ഭരണസംഘത്തിൽനിന്നുള്ള കത്ത്
പ്രിയപ്പെട്ട രാജ്യപ്രചാരകരേ,
ഇന്നത്തെ ദിവസം 1914 ഒക്ടോബർ 2 വെള്ളിയാഴ്ചയാണെന്നു കരുതുക. നിങ്ങളും ബ്രൂക്ലിനിലെ ബഥേൽ കുടുംബാംഗങ്ങളോടൊപ്പം പ്രഭാതഭക്ഷണത്തിനായി പതിവ് ഇരിപ്പിടത്തിൽ ഇരിക്കുകയാണ്. സി. റ്റി. റസ്സൽ സഹോദരൻ വരുന്നതും പ്രതീക്ഷിച്ചിരിക്കുകയാണ് എല്ലാവരും. പെട്ടെന്ന് വാതിൽ തുറന്ന് റസ്സൽ സഹോദരൻ അകത്തേക്കു വരുന്നു. പതിവുപോലെ ഒരു നിമിഷം നിന്നിട്ട് അദ്ദേഹം പ്രസരിപ്പോടെ ബഥേൽ കുടുംബത്തോടായി “എല്ലാവർക്കും നമസ്കാരം” എന്നു പറഞ്ഞു. പക്ഷേ തുടർന്ന് ഭക്ഷണമേശയുടെ തലയ്ക്കൽ പോയി ഇരിക്കുന്നതിനു പകരം അദ്ദേഹം കൈ കൊട്ടിയിട്ട് ഉദ്വേഗജനകമായൊരു അറിയിപ്പ് നടത്തുന്നു: “ജാതികളുടെ കാലം കഴിഞ്ഞിരിക്കുന്നു; അവരുടെ രാജാക്കന്മാരുടെ നാളുകൾ അവസാനിച്ചിരിക്കുന്നു.” നിങ്ങൾക്കു സന്തോഷം അടക്കാനാകുന്നില്ല. ഈ നിമിഷത്തിനുവേണ്ടി നിങ്ങൾ ഏറെ നാളുകളായി കാത്തിരിക്കുകയായിരുന്നു. മറ്റു ബഥേൽ കുടുംബാംഗങ്ങളോടൊപ്പം നിങ്ങളും ആവേശത്തോടെ കൈയടിക്കുന്നു, നിലയ്ക്കാത്ത കൈയടി അവിടെ മുഴങ്ങുന്നു.
റസ്സൽ സഹോദരൻ ആവേശജനകമായ ആ പ്രസ്താവന നടത്തിയിട്ട് പതിറ്റാണ്ടുകൾ കടന്നുപോയിരിക്കുന്നു. അന്നു മുതൽ ദൈവരാജ്യം എന്തെല്ലാം നേട്ടങ്ങൾ കൈവരിച്ചിരിക്കുന്നു? എടുത്തുപറയാൻ ഏറെയുണ്ട്. 1914-ലെ ഏതാനും ആയിരങ്ങളിൽനിന്ന്
ഇന്ന് 75 ലക്ഷത്തിലധികമായി വളർന്ന തന്റെ ജനത്തെ യഹോവ ദൈവരാജ്യക്രമീകരണത്തിലൂടെ പടിപടിയായി ശുദ്ധീകരിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ആ പരിശീലനം നിങ്ങൾക്കു വ്യക്തിപരമായി എങ്ങനെയാണ് ഉപകാരപ്പെട്ടിരിക്കുന്നത്?“യഹോവയുടെ സ്വർഗീയരഥം മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുകയാണ്” എന്നു പലപ്പോഴും സഹോദരങ്ങൾ പറയുന്നതു നമ്മൾ കേട്ടിട്ടുണ്ടാകും. അതു സത്യവുമാണ്. എന്നാൽ ഈ പുസ്തകം ശ്രദ്ധാപൂർവം വായിച്ചാൽ നിങ്ങൾക്ക് ഒരു കാര്യം ബോധ്യമാകും. യഹോവയുടെ സംഘടനയുടെ അദൃശ്യഭാഗത്തെ ചിത്രീകരിക്കുന്ന സ്വർഗീയരഥം 1914 മുതൽ അതിവേഗത്തിലാണു മുന്നോട്ടു കുതിച്ചുകൊണ്ടിരിക്കുന്നത്. ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത ലോകമെങ്ങും അറിയിക്കാൻ ദൈവരാജ്യത്തിന്റെ പ്രചാരകർ നൂതനമായ പല രീതികളും പരീക്ഷിച്ചിരിക്കുന്നു. പത്രങ്ങൾ, വിജ്ഞാപനജാഥകൾ, ദൃശ്യമാധ്യമം, സാക്ഷ്യക്കാർഡുകൾ, ഗ്രാമഫോണുകൾ, റേഡിയോ എന്നിവയും ഇന്റർനെറ്റും അവർ ഉപയോഗപ്പെടുത്തിയിരിക്കുന്നു.
നമ്മുടെ പ്രവർത്തനത്തെ യഹോവ അനുഗ്രഹിച്ചിരിക്കുന്നതുകൊണ്ട് ഇന്ന് 670-ലധികം ഭാഷകളിൽ ആകർഷകമായ ബൈബിൾപ്രസിദ്ധീകരണങ്ങൾ പുറത്തിറക്കാൻ നമുക്കാകുന്നു. വില ഈടാക്കാതെ അവ എല്ലാവർക്കും നൽകാനും നമുക്കു കഴിയുന്നു. ആത്മത്യാഗമനോഭാവത്തോടെ പ്രവർത്തിക്കുന്ന സന്നദ്ധസേവകർ രാജ്യഹാളുകൾ, സമ്മേളനഹാളുകൾ, ബ്രാഞ്ചോഫീസുകൾ എന്നിവയുടെ നിർമാണത്തിൽ സഹായിക്കുന്നു. സമ്പന്നരാജ്യങ്ങളിൽ മാത്രമല്ല സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങളിലും ഇത്തരം നിർമാണപ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇനി, എവിടെയെങ്കിലും ഒരു ദുരന്തം ആഞ്ഞടിച്ചാലോ? അവിടെയുള്ളവരെ സഹായിക്കാൻ സഹോദരീസഹോദരന്മാർ ഓടിയെത്തുന്നു. സ്നേഹത്താൽ പ്രേരിതമായി ചെയ്യുന്ന ഈ ശ്രമങ്ങൾ അവർ ശരിക്കും ‘ആപത്തിൽ പങ്കുചേരാൻ ജനിച്ചവരാണെന്നു’ തെളിയിക്കുന്നു.—സുഭാ. 17:17, പി.ഒ.സി.
പക്ഷേ ചിലപ്പോഴൊക്കെ വൈദികരും എതിരാളികളും ‘നിയമത്തിന്റെ പേരും പറഞ്ഞ് കുഴപ്പങ്ങൾ ഉണ്ടാക്കാറുണ്ട്.’ എങ്കിലും ദുരുദ്ദേശ്യത്തോടെയുള്ള അവരുടെ ശ്രമങ്ങൾ വീണ്ടുംവീണ്ടും ‘സന്തോഷവാർത്തയുടെ വളർച്ചയ്ക്കു കാരണമാകുന്നതായി’ കാണുമ്പോൾ നമ്മുടെ വിശ്വാസം ബലപ്പെടുന്നു.—സങ്കീ. 94:20; ഫിലി. 1:12.
നിങ്ങളോടൊപ്പം ചേർന്ന് ‘വീട്ടുജോലിക്കാരായി’ പ്രവർത്തിക്കാനാകുന്നത് ഒരു പദവിയായിട്ടാണു ഞങ്ങൾ കാണുന്നത്. ഞങ്ങൾ നിങ്ങളെയെല്ലാം വളരെവളരെ സ്നേഹിക്കുന്നു. മുമ്പെന്നത്തെക്കാളും നിങ്ങളുടെ ആത്മീയപൈതൃകത്തിന്റെ മൂല്യം തിരിച്ചറിയാൻ ഈ പുസ്തകത്തിലെ വിവരങ്ങൾ സഹായിക്കട്ടെ എന്നാണു ഞങ്ങളുടെ പ്രാർഥന.—മത്താ. 24:45.
ശുഭാശംസകളോടെ,
നിങ്ങളുടെ സഹോദരങ്ങൾ,
യഹോവയുടെ സാക്ഷികളുടെ ഭരണസംഘം