സഹജജ്ഞാനം—ജനനത്തിനു മുമ്പു പ്രോഗ്രാം ചെയ്തിരിക്കുന്ന ജ്ഞാനം
അധ്യായം 13
സഹജജ്ഞാനം—ജനനത്തിനു മുമ്പു പ്രോഗ്രാം ചെയ്തിരിക്കുന്ന ജ്ഞാനം
1. സഹജജ്ഞാനത്തെക്കുറിച്ചുള്ള ഡാർവിന്റെ അഭിപ്രായങ്ങൾ എന്തായിരുന്നു?
“സഹജജ്ഞാനത്തിന്റെ അനേകം വശങ്ങൾ വളരെ വിസ്മയാവഹമാണ്. അതുകൊണ്ടുതന്നെ അവയുടെ വികാസം എന്റെ മുഴു സിദ്ധാന്തത്തെയും പൊളിക്കാൻ മതിയായതാണെന്ന് വായനക്കാരനു തോന്നിയേക്കാം” എന്ന് ഡാർവിൻ എഴുതി. സഹജജ്ഞാനം ഉത്തരം മുട്ടിക്കുന്ന ഒരു പ്രശ്നമായി അദ്ദേഹത്തിനു തോന്നി എന്നുള്ളതു സ്പഷ്ടം. കാരണം അദ്ദേഹത്തിന്റെ അടുത്ത വാചകം ഇതായിരുന്നു: “ജീവനെ കുറിച്ച് എന്നപോലെതന്നെ മാനസിക പ്രാപ്തികളുടെ ഉത്ഭവത്തെക്കുറിച്ചും എനിക്ക് ഒന്നും പറയാനില്ല.”1
2. ചില ശാസ്ത്രജ്ഞന്മാർ ഇന്ന് സഹജജ്ഞാനത്തെ വീക്ഷിക്കുന്നതെങ്ങനെ?
2 സഹജജ്ഞാനം വിശദീകരിക്കുന്നതിൽ ഇന്നത്തെ ശാസ്ത്രജ്ഞന്മാർ ഡാർവിനെക്കാൾ ഒട്ടും മെച്ചമല്ല. ഒരു പരിണാമവാദി ഇപ്രകാരം പറയുന്നു: “നിഷ്കൃഷ്ട പെരുമാറ്റ മാതൃകകൾ കൈമാറുന്നതിനു പ്രാപ്തമായിരിക്കുന്നതിന്റെ യാതൊരു സൂചനയും ജനിതക സംവിധാനം പ്രകടിപ്പിക്കുന്നില്ല എന്നതാണു വ്യക്തമായ വസ്തുത. . . . സഹജമായ ഏതൊരു പെരുമാറ്റ മാതൃകയും ഉടലെടുത്തത് എങ്ങനെയെന്നും പാരമ്പര്യത്തിലൂടെ പിന്നീട് സ്ഥിരപ്പെട്ടത് എങ്ങനെയെന്നും ചിന്തിക്കുമ്പോൾ നമുക്ക് ഉത്തരം കിട്ടുന്നില്ല.”2
3, 4. ദേശാടനത്തിന് ഇടയാക്കുന്ന സഹജജ്ഞാനം ഉത്ഭവിച്ച വിധത്തെക്കുറിച്ച് ഒരു പുസ്തകത്തിന് എന്താണു പറയാനുള്ളത്, അതിന്റെ വിശദീകരണം തൃപ്തികരമല്ലാത്തത് എന്തുകൊണ്ട്?
3 ഡാർവിനിൽനിന്നും മറ്റു പരിണാമവാദികളിൽനിന്നും വ്യത്യസ്തമായി, പക്ഷികളെക്കുറിച്ചുള്ള ഒരു പ്രശസ്ത ഗ്രന്ഥം, സഹജജ്ഞാനത്തിന്റെ ഏറ്റവും നിഗൂഢമായ ഒരു വശത്തെ—ദേശാടനത്തിൽ ഉൾപ്പെട്ടിരിക്കുന്ന സഹജജ്ഞാനത്തെ—വിശദീകരിക്കുന്നതിൽ യാതൊരു പ്രയാസവും കാണുന്നില്ല. അത് ഇങ്ങനെ പറയുന്നു: “ആ പ്രക്രിയ പരിണാമപരമായ ഒന്നായിരുന്നു എന്നുള്ളതിനു സംശയമില്ല: ഉഷ്ണ കാലാവസ്ഥകളിൽ മുട്ടവിരിഞ്ഞുണ്ടാകുന്ന പക്ഷികൾ തീറ്റ തേടി ഒരുപക്ഷേ മറ്റുസ്ഥലങ്ങളിലേക്കു പോയിരിക്കാം.”3
4 അത്തരമൊരു ലളിതമായ ഉത്തരത്തിന് അനേകം ദേശാടനപ്പക്ഷികളുടെയും അമ്പരപ്പിക്കുന്ന അഭ്യാസങ്ങളെ വിശദീകരിക്കാനാവുമോ? പരീക്ഷണാർഥമുള്ള അത്തരം ചുറ്റിത്തിരിയലുകളും പഠിച്ചെടുത്ത പെരുമാറ്റരീതികളും ജനിതക രേഖയിൽ ചേർക്കപ്പെടുന്നില്ലെന്നും അതുകൊണ്ട് കുഞ്ഞുങ്ങൾ അവ അവകാശപ്പെടുത്തുന്നില്ലെന്നും ശാസ്ത്രജ്ഞന്മാർക്കറിയാം. ദേശാടനം നൈസർഗികമാണെന്നും “ഗതകാല അനുഭവത്തെ ആശ്രയിച്ചുള്ളതല്ലെ”ന്നും അംഗീകരിക്കപ്പെട്ടിട്ടുണ്ട്.4 ഏതാനും ഉദാഹരണങ്ങൾ പരിചിന്തിക്കുക.
ദേശാടകരുടെ അമ്പരപ്പിക്കുന്ന അഭ്യാസങ്ങൾ
5. ആർട്ടിക് കടൽക്കാക്കകളെ ദീർഘദൂര ചാമ്പ്യന്മാരാക്കുന്നത് ഏതു ദേശാടനങ്ങളാണ്, ഒരു ശാസ്ത്രജ്ഞൻ ഏതു ചോദ്യം ഉന്നയിക്കുന്നു?
5 ആർട്ടിക് കടൽക്കാക്കകൾ ദീർഘദൂര ചാമ്പ്യന്മാരാണ്. ആർട്ടിക് വൃത്തത്തിന്റെ വടക്കു കൂടുകൂട്ടുന്ന അവ വേനൽ അവസാനിക്കുന്നതോടെ ദക്ഷിണധ്രുവത്തിനു സമീപമുള്ള കട്ടിയായ ഹിമത്തിൽ അന്റാർട്ടിക് വേനൽക്കാലം കഴിച്ചുകൂട്ടാനായി തെക്കോട്ടു പറക്കുന്നു. ആർട്ടിക്കിലേക്കു തിരിച്ചുപോകുന്നതിനുമുമ്പ് അവ അന്റാർട്ടിക്ക ഭൂഖണ്ഡം മുഴുവനും ചുറ്റിക്കറങ്ങിയേക്കാം. അങ്ങനെ അവ ഏതാണ്ട് 35,000 കിലോമീറ്റർ വരുന്ന ഒരു വാർഷിക ദേശാടനം പൂർത്തിയാക്കുന്നു. രണ്ടു ധ്രുവമേഖലകളിലും സമൃദ്ധമായ ഭക്ഷ്യശേഖരങ്ങൾ ലഭ്യമാണ്, അതുകൊണ്ട് ഒരു ശാസ്ത്രജ്ഞൻ പിൻവരുന്ന ചോദ്യം ഉന്നയിക്കുന്നു: “ആ ശേഖരങ്ങൾ അങ്ങകലെ ഉള്ള കാര്യം അവ എങ്ങനെ കണ്ടുപിടിച്ചു?”5 പരിണാമത്തിന് ഉത്തരമില്ല.
6, 7. ബ്ലാക്ക്പോൾ വാർബ്ലറിന്റെ ദേശാടനത്തിൽ വളരെ വിചിത്രമായി കാണപ്പെടുന്ന സംഗതികളേവ, അതിന്റെ അഭ്യാസത്തിന്റെ വ്യാപ്തി മനസ്സിലാക്കാൻ ഏതു ചോദ്യങ്ങൾ നമ്മെ സഹായിക്കുന്നു?
6 പരിണാമത്തിന് വിശദീകരിക്കാൻ കഴിയാത്ത മറ്റൊന്നാണ് ബ്ലാക്ക്പോൾ വാർബ്ലറിന്റെ ദേശാടനം. അതിന് 21 ഗ്രാം തൂക്കമേയുള്ളൂ. എങ്കിലും ശരത്കാലത്ത് അത് അലാസ്കയിൽനിന്നു കാനഡയുടെ കിഴക്കൻ തീരത്തേക്കോ ന്യൂ ഇംഗ്ലണ്ടിലേക്കോ യാത്രചെയ്യുന്നു, അവിടെ അത് ആർത്തിയോടെ തീറ്റ കൊത്തിവിഴുങ്ങി കൊഴുപ്പു സംഭരിക്കുകയും ഒരു ശീതക്കാറ്റിന്റെ വരവിനായി കാത്തിരിക്കുകയും ചെയ്യുന്നു. കാറ്റ് എത്തുമ്പോൾ പക്ഷി പറന്നുയരുന്നു. അതിന്റെ അന്തിമ ലക്ഷ്യസ്ഥാനം തെക്കേ അമേരിക്കയാണ്. എന്നാൽ ആദ്യം അത് ആഫ്രിക്കയ്ക്കു പോകുന്നു. അറ്റ്ലാന്റിക്ക് സമുദ്രത്തിനു മുകളിലൂടെ—ഏതാണ്ട് 6,100 മീറ്റർവരെ ഉയരത്തിൽ—പറക്കവെ അത് അവിടെ വീശിക്കൊണ്ടിരിക്കുന്ന ഒരു കാറ്റിനെ വാഹനമാക്കി തെക്കേ അമേരിക്കയിലേക്കു തിരിക്കുന്നു.
7 ശീതക്കാറ്റിന്റെ വരവിനായി കാത്തിരിക്കണമെന്നും അത് നല്ല കാലാവസ്ഥയെ അർഥമാക്കുന്നുവെന്നും തനിക്കു പോകേണ്ടയിടത്തേക്കു തന്നെയാണ് ആ കാറ്റു വീശുന്നതെന്നും വാർബ്ലർ എങ്ങനെ അറിയുന്നു? അധികമധികം ഉയരത്തിലേക്കു പോയി നേർത്തതും തണുത്തതും ഓക്സിജൻ 50 ശതമാനം കുറവായിരിക്കുന്നതുമായ വായു ഉള്ളിടത്തേക്കു ചെല്ലണമെന്ന് അത് എങ്ങനെ അറിയുന്നു? അതിനെ തെക്കേ അമേരിക്കയിലേക്കു വഹിച്ചുകൊണ്ടുപോകുന്ന പ്രതിലോമവാതം വീശുന്നത് അത്രയും ഉയരത്തിൽ മാത്രമാണെന്ന് അത് എങ്ങനെ അറിയുന്നു? ഈ കാറ്റിന്റെ തെക്കുപടിഞ്ഞാറൻ പ്രവാഹത്തിൽ യാത്രചെയ്യാൻ കഴിയത്തക്കവണ്ണം ആഫ്രിക്കയിലേക്കു പറക്കേണ്ടതുണ്ട് എന്നും അത് എങ്ങനെ അറിയുന്നു? ഇതൊന്നും ബ്ലാക്ക്പോൾ മനസ്സറിഞ്ഞു ചെയ്യുന്നതല്ല. പാതയില്ലാ സമുദ്രങ്ങൾക്കു മുകളിലൂടെ മൂന്നോ നാലോ ദിനരാത്രങ്ങൾ പറന്ന് 3,900-ത്തോളം കിലോമീറ്റർ യാത്രചെയ്യുമ്പോൾ സഹജജ്ഞാനം ഒന്നു മാത്രമാണ് അതിനെ നയിക്കുന്നത്.
8. കൂടുതലായ ഏത് ദേശാടന അഭ്യാസങ്ങളെക്കുറിച്ചാണ് ഇവിടെ പരാമർശിച്ചിരിക്കുന്നത്?
8 വെള്ള കൊക്കുകൾ വേനൽക്കാലം കഴിച്ചുകൂട്ടുന്നതു യൂറോപ്പിലാണ്, എന്നാൽ ശൈത്യകാലം ചെലവഴിക്കാനായി അവ 12,800 കിലോമീറ്റർ പറന്ന് ദക്ഷിണാഫ്രിക്കയിലേക്കു പോകുന്നു. മണൽക്കോഴി ആർട്ടിക് തുന്ദ്രയിൽനിന്ന് അർജന്റീനയിലെ പാംപാസ്വരെ യാത്രചെയ്യുന്നു. ചില നീർക്കാടകൾ പാംപാസിന് 1,600 കിലോമീറ്റർ അപ്പുറത്തേക്കു ദേശാടനം ചെയ്ത് തെക്കേ അമേരിക്കയുടെ അറ്റത്തോളം ചെല്ലുന്നു. കുറ്റിത്തൂവൽ തുടയുള്ള വാൾകൊക്കന്മാർ പുറങ്കടലിനു മുകളിലൂടെ 10,000 കിലോമീറ്റർ പറന്ന് അലാസ്കയിൽനിന്നു തഹീതിയിലേക്കും മറ്റു ദ്വീപുകളിലേക്കും യാത്രചെയ്യുന്നു. ഇതുമായുള്ള താരതമ്യത്തിൽ വളരെ ഹ്രസ്വമായ ദൂരമേ പറക്കുന്നുള്ളൂവെങ്കിലും വലുപ്പം പരിഗണിക്കുമ്പോൾ ഇത്രയും തന്നെ അത്ഭുതകരമായ കഴിവുള്ള ഒരു പക്ഷിയാണ് മൂന്നു ഗ്രാം ഭാരമുള്ള മാണിക്യകണ്ഠൻ മൂളിക്കുരുവി (ruby-throated hummingbird). മെക്സിക്കോ ഉൾക്കടൽ കുറുകെ കടന്ന് 1,000 കിലോമീറ്റർ ദേശാടനം നടത്തുന്ന ആ കൊച്ചു പക്ഷി ഓരോ സെക്കന്റിലും ഏകദേശം 75 തവണ വെച്ച് 25 മണിക്കൂർ നേരം ചിറകടിക്കുന്നു. അറുപതു ലക്ഷത്തിലധികം തവണയാണ് അത് നിറുത്താതെ ചിറകടിക്കുന്നത്!
9. (എ) ദേശാടനത്തിനുള്ള കഴിവുകൾ പഠിച്ചെടുത്തവയല്ല, ജനനത്തിനു മുമ്പു പ്രോഗ്രാംചെയ്യപ്പെട്ടവ ആയിരിക്കണമെന്ന് എന്തു കാണിക്കുന്നു? (ബി) മാങ്ക്സ് ഷീർവാട്ടറിനെയും അഞ്ചൽപ്രാവുകളെയും ഉപയോഗിച്ചു നടത്തിയ ഏതു പരീക്ഷണങ്ങളാണ് ഈ പക്ഷികൾക്ക് ഏതവസ്ഥയിലും ദിശ മനസ്സിലാക്കാനുള്ള പ്രാപ്തിയുണ്ടെന്നു കാണിക്കുന്നത്?
9 പലപ്പോഴും കൊച്ചു പക്ഷികൾ ആദ്യമായി ദേശാടനം നടത്തുന്നത് മുതിർന്ന പക്ഷികൾ കൂടെയില്ലാതെ ആണ്. ന്യൂസിലൻഡിലെ നീളവാലൻ കുയിൽ കുഞ്ഞുങ്ങൾ 6,400 കിലോമീറ്റർ യാത്രചെയ്ത് തങ്ങൾക്കു മുമ്പായി പസഫിക്കിലേക്കു പോയ തന്തപക്ഷിയുടെയും തള്ളപക്ഷിയുടെയും അടുത്തേക്കു പോകുന്നു. മാങ്ക്സ് ഷീർവാട്ടറുകൾ അവയുടെ കുഞ്ഞുങ്ങളെ പിന്നിൽ വിട്ടുകൊണ്ട് വെയിൽസിൽനിന്നു ബ്രസീലിലേക്കു ദേശാടനം ചെയ്യുന്നു, പറക്കമുറ്റുന്ന ഉടനെ ഈ കുഞ്ഞുങ്ങൾ അവയെ അനുഗമിക്കുന്നു. ഒരു പക്ഷിക്കുഞ്ഞ് ദിവസവും ശരാശരി 750 കിലോമീറ്റർ പിന്നിട്ടുകൊണ്ട് 16 ദിവസത്തിനുള്ളിൽ ആ യാത്ര പൂർത്തിയാക്കി. ഒരു മാങ്ക്സ് ഷീർവാട്ടറിനെ വെയിൽസിൽനിന്നു ബോസ്റ്റണിലേക്കു കൊണ്ടുപോയി—അതിന്റെ സാധാരണ ദേശാടന പാതയിൽനിന്നു വളരെ അകലെ. എന്നിട്ടും അത് 5,100 കിലോമീറ്റർ അകലെ വെയിൽസിലുള്ള സ്വന്തം കൂട്ടിലേക്ക് 12 1/2 ദിവസത്തിനുള്ളിൽ മടങ്ങിയെത്തി. അഞ്ചൽപ്രാവുകളെ സ്വന്തം കൂടുകളിൽ നിന്ന് 1,000 കിലോമീറ്റർ അകലെ ഏതു ദിശയിൽ കൊണ്ടുപോയിവിട്ടിട്ടും അവ ഒരു ദിവസംകൊണ്ട് തിരിച്ചെത്തി.
10. അഡേലി പെൻഗ്വിനുകളുടെ ദിശാബോധ സഞ്ചാര പ്രാപ്തികൾ പ്രകടമാക്കുന്ന പരീക്ഷണമേത്?
10 അവസാനമായി ഒരു ഉദാഹരണം കൂടി: നടക്കുകയും നീന്തുകയും ചെയ്യുന്ന പറക്കാത്ത പക്ഷികൾ. അഡേലി പെൻഗ്വിനുകളുടെ കാര്യമെടുക്കുക. ആ പെൻഗ്വിനുകളെ അവയുടെ സങ്കേതങ്ങളിൽനിന്ന് 2,000 കിലോമീറ്റർ ദൂരെ കൊണ്ടുപോയി വിട്ടപ്പോൾ പെട്ടെന്നു തന്നെ അവ സ്വയം ദിശ മനസ്സിലാക്കി നേർരേഖയിൽ സഞ്ചാരം തുടങ്ങി. എന്നാൽ അവ പോയത് സ്വന്തം സങ്കേതത്തിലേക്കല്ല പിന്നെയോ തീറ്റ തേടി പുറങ്കടലിലേക്കാണ്. ഒടുവിൽ കടലിൽനിന്ന് അവ സങ്കേതത്തിലേക്കു മടങ്ങി. ഈ പെൻഗ്വിനുകൾ ഇരുട്ടുള്ള ശൈത്യങ്ങൾ സമുദ്രത്തിൽ കഴിച്ചുകൂട്ടുന്നു. എന്നാൽ അവ ഇരുളടഞ്ഞ ശൈത്യകാലത്ത് ദിശാ ബോധം നിലനിർത്തുന്നത് എങ്ങനെയാണ്? ആർക്കും അറിഞ്ഞുകൂടാ.
11. അത്തരം വിസ്മയാവഹമായ ദിശാബോധ സഞ്ചാര പാടവം പ്രകടിപ്പിക്കുന്നതിനു പക്ഷികൾക്ക് എന്താവശ്യമാണ്?
11 പക്ഷികൾക്ക് ഇപ്രകാരം ദിശാബോധത്തോടെ സഞ്ചരിക്കാൻ കഴിയുന്നതെങ്ങനെ? അവ സൂര്യനക്ഷത്രാദികളെ ഉപയോഗപ്പെടുത്തുന്നുണ്ടായിരിക്കാമെന്നു പരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു. ഈ ജ്യോതിർഗോളങ്ങളുടെ ചലനവുമായി അനുരൂപപ്പെടാൻ ഇടയാക്കുന്ന ആന്തരിക ഘടികാരങ്ങൾ അവയ്ക്ക് ഉള്ളതായി കാണപ്പെടുന്നു. എന്നാൽ ആകാശം മേഘാവൃതമാണെങ്കിലോ? ചില പക്ഷികൾക്കെങ്കിലും അപ്പോൾ ഉപയോഗിക്കാവുന്ന അന്തർനിർമിത കാന്തദിക്സൂചകങ്ങൾ ഉണ്ട്. എന്നാൽ ഒരു ദിക്സൂചകത്തിന്റെ മാർഗദർശനം മാത്രം പോരാ. അവയുടെ തലയിൽ ആരംഭസ്ഥാനവും ലക്ഷ്യസ്ഥാനവും അടയാളപ്പെടുത്തിയ ഒരു “ഭൂപടം” ഉണ്ടായിരിക്കേണ്ടതുണ്ട്. ഈ ഭൂപടത്തിൽ വഴി അടയാളപ്പെടുത്തിയിരിക്കണം, കാരണം വഴി അപൂർവമായേ നേർരേഖയിലായിരിക്കാറുള്ളൂ. എന്നാൽ അവ ഭൂപടത്തിൽ അവയുടെ സ്ഥാനം മനസ്സിലാക്കുന്നില്ലെങ്കിൽ ഇതൊന്നും ഉപകരിക്കുന്നില്ല! മാങ്ക്സ് ഷീർവാട്ടറിന് ബോസ്റ്റണിൽ നിന്ന് വെയിൽസിലേക്കുള്ള ദിശ നിർണയിക്കാൻ അതിന്റെ അപ്പോഴത്തെ സ്ഥാനം മനസ്സിലാക്കേണ്ടതുണ്ടായിരുന്നു. അഞ്ചൽപ്രാവിന് സ്വന്തം കൂട്ടിലേക്കുള്ള വഴി തിട്ടപ്പെടുത്താൻ എവിടേക്കാണ് അതിനെ എടുത്തുകൊണ്ടുപോയതെന്ന് അറിയേണ്ടതുണ്ടായിരുന്നു.
12. (എ) യിരെമ്യാവ് ദേശാടനത്തെക്കുറിച്ച് എന്തു പറഞ്ഞു, അവൻ എപ്പോഴാണ് അതു പറഞ്ഞത്, ഇത് ശ്രദ്ധേയമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) ദേശാടനത്തിന്റെ എല്ലാ വിശദാംശങ്ങളും നാം ഒരിക്കലും മനസ്സിലാക്കുകയില്ലായിരുന്നേക്കാവുന്നത് എന്തുകൊണ്ട്?
12 മധ്യകാലഘട്ടംവരെ, വ്യാപകമായ പക്ഷി ദേശാടനത്തിന്റെ വാസ്തവികതയെ കുറിച്ച് അനേകരും തർക്കിച്ചിരുന്നു. എന്നാൽ ബൈബിൾ പൊ.യു.മു. ആറാം നൂറ്റാണ്ടിൽ അതേക്കുറിച്ചു പറയുകയുണ്ടായി: “ആകാശത്തിലെ പെരുഞാറ തന്റെ കാലം അറിയുന്നു; കുറുപ്രാവും മീവൽപക്ഷിയും കൊക്കും മടങ്ങിവരവിന്നുള്ള സമയം അനുസരിക്കുന്നു.” പക്ഷി ദേശാടനത്തെ കുറിച്ച് വളരെയധികം കാര്യങ്ങൾ ഇപ്പോൾ മനസ്സിലാക്കിയിട്ടുണ്ട്. എന്നാൽ ഒട്ടേറെ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയാത്തതായി ഇപ്പോഴും അവശേഷിക്കുന്നു. അംഗീകരിച്ചാലും ഇല്ലെങ്കിലും ബൈബിൾ പറയുന്നതു സത്യമാണ്: “അവൻ സകലവും അതതിന്റെ സമയത്തു ഭംഗിയായി ചെയ്തു നിത്യതയും മനുഷ്യരുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നു; എങ്കിലും ദൈവം ആദിയോടന്തം ചെയ്യുന്ന പ്രവൃത്തിയെ ഗ്രഹിപ്പാൻ അവർക്കു കഴിവില്ല.”—യിരെമ്യാവു 8:7; സഭാപ്രസംഗി 3:11.
ദിശാബോധത്തോടെ സഞ്ചരിക്കുന്ന മറ്റു ജീവികൾ
13. പക്ഷികൾക്കു പുറമേ, ദേശാടനം നടത്തുന്ന മറ്റു ചില ജീവികളേവ?
13 അലാസ്കയിലെ കാരിബു, ശൈത്യകാലത്ത് 1,280 കിലോമീറ്റർ തെക്കോട്ടു ദേശാടനം നടത്തുന്നു. ആർട്ടിക് സമുദ്രത്തിൽനിന്ന് ദേശാടനം ചെയ്ത് അവിടേക്കുതന്നെ മടങ്ങുന്ന അനേകം തിമിംഗലങ്ങൾ 9,600-ലധികം കിലോമീറ്റർ സഞ്ചരിക്കുന്നു. കടൽക്കരടികൾ (fur seals) പ്രിബിലോഫ് ദ്വീപുകൾക്കും തെക്കൻ കാലിഫോർണിയയ്ക്കും ഇടയിലായി 4,800 കിലോമീറ്റർ ദേശാടനം നടത്തുന്നു. പച്ച കടലാമകൾ ബ്രസീലിന്റെ തീരത്തുനിന്നു ചെറിയ അസെൻഷൻ ദ്വീപുവരെ അറ്റ്ലാന്റിക്ക് സമുദ്രത്തിലൂടെ 2,250 കിലോമീറ്റർ സഞ്ചരിക്കുകയും തിരിച്ചുപോകുകയും ചെയ്യുന്നു. ചില ഞണ്ടുകൾ കടൽത്തട്ടിലൂടെ 240 കിലോമീറ്റർവരെ ദേശാടനം നടത്തുന്നു. സാൽമൺ അവ ഉണ്ടായ നീരൊഴുക്കുകളിൽ നിന്ന് അകലെ പുറങ്കടലിൽ ഏതാനും വർഷം ചെലവഴിക്കുന്നു. എന്നിട്ട് നൂറുകണക്കിനു കിലോമീറ്റർ സഞ്ചരിച്ച് ആ നീരൊഴുക്കുകളിലേക്കുതന്നെ മടങ്ങി പോകുന്നു. അറ്റ്ലാന്റിക്കിലെ സാർഗാസോ കടലിൽ ഉണ്ടാകുന്ന ചെറിയ മനിഞ്ഞിൽ മത്സ്യങ്ങൾ അവയുടെ ആയുസ്സിന്റെ അധികപങ്കും ഐക്യനാടുകളിലെയും യൂറോപ്പിലെയും ശുദ്ധജല നീരൊഴുക്കുകളിലാണു ചെലവഴിക്കുന്നത്, എന്നാൽ മുട്ടയിടാനായി അവ സാർഗാസോ കടലിലേക്കു മടങ്ങിപ്പോകുന്നു.
14. മൊണാർക്ക് ചിത്രശലഭങ്ങളുടെ ദേശാടനം സംബന്ധിച്ച് വിസ്മയാവഹമായിരിക്കുന്ന സംഗതി ഏത്, ഏതു രഹസ്യമാണു പിടികിട്ടാത്തത്?
14 ശരത്കാലത്ത് കാനഡ വിടുന്ന മൊണാർക്ക് ചിത്രശലഭങ്ങളിൽ അനേകവും കാലിഫോർണിയയിലോ മെക്സിക്കോയിലോ ആണ് ശൈത്യകാലം കഴിച്ചുകൂട്ടുന്നത്. ചിലത് 3,200-ലേറെ കിലോമീറ്റർ പറക്കുന്നു; ഒരു ചിത്രശലഭം ഒരു ദിവസം 130 കിലോമീറ്റർ സഞ്ചരിച്ചു. അവ സംരക്ഷിത വൃക്ഷങ്ങളിൽ പാർക്കുന്നു—വർഷംതോറും ഒരേ തോപ്പുകളിൽ, ഒരേ വൃക്ഷങ്ങളിൽതന്നെ. എന്നാൽ ചിത്രശലഭങ്ങൾ ഒന്നുതന്നെയായിരിക്കുകയില്ല! വസന്തത്തിൽ മടക്കയാത്ര നടത്തുമ്പോൾ അവ പാൽക്കറയുള്ള ചെടികളിൽ മുട്ടകൾ നിക്ഷേപിക്കുന്നു. ഇങ്ങനെ ഉണ്ടാകുന്ന പുതിയ ചിത്രശലഭങ്ങൾ വടക്കോട്ടുള്ള ദേശാടനം തുടരുന്നു. അടുത്ത വസന്തത്തിൽ അവ തന്തയെയും തള്ളയെയും പോലെതന്നെ തെക്കോട്ടു 3,200 കിലോമീറ്റർ യാത്രചെയ്യുകയും അവ പാർത്ത അതേ വൃക്ഷത്തോപ്പുകളെ തന്നെ പൊതിയുകയും ചെയ്യുന്നു. പരാഗണത്തിന്റെ കഥ (ഇംഗ്ലീഷ്) എന്ന പുസ്തകം ഇപ്രകാരം അഭിപ്രായപ്പെടുന്നു: “ശിശിരനിദ്രാ സ്ഥലങ്ങൾ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത കുഞ്ഞുങ്ങളാണ് ശരത്കാലത്ത് തെക്കോട്ടു വരുന്നത്. ഈ സ്ഥലങ്ങൾ കണ്ടെത്താൻ അവയെ പ്രാപ്തമാക്കുന്നത് എന്താണെന്നുള്ളത് ഇപ്പോഴും പ്രകൃതിയിലെ പിടികിട്ടാത്ത രഹസ്യങ്ങളിൽ ഒന്നാണ്.”6
15. ഏത് ഒറ്റപ്പദം ജന്തുക്കളുടെ ജ്ഞാനം സംബന്ധിച്ച പല ചോദ്യങ്ങൾക്കും ഉത്തരംനൽകുന്നു?
15 സഹജജ്ഞാനം ദേശാടനത്തിൽ പരിമിതപ്പെട്ടിരിക്കുന്നില്ല. ഏതാനും ഉദാഹരണങ്ങളുടെ ചുരുക്കത്തിലുള്ള ഒരു പരിശോധന ഇതു തെളിയിക്കുന്നു.
കുരുടരായ ദശലക്ഷക്കണക്കിനു ചിതലുകൾക്ക് തങ്ങളുടെ ജോലികൾ ഒരേ സമയത്തു ചെയ്തുകൊണ്ട് സങ്കീർണമായ പുറ്റുകൾ നിർമിക്കാനും അവയെ ശീതീകരിക്കാനും എങ്ങനെ കഴിയും? സഹജജ്ഞാനം.
പുതിയ യൂക്കാ ചെടികളും പുതിയ നിശാശലഭങ്ങളും ഉണ്ടാകത്തക്കവണ്ണം യൂക്കാ പുഷ്പത്തെ പരപരാഗണം നടത്തുന്നതിന് എടുക്കേണ്ട പല പടികളെക്കുറിച്ച് പ്രൊണൂബാ നിശാശലഭത്തിന് അറിയാവുന്നതെങ്ങനെ? സഹജജ്ഞാനം.
വെള്ളത്തിനടിയിൽ തന്റെ “മുങ്ങൽ മണി”ക്കുള്ളിൽ കഴിയുന്ന എട്ടുകാലി ഓക്സിജൻ തീർന്നുപോകുമ്പോൾ തന്റെ ജലാന്തർ മണിയിൽ ഒരു ദ്വാരമിടണമെന്നും പഴയ വായു പുറത്തുകളയണമെന്നും ദ്വാരം അടയ്ക്കണമെന്നും ശുദ്ധവായുവിന്റെ ഒരു പുതിയ ശേഖരം താഴേക്കു കൊണ്ടുവരണമെന്നുമൊക്കെ അറിയുന്നതെങ്ങനെ? സഹജജ്ഞാനം.
മൈമോസാ ഗേർഡ്ലർ വണ്ടിന് മൈമോസാ വൃക്ഷശിഖരത്തിന്റെ തൊലിക്കടിയിൽ മുട്ടകളിടണമെന്നും ജീവനുള്ള തടിയിൽ അതിന്റെ മുട്ടകൾ വിരിയുകയില്ലാത്തതുകൊണ്ട് തായ്ത്തടിയിൽ ഒന്നോ അതിലധികമോ അടി ഉള്ളിലേക്കു കടന്നുചെന്ന് ശിഖരത്തെ നിർജീവമാക്കാൻ തക്കവണ്ണം ചുറ്റുമുള്ള തൊലി മുറിച്ചുകളയണമെന്നും എങ്ങനെ അറിയാം? സഹജജ്ഞാനം.
പൂർണവളർച്ചയെത്താതെ ജനിക്കുന്ന പയർ മണിയുടെ അത്രയും മാത്രം വലുപ്പമുള്ള കണ്ണു കാണാൻ വയ്യാത്ത കങ്കാരു കുഞ്ഞിന് ജീവൻ നിലനിർത്തണമെങ്കിൽ താൻ തള്ളയുടെ രോമങ്ങൾക്കിടയിലൂടെ പരസഹായം കൂടാതെ ഏന്തിവലിഞ്ഞ് അവളുടെ ഉദരത്തിലേക്കും പിന്നെ ശിശുധാനിയിലേക്കും ചെല്ലണമെന്നും അവളുടെ മുലഞെട്ടുകളിലൊന്നിൽ പറ്റിപ്പിടിക്കണമെന്നും എങ്ങനെ അറിയാം? സഹജജ്ഞാനം.
പൂന്തേൻ എവിടെയാണെന്നും എത്രത്തോളമുണ്ടെന്നും എത്ര ദൂരെയാണെന്നും ഏതു ദിശയിലാണെന്നും ഏതിനം പുഷ്പത്തിലാണെന്നുമൊക്കെ നൃത്തമാടുന്ന ഒരു തേനീച്ച മറ്റു തേനീച്ചകളെ അറിയിക്കുന്നതെങ്ങനെ? സഹജജ്ഞാനം.
16. ജന്തുക്കളുടെ പെരുമാറ്റത്തിനു പിന്നിലെ മുഴു ജ്ഞാനവും എന്ത് ആവശ്യമാക്കിത്തീർക്കുന്നു?
16 ഇത്തരം ചോദ്യങ്ങളുടെ ഒരു നീണ്ട പട്ടിക ഇനിയും ഉണ്ട്, അവ ഒരു പുസ്തകത്തിൽ നിറയ്ക്കാൻ മാത്രമുണ്ട്. എങ്കിലും എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ഒന്നുതന്നെ ആയിരിക്കും: “അവ സഹജജ്ഞാനമുള്ളവയാണ്.” (സദൃശവാക്യങ്ങൾ 30:24, NW) “അത്തരം സങ്കീർണമായ സഹജജ്ഞാനത്തിന് വികാസംപ്രാപിക്കാനും പിൻതലമുറകളിലേക്കു കൈമാറപ്പെടാനും എങ്ങനെ സാധിക്കുമായിരുന്നു” എന്ന് ഒരു ഗവേഷകൻ ചോദിക്കുന്നു.7 മനുഷ്യരുടെ പക്കൽ അതിനുള്ള വിശദീകരണം ഇല്ല. പരിണാമത്തിന് അതു വിശദീകരിക്കാൻ ആവില്ല. എന്നാൽ അത്തരം ബുദ്ധിശക്തിക്ക് ബുദ്ധിശക്തിയുള്ള ഒരു ഉറവിടം ആവശ്യമാണ്. അത്തരം ജ്ഞാനത്തിന് ജ്ഞാനമുള്ള ഒരു ഉറവിടം ആവശ്യമാണ്. അതിന് ബുദ്ധിമാനും ജ്ഞാനിയുമായ ഒരു സ്രഷ്ടാവ് ആവശ്യമാണ്.
17. അനേകം പരിണാമവാദികളുടെയും ഏതു യുക്തിവാദം ഒഴിവാക്കുന്നതു ബുദ്ധിയാണ്?
17 എന്നാൽ പരിണാമത്തിൽ വിശ്വസിക്കുന്ന അനേകരും രണ്ടാമതൊന്ന് ചിന്തിക്കാതെതന്നെ, സൃഷ്ടിക്കുള്ള അത്തരം തെളിവുകളെല്ലാം അപ്രസക്തവും ശാസ്ത്ര പരിഗണന അർഹിക്കാത്തവയും ആണെന്നു പറഞ്ഞുകൊണ്ട് തള്ളിക്കളയുന്നു. എന്നിരുന്നാലും, തെളിവുകൾ വിലയിരുത്തുന്നതിൽ നിന്ന് നിങ്ങളെ തടയാൻ ഈ ഇടുങ്ങിയ സമീപനത്തെ അനുവദിക്കരുത്. അടുത്ത അധ്യായത്തിൽ കൂടുതൽ കാര്യങ്ങൾ വിവരിക്കുന്നതായിരിക്കും.
[അധ്യയന ചോദ്യങ്ങൾ]
[160-ാം പേജിലെ ആകർഷകവാക്യം]
ഡാർവിൻ: ‘മാനസിക പ്രാപ്തികളുടെ ഉത്ഭവത്തെക്കുറിച്ച് എനിക്ക് ഒന്നും പറയാനില്ല’
[160-ാം പേജിലെ ആകർഷകവാക്യം]
സഹജജ്ഞാനം എങ്ങനെ ഉണ്ടായി എന്നും പാരമ്പര്യമായിത്തീർന്നുവെന്നും ഉള്ളതിന് “നമുക്ക് ഉത്തരം കിട്ടുന്നില്ല”
[167-ാം പേജിലെ ആകർഷകവാക്യം]
“അവ സഹജജ്ഞാനമുള്ളവയാണ്”
[164, 165 പേജുകളിലെ ചതുരം/ചിത്രങ്ങൾ]
കൂടുകൂട്ടലും സഹജജ്ഞാനവും
ശാസ്ത്രലേഖകനായ ജി. ആർ. ടെയ്ലർ ഇങ്ങനെ പറയുന്നു: ജനിതക സംവിധാനത്തിന് “കൂടുകൂട്ടലിൽ ഉൾപ്പെട്ടിരിക്കുന്ന പ്രവർത്തന പരമ്പരപോലെയുള്ള ഒരു പ്രത്യേക പെരുമാറ്റ വിധം കൈമാറാൻ കഴിയുമെന്നുള്ളതിന്റെ നേരിയ സൂചന പോലും ലഭിച്ചിട്ടില്ല.”a എന്നാൽ കൂടുകൂട്ടലിൽ ഉൾപ്പെട്ടിരിക്കുന്ന സഹജജ്ഞാനം കൈമാറപ്പെടുന്നതാണ്, പഠിപ്പിക്കപ്പെടുന്നതല്ല. ഏതാനും ഉദാഹരണങ്ങൾ പരിചിന്തിക്കുക.
ആഫ്രിക്കയിലെയും ഏഷ്യയിലെയും വേഴാമ്പലുകൾ. പെൺപക്ഷി കളിമണ്ണു കൊണ്ടുവന്ന് ഒരു പൊള്ളയായ മരത്തിലുള്ള പൊത്തിന്റെ വാതിൽ അടയ്ക്കുന്നു, എന്നാൽ അവൾ തനിക്കു കഷ്ടിച്ചു തിങ്ങിഞെരുങ്ങി അകത്തു കടക്കാൻ കഴിയത്തക്കവണമുള്ള ഒരു ദ്വാരംമാത്രം ബാക്കിയിടുന്നു. പൊത്തിനകത്തു കയറിക്കഴിയുമ്പോൾ ആൺപക്ഷി അവൾക്കു കൂടുതൽ ചേറു കൊണ്ടുവന്നുകൊടുക്കുന്നു. അവൾ ഒരു വിടവുമാത്രം അവശേഷിപ്പിച്ചുകൊണ്ട് ദ്വാരം അടയ്ക്കുന്നു. ഈ വിടവിലൂടെയാണ് ആൺപക്ഷി അവളെയും പിന്നീട് മുട്ടവിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങളെയും തീറ്റുന്നത്. ആൺപക്ഷിക്ക് മേലാൽ വേണ്ടുവോളം തീറ്റ കൊണ്ടുവരാൻ കഴിയാതാകുമ്പോൾ പെൺപക്ഷി ചുവരു പൊളിച്ചു പുറത്തുകടക്കുന്നു. ഇത്തവണ പൊത്തിന്റെ വാതിൽ നന്നാക്കുന്നതു കുഞ്ഞുങ്ങളാണ്, തന്തപക്ഷിയും തള്ളപക്ഷിയും അവയ്ക്ക് തീറ്റ കൊണ്ടുവന്നുകൊടുക്കുന്നു. പല ആഴ്ചകൾ കഴിയുമ്പോൾ കുഞ്ഞുങ്ങൾ ഭിത്തി പൊളിച്ചു പുറത്തു കടക്കുകയും കൂട് ഉപേക്ഷിക്കുകയും ചെയ്യുന്നു. പറക്കാൻപോകാതെ അടയിരിക്കുന്ന സമയത്ത് പെൺപക്ഷിക്കു തൂവലുകൾ മുഴുവനും പൊഴിച്ചുകളഞ്ഞ് ഒരു പുതിയ തൂവൽ ശേഖരം വളർത്തിയെടുക്കാൻ കഴിയുന്നു എന്നുള്ളത് ഉദ്ദേശ്യപൂർവകമായ രൂപകൽപ്പനയുടെ ഒരു തെളിവല്ലേ?
ശരപ്പക്ഷികൾ. ശരപ്പക്ഷികളുടെ ഒരു വർഗം ഉമിനീർ കൊണ്ടാണ് കൂടുണ്ടാക്കുന്നത്. പ്രജനന കാലം ആരംഭിക്കുന്നതിനു മുമ്പായി ഉമിനീർ ഗ്രന്ഥികൾ വീർക്കുകയും പശിമയുള്ള ഒരു ശ്ലേഷ്മ സ്രവം ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. അതിന്റെ ഉത്പാദനത്തോടെ അതുപയോഗിച്ച് എന്തു ചെയ്യണം എന്നുള്ള സഹജമായ അറിവും വന്നെത്തുന്നു. പക്ഷികൾ ഉമിനീര് ഒരു പാറയുടെ പുറത്തു തേച്ചുവെക്കുന്നു; അത് ഉറയ്ക്കുമ്പോൾ കൂടുതൽ പാളികൾ കൂട്ടിച്ചേർക്കുന്നു. ഒടുവിൽ കപ്പിന്റെ ആകൃതിയിലുള്ള ഒരു കൂട് പൂർത്തിയാകുന്നു. ശരപ്പക്ഷികളുടെ മറ്റൊരു വർഗം ഒരു ചായക്കരണ്ടിയെക്കാൾ ഒട്ടും വലുതല്ലാത്ത കൂടുകൾ നിർമിച്ചിട്ട് അവ പനയോലകളിൽ ഒട്ടിച്ചുവെക്കുന്നു, എന്നിട്ട് ആ കൂട്ടിനുള്ളിൽ മുട്ടകൾ പറ്റിച്ചുവെക്കുന്നു.
ചക്രവർത്തി പെൻഗ്വിനുകൾ സ്വന്തം ശരീരത്തിൽത്തന്നെ കൂടുകൾ വഹിക്കുന്നു. അന്റാർട്ടിക്കയിലെ ശൈത്യകാലത്ത് പെൺപക്ഷി ഒരു മുട്ടയിട്ടിട്ട് രണ്ടോ മൂന്നോ മാസത്തേക്ക് മീൻപിടിക്കാൻ പോകുന്നു. ആൺപക്ഷി ആ മുട്ട എടുത്ത് രക്തക്കുഴലുകൾ ധാരാളമുള്ള തന്റെ പാദങ്ങളുടെ പുറത്തു വെക്കുന്നു. അവന്റെ ഉദരത്തിൽനിന്നു തൂങ്ങിക്കിടക്കുന്ന ഒരു പോതസഞ്ചി മുട്ടയെ മൂടിക്കിടക്കുന്നു. തള്ളപ്പക്ഷി തന്തയെയും കുഞ്ഞിനെയും മറന്നുപോകുന്നില്ല. മുട്ട വിരിയുന്ന ഉടനെ അവൾ വയറു നിറയെ ആഹാരവുമായി മടങ്ങിവന്ന് അവർക്ക് അതു കക്കി കൊടുക്കുന്നു. പിന്നെ ആൺപക്ഷി മീൻപിടിക്കാൻ പോകുന്നു. തള്ള കുഞ്ഞിനെ പാദങ്ങളിലെടുത്തു വെക്കുകയും തന്റെ പോതസഞ്ചികൊണ്ട് അതിനെ മൂടുകയും ചെയ്യുന്നു.
ആഫ്രിക്കയിലെ നെയ്ത്തുകാരൻ പക്ഷികൾ അവയുടെ തൂങ്ങിക്കിടക്കുന്ന കൂടുകൾ പുല്ലും മറ്റു നാരുകളും ഉപയോഗിച്ചു നിർമിക്കുന്നു. വിവിധ നെയ്ത്തു രീതികൾ ഉപയോഗിക്കുന്നതിനും വ്യത്യസ്ത തരത്തിലുള്ള കെട്ടുകൾ ഇടുന്നതിനും ഉള്ള നൈസർഗിക പ്രാപ്തി അവയ്ക്കുണ്ട്. സാമൂഹികവാസനയുള്ള നെയ്ത്തുകാരൻ പക്ഷികൾ ബഹുശാലാഭവനങ്ങളോട് ഉപമിക്കാവുന്ന കൂടുകൾ നിർമിക്കുന്നു. അവ ബലിഷ്ഠമായ വൃക്ഷക്കൊമ്പുകളിൽ ഏതാണ്ട് 5 മീറ്റർ വ്യാസമുള്ള പുല്ലുമേഞ്ഞ മേൽക്കൂര നിർമിക്കുന്നു. അതിനടിയിൽ അനേകം ജോടികൾ കൂടുകൂട്ടുന്നു. ഒരു മേൽക്കൂരയ്ക്കു കീഴിൽ നൂറിലധികം കൂടുകൾ ആകുന്നതുവരെ പുതിയ കൂടുകൾ കൂട്ടിച്ചേർക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
തെക്കൻ ഏഷ്യയിലെ തുന്നാരൻ, പഞ്ഞിയോ മരപ്പട്ടയുടെ നാരുകളോ ചിലന്തിവലയോ ഉപയോഗിച്ച് നൂലുണ്ടാക്കുന്നു. ചെറിയ കഷണങ്ങൾ കൂട്ടിച്ചേർത്താണ് അത് നീളമുള്ള നൂൽ നിർമിക്കുന്നത്. ഒരു വലിയ ഇലയുടെ രണ്ട് അരികുകളിലും അത് ചുണ്ടുകൊണ്ട് ദ്വാരങ്ങളിടുന്നു. എന്നിട്ട് ചുണ്ട് ഒരു സൂചിയായി ഉപയോഗിച്ച് അത് നൂലുകൊണ്ട് ഇലയുടെ രണ്ട് അരികുകളും വലിച്ചടുപ്പിക്കുന്നു, നാം ഷൂസിന്റെ ചരടു കെട്ടുന്നതുപോലെതന്നെ. നൂൽ തീരാറാകുമ്പോൾ അത് ഒന്നുകിൽ മുറുകിയിരിക്കുന്നതിനുവേണ്ടി കെട്ടിടുകയോ അല്ലെങ്കിൽ ഒരു പുതിയ കഷണം നൂലുമായി സംയോജിപ്പിച്ച് തുന്നൽ തുടരുകയോ ചെയ്യുന്നു. ഈ വിധത്തിൽ തുന്നാരൻ വലിയ ഇലയെ ഒരു കപ്പിന്റെ ആകൃതിയിലാക്കുകയും അതിൽ കൂടുകൂട്ടുകയും ചെയ്യുന്നു.
പെൻഡുലിൻ റ്റിറ്റിന്റെ തൂങ്ങിക്കിടക്കുന്ന കൂട് ഏതാണ്ട് കമ്പിളിപോലെയാണ്. കാരണം അത് കൂടു നിർമിക്കുന്നതിന് മാർദവമുള്ള സസ്യ പദാർഥങ്ങളും പുല്ലും ആണ് ഉപയോഗിക്കുന്നത്. നീളംകൂടിയ പുൽനാരുകൾ അങ്ങോട്ടുമിങ്ങോട്ടും നെയ്ത് അത് കൂടിന്റെ അടിസ്ഥാന ഘടന നിർമിക്കുന്നു. പക്ഷി അതിന്റെ ചുണ്ടുകൊണ്ട് നാരുകളുടെ അറ്റങ്ങൾ നെയ്ത്തു കണ്ണികൾക്കിടയിലേക്കു തള്ളിവെക്കുന്നു. എന്നിട്ട് മാർദവമുള്ള പദാർഥത്തിന്റെ നീളംകുറഞ്ഞ നാരുകൾ എടുത്ത് നെയ്ത്തിനിടയിൽ തള്ളിക്കയറ്റുന്നു. ഈ പ്രക്രിയ ഏതാണ്ട് പൗരസ്ത്യ ദേശത്തെ നെയ്ത്തുകാർ പരവതാനി നെയ്യുന്നതു പോലെയാണ്. ഈ കൂടുകൾ പേഴ്സുകളായോ കുട്ടികൾക്കുള്ള വള്ളിച്ചെരുപ്പുകളായോ പോലും ഉപയോഗിച്ചിട്ടുണ്ട്, അത്രമാത്രം ബലവും മാർദവവും ഉണ്ട് അവയ്ക്ക്.
കൊമ്പൻ മുണ്ടി സാധാരണഗതിയിൽ അതിന്റെ കൂട് ഉണ്ടാക്കുന്നത് പരന്ന ഒരു ചെറുദ്വീപിലാണ്. എന്നാൽ, അതു പാർക്കുന്നിടത്ത് ഇത്തരം ദ്വീപുകൾ വളരെ വിരളമാണ്. അതുകൊണ്ട് കൊമ്പൻ മുണ്ടി സ്വന്തമായി ദ്വീപുണ്ടാക്കുന്നു! അത് ജലത്തിൽ യോജിച്ച ഒരു സ്ഥലം തിരഞ്ഞെടുത്തിട്ട് ചുണ്ടിൽ കല്ലുകൾ ചുമന്നുകൊണ്ടുവന്ന് അവിടെയിടുന്നു. ഒരു ദ്വീപ് രൂപംകൊള്ളുന്നതുവരെ അത് ജലത്തിൽ ഏതാണ്ട് അറുപതു മുതൽ തൊണ്ണൂറു വരെ സെന്റിമീറ്റർ ആഴത്തിൽ കല്ലുകൾ കൂനകൂട്ടുന്നു. ഈ കൽക്കൂമ്പാരത്തിന്റെ അടിഭാഗത്തിന് നാലു മീറ്റർവരെ വ്യാസമുണ്ടായിരുന്നേക്കാം, അതിന് ഒരു ടണ്ണിലധികം ഭാരവും വരാം. കൊമ്പൻ മുണ്ടി കല്ലുകൊണ്ടുള്ള ഈ ദ്വീപിൽ സസ്യപദാർഥങ്ങൾ കൊണ്ടുവന്ന് അതിന്റെ വലിയ കൂടു നിർമിക്കുന്നു.
[161-ാം പേജിലെ ചിത്രങ്ങൾ]
ആർട്ടിക് കടൽക്കാക്ക ഓരോ വർഷവും 35,000 കിലോമീറ്റർ ദേശാടനം നടത്തുന്നു
ഒരു പയറുമണിയുടെ വലുപ്പമുള്ള തലച്ചോറോടുകൂടിയ ഈ വാർബ്ലറിന് കാലാവസ്ഥയെയും ദിശാബോധത്തോടെയുള്ള സഞ്ചാരത്തെയുംകുറിച്ച് ഇത്രയധികം കാര്യങ്ങൾ അറിയാവുന്നതെങ്ങനെ?
[162-ാം പേജിലെ ചിത്രങ്ങൾ]
ദേശാടന വേളയിൽ ഈ മൂളിക്കുരുവി ഓരോ സെക്കന്റിലും ഏകദേശം 75 തവണ വെച്ച് 25 മണിക്കൂർ നേരം ചിറകടിക്കുന്നു
തലയിൽ ഒരു “ഭൂപട”വുമായി മുട്ടവിരിഞ്ഞുപുറത്തുവരുന്ന ദേശാടനപ്പക്ഷികൾക്ക് അവ എവിടെയാണെന്നും എങ്ങോട്ടാണു പോകുന്നതെന്നും അറിയാം
[163-ാം പേജിലെ ചിത്രം]
പെൻഗ്വിനുകൾക്ക് കടലിൽ മാസങ്ങളോളം ഇരുട്ടിൽ കഴിഞ്ഞുകൂടാനും പിന്നെ അവയുടെ സങ്കേതങ്ങളിലേക്ക് വഴിതെറ്റാതെ ദേശാടനം നടത്താനും കഴിയും
[166-ാം പേജിലെ ചിത്രങ്ങൾ]
3,200 കിലോമീറ്റർ തെക്കോട്ടു യാത്രചെയ്ത ശേഷം മൊണാർക്ക് ചിത്രശലഭങ്ങൾ അവയുടെ ശൈത്യകാല താവളങ്ങളിൽ വിശ്രമിക്കുന്നു