വിശ്വാസത്യാഗം
നിർവ്വചനം: ദൈവത്തിന്റെ ആരാധനയും സേവനവും വിട്ടുകളയുന്നത് അല്ലെങ്കിൽ ഉപേക്ഷിക്കുന്നതാണ് വിശ്വാസത്യാഗം, വാസ്തവത്തിൽ യഹോവയാം ദൈവത്തിനെതിരെയുളള ഒരു മൽസരം. ചില വിശ്വാസത്യാഗികൾ ദൈവത്തെ അറിയുന്നതായും സേവിക്കുന്നതായും അവകാശപ്പെടുന്നു, എന്നാൽ അവർ അവന്റെ വചനത്തിലെ ഉപദേശങ്ങൾ അല്ലെങ്കിൽ നിബന്ധനകൾ തളളിക്കളയുന്നു. മററുചിലർ ബൈബിൾ വിശ്വസിക്കുന്നതായി അവകാശപ്പെടുന്നു, എന്നാൽ യഹോവയുടെ സ്ഥാപനത്തെ തിരസ്ക്കരിക്കുന്നു.
ക്രിസ്തീയ സഭക്കുളളിൽ വിശ്വാസത്യാഗികൾ എഴുന്നേൽക്കുമെന്ന് നാം പ്രതീക്ഷിക്കണമോ?
1 തിമൊ. 4:1: “ഭാവികാലത്ത് ചിലർ വഴിതെററിക്കുന്ന നിശ്വസ്ത മൊഴികൾക്കും ഭൂതങ്ങളുടെ ഉപദേശങ്ങൾക്കും ശ്രദ്ധകൊടുത്തുകൊണ്ട് വിശ്വാസത്തിൽനിന്ന് വീണുപോകുമെന്ന് നിശ്വസ്തമൊഴി സുനിശ്ചിതമായി പറയുന്നു.”
2 തെസ്സ. 2:3: “ഏതെങ്കിലും വിധത്തിൽ നിങ്ങളെ ആരും വഞ്ചിക്കാതിരിക്കട്ടെ, എന്തുകൊണ്ടെന്നാൽ ആദ്യം വിശ്വാസത്യാഗം സംഭവിക്കുകയും നാശപുത്രനായ അധർമ്മമനുഷ്യൻ വെളിപ്പെട്ടുവരികയും ചെയ്യാത്തപക്ഷം [യഹോവയുടെ ദിവസം] വരികയില്ല.”
വിശ്വാസത്യാഗികളെ തിരിച്ചറിയിക്കുന്ന ചില അടയാളങ്ങൾ—
കക്ഷിതിരിവുകൾക്ക് ഇടയാക്കിക്കൊണ്ട് മററുളളവരെ തങ്ങളുടെ അനുയായികളാക്കാൻ അവർ ശ്രമിക്കുന്നു
പ്രവൃ. 20:30: “തങ്ങളുടെ പിന്നാലെ ശിഷ്യൻമാരെ വലിക്കാൻ വേണ്ടി നിങ്ങളുടെ ഇടയിൽ നിന്നു തന്നെ പുരുഷൻമാർ എഴുന്നേററ് വളച്ചൊടിച്ച കാര്യങ്ങൾ സംസാരിക്കും.”
2 പത്രോ. 2:1, 3: “നിങ്ങളുടെ ഇടയിൽ വ്യാജോപദേഷ്ടാക്കൻമാരും ഉണ്ടായിരിക്കും. ഇവർതന്നെ ഒതുക്കത്തിൽ നാശകരമായ മതവിഭാഗങ്ങളെ കടത്തിക്കൊണ്ടു വരികയും തങ്ങളെ വിലക്കുവാങ്ങിയ ഉടമസ്ഥനെ പോലും തളളിപ്പറയുകയും ചെയ്യും . . . കൂടാതെ, അത്യാഗ്രഹത്തോടെ കൗശലവാക്കുകൾ പറഞ്ഞു അവർ നിങ്ങളെ ചൂഷണം ചെയ്യും.”
അവർ ക്രിസ്തുവിൽ വിശ്വസിക്കുന്നതായി അവകാശപ്പെട്ടേക്കാം, എന്നാൽ അവൻ തന്റെ അനുയായികൾക്ക് നിയോഗിച്ചുകൊടുത്ത, പ്രസംഗിക്കാനും പഠിപ്പിക്കാനുമുളള വേലയെ അവർ നിസ്സാരമായി എടുക്കുന്നു
ലൂക്കോ. 6:46: “നിങ്ങൾ എന്നെ ‘കർത്താവേ!, കർത്താവേ!’ എന്ന് വിളിക്കുകയും ഞാൻ പറയുന്ന കാര്യങ്ങൾ ചെയ്യാതിരിക്കുകയും ചെയ്യുന്നതെന്ത്?”
മത്താ. 28:19, 20: “ആകയാൽ നിങ്ങൾ പോയി ഞാൻ നിങ്ങളോട് കൽപിച്ചിട്ടുളളതെല്ലാം അനുസരിപ്പാൻ തക്കവണ്ണം ഉപദേശിച്ചുകൊണ്ട് സകല രാഷ്ട്രങ്ങളിലെയും ആളുകളെ . . . സ്നാപനപ്പെടുത്തി ശിഷ്യരാക്കിക്കൊൾവിൻ.”
മത്താ. 24:14: “രാജ്യത്തിന്റെ ഈ സുവാർത്ത സകല ജനതകൾക്കും സാക്ഷ്യത്തിനായി നിവസിത ഭൂമിയിലെല്ലാം പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.”
അവർ ദൈവത്തെ സേവിക്കുന്നതായി അവകാശപ്പെട്ടേക്കാം, എന്നാൽ അവന്റെ പ്രതിനിധികളെ, അവന്റെ ദൃശ്യസ്ഥാപനത്തെ തളളിക്കളയുന്നു
യൂദ 8, 11: “അങ്ങനെതന്നെ ഇവരും ‘സ്വപ്നാവസ്ഥയിലായി’ ജഡത്തെ മലിനമാക്കുകയും കർത്തൃത്വത്തെ തുച്ഛീകരിക്കുകയും മഹത്വമുളളവരെ ദുഷിക്കുകയും ചെയ്യുന്നു. അവർക്ക് അയ്യോ കഷ്ടം, എന്തുകൊണ്ടെന്നാൽ അവർ . . . കോരഹിന്റെ മൽസര സംസാരത്തിൽ നശിച്ചു പോയിരിക്കുന്നു!”
സംഖ്യ. 16:1-3, 11, 19-21: “കോരഹ് . . . ഇസ്രായേൽ പുത്രൻമാരും സഭാപ്രധാനികളുമായ . . . ഇരുനൂററിയൻപത് പുരുഷൻമാരോടുകൂടെ എഴുന്നേററു . . . അവർ മോശക്കും അഹരോനുമെതിരായി സംഘം ചേർന്ന് അവരോട് പറഞ്ഞു: ‘മതി, മതി, എന്തുകൊണ്ടെന്നാൽ സഭ മുഴുവൻ വിശുദ്ധമാകുന്നു; യഹോവ അവരുടെ മദ്ധ്യേ ഉണ്ട്. ആ സ്ഥിതിക്ക് നിങ്ങൾ എന്തിന് നിങ്ങളെത്തന്നെ യഹോവയുടെ സഭക്ക് മേലായി ഉയർത്തണം?’ . . . [മോശ പറഞ്ഞു:] ‘നിങ്ങളും നിങ്ങളോടൊപ്പം സംഘം ചേർന്നിരിക്കുന്നവരും യഹോവക്കെതിരാണ്. അഹരോനെ സംബന്ധിച്ചാണെങ്കിൽ നിങ്ങൾ അവനെതിരെ പിറുപിറുക്കാൻ തക്കവണ്ണം അവൻ എന്തു മാത്രമുളളു?’ കോരഹ് സംഘത്തെ മുഴുവൻ അവർക്കെതിരെ സമാഗമനകൂടാരത്തിന്റെ പ്രവേശനകവാടത്തിങ്കൽ കൂട്ടി വരുത്തിയപ്പോൾ യഹോവയുടെ തേജസ്സ് സർവ്വസഭക്കും പ്രത്യക്ഷമായി. അപ്പോൾ യഹോവ മോശയോടും അഹരോനോടും ഇപ്രകാരം പറഞ്ഞു: ‘ഞാൻ ഒററ നിമിഷംകൊണ്ട് ഇവരെ ഇല്ലായ്മ ചെയ്യേണ്ടതിന് നിങ്ങൾ ഈ സഭയുടെ മദ്ധ്യേനിന്ന് മാറിപ്പോകുവിൻ.’”
അവർ സത്യവിശ്വാസം ഉപേക്ഷിക്കുക മാത്രമല്ല മറിച്ച് തങ്ങളുടെ മുൻസഹപ്രവർത്തകരുടെ വേലയെ തടസ്സപ്പെടുത്താൻ തക്കവണ്ണം പരസ്യമായ വിമർശനവും മററു മാർഗ്ഗങ്ങളും ഉപയോഗിച്ചുകൊണ്ട് അവരെ “അടിക്കുകയും” ചെയ്യുന്നു. അത്തരം വിശ്വാസത്യാഗികളുടെ ശ്രമങ്ങൾ കെട്ടുപണിചെയ്യാനല്ല, ഇടിച്ചുകളയാനാണ്
മത്താ. 24:45-51: “തക്കസമയത്ത് തന്റെ വീട്ടിലുളളവർക്ക് അവരുടെ ഭക്ഷണം കൊടുക്കേണ്ടതിന് യജമാനൻ അവരുടെമേൽ ആക്കിവെച്ച വിശ്വസ്തനും വിവേകിയുമായ അടിമ ആർ? . . . എന്നാൽ ആ ദുഷ്ട അടിമ ‘എന്റെ യജമാനൻ വരാൻ വൈകുന്നു’ എന്ന് ഹൃദയത്തിൽ പറഞ്ഞുകൊണ്ട് കൂട്ട് അടിമകളെ അടിക്കാനും സ്ഥിരം മദ്യപാനികളായവരോടുകൂടെ തിന്നുകുടിക്കാനും തുടങ്ങിയാൽ ആ അടിമയുടെ യജമാനൻ അവൻ പ്രതീക്ഷിക്കാത്ത നാളിലും അവൻ അറിയാത്ത നാഴികയിലും വന്ന് അവനെ അതികഠിനമായി ശിക്ഷിക്കുകയും അവന് കപടഭക്തിക്കാരോടുകൂടെ ഓഹരി നൽകുകയും ചെയ്യും.”
2 തിമൊ. 2:16-18: “വിശുദ്ധമായ കാര്യങ്ങളെ ലംഘിക്കുന്ന വ്യർത്ഥസംസാരങ്ങൾ ഒഴിവാക്കുക; എന്തെന്നാൽ അവർ കൂടുതൽ കൂടുതൽ അഭക്തിയിലേക്ക് നീങ്ങും, അവരുടെ വാക്ക് അർബ്ബുദവ്യാധിപോലെ വ്യാപിക്കും. ഹുമനയോസും ഫിലേത്തോസും അവരുടെ കൂട്ടത്തിൽപെട്ടവർ ആകുന്നു. പുനരുത്ഥാനം സംഭവിച്ചു കഴിഞ്ഞു എന്നു പറഞ്ഞുകൊണ്ട് അവർ സത്യത്തിൽനിന്ന് വ്യതിചലിച്ചിരിക്കുന്നു; അവർ ചിലരുടെ വിശ്വാസം മറിച്ചു കളയുന്നു.”
വിശ്വസ്ത ക്രിസ്ത്യാനികൾ അത്തരം വിശ്വാസത്യാഗികളെ വ്യക്തിപരമായോ അല്ലെങ്കിൽ അവരുടെ സാഹിത്യം വായിച്ചുകൊണ്ടോ തങ്ങളുടെ കൂട്ടത്തിലേക്ക് സ്വാഗതം ചെയ്യുമോ?
2 യോഹ. 9, 10: “ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർവിട്ട് പോകുന്ന ഒരുത്തനും ദൈവം ഇല്ല. . . . ഒരുത്തൻ ഈ ഉപദേശവും കൊണ്ടല്ലാതെ നിങ്ങളുടെ അടുക്കൽ വരുന്നുവെങ്കിൽ അവനെ നിങ്ങളുടെ വീടുകളിൽ സ്വീകരിക്കുകയോ അവന് അഭിവാദ്യം പറയുകയോ ചെയ്യരുത്.”
റോമ. 16:17, 18: “സഹോദരൻമാരെ, നിങ്ങൾ പഠിച്ച ഉപദേശത്തിന് വിപരീതമായി ഭിന്നതയും ഇടർച്ചക്ക് അവസരങ്ങളും ഉണ്ടാക്കുന്നവരുടെ മേൽ ദൃഷ്ടിവെക്കുകയും അവരെ ഒഴിവാക്കുകയും ചെയ്യാൻ ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു . . . അവർ ചക്കരവാക്കും മുഖസ്തുതിയും പറഞ്ഞ് കാപട്യം മനസ്സിലാകാത്തവരുടെ ഹൃദയങ്ങളെ വശീകരിക്കുന്നു.”
വിശ്വാസത്യാഗികളുടെ ആശയങ്ങൾ സംബന്ധിച്ച ജിജ്ഞാസ തൃപ്തിപ്പെടുത്തുന്നതിനാൽ ഗൗരവതരമായ കുഴപ്പം സംഭവിക്കുന്നുവോ?
സദൃ. 11:9: “വിശ്വാസത്യാഗിയായവൻ തന്റെ വായ്കൊണ്ട് സഹമനുഷ്യനെ നശിപ്പിക്കുന്നു.”
യെശ. 32:6: “ഭോഷൻ ഭോഷത്വം തന്നെ സംസാരിക്കും, വിശ്വാസത്യാഗത്തിൽ പ്രവർത്തിക്കാനും യഹോവക്കെതിരെ അബദ്ധം സംസാരിക്കാനും വിശന്നിരിക്കുന്നവന്റെ ദേഹിയെ പട്ടിണിക്കിടാനും അവന്റെ ഹൃദയം തന്നെ ദ്രോഹം പ്രവർത്തിക്കും, അവൻ ദാഹിക്കുന്നവനുപോലും പാനീയം മുടക്കുന്നു.” (യെശയ്യാവ് 65:13, 14 താരതമ്യം ചെയ്യുക.)
വിശ്വാസത്യാഗം എത്ര ഗൗരവതരമാണ്?
2 പത്രോ. 2:1: “ഇവർ തന്നെ ഒതുക്കത്തിൽ നാശകരമായ മതവിഭാഗങ്ങളെ കടത്തിക്കൊണ്ടുവരികയും തങ്ങളെ വിലക്കുവാങ്ങിയ ഉടമസ്ഥനെപോലും തളളിപ്പറയുകയും തങ്ങളുടെമേൽതന്നെ ശീഘ്രനാശം വരുത്തുകയും ചെയ്യും.”
ഇയ്യോ. 13:16: “അവന്റെ [ദൈവത്തിന്റെ] മുമ്പിൽ യാതൊരു വിശ്വാസത്യാഗിയും കടന്നുവരികയില്ല.”
എബ്രാ. 6:4-6: “ഒരിക്കൽ പ്രകാശനം ലഭിച്ചിട്ട് സ്വർഗ്ഗീയ ദാനം ആസ്വദിക്കുകയും പരിശുദ്ധാത്മാവിൽ ഓഹരിക്കാരാവുകയും ദൈവത്തിന്റെ നല്ല വചനവും വരാനിരിക്കുന്ന വ്യവസ്ഥിതിയുടെ ശക്തിയും ആസ്വദിക്കുകയും ചെയ്തിട്ട് പിൻമാറിപ്പോകുന്നവരെ [“വിശ്വാസത്യാഗികളായിത്തീരുന്നവരെ” RS], അവർ തങ്ങൾക്കു തന്നെ ദൈവപുത്രനെ വീണ്ടും തൂക്കിക്കൊല്ലുന്നവരും അവന് പരസ്യ നിന്ദ വരുത്തുന്നവരും ആകകൊണ്ട്, വീണ്ടും അനുതാപത്തിലേക്ക് തിരികെ കൊണ്ടുവരിക അസാദ്ധ്യമാണ്.”