ഏതുതരം സുഹൃത്തുക്കളെയാണ് നിങ്ങൾക്കു വേണ്ടത്?
അധ്യായം 8
ഏതുതരം സുഹൃത്തുക്കളെയാണ് നിങ്ങൾക്കു വേണ്ടത്?
1-5. (എ) സുഹൃദ് ബന്ധങ്ങൾ നിങ്ങളുടെ ജീവിതാസ്വാദനം മെച്ചപ്പെടുത്തുന്നതെങ്ങനെ? (ബി) ഒരു യഥാർത്ഥ സുഹൃത്തിനെ നിങ്ങൾ എങ്ങനെ വർണ്ണിക്കും? (സദൃശവാക്യങ്ങൾ 18:24)
ഒരു യഥാർത്ഥ സുഹൃത്തുണ്ടായിരിക്കുക എന്നത് നാം ജീവിതം കൂടുതൽ ആസ്വദിക്കാനിടയാക്കുന്നു. “ഏകാകികളായവ”രും കൂട്ടം വിട്ടു നടക്കുന്നവരും ഒരിക്കലും തന്നെ യഥാർത്ഥത്തിൽ സന്തുഷ്ടരല്ല. നിങ്ങളെ കൂടുതൽ സന്തുഷ്ടരാക്കാൻ തക്കവണ്ണം സുഹൃദ് ബന്ധത്തിലെന്താണുളളത്?
2 ഒരു സുഹൃത്തിനോടൊത്ത് എന്തെങ്കിലും ചെയ്യുന്നത് അതിന്റെ ആസ്വാദ്യത ഇരട്ടിപ്പിക്കുന്നതായി നമുക്കു തോന്നാനിടയാക്കുന്നു. കാണാതെ പോയ ആടിനെ തിരിച്ചു കിട്ടിയ ഇടയനെപ്പററിയും നഷ്ടപ്പെട്ട നാണയം കണ്ടെടുത്ത സ്ത്രീയെപ്പററിയും യേശു ഒരിക്കൽ സംസാരിച്ചു. അവരിരുവരും തങ്ങളുടെ സുഹൃത്തുക്കളെ വിളിച്ചുവരുത്തി അവരോടു പറഞ്ഞു: “എന്നോടൊത്ത് സന്തോഷിപ്പിൻ.” (ലൂക്കോസ് 15:6, 9) അതെ, സാധാരണയായി നല്ല കാര്യങ്ങൾ കൂട്ടുകാരുമായി പങ്കുവയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കും. അതിന്റെ ഫലമോ, നിങ്ങളുടെ സന്തോഷം ഇരട്ടിക്കുന്നു. നിങ്ങൾക്കങ്ങനെ അനുഭവപ്പെട്ടിട്ടില്ലേ?
3 മറിച്ച്, കാര്യങ്ങൾ ശരിയാകാതെ വരുമ്പോൾ, നിങ്ങൾ മനഃക്ലേശം അനുഭവിക്കുമ്പോൾ, നിങ്ങളുടെ ദുഃഖത്തിൽ നിങ്ങളെ ആശ്വസിപ്പിക്കുന്ന കാര്യത്തിൽ ഒരു സുഹൃത്തിന് വളരെയേറെ ചെയ്യാൻ കഴിയും. പ്രശ്നങ്ങൾ നിങ്ങളെ ഭീഷണിപ്പെടുത്തുമ്പോൾ സുഹൃത്തുക്കൾ നിങ്ങൾക്കൊരു യഥാർത്ഥ സഹായമായിരിക്കാൻ കഴിയും. അപകടങ്ങളെ സംബന്ധിച്ച് മുന്നറിയിപ്പ് നൽകാനും അതിൽനിന്ന് രക്ഷപെടാൻ സഹായിക്കാനും നിങ്ങളുടെ പ്രയാസങ്ങളിൽ ഒരു പ്രോത്സാഹനമായിരിക്കാനും അവർക്കു കഴിയും. സദൃശവാക്യങ്ങൾ 17:17 പറയുന്നതിനോട് നിങ്ങൾക്ക് മിക്കവാറും യോജിക്കാൻ കഴിഞ്ഞേക്കും: “ഒരു നല്ല സുഹൃത്ത് എല്ലാക്കാലത്തും സ്നേഹിക്കുന്നു. അനർത്ഥകാലത്ത് അവൻ സഹോദരനായിത്തീരുന്നു.”
4 യഥാർത്ഥ സുഹൃത്തുക്കളെ വ്യക്തമായി തിരിച്ചറിയിക്കുന്ന ഒരു ഗുണത്തിന് ആ തിരുവെഴുത്ത് ഊന്നൽ കൊടുക്കുന്നു: വിശ്വസ്തത. ഒരു സുഹൃത്തായിരിക്കുക എന്നതു വെറുതെ സൗഹൃദം കാണിക്കുന്നതിലും കൂടുതൽ അർത്ഥമാക്കുന്നു. ഒരു ആത്മാർത്ഥ സുഹൃത്ത് നിങ്ങളോടും നിങ്ങളുടെ അത്യുത്തമ താല്പര്യങ്ങളോടും വിശ്വസ്തനായിരിക്കും. നിങ്ങളുടെ സുഹൃത്തുക്കൾ അങ്ങനെയുളളവരാണോ?
5 ഇന്ന് മിക്കയാളുകളും തങ്ങളുടെ അയൽക്കാരെ സഹായിക്കുന്നതിലും കൂടുതലായി അവരെ തോല്പ്പിക്കുന്നതിൽ താല്പര്യമുളളവരായി കാണപ്പെടുന്നു. “സുഹൃത്തുക്കൾ,” എന്ന് പറയപ്പെടുന്നവരുടെ ഇടയിൽപോലും മിക്കപ്പോഴും വിശ്വസ്തതയില്ല, മത്സരത്തിന്റെ ഒരാത്മാവാണ് ഉളളത്. ഒരുത്തനും മറെറാരാളുടെ നൻമയ്ക്കുവേണ്ടി ഏതെങ്കിലും മാററം വരുത്തുകയോ ഏതെങ്കിലും സ്വാർത്ഥതാല്പര്യം ഉപേക്ഷിക്കുകയോ ചെയ്യേണ്ട ആവശ്യം വരാത്തിടത്തോളം കാലം മാത്രമേ പലേ സുഹൃദ് ബന്ധങ്ങളും നിലനില്ക്കുന്നുളളു. മത്സരത്തിന്റെ ഈ ലോകത്തിൽ ഒരു യഥാർത്ഥ സുഹൃത്തിനെ കണ്ടെത്തുക എളുപ്പമല്ല.
6-8. യോനാഥാനും ഹൂശായിയും എപ്രകാരമാണ് തങ്ങൾ ദാവീദിന്റെ സുഹൃത്തുക്കളാണ് എന്നു തെളിയിച്ചത്?
6 ചില നല്ല സുഹൃത്തുക്കളുണ്ടായിരുന്ന ഒരാളുടെ, ബൈബിളിൽ നിന്നുളള ഒരു ഉത്തമോദാഹരണമാണ് ദാവീദ്. തന്റെ എതിരാളിയും ഭീമാകാരനുമായിരുന്ന ഗോലിയാത്തിനെ തോല്പിച്ച ശേഷം ദാവീദ് ശൗലിന്റെ മകനായ യോനാഥാനിൽ ഒരു ഉത്തമ സുഹൃത്തിനെ നേടിയത് എങ്ങനെയെന്ന് നിങ്ങൾ കേട്ടിട്ടുണ്ടായിരിക്കും. യോനാഥാൻ അസൂയാലുവായിരുന്നെങ്കിൽ യിസ്രായേൽ സിംഹാസനത്തിനുവേണ്ടി തന്റെ ഒരു എതിരാളി ആയേക്കാവുന്ന ദാവീദിനെ ദ്വേഷിക്കുമായിരുന്നു. നേരെമറിച്ച്, യഹോവയുടെ പ്രീതി ദാവീദിനോടുകൂടെയാണ് എന്ന് യോനാഥാൻ തിരിച്ചറിഞ്ഞു. “യോനാഥാന്റെ മനസ്സ് ദാവീദിന്റെ മനസ്സിനോട് പററിച്ചേർന്നു. യോനാഥാൻ അവനെ സ്വന്ത പ്രാണനെപ്പോലെ സ്നേഹിച്ചു.” (1 ശമൂവേൽ 18:1) അവന്റെ ധൈര്യവും യഹോവയിൽ അവനുണ്ടായിരുന്ന വിശ്വാസവും മൂലമാണ് യോനാഥാൻ അവനെ സ്നേഹിച്ചത്. യോനാഥാനുതന്നെയും യഹോവയോട് അതുപോലെയുളള ഭക്തിയുണ്ടായിരുന്നിരിക്കണം. പരസ്പര സൗഹൃദത്തിന് ഇതിലും മെച്ചമായ ഒരടിസ്ഥാനം ഉണ്ടായിരിക്കുക സാദ്ധ്യമല്ല.
7 തുടർന്ന് നിങ്ങൾക്ക് ദാവീദിന്റെ ഭരണകാലത്ത് അവന്റെ അടുത്ത ചങ്ങാതിമാരിൽ ഒരാളായിരുന്ന ഹൂശായിയെപ്പററി വായിക്കാൻ കഴിയും. ദാവീദിന്റെ പുത്രൻമാരിൽ ഒരുവനായിരുന്ന അബ്ശാലോമിന്റെ വഞ്ചനാപരമായ ഗുഢാലോചന പരാജയപ്പെടുത്തുന്നതിന് ഹൂശായി തന്റെ ജീവൻ പണയപ്പെടുത്താൻ തയ്യാറായതിന്റെ വർണ്ണന വായനക്കാരനെ രോമാഞ്ചമണിയിക്കുന്നു.—2 ശമുവേൽ 15:10-37; 16:16-17:16 കാണുക.
8 ഒരുപക്ഷേ നിങ്ങൾക്ക് ഇത്തരം സുഹൃത്തുക്കൾ ഉണ്ടായിരിക്കാം. ഇല്ലെങ്കിൽ എങ്ങനെയാണ് അത്തരം സുഹൃത്തുക്കളെ നേടുക? അതിന് ശരിയായ ശ്രമം ആവശ്യമാണ്. എന്നാൽ അത് ഒരിക്കലും ഒരു നഷ്ടമായിരിക്കയില്ല.
വിലപ്പെട്ട സുഹൃത്തുക്കളെ നേടുക
9-13. (എ) ഒരുവന് വിലപ്പെട്ട സുഹൃത്തുക്കളെ സമ്പാദിക്കാൻ കഴിയുന്നതെങ്ങനെ? ഭൗതികവസ്തുക്കൾ നൽകുന്നതിനാലോ പങ്കുവയ്ക്കുന്നതിനാലോ സുഹൃത്തുക്കളെ സമ്പാദിക്കാൻ ശ്രമിക്കുന്നത് ബുദ്ധിയല്ലാത്തതെന്തുകൊണ്ട്? (ബി) സങ്കീർത്തനം 101:5-7 വരെ പ്രകടമാക്കും പ്രകാരം ഏതുതരം വ്യക്തികളെ അടുത്ത സുഹൃത്തുക്കളെന്ന നിലയിൽ ഒഴിവാക്കുന്നതാണ് ഉത്തമം?
9 ‘ഒരു സുഹൃത്തുണ്ടായിരിക്കുന്നതിനുളള ഏക മാർഗ്ഗം ഒരു സുഹൃത്തായിരിക്കുകയാണ്’ എന്ന ചൊല്ലിൽ വളരെയധികം സത്യമുണ്ട്. തങ്ങൾ സ്നേഹിക്കുന്ന യുവജനങ്ങൾ ചില കാര്യങ്ങളിൽ നിന്ന് തങ്ങളെ ‘മാററി നിർത്തുമ്പോൾ’ ചിലർക്ക് വലിയ സങ്കടം തോന്നുന്നു. അല്ലെങ്കിൽ അവർ സമ്പാദിക്കുന്ന സുഹൃത്തുക്കൾ പെട്ടെന്നുതന്നെ അവർക്ക് നഷ്ടമാകുന്നു. അത് അവരെ വളരെയധികം വേദനിപ്പിക്കുന്നു. ഒരുപക്ഷേ സുഹൃദ്ബന്ധമെന്നത് അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടായിരിക്കേണ്ടതാണ് എന്ന് അവർ തിരിച്ചറിയുന്നില്ല.
10 അതുകൊണ്ട് നാം നമ്മോടുതന്നെ ഇപ്രകാരം ചോദിക്കുന്നത് നല്ലതാണ്: മററുളളവരോട് സൗഹൃദം കാണിക്കാൻ ഞാൻ എന്തു ചെയ്യുന്നുണ്ട്? ഞാൻ മററുളളവരിൽ എത്രമാത്രം ആത്മാർത്ഥവും നിസ്വാർത്ഥവുമായ താല്പര്യം കാണിക്കുന്നുണ്ട്? അവരുടെ സന്തോഷത്തിനും നൻമയ്ക്കും സംഭാവന ചെയ്യാൻ തക്കവണ്ണം ഞാൻ എന്തു ചെയ്യുന്നുണ്ട്? മററുളളവർക്ക് എന്നെ ഒരു സുഹൃത്തായി ലഭിക്കണം എന്ന് അവർ യഥാർത്ഥത്തിൽ ആഗ്രഹിക്കാൻ തക്കവണ്ണം എന്തു ഗുണങ്ങളാണ് ഞാൻ നട്ടു വളർത്തുന്നത്?
11 നിങ്ങൾക്ക് ഏതുതരം സുഹൃത്തുക്കളെ ലഭിക്കുന്നു എന്നത് നിങ്ങൾ അവരെ നേടുന്നതിന് അവലംബിക്കുന്ന മാർഗ്ഗത്തെ ആശ്രയിച്ചിരിക്കുന്നു. ചിലർ മററുളളവർക്കു വേണ്ടി പണം ചെലവിടുന്നതിനാൽ അവരെ സുഹൃത്തുക്കളായി നേടാൻ ശ്രമിക്കുന്നു. അല്ലെങ്കിൽ ഒരു സ്ററീരിയോ സെററും റെക്കാർഡുകളുമോ സ്പോർട്ട്സ് ഉപകരണങ്ങളോ പോലുളള ഭൗതികവസ്തുക്കൾ പങ്കുചേർന്നാസ്വദിക്കാൻ ക്ഷണിച്ചുകൊണ്ട് അവരെ നേടാൻ ശ്രമിക്കുന്നു. ശരിയാണ്, ഇതു ചിലരെ നിങ്ങളിലേക്ക് ആകർഷിച്ചേക്കാം. സദൃശവാക്യങ്ങൾ പറയുന്നു: “ധനവാന് വളരെ സ്നേഹിതൻമാർ ഉണ്ട്.” “ദാനം ചെയ്യുന്നവന് ഏവനും സ്നേഹിതൻ.” അതെ, ഒരുവൻ ഇഷ്ടംപോലെ പണം ചെലവിടുമ്പോൾ ധാരാളം ആളുകൾ അയാളോട് സൗഹൃദം കാണിക്കുന്നു. എന്നാൽ പണം തീരുന്നതോടെ അത്തരം “സുഹൃത്തു”ക്കളുടെ സൗഹൃദവും അവസാനിക്കുന്നു.—സദൃശവാക്യങ്ങൾ 14:20; 19:6.
12 ഭൗതിക വസ്തുക്കളാലോ ഭംഗിവാക്കുകളാലോ അപരന്റെ ആഗ്രഹങ്ങൾക്ക് എപ്പോഴും കീഴ്പ്പെടുന്നതിനാലോ വിലപ്പെട്ട സുഹൃത്തുക്കളെ “വിലക്ക് വാങ്ങാൻ” കിട്ടുകയില്ല. വിലയ്ക്കു വാങ്ങാവുന്ന സുഹൃത്തുക്കൾ, അവരുടെ വില എത്രയധികമാണെങ്കിലും, വിലപ്പെട്ടവരല്ല. നിങ്ങൾ എന്തായിരിക്കുന്നു എന്നതിനാൽ, നിങ്ങളുടെ വ്യക്തിത്വഗുണങ്ങളാൽ ആണ് യഥാർത്ഥ സുഹൃത്തുക്കൾ ആകർഷിക്കപ്പെടുന്നത്. അല്ലാതെ നിങ്ങളിൽ നിന്ന് എന്തു ലഭിക്കും എന്നതിനാലല്ല.
13 അതുകൊണ്ട്, മററുളളവരോട് സൗഹൃദഭാവം ഉണ്ടായിരിക്കുന്നത് നല്ലതാണെങ്കിലും യഥാർത്ഥ സുഹൃത്തുക്കൾ ഉണ്ടായിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾ ഏററം അടുത്തവരും വിശ്വാസയോഗ്യരും എന്ന നിലയിൽ തെരഞ്ഞെടുക്കുന്ന കൂട്ടുകാരുടെ കാര്യത്തിൽ വിവേചന ഉപയോഗിക്കേണ്ടതുണ്ട്. ദാവീദ് അങ്ങനെ ചെയ്തു. അവൻ പറയുന്നു: “ഉന്നതഭാവവും നിഗള ഹൃദയവും ഉളളവനെ ഞാൻ പൊറുക്കുകയില്ല. ദേശത്തിലെ വിശ്വസ്തൻമാർ എന്നോടുകൂടി വസിക്കേണ്ടതിന് എന്റെ ദൃഷ്ടി അവരുടെ മേൽ ഇരിക്കുന്നു . . . വഞ്ചന ചെയ്യുന്നവൻ എന്റെ വീട്ടിൽ വസിക്കയില്ല.” (സങ്കീർത്തനം 101:5-7) ഇന്ന് യുവജനങ്ങൾ തങ്ങളുടെ അടുത്ത സുഹൃത്തുക്കളുടെ കാര്യത്തിൽ വിവേചന ഉപയോഗിക്കുന്നത് പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
ശരിയായ തെരഞ്ഞെടുപ്പ് ജീവൽ പ്രധാനമായിരിക്കുന്നതന്തുകൊണ്ട്?
14-16. (എ) ഒരുവന്റെ സുഹൃത്തുക്കൾക്ക് അവന്റെ മേൽ എന്തു സ്വാധീനമാണ് ഉളളത്? ഉദാഹരണങ്ങൾ നൽകുക. (ബി) നിങ്ങൾ അപരനോട് വിയോജിക്കുന്നുവെങ്കിൽ അത് സുഹൃദ്ബന്ധത്തെ എങ്ങനെ ബാധിക്കും?
14 നിങ്ങൾക്ക് ചുററുമുളളവരോട് നിങ്ങൾ വേണ്ടത്ര സമയം സഹവസിക്കുന്നുവെങ്കിൽ നിങ്ങൾ അവരെപ്പോലെ ആയിത്തീരാൻ ചായ്വ് കാണിക്കും എന്നുളളത് സാമൂഹികബന്ധങ്ങളെ സംബന്ധിച്ചുളള ഒരു അടിസ്ഥാനതത്വമാണ്. നിങ്ങൾ ഏതുതരം സുഹൃത്തുക്കളെ തെരഞ്ഞെടുക്കുന്നു എന്നത് നിങ്ങൾ ഏതുതരം വ്യക്തിയാണ് അല്ലെങ്കിൽ സാദ്ധ്യതയനുസരിച്ച് ഏതുതരും വ്യക്തിയായിത്തീരും എന്നത് സംബന്ധിച്ച് വളരെയധികം വെളിപ്പെടുത്തുന്നു. നിങ്ങളുടെ അടുത്ത സുഹൃത്തുക്കൾ തീർച്ചയായും നിങ്ങളെ “രൂപപ്പെടുത്താൻ” തക്ക സ്വാധീനം നിങ്ങളുടെ മേൽ പ്രയോഗിക്കും.
15 സത്യസന്ധതയും മാന്യതയും പരിഗണനയും ദൈവത്തോടും അവന്റെ വചനത്തോടും ആദരവും ശരിയായത് പ്രവർത്തിക്കാൻ ധൈര്യവും ഉളളവരെയാണോ നിങ്ങൾ സുഹൃത്തുക്കളായി തെരഞ്ഞെടുക്കുന്നത്? അതോ മററുളളവരെ “വെല്ലാൻ” കഴിയുന്നതിൽ ദുരഭിമാനം തോന്നുന്നവരിലും യഥാർത്ഥ ധൈര്യത്തിനു പകരം സാമർത്ഥ്യം കാട്ടാൻ വേണ്ടി അന്ധമായി സാഹസകൃത്യങ്ങളിൽ ഏർപ്പെടുന്നവരിലും നിങ്ങൾ ആകൃഷ്ടരായിത്തീരുന്നുവോ? അധാർമ്മിക പ്രവൃത്തികളിൽ ഏർപ്പെടുകയോ മോഷ്ടിക്കുകയോ മയക്കുമരുന്നുകളുപയോഗിക്കുകയോ ചെയ്തിട്ട് ‘പിടികൊടുക്കാതെ രക്ഷപെട്ടു’ എന്ന് വീമ്പിളക്കുന്നതരം സാഹസികരാണോ അവർ? നിങ്ങൾക്ക് ഉപദ്രവകരമായ എന്തിലേക്കെങ്കിലും അവരോടൊപ്പം നിങ്ങളെ “വലിച്ചു”കൊണ്ടു പോകാൻ ശ്രമിക്കുന്നവരെങ്കിൽ അവരെ യഥാർത്ഥത്തിൽ “സുഹൃത്തുക്കൾ” എന്ന് വിളിക്കാൻ കഴിയുമോ?
16 നിങ്ങൾ അങ്ങനെയുളളവരുടെ ഒരു അടുത്ത സുഹൃത്താണെങ്കിൽ ഒന്നുകിൽ നിങ്ങൾ അവരോട് ഒത്തുപോവുകയോ അല്ലെങ്കിൽ അവരുമായി വിയോജിക്കേണ്ടി വരികയോ ചെയ്യും എന്ന് ഓർമ്മിക്കുക. അവരോട് വിയോജിക്കുന്നുവെങ്കിൽ മിക്കവാറും ആ “സുഹൃദ്ബന്ധം” അവിടെ അവസാനിക്കും. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ വിയോജിപ്പിനെ വിമർശനമോ ശാസനയോ ആയി മാത്രമേ അവർ കണക്കാക്കുകയുളളു. അങ്ങനെയുളളവർ സാധാരണയായി മററുളളവരെ പരിഹസിക്കാൻ ഇഷ്ടപ്പെടുന്നു. എന്നാൽ അവർക്കുതന്നെ ഒരു ശാസന സ്വീകരിക്കുക സാദ്ധ്യമല്ല. സദൃശവാക്യങ്ങൾ 9:8 അത്തരം ഒരാളെപ്പററി സംസാരിക്കുന്നു. അതിനുശേഷം അതിനുവിപരീതമായി ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ജ്ഞാനിയെ ശാസിക്ക, അവൻ നിന്നെ സ്നേഹിക്കും.” യഥാർത്ഥ സുഹൃത്തുക്കൾക്ക് പരസ്പരം തുറന്നു സംസാരിക്കുന്നതിനും മെച്ചപ്പെടാൻ അന്യോന്യം സഹായിക്കുന്നതിനും ആവശ്യമായിടത്ത് തങ്ങളെത്തന്നെ തിരുത്തുന്നതിനും കഴിയും. നേരായി ചിന്തിക്കുകയും തുറന്നു സംസാരിക്കുകയും ചെയ്യുന്ന, യഥാർത്ഥത്തിൽ നല്ല ഒരു സുഹൃത്തു നിങ്ങൾക്കുണ്ടെങ്കിൽ വിലമതിക്കാനാവാത്ത ഒരു നിധിയാണ് നിങ്ങൾക്ക് ലഭിച്ചിരിക്കുന്നത്. യഥാർത്ഥ സുഹൃത്തുക്കൾ വിലയേറിയതും അപൂർവ്വമായി മാത്രം കാണുന്നതുമായ വജ്രങ്ങൾ പോലെയാണ്. ഇതിനു വിപരീതമായി വ്യാജസുഹൃത്തുക്കൾ സാധാരണ കല്ലുകൾപോലെ എല്ലായിടത്തും കാണപ്പെടുന്നു എന്നതാണ് സങ്കടകരമായ വസ്തുത.
17-19. (എ) നിങ്ങൾ ദൈവത്തിലും ബൈബിളിലും യഥാർത്ഥവിശ്വാസമില്ലാത്ത ഒരാളുടെ അടുത്ത സുഹൃത്തായിരുന്നാൽ അത് നിങ്ങളുടെമേൽ എന്തു ഫലം ഉളവാക്കിയേക്കാം? (സദൃശവാക്യങ്ങൾ 11:9; ഉല്പത്തി 34:1, 2) (ബി) അങ്ങനെയൊരാളെ സഹായിക്കാൻ നിങ്ങൾ യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നുവെങ്കിൽ അതിനുളള ഏററവും നല്ല മാർഗ്ഗം എന്താണ്?
17 ആളത്വമുളള ഒരു സ്രഷ്ടാവിലും അവന്റെ വചനത്തിലും വിശ്വാസമില്ലാത്തതിനാൽ ഇന്ന് അനേകം യുവജനങ്ങളുടെയും മനോഭാവം, “നാം തിന്നുക, കുടിക്കുക, എന്തുകൊണ്ടെന്നാൽ നാളെ നാം ചാകുമല്ലോ” എന്നതാണ്. പുരാതന കാലങ്ങളിൽ പോർക്കളത്തിൽ കാട്ടുമൃഗങ്ങളുമായി മല്ലയുദ്ധം നടത്താൻ വിധിക്കപ്പെട്ടവർ വിചാരിച്ചിരുന്നത് അങ്ങനെയായിരുന്നു. യഹോവയാം ദൈവത്തിലും അവനോട് വിശ്വസ്തരായിരിക്കുന്നവർക്ക് വീണ്ടും ജീവൻ നൽകാനുളള അവന്റെ പ്രാപ്തിയിലും അവർക്ക് വിശ്വാസമില്ലായിരുന്നു. ഒരു യുവാവെന്ന നിലയിൽ നിങ്ങൾ നിങ്ങളുടെ ജീവിതം ആരംഭിക്കുന്നതേയുളളു. ജീവിതത്തോട്, കൊലയ്ക്കു വിധിക്കപ്പെട്ട ആ ജയിൽപ്പുളളികൾക്ക് ഉണ്ടായിരുന്ന മനോഭാവം ഉണ്ടായിരിക്കാൻ നിങ്ങളാഗ്രഹിക്കുന്നുവോ? ‘ഇന്നത്തേക്കു മാത്രം ജീവിക്കു’ന്ന ആ വീക്ഷണഗതി വിശദീകരിച്ചശേഷം പൗലോസ് അപ്പോസ്തലൻ തുടർന്നു പറഞ്ഞു: “വഞ്ചിക്കപ്പെടരുത്, ചീത്ത സഹവാസം പ്രയോജനപ്രദമായ ശീലങ്ങളെ പാഴാക്കുന്നു.” (1 കൊരിന്ത്യർ 15:32, 33) അതിന്റെ സത്യതയെപ്പററി ചിന്തിക്കുക. ഇന്നത്തേടംമാത്രം ചിന്തിക്കുന്നവരുമായുളള അടുത്ത സഹവാസം നിങ്ങൾ അന്വേഷിക്കുന്നുവെങ്കിൽ നിലനിൽക്കുന്നതും സന്തുഷ്ടവുമായ ഒരു ഭാവി ആർജ്ജിക്കുന്നതിനുളള നിങ്ങളുടെ പ്രതീക്ഷകളെയും ശ്രമങ്ങളെയും അവർ നശിപ്പിക്കും എന്നതു തീർച്ചയാണ്.
18 മോശമായ നടത്തയും ദുഷ്കീർത്തിയും ഉളള ഒരാളോടുകൂടി തങ്ങൾ സഹവസിക്കുന്നത് അയാളെ സഹായിക്കുന്നതിനാണ് എന്ന് ഒരു യുവാവോ യുവതിയോ ചിലപ്പോൾ പറഞ്ഞേക്കാം. മററുളളവരെ സഹായിക്കാൻ ആഗ്രഹിക്കുന്നത് ഒരു നല്ല സംഗതി തന്നെയാണ്. എന്നാൽ അവരുടെ സ്വാർത്ഥപരമായ വിനോദങ്ങളിൽ നിങ്ങളും പങ്കുചേരുകയാണെങ്കിൽ അവർക്ക് എത്രമാത്രം സഹായമാണ് നിങ്ങൾ നൽകുന്നത്? ഉദാഹരണത്തിന് ഒരു കുട്ടി ഒരു ചെളിക്കുണ്ടിൽ കിടക്കുന്നത് കണ്ടാൽ കുറച്ചു സോപ്പുമായി ചെന്ന് അവിടെവച്ച് കുട്ടിയെ കുളിപ്പിച്ച് വൃത്തിയാക്കാൻ നിങ്ങൾ ശ്രമിക്കുമോ? നിങ്ങളുടെ ദേഹത്തുംകൂടി ചെളി പുരളും എന്നതായിരിക്കും അതിന്റെ ഫലം. അടുത്തുചെന്ന് കുട്ടിയെ കഴുകാൻ ശ്രമിക്കുന്നതിനുമുൻപ് ആദ്യംതന്നെ ചെളിക്കുണ്ടിൽനിന്ന് കരകയറാൻ അവനെ പ്രേരിപ്പിക്കേണ്ടതുണ്ട്.
19 യഥാർത്ഥത്തിൽ ചീത്ത ശീലമുളള ഒരാളെ ഒരടുത്ത സുഹൃത്തായി സ്വീകരിക്കുന്നത് അയാളുടെ മേൽ (നിങ്ങളുടെ മേലും) ഒരു ചീത്ത ഫലം ഉളവാക്കുന്നു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ എല്ലായ്പ്പോഴും നിങ്ങളുടെ പിന്തുണ പ്രതീക്ഷിക്കാം എന്നു വിചാരിച്ച് അയാളുടെ വഴികളിൽ തുടരുന്നതിന് അതു അയാളെ പ്രേരിപ്പിച്ചേക്കാം. സദുപദേശങ്ങളാൽ നിങ്ങൾക്ക് യഥാർത്ഥത്തിൽ അയാളെ സഹായിക്കാൻ കഴിയുന്ന സന്ദർഭങ്ങളിലേക്കു നിങ്ങളുടെ സഹവാസം പരിമിതപ്പെടുത്തുന്നതും അത്തരം ഉപദേശങ്ങൾ നൽകപ്പെടുന്ന സ്ഥലങ്ങളിലേക്കു അയാളെ ക്ഷണിക്കുന്നതും ആയിരിക്കയില്ലേ അതിലും അധികം സഹായകമായ നടപടി?
ഏററം പ്രധാന സുഹൃത്തുക്കൾ
20. നമ്മുടെ സുഹൃത്തുക്കളെ തെരഞ്ഞെടുക്കുന്ന വിധത്താൽ നാം എങ്ങനെയാണ് നമ്മെത്തന്നെ ദൈവത്തിന്റെ ശത്രുക്കളാക്കിത്തീർത്തേക്കാവുന്നത്?
20 എല്ലാററിലുമുപരിയായി, ചീത്ത ശീലങ്ങളോടു കൂടിയവരുമായുളള സംസർഗ്ഗം ദൈവവും അവന്റെ പുത്രനുമായുളള നിങ്ങളുടെ ബന്ധത്തെ എങ്ങനെ ബാധിച്ചേക്കാം എന്ന് നിങ്ങൾ ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്. യാക്കോബ് 4:4-ൽ ഈ വസ്തുത പ്രസ്താവിക്കപ്പെട്ടിരിക്കുന്നു: ‘ഈ ലോകത്തിന്റെ സ്നേഹിതനാകുവാൻ ആഗ്രഹിക്കുന്നവനെല്ലാം ദൈവത്തിന്റെ ശത്രുവായിത്തീരുന്നു.’ മുഴു ലോകത്തോടുമുളള ബന്ധത്തിലെന്നപോലെതന്നെ ലോകത്തിലുളള ഏതെങ്കിലും വ്യക്തിയോടുളള ബന്ധത്തിലും ഈ തത്വം ബാധകമാണ്. ആരുടെയെങ്കിലും തെററായ വഴികളെ നാം അംഗീകരിക്കുകയും അങ്ങനെയുളളവരുടെ സൗഹൃദത്തെ യഥാർത്ഥത്തിൽ ദൈവത്തെ പ്രസാദിപ്പിക്കാനാഗ്രഹിക്കുന്ന യുവജനങ്ങളുടേതിനേക്കാൾ കൂടുതൽ ഇഷ്ടപ്പെടുകയുമാണെങ്കിൽ നാം ‘ലോകത്തിന്റെ സ്നേഹിതൻമാരാ’ണ് എന്ന് തെളിയിക്കയായിരിക്കില്ലേ?
21-23. (എ) ദൈവവും ക്രിസ്തുവും യഥാർത്ഥത്തിൽ സുഹൃത്തുക്കളായുളള ഒരുവന് എന്തു നൻമകൾ ലഭിക്കുന്നു? (റോമർ 8:35, 38, 39) (ബി) അവരെ സുഹൃത്തുക്കളായി ലഭിക്കാൻ നാം വാസ്തവത്തിൽ ആഗ്രഹിക്കുന്നു എന്ന് എങ്ങനെ പ്രകടമാക്കാം?
21 നിങ്ങൾ യഥാർത്ഥത്തിൽ ഇപ്പോഴും ഭാവിയിലും സന്തുഷ്ടി ആഗ്രഹിക്കുന്നുവെങ്കിൽ ദൈവത്തിന്റെയും അവന്റെ പുത്രന്റെയും സൗഹൃദം വിലപ്പെട്ടതായി കാണാൻ ശീലിക്കുക. നീതിയെ സ്നേഹിക്കുന്നവർക്ക് തികച്ചും സന്തോഷകരമായ അവസ്ഥകളിൽ നിത്യജീവൻ നൽകാനുളള തന്റെ മഹത്തായ ഉദ്ദേശ്യങ്ങളെ പുരോഗമിപ്പിച്ചുകൊണ്ട് ദൈവം നൂററാണ്ടുകളിലൂടെ അവരോടുളള തന്റെ സൗഹൃദം പ്രകടമാക്കിക്കൊണ്ടാണ് ഇരുന്നിട്ടുളളത്. അവന്റെ പുത്രൻ ഭൂമിയിലായിരുന്നപ്പോൾ സൻമനസ്സുളളവരോട് അവനുളള വിശ്വസ്തസ്നേഹം തെളിയിച്ചു. അവൻ തന്റെ ശിഷ്യൻമാരോട് പറഞ്ഞു: “സ്നേഹിതൻമാർക്കുവേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമായ സ്നേഹം ആർക്കും ഇല്ല. ഞാൻ നിങ്ങളോടു കല്പിക്കുന്നത് ചെയ്താൽ നിങ്ങൾ എന്റെ സ്നേഹിതൻമാർ തന്നെ.”—യോഹന്നാൻ 15:13, 14.
22 നിങ്ങളുടെ സുഹൃത്തുക്കളാണ് എന്നു ഭാവിക്കുന്ന അനേകരേയും പോലെ ആയിരിക്കാതെ, യഹോവയാം ദൈവവും അവന്റെ പുത്രനും നിങ്ങൾ ബുദ്ധിമുട്ടുകളിൽ അകപ്പെടുന്നതിനാൽ നിങ്ങളെ ഉപേക്ഷിക്കുകയോ തളളിക്കളയുകയോ ചെയ്യുകയില്ല. നിങ്ങൾ അവരിൽ വിശ്വാസം അർപ്പിക്കുന്നതായാൽ പ്രയാസഘട്ടങ്ങളിൽ അവരുടെ സഹായവും പിന്തുണയും നിങ്ങളോടുകൂടെയുണ്ട് എന്ന് നിങ്ങൾ കണ്ടെത്തും.
23 നിങ്ങൾ വാസ്തവത്തിൽ ഈ വലിയ സുഹൃത്തുക്കളെ ആഗ്രഹിക്കുകയും വിലമതിക്കുകയും ചെയ്യുന്നോ? എങ്കിൽ അപ്പോസ്തലനായ യോഹന്നാന്റെ വാക്കുകളിൽ കാണുന്ന ഉത്തരവാദിത്വം സ്വീകരിക്കുകയും നിറവേററുകയും ചെയ്യുന്ന വിശ്വസ്തരായ സുഹൃത്തുകളെ അന്വേഷിക്കുന്നതിനാൽ അതു പ്രകടമാക്കുക. അവൻ പറഞ്ഞു: “അവന്റെ കല്പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുളള സ്നേഹം; അവന്റെ കല്പനകൾ ഭാരമുളളവയല്ല.” (1 യോഹന്നാൻ 5:3) അനുകൂല സാഹചര്യങ്ങളിലും പ്രതികൂല സാഹചര്യങ്ങളിലും അത്തരം സുഹൃത്തുക്കൾ വിലപ്പെട്ടവരാണ് എന്ന് തെളിയിക്കും.
[അധ്യയന ചോദ്യങ്ങൾ]
[61-ാം പേജിലെ ആകർഷകവാക്യം]
സുഹൃത്തുക്കൾ ഉണ്ടായിരി ക്കുന്നതിന്, നിങ്ങൾ ഒരു സുഹൃത്തായിരിക്കേണ്ടതുണ്ട്.
[63-ാം പേജിലെ ചിത്രം]
യഥാർത്ഥ സുഹൃത്തുക്കൾ വജ്രങ്ങൾ പോലെയാണ്