജ്ഞൻ എന്ത് അഭിപ്രായപ്പെട്ടു?
22 ഇംഗ്ലണ്ടിലെ കെന്റിഷ് ടൈംസ് പ്രതിപാദിച്ചപ്രകാരം ഈ വസ്തുതകൾ പിൻവരുന്നപ്രകാരം അഭിപ്രായപ്പെടാൻ ജീവരസതന്ത്രജ്ഞനായ ഡി. ബി. ഗോവറിനെ പ്രേരിപ്പിച്ചു: “ഉല്പത്തിയിലെ സൃഷ്ടിവിവരണത്തെയും പരിണാമസിദ്ധാന്തത്തെയും തമ്മിൽ പൊരുത്തപ്പെടുത്താനാവില്ല. ഒന്നു ശരിയും മറ്റേതു തെറ്റും ആയിരുന്നേ പറ്റൂ. ഫോസിലുകൾ വെളിപ്പെടുത്തുന്ന വസ്തുതകൾ ഉല്പത്തി വിവരണവുമായി യോജിപ്പിലാണ്. അതിപ്രാചീന ജീവികളിൽനിന്നു വികസിത ജീവരൂപങ്ങളിലേക്കുള്ള അനുക്രമ മാറ്റങ്ങൾ കാണിക്കുന്ന ഫോസിൽ പരമ്പരകൾ ഏറ്റവും പഴക്കംചെന്ന ശിലകളിൽ ഞങ്ങൾ കണ്ടില്ല. മറിച്ച്, വികസിത ജീവിവർഗങ്ങൾ ഏറ്റവും പഴക്കംചെന്ന ശിലകളിൽ പെട്ടെന്നു പ്രത്യക്ഷപ്പെട്ടു. ഓരോ വർഗത്തിനും ഇടയ്ക്ക്, ബന്ധിപ്പിക്കുന്ന ഫോസിലുകൾ ഒന്നുപോലും ഉണ്ടായിരുന്നില്ല.”24
23. ഒരു ജന്തുശാസ്ത്രജ്ഞൻ എന്തു നിഗമനം ചെയ്തു?
23 ജന്തുശാസ്ത്രജ്ഞനായ ഹാരൊൾഡ് കൊഫിൻ ഇപ്രകാരം നിഗമനം ചെയ്തു: “ലഘുവായതിൽനിന്നു സങ്കീർണമായതിലേക്കുള്ള പടിപടിയായ പരിണാമം ശരിയാണെങ്കിൽ കാംബ്രിയൻ കാലഘട്ടത്തിലെ പൂർണവികാസം പ്രാപിച്ച ഈ ജീവികളുടെ പൂർവികരെ കണ്ടെത്താൻ കഴിയണം; എന്നാൽ അവ കണ്ടെത്തപ്പെട്ടിട്ടില്ല, എന്നെങ്കിലും കണ്ടെത്തപ്പെടാനുള്ള സാധ്യതയും ഇല്ല എന്നു ശാസ്ത്രജ്ഞന്മാർ സമ്മതിക്കുന്നു. വസ്തുതകളെ, അതായത് ഭൂമിയിൽ കണ്ടെത്തപ്പെടുന്ന കാര്യങ്ങളെ, മാത്രം അടിസ്ഥാനപ്പെടുത്തി ചിന്തിക്കുമ്പോൾ പ്രധാന ജീവരൂപങ്ങൾ പെട്ടെന്നുള്ള ഒരു സൃഷ്ടിക്രിയയിലൂടെ അസ്തിത്വത്തിൽ വന്നു എന്ന സിദ്ധാന്തമാണ് ഏറ്റവും യോജിക്കുന്നത്.”25
ജീവികളുടെ പെട്ടെന്നുള്ള പ്രത്യക്ഷപ്പെടലുകൾ തുടരുന്നു, കാര്യമായ മാറ്റമില്ല
24. കാംബ്രിയൻ കാലഘട്ടത്തിലെ പാളികൾക്കു മുകളിലുള്ള പാളികളിലും ഫോസിൽ രേഖ തെളിയിക്കുന്നത് എന്താണ്?
24 ജീവജാലങ്ങൾ കൂട്ടമായി പ്രത്യക്ഷപ്പെട്ടതായി കാണിക്കുന്ന, കാംബ്രിയൻ പാളിക്കു മുകളിലുള്ള പാളികളിലും ഫോസിൽ രേഖ ഒന്നുതന്നെയാണു തെളിയിക്കുന്നത്: ജന്തുക്കളുടെയും സസ്യങ്ങളുടെയും പുതിയ വർഗങ്ങൾ അവയ്ക്കു മുമ്പുള്ള ഏതെങ്കിലുമായി യാതൊരു ബന്ധവുമില്ലാതെ പെട്ടെന്നു പ്രത്യക്ഷപ്പെടുന്നു. ഒരിക്കൽ രംഗത്തുവന്നാൽ പിന്നെ, അവ അധികം മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നു. പുതിയ പരിണാമ സമയവിവര പട്ടിക ഇപ്രകാരം പ്രസ്താവിക്കുന്നു: “വർഗങ്ങൾ സാധാരണഗതിയിൽ വലിയ തോതിൽ പരിണാമം സംഭവിക്കാതെ ലക്ഷമോ ദശലക്ഷമോ അതിലധികമോ തലമുറകൾ പോലും പിന്നിടുന്നതായി രേഖ ഇപ്പോൾ വെളിപ്പെടുത്തുന്നു. . . . ഉത്ഭവശേഷം മിക്ക വർഗങ്ങളും വംശനാശത്തിനുമുമ്പായി അധികം പരിണാമത്തിനൊന്നും വിധേയമാകുന്നില്ല.”26
25. സ്ഥിരമായ ശരീര ഘടന നിലനിർത്തുന്ന കാര്യത്തിൽ ഷഡ്പദങ്ങൾ ശ്രദ്ധേയമായിരിക്കുന്നത് എങ്ങനെ?
25 ഉദാഹരണത്തിന്, ഷഡ്പദങ്ങൾ ഏതെങ്കിലും പരിണാമ പൂർവികരില്ലാതെ ഫോസിൽ രേഖയിൽ പെട്ടെന്ന് ധാരാളമായി പ്രത്യക്ഷപ്പെട്ടു. അവയ്ക്ക് ഇന്നോളം വലിയ മാറ്റമൊന്നും ഉണ്ടായിട്ടുമില്ല. “4 കോടി വർഷം പഴക്കമുള്ളത്” ആയി രേഖപ്പെടുത്തപ്പെട്ട ഒരു ഫോസിൽ ഈച്ചയുടെ കണ്ടെത്തലിനെക്കുറിച്ച് ഡോ. ജോർജ് പ്വാനർ, ജൂണിയർ, പറഞ്ഞു: “ഈ ജീവികളുടെ ആന്തരിക ശരീരഘടന ഇന്നത്തെ ഈച്ചകളുടേതിനോടു ശ്രദ്ധേയമായ വിധത്തിൽ സമാനമാണ്. ചിറകുകൾ, കാലുകൾ, തല എന്നിവയ്ക്കും ആന്തരിക കോശങ്ങൾക്കു പോലും വളരെയധികം ആധുനിക ഛായയുണ്ട്.”27 ടൊറന്റോയിലെ ദ ഗ്ലോബ് ആൻഡ് മെയിലിൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു റിപ്പോർട്ട് ഇങ്ങനെ അഭിപ്രായപ്പെട്ടു: “പരിണാമ ഗോവണി കയറാൻ 4 കോടി വർഷം പണിപ്പെട്ടിട്ടും അവ കാര്യമായ യാതൊരു പുരോഗതിയും വരുത്തിയിട്ടില്ല.”28
26. സ്ഥിരമായ ഘടന നിലനിർത്തുന്നതിൽ സസ്യങ്ങളും ജന്തുക്കളും അതുപോലെതന്നെ ശ്രദ്ധേയമായിരിക്കുന്നത് എങ്ങനെ?
26 സസ്യങ്ങളുടെ കാര്യത്തിലും സമാനമായ ഒരു ചിത്രമാണു ലഭിക്കുന്നത്. ശിലകളിൽ പല വൃക്ഷങ്ങളുടെയും കുറ്റിച്ചെടികളുടെയും ഫോസിൽ ഇലകൾ കാണാം, അവ ഇന്നുള്ള അത്തരം സസ്യങ്ങളുടെ ഇലകളിൽനിന്ന് നേരിയ വ്യത്യാസമേ കാണിക്കുന്നുള്ളൂ. ഓക്ക്, വോൾനട്ട്, ഹിക്കറി, മുന്തിരി, മാഗ്നോല്യ, പന എന്നിവയും മറ്റുചിലതും ഉദാഹരണങ്ങളാണ്. ജന്തുവർഗങ്ങളും ഇതേ മാതൃകതന്നെ പിൻപറ്റുന്നു. ഇന്നു ജീവിച്ചിരിക്കുന്നവയുടെ പൂർവികർ ഫോസിൽ രേഖയിൽ പെട്ടെന്നു പ്രത്യക്ഷപ്പെടുന്നു. അവയ്ക്ക് അവയുടെ ജീവിച്ചിരിക്കുന്ന പ്രതിരൂപങ്ങളുമായി പ്രകടമായ യാതൊരു വ്യത്യാസവുമില്ല. ഒരേ ജീവിവർഗത്തിൽത്തന്നെ അനേകം വൈവിധ്യങ്ങളുണ്ട്, എന്നാൽ അവയെല്ലാം ഒരേ “വർഗ”മാണെന്ന് അനായാസം തിരിച്ചറിയാം. ഡിസ്കവർ മാസിക അത്തരമൊരു ഉദാഹരണം ചൂണ്ടിക്കാണിക്കുന്നു: “കുതിരലാടൻ ഞണ്ട് . . . വാസ്തവത്തിൽ 20 കോടി വർഷങ്ങളായി ഭൂമിയിൽ മാറ്റമില്ലാതെ നിലകൊണ്ടിരിക്കുന്നു.”29 വംശനാശം സംഭവിച്ച ജീവികളും അതേ രീതിതന്നെ പിന്തുടർന്നു. ഉദാഹരണത്തിന്, ദിനോസറുകൾ അവയ്ക്കു മുമ്പുണ്ടായിരുന്ന ഏതെങ്കിലും പൂർവികരുമായി യാതൊരു ബന്ധവുമില്ലാതെ ഫോസിൽ രേഖയിൽ പെട്ടെന്നു പ്രത്യക്ഷപ്പെടുന്നു. അവ വൻതോതിൽ പെരുകുകയും പിന്നീടു വംശനാശത്തിന് ഇരയാകുകയും ചെയ്തു.
27. പരിണാമപരമായ “പുരോഗതി”യെക്കുറിച്ച് ഒരു ശാസ്ത്ര പ്രസിദ്ധീകരണം പറയുന്നതെന്താണ്?
27 ചിക്കാഗോയിലെ ഫീൽഡ് മ്യൂസിയം ഓഫ് നാച്ച്വറൽ ഹിസ്റ്ററിയുടെ ബുള്ളറ്റിൻ ഈ ആശയത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു: “വർഗങ്ങൾ ശ്രേണിയിൽ വളരെ പെട്ടെന്നു പ്രത്യക്ഷമാകുകയും കാര്യമായ മാറ്റമില്ലാതെ അല്ലെങ്കിൽ യാതൊരു മാറ്റവും കൂടാതെ [ഫോസിൽ] രേഖയിൽ നിലകൊണ്ടിട്ട് പൊടുന്നനെ രേഖയിൽനിന്നു മറയുകയും ചെയ്യുന്നു. പിൻഗാമികൾ മുൻഗാമികളെക്കാൾ ചുറ്റുപാടുകളോടു നന്നായി പൊരുത്തപ്പെട്ടിരുന്നതായി വാസ്തവത്തിൽ കാണാൻ കഴിയുന്നില്ല, ഇനി അങ്ങനെ എന്തെങ്കിലും കാണുന്നുണ്ടെങ്കിൽത്തന്നെ അപൂർവമായിട്ടേ ഉള്ളൂ. മറ്റു വാക്കുകളിൽ പറഞ്ഞാൽ, ജീവശാസ്ത്രപരമായ പുരോഗതിക്കുള്ള തെളിവു കണ്ടെത്താൻ ബുദ്ധിമുട്ടാണ്.”30
പരിണമിച്ചുകൊണ്ടിരിക്കുന്ന ശരീരഭാഗങ്ങൾ കാണാനില്ല
28. അസ്ഥികളുടെയും അവയവങ്ങളുടെയും പരിണമിച്ചുകൊണ്ടിരിക്കുന്ന രൂപങ്ങൾ എന്നെങ്കിലും കണ്ടെത്തിയിട്ടുണ്ടോ?
28 ഒരു പുതിയ ശരീരഭാഗം രൂപംകൊള്ളുന്നതിന്റെ തുടക്കമായി എടുക്കാൻ കഴിയുന്ന ഭാഗികമായി മാത്രം വികാസംപ്രാപിച്ച അസ്ഥികളോ അവയവങ്ങളോ ഫോസിൽ രേഖയിലൊരിടത്തും കാണുന്നില്ല എന്ന വസ്തുത പരിണാമം നേരിടുന്ന മറ്റൊരു വിഷമപ്രശ്നമാണ്. ഉദാഹരണത്തിന്, പക്ഷികൾ, വവ്വാലുകൾ, വംശനാശം സംഭവിച്ച റ്റെറോഡാക്ടിലുകൾ എന്നിങ്ങനെ വിവിധ ഇനം പറവകളുടെ ഫോസിലുകളുണ്ട്. അവ പരിവർത്തനശ്രേണിയിലെ പൂർവികരിൽനിന്നു പരിണമിച്ചു വന്നു എന്നാണ് പരിണാമസിദ്ധാന്തം പറയുന്നത്. എന്നാൽ ആ പൂർവ ജീവരൂപങ്ങളിലൊന്നിനെയും കണ്ടെത്തിയിട്ടില്ല. അവ ഉണ്ടായിരുന്നതിന്റെ യാതൊരു സൂചനയുമില്ല. ഇപ്പോഴത്തെ ജിറാഫിനെ അപേക്ഷിച്ച് കഴുത്തിനു നീളം കുറവുള്ള—മൂന്നിലൊന്നോ കാൽ ഭാഗമോ നീളം കുറവുള്ള—ജിറാഫുകളുടെ ഏതെങ്കിലും ഫോസിലുകളുണ്ടോ? ഉരഗത്തിന്റെ താടിയെല്ല് ഒരു പക്ഷിയുടെ കൊക്കായി പരിണമിച്ചുകൊണ്ടിരിക്കുന്നതിന്റെ ഏതെങ്കിലും ഫോസിലുകളുണ്ടോ? മത്സ്യത്തിൽ ഒരു ഉഭയജീവിയുടെ ശ്രോണി (pelvis) വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്നതിന്റെയോ മത്സ്യച്ചിറകുകൾ ഉഭയജീവിയുടെ കാലുകളും പാദങ്ങളും കാൽവിരലുകളുമായി മാറിക്കൊണ്ടിരിക്കുന്നതിന്റെയോ എന്തെങ്കിലും ഫോസിൽ തെളിവുണ്ടോ? വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന അത്തരം ശരീരഭാഗങ്ങൾക്കുവേണ്ടി ഫോസിൽ രേഖയിൽ തിരയുന്നത് വെറുതെയാണ് എന്നു തെളിഞ്ഞിരിക്കുന്നു.
29. പരിവർത്തന രൂപങ്ങളായി കരുതപ്പെടുന്നവയെക്കുറിച്ച് പരിണാമവാദികൾ ഇപ്പോൾ എന്താണു സമ്മതിച്ചു പറയുന്നത്?
29 “ഒരു സമ്പൂർണ ഫോസിൽ രേഖയിൽ, ദീർഘ കാലഘട്ടംകൊണ്ടു സംഭവിച്ച ക്രമേണയുള്ള, തുടർച്ചയായ മാറ്റം കാണിക്കുന്ന, ജീവികളുടെ വംശപരമ്പരകൾ ഉണ്ടായിരിക്കും” എന്നു പരിണാമം “പ്രവചിക്കു”ന്നതായി ന്യൂ സയന്റിസ്റ്റ് അഭിപ്രായപ്പെട്ടു. എന്നാൽ അതിങ്ങനെ സമ്മതിച്ചു പറഞ്ഞു: “നിർഭാഗ്യകരമെന്നു പറയട്ടെ, ഫോസിൽ രേഖ ഈ പ്രതീക്ഷ നിറവേറ്റുന്നില്ല, എന്തെന്നാൽ ഫോസിൽ രേഖയിൽ കാണപ്പെടുന്ന ജീവിവർഗങ്ങൾ, ഇടയ്ക്കുള്ളതായി കണക്കാക്കപ്പെടുന്ന ജീവരൂപങ്ങളാൽ തീരെ അപൂർവമായേ പരസ്പരം ബന്ധിപ്പിക്കപ്പെടുന്നുള്ളൂ. . . . തീർച്ചയായും അറിയപ്പെടുന്ന ഫോസിൽ ജീവിവർഗങ്ങൾ ദശലക്ഷക്കണക്കിനു വർഷങ്ങൾകൊണ്ടു പോലും പരിണമിക്കുന്നതായി കാണപ്പെടുന്നില്ല.”31 ജനിതകശാസ്ത്രജ്ഞനായ സ്റ്റെബ്ബിൻസ് ഇപ്രകാരം എഴുതുന്നു: “ജന്തുക്കളുടെയോ സസ്യങ്ങളുടെയോ ഏതെങ്കിലും പ്രമുഖ ഫൈലങ്ങൾക്കിടയിൽ യാതൊരു പരിവർത്തന രൂപങ്ങളും ഉള്ളതായി അറിയില്ല.” “ജീവികളുടെ മിക്ക പ്രമുഖ വർഗങ്ങൾക്കിടയിലും വൻ വിടവുകൾ സ്ഥിതിചെയ്യുന്ന”തായി അദ്ദേഹം പറയുന്നു.32പുതിയ പരിണാമ സമയവിവര പട്ടിക ഇങ്ങനെ സമ്മതിച്ചു പറയുന്നു: “വാസ്തവത്തിൽ, ഫോസിൽ രേഖ, ഒരു ജീവിവർഗംപോലും മറ്റൊന്നായി പരിണമിക്കുന്നതിന്റെ ബോധ്യംവരുത്തുന്ന തെളിവുകൾ നൽകുന്നില്ല. കൂടാതെ, ജീവിവർഗങ്ങൾ അമ്പരപ്പു തോന്നുമാറ് ഒരുപാടു കാലം അതുപടി നിലനിൽക്കുകയും ചെയ്തിരിക്കുന്നു.”33—ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.
30. ഒരു വിപുലമായ പഠനം എന്താണു സ്ഥിരീകരിക്കുന്നത്?
30 ലണ്ടനിലെ ഭൂവിജ്ഞാനീയ സൊസൈറ്റിയും ഇംഗ്ലണ്ടിലെ പുരാജീവിശാസ്ത്ര സമിതിയും നടത്തിയ വിപുലമായ പഠനവും ഇതാണു വെളിപ്പെടുത്തുന്നത്. പ്രകൃതിശാസ്ത്ര പ്രൊഫസറായ ജോൺ എൻ. മോർ പഠനഫലങ്ങളെക്കുറിച്ച് ഇങ്ങനെ റിപ്പോർട്ടു ചെയ്തു: “വിദഗ്ധരായ 120-ഓളം ശാസ്ത്രജ്ഞന്മാർ, 800-ലധികം പേജുകൾ വരുന്ന ഒരു സ്മരണീയ ഗ്രന്ഥത്തിൽ, 30 അധ്യായങ്ങളിലായി ഏതാണ്ട് 2,500 വർഗങ്ങളിൽപ്പെടുന്ന സസ്യങ്ങളുടെയും ജന്തുക്കളുടെയും ഫോസിൽ രേഖ അവതരിപ്പിച്ചു. . . . സസ്യ-ജന്തുജാലങ്ങളിലെ ഓരോ പ്രമുഖ രൂപത്തിനും അല്ലെങ്കിൽ വർഗത്തിനും മറ്റെല്ലാ രൂപങ്ങളിൽനിന്നും അല്ലെങ്കിൽ വർഗങ്ങളിൽനിന്നും വേർപെട്ടതും വ്യതിരിക്തവുമായ ഒരു ചരിത്രം ഉള്ളതായി കാണിച്ചിരിക്കുന്നു! സസ്യജന്തു ഗണങ്ങൾ ഫോസിൽ രേഖയിൽ പെട്ടെന്നു പ്രത്യക്ഷപ്പെടുന്നു. . . . തിമിംഗലങ്ങൾ, വവ്വാലുകൾ, കുതിരകൾ, പ്രൈമേറ്റുകൾ, ആനകൾ, മുയലുകൾ, അണ്ണാനുകൾ മുതലായവയെല്ലാം ആദ്യമായി പ്രത്യക്ഷപ്പെട്ടപ്പോഴും ഇപ്പോഴത്തേതുപോലെ തന്നെ വ്യതിരിക്തങ്ങളായിരുന്നു. ഒരു പൊതു പൂർവികന്റെ യാതൊരു സൂചനയുമില്ല. നേരിട്ടുള്ള പൂർവികനായി കരുതപ്പെടുന്ന, ഏതെങ്കിലും ഉരഗവുമായുള്ള ബന്ധത്തിന്റെ കാര്യമാണെങ്കിൽ പറയുകയും വേണ്ട.” മോർ ഇങ്ങനെ കൂട്ടിച്ചേർത്തു: “ഫോസിൽ രേഖയിൽ പരിവർത്തനം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവരൂപങ്ങളൊന്നും കണ്ടെത്തപ്പെട്ടിട്ടില്ല. അത്തരം ജീവരൂപങ്ങളുടെ ഫോസിലുകൾ ഇല്ലാത്തതുതന്നെയാണ് സാധ്യതയനുസരിച്ച് ഇതിനു കാരണം. ജന്തുവർഗങ്ങൾക്കിടയ്ക്കും അതുപോലെ തന്നെ സസ്യവർഗങ്ങൾക്കിടയ്ക്കും ഒരിക്കലും പരിവർത്തനം സംഭവിച്ചിട്ടില്ലാതിരിക്കാനാണു സാധ്യത.”34
31. ഫോസിൽ രേഖ ഡാർവിന്റെ നാളിൽ പറഞ്ഞതിൽനിന്നും വ്യത്യസ്തമായി എന്തെങ്കിലും ഇപ്പോൾ പറയുന്നുണ്ടോ?
31 അതുകൊണ്ട്, ഡാർവിന്റെ നാളിൽ സത്യമായിരുന്നത് ഇന്നും സത്യമാണ്. ജന്തുശാസ്ത്രജ്ഞനായ ഡി’ആർസി തോംസൺ വളർച്ചയും രൂപവും സംബന്ധിച്ച് (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ ഫോസിൽ രേഖാ തെളിവിനെ കുറിച്ച് ഏതാനും വർഷംമുമ്പു പറഞ്ഞതുതന്നെ ഇന്നും സത്യമാണ്: “പക്ഷികൾ ഉരഗങ്ങളിൽനിന്നോ സസ്തനങ്ങൾ അവയ്ക്കു മുമ്പുണ്ടായിരുന്ന നാൽക്കാലികളിൽനിന്നോ നാൽക്കാലികൾ മത്സ്യങ്ങളിൽനിന്നോ കശേരുകികൾ അകശേരുകി വർഗത്തിൽനിന്നോ എങ്ങനെ ഉത്ഭവിക്കുന്നുവെന്ന് ഡാർവിനിയൻ പരിണാമം നമ്മെ പഠിപ്പിച്ചിട്ടില്ല. . . . വിടവുകൾക്കു കുറുകെ ചവിട്ടുപടികൾ അന്വേഷിക്കുന്നതു വെറുതെയാണ്, എക്കാലത്തും.”35
കുതിരയെ സംബന്ധിച്ചെന്ത്?
32. പരിണാമത്തിന്റെ ഒരു ഉത്തമ ഉദാഹരണമായി പലപ്പോഴും അവതരിപ്പിക്കുന്നത് എന്തിനെയാണ്?
32 എന്നാൽ, കുറഞ്ഞത് കുതിരയെങ്കിലും ഫോസിൽ രേഖ കാണിക്കുന്ന പരിണാമത്തിന്റെ ഒരു ഉത്തമ ഉദാഹരണമാണെന്നു പലപ്പോഴും പറയപ്പെട്ടിരിക്കുന്നു. ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ ഇപ്രകാരം പ്രസ്താവിക്കുന്നു: “കുതിരകൾ, പരിണാമപരമായ വികാസത്തിന്റെ ഏറ്റവും നന്നായി രേഖപ്പെടുത്തപ്പെട്ട തെളിവുകളുള്ള ഉദാഹരണങ്ങളിൽ പെടുന്നു.”36 അതിന്റെ പരിണാമപരമായ വികാസത്തെ കുറിച്ചുള്ള ചിത്രീകരണങ്ങൾ തീരെ ചെറിയ ഒരു ജന്തുവിൽ തുടങ്ങി ഇന്നത്തെ വലിയ കുതിരയിൽ അവസാനിക്കുന്നു. എന്നാൽ ഫോസിൽ തെളിവ് യഥാർഥത്തിൽ ഇതിനെ പിന്താങ്ങുന്നുണ്ടോ?
33. ഫോസിൽ തെളിവ് കുതിരയുടെ പരിണാമത്തെ യഥാർഥത്തിൽ പിന്താങ്ങുന്നുണ്ടോ?
33 എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ഇപ്രകാരം അഭിപ്രായപ്പെടുന്നു: “കുതിരയുടെ പരിണാമം ഒരിക്കലും നേർരേഖയിലായിരുന്നില്ല.”37 മറ്റു വാക്കുകളിൽ പറഞ്ഞാൽ, ഒരു ചെറിയ ജന്തുവിൽനിന്ന് വലിയ കുതിരയിലേക്കുള്ള ഒരു അനുക്രമ വികാസം ഫോസിൽ തെളിവ് എങ്ങും കാണിക്കുന്നില്ല. പരിണാമത്തിന്റെ ഈ ഏറ്റവും വലിയ ഉദാഹരണത്തെകുറിച്ച് പരിണാമവാദിയായ ഹിച്ചിങ് ഇപ്രകാരം പറയുന്നു: “ഒരിക്കൽ ലളിതമായി, വളച്ചുകെട്ടില്ലാതെ ചിത്രീകരിക്കപ്പെട്ടിരുന്നത് ഇപ്പോൾ വളരെയധികം സങ്കീർണമാണ്, അതുകൊണ്ട് അവയിൽ ഏതെങ്കിലും ഒരു ഭാഷ്യം സ്വീകരിക്കുന്നത് യുക്തിപൂർവമായ ഒരു തിരഞ്ഞെടുപ്പ് ആയിരിക്കുന്നതിനെക്കാൾ വിശ്വാസത്തിന്റെ പേരിലുള്ള തിരഞ്ഞെടുപ്പ് ആയിരിക്കും. ഏറ്റവും ആദ്യത്തെ കുതിരയായി കരുതപ്പെടുന്നതും, ദീർഘനാളുകൾക്കു മുമ്പു വംശനാശം സംഭവിച്ച് ഫോസിലുകളിൽക്കൂടി മാത്രം നാം അറിയുന്നതെന്നു വിദഗ്ധർ പറഞ്ഞിട്ടുള്ളതുമായ ഇയോഹിപ്പസ് വാസ്തവത്തിൽ ഇപ്പോഴും സുഖമായി ജീവിച്ചിരുപ്പുണ്ടായിരിക്കാം, അത് ഒരു കുതിരയേ അല്ലായിരിക്കാം—ആഫ്രിക്കൻ കുറ്റിക്കാട്ടിലൂടെ കുതിച്ചുചാടി നടക്കുന്ന ഡാമൻ എന്നു വിളിക്കപ്പെടുന്ന, കുറുക്കന്റെയത്രയും വലുപ്പമുള്ള ഒരു നാണംകുണുങ്ങി മൃഗം ആയിരിക്കാമത്.”38
34, 35. (എ) ഇയോഹിപ്പസിന്റെ സ്ഥാനത്തെ ഇപ്പോൾ ചിലർ ചോദ്യം ചെയ്യുന്നത് എന്തുകൊണ്ട്? (ബി) വിവിധയിനം ഫോസിൽ കുതിരകളുടെ ഏതെങ്കിലും പരിണാമ പൂർവികരെ കണ്ടെത്തിയിട്ടുണ്ടോ?
34 കൊച്ച് ഇയോഹിപ്പസ് കുതിരയുടെ പൂർവികനാണെന്നുള്ളത് സങ്കൽപ്പിക്കാൻ കൂടി കഴിയുന്നില്ല, പ്രത്യേകിച്ച് പുതിയ പരിണാമ സമയവിവര പട്ടിക പറയുന്നതിന്റെ വീക്ഷണത്തിൽ: “[ഇയോഹിപ്പസ്] സാവധാനമെങ്കിലും തുടർച്ചയായ മാറ്റങ്ങളിലൂടെ കുതിരയുടെ കൂടുതലായ സവിശേഷതകൾ ആർജിച്ചെടുത്തതായി പരക്കെ അനുമാനിച്ചുപോന്നു.” എന്നാൽ വസ്തുതകൾ ഈ അനുമാനത്തെ പിന്താങ്ങുന്നുണ്ടോ? “[ഇയോഹിപ്പസിന്റെ] ഫോസിൽ രൂപങ്ങൾ പരിണാമപരമായ രൂപഭേദത്തിന്റെ ഒരു തെളിവും കാണിക്കുന്നില്ല” എന്ന് പുസ്തകം മറുപടി പറയുന്നു. അങ്ങനെ അതു ഫോസിൽ രേഖയെക്കുറിച്ച് ഇങ്ങനെ സമ്മതിച്ചു പറയുന്നു: “അതു കുതിരക്കുടുംബത്തിന്റെ മുഴു ചരിത്രവും തെളിവുസഹിതം രേഖപ്പെടുത്തുന്നതിൽ പരാജയപ്പെടുന്നു.”39
35 അതുകൊണ്ട്, കൊച്ച് ഇയോഹിപ്പസ് ഒരിക്കലും കുതിരയുടെ ഒരു ഇനമോ പൂർവികനോ അല്ലായിരുന്നെന്നു ചില ശാസ്ത്രജ്ഞൻമാർ ഇപ്പോൾ പറയുന്നു. കുതിരയുടെ പരിണാമശ്രേണി തെളിയിക്കാനായി വെച്ചുനോക്കിയ ഓരോ ഇനം ഫോസിലും അത്ഭുതകരമായ ഘടനാസ്ഥിരത പ്രകടമാക്കി, അവയ്ക്കും പരിണാമ പൂർവികരായി കരുതപ്പെട്ടിരുന്ന മറ്റുള്ളവയ്ക്കും ഇടയിൽ പരിണമിച്ചുകൊണ്ടിരുന്ന യാതൊരു രൂപങ്ങളും ഇല്ല. വ്യത്യസ്ത വലുപ്പത്തിലും ആകൃതിയിലുമുള്ള കുതിരകളുടെ ഫോസിലുകൾ ഉണ്ടെന്നുള്ളതു നിങ്ങളെ ആശ്ചര്യപ്പെടുത്തരുത്. വളരെ ചെറിയ മട്ടക്കുതിരകൾമുതൽ വളരെ വലിയ ഉഴവു കുതിരകൾവരെയുള്ള വ്യത്യസ്ത കുതിരകൾ ഇന്നുമുണ്ട്. ഇവയെല്ലാം കുതിരക്കുടുംബത്തിലെ വൈവിധ്യങ്ങളാണ്.
ഫോസിൽ രേഖ യഥാർഥത്തിൽ പറയുന്നത്
36. ഫോസിൽ രേഖ യഥാർഥത്തിൽ എന്താണു കാണിക്കുന്നത്?
36 നാം ഫോസിൽ രേഖയെ സംസാരിക്കാൻ അനുവദിക്കുമ്പോൾ അതു സാക്ഷ്യം നൽകുന്നത് പരിണാമത്തിനല്ല, പകരം സൃഷ്ടിക്കാണ്. വ്യതിരിക്തങ്ങളായ അനേകം ജീവിവർഗങ്ങൾ പെട്ടെന്നു പ്രത്യക്ഷപ്പെട്ടെന്ന് അതു കാണിക്കുന്നു. ഓരോ വർഗത്തിനുള്ളിലും വൻ വൈവിധ്യം ദൃശ്യമായിരുന്നു. എങ്കിലും പരിണാമ പൂർവികരുമായി അവയെ ബന്ധിപ്പിക്കുന്ന കണ്ണികളൊന്നും ഇല്ലായിരുന്നു. അവയ്ക്കു ശേഷം വന്ന വ്യത്യസ്ത ജീവിവർഗങ്ങളുമായി അവയെ ബന്ധിപ്പിക്കുന്ന പരിണാമകണ്ണികളും ഉണ്ടായിരുന്നില്ല. വ്യത്യസ്ത വർഗം ജീവികൾ അധികം മാറ്റമില്ലാതെ ദീർഘ കാലഘട്ടങ്ങളോളം നിലനിന്നശേഷം അവയിൽ ചിലതിനു വംശനാശം സംഭവിച്ചു, എന്നാൽ മറ്റുള്ളവ ഇന്നുമുണ്ട്.
37. ഒരു പരിണാമവാദി ഇതു സമ്മതിച്ചു പറയുന്നത് എങ്ങനെ?
37 “പരിണാമമെന്ന ആശയത്തെ വൈവിധ്യമാർന്ന ജീവരൂപങ്ങൾ അസ്തിത്വത്തിലുള്ളതിന്റെ ശക്തമായ ഒരു ശാസ്ത്രീയ വിശദീകരണമായി കണക്കാക്കാൻ കഴിയുകയില്ല” എന്ന് ക്രമം: ജീവികളിൽ (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ പരിണാമവാദിയായ എഡ്മണ്ട് സാമുവെൽ നിഗമനം ചെയ്യുന്നു. എന്തുകൊണ്ടു കഴിയുകയില്ല? അദ്ദേഹം കൂട്ടിച്ചേർക്കുന്നു: “ഭൂമിയിൽ കാണുന്ന ജൈവ വൈവിധ്യത്തിന്റെയോ ഫോസിൽ രേഖയുടെയോ സൂക്ഷ്മമായ യാതൊരു അപഗ്രഥനവും പരിണാമത്തെ നേരിട്ടു പിന്താങ്ങുന്നില്ല.”40
38. നിഷ്പക്ഷനായ അന്വേഷകൻ എന്തു നിഗമനം ചെയ്യും?
38 കാര്യങ്ങളെ നിഷ്പക്ഷമായി പരിശോധിക്കുന്ന ഏതൊരാളും ഫോസിലുകൾ പരിണാമസിദ്ധാന്തത്തെ പിന്താങ്ങുന്നില്ലെന്നു നിഗമനം ചെയ്യാൻ വ്യക്തമായും പ്രേരിതനാകും. അതേസമയം, ഫോസിൽ തെളിവ് സൃഷ്ടിയെ സംബന്ധിച്ച വാദങ്ങൾക്ക് ഉറച്ച പിൻബലം നൽകുകതന്നെ ചെയ്യുന്നു. ജന്തുശാസ്ത്രജ്ഞനായ കൊഫിൻ ഇപ്രകാരം പ്രസ്താവിച്ചു: “ദൈവശാസ്ത്രജ്ഞരല്ലാത്ത എല്ലാ ശാസ്ത്രജ്ഞരെയും സംബന്ധിച്ചിടത്തോളം പോയകാലത്തെ ജീവന്റെ തെളിവുകളായ ഫോസിലുകൾ ആത്യന്തികവും അവസാനത്തേതുമായ അപ്പീൽ കോടതിയാണ്. കാരണം, ഫോസിൽ രേഖയാണ് ശാസ്ത്രത്തിനു ലഭ്യമായിട്ടുള്ള, ജീവനെ സംബന്ധിച്ച ഏക ആധികാരിക ചരിത്രം. ഈ ഫോസിൽ രേഖ പരിണാമസിദ്ധാന്തത്തോടു യോജിക്കുന്നില്ലെങ്കിൽപ്പിന്നെ—യോജിക്കുന്നില്ലെന്നു നാം കണ്ടുകഴിഞ്ഞു—അതെന്താണു പഠിപ്പിക്കുന്നത്? സസ്യ-ജന്തുജാലങ്ങൾ അവയുടെ അടിസ്ഥാന രൂപങ്ങളിൽ സൃഷ്ടിക്കപ്പെട്ടുവെന്ന് അതു നമ്മോടു പറയുന്നു. ഫോസിൽ രേഖ സംബന്ധിച്ച അടിസ്ഥാന വസ്തുതകൾ സൃഷ്ടിയെയാണു പിന്താങ്ങുന്നത്, പരിണാമത്തെയല്ല.”41 ജ്യോതിശ്ശാസ്ത്രജ്ഞനായ കാൾ സാഗാൻ കോസ്മോസ് എന്ന തന്റെ ഗ്രന്ഥത്തിൽ ഇങ്ങനെ തുറന്നു സമ്മതിച്ചു: “ഫോസിൽ തെളിവ് ഒരു വലിയ രൂപസംവിധായകൻ ഉണ്ട് എന്ന ആശയവുമായി ചേർച്ചയിലായിരിക്കാം.”42
[അധ്യയന ചോദ്യങ്ങൾ]
[54-ാം പേജിലെ ആകർഷകവാക്യം]
“ഏതെങ്കിലും പ്രമുഖ ജീവിവർഗം പരിണമിക്കുന്നത് ജീവശാസ്ത്രജ്ഞന്മാർ ആരും വാസ്തവത്തിൽ കണ്ടിട്ടില്ല.”
[57-ാം പേജിലെ ആകർഷകവാക്യം]
ഡാർവിൻ: “അനേകം വർഗങ്ങൾ . . . പെട്ടെന്ന് അസ്തിത്വത്തിൽ വരുകയാണു ചെയ്തിട്ടുള്ളത് എങ്കിൽ ആ വസ്തുത പരിണാമസിദ്ധാന്തത്തിനു കനത്ത ഒരു അടിതന്നെ ആയിരിക്കും.”
[59-ാം പേജിലെ ആകർഷകവാക്യം]
പരിണാമസിദ്ധാന്തം പ്രവചിച്ചതിന്റെ വിപരീതമാണു ഫോസിൽ രേഖ പറയുന്നത്
[60-ാം പേജിലെ ആകർഷകവാക്യം]
“ശിലകളിൽ കണ്ടെത്തപ്പെട്ട പുരാതന ജീവരൂപങ്ങളുടെ ഫോസിൽ അവശിഷ്ടങ്ങൾ ഒരു ലഘുവായ തുടക്കത്തെ വെളിപ്പെടുത്തുന്നില്ല.”
[61-ാം പേജിലെ ആകർഷകവാക്യം]
ഡാർവിൻ: “ജീവിവർഗങ്ങളുടെ ഗണങ്ങൾ . . . മൊത്തമായി പൊടുന്നനെ പ്രത്യക്ഷപ്പെടുന്നു”
[62-ാം പേജിലെ ആകർഷകവാക്യം]
“ആകമാന ചിത്രം . . . വിശേഷവിധിയായി സൃഷ്ടി നടന്നു എന്ന ആശയത്തോടു ചേർച്ചയിലാണെന്നു ന്യായമായി പറയാൻ കഴിയും”
[62-ാം പേജിലെ ആകർഷകവാക്യം]
“ഇടയ്ക്ക്, ബന്ധിപ്പിക്കുന്ന ഫോസിലുകൾ ഒന്നുപോലും ഉണ്ടായിരുന്നില്ല.”
[66-ാം പേജിലെ ആകർഷകവാക്യം]
“കുതിരയുടെ പരിണാമം ഒരിക്കലും നേർരേഖയിലായിരുന്നില്ല”
[67-ാം പേജിലെ ആകർഷകവാക്യം]
“ജീവിച്ചിരിക്കുന്ന എല്ലാ കുതിരകളും ഉൾപ്പെടുന്ന ഇക്വസ് വർഗം . . . ഫോസിൽ രേഖയിൽ പെട്ടെന്നു പ്രത്യക്ഷപ്പെടുന്നു . . . ലഭ്യമായ ഫോസിൽ തെളിവ് അവ എങ്ങനെ ഉത്ഭവിച്ചെന്നു കാണിക്കുന്നില്ല”b
[70-ാം പേജിലെ ആകർഷകവാക്യം]
“പരിണാമമെന്ന ആശയത്തെ വൈവിധ്യമാർന്ന ജീവരൂപങ്ങൾ അസ്തിത്വത്തിലുള്ളതിന്റെ ശക്തമായ ഒരു ശാസ്ത്രീയ വിശദീകരണമായി കണക്കാക്കാൻ കഴിയുകയില്ല”
[55-ാം പേജിലെ ചതുരം]
യാഥാസ്ഥിതിക പരിണാമസിദ്ധാന്തം സൃഷ്ടി അനുസരിച്ച്
അനുസരിച്ച് ഫോസിൽ ഫോസിൽ രേഖയിൽ
രേഖയിൽ പിൻവരുന്ന പിൻവരുന്ന കാര്യങ്ങൾ
കാര്യങ്ങൾ കാണണം: കാണണം:
1. വളരെ ലഘുവായ 1. സങ്കീർണ ജീവരൂപങ്ങൾ
ജീവരൂപങ്ങൾ ക്രമേണ പെട്ടെന്നു പ്രത്യക്ഷപ്പെട്ടു
പ്രത്യക്ഷപ്പെട്ടു എന്നതിനുള്ള തെളിവ്
എന്നതിനുള്ള തെളിവ്
2. ഈ ലഘുരൂപങ്ങൾ 2. വൈവിധ്യങ്ങൾ ഉണ്ടെങ്കിലും,
സങ്കീർണ രൂപങ്ങളായി സങ്കീർണ ജീവരൂപങ്ങൾ
ക്രമേണ പരിണമിച്ചു ‘അതതു വർഗം’ (ജീവശാസ്ത്ര കുടുംബങ്ങൾ)
എന്നതിനുള്ള തെളിവ് അനുസരിച്ചു പെരുകി
എന്നതിനുള്ള തെളിവ്
3. വ്യത്യസ്ത വർഗങ്ങൾക്കിടയിലെ 3. വ്യത്യസ്ത ജീവശാസ്ത്ര
അനേകം പരിവർത്തന കുടുംബങ്ങൾക്കിടയിലെ
“കണ്ണികൾ” പരിവർത്തന ‘കണ്ണികളുടെ’ അഭാവം
4. അസ്ഥികൾ, കൈകാലുകൾ, 4. ഭാഗികമായി മാത്രം
മറ്റ് അവയവങ്ങൾ തുടങ്ങിയ വികസിച്ച ശരീര ഭാഗങ്ങളുടെ അഭാവം;
പുതിയ ശരീരഭാഗങ്ങൾ പൂർണമായി വികസിച്ച
വികാസം ശരീരഭാഗങ്ങൾ
പ്രാപിച്ചുവരുന്നതിന്റെ തെളിവുകൾ മാത്രം കാണപ്പെടുന്നു
[56-ാം പേജിലെ ചതുരം/ചിത്രം]
പരിണാമത്തെക്കുറിച്ചുള്ള ഒരു പുസ്തകത്തിൽ “മത്സ്യത്തിൽനിന്നു മനുഷ്യനിലേക്ക്” എന്ന ചിത്രക്കുറിപ്പോടുകൂടിയ ഇതുപോലെയുള്ള ഒരു ചിത്രം കാണാം. ഈ ചിത്രം, “മത്സ്യച്ചിറകിലെ അസ്ഥികൾ മനുഷ്യന്റെ കയ്യിലെ അസ്ഥികളായി പരിണമിച്ച വിധം കാണിക്കുന്നു”വെന്ന് അതു പറയുന്നു. അത് ഇങ്ങനെയും പ്രസ്താവിക്കുന്നു: “ഫോസിൽ രേഖയിൽ ഈ പരിവർത്തനത്തിനിടയ്ക്കുള്ള പല ഘട്ടങ്ങളെ കുറിച്ചുമുള്ള തെളിവുകളുണ്ട്.” പക്ഷേ, വാസ്തവത്തിൽ അത്തരം തെളിവുകൾ അതിലുണ്ടോ?a
[രേഖാചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
മണിബന്ധം
കൈത്തണ്ട്
കൈമുട്ട്
ഭുജം
തോൾ
[68, 69 പേജുകളിലെ ചതുരം/ചിത്രങ്ങൾ]
ജീവികളുടെ ഉത്ഭവത്തെക്കുറിച്ച് . . . ഫോസിൽ തെളിവു പറയുന്നത്
ജീവോത്പത്തിയെക്കുറിച്ച്:
“ഭൂവൽക്കത്തിൽ ആലേഖനം ചെയ്യപ്പെട്ട, യുഗങ്ങളുടെ പുസ്തകത്തിന്റെ മുക്കാൽ ഭാഗം താളുകളെങ്കിലും എഴുതാപ്പുറങ്ങളാണ്.”—നാം ജീവിക്കുന്ന ലോകം (ഇംഗ്ലീഷ്)c
“ആദ്യ പടികൾ സംബന്ധിച്ച് . . . യാതൊരു അറിവുമില്ല; . . . അവയെ കുറിച്ചുള്ള യാതൊരു സൂചനയും അവശേഷിക്കുന്നില്ല.”—ചെമന്ന ഭീമൻമാരും വെളുത്ത കുള്ളൻമാരും d
ബഹുകോശ ജീവികളെക്കുറിച്ച്:
“ബഹുകോശ ജന്തുക്കൾ എങ്ങനെ ഉത്ഭവിച്ചെന്നും ഈ പടി ഒന്നോ അതിലധികമോ തവണയും ഒന്നോ അതിലധികമോ വിധങ്ങളിലും നടന്നിട്ടുണ്ടോ എന്നും ഉള്ളത് ‘അവസാന അപഗ്രഥനത്തിലും ഉത്തരംകിട്ടാത്ത,’ . . . എന്നെന്നും തർക്കവിഷയം ആയിരുന്നിട്ടുള്ള വിഷമമേറിയ ചോദ്യങ്ങളാണ്.”—ശാസ്ത്രം (ഇംഗ്ലീഷ്) e
“ബഹുകോശ ജീവികളുടെ വികാസത്തിലെ ഈ പ്രാരംഭ ഘട്ടങ്ങളെക്കുറിച്ചുള്ള യാതൊരു സൂചനയും ഫോസിൽ രേഖ ഉൾക്കൊള്ളുന്നില്ല.”—ചെമന്ന ഭീമൻമാരും വെളുത്ത കുള്ളൻമാരും f
സസ്യങ്ങളെക്കുറിച്ച്:
“മിക്ക സസ്യശാസ്ത്രജ്ഞന്മാരും അറിവിന്റെ ഉറവിടമെന്ന നിലയിൽ ഫോസിൽ രേഖയിലേക്കു നോക്കുന്നു. എന്നാൽ . . . അത് അവർക്ക് അതിൽനിന്നു ലഭിച്ചിട്ടില്ല. . . . അവയ്ക്ക് പൂർവികർ ഉള്ളതായി യാതൊരു തെളിവുമില്ല.”—പനകളുടെ പ്രകൃതിചരിത്രം (ഇംഗ്ലീഷ്) g
ഷഡ്പദങ്ങളെക്കുറിച്ച്:
“ഷഡ്പദങ്ങളുടെ ഉത്ഭവത്തെക്കുറിച്ച് ഫോസിൽ രേഖ യാതൊരു വിവരവും നൽകുന്നില്ല.”—എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക h
“ഷഡ്പദങ്ങളുടെ ആദിമ പൂർവികർ എങ്ങനെയാണിരുന്നതെന്നു കാണിക്കുന്ന, അറിയപ്പെടുന്ന ഫോസിലുകളൊന്നും ഇല്ല.”—ഷഡ്പദങ്ങൾ (ഇംഗ്ലീഷ്) i
നട്ടെല്ലുള്ള ജന്തുക്കളെക്കുറിച്ച്:
“ഫോസിൽ അവശിഷ്ടങ്ങൾ കശേരുകികളുടെ ഉത്ഭവത്തെക്കുറിച്ചു യാതൊരു വിവരവും നൽകുന്നില്ല.”—എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക j
മത്സ്യങ്ങളെക്കുറിച്ച്:
“ഞങ്ങൾക്കറിയാവുന്നിടത്തോളം, ഈ പുതിയ ജീവരൂപത്തെ ഏതെങ്കിലും മുൻ ജീവരൂപവുമായി ബന്ധിപ്പിക്കുന്ന യാതൊരു ‘കണ്ണി’യുമില്ല. മത്സ്യം പൊടുന്നനെ പ്രത്യക്ഷപ്പെട്ടു.”—നമ്മുടെ ജന്തുലോകത്തിന്റെ അത്ഭുതങ്ങൾ & നിഗൂഢതകൾ (ഇംഗ്ലീഷ്) k
മത്സ്യങ്ങൾ ഉഭയജീവികൾ ആയിത്തീരുന്നതിനെക്കുറിച്ച്:
“അവ എന്തിന് അങ്ങനെ ചെയ്തുവെന്നോ എന്തുകൊണ്ട് അങ്ങനെ ചെയ്തുവെന്നോ നാം ഒരുപക്ഷേ ഒരിക്കലും അറിഞ്ഞെന്നുവരില്ല.”—മത്സ്യങ്ങൾ (ഇംഗ്ലീഷ്) l
ഉഭയജീവികൾ ഉരഗങ്ങൾ ആയിത്തീരുന്നതിനെക്കുറിച്ച്:
“കശേരുകി ചരിത്രത്തിന്റെ ഫോസിൽ രേഖയുടെ നിരാശപ്പെടുത്തുന്ന പ്രത്യേകതകളിലൊന്ന്, [ഉഭയജീവികൾ] ഉരഗങ്ങളായി മാറാനാരംഭിച്ച ഏറ്റവും ആദ്യ നാളുകളെ—തോടുള്ള മുട്ട വികാസംപ്രാപിക്കുകയായിരുന്ന സമയത്തെ— കുറിച്ച് അതു വളരെ കുറച്ചേ കാണിക്കുന്നുള്ളൂ എന്നതാണ്.”—ഉരഗങ്ങൾ (ഇംഗ്ലീഷ്) m
ഉരഗങ്ങൾ സസ്തനങ്ങൾ ആയിത്തീരുന്നതിനെക്കുറിച്ച്:
“സസ്തനങ്ങളെയും ഉരഗങ്ങളെയും [തമ്മിൽ ബന്ധിപ്പിക്കുന്ന] വിട്ടുപോയ കണ്ണിയൊന്നുമില്ല.”—ഉരഗങ്ങൾ n
“നിർഭാഗ്യകരമെന്നു പറയട്ടെ, യഥാർഥ സസ്തനങ്ങളിൽ ആദ്യത്തേവ എന്നു നാം കണക്കാക്കുന്ന ജീവികളെക്കുറിച്ച് ഫോസിലുകൾ വളരെ കുറച്ചേ വെളിപ്പെടുത്തുന്നുള്ളൂ.”—സസ്തനങ്ങൾ o
ഉരഗങ്ങൾ പക്ഷികൾ ആയിത്തീരുന്നതിനെക്കുറിച്ച്:
“ഉരഗങ്ങളിൽനിന്നു പക്ഷികളിലേക്കുള്ള പരിവർത്തനത്തിന്റെ തെളിവുകൾ അതിനെക്കാൾ ദുർബലമാണ്.”—ജൈവപരിണാമ പ്രക്രിയകൾ (ഇംഗ്ലീഷ്) p
“പക്ഷിയെപ്പോലിരിക്കുന്ന ഏതെങ്കിലും ഉരഗത്തിന്റെ യാതൊരു ഫോസിലും ഇതുവരെ കണ്ടെത്തിയിട്ടില്ല.”—ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ q
ആൾക്കുരങ്ങുകളെക്കുറിച്ച്:
“നിർഭാഗ്യകരമെന്നു പറയട്ടെ, ആൾക്കുരങ്ങുകൾ ആവിർഭവിച്ചു വന്നത് എങ്ങനെയെന്നു മനസ്സിലാക്കാൻ നമ്മെ പ്രാപ്തരാക്കുമെന്നു കരുതിയ ഫോസിൽ രേഖ ഇപ്പോഴും അങ്ങേയറ്റം അപൂർണമാണ്.”—പ്രൈമേറ്റുകൾ (ഇംഗ്ലീഷ്) r
“ഉദാഹരണത്തിന്, ആധുനിക ആൾക്കുരങ്ങുകൾ എവിടെനിന്നെന്നില്ലാതെ ഉത്ഭവിച്ചതായി തോന്നുന്നു. അവയുടെ പൂർവ ചരിത്രമൊന്നും ലഭ്യമല്ല, ഫോസിൽ രേഖയുമില്ല.”—സയൻസ് ഡൈജസ്റ്റ് s
ആൾക്കുരങ്ങിൽനിന്നു മനുഷ്യനിലേക്ക്:
“ഏതെങ്കിലും ഫോസിലോ മറ്റെന്തെങ്കിലും ഭൗതിക തെളിവോ മനുഷ്യനെ
ആൾക്കുരങ്ങുമായി നേരിട്ടു ബന്ധിപ്പിക്കുന്നില്ല.”—സയൻസ് ഡൈജസ്റ്റ് t
“മനുഷ്യകുടുംബം ആൾക്കുരങ്ങിനെപ്പോലുള്ള ഒരു ജീവരൂപത്തിൽ തുടങ്ങി നമ്മുടെ വർഗംവരെയെത്തുന്ന ഒറ്റയൊരു വംശപരമ്പര ഉൾപ്പെടുന്നതല്ല.”—പുതിയ പരിണാമ സമയവിവര പട്ടിക u
[58-ാം പേജിലെ ചിത്രം]
ദശലക്ഷക്കണക്കിനു ഫോസിലുകൾ കണ്ടെടുക്കപ്പെട്ടിരിക്കുന്നു, ലോകമെമ്പാടുമുള്ള കാഴ്ചബംഗ്ലാവുകളിലും പരീക്ഷണശാലകളിലും അവ സൂക്ഷിച്ചിരിക്കുന്നു
[61-ാം പേജിലെ ചിത്രങ്ങൾ]
കാംബ്രിയൻ കാലഘട്ടം എന്നു വിളിക്കപ്പെടുന്നതിന്റെ ഉദയത്തിൽ പ്രമുഖ അകശേരുകി വർഗങ്ങളുടെ ഫോസിലുകൾ, ഏതെങ്കിലും പരിണാമ പൂർവികരുമായി ബന്ധമില്ലാതെ ജീവജാലങ്ങളുടെ ഗംഭീരമായ “സ്ഫോടന”ത്തിലൂടെ പ്രത്യക്ഷമാകുന്നു.
സ്പോഞ്ച്
ട്രൈലോബൈറ്റ്
ജെല്ലിമത്സ്യം
[63-ാം പേജിലെ ചിത്രങ്ങൾ]
വിഭിന്നവും വളരെ സങ്കീർണവുമായ ജീവരൂപങ്ങൾ പൊടുന്നനെ, പൂർണവികാസം പ്രാപിച്ച നിലയിൽ പ്രത്യക്ഷപ്പെടുന്നു
കുതിര
തറയണ്ണാൻ
ചിത്രശലഭം
പന്നൽച്ചെടി
പനിനീർ പുഷ്പം
മത്സ്യം
[64-ാം പേജിലെ ചിത്രങ്ങൾ]
പറവകൾ പരിവർത്തനശ്രേണിയിലെ പൂർവികരിൽനിന്നു പരിണമിച്ചു വന്നു എന്നാണ് പരിണാമസിദ്ധാന്തം പറയുന്നത്. എന്നാൽ ആ പൂർവ ജീവരൂപങ്ങളിൽ ഒന്നിനെയും കണ്ടെത്തിയിട്ടില്ല
കടൽകാക്ക
മൂളിക്കുരുവി
കഴുകൻ
[65-ാം പേജിലെ ചിത്രം]
ഇപ്പോഴത്തെ ജിറാഫിനെ അപേക്ഷിച്ച് കഴുത്തിനു നീളം കുറവുള്ള—മൂന്നിലൊന്നോ കാൽ ഭാഗമോ നീളം കുറവുള്ള—ജിറാഫുകളുടെ യാതൊരു ഫോസിലും കണ്ടെത്തിയിട്ടില്ല
[67-ാം പേജിലെ ചിത്രങ്ങൾ]
കുതിരയുടെ പൂർവികനെന്ന് അനുമാനിക്കപ്പെടുന്ന ഇയോഹിപ്പസ് ഈ കരണ്ടുതീനിയെപ്പോലെ ആണിരുന്നതെന്നു പറയപ്പെടുന്നു. എന്നാൽ ഇയോഹിപ്പസ് കുതിരയോടു കൂടുതൽ സാദൃശ്യമുള്ള ഒന്നായി പരിണമിച്ചതിനു തെളിവൊന്നുമില്ല