ഒരു ദുരന്തത്തിന് ഇരയാകുമ്പോൾ
ഒരു ദുരന്തത്തിന് ഇരയാകുമ്പോൾ
“എന്റെ കൈയിൽ കത്തിയുണ്ട്, മിണ്ടിപ്പോകരുത്, കൊന്നുകളയും!”
നല്ല തെളിവുള്ള, ഉച്ച കഴിഞ്ഞ സമയം. യഹോവയുടെ സാക്ഷികളിൽപ്പെട്ട 17-കാരിയായ ജെയിൻ a അമേരിക്കയിലെ വെർജിനിയയിലുള്ള ഒരു പാർക്കിൽ റോളർ സ്കേറ്റിങ് ചെയ്യുകയായിരുന്നു. പെട്ടെന്നു നോക്കിയപ്പോൾ ചുറ്റും ആരെയും കാണാഞ്ഞതുകൊണ്ട് അവളും പാർക്കിൽനിന്ന് പോകാൻ തീരുമാനിച്ചു. മെല്ലെ കാറിന് അടുത്തേക്കു നടന്നു. കാലിൽനിന്ന് സ്കേറ്റിങ് ഷൂ അഴിക്കുന്നതിനിടെ പെട്ടെന്ന് ഒരാൾ അവിടെ പ്രത്യക്ഷപ്പെട്ടു. മുകളിൽ കണ്ട ആ വാക്കുകൾ പറഞ്ഞുകൊണ്ട് അയാൾ അവളുടെ നേരെ ചെന്നു. അവളെ പീഡിപ്പിക്കുകയായിരുന്നു അയാളുടെ ലക്ഷ്യം. ജെയിനിനെ കടന്നുപിടിച്ച അയാൾ കാറിനുള്ളിലേക്ക് അവളെ തള്ളിയിടാൻ ശ്രമിച്ചു. ജെയിൻ അലറിക്കരഞ്ഞു. പക്ഷേ, അതൊന്നും ആ അക്രമിയെ പിന്തിരിപ്പിച്ചില്ല.
“എനിക്ക് ഒന്നും ചെയ്യാൻ കഴിയാത്തതുപോലെ തോന്നി,” ജെയിൻ പിന്നീട് പറഞ്ഞു. “ശരിക്കും ഒരു രാക്ഷസന്റെ മുന്നിൽപ്പെട്ട ചെറിയ ഒരു പ്രാണിയെപ്പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. എങ്കിലും ഞാൻ അലറി വിളിക്കുകയും കുതറി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തുകൊണ്ടിരുന്നു. അവസാനം ഞാൻ ദൈവത്തെ വിളിച്ച്, ‘യഹോവേ, എനിക്ക് ഇതു സംഭവിക്കാൻ ഇടയാക്കരുതേ’ എന്ന് ഉറക്കെ പ്രാർഥിച്ചു. അതു കേട്ടതും ആ അക്രമി ഒന്നു ഭയപ്പെട്ടതുപോലെ തോന്നി. എന്തായാലും ഉടനടി അയാൾ എന്നെ വിട്ട് അവിടെനിന്ന് പോയി.”
അക്രമി അയാളുടെ കാറിൽ കയറുന്നതു കണ്ട ജെയിൻ വേഗം സ്വന്തം കാറിൽ കയറി വണ്ടി ലോക്കു ചെയ്‌തു. അവൾ അപ്പോൾ ശരിക്കും വിറയ്ക്കുന്നുണ്ടായിരുന്നു. പക്ഷേ, സമനില വീണ്ടെടുക്കാൻ ശ്രമിച്ചുകൊണ്ട് അവൾ ഫോൺ എടുത്ത് പോലീസിനെ വിളിച്ചു. അക്രമിയുടെ കാറിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളെല്ലാം പോലീസിനു കൈമാറി, വണ്ടിയുടെ നമ്പറും കൊടുത്തു. അതുകൊണ്ട് മിനിട്ടുകൾക്കുള്ളിൽ പോലീസ് അയാളെ അറസ്റ്റ് ചെയ്‌തു.
പ്രശ്‌നം അതോടെ തീർന്നോ?
അത്ര പെട്ടെന്നൊന്നും തീർന്നില്ല. ശരിക്കും പറഞ്ഞാൽ പ്രശ്‌നം തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. ആക്രമണത്തിന് ഇരയായപ്പോൾ പെട്ടെന്നു ചിന്തിച്ച് ശരിയായ ഒരു തീരുമാനമെടുക്കുകയും പ്രവർത്തിക്കുകയും ചെയ്തതിനു മാധ്യമങ്ങളും പോലീസും ജെയിനിനെ അഭിനന്ദിച്ചു. ആദ്യം ഒരു സംഭ്രമമൊക്കെ തോന്നിയെങ്കിലും വ്യക്തമായി ചിന്തിക്കാനും പ്രവർത്തിക്കാനും ജെയിനിനു കഴിഞ്ഞു. പക്ഷേ “ഏതാനും ആഴ്‌ച കഴിഞ്ഞപ്പോഴേക്കും ഞാൻ മാനസികമായും വൈകാരികമായും തകർന്നനിലയിലായി” എന്നു ജെയിൻ പറയുന്നു. “എപ്പോഴും ഒരു ഉത്കണ്ഠയും ഭയവും ആയിരുന്നു. അതുകൊണ്ട് നന്നായി ഉറങ്ങാൻപോലും എനിക്കു കഴിഞ്ഞില്ല. കുറെ ആഴ്‌ചകൾ കഴിഞ്ഞപ്പോൾ എനിക്ക് ഒന്നും പഠിക്കാനോ ഒരു കാര്യത്തിലും ശ്രദ്ധിക്കാനോ കഴിയാത്ത അവസ്ഥയായി. കൂടെക്കൂടെ അമിതമായ ഉത്കണ്ഠയും പരിഭ്രമവും ഉണ്ടാകാൻതുടങ്ങി. ഒരിക്കൽ ക്ലാസിൽവെച്ച്, കാഴ്ചയ്ക്ക് ഏതാണ്ട് ആ അക്രമിയെപ്പോലെയുള്ള ഒരു കൂട്ടുകാരൻ തോളത്ത് ഒന്നു തട്ടി എന്നോടു സമയം ചോദിച്ചതേയുള്ളൂ, ഞാൻ ആകെ കിടുങ്ങിപ്പോയി.”
ജെയിൻ പറയുന്നു: “എന്റെ കാര്യം വലിയ കഷ്ടത്തിലായിരുന്നു. കൂട്ടുകാരുമായൊന്നും എനിക്ക് ഒരു ബന്ധവുമില്ലാതായി. ആകപ്പാടെ ഏകാന്തത. അത് എന്നെ വിഷാദത്തിലേക്കു തള്ളിയിട്ടു. ആക്രമണത്തിന് ഇരയായതിനു ഞാൻ എന്നെത്തന്നെ കുറ്റപ്പെടുത്തി. എല്ലാവരെയും വിശ്വസിക്കുന്ന, സന്തോഷമുള്ള എന്റെ ആ പഴയ വ്യക്തിത്വം ഒന്നു തിരിച്ച് കിട്ടിയിരുന്നെങ്കിലെന്നു ഞാൻ ആശിച്ചു. പക്ഷേ, ആ പഴയ ഞാൻ മരിച്ചുപോയിരുന്നു!”
പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോർഡറിന്റെ അഥവാ പിറ്റിഎസ്‌ഡി-യുടെ പ്രധാന ലക്ഷണങ്ങളാണു ജെയിനിന് അനുഭവപ്പെട്ടത്. എന്താണു പിറ്റിഎസ്‌ഡി? ഇത്തരം ലക്ഷണങ്ങൾ കാണിക്കുന്നവരെ സഹായിക്കാൻ നമുക്ക് എന്തു ചെയ്യാം? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം അടുത്ത ലേഖനത്തിൽ കാണാം.
[അടിക്കുറിപ്പ്]
a പേരിനു മാറ്റംവരുത്തിയിരിക്കുന്നു.