വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പരിശോധിക്കപ്പെട്ടെങ്കിലും യഹോവയോടു വിശ്വസ്‌തർ!

പരിശോധിക്കപ്പെട്ടെങ്കിലും യഹോവയോടു വിശ്വസ്‌തർ!

അധ്യായം മൂന്ന്‌

പരി​ശോ​ധി​ക്ക​പ്പെ​ട്ടെ​ങ്കി​ലും യഹോ​വ​യോ​ടു വിശ്വ​സ്‌തർ!

1, 2. ദാനീ​യേൽ പുസ്‌ത​ക​ത്തി​ലെ വിവര​ണ​ത്തിന്‌ ആമുഖ​മാ​യി ഉതകിയ സുപ്ര​ധാന സംഭവങ്ങൾ ഏവ?

 സാർവ​ദേ​ശീയ രംഗത്തെ സുപ്ര​ധാന മാറ്റങ്ങ​ളു​ടെ ഒരു സമയത്താണ്‌ ദാനീ​യേ​ലി​ന്റെ പ്രാവ​ച​നിക പുസ്‌ത​ക​ത്തി​ന്റെ തിരശ്ശീല ഉയരു​ന്നത്‌. അസീറി​യ​യ്‌ക്ക്‌ അതിന്റെ തലസ്ഥാ​ന​മായ നീനെവേ നഷ്ടപ്പെട്ടു കഴിഞ്ഞതേ ഉണ്ടായി​രു​ന്നു​ള്ളൂ. ഈജി​പ്‌ത്‌ യഹൂദാ ദേശത്തി​ന്റെ തെക്കായി, വലിയ പ്രാധാ​ന്യ​മൊ​ന്നും ഇല്ലാത്ത ഒരു അവസ്ഥയി​ലേക്ക്‌ ഒതുക്ക​പ്പെ​ട്ടി​രു​ന്നു. ലോക​ഭ​ര​ണാ​ധി​പ​ത്യ​ത്തി​നു വേണ്ടി​യുള്ള പോരാ​ട്ട​ത്തിൽ ബാബി​ലോൺ മുഖ്യ ശക്തിയാ​യി അതി​വേഗം കുതി​ച്ചു​യ​രുക ആയിരു​ന്നു.

2 ബാബി​ലോ​ന്റെ തെക്കോ​ട്ടുള്ള വികസ​ന​ത്തി​നു തടയി​ടാൻ പൊ.യു.മു. 625-ൽ, ഈജി​പ്‌തി​ലെ ഫറവോൻ നെഖോ ഒരു അവസാന ശ്രമം നടത്തി. ആ ലക്ഷ്യത്തിൽ, അദ്ദേഹം തന്റെ സൈന്യ​ത്തെ വടക്കൻ ഫ്രാത്ത്‌ (യൂഫ്ര​ട്ടീസ്‌) നദീതീ​ര​ത്തുള്ള കർക്കെ​മീ​ശി​ലേക്കു നയിച്ചു. കർക്കെ​മീശ്‌ യുദ്ധം എന്നു വിളി​ക്ക​പ്പെ​ടാ​നി​ട​യായ ഈ യുദ്ധം ഒരു നിർണാ​യക ചരിത്ര സംഭവം ആയിരു​ന്നു. കിരീ​ടാ​വ​കാ​ശി​യായ നെബൂ​ഖ​ദ്‌നേസർ രാജകു​മാ​രൻ നയിച്ച ബാബി​ലോ​ണി​യൻ സൈന്യം ഫറവോൻ നെഖോ​യു​ടെ സൈന്യ​ത്തി​നു മാരക​മായ പ്രഹരം ഏൽപ്പിച്ചു. (യിരെ​മ്യാ​വു 46:2) വിജയാ​വേ​ശ​ത്തോ​ടെ​യുള്ള തന്റെ തേരോ​ട്ട​ത്തിൽ നെബൂ​ഖ​ദ്‌നേസർ സിറി​യ​യും പാലസ്‌തീ​നും പൂർണ​മാ​യി പിടി​ച്ച​ട​ക്കു​ക​യും ആ പ്രദേ​ശത്ത്‌ ഈജി​പ്‌തിന്‌ ഉണ്ടായി​രുന്ന അധീശ​ത്വം പരിപൂർണ​മാ​യും അവസാ​നി​പ്പി​ക്കു​ക​യും ചെയ്‌തു. പിതാ​വായ നെബോ​പോ​ള​സ്സ​റി​ന്റെ മരണം മാത്ര​മാണ്‌ അവന്റെ സൈനിക മുന്നേ​റ്റ​ത്തി​നു താത്‌കാ​ലിക വിരാമം കുറി​ച്ചത്‌.

3. യെരൂ​ശ​ലേ​മിന്‌ എതി​രെ​യുള്ള നെബൂ​ഖ​ദ്‌നേ​സ​രി​ന്റെ ആദ്യത്തെ സൈനിക നടപടി​യു​ടെ ഫലം എന്തായി​രു​ന്നു?

3 പിറ്റേ വർഷം, ബാബി​ലോൺ രാജാവ്‌ എന്ന നിലയിൽ സിംഹാ​സ​ന​സ്ഥ​നാ​യി കഴിഞ്ഞി​രുന്ന നെബൂ​ഖ​ദ്‌നേസർ സിറി​യ​യി​ലെ​യും പാലസ്‌തീ​നി​ലെ​യും തന്റെ സൈനിക പ്രവർത്ത​ന​ങ്ങ​ളി​ലേക്ക്‌ ഒരിക്കൽക്കൂ​ടി ശ്രദ്ധതി​രി​ച്ചു. അപ്പോ​ഴാണ്‌ ആദ്യമാ​യി അവൻ യെരൂ​ശ​ലേ​മി​ലേക്കു വന്നത്‌. ബൈബിൾ റിപ്പോർട്ടു ചെയ്യുന്നു: “അവന്റെ കാലത്തു ബാബേൽരാ​ജാ​വായ നെബൂ​ഖ​ദ്‌നേസർ പുറ​പ്പെ​ട്ടു​വന്നു; യെഹോ​യാ​ക്കീം മൂന്നു സംവത്സരം അവന്നു ആശ്രി​ത​നാ​യി ഇരുന്നു; അതിന്റെ ശേഷം അവൻ തിരിഞ്ഞു അവനോ​ടു മത്സരിച്ചു.”—2 രാജാ​ക്ക​ന്മാർ 24:1.

നെബൂ​ഖ​ദ്‌നേസർ യെരൂ​ശ​ലേ​മിൽ

4. ദാനീ​യേൽ 1:1-ലെ, “യെഹൂ​ദാ​രാ​ജാ​വായ യെഹോ​യാ​ക്കീ​മി​ന്റെ വാഴ്‌ച​യു​ടെ മൂന്നാം ആണ്ടിൽ” എന്ന പ്രയോ​ഗം നാം എങ്ങനെ മനസ്സി​ലാ​ക്കണം?

4 “മൂന്നു സംവത്സരം” എന്ന പ്രയോ​ഗം നമ്മുടെ പ്രത്യേക ശ്രദ്ധ അർഹി​ക്കു​ന്നു. കാരണം ദാനീ​യേൽ പുസ്‌ത​ക​ത്തി​ലെ പ്രാരംഭ വാക്കുകൾ ഇങ്ങനെ വായി​ക്കു​ന്നു: “യെഹൂ​ദാ​രാ​ജാ​വായ യെഹോ​യാ​ക്കീ​മി​ന്റെ വാഴ്‌ച​യു​ടെ മൂന്നാം ആണ്ടിൽ ബാബേൽ രാജാ​വായ നെബൂ​ഖ​ദ്‌നേസർ യെരൂ​ശ​ലേ​മി​ലേക്കു വന്നു അതിനെ നിരോ​ധി​ച്ചു.” (ദാനീ​യേൽ 1:1) പൊ.യു.മു. 628 മുതൽ 618 വരെ വാഴ്‌ച നടത്തിയ യെഹോ​യാ​ക്കീ​മി​ന്റെ സമ്പൂർണ​മായ രാജത്വ​ത്തി​ന്റെ മൂന്നാം ആണ്ടിൽ നെബൂ​ഖ​ദ്‌നേസർ “ബാബേൽ രാജാവാ”യിരു​ന്നില്ല, മറിച്ച്‌ അന്ന്‌ അവൻ കിരീ​ടാ​വ​കാ​ശി ആയിരു​ന്നു. പൊ.യു.മു. 620-ൽ, തനിക്കു കപ്പം നൽകാൻ നെബൂ​ഖ​ദ്‌നേസർ യെഹോ​യാ​ക്കീ​മി​നെ നിർബ​ന്ധി​ത​നാ​ക്കി. എന്നാൽ ഏകദേശം മൂന്നു വർഷം കഴിഞ്ഞ​പ്പോൾ യെഹോ​യാ​ക്കീം മത്സരിച്ചു. അതു​കൊണ്ട്‌ നെബൂ​ഖ​ദ്‌നേസർ രാജാവ്‌ മത്സരി​യായ യെഹോ​യാ​ക്കീ​മി​നെ ശിക്ഷി​ക്കാൻ രണ്ടാം പ്രാവ​ശ്യം യെരൂ​ശ​ലേ​മി​ലേക്കു വന്നതു പൊ.യു.മു. 618-ൽ, അതായത്‌ ബാബി​ലോ​ന്റെ സാമന്ത രാജാവ്‌ എന്ന നിലയി​ലുള്ള യെഹോ​യാ​ക്കീ​മി​ന്റെ രാജത്വ​ത്തി​ന്റെ മൂന്നാം ആണ്ടിൽ ആയിരു​ന്നു.

5. യെരൂ​ശ​ലേ​മിന്‌ എതി​രെ​യുള്ള നെബൂ​ഖ​ദ്‌നേ​സ​രി​ന്റെ രണ്ടാമത്തെ സൈനിക നടപടി​യു​ടെ ഫലം എന്തായി​രു​ന്നു?

5 “കർത്താവു യെഹൂ​ദാ​രാ​ജാ​വായ യെഹോ​യാ​ക്കീ​മി​നെ​യും ദൈവ​ത്തി​ന്റെ ആലയത്തി​ലെ പാത്ര​ങ്ങ​ളിൽ ചിലതി​നെ​യും അവന്റെ കയ്യിൽ ഏല്‌പി​ച്ചു” എന്നതാ​യി​രു​ന്നു ഈ ഉപരോ​ധ​ത്തി​ന്റെ പരിണത ഫലം. (ദാനീ​യേൽ 1:2) സാധ്യ​ത​യ​നു​സ​രിച്ച്‌, ഉപരോ​ധ​ത്തി​ന്റെ പ്രാരംഭ ഘട്ടത്തിൽത്തന്നെ യെഹോ​യാ​ക്കീം വധിക്ക​പ്പെ​ടു​ക​യോ ഒരു വിപ്ലവ​ത്തിൽ മരണമ​ട​യു​ക​യോ ചെയ്‌തു. (യിരെ​മ്യാ​വു 22:18, 19) അവന്റെ 18 വയസ്സുള്ള പുത്രൻ യെഹോ​യാ​ഖീൻ പൊ.യു.മു. 618-ൽ അവനു പകരം രാജാ​വാ​യി. എന്നാൽ യെഹോ​യാ​ഖീ​ന്റെ ഭരണം മൂന്നു മാസവും പത്തു ദിവസ​വും മാത്രമേ ദീർഘി​ച്ചു​ള്ളൂ. പൊ.യു.മു. 617-ൽ അവൻ കീഴടങ്ങി.—2 രാജാ​ക്ക​ന്മാർ 24:10-15 താരത​മ്യം ചെയ്യുക.

6. യെരൂ​ശ​ലേം ദേവാ​ല​യ​ത്തി​ലെ പവിത്ര പാത്ര​ങ്ങൾകൊ​ണ്ടു നെബൂ​ഖ​ദ്‌നേസർ എന്തു ചെയ്‌തു?

6 നെബൂ​ഖ​ദ്‌നേസർ യെരൂ​ശ​ലേം ദേവാ​ല​യ​ത്തി​ലെ പവിത്ര പാത്രങ്ങൾ കൊള്ള​യ​ടിച്ച്‌ “ശിനാർദേ​ശത്തു തന്റെ ദേവന്റെ ക്ഷേത്ര​ത്തി​ലേക്കു കൊണ്ടു പോയി; ആ പാത്ര​ങ്ങളെ അവൻ തന്റെ ദേവന്റെ ഭണ്ഡാര​ഗൃ​ഹ​ത്തിൽ വെച്ചു.” എബ്രാ​യ​യിൽ മേരോ​ദാക്‌ എന്നു വിളി​ക്ക​പ്പെ​ടുന്ന മർദൂക്ക്‌ ആയിരു​ന്നു ആ ദേവൻ. (ദാനീ​യേൽ 1:2; യിരെ​മ്യാ​വു 50:2) കണ്ടെടു​ക്ക​പ്പെട്ട ഒരു ബാബി​ലോ​ണി​യൻ ശിലാ​ലി​ഖി​ത​ത്തിൽ മർദൂ​ക്കി​ന്റെ ക്ഷേത്ര​ത്തെ​ക്കു​റി​ച്ചു നെബൂ​ഖ​ദ്‌നേസർ പിൻവ​രുന്ന പ്രകാരം പറയു​ന്ന​താ​യി ചിത്രീ​ക​രി​ച്ചി​രി​ക്കു​ന്നു: “ഞാൻ അതിനു​ള്ളിൽ വെള്ളി​യും സ്വർണ​വും അമൂല്യ രത്‌ന​ങ്ങ​ളും ശേഖരി​ച്ചു​വെച്ചു, . . . എന്റെ രാജ്യ​ത്തി​ന്റെ ഭണ്ഡാര​ഗൃ​ഹം ഞാൻ അവിടെ സ്ഥാപിച്ചു.” ബേൽശസ്സർ രാജാ​വി​ന്റെ കാലത്തെ കുറി​ച്ചുള്ള വിവര​ണ​ത്തിൽ നാം ഒരിക്കൽക്കൂ​ടെ ഈ പവിത്ര പാത്ര​ങ്ങ​ളെ​പ്പറ്റി വായി​ക്കും.—ദാനീ​യേൽ 5:1-4.

യെരൂ​ശ​ലേം യുവാ​ക്ക​ളിൽ ശ്രേഷ്‌ഠർ

7, 8. ദാനീ​യേൽ 1:3, 4, 6 വാക്യ​ങ്ങ​ളിൽനിന്ന്‌ ദാനീ​യേ​ലി​ന്റെ​യും അവന്റെ മൂന്നു കൂട്ടാ​ളി​ക​ളു​ടെ​യും പശ്ചാത്ത​ലത്തെ കുറിച്ചു നമുക്ക്‌ എന്തു നിഗമനം ചെയ്യാ​വു​ന്ന​താണ്‌?

7 യഹോ​വ​യു​ടെ ആലയത്തി​ലെ നിക്ഷേ​പങ്ങൾ മാത്രമല്ല ബാബി​ലോ​ണി​ലേക്കു കൊണ്ടു​പോ​യത്‌. വിവരണം ഇങ്ങനെ പറയുന്നു: “അനന്തരം രാജാവു തന്റെ ഷണ്ഡന്മാ​രിൽ [“കൊട്ടാര ഉദ്യോ​ഗ​സ്ഥ​ന്മാ​രിൽ,” NW] പ്രധാ​നി​യായ അശ്‌പെ​നാ​സി​നോ​ടു: യിസ്രാ​യേൽമ​ക്ക​ളിൽ രാജസ​ന്ത​തി​യി​ലും കുലീ​ന​ന്മാ​രി​ലും വെച്ചു അംഗഭം​ഗ​മി​ല്ലാ​ത്ത​വ​രും സുന്ദര​ന്മാ​രും സകലജ്ഞാ​ന​ത്തി​ലും നിപു​ണ​ന്മാ​രും അറിവിൽ സമർത്ഥ​ന്മാ​രും വിദ്യാ​പ​രി​ജ്ഞാ​നി​ക​ളും രാജധാ​നി​യിൽ പരിച​രി​പ്പാൻ യോഗ്യ​ന്മാ​രും ആയ ചില ബാലന്മാ​രെ വരുത്തു”ക.—ദാനീ​യേൽ 1:3, 4.

8 തിര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടത്‌ ആരായി​രു​ന്നു? നമ്മോട്‌ ഇങ്ങനെ പറയ​പ്പെ​ട്ടി​രി​ക്കു​ന്നു: “അവരുടെ കൂട്ടത്തിൽ ദാനീ​യേൽ, ഹനന്യാ​വു, മീശാ​യേൽ, അസര്യാ​വു എന്നീ യെഹൂ​ദാ​പു​ത്ര​ന്മാർ ഉണ്ടായി​രു​ന്നു.” (ദാനീ​യേൽ 1:6) ഇതു ദാനീ​യേ​ലി​ന്റെ​യും കൂട്ടാ​ളി​ക​ളു​ടെ​യും മറ്റു വിധങ്ങ​ളിൽ അവ്യക്ത​മായ പശ്ചാത്ത​ല​ത്തി​ന്മേൽ കുറെ വെളിച്ചം വീശുന്നു. ദൃഷ്ടാ​ന്ത​ത്തിന്‌, അവർ “യെഹൂ​ദാ​പു​ത്ര​ന്മാർ,” അഥവാ രാജ​ഗോ​ത്ര​ത്തിൽ പെട്ടവർ ആയിരു​ന്നു​വെന്നു നാം മനസ്സി​ലാ​ക്കു​ന്നു. രാജകു​ടും​ബ​ത്തിൽ പെട്ടവർ ആയിരു​ന്നാ​ലും അല്ലെങ്കി​ലും, അവർ കുറഞ്ഞ​പക്ഷം നല്ല പ്രാധാ​ന്യ​വും സ്വാധീ​ന​വു​മുള്ള കുടും​ബ​ങ്ങ​ളിൽ നിന്നു​ള്ളവർ ആയിരു​ന്നെന്നു ന്യായ​മാ​യും കരുതാ​നാ​കും. ആരോ​ഗ്യ​മുള്ള മനസ്സി​നും ശരീര​ത്തി​നും പുറമേ, അവർക്കു ജ്ഞാനവും നൈപു​ണ്യ​വും അറിവും വിവേ​ക​വും ഉണ്ടായി​രു​ന്നു. അതെല്ലാം ഉണ്ടായി​രു​ന്ന​തോ, ‘ബാലന്മാർ’ എന്നു വിളി​ക്ക​പ്പെ​ടാ​വു​ന്നത്ര ചെറു പ്രായ​ത്തിൽ, ഒരുപക്ഷേ അവരുടെ കൗമാര ആരംഭ​ത്തിൽ. ദാനീ​യേ​ലും കൂട്ടാ​ളി​ക​ളും യെരൂ​ശ​ലേം യുവാ​ക്ക​ളിൽ മുന്തി​നി​ന്നവർ—ശ്രേഷ്‌ഠർ—ആയിരു​ന്നി​രി​ക്കണം.

9. ദാനീ​യേ​ലി​ന്റെ​യും അവന്റെ മൂന്നു കൂട്ടാ​ളി​ക​ളു​ടെ​യും മാതാ​പി​താ​ക്കൾ ദൈവ​ഭയം ഉള്ളവർ ആയിരു​ന്നു​വെന്ന്‌ ഉറപ്പു തോന്നു​ന്നത്‌ എന്തു​കൊണ്ട്‌?

9 ഈ ചെറു​പ്പ​ക്കാ​രു​ടെ മാതാ​പി​താ​ക്കൾ ആരായി​രു​ന്നെന്നു വിവരണം പറയു​ന്നില്ല. എന്നിരു​ന്നാ​ലും, മാതാ​പി​താ​ക്ക​ളു​ടെ ഉത്തരവാ​ദി​ത്വ​ങ്ങൾ ഗൗരവ​മാ​യി എടുത്തി​രുന്ന, ദൈവ​ഭ​യ​മുള്ള വ്യക്തികൾ ആയിരു​ന്നു അവർ എന്നു മിക്കവാ​റും ഉറപ്പാണ്‌. അക്കാലത്തു യെരൂ​ശ​ലേ​മിൽ, വിശേ​ഷിച്ച്‌ “രാജസ​ന്ത​തി​യി​ലും കുലീ​ന​ന്മാ​രി​ലും,” സർവസാ​ധാ​ര​ണ​മാ​യി​രുന്ന ധാർമി​ക​വും ആത്മീയ​വു​മായ അധഃപ​തനം പരിഗ​ണി​ക്കു​മ്പോൾ, ദാനീ​യേ​ലി​ലും അവന്റെ മൂന്നു കൂട്ടാ​ളി​ക​ളി​ലും കാണപ്പെട്ട അത്യുത്തമ ഗുണങ്ങൾ യാദൃ​ച്ഛി​ക​മാ​യി ഉണ്ടായ​ത​ല്ലെന്നു വ്യക്തമാണ്‌. തങ്ങളുടെ പുത്ര​ന്മാ​രെ ഒരു വിദൂര ദേശ​ത്തേക്കു പിടി​ച്ചു​കൊ​ണ്ടു പോയതു സ്വാഭാ​വി​ക​മാ​യും മാതാ​പി​താ​ക്കളെ സംബന്ധി​ച്ചി​ട​ത്തോ​ളം ഹൃദയ​ഭേ​ദകം ആയിരു​ന്നി​രി​ക്കണം. എന്നാൽ അതിന്റെ അന്തിമ ഫലം അറിയാൻ കഴിഞ്ഞി​രു​ന്നെ​ങ്കിൽ അവർ എത്രമാ​ത്രം അഭിമാ​നം കൊള്ളു​മാ​യി​രു​ന്നു! മാതാ​പി​താ​ക്കൾ മക്കളെ “യഹോ​വ​യു​ടെ ശിക്ഷണ​ത്തി​ലും മാനസിക ക്രമവ​ത്‌ക​ര​ണ​ത്തി​ലും വളർത്തി​ക്കൊ​ണ്ടു”വരേണ്ടത്‌ എത്ര പ്രധാ​ന​മാണ്‌!—എഫെസ്യർ 6:4, NW.

മനസ്സിനു വേണ്ടി​യുള്ള പോരാ​ട്ടം

10. യുവ എബ്രാ​യരെ എന്തു പഠിപ്പി​ച്ചു, എന്ത്‌ ഉദ്ദേശ്യ​ത്തിൽ?

10 ഈ പ്രവാ​സി​ക​ളു​ടെ ഇളം മനസ്സിനു വേണ്ടി​യുള്ള ഒരു പോരാ​ട്ടം പെട്ടെ​ന്നു​തന്നെ ആരംഭി​ച്ചു. ഈ എബ്രായ കുമാ​ര​ന്മാർ ബാബി​ലോ​ണി​യൻ വ്യവസ്ഥ​യ്‌ക്കു യോജി​ക്കും വിധം വാർത്തെ​ടു​ക്ക​പ്പെ​ടും എന്ന്‌ ഉറപ്പു​വ​രു​ത്താൻ “അവരെ കല്‌ദ​യ​രു​ടെ വിദ്യ​യും [“എഴുത്തും,” NW] ഭാഷയും അഭ്യസി​പ്പി”ക്കാൻ നെബൂ​ഖ​ദ്‌നേസർ തന്റെ ഉദ്യോ​ഗ​സ്ഥ​ന്മാ​രോ​ടു കൽപ്പിച്ചു. (ദാനീ​യേൽ 1:4) അതു സാധാരണ വിദ്യാ​ഭ്യാ​സം അല്ലായി​രു​ന്നു. അതിൽ “സുമേ​റി​യൻ, അക്കാഡി​യൻ, അരമായ . . . തുടങ്ങിയ ഭാഷക​ളു​ടെ​യും ആ ഭാഷക​ളി​ലുള്ള വിപു​ല​മായ സാഹി​ത്യ​ങ്ങ​ളു​ടെ​യും പഠനം ഉൾപ്പെ​ട്ടി​രു​ന്നു” എന്ന്‌ ദി ഇന്റർനാ​ഷണൽ സ്റ്റാൻഡേർഡ്‌ ബൈബിൾ എൻ​സൈ​ക്ലോ​പീ​ഡിയ വിശദീ​ക​രി​ക്കു​ന്നു. “വിപു​ല​മായ സാഹിത്യ”ത്തിൽ ചരിത്രം, ഗണിത​ശാ​സ്‌ത്രം, ജ്യോ​തി​ശ്ശാ​സ്‌ത്രം മുതലാ​യവ ഉൾപ്പെ​ട്ടി​രു​ന്നു. എന്നാൽ, “ശകുന​വും ജ്യോ​തി​ഷ​വും ഉൾപ്പെട്ട മത പാഠങ്ങൾക്ക്‌ . . . ഒരു വലിയ സ്ഥാനം ഉണ്ടായി​രു​ന്നു.”

11. എബ്രായ യുവാക്കൾ ബാബി​ലോ​ണി​യൻ കൊട്ടാര ജീവി​ത​ത്തോട്‌ ഇഴുകി​ച്ചേ​രു​മെന്ന്‌ ഉറപ്പു​വ​രു​ത്താ​നാ​യി എന്തു നടപടി​കൾ സ്വീക​രി​ച്ചു?

11 ഈ എബ്രായ യുവാ​ക്കൾക്കു ബാബി​ലോ​ണി​യൻ കൊട്ടാര ജീവി​ത​ത്തി​ലെ ആചാര​ങ്ങ​ളും സംസ്‌കാ​ര​വും പൂർണ​മാ​യി ഉൾക്കൊ​ള്ളാൻ കഴി​യേ​ണ്ട​തിന്‌ “രാജാവു അവർക്കു രാജ​ഭോ​ജ​ന​ത്തിൽനി​ന്നും താൻ കുടി​ക്കുന്ന വീഞ്ഞിൽനി​ന്നും നിത്യ​വൃ​ത്തി നിയമി​ച്ചു; ഇങ്ങനെ അവരെ മൂന്നു സംവത്സരം വളർത്തീ​ട്ടു അവർ രാജസ​ന്നി​ധി​യിൽ നില്‌ക്കേണം എന്നു കല്‌പി​ച്ചു.” (ദാനീ​യേൽ 1:5) അതിനു പുറമേ, “ഷണ്ഡാധി​പൻ അവർക്കു പേരിട്ടു; ദാനീ​യേ​ലി​ന്നു അവൻ ബേൽത്ത്‌ശസ്സർ എന്നും ഹനന്യാ​വി​ന്നു ശദ്രക്‌ എന്നും മീശാ​യേ​ലി​ന്നു മേശക്‌ എന്നും അസര്യാ​വി​ന്നു അബേദ്‌-നെഗോ എന്നും പേരു​വി​ളി​ച്ചു.” (ദാനീ​യേൽ 1:7) ജീവി​ത​ത്തി​ലെ ഒരു സുപ്ര​ധാന സംഭവത്തെ കുറി​ക്കാ​നാ​യി ഒരുവനു പുതിയ പേരു നൽകു​ന്നതു ബൈബിൾ കാലങ്ങ​ളിൽ ഒരു സാധാരണ നടപടി ആയിരു​ന്നു. ദൃഷ്ടാ​ന്ത​ത്തിന്‌, യഹോവ അബ്രാ​മി​ന്റെ​യും സാറാ​യി​യു​ടെ​യും പേരുകൾ യഥാ​ക്രമം അബ്രാ​ഹാം എന്നും സാറാ എന്നും ആക്കി. (ഉല്‌പത്തി 17:5, 15, 16) ഒരുവൻ മറ്റൊ​രു​വന്റെ പേരു മാറ്റു​ന്നത്‌ അധികാ​ര​ത്തി​ന്റെ​യോ മേധാ​വി​ത്വ​ത്തി​ന്റെ​യോ ഒരു വ്യക്തമായ തെളി​വാണ്‌. യോ​സേഫ്‌ ഈജി​പ്‌തി​ലെ ഭക്ഷ്യ​മേൽവി​ചാ​രകൻ ആയപ്പോൾ ഫറവോൻ അവന്‌ “സാപ്‌നത്ത്‌ പനേഹ്‌” എന്നു പേരിട്ടു.—ഉല്‌പത്തി 41:44, 45; 2 രാജാ​ക്ക​ന്മാർ 23:34-ഉം 24:17-ഉം താരത​മ്യം ചെയ്യുക.

12, 13. എബ്രായ യുവാ​ക്ക​ളു​ടെ പേരു മാറ്റി​യത്‌ അവരുടെ വിശ്വാ​സത്തെ തകർക്കാ​നുള്ള ഒരു ശ്രമം ആയിരു​ന്നു​വെന്നു പറയാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

12 ദാനീ​യേ​ലി​ന്റെ​യും അവന്റെ മൂന്ന്‌ എബ്രായ കൂട്ടാ​ളി​ക​ളു​ടെ​യും കാര്യ​ത്തിൽ പേരു​മാ​റ്റം പ്രാധാ​ന്യം അർഹി​ക്കു​ന്നത്‌ ആയിരു​ന്നു. യഹോ​വ​യു​ടെ ആരാധ​ന​യോ​ടു ചേർച്ച​യി​ലുള്ള പേരുകൾ ആയിരു​ന്നു മാതാ​പി​താ​ക്കൾ അവർക്കു നൽകി​യത്‌. “ദാനീ​യേൽ” എന്നതിന്റെ അർഥം “എന്റെ ന്യായാ​ധി​പൻ ദൈവം ആകുന്നു” എന്നാണ്‌. “ഹനന്യാവ്‌” എന്നതിന്‌ “യഹോവ പ്രീതി കാട്ടി​യി​രി​ക്കു​ന്നു” എന്നാണ്‌ അർഥം. സാധ്യ​ത​യ​നു​സ​രിച്ച്‌, “മീശാ​യേൽ” എന്നതിന്റെ അർഥം “ദൈവ​ത്തെ​പ്പോ​ലെ ആരുണ്ട്‌?” എന്നാണ്‌. “അസര്യാവ്‌” എന്നതിന്റെ അർഥം “യഹോവ സഹായി​ച്ചി​രി​ക്കു​ന്നു” എന്നാണ്‌. തങ്ങളുടെ പുത്ര​ന്മാർ യഹോ​വ​യാം ദൈവ​ത്തി​ന്റെ മാർഗ​നിർദേ​ശ​ത്തിൻ കീഴിൽ അവന്റെ വിശ്വ​സ്‌ത​രും സത്യസ​ന്ധ​രു​മായ ദാസന്മാ​രാ​യി വളരണം എന്നത്‌ ആ മാതാ​പി​താ​ക്ക​ളു​ടെ ഉത്‌ക​ട​മായ ആഗ്രഹ​മാ​യി​രു​ന്നു എന്നതിൽ തെല്ലും സംശയ​മില്ല.

13 എന്നാൽ, ആ നാല്‌ എബ്രാ​യർക്കു നൽകിയ പുതിയ പേരുകൾ വ്യാജ ദേവന്മാ​രു​ടെ പേരു​ക​ളു​മാ​യി അടുത്തു ബന്ധമുള്ളവ ആയിരു​ന്നു. ആ ദേവീ​ദേ​വ​ന്മാർ സത്യ​ദൈ​വത്തെ കീഴടക്കി എന്നായി​രു​ന്നു അതിന്റെ സൂചന. ആ യുവാ​ക്ക​ളു​ടെ വിശ്വാ​സത്തെ തകർക്കാ​നുള്ള എന്തൊരു വഞ്ചകമായ ശ്രമം!

14. ദാനീ​യേ​ലി​നും അവന്റെ മൂന്നു കൂട്ടാ​ളി​കൾക്കും നൽകിയ പുതിയ പേരു​ക​ളു​ടെ അർഥ​മെന്ത്‌?

14 ദാനീ​യേ​ലി​ന്റെ പേര്‌, “രാജാ​വി​ന്റെ ജീവൻ രക്ഷിക്കുക” എന്ന്‌ അർഥമുള്ള ബേൽത്ത്‌ശസ്സർ എന്നാക്കി. മുഖ്യ ബാബി​ലോ​ണി​യൻ ദേവനായ മർദൂ​ക്കി​നോട്‌ അഥവാ ബേലി​നോ​ടുള്ള സഹായാ​ഭ്യർഥ​ന​യു​ടെ ഒരു ഹ്രസ്വ രൂപമാ​യി​രു​ന്നു അതെന്നു വ്യക്തമാണ്‌. ദാനീ​യേ​ലിന്‌ ഈ പേരു നൽകി​യ​തിൽ നെബൂ​ഖ​ദ്‌നേ​സ​റി​നു കയ്യുണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇല്ലെങ്കി​ലും അതു തന്റെ “ദേവന്റെ നാമ​ധേ​യ​പ്ര​കാര”മുള്ള പേരാ​ണെന്നു പറയു​ന്ന​തിൽ അവൻ അഭിമാ​നം​കൊ​ണ്ടി​രു​ന്നു. (ദാനീ​യേൽ 4:8) ഹനന്യാ​വി​നു ശദ്രക്‌ എന്ന പുതിയ പേരു നൽകി. “അക്കുവി​ന്റെ കൽപ്പന” എന്ന്‌ അർഥമുള്ള ഒരു സംയുക്ത പേരാണ്‌ അതെന്നു ചില പണ്ഡിത​ന്മാർ വിശ്വ​സി​ക്കു​ന്നു. ഒരു സുമേ​റി​യൻ ദേവന്റെ പേരാ​യി​രു​ന്നു അക്കു എന്നതു രസാവ​ഹ​മാണ്‌. മീശാ​യേ​ലി​ന്റെ പേര്‌ മേശക്‌ (സാധ്യ​ത​യ​നു​സ​രിച്ച്‌, മിശാക്കു) എന്നാക്കി. “അക്കുവി​നു തുല്യ​നാ​യി ആരുണ്ട്‌” എന്ന്‌ അർഥം വരുന്ന ഈ പേര്‌ വ്യക്തമാ​യും “ദൈവ​ത്തെ​പ്പോ​ലെ ആരുണ്ട്‌” എന്നതിന്റെ കൗശല​പൂർവ​മായ ഒരു വളച്ചൊ​ടി​ക്കൽ ആയിരു​ന്നു. സാധ്യ​ത​യ​നു​സ​രിച്ച്‌, അസര്യാ​വി​ന്റെ ബാബി​ലോ​ണി​യൻ പേര്‌ “നെഗോ​യു​ടെ ദാസൻ” എന്ന്‌ അർഥമുള്ള അബേദ്‌-നെഗോ എന്നായി​രു​ന്നു. “നെഗോ” എന്നത്‌ “നെബോ” എന്ന ദേവന്റെ പേരിന്റെ ഒരു വകഭേ​ദ​മാ​യി​രു​ന്നു. പല ബാബി​ലോ​ണി​യൻ രാജാ​ക്ക​ന്മാർക്കും ഈ ദേവന്റെ പേരി​ട്ടി​രു​ന്നു.

യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കാൻ ദൃഢനി​ശ്ച​യ​മു​ള്ളവർ

15, 16. ദാനീ​യേ​ലും അവന്റെ മൂന്നു കൂട്ടാ​ളി​ക​ളും ഇപ്പോൾ ഏത്‌ അപകടത്തെ അഭിമു​ഖീ​ക​രി​ച്ചു, അവരുടെ പ്രതി​ക​രണം എന്തായി​രു​ന്നു?

15 ബാബി​ലോ​ണി​യൻ പേരുകൾ, പുനർവി​ദ്യാ​ഭ്യാ​സ പരിപാ​ടി, വിശിഷ്ട ഭോജനം എന്നിവ​യെ​ല്ലാം ദാനീ​യേ​ലി​നെ​യും മൂന്ന്‌ എബ്രായ യുവാ​ക്ക​ളെ​യും ബാബി​ലോ​ണി​യൻ ജീവിത രീതി​യോട്‌ അനുരൂ​പ​പ്പെ​ടു​ത്തുക എന്ന ലക്ഷ്യത്തിൽ മാത്ര​മാ​യി​രു​ന്നില്ല, മറിച്ച്‌ അവരെ അവരുടെ ദൈവ​മായ യഹോ​വ​യിൽനി​ന്നും അവരുടെ മതപര​മായ പരിശീ​ലനം, പശ്ചാത്തലം എന്നിവ​യിൽനി​ന്നും അന്യ​പ്പെ​ടു​ത്താ​നും​കൂ​ടി ആയിരു​ന്നു. ഈ സമ്മർദ​ങ്ങ​ളു​ടെ​യും പ്രലോ​ഭ​ന​ങ്ങ​ളു​ടെ​യും എല്ലാം മധ്യേ ഈ യുവാക്കൾ എന്തു ചെയ്യു​മാ​യി​രു​ന്നു?

16 നിശ്വസ്‌ത വിവരണം പറയുന്നു: “രാജാ​വി​ന്റെ ഭോജ​നം​കൊ​ണ്ടും അവൻ കുടി​ക്കുന്ന വീഞ്ഞു​കൊ​ണ്ടും തന്നെത്താൻ അശുദ്ധ​മാ​ക്കു​ക​യില്ല എന്നു ദാനീ​യേൽ ഹൃദയ​ത്തിൽ നിശ്ചയി​ച്ചു.” (ദാനീ​യേൽ 1:8എ) ദാനീ​യേ​ലി​നെ മാത്ര​മാണ്‌ പേരെ​ടുത്ത്‌ പറഞ്ഞി​രി​ക്കു​ന്നത്‌ എങ്കിലും അവന്റെ മൂന്നു കൂട്ടാ​ളി​ക​ളും അവന്റെ തീരു​മാ​നത്തെ പിന്താ​ങ്ങി​യെന്നു തുടർന്നു​ണ്ടായ സംഭവങ്ങൾ വ്യക്തമാ​ക്കു​ന്നു. “ഹൃദയ​ത്തിൽ നിശ്ചയി​ച്ചു” എന്ന പ്രയോ​ഗം, സ്വന്തം നാട്ടിൽവെച്ച്‌ ദാനീ​യേ​ലി​ന്റെ മാതാ​പി​താ​ക്ക​ളും മറ്റുള്ള​വ​രും നൽകിയ പ്രബോ​ധനം അവന്റെ ഹൃദയ​ത്തിൽ എത്തി​ച്ചേർന്നി​രു​ന്നു എന്നു പ്രകട​മാ​ക്കു​ന്നു. തങ്ങൾ എടുത്ത തീരു​മാ​ന​ത്തി​ന്റെ കാര്യ​ത്തിൽ സമാന​മായ പരിശീ​ലനം മറ്റു മൂന്ന്‌ എബ്രാ​യ​രെ​യും വഴിന​യി​ച്ചു എന്നതിൽ സംശയ​ത്തിന്‌ ഇടമില്ല. ഗ്രഹി​ക്കാൻ തക്ക പ്രായ​മാ​യി​ട്ടി​ല്ലെന്നു തോന്നി​യേ​ക്കാ​വുന്ന കാലത്തു​പോ​ലും കുട്ടി​കളെ പഠിപ്പി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യം ഇതു വളരെ നന്നായി ചിത്രീ​ക​രി​ക്കു​ന്നു.—സദൃശ​വാ​ക്യ​ങ്ങൾ 22:6; 2 തിമൊ​ഥെ​യൊസ്‌ 3:14, 15.

17. ദാനീ​യേ​ലും കൂട്ടാ​ളി​ക​ളും മറ്റു ക്രമീ​ക​ര​ണ​ങ്ങ​ളോ​ടൊ​ന്നും എതിർപ്പു പ്രകടി​പ്പി​ക്കാ​തെ പ്രതി​ദിന രാജ​ഭോ​ജ​ന​ത്തോ​ടു മാത്രം എതിർപ്പു പ്രകടി​പ്പി​ച്ചത്‌ എന്തു​കൊണ്ട്‌?

17 ആ എബ്രായ യുവാക്കൾ മറ്റു ക്രമീ​ക​ര​ണ​ങ്ങ​ളോ​ടൊ​ന്നും എതിർപ്പു പ്രകടി​പ്പി​ക്കാ​തെ രാജ​ഭോ​ജ​ന​ത്തോ​ടും വീഞ്ഞി​നോ​ടും മാത്രം എതിർപ്പു പ്രകടി​പ്പി​ച്ചത്‌ എന്തു​കൊ​ണ്ടാ​യി​രു​ന്നു? അത്‌ എന്തു​കൊ​ണ്ടെന്നു ദാനീ​യേ​ലി​ന്റെ ന്യായ​വാ​ദം വ്യക്തമാ​യി സൂചി​പ്പി​ക്കു​ന്നു: അവൻ “തന്നെത്താൻ അശുദ്ധ​മാ​ക്കു”മായി​രു​ന്നില്ല. “കല്‌ദ​യ​രു​ടെ വിദ്യ​യും ഭാഷയും” പഠിക്കു​ന്ന​തും ബാബി​ലോ​ണി​യൻ പേരു നൽക​പ്പെ​ട്ട​തും അനിഷ്ട​കരം ആയിരു​ന്നെ​ങ്കി​ലും അത്‌ ഒരു വ്യക്തിയെ അവശ്യം അശുദ്ധൻ ആക്കുമാ​യി​രു​ന്നില്ല. അന്നേക്ക്‌ ഏതാണ്ട്‌ 1,000 വർഷം മുമ്പു ജീവി​ച്ചി​രുന്ന മോ​ശെ​യു​ടെ ദൃഷ്ടാന്തം പരിഗ​ണി​ക്കുക. “മിസ്ര​യീ​മ്യ​രു​ടെ സകല ജ്ഞാനവും അഭ്യസി​ച്ചു”വെങ്കി​ലും അവൻ യഹോ​വ​യോ​ടു വിശ്വ​സ്‌ത​നാ​യി നില​കൊ​ണ്ടു. സ്വന്തം മാതാ​പി​താ​ക്കൾ നൽകിയ ബാല്യ​കാല പരിശീ​ലനം അവന്‌ ഒരു ഉറച്ച അടിസ്ഥാ​നം പ്രദാനം ചെയ്‌തു. തത്‌ഫ​ല​മാ​യി, ‘വിശ്വാ​സ​ത്താൽ മോശെ താൻ വളർന്ന​പ്പോൾ പാപത്തി​ന്റെ തല്‌ക്കാ​ല​ഭോ​ഗ​ത്തെ​ക്കാ​ളും ദൈവ​ജ​ന​ത്തോ​ടു​കൂ​ടെ കഷ്ടമനു​ഭ​വി​ക്കു​ന്നതു തിര​ഞ്ഞെ​ടു​ത്തു. ഫറവോ​ന്റെ പുത്രി​യു​ടെ മകൻ എന്നു വിളി​ക്ക​പ്പെ​ടു​ന്നതു നിരസി​ക്ക​യും ചെയ്‌തു.’—പ്രവൃ​ത്തി​കൾ 7:22; എബ്രായർ 11:24, 25.

18. രാജ​ഭോ​ജനം ആ എബ്രായ യുവാ​ക്കളെ ഏതു വിധങ്ങ​ളിൽ അശുദ്ധർ ആക്കുമാ​യി​രു​ന്നു?

18 ബാബി​ലോ​ണി​ലെ രാജ​ഭോ​ജനം ആ യുവാ​ക്കളെ ഏതു വിധത്തിൽ അശുദ്ധർ ആക്കുമാ​യി​രു​ന്നു? ഒന്നാമ​താ​യി, രാജ​ഭോ​ജ​ന​ത്തിൽ മോ​ശൈക ന്യായ​പ്ര​മാ​ണം വിലക്കി​യി​രുന്ന ആഹാരം ഉണ്ടായി​രു​ന്നി​രി​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, ന്യായ​പ്ര​മാ​ണ​ത്തിൻ കീഴിൽ ഇസ്രാ​യേ​ല്യർക്കു വിലക്ക​പ്പെ​ട്ടി​രുന്ന അശുദ്ധ മൃഗങ്ങളെ ബാബി​ലോ​ണി​യർ ഭക്ഷിച്ചി​രു​ന്നു. (ലേവ്യ​പു​സ്‌തകം 11:1-31; 20:24-26; ആവർത്ത​ന​പു​സ്‌തകം 14:3-20) രണ്ടാമ​താ​യി, മൃഗങ്ങ​ളു​ടെ മാംസം ഭക്ഷിക്കു​ന്ന​തി​നു മുമ്പു രക്തം ഒഴുക്കി​ക്ക​ള​യുന്ന ശീലം ബാബി​ലോ​ണി​യർക്ക്‌ ഇല്ലായി​രു​ന്നു. രക്തം ഒഴുക്കി​ക്ക​ള​യാത്ത മാംസം ഭക്ഷിക്കു​ന്നതു രക്തം സംബന്ധി​ച്ചുള്ള യഹോ​വ​യു​ടെ നിയമ​ത്തി​ന്റെ നേരി​ട്ടുള്ള ലംഘനം ആയിരി​ക്കു​മാ​യി​രു​ന്നു. (ഉല്‌പത്തി 9:1, 3, 4; ലേവ്യ​പു​സ്‌തകം 17:10-12; ആവർത്ത​ന​പു​സ്‌തകം 12:23-25) മൂന്നാ​മ​താ​യി, വ്യാജ ദേവന്മാ​രു​ടെ ആരാധകർ സമൂഹ ഭക്ഷണം കഴിക്കു​ന്ന​തി​നു മുമ്പ്‌ ആചാര​പ​ര​മാ​യി അതു വിഗ്ര​ഹ​ങ്ങൾക്ക്‌ അർപ്പി​ച്ചി​രു​ന്നു. യഹോ​വ​യു​ടെ ദാസന്മാർ അവയി​ലൊ​ന്നും ഏർപ്പെ​ടു​മാ​യി​രു​ന്നില്ല! (1 കൊരി​ന്ത്യർ 10:20-22 താരത​മ്യം ചെയ്യുക.) അവസാ​ന​മാ​യി, കൊഴു​പ്പു നിറഞ്ഞ ഭക്ഷണവും മദ്യവും ദിവസേന അമിത​മാ​യി കഴിക്കു​ന്നത്‌ ഏതു പ്രായ​ക്കാർക്കും ആരോ​ഗ്യ​പ്ര​ദമല്ല, കുട്ടി​ക​ളു​ടെ കാര്യ​ത്തി​ലാ​ണെ​ങ്കിൽ അതൊട്ടു പറയാ​നു​മില്ല.

19. എബ്രായ യുവാ​ക്കൾക്കു ന്യായീ​ക​ര​ണങ്ങൾ കണ്ടെത്താൻ കഴിയു​മാ​യി​രു​ന്നത്‌ എങ്ങനെ, എന്നാൽ ശരിയായ നിഗമ​ന​ത്തിൽ എത്തി​ച്ചേ​രാൻ അവരെ സഹായി​ച്ചത്‌ എന്ത്‌?

19 ചെയ്യേ​ണ്ടത്‌ എന്താ​ണെന്ന്‌ അറിയു​ന്നത്‌ ഒരു സംഗതി​യും, സമ്മർദ​മോ പ്രലോ​ഭ​ന​മോ നേരി​ടു​മ്പോൾ അതു ചെയ്യാൻ ധൈര്യം ഉണ്ടായി​രി​ക്കു​ന്നതു തികച്ചും വ്യത്യ​സ്‌ത​മായ മറ്റൊരു സംഗതി​യു​മാണ്‌. മാതാ​പി​താ​ക്ക​ളിൽനി​ന്നും സുഹൃ​ത്തു​ക്ക​ളിൽനി​ന്നും വളരെ ദൂരെ ആയിരു​ന്ന​തി​നാൽ തങ്ങൾ ചെയ്യു​ന്നത്‌ അവർ അറിയു​ക​യി​ല്ലെന്നു ദാനീ​യേ​ലി​നും അവന്റെ മൂന്നു സ്‌നേ​ഹി​ത​ന്മാർക്കും ന്യായ​വാ​ദം ചെയ്യാ​മാ​യി​രു​ന്നു. ഇതു രാജകൽപ്പന ആയതി​നാൽ മറ്റൊരു പോം​വ​ഴി​യും ഉള്ളതായി തോന്നു​ന്നി​ല്ലെ​ന്നും അവർക്കു വാദി​ക്കാ​മാ​യി​രു​ന്നു. കൂടാതെ, മറ്റു യുവാക്കൾ ആ ക്രമീ​ക​ര​ണ​ങ്ങളെ സത്വരം സ്വീക​രി​ക്കു​ക​യും അതിൽ പങ്കുപ​റ്റു​ന്ന​തി​നെ ബുദ്ധി​മു​ട്ടാ​യി​ട്ടല്ല, മറിച്ച്‌ ഒരു പദവി​യാ​യി കണക്കാ​ക്കു​ക​യും ചെയ്‌തു എന്നതിനു സംശയ​മില്ല. എന്നാൽ അത്തരം തെറ്റായ ചിന്താ​ഗതി, അനേകം യുവജ​ന​ങ്ങ​ളു​ടെ​യും കാര്യ​ത്തിൽ ഒരു കെണി​യാ​യി​രി​ക്കുന്ന, രഹസ്യ​പാ​പം എന്ന അപകട​ത്തി​ലേക്ക്‌ എളുപ്പം നയിക്കു​മാ​യി​രു​ന്നു. ‘യഹോ​വ​യു​ടെ കണ്ണ്‌ എല്ലായി​ട​ത്തും ഉണ്ടെ’ന്നും “ദൈവം നല്ലതും തീയതു​മായ സകല​പ്ര​വൃ​ത്തി​യെ​യും സകലര​ഹ​സ്യ​ങ്ങ​ളു​മാ​യി ന്യായ​വി​സ്‌താ​ര​ത്തി​ലേക്കു വരുത്തു”മെന്നും ആ എബ്രായ യുവാ​ക്കൾക്ക്‌ അറിയാ​മാ​യി​രു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 15:3; സഭാ​പ്ര​സം​ഗി 12:14) ഈ വിശ്വസ്‌ത യുവജ​ന​ങ്ങ​ളു​ടെ പ്രവർത്തന ഗതിയിൽനി​ന്നു നമുക്ക്‌ എല്ലാവർക്കും ഒരു പാഠം ഉൾക്കൊ​ള്ളാം.

ധൈര്യ​വും സ്ഥിരോ​ത്സാ​ഹ​വും പ്രതി​ഫ​ല​ദാ​യകം ആയിരു​ന്നു

20, 21. ദാനീ​യേൽ എന്തു നടപടി സ്വീക​രി​ച്ചു, അതിന്റെ ഫലം എന്തായി​രു​ന്നു?

20 ദുഷി​പ്പി​ക്കുന്ന സ്വാധീ​ന​ങ്ങളെ ചെറു​ക്കാൻ ഹൃദയ​ത്തിൽ നിശ്ചയി​ച്ചു​റച്ച ദാനീ​യേൽ തന്റെ തീരു​മാ​ന​ത്തി​നു ചേർച്ച​യിൽ പ്രവർത്തി​ക്കാൻ തുടങ്ങി. “തനിക്കു അശുദ്ധി ഭവിപ്പാൻ ഇടവരു​ത്ത​രു​തെന്നു [അവൻ] ഷണ്ഡാധി​പ​നോ​ടു അപേക്ഷി​ച്ചു [“അപേക്ഷി​ച്ചു​കൊ​ണ്ടി​രു​ന്നു,” NW].” (ദാനീ​യേൽ 1:8ബി) “അപേക്ഷി​ച്ചു​കൊ​ണ്ടി​രു​ന്നു” എന്നതു ശ്രദ്ധാർഹ​മായ ഒരു പദപ്ര​യോ​ഗ​മാണ്‌. പ്രലോ​ഭ​ന​ങ്ങളെ ചെറുത്തു നിൽക്കു​ന്ന​തി​ലോ ദൗർബ​ല്യ​ങ്ങളെ കീഴട​ക്കു​ന്ന​തി​ലോ വിജയം​വ​രി​ക്കാൻ നാം ആഗ്രഹി​ക്കു​ന്നെ​ങ്കിൽ, ഒട്ടുമി​ക്ക​പ്പോ​ഴും തുടർച്ച​യായ ശ്രമം ആവശ്യ​മാണ്‌.—ഗലാത്യർ 6:9.

21 ദാനീ​യേ​ലി​ന്റെ കാര്യ​ത്തിൽ സ്ഥിരോ​ത്സാ​ഹം ഫലമു​ള​വാ​ക്കി. “ദൈവം ദാനീ​യേ​ലി​ന്നു ഷണ്ഡാധി​പന്റെ മുമ്പിൽ ദയയും കരുണ​യും ലഭിപ്പാൻ ഇടവരു​ത്തി.” (ദാനീ​യേൽ 1:9) കാര്യങ്ങൾ ഒടുവിൽ ദാനീ​യേ​ലി​നും കൂട്ടാ​ളി​കൾക്കും അനുകൂ​ല​മാ​യി തിരി​ഞ്ഞത്‌ അവർ സുമു​ഖ​രും ബുദ്ധി​മാ​ന്മാ​രും ആയിരു​ന്ന​തു​കൊ​ണ്ടല്ല, മറിച്ച്‌, യഹോ​വ​യു​ടെ അനു​ഗ്ര​ഹം​കൊണ്ട്‌ ആയിരു​ന്നു. “പൂർണ്ണ​ഹൃ​ദ​യ​ത്തോ​ടെ യഹോ​വ​യിൽ ആശ്രയിക്ക; സ്വന്ത വിവേ​ക​ത്തിൽ ഊന്നരു​തു. നിന്റെ എല്ലാവ​ഴി​ക​ളി​ലും അവനെ നിനെ​ച്ചു​കൊൾക; അവൻ നിന്റെ പാതകളെ നേരെ​യാ​ക്കും” എന്ന എബ്രായ ജ്ഞാന​മൊ​ഴി ദാനീ​യേൽ നിസ്സം​ശ​യ​മാ​യും ഓർത്തി​രു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 3:5, 6) ആ ബുദ്ധി​യു​പ​ദേശം പിൻപ​റ്റി​യതു തീർച്ച​യാ​യും പ്രതി​ഫ​ല​ദാ​യകം ആയിരു​ന്നു.

22. മുഖ്യ കൊട്ടാര ഉദ്യോ​ഗസ്ഥൻ ഏതു ന്യായ​മായ എതിർപ്പ്‌ ഉന്നയിച്ചു?

22 മുഖ്യ കൊട്ടാര ഉദ്യോ​ഗസ്ഥൻ പിൻവ​രുന്ന പ്രകാരം പറഞ്ഞു​കൊണ്ട്‌ ആദ്യം എതിർപ്പു പ്രകടി​പ്പി​ച്ചു: “നിങ്ങളു​ടെ ഭക്ഷണവും പാനീ​യ​വും നിയമി​ച്ചി​ട്ടുള്ള എന്റെ യജമാ​ന​നായ രാജാ​വി​നെ ഞാൻ ഭയപ്പെ​ടു​ന്നു; അവൻ നിങ്ങളു​ടെ മുഖം നിങ്ങളു​ടെ സമപ്രാ​യ​ക്കാ​രായ ബാലന്മാ​രു​ടേ​തി​നോ​ടു ഒത്തു​നോ​ക്കി​യാൽ മെലി​ഞ്ഞു​കാ​ണു​ന്നതു എന്തിനു? അങ്ങനെ​യാ​യാൽ നിങ്ങൾ രാജസ​ന്നി​ധി​യിൽ എന്റെ തലെക്കു അപകടം വരുത്തും.” (ദാനീ​യേൽ 1:10) ആ എതിർപ്പും ഭയവും ന്യായ​മാ​യി​രു​ന്നു. അനുസ​ര​ണ​ക്കേടു വെച്ചു​പൊ​റു​പ്പി​ക്കു​ന്നവൻ ആയിരു​ന്നില്ല നെബൂ​ഖ​ദ്‌നേസർ രാജാവ്‌. രാജാ​വി​ന്റെ നിർദേ​ശ​ങ്ങൾക്കു വിരു​ദ്ധ​മാ​യി പ്രവർത്തി​ച്ചാൽ തന്റെ “തല” അപകട​ത്തിൽ ആകു​മെന്ന്‌ ആ ഉദ്യോ​ഗ​സ്ഥന്‌ അറിയാ​മാ​യി​രു​ന്നു. ആ സ്ഥിതിക്ക്‌ ദാനീ​യേൽ എന്തു ചെയ്യു​മാ​യി​രു​ന്നു?

23. ദാനീ​യേൽ തന്റെ പ്രവർത്തന ഗതിയി​ലൂ​ടെ ഉൾക്കാ​ഴ്‌ച​യും ജ്ഞാനവും പ്രകട​മാ​ക്കി​യത്‌ എങ്ങനെ?

23 ഇവിടെ ആയിരു​ന്നു ഉൾക്കാ​ഴ്‌ച​യും ജ്ഞാനവും രംഗ​പ്ര​വേശം ചെയ്‌തത്‌. യുവാ​വായ ദാനീ​യേൽ പിൻവ​രുന്ന ജ്ഞാന​മൊ​ഴി ഓർമി​ച്ചി​രി​ക്കണം: “മൃദു​വായ ഉത്തരം ക്രോ​ധത്തെ ശമിപ്പി​ക്കു​ന്നു; കഠിന​വാ​ക്കോ കോപത്തെ ജ്വലി​പ്പി​ക്കു​ന്നു.” (സദൃശ​വാ​ക്യ​ങ്ങൾ 15:1) തന്റെ അപേക്ഷ അനുവ​ദി​ക്ക​ണ​മെന്നു നിരന്തരം ശാഠ്യം​പി​ടി​ക്കു​ക​യും സാധ്യ​ത​യ​നു​സ​രിച്ച്‌ തന്നെ ഒരു രക്തസാ​ക്ഷി​യാ​ക്കാൻ തക്കവണ്ണം മറ്റുള്ള​വരെ പ്രകോ​പി​പ്പി​ക്കു​ക​യും ചെയ്യു​ന്ന​തി​നു പകരം ദാനീ​യേൽ കാര്യം അവിടെ അവസാ​നി​പ്പി​ച്ചു. തുടർന്ന്‌, രാജാ​വി​നോ​ടു നേരിട്ടു കണക്കു ബോധി​പ്പി​ക്കേണ്ട ആവശ്യം ഇല്ലാത്ത​തി​നാൽ അൽപ്പം ഇളവു ചെയ്യാൻ കൂടുതൽ സാധ്യ​ത​യു​ണ്ടാ​യി​രുന്ന ‘വിചാ​ര​കനെ’ അവൻ തക്കസമ​യത്തു സമീപി​ച്ചു.—ദാനീ​യേൽ 1:11.

ദശദിന പരീക്ഷണം നിർദേ​ശി​ക്ക​പ്പെട്ടു

24. ദാനീ​യേൽ നിർദേ​ശിച്ച പരീക്ഷണം എന്തായി​രു​ന്നു?

24 ഒരു പരീക്ഷണം നടത്തി നോക്കാൻ ദാനീ​യേൽ വിചാ​ര​ക​നോ​ടു നിർദേ​ശി​ച്ചു. അവൻ പറഞ്ഞു: “അടിയ​ങ്ങളെ പത്തു ദിവസം പരീക്ഷി​ച്ചു​നോ​ക്കി​യാ​ലും; അവർ ഞങ്ങൾക്കു തിന്മാൻ ശാകപ​ദാർത്ഥ​വും [“സസ്യാ​ഹാ​ര​വും,” NW] കുടി​പ്പാൻ പച്ചവെ​ള്ള​വും തന്നു നോക്കട്ടെ. അതിന്റെ ശേഷം ഞങ്ങളുടെ മുഖവും രാജ​ഭോ​ജനം കഴിക്കുന്ന ബാലന്മാ​രു​ടെ മുഖവും തമ്മിൽ നീ ഒത്തു​നോ​ക്കുക; പിന്നെ കാണു​ന്ന​തു​പോ​ലെ അടിയ​ങ്ങ​ളോ​ടു ചെയ്‌തു​കൊൾക.”—ദാനീ​യേൽ 1:12, 13.

25. ദാനീ​യേ​ലി​നും അവന്റെ മൂന്നു സുഹൃ​ത്തു​ക്കൾക്കും നൽകിയ “സസ്യാ​ഹാര”ത്തിൽ എന്തെല്ലാം ഉൾപ്പെ​ട്ടി​രു​ന്നി​രി​ക്കാം?

25 പത്തു ദിവസ​ത്തേക്ക്‌ ‘സസ്യാ​ഹാ​ര​വും പച്ചവെ​ള്ള​വും’ മാത്രം—മറ്റുള്ള​വ​രോ​ടുള്ള താരത​മ്യ​ത്തിൽ അവർ “മെലി​ഞ്ഞു​കാണ”പ്പെടു​മാ​യി​രു​ന്നോ? “സസ്യാ​ഹാ​രം” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന എബ്രായ പദത്തിന്റെ അടിസ്ഥാ​ന​പ​ര​മായ അർഥം “വിത്തുകൾ” എന്നാണ്‌. ചില ബൈബിൾ ഭാഷാ​ന്ത​രങ്ങൾ അതിനെ ‘പയറു​മ​ണി​കൾ’ എന്നു പരിഭാ​ഷ​പ്പെ​ടു​ത്തു​ന്നു. പയർ, പട്ടാണി​പ്പയർ, ബീൻസ്‌ എന്നിങ്ങ​നെ​യുള്ള ഭക്ഷ്യ​യോ​ഗ്യ​മായ വ്യത്യസ്‌ത തരം പയറു​വർഗ വിളകളെ അതു പരാമർശി​ക്കു​ന്നു. ആ ആഹാര​ക്ര​മ​ത്തിൽ ഭക്ഷ്യ​യോ​ഗ്യ​മായ വിത്തുകൾ മാത്രമല്ല ഉൾപ്പെ​ട്ടി​രു​ന്നത്‌ എന്നു സന്ദർഭം സൂചി​പ്പി​ക്കു​ന്നു​വെന്നു ചില പണ്ഡിത​ന്മാർ കരുതു​ന്നു. ഒരു സംശോ​ധ​ക​ഗ്രന്ഥം പറയുന്നു: “രാജ​മേ​ശ​യി​ലെ കൊഴു​പ്പു നിറഞ്ഞ മാംസാ​ഹാ​ര​ത്തി​നു പകരം, സാധാരണ ജനങ്ങൾ കഴിക്കുന്ന സസ്യാ​ഹാ​രം ആയിരു​ന്നു ദാനീ​യേ​ലും കൂട്ടാ​ളി​ക​ളും അപേക്ഷി​ച്ചത്‌.” അതു​കൊണ്ട്‌, ചുവന്നു​ള്ളി, പയറുകൾ, മത്തങ്ങ, ലീക്ക്‌ ഉള്ളി, വെളു​ത്തു​ള്ളി, വെള്ളരിക്ക എന്നിവ ഉപയോ​ഗി​ച്ചു തയ്യാറാ​ക്കിയ പോഷ​ക​സ​മൃ​ദ്ധ​മായ വിഭവ​ങ്ങ​ളും വ്യത്യസ്‌ത ധാന്യങ്ങൾ കൊണ്ടുള്ള റൊട്ടി​യും ആ ആഹാര​ക്ര​മ​ത്തിൽ ഉൾപ്പെ​ട്ടി​രു​ന്നി​രി​ക്കാം. തീർച്ച​യാ​യും, അതിനെ ഒരു പട്ടിണി ആഹാര​മാ​യി ആരും കരുതു​മാ​യി​രു​ന്നില്ല. വിചാ​ര​കനു കാര്യം പിടി​കി​ട്ടി​യെന്നു വ്യക്തമാണ്‌. “അവൻ ഈ കാര്യ​ത്തിൽ അവരുടെ അപേക്ഷ​കേട്ടു പത്തു ദിവസം അവരെ പരീക്ഷി​ച്ചു.” (ദാനീ​യേൽ 1:14) ഫലമോ?

26. ദശദിന പരീക്ഷ​ണ​ത്തി​ന്റെ ഫലം എന്തായി​രു​ന്നു, കാര്യങ്ങൾ ആ വിധത്തിൽ പരിണ​മി​ച്ചത്‌ എന്തു​കൊണ്ട്‌?

26 “പത്തു ദിവസം കഴിഞ്ഞ​ശേഷം അവരുടെ മുഖം രാജ​ഭോ​ജനം കഴിച്ചു​വന്ന സകല ബാലന്മാ​രു​ടേ​തി​ലും അഴകു​ള്ള​തും അവർ മാംസ​പു​ഷ്ടി​യു​ള്ള​വ​രും എന്നു കണ്ടു.” (ദാനീ​യേൽ 1:15) കൊഴുപ്പ്‌ അടങ്ങിയ മാംസാ​ഹാ​ര​ത്തെ​ക്കാൾ സസ്യാ​ഹാ​രം ശ്രേഷ്‌ഠ​മാണ്‌ എന്നതി​നുള്ള തെളി​വാ​യി ഇതിനെ കണക്കാ​ക്കാ​വു​ന്നതല്ല. പത്തു ദിവസം​കൊ​ണ്ടു തികച്ചും ശ്രദ്ധേ​യ​മായ ഒരു മാറ്റം ഉളവാ​ക്കാൻ ഒരു ആഹാര​ക്ര​മ​ത്തി​നും സാധി​ക്കില്ല. എന്നാൽ യഹോ​വ​യ്‌ക്കു തന്റെ ഉദ്ദേശ്യം നിവർത്തി​ക്കാൻ ആ പരിമിത സമയം ധാരാ​ളം​മതി. “യഹോ​വ​യു​ടെ അനു​ഗ്ര​ഹ​ത്താൽ സമ്പത്തു​ണ്ടാ​കു​ന്നു; അദ്ധ്വാ​ന​ത്താൽ അതി​നോ​ടു ഒന്നും കൂടു​ന്നില്ല” എന്ന്‌ അവന്റെ വചനം പറയുന്നു. (സദൃശ​വാ​ക്യ​ങ്ങൾ 10:22) ആ നാല്‌ എബ്രായ യുവാക്കൾ തങ്ങളുടെ വിശ്വാ​സ​വും ആശ്രയ​വും യഹോ​വ​യിൽ അർപ്പിച്ചു. അവൻ അവരെ കൈവി​ട്ട​തു​മില്ല. നൂറ്റാ​ണ്ടു​കൾക്കു ശേഷം യേശു​ക്രി​സ്‌തു 40 ദിവസം ഭക്ഷണം കൂടാതെ ജീവിച്ചു. അതി​നോ​ടുള്ള ബന്ധത്തിൽ അവൻ ആവർത്ത​ന​പു​സ്‌തകം 8:3-ൽ കാണുന്ന വാക്കുകൾ ഉദ്ധരിച്ചു. അവിടെ നാം ഇങ്ങനെ വായി​ക്കു​ന്നു: “മനുഷ്യൻ അപ്പം​കൊ​ണ്ടു മാത്രമല്ല യഹോ​വ​യു​ടെ വായിൽനി​ന്നു പുറ​പ്പെ​ടുന്ന സകലവ​ച​നം​കൊ​ണ്ടും ജീവി​ക്കു​ന്നു.” ഇതിന്റെ ഒരു മകു​ടോ​ദാ​ഹ​ര​ണ​മാ​ണു ദാനീ​യേ​ലി​ന്റെ​യും സുഹൃ​ത്തു​ക്ക​ളു​ടെ​യും അനുഭവം.

രാജ​ഭോ​ജ​ന​ത്തി​ന്റെ​യും വീഞ്ഞി​ന്റെ​യും സ്ഥാനത്ത്‌ ഉൾക്കാ​ഴ്‌ച​യും ജ്ഞാനവും

27, 28. ദാനീ​യേ​ലും അവന്റെ മൂന്നു സുഹൃ​ത്തു​ക്ക​ളും സ്വയം സ്വീക​രിച്ച ഭക്ഷണ​ക്രമം ഭാവി​യിൽ സംഭവി​ക്കാ​നി​രുന്ന കാര്യ​ങ്ങൾക്കാ​യുള്ള ഒരു ഒരുക്ക​മാ​യി​രു​ന്നത്‌ ഏതു വിധങ്ങ​ളിൽ?

27 ആ പത്തു ദിവസ​ത്തേക്ക്‌ ഒരു പരീക്ഷണം മാത്ര​മാ​യി​രു​ന്നു. എന്നാൽ അതിന്റെ ഫലങ്ങൾ ഏറ്റവും ബോധ്യം വരുത്തു​ന്നവ ആയിരു​ന്നു. “അങ്ങനെ മെൽസർ [വിചാ​രകൻ] അവരുടെ ഭോജ​ന​വും അവർ കുടി​ക്കേ​ണ്ടുന്ന വീഞ്ഞും നീക്കി അവർക്കു ശാകപ​ദാർത്ഥം കൊടു​ത്തു.” (ദാനീ​യേൽ 1:16) പരിശീ​ലന പരിപാ​ടി​യിൽ ഉൾപ്പെട്ട മറ്റു യുവാക്കൾ ദാനീ​യേ​ലി​നെ​യും കൂട്ടാ​ളി​ക​ളെ​യും കുറിച്ച്‌ എന്തു വിചാ​രി​ച്ചെന്നു വിഭാവന ചെയ്യാൻ ബുദ്ധി​മു​ട്ടില്ല. ദിവസ​വും സസ്യാ​ഹാ​രം കഴിക്കാ​നാ​യി രാജസദ്യ നിരസി​ക്കു​ന്നതു വലിയ ഭോഷ​ത്ത​മാ​യി അവർക്കു തോന്നി​യി​രി​ക്കണം. എന്നാൽ ആ എബ്രായ യുവാ​ക്കൾക്കു നേടി​യെ​ടു​ക്കാൻ കഴിയു​മാ​യി​രുന്ന സകല ജാഗ്ര​ത​യും സമചി​ത്ത​ത​യും ആവശ്യ​മാ​ക്കി​ത്തീർക്കു​മാ​യി​രുന്ന വലിയ പരി​ശോ​ധ​ന​ക​ളു​ടെ​യും പരീക്ഷ​ണ​ങ്ങ​ളു​ടെ​യും കാർമേഘം ചക്രവാ​ള​ത്തിൽ ഉരുണ്ടു​കൂ​ടു​ക​യാ​യി​രു​ന്നു. എല്ലാറ്റി​ലും ഉപരി, വിശ്വാ​സ​ത്തി​ന്റെ പരി​ശോ​ധ​ന​കളെ അതിജീ​വി​ക്കാൻ അവരെ സഹായി​ക്കു​മാ​യി​രു​ന്നതു യഹോ​വ​യി​ലുള്ള അവരുടെ വിശ്വാ​സ​വും ആശ്രയ​വും ആയിരു​ന്നു.—യോശുവ 1:7 താരത​മ്യം ചെയ്യുക.

28 യഹോവ ആ യുവാ​ക്ക​ളോ​ടൊ​പ്പം ഉണ്ടായി​രു​ന്നു എന്നതിന്റെ തെളിവു തുടർന്നുള്ള വാക്കു​ക​ളിൽ കാണാം: “ഈ നാലു ബാലന്മാർക്കോ ദൈവം സകലവി​ദ്യ​യി​ലും ജ്ഞാനത്തി​ലും നിപു​ണ​ത​യും സാമർത്ഥ്യ​വും കൊടു​ത്തു; ദാനീ​യേൽ സകലദർശ​ന​ങ്ങ​ളെ​യും സ്വപ്‌ന​ങ്ങ​ളെ​യും സംബന്ധി​ച്ചു വിവേ​കി​യാ​യി​രു​ന്നു.” (ദാനീ​യേൽ 1:17) ആഗതമാ​യി​ക്കൊ​ണ്ടി​രുന്ന പ്രയാസ സാഹച​ര്യ​ങ്ങളെ നേരി​ടാൻ അവർക്കു ശാരീ​രിക ശക്തിയും നല്ല ആരോ​ഗ്യ​വും മാത്രം പോരാ​യി​രു​ന്നു. “ജ്ഞാനം നിന്റെ ഹൃദയ​ത്തിൽ പ്രവേ​ശി​ക്കും; പരിജ്ഞാ​നം നിന്റെ മനസ്സിന്നു ഇമ്പമാ​യി​രി​ക്കും. വകതി​രി​വു നിന്നെ കാക്കും; വിവേകം നിന്നെ സൂക്ഷി​ക്കും. അതു നിന്നെ ദുഷ്ടന്റെ വഴിയിൽനി​ന്നും വികടം പറയു​ന്ന​വ​രു​ടെ കൂട്ടത്തിൽനി​ന്നും വിടു​വി​ക്കും.” (സദൃശ​വാ​ക്യ​ങ്ങൾ 2:10-12) ഭാവി​യിൽ സംഭവി​ക്കാ​നി​രുന്ന കാര്യ​ങ്ങൾക്കാ​യി ആ നാലു വിശ്വസ്‌ത യുവാ​ക്കളെ സജ്ജരാ​ക്കാൻ യഹോവ അവർക്കു നൽകി​യതു കൃത്യ​മാ​യും അതുത​ന്നെ​യാണ്‌.

29. ‘സകലതരം ദർശന​ങ്ങ​ളും സ്വപ്‌ന​ങ്ങ​ളും’ ഗ്രഹി​ക്കാൻ ദാനീ​യേ​ലി​നു കഴിഞ്ഞത്‌ എന്തു​കൊണ്ട്‌?

29 “ദാനീ​യേൽ സകലദർശ​ന​ങ്ങ​ളെ​യും സ്വപ്‌ന​ങ്ങ​ളെ​യും സംബന്ധി​ച്ചു വിവേ​കി​യാ​യി​രു​ന്നു” എന്നു പ്രസ്‌താ​വി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. അവൻ അതീ​ന്ദ്രി​യ​ശക്തി ഉള്ളവൻ ആയിത്തീർന്നു എന്നല്ല അതിന്റെ അർഥം. രസാവ​ഹ​മാ​യി, ശ്രേഷ്‌ഠ​രായ എബ്രായ പ്രവാ​ച​ക​ന്മാ​രിൽ ഒരുവ​നാ​യി ദാനീ​യേൽ പരിഗ​ണി​ക്ക​പ്പെ​ടു​ന്നു എങ്കിലും, “യഹോ​വ​യായ കർത്താവു ഇപ്രകാ​രം അരുളി​ച്ചെ​യ്യു​ന്നു”എന്നോ “സൈന്യ​ങ്ങ​ളു​ടെ യഹോവ ഇപ്രകാ​രം അരുളി​ച്ചെ​യ്യു​ന്നു” എന്നോ പോലുള്ള പ്രഖ്യാ​പ​നങ്ങൾ ഘോഷി​ക്കാൻ അവൻ ഒരിക്ക​ലും നിശ്വ​സ്‌തൻ ആക്കപ്പെ​ട്ടില്ല. (യെശയ്യാ​വു 28:16; യിരെ​മ്യാ​വു 6:9) എന്നാൽ, യഹോ​വ​യു​ടെ ഉദ്ദേശ്യം വെളി​പ്പെ​ടു​ത്തിയ ദർശന​ങ്ങ​ളും സ്വപ്‌ന​ങ്ങ​ളും ഗ്രഹി​ക്കാ​നും വ്യാഖ്യാ​നി​ക്കാ​നും ദാനീ​യേ​ലി​നു കഴിഞ്ഞത്‌ ദൈവ​ത്തി​ന്റെ പരിശു​ദ്ധാ​ത്മാ​വി​ന്റെ മാർഗ​നിർദേ​ശ​ത്താൽ മാത്ര​മാ​യി​രു​ന്നു.

ഒടുവിൽ ഒരു നിർണാ​യക പരി​ശോ​ധന

30, 31. ദാനീ​യേ​ലും കൂട്ടാ​ളി​ക​ളും തിര​ഞ്ഞെ​ടുത്ത ഗതി പ്രയോ​ജ​ന​പ്ര​ദ​മെന്നു തെളി​ഞ്ഞത്‌ എങ്ങനെ?

30 ത്രിവത്സര പുനർവി​ദ്യാ​ഭ്യാ​സ പരിപാ​ടി​ക്കും പരിച​ര​ണ​ത്തി​നും തിരശ്ശീല വീണു. അടുത്തത്‌ ഒരു നിർണാ​യക പരി​ശോ​ധന ആയിരു​ന്നു—രാജാ​വു​മാ​യുള്ള വ്യക്തി​പ​ര​മായ അഭിമു​ഖം. “അവരെ സന്നിധി​യിൽ കൊണ്ടു​വ​രു​വാൻ രാജാവു കല്‌പി​ച്ചി​രുന്ന കാലം തികഞ്ഞ​പ്പോൾ ഷണ്ഡാധി​പൻ അവരെ നെബൂ​ഖ​ദ്‌നേ​സ​രി​ന്റെ സന്നിധി​യിൽ കൊണ്ടു​ചെന്നു.” (ദാനീ​യേൽ 1:18) ആ നാലു യുവാക്കൾ തങ്ങളെ​ക്കു​റി​ച്ചു​തന്നെ കണക്കു ബോധി​പ്പി​ക്കേണ്ട സമയമാ​യി​രു​ന്നു അത്‌. ബാബി​ലോ​ണി​യൻ രീതി​കൾക്കു വഴങ്ങി​ക്കൊ​ടു​ക്കാ​തെ യഹോ​വ​യു​ടെ നിയമ​ങ്ങ​ളോ​ടു പറ്റിനി​ന്നതു പ്രയോ​ജ​ന​പ്ര​ദ​മെന്നു തെളി​യു​മാ​യി​രു​ന്നോ?

31 “രാജാവു അവരോ​ടു സംസാ​രി​ച്ചാ​റെ അവരിൽ എല്ലാവ​രി​ലും വെച്ചു ദാനീ​യേൽ, ഹനന്യാ​വു, മീശാ​യേൽ, അസര്യാ​വു എന്നിവർക്കു തുല്യ​മാ​യി ഒരുത്ത​നെ​യും കണ്ടില്ല; അവർ രാജസ​ന്നി​ധി​യിൽ ശുശ്രൂ​ഷെക്കു നിന്നു.” (ദാനീ​യേൽ 1:19) മൂന്നു വർഷത്തെ അവരുടെ പ്രവർത്തന ഗതിയു​ടെ എന്തൊരു സമ്പൂർണ​മായ സംസ്ഥാ​പനം! അവരുടെ വിശ്വാ​സ​വും മനസ്സാ​ക്ഷി​യും അനുശാ​സിച്ച ഒരു ആഹാര ക്രമ​ത്തോ​ടു പറ്റിനി​ന്നതു ഭോഷത്തം ആയിരു​ന്നില്ല. നിസ്സാ​ര​മെന്നു തോന്നാ​മാ​യി​രുന്ന കാര്യ​ങ്ങ​ളിൽ വിശ്വ​സ്‌ത​രാ​യി നിലനി​ന്നതു വഴി ദാനീ​യേ​ലും സുഹൃ​ത്തു​ക്ക​ളും വലിയ കാര്യ​ങ്ങ​ളാൽ അനു​ഗ്ര​ഹി​ക്ക​പ്പെട്ടു. പരിശീ​ലന പരിപാ​ടി​യിൽ പങ്കെടുത്ത എല്ലാ യുവാ​ക്ക​ളു​ടെ​യും സ്വപ്‌ന​മാ​യി​രു​ന്നു ‘രാജസ​ന്നി​ധി​യിൽ ശുശ്രൂ​ഷ​യ്‌ക്കു നിൽക്കാ’നുള്ള പദവി. തിര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടത്‌ ആ നാല്‌ എബ്രായ യുവാക്കൾ മാത്ര​മാ​യി​രു​ന്നോ എന്നു ബൈബിൾ പറയു​ന്നില്ല. എന്തുതന്നെ ആയിരു​ന്നാ​ലും അവരുടെ വിശ്വസ്‌ത ഗതി തീർച്ച​യാ​യും “വളരെ പ്രതി​ഫലം” കൈവ​രു​ത്തു​ക​തന്നെ ചെയ്‌തു.—സങ്കീർത്തനം 19:11.

32. ദാനീ​യേ​ലും ഹനന്യാ​വും മീശാ​യേ​ലും അസര്യാ​വും രാജസ​ദ​സ്സിൽ ആയിരി​ക്കു​ന്ന​തി​നെ​ക്കാൾ വലിയ ഒരു പദവി ആസ്വദി​ച്ചെന്നു പറയാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

32 “പ്രവൃ​ത്തി​യിൽ സാമർത്ഥ്യ​മുള്ള പുരു​ഷനെ നീ കാണു​ന്നു​വോ? അവൻ രാജാ​ക്ക​ന്മാ​രു​ടെ മുമ്പിൽ നില്‌ക്കും” എന്നു തിരു​വെ​ഴു​ത്തു​കൾ പറയുന്നു. (സദൃശ​വാ​ക്യ​ങ്ങൾ 22:29) അങ്ങനെ ദാനീ​യേൽ, ഹനന്യാവ്‌, മീശാ​യേൽ, അസര്യാവ്‌ എന്നിവരെ തന്റെ മുമ്പാകെ നിൽക്കാൻ, അതായത്‌ രാജസ​ദ​സ്സി​ന്റെ ഭാഗമാ​യി​രി​ക്കാൻ നെബൂ​ഖ​ദ്‌നേസർ തിര​ഞ്ഞെ​ടു​ത്തു. ദിവ്യ ഉദ്ദേശ്യ​ത്തി​ന്റെ സുപ്ര​ധാന വശങ്ങൾ ഈ യുവാ​ക്ക​ളി​ലൂ​ടെ, പ്രത്യേ​കി​ച്ചും ദാനീ​യേ​ലി​ലൂ​ടെ, വെളി​പ്പെ​ടു​ത്താൻ തക്കവിധം യഹോ​വ​യു​ടെ കരങ്ങൾ കാര്യാ​ദി​കൾ സമർഥ​മാ​യി കൈകാ​ര്യം ചെയ്യു​ന്നത്‌ ഇവയി​ലെ​ല്ലാം നമുക്കു കാണാൻ കഴിയും. നെബൂ​ഖ​ദ്‌നേ​സ​രി​ന്റെ രാജസ​ദ​സ്സി​ന്റെ ഭാഗമാ​യി​രി​ക്കാൻ തിര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്നത്‌ ഒരു ബഹുമതി ആയിരു​ന്നെ​ങ്കി​ലും, അഖിലാണ്ഡ രാജാ​വായ യഹോ​വ​യാൽ അത്ര അതിശ​യ​ക​ര​മായ ഒരു വിധത്തിൽ ഉപയോ​ഗി​ക്ക​പ്പെ​ടു​ന്നതു വളരെ മഹത്തായ ഒരു ബഹുമതി ആയിരു​ന്നു.

33, 34. (എ) യുവ എബ്രാ​യ​രിൽ രാജാ​വി​നു മതിപ്പു​ള​വാ​യത്‌ എന്തു​കൊണ്ട്‌? (ബി) നാല്‌ എബ്രാ​യ​രു​ടെ അനുഭ​വ​ത്തിൽനി​ന്നു നമുക്ക്‌ എന്തു പാഠം ഉൾക്കൊ​ള്ളാ​വു​ന്ന​താണ്‌?

33 ആ നാല്‌ എബ്രായ യുവാ​ക്കൾക്കു യഹോവ കൊടു​ത്തി​രുന്ന ജ്ഞാനവും ഉൾക്കാ​ഴ്‌ച​യും തന്റെ രാജസ​ദ​സ്സി​ലുള്ള സകല ഉപദേ​ഷ്ടാ​ക്ക​ന്മാ​രു​ടെ​യും വിദ്വാ​ന്മാ​രു​ടെ​യും ജ്ഞാന​ത്തെ​ക്കാൾ വളരെ​യേറെ ശ്രേഷ്‌ഠ​മാ​യി​രു​ന്നെന്ന്‌ നെബൂ​ഖ​ദ്‌നേസർ ഉടൻതന്നെ തിരി​ച്ച​റി​ഞ്ഞു. “രാജാവു അവരോ​ടു ജ്ഞാനവി​വേ​ക​സം​ബ​ന്ധ​മാ​യി ചോദി​ച്ച​തിൽ ഒക്കെയും അവരെ തന്റെ രാജ്യ​ത്തെ​ല്ലാ​ട​വു​മുള്ള സകല മന്ത്രവാ​ദി​ക​ളി​ലും ആഭിചാ​ര​ക​ന്മാ​രി​ലും പത്തിരട്ടി വിശി​ഷ്ട​ന്മാ​രെന്നു കണ്ടു.” (ദാനീ​യേൽ 1:20) അത്‌ എങ്ങനെ മറിച്ചാ​യി​രി​ക്കാൻ കഴിയു​മാ​യി​രു​ന്നു? കാരണം, “മന്ത്രവാ​ദി”കളു​ടെ​യും “ആഭിചാ​ര​കന്മാ”രുടെ​യും ആശ്രയം “ബാബി​ലോ​ണി​ലെ ഭൗതി​ക​വും അന്ധവി​ശ്വാ​സ​പ​ര​വു​മായ വിദ്യാ​ഭ്യാ​സ​ത്തി​ലാ​യി​രു​ന്നു. അതേസ​മയം, ദാനീ​യേ​ലും സുഹൃ​ത്തു​ക്ക​ളും ആകട്ടെ, ഉയരത്തിൽനി​ന്നുള്ള ജ്ഞാനത്തിൽ ആശ്രയി​ച്ചു. അതു​കൊണ്ട്‌ ഒരു താരത​മ്യ​പ്പെ​ടു​ത്ത​ലി​ന്റെ​യോ മത്സരത്തി​ന്റെ​യോ പ്രശ്‌നമേ ഉദിക്കു​ന്നില്ല!

34 യുഗങ്ങൾ കടന്നു​പോ​യെ​ങ്കി​ലും ഇക്കാര്യ​ത്തിൽ മാറ്റമില്ല. ഗ്രീക്കു തത്ത്വചി​ന്ത​യും റോമൻ നിയമ​വ്യ​വ​സ്ഥ​യും ജനരഞ്‌ജ​ക​മാ​യി​രുന്ന പൊ.യു. ഒന്നാം നൂറ്റാ​ണ്ടിൽ പിൻവ​രുന്ന പ്രകാരം എഴുതാൻ പൗലൊസ്‌ അപ്പൊ​സ്‌തലൻ നിശ്വ​സ്‌ത​നാ​ക്ക​പ്പെട്ടു: “ഈ ലോക​ത്തി​ന്റെ ജ്ഞാനം ദൈവ​സ​ന്നി​ധി​യിൽ ഭോഷ​ത്വ​മ​ത്രേ. ‘അവൻ ജ്ഞാനി​കളെ അവരുടെ കൌശ​ല​ത്തിൽ പിടി​ക്കു​ന്നു’ എന്നും ‘കർത്താവു ജ്ഞാനി​ക​ളു​ടെ വിചാരം വ്യർത്ഥം എന്നറി​യു​ന്നു’ എന്നും എഴുതി​യി​രി​ക്കു​ന്നു​വ​ല്ലോ. ആകയാൽ ആരും മനുഷ്യ​രിൽ പ്രശം​സി​ക്ക​രു​തു; സകലവും നിങ്ങൾക്കു​ള്ള​ത​ല്ലോ.” (1 കൊരി​ന്ത്യർ 3:19-21) ലോക​ത്തി​ന്റെ പകിട്ടും പ്രതാ​പ​വും കണ്ടു ചഞ്ചല​പ്പെ​ടാ​തെ യഹോവ നമ്മെ പഠിപ്പി​ച്ചി​രി​ക്കുന്ന കാര്യങ്ങൾ നാമിന്നു മുറുകെ പിടി​ക്കേ​ണ്ട​തുണ്ട്‌.—1 യോഹ​ന്നാൻ 2:15-17.

അവസാ​ന​ത്തോ​ളം വിശ്വ​സ്‌തർ

35. ദാനീ​യേ​ലി​ന്റെ കൂട്ടാ​ളി​കളെ കുറിച്ചു നമ്മോട്‌ എത്രമാ​ത്രം കാര്യങ്ങൾ പറയ​പ്പെ​ട്ടി​രി​ക്കു​ന്നു?

35 നെബൂ​ഖ​ദ്‌നേസർ ദൂരാ സമഭൂ​മി​യിൽ നിർത്തിയ സ്വർണ ബിംബ​ത്തോ​ടും തീച്ചൂ​ള​യി​ലെ പരി​ശോ​ധ​ന​യോ​ടും ഉള്ള ബന്ധത്തിൽ ദാനീ​യേൽ 3-ാം അധ്യാ​യ​ത്തിൽ ഹനന്യാ​വി​ന്റെ​യും മീശാ​യേ​ലി​ന്റെ​യും അസര്യാ​വി​ന്റെ​യും ശക്തമായ വിശ്വാ​സം വിസ്‌മ​യാ​വ​ഹ​മാം വിധം ചിത്രീ​ക​രി​ച്ചി​രി​ക്കു​ന്നു. ദൈവ​ഭയം ഉണ്ടായി​രുന്ന ആ എബ്രായർ തങ്ങളുടെ മരണം​വരെ യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി തുടർന്നു എന്നതിൽ തെല്ലും സംശയ​മില്ല. “വിശ്വാ​സ​ത്താൽ. . . തീയുടെ ബലം കെടുത്ത”വരെ കുറിച്ച്‌ എഴുതി​യ​പ്പോൾ പൗലൊസ്‌ അപ്പൊ​സ്‌തലൻ പരാമർശി​ച്ചത്‌ നിസ്സം​ശ​യ​മാ​യും അവരെ ആണെന്നുള്ള വസ്‌തു​ത​യിൽനി​ന്നാണ്‌ നാം അതു മനസ്സി​ലാ​ക്കു​ന്നത്‌. (എബ്രായർ 11:33, 34) ചെറു​പ്പ​ക്കാ​രും പ്രായ​മു​ള്ള​വ​രു​മായ യഹോ​വ​യു​ടെ ദാസന്മാർക്ക്‌ അവർ ഒരു മുന്തിയ ദൃഷ്ടാ​ന്ത​മാണ്‌.

36.ദാനീ​യേ​ലിന്‌ ഏതു ശ്രദ്ധേ​യ​മായ ജീവി​ത​വൃ​ത്തി ഉണ്ടായി​രു​ന്നു?

36 ദാനീ​യേ​ലി​നെ കുറിച്ച്‌ ഒന്നാം അധ്യാ​യ​ത്തി​ന്റെ അവസാന വാക്യം ഇങ്ങനെ പറയുന്നു: “ദാനീ​യേ​ലോ കോ​രെ​ശ്‌രാ​ജാ​വി​ന്റെ ഒന്നാം ആണ്ടുവരെ ജീവി​ച്ചി​രു​ന്നു.” പൊ.യു.മു. 539-ൽ ഒറ്റ രാത്രി​കൊ​ണ്ടു കോ​രെശ്‌ ബാബി​ലോ​നെ മറിച്ചി​ട്ടെന്നു ചരിത്രം വെളി​പ്പെ​ടു​ത്തു​ന്നു. തെളി​വ​നു​സ​രിച്ച്‌, തന്റെ ഖ്യാതി​യും സ്ഥാനവും നിമിത്തം ദാനീ​യേൽ കോ​രെ​ശി​ന്റെ രാജസ​ദ​സ്സിൽ സേവനം തുടർന്നു. യഥാർഥ​ത്തിൽ “പാർസി​രാ​ജാ​വായ കോ​രെ​ശി​ന്റെ മൂന്നാം ആണ്ടിൽ” യഹോവ ദാനീ​യേ​ലി​നു ശ്രദ്ധാർഹ​മായ ഒരു കാര്യം വെളി​പ്പെ​ടു​ത്തി​യെന്നു ദാനീ​യേൽ 10:1 നമ്മോടു പറയുന്നു. പൊ.യു.മു. 617-ൽ ബാബി​ലോ​ണി​ലേക്കു കൊണ്ടു​വ​ര​പ്പെ​ട്ട​പ്പോൾ അവൻ ഒരു കൗമാര പ്രായ​ക്കാ​രൻ ആയിരു​ന്നെ​ങ്കിൽ, ആ അവസാന ദർശനം ലഭിച്ച​പ്പോൾ അവന്‌ ഏകദേശം 100 വയസ്സ്‌ ഉണ്ടായി​രു​ന്നി​രി​ക്കണം. യഹോ​വ​യ്‌ക്കുള്ള വിശ്വസ്‌ത സേവന​ത്തി​ന്റെ എത്ര ദീർഘ​വും അനുഗൃ​ഹീ​ത​വു​മായ ഒരു ജീവി​ത​വൃ​ത്തി!

37. ദാനീ​യേൽ പുസ്‌തകം 1-ാം അധ്യായം പരിചി​ന്തി​ക്കു​ന്ന​തിൽനി​ന്നു നമുക്ക്‌ എന്തു പാഠങ്ങൾ പഠിക്കാൻ കഴിയും?

37 നാലു വിശ്വസ്‌ത യുവാക്കൾ വിശ്വാ​സ​ത്തി​ന്റെ പരി​ശോ​ധ​ന​കളെ വിജയ​ക​ര​മാ​യി നേരി​ട്ട​തി​ന്റെ കഥ മാത്രമല്ല ദാനീ​യേൽ പുസ്‌ത​ക​ത്തി​ന്റെ പ്രാരംഭ അധ്യായം പറയു​ന്നത്‌. തന്റെ ഉദ്ദേശ്യ​ങ്ങൾ നിവർത്തി​ക്കാ​നാ​യി താൻ ആഗ്രഹി​ക്കുന്ന ഏതൊ​രു​വ​നെ​യും യഹോ​വ​യ്‌ക്ക്‌ ഉപയോ​ഗി​ക്കാൻ കഴിയു​ന്നത്‌ എങ്ങനെ​യെന്ന്‌ അതു നമുക്കു കാണിച്ചു തരുന്നു. യഹോവ അനുവ​ദി​ക്കു​ന്നെ​ങ്കിൽ, ഒരു ദുരന്തം എന്നു തോന്നി​യേ​ക്കാ​വുന്ന കാര്യം പ്രയോ​ജ​ന​ക​ര​മായ ഒരു ഉദ്ദേശ്യ​ത്തിന്‌ ഉപകരി​ക്കാ​വു​ന്ന​താ​ണെന്ന്‌ ആ വിവരണം തെളി​യി​ക്കു​ന്നു. മാത്രമല്ല, ചെറിയ കാര്യ​ങ്ങ​ളി​ലെ വിശ്വ​സ്‌തത വലിയ പ്രതി​ഫലം കൈവ​രു​ത്തു​ന്നു​വെ​ന്നും അതു നമ്മോടു പറയുന്നു.

നിങ്ങൾ എന്തു ഗ്രഹിച്ചു?

ദാനീ​യേ​ലി​ന്റെ​യും അവന്റെ മൂന്നു യുവ സുഹൃ​ത്തു​ക്ക​ളു​ടെ​യും പശ്ചാത്തലം സംബന്ധിച്ച്‌ എന്തു പറയാ​വു​ന്ന​താണ്‌?

നാല്‌ എബ്രായ യുവാ​ക്കൾക്ക്‌ ബാല്യ​കാ​ലത്തു ലഭിച്ച ഉത്തമ പരിശീ​ലനം ബാബി​ലോ​ണിൽവെച്ചു പരി​ശോ​ധി​ക്ക​പ്പെ​ട്ടത്‌ എങ്ങനെ?

തങ്ങളുടെ ധീരമായ നിലപാ​ടിന്‌ ആ നാല്‌ എബ്രാ​യർക്കു യഹോവ പ്രതി​ഫലം നൽകി​യത്‌ എങ്ങനെ?

യഹോ​വ​യു​ടെ ഇന്നത്തെ ദാസന്മാർക്കു ദാനീ​യേ​ലിൽനി​ന്നും അവന്റെ മൂന്നു കൂട്ടാ​ളി​ക​ളിൽനി​ന്നും എന്തു പാഠങ്ങൾ പഠിക്കാ​വു​ന്ന​താണ്‌?

[അധ്യയന ചോദ്യ​ങ്ങൾ]

[30-ാം പേജ്‌ നിറ​യെ​യുള്ള ചിത്രം]