ദാനീയേൽ പുസ്തകവും നിങ്ങളും
അധ്യായം ഒന്ന്
ദാനീയേൽ പുസ്തകവും നിങ്ങളും
1, 2. (എ) ബൈബിൾ പുസ്തകമായ ദാനീയേലിൽ അവതരിപ്പിച്ചിരിക്കുന്ന ചില അസാധാരണ സ്ഥിതിവിശേഷങ്ങൾ ഏവ? (ബി) ഈ ആധുനിക കാലത്ത് ദാനീയേൽ പുസ്തകത്തെ കുറിച്ച് ഏതെല്ലാം ചോദ്യങ്ങൾ ഉയർന്നു വരുന്നു?
താൻ കണ്ട അന്ധാളിപ്പിക്കുന്ന സ്വപ്നം വെളിപ്പെടുത്താനും വ്യാഖ്യാനിക്കാനും കഴിയാത്ത തന്റെ വിദ്വാന്മാരെ വധിക്കുമെന്നു ശക്തനായ ഒരു രാജാവ് ഭീഷണി മുഴക്കുന്നു. ഒരു പടുകൂറ്റൻ ബിംബത്തെ ആരാധിക്കാൻ വിസമ്മതിക്കുന്ന മൂന്നു യുവാക്കൾ അത്യധികം ചൂടാക്കിയ ഒരു തീച്ചൂളയിൽ എറിയപ്പെടുന്നു, പക്ഷേ അവർ അതിജീവിക്കുന്നു. ഉല്ലാസപൂർണമായ ഒരു ആഘോഷത്തിൻ മധ്യേ, കൊട്ടാര ഭിത്തിയിൽ ഒരു കൈപ്പത്തി നിഗൂഢമായ വാക്കുകൾ എഴുതുന്നതു നൂറുകണക്കിന് ആളുകൾ കാണുന്നു. ദുഷ്ടരായ ഉപജാപകർ പ്രായമായ ഒരു മനുഷ്യൻ സിംഹങ്ങളുടെ ഗുഹയിൽ എറിയപ്പെടാൻ ഇടയാക്കുന്നു, എന്നാൽ ഒരു പോറൽപോലും ഏൽക്കാതെ അദ്ദേഹം പുറത്തു വരുന്നു. ദൈവത്തിന്റെ ഒരു പ്രവാചകൻ ദർശനത്തിൽ നാലു കാട്ടുമൃഗങ്ങളെ കാണുന്നു. അവയുടെ പ്രാവചനിക പ്രാധാന്യം ഭാവിയിലേക്ക്, ആയിരക്കണക്കിനു വർഷങ്ങളിലേക്ക്, നീണ്ടു പോകുന്നു.
2 ബൈബിളിലെ ദാനീയേൽ എന്ന പുസ്തകത്തിൽ കാണപ്പെടുന്ന ഏതാനും ചില വിവരണങ്ങൾ മാത്രമാണ് ഇവ. ഇവ ഗൗരവമായ പരിചിന്തനം അർഹിക്കുന്നുവോ? പഴക്കമുള്ള ഈ പുസ്തകത്തിനു നമ്മുടെ നാളിൽ എന്തു പ്രസക്തിയാണ് ഉള്ളത്? ഏതാണ്ട് 2,600 വർഷം മുമ്പു നടന്ന സംഭവങ്ങളിൽ നാം തത്പരർ ആയിരിക്കേണ്ടത് എന്തുകൊണ്ട്?
ദാനീയേൽ—ആധുനിക കാലത്തേക്കുള്ള ഒരു പുരാതന പുസ്തകം
3, 4. മനുഷ്യവർഗത്തിന്റെ ഭാവി സംബന്ധിച്ച് അനേകം ആളുകൾ ന്യായമായും ഉത്കണ്ഠാകുലർ ആയിരിക്കുന്നത് എന്തുകൊണ്ട്?
3 ദാനീയേൽ പുസ്തകത്തിന്റെ അധികഭാഗവും ശ്രദ്ധ കേന്ദ്രീകരിക്കുന്നതു ലോക ഭരണാധിപത്യം എന്ന വിഷയത്തിലാണ്. അതാകട്ടെ, ഇന്നു പരമപ്രാധാന്യം അർഹിക്കുന്ന ഒരു വിഷയവും. നാം ജീവിക്കുന്നതു ദുർഘട കാലങ്ങളിലാണ് എന്നതിനോടു മിക്കവാറും എല്ലാവരുംതന്നെ യോജിക്കും. ശാസ്ത്ര-സാങ്കേതിക രംഗങ്ങളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെങ്കിലും, മനുഷ്യ സമുദായം അന്ധാളിപ്പിക്കുന്ന പ്രശ്നങ്ങളുടെ ഒരു ചതുപ്പിൽ താണുപോകുക ആണെന്നുള്ള മ്ലാനമായ ഓർമിപ്പിക്കലുകളാണ് അനുദിന വാർത്താ റിപ്പോർട്ടുകളിൽ നിറഞ്ഞു നിൽക്കുന്നത്.
4 ഇതു പരിചിന്തിക്കുക: മനുഷ്യൻ ചന്ദ്രനിലൂടെ നടന്നിട്ടുണ്ട്, എന്നാൽ സ്വന്തം ഗ്രഹത്തിലെ മിക്ക തെരുവുകളിലൂടെയും നിർഭയം നടക്കാൻ അവനു സാധിക്കുന്നില്ല. ഒരു വീട് എല്ലാ ആധുനിക സൗകര്യങ്ങളും സഹിതം സജ്ജമാക്കാൻ അവനു കഴിയും, എന്നാൽ കുടുംബ തകർച്ചയുടെ പ്രവണതയെ തടഞ്ഞു നിർത്താൻ അവനു കഴിയുന്നില്ല. വിജ്ഞാന യുഗം സൃഷ്ടിക്കാൻ അവനു കഴിയും, എന്നാൽ സമാധാനത്തോടെ ഒത്തൊരുമിച്ചു വസിക്കുന്നതിന് ആളുകളെ അഭ്യസിപ്പിക്കാൻ അവനു സാധിക്കുന്നില്ല. ചരിത്ര പ്രൊഫസറായ ഹ്യൂ തോമസ് ഒരിക്കൽ ഇങ്ങനെ എഴുതി: “വിജ്ഞാനത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും വ്യാപനം ആത്മനിയന്ത്രണത്തിന്റെയും മറ്റുള്ളവരുമായി ഒത്തുപോകുന്നതിന്റെയും കാര്യത്തിൽ മനുഷ്യവർഗത്തെ ഒന്നുംതന്നെ പഠിപ്പിച്ചിട്ടില്ല.”
5. മാനുഷ ഭരണാധിപത്യത്തിന്റെ ഫലം ഏറെയും എന്തായിരുന്നിട്ടുണ്ട്?
5 സമൂഹത്തിൽ ഒരളവോളം ക്രമം സ്ഥാപിക്കാനുള്ള ശ്രമത്തിൽ മനുഷ്യർ നാനാ തരം ഭരണകൂടങ്ങളുടെ കീഴിൽ സ്വയം സംഘടിച്ചിട്ടുണ്ട്. എന്നാൽ അവയൊന്നും “മനുഷ്യൻ മനുഷ്യന്റെമേൽ ദ്രോഹകരമായി അധികാരം നടത്തു”ന്നു എന്ന ശലോമോൻ രാജാവിന്റെ നിരീക്ഷണത്തിന്റെ സത്യതയ്ക്ക് അപവാദം ആയിരുന്നിട്ടില്ല. (സഭാപ്രസംഗി 4:1; 8:9, ഓശാന ബൈബിൾ) ചില ഭരണാധിപന്മാർക്ക് ഉത്കൃഷ്ടമായ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നിട്ടുണ്ട് എന്നതു ശരിതന്നെ. പക്ഷേ, രോഗവും മരണവും തുടച്ചുനീക്കാൻ ഏതെങ്കിലും രാജാവിനോ പ്രസിഡന്റിനോ ഏകാധിപതിക്കോ കഴിയില്ല. ദൈവം ഉദ്ദേശിച്ച തരത്തിലുള്ള ഒരു പറുദീസയായി നമ്മുടെ ഭൂമിയെ പുനഃസ്ഥാപിക്കാൻ ഒരു മനുഷ്യനും സാധിക്കില്ല.
6. തന്റെ ഹിതം നിവർത്തിക്കാൻ ദൈവത്തിനു മാനുഷ ഭരണകൂടങ്ങളുടെ സഹകരണം ആവശ്യമില്ലാത്തത് എന്തുകൊണ്ട്?
6 എന്നാൽ, സ്രഷ്ടാവ് അത്തരം കാര്യങ്ങൾ ചെയ്യാൻ സന്നദ്ധനാണെന്നു മാത്രമല്ല പ്രാപ്തനുമാണ്. തന്റെ ഉദ്ദേശ്യങ്ങൾ നിവർത്തിക്കാൻ അവനു മാനുഷ ഭരണകൂടങ്ങളുടെ അനുവാദം ആവശ്യമില്ല. കാരണം, അവനെ സംബന്ധിച്ചിടത്തോളം “ജാതികൾ [“ജനതകൾ,” NW] തുലാക്കൊട്ടയിലെ ഒരു തുള്ളിപോലെയും, തുലാസിലെ ഒരു പൊടിപോലെയും” ആണ്. (യെശയ്യാവു 40:15) അതേ, യഹോവ അഖിലാണ്ഡത്തിന്റെ പരമാധികാര ഭരണാധിപനാണ്. അതുകൊണ്ട്, മാനുഷ ഭരണകൂടങ്ങൾക്ക് ഉള്ളതിനെക്കാൾ വളരെ ഉയർന്ന അധികാരം അവനുണ്ട്. മനുഷ്യവർഗത്തിന്റെ നിത്യ അനുഗ്രഹത്തിനായി മുഴു മാനുഷ ഭരണാധിപത്യങ്ങളെയും നീക്കം ചെയ്ത് ആ സ്ഥാനം കയ്യടക്കുന്നത് ദൈവരാജ്യം ആയിരിക്കും. ഒരുപക്ഷേ ഇക്കാര്യം ബൈബിളിലെ ദാനീയേൽ പുസ്തകത്തിലേതിലും വ്യക്തമായി മറ്റൊരിടത്തും പ്രതിപാദിച്ചിട്ടുണ്ടാകില്ല.
ദാനീയേൽ—ദൈവത്തിന് ഏറെ പ്രിയപ്പെട്ടവൻ
7. ദാനീയേൽ ആരായിരുന്നു, യഹോവ അവനെ വീക്ഷിച്ചത് എങ്ങനെ?
7 അനേക വർഷം തന്റെ പ്രവാചകനായി സേവിച്ച ദാനീയേലിനോടു യഹോവയാം ദൈവത്തിന് അതിയായ പ്രിയം ഉണ്ടായിരുന്നു. ദൈവദൂതൻ ദാനീയേലിനെ “വളരെ അഭിലഷണീയനായ ഒരുവൻ” എന്നാണു വർണിച്ചത്. (ദാനീയേൽ 9:23, NW) “വളരെ അഭിലഷണീയനായ ഒരുവൻ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന മൂല എബ്രായ പദത്തിന് “ഏറെ പ്രിയപ്പെട്ട,” “അതിയായി ആദരിക്കപ്പെടുന്ന” എന്നൊക്കെ മാത്രമല്ല “ഇഷ്ടൻ” എന്നുപോലും അർഥമുണ്ട്. ദൈവത്തിന്റെ ദൃഷ്ടിയിൽ ദാനീയേൽ വിശേഷാൽ വിലപ്പെട്ടവൻ ആയിരുന്നു.
8. ദാനീയേൽ ബാബിലോണിൽ എത്താൻ ഇടയായത് എങ്ങനെ?
8 ഈ പ്രിയ പ്രവാചകന്റെ അതുല്യ സാഹചര്യങ്ങൾ നമുക്കു ചുരുക്കമായി പരിചിന്തിക്കാം. ബാബിലോണിയൻ (ബാബേൽ) രാജാവായ നെബൂഖദ്നേസർ പൊ.യു.മു. 618-ൽ യെരൂശലേമിനെ ഉപരോധിച്ചു. (ദാനീയേൽ 1:1) അധികം താമസിയാതെ, വിദ്യാസമ്പന്നരായ ചില യഹൂദ യുവാക്കളെ ബാബിലോണിയൻ പ്രവാസത്തിലേക്കു ബലമായി കൊണ്ടുപോയി. അവരിൽ ദാനീയേലും ഉണ്ടായിരുന്നു. സാധ്യതയനുസരിച്ച് അപ്പോൾ അവൻ തന്റെ കൗമാരത്തിൽ ആയിരുന്നു.
9. ദാനീയേലിനും അവന്റെ എബ്രായ കൂട്ടാളികൾക്കും എന്തു പരിശീലനം നൽകപ്പെട്ടു?
9 “കല്ദയരുടെ വിദ്യയും [“എഴുത്തും,” NW] ഭാഷയും അഭ്യസിപ്പി”ക്കാൻ തിരഞ്ഞെടുത്ത എബ്രായരിൽ ദാനീയേലും അവന്റെ കൂട്ടാളികളായ ഹനന്യാവും മീശായേലും അസര്യാവും ഉണ്ടായിരുന്നു. പരിശീലന കാലയളവു മൂന്നു വർഷമായിരുന്നു. (ദാനീയേൽ 1:3, 4) കേവലം ഭാഷാപഠനം മാത്രമല്ല അതിൽ ഉൾപ്പെട്ടിരുന്നത് എന്നു ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. ദൃഷ്ടാന്തത്തിന്, പ്രൊഫസർ സി. എഫ്. കൈൽ പറയുന്നു: “ദാനീയേലും അവന്റെ കൂട്ടാളികളും കൽദയ പുരോഹിതന്മാരുടെയും വിദ്വാന്മാരുടെയും ജ്ഞാനം പഠിക്കേണ്ടിയിരുന്നു. ബാബിലോണിലെ വിദ്യാലയങ്ങളിൽ അതു പഠിപ്പിച്ചിരുന്നു.” അങ്ങനെ, ദാനീയേലും അവന്റെ കൂട്ടാളികളും ഗവൺമെന്റ് സേവനത്തിനായി പ്രത്യേകാൽ പരിശീലിപ്പിക്കപ്പെടുക ആയിരുന്നു.
10, 11. ദാനീയേലും കൂട്ടാളികളും ഏതെല്ലാം വെല്ലുവിളികളെ അഭിമുഖീകരിച്ചു, യഹോവ അവർക്ക് എന്തു സഹായം നൽകി?
10 ദാനീയേലിന്റെയും കൂട്ടാളികളുടെയും ജീവിത സാഹചര്യത്തിൽ എത്ര വലിയൊരു മാറ്റമാണ് ഉണ്ടായത്! യഹൂദയിൽ അവർ യഹോവയുടെ ആരാധകരുടെ ഇടയിലാണു ജീവിച്ചിരുന്നത്. എന്നാൽ ഇപ്പോഴാകട്ടെ, കാൽപ്പനിക ദേവീദേവന്മാരെ ആരാധിക്കുന്ന ആളുകൾ ആയിരുന്നു അവർക്കു ചുറ്റും. എന്നിരുന്നാലും, യുവാക്കളായ ദാനീയേലും ഹനന്യാവും മീശായേലും അസര്യാവും ചകിതരായില്ല. വിശ്വാസത്തിനു വെല്ലുവിളി ഉയർത്തുന്ന ഈ സാഹചര്യത്തിൻ മധ്യേയും സത്യാരാധനയോടു പറ്റി നിൽക്കാൻ അവർ ദൃഢനിശ്ചയം ചെയ്തിരുന്നു.
11 എന്നാൽ അത് എളുപ്പം അല്ലായിരുന്നു. ബാബിലോണിലെ മുഖ്യ ദേവനായിരുന്ന മർദൂക്കിന്റെ ഒരു തികഞ്ഞ ഭക്തനായിരുന്നു നെബൂഖദ്നേസർ രാജാവ്. ചില അവസരങ്ങളിൽ രാജാവ് ആവശ്യപ്പെടുന്ന കാര്യങ്ങൾ യഹോവയുടെ ഒരു ആരാധകനു തികച്ചും അസ്വീകാര്യം ആയിരുന്നു. (ദൃഷ്ടാന്തത്തിന്, ദാനീയേൽ 3:1-7 കാണുക.) എന്നാൽ, ദാനീയേലിനും കൂട്ടാളികൾക്കും യഹോവയുടെ തുടർച്ചയായ മാർഗനിർദേശം ഉണ്ടായിരുന്നു. അവരുടെ ത്രിവത്സര പരിശീലന വേളയിൽ “സകലവിദ്യയിലും ജ്ഞാനത്തിലും” അവർക്കു “നിപുണതയും സാമർത്ഥ്യവും കൊടുത്തു”കൊണ്ട് ദൈവം അവരെ അനുഗ്രഹിച്ചു. അതിനു പുറമേ, ദർശനങ്ങളുടെയും സ്വപ്നങ്ങളുടെയും അർഥം ഗ്രഹിക്കാനുള്ള പ്രാപ്തിയും ദാനീയേലിനു നൽകപ്പെട്ടു. പിന്നീട്, രാജാവ് ഈ നാലു യുവാക്കളെ പരിശോധിച്ചപ്പോൾ അവർ “തന്റെ രാജ്യത്തെല്ലാടവുമുള്ള സകല മന്ത്രവാദികളിലും ആഭിചാരകന്മാരിലും പത്തിരട്ടി വിശിഷ്ടന്മാരെന്നു കണ്ടു.”—ദാനീയേൽ 1:17, 20.
ദൈവത്തിന്റെ സന്ദേശങ്ങൾ ഘോഷിക്കുന്നു
12. ദാനീയേലിന് ഏതു പ്രത്യേക നിയമനം ഉണ്ടായിരുന്നു?
12 ദാനീയേൽ ബാബിലോണിൽ അനേകം വർഷങ്ങൾ ചെലവഴിച്ചു. അക്കാലത്ത് ഉടനീളം അവൻ രാജാക്കന്മാരായ നെബൂഖദ്നേസർ, ബേൽശസ്സർ തുടങ്ങിയവർക്കുള്ള ദൈവത്തിന്റെ സന്ദേശവാഹകനായി സേവിച്ചു. ദാനീയേലിന്റെ നിയമനം നിർണായകമായ ഒന്നായിരുന്നു. യെരൂശലേമിനെ നശിപ്പിക്കാൻ യഹോവ നെബൂഖദ്നേസരിനെ അനുവദിച്ചിരുന്നു. ദൈവം അവനെ തന്റെ ഉപകരണമായി ഉപയോഗിക്കുക ആയിരുന്നു. കാലക്രമത്തിൽ ബാബിലോണും നശിപ്പിക്കപ്പെടുമായിരുന്നു. സത്യമായും, ദാനീയേൽ പുസ്തകം അത്യുന്നതനും “മനുഷ്യരുടെ രാജത്വത്തിന്മേ”ലുള്ള ഭരണാധിപനും എന്ന നിലയിൽ യഹോവയാം ദൈവത്തെ മഹത്ത്വീകരിക്കുന്നു.—ദാനീയേൽ 4:17.
13, 14. ബാബിലോന്റെ വീഴ്ചയ്ക്കു ശേഷം ദാനീയേലിന് എന്തു സംഭവിച്ചു?
13 ഏതാണ്ട് ഏഴു പതിറ്റാണ്ടുകാലം, ബാബിലോന്റെ വീഴ്ച വരെ, ദാനീയേൽ രാജകൊട്ടാരത്തിൽ സേവനം അനുഷ്ഠിച്ചു. പൊ.യു.മു. 537-ൽ അനേകം യഹൂദന്മാർ സ്വദേശത്തേക്കു തിരിച്ചു പോകുന്നതു കാണാൻ അവൻ ജീവിച്ചിരുന്നു. എന്നാൽ അവൻ അവരോടൊപ്പം പോയെന്നു ബൈബിൾ പറയുന്നില്ല. പേർഷ്യൻ സാമ്രാജ്യ സ്ഥാപകനായ കോരെശ് (സൈറസ്) രാജാവിന്റെ വാഴ്ചയുടെ മൂന്നാം ആണ്ടുവരെ എങ്കിലും അവൻ തികച്ചും പ്രവർത്തനനിരതൻ ആയിരുന്നു. അപ്പോൾ ദാനീയേലിന് ഏതാണ്ട് നൂറു വയസ്സ് ഉണ്ടായിരുന്നിരിക്കണം!
14 ബാബിലോന്റെ വീഴ്ചയ്ക്കു ശേഷം, ദാനീയേൽ തന്റെ ജീവിതത്തിലെ ഏറ്റവും അർഥവത്തായ സംഭവങ്ങൾ എഴുതിവെച്ചു. ആ രേഖ ഇന്നു വിശുദ്ധ ബൈബിളിന്റെ ഒരു ശ്രദ്ധേയ ഭാഗമാണ്. അത് ദാനീയേലിന്റെ പുസ്തകം എന്നാണ് അറിയപ്പെടുന്നത്. എന്നാൽ നാം ഈ പുരാതന പുസ്തകത്തിനു ശ്രദ്ധ കൊടുക്കേണ്ടത് എന്തുകൊണ്ട്?
രണ്ട് ഇഴകൾ—എങ്കിലും ഒരു സന്ദേശം
15. (എ) ബൈബിൾ പുസ്തകമായ ദാനീയേലിൽ ഏതു രണ്ട് ഇഴകൾ അടങ്ങിയിരിക്കുന്നു? (ബി) ദാനീയേലിലെ വിവരണാത്മക ഭാഗം നമുക്കു പ്രയോജനം ചെയ്യുന്നത് എങ്ങനെ?
15 അതുല്യമായ ദാനീയേൽ പുസ്തകത്തിൽ വളരെ വ്യത്യസ്തമായ രണ്ട് ഇഴകൾ അടങ്ങിയിരിക്കുന്നു—ഒന്നു വിവരണാത്മകവും മറ്റേതു പ്രാവചനികവും. ദാനീയേൽ പുസ്തകത്തിലെ ഈ രണ്ടു വശങ്ങൾക്കും നമ്മുടെ വിശ്വാസത്തെ കെട്ടുപണി ചെയ്യാനാകും. എങ്ങനെ? ബൈബിൾ വിവരണങ്ങളിലെ ഏറ്റവും സജീവമായവയിൽ പെടുന്നവയാണ് ഈ വിവരണാത്മക ഭാഗങ്ങൾ. തന്നോടു നിർമലത പാലിക്കുന്നവരെ യഹോവയാം ദൈവം അനുഗ്രഹിക്കുകയും അവർക്കു വേണ്ടി കരുതുകയും ചെയ്യുമെന്ന് അതു നമുക്കു കാണിച്ചു തരുന്നു. ജീവനു ഭീഷണി ഉയർത്തിയ പീഡാനുഭവങ്ങളിൻ മധ്യേ ദാനീയേലും അവന്റെ മൂന്നു കൂട്ടാളികളും ഉറച്ചു നിന്നു. ഇന്ന്, യഹോവയോടു വിശ്വസ്തരായി നിലകൊള്ളാൻ ആഗ്രഹിക്കുന്ന എല്ലാവരും അവരുടെ ദൃഷ്ടാന്തം സൂക്ഷ്മമായി വിചിന്തനം ചെയ്യുന്നതിനാൽ ശക്തീകരിക്കപ്പെടും.
16. ദാനീയേലിലെ പ്രാവചനിക ഭാഗങ്ങളിൽ നിന്നു നാം എന്തു പാഠം പഠിക്കുന്നു?
16 ചരിത്രത്തിന്റെ ഗതി യഹോവ നൂറ്റാണ്ടുകൾക്ക്, സഹസ്രാബ്ദങ്ങൾക്കുപോലും, മുമ്പ് അറിയുന്നു എന്നു പ്രകടമാക്കിക്കൊണ്ട് ദാനീയേൽ പുസ്തകത്തിലെ പ്രാവചനിക ഭാഗങ്ങൾ വിശ്വാസം കെട്ടുപണിചെയ്യുന്നു. ദൃഷ്ടാന്തത്തിന്, പുരാതന ബാബിലോന്റെ കാലം മുതൽ “അന്ത്യകാലംവരെ”യുള്ള ലോകശക്തികളുടെ ഉയർച്ചയെയും വീഴ്ചയെയും കുറിച്ചുള്ള വിശദാംശങ്ങൾ ദാനീയേൽ നൽകുന്നു. (ദാനീയേൽ 12:4) ദൈവത്തിന്റെ നിയമിത രാജാവിന്റെയും സഹ “വിശുദ്ധന്മാ”രുടെയും കൈകളിലെ ദൈവരാജ്യത്തിലേക്കു ദാനീയേൽ നമ്മുടെ ശ്രദ്ധ തിരിച്ചുവിടുന്നു. അത് എന്നേക്കും നിലനിൽക്കുന്ന ഒരു ഗവൺമെന്റാണെന്ന് അവൻ ചൂണ്ടിക്കാട്ടുന്നു. ഈ ഗവൺമെന്റ് ഭൂമിയെ കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യം പൂർണമായും നിറവേറ്റും. ദൈവത്തെ സേവിക്കാൻ ആഗ്രഹിക്കുന്ന സകലർക്കും അത് അനുഗ്രഹത്തിൽ കലാശിക്കും.—ദാനീയേൽ 2:44; 7:13, 14, 21.
17, 18. (എ) ദാനീയേൽ പുസ്തകത്തിന്റെ സൂക്ഷ്മ പരിശോധന നമ്മുടെ വിശ്വാസത്തെ ബലിഷ്ഠമാക്കുന്നത് എങ്ങനെ? (ബി) ഈ പ്രാവചനിക ബൈബിൾ പുസ്തകം പഠിക്കാൻ തുടങ്ങുന്നതിനു മുമ്പ് നാം ഏതു സംഗതി ചർച്ച ചെയ്യേണ്ടതുണ്ട്?
17 സന്തോഷകരമെന്നു പറയട്ടെ, ഭാവി സംഭവങ്ങളെ കുറിച്ചുള്ള അറിവ് യഹോവ രഹസ്യമാക്കി വെക്കുന്നില്ല. മറിച്ച്, “രഹസ്യങ്ങളെ വെളിപ്പെടുത്തുന്ന”വനാണ് അവൻ. (ദാനീയേൽ 2:28) ദാനീയേൽ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനങ്ങളുടെ നിവൃത്തി പരിചിന്തിക്കുന്നതു ദൈവത്തിന്റെ വാഗ്ദാനങ്ങളിലുള്ള നമ്മുടെ വിശ്വാസത്തെ ബലിഷ്ഠമാക്കും. ദൈവം തന്റെ ഉദ്ദേശ്യം കൃത്യസമയത്ത് തന്റെ ഹിതപ്രകാരം നിവർത്തിക്കുമെന്ന കാര്യത്തിൽ നാം പൂർവാധികം ഉറപ്പുള്ളവർ ആയിത്തീരും.
18 ബൈബിൾ പുസ്തകമായ ദാനീയേൽ സ്വീകാര്യക്ഷമമായ ഹൃദയത്തോടെ പഠിക്കുന്ന എല്ലാവരുടെയും വിശ്വാസം വർധിച്ചുവരും. എന്നാൽ, ഈ പുസ്തകം സമഗ്രമായി പരിശോധിക്കുന്നതിനു മുമ്പ്, അതു വാസ്തവത്തിൽ ആധികാരികമാണോ എന്നതിനുള്ള തെളിവു നാം പരിചിന്തിക്കേണ്ടതുണ്ട്. ദാനീയേൽ പുസ്തകത്തിലെ പ്രവചനങ്ങൾ വാസ്തവത്തിൽ അവ നിവൃത്തിയേറിയ ശേഷമാണ് എഴുതപ്പെട്ടതെന്നു പറഞ്ഞുകൊണ്ടു ചില വിമർശകർ ഈ പുസ്തകത്തെ ആക്രമിച്ചിട്ടുണ്ട്. എന്നാൽ ആ സംശയവാദികളുടെ അവകാശവാദത്തിൽ കഴമ്പുണ്ടോ? അടുത്ത അധ്യായം ഈ സംഗതി ചർച്ചചെയ്യും.
നിങ്ങൾ എന്തു ഗ്രഹിച്ചു?
• ദാനീയേൽ പുസ്തകം ആധുനിക കാലത്തേക്കുള്ളത് ആയിരിക്കുന്നത് എന്തുകൊണ്ട്?
• ദാനീയേലും അവന്റെ കൂട്ടാളികളും ബാബിലോണിലെ ഗവൺമെന്റ് സേവനത്തിൽ പ്രവേശിക്കാൻ ഇടയായത് എങ്ങനെ?
• ബാബിലോണിൽ ദാനീയേലിന്റെ പ്രത്യേക നിയമനം എന്തായിരുന്നു?
• ദാനീയേൽ പ്രവചനത്തിനു നാം ശ്രദ്ധ കൊടുക്കേണ്ടത് എന്തുകൊണ്ട്?
[അധ്യയന ചോദ്യങ്ങൾ]
[4-ാം പേജ് നിറയെയുള്ള ചിത്രം]
[11-ാം പേജ് നിറയെയുള്ള ചിത്രം]