യേശു 70 പേരെ അയക്കുന്നു
അധ്യായം 72
യേശു 70 പേരെ അയക്കുന്നു
ഇപ്പോൾ പൊ. യു. 32-ന്റെ അവസാനഘട്ടമാണ്. യേശുവിന്റെ സ്നാപനം കഴിഞ്ഞിട്ടിപ്പോൾ മൂന്നുവർഷം തികഞ്ഞിരിക്കുന്നു. യേശുവും ശിഷ്യൻമാരും യെരൂശലേമിലെ കൂടാരപ്പെരുന്നാളിൽ സംബന്ധിച്ചിട്ട് ഏറെ ദിവസമായിട്ടില്ല, പ്രത്യക്ഷത്തിൽ അവർ ഇപ്പോഴും സമീപപ്രദേശങ്ങളിലാണ്. വാസ്തവത്തിൽ, തന്റെ ശുശ്രൂഷയുടെ ശേഷിച്ച ആറുമാസങ്ങൾ മിക്കവാറും യഹൂദ്യയിലും യോർദ്ദാന് അക്കരെയുളള പെരെയ പ്രവിശ്യയിലുമായി യേശു ചെലവഴിക്കുന്നു. ഈ പ്രദേശവും പ്രവർത്തിച്ചു തീർക്കേണ്ടതുണ്ട്.
പൊ. യു. 30-ലെ പെസഹാക്കുശേഷം ഏതാണ്ട് എട്ടുമാസം യേശു യഹൂദ്യയിൽ പ്രസംഗിച്ചു എന്നത് വാസ്തവമാണ്. എന്നാൽ പൊ. യു. 31-ലെ പെസഹാദിവസം യഹൂദൻമാർ അവനെ കൊല്ലാൻ ശ്രമിച്ചശേഷം ഒന്നരവർഷക്കാലം ഏതാണ്ട് മുഴുവനായും യേശു ഗലീലയിൽ മാത്രമാണ് ഉപദേശിച്ചത്. ആ കാലത്ത് വിപുലവും നന്നായി പരിശീലിപ്പിക്കപ്പെട്ടതുമായ പ്രസംഗകരുടെ ഒരു സ്ഥാപനം അവൻ വളർത്തിയെടുത്തു, അങ്ങനെയൊന്ന് അതിനുമുമ്പ് അവനില്ലായിരുന്നു. അതുകൊണ്ട് ഇപ്പോൾ യഹൂദ്യയിൽ അന്തിമവും തീവ്രവുമായ ഒരു സാക്ഷീകരണപ്രസ്ഥാനം അവൻ ആരംഭിക്കുന്നു.
എഴുപതു ശിഷ്യൻമാരെ തെരഞ്ഞെടുത്ത് ഈരണ്ടുപേരായി അവരെ പറഞ്ഞയച്ചുകൊണ്ടാണ് യേശു ഈ പ്രസ്ഥാനത്തിന് തുടക്കം കുറിക്കുന്നത്. അങ്ങനെ ആ പ്രദേശത്ത് പ്രവർത്തിക്കുന്നതിന് മൊത്തം രാജ്യപ്രസംഗകരുടെ 35 ടീമുകൾ ഉണ്ട്. യേശു തന്റെ അപ്പൊസ്തലൻമാരുമൊത്ത് സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന നഗരങ്ങളിലേക്ക് അവർക്കു മുമ്പായി ഇവർ പോകുന്നു.
ഈ 70 പേർ സിന്നഗോഗുകളിലേക്ക് പോകാൻ നിർദ്ദേശിക്കാതെ സ്വകാര്യ ഭവനങ്ങളിലേക്ക് ചെല്ലാൻ യേശു അവരോട് ആവശ്യപ്പെടുന്നു. അവൻ ഇപ്രകാരം വിശദീകരിക്കുന്നു: “നിങ്ങൾ എവിടെയെങ്കിലും ഒരു വീട്ടിൽ പ്രവേശിച്ചാൽ ആദ്യം തന്നെ ‘ഈ വീടിന് സമാധാനമുണ്ടാകട്ടെ’ എന്ന് പറയുക. സമാധാനത്തിന്റെ ഒരു സ്നേഹിതൻ അവിടെയുണ്ട് എങ്കിൽ നിങ്ങളുടെ സമാധാനം അവന്റെമേൽ വരും.” അവരുടെ ദൂത് എന്തായിരിക്കണം? യേശു നിർദ്ദേശിക്കുന്നു: “ദൈവരാജ്യം നിങ്ങളുടെ അടുത്തെത്തിയിരിക്കുന്നു എന്ന് അവരോട് പറഞ്ഞുകൊണ്ടിരിക്കുക.” ഈ 70 പേരുടെ ശുശ്രൂഷയെ സംബന്ധിച്ച് മാത്യു ഹെൻട്രിയുടെ കമ്മൻററി ഇപ്രകാരം റിപ്പോർട്ട് ചെയ്യുന്നു: “അവരുടെ ഗുരുവിനെപ്പോലെ അവർ സന്ദർശിച്ചിടത്തെല്ലാം അവർ വീടുതോറും പ്രസംഗിച്ചു.”
ഈ 70 പേരോടുളള യേശുവിന്റെ നിർദ്ദേശം ഏതാണ്ട് ഒരു വർഷം മുമ്പ് ഗലീലയിലെ പ്രസംഗപര്യടനത്തിന് 12പേരെ അയച്ചപ്പോഴത്തേതിനോട് സാമ്യമുളളതാണ്. വീട്ടുകാരോട് ദൂത് ഘോഷിക്കാൻ സജ്ജരാക്കേണ്ടതിന് അവർ അഭിമുഖീകരിക്കേണ്ടിവരുന്ന എതിർപ്പ് സംബന്ധിച്ച് അവർക്ക് മുന്നറിയിപ്പ് കൊടുക്കുക മാത്രമല്ല രോഗികളെ സൗഖ്യമാക്കാൻ അവൻ അവരെ അധികാരപ്പെടുത്തുകയും ചെയ്യുന്നു. അപ്രകാരം പിന്നീട് യേശു സ്ഥലത്തെത്തുമ്പോൾ ഇത്തരം അത്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിയുന്ന ശിഷ്യൻമാരുടെ ഗുരുവിനെ നേരിൽ കാണാൻ അനേകമാളുകൾ ആകാംക്ഷയുളളവരായിരിക്കും.
എഴുപതുപേരുടെ പ്രസംഗവും അതേതുടർന്നുളള യേശുവിന്റെ പ്രവർത്തനവും താരതമ്യേന ചുരുങ്ങിയ സമയമേ എടുക്കുന്നുളളു. താമസിയാതെ രാജ്യപ്രസംഗകരുടെ 35 ടീമുകളും യേശുവിന്റെ അടുക്കലേക്ക് മടങ്ങി വരാൻ തുടങ്ങുന്നു. സന്തോഷത്തോടെ അവർ പറയുന്നു, “കർത്താവേ, നിന്റെ നാമത്തിന്റെ ഉപയോഗത്തിങ്കൽ ഭൂതങ്ങൾപോലും ഞങ്ങൾക്ക് കീഴടങ്ങുന്നു.” അത്രയും നല്ല ഒരു സേവനറിപ്പോർട്ട് യേശുവിനെ തീർച്ചയായും പുളകം കൊളളിക്കുന്നു, എന്തുകൊണ്ടെന്നാൽ അവൻ ഇപ്രകാരം പ്രതിവചിക്കുന്നു: “സ്വർഗ്ഗത്തിൽ നിന്ന് സാത്താൻ ഇടിമിന്നൽ പോലെ വീഴുന്നത് ഞാൻ കാണാൻ തുടങ്ങി. നോക്കൂ! സർപ്പങ്ങളെയും തേളുകളെയും ചവുട്ടി മെതിക്കാൻ ഞാൻ നിങ്ങൾക്ക് അധികാരം നൽകിയിരിക്കുന്നു.”
അന്ത്യകാലത്ത് ദൈവരാജ്യത്തിന്റെ ജനനശേഷം സാത്താനും അവന്റെ ഭൂതങ്ങളും സ്വർഗ്ഗത്തിൽനിന്ന് പുറന്തളളപ്പെടേണ്ടതാണെന്ന് യേശുവിനറിയാം. എന്നാൽ ഇപ്പോൾ വെറും മനുഷ്യരാലുളള ഈ അദൃശ്യ ഭൂതങ്ങളുടെ പുറത്താക്കൽ വരാനിരിക്കുന്ന ആ സംഭവത്തിന്റെ കൂടുതലായ ഉറപ്പാണ്. അതുകൊണ്ട് സ്വർഗ്ഗത്തിൽ നിന്നുളള സാത്താന്റെ ഭാവി വീഴ്ചയെപ്പററി സുനിശ്ചിതമായ ഒരു സംഗതി എന്ന നിലയിൽ യേശു സംസാരിക്കുന്നു. അതുകൊണ്ട് സർപ്പങ്ങളെയും തേളുകളെയും ചവുട്ടിമെതിക്കാൻ 70 പേർക്ക് അധികാരം നൽകപ്പെടുന്നതും പ്രതീകാത്മകമായ അർത്ഥത്തിലാണ്. എന്നിരുന്നാലും യേശു പറയുന്നു: “ഭൂതങ്ങൾ നിങ്ങൾക്ക് കീഴടങ്ങുന്നതിലല്ല മറിച്ച്, സ്വർഗ്ഗത്തിൽ നിങ്ങളുടെ പേർ എഴുതപ്പെട്ടിരിക്കുന്നതിൽ സന്തോഷിപ്പിൻ.”
ഇത്ര ശക്തമായ ഒരു വിധത്തിൽ തന്റെ ഈ എളിയ ദാസൻമാരെ ഉപയോഗിക്കുന്നതിൽ യേശു ആനന്ദിക്കുകയും പരസ്യമായി ദൈവത്തെ സ്തുതിക്കുകയും ചെയ്യുന്നു. തന്റെ ശിഷ്യൻമാരുടെ നേരെ തിരിഞ്ഞ് അവൻ പറയുന്നു: “നിങ്ങൾ കാണുന്നവ കാണുന്ന കണ്ണുകൾ സന്തുഷ്ടമാകുന്നു. അനേകം പ്രവാചകൻമാരും രാജാക്കൻമാരും നിങ്ങൾ കാണുന്നവ കാണാൻ ആഗ്രഹിച്ചു എങ്കിലും കണ്ടില്ല, നിങ്ങൾ കേൾക്കുന്നവ കേൾക്കാൻ ആഗ്രഹിച്ചു എങ്കിലും കേട്ടില്ല.” ലൂക്കോസ് 10:1-24; മത്തായി 10:1-42; വെളിപ്പാട് 12:7-12.
▪ തന്റെ ശുശ്രൂഷയുടെ ആദ്യത്തെ മൂന്നുവർഷങ്ങളിൽ യേശു എവിടെയാണ് പ്രസംഗിച്ചത്, തന്റെ അവസാനത്തെ ആറു മാസങ്ങളിൽ അവൻ ഏതു പ്രദേശത്താണ് പ്രവർത്തിക്കുന്നത്?
▪ ആളുകളെ കണ്ടെത്താൻ എങ്ങോട്ടാണ് യേശു 70 പേരെ പറഞ്ഞയക്കുന്നത്?
▪ സാത്താൻ അപ്പോൾ തന്നെ സ്വർഗ്ഗത്തിൽനിന്ന് വീണതായി താൻ കണ്ടുവെന്ന് യേശു പറയുന്നത് എന്തുകൊണ്ടാണ്?
▪ ആ 70 പേർക്ക് സർപ്പങ്ങളെയും തേളുകളെയും ചവുട്ടി മെതിക്കാൻ കഴിയുന്നത് ഏത് അർത്ഥത്തിലാണ്?