ഇന്നേയ്ക്കും നാളേയ്ക്കും വേണ്ടിയുളള ജീവിതം
അധ്യായം 1
ഇന്നേയ്ക്കും നാളേയ്ക്കും വേണ്ടിയുളള ജീവിതം
1-5. യൗവനം എന്തുകൊണ്ടാണ് സന്തോഷകരമായ സമയമായിരിക്കേണ്ടത്? എന്നാൽ എന്താണ് അതിനെ ഒരു വെല്ലുവിളിയാക്കിത്തീർക്കുന്നത്?
നിങ്ങളുടെ യൗവനം ജീവിതത്തിലെ അതീവസുന്ദരമായ ഒരു കാലഘട്ടമായിരിക്കേണ്ടതാണ്. അത് ഏതാണ്ട് ആണ്ടുവട്ടത്തിലെ വസന്തകാലംപോലെതന്നെയാണ്. യൗവനം നവോൻമേഷത്തിന്റെ കാലമാണ്. നിങ്ങളുടെ ശരീരം കൂടുതൽ പുഷ്ടിപ്പെടുകയും മനസ്സ് വികാസം പ്രാപിക്കുകയും ചെയ്യുന്നു. കാര്യങ്ങൾ പഠിക്കാനും ചെയ്യാനുമുളള അനേകം അവസരങ്ങൾ തുറന്നുകിട്ടുന്നു. അതുകൊണ്ട് യൗവനം ആനന്ദകരവും ആവേശഭരിതവുമായിരിക്കാൻ അനേകം കാരണങ്ങൾ ഉണ്ട്.
2 എന്നാൽ നിങ്ങൾക്ക് അങ്ങനെയാണോ, അല്ലെങ്കിൽ അങ്ങനെ ആയിരിക്കുമോ? ഇതിന് സഹായകമായിരുന്നേക്കാവുന്നതോ തടസ്സം നിന്നേക്കാവുന്നതോ ആയ പല വസ്തുതകളുണ്ട്. ഇവയിൽ ചിലതു സംബന്ധിച്ച് നിങ്ങൾക്ക് ഒന്നും ചെയ്യാൻ സാദ്ധ്യമല്ല. എന്നാൽ പലതും സംബന്ധിച്ച് നിങ്ങൾക്ക് ചെയ്യാൻ കഴിയും. നിലനിൽക്കുന്ന പ്രയോജനങ്ങളോടെ നിങ്ങളുടെ യൗവനം പരമാവധി ആസ്വദിക്കാൻ നിങ്ങളെ സഹായിക്കാൻ കഴിയുമെന്ന പ്രതീക്ഷയോടെയാണ് ഈ പുസ്തകം എഴുതപ്പെട്ടിരിക്കുന്നത്.
3 യൗവനം വെല്ലുവിളിയുടെ ഒരു സമയമാണ്. ഒരുപക്ഷേ നിങ്ങൾക്കു മനസ്സിലാക്കാൻ കഴിയുന്നതുപോലെ ജീവിതപാതയിൽ ഇന്ന് കുണ്ടും കുഴിയും നിറഞ്ഞ സ്ഥലങ്ങൾ ധാരാളം ഉണ്ട്. അവയെ അഭിമുഖീകരിക്കുന്നതിന് ധൈര്യം ആവശ്യമാണ്. എന്നാൽ ഇത്തരം പരുപരുത്തവശങ്ങളെ തരണം ചെയ്യുന്നതിന് നിങ്ങൾ നേരത്തെതന്നെ അഭ്യസിക്കുന്നുവെങ്കിൽ പിന്നീടുളള യാത്ര നിങ്ങൾക്ക് വളരെ എളുപ്പമായിത്തീരും. നിങ്ങൾ ഒരു പ്രശ്നത്തെ വിജയകരമായി തരണം ചെയ്യുന്ന ഓരോ തവണയും നിങ്ങളുടെ ആത്മധൈര്യം വളർന്നുവരും.
4 മാർഗ്ഗതടസ്സങ്ങളും സമ്മർദ്ദങ്ങളും പ്രശ്നങ്ങളും നിങ്ങളെ വഴിതെററിക്കുന്നതിലും എത്രയോ ഭേദമാണ് യൗവനത്തിലെ വെല്ലുവിളികളെ നേരിടുന്നത്. ജീവിതം യഥാർത്ഥത്തിൽ ആയിരിക്കുന്നതിൽനിന്ന് വ്യത്യസ്തമാണ് എന്ന് കരുതി ഒരു സ്വപ്നലോകത്തിലായിരുന്നുകൊണ്ട് നിങ്ങളെത്തന്നെ കബളിപ്പിക്കുക വളരെ എളുപ്പമാണ്. എന്നാൽ ഇന്നല്ലെങ്കിൽ നാളെ അത്തരക്കാർ തീർച്ചയായും കഠിന യാഥാർത്ഥ്യങ്ങളുമായി ഏററുമുട്ടേണ്ടിവരും. അപ്പോൾ രക്ഷപ്പെടുന്നതും മുമ്പോട്ടു നീങ്ങുന്നതും വളരെ പ്രയാസമായേക്കാം. വിലപ്പെട്ട സമയം നഷ്ടമായേക്കാം. കാരണം പഴമൊഴി പറയുംപ്രകാരം ഒരിക്കൽ മാത്രമേ നിങ്ങൾ ഒരു യുവാവായിരിക്കുന്നുളളു.
5 ഇപ്പോൾ നിങ്ങൾ ഒരു പരിവർത്തനകാലത്താണ്, മാററങ്ങളുടേതായ ഒരു സമയത്ത്. ഉദാഹരണത്തിന് നിങ്ങളുടെ ശരീരം പൂർണ്ണവളർച്ചയിലേക്കു നീങ്ങുകയാണ്. എന്നാൽ ഇരുപതു വയസ്സിനും ഇരുപത്തിമൂന്നു വയസ്സിനുമിടയ്ക്കു ഒരു സമയം വരെ കായികവളർച്ച പൂർത്തിയാകുന്നില്ല. വൈകാരിക പക്വത പ്രാപിക്കാൻ അതിലും ദീർഘമായ സമയം ആവശ്യമായേക്കാം. നിങ്ങളിൽ നടക്കുന്ന ചില മാററങ്ങൾ നിങ്ങളെ അമ്പരപ്പിക്കുകയും നിങ്ങളെപ്പററിത്തന്നെ നിശ്ചയമില്ലാത്ത ഒരവസ്ഥയിലെത്തിക്കുകയും ചെയ്തേക്കാനിടയുണ്ട്. നിങ്ങളുടെ ഉളളിൽ പുതിയ സമ്മർദ്ദങ്ങൾ സ്വരൂപിക്കുന്നതായി അനുഭവപ്പെടുമ്പോൾ അവയെ എങ്ങനെയാണ് കൈകാര്യം ചെയ്യുക? യൗവനത്തിൽ വരുന്ന ഈ മാററങ്ങളെയും അവയെ വിജയകരമായി നേരിടാൻ കഴിയുന്ന വിധത്തെയും കുറിച്ച് ഈ പുസ്തകം ചർച്ച ചെയ്യുന്നു. അവ വച്ചുനീട്ടുന്ന വെല്ലുവിളികളെ നേരിടുന്നത് നിങ്ങൾക്ക് ആസ്വദിക്കാൻപോലും കഴിയും. കാരണം അവയൊക്കെയും നിങ്ങൾ ഒരു ആളായി, ഒരു പ്രത്യേക വ്യക്തിയായി, രൂപാന്തരപ്പെടുന്ന ആ അത്ഭുതകരമായ അനുഭവത്തിന്റെ ഭാഗമാണ്.
മാർഗ്ഗനിർണ്ണയം ചെയ്യുന്നതിനുളള സഹായങ്ങൾ
6-9. മററുളളവർ ചെയ്തിട്ടുളളതിനെപ്പററി പഠിക്കുന്നതിനാൽ നിങ്ങൾക്ക് എങ്ങനെ പ്രയോജനം അനുഭവിക്കാം?
6 നിങ്ങളുടെ ജീവിതം “കല്പനകളും” “വിലക്കുകളും” കൊണ്ട് വളരെയധികം നിയന്ത്രിക്കപ്പെട്ടിരിക്കുന്നതായി ചിലപ്പോൾ നിങ്ങൾക്ക് തോന്നിയേക്കാം. എന്നാൽ മറെറാരു വിധത്തിൽ ചിന്തിച്ചാൽ, യൗവനത്തിൽ നിങ്ങൾക്ക്, പിന്നീടൊരിക്കലും കിട്ടാത്ത തരം സ്വാതന്ത്ര്യമുണ്ട്. മുതിർന്നവരെപ്പോലെ ഉത്തരവാദിത്വങ്ങളാൽ ഭാരപ്പെടാതെ അറിവു സമ്പാദിക്കുന്നതിനും കഴിവുകളും വൈദഗ്ദ്ധ്യങ്ങളും വളർത്തിയെടുക്കുന്നതിനും ധാരാളം സമയം ചെലവഴിക്കാൻ നിങ്ങൾ സ്വതന്ത്രരാണ്. മററുളളവർ ചെയ്തിട്ടുളളതും ചെയ്തുകൊണ്ടിരിക്കുന്നതുമായ കാര്യങ്ങൾ പഠിക്കുന്നതിനും പരിചിന്തിക്കുന്നതിനും ധാരാളം സമയം നിങ്ങൾക്കുണ്ട്. നിങ്ങൾക്ക് അവരുടെ വിജയങ്ങളെപ്പററിയും പരാജയങ്ങളെപ്പററിയും പഠിക്കാനും എവിടെയാണ് അവർ ബുദ്ധിപൂർവ്വകമായ തീരുമാനങ്ങൾ ചെയ്തതെന്നും എവിടെ അവർക്ക് ബുദ്ധിമോശം ഭവിച്ചു എന്നും കാണാനും കഴിയും. ജീവിതപാതയിൽ ഏതു ദിശയിൽ നീങ്ങണമെന്നറിയാൻ ഇതു നിങ്ങളെ സഹായിക്കും.
7 പരസഹായം കൂടാതെ, സ്വന്തമായി നിങ്ങളുടെ ഗതി നിർണ്ണയിക്കാൻ നിങ്ങൾക്കു കഴിയുമോ? അതിന് ശ്രമിക്കുന്നത് എത്രമാത്രം ബുദ്ധിപൂർവ്വകമായിരിക്കും? ചില ഉദാഹരണങ്ങൾ പരിചിന്തിക്കുക:
8 നിങ്ങൾ ഒരു കാറിന്റെ എഞ്ചിൻ നിർമ്മിക്കാനാഗ്രഹിക്കുന്നു എന്നിരിക്കട്ടെ. വിദഗ്ദ്ധരായ യന്ത്രപ്പണിക്കാർക്ക് പറയാനുളളത് ശ്രദ്ധിക്കാതെ സ്വന്തമായി അതു നിർമ്മിക്കാൻ നിങ്ങൾ ഒരുമ്പെടുമോ? അങ്ങനെ ചെയ്യുന്നുവെങ്കിൽ ആ യന്ത്രം മിക്കവാറും എങ്ങനെയുളളതായിരിക്കും? അല്ലെങ്കിൽ ആരും തയ്യൽവേല ചെയ്യുന്നത് ഒരിക്കലും കാണാതെ, ഒരു മാതൃകപോലുമില്ലാതെ, വിശേഷാവസരങ്ങളിലേക്കുളള ഒരു വസ്ത്രം നിർമ്മിക്കാൻ നിങ്ങൾ ശ്രമിക്കുമോ? ആ വസ്ത്രം എങ്ങനെയിരിക്കുമെന്ന് നിങ്ങൾക്ക് ഊഹിക്കാൻ കഴിയും.
9 ഒരു കാറിന്റെ എൻജിനേക്കാളും ഒരു വിശേഷവസ്ത്രത്തേക്കാളും ഏറെ സങ്കീർണ്ണമാണ് മാനുഷജീവിതമെന്നത് ആരും പറയാതെ തന്നെ അറിയരുതോ?
ആശയവിനിമയമാർഗ്ഗങ്ങൾ തുറന്നിടുക
10-16. (എ) ചില യുവജനങ്ങൾ മുതിർന്നവരിൽ നിന്ന് പഠിക്കാൻ ആഗ്രഹിക്കാതിരുന്നേക്കാവുന്നതെന്തുകൊണ്ട്? അതേപ്പററി നിങ്ങൾക്കെന്തു തോന്നുന്നു? (ബി) മുതിർന്നവരെ ശ്രദ്ധിക്കുന്നതിലുപരിയായി ജീവിതത്തെ സംബന്ധിച്ചുളള അറിവിന്റെ മറെറാരു ഉറവ് ആവശ്യമായിരിക്കുന്നതെന്തുകൊണ്ട്?
10 നമുക്കു മുമ്പുണ്ടായിരുന്നവർ പഠിച്ച കാര്യങ്ങളോട് നാം ഓരോരുത്തരും അല്പാല്പം ചേർത്തു പണിയുകയേ ചെയ്യുന്നുളളു എന്നത് ജീവിതത്തെ സംബന്ധിച്ച ഒരു കേവലസത്യം മാത്രമാണ്. എന്നാൽ ആശയവിനിയമം കൂടാതെ അതു സാദ്ധ്യമല്ല. ആശയവിനിയമം കൂടാതെ—സംസാരിക്കാതെ, വായിക്കാതെ, പഠിക്കാൻവേണ്ടി മററുളളവരെ നിരീക്ഷിക്കാതെ—മററുളളവർ സമ്പാദിച്ചിരിക്കുന്ന അറിവും പരിചയവും സ്വായത്തമാക്കാൻ നമുക്കു കഴിയുകയില്ല.
11 നിങ്ങളുടെ യൗവനത്തെ പരമാവധി ആസ്വദിക്കാൻ മററുളളവർ സമ്പാദിച്ച അറിവിൽനിന്ന് പ്രയോജനം അനുഭവിക്കേണ്ടതുണ്ട്. നിങ്ങളുടെ ശരീരത്തിന് നല്ല ശ്രദ്ധ കൊടുക്കേണ്ടതെങ്ങനെ, ഉത്തമസുഹൃത്തുക്കളെ സമ്പാദിക്കുന്നതും സുഹൃദ്ബന്ധം നിലനിർത്തുന്നതുമെങ്ങനെ, ഡെയ്ററിംഗും കോർട്ടിംഗും സംബന്ധിച്ച് സഹായകമായ മാർഗ്ഗനിർദ്ദേശങ്ങൾ, വിവാഹത്തെക്കുറിച്ചുളള ചോദ്യങ്ങൾക്കുളള മറുപടികൾ, ലൈംഗികപ്രശ്നങ്ങൾ, ലഹരിപാനീയങ്ങളുടെയും മയക്കുമരുന്നുകളുടെയും ഉപയോഗം എന്നിത്യാദി കാര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഇവയൊക്കെ ഈ പുസ്തകത്തിൽ ചർച്ച ചെയ്തിരിക്കുന്നു.
12 ഒരുപക്ഷേ നിങ്ങൾ നിങ്ങളുടെ ചുററുമുളള ലോകത്തിൽ ഇന്നു കാണുന്ന കാര്യങ്ങളെപ്പററി ചിന്തിക്കുന്നുണ്ടാവും. എവിടെയും സ്വാർത്ഥതയാണുളളത്. അനേകർക്ക് അന്യായമായ പെരുമാററം സഹിക്കേണ്ടിവരുന്നു. വഞ്ചനയും മലിനീകരണവും കുററകൃത്യങ്ങളും യുദ്ധവും ഭോഷ്കുപറച്ചിലും കാപട്യവും വ്യാപകമാണ്. നിങ്ങൾ ചോദിച്ചേക്കാം, ‘കാര്യങ്ങളെ ഇത്തരത്തിൽ കുഴച്ചുമറിച്ച മുൻതലമുറക്കാരിൽ നിന്ന് ഞാനെന്ത് പഠിക്കാനാണ്?’
13 പ്രായമായ പലരും ഇന്നത്തെ അവസ്ഥകൾക്ക് വാസ്തവത്തിൽ ഉത്തരവാദികളാണ്. അവർ ഈ തെററായ കാര്യങ്ങളിൽ പങ്കെടുക്കുകയോ അല്ലെങ്കിൽ ഈ അവസ്ഥകൾ വരുത്തിവച്ച ഈ വ്യവസ്ഥിതിയോട് ഒത്ത് ചേർന്ന് അതിനെ പിൻതാങ്ങുകയോ ചെയ്തിട്ടുണ്ട്.
14 എന്നാൽ മറിച്ച് നിങ്ങളെപ്പോലെതന്നെ ഇന്നത്തെ അവസ്ഥകളോട് വെറുപ്പുളള അനേകർ പ്രായമായവരുടെ ഇടയിലും ഇല്ലേ? ഏതായാലും ഇന്നത്തെ പ്രശ്നങ്ങൾ ഈ ഒരു തലമുറയ്ക്കുളളിൽ മാത്രം വളരാനാരംഭിച്ചവയല്ല. നിങ്ങളുടെ മാതാപിതാക്കൻമാർ നിങ്ങളുടെ ഈ പ്രായത്തിലായിരുന്നപ്പോൾ അന്നത്തെ ലോകാവസ്ഥകൾ നിരാശാജനകമായി അവർക്കും തോന്നി. വാസ്തവത്തിൽ കഴിഞ്ഞ അര നൂററാണ്ടു കാലം, പ്രത്യേകിച്ച്, 1914 മുതൽ 1918 വരെയുണ്ടായിരുന്ന ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം, മനുഷ്യവർഗ്ഗം ഒരു പ്രതിസന്ധിയിൽനിന്ന് നേരിടാൻ കൂടുതൽ കൂടുതൽ പ്രയാസമായിക്കൊണ്ടിരിക്കുന്ന മറെറാന്നിലേക്കു നീങ്ങുന്നതായി തോന്നുന്നു.
15 പ്രായക്കൂടുതലോ പരിചയസമ്പത്തോ പ്രസ്പഷ്ടമായും ജീവിതപ്രശ്നങ്ങൾക്കെല്ലാം പരിഹാരമാകുന്നില്ല. അല്ലായിരുന്നെങ്കിൽ കാര്യങ്ങൾ എല്ലായിടത്തും ക്രമേണ മെച്ചപ്പെടുമായിരുന്നു. എന്നാൽ ഇന്നങ്ങനെയല്ല. അപ്പോൾ പിന്നെ, മററുളളവരുടെ അനുഭവജ്ഞാനത്തിനു പുറമെ നമുക്ക് ഉപയുക്തമാക്കാവുന്ന അതിലും ഉത്തമമായ അറിവിന്റെയും സഹായത്തിന്റെയും ഒരു ഉറവുണ്ടോ?
16 ഉവ്വ്, ഉണ്ട്. ഇനിയും നമുക്ക് അതിനെപ്പററി സംസാരിക്കാം.
[അധ്യയന ചോദ്യങ്ങൾ]
[4-ാം പേജ് നിറയെയുള്ള ചിത്രം]