അധ്യായം 1
ദൈവസ്നേഹം എന്നും നിലനിൽക്കും
“ദൈവത്തിന്റെ കല്പനകൾ അനുസരിക്കുന്നതാണു ദൈവത്തോടുള്ള സ്നേഹം. ദൈവത്തിന്റെ കല്പനകൾ ഒരു ഭാരമല്ല.”—1 യോഹന്നാൻ 5:3.
1, 2. എന്തുകൊണ്ടാണു നിങ്ങൾ യഹോവയെ സ്നേഹിക്കുന്നത്?
നിങ്ങൾക്കു ദൈവത്തോടു സ്നേഹമുണ്ടോ? നിങ്ങൾ ദൈവത്തെ അതിയായി സ്നേഹിക്കുന്നുണ്ടാകും. ഒരുപക്ഷേ നിങ്ങൾ നിങ്ങളെത്തന്നെ ഇതിനോടകം ദൈവത്തിനു സമർപ്പിച്ചിട്ടുമുണ്ടാകും. ദൈവം നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്താണെന്നു നിങ്ങൾ പറയുമായിരിക്കും. എന്നാൽ നിങ്ങൾ യഹോവയെ സ്നേഹിക്കുന്നതിനു മുമ്പുതന്നെ യഹോവ നിങ്ങളെ സ്നേഹിക്കാൻ തുടങ്ങി. ബൈബിൾ പറയുന്നു: “ദൈവം ആദ്യം നമ്മളെ സ്നേഹിച്ചതുകൊണ്ടാണു നമ്മൾ സ്നേഹിക്കുന്നത്.”—1 യോഹന്നാൻ 4:19.
2 ഏതെല്ലാം വിധങ്ങളിലാണു ദൈവം നിങ്ങളോടു സ്നേഹം കാണിച്ചിരിക്കുന്നത്? ദൈവം നമുക്കു നൽകിയിരിക്കുന്ന മനോഹരമായ ഒരു വീടല്ലേ ഈ ഭൂമി! അതുപോലെ നമുക്കു ജീവിതം ആസ്വദിക്കാൻ വേണ്ടതെല്ലാം ദൈവം നൽകിയിരിക്കുന്നു. (മത്തായി 5:43-48; വെളിപാട് 4:11) നമുക്കു ദൈവവുമായി ഒരു അടുത്ത ബന്ധമുണ്ടായിരിക്കാൻ ദൈവം ആഗ്രഹിക്കുന്നു. അതുകൊണ്ട് ദൈവത്തെക്കുറിച്ച് അറിയാനും പഠിക്കാനും ദൈവം ധാരാളം അവസരങ്ങൾ തന്നിരിക്കുന്നു. ബൈബിൾ വായിക്കുമ്പോൾ യഹോവ പറയുന്നതു നമ്മൾ കേൾക്കുകയാണ്. നമ്മൾ പ്രാർഥിക്കുമ്പോൾ നമുക്കു പറയാനുള്ളതു യഹോവ കേൾക്കുന്നു. (സങ്കീർത്തനം 65:2) ദൈവം തന്റെ ശക്തമായ പരിശുദ്ധാത്മാവ് ഉപയോഗിച്ച് നമ്മെ നയിക്കുന്നു, ബലപ്പെടുത്തുന്നു. (ലൂക്കോസ് 11:13) കൂടാതെ, നമ്മളെ പാപത്തിൽനിന്നും മരണത്തിൽനിന്നും മോചിപ്പിക്കാൻ തന്റെ പ്രിയമകനെ ഭൂമിയിലേക്ക് അയയ്ക്കുകപോലും ചെയ്തു.—യോഹന്നാൻ 3:16; റോമർ 5:8 വായിക്കുക.
3. യഹോവയുമായി നല്ലൊരു ബന്ധം നിലനിറുത്താൻ നമുക്ക് എങ്ങനെ കഴിയും?
3 സുഖത്തിലും ദുഃഖത്തിലും നിങ്ങളോടൊപ്പമുണ്ടായിരുന്ന ഒരു ഉറ്റസുഹൃത്തിനെക്കുറിച്ച് ചിന്തിക്കുക. അത്തരം ഒരു സുഹൃദ്ബന്ധം ശക്തമാക്കി നിറുത്തുന്നതിനു നല്ല ശ്രമം വേണം. ഉണ്ടായിരിക്കാവുന്നതിലുംവെച്ച് ഏറ്റവും നല്ല സുഹൃദ്ബന്ധം യഹോവയുമായിട്ടുള്ളതാണ്. ആ ബന്ധം നിലനിറുത്തുന്നതിനും നമ്മുടെ ഭാഗത്തു ശ്രമം വേണം. അത് എക്കാലവും നിലനിറുത്താനുമാകും. അതുകൊണ്ട് ബൈബിൾ പറയുന്നു: “എന്നും ദൈവസ്നേഹത്തിൽ നിലനിൽക്കുക.” (യൂദ 21) നമുക്ക് അത് എങ്ങനെ കഴിയും? അതിന് ഉത്തരം ബൈബിൾ നൽകുന്നു: “ദൈവത്തിന്റെ കല്പനകൾ അനുസരിക്കുന്നതാണു ദൈവത്തോടുള്ള സ്നേഹം. ദൈവത്തിന്റെ കല്പനകൾ ഒരു ഭാരമല്ല.”—1 യോഹന്നാൻ 5:3.
“ദൈവത്തോടുള്ള സ്നേഹം”
4, 5. ദൈവത്തോടുള്ള നിങ്ങളുടെ സ്നേഹം കൂടിക്കൂടി വന്നത് എങ്ങനെ?
4 “ദൈവത്തോടുള്ള സ്നേഹം” എന്നു പറയുമ്പോൾ ബൈബിൾ എന്താണ് അർഥമാക്കുന്നത്? നമുക്കു ദൈവത്തോടു തോന്നുന്ന ആഴമായ അടുപ്പമാണ് അത്. യഹോവയോടു നിങ്ങൾക്ക് ആദ്യം സ്നേഹം തോന്നിത്തുടങ്ങിയത് എപ്പോഴാണെന്ന് ഓർക്കുന്നുണ്ടോ?
5 പുതിയ ലോകത്തിൽ നിങ്ങൾ എന്നും ജീവിച്ചിരിക്കണമെന്നാണ് യഹോവ ആഗ്രഹിക്കുന്നതെന്ന് അറിഞ്ഞപ്പോൾ നിങ്ങൾക്ക് എന്തു തോന്നി എന്ന് ഓർത്തുനോക്കുക. നിങ്ങൾ എന്നും ജീവിച്ചിരിക്കുന്നതിനുവേണ്ടി ദൈവം എന്തെല്ലാം ചെയ്തെന്നു പിന്നീട് നിങ്ങൾ പഠിച്ചു. സ്വന്തം മകനെ ഭൂമിയിലേക്ക് അയച്ചപ്പോൾ എത്ര വലിയൊരു സമ്മാനമാണു ദൈവം തന്നതെന്നു നിങ്ങൾ മനസ്സിലാക്കി. (മത്തായി 20:28; യോഹന്നാൻ 8:29; റോമർ 5:12, 18) യഹോവ നിങ്ങളെ എത്രത്തോളം സ്നേഹിക്കുന്നെന്ന് അറിഞ്ഞപ്പോൾ യഹോവയെ സ്നേഹിക്കാൻ നിങ്ങളുടെ ഉള്ളം തുടിച്ചു. അങ്ങനെ നിങ്ങൾ യഹോവയെ സ്നേഹിച്ചുതുടങ്ങി.—1 യോഹന്നാൻ 4:9, 10 വായിക്കുക.
6. ഒരാളെ സ്നേഹിക്കുന്നതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്? ദൈവത്തോടുള്ള സ്നേഹം എന്തു ചെയ്യാൻ നിങ്ങളെ പ്രേരിപ്പിച്ചിരിക്കുന്നു?
6 ദൈവത്തോടു നിങ്ങൾക്കു തോന്നിയ ആ സ്നേഹം ഒരു തുടക്കം മാത്രമായിരുന്നു. ഉദാഹരണത്തിന്, നമ്മൾ ആരെയെങ്കിലും സ്നേഹിക്കുമ്പോൾ “എനിക്കു നിങ്ങളെ ഇഷ്ടമാണ് ” എന്നു പറഞ്ഞേക്കാം, പക്ഷേ അതുകൊണ്ട് അവസാനിക്കുന്നില്ല. ആ വ്യക്തിയെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യാനും സ്നേഹം നമ്മളെ പ്രേരിപ്പിക്കും. സമാനമായി യഹോവയോടുള്ള സ്നേഹം ദൈവത്തെ സന്തോഷിപ്പിക്കുന്ന വിധത്തിൽ ജീവിക്കാൻ നിങ്ങളെ പ്രേരിപ്പിച്ചു. ആ സ്നേഹം അങ്ങനെ വളർന്നു. നിങ്ങൾ ഇതിനോടകം ദൈവത്തിനു നിങ്ങളെത്തന്നെ സമർപ്പിച്ച് സ്നാനമേൽക്കുകപോലും ചെയ്തിരിക്കാം. അങ്ങനെ യഹോവയെ എന്നും സേവിച്ചുകൊള്ളാമെന്നു നിങ്ങൾ വാക്കു കൊടുത്തു. (റോമർ 14:7, 8 വായിക്കുക.) ആ വാക്കു പാലിക്കാൻ നിങ്ങൾ എന്തു ചെയ്യണം?
‘ദൈവത്തിന്റെ കല്പനകൾ അനുസരിക്കുക’
7. യഹോവയെ സ്നേഹിക്കുന്നെങ്കിൽ നമ്മൾ എന്തു ചെയ്യും? ദൈവത്തിന്റെ ചില കല്പനകൾ ഏതൊക്കെയാണ്?
7 നമ്മൾ യഹോവയെ സ്നേഹിക്കുന്നതുകൊണ്ട് ‘ദൈവത്തിന്റെ കല്പനകൾ അനുസരിക്കുന്നു.’ നമ്മൾ എങ്ങനെ ജീവിക്കാനാണ് യഹോവ പ്രതീക്ഷിക്കുന്നതെന്നു ബൈബിൾ പറയുന്നു. ദൈവത്തിന്റെ ചില കല്പനകൾ ഏതൊക്കെയാണ്? കുടിച്ച് മത്തരാകുന്നതും മോഷ്ടിക്കുന്നതും നുണ പറയുന്നതും ഇണയല്ലാത്ത ഒരാളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതും യഹോവയെ അല്ലാതെ ആരെയെങ്കിലുമോ എന്തിനെയെങ്കിലുമോ ആരാധിക്കുന്നതും തെറ്റാണെന്നു ബൈബിൾ പറയുന്നു.—1 കൊരിന്ത്യർ 5:11; 6:18; 10:14; എഫെസ്യർ 4:28; കൊലോസ്യർ 3:9.
8, 9. ബൈബിളിൽ വ്യക്തമായ നിയമങ്ങൾ ഇല്ലാത്ത സാഹചര്യങ്ങളിൽ നമ്മൾ എന്തു ചെയ്യാനാണ് യഹോവ പ്രതീക്ഷിക്കുന്നതെന്ന് എങ്ങനെ മനസ്സിലാക്കാം? ഉദാഹരണം പറയുക.
8 ദൈവത്തെ സന്തോഷിപ്പിക്കുന്നതിനു ദൈവകല്പനകൾ അനുസരിച്ചാൽ മാത്രം പോരാ, വേറെ ചില കാര്യങ്ങൾകൂടെ ചെയ്യണം. ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളിലും നമ്മൾ അനുസരിക്കേണ്ട കല്പനകളുടെ ഒരു നീണ്ട പട്ടിക ദൈവം തന്നിട്ടില്ല. അതുകൊണ്ട് ചില സാഹചര്യങ്ങളിൽ എന്തു ചെയ്യണമെന്നു പറയുന്ന കൃത്യമായ നിയമങ്ങൾ നമ്മൾ ബൈബിളിൽ കണ്ടില്ലെന്നുവരും. അപ്പോൾ നമുക്ക് എങ്ങനെയാണു ശരിയായ തീരുമാനം എടുക്കാൻ കഴിയുക? (എഫെസ്യർ 5:17) യഹോവ കാര്യങ്ങൾ കാണുന്ന വിധം മനസ്സിലാക്കാൻ സഹായിക്കുന്ന ചില തത്ത്വങ്ങൾ, അതായത് ചില അടിസ്ഥാനസത്യങ്ങൾ, ബൈബിളിലുണ്ട്. അതോടൊപ്പം, നമ്മൾ ബൈബിൾ വായിക്കുമ്പോൾ യഹോവ എങ്ങനെയുള്ള ഒരു വ്യക്തിയാണെന്നു നമുക്കു മനസ്സിലാകും. ദൈവത്തിന്റെ ഇഷ്ടാനിഷ്ടങ്ങളും ദൈവം ചിന്തിക്കുന്ന വിധവും നമ്മൾ പഠിക്കും.—സങ്കീർത്തനം 97:10 വായിക്കുക; സുഭാഷിതങ്ങൾ 6:16-19; പിൻകുറിപ്പ് 1 കാണുക.
9 ഉദാഹരണത്തിന്, ടിവി-യിലും ഇന്റർനെറ്റിലും എന്തൊക്കെ കാണാമെന്നു നമ്മൾ എങ്ങനെ തീരുമാനിക്കും? നമ്മൾ കാണേണ്ട കാര്യങ്ങളുടെ ഒരു പട്ടിക യഹോവ തന്നിട്ടില്ല. എന്നാൽ നല്ല തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്ന ബൈബിൾതത്ത്വങ്ങൾ തന്നിട്ടുണ്ട്. ഇന്നത്തെ മിക്ക പരിപാടികളിലും നിറയെ അക്രമവും ലൈംഗികതയും ആണ്. “അക്രമം ഇഷ്ടപ്പെടുന്നവനെ ദൈവം വെറുക്കുന്നു” എന്നും ‘അധാർമികപ്രവൃത്തികൾ ചെയ്യുന്നവരെ ദൈവം വിധിക്കും’ എന്നും ബൈബിൾ പറയുന്നു. (സങ്കീർത്തനം 11:5; എബ്രായർ 13:4) ഈ തത്ത്വങ്ങൾ ശരിയായ തീരുമാനങ്ങൾ എടുക്കാൻ നമ്മളെ സഹായിക്കുന്നത് എങ്ങനെയാണ്? യഹോവ ഒരു കാര്യം വെറുക്കുന്നെന്നോ അധാർമികമായി വീക്ഷിക്കുന്നെന്നോ മനസ്സിലാക്കിയാൽ നമ്മൾ അത് ഒഴിവാക്കണം.
10, 11. എന്തുകൊണ്ടാണു നമ്മൾ യഹോവയെ അനുസരിക്കുന്നത്?
10 നമ്മൾ യഹോവയെ അനുസരിക്കുന്നത് എന്തുകൊണ്ടാണ്? ശിക്ഷയെ ഭയന്നോ തെറ്റായ തീരുമാനങ്ങൾ എടുത്താൽ ഉണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് ഓർത്തോ അല്ല. (ഗലാത്യർ 6:7) പകരം, യഹോവയെ സ്നേഹിക്കുന്നതുകൊണ്ടാണു നമ്മൾ അനുസരിക്കുന്നത്. കുട്ടികൾ അപ്പനെ സന്തോഷിപ്പിക്കാൻ ആഗ്രഹിക്കുന്നതുപോലെ സ്വർഗീയപിതാവിനെ സന്തോഷിപ്പിക്കാൻ നമ്മൾ ആഗ്രഹിക്കുന്നു. കാരണം യഹോവ നമ്മളിൽ സംപ്രീതനാണ് എന്ന് അറിയുന്നതിനെക്കാൾ മെച്ചമായി ഒന്നുമില്ല.—സങ്കീർത്തനം 5:12; സുഭാഷിതങ്ങൾ 12:2; പിൻകുറിപ്പ് 2 കാണുക.
11 എളുപ്പമായിരിക്കുമ്പോഴോ നിവൃത്തിയില്ലാതെ വരുമ്പോഴോ മാത്രമല്ല നമ്മൾ യഹോവയെ അനുസരിക്കുന്നത്. ഏതൊക്കെ നിയമങ്ങളും തത്ത്വങ്ങളും അനുസരിക്കണമെന്നും ഏതൊക്കെ അനുസരിക്കേണ്ടെന്നും നമ്മൾ തരം തിരിക്കാറില്ല. (ആവർത്തനം 12:32) പകരം, എല്ലാ നിയമങ്ങളും തത്ത്വങ്ങളും നമ്മൾ അനുസരിക്കുന്നു. സങ്കീർത്തനക്കാരൻ പറഞ്ഞ പിൻവരുന്ന വാക്കുകളോടു നമ്മൾ യോജിക്കുന്നു: “അങ്ങയുടെ കല്പനകളെ ഞാൻ പ്രിയപ്പെടുന്നു; അതെ, അവയെ ഞാൻ സ്നേഹിക്കുന്നു.” (സങ്കീർത്തനം 119:47; റോമർ 6:17) യഹോവ പറഞ്ഞ എല്ലാ കാര്യങ്ങളും ചെയ്തുകൊണ്ട് യഹോവയെ സ്നേഹിച്ച നോഹയെപ്പോലെയായിരിക്കാനാണു നമ്മൾ ആഗ്രഹിക്കുന്നത്. യഹോവ പറഞ്ഞതെല്ലാം “അങ്ങനെതന്നെ ചെയ്തു” എന്നാണു നോഹയെക്കുറിച്ച് ബൈബിൾ പറയുന്നത്. (ഉൽപത്തി 6:22) നിങ്ങളെക്കുറിച്ചും യഹോവ ഇങ്ങനെ പറഞ്ഞുകേൾക്കാനല്ലേ നിങ്ങളും ആഗ്രഹിക്കുന്നത്?
12. നമുക്ക് എങ്ങനെ യഹോവയെ സന്തോഷിപ്പിക്കാം?
12 നമ്മൾ യഹോവയെ അനുസരിക്കുമ്പോൾ യഹോവയ്ക്ക് എന്തു തോന്നും? അത് യഹോവയുടെ ‘ഹൃദയത്തെ സന്തോഷിപ്പിക്കും.’ (സുഭാഷിതങ്ങൾ 11:20; 27:11) അതെക്കുറിച്ചൊന്നു ചിന്തിച്ചുനോക്കൂ. നമ്മൾ അനുസരിക്കുമ്പോൾ ഈ പ്രപഞ്ചത്തിന്റെ സ്രഷ്ടാവിനെയാണു നമ്മൾ സന്തോഷിപ്പിക്കുന്നത്! എന്നാൽ അനുസരിക്കാൻ ദൈവം നമ്മളെ നിർബന്ധിക്കാറില്ല. ദൈവം നമുക്ക് ഇച്ഛാസ്വാതന്ത്ര്യം തന്നിട്ടുണ്ട്. അതുകൊണ്ട് ശരി ചെയ്യണോ വേണ്ടയോ എന്നു നമുക്കുതന്നെ തീരുമാനിക്കാം. എന്നാൽ യഹോവ ആഗ്രഹിക്കുന്നത് തന്നോടുള്ള സ്നേഹത്തെപ്രതി നമ്മൾ നല്ല തീരുമാനങ്ങൾ എടുത്ത് ഏറ്റവും നല്ല രീതിയിൽ ജീവിക്കണമെന്നാണ്.—ആവർത്തനം 30:15,16, 19, 20; പിൻകുറിപ്പ് 3 കാണുക.
“ദൈവത്തിന്റെ കല്പനകൾ ഒരു ഭാരമല്ല”
13, 14. ദൈവത്തിന്റെ കല്പനകൾ അനുസരിക്കാൻ വലിയ ബുദ്ധിമുട്ടില്ലെന്നു നമുക്ക് എങ്ങനെ അറിയാം? ഉദാഹരണം പറയുക.
13 യഹോവയുടെ കല്പനകൾ അനുസരിക്കാൻ പ്രയാസമുള്ളതാണെന്നോ അതു നമ്മുടെ സ്വാതന്ത്ര്യം കളയുമെന്നോ തോന്നുന്നെങ്കിലോ? ബൈബിൾ വ്യക്തമായും പറയുന്നത് “ദൈവത്തിന്റെ കല്പനകൾ ഒരു ഭാരമല്ല” എന്നാണ്. (1 യോഹന്നാൻ 5:3) മറ്റു തിരുവെഴുത്തുഭാഗങ്ങളിൽ ‘ഭാരം’ എന്ന ഈ വാക്ക് അനാവശ്യമായ നിയമങ്ങളെ കുറിക്കാൻ ഉപയോഗിച്ചിരിക്കുന്നു. അതുപോലെതന്നെ മറ്റുള്ളവരെ അടക്കിഭരിക്കാൻ ശ്രമിക്കുന്ന ക്രൂരരായ ആളുകളെ കുറിക്കാനും ഉപയോഗിച്ചിട്ടുണ്ട്. (മത്തായി 23:4; പ്രവൃത്തികൾ 20:29, 30) എന്നാൽ യഹോവയുടെ കല്പനകൾ “ഭാരമല്ല,” അതായത് അവ അനുസരിക്കാൻ വലിയ ബുദ്ധിമുട്ടില്ല. എപ്പോഴും ന്യായമായ കാര്യങ്ങളേ ദൈവം നമ്മളിൽനിന്ന് പ്രതീക്ഷിക്കുന്നുള്ളൂ.
14 ഉദാഹരണത്തിന്, നിങ്ങളുടെ സുഹൃത്തിനെ വീടു മാറാൻ നിങ്ങൾ സഹായിക്കുകയാണെന്നു കരുതുക. അയാൾ സാധനങ്ങളെല്ലാം പെട്ടികളിൽ ആക്കിയിട്ടുണ്ട്. ചില പെട്ടികൾ ചെറുതാണ്. അതുകൊണ്ട് അത് എടുത്തുകൊണ്ട് പോകാൻ വലിയ ബുദ്ധിമുട്ടില്ല. എന്നാൽ മറ്റു ചിലതിനു നല്ല ഭാരമുണ്ട്. അത് എടുത്തുകൊണ്ട് പോകണമെങ്കിൽ രണ്ടു പേരെങ്കിലും വേണം. ഭാരമുള്ള പെട്ടികൾ നിങ്ങൾ തനിയെ എടുത്തുകൊണ്ടുവരാൻ സുഹൃത്ത് ആവശ്യപ്പെടുമോ? ഒരിക്കലുമില്ല! എന്തുകൊണ്ട്? കാരണം, നിങ്ങൾ അങ്ങനെ കഷ്ടപ്പെടാൻ സുഹൃത്ത് ആഗ്രഹിക്കുന്നില്ല. അതുപോലെ, നിങ്ങൾക്കു വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യവും ചെയ്യാൻ യഹോവയും നിങ്ങളോട് ഒരിക്കലും ആവശ്യപ്പെടില്ല. (ആവർത്തനം 30:11-14) നമ്മുടെ കഴിവുകളും കുറവുകളും യഹോവയ്ക്ക് അറിയാം. ബൈബിൾ പറയുന്നു: “നമ്മെ ഉണ്ടാക്കിയിരിക്കുന്നത് എങ്ങനെയെന്നു ദൈവത്തിനു നന്നായി അറിയാം; നാം പൊടിയെന്നു ദൈവം ഓർക്കുന്നു.”—സങ്കീർത്തനം 103:14.
15. യഹോവയുടെ കല്പനകളെല്ലാം നമ്മുടെ നന്മയ്ക്കാണെന്ന് ഉറപ്പുണ്ടായിരിക്കാവുന്നത് എന്തുകൊണ്ട്?
15 മോശ ഇസ്രായേൽ ജനത്തോടു പറഞ്ഞത്, അവർ യഹോവയുടെ കല്പനകൾ അനുസരിക്കുകയാണെങ്കിൽ അവർക്ക് ‘എല്ലാ കാലത്തും നന്മ വരുമെന്നും’ അവർ ‘ജീവനോടിരിക്കുമെന്നും’ ആണ്. (ആവർത്തനം 5:28-33; 6:24) ഇന്നും അതു സത്യമാണ്. യഹോവ എന്ത് ആവശ്യപ്പെട്ടാലും അതു ചെയ്യുന്നതു നമുക്കു ഗുണം ചെയ്യും. (യശയ്യ 48:17 വായിക്കുക.) നമുക്ക് ഏറ്റവും നല്ലത് എന്താണെന്നു നമ്മുടെ പിതാവായ യഹോവയ്ക്ക് അറിയാം. (റോമർ 11:33) “ദൈവം സ്നേഹമാണ് ” എന്നു ബൈബിൾ പറയുന്നു. (1 യോഹന്നാൻ 4:8) അതായത്, യഹോവ എന്തു പറഞ്ഞാലും ചെയ്താലും അതു സ്നേഹത്താൽ പ്രേരിതമായായിരിക്കും.
16. യഹോവയെ അനുസരിക്കാൻ നമുക്കു സാധിക്കുമെന്നു പറയുന്നത് എന്തുകൊണ്ട്?
16 ദൈവത്തെ അനുസരിക്കാൻ എപ്പോഴും അത്ര എളുപ്പമല്ല. ഒരു കാരണം, നമ്മൾ ജീവിക്കുന്നതു പിശാച് ഭരിക്കുന്ന ഒരു ദുഷ്ടലോകത്താണ്. ആളുകളെക്കൊണ്ട് തെറ്റു ചെയ്യിക്കാനാണ് അവൻ ശ്രമിക്കുന്നത്. (1 യോഹന്നാൻ 5:19) കൂടാതെ അപൂർണരായതുകൊണ്ട് ദൈവത്തിന് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യാനാണു നമുക്കു തോന്നുക. അതുകൊണ്ട് നമ്മുടെ ചിന്തകളും വികാരങ്ങളും ആയി നമുക്കു സ്ഥിരം ഒരു പോരാട്ടമുണ്ട്. (റോമർ 7:21-25) എന്നാൽ യഹോവയോടുള്ള സ്നേഹം ശരി ചെയ്യാനുള്ള ശക്തി പകരുന്നു. യഹോവയെ അനുസരിക്കാനുള്ള നമ്മുടെ ശ്രമങ്ങൾ കാണുമ്പോൾ, യഹോവ തന്റെ ശക്തമായ പരിശുദ്ധാത്മാവിനെ നൽകും. (1 ശമുവേൽ 15:22, 23; പ്രവൃത്തികൾ 5:32) നമ്മൾ പരിശുദ്ധാത്മാവിന്റെ ഗുണങ്ങൾ വളർത്തുമ്പോൾ യഹോവയെ അനുസരിക്കുന്നത് എളുപ്പമായിത്തീരും.—ഗലാത്യർ 5:22, 23.
17, 18. (എ) ഈ പുസ്തകത്തിൽനിന്ന് എന്തു പഠിക്കും? (ബി) അടുത്ത അധ്യായത്തിൽ നമ്മൾ എന്താണു ചർച്ച ചെയ്യാൻ പോകുന്നത്?
17 യഹോവയ്ക്ക് ഇഷ്ടമുള്ള വിധത്തിൽ എങ്ങനെ ജീവിക്കാമെന്ന് ഈ പുസ്തകത്തിൽനിന്ന് നമ്മൾ പഠിക്കും. ദൈവത്തിന്റെ തത്ത്വങ്ങൾ എങ്ങനെ ബാധകമാക്കാമെന്നും ദൈവത്തിന്റെ ധാർമികനിലവാരങ്ങൾക്കു ചേർച്ചയിൽ എങ്ങനെ പ്രവർത്തിക്കാമെന്നും നമ്മൾ പഠിക്കും. ദൈവം തന്നെ അനുസരിക്കാൻ ആരെയും ഒരിക്കലും നിർബന്ധിക്കുന്നില്ലെന്ന കാര്യം ഓർക്കുക. നമ്മൾ മനസ്സോടെ അനുസരിക്കുകയാണെങ്കിൽ നമ്മുടെ ജീവിതം മെച്ചപ്പെടും, ഭാവി ശോഭനമായിരിക്കും. ഏറ്റവും പ്രധാനമായി, നമ്മൾ ദൈവത്തെ അനുസരിക്കുമ്പോൾ ദൈവത്തെ നമ്മൾ എത്രത്തോളം സ്നേഹിക്കുന്നെന്നാണു കാണിക്കുന്നത്.—പിൻകുറിപ്പ് 4 കാണുക.
18 ശരിയും തെറ്റും തിരിച്ചറിയാനായി യഹോവ നമുക്കെല്ലാം മനസ്സാക്ഷി തന്നിട്ടുണ്ട്. മനസ്സാക്ഷിയെ നമ്മൾ പരിശീലിപ്പിക്കുകയാണെങ്കിൽ ‘ദൈവത്തിന്റെ കല്പനകൾ അനുസരിക്കാൻ’ അതു നമ്മളെ സഹായിക്കും. എന്നാൽ മനസ്സാക്ഷി എന്നു പറഞ്ഞാൽ എന്താണ്? എങ്ങനെയാണ് അതിനെ പരിശീലിപ്പിക്കുക? നമുക്കു നോക്കാം.