കുരിശ്
നിർവ്വചനം: യേശു വധിക്കപ്പെട്ട സംവിധാനത്തെ ക്രൈസ്തവ ലോകത്തിലെ മിക്കവരും കുരിശ് എന്നാണ് പരാമർശിക്കുന്നത്. ഈ പദം ലത്തീനിലെ ക്രുക്സ് എന്ന പദത്തിൽ നിന്നാണ് എടുത്തിട്ടുളളത്.
യഹോവയുടെ സാക്ഷികളുടെ പ്രസിദ്ധീകരണങ്ങളിൽ യേശുവിനെ പരമ്പരാഗതമായുളള കുരിശിൻമേലല്ലാതെ കൈകൾ മുകളിലേക്കായി ഒരു ദണ്ഡനസ്തംഭത്തിൽ കിടക്കുന്നതായി കാണിച്ചിരിക്കുന്നതെന്തുകൊണ്ടാണ്?
“കുരിശ്” എന്ന് പല ആധുനിക ബൈബിൾ ഭാഷാന്തരങ്ങളിലും തർജ്ജമ ചെയ്തിരിക്കുന്ന (പു. ലോ. ഭാ. “ദണ്ഡന സ്തംഭം”) ഗ്രീക്കു പദം സ്റേറാറോസ് ആണ്. പുരാതന ഗ്രീക്ക് ഭാഷയിൽ ഈ പദത്തിന്റെ അർത്ഥം നേരെയുളള ഒരു സ്തംഭം അല്ലെങ്കിൽ തൂണ് എന്നാണ്. പിൽക്കാലത്ത് അത് കുറുകെ ഒരു കഷണവും കൂടെ വച്ച ഒരു കഴുമരത്തെ അർത്ഥമാക്കാൻ ഉപയോഗിച്ചു തുടങ്ങി. ഇപ്രകാരം പറഞ്ഞുകൊണ്ട് ദി ഇംപീരിയൽ ബൈബിൾ ഡിക്ഷ്നറി അത് അംഗീകരിക്കുന്നു: “കുരിശ് എന്നതിനുളള ഗ്രീക്കു പദം [സ്റേറാറോസ്] ഒരു സ്തംഭത്തെ, ലംബമായി നാട്ടിയ ഒരു തൂണിനെ അല്ലെങ്കിൽ എന്തെങ്കിലും തൂക്കിയിടാവുന്നതോ ഒരു സ്ഥലം [വേലികെട്ടി] അടക്കാൻ ഉപയോഗിക്കാവുന്നതോ ആയ ഒരു കുററിയെ ഉചിതമായി അർത്ഥമാക്കി. . . . റോമാക്കാർക്കിടയിലും ക്രുക്സ് (അതിൽ നിന്നാണ് ക്രോസ് എടുത്തിട്ടുളളത്) തുടക്കത്തിൽ ലംബമായി നാട്ടിയ ഒരു തൂൺ ആയിരുന്നതായി തോന്നുന്നു.”—പി. ഫെയർബേൺ എഡിററ് ചെയ്തത് (ലണ്ടൻ, 1874), വാല്യം I, പേ. 376.
ദൈവപുത്രന്റെ വധത്തോട് ബന്ധപ്പെട്ട സാഹചര്യം അതായിരുന്നോ? ഉപയോഗിക്കപ്പെട്ട സംവിധാനത്തെ തിരിച്ചറിയിക്കാൻ ബൈബിൾ സൈലോൺ എന്ന പദവും കൂടി ഉപയോഗിക്കുന്നു എന്നത് കുറിക്കൊളേളണ്ടതാണ്. ലിഡലിനാലും സ്കോട്ടിനാലുമുളള ഏ ഗ്രീക്ക്-ഇംഗ്ലീഷ് ലെക്സിക്കൻ അതിന്റെ അർത്ഥം ഇങ്ങനെ നിർവ്വചിക്കുന്നു: ഉപയോഗിക്കാൻ തക്കവണ്ണം മുറിച്ച തടി, വിറക്, ഉരുളൻ തടി മുതലായവ . . . തടിക്കഷണം, തടി, തുലാം, തൂണ് . . . ഗദ, മുട്ടവടി . . . കുററപ്പുളളികളെ തൂക്കാനുപയോഗിച്ചിരുന്ന സ്തംഭം . . . ജീവനുളള തടി, മരം.” അത് “NT-യിൽ കുരിശിനെ സംബന്ധിച്ചും” പറയുകയും ദൃഷ്ടാന്തങ്ങളെന്ന നിലയിൽ പ്രവൃത്തികൾ 5:30-ഉം 10:39-ഉം എടുത്തു പറയുകയും ചെയ്യുന്നു. (ഓക്സ്ഫോർഡ്, 1968, പേ. 1191, 1192) എന്നിരുന്നാലും ആ വാക്യങ്ങളിൽ KJ, RS, JB, Dy എന്നിവ സൈലോണിനെ “മരം” എന്ന് വിവർത്തനം ചെയ്യുന്നു. (ഈ വിവർത്തനത്തെ ഗലാത്യർ 3:13; ആവർത്തനം 21:22, 23 എന്നിവയോടു താരതമ്യം ചെയ്യുക.)
ജെ. ഡി. പാർസൺസിനാലുളള ദി നോൺ ക്രിസ്ത്യൻ ക്രോസ്സ് (ലണ്ടൻ, 1986) എന്ന പുസ്തകം പറയുന്നു: “പുതിയ നിയമത്തിലെ നിരവധി
എഴുത്തുകളിൽ യേശുവിനുവേണ്ടി ഉപയോഗിക്കപ്പെട്ട സ്റേറാറോസ് ഒരു സാധാരണ സ്റേറാറോസ് അല്ലാതെ മറെറന്തെങ്കിലുമാണെന്ന് പരോക്ഷമായിപ്പോലും തെളിവു നൽകുന്ന ഒരൊററ വാചകം പോലും മൂലഗ്രീക്കിലില്ല; അതു ഒററത്തടിയായിരിക്കാതെ രണ്ടു തടികൾ കുറുകെ വച്ച് ആണിയടിച്ചതാണെന്നുളളതിന് അത്രയും പോലും തെളിവില്ല . . . സഭയുടെ ഗ്രീക്ക് ഭാഷയിലുളള രേഖകൾ നമ്മുടെ സ്വന്തം ഭാഷയിലേക്ക് വിവർത്തനം ചെയ്തപ്പോൾ നമ്മുടെ ഉപദേഷ്ടാക്കൻമാർ സ്റേറാറോസ് എന്ന പദം ‘കുരിശ്’ എന്ന് തർജ്ജമ ചെയ്തതും ആ നടപടിയെ പിന്താങ്ങാൻ വേണ്ടി നമ്മുടെ നിഘണ്ടുക്കളിൽ സ്റേറാറോസ് എന്നതിന് ‘കുരിശ്’ എന്ന് അർത്ഥം കൊടുത്തതും വളരെ തെററിദ്ധാരണക്ക് ഇടയാക്കി. അപ്പോസ്തലൻമാരുടെ നാളുകളിൽ അതിന്റെ പ്രാഥമിക അർത്ഥം അതായിരുന്നില്ല എന്നും പിന്നെയും ദീർഘനാൾ കഴിയുന്നതുവരെ പ്രാഥമിക അർത്ഥം അതായിത്തീർന്നില്ല എന്നും അങ്ങനെ ആയെങ്കിൽതന്നെ അത് സ്ഥിരീകരിക്കത്തക്ക തെളിവൊന്നും ഇല്ലാതിരിക്കെ യേശുവിനെ വധിക്കാൻ ഉപയോഗിച്ച സ്റേറാറോസ് ആ പ്രത്യേകാകൃതിയിലുളളതാണെന്ന് ഏതോ കാരണത്താൽ അനുമാനിച്ചതുകൊണ്ടു മാത്രമാണ് അങ്ങനെ സംഭവിച്ചതെന്നും ശ്രദ്ധാപൂർവ്വം വിശദീകരിക്കാതെയാണ് അവർ അപ്രകാരം ചെയ്തത്.”—പേ. 23, 24; ദ കംപാനിയൻ ബൈബിൾ (തെറ്റ്ഫോർഡ്, ഇംഗ്ലണ്ട്, 1974), അപ്പെൻഡിക്സ് നമ്പർ 162 കൂടെ കാണുക.അപ്രകാരം യേശു മരിച്ചത് ലംബമായ ഒരു സ്തംഭത്തിലാണെന്നും പരമ്പരാഗതമായ കുരിശിലല്ല എന്നുമാണ് തെളിവുകൾ സൂചിപ്പിക്കുന്നത്.
ക്രൈസ്തവലോകം ഉപയോഗിക്കുന്ന കുരിശിന്റെ ചരിത്രപരമായ ഉത്ഭവം എന്തായിരുന്നു?
“ക്രിസ്തീയ കാലത്തിന് വളരെ മുമ്പേയുളള പല വ്യത്യസ്ത വസ്തുക്കളും പുരാതന ലോകത്തിന്റെ മിക്കവാറും എല്ലാഭാഗങ്ങളിലും തന്നെ വിവിധ രൂപത്തിലുളള കുരിശുകൾ ആലേഖനം ചെയ്യപ്പെട്ടനിലയിൽ കണ്ടെത്തപ്പെട്ടിട്ടുണ്ട്. ഇൻഡ്യയും സിറിയയും പേർഷ്യയും ഈജിപ്ററുമെല്ലാം എണ്ണമററ ദൃഷ്ടാന്തങ്ങൾ ലഭ്യമാക്കിയിട്ടുണ്ട് . . . മതപരമായ ഒരു പ്രതീകമെന്ന നിലയിലുളള കുരിശിന്റെ ഉപയോഗം ക്രിസ്തീയ കാലത്തിന് മുൻപും അക്രൈസ്തവജനങ്ങളുടെയിടയിലും മിക്കവാറും ആഗോള വ്യാപകമായി ഉണ്ടായിരുന്നതായി കണക്കാക്കാം; മിക്കയിടങ്ങളിലും അതു പ്രകൃതിയാരാധനയുടെ ഏതെങ്കിലും രൂപത്തോട് ബന്ധപ്പെട്ടിരുന്നു.”—എൻസൈക്ലോപ്പീഡിയ ബ്രിട്ടാനിക്ക (1946), വാല്യം 6, പേ. 753.
“[രണ്ട് ദണ്ഡുകളുളള കുരിശിന്റെ] ആകൃതി പുരാതന കൽദയയിലാണ് ഉത്ഭവിച്ചത്, (തമ്മൂസിന്റെ പേരിന്റെ ആദ്യക്ഷരമായ നിഗൂഢ താവിന്റെ ആകൃതി അതിന് ഉണ്ടായിരുന്നതിനാൽ) അത് തമ്മൂസ് ദേവന്റെ പ്രതീകമായി ആ രാജ്യത്തും ഈജിപ്ററ് ഉൾപ്പെടെയുളള അയൽ രാജ്യങ്ങളിലും ഉപയോഗിക്കപ്പെട്ടിരുന്നു. ക്രി. വ. മൂന്നാം നൂററാണ്ടിന്റെ മദ്ധ്യത്തോടെ സഭകൾ ക്രിസ്തീയ വിശ്വാസത്തിന്റെ ചില പഠിപ്പിക്കലുകളിൽ നിന്ന് അകന്നു പോവുകയോ അവയെ വൈകൃതമാക്കുകയോ ചെയ്തിരുന്നു. വിശ്വാസത്യാഗിയായിത്തീർന്ന സഭാ വ്യവസ്ഥിതിയുടെ അന്തസ്സ് ഉയർത്തുന്നതിന് വിശ്വാസത്താലുളള നവീകരണം കൂടാതെ പുറജാതികൾ ക്രിസ്തീയ സഭയിലേക്ക് സ്വീകരിക്കപ്പെടുകയും
മിക്കവാറും അവരുടെ അടയാളങ്ങളും പ്രതീകങ്ങളും നിലനിർത്താൻ അനുവദിക്കപ്പെടുകയും ചെയ്തു. അതുകൊണ്ട് താവ് അല്ലെങ്കിൽ T ഏററം അധികമായി കാണപ്പെട്ട രൂപത്തിൽ, കുറുകെയുളള ദണ്ഡ് താഴ്ത്തിയ രൂപത്തിൽ, ക്രിസ്തുവിന്റെ കുരിശായി സ്വീകരിക്കപ്പെട്ടു.”—ആൻ എക്സ്പോസിറററി ഡിക്ഷ്നറി ഓഫ് ന്യൂ ടെസ്ററമെൻറ് വേഡ്സ് (ലണ്ടൻ, 1962), ഡബ്ളിയൂ. ഈ. വൈൻ, പേ. 256.“ക്രിസ്തുവിന്റെ ജനനത്തിന് വളരെ മുമ്പുളള കാലഘട്ടങ്ങളിലും, അതിനുശേഷം സഭയുടെ പഠിപ്പിക്കലുകൾ സ്പർശിക്കാത്ത ദേശങ്ങളിലും കുരിശ് ഒരു വിശുദ്ധ പ്രതീകമായി ഉപയോഗിക്കപ്പെട്ടിരുന്നു എന്നത് വിചിത്രമെങ്കിലും നിഷേധിക്കാനാവാത്ത ഒരു വസ്തുതയാണ്. . . . ഗ്രീക്ക് ബാക്കസ്സും ററിറിയൻ തമ്മൂസും കൽദേയൻ ബേലും നോഴ്സുകാരുടെ ഓഡിനുമെല്ലാം അവരുടെ ഭക്തൻമാർക്ക് ഒരു കുരിശു രൂപത്താൽ പ്രതീകപ്പെടുത്തപ്പെട്ടിരുന്നു.”—ദി ക്രോസ് ഇൻ റിച്ച്വൽ, ആർക്കിറെറക്ച്ചർ, ആൻഡ് ആർട്ട് (ലണ്ടൻ, 1900), ജി. എസ്സ് ററിയാക്ക്, പേ. 1.
“‘കൈപിടിയുളള കുരിശ്’ . . . ഈജിപ്ററിലെ പുരോഹിതൻമാരും പുരോഹിത രാജാക്കൻമാരും സൂര്യദേവന്റെ പുരോഹിതൻമാരെന്ന നിലയിലുളള അവരുടെ അധികാരത്തിന്റെ പ്രതീകമായി അവരുടെ കൈകളിൽ വഹിച്ചിരുന്നു, അത് ‘ജീവന്റെ ചിഹ്നം’ എന്ന് വിളിക്കപ്പെടുകയും ചെയ്തിരുന്നു.”—ദി വർഷിപ്പ് ഓഫ് ദി ഡെഡ് (ലണ്ടൻ, 1904), കേണൽ ജെ. ഗാർനിയർ, പേ. 226.
“ഈജിപ്ററിലെ സ്മാരകങ്ങളിലും ശവകുടീരങ്ങളിലും എല്ലായിടത്തും തന്നെ വിവിധ രൂപത്തിലുളള കുരിശുകൾ കാണപ്പെടുന്നു, അവയെ ലിംഗത്തിന്റെ [പുരുഷ ലൈംഗികാവയവത്തിന്റെ] അല്ലെങ്കിൽ രതിക്രിയയുടെ പ്രതീകമായാണ് പല പ്രാമാണികൻമാരും കണക്കാക്കുന്നത്. . . . ഈജിപ്ററിലെ ശവകുടീരങ്ങളിൽ ക്രുക്സ് അൻസാത്ത [മുകളിൽ ഒരു വളയം അല്ലെങ്കിൽ കൈ പിടിയുളള കുരിശ്] ലിംഗത്തിന്റെ ചിത്രീകരണത്തോടൊപ്പം കാണപ്പെടുന്നു.”—ഏ ഷോർട്ട് ഹിസ്റററി ഓഫ് സെക്സ് വർഷിപ്പ് (ലണ്ടൻ, 1940), എച്ച്. കട്നർ, പേ. 16, 17; ദി നോൺ ക്രിസ്ത്യൻ ക്രോസ്, പേ. 183 കൂടെ കാണുക.
“ബാബിലോന്യ സൂര്യദേവന്റെ പ്രതീകങ്ങളായിട്ടാണ് ഈ കുരിശുകൾ ഉപയോഗിക്കപ്പെട്ടിരുന്നത്, ⊕, അവ ആദ്യമായി ജൂലിയസ് സീസ്സറിന്റെ, ക്രി. മു. 100-44, ഒരു നാണയത്തിലും, പിന്നീട് അയാളുടെ പിൻഗാമി [അഗസ്ററസ്], ക്രി. മു. 20, അടിച്ച ഒരു നാണയത്തിലും കാണപ്പെടുന്നു. കോൺസ്ററൻറയിന്റെ നാണയങ്ങളിൽ ഏററം അധികമായി കാണപ്പെടുന്ന പ്രതീകം ആണ് ☧. ചുററുമുളള വൃത്തം കൂടാതെയും നെടുകെയും കുറുകെയുമായി തുല്യദൈർഘ്യമുളള നാലു ഭുജങ്ങളോടുകൂടെയുമുളള അതേ ചിഹ്നമാണ് ഇത്; ഇതായിരുന്നു ‘സൂര്യ ചക്രം’ എന്ന പേരിൽ വിശേഷാൽ ആരാധിക്കപ്പെട്ടു പോന്നത്. കോൺസ്ററൻറയിൻ സൂര്യദേവന്റെ ഒരു ആരാധകനായിരുന്നുവെന്നും ആകാശത്തിൽ അത്തരമൊരു കുരിശു കണ്ടതായുളള ഐതിഹ്യത്തിനും ഒരു കാൽ നൂററാണ്ടുകൂടെ കഴിഞ്ഞ ശേഷം മാത്രമാണ് അദ്ദേഹം ഒരു ‘പളളിയിൽ’ പ്രവേശിച്ചത് എന്നും കൂടെ പ്രസ്താവിക്കേണ്ടിയിരിക്കുന്നു.”—ദി കംപാനിയൻ ബൈബിൾ, അപ്പെൻഡിക്സ് നമ്പർ 162; ദി നോൺ ക്രിസ്ത്യൻ ക്രോസ്, പേ. 133-141 കൂടെ കാണുക.
കുരിശിനെ വന്ദിക്കുന്നത് തിരുവെഴുത്തുപരമായ ഒരു ആചാരമാണോ?
1 കൊരി. 10:14: “എന്റെ പ്രിയരേ, വിഗ്രഹാരാധന വിട്ടോടുവിൻ.” (ശക്തമായ ഭക്തിയുടെ വണക്കത്തിന്റെ അല്ലെങ്കിൽ ആരാധനയുടെ വിഷയമായ എന്തിന്റെയെങ്കിലും രൂപം അല്ലെങ്കിൽ പ്രതീകമാണ് വിഗ്രഹം.)
പുറ. 20:4, 5, JB: “നീ നിനക്കുവേണ്ടി ആകാശത്തിലൊ, താഴെ ഭൂമിയിലൊ, ഭൂമിക്കടിയിൽ വെളളത്തിലൊ ഉളള എന്തിന്റെയെങ്കിലും രൂപമോ സാദൃശ്യമോ കൊത്തിയുണ്ടാക്കരുത്; നീ അവയുടെ മുമ്പിൽ കുമ്പിടുകയോ അവയെ സേവിക്കുകയോ ചെയ്യരുത്.” (തന്റെ ജനം ആളുകൾ അവയുടെ മുമ്പിൽ കുമ്പിടാൻ തക്കവണ്ണം ഒരു പ്രതിമ ഉണ്ടാക്കുക പോലുമരുത് എന്ന് ദൈവം കൽപ്പിച്ചു എന്ന് കുറിക്കൊളളുക.)
ന്യൂ കാത്തലിക് എൻസൈക്ലോപ്പീഡിയയിലെ ഈ അഭിപ്രായ പ്രകടനം രസാവഹമാണ്: “ഗൊൽഗോഥയിലെ ക്രിസ്തുവിന്റെ രക്ഷാകര മരണത്തിന്റെ ചിത്രീകരണം ആദ്യ ക്രിസ്തീയ നൂററാണ്ടുകളിലെ പ്രതീകാത്മക കലാസൃഷ്ടികളിൽ കാണപ്പെടുന്നില്ല. കൊത്തിയുണ്ടാക്കിയ പ്രതിമകൾ സംബന്ധിച്ച പഴയ നിയമ വിലക്കുകളാൽ സ്വാധീനിക്കപ്പെട്ടിട്ട് കർത്താവിന്റെ പീഡാസഹന ഉപകരണം പോലും ചിത്രീകരിക്കാൻ ആദിമ ക്രിസ്ത്യാനികൾക്കു മനസ്സില്ലായിരുന്നു.”—(1967), വാല്യം IV, പേ. 486.
ഒന്നാം നൂററാണ്ടിലെ ക്രിസ്ത്യാനികളെക്കുറിച്ച് ഹിസ്റററി ഓഫ് ദി ക്രിസ്ത്യൻ ചർച്ച് എന്ന പുസ്തകം പറയുന്നു: “കുരിശു രൂപത്തിന്റെ ഉപയോഗമോ ഏതെങ്കിലും വസ്തുക്കൾ കൊണ്ടുളള കുരിശിന്റെ ചിത്രീകരണമോ ഇല്ലായിരുന്നു.”—(ന്യൂയോർക്ക്, 1897), ജെ. എഫ്. ഹേർസ്ററ്, വാല്യം I, പേ. 366.
ഒരു വ്യക്തി ഒരു കുരിശ് വിലപ്പെട്ടതായി കാത്തുസൂക്ഷിക്കുന്നുവെങ്കിലും അതിനെ ആരാധിക്കാത്തിടത്തോളം അതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ?
നിങ്ങളുടെ ഏററം അടുത്ത ഒരു സുഹൃത്ത് ഒരു തെററായ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ വധിക്കപ്പെട്ടാൽ നിങ്ങൾക്ക് എന്തു തോന്നും? നിങ്ങൾ ആ വധായുധത്തിന്റെ ഒരു രൂപമുണ്ടാക്കുമോ? നിങ്ങൾ അതു വിലപ്പെട്ടതായി കണക്കാക്കുമോ, അതോ അത് കാണാതിരിക്കാൻ തന്നെ നിങ്ങൾ ആഗ്രഹിക്കുമോ?
പുരാതന യിസ്രായേലിൽ അവിശ്വസ്തരായ യഹൂദൻമാർ വ്യാജദൈവമായ തമ്മൂസിന്റെ മരണത്തെച്ചൊല്ലി വിലപിച്ചിരുന്നു. അവർ ചെയ്തുകൊണ്ടിരുന്നതിനെപ്പററി ഒരു ‘മ്ലേച്ഛകാര്യം’ എന്ന നിലയിൽ യഹോവ സംസാരിച്ചു. (യെഹെ. 8:13, 14) ചരിത്രം പറയുംപ്രകാരം തമ്മൂസ് ഒരു ബാബിലോന്യ ദേവനായിരുന്നു. കുരിശ് തമ്മൂസിന്റെ ചിഹ്നമായി ഉപയോഗിക്കപ്പെട്ടിരുന്നു. നിമ്രോദിന്റെ നാളുകളിലെ ബാബിലോന്റെ തുടക്കം മുതൽ അത് യഹോവയ്ക്ക് എതിരും സത്യാരാധനയുടെ ശത്രുവും ആയിരുന്നു. (ഉൽപ. 10:8-10; യിരെ. 50:29) അതുകൊണ്ട് കുരിശിനെ പൂജ്യമായി കണക്കാക്കുക വഴി ഒരു വ്യക്തി സത്യദൈവത്തിനെതിരായ ഒരു ആരാധനാ ചിഹ്നത്തെയാണ് ബഹുമാനിക്കുന്നത്.
യെഹെസ്ക്കേൽ 8:17 പ്രസ്താവിക്കുന്ന പ്രകാരം വിശ്വാസത്യാഗികളായ യഹൂദൻമാർ ‘യഹോവയുടെ മൂക്കിന് നേരെ ചുളളി നീട്ടി.’ അവൻ അതിനെ “മ്ലേച്ഛവും” തന്നെ ‘വെറുപ്പിക്കുന്നതു’മായി വീക്ഷിച്ചു. എന്തുകൊണ്ട്? ഈ “ചുളളി” ചില വ്യാഖ്യാതാക്കൾ വിശദീകരിക്കുന്ന പ്രകാരം ലിംഗാരാധനയിൽ ഉപയോഗിച്ചിരുന്ന പുരുഷ ലൈംഗികാവയവത്തെ പ്രതിനിധാനം ചെയ്തു. അങ്ങനെയെങ്കിൽ നാം കണ്ടു കഴിഞ്ഞതുപോലെ പുരാതനകാലത്ത് ലിംഗാരാധനയുടെ ഒരു പ്രതീകമായി ഉപയോഗിച്ചിരുന്ന കുരിശിന്റെ ഉപയോഗത്തെ യഹോവ എങ്ങനെ വീക്ഷിക്കും?