വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 20

ദുരി​താ​ശ്വാ​സ​ശു​ശ്രൂഷ

ദുരി​താ​ശ്വാ​സ​ശു​ശ്രൂഷ

മുഖ്യവിഷയം

ദുരന്തങ്ങൾ ആഞ്ഞടി​ക്കു​മ്പോൾ പ്രകട​മാ​കുന്ന ക്രിസ്‌തീ​യ​സ്‌നേഹം

1, 2. (എ) യഹൂദ്യ​യി​ലെ ക്രിസ്‌ത്യാ​നി​കൾ നേരിട്ട സാഹച​ര്യം എന്തായി​രു​ന്നു? (ബി) അന്ത്യോ​ക്യ​യി​ലെ ക്രിസ്‌ത്യാ​നി​കൾ യഹൂദ്യ​യി​ലു​ള്ള​വ​രോ​ടു സ്‌നേഹം കാണി​ച്ചത്‌ എങ്ങനെ?

 ഏതാണ്ട്‌ എ.ഡി. 46-നോട്‌ അടുത്ത സമയം. യഹൂദ്യ ക്ഷാമത്തി​ന്റെ പിടി​യി​ലാണ്‌. അവിടെ ആകെ അവശേ​ഷി​ക്കുന്ന കുറച്ച്‌ ധാന്യ​ത്തി​നോ തീ പിടിച്ച വിലയും. അത്രയും പണം കൊടുത്ത്‌ അതു വാങ്ങാ​നുള്ള ശേഷി അവിടത്തെ ജൂത​ക്രി​സ്‌ത്യാ​നി​കൾക്കി​ല്ല​താ​നും. ആവശ്യ​ത്തി​നു ഭക്ഷണമില്ല. വൈകാ​തെ എല്ലാവ​രും മുഴു​പ്പ​ട്ടി​ണി​യി​ലാ​കും. എന്നാൽ യഹോ​വ​യു​ടെ കരങ്ങ​ളേ​കുന്ന സംരക്ഷണം അവർ അനുഭ​വി​ച്ച​റി​യാൻപോ​കു​ക​യാ​യി​രു​ന്നു. അതും ക്രിസ്‌തു​വി​ന്റെ ശിഷ്യ​ന്മാ​രിൽ ആരും ഇതേവരെ അനുഭ​വി​ച്ച​റി​ഞ്ഞി​ട്ടി​ല്ലാത്ത രീതി​യിൽ. അവിടെ എന്തു സംഭവി​ച്ചു? നമുക്കു നോക്കാം.

2 യരുശ​ലേ​മി​ലെ​യും യഹൂദ്യ​യി​ലെ​യും ജൂത​ക്രി​സ്‌ത്യാ​നി​ക​ളു​ടെ അവസ്ഥ​യെ​ക്കു​റിച്ച്‌ അറിഞ്ഞ സിറി​യ​യി​ലെ അന്ത്യോ​ക്യ​യി​ലുള്ള ക്രിസ്‌ത്യാ​നി​കൾ തങ്ങളുടെ സഹവി​ശ്വാ​സി​കൾക്കു​വേണ്ടി പണം ശേഖരി​ച്ചു. അവി​ടെ​യുള്ള ജൂത​ക്രി​സ്‌ത്യാ​നി​ക​ളും ജനതക​ളിൽപ്പെട്ട ക്രിസ്‌ത്യാ​നി​ക​ളും അതിൽ പങ്കു​ചേർന്നു. യരുശ​ലേം സഭയിലെ മൂപ്പന്മാ​രു​ടെ കൈയിൽ ആ ദുരി​താ​ശ്വാ​സ​ധനം എത്തിക്കാൻ അവർ തങ്ങളുടെ ഇടയിൽനിന്ന്‌ ഉത്തരവാ​ദി​ത്വ​സ്ഥാ​ന​ങ്ങ​ളി​ലുള്ള രണ്ടു പുരു​ഷ​ന്മാ​രെ, ബർന്നബാ​സി​നെ​യും ശൗലി​നെ​യും, തിര​ഞ്ഞെ​ടു​ത്തു. (പ്രവൃ​ത്തി​കൾ 11:27-30; 12:25 വായി​ക്കുക.) യഹൂദ്യ​യി​ലു​ള്ള​വർക്കു ശരിക്കും സഹായം വേണ്ടി​യി​രുന്ന ഒരു സമയമാ​യി​രു​ന്നു അത്‌. അന്ത്യോ​ക്യ​യി​ലെ തങ്ങളുടെ സഹോ​ദ​രങ്ങൾ കാണിച്ച ആ സ്‌നേഹം അവരെ എത്രമാ​ത്രം സ്‌പർശി​ച്ചു​കാ​ണു​മെന്ന്‌ ഓർത്തു​നോ​ക്കൂ!

3. (എ) അന്ത്യോ​ക്യ​യി​ലെ ക്രിസ്‌ത്യാ​നി​കൾ വെച്ച മാതൃക ഇക്കാല​ത്തും ദൈവ​ജനം അനുക​രി​ക്കു​ന്നത്‌ എങ്ങനെ? ഒരു ഉദാഹ​രണം നൽകുക. (“ ആധുനി​ക​കാ​ലത്ത്‌ നമ്മൾ വിപു​ല​മായ തോതിൽ നടത്തിയ ആദ്യത്തെ ദുരി​താ​ശ്വാ​സ​പ്ര​വർത്തനം” എന്ന ചതുര​വും കാണുക.) (ബി) ഈ അധ്യാ​യ​ത്തിൽ ഏതെല്ലാം ചോദ്യ​ങ്ങൾക്ക്‌ ഉത്തരം ലഭിക്കും?

3 രേഖക​ള​നു​സ​രിച്ച്‌, ലോക​ത്തി​ന്റെ മറ്റൊരു കോണിൽ താമസി​ക്കുന്ന ക്രിസ്‌ത്യാ​നി​കൾക്കു സഹക്രി​സ്‌ത്യാ​നി​കൾ ദുരി​താ​ശ്വാ​സം എത്തിച്ചു​കൊ​ടു​ത്ത​തി​ന്റെ ആദ്യത്തെ ഉദാഹ​ര​ണ​മാണ്‌ ഒന്നാം നൂറ്റാ​ണ്ടി​ലെ ആ സംഭവം. ഇന്നു നമ്മൾ അന്ത്യോ​ക്യ​യി​ലെ ആ സഹോ​ദ​രങ്ങൾ വെച്ച മാതൃക അനുക​രി​ക്കു​ന്നു. മറ്റൊരു ദേശത്തുള്ള സഹാരാ​ധകർ ദുരന്ത​ത്തിന്‌ ഇരയാ​യ​താ​യോ പരി​ശോ​ധ​നകൾ നേരി​ടു​ന്ന​താ​യോ വിവരം കിട്ടു​മ്പോൾ നമ്മൾ പെട്ടെന്ന്‌ അവരുടെ തുണയ്‌ക്കെ​ത്തു​ന്നു. a നമ്മുടെ ശുശ്രൂ​ഷ​യു​ടെ മറ്റു വശങ്ങളു​മാ​യി ദുരി​താ​ശ്വാ​സ​പ്ര​വർത്ത​നങ്ങൾ എങ്ങനെ​യാ​ണു ബന്ധപ്പെ​ട്ടി​രി​ക്കു​ന്ന​തെന്നു മനസ്സി​ലാ​ക്കാൻ ദുരി​താ​ശ്വാ​സ​ശു​ശ്രൂ​ഷ​യോ​ടു ബന്ധപ്പെട്ട മൂന്നു ചോദ്യ​ങ്ങൾ നമ്മൾ ചർച്ച ചെയ്യും. ദുരി​താ​ശ്വാ​സ​പ്ര​വർത്ത​ന​ങ്ങളെ നമ്മൾ ശുശ്രൂ​ഷ​യു​ടെ ഭാഗമാ​യി കാണു​ന്നത്‌ എന്തു​കൊണ്ട്‌? അത്തരം പ്രവർത്ത​ന​ങ്ങ​ളു​ടെ ലക്ഷ്യം എന്താണ്‌? ദുരി​താ​ശ്വാ​സ​ശു​ശ്രൂഷ നമുക്കു പ്രയോ​ജനം ചെയ്യു​ന്നത്‌ എങ്ങനെ?

ദുരി​താ​ശ്വാ​സ​പ്ര​വർത്തനം എങ്ങനെ​യാ​ണു ‘വിശു​ദ്ധ​സേ​വ​ന​മാ​കു​ന്നത്‌?’

4. ക്രിസ്‌തീ​യ​ശു​ശ്രൂ​ഷ​യെ​ക്കു​റിച്ച്‌ പൗലോസ്‌ കൊരി​ന്തി​ലു​ള്ള​വ​രോട്‌ എന്താണു പറഞ്ഞത്‌?

4 ക്രിസ്‌ത്യാ​നി​ക​ളു​ടെ ശുശ്രൂ​ഷ​യു​ടെ രണ്ടു വശങ്ങ​ളെ​ക്കു​റിച്ച്‌ കൊരി​ന്തി​ലു​ള്ള​വർക്ക്‌ എഴുതിയ രണ്ടാമത്തെ കത്തിൽ പൗലോസ്‌ വിശദീ​ക​രി​ച്ചു. പൗലോ​സി​ന്റെ ആ കത്ത്‌ അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കളെ ഉദ്ദേശി​ച്ചു​ള്ള​താ​യി​രു​ന്നെ​ങ്കി​ലും ഇന്ന്‌ ആ വാക്കുകൾ ക്രിസ്‌തു​വി​ന്റെ ‘വേറെ ആടുകൾക്കും’ ബാധക​മാണ്‌. (യോഹ. 10:16) നമ്മുടെ ശുശ്രൂ​ഷ​യു​ടെ ഒരു ഭാഗം “അനുര​ഞ്‌ജ​ന​ത്തി​ന്റെ ശുശ്രൂഷ”യാണ്‌. പ്രസംഗ-പഠിപ്പി​ക്കൽ പ്രവർത്ത​ന​മാണ്‌ അത്‌. (2 കൊരി. 5:18-20; 1 തിമൊ. 2:3-6) രണ്ടാമത്തെ ഭാഗമോ? സഹാരാ​ധ​കർക്കു​വേണ്ടി നമ്മൾ ചെയ്യുന്ന ഒരു ശുശ്രൂഷ അതിൽപ്പെ​ടു​ന്നു. “ദുരി​താ​ശ്വാ​സ​ശു​ശ്രൂഷ” എന്ന ആ ശുശ്രൂ​ഷ​യെ​ക്കു​റിച്ച്‌ പൗലോസ്‌ പ്രത്യേ​കം പറയു​ക​യു​ണ്ടാ​യി. (2 കൊരി. 8:4) “അനുര​ഞ്‌ജ​ന​ത്തി​ന്റെ ശുശ്രൂഷ,” “ദുരി​താ​ശ്വാ​സ​ശു​ശ്രൂഷ” എന്നീ രണ്ടു പദപ്ര​യോ​ഗ​ങ്ങ​ളി​ലെ​യും “ശുശ്രൂഷ” എന്ന വാക്കു വന്നിരി​ക്കു​ന്നതു ഡിയാ​ക്കോ​ണിയ എന്ന ഗ്രീക്കു​പ​ദ​ത്തി​ന്റെ ഒരു രൂപത്തിൽനി​ന്നാണ്‌. ഇക്കാര്യം ഇത്ര പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

5. പൗലോസ്‌ ദുരി​താ​ശ്വാ​സ​പ്ര​വർത്ത​നത്തെ ശുശ്രൂഷ എന്നു വിളി​ച്ച​തി​ന്റെ പ്രാധാ​ന്യം എന്താണ്‌?

5 ആ രണ്ടു പ്രവർത്ത​ന​ങ്ങ​ളെ​യും കുറി​ക്കാൻ ഒരേ ഗ്രീക്കു​വാക്ക്‌ ഉപയോ​ഗി​ച്ച​തി​ലൂ​ടെ, ക്രിസ്‌തീ​യ​സ​ഭ​യിൽ നിർവ​ഹി​ക്ക​പ്പെ​ടുന്ന ശുശ്രൂ​ഷ​യു​ടെ മറ്റു രൂപങ്ങ​ളോ​ടൊ​പ്പം ദുരി​താ​ശ്വാ​സ​പ്ര​വർത്ത​ന​ത്തെ​യും പൗലോസ്‌ ഉൾപ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. മുമ്പ്‌ പൗലോസ്‌ ഇങ്ങനെ പറഞ്ഞി​രു​ന്നു: “ശുശ്രൂ​ഷകൾ പലവി​ധ​മുണ്ട്‌. എന്നാൽ കർത്താവ്‌ ഒന്നുത​ന്നെ​യാണ്‌. പ്രവർത്ത​നങ്ങൾ പലവി​ധ​മുണ്ട്‌. . . . എന്നാൽ ഇവയെ​ല്ലാം ഒരേ ആത്മാവി​ന്റെ പ്രവർത്ത​ന​ങ്ങ​ളാണ്‌.” (1 കൊരി. 12:4-6, 11) സഭയിൽ നിർവ​ഹി​ക്ക​പ്പെ​ടുന്ന വിവി​ധ​ശു​ശ്രൂ​ഷ​കളെ പൗലോസ്‌ ‘വിശു​ദ്ധ​സേ​വ​ന​ത്തോ​ടു’ ബന്ധപ്പെ​ടു​ത്തി​യും സംസാ​രി​ക്കു​ക​യു​ണ്ടാ​യി. b (റോമ. 12:1, 6-8) തന്റെ സമയത്തി​ന്റെ ഒരു ഭാഗം “വിശു​ദ്ധർക്കു ശുശ്രൂ​ഷ​ചെ​യ്യാൻ” വിട്ട​കൊ​ടു​ക്കേ​ണ്ട​താ​ണെന്നു പൗലോ​സി​നു തോന്നി​യ​തിൽ അതിശ​യി​ക്കാ​നില്ല.—റോമ. 15:25, 26, അടിക്കു​റിപ്പ്‌.

6. (എ) ദുരി​താ​ശ്വാ​സ​പ്ര​വർത്തനം നമ്മുടെ ആരാധ​ന​യു​ടെ ഭാഗമാ​യി​രി​ക്കു​ന്നത്‌ എങ്ങനെ? (ബി) ലോക​മെ​ങ്ങും നമ്മൾ ദുരി​താ​ശ്വാ​സ​പ്ര​വർത്ത​നങ്ങൾ നടത്തു​ന്നത്‌ എങ്ങനെ​യെന്നു വിശദീ​ക​രി​ക്കുക. (“ ദുരന്തം ആഞ്ഞടി​ക്കു​മ്പോൾ!” എന്ന ചതുരം കാണുക.)

6 ദുരി​താ​ശ്വാ​സ​പ്ര​വർത്തനം തങ്ങളുടെ ശുശ്രൂ​ഷ​യു​ടെ​യും തങ്ങൾ യഹോ​വ​യ്‌ക്കു നൽകുന്ന ആരാധ​ന​യു​ടെ​യും ഭാഗമാ​യി​രി​ക്കു​ന്നത്‌ എങ്ങനെ​യെന്നു കാണാൻ പൗലോസ്‌ കൊരി​ന്തി​ലു​ള്ള​വരെ സഹായി​ച്ചു. അദ്ദേഹ​ത്തി​ന്റെ ന്യായ​വാ​ദം ശ്രദ്ധി​ക്കുക: ദുരി​താ​ശ്വാ​സ​പ്ര​വർത്ത​ന​ത്തിൽ പങ്കെടു​ക്കുന്ന ക്രിസ്‌ത്യാ​നി​കൾ അങ്ങനെ ചെയ്യു​ന്നത്‌ അവർ ‘ക്രിസ്‌തു​വി​നെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത​യ്‌ക്കു കീഴ്‌പെ​ട്ടി​രി​ക്കു​ന്ന​തു​കൊ​ണ്ടാ​ണെന്ന്‌’ പൗലോസ്‌ പറഞ്ഞു. (2 കൊരി. 9:13) അതെ, ക്രിസ്‌തു​വി​ന്റെ ഉപദേ​ശങ്ങൾ അനുസ​രി​ക്കാ​നുള്ള ആഗ്രഹ​മാ​ണു സഹവി​ശ്വാ​സി​കളെ സഹായി​ക്കാൻ അവരെ പ്രേരി​പ്പി​ക്കു​ന്നത്‌. തങ്ങളുടെ സഹോ​ദ​ര​ങ്ങൾക്കു​വേണ്ടി അവർ ചെയ്യുന്ന ദയാ​പ്ര​വൃ​ത്തി​കൾ ശരിക്കും ‘ദൈവം (അവരോട്‌) അളവറ്റ അനർഹദയ കാണി​ച്ച​തി​ന്റെ’ തെളി​വാ​ണെ​ന്നും പൗലോസ്‌ പറഞ്ഞു. (2 കൊരി. 9:14; 1 പത്രോ. 4:10) അതു​കൊ​ണ്ടാണ്‌, സഹായം ആവശ്യ​മുള്ള സഹോ​ദ​ര​ങ്ങൾക്കു നമ്മൾ ചെയ്‌തു​കൊ​ടു​ക്കുന്ന ദുരി​താ​ശ്വാ​സ​പ്ര​വർത്തനം ഉൾപ്പെ​ടെ​യുള്ള സേവന​ങ്ങ​ളെ​ക്കു​റിച്ച്‌ 1975 ഡിസംബർ 1 ലക്കം വീക്ഷാ​ഗോ​പു​രം ഇങ്ങനെ പറഞ്ഞത്‌: “ദൈവ​മായ യഹോ​വ​യും പുത്ര​നായ യേശു​ക്രി​സ്‌തു​വും ഇത്തരത്തി​ലുള്ള സേവന​ത്തി​നു നല്ല പ്രാധാ​ന്യം നൽകു​ന്നു​ണ്ടെന്ന കാര്യ​ത്തിൽ നമുക്ക്‌ ഒട്ടും സംശയം വേണ്ടാ.” അതെ, ദുരി​താ​ശ്വാ​സ​പ്ര​വർത്തനം വിശു​ദ്ധ​സേ​വ​ന​ത്തി​ന്റെ പ്രാധാ​ന്യ​മേ​റിയ ഒരു വശമാണ്‌. —റോമ. 12:1, 7; 2 കൊരി. 8:7; എബ്രാ. 13:16.

ദുരി​താ​ശ്വാ​സ​പ്ര​വർത്ത​ന​ത്തി​ന്റെ ലക്ഷ്യങ്ങൾ

7, 8. നമ്മുടെ ദുരി​താ​ശ്വാ​സ​ശു​ശ്രൂ​ഷ​യു​ടെ ഒന്നാമത്തെ ലക്ഷ്യം എന്താണ്‌? വിശദീ​ക​രി​ക്കുക.

7 നമ്മുടെ ദുരി​താ​ശ്വാ​സ​ശു​ശ്രൂ​ഷ​യു​ടെ ലക്ഷ്യങ്ങൾ എന്തൊ​ക്കെ​യാണ്‌? കൊരി​ന്തി​ലു​ള്ള​വർക്ക്‌ എഴുതിയ രണ്ടാമത്തെ കത്തിൽ പൗലോസ്‌ ആ ചോദ്യ​ത്തി​ന്റെ ഉത്തരം വിശദീ​ക​രി​ച്ചു. (2 കൊരി​ന്ത്യർ 9:11-15 വായി​ക്കുക.) ‘പൊതു​ജ​ന​സേ​വ​ന​മാ​യി . . . ചെയ്യുന്ന ഈ ശുശ്രൂ​ഷ​യി​ലൂ​ടെ’ അതായത്‌ ദുരി​താ​ശ്വാ​സ​പ്ര​വർത്ത​ന​ത്തി​ലൂ​ടെ കൈവ​രി​ക്കാ​നാ​കുന്ന മൂന്നു ലക്ഷ്യങ്ങൾ ഈ വാക്യ​ങ്ങ​ളിൽ പൗലോസ്‌ എടുത്തു​പ​റ​യു​ന്നുണ്ട്‌. അവ ഏതൊ​ക്കെ​യാണ്‌? ഓരോ​ന്നാ​യി നമുക്കു നോക്കാം.

8 ഒന്നാമ​താ​യി, നമ്മുടെ ദുരി​താ​ശ്വാ​സ​ശു​ശ്രൂഷ യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്തു​ന്നു. കഴിഞ്ഞ ഖണ്ഡിക​യിൽ പരാമർശിച്ച അഞ്ചു വാക്യ​ങ്ങ​ളിൽ പൗലോസ്‌ എത്ര കൂടെ​ക്കൂ​ടെ ദൈവ​മായ യഹോ​വ​യി​ലേക്കു സഹോ​ദ​ര​ങ്ങ​ളു​ടെ ശ്രദ്ധ ക്ഷണിക്കു​ന്നു! “ആളുകൾ ദൈവ​ത്തി​നു നന്ദി പറയും” എന്നും ‘അനേക​മാ​ളു​കൾ ദൈവ​ത്തോ​ടു നന്ദി പറയാൻ അവസര​മൊ​രു​ങ്ങും’ എന്നും അപ്പോ​സ്‌തലൻ അവരോ​ടു പറയുന്നു. (11, 12 വാക്യങ്ങൾ) ദുരി​താ​ശ്വാ​സ​പ്ര​വർത്ത​നങ്ങൾ, ‘ദൈവത്തെ മഹത്ത്വ​പ്പെ​ടു​ത്താൻ’ ക്രിസ്‌ത്യാ​നി​കളെ പ്രചോ​ദി​പ്പി​ക്കു​ന്നെ​ന്നും “ദൈവം . . . അളവറ്റ അനർഹദയ കാണി​ച്ച​തു​കൊണ്ട്‌” ദൈവത്തെ സ്‌തു​തി​ക്കാൻ അവരെ പ്രേരി​പ്പി​ക്കു​ന്നെ​ന്നും പൗലോസ്‌ പറയുന്നു. (13, 14 വാക്യങ്ങൾ) ദുരി​താ​ശ്വാ​സ​ശു​ശ്രൂ​ഷ​യെ​ക്കുറി​ച്ചുള്ള ചർച്ച പൗലോസ്‌ ഉപസം​ഹ​രി​ക്കു​ന്ന​തോ, “ദൈവ​ത്തി​നു നന്ദി” പറഞ്ഞു​കൊ​ണ്ടും.—15-ാം വാക്യം; 1 പത്രോ. 4:11.

9. ദുരി​താ​ശ്വാ​സ​പ്ര​വർത്ത​നങ്ങൾ ആളുകളെ എങ്ങനെ സ്വാധീ​നി​ച്ചേ​ക്കാം? ഒരു ഉദാഹ​രണം നൽകുക.

9 പൗലോ​സി​നെ​പ്പോ​ലെ ഇന്നത്തെ ദൈവ​ദാ​സ​രും ദുരി​താ​ശ്വാ​സ​പ്ര​വർത്ത​ന​ങ്ങളെ കാണു​ന്നത്‌ യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്താ​നും ദൈവ​ത്തി​ന്റെ പഠിപ്പി​ക്ക​ലിന്‌ ഒരു ‘അലങ്കാ​ര​മാ​കാ​നും’ ഉള്ള അവസര​ങ്ങ​ളാ​യാണ്‌. (1 കൊരി. 10:31; തീത്തോ. 2:10) വാസ്‌ത​വ​ത്തിൽ, യഹോ​വ​യെ​ക്കു​റി​ച്ചും യഹോ​വ​യു​ടെ സാക്ഷി​ക​ളെ​ക്കു​റി​ച്ചും ചിലർക്കുള്ള തെറ്റായ ധാരണകൾ മാറ്റി​യെ​ടു​ക്കു​ന്ന​തിൽ ദുരി​താ​ശ്വാ​സ​പ്ര​വർത്ത​ന​ങ്ങൾക്കു പലപ്പോ​ഴും വലി​യൊ​രു പങ്കുണ്ട്‌. ഒരു ഉദാഹ​രണം നോക്കാം: ഒരു കൊടു​ങ്കാ​റ്റു നാശം വിതച്ച പ്രദേ​ശത്ത്‌ താമസി​ച്ചി​രുന്ന ഒരു സ്‌ത്രീ വാതിൽക്കൽ, “യഹോ​വ​യു​ടെ സാക്ഷി​കൾക്കു സ്വാഗ​ത​മില്ല” എന്നൊരു ബോർഡ്‌ തൂക്കി​യി​രു​ന്നു. അങ്ങനെ​യി​രി​ക്കെ ഒരു ദിവസം ചില ദുരി​താ​ശ്വാ​സ​പ്ര​വർത്തകർ എതിർവ​ശ​ത്തുള്ള ഒരു വീടിന്റെ കേടു​പാ​ടു​കൾ തീർക്കു​ന്നത്‌ അവരുടെ ശ്രദ്ധയിൽപ്പെട്ടു. സൗഹൃ​ദ​മ​നോ​ഭാ​വ​ത്തോ​ടെ ജോലി​കൾ ചെയ്‌തു​കൊ​ണ്ടി​രുന്ന അവരെ ദിവസ​ങ്ങ​ളോ​ളം ശ്രദ്ധിച്ച ആ സ്‌ത്രീ, അവർ ആരാ​ണെന്ന്‌ അറിയാൻ ഒടുവിൽ അവി​ടേക്കു ചെന്നു. ആ സന്നദ്ധ​സേ​വകർ യഹോ​വ​യു​ടെ സാക്ഷി​ക​ളാ​ണെന്നു മനസ്സി​ലാ​യ​പ്പോൾ വലിയ മതി​പ്പോ​ടെ അവർ പറഞ്ഞു: “നിങ്ങളെ ഞാൻ തെറ്റി​ദ്ധ​രി​ച്ചു​പോ​യി.” പിന്നെ എന്തുണ്ടാ​യി? വാതി​ലിൽ തൂക്കി​യി​രുന്ന ആ ബോർഡ്‌ അവർ എടുത്തു​മാ​റ്റി.

10, 11. (എ) ദുരി​താ​ശ്വാ​സ​പ്ര​വർത്ത​ന​ത്തി​ന്റെ രണ്ടാമത്തെ ലക്ഷ്യം നേടാൻ നമുക്കു കഴിയു​ന്നു​ണ്ടെന്ന്‌ ഏതെല്ലാം ഉദാഹ​ര​ണങ്ങൾ തെളി​യി​ക്കു​ന്നു? (ബി) ദുരി​താ​ശ്വാ​സ​പ്ര​വർത്ത​കരെ ഏതു പ്രസി​ദ്ധീ​ക​രണം സഹായി​ക്കു​ന്നു? (“ ദുരി​താ​ശ്വാ​സ​പ്ര​വർത്ത​കർക്ക്‌ ഒരു ഉപകര​ണം​കൂ​ടി” എന്ന ചതുരം കാണുക.)

10 രണ്ടാമ​താ​യി, നമ്മൾ സഹവി​ശ്വാ​സി​ക​ളു​ടെ ‘ആവശ്യങ്ങൾ നന്നായി നിറ​വേ​റ്റു​ന്നു.’ (2 കൊരി. 9:12എ) നമ്മുടെ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർക്ക്‌ അടിയ​ന്തി​ര​സ​ഹാ​യം എത്തിക്കാ​നും ദുരി​ത​ങ്ങ​ളിൽ അവർക്കു കൈത്താ​ങ്ങേ​കാ​നും നമ്മൾ ഉത്സാഹ​ത്തോ​ടെ പ്രവർത്തി​ക്കാ​റുണ്ട്‌. എന്താണ്‌ അതിനു കാരണം? ക്രിസ്‌തീ​യ​സ​ഭ​യി​ലെ അംഗങ്ങ​ളെ​ല്ലാം ഒരു ‘ശരീര​ത്തി​ന്റെ’ ഭാഗമാണ്‌. അതു​കൊ​ണ്ടു​തന്നെ “ഒരു അവയവം കഷ്ടപ്പെ​ടു​മ്പോൾ മറ്റുള്ള​വ​യെ​ല്ലാം അതി​നോ​ടൊ​പ്പം കഷ്ടപ്പെ​ടു​ന്നു.” (1 കൊരി. 12:20, 26) ഒരു അറിയി​പ്പു കിട്ടി​യാൽ ഉടൻതന്നെ നമ്മുടെ അനേകം സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ ചെയ്‌തു​കൊ​ണ്ടി​രുന്ന കാര്യ​ങ്ങ​ളെ​ല്ലാം മാറ്റി​വെച്ച്‌, വേണ്ട ഉപകര​ണ​ങ്ങ​ളു​മാ​യി ദുരന്ത​ബാ​ധി​ത​പ്ര​ദേ​ശ​ങ്ങ​ളി​ലെ സഹവി​ശ്വാ​സി​കളെ സഹായി​ക്കാൻ കുതി​ച്ചെ​ത്തു​ന്ന​തി​ന്റെ കാരണ​വും മറ്റൊന്നല്ല. സഹോ​ദ​ര​സ്‌നേ​ഹ​വും അനുക​മ്പ​യും ആണ്‌ അവരെ അതിനു പ്രേരി​പ്പി​ക്കു​ന്നത്‌. (യാക്കോ. 2:15, 16) 2011-ൽ ജപ്പാനി​ലു​ണ്ടായ സുനാ​മി​യെ​ത്തു​ടർന്ന്‌ എന്തു സംഭവി​ച്ചെന്നു നോക്കുക. അവിടത്തെ രാജ്യ​ഹാ​ളു​കൾ പുനർനിർമി​ക്കാ​നാ​യി “യോഗ്യ​ത​യുള്ള ഏതാനും ചില സഹോ​ദ​രങ്ങൾ” തയ്യാറാ​കു​മോ എന്ന്‌ അറിയാൻ ഐക്യ​നാ​ടു​ക​ളി​ലെ ബ്രാ​ഞ്ചോ​ഫീസ്‌ അവി​ടെ​യുള്ള മേഖലാ നിർമാണ കമ്മിറ്റി​കൾക്ക്‌ ഒരു കത്ത്‌ അയച്ചു. എന്തായി​രു​ന്നു പ്രതി​ക​രണം? ആഴ്‌ച​കൾക്കു​ള്ളിൽ 600-ഓളം സന്നദ്ധ​സേ​വകർ അപേക്ഷ സമർപ്പി​ച്ചു. ജപ്പാനി​ലേക്കു സ്വന്തം ചെലവിൽ യാത്ര ചെയ്യാ​നും അവർ തയ്യാറാ​യി​രു​ന്നു. “ആ പ്രതി​ക​രണം ഞങ്ങളെ അമ്പരപ്പി​ച്ചു​ക​ളഞ്ഞു” എന്നാണ്‌ ഐക്യ​നാ​ടു​ക​ളി​ലെ ബ്രാ​ഞ്ചോ​ഫീസ്‌ അതി​നെ​ക്കു​റിച്ച്‌ പറഞ്ഞത്‌. ജപ്പാനി​ലെ ഒരു സഹോ​ദരൻ, ദുരി​താ​ശ്വാ​സ​പ്ര​വർത്ത​ന​ത്തി​നാ​യി വിദേ​ശ​ത്തു​നിന്ന്‌ എത്തിയ ഒരു വ്യക്തി​യോ​ടു തങ്ങളെ സഹായി​ക്കാൻ വന്നതിന്റെ കാരണം തിരക്കി. അപ്പോൾ അദ്ദേഹം പറഞ്ഞത്‌ ഇതാണ്‌: “ജപ്പാനി​ലെ സഹോ​ദ​രങ്ങൾ ‘ഞങ്ങളുടെ ശരീര​ത്തി​ന്റെ’ ഭാഗമാണ്‌. അവരുടെ വേദന​യും വിഷമ​ങ്ങ​ളും ഞങ്ങൾക്കും അനുഭ​വ​പ്പെ​ടു​ന്നുണ്ട്‌.” ചില​പ്പോ​ഴൊ​ക്കെ സഹവി​ശ്വാ​സി​കളെ സഹായി​ക്കാൻ ദുരി​താ​ശ്വാ​സ​പ്ര​വർത്തകർ സ്വന്തം ജീവൻപോ​ലും പണയ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. c ആത്മത്യാ​ഗ​പ​ര​മായ സ്‌നേ​ഹ​ത്തി​ന്റെ എത്ര വ്യക്തമായ തെളിവ്‌!—1 യോഹ. 3:16.

11 യഹോ​വ​യു​ടെ സാക്ഷി​ക​ള​ല്ലാ​ത്ത​വ​രും നമ്മുടെ ദുരി​താ​ശ്വാ​സ​പ്ര​വർത്ത​ന​ങ്ങ​ളെക്കു​റിച്ച്‌ നല്ല അഭി​പ്രാ​യങ്ങൾ പറഞ്ഞി​ട്ടുണ്ട്‌. 2013-ൽ യു.എസ്‌.എ.-യിലെ അർക്കൻസാസ്‌ സംസ്ഥാ​നത്ത്‌ ഒരു ദുരന്തം ആഞ്ഞടി​ച്ച​പ്പോൾ യഹോ​വ​യു​ടെ സാക്ഷി​ക​ളായ സന്നദ്ധ​പ്ര​വർത്തകർ താമസം​വി​നാ അവിടെ ഓടി​യെ​ത്തി​യ​തി​നെ​ക്കു​റിച്ച്‌ ഒരു പത്രത്തിൽ വന്ന വാർത്ത അതിന്‌ ഉദാഹ​ര​ണ​മാണ്‌. അതു പറഞ്ഞു: “യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സംഘട​നാ​ക്ര​മീ​ക​രണം മികച്ച​താ​യ​തു​കൊണ്ട്‌ അവരുടെ സന്നദ്ധ​സേ​വ​കരെ അവർക്കു ഭംഗി​യാ​യി ഏകോ​പി​പ്പി​ക്കാ​നാ​കു​ന്നു.” അതെ, പൗലോസ്‌ അപ്പോ​സ്‌തലൻ പറഞ്ഞതു​പോ​ലെ സഹായം വേണ്ടി​വ​രുന്ന സഹോ​ദ​ര​ങ്ങ​ളു​ടെ ‘ആവശ്യങ്ങൾ നന്നായി നിറ​വേ​റ്റു​ന്ന​വ​രാ​ണു’ നമ്മൾ.

12-14. (എ) നമ്മുടെ ദുരി​താ​ശ്വാ​സ​പ്ര​വർത്തനം അതിന്റെ മൂന്നാ​മത്തെ ലക്ഷ്യം നേടു​ന്നതു വളരെ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) നമ്മുടെ ആത്മീയ​പ്ര​വർത്ത​നങ്ങൾ മുടങ്ങാൻ അനുവ​ദി​ക്ക​രു​താ​ത്ത​തി​ന്റെ പ്രാധാ​ന്യം എടുത്തു​കാ​ണി​ക്കുന്ന ചില അഭി​പ്രാ​യങ്ങൾ ഏതെല്ലാം?

12 മൂന്നാ​മ​താ​യി, ദുരന്ത​ബാ​ധി​തരെ ആത്മീയ​ദി​ന​ചര്യ വീണ്ടെ​ടു​ക്കാൻ സഹായി​ക്കു​ന്നു. ഇത്‌ ഇത്ര പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? ദുരി​താ​ശ്വാ​സ​സ​ഹാ​യം ലഭിക്കു​ന്ന​വർക്കു ‘ദൈവ​ത്തോ​ടു നന്ദി പറയാൻ’ പ്രേരണ തോന്നും എന്നു പൗലോസ്‌ പറഞ്ഞു. (2 കൊരി. 9:12ബി) അങ്ങനെ​യെ​ങ്കിൽ, ദുരന്ത​ബാ​ധി​തർക്ക്‌ യഹോ​വ​യോ​ടു നന്ദി കാണി​ക്കാ​നുള്ള ഏറ്റവും നല്ല മാർഗം ഏതാണ്‌? കഴിയു​ന്നത്ര പെട്ടെന്നു തങ്ങളുടെ ആത്മീയ​ദി​ന​ചര്യ വീണ്ടെ​ടു​ക്കുക എന്നതാണ്‌ അതിനുള്ള വഴി. (ഫിലി. 1:10) 1945-ലെ ഒരു വീക്ഷാ​ഗോ​പു​രം ഇങ്ങനെ പറഞ്ഞു: “സംഭാ​വ​നകൾ ശേഖരി​ക്കുന്ന ക്രമീ​ക​ര​ണത്തെ പൗലോസ്‌ അംഗീ​ക​രി​ക്കാൻ ഒരു കാരണ​മുണ്ട്‌. സഹായം ആവശ്യ​മുള്ള ക്രിസ്‌തീ​യ​സ​ഹോ​ദ​ര​ങ്ങൾക്കു വേണ്ട സഹായം എത്തിക്കാൻ അത്‌ ഉപകരി​ച്ചു. അതു​കൊ​ണ്ടുള്ള പ്രയോ​ജ​ന​മോ? അവർക്കു കുറച്ചു​കൂ​ടെ സ്വത​ന്ത്ര​മാ​യും ഉത്സാഹ​ത്തോ​ടെ​യും യഹോവ ഏൽപ്പിച്ച പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ പങ്കെടു​ക്കാൻ കഴിയു​മാ​യി​രു​ന്നു.” ഇന്നു നമ്മുടെ ലക്ഷ്യവും അതുത​ന്നെ​യാണ്‌. നമ്മുടെ സഹോ​ദ​ര​ങ്ങൾക്കു വീണ്ടും പ്രസം​ഗ​പ്ര​വർത്തനം ആരംഭി​ക്കാൻ കഴിഞ്ഞാൽ അതു ദുഃഖാർത്ത​രാ​യി​രി​ക്കുന്ന അവരുടെ അയൽക്കാ​രെ മാത്രമല്ല അവരെ​ത്ത​ന്നെ​യും ബലപ്പെ​ടു​ത്തും.2 കൊരി​ന്ത്യർ 1:3, 4 വായി​ക്കുക.

13 ദുരി​താ​ശ്വാ​സ​സ​ഹാ​യം ലഭിച്ചിട്ട്‌ ശുശ്രൂഷ പുനരാ​രം​ഭി​ക്കു​ക​യും അതിലൂ​ടെ കരുത്താർജി​ക്കു​ക​യും ചെയ്‌ത ചിലരു​ടെ അഭി​പ്രാ​യങ്ങൾ നമുക്കു നോക്കാം. ഒരു സഹോ​ദരൻ പറഞ്ഞു: “വയൽസേ​വ​ന​ത്തി​നു പോകാൻ പറ്റിയതു ഞങ്ങളുടെ കുടും​ബ​ത്തിന്‌ ഒരു അനു​ഗ്ര​ഹ​മാ​യി​രു​ന്നു. മറ്റുള്ള​വരെ ആശ്വസി​പ്പി​ക്കാൻ ശ്രമി​ച്ച​പ്പോൾ ഞങ്ങളുടെ ഉത്‌ക​ണ്‌ഠകൾ തെല്ലൊ​ന്നു മറക്കാൻ ഞങ്ങൾക്കാ​യി.” ഒരു സഹോ​ദരി പറയു​ന്നത്‌ ഇതാണ്‌: “ആത്മീയ​പ്ര​വർത്ത​ന​ങ്ങ​ളിൽ മുഴു​കി​യ​പ്പോൾ, എനിക്കു ചുറ്റും നാശന​ഷ്ടങ്ങൾ വിതച്ച ആ വിപത്തിൽനിന്ന്‌ എന്റെ ശ്രദ്ധ തിരിഞ്ഞു. എനിക്കു സുരക്ഷി​ത​ത്വം തോന്നി.” മറ്റൊരു സഹോ​ദരി പറഞ്ഞു: “പല കാര്യ​ങ്ങ​ളും ഞങ്ങളുടെ നിയ​ന്ത്ര​ണ​ത്തി​ല​ല്ലാ​യി​രു​ന്നു. പക്ഷേ ശുശ്രൂഷ ഞങ്ങൾക്കു ലക്ഷ്യ​ബോ​ധം നൽകി. പുതി​യ​ഭൂ​മി​യെ​ക്കു​റി​ച്ചുള്ള നമ്മുടെ പ്രത്യാ​ശ​യെ​പ്പറ്റി മറ്റുള്ള​വ​രോ​ടു പറഞ്ഞത്‌ എല്ലാം പുതി​യ​താ​കു​മെ​ന്നുള്ള ഞങ്ങളുടെ ബോധ്യം ശക്തമാക്കി.”

14 ദുരന്ത​ത്തിന്‌ ഇരയാ​കുന്ന നമ്മുടെ സഹോ​ദ​രങ്ങൾ എത്രയും പെട്ടെന്നു പുനരാ​രം​ഭി​ക്കേണ്ട ഒരു ആത്മീയ​പ്ര​വർത്ത​ന​മാ​ണു യോഗ​ങ്ങ​ളിൽ പങ്കെടു​ക്കു​ക​യെ​ന്നത്‌. ഒരു സുനാമി ആഞ്ഞടി​ച്ച​പ്പോൾ കിയോ​ക്കോ സഹോ​ദ​രി​ക്കു​ണ്ടായ അനുഭവം നോക്കാം. അന്ന്‌ 60-നോട​ടുത്ത്‌ പ്രായ​മു​ണ്ടാ​യി​രുന്ന സഹോ​ദ​രി​ക്കു താൻ ധരിച്ചി​രുന്ന വസ്‌ത്ര​വും ചെരി​പ്പു​ക​ളും ഒഴികെ മറ്റെല്ലാം ആ ദുരന്ത​ത്തിൽ നഷ്ടമായി. ഇനി എങ്ങനെ ജീവി​ക്കും എന്നതി​നെ​ക്കു​റിച്ച്‌ സഹോ​ദ​രിക്ക്‌ ഒരു എത്തും പിടി​യും ഇല്ലായി​രു​ന്നു. അപ്പോ​ഴാ​ണു സഹോ​ദ​രി​യോട്‌ ഒരു മൂപ്പൻ, പതിവാ​യുള്ള ക്രിസ്‌തീ​യ​യോ​ഗങ്ങൾ തന്റെ കാറിൽവെച്ച്‌ നടത്താ​മെന്നു പറയു​ന്നത്‌. കിയോ​ക്കോ സഹോ​ദരി പറയുന്നു: “ഒരു മൂപ്പനും അദ്ദേഹ​ത്തി​ന്റെ ഭാര്യ​യും മറ്റൊരു സഹോ​ദ​രി​യും ഞാനും ആ കാറിൽ ഇരുന്നു. വളരെ ലളിത​മാ​യി​രു​ന്നു ആ യോഗം. പക്ഷേ അത്ഭുത​മെന്നു പറയട്ടെ, സുനാ​മി​യെ​ക്കു​റി​ച്ചുള്ള ഓർമകൾ എന്റെ മനസ്സിൽനിന്ന്‌ മാഞ്ഞു​പോ​യി. എന്റെ മനസ്സ്‌ ശാന്തമാ​യ​താ​യി എനിക്ക്‌ അനുഭ​വ​പ്പെട്ടു. ക്രിസ്‌തീ​യ​സ​ഹ​വാ​സ​ത്തി​ന്റെ ശക്തി എന്താ​ണെന്ന്‌ എനിക്ക്‌ അന്നു മനസ്സി​ലാ​യി.” ഒരു ദുരന്ത​ത്തി​നു ശേഷം താൻ പങ്കെടുത്ത യോഗ​ങ്ങ​ളെ​ക്കു​റിച്ച്‌ ഒരു സഹോ​ദരി പറഞ്ഞത്‌, “അത്‌ എന്റെ ജീവനാ​ഡി​യാ​യി​രു​ന്നു” എന്നാണ്‌.—റോമ. 1:11, 12; 12:12.

ദുരി​താ​ശ്വാ​സ​ശു​ശ്രൂഷ—അതിന്റെ നിലനിൽക്കുന്ന പ്രയോ​ജ​ന​ങ്ങൾ

15, 16. (എ) ദുരി​താ​ശ്വാ​സ​പ്ര​വർത്ത​ന​ങ്ങളെ പിന്തു​ണ​യ്‌ക്കു​ന്ന​തി​ലൂ​ടെ കൊരി​ന്തി​ലും മറ്റ്‌ ഇടങ്ങളി​ലു​മുള്ള ക്രിസ്‌ത്യാ​നി​കൾക്ക്‌ എന്തു പ്രയോ​ജനം ലഭിക്കു​മാ​യി​രു​ന്നു? (ബി) ദുരി​താ​ശ്വാ​സ​പ്ര​വർത്ത​നങ്ങൾ ഇന്നു നമുക്ക്‌ എങ്ങനെ​യാ​ണു പ്രയോ​ജ​ന​പ്പെ​ടു​ന്നത്‌?

15 ദുരി​താ​ശ്വാ​സ​ശു​ശ്രൂ​ഷ​യെ​ക്കു​റിച്ച്‌ സംസാ​രി​ക്കു​ന്ന​തി​നി​ടെ, ആ പ്രവർത്ത​ന​ത്തിൽ പങ്കെടു​ക്കു​ന്ന​തി​ലൂ​ടെ കൊരി​ന്തി​ലു​ള്ള​വർക്കും മറ്റു ക്രിസ്‌ത്യാ​നി​കൾക്കും ലഭിക്കുന്ന പ്രയോ​ജ​ന​ങ്ങ​ളെ​ക്കു​റി​ച്ചും പൗലോസ്‌ വിശദീ​ക​രി​ച്ചു. പൗലോസ്‌ പറഞ്ഞു: “ദൈവം നിങ്ങ​ളോട്‌ അളവറ്റ അനർഹദയ കാണി​ച്ച​തു​കൊണ്ട്‌ അവർ (അതായത്‌, സഹായം ലഭിച്ച യരുശ​ലേ​മി​ലെ ജൂത​ക്രി​സ്‌ത്യാ​നി​കൾ) നിങ്ങളെ സ്‌നേ​ഹി​ക്കു​ന്നു. അതു​കൊ​ണ്ടു​തന്നെ അവർ നിങ്ങൾക്കു​വേണ്ടി ഉള്ളുരു​കി പ്രാർഥി​ക്കു​ന്നു.” (2 കൊരി. 9:14) അതെ, കൊരി​ന്തി​ലു​ള്ളവർ കാണിച്ച ഉദാരത, ജനതക​ളിൽപ്പെ​ട്ടവർ ഉൾപ്പെടെ കൊരി​ന്തി​ലുള്ള സഹോ​ദ​ര​ങ്ങൾക്കു​വേണ്ടി പ്രാർഥി​ക്കാൻ യരുശ​ലേ​മി​ലെ ജൂത​ക്രി​സ്‌ത്യാ​നി​കളെ പ്രേരി​പ്പി​ക്കു​മാ​യി​രു​ന്നു. അത്‌ അവർക്കു കൊരി​ന്തി​ലു​ള്ള​വ​രോ​ടുള്ള സ്‌നേ​ഹ​ത്തി​ന്റെ ആഴം കൂട്ടു​ക​യും ചെയ്യു​മാ​യി​രു​ന്നു.

16 ദുരി​താ​ശ്വാ​സ​പ്ര​വർത്ത​ന​ത്തി​ന്റെ പ്രയോ​ജ​ന​ങ്ങ​ളെ​ക്കു​റി​ച്ചുള്ള പൗലോ​സി​ന്റെ ആ വാക്കു​കൾക്കു നമ്മുടെ നാളി​ലുള്ള പ്രസക്തി​യെ​പ്പറ്റി 1945 ഡിസംബർ 1 ലക്കം വീക്ഷാ​ഗോ​പു​രം ഇങ്ങനെ പറഞ്ഞു: “ദൈവ​ത്തി​ന്റെ സമർപ്പി​ത​ജ​ന​ത്തി​ലെ ഒരു കൂട്ടം അവരുടെ ഇടയിലെ മറ്റൊരു കൂട്ടത്തി​ന്റെ ആവശ്യങ്ങൾ നിറ​വേ​റ്റാൻ സംഭാ​വ​നകൾ നൽകു​മ്പോൾ അത്‌ അവരുടെ ഒരുമയെ എത്രമാ​ത്രം ബലപ്പെ​ടു​ത്തു​ന്നെ​ന്നോ!” ഇന്നു ദുരി​താ​ശ്വാ​സ​പ്ര​വർത്തകർ ആ വാക്കു​ക​ളു​ടെ സത്യത അനുഭ​വി​ച്ച​റി​യു​ന്നു. പ്രളയ​ക്കെ​ടു​തി​ക​ളിൽ സഹായ​വു​മാ​യി എത്തിയ ഒരു മൂപ്പൻ പറയുന്നു: “ആ ദുരി​താ​ശ്വാ​സ​പ്ര​വർത്ത​ന​ത്തിൽ പങ്കെടു​ത്ത​പ്പോൾ എനിക്കു സഹോ​ദ​ര​ങ്ങ​ളോട്‌ എന്നത്തെ​ക്കാ​ളും അടുപ്പം തോന്നി.” സഹായം ലഭിച്ച മറ്റൊരു സഹോ​ദരി നന്ദി​യോ​ടെ ഇങ്ങനെ ഓർക്കു​ന്നു: “ഇന്ന്‌, ഭൂമി​യി​ലെ പറുദീ​സ​യോ​ടു തുലനം ചെയ്യാ​വുന്ന ഒന്നുണ്ട്‌, അതു നമ്മുടെ സഹോ​ദ​ര​സ​മൂ​ഹ​മാണ്‌.”സുഭാ​ഷി​തങ്ങൾ 17:17 വായി​ക്കുക.

17. (എ) യശയ്യ 41:13-ലെ വാക്കുകൾ ദുരി​താ​ശ്വാ​സ​പ്ര​വർത്ത​ന​വു​മാ​യി ബന്ധപ്പെ​ട്ടി​രി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌? (ബി) ദുരി​താ​ശ്വാ​സ​പ്ര​വർത്ത​നങ്ങൾ എങ്ങനെ​യാണ്‌ യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്തു​ന്ന​തെ​ന്നും നമ്മുടെ ഐക്യം ഊട്ടി​യു​റ​പ്പി​ക്കു​ന്ന​തെ​ന്നും തെളി​യി​ക്കുന്ന ചില ഉദാഹ​ര​ണങ്ങൾ നൽകുക. (“ ദുരി​താ​ശ്വാ​സ​വു​മാ​യി ഓടി​യെ​ത്തുന്ന സന്നദ്ധ​സേ​വകർ” എന്ന ചതുര​വും കാണുക.)

17 ദുരന്ത​ബാ​ധി​ത​പ്ര​ദേ​ശത്ത്‌ ദുരി​താ​ശ്വാ​സ​പ്ര​വർത്തകർ എത്തു​മ്പോൾ അവി​ടെ​യുള്ള സഹോ​ദ​രങ്ങൾ യഹോവ തന്നിരി​ക്കുന്ന ഉറപ്പ്‌ എത്ര സത്യമാ​ണെന്ന്‌ അനുഭ​വി​ച്ച​റി​യു​ന്നു. യഹോവ പറയുന്നു: “‘പേടി​ക്കേണ്ടാ, ഞാൻ നിന്നെ സഹായി​ക്കും’ എന്നു നിന്നോ​ടു പറയുന്ന നിന്റെ ദൈവ​മായ യഹോവ എന്ന ഞാൻ, നിന്റെ വലങ്കൈ പിടി​ച്ചി​രി​ക്കു​ന്നു.” (യശ. 41:13) ദുരന്തത്തെ അതിജീ​വിച്ച ഒരു സഹോ​ദരി പറയുന്നു: “നാശന​ഷ്ടങ്ങൾ കണ്ട്‌ ഞാൻ ആകെ ആശയറ്റ അവസ്ഥയി​ലാ​യി. പക്ഷേ യഹോവ എനിക്കു കൈ നീട്ടി​ത്തന്നു. സഹോ​ദ​രങ്ങൾ ചെയ്‌തു​തന്ന സഹായം വർണി​ക്കാൻ എനിക്കു വാക്കു​ക​ളില്ല.” ദുരന്തം കെടു​തി​കൾ വിതച്ച ഒരു പ്രദേ​ശത്തെ രണ്ടു മൂപ്പന്മാർ തങ്ങളുടെ സഭകളെ പ്രതി​നി​ധീ​ക​രിച്ച്‌ ഇങ്ങനെ എഴുതി: “ആ ഭൂകമ്പം ഞങ്ങളെ​യെ​ല്ലാം വലിയ വേദന​യി​ലാ​ഴ്‌ത്തി, പക്ഷേ നമ്മുടെ സഹോ​ദ​ര​ങ്ങ​ളി​ലൂ​ടെ യഹോവ തരുന്ന സഹായം എന്താ​ണെന്നു ഞങ്ങൾ അനുഭ​വി​ച്ച​റി​ഞ്ഞു. ദുരി​താ​ശ്വാ​സ​പ്ര​വർത്ത​ന​ങ്ങ​ളെക്കു​റിച്ച്‌ ഇതുവരെ ഞങ്ങൾക്കു കേട്ടറിവ്‌ മാത്രമേ ഉണ്ടായി​രു​ന്നു​ള്ളൂ. ഇപ്പോൾ ഞങ്ങൾ അതു സ്വന്തക​ണ്ണാൽ കണ്ടിരി​ക്കു​ന്നു.”

നിങ്ങൾക്കും പങ്കെടു​ക്ക​ണ​മെ​ന്നു​ണ്ടോ?

18. ദുരി​താ​ശ്വാ​സ​പ്ര​വർത്ത​ന​ത്തിൽ പങ്കെടു​ക്കാൻ ആഗ്രഹ​മു​ണ്ടെ​ങ്കിൽ നിങ്ങൾക്ക്‌ എന്തു ചെയ്യാ​നാ​കും? (“ അത്‌ അദ്ദേഹ​ത്തി​ന്റെ ജീവിതം മാറ്റി​മ​റി​ച്ചു” എന്ന ചതുര​വും കാണുക.)

18 ദുരി​താ​ശ്വാ​സ​പ്ര​വർത്തനം നൽകുന്ന സന്തോഷം നിങ്ങൾക്കും രുചി​ച്ച​റി​യ​ണ​മെ​ന്നു​ണ്ടോ? എങ്കിൽ, രാജ്യ​ഹാൾ നിർമാ​ണ​പ്ര​വർത്ത​ന​ത്തിൽ പങ്കെടു​ക്കു​ന്ന​വ​രിൽനി​ന്നാ​ണു മിക്ക​പ്പോ​ഴും ദുരി​താ​ശ്വാ​സ​പ്ര​വർത്ത​കരെ തിര​ഞ്ഞെ​ടു​ക്കു​ന്ന​തെന്നു മനസ്സിൽപ്പി​ടി​ക്കുക. അതി​ലേക്ക്‌ ഒരു അപേക്ഷാ​ഫാ​റം പൂരി​പ്പി​ച്ചു​നൽകാൻ ആഗ്രഹി​ക്കു​ന്നെന്ന കാര്യം നിങ്ങളു​ടെ മൂപ്പന്മാ​രോ​ടു പറയാ​നാ​കും. ദുരി​താ​ശ്വാ​സ​പ്ര​വർത്ത​ന​ങ്ങ​ളിൽ നല്ല അനുഭ​വ​പ​രി​ച​യ​മുള്ള ഒരു മൂപ്പൻ ഇങ്ങനെ ഓർമി​പ്പി​ക്കു​ന്നു: “ദുരി​താ​ശ്വാ​സ കമ്മിറ്റി​യിൽനിന്ന്‌ ഔദ്യോ​ഗി​ക​മാ​യി ക്ഷണം കിട്ടി​യ​തി​നു ശേഷം മാത്രമേ നിങ്ങൾ ദുരന്ത​ബാ​ധി​ത​പ്ര​ദേ​ശ​ത്തേക്കു ചെല്ലാവൂ.” ദുരി​താ​ശ്വാ​സ​പ്ര​വർത്തനം ക്രമീ​കൃ​ത​മായ വിധത്തിൽ മുന്നോ​ട്ടു കൊണ്ടു​പോ​കാൻ അതു സഹായി​ക്കും.

19. ദുരിതാശ്വാസപ്രവർത്തകരുടെ പ്രവർത്തനങ്ങൾ, നമ്മൾ ക്രിസ്‌തു​ശി​ഷ്യ​രാ​ണെന്നു തെളി​യി​ക്കു​ന്നത്‌ എങ്ങനെ?

19 “തമ്മിൽത്ത​മ്മിൽ സ്‌നേ​ഹി​ക്കണം” എന്ന യേശു​വി​ന്റെ കല്‌പന അനുസ​രി​ക്കാ​നുള്ള സവി​ശേ​ഷ​മാ​യൊ​രു മാർഗ​മാ​ണു ദുരി​താ​ശ്വാ​സ​പ്ര​വർത്തനം എന്നതിനു സംശയ​മില്ല. നമ്മൾ ശരിക്കും ക്രിസ്‌തു​ശി​ഷ്യ​രാ​ണെന്ന്‌ അത്തരം സ്‌നേഹം തെളി​യി​ക്കു​ന്നു. (യോഹ. 13:34, 35) ദൈവ​രാ​ജ്യ​ത്തെ വിശ്വ​സ്‌ത​മാ​യി പിന്തു​ണ​യ്‌ക്കു​ന്ന​വർക്കു വേണ്ട സഹായം എത്തിച്ചു​കൊ​ടു​ത്തു​കൊണ്ട്‌ യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്തുന്ന ധാരാളം സന്നദ്ധ​സേ​വകർ നമുക്കുണ്ട്‌. മനസ്സൊ​രു​ക്ക​ത്തോ​ടെ​യുള്ള അവരുടെ പ്രവർത്ത​നങ്ങൾ നമുക്ക്‌ ഇന്ന്‌ എത്ര വലി​യൊ​രു അനു​ഗ്ര​ഹ​മാണ്‌!

a നമ്മുടെ സഹവി​ശ്വാ​സി​കൾക്കു ദുരി​താ​ശ്വാ​സം എത്തിക്കു​ന്ന​തി​നെ​ക്കു​റി​ച്ചാണ്‌ ഈ അധ്യായം. എന്നാൽ പലപ്പോ​ഴും നമ്മുടെ ദുരി​താ​ശ്വാ​സ​പ്ര​വർത്ത​ന​ങ്ങൾകൊണ്ട്‌ സാക്ഷി​ക​ള​ല്ലാ​ത്ത​വർക്കും പ്രയോ​ജനം ലഭിക്കാ​റുണ്ട്‌.—ഗലാ. 6:10.

b ‘ശുശ്രൂ​ഷാ​ദാ​സ​ന്മാ​രെ’ക്കുറിച്ച്‌ വിവരി​ച്ച​പ്പോൾ ഡിയാ​ക്കോ​ണോസ്‌ (ശുശ്രൂ​ഷകൻ) എന്ന വാക്കിന്റെ ബഹുവ​ച​ന​രൂ​പ​മാ​ണു പൗലോസ്‌ ഉപയോ​ഗി​ച്ചത്‌.—1 തിമൊ. 3:12.

c 1994 നവംബർ 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 23-27 പേജു​ക​ളി​ലെ “നമ്മുടെ വിശ്വാസ കുടും​ബ​ത്തിൽപ്പെട്ട ബോസ്‌നി​യ​ക്കാ​രെ സഹായി​ക്കൽ” എന്ന ലേഖനം കാണുക.