അധ്യായം 2
ദൈവമുമ്പാകെ നല്ലൊരു മനസ്സാക്ഷി
“ഒരു നല്ല മനസ്സാക്ഷി കാത്തുസൂക്ഷിക്കുക.”—1 പത്രോസ് 3:16.
1, 2. അപരിചിതമായ ഒരു സ്ഥലത്ത് ഒരു വഴികാട്ടി ആവശ്യമുള്ളത് എന്തുകൊണ്ട്? യഹോവ നമുക്ക് തന്നിരിക്കുന്ന വഴികാട്ടി ഏതാണ്?
നിങ്ങൾ ഒരു വലിയ മരുഭൂമിയിലൂടെ നടക്കുകയാണെന്നു വിചാരിക്കുക. ശക്തമായ കാറ്റടിച്ച് മണൽ പല ദിശയിലേക്കു നീങ്ങുമ്പോൾ മരുഭൂമിയുടെ രൂപംതന്നെ മാറിക്കൊണ്ടിരിക്കുന്നു. നിങ്ങൾക്കു പെട്ടെന്നു വഴി തെറ്റിയേക്കാം. ഏതു ദിശയിൽ പോകണമെന്നു നിങ്ങൾ എങ്ങനെ അറിയും? നിങ്ങളെ നയിക്കാൻ ആരെങ്കിലും അല്ലെങ്കിൽ എന്തെങ്കിലും വേണം. ഒരു വടക്കുനോക്കി യന്ത്രമോ സൂര്യനോ നക്ഷത്രങ്ങളോ ഒരു ഭൂപടമോ ആഗോള സ്ഥാനനിർണയ സംവിധാനമോ (ജി.പി.എസ്) അല്ലെങ്കിൽ ആ മരുഭൂമിയെക്കുറിച്ച് നന്നായി അറിയാവുന്ന ഒരാളോ സഹായത്തിനു വേണ്ടിവന്നേക്കാം. ഒരു വഴികാട്ടിയുണ്ടായിരിക്കുന്നതു പ്രധാനമാണ്, കാരണം വഴി അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ ജീവൻതന്നെ അപകടത്തിലാകും.
2 നമ്മളെല്ലാം ജീവിതത്തിൽ പല പ്രതിസന്ധികൾ നേരിടുന്നുണ്ട്. ചില സാഹചര്യങ്ങളിൽ എന്തു ചെയ്യണമെന്ന് ഒരു പിടിയും കിട്ടില്ല. എന്നാൽ നമ്മളെ വഴിനയിക്കാൻ യഹോവ നമുക്കെല്ലാവർക്കും മനസ്സാക്ഷി തന്നിരിക്കുന്നു. (യാക്കോബ് 1:17) മനസ്സാക്ഷി എന്താണെന്നും അത് എങ്ങനെ പ്രവർത്തിക്കുന്നെന്നും നമുക്കു നോക്കാം. അതിലൂടെ മനസ്സാക്ഷിയെ എങ്ങനെ പരിശീലിപ്പിക്കാമെന്നും മറ്റുള്ളവരുടെ മനസ്സാക്ഷിയെ പരിഗണിക്കേണ്ടത് എന്തുകൊണ്ടാണെന്നും ശുദ്ധമായ മനസ്സാക്ഷി ജീവിതം മെച്ചമാക്കാൻ സഹായിക്കുന്നത് എങ്ങനെയെന്നും നമ്മൾ പഠിക്കും.
എന്താണ് മനസ്സാക്ഷി, അത് എങ്ങനെ പ്രവർത്തിക്കുന്നു?
3. എന്താണു മനസ്സാക്ഷി?
3 നമ്മുടെ മനസ്സാക്ഷി യഹോവ തന്നിരിക്കുന്ന അമൂല്യമായ ഒരു സമ്മാനമാണ്. ശരിയും തെറ്റും സംബന്ധിച്ച നമ്മുടെ ഉള്ളിലെ അവബോധമാണ് അത്. “മനസ്സാക്ഷി” എന്നതിന് ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദത്തിന്റെ അർഥം “തന്നെക്കുറിച്ചുതന്നെയുള്ള അറിവ്”എന്നാണ്. നമ്മുടെ മനസ്സാക്ഷി നന്നായി പ്രവർത്തിക്കുകയാണെങ്കിൽ നമ്മൾ ശരിക്കും എങ്ങനെയുള്ള വ്യക്തിയാണെന്നു നമുക്കു മനസ്സിലാക്കാം. ഉള്ളിന്റെ ഉള്ളിലെ ചിന്തകളെക്കുറിച്ചുപോലും സത്യസന്ധമായി വിലയിരുത്താൻ അതു സഹായിക്കും. നല്ലതു ചെയ്യാനും മോശമായ കാര്യങ്ങൾ ഒഴിവാക്കാനും അതു നമ്മളെ പ്രേരിപ്പിക്കും. നല്ലൊരു തീരുമാനം എടുത്തുകഴിയുമ്പോൾ സന്തോഷം തോന്നാനും തെറ്റായ തീരുമാനമാണ് എടുക്കുന്നതെങ്കിൽ കുറ്റബോധം തോന്നാനും മനസ്സാക്ഷി ഇടയാക്കും.—പിൻകുറിപ്പ് 5 കാണുക.
4, 5. (എ) ആദാമും ഹവ്വയും മനസ്സാക്ഷിക്കു ശ്രദ്ധ കൊടുക്കാതിരുന്നതുകൊണ്ട് എന്തു സംഭവിച്ചു? (ബി) മനസ്സാക്ഷി എങ്ങനെ പ്രവർത്തിക്കുന്നെന്നു കാണിക്കുന്ന ചില ഉദാഹരണങ്ങൾ ഏതൊക്കെയാണ്?
4 മനസ്സാക്ഷി പറയുന്നതനുസരിച്ച് പ്രവർത്തിക്കണോ വേണ്ടയോ എന്നു നമുക്ക് ഓരോരുത്തർക്കും തീരുമാനിക്കാം. ആദാമും ഹവ്വയും മനസ്സാക്ഷിയുടെ ശബ്ദത്തിനു ചെവി കൊടുക്കേണ്ടാ എന്നു തീരുമാനിച്ചു, അങ്ങനെ അവർ പാപം ചെയ്തു. പിന്നീട് അവർക്കു കുറ്റബോധം തോന്നിയെങ്കിലും സമയം ഒരുപാടു വൈകിപ്പോയിരുന്നു. അവർ അതിനോടകം ദൈവത്തോട് അനുസരണക്കേടു കാണിച്ചിരുന്നു. (ഉൽപത്തി 3:7, 8) അവർക്കു പൂർണതയുള്ള മനസ്സാക്ഷിയുണ്ടായിരുന്നു, ദൈവത്തോട് അനുസരണക്കേടു കാണിക്കുന്നത് തെറ്റാണെന്നും അറിയാമായിരുന്നു. എന്നിട്ടും മനസ്സാക്ഷിയുടെ സ്വരത്തിനു ശ്രദ്ധ കൊടുക്കാൻ അവർ തയ്യാറായില്ല.
5 എന്നാൽ അനേകം അപൂർണമനുഷ്യർ മനസ്സാക്ഷിക്കു ചെവികൊടുത്തിട്ടുണ്ട്. ഇയ്യോബ് അതിന് നല്ലൊരു ഉദാഹരണമാണ്. നല്ല തീരുമാനങ്ങൾ എടുത്തതുകൊണ്ട് “ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം എന്റെ ഹൃദയം എന്നെ കുറ്റപ്പെടുത്തില്ല” എന്ന് ഇയ്യോബിനു പറയാൻ കഴിഞ്ഞു. (ഇയ്യോബ് 27:6) “ഹൃദയം” എന്നു പറഞ്ഞപ്പോൾ തന്റെ മനസ്സാക്ഷിയെ, അതായത് ശരിയും തെറ്റും സംബന്ധിച്ച ബോധത്തെയാണ് ഇയ്യോബ് ഉദ്ദേശിച്ചത്. എന്നാൽ ദാവീദ് ഇടയ്ക്കൊക്കെ മനസ്സാക്ഷിക്കു ചെവികൊടുക്കാതെ യഹോവയോട് അനുസരണക്കേടു കാണിച്ചു. പിന്നീട് ദാവീദിന്റെ മനസ്സാക്ഷി “കുത്തിത്തുടങ്ങി,” ദാവീദിനു വല്ലാത്ത കുറ്റബോധം തോന്നി. (1 ശമുവേൽ 24:5) ചെയ്തതു തെറ്റായിരുന്നെന്ന് ദാവീദിന്റെ മനസ്സാക്ഷി പറയുകയായിരുന്നു. മനസ്സാക്ഷിക്കു ചെവികൊടുത്തതിലൂടെ വീണ്ടും ഇതേ തെറ്റ് ആവർത്തിക്കാതിരിക്കാൻ ദാവീദിനു കഴിഞ്ഞു.
6. മനസ്സാക്ഷി ദൈവത്തിൽനിന്നുള്ള സമ്മാനമാണെന്നു പറയാവുന്നത് എന്തുകൊണ്ട്?
6 യഹോവയെ അറിയാത്തവർക്കുപോലും ചില കാര്യങ്ങൾ ശരിയും ചിലത് തെറ്റും ആണെന്ന് അറിയാം. “അവരുടെ ചിന്തകൾ ഒന്നുകിൽ അവരെ കുറ്റപ്പെടുത്തുന്നു അല്ലെങ്കിൽ അവരെ ന്യായീകരിക്കുന്നു” എന്നു ബൈബിൾ പറയുന്നു. (റോമർ 2:14, 15) ഉദാഹരണത്തിന് കൊല ചെയ്യുന്നതും മോഷ്ടിക്കുന്നതും തെറ്റാണെന്നു മിക്കവർക്കും അറിയാം. എങ്ങനെ അറിയാം? മനസ്സാക്ഷിയുള്ളതുകൊണ്ട്. ശരിയും തെറ്റും സംബന്ധിച്ച ഈ തിരിച്ചറിവ് ദൈവം അവരുടെ ഉള്ളിൽ വെച്ചിട്ടുണ്ട്. ഒരുപക്ഷേ ഇതൊന്നും അറിഞ്ഞുകൊണ്ടായിരിക്കില്ല അവർ തീരുമാനങ്ങൾ എടുക്കുന്നത്. അവർ മനസ്സാക്ഷിക്കു ചേർച്ചയിൽ നല്ല തീരുമാനങ്ങൾ എടുക്കുമ്പോൾ ദൈവത്തിന്റെ തത്ത്വങ്ങൾ, അഥവാ ജീവിതത്തിൽ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്ന അടിസ്ഥാനസത്യങ്ങൾ, അവരും പിൻപറ്റുകയാണ്.
7. ചിലപ്പോൾ നമ്മുടെ മനസ്സാക്ഷിക്കു തെറ്റുപറ്റാവുന്നത് എന്തുകൊണ്ട്?
7 എന്നാൽ ചിലപ്പോൾ നമ്മുടെ മനസ്സാക്ഷിക്കു തെറ്റുപറ്റിയേക്കാം. അപൂർണരായതുകൊണ്ട് നമ്മുടെ ചിന്തകളും വികാരങ്ങളും മനസ്സാക്ഷിയെ വികലമാക്കിയേക്കാം. അതു നമ്മളെ തെറ്റായ ദിശയിലേക്കു നയിച്ചേക്കാം. നല്ല മനസ്സാക്ഷി തനിയെ ഉണ്ടാകുന്നതല്ല. (ഉൽപത്തി 39:1, 2, 7-12) മനസ്സാക്ഷിയെ പരിശീലിപ്പിക്കണം. അതിനു സഹായമായി യഹോവ പരിശുദ്ധാത്മാവും ബൈബിൾതത്ത്വങ്ങളും തന്നിട്ടുണ്ട്. (റോമർ 9:1) നമ്മുടെ മനസ്സാക്ഷിയെ എങ്ങനെ പരിശീലിപ്പിക്കാം എന്നു നോക്കാം.
നമ്മുടെ മനസ്സാക്ഷിയെ എങ്ങനെ പരിശീലിപ്പിക്കാം?
8. (എ) നമ്മുടെ ചിന്തകളും വികാരങ്ങളും നമ്മുടെ മനസ്സാക്ഷിയെ എങ്ങനെ സ്വാധീനിച്ചേക്കാം? (ബി) ഒരു തീരുമാനം എടുക്കുന്നതിനു മുമ്പ് നമ്മൾ നമ്മോടുതന്നെ എന്തു ചോദിക്കണം?
8 മനസ്സാക്ഷിക്കു ചെവികൊടുക്കുക എന്നു പറഞ്ഞാൽ അവരവരുടെ ചിന്തകൾക്കും വികാരങ്ങൾക്കും ചേർച്ചയിൽ പ്രവർത്തിക്കുക എന്നാണെന്നാണു പലരും കരുതുന്നത്. ഏതു കാര്യം സംബന്ധിച്ചും അവർക്കു ശരിയെന്നു ബോധ്യമുള്ളിടത്തോളം കാലം അങ്ങനെ ചെയ്യാം എന്നാണ് അവരുടെ ചിന്ത. എന്നാൽ നമ്മുടെ ചിന്തകളും വികാരങ്ങളും അപൂർണമാണ്. അതിനു നമ്മളെ വഴിതെറ്റിക്കാൻ കഴിയും. കൂടാതെ, നമ്മുടെ മനസ്സാക്ഷിയെ സ്വാധീനിക്കാൻമാത്രം ശക്തമാണു നമ്മുടെ വികാരങ്ങൾ. ബൈബിൾ പറയുന്നു: “ഹൃദയം മറ്റ് എന്തിനെക്കാളും വഞ്ചകവും സാഹസത്തിനു തുനിയുന്നതും ആണ്; അതിനെ ആർക്കു മനസ്സിലാക്കാനാകും?” (യിരെമ്യ 17:9) അതുകൊണ്ട് ഒരു കാര്യം തെറ്റാണെങ്കിലും അത് ശരിയാണെന്നു നമ്മൾ ചിന്തിച്ചുതുടങ്ങിയേക്കാം. ഉദാഹരണത്തിന്, പൗലോസ് ഒരു ക്രിസ്ത്യാനിയാകുന്നതിനു മുമ്പു ദൈവത്തിന്റെ ജനത്തെ ക്രൂരമായി ഉപദ്രവിക്കുകയും അതു ശരിയാണെന്നു ചിന്തിക്കുകയും ചെയ്തു. തനിക്ക് ഒരു നല്ല മനസ്സാക്ഷിയുണ്ട് എന്നുതന്നെയാണു പൗലോസ് അപ്പോഴും കരുതിയത്. എന്നാൽ പിന്നീട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: “എന്നെ വിചാരണ ചെയ്യുന്നത് യഹോവയാണ്.” (1 കൊരിന്ത്യർ 4:4; പ്രവൃത്തികൾ 23:1; 2 തിമൊഥെയൊസ് 1:3) താൻ ചെയ്യുന്ന കാര്യത്തെക്കുറിച്ച് യഹോവയ്ക്ക് എന്തു തോന്നുന്നു എന്നു മനസ്സിലാക്കിയ പൗലോസ് താൻ മാറ്റം വരുത്തണമെന്ന കാര്യം തിരിച്ചറിഞ്ഞു. അതുകൊണ്ട് ഒരു കാര്യം ചെയ്യുന്നതിനു മുമ്പു നമ്മൾ സ്വയം ഇങ്ങനെ ചോദിക്കണം: ‘ഞാൻ എന്തു ചെയ്യാനാണ് യഹോവ ആഗ്രഹിക്കുന്നത്?’
9. ദൈവത്തെ ഭയപ്പെടുക എന്നു പറഞ്ഞാൽ എന്താണ് അർഥം?
9 നിങ്ങൾ സ്നേഹിക്കുന്ന ഒരാളെ വിഷമിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കില്ല. നമ്മൾ യഹോവയെ സ്നേഹിക്കുന്നതുകൊണ്ട് യഹോവയ്ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്ത് ദൈവത്തെ വിഷമിപ്പിക്കാൻ നമ്മൾ ആഗ്രഹിക്കില്ല. അത്തരം കാര്യം ചെയ്യുന്നതിനെക്കുറിച്ച് ഓർക്കുന്നതുതന്നെ ഭയങ്കരപേടിയായിരിക്കണം. നെഹമ്യ അങ്ങനെ ഒരാളായിരുന്നു. ഗവർണർ എന്ന തന്റെ പദവി ഉപയോഗിച്ച് സമ്പന്നനാകാൻ നെഹമ്യ ആഗ്രഹിച്ചില്ല. എന്തുകൊണ്ട്? “ദൈവഭയമുള്ളതുകൊണ്ട്”എന്നാണ് അദ്ദേഹം പറഞ്ഞത്. (നെഹമ്യ 5:15) യഹോവയ്ക്ക് ഇഷ്ടക്കേടുണ്ടാക്കുന്ന ഒരു കാര്യവും ചെയ്യാൻ നെഹമ്യ ആഗ്രഹിച്ചില്ല. തെറ്റായ എന്തെങ്കിലും ചെയ്ത് യഹോവയെ വിഷമിപ്പിക്കാൻ നമ്മളും ആഗ്രഹിക്കുന്നില്ല, നെഹമ്യയെപ്പോലെ ദൈവഭയമാണ് അതിനു കാരണം. യഹോവയ്ക്ക് ഇഷ്ടമുള്ള കാര്യങ്ങൾ എന്താണെന്നു ബൈബിൾ വായിക്കുന്നതിലൂടെ നമുക്കു മനസ്സിലാക്കാം.—പിൻകുറിപ്പ് 6 കാണുക.
10, 11. മദ്യത്തിന്റെ ഉപയോഗത്തോടുള്ള ബന്ധത്തിൽ നല്ല തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്ന ചില ബൈബിൾതത്ത്വങ്ങൾ ഏതൊക്കെയാണ്?
10 ഉദാഹരണത്തിന്, മദ്യം കഴിക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ട ഒരു സാഹചര്യം ഒരു ക്രിസ്ത്യാനിക്കു വന്നേക്കാം. അപ്പോൾ നല്ലൊരു തീരുമാനം എടുക്കാൻ ഏതു തത്ത്വങ്ങൾ അദ്ദേഹത്തെ സഹായിക്കും? ചിലത് ഇവയാണ്: മദ്യം കഴിക്കുന്നതിനെ ബൈബിൾ വിലക്കുന്നില്ല. മറിച്ച്, വീഞ്ഞ് ദൈവത്തിന്റെ സമ്മാനമാണെന്നാണു ബൈബിൾ പറയുന്നത്. (സങ്കീർത്തനം 104:14, 15) അതേസമയം, യേശു തന്റെ അനുഗാമികളോടു ‘അമിതമായി കുടിക്കുന്നത്’ ഒഴിവാക്കാൻ ആവശ്യപ്പെട്ടു. (ലൂക്കോസ് 21:34) ഇനി പൗലോസ് ക്രിസ്ത്യാനികളോടു പറഞ്ഞത് “വന്യമായ ആഘോഷങ്ങളിലും മുഴുക്കുടിയിലും” ഉൾപ്പെടരുത് എന്നാണ്. (റോമർ 13:13) കൂടാതെ, കുടിയന്മാർ “ദൈവരാജ്യം അവകാശമാക്കില്ല” എന്നും പറഞ്ഞു.—1 കൊരിന്ത്യർ 6:9, 10.
11 ഒരു ക്രിസ്ത്യാനിക്കു സ്വയം ഇങ്ങനെ ചോദിക്കാം: ‘മദ്യം എനിക്ക് എത്രത്തോളം പ്രധാനമാണ്? ക്ഷീണം മാറ്റാൻ എനിക്ക് അത് ഇല്ലാതെ പറ്റില്ലെന്നാണോ? ധൈര്യം കിട്ടാൻ ഞാൻ മദ്യപിക്കാറുണ്ടോ? എത്രത്തോളം കഴിക്കും, എത്ര കൂടെക്കൂടെ കഴിക്കും എന്നീ കാര്യങ്ങളിൽ എനിക്കു നിയന്ത്രണമുണ്ടോ? * മദ്യം ഇല്ലാതെയും എനിക്കു കൂട്ടുകാരോടൊപ്പം സന്തോഷിക്കാൻ കഴിയാറുണ്ടോ?’ നല്ല തീരുമാനങ്ങൾ എടുക്കാനുള്ള സഹായത്തിനായി യഹോവയോട് അപേക്ഷിക്കാനാകും. (സങ്കീർത്തനം 139:23, 24 വായിക്കുക.) ഇങ്ങനെ ചെയ്യുമ്പോൾ ബൈബിൾതത്ത്വങ്ങളോടു നന്നായി പ്രതികരിക്കാൻ മനസ്സാക്ഷിയെ നമ്മൾ പരിശീലിപ്പിക്കുകയാണ്. നമ്മൾ തുടർന്നു കാണാൻ പോകുന്നതുപോലെ മറ്റു ചില കാര്യങ്ങൾകൂടി കണക്കിലെടുക്കേണ്ടതുണ്ട്.
മറ്റുള്ളവരുടെ മനസ്സാക്ഷി പരിഗണിക്കേണ്ടത് എന്തുകൊണ്ട്?
12, 13. നമ്മുടെ മനസ്സാക്ഷി മറ്റുള്ളവരുടേതിൽനിന്ന് വ്യത്യസ്തമായിരിക്കുന്നത് എന്തുകൊണ്ടായിരിക്കാം? അത്തരം വ്യത്യാസങ്ങളെ നമ്മൾ എങ്ങനെ കാണണം?
12 എല്ലാവരുടെയും മനസ്സാക്ഷി ഒരുപോലെയല്ല. മറ്റൊരാളുടെ മനസ്സാക്ഷി അനുവദിക്കാത്ത ഒരു കാര്യം ചെയ്യാൻ ഒരുപക്ഷേ നിങ്ങളുടെ മനസ്സാക്ഷി നിങ്ങളെ അനുവദിച്ചേക്കാം. ഉദാഹരണത്തിന്, മദ്യം കഴിക്കുന്നതിൽ നിങ്ങൾക്കു തെറ്റൊന്നും തോന്നുന്നില്ലായിരിക്കും. എന്നാൽ മറ്റൊരാൾ അതു കഴിക്കേണ്ടെന്നു വെച്ചേക്കാം. എന്തുകൊണ്ടായിരിക്കാം രണ്ടു പേർക്കും ഇതെക്കുറിച്ച് വ്യത്യസ്തവീക്ഷണങ്ങൾ ഉള്ളത്?
13 ഒരു കാര്യത്തെക്കുറിച്ചുള്ള ഒരു വ്യക്തിയുടെ ചിന്തകളെ മിക്കപ്പോഴും വളർന്നുവന്ന ചുറ്റുപാടും ജീവിതാനുഭവങ്ങളും കുടുംബാംഗങ്ങളുടെ വീക്ഷണവും ഒക്കെ സ്വാധീനിക്കുന്നു. മുമ്പു മദ്യപിക്കുന്ന കാര്യത്തിൽ പരിധിവെക്കാൻ കഴിയാതിരുന്ന ഒരാൾ, ഇപ്പോൾ മദ്യം അപ്പാടെ ഒഴിവാക്കാൻ തീരുമാനിച്ചേക്കാം. (1 രാജാക്കന്മാർ 8:38, 39) ഇങ്ങനെയൊരു ആൾക്കായിരിക്കാം നിങ്ങൾ മദ്യം കൊടുക്കുന്നത്. പക്ഷേ, അദ്ദേഹം അതു നിരസിക്കുന്നെന്നു കരുതുക. നിങ്ങൾ എങ്ങനെ പ്രതികരിക്കും? നിങ്ങൾക്കു മുഷിവു തോന്നുമോ? കുടിക്കാൻ അദ്ദേഹത്തെ നിർബന്ധിക്കുമോ? മദ്യം വേണ്ടാ എന്നു പറഞ്ഞതിന്റെ കാരണം പറയാൻ നിർബന്ധിക്കുമോ? ഇല്ല. കാരണം നിങ്ങൾ അയാളുടെ മനസ്സാക്ഷിയെ മാനിക്കുന്നു.
14, 15. പൗലോസിന്റെ കാലത്തു നിലവിലിരുന്ന ഒരു സാഹചര്യം പറയാമോ? അതിനോടുള്ള ബന്ധത്തിൽ എന്തു നല്ല ഉപദേശമാണു പൗലോസ് നൽകിയത്?
14 അപ്പോസ്തലനായ പൗലോസിന്റെ കാലത്തുണ്ടായ ഒരു സാഹചര്യം നോക്കാം. ആളുകളുടെ മനസ്സാക്ഷി വ്യത്യസ്തമായേക്കാവുന്നത് എങ്ങനെയെന്നു മനസ്സിലാക്കാൻ അതു നമ്മളെ സഹായിക്കും. അന്നൊക്കെ ചന്തയിൽ വിറ്റിരുന്ന ഇറച്ചിയിൽ ചിലതു വ്യാജാരാധനയുടെ ഭാഗമായി വിഗ്രഹങ്ങൾക്ക് അർപ്പിച്ചവയായിരുന്നു. (1 കൊരിന്ത്യർ 10:25) എന്നാൽ അതു വാങ്ങി കഴിക്കുന്നതു തെറ്റാണെന്നു പൗലോസിനു തോന്നിയില്ല. കാരണം ഭക്ഷണസാധനങ്ങളെല്ലാം യഹോവയിൽനിന്നുള്ളതാണെന്നു പൗലോസിന് അറിയാമായിരുന്നു. എന്നാൽ മുമ്പു വിഗ്രഹങ്ങളെ ആരാധിച്ചിരുന്ന ചില സഹോദരങ്ങൾ കാര്യങ്ങളെ വ്യത്യസ്തമായാണു കണ്ടിരുന്നത്. ആ ഇറച്ചി വാങ്ങി കഴിക്കുന്നതു തെറ്റാണെന്ന് അവർക്കു തോന്നി. എന്നാൽ പൗലോസ് ഇങ്ങനെ ചിന്തിച്ചോ: ‘എന്റെ മനസ്സാക്ഷി എന്നെ കുറ്റപ്പെടുത്തുന്നില്ല. ഞാൻ ആഗ്രഹിക്കുന്നതു കഴിക്കാനുള്ള അവകാശം എനിക്കില്ലേ?’
15 പക്ഷേ, പൗലോസ് അങ്ങനെ ചിന്തിച്ചില്ല. മറ്റു സഹോദരങ്ങളുടെ വികാരങ്ങളെ പൗലോസ് വളരെയധികം മാനിച്ചു. അതുകൊണ്ട് വ്യക്തിപരമായ ചില അവകാശങ്ങൾ മനസ്സോടെ വേണ്ടെന്നുവെക്കാൻ അദ്ദേഹം സന്നദ്ധനായിരുന്നു. പൗലോസ് പറഞ്ഞത് ഇങ്ങനെയാണ്: “നമ്മളെത്തന്നെ പ്രീതിപ്പെടുത്തുകയല്ല വേണ്ടത്. . . . ക്രിസ്തുപോലും തന്നെത്തന്നെ പ്രീതിപ്പെടുത്തിയില്ല.” (റോമർ 15:1, 3) യേശുവിനെപ്പോലെ പൗലോസും തന്നെക്കാൾ അധികം മറ്റുള്ളവരെക്കുറിച്ച് ചിന്തയുള്ളവനായിരുന്നു.—1 കൊരിന്ത്യർ 8:13; 10:23, 24, 31-33 വായിക്കുക.
16. നമ്മുടെ സഹോദരൻ മനസ്സാക്ഷിപൂർവം ചെയ്യുന്ന ഒരു കാര്യത്തെ നമ്മൾ വിധിക്കാൻ പാടില്ലാത്തത് എന്തുകൊണ്ട്?
16 ഒരു വ്യക്തി അദ്ദേഹത്തിന്റെ മനസ്സാക്ഷിക്കു ചേർച്ചയിൽ ചെയ്യുന്ന ഒരു കാര്യം നമുക്കു തെറ്റായി തോന്നുന്നെങ്കിലോ? നമ്മുടെ പക്ഷത്താണു ശരിയെന്നും മറ്റേയാൾ ചെയ്തതു തെറ്റാണെന്നും സ്ഥാപിക്കാൻ നമ്മൾ ശ്രമിക്കരുത്. മറ്റുള്ളവർ ചെയ്യുന്ന കാര്യങ്ങളെ വിമർശനബുദ്ധിയോടെ കാണാതിരിക്കാൻ വളരെ ശ്രദ്ധിക്കുക. (റോമർ വായിക്കുക.) യഹോവ നമുക്കു മനസ്സാക്ഷി തന്നിരിക്കുന്നതു നമ്മളെ വിധിക്കാനാണ്, അല്ലാതെ മറ്റുള്ളവരെ വിധിക്കാനല്ല. ( 14:10മത്തായി 7:1) നമ്മുടെ വ്യക്തിപരമായ താത്പര്യങ്ങൾ ഉയർത്തിപ്പിടിക്കാനായി സഭയിൽ വിഭാഗീയത സൃഷ്ടിക്കാൻ നമ്മൾ ആഗ്രഹിക്കുന്നില്ല. പകരം സ്നേഹവും ഐക്യവും ഊട്ടിവളർത്താനാണു നമ്മൾ നോക്കുന്നത്.—റോമർ 14:19.
നല്ല മനസ്സാക്ഷി പ്രയോജനം ചെയ്യും
17. ചിലരുടെ മനസ്സാക്ഷിക്ക് എന്തു സംഭവിച്ചിരിക്കുന്നു?
17 “ഒരു നല്ല മനസ്സാക്ഷി കാത്തുസൂക്ഷിക്കുക” എന്ന് അപ്പോസ്തലനായ പത്രോസ് എഴുതി. (1 പത്രോസ് 3:16) ആളുകൾ യഹോവയുടെ തത്ത്വങ്ങൾ ലംഘിക്കുമ്പോൾ ക്രമേണ അവർക്കു കുറ്റബോധം തോന്നാതാകും എന്നതാണു സങ്കടകരമായ വസ്തുത. അത്തരത്തിലുള്ളവരുടെ മനസ്സാക്ഷി ‘ചുട്ടുപഴുത്ത ഇരുമ്പുകൊണ്ടെന്നപോലെ പൊള്ളിയതാകും’ എന്നാണു പൗലോസ് പറഞ്ഞത്. (1 തിമൊഥെയൊസ് 4:2) നിങ്ങൾക്ക് എന്നെങ്കിലും ഗുരുതരമായ പൊള്ളലേറ്റിട്ടുണ്ടോ? ഉണ്ടെങ്കിൽ പൊള്ളലേറ്റ ഭാഗത്തു പിന്നീടു നിങ്ങൾക്ക് ഒന്നുംതന്നെ അനുഭവപ്പെടില്ല. ഇതുപോലെ ഒരു വ്യക്തി തെറ്റായ കാര്യം ചെയ്യുന്നതിൽ തുടർന്നാൽ അദ്ദേഹത്തിന്റെ മനസ്സാക്ഷി ‘പൊള്ളിയതുപോലെ’ പ്രവർത്തിക്കാതാകും.
18, 19. (എ) കുറ്റബോധം തോന്നുന്നതു നല്ലതായിരിക്കുന്നത് എന്തുകൊണ്ടാണ്? (ബി) പശ്ചാത്തപിച്ച തെറ്റിനെക്കുറിച്ച് വീണ്ടും കുറ്റബോധം തോന്നുന്നെങ്കിൽ എന്ത് ഓർക്കണം?
18 നമുക്കു കുറ്റബോധം തോന്നുമ്പോൾ നമ്മുടെ മനസ്സാക്ഷി നമ്മൾ എന്തോ തെറ്റു ചെയ്തെന്നു പറയുകയായിരിക്കും. ഇതു തെറ്റ് തിരിച്ചറിയാനും അതു ചെയ്യുന്നത് നിറുത്താനും സഹായിക്കും. നമ്മുടെ തെറ്റുകളിൽനിന്ന് പാഠം പഠിക്കാൻ നമ്മൾ ആഗ്രഹിക്കുന്നു. അങ്ങനെയാകുമ്പോൾ നമ്മൾ അത് ആവർത്തിക്കില്ല. ഉദാഹരണത്തിന്, ദാവീദ് രാജാവ് പാപം ചെയ്തെങ്കിലും അദ്ദേഹത്തിന്റെ മനസ്സാക്ഷി പശ്ചാത്തപിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. താൻ ചെയ്ത പാപപ്രവൃത്തിയെ അദ്ദേഹം വെറുത്തു. ഭാവിയിൽ യഹോവയെ അനുസരിക്കുമെന്നു നിശ്ചയിച്ച് ഉറയ്ക്കുകയും ചെയ്തു. സ്വന്തം അനുഭവത്തിൽനിന്ന് ദാവീദിന് ഇങ്ങനെ പറയാൻ കഴിഞ്ഞു: “യഹോവേ, അങ്ങ് നല്ലവനും ക്ഷമിക്കാൻ സന്നദ്ധനും അല്ലോ.”—സങ്കീർത്തനം 51:1-19; 86:5. പിൻകുറിപ്പ് 7 കാണുക.
19 എന്നാൽ ഒരു വ്യക്തി തെറ്റു ചെയ്യുകയും അതെക്കുറിച്ച് പശ്ചാത്തപിക്കുകയും ചെയ്തിട്ടു നാളു കുറെയായെങ്കിലും ചിലപ്പോൾ കുറ്റബോധം അയാളെ ഇപ്പോഴും വേട്ടയാടുന്നുണ്ടാകാം. അതു വളരെ വേദനാകരവുമായിരിക്കാം. തങ്ങൾ വിലയില്ലാത്തവരാണെന്നുപോലും ചിന്തിക്കാൻ അതു ചിലരെ പ്രേരിപ്പിച്ചിരിക്കുന്നു. ചിലപ്പോഴൊക്കെ നിങ്ങൾക്കും അങ്ങനെ തോന്നുന്നെങ്കിൽ ഒരു കാര്യം ഓർക്കുക, മുമ്പു നടന്ന കാര്യം ഇല്ലാതാക്കാൻ നമുക്കാകില്ല. ഒരു കാര്യം തെറ്റാണെന്ന് അറിഞ്ഞോ അറിയാതെയോ ആണു ചെയ്തതെങ്കിൽപ്പോലും യഹോവ നിങ്ങളോടു സമ്പൂർണമായി ക്ഷമിക്കുകയും ആ പാപങ്ങൾ മായിക്കുകയും ചെയ്തിരിക്കുന്നു. യഹോവയുടെ മുമ്പാകെ നിങ്ങൾ ഇപ്പോൾ ശുദ്ധരാണ്. ഇപ്പോൾ നിങ്ങൾ ചെയ്യുന്നതു ശരിയാണെന്നും നിങ്ങൾക്ക് അറിയാം. എന്നാലും ഇപ്പോഴും നിങ്ങളുടെ ഹൃദയം നിങ്ങളെ കുറ്റപ്പെടുത്തുന്നുണ്ടാകാം. എന്നാൽ ബൈബിൾ പറയുന്നത് ‘ദൈവം നമ്മുടെ ഹൃദയത്തെക്കാൾ വലിയവൻ’ ആണെന്നാണ്. (1 യോഹന്നാൻ 3:19, 20 വായിക്കുക.) അതിന്റെ അർഥം ദൈവത്തിന്റെ സ്നേഹവും ക്ഷമയും നമുക്കു തോന്നുന്ന ഏതൊരു കുറ്റബോധത്തെയും നാണേക്കേടിനെയും മൂടിക്കളയുന്നതാണ് എന്നാണ്. യഹോവ നിങ്ങളോടു ക്ഷമിച്ചു എന്നു നിങ്ങൾക്ക് ഉറച്ചുവിശ്വസിക്കാം. ദൈവം തന്നോടു ക്ഷമിച്ചെന്ന കാര്യം അംഗീകരിക്കുന്ന ഒരു വ്യക്തിക്കു മനസ്സമാധാനമുണ്ടാകും; സന്തോഷത്തോടെ ദൈവത്തെ സേവിക്കാനും കഴിയും.—1 കൊരിന്ത്യർ 6:11; എബ്രായർ 10:22.
20, 21. (എ) ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത് എന്തിനുവേണ്ടിയാണ്? (ബി) യഹോവ നമുക്ക് എന്തു സ്വാതന്ത്ര്യമാണു നൽകിയിരിക്കുന്നത്? അതു നമ്മൾ എങ്ങനെ ഉപയോഗിക്കണം?
20 നിങ്ങളുടെ മനസ്സാക്ഷിയെ പരിശീലിപ്പിക്കാനുള്ള ഒരു സഹായമായാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ബുദ്ധിമുട്ടുകൾ നിറഞ്ഞ ഈ അവസാനനാളുകളിൽ, പരിശീലനം ലഭിച്ച മനസ്സാക്ഷിക്കു മുന്നറിയിപ്പും സംരക്ഷണവും നൽകാനാകും. കൂടാതെ ജീവിതത്തിന്റെ വ്യത്യസ്തസാഹചര്യങ്ങളിൽ ബൈബിൾതത്ത്വങ്ങൾ അനുസരിക്കാൻ അതു നിങ്ങളെ സഹായിക്കും. ഈ പുസ്തകം ഓരോ സാഹചര്യത്തിലും എന്തു ചെയ്യണം എന്നു പറയുന്ന നിയമങ്ങളുടെ ഒരു പട്ടിക തരുന്നില്ല. നമ്മൾ ജീവിക്കുന്നതു “ക്രിസ്തുവിന്റെ നിയമം” അനുസരിച്ചാണ്, അതാകട്ടെ ദൈവികതത്ത്വങ്ങളെ അടിസ്ഥാനപ്പെടുത്തിയതാണ്. (ഗലാത്യർ 6:2) എന്നാൽ ഒരു കാര്യത്തെക്കുറിച്ച് വ്യക്തമായ നിയമമില്ലെങ്കിൽ ഈ സ്വാതന്ത്ര്യം തെറ്റു ചെയ്യാനുള്ള ഒരു ഒഴികഴിവായി നമ്മൾ എടുക്കില്ല. (2 കൊരിന്ത്യർ 4:1, 2; എബ്രായർ 4:13; 1 പത്രോസ് 2:16) മറിച്ച്, അത് യഹോവയോടുള്ള സ്നേഹം കാണിക്കുന്നതിനുള്ള അവസരമായി നമ്മൾ കാണും.
21 ബൈബിൾതത്ത്വങ്ങളെക്കുറിച്ച് ധ്യാനിച്ച് അവ ബാധകമാക്കുമ്പോൾ നമ്മൾ നമ്മുടെ “വിവേചനാപ്രാപ്തി” ഉപയോഗിക്കാനും യഹോവ ചിന്തിക്കുന്നതുപോലെ ചിന്തിക്കാനും പഠിക്കും. (എബ്രായർ 5:14) അതിന്റെ പ്രയോജനമോ? അങ്ങനെ പരിശീലിപ്പിക്കപ്പെട്ട മനസ്സാക്ഷി നമ്മുടെ ജീവിതത്തിന്റെ ഒരു വഴികാട്ടിയായിരിക്കും. കൂടാതെ, ദൈവസ്നേഹത്തിൽ നിലനിൽക്കാനും അതു നമ്മളെ സഹായിക്കും.
^ മുഴുക്കുടിയന്മാർക്കു കുടിക്കുന്നതിന്റെ അളവു നിയന്ത്രിക്കാൻ ബുദ്ധിമുട്ടായിരിക്കും എന്നാണു പല ഡോക്ടർമാരും പറയുന്നത്. അങ്ങനെയുള്ളവർ ഒട്ടുംതന്നെ കുടിക്കരുതെന്നാണു ഡോക്ടർമാർ നിർദേശിക്കുന്നത്.