സചേതന വസ്തുക്കളുടെ വിസ്മയാവഹമായ രൂപകൽപ്പന
അധ്യായം 11
സചേതന വസ്തുക്കളുടെ വിസ്മയാവഹമായ രൂപകൽപ്പന
1, 2. (എ) ശാസ്ത്രജ്ഞന്മാർ ഒരു രൂപസംവിധായകന്റെ ആവശ്യം അംഗീകരിക്കുന്നു എന്ന് എന്തു കാണിക്കുന്നു? (ബി) എങ്കിലും അവർതന്നെ അഭിപ്രായം മാറ്റിപ്പറയുന്നത് എങ്ങനെ?
നരവംശശാസ്ത്രജ്ഞന്മാർ ഭൂഖനനം നടത്തുമ്പോൾ ത്രികോണാകൃതിയിലുള്ള ഒരു കൂർത്ത തീക്കൽ കഷണം കണ്ടെത്തുകയാണെങ്കിൽ അത് ഒരു അമ്പിൻ മുന ആയിരിക്കാൻ ആരോ രൂപകൽപ്പന ചെയ്തതായിരിക്കണം എന്ന് അവർ നിഗമനം ചെയ്യും. ഒരു പ്രത്യേക ഉദ്ദേശ്യത്തിനായി രൂപകൽപ്പന ചെയ്യപ്പെട്ട അത്തരം വസ്തുക്കൾ യാദൃച്ഛികമായി ഉളവാകുകയില്ലെന്നു ശാസ്ത്രജ്ഞന്മാർ സമ്മതിക്കുന്നു.
2 എന്നാൽ സചേതന വസ്തുക്കളുടെ കാര്യം വരുമ്പോൾ അവർ മിക്കപ്പോഴും അതേ യുക്തി വിട്ടുകളയുന്നു. ഒരു രൂപസംവിധായകൻ ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകത അവർക്കു തോന്നുന്നില്ല. എന്നാൽ, ഏറ്റവും ലളിതമായ ഘടനയുള്ള ഒരു ഏകകോശജീവിയോ അതിന്റെ ജനിതക രേഖയിലെ ഡിഎൻഎ-യോ, ആകൃതിപ്പെടുത്തിയ ഒരു തീക്കൽ കഷണത്തെക്കാളും വളരെയേറെ സങ്കീർണമാണ്. എന്നിട്ടും, അവയ്ക്ക് ഒരു രൂപസംവിധായകൻ ഉണ്ടായിരുന്നില്ലെന്നും പകരം യാദൃച്ഛിക സംഭവങ്ങളുടെ ഒരു പരമ്പരയാൽ അവ രൂപപ്പെട്ടതാണെന്നും പരിണാമവാദികൾ തറപ്പിച്ചുപറയുന്നു.
3. ഡാർവിൻ എന്തിന്റെ ആവശ്യം തിരിച്ചറിഞ്ഞു, അതു വിശദീകരിക്കാൻ അദ്ദേഹം ശ്രമിച്ചതെങ്ങനെ?
3 എന്നിരുന്നാലും, ഡാർവിൻ ഏതോ രൂപകൽപ്പനാശക്തിയുടെ ആവശ്യം മനസ്സിലാക്കുകയും ഇതിനെ പ്രകൃതിനിർധാരണമായി തിരിച്ചറിയിക്കുകയും ചെയ്തു. “പ്രകൃതിനിർധാരണം ലോകമെമ്പാടും ഉള്ള അതിനിസ്സാരമായ വ്യതിയാനങ്ങളെ ഓരോ ദിവസവും ഓരോ മണിക്കൂറിലും സൂക്ഷ്മമായി പരിശോധിക്കുന്നു; അത് മോശമായവയെ തള്ളിക്കളയുകയും നല്ലതിനെയെല്ലാം നിലനിർത്തുകയും കൂട്ടിവെക്കുകയും ചെയ്യുന്നു.”1 എന്നിരുന്നാലും, ആ വീക്ഷണത്തിന് ഇപ്പോൾ പ്രിയം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.
4. പ്രകൃതിനിർധാരണം സംബന്ധിച്ച വീക്ഷണങ്ങൾ മാറിക്കൊണ്ടിരിക്കുന്നത് എങ്ങനെ?
4 “പ്രകൃതിനിർധാരണത്തിലൂടെ” കാര്യമായ ഒരു മാറ്റം “ഉണ്ടാകുകയില്ലായിരിക്കാം. ഇത്തരം മാറ്റം ജീവിഗണങ്ങളിൽ സംഭവിക്കുന്നത് യാദൃച്ഛികമായിട്ട് ആയിരിക്കാം” എന്ന് സമകാലീനരായ പല പരിണാമവാദികളും ഇപ്പോൾ പറയുന്നതായി സ്റ്റീവൻ ഗൂൾഡ് റിപ്പോർട്ടു ചെയ്യുന്നു.2 “സംഭവിക്കുന്നതിന്റെ ചെറിയൊരു ഭാഗത്തെ മാത്രമേ പ്രകൃതിനിർധാരണം വിശദീകരിക്കുന്നുള്ളൂ: സിംഹഭാഗവും വിശദീകരിക്കപ്പെടാതെ കിടക്കുന്നു” എന്ന് ഗോർഡൻ ടെയ്ലർ സമ്മതിക്കുന്നു.3 ഭൂവിജ്ഞാനിയായ ഡേവിഡ് റൗപ് ഇപ്രകാരം പറയുന്നു: “പ്രകൃതിനിർധാരണത്തിനു പകരമായി ഇപ്പോൾ മുന്നോട്ടു വെച്ചിരിക്കുന്ന ഒരു പ്രധാന ആശയത്തിന് തനി യാദൃച്ഛികതയുടെ ഫലങ്ങളുമായി ബന്ധമുണ്ട്.”4 എന്നാൽ “തനി യാദൃച്ഛികത” ഒരു രൂപസംവിധായകൻ ആണോ? ജീവന്റെ എല്ലാ തലങ്ങളിലും ദൃശ്യമായ സങ്കീർണതയെ ഉത്പാദിപ്പിക്കാൻ അതിനു കഴിയുമോ?
5. ഒരു പരിണാമവാദി രൂപകൽപ്പന നടന്നിട്ടുണ്ടെന്നും ഒരു രൂപകൽപ്പിതാവ് ഉണ്ടെന്നും അംഗീകരിക്കുന്നത് എങ്ങനെ?
5 ചില ശാസ്ത്രജ്ഞന്മാർ ജീവികളെ “ഒരു പരമോന്നത രൂപസംവിധായകന്റെ അസ്തിത്വത്തിനുള്ള മുഖ്യ തെളിവായി” വീക്ഷിക്കത്തക്കവിധം അവ അത്രയധികം “ശ്രദ്ധാപൂർവകവും കലാപരവുമായി രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നതായി കാണപ്പെടുന്നു”വെന്ന് പരിണാമവാദിയായ റിച്ചർഡ് ലെവൊന്റിൻ സമ്മതിച്ചു പറഞ്ഞു.5 ഈ തെളിവുകളിൽ ചിലതു പരിചിന്തിക്കുന്നതു പ്രയോജനപ്രദമായിരിക്കും.
ചെറിയ വസ്തുക്കൾ
6. ഏകകോശ ജീവികൾ യഥാർഥത്തിൽ ലളിതമായവയാണോ?
6 നമുക്ക് ഏറ്റവും ചെറിയ സചേതന വസ്തുക്കളായ ഏകകോശ ജീവികളിൽനിന്നു തുടങ്ങാം: ഏകകോശ ജന്തുക്കൾക്ക് “ഇരപിടിക്കാനും ആഹാരം ദഹിപ്പിക്കാനും വിസർജ്യങ്ങൾ നീക്കംചെയ്യാനും സഞ്ചരിക്കാനും വീടു പണിയാനും ലൈംഗിക പ്രവർത്തനത്തിൽ ഏർപ്പെടാനും” കഴിയുമെന്നും “കലകളോ അവയവങ്ങളോ ഹൃദയമോ മനസ്സോ ഇല്ലെങ്കിലും വാസ്തവത്തിൽ നമുക്കു സാധ്യമായതെല്ലാം അവയ്ക്കും സാധ്യമാണ്” എന്നും ഒരു ജീവശാസ്ത്രജ്ഞൻ പറഞ്ഞു.6
7. ഡയാറ്റങ്ങൾ എങ്ങനെയാണ് സ്ഫടികം ഉണ്ടാക്കുന്നത്, എന്ത് ഉദ്ദേശ്യത്തിൽ, അവ സമുദ്ര ജീവന് എത്രമാത്രം പ്രധാനമാണ്?
7 ഏകകോശ ജീവികളായ ഡയാറ്റങ്ങൾ കടൽവെള്ളത്തിലുള്ള സിലിക്കണും ഓക്സിജനും ഉപയോഗിച്ച് സ്ഫടികം ഉണ്ടാക്കുന്നു. അവ ഈ സ്ഫടികം കൊണ്ട് തങ്ങളുടെ പച്ച ഹരിതകം വെക്കുന്നതിനുള്ള ചെറിയ “ഗുളികച്ചെപ്പുകൾ” നിർമിക്കുന്നു. അവയുടെ പ്രാധാന്യത്തെയും ഭംഗിയെയും പ്രകീർത്തിച്ചുകൊണ്ട് ഒരു ശാസ്ത്രജ്ഞൻ ഇങ്ങനെ പറഞ്ഞു: “രത്നച്ചെപ്പുകളിൽ അടച്ചുവെച്ചിരിക്കുന്ന ഈ പച്ചിലകൾ സമുദ്രങ്ങളിൽ ജീവിക്കുന്ന സകലതിനും ആവശ്യമായ ആഹാരത്തിന്റെ പത്തിൽ ഒമ്പതു ഭാഗവും പ്രദാനം ചെയ്യുന്ന പുൽമേടുകളാണ്.” ഡയാറ്റങ്ങളുടെ ഭക്ഷണമൂല്യത്തിന്റെ വലിയൊരു ഭാഗം അവ ഉത്പാദിപ്പിക്കുന്ന എണ്ണയിലാണ്. അത് അവയുടെ ഹരിതകത്തിന് വെയിൽ കായാൻ കഴിയത്തക്കവിധം ഉപരിതലത്തിനു സമീപം പൊന്തിക്കിടന്നുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും ചലിക്കുന്നതിനും അവയെ സഹായിക്കുന്നു.
8. സങ്കീർണമായ ഏത് ആകൃതികളാലാണ് ഡയാറ്റങ്ങൾ അവയെത്തന്നെ ആവരണംചെയ്യുന്നത്?
8 “വൃത്തങ്ങളുടെയും സമചതുരങ്ങളുടെയും പരിചകളുടെയും ത്രികോണങ്ങളുടെയും അണ്ഡങ്ങളുടെയും ദീർഘചതുരങ്ങളുടെയും ആകൃതികളിൽ കാണപ്പെടുന്ന” അവയുടെ മനോജ്ഞമായ സ്ഫടികച്ചെപ്പ് ആവരണങ്ങളുടെ “വൈവിധ്യം അമ്പരപ്പിക്കുന്നതാണ്. അവ എല്ലായ്പോഴും ജ്യാമിതീയ കൊത്തുപണികൾക്കൊണ്ട് സുന്ദരമായി അലങ്കരിക്കപ്പെട്ടിരിക്കും. അവ തനി സ്ഫടികം കൊണ്ടുള്ള കമ്പികളാൽ തീർത്ത അലങ്കാരപ്പണികളാണ്. ആ കമ്പികൾക്കിടയിൽ മനുഷ്യന്റെ ഒരു തലമുടി ചേർത്തുവെക്കാൻ കഴിയണമെങ്കിൽ അതിനെ നെടുകെ നാനൂറായി കീറേണ്ടിവരും. അത്രമാത്രം സൂക്ഷ്മവൈദഗ്ധ്യത്തോടെയാണ് അവ നിർമിക്കപ്പെട്ടിരിക്കുന്നത്” എന്ന് ഈ ശാസ്ത്രജ്ഞൻ തന്നെ നമ്മോടു പറയുന്നു.7
9. റേഡിയോലേറിയനുകൾ നിർമിക്കുന്ന ചില വീടുകൾ എത്ര സങ്കീർണങ്ങളാണ്?
9 റേഡിയോലേറിയനുകൾ എന്നു വിളിക്കപ്പെടുന്ന സമുദ്രജന്തുക്കളുടെ ഒരു വിഭാഗം സ്ഫടികം ഉണ്ടാക്കിയിട്ട് അതുപയോഗിച്ച് “മധ്യത്തിൽ ഒരു പളുങ്കു ഗോളവും അതിൽനിന്നു പ്രസരിക്കുന്ന നീണ്ടു നേർത്തു സുതാര്യമായ ചെറു കിരണങ്ങളുമുള്ള സ്ഫടിക സൂര്യബിംബങ്ങൾ” നിർമിക്കുന്നു. അല്ലെങ്കിൽ “സ്ഫടികംകൊണ്ടുള്ള താങ്ങുകൾ ഷഡ്ഭുജാകൃതിയിൽ നിർമിച്ചിട്ട് അവയുപയോഗിച്ച്, നേർത്ത ബഹുഭുജങ്ങളായി ഭാഗിച്ച ലളിതമായ താഴികക്കുടങ്ങൾ ഉണ്ടാക്കുന്നു.” ഒരു പ്രത്യേക അതിസൂക്ഷ്മ നിർമാതാവിനെക്കുറിച്ച് ഇങ്ങനെ പറയപ്പെടുന്നു: “ഈ അതിസമർഥനായ ശിൽപ്പി നേർത്ത ബഹുഭുജങ്ങളായി ഭാഗിച്ച ഒരു താഴികക്കുടം കൊണ്ട് തൃപ്തനല്ല; അതിന് ഒന്നിന്റെയുള്ളിൽ മറ്റൊന്നായി വെച്ചിരിക്കുന്ന, റേന്ത സമാന കൊത്തുപണിയുള്ള മൂന്നു സ്ഫടിക താഴികക്കുടങ്ങൾ തന്നെ വേണം.”8 രൂപകൽപ്പനയിലെ ഈ അത്ഭുതങ്ങളെ വർണിക്കാൻ വാക്കുകൾക്ക് ആവില്ല—അതിന് ചിത്രങ്ങൾ തന്നെ വേണം.
10, 11. (എ) സ്പോഞ്ജുകൾ എന്താണ്, ഒരു സ്പോഞ്ജ് പൂർണമായി ശിഥിലമാകുമ്പോൾ ഒറ്റയായ കോശങ്ങൾക്ക് എന്തു സംഭവിക്കുന്നു? (ബി) സ്പോഞ്ജ് അസ്ഥികൂടങ്ങളെക്കുറിച്ചുള്ള ഏതു ചോദ്യമാണ് പരിണാമവാദികൾ ഉത്തരംകിട്ടാത്തതായി കണ്ടെത്തുന്നത്, എന്നാൽ നമുക്ക് എന്തറിയാം?
10 സ്പോഞ്ജുകളിൽ ദശലക്ഷക്കണക്കിനു കോശങ്ങളുണ്ട്. എന്നാൽ അവ ഒരുപാട് ഇനങ്ങളില്ല. ഒരു കോളെജ് പാഠപുസ്തകം ഇങ്ങനെ വിശദീകരിക്കുന്നു: “കോശങ്ങൾ കലകളോ അവയവങ്ങളോ ആയി സംഘടിപ്പിക്കപ്പെട്ടിട്ടില്ലെങ്കിലും അവ തമ്മിൽ ഒരു തരം ധാരണയുണ്ട്. അത് അവയെ ഒരുമിച്ചു നിറുത്തുകയും സംഘടിപ്പിക്കുകയും ചെയ്യുന്നു.”9 ഒരു സ്പോഞ്ജിനെ ഒരു തുണിയിലിട്ടു പിഴിഞ്ഞ് ദശലക്ഷക്കണക്കിനു കോശങ്ങളായി വേർതിരിച്ചാലും ആ കോശങ്ങൾ ഒന്നിച്ചു ചേരുകയും വീണ്ടും സ്പോഞ്ജായി രൂപംകൊള്ളുകയും ചെയ്യും. സ്പോഞ്ജുകൾ വളരെ സുന്ദരമായ സ്ഫടിക അസ്ഥികൂടങ്ങൾ നിർമിക്കുന്നു. ഏറ്റവും വിസ്മയാവഹമായ ഒന്ന് വീനസിന്റെ പൂപ്പാത്രമാണ്.
11 അതിനെക്കുറിച്ച് ഒരു ശാസ്ത്രജ്ഞൻ ഇങ്ങനെ പറയുന്നു: “[വീനസിന്റെ പൂപ്പാത്രം] പോലുള്ള, സിലിക്കാ മുള്ളുകൾക്കൊണ്ടു നിർമിതമായ സങ്കീർണമായ ഒരു സ്പോഞ്ജ് അസ്ഥികൂടത്തിലേക്കു കണ്ണോടിക്കുമ്പോൾ അത്ഭുതത്താൽ നാം പകച്ചുപോകുന്നു. ഭാഗികമായി മാത്രം സ്വതന്ത്രമായ അതിസൂക്ഷ്മ കോശങ്ങൾക്ക്, കൂട്ടുചേർന്ന് ദശലക്ഷം സ്ഫടിക ചീളുകൾ സ്രവിക്കാനും സങ്കീർണവും മനോജ്ഞവുമായ ഇത്തരം ഒരു ജാലകപ്പണിക്കു രൂപം നൽകാനും എങ്ങനെ കഴിയും? നമുക്ക് അറിഞ്ഞുകൂടാ.”10 എന്നാൽ ഒരു കാര്യം നമുക്കറിയാം: ഇതിന്റെ രൂപസംവിധാനത്തിനു പിന്നിൽ യാദൃച്ഛികത ആയിരിക്കാൻ ഒരു സാധ്യതയുമില്ല.
പങ്കാളിത്തം
12. എന്താണു സഹജീവനം, ചില ഉദാഹരണങ്ങളേവ?
12 രണ്ടു ജീവികൾ ഒരുമിച്ചു ജീവിക്കാൻ രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നതിന്റെ പല ഉദാഹരണങ്ങൾ പ്രകൃതിയിൽ കാണാൻ കഴിയും. ഇത്തരം പങ്കാളിത്തത്തിന് സഹജീവനം (ഒരുമിച്ചു ജീവിക്കൽ) എന്നു പറയുന്നു. പുനരുത്പാദനം നടത്താൻ ചില അത്തികൾക്കും കടന്നലുകൾക്കും പരസ്പരസഹായം ആവശ്യമാണ്. ചിതലുകൾ തടി തിന്നുന്നു, എന്നാൽ അതു ദഹിപ്പിക്കാൻ അവയെ സഹായിക്കുന്നത് അവയുടെ ശരീരത്തിലെ പ്രോട്ടോസോവ ആണ്. സമാനമായി, കന്നുകാലികൾ, ആടുകൾ, ഒട്ടകങ്ങൾ എന്നിവയ്ക്ക് അവയുടെയുള്ളിൽ കഴിയുന്ന ബാക്ടീരിയയുടെയും പ്രോട്ടോസോവയുടെയും സഹായം കൂടാതെ പുല്ലിലുള്ള സെല്ലുലോസ് ദഹിപ്പിക്കാൻ കഴിയില്ല. ഒരു റിപ്പോർട്ട് ഇങ്ങനെ പറയുന്നു: “ആ ദഹനം നടക്കുന്ന, പശുവിന്റെ ആമാശയത്തിലെ ഭാഗം ഏതാണ്ട് 95 ലിറ്റർ ഉൾക്കൊള്ളുന്നു—ഓരോ തുള്ളിയിലും 1,000 കോടി സൂക്ഷ്മാണുജീവികളുണ്ട്.”11 ആൽഗകളും ഫംഗസുകളും ഒരുമിച്ചുചേർന്ന് ലൈക്കനുകളായിത്തീരുന്നു. അപ്പോൾ മാത്രമേ അവയ്ക്ക് ഉപരിതലത്തിൽ ഒന്നുമില്ലാത്ത പാറകളിൽ വളരാനും അവയെ മണ്ണാക്കി മാറ്റാനും കഴിയൂ.
13. കടിക്കുന്ന ഉറുമ്പുകളുടെയും അക്കേഷ്യാ മരങ്ങളുടെയും പങ്കാളിത്തം ഏതു ചോദ്യങ്ങൾ ഉയർന്നുവരുന്നതിന് ഇടയാക്കുന്നു?
13 കടിക്കുന്ന ഉറുമ്പുകൾ അക്കേഷ്യാ മരങ്ങളുടെ പൊള്ളയായ മുള്ളുകൾക്കുള്ളിൽ പാർക്കുന്നു. അവ ഇലതീനികളായ പ്രാണികളെ മരത്തിൽനിന്ന് അകറ്റിനിർത്തുകയും മരത്തിൽ കയറിക്കൂടാൻ ശ്രമിക്കുന്ന വള്ളികൾ മുറിച്ചു നശിപ്പിക്കുകയും ചെയ്യുന്നു. അതിനു പകരമായി, മരം ഉറുമ്പുകൾക്കു പ്രിയങ്കരമായ ഒരു പഞ്ചസാര ദ്രാവകം സ്രവിപ്പിക്കുന്നു. കൂടാതെ അത് ഉറുമ്പുകൾക്കു ഭക്ഷിക്കുന്നതിന് ചെറിയ കപട ഫലവും ഉത്പാദിപ്പിക്കുന്നു. ഉറുമ്പ് ആദ്യം മരത്തെ സംരക്ഷിക്കുകയും അതിനുള്ള പ്രതിഫലമായി മരം അതിനു ഫലം നൽകുകയും ചെയ്തതാണോ? അതോ മരം ഉറുമ്പിനുവേണ്ടി ഫലം ഉത്പാദിപ്പിച്ചതിനുള്ള നന്ദി പ്രകടനമായി ഉറുമ്പ് അതിനു സംരക്ഷണം നൽകിയതാണോ? അതോ അതെല്ലാം ഒരുമിച്ചു സംഭവിച്ച യാദൃച്ഛിക സംഭവങ്ങളായിരുന്നോ?
14. പ്രാണികളെ പരാഗണത്തിനായി ആകർഷിക്കുന്നതിന് പുഷ്പങ്ങൾ എന്തു പ്രത്യേക കരുതലുകളും സംവിധാനങ്ങളുമാണ് ഉപയോഗിക്കുന്നത്?
14 പ്രാണികളും പുഷ്പങ്ങളും തമ്മിലുള്ള അത്തരം സഹകരണത്തിന്റെ അനേകം ഉദാഹരണങ്ങളുണ്ട്. പ്രാണികൾ പുഷ്പങ്ങളിൽ പരാഗണം നടത്തുന്നു. അതിനു പകരം പുഷ്പങ്ങൾ പ്രാണികൾക്കു പൂമ്പൊടിയും പൂന്തേനും നൽകുന്നു. ചില പുഷ്പങ്ങൾ രണ്ടിനം പൂമ്പൊടി ഉത്പാദിപ്പിക്കുന്നു. ഒന്ന് ബീജസങ്കലനം നടത്തുമ്പോൾ പുനരുത്പാദന ശേഷിയില്ലാത്ത മറ്റേത് സന്ദർശകരായ പ്രാണികൾക്കു ഭക്ഷണമായി ഉതകുന്നു. പല പുഷ്പങ്ങൾക്കും പൂന്തേനിലേക്കു പ്രാണികളെ വഴികാട്ടാൻ പ്രത്യേക അടയാളങ്ങളും ഗന്ധങ്ങളുമുണ്ട്. അങ്ങോട്ടു പോകുംവഴി പ്രാണികൾ പുഷ്പങ്ങളിൽ പരാഗണം നടത്തുന്നു. ചില പുഷ്പങ്ങൾക്ക് കാഞ്ചി സംവിധാനങ്ങളുണ്ട്. പ്രാണികൾ കാഞ്ചിയിൽ തൊടുമ്പോൾ പരാഗമടങ്ങിയ പരാഗികൾ അവയിൽ വന്നു പതിക്കുന്നു.
15. ഡച്ച്മാൻസ് പൈപ്പ് പരപരാഗണം ഉറപ്പുവരുത്തുന്നത് എങ്ങനെ, ഇത് ഏതെല്ലാം ചോദ്യങ്ങൾ ഉയർത്തുന്നു?
15 ഉദാഹരണത്തിന്, ഡച്ച്മാൻസ് പൈപ്പിന് സ്വയം പരാഗണം നടത്താൻ സാധിക്കുകയില്ല, പ്രാണികൾ മറ്റൊരു പുഷ്പത്തിൽനിന്നു പരാഗം കൊണ്ടുവരേണ്ട ആവശ്യമുണ്ട്. ഈ ചെടിക്ക് അതിന്റെ പുഷ്പത്തെ പൊതിഞ്ഞ് കുഴലിന്റെ ആകൃതിയിലുള്ള ഒരു ഇലയുണ്ട്. ഈ ഇല മെഴുകുകൊണ്ട് ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. പ്രാണികൾ പുഷ്പ ഗന്ധത്താൽ ആകർഷിക്കപ്പെട്ട് ഇലയിൽ വന്നിരിക്കുമ്പോൾ അവ വഴുവഴുപ്പുള്ളതും ചെരിഞ്ഞതുമായ പ്രതലത്തിലൂടെ താഴെയുള്ള ഒരു അറയിലേക്കു പൊടുന്നനെ വഴുതി വീഴുന്നു. അവിടെ ഋതുവായ പരാഗണസ്ഥലങ്ങൾ പ്രാണികൾ കൊണ്ടുവന്ന പരാഗം ഏറ്റുവാങ്ങുന്നു, അങ്ങനെ പരാഗണം നടക്കുന്നു. എന്നാൽ ലോമങ്ങളും മെഴുകിട്ട ചെരിഞ്ഞ പ്രതലങ്ങളും പ്രാണികളെ മൂന്നു ദിവസം കൂടെ അവിടെ തളച്ചിടുന്നു. അതിനുശേഷം ആ പുഷ്പത്തിന്റെതന്നെ പരാഗം പാകമായി പ്രാണികളിൽ വീഴുന്നു. അപ്പോൾ മാത്രമേ ലോമങ്ങൾ വാടുകയും മെഴുകിട്ട ചെരിഞ്ഞ പ്രതലം നിവർന്ന് നിരപ്പാകുകയും ചെയ്യുകയുള്ളൂ. പ്രാണികൾ പുറത്തുകടക്കുകയും പരാഗത്തിന്റെ പുതിയ ശേഖരവുമായി മറ്റൊരു ഡച്ച്മാൻസ് പൈപ്പിൽ പരാഗണം നടത്താനായി പറന്നുപോകുകയും ചെയ്യുന്നു. പ്രാണികൾക്ക് അവയുടെ സന്ദർശനം മൂന്നു ദിവസം നീളുന്നതിൽ പ്രശ്നമൊന്നും തോന്നുന്നില്ല, കാരണം പുഷ്പങ്ങൾ അവിടെ അവയ്ക്കായി ഒരു പൂന്തേൻ സദ്യ ഒരുക്കിവെച്ചിട്ടുണ്ട്. ഇതെല്ലാം യാദൃച്ഛികമായി സംഭവിച്ചതാണോ? അതോ ബുദ്ധിപൂർവകമായ രൂപകൽപ്പന ആയിരിക്കുമോ ഇതിനു പിന്നിൽ?
16. ചില ഒഫ്രിസ് ഓർക്കിഡുകളും ബക്കറ്റ് ഓർക്കിഡും അവയെത്തന്നെ പരാഗണത്തിനു വിധേയമാക്കുന്നത് എങ്ങനെ?
16 ചിലയിനം ഒഫ്രിസ് ഓർക്കിഡുകളുടെ ഇതളുകളിൽ, കണ്ണുകളും സ്പർശിനികളും ചിറകുകളുമെല്ലാമുള്ള ഒരു പെൺ കടന്നലിന്റെ ചിത്രമുണ്ട്. ഇണചേരുന്ന അവസ്ഥയിൽ പെൺ കടന്നലിനുള്ള ഗന്ധംപോലും അതു പുറപ്പെടുവിക്കുന്നു! ഇണചേരാനായി വന്നെത്തുന്ന ആൺ കടന്നലിന് പുഷ്പത്തിൽ പരാഗണം നടത്തി തിരിച്ചു പോകാനേ സാധിക്കുന്നുള്ളൂ. മറ്റൊരു ഇനമായ ബക്കറ്റ് ഓർക്കിഡിന് പുളിച്ച പൂന്തേനാണുള്ളത്. അതു കുടിക്കുന്ന തേനീച്ചയുടെ കാലിടറുകയും ഒരു ബക്കറ്റിലിരിക്കുന്ന ദ്രാവകത്തിലേക്ക് അതു വഴുതി വീഴുകയും ചെയ്യുന്നു. പുറത്തുകടക്കാനുള്ള ഏക മാർഗം തേനീച്ചയുടെ പുറത്ത് പരാഗം തൂകുന്ന ഒരു ദണ്ഡിനടിയിലൂടെ ഏന്തിവലിഞ്ഞുകയറുന്നതാണ്.
പ്രകൃതിയുടെ “ഫാക്ടറികൾ”
17. സസ്യങ്ങൾക്കു പോഷകം പ്രദാനംചെയ്യുന്നതിൽ ഇലകളും വേരുകളും ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നത് എങ്ങനെ?
17 സസ്യങ്ങളുടെ പച്ചിലകൾ നേരിട്ടോ പരോക്ഷമായോ മുഴു ലോകത്തെയും തീറ്റിപ്പോറ്റുന്നു. എന്നാൽ അവയ്ക്ക് ചെറുവേരുകളുടെ സഹായമില്ലാതെ പ്രവർത്തിക്കാൻ കഴിയുകയില്ല. ദശലക്ഷക്കണക്കിനു ചെറുവേരുകൾ—ഓരോ വേരിന്റെയും അഗ്രത്തിൽ എണ്ണയിട്ടു മയപ്പെടുത്തിയ ഓരോ സംരക്ഷക തൊപ്പിയുണ്ട്—മണ്ണിലൂടെ വളർന്നിറങ്ങുന്നു. എണ്ണമയമുള്ള തൊപ്പിയുടെ പിറകിലുള്ള മൂലലോമങ്ങൾ ജലവും ധാതുക്കളും ആഗിരണംചെയ്യുന്നു. അവ തടിവെള്ളയിലെ സൂക്ഷ്മ നാളികളിലൂടെ മുകളിലേക്കു സഞ്ചരിച്ച് ഇലകളിലെത്തുന്നു. ഇലകൾ പഞ്ചസാരകളും അമിനോ അമ്ലങ്ങളും നിർമിക്കുകയും ഈ പോഷകങ്ങളെ വൃക്ഷത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വേരുകളിലേക്കും അയയ്ക്കുകയും ചെയ്യുന്നു.
18. (എ) ജലം വേരുകളിൽനിന്ന് ഇലകളിലെത്തുന്നതെങ്ങനെ, ഈ സംവിധാനം, ആവശ്യത്തിലേറെ കാര്യക്ഷമമാണെന്ന് എന്തു കാണിക്കുന്നു? (ബി) എന്താണു സസ്യസ്വേദനം, അതു ജലപരിവൃത്തിക്കു സംഭാവന ചെയ്യുന്നതെങ്ങനെ?
18 വൃക്ഷങ്ങളുടെയും ചെടികളുടെയും പര്യയനവ്യവസ്ഥയുടെ ചില സവിശേഷതകളെ അനേകം ശാസ്ത്രജ്ഞന്മാരും അത്ഭുതമായിത്തന്നെ വീക്ഷിക്കുന്നു. അവ അത്രയ്ക്ക് വിസ്മയാവഹമാണ്. ഒന്നാമതായി, ജലം നിലത്തുനിന്ന് ഇരുന്നൂറോ മുന്നൂറോ അടി ഉയരത്തിലേക്കു പമ്പു ചെയ്യപ്പെടുന്നതെങ്ങനെയാണ്? മൂലമർദമാണ് ഈ പ്രവർത്തനത്തിന് തുടക്കമിടുന്നത്. എന്നാൽ തായ്ത്തടിയിൽവെച്ച് മറ്റൊരു സംവിധാനം പ്രവർത്തനം ഏറ്റെടുക്കുന്നു. ജലതന്മാത്രകൾ സംസക്തി (cohesion) നിമിത്തം ഒരുമിച്ചു നിറുത്തപ്പെടുന്നു. ഈ സംസക്തിയാൽ, ജലം ഇലകളിൽ നിന്നു ബാഷ്പീകരിക്കപ്പെടുന്നതനുസരിച്ച് കൊച്ചു ജലയൂപങ്ങൾ ചരടുകൾ പോലെ—വേരുകൾ മുതൽ ഇലകൾ വരെ എത്തുന്ന ഈ ചരടുകൾ മണിക്കൂറിൽ 60 മീറ്റർ വരെ നീങ്ങുന്നു—മുകളിലേക്കു വലിക്കപ്പെടുന്നു. ഈ സംവിധാനത്തിന് ഒരു വൃക്ഷത്തിനുള്ളിൽ ജലം ഏതാണ്ട് മൂന്നു കിലോമീറ്റർ ഉയരത്തിൽ എത്തിക്കാൻ കഴിയുന്നതായി പറയപ്പെടുന്നു! അധികമുള്ള ജലം ഇലകളിൽനിന്നു ബാഷ്പീകരിക്കപ്പെടുമ്പോൾ (സസ്യസ്വേദനം എന്നു വിളിക്കപ്പെടുന്നു) ശതകോടിക്കണക്കിനു ടൺ വെള്ളമാണ് ഒരിക്കൽക്കൂടി മഴയായി പെയ്യാൻ തക്കവണ്ണം വായുവിൽ തിരികെയെത്തുന്നത്—പിഴവറ്റ വിധത്തിൽ രൂപകൽപ്പന ചെയ്യപ്പെട്ട ഒരു സംവിധാനം!
19. ചില വേരുകളുടെയും പ്രത്യേക ബാക്ടീരിയയുടെയും പങ്കാളിത്തം ജീവത്പ്രധാനമായ എന്തു സേവനമാണു നിർവഹിക്കുന്നത്?
19 എന്നാൽ ഇതുകൊണ്ടും തീരുന്നില്ല. ജീവത്പ്രധാനമായ അമിനോ അമ്ലങ്ങൾ നിർമിക്കുന്നതിന് ഇലകൾക്കു മണ്ണിൽനിന്നുള്ള നൈട്രേറ്റുകൾ അല്ലെങ്കിൽ നൈട്രൈറ്റുകൾ ആവശ്യമാണ്. ഇതിൽ കുറെ മിന്നലിലൂടെയും ചില സ്വതന്ത്ര ബാക്ടീരിയകൾ വഴിയും മണ്ണിൽ നിക്ഷേപിക്കപ്പെടുന്നു. പയറുവർഗസസ്യങ്ങളും—പട്ടാണിപ്പയർ, ക്ലോവർ, ബീൻസ്, അൽഫാൽഫ തുടങ്ങിയ ചെടികൾ—നൈട്രജൻ സംയുക്തങ്ങൾ മതിയായ അളവിൽ ഉത്പാദിപ്പിക്കുന്നു. ചില ബാക്ടീരിയകൾ അവയുടെ വേരുകളിൽ പ്രവേശിക്കുന്നു, വേരുകൾ ബാക്ടീരിയകൾക്കു കാർബോഹൈഡ്രേറ്റുകൾ പ്രദാനംചെയ്യുന്നു. ബാക്ടീരിയകൾ മണ്ണിൽനിന്നുള്ള നൈട്രജനെ ഉപയോഗപ്രദമായ നൈട്രേറ്റുകളും നൈട്രൈറ്റുകളും ആക്കി മാറ്റുന്നു അല്ലെങ്കിൽ യൗഗികീകരണം നടത്തുന്നു, അങ്ങനെ വർഷംതോറും ഓരോ ഏക്കറിലും ഏതാണ്ട് 90 കിലോഗ്രാം നൈട്രജൻ സംയുക്തങ്ങൾ ഉത്പാദിപ്പിക്കപ്പെടുന്നു.
20. (എ) പ്രകാശസംശ്ലേഷണം എന്താണു ചെയ്യുന്നത്, അത് എവിടെവെച്ചാണു നടക്കുന്നത്, ഈ പ്രക്രിയയെക്കുറിച്ചു മനസ്സിലാക്കുന്നത് ആർ? (ബി) ഒരു ജീവശാസ്ത്രജ്ഞൻ അതിനെ എങ്ങനെയാണു വീക്ഷിക്കുന്നത്? (സി) ഹരിത സസ്യങ്ങളെ എന്തു വിളിക്കാവുന്നതാണ്, അവ മികച്ചുനിൽക്കുന്നത് എങ്ങനെ, ഏതു ചോദ്യങ്ങൾ ഉചിതമാണ്?
20 ഇനിയുമുണ്ട്. പച്ചിലകൾ സൂര്യനിൽനിന്ന് ഊർജവും വായുവിൽനിന്ന് കാർബൺ ഡൈ ഓക്സൈഡും സസ്യത്തിന്റെ വേരുകളിൽനിന്നു ജലവും സ്വീകരിച്ച് പഞ്ചസാര നിർമിക്കുകയും ഓക്സിജൻ പുറത്തുവിടുകയും ചെയ്യുന്നു. ഈ പ്രക്രിയ പ്രകാശസംശ്ലേഷണം എന്നു വിളിക്കപ്പെടുന്നു. അത് ഹരിതകണങ്ങൾ—ഈ വാചകത്തിന്റെ ഒടുവിലുള്ള പൂർണവിരാമ ചിഹ്നത്തിൽ 4,00,000 എണ്ണം ഉൾക്കൊള്ളിക്കാൻ കഴിയത്തക്കവിധം അത്രത്തോളം ചെറുതാണ് അവ—എന്നു വിളിക്കപ്പെടുന്ന കോശശരീരങ്ങളിൽ വെച്ചാണു നടക്കുന്നത്. ശാസ്ത്രജ്ഞന്മാർക്ക് ഈ പ്രക്രിയ പൂർണമായി മനസ്സിലാകുന്നില്ല. “പ്രകാശസംശ്ലേഷണത്തിൽ ഏതാണ്ട് എഴുപതു വ്യത്യസ്ത രാസപ്രവർത്തനങ്ങൾ ഉൾപ്പെടുന്നു. അതു വാസ്തവത്തിൽ അത്ഭുതകരമായ ഒരു പ്രക്രിയ ആണ്” എന്ന് ഒരു ജീവശാസ്ത്രജ്ഞൻ പറഞ്ഞു.12 ഹരിത സസ്യങ്ങളെ പ്രകൃതിയുടെ “ഫാക്ടറികൾ” —സുന്ദരവും ശാന്തവും മലിനീകരണവിമുക്തവും ഓക്സിജൻ ഉത്പാദിപ്പിക്കുന്നവയും ജല പുനഃപരിവൃത്തി നടത്തുന്നവയും ലോകത്തെ തീറ്റിപ്പോറ്റുന്നവയും—എന്നു വിളിച്ചിരിക്കുന്നു. അവ കേവലം യാദൃച്ഛികമായി ഉണ്ടായവ ആയിരിക്കുമോ? അതു യഥാർഥത്തിൽ വിശ്വസനീയമാണോ?
21, 22. (എ) പ്രകൃതിയിലെ ബുദ്ധിശക്തിയെ സാക്ഷ്യപ്പെടുത്തിക്കൊണ്ട് പ്രശസ്തരായ രണ്ടു ശാസ്ത്രജ്ഞന്മാർ എന്താണു പറഞ്ഞത്? (ബി) ബൈബിൾ ഈ വിഷയം സംബന്ധിച്ചു ന്യായവാദം ചെയ്യുന്നതെങ്ങനെ?
21 വിശ്വപ്രശസ്തരായ ശാസ്ത്രജ്ഞന്മാരിൽ ചിലർ അതു വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ളതായി കണ്ടെത്തിയിരിക്കുന്നു. അവർ പ്രകൃതിയിൽ ബുദ്ധിശക്തി കാണുന്നു. നോബൽസമ്മാനജേതാവായ റോബർട്ട് എ. മിലികൻ എന്ന ഭൗതികശാസ്ത്രജ്ഞൻ ഒരു പരിണാമവിശ്വാസിയാണെങ്കിലും അമേരിക്കൻ ഫിസിക്കൽ സൊസൈറ്റിയുടെ ഒരു യോഗത്തിൽ ഇങ്ങനെ പറഞ്ഞു: “നമ്മുടെ ഭാവി കരുപ്പിടിപ്പിക്കുന്ന ഒരു ദൈവമുണ്ട് . . . തീർത്തും ഭൗതികത്വപരമായ തത്ത്വചിന്ത എന്നെ സംബന്ധിച്ചിടത്തോളം ബുദ്ധിശൂന്യതയുടെ പാരമ്യമാണ്. എല്ലാ യുഗങ്ങളിലെയും ജ്ഞാനികളായ ആളുകൾക്ക് കുറഞ്ഞപക്ഷം ഭക്ത്യാദരവ് ഉണ്ടാകാൻ മതിയായ തെളിവുകൾ എങ്കിലും എല്ലായ്പോഴും ലഭിച്ചിട്ടുണ്ട്.” ‘പ്രകൃതിയിൽ പ്രകടമായിരിക്കുന്ന ബുദ്ധിശക്തിയുടെ ഒരു അതിസൂക്ഷ്മ ഭാഗമെങ്കിലും മനസ്സിലാക്കാൻ എളിയവനായ ഞാൻ ശ്രമിച്ചു’ എന്നു പറഞ്ഞ ആൽബർട്ട് ഐൻസ്റ്റൈന്റെ ശ്രദ്ധാർഹമായ വാക്കുകൾ അദ്ദേഹം തന്റെ ഭാഷണത്തിൽ ഉദ്ധരിച്ചു.13
22 നമുക്കു ചുറ്റുമുള്ള അനന്തമായ വൈവിധ്യത്തിലും വിസ്മയാവഹമായ സങ്കീർണതയിലും രൂപകൽപ്പനയുടെ തെളിവുകൾ പ്രകടമാണ്. ഈ രൂപകൽപ്പന ശ്രേഷ്ഠമായ ബുദ്ധിശക്തിയിലേക്കു വിരൽ ചൂണ്ടുന്നു. “അവന്റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടിമുതൽ അവന്റെ പ്രവൃത്തികളാൽ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു; അവർക്കു പ്രതിവാദമില്ലാതിരിക്കേണ്ടതിന്നു [“ഒഴികഴിവില്ലാതിരിക്കേണ്ടതിനു,” NW] തന്നേ” എന്നു പറഞ്ഞുകൊണ്ട് ബൈബിളും രൂപകൽപ്പനയ്ക്കുള്ള ബഹുമതി ഒരു സ്രഷ്ടാവിനു കൊടുക്കുന്നു.—റോമർ 1:20.
23. സങ്കീർത്തനക്കാരൻ ഏത് യുക്തിസഹമായ നിഗമനത്തിലാണ് എത്തിച്ചേരുന്നത്?
23 നമുക്കു ചുറ്റുമുള്ള ജീവജാലങ്ങളിൽ രൂപകൽപ്പനയുടെ ഇത്രയധികം തെളിവുകൾ ഉള്ളപ്പോൾ അതിനു പിന്നിൽ മാർഗനിർദേശംകൂടാതെയുള്ള യാദൃച്ഛികതയാണെന്നു പറയുന്നതിന് യാതൊരു “ഒഴികഴിവും” ഇല്ലാത്തതായി തോന്നുന്നു. അതുകൊണ്ട്, ബുദ്ധിശക്തിയുള്ള ഒരു സ്രഷ്ടാവിന് ബഹുമതി കൊടുക്കുക എന്നത് സങ്കീർത്തനക്കാരനെ സംബന്ധിച്ചിടത്തോളം തികച്ചും ന്യായയുക്തമായിരുന്നു: “യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര പെരുകിയിരിക്കുന്നു! ജ്ഞാനത്തോടെ നീ അവയെ ഒക്കെയും ഉണ്ടാക്കിയിരിക്കുന്നു; ഭൂമി നിന്റെ സൃഷ്ടികളാൽ നിറെഞ്ഞിരിക്കുന്നു. വലിപ്പവും വിസ്താരവും ഉള്ള സമുദ്രം അതാ കിടക്കുന്നു! അതിൽ സഞ്ചരിക്കുന്ന ചെറിയതും വലിയതുമായ അസംഖ്യം ജന്തുക്കൾ ഉണ്ടു.”—സങ്കീർത്തനം 104:24, 25.
[അധ്യയന ചോദ്യങ്ങൾ]
[151-ാം പേജിലെ ആകർഷകവാക്യം]
“പ്രകാശസംശ്ലേഷണത്തിൽ . . . എഴുപതു വ്യത്യസ്ത രാസപ്രവർത്തനങ്ങൾ ഉൾപ്പെടുന്നു. അതു വാസ്തവത്തിൽ അത്ഭുതകരമായ ഒരു പ്രക്രിയ ആണ്”
[148, 149 പേജുകളിലെ ചതുരം/ചിത്രങ്ങൾ]
വിത്തുകളുടെ വിസ്മയാവഹമായ രൂപമാതൃകകൾ
പാകമായ വിത്തുകൾ വിതരണത്തിനു തയ്യാറായി!
വിവിധയിനം സസ്യങ്ങൾ വിദഗ്ധ രൂപകൽപ്പനയാൽ സജ്ജമായ തങ്ങളുടെ വിത്തുകളെ അവയുടെ ദൗത്യം നിറവേറ്റാനായി പറഞ്ഞയയ്ക്കുന്നു! ഓർക്കിഡ് വിത്തുകൾ പൊടിപോലെ പാറി നടക്കത്തക്കവിധം വളരെ ഭാരം കുറഞ്ഞവയാണ്. ഡാൻഡിലൈയൻ വിത്തുകൾ പാരച്ചൂട്ടുകളാൽ സജ്ജമാണ്. ചിറകുകളുള്ള മേപ്പിൾ വിത്തുകൾ ചിത്രശലഭങ്ങളെപോലെ തത്തിപ്പറക്കുന്നു. ചില ജലസസ്യങ്ങൾ വായുനിറച്ച പൊങ്ങുകൾക്കൊണ്ട് അവയുടെ വിത്തുകളെ സജ്ജമാക്കുന്നു, അങ്ങനെ അവയ്ക്ക് ജലത്തിലൂടെ ഒഴുകിപ്പോകാൻ സാധിക്കുന്നു.
ചില സസ്യങ്ങളുടെ വിത്തുറകൾ ഉണങ്ങി സ്വയം പൊട്ടിത്തുറന്ന് വിത്തുകൾ ദൂരേക്കു തെറിച്ചുപോകുന്നു. വിച്ച് ഹേസലിന്റെ വഴുവഴുപ്പുള്ള വിത്തുകൾ തിങ്ങിഞെരുങ്ങുകയും കുട്ടികൾ പെരുവിരലും ചൂണ്ടുവിരലും കൊണ്ടു ഞെക്കിത്തെറിപ്പിക്കുന്ന തണ്ണിമത്തങ്ങ വിത്തുകൾ പോലെ ഫലത്തിൽനിന്നു ദൂരേക്കു തെറിച്ചുപോകുകയും ചെയ്യുന്നു. സ്ഫോട വെള്ളരി ജലമർദം ഉപയോഗിക്കുന്നു. അതിന്റെ കായ് വലുതാകുമ്പോൾ തൊലിയുടെ ഉൾഭാഗം കട്ടിയുള്ളതായിത്തീരുന്നു. മധ്യത്തിലുള്ള ദ്രവഭാഗം വർധിച്ച സമ്മർദത്തിലാകുന്നു. വിത്തുകൾ പാകമാകുമ്പോഴേക്കും ഈ മർദം വളരെയധികമായിത്തീരുന്നു. അപ്പോൾ ഒരു കുപ്പിയിൽനിന്നു കോർക്ക് തെറിച്ചുപോകുന്നതുപോലെ ഞെട്ട് തെറിച്ചുപോകുകയും വിത്തുകൾ ദൂരെ തെറിക്കുകയും ചെയ്യുന്നു.
[ചിത്രങ്ങൾ]
ഡാൻഡിലൈയൻ
മേപ്പിൾ
സ്ഫോട വെള്ളരി
വർഷപാതം അളക്കുന്ന വിത്തുകൾ
മരുഭൂമിയിലെ ചില ഏകവർഷികളുടെ വിത്തുകൾ അര ഇഞ്ചോ അതിലധികമോ മഴപെയ്യുന്നതുവരെ പൊട്ടിമുളയ്ക്കുന്നില്ല. കൂടാതെ, വെള്ളം വരുന്ന ദിശ അവ തിരിച്ചറിയുന്നതായും തോന്നുന്നു—മഴപെയ്യുമ്പോൾ അവ മുളയ്ക്കുന്നു, എന്നാൽ വെള്ളം താഴെ നിന്നാണ് വരുന്നതെങ്കിൽ അവ മുളയ്ക്കുകയില്ല. വിത്തുകളുടെ മുളയ്ക്കലിനെ തടയുന്ന ലവണങ്ങൾ മണ്ണിലുണ്ട്. ഈ ലവണങ്ങളെ കലക്കി അരിച്ചുകളയാൻ മുകളിൽനിന്നു വെള്ളം വീഴുകതന്നെ വേണം. വെള്ളം താഴെനിന്നാണ് വരുന്നത് എങ്കിൽ ഇതു സംഭവിക്കുകയില്ല.
ഒരു ചെറിയ മഴപെയ്യുമ്പോൾത്തന്നെ മരുഭൂമിയിലെ ഈ ഏകവർഷികൾ വളരാൻ തുടങ്ങുന്നെങ്കിൽ അവ നശിച്ചുപോകും. പിന്നീടുള്ള വേനലുകളിൽനിന്ന് സസ്യങ്ങളെ സംരക്ഷിക്കാൻ തക്കവണ്ണം മണ്ണിനു വേണ്ടത്ര ഈർപ്പം ലഭിക്കണമെങ്കിൽ ഒരു കനത്ത മഴതന്നെ വേണം. അതുകൊണ്ട് അവ അതിനായി കാത്തിരിക്കുന്നു. യാദൃച്ഛിക സംഭവമോ—അതോ രൂപകൽപ്പനയോ?
ഒരു ചെറിയ പൊതിക്കുള്ളിലെ അതികായൻ
ഭൂമിയിലെ ഏറ്റവും വലിയ ജീവരൂപത്തെ—പടുകൂറ്റൻ സെക്കോയ മരത്തെ—പൊതിഞ്ഞുകെട്ടിയിരിക്കുന്നത് ഭൂമിയിലെ ഏറ്റവും ചെറിയ ഒരു വിത്താണ്. ആ മരം 90 മീറ്ററിലേറെ ഉയരത്തിൽ വളരുന്നു. നിലത്തുനിന്ന് 1.2 മീറ്റർ ഉയരത്തിൽ അതിന്റെ തായ്ത്തടിക്ക് 11 മീറ്റർ വ്യാസം കണ്ടേക്കാം. ആറു മുറികളുള്ള 50 വീടുകൾ പണിയുന്നതിനു മതിയായ തടി ഒരു വൃക്ഷത്തിലുണ്ടായിരുന്നേക്കാം. അറുപതു സെന്റിമീറ്റർ കനമുള്ള മരത്തൊലിക്ക് ടാനിൻ എന്ന പദാർഥം വാസനപകരുന്നു, ഇത് പ്രാണികളെ ആട്ടിയോടിക്കുന്ന ഒരു പദാർഥമാണ്. ഈ മരത്തിന്റെ തൊലി ഏതാണ്ട് ആസ്ബെസ്റ്റോസു പോലെ തീപിടിക്കാത്ത ഒന്നാണ്. ഇതിനു കാരണം സ്പോഞ്ജുപോലുള്ളതും നാരുള്ളതുമായ അതിന്റെ ഘടനയാണ്. ഈ മരത്തിന്റെ വേരുകൾ മൂന്നോ നാലോ ഏക്കർ സ്ഥലത്തു വ്യാപിച്ചുകിടക്കുന്നു. അതിന് 3,000-ത്തിലേറെ വർഷത്തെ ആയുസ്സുണ്ട്.
എങ്കിലും ഒരു സെക്കോയ മരം വർഷിക്കുന്ന ദശലക്ഷക്കണക്കിനു വിത്തുകൾ ചുറ്റും ചെറു ചിറകുകളോടുകൂടിയ ഒരു സൂചിമൊട്ടിനെക്കാൾ വളരെ വലുതല്ല. പ്രൗഢഗംഭീരമായ സെക്കോയ മരത്തിന്റെ കടയ്ക്കൽ നിൽക്കുന്ന ഒരു നിസ്സാര മനുഷ്യന് മേൽപ്പോട്ടു നോക്കി അതിന്റെ അപാര വലുപ്പം കണ്ട് പകച്ചു നിൽക്കാനേ കഴിയൂ. പ്രൗഢിയാർന്ന ഈ അതികായനും അതിനെ പൊതിഞ്ഞുകെട്ടിയിരിക്കുന്ന ചെറിയ വിത്തും രൂപകൽപ്പന ചെയ്യപ്പെട്ടതല്ല എന്നു വിശ്വസിക്കുന്നതു യുക്തിസഹമാണോ?
[150-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
സംഗീത വിദ്വാന്മാർ
പരിഹാസപക്ഷി ഒരു പ്രശസ്ത ഹാസ്യാനുകരണ വിദഗ്ധനാണ്. അവയിൽ ഒന്ന് ഒറ്റ മണിക്കൂറിൽ മറ്റ് 55 പക്ഷികളെ അനുകരിച്ചു. എന്നാൽ ശ്രോതാക്കളെ സ്തബ്ധരാക്കുന്നത് പരിഹാസപക്ഷിയുടെ തനതായ ശ്രുതിമധുര സംഗീതധാരകളാണ്. പ്രാദേശിക അവകാശവാദങ്ങൾ വിളിച്ചറിയിക്കാനാവശ്യമായ ലളിതമായ ഏതാനും സ്വരങ്ങളെക്കാൾ വളരെ മികച്ചതാണ് അവ. ഈ ഇമ്പമധുരമായ ഗാനാലാപനം അവയുടെയും നമ്മുടെയും ഉല്ലാസത്തിനുവേണ്ടി ഉള്ളതായിരിക്കുമോ?
തെക്കേ അമേരിക്കയിലെ പാട്ടുപാടിക്കുരുവികളും ഒട്ടും മോശമല്ല. മറ്റ് ഉഷ്ണമേഖലാ ഇണക്കിളികളെപ്പോലെ ഇണചേർന്ന ജോഡികൾ യുഗ്മഗാനങ്ങൾ ആലപിക്കുന്നു. ഇതിനുള്ള അവയുടെ കഴിവ് അപാരം തന്നെയാണ്. ഒരു പരാമർശഗ്രന്ഥം ഇങ്ങനെ പറയുന്നു: “ആൺപക്ഷിയും പെൺപക്ഷിയും ഒരേ പാട്ടുകൾതന്നെ ഒരുമിച്ചു പാടുകയോ വ്യത്യസ്ത പാട്ടുകളോ ഒരേ പാട്ടിന്റെതന്നെ വ്യത്യസ്ത ഭാഗങ്ങളോ മാറിമാറി പാടുകയോ ചെയ്യുന്നു; മുഴു ഗാനവും ഒരു പക്ഷി പാടിയതുപോലെ തോന്നത്തക്കവിധം അത്രമാത്രം സമയകൃത്യതയോടെയാണ് അവ പാടുന്നത്.”a ഇണചേർന്ന പാട്ടുപാടിക്കുരുവികൾ നടത്തുന്ന മൃദുവായ ഈ സംഗീത സംഭാഷണങ്ങൾ എത്ര രസകരമാണ്! വെറുമൊരു യാദൃച്ഛിക സംഭവമോ?
[142-ാം പേജിലെ ചിത്രങ്ങൾ]
രൂപസംവിധായകൻ ആവശ്യമാണ്
രൂപസംവിധായകൻ ആവശ്യമില്ലേ?
[143-ാം പേജിലെ ചിത്രങ്ങൾ]
അതിസൂക്ഷ്മ സസ്യങ്ങളുടെ സ്ഫടിക അസ്ഥികൂടങ്ങളിലെ രൂപമാതൃകകൾ
ഡയാറ്റങ്ങൾ
[144-ാം പേജിലെ ചിത്രങ്ങൾ]
റേഡിയോലേറിയനുകൾ: അതിസൂക്ഷ്മ ജന്തുക്കളുടെ സ്ഫടിക അസ്ഥികൂടങ്ങളിലെ രൂപമാതൃകകൾ
വീനസിന്റെ പൂപ്പാത്രം
[145-ാം പേജിലെ ചിത്രം]
പല പുഷ്പങ്ങൾക്കും മറഞ്ഞിരിക്കുന്ന പൂന്തേനിലേക്കു പ്രാണികളെ വഴികാട്ടാൻ ചൂണ്ടുപലകകൾ ഉണ്ട്
[146-ാം പേജിലെ ചിത്രങ്ങൾ]
പരാഗണം നിർവഹിക്കപ്പെടാൻ കഴിയത്തക്കവണ്ണം പ്രാണികളെ കെണിയിലാക്കുന്നതിന് ചില പുഷ്പങ്ങൾക്ക് മെഴുകിട്ട ചെരിഞ്ഞ പ്രതലങ്ങൾ ഉണ്ട്
ഈ ഓർക്കിഡിന് പെൺ കടന്നലിനോടു സാദൃശ്യമുള്ളതെന്തുകൊണ്ട്?
[147-ാം പേജിലെ ചിത്രം]
ജലതന്മാത്രകൾ തമ്മിലുള്ള സംസക്തിക്ക് ഒരു വൃക്ഷത്തിനുള്ളിൽ ജലം ഏതാണ്ട് മൂന്നു കിലോമീറ്റർ ഉയരത്തിൽ എത്തിക്കാൻ കഴിയുന്നതായി പറയപ്പെടുന്നു!