അധ്യായം 18
ദൈവരാജ്യപ്രവർത്തനങ്ങൾക്കു വേണ്ട പണം കണ്ടെത്തുന്നത് എങ്ങനെ
1, 2. (എ) ബൈബിൾവിദ്യാർഥികളുടെ പ്രവർത്തനങ്ങൾ എങ്ങനെയാണു നടത്തിക്കൊണ്ടുപോകുന്നതെന്ന് അറിയാൻ ആഗ്രഹിച്ച ഒരു മതശുശ്രൂഷകനോടു റസ്സൽ സഹോദരൻ എങ്ങനെയാണു മറുപടി പറഞ്ഞത്? (ബി) ഈ അധ്യായത്തിൽ നമ്മൾ എന്തെല്ലാം പഠിക്കും?
ഒരിക്കൽ റിഫോംഡ് ചർച്ച് സഭാവിഭാഗത്തിലെ ഒരു ശുശ്രൂഷകൻ ചാൾസ് റ്റി. റസ്സൽ സഹോദരനെ സമീപിച്ചു. ബൈബിൾവിദ്യാർഥികളുടെ പ്രവർത്തനങ്ങൾ എങ്ങനെയാണു നടത്തിക്കൊണ്ടുപോകുന്നത് എന്ന് അദ്ദേഹത്തിന് അറിയണം.
“ഞങ്ങൾ ഒരിക്കലും സംഭാവന പിരിക്കാറില്ല” എന്നു റസ്സൽ സഹോദരൻ വിശദീകരിച്ചു.
“പിന്നെ നിങ്ങൾക്ക് എങ്ങനെയാ പണം ലഭിക്കുന്നത്” എന്നായി അദ്ദേഹം.
റസ്സൽ സഹോദരൻ പറഞ്ഞു: “ഞാൻ സത്യം പറഞ്ഞാൽ താങ്കൾക്കു വിശ്വസിക്കാനാകില്ല. ഈ മതത്തിൽ താത്പര്യം കാട്ടുന്നവരുടെ മുമ്പിലേക്കു സംഭാവനാപാത്രവുമായി ആരെങ്കിലും വരുന്നതായി അവർ കാണുന്നില്ല. എന്നാൽ അവർ കാണുന്ന ഒന്നുണ്ട്, ചെലവുകൾ. അവർ തങ്ങളോടുതന്നെ ഇങ്ങനെ പറയും, ‘ഈ ഹാളിന് എന്തായാലും കുറച്ച് തുക ചെലവായിട്ടുണ്ടാകും. . . . ഇതിനുവേണ്ടി കുറച്ചു പണം ഞാനും കൊടുക്കണമല്ലോ.’”
കേട്ടതു വിശ്വാസം വരാതെ അദ്ദേഹം റസ്സൽ സഹോദരനെ നോക്കി.
സഹോദരൻ പറഞ്ഞു: “ഒരു വളച്ചുകെട്ടുമില്ലാതെയാണു ഞാൻ നിങ്ങളോടു സംസാരിക്കുന്നത്. ‘ഇക്കാര്യത്തിനുവേണ്ടി കുറച്ച് പണം എനിക്ക് എങ്ങനെ കൊടുക്കാം’ എന്ന ചോദ്യം അവരിൽ പലരും എന്നോടു ചോദിക്കാറുണ്ട്. ഒരാൾക്ക് ഒരു അനുഗ്രഹം ലഭിക്കുമ്പോൾ അയാളുടെ സാമ്പത്തിക വിഭവങ്ങൾ കർത്താവിനുവേണ്ടി ഉപയോഗിക്കാൻ അയാൾ ആഗ്രഹിക്കുന്നു. അയാളുടെ കൈവശം ഒന്നുമില്ലെങ്കിൽ അയാളെ നാമെന്തിനു ബുദ്ധിമുട്ടിക്കണം?” a
2 റസ്സൽ സഹോദരൻ പറഞ്ഞതു സത്യംതന്നെയായിരുന്നു. സത്യാരാധനയെ പിന്തുണയ്ക്കാനായി മനസ്സോടെ സംഭാവന കൊടുത്തതിന്റെ ഒരു നീണ്ട ചരിത്രം ദൈവജനത്തിനുണ്ട്. തിരുവെഴുത്തുകളിൽനിന്ന് അതിനുള്ള ചില ഉദാഹരണങ്ങളും ഒപ്പം നമ്മുടെ ആധുനികകാലചരിത്രവും ഈ അധ്യായത്തിൽ നമ്മൾ പരിശോധിക്കും. ഇന്നു ദൈവരാജ്യപ്രവർത്തനങ്ങൾക്കു സാമ്പത്തികപിന്തുണ ലഭിക്കുന്നത് എങ്ങനെയാണെന്നു പഠിക്കുമ്പോൾ നമ്മൾ ഓരോരുത്തരും നമ്മളോടുതന്നെ ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്: ‘ദൈവരാജ്യത്തെ പിന്തുണയ്ക്കുന്നെന്ന് എനിക്ക് എങ്ങനെ തെളിയിക്കാം?’
“മനസ്സൊരുക്കമുള്ള എല്ലാവരും യഹോവയ്ക്കുള്ള സംഭാവന . . . കൊണ്ടുവരട്ടെ”
3, 4. (എ) തന്റെ ആരാധകരെക്കുറിച്ച് യഹോവയ്ക്ക് എന്ത് ഉറപ്പുണ്ട്? (ബി) ഇസ്രായേല്യർ വിശുദ്ധകൂടാരത്തിന്റെ നിർമാണത്തിനു പിന്തുണ നൽകിയത് എങ്ങനെ?
3 യഹോവയ്ക്കു തന്റെ ആരാധകരിൽ നല്ല വിശ്വാസമുണ്ട്. ഒരു അവസരം കൊടുത്താൽ അവർ തങ്ങൾക്കുള്ളതു സ്വമനസ്സാലെ നൽകിക്കൊണ്ട് സന്തോഷത്തോടെ തന്നോടുള്ള ഭക്തി തെളിയിക്കുമെന്ന് യഹോവയ്ക്ക് ഉറപ്പാണ്. ഇസ്രായേല്യരുടെ ചരിത്രത്തിൽനിന്ന് അതിനുള്ള രണ്ട് ഉദാഹരണങ്ങൾ നമുക്കു നോക്കാം.
4 ഇസ്രായേല്യരെ ഈജിപ്തിൽനിന്ന് വിടുവിച്ചതിനു ശേഷം യഹോവ അവരോട് ആരാധനയ്ക്കായി വിശുദ്ധകൂടാരം പണിയാൻ ആവശ്യപ്പെട്ടു. മാറ്റിസ്ഥാപിക്കാവുന്ന ആ കൂടാരവും അതിലേക്ക് ആവശ്യമായ ഉപകരണങ്ങളും മറ്റും ഉണ്ടാക്കാൻ ധാരാളം സാധനസാമഗ്രികൾ ആവശ്യമായിരുന്നു. “മനസ്സൊരുക്കമുള്ള എല്ലാവരും യഹോവയ്ക്കുള്ള സംഭാവന . . . കൊണ്ടുവരട്ടെ” എന്നു ജനത്തോടു പറയാൻ യഹോവ മോശയോടു നിർദേശിച്ചു. അതിലൂടെ ആ നിർമാണപ്രവർത്തനത്തെ പിന്തുണയ്ക്കാൻ ജനത്തിനും അവസരം ലഭിക്കുമായിരുന്നു. (പുറ. 35:5-9) അൽപ്പകാലം മുമ്പുവരെ “ദുസ്സഹമായ സാഹചര്യങ്ങളിൽ എല്ലാ തരം അടിമപ്പണിയും” ചെയ്തുവന്ന ആ ജനം അതിനോട് എങ്ങനെയാണു പ്രതികരിച്ചത്? (പുറ. 1:14) അവർ ഉദാരമായി സംഭാവന കൊടുത്ത് അതിനെ പിന്തുണച്ചു. തങ്ങളുടെ കൈവശമുണ്ടായിരുന്ന സ്വർണവും വെള്ളിയും വിലപിടിപ്പുള്ള മറ്റു വസ്തുക്കളും വിട്ടുകൊടുക്കാൻ അവർ ഒട്ടും മടി കാട്ടിയില്ല. സാധ്യതയനുസരിച്ച്, അതിൽ ഏറിയ പങ്കും അവർക്കു ലഭിച്ചതു മുമ്പ് അവരുടെ യജമാനന്മാരായിരുന്ന ഈജിപ്തുകാരിൽനിന്നായിരുന്നു. (പുറ. 12:35, 36) ആവശ്യമായിരുന്നതിൽ കൂടുതൽ സാധനങ്ങൾ ഇസ്രായേല്യർ കൊണ്ടുവന്നു. ഒടുവിൽ ‘സാധനങ്ങൾ കൊണ്ടുവരുന്നതു നിറുത്തലാക്കേണ്ടിവന്നു’ എന്നു തിരുവെഴുത്തുകൾ പറയുന്നു.—പുറ. 36:4-7.
5. ദേവാലയനിർമാണത്തിനു സംഭാവന നൽകാനുള്ള അവസരം ദാവീദ് ഇസ്രായേല്യർക്കു കൊടുത്തപ്പോൾ അവർ എങ്ങനെ പ്രതികരിച്ചു?
5 ഏതാണ്ട് 475 വർഷം കഴിഞ്ഞ്, ഭൂമിയിൽ സത്യാരാധനയ്ക്കുവേണ്ടി ആദ്യമായൊരു ദേവാലയം നിർമിക്കാൻ ദാവീദ് ‘സ്വന്തം ഖജനാവിൽ’നിന്ന് സംഭാവന നൽകി. പിന്നീട് മറ്റ് ഇസ്രായേല്യർക്കും ദാവീദ് അതിനുള്ള അവസരം കൊടുത്തു. അദ്ദേഹം ചോദിച്ചു: “നിങ്ങളിൽ ആരെല്ലാമാണ് ഇന്ന് യഹോവയ്ക്കു കാഴ്ചയുമായി മുന്നോട്ടു വരാൻ ആഗ്രഹിക്കുന്നത്?” അതിനു മറുപടിയായി ജനം ‘മനസ്സോടെയുള്ള കാഴ്ചകൾ’ കൊണ്ടുവന്നു. “പൂർണഹൃദയത്തോടെ” അവർ അവ യഹോവയ്ക്കു നൽകി. (1 ദിന. 29:3-9) യഥാർഥത്തിൽ ആ സംഭാവനകളുടെ ഉറവിടം ആരാണെന്ന് അംഗീകരിച്ചുകൊണ്ട് ദാവീദ് യഹോവയോട് ഇങ്ങനെ പ്രാർഥിച്ചു: “സകലവും അങ്ങയിൽനിന്നുള്ളതാണല്ലോ; അങ്ങയുടെ കൈകളിൽനിന്ന് ലഭിച്ചതു ഞങ്ങൾ അങ്ങയ്ക്കു തിരികെ തരുന്നെന്നേ ഉള്ളൂ.”—1 ദിന. 29:14.
6. ഇന്നു ദൈവരാജ്യപ്രവർത്തനങ്ങൾ നടത്താൻ പണം ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്, ഏതെല്ലാം ചോദ്യങ്ങൾ ഉയർന്നുവന്നേക്കാം?
6 സംഭാവന കൊടുക്കുന്ന കാര്യത്തിൽ മോശയ്ക്കോ ദാവീദിനോ ദൈവജനത്തെ നിർബന്ധിക്കേണ്ടിവന്നില്ല. പൂർണഹൃദയത്തോടെയാണ് അവർ അതു കൊടുത്തത്. ഇന്നത്തെ കാര്യമോ? ദൈവരാജ്യം ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾക്കു പണം ആവശ്യമാണെന്നു നമുക്കു നന്നായി അറിയാം. ബൈബിളും ബൈബിൾപ്രസിദ്ധീകരണങ്ങളും അച്ചടിക്കാനും വിതരണം ചെയ്യാനും യോഗസ്ഥലങ്ങളും ബ്രാഞ്ചോഫീസുകളും നിർമിക്കാനും അവയുടെ അറ്റകുറ്റം തീർക്കാനും ദുരന്തങ്ങൾ ആഞ്ഞടിക്കുമ്പോൾ സഹവിശ്വാസികൾക്ക് അടിയന്തിരസഹായം എത്തിക്കാനും ധാരാളം പണവും മറ്റും വേണ്ടിവരും. ന്യായമായും ഇതിനെക്കുറിച്ച് പ്രധാനപ്പെട്ട ചില ചോദ്യങ്ങൾ ഉയർന്നുവന്നേക്കാം: ഈ പ്രവർത്തനങ്ങൾക്ക് ആവശ്യമായ പണം എങ്ങനെയാണു കണ്ടെത്തുന്നത്? സംഭാവന നൽകാൻ രാജാവിന്റെ അനുഗാമികളെ നിർബന്ധിക്കേണ്ടതുണ്ടോ?
“അത് ഒരിക്കലും മനുഷ്യരോടു യാചിക്കുകയോ അഭ്യർഥിക്കുകയോ ഇല്ല”
7, 8. യഹോവയുടെ ജനം പണത്തിനായി മറ്റുള്ളവരോടു യാചിക്കുകയോ അഭ്യർഥിക്കുകയോ ചെയ്യാത്തത് എന്തുകൊണ്ട്?
7 പണമുണ്ടാക്കാനുള്ള പല പദ്ധതികളും ക്രൈസ്തവലോകത്തിലെ സഭകളിൽ സർവസാധാരണമായിരുന്നെങ്കിലും അത് അനുകരിക്കാൻ റസ്സൽ സഹോദരനും സഹകാരികളും തയ്യാറായില്ല. വീക്ഷാഗോപുരത്തിന്റെ രണ്ടാം ലക്കത്തിലെ, “നിങ്ങൾക്കു ‘സീയോന്റെ വീക്ഷാഗോപുരം’ വേണോ?” എന്ന തലക്കെട്ടുള്ള ലേഖനത്തിൽ റസ്സൽ സഹോദരൻ എഴുതി: “‘സീയോന്റെ വീക്ഷാഗോപുര’ത്തിന് യഹോവ അതിന്റെ പിന്തുണക്കാരനായുണ്ടെന്നു ഞങ്ങൾ വിശ്വസിക്കുന്നു. വാസ്തവം ഇതാകയാൽ സഹായത്തിനുവേണ്ടി അത് ഒരിക്കലും മനുഷ്യരോടു യാചിക്കുകയോ അഭ്യർഥിക്കുകയോ ഇല്ല. ‘പർവതങ്ങളിലെ സ്വർണവും വെള്ളിയും എല്ലാം എന്റേതാകുന്നു’ എന്നു പറയുന്നവൻ ആവശ്യത്തിനുള്ള പണം നൽകുന്നില്ലെങ്കിൽ പ്രസിദ്ധീകരണം നിറുത്താനുള്ള സമയമായി എന്നു ഞങ്ങൾ മനസ്സിലാക്കും.” (ഹഗ്ഗാ. 2:7-9) ഇപ്പോൾ 130 വർഷം കടന്നുപോയിരിക്കുന്നു. വീക്ഷാഗോപുരം ഇന്നും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നുണ്ട്, അതു പ്രസിദ്ധീകരിക്കുന്ന സംഘടനയും ഊർജസ്വലതയോടെതന്നെ മുന്നോട്ടു പോകുന്നു.
8 യഹോവയുടെ ജനം തങ്ങളുടെ പ്രവർത്തനങ്ങൾക്കായി ആരോടും പണം യാചിക്കാറില്ല. സംഭാവനാപാത്രങ്ങൾ കൈമാറുന്ന രീതിയോ പണാഭ്യർഥനകളുമായി കത്തുകൾ അയയ്ക്കുന്ന പതിവോ അവർക്കില്ല. ഭാഗ്യക്കുറികളോ കളികളോ കച്ചവടശാലകളോ നടത്തി പണമുണ്ടാക്കാനും അവർ നോക്കാറില്ല. വളരെക്കാലം മുമ്പ് വീക്ഷാഗോപുരം പറഞ്ഞ ഒരു കാര്യത്തിൽനിന്ന് ഇന്നും വ്യതിചലിക്കാത്തവരാണ് അവർ. അത് ഇങ്ങനെ പറഞ്ഞു: “മറ്റുള്ളവർ ചെയ്യുന്നതുപോലെ, കർത്താവിന്റെ കാര്യങ്ങൾക്കായി പണം അഭ്യർഥിക്കുന്നത് ഉചിതമാണെന്നു ഞങ്ങൾക്ക് ഒരിക്കലും തോന്നിയിട്ടില്ല. . . . കർത്താവിന്റെ പേരും പറഞ്ഞ് പണമുണ്ടാക്കുന്ന വിവിധപരിപാടികൾ കർത്താവിനെ നിന്ദിക്കുന്നതാണെന്നും കർത്താവിന് അത് സ്വീകാര്യമല്ലെന്നും ഞങ്ങൾ മനസ്സിലാക്കുന്നു. ആ പണം കൊടുക്കുന്നവർക്കോ അത് ഉപയോഗിച്ച് ചെയ്യുന്ന കാര്യങ്ങൾക്കോ കർത്താവിന്റെ അനുഗ്രഹം ലഭിക്കുകയില്ല എന്നും ഞങ്ങൾ കരുതുന്നു.” b
“ഓരോരുത്തരും ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ ചെയ്യട്ടെ”
9, 10. നമ്മൾ സ്വമനസ്സാലെയുള്ള സംഭാവനകൾ കൊടുക്കുന്നതിന്റെ ഒരു കാരണം എന്താണ്?
9 സംഭാവന കൊടുക്കാൻ ദൈവരാജ്യത്തിന്റെ പ്രജകളായ നമ്മളെ ആരും നിർബന്ധിക്കേണ്ട ആവശ്യമില്ല. പകരം, സന്തോഷത്തോടെയാണു നമ്മുടെ പണവും മറ്റു വസ്തുവകകളും ദൈവരാജ്യപ്രവർത്തനങ്ങളെ പിന്തുണയ്ക്കാൻ നമ്മൾ ഉപയോഗിക്കുന്നത്. സംഭാവനകൾ കൊടുക്കാൻ നമുക്ക് ഇത്ര മനസ്സൊരുക്കമുള്ളത് എന്തുകൊണ്ടാണ്? അതിനുള്ള മൂന്നു കാരണങ്ങൾ നോക്കാം.
10 ഒന്നാമത്, യഹോവയെ സ്നേഹിക്കുന്നതുകൊണ്ടും “ദൈവത്തെ പ്രസാദിപ്പിക്കുന്ന കാര്യങ്ങൾ” ചെയ്യാൻ ആഗ്രഹിക്കുന്നതുകൊണ്ടും ആണ് നമ്മൾ സ്വമനസ്സാലെയുള്ള സംഭാവനകൾ നൽകുന്നത്. (1 യോഹ. 3:22) ഹൃദയത്തിൽ പ്രേരണ തോന്നി കൊടുക്കുന്ന ആരാധകരിൽ യഹോവ പ്രസാദിക്കുന്നു. ക്രിസ്ത്യാനികൾ സംഭാവന കൊടുക്കുന്ന വിധത്തെപ്പറ്റി പൗലോസ് അപ്പോസ്തലൻ പറഞ്ഞ വാക്കുകൾ നമുക്ക് ഒന്നു പരിശോധിക്കാം. (2 കൊരിന്ത്യർ 9:7 വായിക്കുക.) ഒരു സത്യക്രിസ്ത്യാനി മനസ്സില്ലാമനസ്സോടെയോ നിർബന്ധത്താലോ കൊടുക്കുന്ന ഒരാളല്ല. മറിച്ച് ‘ഹൃദയത്തിൽ നിശ്ചയിച്ചതുകൊണ്ടാണ്’ അദ്ദേഹം അങ്ങനെ ചെയ്യുന്നത്. c എന്നുവെച്ചാൽ, ഒരു ആവശ്യം പരിഗണിച്ചശേഷം അതു നികത്താൻ തന്നെക്കൊണ്ട് എന്തു ചെയ്യാനാകുമെന്നു ചിന്തിച്ചിട്ടാണ് അദ്ദേഹം കൊടുക്കുന്നത്. ഇങ്ങനെ കൊടുക്കുന്ന ഒരാൾ യഹോവയ്ക്കു പ്രിയപ്പെട്ടവനാണ്. കാരണം, “സന്തോഷത്തോടെ കൊടുക്കുന്നവരെയാണു ദൈവം സ്നേഹിക്കുന്നത്.”
11. യഹോവയ്ക്ക് ഏറ്റവും നല്ല കാഴ്ച കൊടുക്കാൻ നമ്മളെ പ്രചോദിപ്പിക്കുന്നത് എന്താണ്?
11 രണ്ടാമത്, നമുക്കു കിട്ടിയ നിരവധി അനുഗ്രഹങ്ങൾക്കുള്ള നന്ദി സൂചിപ്പിക്കാനാണു നമ്മൾ സംഭാവനകൾ കൊടുക്കുന്നത്. മോശയിലൂടെ കൊടുത്ത നിയമത്തിലെ, ചിന്തിപ്പിക്കുന്ന ഒരു തത്ത്വം നോക്കുക. (ആവർത്തനം 16:16, 17 വായിക്കുക.) മൂന്നു വാർഷികോത്സവങ്ങളിൽ പങ്കെടുക്കുമ്പോൾ ഇസ്രായേല്യപുരുഷന്മാരെല്ലാം യഹോവ തങ്ങളെ “അനുഗ്രഹിച്ചിരിക്കുന്നതിന് ആനുപാതികമായി” കാഴ്ച കൊണ്ടുവരണമായിരുന്നു. അതുകൊണ്ട് ഉത്സവത്തിൽ പങ്കെടുക്കുന്നതിനു മുമ്പ് ഓരോ പുരുഷനും തനിക്കു കിട്ടിയിട്ടുള്ള അനുഗ്രഹങ്ങളെക്കുറിച്ച് ഓർത്തുനോക്കുകയും കൊടുക്കാൻ പറ്റുന്ന ഏറ്റവും നല്ല കാഴ്ച ഏതാണെന്നു സത്യസന്ധമായി ആത്മപരിശോധന നടത്തി കണ്ടെത്തുകയും വേണമായിരുന്നു. അതുപോലെ, യഹോവ നമ്മളെ പല വിധങ്ങളിൽ അനുഗ്രഹിച്ചിരിക്കുന്നതിനെക്കുറിച്ച് ധ്യാനിക്കുമ്പോൾ, യഹോവയ്ക്കു നമ്മുടെ ഏറ്റവും നല്ല കാഴ്ച കൊടുക്കാൻ നമുക്കു പ്രചോദനം തോന്നുന്നു. സംഭാവനകൾ ഉൾപ്പെടെ നമ്മൾ മുഴുഹൃദയത്തോടെ കൊണ്ടുവരുന്ന കാഴ്ചകൾ, യഹോവ നമ്മുടെ മേൽ ചൊരിഞ്ഞിരിക്കുന്ന അനുഗ്രഹങ്ങളെ നമ്മൾ എത്രത്തോളം വിലമതിക്കുന്നു എന്നു തെളിയിക്കും.—2 കൊരി. 8:12-15.
12, 13. സ്വമനസ്സാലെയുള്ള സംഭാവനകൾ രാജാവിനോടുള്ള നമ്മുടെ സ്നേഹം തെളിയിക്കുന്നത് എങ്ങനെ, ഓരോരുത്തരും എത്രത്തോളം കൊടുക്കണം?
12 മൂന്നാമത്, സ്വമനസ്സാലെ സംഭാവനകൾ കൊടുക്കുമ്പോൾ നമ്മൾ രാജാവായ യേശുക്രിസ്തുവിനോടുള്ള സ്നേഹത്തിനു തെളിവേകുകയാണ്. അത് എങ്ങനെ? ഭൗമികജീവിതത്തിന്റെ അവസാനരാത്രിയിൽ യേശു ശിഷ്യന്മാരോടു പറഞ്ഞത് എന്താണെന്നു നോക്കുക. (യോഹന്നാൻ 14:23 വായിക്കുക.) “എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം അനുസരിക്കും” എന്നു യേശു പറഞ്ഞു. ആ ‘വചനത്തിൽ’ ഭൂമിയിലെമ്പാടും ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത പ്രസംഗിക്കാനുള്ള യേശുവിന്റെ കല്പനയും ഉൾപ്പെടുന്നു. (മത്താ. 24:14; 28:19, 20) ദൈവരാജ്യപ്രസംഗപ്രവർത്തനത്തെ പിന്തുണയ്ക്കാൻ നമ്മളെക്കൊണ്ടാകുന്നതെല്ലാം ചെയ്തുകൊണ്ടാണു നമ്മൾ ആ “വചനം” അനുസരിക്കുന്നത്. നമ്മുടെ സമയം, ഊർജം, പണം, വസ്തുവകകൾ എന്നിവയെല്ലാം നമ്മൾ അതിനായി ചെലവഴിക്കുന്നു. അതിലൂടെ മിശിഹൈകരാജാവിനോടുള്ള സ്നേഹമാണു നമ്മൾ തെളിയിക്കുന്നത്.
13 അതെ, സാമ്പത്തികസംഭാവനകൾ നൽകിക്കൊണ്ട് ദൈവരാജ്യത്തോടുള്ള പിന്തുണ തെളിയിക്കാൻ ആ രാജ്യത്തിന്റെ കൂറുള്ള പ്രജകളായ നമുക്കു പൂർണമനസ്സാണ്. എങ്കിൽ, നമ്മൾ എത്രത്തോളം കൊടുക്കണം? അതു നമ്മുടെ ഓരോരുത്തരുടെയും തീരുമാനമാണ്. എല്ലാവരും അവനവന്റെ കഴിവിന്റെ പരമാവധി കൊടുക്കുന്നു. നമ്മുടെ സഹവിശ്വാസികളിൽ പലരും പക്ഷേ ഭൗതികമായി വളരെയൊന്നുമില്ലാത്തവരാണ്. (മത്താ. 19:23, 24; യാക്കോ. 2:5) എന്നാൽ, മനസ്സോടെ കൊടുക്കുന്ന എത്ര ചെറിയ സംഭാവനയും വിലമതിക്കുന്നവരാണ് യഹോവയും പുത്രനും എന്ന് അറിയുന്നത് ഇങ്ങനെയുള്ള സഹോദരങ്ങൾക്കു വലിയൊരു ആശ്വാസമായിരിക്കും.—മർക്കോ. 12:41-44.
നമുക്കു പണം കിട്ടുന്നത് എങ്ങനെ?
14. വർഷങ്ങളോളം യഹോവയുടെ സാക്ഷികൾ എങ്ങനെയാണു പ്രസിദ്ധീകരണങ്ങൾ ആളുകൾക്കു കൊടുത്തിരുന്നത്?
14 യഹോവയുടെ സാക്ഷികൾ ഒരു നിശ്ചിതതുക കൈപ്പറ്റിക്കൊണ്ടാണു വർഷങ്ങളോളം ആളുകൾക്കു ബൈബിൾപ്രസിദ്ധീകരണങ്ങൾ കൊടുത്തിരുന്നത്. വലിയ സാമ്പത്തികസ്ഥിതിയില്ലാത്തവർക്കുപോലും പ്രസിദ്ധീകരണങ്ങൾ വാങ്ങാവുന്ന വിധത്തിൽ ഏറ്റവും കുറഞ്ഞ ഒരു തുകയാണു നമ്മൾ അവയ്ക്കു നിശ്ചയിച്ചിരുന്നത്. എന്നാൽ, ഒരു പ്രസിദ്ധീകരണം വായിക്കാൻ താത്പര്യം കാണിച്ച ഒരു വീട്ടുകാരന് ആ തുക നൽകാൻ നിർവാഹമില്ലെങ്കിലും പ്രചാരകർ വളരെ സന്തോഷത്തോടെ അത് അദ്ദേഹത്തിനു കൊടുത്തിട്ടുപോരുമായിരുന്നു. നമ്മുടെ പ്രസിദ്ധീകരണം വായിച്ച് പ്രയോജനം നേടാൻ സാധ്യതയുള്ള ആത്മാർഥഹൃദയരായ ആളുകളുടെ കൈയിൽ അവ എത്തിക്കുക എന്നതായിരുന്നു അവരുടെ ഹൃദയംഗമമായ ആഗ്രഹം.
15, 16. (എ) നമ്മൾ പ്രസിദ്ധീകരണങ്ങൾ കൊടുക്കുന്ന രീതിക്ക് 1990-ൽ ഭരണസംഘം എന്തു മാറ്റത്തിനു തുടക്കമിട്ടു? (ബി) സ്വമനസ്സാലെയുള്ള സംഭാവനകൾ എങ്ങനെ നൽകാൻ കഴിയും? (“ നമ്മുടെ സംഭാവനകൾ ഉപയോഗിക്കുന്നത് എങ്ങനെ?” എന്ന ചതുരവും കാണുക.)
15 നമ്മൾ പ്രസിദ്ധീകരണങ്ങൾ കൊടുക്കുന്ന രീതിക്ക് 1990-ൽ ഭരണസംഘം ഒരു മാറ്റത്തിനു തുടക്കമിട്ടു. ആ വർഷം മുതൽ ഐക്യനാടുകളിൽ എല്ലാ പ്രസിദ്ധീകരണങ്ങളും പൂർണമായും സംഭാവനകളുടെ അടിസ്ഥാനത്തിൽ കൊടുക്കാൻ തുടങ്ങി. ആ രാജ്യത്തെ എല്ലാ സഭകൾക്കുമുള്ള ഒരു കത്തിൽ ഇങ്ങനെ പറഞ്ഞിരുന്നു: “ഇനി മുതൽ പ്രചാരകർക്കും താത്പര്യമുള്ള പൊതുജനങ്ങൾക്കും മാസികകളും മറ്റു പ്രസിദ്ധീകരണങ്ങളും നൽകുമ്പോൾ അവയ്ക്കായി ഒരു നിശ്ചിതതുക നമ്മൾ ആവശ്യപ്പെടില്ല. അത്തരമൊരു തുകയെക്കുറിച്ച് നമ്മൾ ഏതെങ്കിലും വിധത്തിൽ സൂചിപ്പിക്കുകയുമില്ല. . . . നമ്മുടെ വിദ്യാഭ്യാസപ്രവർത്തനത്തിന്റെ ചെലവിലേക്കായി ഒരു സംഭാവന നൽകാൻ ആഗ്രഹിക്കുന്ന ആർക്കും അങ്ങനെ ചെയ്യാവുന്നതാണ്. പക്ഷേ സംഭാവന നൽകിയാലും ഇല്ലെങ്കിലും അവർക്കു പ്രസിദ്ധീകരണം വേണമെന്നുണ്ടെങ്കിൽ അതു ലഭിക്കുന്നതാണ്.” സ്വമനസ്സാലെ പിന്തുണയ്ക്കപ്പെടുന്ന, മതപരമായ ഒരു പ്രവർത്തനമാണു നമ്മുടേതെന്നു വ്യക്തമാക്കാനും നമ്മൾ “ദൈവവചനത്തെ കച്ചവടച്ചരക്കാക്കുന്നില്ല” എന്ന കാര്യത്തിന് അടിവരയിടാനും ഈ ക്രമീകരണം സഹായിച്ചു. (2 കൊരി. 2:17) സ്വമനസ്സാലെ സംഭാവനകൾ നൽകുന്ന ഈ ക്രമീകരണം കാലക്രമേണ ലോകമെങ്ങുമുള്ള മറ്റു ബ്രാഞ്ചുകളിലും നടപ്പാക്കി.
16 സ്വമനസ്സാലെയുള്ള സംഭാവനകൾ എങ്ങനെ നൽകാൻ കഴിയും? യഹോവയുടെ സാക്ഷികളുടെ രാജ്യഹാളുകളിൽ സംഭാവനപ്പെട്ടികൾ വെച്ചിട്ടുണ്ട്. ആളുകൾക്ക് അവയിൽ സംഭാവനകൾ ഇടാവുന്നതാണ്, അല്ലെങ്കിൽ യഹോവയുടെ സാക്ഷികൾ ഉപയോഗിക്കുന്ന ഏതെങ്കിലും നിയമാനുസൃത കോർപ്പറേഷന് നേരിട്ട് സംഭാവനകൾ അയച്ചുകൊടുക്കാം. മനസ്സോടെയുള്ള ഈ സംഭാവനകൾ എങ്ങനെയൊക്കെ കൊടുക്കാമെന്നു വിവരിക്കുന്ന ഒരു ലേഖനം വീക്ഷാഗോപുരത്തിൽ എല്ലാ വർഷവും പ്രസിദ്ധീകരിക്കാറുണ്ട്.
കിട്ടുന്ന പണം ചെലവഴിക്കുന്നത് എങ്ങനെ?
17-19. സംഭാവനയായി കിട്ടുന്ന പണം (എ) ലോകവ്യാപകപ്രവർത്തനത്തിന്, (ബി) ലോകവ്യാപക രാജ്യഹാൾ നിർമാണത്തിന്, (സി) പ്രാദേശിക സഭാചെലവുകൾക്ക് ഉപയോഗിക്കുന്നത് എങ്ങനെയെന്നു വിശദീകരിക്കുക.
17 ലോകവ്യാപകപ്രവർത്തനം. ലോകവ്യാപക പ്രസംഗപ്രവർത്തനത്തിനു വേണ്ടിവരുന്ന ചെലവുകൾ വഹിക്കാൻ സംഭാവനകൾ ഉപയോഗിക്കുന്നു. ഇതിൽ ലോകമെങ്ങും വിതരണം ചെയ്യാനുള്ള പ്രസിദ്ധീകരണങ്ങളുടെ ഉത്പാദനം, വിവിധ ദിവ്യാധിപത്യസ്കൂളുകളുടെ പ്രവർത്തനം, ബ്രാഞ്ചോഫീസുകളുടെയും ബഥേൽ ഭവനങ്ങളുടെയും നിർമാണം, അവയുടെ അറ്റകുറ്റപ്പണികൾ എന്നിവയ്ക്കുള്ള ചെലവുകൾ ഉൾപ്പെടുന്നു. മിഷനറിമാർ, സഞ്ചാര മേൽവിചാരകന്മാർ, പ്രത്യേക മുൻനിരസേവകർ എന്നിവരുടെ ആവശ്യങ്ങൾ നിറവേറ്റാനും ആ പണം ഉപയോഗിക്കുന്നു. ദുരന്തങ്ങൾ ആഞ്ഞടിക്കുമ്പോൾ നമ്മുടെ സഹവിശ്വാസികൾക്ക് അടിയന്തിരദുരിതാശ്വാസം എത്തിക്കാനും നമ്മുടെ സംഭാവനകൾ ഉപയോഗിക്കാറുണ്ട്. d
18 ലോകവ്യാപക രാജ്യഹാൾ നിർമാണം. രാജ്യഹാൾ പണിയാനോ അതിനു രൂപഭേദം വരുത്താനോ സഭകളെ സഹായിക്കാനായും സംഭാവനകൾ ഉപയോഗിക്കുന്നു. സംഭാവനകൾ ലഭിക്കുന്ന മുറയ്ക്ക്, സഹായം ആവശ്യമുള്ള മറ്റു സഭകൾക്കായും പണം ലഭ്യമാക്കാൻ കഴിയും. e
19 പ്രാദേശിക സഭാചെലവുകൾ. രാജ്യഹാളിന്റെ പ്രവർത്തനങ്ങൾക്കും പരിപാലനത്തിനും വേണ്ട ചെലവുകൾ വഹിക്കാനും സംഭാവനകൾ ഉപയോഗിക്കുന്നു. സംഭാവനപ്പണത്തിൽ ഒരു ഭാഗം ലോകവ്യാപകപ്രവർത്തനത്തെ ഉന്നമിപ്പിക്കാനായി പ്രാദേശിക ബ്രാഞ്ചോഫീസിലേക്ക് അയച്ചുകൊടുക്കാൻ മൂപ്പന്മാർ ശുപാർശ ചെയ്തേക്കാം. അത്തരം സാഹചര്യങ്ങളിൽ മൂപ്പന്മാർ സഭയിൽ ഒരു പ്രമേയം അവതരിപ്പിക്കും. അതിന് അംഗീകാരം കിട്ടിയാൽ ശുപാർശ ചെയ്ത തുക ബ്രാഞ്ചോഫീസിന് അയയ്ക്കും. ഓരോ മാസവും സഭാകണക്കുകൾ കൈകാര്യം ചെയ്യുന്ന സഹോദരൻ തയ്യാറാക്കുന്ന കണക്കുറിപ്പോർട്ട് സഭയിൽ വായിച്ചുകേൾപ്പിക്കുകയും ചെയ്യും.
20. നമുക്കു നമ്മുടെ ‘വിലയേറിയ വസ്തുക്കൾകൊണ്ട്’ യഹോവയെ എങ്ങനെ ബഹുമാനിക്കാം?
20 ലോകവ്യാപകമായി നടക്കുന്ന രാജ്യപ്രസംഗ-ശിഷ്യരാക്കൽ പ്രവർത്തനത്തിന്റെ വ്യാപ്തിയെക്കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെ ‘വിലയേറിയ വസ്തുക്കൾകൊണ്ട്’ ‘യഹോവയെ ബഹുമാനിക്കാൻ’ നമുക്കു പ്രചോദനം തോന്നും. (സുഭാ. 3:9, 10) നമ്മുടെ ശാരീരികവും മാനസികവും ആയ പ്രാപ്തികളും നമ്മുടെ ആത്മീയസമ്പത്തും ആ ‘വിലയേറിയ വസ്തുക്കളിൽ’പ്പെടും. ദൈവരാജ്യത്തിനുവേണ്ടി പ്രവർത്തിക്കുമ്പോൾ ഇവയെല്ലാം മുഴുവനായി ഉപയോഗിക്കാൻ നമുക്ക് ആഗ്രഹം തോന്നും എന്നതിനു സംശയമില്ല. എന്നാൽ ‘വിലയേറിയ വസ്തുക്കളിൽ’ നമ്മുടെ പണവും വസ്തുവകകളും ഉൾപ്പെടും എന്ന കാര്യവും ഓർക്കുക. നമ്മളെക്കൊണ്ട് സാധിക്കുമ്പോൾ, നമുക്കു കഴിയുന്നതെല്ലാം കൊടുക്കാൻ തീരുമാനിച്ചുറയ്ക്കാം. മനസ്സോടെയുള്ള നമ്മുടെ സംഭാവനകൾ യഹോവയെ മഹത്ത്വപ്പെടുത്തും. ഒപ്പം, മിശിഹൈകരാജ്യത്തെ നമ്മൾ പിന്തുണയ്ക്കുന്നെന്നു തെളിയിക്കുകയും ചെയ്യും.
a 1915 ജൂലൈ 15 ലക്കം വീക്ഷാഗോപുരം (ഇംഗ്ലീഷ്), പേജ് 218-219.
b 1899 ആഗസ്റ്റ് 1 ലക്കം വീക്ഷാഗോപുരം (ഇംഗ്ലീഷ്), പേജ് 201.
c “നിശ്ചയിച്ചതുപോലെ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദത്തിനു “മുൻകൂട്ടി നിശ്ചയിക്കുക” എന്ന അർഥമുണ്ട് എന്നൊരു പണ്ഡിതൻ അഭിപ്രായപ്പെടുന്നു. അദ്ദേഹം ഇങ്ങനെയും പറയുന്നു: “(സംഭാവനകൾ) കൊടുക്കുമ്പോൾ നമുക്കൊരു സന്തോഷം തോന്നിയേക്കാം. എന്നാൽ അതുകൊണ്ട് മാത്രമായില്ല. മുന്നമേ ചിന്തിച്ച് ആസൂത്രണം ചെയ്ത് കൊടുക്കണം.”—1 കൊരി. 16:2.
d ദുരിതാശ്വാസശുശ്രൂഷയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ഈ പുസ്തകത്തിന്റെ 20-ാം അധ്യായം കാണുക.
e രാജ്യഹാൾ നിർമാണത്തെക്കുറിച്ചുള്ള വിവരങ്ങൾക്കായി 19-ാം അധ്യായം കാണുക.