ഗവൺമെൻറ്
നിർവ്വചനം: നിയമങ്ങൾ നിർമ്മിക്കുന്നതിനും അവ നടപ്പാക്കുന്നതിനുമുളള ക്രമീകരണം. ഗവൺമെൻറുകൾ അവയുടെ അധികാരത്തിന്റെ ഉറവും പരിധിയും അനുസരിച്ച് ഇനം തിരിക്കപ്പെട്ടിരിക്കുന്നു. തന്റെ ഇഷ്ടത്തിനും ഉദ്ദേശ്യത്തിനും ചേർച്ചയിൽ മററുളളവർക്ക് അധികാരം നൽകുന്ന അഖിലാണ്ഡപരമാധികാരി യഹോവയാണ്. എന്നിരുന്നാലും യഹോവയുടെ പരമാധികാരത്തിന്റെ മുഖ്യ എതിരാളിയായ പിശാചായ സാത്താനാണ് “ഈ ലോകത്തിന്റെ ഭരണാധിപൻ”—ഇത് ദൈവത്തിന്റെ അനുവാദത്തോടെ ഒരു പരിമിതമായ കാലത്തേക്കാണ്. ബൈബിൾ ആഗോള രാഷ്ട്രീയ ഭരണവ്യവസ്ഥിതിയെ ഒരു മൃഗമായി ചിത്രീകരിക്കുകയും “മഹാസർപ്പം [പിശാചായ സാത്താൻ] മൃഗത്തിന് അതിന്റെ ബലവും അതിന്റെ സിംഹാസനവും വലിയ അധികാരവും നൽകി” എന്ന് പറയുകയും ചെയ്യുന്നു.—യോഹ. 14:30; വെളി. 13:2; 1 യോഹ. 5:19.
നിലനിൽക്കുന്ന സന്തുഷ്ടി വാസ്തവമായും കൈവരുത്തുന്ന ഒരു ഗവൺമെൻറ് സ്ഥാപിക്കാൻ മനുഷ്യർക്ക് സാദ്ധ്യമാണോ?
മനുഷ്യ ചരിത്രത്തിന്റെ രേഖ എന്തു കാണിക്കുന്നു?
സഭാ. 8:9: “മനുഷ്യൻ മനുഷ്യന്റെമേൽ അവന്റെ ദോഷത്തിനായി അധികാരം നടത്തിയിരിക്കുന്നു.” (ചില ഗവൺമെൻറുകളും ഭരണാധിപൻമാരും വളരെ ഉയർന്ന ആദർശങ്ങളുമായി ഭരണം ആരംഭിച്ചിട്ടുണ്ടെങ്കിലും ഇത് സത്യമാണ്.)
“നിലവിൽ വന്നിട്ടുളള എല്ലാ സംസ്ക്കാരങ്ങളും അന്തിമമായി തകർന്നു പോയിട്ടുണ്ട്. ചരിത്രം പരാജയപ്പെട്ട ശ്രമങ്ങളുടെ അല്ലെങ്കിൽ നടപ്പിൽ വരുത്താൻ കഴിയാഞ്ഞ മോഹങ്ങളുടെ ഒരു കഥയാണ്. . . . അതുകൊണ്ട് ഒരു ചരിത്രകാരനെന്ന നിലയിൽ ഒരുവൻ ദുരന്തം ഒഴിവാക്കാനാവില്ല എന്ന ബോധത്തോടെ ജീവിക്കേണ്ടിയിരിക്കുന്നു.”—രാഷ്ട്രീയ ശാസ്ത്രജ്ഞനും ഭരണം സംബന്ധിച്ച പ്രൊഫസറുമായ ഹെൻട്രി കിസ്സിംഗർ ദി ന്യൂയോർക്ക് ടൈംസ്, ഒക്ടോബർ 13, 1974, പേ. 30B-ൽ ഉദ്ധരിക്കപ്പെട്ടപ്രകാരം.
ഭരണതലത്തിൽ മാനുഷ ശ്രമങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നത് എന്ത്?
യിരെ. 10:23: “യഹോവേ, ഭൗമമനുഷ്യനുളളതല്ല അവന്റെ വഴിയെന്ന് ഞാൻ നന്നായി അറിയുന്നു. തന്റെ കാലടികളെ നയിക്കുന്നതുപോലും നടക്കുന്ന മനുഷ്യനുളളതല്ല.” (തന്റെ മാനുഷ സൃഷ്ടികൾ ദൈവത്തിൽ നിന്ന് സ്വതന്ത്രരായി സ്വന്തം പാത കണ്ടുപിടിക്കാൻ ദൈവം അവരെ അധികാരപ്പെടുത്തിയില്ല.)
ഉൽപ. 8:21: “മനുഷ്യന്റെ ഹൃദയത്തിന്റെ ചായ്വ് അവന്റെ ബാല്യം മുതൽ തന്നെ ചീത്തയാണ്.” (ഭരണാധിപൻമാർ മാത്രമല്ല ഭരിക്കപ്പെടുന്നവരുമെല്ലാം സ്വാർത്ഥചായ്വുകൾ സഹിതം പാപത്തിൽ ജനിച്ചിരിക്കുന്നു.)
2 തിമൊ. 3:1-4: “അന്ത്യനാളുകളിൽ ഇടപെടാൻ പ്രയാസമേറിയ സമയങ്ങൾ വരും. എന്തുകൊണ്ടെന്നാൽ മനുഷ്യർ സ്വസ്നേഹികളും പണസ്നേഹികളും . . . യാതൊന്നിനും വഴങ്ങാത്തവരും . . . അഹങ്കാരത്താൽ ചീർത്തവരും ആയിരിക്കും.” (ഇന്ന് മനുഷ്യവർഗ്ഗം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ സ്ഥായിയായി പരിഹരിക്കുന്നതിന് ഒററ രാഷ്ട്രത്തെക്കൊണ്ട് കഴിയുകയില്ല; അതിന് പൂർണ്ണമായ അന്താരാഷ്ട്ര സഹകരണം ആവശ്യമാണ്. എന്നാൽ സ്വാർത്ഥ താൽപര്യങ്ങൾ അതിന് തടസ്സം സൃഷ്ടിക്കുകയും രാഷ്ട്രത്തിനുളളിൽ തന്നെയുളള വിവിധ സംഘടനകൾക്കിടയിലെ യഥാർത്ഥ സഹകരണത്തിന് വിലങ്ങു തടിയായിരിക്കുകയും ചെയ്യുന്നു.)
മനുഷ്യരുടെ കാര്യാദികളിൽ മനുഷ്യാതീത ശക്തികൾ ഇടപെടുന്നുണ്ടെന്നും ബൈബിൾ വെളിപ്പെടുത്തുന്നു. “മുഴു ലോകവും ദുഷ്ടനായവന്റെ അധികാരത്തിൽ കിടക്കുന്നു.” (1 യോഹ. 5:19) “നമുക്ക് പോരാട്ടം ഉളളത് ജഡരക്തങ്ങളോടല്ല, മറിച്ച് . . . ഈ അന്ധകാരത്തിന്റെ ലോകാധിപതികളോട്, സ്വർഗ്ഗീയ സ്ഥലങ്ങളിലെ ദുഷ്ടാത്മസേനകളോട് അത്രേ.” (എഫേ. 6:12) “സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തിന് മുഴുനിവസിത ഭൂമിയിലെയും രാജാക്കൻമാരെ കൂട്ടിച്ചേർക്കേണ്ടതിന് . . . ഭൂതനിശ്വസ്തമൊഴികൾ അവരുടെ അടുക്കലേക്ക് പുറപ്പെടുന്നു.”—വെളി. 16:14.
മനുഷ്യർക്ക് ഗവൺമെൻറിന്റെ അഴിമതിയിൽ നിന്നും മർദ്ദനത്തിൽ നിന്നും സ്ഥായിയായ ആശ്വാസം എങ്ങനെ നേടാം?
മററാളുകളെ അധികാരത്തിലേററുന്നത് പ്രശ്നം പരിഹരിക്കുമോ?
സ്വതന്ത്രമായ തെരഞ്ഞെടുപ്പ് ഉളളയിടങ്ങളിൽ അധികാരത്തിലിരിക്കുന്ന ആളുകൾ താരതമ്യേന ചുരുങ്ങിയ വർഷങ്ങളിൽ അധികാരത്തിൽനിന്ന് സാധാരണയായി പുറത്താക്കപ്പെടുന്നു എന്നത് വാസ്തവമല്ലേ? എന്തുകൊണ്ട്? അവരുടെ പ്രവർത്തനത്തിൽ ഭൂരിഭാഗം പേരും സംതൃപ്തരല്ല.
സങ്കീ. 146:3, 4: “നിങ്ങൾ പ്രഭുക്കൻമാരിലും രക്ഷിക്കാൻ കഴിയാത്ത ഭൗമമനുഷ്യപുത്രനിലും ആശ്രയം വയ്ക്കരുത്. അവന്റെ ആത്മാവ് പോകുന്നു, അവൻ തന്റെ മണ്ണിലേക്ക് തിരികെ പോകുന്നു; അന്നുതന്നെ അവന്റെ ചിന്തകൾ നശിക്കുന്നു.” (അതുകൊണ്ട് കാര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഭരണാധികാരികൾ ഏർപ്പെടുത്തുന്ന ഏതു പദ്ധതിയും മററുളളവരുടെ കൈകളിൽ ചെന്നെത്തുകയും മിക്കപ്പോഴും ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്നു.)
ഭരണാധിപൻ ആരുതന്നെ ആയിരുന്നാലും അയാൾ അപ്പോഴും സാത്താന്റെ അധികാരത്തിൽ കിടക്കുന്ന ലോകത്തിന്റെ ഭാഗമായിരിക്കും.—1 യോഹ. 5:19.
അക്രമാസക്ത വിപ്ലവം ആണോ അതിനുളള പ്രതിവിധി?
അഴിമതിക്കാരായ ഭരണാധിപൻമാർ പുറത്താക്കപ്പെട്ടാലും അനീതിപരമായ നിയമങ്ങൾ റദ്ദാക്കപ്പെട്ടാലും പുതിയ ഗവൺമെൻറ് അപ്പോഴും അപൂർണ്ണരായ മനുഷ്യരാലുളളതും സാത്താന്റെ നിയന്ത്രണത്തിലാണെന്ന് ബൈബിൾ വ്യക്തമായി പറയുന്ന രാഷ്ട്രീയ വ്യവസ്ഥിതിയുടെ ഭാഗവുമായിരിക്കും.
മത്താ. 26:52: “നിന്റെ വാൾ അതിന്റെ സ്ഥാനത്തു തിരികെ വയ്ക്കുക, എന്തുകൊണ്ടെന്നാൽ വാൾ എടുക്കുന്നവരെല്ലാം വാളാൽ നശിക്കും.” (ദൈവപുത്രന് എതിരെതന്നെ ഗവൺമെൻറിന്റെ അധികാരം അന്യായമായി ഉപയോഗിക്കപ്പെട്ട ഒരു സമയത്താണ് യേശു ഇത് തന്റെ അപ്പോസ്തലൻമാരിൽ ഒരാളോട് പറഞ്ഞത്. പൊരുതുന്നത് ശരിയായ ഒരു സംഗതിയായിരുന്നെങ്കിൽ ഇതിലും മെച്ചമായ ഏതു കാര്യത്തിനുവേണ്ടിയായിരുന്നു ഒരുവന് പൊരുതാമായിരുന്നത്?)
സദൃ. 24:21, 22: “എന്റെ മകനെ, യഹോവയെയും രാജാവിനെയും ഭയപ്പെടുക. ഒരു മാററത്തിനുവേണ്ടി നിൽക്കുന്നവരോട് ഇടപെടരുത്. അവരുടെ ആപത്ത് പെട്ടെന്നു വരും, മാററത്തിനുവേണ്ടി നിൽക്കുന്നവർക്കു വരുന്ന നാശം ആരറിയുന്നു?”
അപ്പോൾ പിന്നെ അഴിമതിയുടെയും മർദ്ദനത്തിന്റെയും ആയ പ്രശനങ്ങൾക്കുളള പരിഹാരമെന്താണ്?
ദാനി. 2:44: “സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിപ്പിക്കപ്പെടുകയില്ലാത്ത ഒരു രാജ്യം [ഒരു ഗവൺമെൻറ്] സ്ഥാപിക്കും. ആ രാജ്യം മറെറാരു ജനത്തിന് ഏൽപ്പിക്കപ്പെടുകയില്ല. അത് ഈ രാജ്യങ്ങളെയെല്ലാം തകർത്ത് നശിപ്പിക്കുകയും അതു തന്നെ അനിശ്ചിതകാലങ്ങളോളം നിലനിൽക്കുകയും ചെയ്യും.”
സങ്കീ. 72:12-14: “സഹായത്തിനുവേണ്ടി നിലവിളിക്കുന്ന ദരിദ്രനെയും സഹായിക്കാനാളില്ലാതെ ദുരിതമനുഭവിക്കുന്നവനെയും അവൻ [യഹോവ നിയമിച്ചിരിക്കുന്ന രാജാവായ യേശുക്രിസ്തു] വിടുവിക്കും. എളിയവനോടും ദരിദ്രനോടും അവന് ദയ തോന്നും, ദരിദ്രരുടെ ദേഹികളെ അവൻ രക്ഷിക്കും. മർദ്ദനത്തിൽ നിന്നും അക്രമത്തിൽനിന്നും അവൻ അവരുടെ ദേഹിയെ വീണ്ടെടുക്കും, അവരുടെ രക്തം അവന്റെ ദൃഷ്ടിയിൽ വിലയേറിയതായിരിക്കും.” (ഭൂമിയിലായിരുന്നപ്പോൾ അത്തരം ആളുകളോട് അവനുണ്ടായിരുന്ന താൽപ്പര്യം—അവരെ സൗഖ്യമാക്കിയതും, ജനക്കൂട്ടങ്ങൾക്ക് ആഹാരം നൽകിയതും അവർക്കുവേണ്ടി തന്റെ ജീവനെപ്പോലും നൽകിയതും—വാസ്തവത്തിൽ പ്രവചനങ്ങളിൽ മുൻകൂട്ടിപ്പറഞ്ഞ വിധത്തിലുളള രാജാവായിരിക്കും അവനെന്ന് കാണിക്കുന്നു.)
“രാജ്യം” എന്ന ശീർഷകത്തിൻ കീഴിൽ 227-232 പേജുകൾ കൂടെ കാണുക.
ഗവൺമെൻറിന്റെ ഭാവി സംബന്ധിച്ച് ബൈബിൾ പറയുന്നത് നാം ഗൗരവമായി എടുക്കേണ്ടത എന്തുകൊണ്ട്?
മനുഷ്യർക്ക് അടിയന്തിരമായി ആവശ്യമായിരിക്കുന്നത് മാനുഷഭരണാധിപൻമാർ നൽകുന്നില്ല
മനുഷ്യർക്ക് എല്ലായിടത്തും അത്യാവശ്യമായിരിക്കുന്നതും മാനുഷഗവൺമെൻറുകൾ നൽകാത്തതും എന്നാൽ ദൈവം വാഗ്ദാനം ചെയ്തിട്ടുളളതുമായ ഈ കാര്യങ്ങൾ പരിഗണിക്കുക: (1) യുദ്ധഭീഷണിയിൽ നിന്ന് സ്വതന്ത്രമായ ഒരു ലോകത്തിലെ ജീവിതം.—യെശ. 2:4; സങ്കീ. 46:9, 10. (2) എല്ലാവർക്കും വേണ്ടത്ര ഭക്ഷണം.—സങ്കീ. 72:16. (3) എല്ലാവർക്കും സുഖപ്രദമായ പാർപ്പിടം.—യെശ. 65:21. (4) തങ്ങൾക്കും തങ്ങളുടെ കുടുംബത്തിനും വേണ്ടി കരുതാൻ ആവശ്യമുളളവർക്കെല്ലാം സംതൃപ്തിദായകമായ തൊഴിൽ.—യെശ. 65:22. (5) രോഗത്താലും അസുഖങ്ങളാലും വികലമാക്കപ്പെടാത്ത ജീവിതം.—വെളി. 21:3, 4. (6) നീതി; മതപരവും വർഗ്ഗീയവും സാമ്പത്തികവും ദേശീയവുമായ മുൻവിധികളിൽ നിന്നുളള വിടുതൽ.—യെശ. 9:7; 11:3-5. (7) ഒരുവന്റെ ജീവനോ വസ്തുക്കൾക്കോ കുററവാളികളിൽ നിന്നുളള ഭീഷണി കൂടാതെയുളള സുരക്ഷിതമായ ജീവിതത്തിന്റെ ആസ്വാദനം.—മീഖാ 4:4; സദൃ. 2:22. (8) ഏററം വിലമതിക്കപ്പെടുന്ന ഗുണങ്ങളിൽ സ്നേഹവും ദയയും സഹമനുഷ്യരോടുളള പരിഗണനയും സത്യസന്ധതയും ഉൾപ്പെടുന്ന ഒരു ലോകം.—സങ്കീ. 85:10, 11; ഗലാ. 5:22, 23.
ആയിരക്കണക്കിന് വർഷങ്ങളിലൂടെ രാഷ്ട്രീയ ഭരണാധികാരികൾ തങ്ങളുടെ ജനങ്ങൾക്ക് മെച്ചപ്പെട്ട അവസ്ഥകൾ വാഗ്ദാനം ചെയ്തുകൊണ്ടാണിരിക്കുന്നത്. എന്തു ഫലങ്ങളോടെ? പല രാജ്യങ്ങളിലും ആളുകൾക്ക് ഭൗതിക സ്വത്തുക്കളുണ്ടെങ്കിലും അവർ സന്തുഷ്ടരല്ല, അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ മുമ്പെന്നത്തേക്കാൾ സങ്കീർണ്ണവുമാണ്.
ബൈബിൾ പ്രവചനങ്ങൾ പൂർണ്ണമായും ആശ്രയയോഗ്യമെന്ന് തെളിഞ്ഞിരിക്കുന്നു
ബാബിലോൺ ലോകാധിപത്യത്തിലേക്ക് വരുമെന്നും അവസാനം അതിന്റെ അധികാരം എങ്ങനെ തകർന്നു പോകുമെന്നും നശിപ്പിക്കപ്പെട്ടുകഴിഞ്ഞാൽ അതിന്റെ തലസ്ഥാന നഗരിയിൽ മേലാൽ മനുഷ്യവാസം ഉണ്ടായിരിക്കുകയില്ല എന്ന വസ്തുതയും ഒരു നൂററാണ്ടു മുമ്പുതന്നെ ദൈവത്തിന്റെ വചനം മുൻകൂട്ടിപ്പറഞ്ഞു. (യെശ. 13:17-22) കോരെശ് ജനിക്കുന്നതിന് ഏതാണ്ട് രണ്ട് നൂററാണ്ടു മുമ്പുതന്നെ ബൈബിൾ അയാളുടെ പേരും അന്താരാഷ്ട്ര കാര്യങ്ങളിൽ അയാൾക്കുളള പങ്കും മുൻകൂട്ടിപ്പറഞ്ഞു. (യെശ. 44:28; 45:1, 2) മേദോപേർഷ്യ ഒരു ലോകശക്തിയാകുന്നതിന് മുൻപുതന്നെ അതിന്റെ ഉയർച്ചയും അത് രണ്ടു ശക്തികൾ ചേർന്നുളളതാണെന്ന വസ്തുതയും അത് എങ്ങനെ അവസാനിക്കുമെന്ന കാര്യവും എല്ലാം മൂൻകൂട്ടി പറയപ്പെട്ടു. ഏതാണ്ട് രണ്ടു നൂററാണ്ടുകൾക്ക് മുൻപുതന്നെ ഗ്രീസ്സിലെ ആദ്യരാജാവിന്റെ കീഴിലെ ആ ലോകസാമ്രാജ്യത്തിന്റെ ഗതിയും അതിന് ശേഷം അത് നാലായി പിരിയുമെന്ന സംഗതിയും മുൻകൂട്ടിപ്പറയപ്പെട്ടു.—ദാനി. 8:1-8, 20-22.
ബൈബിൾ നമ്മുടെ നാളിലെ അവസ്ഥകൾ വിശദമായി മുൻകൂട്ടിപ്പറഞ്ഞു. ദൈവത്തിന്റെ കയ്യാൽ സകല മാനുഷഗവൺമെൻറുകളും അവസാനിപ്പിക്കപ്പെടുമെന്നും ദൈവപുത്രനായ യേശുക്രിസ്തുവിന്റെ കൈകളിലെ മശിഹൈക രാജ്യം മുഴു മനുഷ്യവർഗ്ഗത്തെയും ഭരിക്കുമെന്നും നമുക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിരിക്കുന്നു.—ദാനി. 2:44; 7:13, 14.
തികച്ചും ആശ്രയയോഗ്യമെന്ന് തെളിഞ്ഞിരിക്കുന്ന വിവരങ്ങളുടെ ഈ ഉറവിന് ശ്രദ്ധകൊടുക്കുന്നത് ജ്ഞാനത്തിന്റെ ഗതിയായിരിക്കുകയില്ലേ?
മനുഷ്യവർഗ്ഗത്തിന്റെ പ്രശ്നങ്ങൾക്കുളള ഏക യഥാർത്ഥ പരിഹാരം ദൈവത്താലുളള ഗവൺമെൻറ് മാത്രമാണ്
പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങൾ യാതൊരു മനുഷ്യർക്കും ഇല്ലാത്തതരം ശക്തിയും പ്രാപ്തികളും ഗുണങ്ങളും ആവശ്യമാക്കിത്തീർക്കുന്നു. മനുഷ്യവർഗ്ഗത്തെ പിശാചിന്റെയും അവന്റെ ഭൂതങ്ങളുടെയും സ്വാധീനത്തിൽ നിന്ന് സ്വതന്ത്രമാക്കാൻ ദൈവത്തിന് കഴിയും, അങ്ങനെ ചെയ്യുമെന്ന് അവൻ
വാഗ്ദാനം ചെയ്തിട്ടുമുണ്ട്. എന്നാൽ യാതൊരു മനുഷ്യനും അതിന് കഴിയുകയില്ല. വൈദ്യശാസ്ത്രത്തിന് ഒരിക്കലും ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ചെയ്യുന്നതിന് ദൈവം കരുതൽ ചെയ്തിട്ടുണ്ട്—രോഗവും മരണവും അവസാനിപ്പിക്കുകയും ആളുകൾ ആഗ്രഹിക്കുന്ന തരം വ്യക്തികളായിരിക്കുന്നത് സാദ്ധ്യമാക്കുകയും ചെയ്തുകൊണ്ട് പാപം നീക്കിക്കളയുക. ഭക്ഷ്യോൽപ്പാദനം സംബന്ധിച്ച പ്രശ്നം പരിഹരിക്കുന്നതിനും അപായകരമായ മലിനീകരണം തടയുന്നതിനും ആവശ്യമായ (ഭൂമിയെയും സകല ജീവിത പ്രക്രിയയെയും സംബന്ധിച്ച) അറിവ് സ്രഷ്ടാവിനുണ്ട്, എന്നാൽ മാനുഷ ശ്രമങ്ങൾ മിക്കപ്പോഴും കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ദൈവവചനം നൽകുന്ന മാർഗ്ഗനിർദ്ദേശത്തോട് പ്രതികരിക്കുന്നവർ ദയയും സ്നേഹവും ഉയർന്ന ധാർമ്മിക നിലവാരങ്ങളുമുളളവരായി, എല്ലാ ജനതകളിൽ നിന്നും വംശങ്ങളിൽ നിന്നും ഭാഷാകൂട്ടങ്ങളിൽ നിന്നും ഉളളവരാണെങ്കിലും സഹമനുഷ്യർക്കെതിരെ ആയുധമെടുക്കാൻ വിസമ്മതിക്കുന്ന ഒരു സമൂഹമായി, യഥാർത്ഥ സമാധാനത്തിലും സാഹോദര്യത്തിലും ജീവിക്കാൻ കഴിയത്തക്കവണ്ണം ദൈവവചനം ഇപ്പോൾ തന്നെ അവരുടെ ജീവിതത്തിന് മാററം വരുത്തുന്നു.ദൈവരാജ്യം എപ്പോഴാണ് ഇപ്പോഴത്തെ ഈ വ്യവസ്ഥിതിയെ നീക്കം ചെയ്യുന്നത്? “തീയതികൾ” എന്നും “അന്ത്യനാളുകൾ” എന്നും ഉളള മുഖ്യശീർഷകങ്ങൾ കാണുക.