വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവാഹദിനത്തിനു ശേഷം

വിവാഹദിനത്തിനു ശേഷം

അധ്യായം 3

വിവാഹദിനത്തിനു ശേഷം

1. സഭാപ്രസംഗി 4:9, 10-ൽ വർണ്ണിച്ചിരിക്കുന്ന തരത്തിലുളള സഹകരണത്തിന്‌ ഒരുവന്റെ വിവാഹത്തിനു പ്രയോജനം ചെയ്യാൻ കഴിയുന്നതെങ്ങനെ?

 നിങ്ങളുടെ വിവാഹം കഴിഞ്ഞിരിക്കുന്നു. നിങ്ങളും നിങ്ങളുടെ ഇണയും ഒരു പുതിയ കുടുംബഘടകമായി വാസമുറപ്പിക്കുകയാണ്‌. നിങ്ങളുടെ സന്തുഷ്ടി സമ്പൂർണ്ണമാണോ? നിങ്ങൾ മേലാൽ ഒററയ്‌ക്കല്ല, പിന്നെയോ വിശ്വാസമർപ്പിക്കുന്നതിനും നിങ്ങളുടെ സന്തോഷവും പ്രശ്‌നങ്ങളും കൂടെ പങ്കുവെക്കുന്നതിനും ഒരു സഖിയുണ്ട്‌. സഭാപ്രസംഗി 4:9, 10 നിങ്ങളുടെ സംഗതിയിൽ സത്യമാണെന്ന്‌ നിങ്ങൾ കണ്ടെത്തുന്നുവോ?—“ഇരുവർ ഒരുവനെക്കാൾ മെച്ചമാണ്‌, എന്തുകൊണ്ടെന്നാൽ അവരുടെ കഠിനവേലയ്‌ക്ക്‌ അവർക്ക്‌ ഒരു നല്ല പ്രതിഫലമുണ്ട്‌. എന്തെന്നാൽ അവരിൽ ഒരാൾ വീഴുകയാണെങ്കിൽ മറേറയാൾക്ക്‌ തന്റെ പങ്കാളിയെ എഴുന്നേൽപ്പിക്കാൻ കഴിയും. എന്നാൽ എഴുന്നേൽപ്പിക്കാൻ മറെറാരാൾ ഇല്ലാത്തപ്പോൾ വീഴുന്ന ഒരുവന്റെ ഗതി എന്താകും?” നിങ്ങളുടെ വിവാഹം ഇത്തരം സഹകരണത്താൽ തഴച്ചുവളരുന്നുണ്ടോ? രണ്ടു ജീവിതങ്ങളുടെ ഈ സന്തുഷ്ട സംയോജനത്തിന്‌ സാധാരണയായി കുറെ സമയവും ശ്രമവും ആവശ്യമാണ്‌. എന്നാൽ അനേകം വിവാഹങ്ങളിൽ ഇത്‌ ഒരിക്കലും സംഭവിക്കുന്നില്ലെന്ന്‌ പറയാൻ സങ്കടമുണ്ട്‌.

2, 3. (എ) വിവാഹദിനത്തിനുശേഷം ഏതു യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കേണ്ടതാണ്‌? (ബി) ഒരു വ്യക്തി വിവാഹിതനായശേഷം ക്രമീകരണങ്ങൾ ചെയ്യേണ്ടിവരുമെന്നു പ്രതീക്ഷിക്കുന്നത്‌ ന്യായം മാത്രമായിരിക്കുന്നതെന്തുകൊണ്ട്‌?

2 പ്രേമകഥകളിൽ മിക്കപ്പോഴും പ്രശ്‌നം സ്‌നേഹത്തിലായിരിക്കുന്ന രണ്ടു പേർ ഒന്നിച്ചു ചേരുന്നതിലുളള പ്രയാസമാണ്‌. അതിനുശേഷം അവർ എക്കാലവും സന്തോഷകരമായി ജീവിക്കുന്നു. യഥാർത്ഥജീവിതത്തിൽ, ഒന്നിച്ചു ചേർന്നശേഷം അനുദിനം സന്തോഷകരമായി ജീവിക്കുന്നതാണ്‌ യഥാർത്ഥ വെല്ലുവിളിയായിത്തീരുന്നത്‌. വിവാഹദിനത്തിലെ ഉല്ലാസങ്ങൾക്കുശേഷം ദൈനംദിന ജീവിതചര്യ തുടങ്ങുകയായി: നേരത്തെ എഴുന്നേൽക്കുക, ജോലിക്കു പോവുക, സാധനങ്ങൾ വാങ്ങാൻ പോകുക, ഭക്ഷണം പാകം ചെയ്യുക, പാത്രങ്ങൾ കഴുകുക, വീടു വൃത്തിയാക്കുക മുതലായവ.

3 വിവാഹബന്ധത്തിൽ പൊരുത്തപ്പെടുത്തലുകൾ ആവശ്യമാണ്‌. നിങ്ങൾ രണ്ടുപേരും വളരെ പ്രായോഗികവും വാസ്‌തവികവുമല്ലാത്ത കുറച്ചെങ്കിലും പ്രതീക്ഷകളോടും ആദർശങ്ങളോടും കൂടെയാണ്‌ അതിലേക്കു പ്രവേശിച്ചത്‌. ഇവ സാധിക്കാതെ വരുമ്പോൾ ആദ്യത്തെ ഏതാനും ചില ആഴ്‌ചകൾക്കുശേഷം കുറെ നിരാശയുണ്ടായേക്കാം. എന്നാൽ നിങ്ങൾ ജീവിതത്തിൽ ഒരു വലിയ മാററം വരുത്തിയിരിക്കുന്നുവെന്നോർക്കുക. നിങ്ങൾ മേലാൽ ഒററയ്‌ക്കല്ല ജീവിക്കുന്നത്‌. അല്ലെങ്കിൽ നിങ്ങളുടെ ജീവിതകാലമെല്ലാം കൂടിക്കഴിഞ്ഞിരുന്ന കുടുംബത്തോടുകൂടെയല്ല ജീവിക്കുന്നത്‌. നിങ്ങൾ ഇപ്പോൾ വിചാരിച്ചതുപോലെ അത്ര നന്നായി അറിഞ്ഞിട്ടില്ലെന്നു കണ്ടെത്തിയേക്കാവുന്ന ഒരു പുതിയ ആളോടുകൂടെയാണ്‌ ജീവിക്കുന്നത്‌. നിങ്ങളുടെ പ്രവർത്തന പട്ടിക പുതുതാണ്‌; നിങ്ങളുടെ ജോലി പുതുതായിരിക്കാം; നിങ്ങളുടെ ബജററ്‌ വ്യത്യസ്‌തമായിരിക്കാം; പരിചയപ്പെടുന്നതിന്‌ പുതിയ സ്‌നേഹിതരും വിവാഹം മൂലമുണ്ടായ ബന്ധുക്കളുമുണ്ട്‌. നിങ്ങളുടെ വിവാഹവിജയവും സന്തുഷ്‌ടിയും പൊരുത്തപ്പെടുന്നതിനുളള നിങ്ങളുടെ മനസ്സൊരുക്കത്തെ ആശ്രയിച്ചിരിക്കുന്നു.

നിങ്ങൾ അയവു വരുത്തുന്നയാളാണോ?

4. ഏതു തിരുവെഴുത്തുതത്വങ്ങൾക്ക്‌, പൊരുത്തപ്പെടാൻ ഒരു വിവാഹിത വ്യക്തിയെ സഹായിക്കാൻ കഴിയും? (1 കൊരിന്ത്യർ 10:24; ഫിലിപ്യർ 4:5)

4 അഹങ്കാരം നിമിത്തം അയവുളളവരായിരിക്കുക പ്രയാസമാണെന്ന്‌ ചിലർ കണ്ടെത്തുന്നു. എന്നാൽ ബൈബിൾ പറയുന്ന പ്രകാരം: “വിപത്തിനുമുമ്പേ അഹങ്കാരവും വീഴ്‌ചക്കുമുമ്പേ ധാർഷ്ട്യവും വരുന്നു.” സ്ഥിരമായി മർക്കടമുഷ്ടി പിടിക്കുന്നതു അനർത്ഥകരമായിരിക്കാം. (സദൃശവാക്യങ്ങൾ 16:18, ന്യൂ ഇംഗ്‌ളീഷ്‌ ബൈബിൾ) ആരെങ്കിലും “നിന്റെ അകത്തെ വസ്‌ത്രം” ആവശ്യപ്പെട്ടാൽ “നിന്റെ പുറത്തെ വസ്‌ത്രം കൂടെ അവന്‌ കൊടുക്കുക” എന്നും ആരെങ്കിലും നീ “ഒരു മൈൽ പോകാൻ” ആവശ്യപ്പെട്ടാൽ “അയാളോടുകൂടെ രണ്ടുമൈൽ പോകുക” എന്നും യേശു പറഞ്ഞപ്പോൾ ഒരുവൻ വഴങ്ങണമെന്നും കീഴ്‌പ്പെടണമെന്നും അവൻ ശുപാർശചെയ്‌തു. നിങ്ങളോട്‌ അടുപ്പമുളള ആരെങ്കിലുമായി വാദിക്കുന്നതിനു പകരം, “നിങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കപ്പെടാൻ നിങ്ങൾ അനുവദിക്കാത്തതെന്ത്‌?” എന്ന്‌ അപ്പോസ്‌തലനായ പൗലോസ്‌ ചോദിച്ചു. (മത്തായി 5:40, 41; 1 കൊരിന്ത്യർ 6:7) മററുളളവരുമായി സമാധാനത്തിലായിരിക്കാൻ ക്രിസ്‌ത്യാനികൾക്ക്‌ ഇത്രത്തോളം പോകാൻ കഴിയുമെങ്കിൽ തീർച്ചയായും സ്‌നേഹമുളള രണ്ടു ദമ്പതികൾ തങ്ങളുടെ പുതിയ ബന്ധത്തെ വിജയപ്രദമാക്കാൻ പൊരുത്തപ്പെടുന്നതിന്‌ പ്രാപ്‌തരായിരിക്കേണ്ടതാണ്‌.

5. ഒരുവൻ തന്റെ വിവാഹഇണയെക്കുറിച്ച്‌ ക്രിയാത്മകമായോ നിഷേധാത്മകമായോ ചിന്തിച്ചേക്കാവുന്നതെങ്ങനെ?

5 ഒരുവന്‌ ഒന്നുകിൽ സന്തുഷ്ടനായിരിക്കാൻ അല്ലെങ്കിൽ അസന്തുഷ്ടനായിരിക്കാൻ എല്ലായിടത്തും അവസരങ്ങളുണ്ട്‌. നിങ്ങൾ അതു സംബന്ധിച്ച്‌ ജാഗ്രതയുളളവരായിരിക്കുമോ? നിങ്ങൾ വസ്‌തുനിഷ്‌ഠമായതിൽ ശ്രദ്ധകേന്ദ്രീകരിക്കുമോ? അതോ ഇല്ലാത്ത ഗുണത്തിൽ ശ്രദ്ധപതിപ്പിക്കുമോ? നവവധു ഇങ്ങനെ ചിന്തിച്ചേക്കാം: ‘ഞങ്ങൾ ഇപ്പോൾ വിവാഹിതരായ സ്ഥിതിക്ക്‌ താൽപ്പര്യമുളള സ്ഥലങ്ങളിലേക്ക്‌ എന്നെ പതിവായി കൊണ്ടുപോകുകയും എന്നോടൊത്ത്‌ സമയം ചെലവഴിക്കുകയും ചെയ്‌ത ആ കമിതാവ്‌ എവിടെ? അയാൾക്ക്‌ ഒരേ ഒരു പോക്കാണ്‌. അയാൾ എന്നെ നിസ്സാരമായി കരുതുകയാണ്‌. അയാൾ തീർച്ചയായും ഞാൻ മുമ്പ്‌ അറിഞ്ഞിരുന്ന മനുഷ്യനല്ല!’ അതോ, അയാൾ ഇപ്പോൾ തന്റെ കുടുംബത്തിനുവേണ്ടി നന്നായി കരുതുന്നതിന്‌ കഠിനാദ്ധ്വാനം ചെയ്യുന്നുവെന്ന്‌ അവൾ മനസ്സിലാക്കുകയും വിലമതിക്കുകയും ചെയ്യുന്നുവോ? തന്റെ ഭാര്യ ഭക്ഷണം പാചകം ചെയ്യുന്നതിനും വീടു വൃത്തിയാക്കുന്നതിനും കഠിനാദ്ധാനം ചെയ്യുന്നുവെന്നും ചിലപ്പോൾ അവൾ ക്ഷീണിതയാണെന്നും സുന്ദരിയായി കാണപ്പെടാൻ ശ്രമിക്കുന്നതിന്‌ മുമ്പത്തെപ്പോലെ അവൾക്കു സമയമില്ലെന്നും ഈ പുതുമണവാളൻ കാണുന്നുവോ? അതോ അയാൾ: ‘ഞാൻ വിവാഹം കഴിച്ച ആ സുമുഖിയായ യുവതിക്ക്‌ എന്തുപററി? അവൾക്ക്‌ അവളുടെ ഭർത്താവിനെ കിട്ടിയപ്പോൾ അവൾക്കുമാററം ഭവിച്ചിരിക്കുന്നു’ എന്ന്‌ തന്നോടുതന്നെ പറയുന്നുവോ?

6. ഭർത്താവും ഭാര്യയും തങ്ങളുടെ വിവാഹബന്ധത്തെ വിജയിപ്പിക്കാൻ യഥാർത്ഥത്തിൽ ശ്രമിക്കുമ്പോൾ, അത്‌ അന്യോന്യമുളള അവരുടെ ബന്ധത്തെ ബാധിക്കുന്നതെങ്ങനെ?

6 രണ്ടുപേരും പക്വതയുളളവരായിരിക്കണം. വിവാഹത്തിനു മുമ്പു ചെയ്‌തിരുന്ന എല്ലാ കാര്യങ്ങളും ചെയ്യാൻ രണ്ടുപേർക്കും സമയമോ ശക്തിയോ ഇല്ലെന്ന്‌ ഇരുവരും തിരിച്ചറിയുകയും വേണം. അയവു പ്രകടമാക്കുന്നതിനും വിവാഹത്തെ പ്രവർത്തനക്ഷമമാക്കുന്നതിന്റെ അത്യന്തം സംതൃപ്‌തിദായകമായ ഉത്തരവാദിത്വം സ്വീകരിക്കുന്നതിനുമുളള സമയമാണിത്‌. ഒരു വ്യക്തിക്ക്‌ ഒരു വിവാഹത്തെ നശിപ്പിക്കാൻ കഴിയും. എന്നാൽ അതിനെ പ്രവർത്തനക്ഷമമാക്കാൻ ഇരുവരും ആവശ്യമാണ്‌. വിവാഹത്തെ പ്രവർത്തനക്ഷമമാക്കുന്നത്‌ ഒരു നേട്ടമാണ്‌. നേട്ടത്തിൽ പ്രയാസങ്ങൾ ഗണ്യമാക്കാതെ എന്തെങ്കിലും പൂർത്തിയാക്കുന്നതിന്റെ സൂചന ഉൾക്കൊളളുന്നു. നിങ്ങൾ രണ്ടുപേരും ഈ ശ്രമത്തിൽ ഒത്തു ചേരുമ്പോൾ നിങ്ങളിൽ ഓരോരുത്തരുടെയും ഓരോ ഭാഗം ഈ നേട്ടത്തിൽ സംയോജിക്കുന്നു. ഒരു പരസ്‌പര ലക്ഷ്യത്തോടുകൂടിയ ഈ സംയുക്തശ്രമം നിങ്ങളെ കൂട്ടിക്കെട്ടുന്നു; അതു നിങ്ങളെ ചേർത്തു ബന്ധിക്കുന്നു; അതു നിങ്ങളെ രണ്ടുപേരെയും ഒന്നാക്കുന്നു. കാലക്രമത്തിൽ ഇത്‌ വിവാഹപ്രതീക്ഷയിൽ അനുഭവപ്പെട്ടിരുന്ന എന്തിനെയും കവിയുന്ന ഒരു സ്‌നേഹബന്ധത്തെ സൃഷ്ടിക്കുന്നു. ഏകീഭവിപ്പിക്കുന്ന അത്തരം സന്തുഷ്ടിയിൽ പരസ്‌പരമുളള ഭിന്നതകളോടു പൊരുത്തപ്പെടാൻ അയവു പ്രകടമാക്കുന്നത്‌ ഉല്ലാസകരമായിത്തീരുന്നു.

7. തീരുമാനങ്ങൾ ചെയ്യേണ്ടതുണ്ടെങ്കിൽ, വഴങ്ങുന്നത്‌ നല്ലതായിരിക്കുന്നതെപ്പോൾ?

7 സ്‌നേഹം വളർന്നുവരുമ്പോൾ അഹങ്കാരം മാഞ്ഞുപോകുന്നു. തത്വത്തിനു പകരം വ്യക്തിപരമായ അഭീഷ്ടം ഉൾപ്പെട്ടിരിക്കുന്നടത്ത്‌ കൊടുക്കുന്നതിൽ മാത്രമല്ല, വഴങ്ങുന്നതിലും കീഴ്‌പ്പെടുന്നതിലും സന്തുഷ്ടിയുണ്ട്‌. അത്‌ വീട്ടിൽ ആവശ്യമുളള ഒരു സാധനം വാങ്ങുന്നതിലായിരിക്കാം, അല്ലെങ്കിൽ ഒരു അവധിക്കാലം എങ്ങനെ ചെലവഴിക്കണമെന്നുളളതായിരിക്കാം. മറെറയാളുടെ സന്തുഷ്ടിയിലുളള താൽപര്യം പ്രകടമാക്കപ്പെടുമ്പോൾ ഇണകൾ അപ്പോസ്‌തലനായ പൗലോസിന്റെ വാക്കുകൾക്ക്‌ അനുയോജ്യരായിത്തീരുന്നു: “വ്യക്തിപരമായ താൽപ്പര്യത്തിൽ നിങ്ങളുടെ സ്വന്തം കാര്യങ്ങളുടെമേൽ മാത്രമല്ല, പിന്നെയോ വ്യക്തിപരമായ താല്‌പര്യത്തിൽ മററുളളവരുടെ കാര്യങ്ങളിൻമേലും ദൃഷ്‌ടിവെച്ചുകൊണ്ട്‌.”—ഫിലിപ്യർ 2:4.

സമതുലിതമായ ലൈംഗിക വീക്ഷണം

8, 9. വൈവാഹികമായ സ്വകാര്യബന്ധങ്ങളെ സംബന്ധിച്ച തിരുവെഴുത്തുപരമായ വീക്ഷണം എന്താണ്‌?

8 ലൈംഗികവേഴ്‌ചയെ സംബന്ധിച്ച്‌ ബൈബിൾ കൃത്രിമ ലജ്ജ പ്രകടമാക്കുന്നില്ല. ഭാര്യാഭർത്താക്കൻമാർക്ക്‌ അതു കൈവരുത്തേണ്ട ഹർഷോൻമാദത്തെ അത്‌ ആലങ്കാരിക കാവ്യഭാഷയിൽ വർണ്ണിക്കുന്നു; ലൈംഗികത ഭാര്യാഭർത്താക്കൻമാരിൽ പരിമിതപ്പെടുത്തണമെന്നും അത്‌ ഊന്നിപ്പറയുന്നു. ഈ ഭാഗം സദൃശവാക്യങ്ങൾ 5:15-21-ൽ കാണപ്പെടുന്നു:

“നിന്റെ സ്വന്തം ജലാശയത്തിൽനിന്നുളള വെളളവും നിന്റെ സ്വന്തം കിണററിൻ മദ്ധ്യേനിന്നുളള തുളളികളും കുടിക്കുക—നിന്റെ ഉറവകൾ വാതിലുകൾക്കു വെളിയിലേക്കും നിന്റെ നീരൊഴുക്കുകൾ പൊതുവീഥികളിൽതന്നെയും തൂവണമോ? അവ നിന്നോടുകൂടെയുളള അന്യൻമാർക്കല്ല, നിനക്കുവേണ്ടി മാത്രമെന്നു തെളിയട്ടെ. നിന്റെ നീരുറവകൾ അനുഗൃഹീതമെന്നു തെളിയട്ടെ. ഒരു പ്രിയങ്കരമായ പേടമാനും ഒരു അഴകുളള മലയാടുമായ, നിന്റെ യൗവനത്തിലെ ഭാര്യയോടുകൂടെ പ്രമോദിച്ചുകൊളളുക. അവളുടെതന്നെ സ്‌തനങ്ങൾ എല്ലാസമയങ്ങളിലും നിന്നെ മത്തുപിടിപ്പിക്കട്ടെ. അവളുടെ പ്രേമത്താൽ നീ നിരന്തരം ഹർഷോൻമാദത്തിലായിരിക്കട്ടെ. അതുകൊണ്ട്‌, മകനെ, നീ ഒരു അന്യസ്‌ത്രീയുമായി ഹർഷോൻമാദത്തിലായിരിക്കുന്നതോ സ്വന്തമല്ലാത്ത ഒരു സ്‌ത്രീയുടെ മാറിടം ആശ്‌ളേഷിക്കുന്നതോ എന്തിന്‌? എന്തെന്നാൽ ഒരു പുരുഷന്റെ വഴികൾ യഹോവയുടെ കണ്ണുകൾക്കു മുമ്പാകെ സ്ഥിതിചെയ്യുന്നു, അവൻ അവന്റെ എല്ലാപാതകളേയും വിചിന്തനം ചെയ്യുന്നു.”

9 എന്നുവരികിലും വിവാഹത്തിന്റെ വിജയം ഇണകളുടെ ലൈംഗികജീവിതത്തെയാണ്‌ ആശ്രയിച്ചു നിൽക്കുന്നതെന്ന്‌ അല്ലെങ്കിൽ വിവാഹജീവിതത്തിന്റെ മററു മണ്ഡലങ്ങളെ ഗൗരവമായ ദൗർബല്യങ്ങൾക്ക്‌ അതു പരിഹാരമായിരിക്കുമെന്നു തോന്നിക്കുന്ന ഘട്ടംവരെ ലൈംഗികതയ്‌ക്കു ഊന്നൽ കൊടുക്കുന്നത്‌ തെററായിരിക്കും. പുസ്‌തകങ്ങളിലും ചലച്ചിത്രങ്ങളിലും വ്യാപാരപരസ്യങ്ങളിലുമുളള ലൈംഗികവിവരങ്ങളുടെ പ്രളയം ലൈംഗികത അത്ര പ്രധാനമാണെന്നു തോന്നിക്കുന്നു—അവയിലധികവും ലൈംഗികാഗ്രഹം ഉത്തേജിപ്പിക്കാൻ ഉദ്ദേശിച്ചിട്ടുളളവയാണ്‌. എന്നിരുന്നാലും, ദൈവവചനം ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും ആത്മനിയന്ത്രണത്തെ ശുപാർശ ചെയ്‌തുകൊണ്ട്‌ അതിനോട്‌ വിയോജിക്കുന്നു. വിവാഹത്തിൽപോലും എല്ലാ നിയന്ത്രണത്തെയും തളളിക്കളയുന്നത്‌ ദാമ്പത്യബന്ധത്തിന്‌ വിലകുറയ്‌ക്കുന്ന നടപടികളിലേക്കു നയിച്ചേക്കാം.—ഗലാത്യർ 5:22, 23; എബ്രായർ 13:4.

10. വിവാഹിതരായ ഇണകളെ ലൈംഗികമായി പൊരുത്തപ്പെടാൻ സഹായിക്കാൻ കഴിയുന്നവയായി പരിചിന്തിക്കേണ്ട ചില കാര്യങ്ങളേവ?

10 ലൈംഗികമായ പൊരുത്തപ്പെടൽ പലപ്പോഴും പ്രയാസമാണ്‌, അതിന്‌ വിവാഹശേഷം കുറെക്കാലം എടുത്തേക്കാം. ഇതു സാധാരണയായി അറിവിന്റെ കുറവും ഒരുവന്റെ പങ്കാളിയുടെ ആവശ്യങ്ങൾ തിരിച്ചറിയുന്നതിലുളള പരാജയവും നിമിത്തമാണ്‌. മാന്യനായ ഒരു വിവാഹിത സുഹൃത്തിനോട്‌ നേരത്തെതന്നെ സംസാരിക്കുന്നത്‌ സഹായിച്ചേക്കാം. പുരുഷനും സ്‌ത്രീയും വ്യത്യസ്‌തമായി നിർമ്മിക്കപ്പെട്ടിരിക്കുന്നുവെന്നു മാത്രമല്ല, അവർ വ്യത്യസ്‌തമായി ചിന്തിക്കുകയും ചെയ്യുന്നു. സ്‌നേഹം സംബന്ധിച്ച സ്‌ത്രീയുടെ ആവശ്യത്തോടുളള പരിഗണന പ്രധാനമാണ്‌. എന്നാൽ കപടമായ ലജ്ജാഭാവത്തിന്റെയോ, ലജ്ജാഭിനയത്തിന്റെയോ, ലൈംഗികത ഏതെങ്കിലും വിധത്തിൽ ലജ്ജാകരമാണെന്നുളള തോന്നലിന്റെയോ, നിഷേധാത്മകമായ വിചാരം ഉണ്ടായിരിക്കരുത്‌. ചില പുരുഷൻമാരുടെ സംഗതിയിലെന്നപോലെ അതു ജയിച്ചടക്കലിന്റെ ഒരു അവസരവുമായിരിക്കരുത്‌. “ഭർത്താവ്‌ തന്റെ ഭാര്യയ്‌ക്കു അവളുടെ അവകാശം കൊടുക്കട്ടെ” എന്നും “ഭാര്യയും അവളുടെ ഭർത്താവിന്‌ അങ്ങനെതന്നെ ചെയ്യട്ടെ” എന്നും ബൈബിൾ പറയുന്നു. അങ്ങനെ ചെയ്യുമ്പോൾ ഈ ബൈബിൾതത്വം ഉചിതമാണ്‌: “ഓരോരുത്തനും സ്വന്തഗുണമല്ല, പിന്നെയോ മറേറ വ്യക്തിയുടെ ഗുണം അന്വേഷിച്ചുകൊണ്ടിരിക്കട്ടെ.” ഇരുപക്ഷത്തും അങ്ങനെയുളള സ്‌നേഹവും പ്രസാദിപ്പിക്കാനുളള ആഗ്രഹവുമുണ്ടെങ്കിൽ നല്ല ക്രമീകരണം ചെയ്യപ്പെടും—1 കൊരിന്ത്യർ 7:3; 10:24.

പിണങ്ങാതെ വിയോജിക്കുക

11-13. ഭിന്നതകൾ ഉളളപ്പോൾ, അഭിപ്രായവ്യത്യാസങ്ങൾ ഗുരുതരമായ പിളർപ്പുകളായി വികാസം പ്രാപിക്കാതിരിക്കാൻ നാം എന്തു മനസ്സിൽ കരുതിക്കൊളളണം?

11 ഭൂമിയിലെ രണ്ടുപേർ കൃത്യമായി തുല്യരായിരിക്കുന്നില്ല. ഓരോരുത്തരും വ്യക്തമായി വ്യത്യസ്‌തരാണ്‌. ഇതിന്റെ അർത്ഥം രണ്ടുപേർ എല്ലാററിലും യോജിക്കയില്ലെന്നുമാണ്‌. മിക്ക ഭിന്നതകളും നിസ്സാരമായിരിക്കാം, എന്നാൽ അവയിൽ ചിലത്‌ ഗുരുതരമായിരിക്കാം, ഭിന്നതകൾ പെട്ടെന്ന്‌ ആക്രോശത്തിലും സാധനങ്ങൾ എടുത്തെറിയുന്നതിലും ഉന്തിലും തളളിലും അടിയിലും കലാശിക്കുന്ന ഭവനങ്ങളുണ്ട്‌; ഇണകളിൽ ഒരാൾ പല ദിവസങ്ങളിലേക്കോ വാരങ്ങളിലേക്കോ വിട്ടുപോയേക്കാം, അല്ലെങ്കിൽ അവർ അന്യോന്യം സംസാരം നിർത്തിയേക്കാം. അങ്ങനെയുളള ഒരു സാഹചര്യം വികാസം പ്രാപിക്കേണ്ടതില്ലാതെ വിയോജിക്കുക സാധ്യംതന്നെയാണ്‌. എങ്ങനെ? ഒരു അടിസ്ഥാനപരമായ സത്യത്തെ അഭിമുഖീകരിക്കുന്നതിനാൽ.

12 നമ്മളെല്ലാം അപൂർണ്ണരാണ്‌; എല്ലാവർക്കും കുറവുകളുണ്ട്‌. ഏററവും നല്ല ഉദ്ദേശ്യങ്ങൾ ഉളളപ്പോൾപോലും ദൗർബല്യങ്ങൾ പ്രത്യക്ഷമാകുന്നു. അപ്പോസ്‌തലനായ പൗലോസ്‌ തന്റെ കാര്യത്തിൽ ഇതു സത്യമാണെന്നു കണ്ടു: “ഞാൻ ഇച്ഛിക്കുന്ന നൻമ ഞാൻ ചെയ്യുന്നില്ല; എന്നാൽ ഞാൻ ഇച്ഛിക്കാത്ത തിൻമയാണ്‌ ഞാൻ ചെയ്‌തുകൊണ്ടിരിക്കുന്നത്‌.” (റോമർ 7:19) നാം നമ്മുടെ ആദ്യമാതാപിതാക്കൻമാരിൽനിന്ന്‌ പാപം അവകാശപ്പെടുത്തിയിരിക്കുന്നു. പൂർണ്ണത നമ്മുടെ ശക്തികൾക്ക്‌ അതീതമാണ്‌, അതുകൊണ്ട്‌ “‘ഞാൻ എന്റെ ഹൃദയത്തെ നിർമ്മലീകരിച്ചിരിക്കുന്നു; ഞാൻ എന്റെ പാപത്തിൽ നിന്ന്‌ ശുദ്ധനായിരിക്കുന്നു’ എന്നു ആർക്കു പറയാൻ കഴിയും?”—സദൃശവാക്യങ്ങൾ 20:9; സങ്കീർത്തനം 51:5; റോമർ 5:12.

13 നാം നമ്മുടെ സ്വന്തം തെററുകളെ സ്വീകരിക്കുകയും അവയ്‌ക്കു ഒഴികഴിവുകൾ കണ്ടെത്തുകയും ചെയ്യുന്നു. നമുക്ക്‌ നമ്മുടെ വിവാഹപങ്കാളിയുടെ തെററുകളെ സ്വീകരിക്കാനും അവയെ ക്ഷമിക്കാനും കഴികയില്ലേ? നാം പാപികളാണെന്ന്‌ നാം നിസ്സംശയം സമ്മതിക്കും, എന്നാൽ നാം ഒരു പ്രത്യേകപാപം സംബന്ധിച്ചു പ്രതിവാദിച്ചുകൊണ്ട്‌ അതു സമ്മതിക്കാൻ വിമുഖരായിരിക്കുന്നുവോ? തെററിപ്പോയെന്നു സമ്മതിക്കാനുളള ഈ വിമുഖത നമ്മുടെ വിവാഹപങ്കാളി ഉൾപ്പെടെയുളള ആളുകളുടെ പ്രത്യേകതയാണെന്ന്‌ മനസ്സിലാക്കാനുളള ഉൾക്കാഴ്‌ച നമുക്കുണ്ടോ? നാം വിട്ടുവീഴ്‌ച ചെയ്യുന്നുവോ? “ഒരു മമനുഷ്യന്റെ ഉൾക്കാഴ്‌ച തീർച്ചയായും അവന്റെ കോപത്തെ ശമിപ്പിക്കുന്നു, ലംഘനത്തെ അവഗണിക്കുന്നത്‌ അവന്റെ ഭാഗത്തു ഭൂഷണമാകുന്നു” എന്ന്‌ നിശ്വസ്‌തസദൃശവാക്യം പറയുന്നു. നിസ്സംശയമായി, മറെറല്ലാവരെയും പോലെ നിങ്ങൾ “സുവർണ്ണചട്ട”ത്തിലെ തത്വത്തെ അംഗീകരിക്കുന്നു. യേശു തന്റെ പ്രസിദ്ധമായ ഗിരിപ്രഭാഷണത്തിലാണ്‌ അതു പ്രസ്‌താവിച്ചത്‌: “അതുകൊണ്ട്‌, മനുഷ്യർ നിങ്ങൾക്കു ചെയ്യണമെന്ന്‌ നിങ്ങളാഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും, നിങ്ങളും അതുപോലെതന്നെ മററുളളവർക്കു ചെയ്യേണ്ടതാണ്‌.” മിക്കയാളുകളും അതിന്‌ അധരസേവ ചെയ്യുകയാണ്‌; അത്‌ ആചരിക്കുന്നവർ ചുരുക്കം. അതിന്റെ ആത്മാർത്ഥമായ ബാധകമാക്കൽ ദാമ്പത്യബന്ധങ്ങൾ ഉൾപ്പെടെയുളള മാനുഷബന്ധങ്ങളിലെ പ്രശ്‌നങ്ങളെ പരിഹരിക്കും.—സദൃശവാക്യങ്ങൾ 19:11; മത്തായി 7:12.

14, 15. (എ) ഒരുവൻ തന്റെ ഇണയെ മറെറാരാളോട്‌ പ്രതികൂലമായി താരതമ്യപ്പെടുത്തുമ്പോൾ എന്തു ഫലമുണ്ടായേക്കാം? (ബി) ഏതു കാര്യങ്ങൾ സംബന്ധിച്ച്‌ ചിലപ്പോൾ അത്തരം താരതമ്യപ്പെടുത്തലുകൾ ബുദ്ധിശൂന്യമായി ചെയ്യപ്പെടുന്നു?

14 നാം ഒരോരുത്തരും ഒരു വ്യക്തിയെന്ന നിലയിൽ വിചാരിക്കപ്പെടാനും ഇടപെടാനും ഇഷ്ടപ്പെടുന്നു. ഒരു വ്യക്തി ഒരുപക്ഷേ നമ്മുടെ ഗുണങ്ങളെയോ പ്രാപ്‌തികളെയോ മോശമെന്നു വീക്ഷിച്ചുകൊണ്ട്‌ മറെറാരാളുമായി നമ്മെ പ്രതികൂലമായി താരതമ്യപ്പെടുത്തുമ്പോൾ നാം എങ്ങനെ പ്രതിവർത്തിക്കുന്നു? സാധാരണയായി നമുക്ക്‌ പ്രയാസം തോന്നുന്നു. അല്ലെങ്കിൽ നീരസം തോന്നുന്നു. ഫലത്തിൽ, ‘എന്നാൽ ഞാൻ ആ വ്യക്തി അല്ല. ഞാൻ ഞാനാണ്‌’ എന്നു നാം പറയുന്നു. അങ്ങനെയുളള താരതമ്യപ്പെടുത്തലുകൾ സാധാരണയായി പ്രചോദനാത്മകല്ല, എന്തുകൊണ്ടെന്നാൽ നമ്മോട്‌ വിവേകപൂർവ്വം പെരുമാറാൻ നാം ആഗ്രഹിക്കുന്നു.

15 ആശയം വിശദീകരിക്കാൻ: ഭർത്താവായ നിങ്ങൾ നിങ്ങളുടെ ഭാര്യ തയ്യാറാക്കുന്ന ഭക്ഷണങ്ങൾക്കുവേണ്ടി വിലമതിപ്പു പ്രകടിപ്പിക്കുന്നുണ്ടോ, അല്ലെങ്കിൽ അവൾക്ക്‌ നിങ്ങളുടെ അമ്മയെപ്പോലെ പാചകം ചെയ്യാൻ പ്രാപ്‌തിയില്ല എന്നു പരാതി പറയുന്നുവോ? നിങ്ങളുടെ അമ്മ വിവാഹിതയായ കാലത്ത്‌ എത്ര നന്നായി പാചകം ചെയ്യുമായിരുന്നുവെന്നു നിങ്ങൾക്കെങ്ങനെയറിയാം? ഒരുപക്ഷേ, നിങ്ങളുടെ ഭാര്യ അമ്മയെക്കാൾ മെച്ചമായി ചെയ്യുന്നുണ്ടായിരിക്കാം. നിങ്ങളുടെ ഭാര്യയുടെ പുതിയ ചുമതലകൾ നിർവ്വഹിക്കത്തക്കവണ്ണം വളരുന്നതിനും അവയിൽ പ്രാവീണ്യം നേടുന്നതിനും ഒരു അവസരം കൊടുക്കുക. ഭാര്യയായ നിങ്ങൾ നിങ്ങളുടെ പിതാവ്‌ വീട്ടിൽ കൊണ്ടുവന്നിരുന്നടത്തോളം ശമ്പളം നിങ്ങളുടെ ഭർത്താവ്‌ കൊണ്ടുവരുന്നില്ലെന്നു പരാതി പറയുന്നുവോ? നിങ്ങളുടെ പിതാവിന്‌, വിവാഹം ചെയ്‌ത കാലത്ത്‌ എന്തു ശമ്പളമുണ്ടായിരുന്നു? അതും കാര്യമല്ല. കാര്യമായിട്ടുളളത്‌ നിങ്ങൾ നിങ്ങളുടെ ഭർത്താവിന്‌ കൊടുക്കുന്ന സഹായമാണ്‌. നിങ്ങളുടെ ഭർത്താവിന്റെ ശ്രമങ്ങളെ നിങ്ങൾ പിന്താങ്ങുന്നുവെന്നും വിലമതിക്കുന്നുവെന്നും അയാൾ വിചാരിക്കത്തക്കവണ്ണം അയാൾ ജോലിക്കു പോകുന്നതിനു മുൻപ്‌ നിങ്ങൾ എഴുന്നേററ്‌ അയാൾക്കുവേണ്ടി പ്രഭാതഭക്ഷണം തയ്യാറാക്കുന്നുവോ? നിങ്ങൾ ഇരുവരും ഭാര്യയുടെയോ ഭർത്താവിന്റെയോ ബന്ധുക്കളെ സംബന്ധിച്ച്‌ ശണ്‌ഠ കൂടുകയോ നട്ടുവളർത്തേണ്ട ചങ്ങാത്തങ്ങളെക്കുറിച്ചോ ഏർപ്പെടേണ്ട വിനോദത്തെക്കുറിച്ചോ വിയോജിക്കുകയോ ചെയ്യുന്നുവോ? ഇവയും മററു ഭിന്നതകളും ഉണ്ടായേക്കാം. നിങ്ങൾ അവയ്‌ക്കു എങ്ങനെ പരിഹാരമുണ്ടാക്കും?

16. ഉഗ്രമായ വഴക്കുകൾ പ്രയാസങ്ങൾ പരിഹരിക്കുന്നതിനു സഹായിക്കുന്നുവെന്ന സിദ്ധാന്തത്തിന്റെ തെറെറന്താണ്‌?

16 പ്രയാസങ്ങൾ പരിഹരിക്കുന്നതിന്‌ വഴക്കുകൾ പ്രയോജനപ്രദമാണെന്ന്‌ ചില ആധുനിക മനഃശാസ്‌ത്രജ്ഞൻമാർ വാദിക്കുന്നു. നൈരാശ്യങ്ങൾ പുഷ്ടിപ്പെടുകയും സമ്മർദ്ദം ജനിപ്പിക്കുകയും ഒടുവിൽ ഉഗ്രമായ ഒരു വഴക്കായി പൊട്ടിത്തെറിക്കുകയും ചെയ്യുന്നുവെന്നാണ്‌ അവരുടെ സിദ്ധാന്തം. അത്തരം കുപിതമായ വാക്കേററങ്ങളുടെ ചൂടിൽ ദീർഘനാൾ പുലർത്തിയിരുന്ന നീരസങ്ങൾ പെട്ടെന്ന്‌ വെട്ടിത്തുറന്നു പറയുകയും പറഞ്ഞുതീർക്കുകയും ചെയ്യുന്നു—ഇങ്ങനെ പോകുന്നു ആ സിദ്ധാന്തം. ഇതു സംഭവിക്കുന്നതുവരെ നൈരാശ്യങ്ങൾ നീറിപ്പുകഞ്ഞ്‌ വിക്ഷുബ്‌ധാവസ്ഥയിലാകുന്നതിന്‌ ഉളളിൽ സൂക്ഷിക്കപ്പെടുന്നു, അനന്തരം പിന്നീടൊരു സമയത്ത്‌ തിളച്ചു മറിയുന്നു. എന്നാൽ അങ്ങനെയുളള ചൂടുപിടിച്ച ലഹളകൾ നിങ്ങൾ അർത്ഥമാക്കാത്ത കാര്യങ്ങൾ പറയാൻ ഇടയാക്കുന്നതിന്റെ ഗുരുതരമായ അപകടമുണ്ട്‌; ഭേദമാക്കാൻ കഴിയാത്ത മുറിവുകളും ഏൽപ്പിക്കപ്പെട്ടേക്കാം. നിങ്ങൾക്കു പിന്നീട്‌ തരണം ചെയ്യാൻ കഴിയാത്ത പ്രതിബന്ധങ്ങൾ ഉയർത്തത്തക്കവണ്ണം അത്ര ഗുരുതരമായി നിങ്ങൾ മറേറയാളെ ദ്രോഹിച്ചേക്കാം. സദൃശവാക്യങ്ങൾ 18:19 മുന്നറിയിപ്പു നൽകുന്നതുപോലെ: “ദ്രോഹിക്കപ്പെട്ട ഒരു സഹോദരൻ ബലമുളള ഒരു പട്ടണത്തെക്കാൾ ശക്തമാണ്‌; ഒരു നിവാസ ഗോപുരത്തിന്റെ ഓടാമ്പൽ പോലെയുളള വിവാദങ്ങൾ ഉണ്ട്‌.” ബൈബിളിൽ കാണപ്പെടുന്ന നല്ല ഉപദേശം ഇതാണ്‌; “ശണ്‌ഠ പൊട്ടിപ്പുറപ്പെടുന്നതിനു മുൻപ്‌ വിട്ടുപോകുക.”—സദൃശവാക്യങ്ങൾ 17:14, റിവൈസ്‌ഡ്‌ സ്‌ററാൻഡേർഡ്‌ വേർഷ്യൻ.

ആശയവിനിയമം ചെയ്യുക!

17. ഒരുവന്റെ ഉളളിൽ ഭിന്നതകൾ പുഷ്ടിപ്പെട്ട്‌ സ്‌ഫോടനാത്മകമായ അളവിലെത്താതെ തടയുന്നതിന്‌ എന്തു ചെയ്യാവുന്നതാണ്‌?

17 സ്‌ഫോടനാത്മകമായ അളവിലെത്തുന്നതുവരെ ഭിന്നതകൾ നിങ്ങളുടെ ഉളളിൽ പുഷ്ടിപ്പെടാൻ അനുവദിക്കുന്നതിനെക്കാൾ വളരെ മെച്ചം അവ ഉളവാകുമ്പോൾത്തന്നെ സംസാരിച്ചു തീർക്കുന്നതാണ്‌. ഒരു തെററിനെക്കുറിച്ച്‌ കോപത്തോടെ ചിന്തിച്ചുകൊണ്ടിരിക്കുന്നത്‌ മിക്കവാറും എല്ലായ്‌പ്പോഴുംതന്നെ അത്‌ യഥാർത്ഥത്തിൽ ആയിരിക്കുന്നതിനെക്കാൾ വഷളാണെന്നു തോന്നാനിടയാക്കുന്നു. അതിനെക്കുറിച്ച്‌ ഇപ്പോൾ ചർച്ച ചെയ്യുക, അല്ലെങ്കിൽ അതു മറന്നുകളയുക. അത്‌ ക്ഷണികമായ ഒരു പ്രസ്‌താവന മാത്രമാണോ? അത്‌ വിഗണിക്കുക. അതു ചർച്ച ചെയ്യേണ്ട ആവശ്യമുണ്ടോ? നിങ്ങളെ അലോസരപ്പെടുത്തുന്ന എന്തെങ്കിലും നിങ്ങളുടെ ഇണ ചെയ്‌തോ? വെട്ടിത്തുറന്ന്‌ കുററം വിധിക്കരുത്‌; ചോദ്യരൂപത്തിൽ സംഗതി ഉന്നയിക്കാൻ ശ്രമിക്കുക, അല്ലെങ്കിൽ ചർച്ചയ്‌ക്കു തുടക്കമിടുന്ന ഒരു നിർദ്ദേശം വെച്ചുനോക്കുക. ദൃഷ്‌ടാന്തമായി നിങ്ങൾക്ക്‌ ഇങ്ങനെ പറയാം: ‘ഓമനേ, എനിക്ക്‌ ഒരു സംഗതി മനസ്സിലാകുന്നില്ല. നിനക്ക്‌ ഒന്നു സഹായിക്കരുതോ?’ ഇനി ശ്രദ്ധിക്കുക. മറേറ വ്യക്തിയുടെ വീക്ഷണഗതി മനസ്സിലാക്കാൻ ശ്രമിക്കുക. സദൃശവാക്യങ്ങൾ 18:13-ലെ മുന്നറിയിപ്പു ശ്രദ്ധിക്കുക: “കേൾക്കുന്നതിനുമുമ്പേ ആരെങ്കിലും ഒരു കാര്യത്തിന്‌ ഉത്തരം പറയുമ്പോൾ, അത്‌ അയാളുടെ ഭാഗത്തു ഭോഷത്വവും അപമാനവുമാകുന്നു.” ആരെങ്കിലും നമ്മെക്കുറിച്ച്‌ തെററായ നിഗമനങ്ങളിലേക്ക്‌ എടുത്തുചാടുമ്പോൾ നമ്മിലാരും അതിഷ്ടപ്പെടുന്നില്ല. അതുകൊണ്ട്‌, പെട്ടെന്ന്‌ പ്രതികരിക്കുന്നതിനുപകരം, ആ പ്രവൃത്തിക്ക്‌ പിമ്പിലെ ഉദ്ദേശ്യമോ ആന്തരമോ മനസ്സിലാക്കാൻ ശ്രമിക്കുക. സദൃശവാക്യങ്ങൾ 20:5 ബുദ്ധിയുപദേശിക്കുന്നതുപോലെ ചെയ്യുക: “ഒരു മമനുഷ്യന്റെ ഹൃദയത്തിലെ ആലോചന ആഴമുളള വെളളങ്ങൾ പോലെയാകുന്നു, വിവേചനയുളള മനുഷ്യൻ അതു കോരിയെടുക്കുന്നവനാണ്‌.”

18. നിഷേധാത്മക ഭാവഭേദങ്ങളെ നീക്കം ചെയ്യാൻ നമ്മെ എന്തു സഹായിച്ചേക്കാം?

18 നിങ്ങൾ ഭാവഭേദങ്ങൾക്കു വിധേയനാണോ? ഭാവഭേദമുളള ഒരു വ്യക്തിയോടുകൂടെ ജീവിക്കുക പ്രയാസമാണ്‌. ഭാവഭേദങ്ങൾ തലച്ചോറിലെ രാസവസ്‌തുക്കളാൽ ഭരിക്കപ്പെടുന്നതുകൊണ്ട്‌ അവ നമ്മുടെ നിയന്ത്രണത്തിന്‌ അതീതമാണെന്ന്‌ ചിലർ വാദിക്കുന്നു. അത്‌ അങ്ങനെയാണെങ്കിലും അല്ലെങ്കിലും വികാരങ്ങൾ പകരുന്നവയാണ്‌. നമുക്കു ചുററുമുളളവരാൽ നാം ഒന്നുകിൽ ഉൻമേഷവാൻമാരായേക്കാം. അല്ലെങ്കിൽ വിഷാദമഗ്നരായേക്കാം. സംഗീതത്തിന്‌ നമ്മിൽ വിവിധതരത്തിലുളള ഭാവഭേദങ്ങൾ സൃഷ്ടിക്കാൻ കഴിയും. കഥകൾക്കും ഇതു ചെയ്യാൻ കഴിയും. നാം നമ്മുടെ മനസ്സുകളിൽ വച്ചുപുലർത്തുന്ന ചിന്തകൾക്ക്‌ നമ്മുടെ വിചാരഗതിയെ ബാധിക്കാൻ കഴിയും. നിങ്ങൾ നിഷേധാത്മകമായ കാര്യങ്ങളെക്കുറിച്ചു ചിന്തിച്ചു ദുഃഖിച്ചാൽ നിങ്ങൾ വിഷാദമഗ്നരായിത്തീരും; ഇച്ഛാശക്തിയുടെ ഒരു പ്രവർത്തനത്താൽ ക്രിയാത്മകവും ശുഭാപ്‌തിവിശ്വാസപരവുമായ ആശയങ്ങൾ ചിന്തിക്കാൻ നിങ്ങളുടെ മനസ്സിനെ നിങ്ങൾക്ക്‌ സ്വാധീനിക്കാൻ കഴിയും. അവയെക്കുറിച്ചു ചിന്തിക്കുക. (ഫിലിപ്യർ 4:8) ഇതു പ്രയാസമാണെന്നു നിങ്ങൾ കണ്ടെത്തുന്നുവെങ്കിൽ ഊർജ്ജസ്വലമായ എന്തെങ്കിലും ശാരീരിക പ്രവർത്തനം പരീക്ഷിച്ചുനോക്കുക. കളകൾ കിളച്ചുമാററുകയോ തറ ചുരണ്ടിവൃത്തിയാക്കുകയോ ചെയ്യുന്നതായാൽ പോലും എന്തെങ്കിലും കഠിന ജോലി ചെയ്യുക; പുറത്തുപോയി കാട്ടിലൂടെ മന്ദം മന്ദം നടക്കുക. അല്ലെങ്കിൽ അതിലും മെച്ചമായി മററാർക്കെങ്കിലും വേണ്ടി സഹായകമായി എന്തെങ്കിലും ചെയ്യാൻ കണ്ടെത്തുക—നിങ്ങളുടെ ശ്രദ്ധയും ഊർജ്ജവും മറെറവിടേക്കെങ്കിലും തിരിച്ചുവിടാൻ എന്തെങ്കിലും ചെയ്യുക. ഒരു ദുഷിച്ച ഭാവം വെച്ചുപുലർത്തുന്നതിനേക്കാൾ മെച്ചമാണ്‌ ഒരു നല്ല ഭാവം വളർത്തിയെടുക്കുന്നത്‌. അതു നിങ്ങൾക്കും, ഏററവും തീർച്ചയായി നിങ്ങളുടെ ഇണയ്‌ക്കും വളരെയധികമായ തമാശയായിരിക്കും!

19. ഒരുവന്റെ വിവാഹ ഇണയുടെ ഭാവഭേദങ്ങളോട്‌ ഗ്രാഹ്യത്തോടെ ഒരുവന്‌ എങ്ങനെ ഇടപെടാവുന്നതാണ്‌?

19 എന്നിരുന്നാലും, സംഭവങ്ങൾ നിങ്ങളെ അഗാധമായി ദുഃഖിപ്പിക്കുകയോ ഗുരുതരമായ രോഗമോ വേദനയോ നിങ്ങളെ ബാധിക്കുകയോ ചെയ്യുന്ന സമയങ്ങളുണ്ട്‌. അല്ലെങ്കിൽ, നിങ്ങളുടെ ഭാര്യയുടെ സംഗതിയിൽ മാസമുറകളും ഗർഭധാരണവും നാഡീവ്യവസ്ഥയേയും വികാരങ്ങളെയും ബാധിക്കുന്ന ശക്തമായ ഓജദ്രവ്യങ്ങളുടെ സ്രവത്തെ അതിയായി വ്യത്യാസപ്പെടുത്തുന്നു. ഒരു സ്‌ത്രീക്ക്‌ ബോധപൂർവ്വമായ അറിവില്ലാതെ ആർത്തവത്തിനു മുമ്പത്തെ പിരിമുറുക്കം അനുഭവപ്പെടുകയായിരിക്കും. ഒരു ഭർത്താവ്‌ കോപിഷ്ടനാകുന്നതിനു പകരം ഉൾക്കാഴ്‌ച പ്രകടമാക്കാൻ കഴിയേണ്ടതിന്‌ മനസ്സിൽ കരുതിക്കൊളേളണ്ട ഒരു മുഖ്യവസ്‌തുതയാണിത്‌. അങ്ങനെയുളള പ്രത്യേക സാഹചര്യങ്ങളിൽ, ഏതു പ്രാകൃതമാററത്തിനും ഉത്തരവാദിത്തം വഹിക്കുന്നത്‌ എന്താണെന്ന്‌ ഭർത്താവും ഭാര്യയും തിരിച്ചറിയുകയും പരിപുഷ്ടിപ്പെടുത്തുന്ന വിധത്തിൽ പ്രതിവർത്തിക്കുകയും വേണം. “ജ്ഞാനിയുടെ ഹൃദയം അവന്റെ വായ്‌ ഉൾക്കാഴ്‌ച പ്രകടമാക്കാനിടയാക്കുന്നു, അത്‌ അവന്റെ അധരങ്ങൾക്ക്‌ പ്രേരണാശക്തി കൂട്ടുന്നു.” കൂടാതെ, “ഒരു യഥാർത്ഥ സ്‌നേഹിതൻ എല്ലാ സമയത്തും സ്‌നേഹിക്കുന്നു, കഷ്ടതയുളള നാളിലേക്കു ജനിച്ച ഒരു സഹോദരനുമാണവൻ.”—സദൃശവാക്യങ്ങൾ 16:23; 17:17.

20-22. (എ) അനുചിതമായ സ്‌പർദ്ധയെ ഒഴിവാക്കേണ്ടതെന്തുകൊണ്ട്‌? (ബി) ഒരുവന്റെ വിവാഹ ഇണയ്‌ക്കു ഒരു സുരക്ഷിതബോധം കൊടുക്കാൻ എന്തു ചെയ്യാവുന്നതാണ്‌?

20 നിങ്ങളുടെ വിവാഹ പങ്കാളി തീക്ഷ്‌ണതയുളളയാളാണോ? ഒരു വ്യക്തി തന്റെ കീർത്തിയെക്കുറിച്ചും തന്റെ വിവാഹത്തെക്കുറിച്ചും തീക്ഷ്‌ണത പ്രകടമാക്കുന്നത്‌ ഉചിതമാണ്‌. അഡ്രീനലിൻ ഹൃദയസ്‌പന്ദനത്തെ വീണ്ടും ആരംഭിപ്പിക്കുന്നതുപോലെ തീക്ഷ്‌ണത, പ്രിയങ്കരമായി കരുതപ്പെടുന്ന എന്തിന്റെയെങ്കിലും ത്രാണനത്തിനുവേണ്ടി ദേഹിയെ ഉണർത്തുന്നു. തീക്ഷ്‌ണതയുടെ എതിർപദം ഉദാസീനതയാണ്‌, നാം നമ്മുടെ വിവാഹം സംബന്ധിച്ച്‌ ഉദാസീനരായിരിക്കരുത്‌.

21 എന്നാൽ മറെറാരുതരം തീക്ഷ്‌ണതയുണ്ട്‌, അരക്ഷിതാവസ്ഥയാലും അഭ്യൂഹത്താലും പോഷിപ്പിക്കപ്പെടുന്ന സ്‌പർദ്ധ തന്നെ. അത്തരം ന്യായരഹിതവും അമിതമായ ഉടമാബോധത്തോടുകൂടിയതുമായ ജാരശങ്ക വിവാഹത്തെ ഒരു അസുഖകരമായ തടങ്കലായി മാററുന്നു, അവിടെ വിശ്വാസത്തിനും യഥാർത്ഥസ്‌നേഹത്തിനും നിലനിൽക്കാൻ കഴികയില്ല. ആ വിധത്തിൽ സ്‌നേഹം “സ്‌പർദ്ധയുളളതല്ല.” വിട്ടുമാറാതെ ബാധിച്ചിരിക്കുന്ന സ്‌പർദ്ധ “അസ്ഥികൾക്കു ദ്രവത്വമാകുന്നു.”—1 കൊരിന്ത്യർ 13:4; സദൃശവാക്യങ്ങൾ 14:30.

22 സ്‌പർദ്ധ നിമിത്തം അരക്ഷിതത്വം തോന്നാൻ ന്യായമായ കാരണമുണ്ടെങ്കിൽ, പെട്ടെന്നു തന്നെ ആ കാരണം നീക്കുക. യഥാർത്ഥ കാരണമില്ലെങ്കിൽ ജാരശങ്കയുളളയാളിന്റെ വിശ്വാസത്തെ വാക്കുകളാലും, കൂടുതൽ പ്രധാനമായി, നിങ്ങളുടെ പ്രവർത്തനത്താലും പരിപുഷ്ടിപ്പെടുത്താൻ നിങ്ങളാലാവതു ചെയ്യുക. ഹൃദയത്തെ നേടുക!

23. വൈവാഹികപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന്‌ പുറത്തുളളവരുടെ സഹായം തേടുന്നതിന്‌ ഒരുവൻ ചായ്‌വു കാണിക്കുമ്പോൾ എന്തു പ്രയോജനകരമായി പരിചിന്തിക്കാവുന്നതാണ്‌?

23 വിവാഹിതർ തമ്മിലുളള ഭിന്നതകൾ പരിഹരിക്കുന്നതിന്‌ പുറത്തുളളവർക്കു സഹായിക്കാമോ? സാദ്ധ്യതയുണ്ട്‌, എന്നാൽ ഇരുവിവാഹപങ്കാളികളും സമ്മതിക്കാത്തപക്ഷം അവരെ വിളിക്കരുത്‌. ആദ്യം, “നിന്റെ സ്വന്തം കാര്യം നിന്റെ കൂട്ടുകാരനുമായി വാദിക്കുക, മറെറാരാളുടെ രഹസ്യസംസാരം വെളിപ്പെടുത്തരുത്‌.” (സദൃശവാക്യങ്ങൾ 25:9) വിവാഹംമൂലമുണ്ടായ ബന്ധുക്കളെ മദ്ധ്യസ്ഥതയ്‌ക്കു വിളിക്കുന്നതിൽ ഒരു പ്രത്യേക അപകടമുണ്ട്‌. അവർ നിഷ്‌പക്ഷമതികളായിരിക്കാനിടയില്ല. ജ്ഞാനപൂർവ്വം ബൈബിൾ പറയുന്നു: “ഒരു പുരുഷൻ തന്റെ അപ്പനെയും അമ്മയെയും വിട്ട്‌ തന്റെ ഭാര്യയോടു പററിനിൽക്കേണ്ടതാണ്‌.” (ഉല്‌പത്തി 2:24) മാതാപിതാക്കൻമാരോടും ഭർത്താവിനോടുമുളള ബന്ധത്തിൽ ഭാര്യയ്‌ക്കു ഇതുതന്നെ ബാധകമാണ്‌. ഒരു ഇണക്കെതിരെ മറെറയാളുടെ പക്ഷം പിടിച്ചുകൊണ്ടു മദ്ധ്യസ്ഥം വഹിക്കാൻ മാതാപിതാക്കൻമാരോടോ വിവാഹത്താലുളള ബന്ധുക്കളോടോ ആവശ്യപ്പെടുന്നതിനു പകരം, ഭർത്താവും ഭാര്യയും തങ്ങളുടെ പ്രശ്‌നങ്ങളെ തങ്ങൾ പങ്കു വയ്‌ക്കുന്നതും ഒന്നിച്ചുചേർന്നു പരിഹരിക്കേണ്ടതുമായി തിരിച്ചറിഞ്ഞുകൊണ്ട്‌ പററിനില്‌ക്കേണ്ടതാണ്‌. മറെറ പങ്കാളിയുടെ സമ്മതം കൂടാതെ പുറത്തുളളവരോട്‌ അഭ്യർത്ഥിക്കുന്നത്‌ മററുളളവരുടെ ദൃഷ്ടിയിൽ ഇരുവരെയും അവഹേളിക്കുകയാണ്‌. നിങ്ങൾ തുറന്നും സത്യസന്ധമായും സ്‌നേഹപുരസ്സരവും ആശയവിനിയമം ചെയ്യുമെങ്കിൽ, നിങ്ങളുടെ പ്രശ്‌നങ്ങളെ പരിഹരിക്കാൻ നിങ്ങൾ പ്രാപ്‌തരാകാതിരിക്കുന്നതിന്‌ കാരണമില്ല. ഉപദേശത്തിനു വേണ്ടി പക്വതയുളള മററുളളവരോട്‌ ആലോചിക്കാവുന്നതാണ്‌, പരിഹാരം അന്തിമമായി നിങ്ങളിലും നിങ്ങളുടെ ഇണയിലുമാണ്‌ സ്ഥിതിചെയ്യുന്നത്‌.

24, 25. ഒരു വിവാഹപ്രശ്‌നം പരിഹരിക്കുന്നതിൽ അഹങ്കാരം പ്രതിബന്ധമുണ്ടാക്കുന്നുവെങ്കിൽ ഒരു വ്യക്തി എന്തു ചെയ്യേണ്ടതാണ്‌?

24 “അഹംഭാവിയായിരിക്കുകയോ നിന്നെക്കുറിച്ചുതന്നെ വളരെ ഉന്നതമായി ഭാവിക്കുകയോ ചെയ്യരുത്‌” എന്ന്‌ അപ്പോസ്‌തലനായ പൗലോസ്‌ ബുദ്ധിയുപദേശിക്കുന്നു. (റോമർ 12:3, ന്യൂ ഇംഗ്‌ളീഷ്‌ ബൈബിൾ) അവൻ അനന്തരം “അന്യോന്യം ബഹുമാനിക്കുന്നതിൽ മുന്നിട്ടു നിൽക്കുക” എന്നു കൂട്ടിച്ചേർക്കുന്നു. (റോമർ 12:10) ചിലപ്പോൾ നമ്മുടെ അഹങ്കാരത്തിന്‌ ക്ഷതമേൽക്കുമ്പോൾ നാം യഥാർത്ഥത്തിൽ അത്ര വലിയവരല്ലെന്നു ചിന്തിക്കാൻ അതു നമ്മെ സഹായിക്കുന്നു. തീർച്ചയായും ഭൂമിയോടുളള താരതമ്യത്തിൽ നാം വലിയവരല്ല, ഭൂമിതന്നെ സൗരയൂഥത്തിൽ ചെറുതാണ്‌. ക്രമത്തിൽ, സൗരയൂഥം പ്രപഞ്ചത്തിൽ ചെറുതാണ്‌. യഹോവയുടെ ദൃഷ്ടിയിൽ “ജനതകളെല്ലാം നാസ്‌തിപോലെയാണ്‌—അവർ അവന്‌ ഒന്നുമില്ലായ്‌മയും അയഥാർത്ഥവും പോലെ കണക്കാക്കപ്പെട്ടിരിക്കുന്നു.” (യെശയ്യാവ്‌ 40:17) അങ്ങനെയുളള ചിന്തകൾ കാര്യങ്ങളെ കാഴ്‌ചപ്പാടിൽ നിർത്തുന്നതിന്‌, ഭിന്നതകളിൽ ഏതായാലും അത്ര മർമ്മപ്രധാനങ്ങളായ കാര്യങ്ങൾ ഉൾപ്പെടാതിരുന്നേക്കാമെന്ന്‌ കാണുന്നതിന്‌ സഹായിക്കുന്നു.

25 ചിലപ്പോൾ നമ്മേക്കുറിച്ചുതന്നെ വളരെ ഗൗരവമായി കരുതാതിരിക്കാൻ നർമ്മബോധവും സഹായിച്ചേക്കാം. നിങ്ങളെക്കുറിച്ചുതന്നെ ചിരിക്കാൻ കഴിയുന്നത്‌ പക്വതയുടെ ഒരു ലക്ഷണമാണ്‌, അത്‌ ജീവിതത്തിലെ അനേകം പരുപരുത്ത സാഹചര്യങ്ങളെ നിരപ്പാക്കുന്നു.

“നിങ്ങളുടെ അപ്പത്തെ വെളളങ്ങളിൻമേൽ എറിയുക”

26, 27. ഒരുവന്റെ വിവാഹഇണ സമാധാനപരമായി ഭിന്നതകൾ തീർക്കാനുളള ശ്രമങ്ങളോടു പ്രതിവർത്തിക്കാത്തപ്പോൾ ഏതു ബൈബിൾ തത്വങ്ങൾ ബാധകമാക്കണം? എന്തുകൊണ്ട്‌?

26 ഭിന്നതകൾ സമാധാനപരമായി പരിഹരിക്കാനുളള നിങ്ങളുടെ ശ്രമങ്ങളോട്‌ നിങ്ങളുടെ ഇണ പ്രതിവർത്തിക്കുന്നില്ലെങ്കിലോ? “ആർക്കും തിൻമയ്‌ക്ക്‌ പകരം തിൻമ ചെയ്യരുത്‌” എന്ന ബൈബിളിന്റെ ബുദ്ധിയുപദേശം അനുസരിക്കുക. നമുക്ക്‌ പകർത്താനുളള മാതൃക യേശുവാണ്‌: “അധിക്ഷേപിക്കപ്പെട്ടുകൊണ്ടിരുന്നപ്പോൾ അവൻ തിരിച്ച്‌ അധിക്ഷേപിച്ചില്ല.” പകരത്തിനു പകരം ചെയ്യുക എന്നതാണ്‌ ആളുകളുടെ ഇടയിലെ സാധാരണ നടപടി. എന്നാൽ നിങ്ങൾ ഈ ഗതി സ്വീകരിച്ചാൽ നിങ്ങളെ രൂപപ്പെടുത്താൻ, നിങ്ങൾ ആയിരിക്കുന്നത്‌ ആക്കിത്തീർക്കാൻ നിങ്ങൾ മററുളളവരെ അനുവദിക്കുകയാണ്‌. യഥാർത്ഥത്തിൽ, അവർ നിങ്ങളെ അവരെപ്പോലെ ആക്കിത്തീർക്കുകയാണ്‌. ഇതു സംഭവിക്കാൻ അനുവദിക്കുന്നത്‌ നിങ്ങളെത്തന്നെ, നിങ്ങൾ പ്രതിനിധാനം ചെയ്യുന്നതിനെ, നിങ്ങൾ പ്രിയങ്കരങ്ങളായി കരുതുന്ന തത്വങ്ങളെ തളളിക്കളയുകയാണ്‌. പകരം യേശുവിനെ പകർത്തുക. അവൻ തന്നോടുതന്നെ വിശ്വസ്‌തനായി നിലകൊളളുന്നു; അവന്റെ ചുററുപാടുമുളളവരുടെ ദൗർബല്യങ്ങളാൽ അവനു മാററം ഭവിക്കുന്നില്ല: “നാം അവിശ്വസ്‌തരാണെങ്കിൽ, അവൻ വിശ്വസ്‌തനായി നിലകൊളളുന്നു, എന്തെന്നാൽ അവന്‌ തന്നേത്തന്നെ നിരസിക്കാൻ കഴികയില്ല.”—റോമർ 12:17; 1 പത്രോസ്‌ 2:23; 2 തിമൊഥെയോസ്‌ 2:13.

27 തിൻമയുടെ ഒരു ആവർത്തനത്തെ നൻമകൊണ്ടു തടയാൻ നിങ്ങൾ ശക്തരാണെങ്കിൽ, നിങ്ങൾക്ക്‌ നൻമയുടെ ഒരു ആവർത്തനത്തിന്‌ തുടക്കമിടാവുന്നതാണ്‌. “ഒരു ഉത്തരം, സൗമ്യമായിരിക്കുമ്പോൾ, ക്രോധത്തെ അകററിക്കളയുന്നു.” (സദൃശവാക്യങ്ങൾ 15:1) ഒരു സൗമ്യമായ ഉത്തരം ദൗർബല്യത്തിൽനിന്ന്‌ സംജാതമാകുന്നതല്ല, പിന്നെയോ ശക്തിയിൽനിന്ന്‌ ഉളവാകുന്നതാണ്‌, നിങ്ങളുടെ ഇണയ്‌ക്ക്‌ ഇതു ബോദ്ധ്യപ്പെട്ടേക്കാം. അനേകർ പകരത്തിനു പകരം ചെയ്യുന്നതുകൊണ്ട്‌, നൻമകൊണ്ടുളള നിങ്ങളുടെ മുന്നേററം തിൻമയുടെ ആവർത്തനത്തെ നൻമയുടേതാക്കി മാററിയേക്കാം. ചില തിരുവെഴുത്തുകൾ ഇതു സൂചിപ്പിക്കുന്നു. “മററുളളവരെ ധാരാളമായി നനയ്‌ക്കുന്നവൻതന്നെ ധാരാളമായി നനയ്‌ക്കപ്പെടും.” “നിങ്ങൾ അളന്നു കൊടുക്കുന്ന അളവിനാൽ അവർ നിങ്ങൾക്ക്‌ തിരിച്ച്‌ അളന്നുതരും.” “നിങ്ങളുടെ അപ്പത്തെ വെളളങ്ങളിൻമേൽ എറിയുക, എന്തുകൊണ്ടെന്നാൽ നിങ്ങൾ അനേകം ദിവസങ്ങൾക്കുശേഷം അതു കണ്ടെത്തും.” (സദൃശവാക്യങ്ങൾ 11:25; ലൂക്കോസ്‌ 6:38; സഭാപ്രസംഗി 11:1, റിവൈസ്‌ഡ്‌ സ്‌ററാൻഡേർഡ്‌ വേർഷ്യൻ) നിങ്ങളുടെ നൻമ നിങ്ങളുടെ ഇണയിൽനിന്ന്‌ നൻമയുടെ ഒരു വിളവു കൈവരുത്തുന്നതിന്‌ സമയമെടുത്തേക്കാം. നിങ്ങൾ ഒരു ദിവസം വിത്തു വിതച്ചിട്ട്‌ അടുത്ത ദിവസം കൊയ്യുന്നില്ല. എന്നിരുന്നാലും, “ഒരു മനുഷ്യൻ എന്തുതന്നെ വിതച്ചാലും അത്‌ അവൻ കൊയ്യുകയും ചെയ്യും; . . . അതുകൊണ്ട്‌ നൻമചെയ്യുന്നതിൽനിന്ന്‌ നമുക്ക്‌ വിരമിക്കാതിരിക്കാം, എന്തുകൊണ്ടെന്നാൽ നാം ക്ഷീണിച്ചുപോകുന്നില്ലെങ്കിൽ തക്കകാലത്ത്‌ നാം കൊയ്യും.”—ഗലാത്യർ 6:7-9.

28. ഒരു സന്തുഷ്ട വിവാഹജീവിതത്തെ അഭിവൃദ്ധിപ്പെടുത്താൻ സഹായിക്കാൻ കഴിയുന്നവയായി സദൃശവാക്യങ്ങളെന്ന ബൈബിൾ പുസ്‌തകത്തിൽ കാണപ്പെടുന്ന നല്ല തത്വങ്ങളിൽ ചിലതേവ? എങ്ങനെ?

28 വിവാഹിതരായ ഇണകളുടെ പരിചിന്തനത്തിന്‌ ഇതാ ചില തിരുവെഴുത്തുകൾ:

സദൃശവാക്യങ്ങൾ 14:29: “കോപത്തിനു താമസമുളളവൻ വിവേചനയിൽ സമൃദ്ധനാകുന്നു, എന്നാൽ അക്ഷമൻ ഭോഷത്വത്തെ ഉയർത്തുകയാകുന്നു.” നിങ്ങൾ നിങ്ങൾക്കുതന്നെ ചിന്തിക്കാൻ സമയം കൊടുക്കുന്നുവെങ്കിൽ കോപിക്കുന്നതിന്‌ നല്ല കാരണമില്ലെന്ന്‌ നിങ്ങൾ മിക്കപ്പോഴും കണ്ടുപിടിക്കുന്നില്ലേ?

സദൃശവാക്യങ്ങൾ 17:27: “തന്റെ സംസാരത്തെ പിന്നോക്കം നിർത്തുന്ന ഏവനും അറിവുളളവനാകുന്നു; വിവേചനയുളള മനുഷ്യൻ ശാന്തമായ ആത്മാവുളളവനാകുന്നു.” നിങ്ങൾ നിങ്ങളുടെ ആത്മാവിനെ ശാന്തമാക്കി സൂക്ഷിക്കുകയും നിങ്ങളുടെ ഇണയുടെ ആത്മാവിനെ കുപിതമാക്കുന്ന വാക്കുകളെ പിന്നോക്കം നിർത്തുകയും ചെയ്യുന്നുവോ?

സദൃശവാക്യങ്ങൾ 25:11: “വെളളിത്താലങ്ങളിലെ സ്വർണ്ണ ആപ്പിളുകൾപോലെയാണ്‌ തക്കസമയത്തു പറയുന്ന ഒരു വാക്ക്‌.” ഒരു സമയത്ത്‌ ശരിയായിരിക്കുന്ന വാക്ക്‌ മറെറാരു സമയത്ത്‌ തെററായിരിക്കാം. ശരിയായ സമയത്ത്‌ ശരിയായ വാക്ക്‌ ഏതെന്നുളളതു സംബന്ധിച്ച്‌ നിങ്ങൾ ഗ്രാഹ്യമുളളയാളാണോ?

സദൃശവാക്യങ്ങൾ 12:18: “വാളുകൊണ്ടുളള കുത്തുകൾപോലെ ചിന്താശൂന്യമായി സംസാരിക്കുന്നവൻ ഉണ്ട്‌, എന്നാൽ ജ്ഞാനികളുടെ നാവ്‌ ഒരു രോഗശാന്തിയാകുന്നു.” നിങ്ങൾ സംസാരിക്കുന്നതിനു മുമ്പ്‌ നിങ്ങളുടെ വാക്കുകൾക്ക്‌ നിങ്ങളുടെ ഇണയുടെമേൽ എന്തു ഫലമുണ്ടായിരിക്കുമെന്ന്‌ നിങ്ങൾ നിന്ന്‌ ചിന്തിക്കുന്നുവോ?

സദൃശവാക്യങ്ങൾ 10:19: “വാക്കുകളുടെ സമൃദ്ധിയിൽ ലംഘനം ഇല്ലാതിരിക്കുന്നില്ല, എന്നാൽ തന്റെ അധരങ്ങളെ നിയന്ത്രിച്ചു സൂക്ഷിക്കുന്നവൻ വിവേകപൂർവ്വം പ്രവർത്തിക്കുന്നു.” ചിലപ്പോൾ അസ്വസ്ഥരാകുമ്പോൾ നാം അർത്ഥമാക്കുന്നതിലധികം പറയുന്നു, നാം പിന്നീടു ഖേദിക്കുന്നു. നിങ്ങൾ ഇതിനെതിരെ ജാഗരിക്കുന്നുവോ?

സദൃശവാക്യങ്ങൾ 20:3: “തർക്കിക്കുന്നതിൽ നിന്നു പിൻമാറുന്നത്‌ ഒരു പുരുഷന്‌ മഹത്വമാകുന്നു, എന്നാൽ ഭോഷനായ ഏവനും അതിലേക്കു തളളിക്കയറും.” വാദിക്കുന്നതിന്‌ രണ്ടുപേർ വേണം. നിർത്തുന്നയാളായിരിക്കാൻ തക്കവണ്ണം നിങ്ങൾക്കു പക്വതയുണ്ടോ?

സദൃശവാക്യങ്ങൾ 10:12: “വിദ്വേഷമാണ്‌ ശണ്‌ഠകൾ ഇളക്കിവിടുന്നത്‌, എന്നാൽ സ്‌നേഹം സകല ലംഘനങ്ങളെയും തന്നെ മറയ്‌ക്കുന്നു.” നിങ്ങൾ പഴയ വിവാദങ്ങൾ തുടർച്ചയായി അവതരിപ്പിക്കുന്നുവോ, അതോ അവയെ പിന്തളളിക്കളയാൻ തക്കവണ്ണം നിങ്ങൾ നിങ്ങളുടെ ഇണയെ സ്‌നേഹിക്കുന്നുവോ?

സദൃശവാക്യങ്ങൾ 14:9, “ന്യൂ ഇംഗ്ലീഷ്‌ ബൈബിൾ”: “ഭോഷൻ ഭേദഗതി ചെയ്യാത്തവണ്ണം അത്ര അഹങ്കാരിയാണ്‌; നേരുളള മനുഷ്യർക്കു അനുരഞ്‌ജനത്തിന്റെ അർത്ഥമെന്തെന്നറിയാം.” നിങ്ങൾ വിട്ടുവീഴ്‌ചകൾ ചെയ്യുകയും നിങ്ങളുടെ ദാമ്പത്യബന്ധത്തിൽ സമാധാനം തേടുകയും ചെയ്യാത്തവണ്ണം അത്ര അഹങ്കാരമുളളയാളാണോ?

സദൃശവാക്യങ്ങൾ 26:20: “വിറകില്ലാത്തടത്ത്‌ തീയ്‌ കെട്ടു പോകുന്നു.” നിങ്ങൾക്ക്‌ വാദം നിർത്താൻ കഴിയുമോ അതോ അവസാനത്തെ വാക്ക്‌ നിങ്ങളുടേതായിരിക്കണമോ?

എഫേസ്യർ 4:26: “നീ ഒരു പ്രകോപിതാവസ്ഥയിലായിരിക്കെ സൂര്യൻ അസ്‌തമിക്കാതിരിക്കട്ടെ.” നിങ്ങൾ ഭിന്നതകളെക്കുറിച്ച്‌ പറഞ്ഞുകൊണ്ടേയിരിക്കുകയും അങ്ങനെ നിങ്ങൾക്കും നിങ്ങളുടെ ഇണയ്‌ക്കും ദുരിതം ദീർഘിപ്പിക്കുകയും ചെയ്യുന്നുവോ?

29. ഒരു സന്തുഷ്ടവിവാഹം നിലനിർത്താൻ ശ്രമിക്കുമ്പോൾ മനസ്സിൽ കരുതിക്കൊളേളണ്ട ചില അടിസ്ഥാന സംഗതികളേവ?

29 പ്രായോഗികമാക്കുമ്പോൾ മാത്രമേ ജ്ഞാനോപദേശം പ്രയോജനപ്പെടുന്നുളളു. പരീക്ഷിച്ചു നോക്കുക. അതുപോലെതന്നെ, നിങ്ങളുടെ ഇണ നൽകുന്ന നിർദ്ദേശവും പരീക്ഷിച്ചുനോക്കാൻ സന്നദ്ധനായിരിക്കുക. അത്‌ പ്രായോഗികമാകുന്നുവോ എന്ന്‌ കാണുക. എന്തെങ്കിലും തെററിപ്പോകുന്നുവെങ്കിൽ ആരുടെ കുററമാണ്‌? അതു പ്രധാനമല്ല. കാര്യങ്ങൾ എങ്ങനെ ശരിയാക്കാമെന്നുളളതാണ്‌ പ്രധാനം. അയവുളളവരായിരിക്കുക, ഭിന്നതകൾ അവതരിപ്പിക്കുക; അവ പറഞ്ഞുതീർക്കുക; നിങ്ങളെത്തന്നെ വളരെ ഗൗരവമായി കരുതാതിരിക്കുക. ആശയവിനിയമം ചെയ്യുക! നിങ്ങൾ ‘നിങ്ങളുടെ ഇണയെ നിങ്ങളെപ്പോലെതന്നെ സ്‌നേഹിക്കുന്നുവെങ്കിൽ’ ദാമ്പത്യബന്ധത്തോടു പൊരുത്തപ്പെടുന്നതും അതിനെ സന്തുഷ്ടമാക്കിത്തീർക്കുന്നതും വളരെ പ്രയാസമായിരിക്കരുത്‌.—മത്തായി 19:19.

[അധ്യയന ചോദ്യങ്ങൾ]