കാനാവിലെ രണ്ടാമത്തെ അത്ഭുതം
അധ്യായം 20
കാനാവിലെ രണ്ടാമത്തെ അത്ഭുതം
യഹൂദ്യയിലെ വിപുലമായ തന്റെ പ്രസംഗപ്രവർത്തനത്തിനുശേഷം യേശു തന്റെ പിതൃദേശത്തേക്ക് മടങ്ങുന്നത് വിശ്രമത്തിനുവേണ്ടിയല്ല. പ്രത്യുത അവൻ വളർന്നുവന്ന ഗലീലാ നാട്ടിൽ വളരെ വലിയ ശുശ്രൂഷയ്ക്ക് ആരംഭമിടുകയാണ്. എന്നാൽ അവന്റെ ശിഷ്യൻമാർ അവനോടുകൂടെ താമസിക്കുന്നതിനുപകരം തങ്ങളുടെ വീടുകളിലേക്കും പഴയ തൊഴിലുകളിലേക്കും മടങ്ങുന്നു.
യേശു എന്ത് സന്ദേശമാണ് പ്രസംഗിച്ചു തുടങ്ങുന്നത്? ഇതാണ്: “ദൈവരാജ്യം സമീപിച്ചിരിക്കുന്നു. ജനങ്ങളേ, മാനസാന്തരപ്പെട്ട് സുവിശേഷത്തിൽ വിശ്വസിപ്പിൻ.” പ്രതികരണമെന്തായിരുന്നു? ഗലീലക്കാർ യേശുവിനെ കൈക്കൊളളുന്നു. എല്ലാവരും അവനെ മാനിക്കുന്നു. എന്നാൽ ഇത് അവന്റെ പ്രത്യേക സുവിശേഷം നിമിത്തമല്ല. മറിച്ച് അവൻ മാസങ്ങൾക്കു മുമ്പ് പെസഹാ സമയത്ത് യെരൂശലേമിൽ വച്ച് ചെയ്ത വലിയ അത്ഭുതങ്ങൾ കണ്ടതുനിമിത്തമാണ്.
യേശു ഗലീലയിലെ തന്റെ വിപുലമായ ശുശ്രൂഷ തുടങ്ങുന്നത് സ്പഷ്ടമായും കാനാവിലാണ്. ഇതിനുമുമ്പ് മറെറാരു സമയത്ത് യഹൂദ്യയിൽ നിന്ന് മടങ്ങി വരുമ്പോൾ കാനാവിലെ കല്യാണത്തിൽ വെളളം വീഞ്ഞാക്കിയത് നിങ്ങൾ ഓർക്കുന്നുണ്ടായിരിക്കും. ഈ രണ്ടാമത്തെ സന്ദർഭത്തിൽ ഹേരോദാവ് അന്തിപ്പാസ് രാജാവിന്റെ ഭൃത്യന്റെ കുട്ടി വലിയ രോഗത്തിലാണ്. യേശു യഹൂദ്യയിൽ നിന്ന് കാനാവിൽ വന്നിട്ടുണ്ടെന്ന് കേട്ടതിനാൽ ഈ രാജഭൃത്യൻ അവനെ കാണുന്നതിനുവേണ്ടി കഫർന്നഹൂമിലെ തന്റെ ഭവനത്തിൽ നിന്ന് ബഹുദൂരം യാത്ര ചെയ്യുന്നു. ദുഃഖാർത്തനായി അവൻ അപേക്ഷിക്കുന്നു: ‘എന്റെ മകൻ മരിക്കുന്നതിനു മുമ്പേ എത്രയും പെട്ടെന്ന് വരേണമേ.’
യേശു ഇപ്രകാരം ഉത്തരം നൽകുന്നു: ‘വീട്ടിലേക്ക് പൊയ്ക്കൊൾക. നിന്റെ മകൻ സുഖപ്പെട്ടിരിക്കുന്നു!” ഹെരോദാവിന്റെ ഭൃത്യൻ അത് വിശ്വസിക്കുകയും ഭവനത്തിലേക്കുളള വിദൂരയാത്ര തുടങ്ങുകയും ചെയ്യുന്നു. വഴിയിൽ വച്ച് അവൻ തന്റെ ദാസൻമാരെ കണ്ടുമുട്ടുന്നു. അവർ അവനോട് തന്റെ മകന് സൗഖ്യം വന്നിരിക്കുന്നു എന്ന് ആവേശത്തോടെ പറയുന്നു! ‘അവന് എപ്പോൾ സൗഖ്യം വന്നു?’ അവൻ ചോദിക്കുന്നു.
‘ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക്!’ അവർ ഉത്തരം പറയുന്നു.
‘നിന്റെ മകൻ സുഖപ്പെട്ടിരിക്കുന്നു!’ എന്ന് യേശു പറഞ്ഞ സമയം ഇതുതന്നെയെന്ന് രാജഭൃത്യൻ തിരിച്ചറിയുന്നു. അതിനുശേഷം അവന്റെ മുഴുകുടുംബവും യേശുവിന്റെ ശിഷ്യരായിത്തീരുന്നു.
അങ്ങനെ യഹൂദ്യയിൽ നിന്നുളള തന്റെ മടക്കയാത്രയെ അടയാളപ്പെടുത്തുന്ന രണ്ട് അത്ഭുതങ്ങൾ നടക്കുന്ന സ്ഥലമെന്ന നിലയിൽ കാനാ അനുഗ്രഹിക്കപ്പെടുന്നു. ഇതിനോടകം യേശു ചെയ്ത അത്ഭുതങ്ങൾ ഇവ മാത്രമല്ല. എന്നാൽ ഇവ ഗലീലയിലേക്കുളള മടക്കയാത്രയെ അടയാളപ്പെടുത്തുന്നതിനാൽ ഇവ പ്രധാനമാണ്.
ഇപ്പോൾ യേശു നസറെത്തിലെ ഭവനത്തിലേക്ക് പോകുന്നു. അവിടെ എന്ത് സംഭവിക്കുന്നു? യോഹന്നാൻ 4:43-54; മർക്കോസ് 1:14, 15; ലൂക്കോസ് 4:14, 15.
▪ യേശു ഗലീലയിലേക്ക് മടങ്ങുമ്പോൾ ശിഷ്യൻമാർക്ക് എന്ത് സംഭവിക്കുന്നു, ആളുകൾ അവനെ എങ്ങനെ സ്വീകരിക്കുന്നു?
▪ യേശു ഏത് അത്ഭുതം ചെയ്യുന്നു, ഉൾപ്പെട്ടിരിക്കുന്നവരെ അത് എങ്ങനെ ബാധിക്കുന്നു?
▪ കാനാ യേശുവിനാൽ അനുഗ്രഹിക്കപ്പെടുന്നതെങ്ങനെ?