അധ്യായം 17
ദൈവസ്നേഹത്തിൽ നിലനിൽക്കുക
‘നിങ്ങളുടെ അതിവിശുദ്ധമായ വിശ്വാസത്തിന്മേൽ നിങ്ങളെത്തന്നെ പണിതുയർത്തിക്കൊണ്ട് എന്നും ദൈവസ്നേഹത്തിൽ നിലനിൽക്കുക.’—യൂദ 20, 21.
1, 2. ദൈവസ്നേഹത്തിൽ നിലനിൽക്കാൻ നമുക്ക് എന്തു ചെയ്യാൻ കഴിയും?
നമ്മളെല്ലാവരും നല്ല ആരോഗ്യമുള്ളവരായിരിക്കാൻ ആഗ്രഹിക്കുന്നു. അതുകൊണ്ട് നല്ല ഭക്ഷണം കഴിക്കാനും പതിവായി വ്യായാമം ചെയ്യാനും ശരീരം നോക്കാനും നമ്മൾ ശ്രദ്ധിക്കുന്നു. ഇതിനു ശ്രമം ആവശ്യമാണെങ്കിലും പ്രയോജനമുള്ള കാര്യമാണ്. അതുകൊണ്ട് നമ്മൾ മടുത്ത് പിന്മാറില്ല. മറ്റൊരു കാര്യത്തിലും നമ്മൾ ആരോഗ്യമുള്ളവരായിരിക്കണം.
2 യഹോവയെ അറിയാൻ തുടങ്ങിയപ്പോൾ ഉണ്ടായിരുന്ന അതേ ഉത്സാഹംതന്നെ യഹോവയുമായുള്ള ബന്ധം ശക്തമാക്കി നിറുത്തുന്നതിലും നമുക്കുണ്ടായിരിക്കണം. ‘എന്നും ദൈവസ്നേഹത്തിൽ നിലനിൽക്കാൻ’ ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിച്ചപ്പോൾ അത് എങ്ങനെ ചെയ്യാമെന്നും യൂദ പറഞ്ഞു. ‘നിങ്ങളുടെ അതിവിശുദ്ധമായ വിശ്വാസത്തിന്മേൽ നിങ്ങളെത്തന്നെ പണിതുയർത്തുക’ എന്നാണ് അദ്ദേഹം പറഞ്ഞത്. (യൂദ 20, 21) നമുക്ക് എങ്ങനെ ശക്തമായ വിശ്വാസം പണിതുയർത്താം?
വിശ്വാസം പണിതുയർത്തുക
3-5. (എ) യഹോവയുടെ നിലവാരങ്ങളെ നിങ്ങൾ എങ്ങനെ കാണാനാണു സാത്താൻ ആഗ്രഹിക്കുന്നത്? (ബി) യഹോവയുടെ നിയമങ്ങളെയും തത്ത്വങ്ങളെയും കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നു?
3 യഹോവയുടെ വഴികളാണു മികച്ചതെന്നു നിങ്ങൾക്കു ബോധ്യം വരേണ്ടതു പ്രധാനമാണ്. ദൈവത്തിന്റെ നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കാൻ വളരെ ബുദ്ധിമുട്ടാണെന്നും ശരിയും തെറ്റും സ്വയം തീരുമാനിച്ചാൽ കൂടുതൽ സന്തോഷം കിട്ടുമെന്നും നമ്മൾ ചിന്തിക്കാനാണു സാത്താൻ ആഗ്രഹിക്കുന്നത്. ഏദെനിൽവെച്ചുതന്നെ മനുഷ്യരെ ഈ വിധത്തിൽ ചിന്തിപ്പിക്കാൻ സാത്താൻ പരിശ്രമിച്ചു. (ഉൽപത്തി 3:1-6) അന്നുമുതൽ ഇന്നുവരെ അതുതന്നെയാണു സാത്താന്റെ ശ്രമം.
4 സാത്താൻ പറയുന്നതു ശരിയാണോ? യഹോവയുടെ നിലവാരങ്ങൾ വളരെ കർക്കശമാണോ? അല്ല. ഇതു മനസ്സിലാക്കാൻ ഇങ്ങനെ ചിന്തിക്കുക. നിങ്ങൾ ഒരു മനോഹരമായ പാർക്കിലൂടെ നടക്കുകയാണ്. കുറച്ച് ഭാഗം ഒരു ഉയർന്ന കമ്പിവേലികൊണ്ട് കെട്ടിത്തിരിച്ചിരിക്കുന്നതു നിങ്ങൾ കാണുന്നു. ‘ഇത് എന്തിനാണ് ഇവിടെ ഈ വേലി’ എന്നു നിങ്ങൾ ചിന്തിച്ചേക്കാം. പെട്ടെന്നുതന്നെ വേലിക്ക് അപ്പുറത്തുനിന്ന് ഒരു സിംഹത്തിന്റെ ഗർജനം നിങ്ങൾ കേൾക്കുന്നു. ഇപ്പോഴാണു നിങ്ങൾക്ക് ആ വേലിയുടെ ‘വില’ മനസ്സിലാകുന്നത്. സിംഹത്തിന്റെ വായിൽനിന്ന് നിങ്ങളെ രക്ഷിച്ചത് ആ കമ്പിവേലിയാണ്. യഹോവയുടെ തത്ത്വങ്ങൾ ആ കമ്പിവേലിപോലെയാണ്, പിശാച് ആ സിംഹംപോലെയും. ദൈവവചനം നമുക്ക് ഈ മുന്നറിയിപ്പു നൽകുന്നു: “സുബോധമുള്ളവരായിരിക്കുക; ജാഗ്രതയോടിരിക്കുക! നിങ്ങളുടെ എതിരാളിയായ പിശാച് അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങണം എന്നു നോക്കി ചുറ്റിനടക്കുന്നു.”—1 പത്രോസ് 5:8.
5 നമ്മൾ ഏറ്റവും നല്ല രീതിയിൽ ജീവിക്കാനാണ് യഹോവ ആഗ്രഹിക്കുന്നത്. സാത്താൻ നമ്മളെ വഞ്ചിക്കാൻ യഹോവ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണു നമ്മളെ സംരക്ഷിക്കാനും നമ്മൾ സന്തുഷ്ടരായിരിക്കാനും നിയമങ്ങളും തത്ത്വങ്ങളും യഹോവ നൽകിയിരിക്കുന്നത്. (എഫെസ്യർ 6:11) ‘സ്വാതന്ത്ര്യം നൽകുന്ന തികവുറ്റ നിയമത്തിൽ സൂക്ഷിച്ചുനോക്കി അതിൽ തുടരുന്നയാൾ, താൻ ചെയ്യുന്ന കാര്യത്തിൽ സന്തോഷിക്കും’ എന്ന് യാക്കോബ് എഴുതി.—യാക്കോബ് 1:25.
6. ദൈവത്തിന്റെ വഴികളാണ് ഏറ്റവും മികച്ചതെന്നു ബോധ്യമാകാൻ നമുക്ക് എന്തു ചെയ്യാം?
6 നമ്മൾ യഹോവയുടെ നിർദേശങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിച്ചാൽ നമ്മുടെ ജീവിതം മെച്ചപ്പെടും, യഹോവയുമായുള്ള സൗഹൃദം ശക്തമാകും. ഉദാഹരണത്തിന്, കൂടെക്കൂടെ പ്രാർഥിക്കാനുള്ള ദൈവത്തിന്റെ നിർദേശം അനുസരിക്കുമ്പോൾ നമുക്കു പ്രയോജനം കിട്ടാറില്ലേ? (മത്തായി 6:5-8; 1 തെസ്സലോനിക്യർ 5:17) യഹോവ നൽകിയിരിക്കുന്ന മറ്റൊരു നിർദേശമാണ് ആരാധിക്കുന്നതിനും അന്യോന്യം പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി കൂടിവരുക എന്നത്. അതുപോലെ ശുശ്രൂഷയിൽ നന്നായി ഏർപ്പെടുന്നതിനും മറ്റുള്ളവരെ പഠിപ്പിക്കുന്നതിനും യഹോവ കല്പിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ നമ്മൾ അനുസരിക്കുമ്പോൾ നമുക്കു സന്തോഷം തോന്നാറില്ലേ? (മത്തായി 28:19, 20; ഗലാത്യർ 6:2; എബ്രായർ 10:24, 25) ഇവയെല്ലാം നമ്മുടെ വിശ്വാസം ശക്തമാക്കി നിറുത്തുന്നത് എങ്ങനെയെന്നു ചിന്തിച്ചാൽ യഹോവയുടെ വഴികളാണ് ഏറ്റവും മികച്ചതെന്നു നമുക്കു ബോധ്യമാകും.
7, 8. ഭാവിയിൽ വരാൻപോകുന്ന പരിശോധനകളെക്കുറിച്ച് ഓർത്ത് ഉത്കണ്ഠപ്പെടാതിരിക്കാൻ നിങ്ങളെ എന്തു സഹായിക്കും?
7 ഭാവിയിൽ വിശ്വാസത്തിന്റെ വലിയ പരിശോധന വരുമോ എന്ന് ഓർത്ത് നമ്മൾ ഉത്കണ്ഠപ്പെട്ടേക്കാം. നിങ്ങൾക്ക് എപ്പോഴെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ടെങ്കിൽ യഹോവയുടെ ഈ വാക്കുകൾ ഓർക്കുക: “ഇസ്രായേലിന്റെ പരിശുദ്ധനും നിന്റെ വീണ്ടെടുപ്പുകാരനും ആയ യഹോവ പറയുന്നു: ‘നിന്റെ പ്രയോജനത്തിനായി നിന്നെ പഠിപ്പിക്കുകയും പോകേണ്ട വഴിയിലൂടെ നിന്നെ നടത്തുകയും ചെയ്യുന്ന, യഹോവ എന്ന ഞാനാണു നിന്റെ ദൈവം. നീ എന്റെ കല്പനകൾ അനുസരിച്ചാൽ എത്ര നന്നായിരിക്കും! അപ്പോൾ നിന്റെ സമാധാനം നദിപോലെയും നിന്റെ നീതി സമുദ്രത്തിലെ തിരമാലകൾപോലെയും ആയിത്തീരും.’”—യശയ്യ 48:17, 18.
8 നമ്മൾ യഹോവയെ അനുസരിക്കുമ്പോൾ നമ്മുടെ സമാധാനം വറ്റാത്ത നദിപോലെയും നീതി നിലയ്ക്കാത്ത തിരമാലകൾപോലെയും ആയിരിക്കും. ജീവിതത്തിൽ എന്തെല്ലാം സംഭവിച്ചാലും നമുക്കു വിശ്വസ്തരായിരിക്കാൻ കഴിയും. ബൈബിൾ ഈ ഉറപ്പു നൽകുന്നു: “നിന്റെ ഭാരം യഹോവയുടെ മേൽ ഇടുക. ദൈവം നിന്നെ പുലർത്തും. നീതിമാൻ വീണുപോകാൻ ദൈവം ഒരിക്കലും അനുവദിക്കില്ല.”—സങ്കീർത്തനം 55:22.
‘പക്വതയിലേക്കു വളരുക’
9, 10. പക്വതയുണ്ടായിരിക്കുക എന്നാൽ എന്താണ്?
9 യഹോവയുമായുള്ള നിങ്ങളുടെ ബന്ധം ശക്തമാക്കുമ്പോൾ നിങ്ങൾ ‘പക്വതയിലേക്കു വളരും.’ (എബ്രായർ 6:1) പക്വതയുണ്ടായിരിക്കുക എന്നു പറഞ്ഞാൽ എന്താണ്?
10 പ്രായം കൂടിയെന്നു കരുതി നമ്മൾ പക്വതയുള്ള ക്രിസ്ത്യാനികളാകണമെന്നില്ല. പക്വത നേടാൻ യഹോവയെ നമ്മുടെ അടുത്ത സുഹൃത്താക്കുകയും കാര്യങ്ങൾ യഹോവ കാണുന്നതുപോലെ കാണുകയും വേണം. (യോഹന്നാൻ 4:23) പൗലോസ് ഇങ്ങനെ എഴുതി: “ജഡത്തെ അനുസരിച്ച് ജീവിക്കുന്നവർ ജഡത്തിന്റെ കാര്യങ്ങളിലും ആത്മാവിനെ അനുസരിച്ച് ജീവിക്കുന്നവർ ആത്മാവിന്റെ കാര്യങ്ങളിലും മനസ്സു പതിപ്പിക്കുന്നു.” (റോമർ 8:5) ജീവിതസുഖങ്ങളിലോ വസ്തുവകകളിലോ ആയിരിക്കില്ല പക്വതയുള്ള ഒരു വ്യക്തിയുടെ ശ്രദ്ധ, പകരം യഹോവയെ സേവിക്കുന്നതിലും ജീവിതത്തിൽ നല്ല തിരഞ്ഞെടുപ്പുകൾ നടത്തുന്നതിലും ആയിരിക്കും. (സുഭാഷിതങ്ങൾ 27:11; യാക്കോബ് 1:2, 3 വായിക്കുക.) അദ്ദേഹം മനഃപൂർവം ഒരു തെറ്റിലേക്കു നീങ്ങുകയുമില്ല. പക്വതയുള്ള ഒരു വ്യക്തിക്കു ശരി എന്താണെന്ന് അറിയാം. അതു ചെയ്യാൻ അദ്ദേഹം ദൃഢചിത്തനുമായിരിക്കും.
11, 12. (എ) ഒരു ക്രിസ്ത്യാനിയുടെ “വിവേചനാപ്രാപ്തി”യെക്കുറിച്ച് പൗലോസ് എന്താണു പറഞ്ഞത്? (ബി) പക്വതയുള്ള ഒരു ക്രിസ്ത്യാനിയാകുന്നതും ഒരു കായികതാരമാകുന്നതും തമ്മിൽ എന്തു സമാനതയുണ്ട്?
11 പക്വത പ്രാപിക്കാൻ ശ്രമം ആവശ്യമാണ്. അപ്പോസ്തലനായ പൗലോസ് എഴുതി: “കട്ടിയായ ആഹാരം, ശരിയും തെറ്റും വേർതിരിച്ചറിയാനായി തങ്ങളുടെ വിവേചനാപ്രാപ്തിയെ ഉപയോഗത്തിലൂടെ പരിശീലിപ്പിച്ച മുതിർന്നവർക്കുള്ളതാണ്.” (എബ്രായർ 5:14) “പരിശീലിപ്പിച്ച” എന്ന വാക്ക് ഒരു കായികതാരത്തിന്റെ പരിശീലനത്തെക്കുറിച്ച് നമ്മളെ ഓർമിപ്പിച്ചേക്കാം.
12 നല്ല കഴിവുള്ള ഒരു കായികതാരമാകാൻ ഒരുപാടു സമയവും പരിശീലനവും വേണ്ടിവരുമെന്നു നമുക്ക് അറിയാം. ആരും ഒരു കായികതാരമായിട്ടല്ല ജനിക്കുന്നത്. ഒരു കുഞ്ഞ് ജനിക്കുമ്പോൾ കൈകാലുകൾ എങ്ങനെ കൃത്യമായി ചലിപ്പിക്കണമെന്ന് അതിന് അറിയില്ല. എന്നാൽ പതിയെപ്പതിയെ, സാധനങ്ങൾ എങ്ങനെ പിടിക്കണമെന്നും എങ്ങനെ നടക്കണമെന്നും ആ കുഞ്ഞ് പഠിക്കും. പരിശീലനത്തിലൂടെ അവനു നല്ലൊരു കായികതാരമാകാം. ഇതുപോലെ പക്വതയുള്ള ക്രിസ്ത്യാനികളാകാൻ നമുക്കും സമയവും പരിശീലനവും ആവശ്യമാണ്.
13. യഹോവ ചിന്തിക്കുന്നതുപോലെ ചിന്തിക്കാൻ നമ്മളെ എന്തു സഹായിക്കും?
13 യഹോവ ചിന്തിക്കുന്നതുപോലെ ചിന്തിക്കാനും യഹോവ വീക്ഷിക്കുന്നതുപോലെ കാര്യങ്ങളെ വീക്ഷിക്കാനും എങ്ങനെ കഴിയും എന്ന് ഈ പുസ്തകത്തിൽനിന്ന് നമ്മൾ പഠിച്ചു. കൂടാതെ, യഹോവയുടെ നിലവാരങ്ങളെ സ്നേഹിക്കാനും വിലമതിക്കാനും നമ്മൾ പഠിച്ചു. തീരുമാനങ്ങൾ എടുക്കുമ്പോൾ നമ്മൾ സ്വയം ഇങ്ങനെ ചോദിക്കുന്നു: ‘ഈ സാഹചര്യത്തിൽ ബൈബിളിലെ ഏതു നിയമം അല്ലെങ്കിൽ തത്ത്വം ആണ് ബാധകമാക്കേണ്ടത്? എനിക്ക് അത് എങ്ങനെ ബാധകമാക്കാം? ഞാൻ എന്തു ചെയ്യാനാണ് യഹോവ ആഗ്രഹിക്കുന്നത്?’—സുഭാഷിതങ്ങൾ 3:5, 6; യാക്കോബ് 1:5 വായിക്കുക.
14. വിശ്വാസം വളർത്തിയെടുക്കാൻ നമ്മൾ എന്തു ചെയ്യണം?
14 യഹോവയിലുള്ള വിശ്വാസത്തിൽ നമ്മൾ വളർന്നുകൊണ്ടേയിരിക്കണം. പോഷകാഹാരം കഴിക്കുന്നതു ശരീരം കരുത്തുറ്റതാക്കാൻ സഹായിക്കുന്നതുപോലെ യഹോവയെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുന്നതു ശക്തമായ വിശ്വാസം വളർത്തിയെടുക്കാൻ നമ്മളെ സഹായിക്കും. നമ്മൾ ബൈബിൾ പഠിക്കാൻ തുടങ്ങിയപ്പോൾ യഹോവയെയും യഹോവയുടെ വഴികളെയും കുറിച്ചുള്ള അടിസ്ഥാനസത്യങ്ങൾ മനസ്സിലാക്കി. എന്നാൽ കാലം കടന്നുപോകുമ്പോൾ ആഴമേറിയ കാര്യങ്ങൾ നമ്മൾ പഠിക്കണം. “കട്ടിയായ ആഹാരം . . . മുതിർന്നവർക്കുള്ളതാണ് ” എന്നു പറഞ്ഞപ്പോൾ പൗലോസ് ഉദ്ദേശിച്ചത് അതാണ്. പഠിച്ച കാര്യങ്ങൾ അനുസരിക്കുമ്പോഴാണു നമ്മൾ ജ്ഞാനികളാകുന്നത്. “ജ്ഞാനമാണ് ഏറ്റവും പ്രധാനം” എന്നു ബൈബിൾ പറയുന്നു.—സുഭാഷിതങ്ങൾ 4:5-7; 1 പത്രോസ് 2:2.
15. നമ്മൾ യഹോവയെയും നമ്മുടെ സഹോദരീസഹോദരന്മാരെയും സ്നേഹിക്കേണ്ടത് എത്ര പ്രധാനമാണ്?
15 ഒരു വ്യക്തി നല്ല ആരോഗ്യവാനും ശക്തനും ആയിരിക്കാം. എന്നാൽ എന്നും അങ്ങനെയായിരിക്കണമെങ്കിൽ ശരീരം നല്ലതുപോലെ പരിപാലിക്കണമെന്ന് അദ്ദേഹത്തിന് അറിയാം. സമാനമായി, യഹോവയുമായി ശക്തമായ ഒരു ബന്ധം നിലനിറുത്താൻ കഠിനാധ്വാനം ചെയ്യണമെന്നു പക്വതയുള്ള ഒരു വ്യക്തിക്ക് അറിയാം. പൗലോസ് നമ്മളെ ഇങ്ങനെ ഓർമിപ്പിക്കുന്നു: “നിങ്ങൾ വിശ്വാസത്തിൽത്തന്നെയാണോ എന്നു പരിശോധിച്ചുകൊണ്ടിരിക്കണം. നിങ്ങൾ എങ്ങനെയുള്ളവരാണെന്ന് എപ്പോഴും പരീക്ഷിച്ച് ഉറപ്പുവരുത്തുക.” (2 കൊരിന്ത്യർ 13:5) എന്നാൽ ശക്തമായ വിശ്വാസം മാത്രം പോരാ. യഹോവയോടും നമ്മുടെ സഹോദരീസഹോദരന്മാരോടും ഉള്ള സ്നേഹം കൂടിക്കൂടി വരണം. പൗലോസ് പറഞ്ഞു: “എനിക്ക് . . . അറിവോ പർവതങ്ങളെപ്പോലും നീക്കാൻ തക്ക വിശ്വാസമോ ഒക്കെയുണ്ടെങ്കിലും സ്നേഹമില്ലെങ്കിൽ ഞാൻ ഒന്നുമല്ല.”—1 കൊരിന്ത്യർ 13:1-3.
പ്രത്യാശയിൽ കണ്ണു പതിപ്പിക്കുക
16. നമ്മൾ എന്തു ചിന്തിക്കാനാണു സാത്താൻ ആഗ്രഹിക്കുന്നത്?
16 യഹോവയെ സന്തോഷിപ്പിക്കാൻ നമുക്ക് ഒരിക്കലും കഴിയില്ലെന്നു നമ്മളെ ചിന്തിപ്പിക്കാനാണു സാത്താൻ ശ്രമിക്കുന്നത്. നമ്മൾ നിരുത്സാഹപ്പെട്ടുപോകാനും നമ്മുടെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരവുമില്ലെന്നു ചിന്തിക്കാനും അവൻ ആഗ്രഹിക്കുന്നു. നമ്മുടെ സഹോദരങ്ങളെ വിശ്വസിക്കാൻ കൊള്ളില്ലെന്നാണു സാത്താന്റെ വാദം. അങ്ങനെ നമ്മുടെ സന്തോഷം കെടുത്തിക്കളയാൻ അവൻ ആഗ്രഹിക്കുന്നു. (എഫെസ്യർ 2:2) നിഷേധചിന്തകൾക്കു നമ്മളെയും യഹോവയുമായുള്ള നമ്മുടെ ബന്ധത്തെയും അപകടത്തിലാക്കാനാകുമെന്നും സാത്താന് അറിയാം. പക്ഷേ ഇത്തരം ചിന്തകളെ മറികടക്കാൻ സഹായിക്കുന്ന ഒന്ന് യഹോവ നമുക്കു തന്നിട്ടുണ്ട്—പ്രത്യാശ.
17. പ്രത്യാശ എത്ര പ്രധാനമാണ്?
17 യുദ്ധക്കളത്തിൽ ഒരു പടയാളിയുടെ തല സംരക്ഷിക്കുന്ന പടത്തൊപ്പിയോടാണു നമ്മുടെ പ്രത്യാശയെ 1 തെസ്സലോനിക്യർ 5:8 താരതമ്യം ചെയ്തിരിക്കുന്നത്. ആ വാക്യത്തിൽ അതിനെ “രക്ഷയുടെ പ്രത്യാശ” എന്നു വിളിച്ചിരിക്കുന്നു. യഹോവയുടെ വാഗ്ദാനങ്ങളിൽ പ്രത്യാശ വെക്കുന്നതു നമ്മുടെ മനസ്സിനെ സംരക്ഷിക്കും. കൂടാതെ, നിഷേധചിന്തകളെ ചെറുത്തുനിൽക്കാനും സഹായിക്കും.
18, 19. പ്രത്യാശ യേശുവിനെ ശക്തനാക്കിയത് എങ്ങനെ?
18 പ്രത്യാശ യേശുവിനെ ശക്തനാക്കി. മരണത്തിന്റെ തലേരാത്രി യേശുവിന് ഒന്നിനു പുറകെ ഒന്നായി വേദനാകരമായ സാഹചര്യങ്ങളെ നേരിടേണ്ടിവന്നു. അടുത്ത സുഹൃത്ത് ഒറ്റിക്കൊടുത്തു, മറ്റൊരു സുഹൃത്ത് അറിയുകപോലുമില്ലെന്നു പറഞ്ഞു, മറ്റുള്ളവർ യേശുവിനെ ഉപേക്ഷിച്ച് ഓടിപ്പോയി. സ്വന്തം നാട്ടുകാർപോലും യേശുവിന് എതിരെ ശബ്ദമുയർത്തുകയും യേശുവിനെ ക്രൂരമായി കൊല്ലാൻ ആവശ്യപ്പെടുകയും ചെയ്തു. ഈ വേദനാകരമായ സാഹചര്യങ്ങളിൽ പിടിച്ചുനിൽക്കാൻ യേശുവിനെ സഹായിച്ചത് എന്താണ്? “മുന്നിലുണ്ടായിരുന്ന സന്തോഷം ഓർത്ത് യേശു അപമാനം വകവെക്കാതെ ദണ്ഡനസ്തംഭത്തിലെ മരണം സഹിക്കുകയും ദൈവസിംഹാസനത്തിന്റെ വലതുഭാഗത്ത് ഇരിക്കുകയും ചെയ്തു.”—എബ്രായർ 12:2.
19 വിശ്വസ്തനായി നിന്നാൽ പിതാവിനെ മഹത്ത്വപ്പെടുത്താനും സാത്താൻ ഒരു നുണയാനാണെന്നു തെളിയിക്കാനും കഴിയുമെന്നു യേശുവിന് അറിയാമായിരുന്നു. ഈ പ്രത്യാശ യേശുവിനു വലിയ സന്തോഷം നൽകി. അധികം വൈകാതെ സ്വർഗത്തിലുള്ള തന്റെ പിതാവിനോടൊപ്പം വീണ്ടും ഒന്നിക്കാൻ കഴിയുമെന്നും യേശുവിന് അറിയാമായിരുന്നു. ഈ പ്രത്യാശ സഹിച്ചുനിൽക്കാൻ യേശുവിനെ സഹായിച്ചു. യേശുവിനെപ്പോലെ നമ്മളും നമ്മുടെ പ്രത്യാശയിൽ കണ്ണു പതിപ്പിക്കണം. അപ്പോൾ എന്തൊക്കെ സംഭവിച്ചാലും സഹിച്ചുനിൽക്കാൻ നമുക്കു കഴിയും.
20. ഒരു നല്ല മനോഭാവം നിലനിറുത്താൻ നമ്മളെ എന്തു സഹായിക്കും?
20 യഹോവ നിങ്ങളുടെ വിശ്വാസവും സഹനശക്തിയും കാണുന്നുണ്ട്. (യശയ്യ 30:18; മലാഖി 3:10 വായിക്കുക.) നമ്മുടെ “ഹൃദയാഭിലാഷങ്ങൾ സാധിച്ചുതരും” എന്നു ദൈവം ഉറപ്പു തന്നിരിക്കുന്നു. (സങ്കീർത്തനം 37:4) അതുകൊണ്ട് നിങ്ങളുടെ പ്രത്യാശയിൽ മനസ്സു പതിപ്പിക്കുക. പ്രത്യാശ കൈവെടിയാനും യഹോവയുടെ വാഗ്ദാനങ്ങൾ ഒരു കാലത്തും നടക്കില്ലെന്നു നിങ്ങൾ വിശ്വസിക്കാനും ആണ് സാത്താൻ ആഗ്രഹിക്കുന്നത്. എന്നാൽ നിഷേധചിന്തകൾ നിങ്ങളെ കീഴ്പെടുത്തരുത്. നിങ്ങളുടെ പ്രത്യാശ മങ്ങിപ്പോകുന്നതായി തോന്നുന്നെങ്കിൽ യഹോവയോടു സഹായം ചോദിക്കുക. ഫിലിപ്പിയർ 4:6, 7-ലെ ഈ വാക്കുകൾ ഓർക്കാം: “ഒന്നിനെക്കുറിച്ചും ഉത്കണ്ഠപ്പെടേണ്ടാ. കാര്യം എന്തായാലും പ്രാർഥനയിലൂടെയും ഉള്ളുരുകിയുള്ള യാചനയിലൂടെയും നിങ്ങളുടെ അപേക്ഷകൾ നന്ദിവാക്കുകളോടെ ദൈവത്തെ അറിയിക്കുക. അപ്പോൾ മനുഷ്യബുദ്ധിക്ക് അതീതമായ ദൈവസമാധാനം നിങ്ങളുടെ ഹൃദയത്തെയും മനസ്സിനെയും ക്രിസ്തുയേശു മുഖാന്തരം കാക്കും.”
21, 22. (എ) ഭൂമിയെക്കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യം എന്താണ്? (ബി) എന്താണു നിങ്ങളുടെ ഉറച്ച തീരുമാനം?
21 നമുക്കു മുന്നിലുള്ള മഹത്തായ ഭാവിയെക്കുറിച്ച് ധ്യാനിക്കാൻ ക്രമമായി സമയം നീക്കിവെക്കുക. എല്ലാവരും യഹോവയെ ആരാധിക്കുന്ന സമയം അടുത്തെത്തി. (വെളിപാട് 7:9, 14) പുതിയ ലോകത്തിലെ ജീവിതത്തെക്കുറിച്ച് ഒന്നു ചിന്തിക്കുക. നമുക്കു സങ്കല്പിക്കാൻ കഴിയുന്നതിനെക്കാളും മികച്ചതായിരിക്കും അത്. സാത്താനെയും അവന്റെ ഭൂതങ്ങളെയും നശിപ്പിക്കും. സകല ദുഷ്ടതയും അന്നു പൊയ്പോയിരിക്കും. നിങ്ങൾക്കു രോഗം വരില്ല, നിങ്ങൾ മരിക്കില്ല. ഓരോ ദിവസവും നല്ല ചുറുചുറുക്കോടും സന്തോഷത്തോടും കൂടി നിങ്ങൾ ഉണർന്നെണീക്കും. ഭൂമിയെ ഒരു പറുദീസയാക്കാൻ എല്ലാവരും ഒത്തുചേർന്ന് പ്രവർത്തിക്കും. എല്ലാവർക്കും നല്ല ഭക്ഷണവും താമസിക്കാൻ സുരക്ഷിതമായ ചുറ്റുപാടും അന്നുണ്ടായിരിക്കും. ആളുകൾ ക്രൂരരോ അക്രമികളോ ആയിരിക്കില്ല, പകരം പരസ്പരം ദയയോടെ ഇടപെടും. അവസാനം ഭൂമിയിലുള്ള എല്ലാ മനുഷ്യരും “ദൈവമക്കളുടെ മഹത്തായ സ്വാതന്ത്ര്യം” ആസ്വദിക്കും.—റോമർ 8:21.
22 നമ്മൾ യഹോവയെ ഉറ്റസുഹൃത്താക്കാൻ യഹോവ ആഗ്രഹിക്കുന്നു. അതുകൊണ്ട് യഹോവയെ അനുസരിക്കാൻ കഴിയുന്നതെല്ലാം ചെയ്യാം; ഓരോ ദിവസവും നമുക്ക് യഹോവയോട് അടുക്കാം. അങ്ങനെ നമുക്കെല്ലാം എന്നെന്നും ദൈവസ്നേഹത്തിൽ നിലനിൽക്കാം!—യൂദ 21.