സാദ്ധ്യതയുളള സംഭാഷണം മുടക്കികളോട് നിങ്ങൾക്ക് പ്രതികരിക്കാവുന്ന വിധം
വിശദീകരണം: ആളുകളുടെ ജീവൽപ്രതീക്ഷകൾ യഹോവയാം ദൈവത്തോടും യേശുക്രിസ്തു മുഖാന്തരമുളള അവന്റെ രാജ്യത്തോടുമുളള അവരുടെ മനോഭാവത്തെ ആശ്രയിച്ചിരിക്കുന്നു. ദൈവരാജ്യത്തിന്റെ ദൂത് പുളകപ്രദമാണ്, മനുഷ്യവർഗ്ഗത്തിന് ആശ്രയിക്കാവുന്ന ഏകപ്രത്യാശയിലേക്ക് അത് വിരൽ ചൂണ്ടുന്നു. അതു ജീവിതത്തിന് മാററം വരുത്തുന്ന ഒരു ദൂതാണ്. എല്ലാവരും അതു കേൾക്കണമെന്ന് നാം ആഗ്രഹിക്കുന്നു. ഒരു ന്യൂനപക്ഷം മാത്രമേ വിലമതിപ്പോടെ അതു സ്വീകരിക്കുകയുളളു എന്ന് നാം തിരിച്ചറിയുന്നു; എന്നാൽ കാര്യജ്ഞാനത്തോടെ ആളുകൾ ഒരു തെരഞ്ഞെടുപ്പ് നടത്തുന്നതിന് അവർ അതു കേൾക്കുകയെങ്കിലും ചെയ്യേണ്ടതുണ്ടെന്ന് നമുക്ക് അറിയാം. എന്നിരുന്നാലും എല്ലാവർക്കും ശ്രദ്ധിക്കാൻ മനസ്സില്ല, അവരെ അതിന് നിർബ്ബന്ധിക്കാൻ നാം ശ്രമിക്കുന്നുമില്ല. എന്നാൽ വിവേചനയുണ്ടെങ്കിൽ സാദ്ധ്യതയുളള സംഭാഷണം മുടക്കികളെ കൂടുതലായ ചർച്ചക്കുളള അവസരങ്ങളാക്കി മാററുക മിക്കപ്പോഴും സാദ്ധ്യമാണ്. അർഹതയുളളവരെ കണ്ടെത്താനുളള ശ്രമത്തിൽ അനുഭവ സമ്പന്നരായ സാക്ഷികൾ ഉപയോഗിച്ചിട്ടുളള മാർഗ്ഗങ്ങളുടെ ദൃഷ്ടാന്തങ്ങളാണ് ഇവിടെ കൊടുത്തിരിക്കുന്നത്. (മത്താ. 10:11) ഈ മറുപടികളൊന്നും മന:പ്പാഠമാക്കാനല്ല മറിച്ച് അവയിലെ ആശയം മനസ്സിൽ പിടിക്കാനും നിങ്ങൾ ആരോട് സംസാരിക്കുന്നുവോ അവരോടുളള യഥാർത്ഥ താൽപ്പര്യം പ്രകടമാക്കുന്ന ഒരു വിധത്തിൽ അവ നിങ്ങളുടെ സ്വന്തം വാചകത്തിൽ പറയാനുമാണ് ഞങ്ങളുടെ ശുപാർശ. നിങ്ങൾ അങ്ങനെ ചെയ്യുമ്പോൾ ശരിയായ ഹൃദയ നിലയുളളവർ ശ്രദ്ധിക്കുമെന്നും ജീവനുവേണ്ടിയുളള സ്നേഹപൂർവ്വകമായ കരുതലിലേക്ക് അവരെ ആകർഷിക്കാൻ യഹോവ ചെയ്യുന്നതിനോട് വിലമതിപ്പോടെ പ്രതികരിക്കുമെന്നും നമുക്ക് ആത്മവിശ്വാസമുണ്ടായിരിക്കാൻ കഴിയും.—യോഹ. 6:44; പ്രവൃ. 16:14.
‘എനിക്കു താൽപര്യമില്ല’
● ‘ഞാൻ ഒന്നു ചോദിച്ചോട്ടെ, നിങ്ങൾക്ക് ബൈബിളിൽ താൽപ്പര്യമില്ല എന്നാണോ നിങ്ങൾ അർത്ഥമാക്കുന്നത് അതോ പൊതുവെ മതത്തിലാണോ നിങ്ങൾക്കു താൽപ്പര്യമില്ലാത്തത്? ഒരു കാലത്ത് മതഭക്തിയുണ്ടായിരുന്നവരും എന്നാൽ സഭകളിൽ വളരെയധികം കപടഭക്തി കാണപ്പെടുന്നതിനാൽ മേലാൽ പളളിയിൽ പോകാത്തവരുമായ വളരെയധികം പേരെ ഞങ്ങൾ കണ്ടിട്ടുളളതുകൊണ്ടാണ് ഞാനത് ചോദിക്കുന്നത് (അല്ലെങ്കിൽ മതവും പണമുണ്ടാക്കാനുളള മറെറാരു ബിസിനസ്സ് മാത്രമാണെന്ന് അവർക്ക് തോന്നുന്നു; അല്ലെങ്കിൽ മതങ്ങളുടെ രാഷ്ട്രീയ കാര്യങ്ങളിലെ ഇടപെടൽ അവർ അംഗീകരിക്കുന്നില്ല; എന്നിവ). അത്തരം നടപടികളെ ബൈബിളും അംഗീകരിക്കുന്നില്ല, മാത്രവുമല്ല ആത്മധൈര്യത്തോടെ ഭാവിയിലേക്ക് നോക്കാനുളള ഏക അടിസ്ഥാനവും അതു നൽകുന്നു.’
● ‘നിങ്ങൾക്ക് മറെറാരു മതത്തിലും താൽപ്പര്യമില്ല എന്നാണ് നിങ്ങൾ അർത്ഥമാക്കുന്നതെങ്കിൽ എനിക്കത് മനസ്സിലാക്കാൻ കഴിയും. എന്നാൽ സർവ്വസാദ്ധ്യതയുമനുസരിച്ച് ന്യൂക്ലിയർ യുദ്ധഭീഷണിയുടെ വീക്ഷണത്തിൽ നമുക്ക് എന്തു ഭാവി പ്രതീക്ഷിക്കാം എന്ന കാര്യത്തിൽ നിങ്ങൾ തൽപ്പരനാണ്. (അല്ലെങ്കിൽ മയക്കുമരുന്നു ദുരുപയോഗത്തിനെതിരെ നമ്മുടെ കുട്ടികളെ എങ്ങനെ സംരക്ഷിക്കാമെന്ന കാര്യത്തിൽ; അല്ലെങ്കിൽ തെരുവുകളിലൂടെ നടക്കാൻ നാം മേലാൽ പേടിക്കേണ്ടയാവശ്യമില്ലാതിരിക്കാൻ തക്കവണ്ണം കുററകൃത്യം സംബന്ധിച്ച് എന്തു ചെയ്യാൻ കഴിയുമെന്ന കാര്യത്തിൽ; എന്നിവ). ഒരു യഥാർത്ഥ പരിഹാരത്തിനുളള എന്തെങ്കിലും സാദ്ധ്യത നിങ്ങൾക്കു കാണാൻ കഴിയുന്നുണ്ടോ?’
● ‘അതു നിങ്ങൾക്ക് ഇപ്പോൾ തന്നെ ഒരു മതം ഉളളതുകൊണ്ടാണോ? . . . എന്നാൽ പറയൂ, എല്ലാവരും ഒരേ മതത്തിൽപെട്ടവരായിരിക്കുന്ന ഒരു കാലം എന്നെങ്കിലും ഉണ്ടാകുമെന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ? . . . അതിന് തടസ്സമായി നിൽക്കുന്നത് എന്താണ് എന്നാണ് നിങ്ങൾ വിചാരിക്കുന്നത്? . . . അത് അർത്ഥവത്തായിരിക്കുന്നതിന് ഏതു തരത്തിലുളള അടിസ്ഥാനമാണ് ആവശ്യമായിരിക്കുന്നത്?’
● ‘എനിക്കത് വിലമതിക്കാൻ കഴിയും. ഏതാനും വർഷം മുൻപ് ഞാനും അങ്ങനെതന്നെയാണ് വിചാരിച്ചിരുന്നത്. എന്നാൽ കാര്യങ്ങളെ ഒരു വ്യത്യസ്തമായ വെളിച്ചത്തിൽ വീക്ഷിക്കാൻ എന്നെ സഹായിച്ച ഒരു സംഗതി ഞാൻ ബൈബിളിൽ നിന്ന് വായിച്ചു. (അതെന്തായിരുന്നെന്ന് കാണിച്ചു കൊടുക്കുക.)’
● ‘മരിച്ചുപോയ നിങ്ങളുടെ പ്രിയപ്പെട്ടവരെ നിങ്ങൾക്ക് വീണ്ടും കാണാൻ കഴിയുന്നതെങ്ങനെയെന്ന് ഞാൻ ബൈബിളിൽ നിന്ന് കാണിച്ചുതരികയാണെങ്കിൽ നിങ്ങൾക്ക് താൽപ്പര്യമുണ്ടായിരിക്കുമോ? (അല്ലെങ്കിൽ ജീവിതത്തിന്റെ യഥാർത്ഥ ഉദ്ദേശ്യമെന്താണെന്ന്; അല്ലെങ്കിൽ നമ്മുടെ കുടുംബങ്ങളെ ഐക്യമുളളതാക്കി നിർത്താൻ അതിന് എങ്ങനെ സഹായിക്കാൻ കഴിയുമെന്ന്; എന്നിവ.)’
● ‘ഒന്നും വാങ്ങിക്കാൻ താൽപ്പര്യമില്ല എന്നാണ് നിങ്ങൾ അർത്ഥമാക്കിയതെങ്കിൽ ആ കാര്യത്തിൽ നിങ്ങൾ വിഷമിക്കേണ്ടതില്ല എന്ന് ആദ്യം തന്നെ പറയട്ടെ. ഞാൻ ഒരു വ്യാപാരപരമായ വേലയിൽ ഏർപ്പെട്ടിരിക്കുകയല്ല. എന്നാൽ നിങ്ങളെ യഥാർത്ഥത്തിൽ സ്നേഹിക്കുന്ന അയൽക്കാരോടൊപ്പം രോഗത്തിൽ നിന്നും കുററകൃത്യങ്ങളിൽ നിന്നും വിമുക്തമായ ഒരു പറുദീസാഭൂമിയിൽ ജീവിക്കാനുളള അവസരത്തിൽ നിങ്ങൾക്ക് താൽപ്പര്യമുണ്ടായിരിക്കുമോ?’
● ‘യഹോവയുടെ സാക്ഷികൾ സന്ദർശിക്കുമ്പോൾ ഇതു തന്നെയാണോ നിങ്ങളുടെ സാധാരണ മറുപടി? . . . ഞങ്ങൾ എന്തുകൊണ്ടാണ് വീണ്ടും വീണ്ടും സന്ദർശിക്കുന്നതെന്നോ
അല്ലെങ്കിൽ ഞങ്ങൾക്ക് എന്താണ് പറയാനുളളത് എന്നോ നിങ്ങൾ വാസ്തവത്തിൽ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ? . . . ചുരുക്കി പറഞ്ഞാൽ നിങ്ങളും കൂടെ അറിഞ്ഞിരിക്കേണ്ട ഒരു കാര്യം എനിക്ക് അറിയാവുന്നതുകൊണ്ടാണ് ഞാൻ നിങ്ങളെ കാണാൻ വന്നത്. ഈ ഒരു തവണയെങ്കിലും ഒന്നു ശ്രദ്ധിക്കരുതോ?’‘എനിക്ക് മതത്തിൽ താൽപര്യമില്ല’
● ‘നിങ്ങളുടെ വികാരം എനിക്ക് മനസ്സിലാക്കാൻ കഴിയും. വാസ്തവം പറഞ്ഞാൽ സഭകൾ ഈ ലോകത്തെ ജീവിക്കാൻ കൂടുതൽ സുരക്ഷിതമായ ഒരു സ്ഥലമാക്കുന്നില്ല, ഉവ്വോ? . . . ഞാൻ ചോദിച്ചോട്ടെ, നിങ്ങൾക്ക് എന്നും ഇപ്പോഴുളള ഇതേ വിചാരം തന്നെയാണോ ഉണ്ടായിരുന്നത്? . . . എന്നാൽ നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോ?’
● ‘നിങ്ങളുടെ വീക്ഷണം തന്നെയുളള ധാരാളം ആളുകളുണ്ട്. മതം വാസ്തവത്തിൽ അവരെ സഹായിച്ചിട്ടില്ല. ഞങ്ങൾ ഈ സന്ദർശനം നടത്തുന്നതിന്റെ ഒരു കാരണം അതാണ്. എന്തുകൊണ്ടെന്നാൽ ദൈവത്തെ സംബന്ധിച്ചും മനുഷ്യവർഗ്ഗത്തിനുവേണ്ടിയുളള ദൈവത്തിന്റെ അത്ഭുതകരമായ ഉദ്ദേശ്യങ്ങളെക്കുറിച്ചുമുളള സത്യം മതങ്ങൾ ആളുകളോട് പറഞ്ഞിട്ടില്ല.’
● ‘എന്നാൽ നിങ്ങളുടെ സ്വന്തം ഭാവിയിൽ നിങ്ങൾക്ക് താൽപ്പര്യമുണ്ട് എന്ന് എനിക്കുറപ്പുണ്ട്. ലോകത്തിൽ ഇന്ന് നിലവിലുളള അവസ്ഥകൾ തന്നെ ബൈബിൾ മുൻകൂട്ടി പറഞ്ഞിരുന്നുവെന്ന് നിങ്ങൾ അറിഞ്ഞിരുന്നോ? . . . അനന്തരഫലം എന്തായിരിക്കുമെന്നും അതു കാണിച്ചു തരുന്നു.’
● ‘നിങ്ങൾക്ക് എന്നും ഇതേ വിചാരം തന്നെയാണോ ഉണ്ടായിരുന്നത്? . . . ഭാവിയെ സംബന്ധിച്ച് നിങ്ങൾ എന്തു വിചാരിക്കുന്നു?’
‘യഹോവയുടെ സാക്ഷികളിൽ എനിക്ക് താൽപര്യമില്ല’
● ‘അനേകമാളുകൾ ഞങ്ങളോട് അങ്ങനെ പറയാറുണ്ട്. ഭൂരിപക്ഷം വീട്ടുകാരും ഞങ്ങളെ സ്വാഗതം ചെയ്യുകയില്ല എന്ന് ഞങ്ങൾക്കറിയാമെങ്കിലും എന്നെപ്പോലെയുളളയാളുകൾ ഈ സന്ദർശനങ്ങൾ നടത്താൻ തയ്യാറാകുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ? (രാജ്യദൂതിനോടുളള പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ ഒന്നുകിൽ മഹോപദ്രവത്തിലൂടെയുളള അതിജീവനത്തിന് അല്ലെങ്കിൽ ദൈവത്താലുളള നാശത്തിന് എല്ലാവരും “അടയാളമിടപ്പെട്ടു”കൊണ്ടിരിക്കുകയാണെന്ന് വിശദീകരിച്ചുകൊണ്ട് യെഹെസ്ക്കേൽ 9:1-11 വരെയുളള വാക്യങ്ങളുടെ സാരാംശം പറയുക.)’
● ‘എനിക്കത് വിലമതിക്കാൻ കഴിയും, കാരണം ഒരു കാലത്ത് എനിക്കും അതേ വികാരമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ വെറും മാന്യതയുടെ പേരിൽ അവരിൽ ഒരാളെ ശ്രദ്ധിക്കാൻ ഞാൻ തീരുമാനിച്ചു. അപ്പോൾ അവരെപ്പററി ഞാൻ കേട്ടിരുന്നത് സത്യമല്ല എന്ന് എനിക്കു മനസ്സിലായി. (സാധാരണ പറയപ്പെടുന്ന ഒരു വ്യാജാരോപണം പരാമർശിച്ചിട്ട് നാം വിശ്വസിക്കുന്നത് എന്താണെന്ന് വിശദീകരിക്കുക.)’
● ‘ഏറെക്കാലം മുമ്പായിരുന്നില്ല എന്റെ വീട്ടുവാതിൽക്കൽ വന്ന ഒരു സാക്ഷിയോട് ഞാൻ ഇതുതന്നെ പറഞ്ഞത്. എന്നാൽ അയാൾ പോകുന്നതിനു മുൻപ് അയാൾക്ക് ഉത്തരം പറയാൻ കഴിയില്ല എന്ന് ഞാൻ വിശ്വസിച്ച ഒരു ചോദ്യം ഞാൻ അയാളോട് ചോദിച്ചു. അതെന്താണെന്നറിയാൻ താങ്കൾക്ക് താൽപ്പര്യമുണ്ടോ? . . . (ഉദാഹരണമായി: കയീന് അയാളുടെ ഭാര്യയെ എവിടെ നിന്ന് കിട്ടി?)’ (യഥാർത്ഥത്തിൽ അത്തരമൊരനുഭവമുണ്ടായിരുന്നവരുടെ ഉപയോഗത്തിന്.)
● ‘നിങ്ങൾ ഉറച്ച മതവിശ്വാസമുളള ഒരാളാണെങ്കിൽ എനിക്ക് അത് വിലമതിക്കാൻ കഴിയും. നിങ്ങളുടെ സ്വന്തം മതം തീർച്ചയായും നിങ്ങൾക്ക് വളരെ പ്രധാനമാണ്. എന്നാൽ നമുക്ക് രണ്ടുപേർക്കും (ഉചിതമായ ഒരു വിഷയം പറയുക). . . ൽ താൽപ്പര്യമുണ്ടെന്നുളളതിനോട് നിങ്ങൾ യോജിക്കുമെന്ന് ഞാൻ വിചാരിക്കുന്നു.’
● ‘എങ്കിൽ തീർച്ചയായും നിങ്ങൾക്ക് നിങ്ങളുടെ സ്വന്തം മതമുണ്ട്. അതെന്താണ് എന്ന് ഞാൻ ചോദിക്കുന്നതിൽ വിരോധമില്ലല്ലോ? . . . നിങ്ങളുടെ വിശ്വാസത്തിൽപെട്ടവരുമായി സംസാരിക്കുന്നത് ഞങ്ങൾ ആസ്വദിക്കുന്നു. (സംഭാഷണവിഷയം പരാമർശിച്ചിട്ട്) നിങ്ങൾ അതു സംബന്ധിച്ച് എന്തു വിചാരിക്കുന്നു?’
● ‘അതെ, എനിക്കത് മനസ്സിലാകുന്നു. എന്നാൽ ആളുകൾ സമാധാനമായി ഒന്നിച്ച് ജീവിക്കുന്നത് കാണാൻ ആഗ്രഹിക്കുന്ന ഒരു കുടുംബമാണ് ഞങ്ങൾ എന്നുളളതുകൊണ്ടാണ് ഞങ്ങൾ നിങ്ങളെ സന്ദർശിക്കുന്നത്. എന്നും വൈകിട്ട് വാർത്തയിൽ ഏററുമുട്ടലുകളെയും കഷ്ടപ്പാടുകളെയും സംബന്ധിച്ച റിപ്പോർട്ടുകൾ കേൾക്കുന്നതിൽ ഞങ്ങൾക്ക് മനംപിരട്ടലും മടുപ്പും തോന്നുന്നു. നിങ്ങൾക്കും അങ്ങനെതന്നെയാണെന്ന് ഞാൻ കരുതുന്നു. . . . എന്നാൽ ആവശ്യമായ മാററം വരുത്താൻ എന്തിനാണ് കഴിയുക? . . . ബൈബിളിലെ വാഗ്ദാനങ്ങളിൽ ഞങ്ങൾ പ്രോൽസാഹനം കണ്ടെത്തിയിരിക്കുന്നു.’
● ‘നിങ്ങളുടെ വികാരം തുറന്ന് പറഞ്ഞത് ഞാൻ വിലമതിക്കുന്നു. ഞങ്ങളെ സംബന്ധിച്ചുളള എന്താണ് നിങ്ങൾ ഇഷ്ടപ്പെടാത്തത് എന്ന് എന്നോട് പറയുന്നതിന് വിരോധമുണ്ടോ? അത് ഞങ്ങൾ ബൈബിളിൽ നിന്ന് നിങ്ങളെ കാണിക്കുന്ന കാര്യങ്ങളോ അതോ ഞങ്ങൾ നിങ്ങളെ സന്ദർശിക്കാൻ വരുന്നതോ?’
‘എനിക്ക് എന്റെ സ്വന്തം മതമുണ്ട്’
● ‘ശരിയായതിനെ സ്നേഹിക്കുന്നയാളുകൾ ഭൂമിയിൽ എന്നേക്കും ജീവിക്കുന്ന ഒരു കാലം വരും എന്ന് നിങ്ങളുടെ മതം പഠിപ്പിക്കുന്നുണ്ടോ എന്ന് എന്നോട് പറയുന്നതിൽ വിരോധമില്ലല്ലോ? . . . അത് വളരെ ആകർഷകമായ ഒരു ആശയമാണ്, അല്ലേ? . . . അത് ഇതാ ഇവിടെ ബൈബിളിലുണ്ട്. (സങ്കീ. 37:29; മത്താ. 5:5; വെളി. 21:4)’
● ‘ഈ സംഗതിയിൽ ഓരോ വ്യക്തിയും സ്വന്തമായ തീരുമാനം എടുക്കേണ്ടതുണ്ട് എന്നതിനോട് ഞാൻ യോജിക്കുന്നു. എന്നാൽ തന്റെ സത്യാരാധകരായിരിക്കാൻ ദൈവം തന്നെ ഒരു പ്രത്യേകതരം ആളുകളെ അന്വേഷിക്കുന്നുണ്ട് എന്ന് നിങ്ങൾ അറിഞ്ഞിരുന്നോ? ഇതാ ഇവിടെ യോഹന്നാൻ 4:23, 24 നോക്കുക. ദൈവത്തെ “സത്യത്തിൽ” ആരാധിക്കുക എന്നതിന്റെ അർത്ഥം എന്തായിരിക്കും? . . . സത്യമായിരിക്കുന്നതും അല്ലാത്തതും തിരിച്ചറിയാൻ എന്തു സഹായമാണ് ദൈവം നമുക്ക് നൽകിയിരിക്കുന്നത്? . . . (യോഹ. 17:17) അതു നമ്മെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായി എത്ര പ്രധാനമാണ് എന്നും കൂടെ കാണുക. (യോഹ. 17:3)’
● ‘നിങ്ങൾ എന്നും ഉറച്ച മതവിശ്വാസമുളള ഒരു വ്യക്തിയായിരുന്നിട്ടുണ്ടോ? . . . മനുഷ്യവർഗ്ഗം എന്നെങ്കിലും ഒരേ മതത്തിൻ കീഴിൽ ഏകീകൃതരായിത്തീരുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഇവിടെ വെളിപ്പാട് 5:13ൽ രേഖപ്പെടുത്തിയിരിക്കുന്നതു നിമിത്തം ഞാൻ അതേപ്പററി വളരെയധികം ചിന്തിച്ചിട്ടുണ്ട്. . . . നാം ഈ ചിത്രീകരണത്തോട് പൊരുത്തത്തിൽ വരാൻ എന്താണ് ആവശ്യമായിരിക്കുന്നത്?’
● ‘നിങ്ങളെപ്പോലെ ആത്മീയകാര്യങ്ങളിൽ താൽപ്പര്യമുളള ആരെയെങ്കിലും കണ്ടെത്താമെന്നു തന്നെയാണ് ഞാൻ പ്രതീക്ഷിച്ചത്. ഇന്ന് അനേകർക്കും ആ താൽപ്പര്യമില്ല. ദൈവം എല്ലാ ദുഷ്ടതയും തുടച്ചു നീക്കുകയും ഈ ഭൂമി നീതിയെ സ്നേഹിക്കുന്ന ആളുകൾ മാത്രം ജീവിക്കുന്ന ഒരു സ്ഥലമാക്കി മാററുകയും ചെയ്യുമെന്നുളള ബൈബിളിന്റെ വാഗ്ദാനത്തെപ്പററി നിങ്ങൾ എന്തു വിചാരിക്കുന്നു എന്ന് ഞാൻ ഒന്നു ചോദിച്ചോട്ടെ? അത് നിങ്ങൾക്ക് ആകർഷകമായി തോന്നുന്നുണ്ടോ?’
● ‘സഭാകാര്യങ്ങളിൽ തിരക്കോടെ ഏർപ്പെടുന്ന ഒരാളാണോ നിങ്ങൾ? . . . പളളിയിൽ ഈയിടെയായി മതചടങ്ങുകൾക്ക് പളളി നിറയെ ആളുകൾ വന്നുകൂടാറുണ്ടോ? . . . സഭാംഗങ്ങളിൽ മിക്കവരും ദൈവത്തിന്റെ വചനം അനുദിന ജീവിതത്തിൽ ബാധകമാക്കാൻ വാസ്തവത്തിൽ ആത്മാർത്ഥമായ ആഗ്രഹം പ്രകടമാക്കുന്നുണ്ട് എന്ന് നിങ്ങൾ കണ്ടെത്തുന്നുവോ? (അല്ലെങ്കിൽ ലോകത്തെ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുടെ പരിഹാരം സംബന്ധിച്ച് അംഗങ്ങൾക്കിടയിൽ അഭിപ്രായ ഐക്യം ഉണ്ടെന്ന് നിങ്ങൾ കണ്ടെത്തുന്നുവോ?) വ്യക്തിപരമായ ഭവന ബൈബിൾ അദ്ധ്യയനം സഹായകരമാണെന്ന് ഞങ്ങൾ കണ്ടിരിക്കുന്നു.’
●‘പ്രത്യക്ഷത്തിൽ നിങ്ങളുടെ മതം സംബന്ധിച്ച് നിങ്ങൾ സംതൃപ്തനാണ്. എന്നാൽ മിക്കയാളുകളും ലോകാവസ്ഥകൾ സംബന്ധിച്ച് സംതൃപ്തരല്ല. ഒരുപക്ഷേ അതു നിങ്ങളെ സംബന്ധിച്ചും സത്യമായിരിക്കാം; അങ്ങനെയാണോ? . . . അതെല്ലാം എന്തിലേക്കാണ് നയിക്കുന്നത്?’
● ‘നിങ്ങൾ ബൈബിൾ വായന ആസ്വദിക്കുന്ന ഒരാളാണോ? . . . അതു ഒരു ക്രമമായ അടിസ്ഥാനത്തിൽ വായിക്കാൻ നിങ്ങൾ സമയം കണ്ടെത്താറുണ്ടോ?’
● ‘നിങ്ങൾ അത് എന്നോടു പറഞ്ഞത് ഞാൻ വിലമതിക്കുന്നു. നമ്മുടെ മതപരമായ പശ്ചാത്തലം എന്തു തന്നെയായിരുന്നാലും ലോക സമാധാനത്തിൽ നാമെല്ലാവരും വളരെ തൽപ്പരരാണ് എന്നതിനോട് നിങ്ങൾ യോജിക്കും എന്ന് എനിക്കുറപ്പുണ്ട്. (അല്ലെങ്കിൽ ചീത്ത സ്വാധീനങ്ങൾക്കെതിരെ നമ്മുടെ കുട്ടികളെ സംരക്ഷിക്കാനുളള മാർഗ്ഗങ്ങളിൽ; അല്ലെങ്കിൽ യഥാർത്ഥത്തിൽ അന്യോന്യം സ്നേഹിക്കുന്ന അയൽക്കാരുണ്ടായിരിക്കുന്നതിൽ, അല്ലെങ്കിൽ മററാളുകളുമായി നല്ല ബന്ധങ്ങൾ ആസ്വദിക്കുന്നതിൽ, എല്ലാവരും സമ്മർദ്ദത്തിൻകീഴിലായിരിക്കുമ്പോൾ അത് ഒരു വെല്ലുവിളിയായിരിക്കാൻ കഴിയും.)’
● ‘നിങ്ങൾക്ക് മതപരമായ കാര്യങ്ങളിൽ താൽപ്പര്യമുണ്ട് എന്നറിയുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഇന്ന് അനേകമാളുകളും മതത്തെ ഗൗരവമായി എടുക്കാറില്ല. ദൈവം ഇല്ല എന്നുപോലും ചിലർ ചിന്തിക്കുന്നു. എന്നാൽ നിങ്ങളെ പഠിപ്പിച്ചിട്ടുളളതനുസരിച്ച് ദൈവം ഏതുതരത്തിലുളള ഒരു വ്യക്തിയാണെന്നാണ് നിങ്ങൾ വിചാരിക്കുന്നത്? . . . ബൈബിൾ അവന്റെ വ്യക്തിപരമായ നാമം നമ്മോട് പറയുന്നു എന്ന് കുറിക്കൊളളുക. (പുറ. 6:3; സങ്കീ. 83:18)’
● ‘പ്രസംഗവേലക്ക് യേശു തന്റെ ശിഷ്യൻമാരെ അയച്ചപ്പോൾ ഭൂമിയുടെ എല്ലാ ഭാഗങ്ങളിലേക്കും പോകാൻ അവൻ അവരോട് പറഞ്ഞു, അതുകൊണ്ട് തങ്ങളുടേതിൽ നിന്ന് വ്യത്യസ്തമായ മതങ്ങളുളള ആളുകളെ അവർ കണ്ടുമുട്ടുമായിരുന്നു. (പ്രവൃ. 1:8) എന്നാൽ നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ ശ്രദ്ധിക്കുമെന്ന് അവന് അറിയാമായിരുന്നു. നമ്മുടെ നാളിൽ പ്രസംഗിക്കപ്പെടുന്ന പ്രത്യേകദൂത് എന്തായിരിക്കുമെന്നാണ് അവൻ പറഞ്ഞത്? (മത്താ. 24:14) ആ രാജ്യം നമുക്ക് എന്തു അർത്ഥമാക്കുന്നു?’
‘ഞങ്ങൾ ഇപ്പോൾ തന്നെ ക്രിസ്ത്യാനികളാണ്’
● ‘അത് അറിയുന്നതിൽ എനിക്ക് സന്തോഷമുണ്ട്. അങ്ങനെയെങ്കിൽ യേശുതന്നെ ആളുകളെ അവരുടെ വീടുകളിൽ സന്ദർശിച്ചുകൊണ്ട് ഇതുപോലൊരു വേല ചെയ്തുവെന്നും അവന്റെ ശിഷ്യൻമാരും അങ്ങനെ ചെയ്യാൻ അവൻ അവരെ അധികാരപ്പെടുത്തിയെന്നും തീർച്ചയായും നിങ്ങൾക്കറിയാം. അവർ നടത്തിയ പ്രസംഗപ്രവർത്തനത്തിന്റെ വിഷയം നിങ്ങൾക്ക് പരിചിതമാണോ? . . . അതിനെപ്പററി സംസാരിക്കാനാണ് ഞങ്ങൾ ഇന്ന് ഇവിടെ വന്നത്. (ലൂക്കോ. 8:1; ദാനി. 2:44)’
● ‘അപ്പോൾ യേശു ഗിരിപ്രഭാഷണത്തിൽ പറഞ്ഞതിന്റെ ഗൗരവം നിങ്ങൾ വിലമതിക്കുമെന്ന് എനിക്കുറപ്പുണ്ട്. മത്തായി 7:21-23-ലെ വാക്കുകൾ പറഞ്ഞപ്പോൾ യേശു തീർത്തും വളച്ചുകെട്ടില്ലാതെ സംസാരിക്കുകയായിരുന്നു, അതേ സമയം സ്നേഹം പ്രകടമാക്കുകയും. അപ്പോൾ നാം നമ്മോടുതന്നെ ചോദിക്കേണ്ട ചോദ്യം ഇതാണ്; സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം എനിക്ക് എത്ര നന്നായി അറിയാം? (യോഹ. 17:3)’
‘ഞാൻ തിരക്കിലാണ്’
● ‘എങ്കിൽ ഞാൻ വളരെ ചുരുക്കമായി പറയാം. സുപ്രധാനമായ ഒരു ആശയം മാത്രം നിങ്ങളുമായി പങ്കുവയ്ക്കുന്നതിനാണ് ഞാൻ വന്നത്. (നിങ്ങളുടെ സംഭാഷണവിഷയത്തിന്റെ ചുരുക്കം ഏതാണ്ട് രണ്ടു വാചകങ്ങളിൽ പറയുക.)’
● ‘കൊളളാം. നിങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായ മറെറാരു സമയത്ത് വരാൻ എനിക്ക് സന്തോഷമേയുളളു. എന്നാൽ പോകുന്നതിനുമുമ്പ് നമുക്ക് ചിന്തിക്കാൻ പ്രധാനപ്പെട്ട ഒരാശയം നൽകുന്ന ഒരു തിരുവെഴുത്തു വായിച്ചു കേൾപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.’
● ‘എനിക്ക് അതു മനസ്സിലാകുന്നു. ഒരു മാതാവ് (അല്ലെങ്കിൽ തൊഴിലാളി; അല്ലെങ്കിൽ വിദ്യാർത്ഥി) എന്ന നിലയിൽ എനിക്കും നല്ല തിരക്കാണ്. അതുകൊണ്ട് ഞാൻ ചുരുക്കമായി പറയാം. നാമെല്ലാവരും ഗൗരവതരമായ ഒരു സാഹചര്യത്തെ അഭിമുഖീകരിക്കുകയാണ്. ഇന്നത്തെ ഈ ദുഷ്ടവ്യവസ്ഥിതിയെ ദൈവം നശിപ്പിക്കുന്ന സമയത്തോട് നാം വളരെ അടുത്തെത്തിയിരിക്കുകയാണെന്ന് ബൈബിൾ കാണിച്ചു തരുന്നു. എന്നാൽ അതിജീവകരുണ്ടായിരിക്കും. അവരിൽ ഒരാളായിരിക്കാൻ നിങ്ങളും ഞാനും എന്തു ചെയ്യണം എന്നതാണ് ചോദ്യം. ബൈബിൾ ആ ചോദ്യത്തിന് ഉത്തരം നൽകുന്നു. (സെഫ. 2:2, 3)’
● ‘അതുകൊണ്ട് തന്നെയാണ് ഞാൻ നിങ്ങളെ സന്ദർശിക്കുന്നത്. നാമെല്ലാം തിരക്കിലാണ്—ചിലപ്പോൾ ജീവിതത്തിലെ സുപ്രധാനമായ കാര്യങ്ങൾ അവഗണിച്ചുകളയാൻ തക്കവണ്ണം തിരക്കിൽ, അങ്ങനെയല്ലേ? . . . ഞാൻ വളരെ ചുരുക്കി പറയാം, എന്നാൽ ഈ ഒരു ബൈബിൾ ലൂക്കോ. 17:26, 27) അത്തരമൊരു സാഹചര്യത്തിൽ കണ്ടെത്തപ്പെടാൻ നാമാരും ആഗ്രഹിക്കുന്നില്ല, അതുകൊണ്ട് നമ്മുടെ തിരക്കേറിയ ജീവിതത്തിലും ബൈബിൾ എന്തു പറയുന്നു എന്ന് പരിഗണിക്കാൻ നാം സമയം കണ്ടെത്തേണ്ടിയിരിക്കുന്നു. (സാഹിത്യം സമർപ്പിക്കുക.)’
വാക്യത്തിൽ നിങ്ങൾക്ക് താൽപ്പര്യമുണ്ടായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്. (● ‘ഞങ്ങൾ നിങ്ങളുടെ അയൽക്കാരിൽ ചിലരെ സന്ദർശിച്ചശേഷം ഏതാണ്ട് അരമണിക്കൂർ കഴിഞ്ഞ് മടങ്ങിവന്നാൽ അതു കൂടുതൽ സൗകര്യപ്രദമായിരിക്കുമോ?’
● ‘അങ്ങനെയെങ്കിൽ ഇപ്പോൾ വേണ്ട. ഒരുപക്ഷേ എനിക്ക് മറെറാരു ദിവസം വരാൻ കഴിഞ്ഞേക്കും. എന്നാൽ പോകുന്നതിനു മുൻപ് ഈ പ്രത്യേക സമർപ്പണം സ്വീകരിക്കുന്നതിനുളള അവസരം നിങ്ങൾക്ക് തരാൻ ഞാൻ ആഗ്രഹിക്കുന്നു. (ആ മാസത്തെ സമർപ്പണം കാണിക്കുക.) (ഒന്നു രണ്ടു ചോദ്യങ്ങൾ ചോദിച്ചിട്ട്) ഇത്തരം ചോദ്യങ്ങൾക്കുളള ബൈബിളിന്റെ ഉത്തരങ്ങൾ നിങ്ങളെ പരിചയപ്പെടുത്തുന്ന ഒരു പഠനപരിപാടി ഈ പുസ്തകത്തിൽ ഉണ്ട്.’
● ‘ഒട്ടും തന്നെ സൗകര്യപ്രദമല്ലാത്ത ഒരു സമയത്ത് നിങ്ങളെ കണ്ടുമുട്ടിയതിൽ എനിക്ക് ഖേദമുണ്ട്. ഒരുപക്ഷേ നിങ്ങൾക്കറിയാവുന്നതുപോലെ ഞാൻ യഹോവയുടെ സാക്ഷികളിൽ ഒരാളാണ്. ബൈബിളിൽ നിന്നുളള സുപ്രധാനമായ ഒരാശയം നിങ്ങളുമായി പങ്കുവയ്ക്കാൻ ഞാൻ ആഗ്രഹിച്ചു. എന്നാൽ ഇപ്പോൾ കേൾക്കാൻ നിങ്ങൾക്ക് സമയമില്ലാത്തതുകൊണ്ട് ഒരു ലഘുലേഖ തന്നിട്ട് പോകാം. (വിഷയം പറയുക) ഇതാകുമ്പോൾ പെട്ടെന്നു വായിച്ചു തീർക്കുകയും ചെയ്യാം. ഇതിലെ വിവരങ്ങൾ നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപ്പെടും.’
● ‘എനിക്കത് മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ല. എല്ലാ കാര്യങ്ങളും ചെയ്തു തീർക്കാൻ ഒരിക്കലും സമയം മതിയാകാത്തതായി തോന്നുന്നു. എന്നാൽ എന്നേക്കും ജീവിക്കാൻ കഴിയുമായിരുന്നെങ്കിൽ ജീവിതം എത്ര വ്യത്യസ്തമായിരിക്കുമായിരുന്നുവെന്ന് നിങ്ങൾ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതു കേൾക്കുമ്പോൾ വിചിത്രമായി തോന്നും എന്ന് എനിക്കറിയാം. എന്നാൽ അത്തരം ഒരു സംഗതി സാദ്ധ്യമായിരിക്കുന്നതെങ്ങനെയെന്ന് വിശദീകരിക്കുന്ന ഒരു ബൈബിൾ വാക്യം ഞാൻ കാണിച്ചു തരാം. (യോഹ. 17:3) അതുകൊണ്ട് ഇപ്പോൾ നാം ചെയ്യേണ്ടത് ദൈവത്തെയും അവന്റെ പുത്രനെയും സംബന്ധിച്ചുളള അറിവ് ഉൾക്കൊളളുകയാണ്. അതുകൊണ്ടാണ് ഞങ്ങൾ ഈ സാഹിത്യം തന്നിട്ട് പോകുന്നത്.’
‘നിങ്ങൾ ഇത്ര കൂടെക്കൂടെ സന്ദർശിക്കുന്നത് എന്തിനാണ്?’
● ‘കാരണം ബൈബിൾ പരാമർശിക്കുന്ന അന്ത്യനാളുകളിലാണ് നമ്മൾ ജീവിക്കുന്നത് എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഇന്നത്തെ അസ്വസ്ഥതകളുടെ അനന്തരഫലം എന്തായിരിക്കും എന്നതിനെപ്പററി നാമെല്ലാവരും ചിന്തിക്കുന്നത് പ്രധാനമാണെന്ന് ഞങ്ങൾക്ക് തോന്നുന്നു. (ഒന്നു രണ്ട് സമീപകാല സംഭവങ്ങളോ ഇന്നത്തെ അവസ്ഥകളോ പരാമർശിക്കുക.) ഈ വ്യവസ്ഥിതിയുടെ അന്ത്യത്തെ നാം അതിജീവിക്കണമെങ്കിൽ നാം എന്താണ് ചെയ്യേണ്ടത്, എന്നതാണ് ചോദ്യം?’
● ‘ഞങ്ങൾ ദൈവത്തെയും അയൽക്കാരെയും സ്നേഹിക്കുന്നതുകൊണ്ട്. നാമെല്ലാവരും ചെയ്യേണ്ടത് അതാണ്, അല്ലേ?’
‘നിങ്ങളുടെ പ്രവർത്തനം സംബന്ധിച്ച് എനിക്ക് ഇപ്പോഴേ നന്നായി അറിയാം’
● ‘അതു കേൾക്കുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. നിങ്ങൾക്ക് സാക്ഷിയായ ഒരു അടുത്ത ബന്ധുവോ സുഹൃത്തോ ഉണ്ടോ? . . . ഞാൻ ഒന്നു ചോദിച്ചോട്ടെ: ഞങ്ങൾ ബൈബിളിൽ നിന്നു പഠിപ്പിക്കുന്നതു നിങ്ങൾ വിശ്വസിക്കുന്നുണ്ടോ, അതായത് നാം “അന്ത്യകാലത്താ”ണ് ജീവിക്കുന്നതെന്നും ദൈവം വേഗത്തിൽ തന്നെ ദുഷ്ടൻമാരെ നശിപ്പിക്കുമെന്നും ഈ ഭൂമി ഒരു പറുദീസയായിത്തീരുമെന്നും അവിടെ പരസ്പരം യഥാർത്ഥത്തിൽ സ്നേഹിക്കുന്ന അയൽക്കാർക്കിടയിൽ പൂർണ്ണാരോഗ്യത്തോടെ മനുഷ്യർക്ക് എന്നേക്കും ജീവിക്കാൻ കഴിയുമെന്നും?’
‘ഞങ്ങൾക്ക് പണമില്ല’
● ‘ഞങ്ങൾ സംഭാവന പിരിക്കുകയല്ല. എന്നാൽ ഞങ്ങൾ സൗജന്യമായ ഒരു ഭവന ബൈബിൾ അദ്ധ്യയനം വച്ചു നീട്ടുകയാണ്. അതിലുളള ഒരു വിഷയം (അപ്പോൾ സമർപ്പിക്കുന്ന
പ്രസിദ്ധീകരണത്തിലെ ഒരദ്ധ്യായ തലക്കെട്ട് ഉപയോഗിക്കുക). ഞങ്ങൾ ഇത് എങ്ങനെയാണ് ചെയ്യുന്നതെന്ന് നിങ്ങളെ ഒന്നു കാണിക്കാൻ ഞാൻ ഏതാനും മിനിററ് എടുക്കട്ടെ? നിങ്ങൾക്ക് അതിന് യാതൊരു ചെലവുമില്ല.’● ‘ഞങ്ങൾക്ക് താൽപ്പര്യമുളളത് ആളുകളിലാണ്. അവരുടെ പണത്തിലല്ല. (ചർച്ച തുടരുക. നമ്മുടെ ഒരു പ്രസിദ്ധീകരണം കാണിച്ചുകൊണ്ട് അത് അവർക്ക് എങ്ങനെ പ്രയോജനം ചെയ്യുമെന്ന് പറയുക. വായിക്കാൻ നല്ല താത്പര്യം കാണിക്കുന്നെങ്കിൽ അത് കൊടുത്തിട്ടു പോരുക. ഉചിതമെങ്കിൽ, നമ്മുടെ ലോകവ്യാപക പ്രസംഗവേലയുടെ ചെലവുകൾ നിർവഹിക്കപ്പെടുന്നത് എങ്ങനെയെന്ന് പറയാം.)’
‘ഞാൻ ഒരു ബുദ്ധമതക്കാരനാണ്’ എന്ന് ആരെങ്കിലും പറയുമ്പോൾ
● ആ വ്യക്തിയുടെ വിശ്വാസങ്ങൾ മറെറല്ലാ ബുദ്ധമതക്കാരുടേതും പോലെയാണെന്ന് നിഗമനം ചെയ്യരുത്. ബുദ്ധമതത്തിന്റെ പഠിപ്പിക്കലുകൾ അവ്യക്തമാണ്, അവയുടെ വ്യാഖ്യാനങ്ങളാണെങ്കിൽ ഒരു വ്യക്തിയുടേത് മറെറാരു വ്യക്തിയുടേതിൽനിന്ന് വ്യത്യസ്തവുമായിരിക്കും. ജപ്പാനിലെ ബുദ്ധമതം തെക്കു കിഴക്കൻ ഏഷ്യയിലെ ബുദ്ധമതത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. വീക്ഷണം സംബന്ധിച്ച് വ്യക്തികൾ തമ്മിലും വ്യത്യാസമുണ്ട്. എന്നിരുന്നാലും പൊതുവിൽ താഴെപ്പറയുന്ന ആശയങ്ങൾ മനസ്സിലാക്കിയിരിക്കുന്നത് സഹായകമായിരിക്കും: (1) ഒരു ബാഹ്യ ദൈവത്തെ, വ്യക്തിത്വമുളള ഒരു സ്രഷ്ടാവിനെ, ബുദ്ധമതം അംഗീകരിക്കുന്നില്ല. എന്നിരുന്നാലും ധാരാളം ബുദ്ധമതവിശ്വാസികൾ ബുദ്ധന്റെ പ്രതിമകളും തിരുശേഷിപ്പുകളും വച്ചു പൂജിക്കുന്നു. (2) ബുദ്ധൻ എന്ന സ്ഥാനപ്പേർ നൽകപ്പെട്ട സിദ്ധാർത്ഥ ഗൗതമൻ അദ്ദേഹത്തിന്റെ അനുയായികളാൽ അനുകരിക്കപ്പെടേണ്ട മതാത്മക ആദർശപുരുഷനായി വീക്ഷിക്കപ്പെടാൻ തുടങ്ങി. മനുഷ്യന്റെ വീക്ഷണകോണത്തിലൂടെ മനുഷ്യവർഗ്ഗത്തെ പഠിക്കുന്നതിനാൽ ജ്ഞാനപ്രകാശനം നേടാനും എല്ലാ ഭൗമിക ആഗ്രഹങ്ങളെയും ഒഴിവാക്കാൻ തക്കവണ്ണം മനസ്സിനെ നിയന്ത്രിക്കുന്നതിനാൽ കഷ്ടപ്പാടിന്റെ വേരുകൾ അറക്കുന്നതിനും അദ്ദേഹം പ്രോൽസാഹിപ്പിച്ചു. ഈ വിധത്തിൽ ദേഹാന്തരത്തിന്റെ പുനർജൻമങ്ങളിൽ നിന്ന് സ്വതന്ത്രനായി ഒരുവന് നിർവ്വാണം പ്രാപിക്കാൻ കഴിയുമെന്ന് അദ്ദേഹം പഠിപ്പിച്ചു. (3) പൂർവ്വികരെ തങ്ങളുടെ ജീവന്റെ ഉറവായി ബുദ്ധമതക്കാർ വീക്ഷിക്കുന്നതിനാൽ അവർ പൂർവ്വികരെ ആരാധിക്കുന്നു.
സംഭാഷണത്തിനുളള നിർദ്ദേശങ്ങൾ: (1) നിങ്ങൾ ബുദ്ധമതവിശ്വാസികളോട് സംസാരിക്കുമ്പോൾ നിങ്ങൾ ക്രൈസ്തവലോകത്തിന്റെ ഭാഗമല്ല എന്നത് ഊന്നിപ്പറയുക. (2) ബുദ്ധമതക്കാർക്ക്, “വിശുദ്ധ ഗ്രന്ഥ”ങ്ങളോട് ആദരവുണ്ട്, ആ കാരണത്താൽ അവർ പൊതുവെ ബൈബിളിനെ ആദരിക്കുകയും ചെയ്യുന്നു. ബുദ്ധമതതത്വശാസ്ത്രത്തെപ്പററി ദീർഘമായി സംസാരിക്കുന്നതിനു പകരം ബൈബിളിന്റെ വസ്തുനിഷ്ഠമായ ദൂത് അവതരിപ്പിക്കുക. ബൈബിൾ വെറും മാനുഷ തത്വജ്ഞാനമല്ല എന്നും അതു മനുഷ്യവർഗ്ഗത്തിന്റെ സ്രഷ്ടാവായ യഹോവയാം ദൈവത്തിന്റെ ആധികാരിക വചനമാണെന്നും അവരോട് പറയുക. ഈ വിശുദ്ധ ഗ്രന്ഥത്തിൽ നിന്ന്, ബൈബിളിൽ നിന്ന്, രസകരമായ ഒരു ആശയം കാണിച്ചു തരട്ടെ എന്ന് അവരോട് മര്യാദപൂർവ്വം ചോദിക്കുക. (3) അനേകം ബുദ്ധമതക്കാർക്കും സമാധാനത്തിലും കുടുംബജീവിതത്തിലും ആഴമായ താൽപ്പര്യമുണ്ട്, അവർ ധാർമ്മികമായി നല്ല ജീവിതം നയിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. ഇതിലേതെങ്കിലും കാര്യങ്ങളെ സംബന്ധിച്ചുളള ചർച്ച മിക്കപ്പോഴും സ്വാഗതം ചെയ്യപ്പെടുന്നു. (4) മനുഷ്യവർഗ്ഗം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്കുളള യഥാർത്ഥ പരിഹാരമെന്ന നിലയിൽ മുഴുഭൂമിയിൻമേലുമുളള നീതിപൂർവ്വകമായ ഒരു സ്വർഗ്ഗീയ ഗവൺമെൻറിലേക്ക് ബൈബിൾ വിരൽ ചൂണ്ടുന്നു എന്ന് കാണിച്ചുകൊടുക്കുക. അത് ഭൂമിയുടെ ഭാവിയും ഒരു ഭൗമിക പറുദീസയിൽ എന്നേക്കും ജീവിക്കുന്നതിനുളള അത്ഭുതകരമായ ഭാവി പ്രതീക്ഷയും വിശദീകരിക്കുന്നു. (5) ജീവന്റെ ഉൽപ്പത്തി, ജീവിതത്തിന്റെ അർത്ഥം, മരിച്ചവരുടെ അവസ്ഥ, പുനരുത്ഥാന പ്രത്യാശ, ദുഷ്ടത നിലവിലുളളതിന്റെ കാരണം എന്നിവയും ബൈബിൾ വിശദീകരിക്കുന്നുണ്ട് എന്ന് നിങ്ങൾക്ക് ചൂണ്ടിക്കാണിക്കാവുന്നതാണ്. ദൈവത്തിന്റെ വചനത്തിലെ വ്യക്തമായ സത്യങ്ങളുടെ ദയാപൂർവ്വകമായ ഒരവതരണം ചെമ്മരിയാടു തുല്യരായ ആളുകളുടെ ഹൃദയങ്ങളിൽ വിലമതിപ്പുളള പ്രതികരണം ഉളവാക്കും.
ഒരു പിതാവിനെ തേടി (ഇംഗ്ലീഷ്) എന്ന ചെറുപുസ്തകം വിശേഷാൽ ആത്മാർത്ഥതയുളള ബുദ്ധമതക്കാരുടെ പ്രയോജനത്തിനുവേണ്ടി തയ്യാറാക്കപ്പെട്ടിട്ടുളളതാണ്.
‘ഞാനൊരു ഹിന്ദുവാണ്’ എന്ന് ആരെങ്കിലും പറയുമ്പോൾ
● ഹിന്ദു തത്വശാസ്ത്രം വളരെ സങ്കീർണ്ണമാണെന്നും അതു സാധാരണ യുക്തിയോട് യോജിപ്പിലല്ല എന്നും നിങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. താഴെപ്പറയുന്ന ആശയങ്ങൾ മനസ്സിൽ പിടിക്കുന്നത് സഹായകമാണെന്ന് നിങ്ങൾ കണ്ടെത്തിയേക്കാം: (1) ബ്രഹ്മൻ എന്ന ദൈവത്തിൽ മൂന്നു രൂപങ്ങളുണ്ടെന്ന് ഹിന്ദുമതം പഠിപ്പിക്കുന്നു—സ്രഷ്ടാവായ ബ്രഹ്മാവ്, പരിപാലകനായ വിഷ്ണു, വിനാശകനായ ശിവൻ. എന്നിരുന്നാലും വേറിട്ട് ഒരു ആസ്തിക്യമുളള, ആളത്വമുളള ഒരു ദൈവത്തെപ്പററി ഹിന്ദുക്കൾ ചിന്തിക്കാറില്ല. (2) പ്രകൃതിയിലെ എല്ലാ വസ്തുക്കൾക്കും ഒരിക്കലും മരിക്കാത്ത ഒരു ദേഹിയുണ്ടെന്ന് ഹിന്ദുക്കൾ വിശ്വസിക്കുന്നു. ആ ദേഹി ഏതാണ്ട് ഒരിക്കലും അവസാനിക്കാത്ത പുനർജൻമവൃത്തത്തിന് വിധേയമാണെന്നും അത് ഏതുതരം പുനർജൻമമെടുക്കുമെന്നുളളത് പ്രവൃത്തിയെ (കർമ്മത്തെ) ആശ്രയിച്ചിരിക്കുന്നുവെന്നും ഈ “അന്തമില്ലാത്ത ചക്രത്തിൽ” നിന്നുളള വിടുതൽ എല്ലാ ജഡികാഭിലാഷങ്ങളും കെടുത്തുന്നതിനാൽ മാത്രമെ സാദ്ധ്യമാവുകയുളളുവെന്നും അതു നേടിക്കഴിയുമ്പോൾ ദേഹി പരമാത്മാവുമായി ലയിച്ചു ചേരുമെന്നും അവർ വിശ്വസിക്കുന്നു. (3) പൊതുവെ പറഞ്ഞാൽ, ഹിന്ദുക്കൾ മററു മതങ്ങളെ ആദരിക്കുന്നു. പരസ്പര വിരുദ്ധമായ വിശ്വാസ സത്യങ്ങളാണ് പഠിപ്പിക്കുന്നതെങ്കിലും എല്ലാ മതങ്ങളും ഒരേ സത്യത്തിലേക്കു തന്നെ നയിക്കുന്നു എന്ന് ഹിന്ദുക്കൾ വിശ്വസിക്കുന്നു.
ഹിന്ദു തത്വശാസ്ത്രത്തിന്റെ സങ്കീർണ്ണതകളെപ്പററി സംസാരിക്കാൻ ശ്രമിക്കുന്നതിനു പകരം വിശുദ്ധ ബൈബിളിൽ കാണുന്ന സംതൃപ്തിദായകമായ സത്യങ്ങൾ അവതരിപ്പിക്കുക. ജീവനുവേണ്ടിയുളള യഹോവയുടെ സ്നേഹപൂർവകമായ കരുതലുകൾ എല്ലാതരത്തിലുമുളള ആളുകൾക്കുവേണ്ടിയുളളതാണ്; അവന്റെ വചനത്തിലെ വ്യക്തമായ സത്യങ്ങൾ നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവരുടെ ഹൃദയങ്ങളിൽ എത്തുകയും ചെയ്യും. ബൈബിൾ മാത്രമെ ഭാവിക്കുവേണ്ടി യഥാർത്ഥത്തിൽ നല്ല അടിസ്ഥാനമുളള പ്രത്യാശ പ്രദാനം ചെയ്യുന്നുളളു; മുഴു മനുഷ്യവർഗ്ഗവും അഭിമുഖീകരിക്കുന്ന സുപ്രധാനമായ ചോദ്യങ്ങൾക്കുളള യഥാർത്ഥത്തിൽ തൃപ്തികരമായ ഉത്തരങ്ങളും ബൈബിൾ മാത്രമെ നൽകുന്നുളളു. ആ ഉത്തരങ്ങൾ കേൾക്കുന്നതിനുളള അവസരം അവർക്ക് നൽകുക. ഹിന്ദു ഋഗ്വേദത്തിലെ 10. 121 ഗീതം “അജ്ഞാത ദൈവത്തിന്” എന്ന ശീർഷകത്തിലാണ് എന്നത് രസാവഹമാണ്. അപ്പോസ്തലനായ പൗലോസ് ഏതെൻസിലെ “അജ്ഞാത ദേവനുളള” ബലിപീഠത്തെ പരാമർശിച്ചതുപോലെ ഇതിനെ പരാമർശിക്കുന്നത് ചില സന്ദർഭങ്ങളിൽ ഉചിതമാണെന്ന് നിങ്ങൾ കണ്ടെത്തും. (പ്രവൃ. 17:22, 23) രസാവഹമായി, ഹിന്ദു ദൈവമായ വിഷ്ണുവിന്റെ ആദ്യക്ഷരം വിട്ടുകളഞ്ഞാൽ ഇഷ്ണു ആണ്, കൽദയ ഭാഷയിൽ അതിന്റെ അർത്ഥം “മനുഷ്യനായ നോഹ” എന്നാണ്. നോഹയുടെ നാളിലെ ആഗോള പ്രളയത്തിന്റെ പ്രാധാന്യത്തെപ്പററി ബൈബിൾ പറയുന്നത് എന്താണെന്ന് ചൂണ്ടിക്കാണിക്കുക. അനന്തമായ പുനർജൻമത്തിന്റെ പ്രതീക്ഷയിൽ ദുഃഖിച്ചിരിക്കുന്നവരെ “പുനർജൻമം” എന്ന മുഖ്യ ശീർഷകത്തിൻ കീഴിലെ 320, 321 പേജുകളിലുളള വിവരങ്ങൾ ഉപയോഗിച്ച് സഹായിക്കാൻ കഴിഞ്ഞേക്കും.
വിമോചനത്തിലേക്കു നയിക്കുന്ന ദിവ്യസത്യത്തിന്റെ പാത, കുരുക്ഷേത്രം മുതൽ അർമ്മഗെദ്ദോൻ വരെ—നിങ്ങളുടെ അതിജീവനവും എന്നീ ചെറുപുസ്തകങ്ങളിൽ ആത്മാർത്ഥതയുളള ഹിന്ദുക്കൾക്ക് വളരെ പ്രയോജനകരമായ വിവരങ്ങൾ ഉണ്ട്.
‘ഞാനൊരു യഹൂദനാണ്’ എന്ന് ആരെങ്കിലും പറയുമ്പോൾ
● ഒരു യഹൂദനെന്നനിലയിൽ ആ വ്യക്തി തന്നെത്തന്നെ വീക്ഷിക്കുന്നത് എങ്ങനെ എന്ന് ആദ്യം നിശ്ചയപ്പെടുത്തുക. അവരിൽ ചുരുക്കം പേർക്കേ ഉറച്ച മതവിശ്വാസമുളളു. അനേകരെ സംബന്ധിച്ചിടത്തോളം യഹൂദൻ എന്നു പറയുന്നത് അവരുടെ വംശനാമം മാത്രമാണ്.
താഴെപ്പറയുന്ന ആശയങ്ങൾ മനസ്സിലുണ്ടായിരിക്കുന്നത് പ്രയോജനകരമായിരിക്കും: (1) മതഭക്തരായ യഹൂദൻമാർ ദൈവത്തിന്റെ നാമം ഉച്ചരിക്കുന്നത് വിലക്കപ്പെട്ട ഒരു സംഗതിയായി വീക്ഷിക്കുന്നു. (2) “ബൈബിൾ” ക്രിസ്ത്യാനികളുടെ മതഗ്രന്ഥമാണെന്ന് അനേകം യഹൂദൻമാരും വിശ്വസിക്കുന്നു, എന്നാൽ നിങ്ങൾ “എബ്രായ തിരുവെഴുത്തുകൾ” എന്നോ “തിരുവെഴുത്തുകൾ” എന്നോ “തോറ” എന്നോ പറയുന്നുവെങ്കിൽ ആ പ്രശ്നം ഉദിക്കുന്നില്ല. (3) പാരമ്പര്യം അവരുടെ വിശ്വാസത്തിന്റെ ഒരു കേന്ദ്രഭാഗമാണ്, മതവിശ്വാസികളായ അനേകം
യഹൂദൻമാരും അതിനെ തിരുവെഴുത്തുകൾക്കൊപ്പം ആധികാരികതയുളളതായി വീക്ഷിക്കുന്നു. (4) യേശുക്രിസ്തുവിനെ അവർ യേശുവിന്റെ പേരിൽ ക്രൈസ്തവ ലോകത്തിന്റെ കൈകളാൽ യഹൂദൻമാർ ഏൽക്കേണ്ടിവന്ന മൃഗീയ പീഡനവുമായി ബന്ധപ്പെടുത്തിയേക്കാം. (5) യഹൂദൻമാർ ശബ്ബത്ത് ആചരിക്കാൻ ദൈവം ആവശ്യപ്പെടുന്നുണ്ട് എന്ന് അവർ മിക്കപ്പോഴും വിശ്വസിക്കുന്നു, ആ വിശ്വാസത്തിൽ അന്നേ ദിവസം പണം കൈകാര്യം ചെയ്യുന്നത് ഒഴിവാക്കുന്നതും ഉൾപ്പെടുന്നു.അവരുമായി യോജിക്കാവുന്ന ഇടം കണ്ടെത്തുന്നതിന് നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്: (1) ‘നമ്മുടെ പശ്ചാത്തലം എന്തുതന്നെയായിരുന്നാലും ഇന്നത്തെ ലോകത്തിൽ നാമെല്ലാവരും ഏതാണ്ട് ഒരേ പൊതു പ്രശ്നങ്ങൾ തന്നെ അഭിമുഖീകരിക്കുന്നു എന്നതിനോട് നിങ്ങൾ നിസ്സംശയമായും യോജിക്കും. ഈ തലമുറ അഭിമുഖീകരിക്കുന്ന വലിയ പ്രശ്നങ്ങൾക്ക് വാസ്തവത്തിൽ നിലനിൽക്കുന്ന ഒരു പരിഹാരം ഉണ്ടാകുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? (സങ്കീ. 37:10, 11, 29; സങ്കീ. 146:3-5; ദാനി. 2:44)’ (2) ‘ഞങ്ങൾ ക്രൈസ്തവലോകത്തിന്റെ ഭാഗമല്ല; ഞങ്ങൾ ഒരു ത്രിത്വത്തിൽ വിശ്വസിക്കുന്നതുമില്ല, മറിച്ച് ഞങ്ങൾ അബ്രഹാമിന്റെ ദൈവത്തെയാണ് ആരാധിക്കുന്നത്. മതപരമായ സത്യത്തിന്റെ കാര്യത്തിൽ ഞങ്ങൾ വിശേഷാൽ തൽപ്പരരാണ്. വിശേഷിച്ച് യഹൂദൻമാർക്കിടയിൽതന്നെ വിശ്വാസം സംബന്ധിച്ച് വലിയ വ്യത്യാസങ്ങൾ ഉണ്ട് എന്ന വസ്തുതയുടെ വീക്ഷണത്തിൽ സത്യമെന്താണ് എന്ന് നിങ്ങൾ തിട്ടപ്പെടുത്തുന്നത് എങ്ങനെയാണ് എന്ന് ഞാൻ ചോദിക്കുന്നതിൽ വിരോധമുണ്ടോ? . . . (ആവ. 4:2; യെശ. 29:13, 14; സങ്കീ. 119:160)’ (3) ‘നിന്റെ സന്തതി മുഖാന്തരം സകല രാഷ്ട്രങ്ങളിലെയും ജനങ്ങൾ അനുഗ്രഹിക്കപ്പെടും എന്നുളള ദൈവത്തിന്റെ അബ്രഹാമിനോടുളള വാഗ്ദാനത്തിൽ ഞങ്ങൾക്ക് ആഴമായ താൽപ്പര്യമുണ്ട്. (ഉൽപ്പ. 22:18)’
വ്യക്തി ദൈവത്തിൽ വിശ്വാസമില്ലായ്മ പ്രകടമാക്കുന്നുവെങ്കിൽ അയാൾ എന്നും അങ്ങനെതന്നെയാണോ വിചാരിച്ചിരുന്നത് എന്ന് ചോദിക്കുക. അതിനു ശേഷം ഒരു പക്ഷേ എന്തുകൊണ്ടാണ് ദൈവം ദുഷ്ടതയും കഷ്ടപ്പാടും അനുവദിച്ചിരിക്കുന്നത് എന്ന വിഷയം ചർച്ചചെയ്യാൻ കഴിയും. നാസി കൂട്ടക്കൊലയുടെ ഓർമ്മ അനേകം യഹൂദൻമാരും ഇതിൽ തൽപ്പരരായിരിക്കാൻ ഇടയാക്കിയിട്ടുണ്ട്.
ദൈവനാമം ഉപയോഗിക്കുന്നതിന്റെ പ്രാധാന്യം നിങ്ങൾ ചർച്ചചെയ്യുന്നുവെങ്കിൽ അതു സംബന്ധിച്ച് മറേറയാളിന്റെ വികാരം എന്തെന്ന് ആദ്യം തന്നെ മനസ്സിലാക്കാൻ ശ്രമിക്കുക. ദൈവത്തിന്റെ നാമം ഒരു അയോഗ്യമായ വിധത്തിൽ ഉപയോഗിക്കുന്നതിനെയാണ് പുറപ്പാട് 20:7 വിലക്കുന്നതെന്നും അത് ആദരപൂർവം ഉപയോഗിക്കുന്നതിനെ വിലക്കുന്നില്ലെന്നും ചൂണ്ടിക്കാണിക്കുക. അതിനുശേഷം പുറപ്പാട് 3:15 (അല്ലെങ്കിൽ സങ്കീർത്തനം 135:13); 1 രാജാക്കൻമാർ 8:41-43; യെശയ്യാവ് 12:4; യിരെമ്യാവ് 10:25; മലാഖി 3:16 എന്നിവ പോലുളള തിരുവെഴുത്തുകളുപയോഗിച്ച് ന്യായവാദം ചെയ്യുക.
മശിഹായെപ്പററി നിങ്ങൾ ചർച്ച ചെയ്യുമ്പോൾ: (1) ആദ്യം അവൻ ആരെന്നതു ചർച്ചചെയ്യാതെ അവന്റെ ഭരണത്തിൻകീഴിലെ ഭാവി അനുഗ്രഹങ്ങളെക്കുറിച്ച് സംസാരിക്കുക. (2) അതിനുശേഷം ഒരു വ്യക്തിയായ മശിഹായിലേക്ക് വിരൽ ചൂണ്ടുന്ന വാക്യങ്ങളുപയോഗിച്ച് ന്യായവാദം ചെയ്യുക. (ഉൽപ. 22:17, 18; സെഖ. 9:9, 10; ദാനി. 7:13, 14) (3) മശിഹായുടെ രണ്ട് വരവുകളെക്കുറിച്ചും നിങ്ങൾ ചർച്ചചെയ്യേണ്ടതുണ്ടായിരിക്കാം. (ദാനിയേൽ 7:13, 14, ദാനിയേൽ 9:24-26-നോട് വിപരീത താരതമ്യം ചെയ്യുക.) (4) യേശുവിനെപ്പററി പരാമർശിക്കുമ്പോൾ ദൈവോദ്ദേശ്യത്തിന്റെ ക്രമപ്രവൃദ്ധസ്വഭാവത്തിന് ഊന്നൽകൊടുക്കുന്ന ഒരു ബന്ധത്തിൽ അങ്ങനെ ചെയ്യുക. യേശു പഠിപ്പിച്ചപ്പോൾ വീണ്ടും ഒരിക്കലും പുനർനിർമ്മിക്കപ്പെടാത്തവണ്ണം രണ്ടാമത്തെ ആലയം നശിപ്പിക്കപ്പെടാൻ ദൈവം അനുവദിച്ച സമയം അടുത്തിരുന്നുവെന്ന് പറയുക. എന്നാൽ യേശു ന്യായപ്രമാണത്തിന്റെയും പ്രവാചകൻമാരുടെയും നിവൃത്തിയെ സംബന്ധിച്ചും അവ വിശ്വാസമുളളയാളുകളെ എന്തിലേക്ക് നയിക്കുമോ ആ മഹത്തായ ഭാവിയെ സംബന്ധിച്ചും ഊന്നിപ്പറഞ്ഞു.