ജീവിതത്തിൽ നിന്ന് നിങ്ങൾ എന്താണാഗ്രഹിക്കുന്നത്?
അധ്യായം 23
ജീവിതത്തിൽ നിന്ന് നിങ്ങൾ എന്താണാഗ്രഹിക്കുന്നത്?
1-6. (എ) ജീവിതത്തിൽ നിന്ന് ഏററവും ആസ്വാദനം നേടുന്നതിന് നിങ്ങൾ എന്തു ചെയ്യാൻ മനസ്സൊരുക്കമുളളവരായിരിക്കണം? (ബി) ഒരു സന്തുഷ്ട ജീവിതം ആസ്വദിക്കുന്നതിന് ഏതെങ്കിലും തൊഴിൽ രംഗത്ത് ശോഭിക്കുന്നതിനേക്കാൾ അധികമായി എന്താവശ്യമാണ്? (സി) ഇതിൽ ബൈബിളിന് നിങ്ങളെ സഹായിക്കാൻ കഴിയുന്നതെന്തുകൊണ്ട്?
യൗവനത്തിൽ ജീവിതത്തിന്റെ ഏറിയപങ്കും നിങ്ങളുടെ മുമ്പിലാണ്. ചക്രവാളത്തിനും അപ്പുറത്തേക്കു നീണ്ടു പോകുന്ന ഒരു റോഡുപോലെ ഒരുപക്ഷേ അതു വിദൂരതയിലേക്കു നീണ്ടു കിടക്കുന്നതായി തോന്നുന്നു. അതു നിങ്ങളെ എവിടെയാണ് കൊണ്ടെത്തിക്കുക?
2 ജീവിത പാത നിങ്ങൾക്ക് വിസ്മയാവഹങ്ങളായ അനുഭവങ്ങളും അതൊടൊപ്പംതന്നെ നിരാശാജനകമായ അനുഭവങ്ങളും കരുതി വച്ചിട്ടുണ്ടാകും എന്നതിന് സംശയമില്ല. എന്നാൽ നാം ഈ പുസ്തകത്തിൽ കണ്ടുകഴിഞ്ഞതുപോലെ ജീവിതത്തിൽ നിന്ന് പരമാവധി ആസ്വാദനം ഉറപ്പു വരുത്താൻ നിങ്ങൾക്ക് ചെയ്യാവുന്ന അനേകം കാര്യങ്ങളുണ്ട്. അതിനാവശ്യമായ ശ്രമം ചെലുത്താൻ നിങ്ങൾ മനസ്സൊരുക്കമുളളവരാണോ എന്നതാണ് പ്രശ്നം.
3 സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് തുടർന്ന് എന്തു പ്രവർത്തനങ്ങളിൽ ഏർപ്പെടണം എന്ന് അനേകം യുവജനങ്ങളും ചിന്തിക്കുന്നു. ഒരുപക്ഷേ നിങ്ങളും അതേപ്പററി ചിന്തിച്ചിട്ടുണ്ട്. എന്നാൽ നിങ്ങൾ എന്തുതന്നെ ചെയ്താലും അതു മോശമായി ചെയ്യുന്നെങ്കിൽ അതു നിങ്ങൾക്ക് സംതൃപ്തി കൈവരുത്തുകയില്ല. എന്നാൽ അതിലും അതിപ്രധാനമായ ഒരു സംഗതിയുണ്ട്.
4 നിങ്ങൾ ഒരു നല്ല ശില്പിയോ കലാകാരനോ ഒരു യന്ത്രപ്പണിക്കാരനോ സംഗീതജ്ഞനോ കർഷകനോ അദ്ധ്യാപകനോ മറെറന്തുതന്നെയോ ആയിത്തീരുന്നു എന്നിരിക്കട്ടെ. നിങ്ങളുടെ ജീവിതം സന്തുഷ്ടമായിരിക്കുമെന്നുളളതിന് അതെന്തെങ്കിലും ഉറപ്പാണോ? വാസ്തവത്തിൽ അല്ല. നിങ്ങൾ ഏതു തരത്തിലുളള ഒരു വ്യക്തിയായിരിക്കും എന്നതാണ് അതിലും പ്രധാനമായിരിക്കുന്നത്. പലയാളുകളും തങ്ങളുടെ തൊഴിൽ രംഗത്ത് നന്നായി ശോഭിക്കുകയും എന്നാൽ തങ്ങളുടെ വ്യക്തിപരമായ ജീവിതത്തിൽ ദയനീയമായി പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. അവർ വളരെ അസന്തുഷ്ടരായ വ്യക്തികളായിരുന്നു.
5 അതുകൊണ്ടുതന്നെയാണ് ബൈബിൾ അത്രമേൽ പ്രധാനമായിരിക്കുന്നത്. വാസ്തവത്തിൽ മുഴുബൈബിൾ ഏതാണ്ട് നമ്മുടെ സ്രഷ്ടാവിൽ നിന്നുളള കുറേ എഴുത്തുകൾ പോലെയാണ്. നമ്മുടെ സ്വർഗ്ഗീയപിതാവ് എന്നനിലയിൽ അവൻ നമ്മുടെ സന്തുഷ്ടിയിൽ തല്പരനാണ്, അവന് നമ്മോടു പറയാനുളളതിൽ നാമും തല്പരരായിരിക്കേണ്ടതാണ്. നമ്മുടെ അനേകം പ്രശ്നങ്ങൾക്കു മറുപടിയായി അവൻ നമുക്ക് നൽകുന്ന മാർഗ്ഗരേഖകൾ നാം കണ്ടുകഴിഞ്ഞു. അവയെല്ലാം വളരെ ബുദ്ധിപൂർവ്വകമായവയാണ് എന്നത് വാസ്തവമല്ലേ? യഥാർത്ഥത്തിൽ ആ മാർഗ്ഗരേഖകളില്ലാതെ എന്തു ചെയ്യണമെന്നോ നമ്മുടെ നൻമയ്ക്കു ഏററവും ഉപകരിക്കുന്നതെന്താണെന്നോ നമുക്കെങ്ങനെ നിശ്ചയമുളളവരായിരിക്കാൻ കഴിയും?
6 ഇതു അപ്പോസ്തലനായ പൗലോസ് തന്റെ ഒരു യുവ സഹപ്രവർത്തകനായിരുന്ന തിമൊഥെയോസിന് എഴുതിയതിനെപ്പററി നമ്മേ അനുസ്മരിപ്പിക്കുന്നു. ബാല്യം മുതൽക്കെ അവൻ തിരുവെഴുത്തുകളെക്കുറിച്ച് പഠിച്ച കാര്യങ്ങളിൽ നിലനിൽക്കാൻ പ്രോത്സാഹിപ്പിച്ചുകൊണ്ട് പൗലോസ് പറഞ്ഞു: “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും പൂർണ്ണമായി സജ്ജനാകേണ്ടതിന് ഉപദേശത്തിനും ശാസനത്തിനും കാര്യങ്ങൾ നേരെയാക്കുന്നതിനും നീതിയിലെ ശിക്ഷണത്തിനും പ്രയോജനമുളളതും ആകുന്നു.” (2 തിമൊഥെയോസ് 3:14-17) ജീവിതത്തിൽ വിലപ്പെട്ട എന്തും—അതിൽ ഏതുതരത്തിലുളള പ്രവർത്തനം ഉൾപ്പെട്ടിരുന്നാലും—ദൈവവചനത്താൽ നയിക്കപ്പെടാൻ നിങ്ങളെത്തന്നെ അനുവദിക്കുന്നെങ്കിൽ അവ ചെയ്തുതീർക്കാൻ, ഏററവും നന്നായിത്തന്നെ ചെയ്തുതീർക്കാൻ, നിങ്ങൾ സജ്ജീകൃതരായിരിക്കും. അതിന് നിങ്ങളെ ഒരു മെച്ചപ്പെട്ട പുത്രനോ പുത്രിയോ, മെച്ചപ്പെട്ട ഭർത്താവോ ഭാര്യയോ, മെച്ചപ്പെട്ട പിതാവോ മാതാവോ, ഒരു മെച്ചപ്പെട്ട തൊഴിൽക്കാരനോ, ഒരു മെച്ചപ്പെട്ട സുഹൃത്തോ, എല്ലാററിലുമുപരി നിങ്ങളുടെ സ്രഷ്ടാവിന്റെ മെച്ചപ്പെട്ട ഒരു ദാസനോ ആക്കിത്തീർക്കാൻ കഴിയും.
ഉത്തരവാദിത്വം ഏറെറടുക്കൽ
7-11. ബൈബിളിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നപ്രകാരം ജീവിതത്തിൽ നിന്ന് പരമാവധി നേടുന്നതിനുളള താക്കോലെന്താണ്?
7 ഇന്നല്ലെങ്കിൽ നാളെ നിങ്ങൾ ചില ഗൗരവമേറിയ തീരുമാനങ്ങൾ ചെയ്യേണ്ടിവരും. നിങ്ങൾ നിങ്ങളുടേതായ ഉത്തരവാദിത്വങ്ങൾ വഹിക്കേണ്ട സമയം വരും. നിങ്ങൾ ഇപ്പോൾ ഏതാണ്ട് ഒരു കഴുകൻ കുഞ്ഞിനെപ്പോലെയാണ്. കഴുകൻ മിക്കപ്പോഴും കിഴുക്കാം തൂക്കായ പാറകളുടെ മുകളിലാണ് കൂടു വയ്ക്കുന്നത്. അതിന്റെ കുഞ്ഞുങ്ങൾ ചിറകിട്ടടിക്കാൻ തുടങ്ങുകയും അവ പറക്കാൻ പാകമാകുകയും ചെയ്യുമ്പോൾ കഴുകൻ അവയെ കൂടിന്റെ വാതില്ക്കലേക്കു തളളിക്കൊണ്ടു വന്ന് പുറത്തെ അന്തരീക്ഷത്തിലേക്കു തളളിവിടുന്നു. ഒരു കഴുകൻ തന്റെ കുഞ്ഞ് ഏകദേശം 90 അടി താഴോട്ട് വീഴാൻ അനുവദിച്ചിട്ട് താഴ്ന്ന് പറന്നു ചെന്ന് തന്റെ വിരിച്ച ചിറകിൽ കുഞ്ഞിനെ താങ്ങുന്നതു കണ്ടതായി ഒരു നിരീക്ഷകൻ പറഞ്ഞിരിക്കുന്നു. വീണ്ടും പറന്നുയർന്ന് കുഞ്ഞിനെ കൂട്ടിൽ കൊണ്ടു ചെന്നിട്ട് കുഞ്ഞ് പറക്കാൻ പഠിക്കുന്നതുവരെ അതേ പ്രക്രിയ ആവർത്തിക്കപ്പെട്ടു.—ബുളളററിൻ ഓഫ് ദി സ്മിത്ത് സോണിയൻ ഇൻസ്ററിററ്യൂഷൻ, വാല്യം CLXVII, പേജ് 302.
8 നിങ്ങളുടെ കാര്യത്തിൽ നിങ്ങളുടെ മാതാപിതാക്കൾ വളരെയധികം ശ്രമത്തിന്റെയും ആസൂത്രണത്തിന്റെയും ഫലമായി ഒരു ഭവനം നിർമ്മിച്ചിരിക്കുന്നു. എന്നാൽ നിങ്ങൾക്കുവേണ്ടി കാര്യങ്ങൾ ചെയ്യാനും ഗൗരവമേറിയ തീരുമാനങ്ങൾ എടുക്കാനും എക്കാലവും നിങ്ങൾക്ക് അവരെ ആശ്രയിക്കാൻ കഴിയുകയില്ല. പ്രായപൂർത്തിയാകുമ്പോൾ നിങ്ങൾ വീട്ടിൽനിന്ന് മാറിത്താമസിക്കാൻ തീരുമാനിക്കുന്നുവെങ്കിൽ ഇതു വിശേഷാൽ സത്യമായിരിക്കും. കഴുകൻ തന്റെ കുഞ്ഞിനുവേണ്ടി ചെയ്യുന്നതുപോലെ നിങ്ങളുടെ മാതാപിതാക്കൾക്കും നിങ്ങൾ പ്രായപൂർത്തിയായ സ്ത്രീപുരുഷൻമാരെന്ന നിലയിൽ ഉത്തരവാദിത്വങ്ങൾ ഏറെറടുക്കാൻ ഒരുങ്ങുന്നതിനും അതു വഴി സ്വന്തം കാലിൽ നിൽക്കാനാകുന്നതുവരെ നിങ്ങൾക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നതിനും നിങ്ങളെ സഹായിക്കാൻ കഴിയും. എന്നാൽ നിങ്ങളും നിങ്ങളുടെ പങ്കു വഹിക്കേണ്ടതായുണ്ട്.
9 കഴുകന്റെ ശക്തിയുളള ചിറകിന്റെ രൂപസംവിധാനവും പറക്കാനുളള അതിന്റെ ജൻമവാസനയും ആരംഭത്തിൽ സർവ്വജ്ഞാനിയായ ഒരു സ്രഷ്ടാവിൽ നിന്ന് വന്നു. അതുകൊണ്ട് ജീവിതം പരമാവധി ആസ്വദിക്കുന്നതിനുളള താക്കോൽ അവനോടുളള നമ്മുടെ ആശ്രയത്വത്തിലാണിരിക്കുന്നത് എന്ന് നാം ഓരോരുത്തരും തിരിച്ചറിയേണ്ടതുണ്ട്. നിങ്ങളുടെ മാതാപിതാക്കൾ നിങ്ങൾക്ക് എത്രതന്നെ നല്ല (അല്ലെങ്കിൽ മോശം) തുടക്കമാണിട്ടുതരുന്നതെങ്കിലും എത്രതന്നെ നല്ല മനസ്സും ശരീരവുമാണു നിങ്ങൾക്കുളളതെങ്കിലും നിങ്ങൾ എല്ലായ്പ്പോഴും യഹോവയാം ദൈവത്തിൽ നിന്നുളള മാർഗ്ഗനിർദ്ദേശത്തിന്റെ ആവശ്യകതയെ വിലമതിക്കാനും ആ നിർദ്ദേശങ്ങൾ അനുസരിക്കാനുളള ശക്തിയായി അവനിലേക്ക് നോക്കാനും ആഗ്രഹിക്കും. നിങ്ങളെപ്പോലെയുളള യുവജനങ്ങൾക്കുവേണ്ടി ഈ വാക്കുകൾ നിശ്വസ്തതയിൽ എഴുതപ്പെടാൻ അവൻ ഇടയാക്കി:
10 “എന്റെ മൊഴികൾക്ക് നിന്റെ ചെവി ചായിക്ക. അവ നിന്റെ ദൃഷ്ടിയിൽ നിന്ന് മാറിപ്പോകരുത്. നിന്റെ ഹൃദയത്തിന്റെ നടുവിൽ അവയെ സൂക്ഷിച്ചുകൊൾക. അവയെ കിട്ടുന്നവർക്ക് അവ ജീവനും അവരുടെ സർവ്വദേഹത്തിനും സൗഖ്യവും ആകുന്നു. സകല ജാഗ്രതയോടും കൂടെ നിന്റെ ഹൃദയത്തെ കാത്തുകൊൾക; ജീവന്റെ ഉത്ഭവം അതിൽനിന്നല്ലോ ആകുന്നത് . . . നിന്റെ കണ്ണ് നേരെ നോക്കട്ടെ; നിന്റെ കണ്ണിമ ചൊവ്വെ മുമ്പോട്ടു മിഴിക്കട്ടെ. നിന്റെ കാലുകളുടെ പാതയെ നിരപ്പാക്കുക; നിന്റെ വഴികളെല്ലാം സ്ഥിരമായിരിക്കട്ടെ.”—സദൃശവാക്യങ്ങൾ 4:20-26.
11 മാർഗ്ഗനിർദ്ദേശത്തിനായി നിങ്ങൾ എത്രമാത്രം യഹോവയാം ദൈവത്തിലേക്കും അവന്റെ വചനത്തിലേക്കും നോക്കുന്നുവോ അത്രകണ്ടു നിങ്ങളുടെ ജീവിതപാത നിരപ്പുളളതായിത്തീരും.
ദൈവം നിങ്ങളുടെ സുഹൃത്തായിരിക്കട്ടെ
12, 13. (എ) ദൈവം നമ്മുടെ സുഹൃത്തായിരിക്കുന്നതിന് ബൈബിൾ കുററംവിധിച്ചിരിക്കുന്ന കാര്യങ്ങൾ ഒഴിവാക്കുന്നതിനു പുറമേ മറെറന്തും കൂടി ആവശ്യമാണ്? (ബി) അത്തരമൊരു ബന്ധമുണ്ടായിരിക്കുന്നതിന് നമുക്കായി വഴി തുറക്കപ്പെട്ടത് എങ്ങനെയാണ്? (യോഹന്നാൻ 14:6)
12 നിങ്ങൾക്കിതിനെങ്ങനെ കഴിയും? അതു ദൈവവചനം കുററംവിധിക്കുന്ന കാര്യങ്ങളെ ഒഴിവാക്കുന്നതിനാൽ മാത്രമല്ല. നിങ്ങളുടെ സ്വർഗ്ഗീയ പിതാവെന്ന നിലയിൽ നിങ്ങൾക്ക് യഹോവയുമായി ഒരു വ്യക്തിപരമായ ബന്ധം ഉണ്ടായിരിക്കേണ്ടതാണ്. നിങ്ങളുടെ മാതാപിതാക്കൾ അതിനുളള വഴി നിങ്ങൾക്ക് ചൂണ്ടിക്കാണിച്ചു തന്നേക്കാം. എന്നാൽ നിങ്ങൾക്കുവേണ്ടി ആ ബന്ധം സ്ഥാപിക്കാൻ അവർക്കു കഴിയുകയില്ല. യഹോവയുടെ സ്നേഹബന്ധം അന്വേഷിച്ചുകൊണ്ട് നിങ്ങൾതന്നെ അതു ചെയ്യണം. ഈ ബൃഹത്തായ പ്രപഞ്ചത്തിന്റെ നിർമ്മാതാവ് നിങ്ങളുടെ സുഹൃത്തായിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അവൻ നിങ്ങളിൽനിന്ന് എന്താണാവശ്യപ്പെടുന്നത്?
13 ഇതിനുളള വഴി തുറക്കുന്നതിനായി യഹോവയാം ദൈവം തന്റെ ആദ്യജാത പുത്രനെ ഒരു മനുഷ്യനായി ജനിക്കുന്നതിനിടയാക്കിക്കൊണ്ട് ഒരു ദൗത്യവുമായി ഭൂമിയിലേക്കയച്ചു. ഒരു പൂർണ്ണവളർച്ചയെത്തിയ പുരുഷനായപ്പോൾ ദൈവത്തിന്റെ പുത്രൻ നമുക്കുവേണ്ടി തന്റെ ജീവനെ നൽകി. ബൈബിൾ പ്രതിപാദിക്കും പ്രകാരം: “എങ്കിലും ദൈവകൃപയാൽ എല്ലാവർക്കുംവേണ്ടി മരണം ആസ്വദിപ്പാൻ ദൂതൻമാരിലും അല്പം ഒരു താഴ്ച വന്നവനായ യേശു മരണം ആസ്വദിച്ചതുകൊണ്ട് അവനെ മഹത്വവും ബഹുമാനവും അണിഞ്ഞവനായി നാം കാണുന്നു.”—എബ്രായർ 2:9.
14, 15. (എ) നാമെല്ലാം അപൂർണ്ണരാണെന്ന് പ്രകടമാക്കുന്ന എന്താണ് നമ്മുടെയെല്ലാം ജീവിതത്തിൽ നമുക്ക് കാണാൻ കഴിയുന്നത്? (റോമർ 5:12; 7:21-23) (ബി) മത്തായി 6:12-ൽ പാപങ്ങളെ എന്തിനോടാണ് ഉപമിച്ചിരിക്കുന്നത്? ആ “കടം” എങ്ങനെയാണ് കൊടുത്തുവീട്ടാൻ കഴിയുന്നത്?
14 നാമെല്ലാം അപൂർണ്ണരും പാപികളുമാണെന്ന വസ്തുതയാണ് ഇത് ആവശ്യമാക്കിത്തീർത്തത് എന്ന് ബൈബിൾ പ്രകടമാക്കുന്നു. ഇതു മനസ്സിലാക്കുന്നതിനു നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടായിരിക്കുകയില്ല. കാരണം ചിലപ്പോഴൊക്കെ തെററാണെന്ന് നിങ്ങൾക്കറിയാമായിരുന്ന കാര്യങ്ങൾ ചെയ്യാതിരിക്കുന്നതിന് ഒരു യഥാർത്ഥ പോരാട്ടംതന്നെ ആവശ്യമാണെന്ന് നിങ്ങൾ കണ്ടെത്തിയിട്ടുണ്ടായിരിക്കാം. ചിലപ്പോഴെങ്കിലും ഒരുപക്ഷേ നിങ്ങൾ ബലഹീനരായിത്തീരുകയും തെററായ ആഗ്രഹങ്ങൾക്ക് വഴങ്ങുകയും ചെയ്തിട്ടുണ്ടായിരിക്കാം. ജൻമസിദ്ധമായ, തെററിലേക്കുളള ഈ ചായ്വ് നാമെല്ലാം നമ്മുടെ ആദ്യ മാതാപിതാക്കളിൽ നിന്ന് അവകാശപ്പെടുത്തിയതാണ്. അതുകൊണ്ടാണ് മനുഷ്യവർഗ്ഗം മുഴുവൻ മരിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിലായിരിക്കുന്നത്.
15 എന്നാൽ നമ്മുടെ എല്ലാ ദുഷ്പ്രവൃത്തികളും റദ്ദാക്കുന്നതിനുളള വഴി തുറക്കുന്നതിന് ദൈവപുത്രൻ തന്റെ പൂർണ്ണതയുളള മനുഷ്യജീവൻ നൽകി. പാപങ്ങളെ “കടങ്ങളോട്” ഉപമിച്ചുകൊണ്ട് ഇതു എപ്രകാരം സാധിക്കുന്നു എന്നു മനസ്സിലാക്കാൻ ബൈബിൾ നമ്മെ സഹായിക്കുന്നു. (മത്തായി 6:12) ഉദാഹരണത്തിന് ആരെപ്പററിയെങ്കിലും നിങ്ങൾ വ്യാജമായ ഒരു കിംവദന്തി പരത്തുന്നുവെങ്കിൽ നിങ്ങൾ അയാളോട് ക്ഷമാപണം നടത്താൻ “കടപ്പെട്ടിരിക്കുന്നു” എന്ന് നിങ്ങൾ പറയുകയില്ലേ? നിങ്ങൾ ചെയ്ത തെററു കാരണം നിങ്ങൾ അയാളോട് “കട”പ്പെട്ടിരിക്കുന്നു എന്നാണിതിന്റെ അർത്ഥം. എന്നാൽ ദൈവത്തോട് നാം കടപ്പെട്ടിരിക്കുന്നത് നമുക്ക് കൊടുത്തു വീട്ടാൻ കഴിയാത്തവണ്ണം അത്രയധികമാണ്. എന്നാൽ യേശുക്രിസ്തുവിന്റെ പൂർണ്ണതയുളള മാനുഷജീവൻ അവകാശപ്പെടുത്തപ്പെട്ട പാപപൂർണ്ണതയാൽ നാം ദൈവത്തോട് കടപ്പെട്ടിരുന്നേക്കാവുന്നതെല്ലാം റദ്ദാക്കാൻ തക്കവണ്ണം അത്രവിലയുളളതാണ്. അതുകൊണ്ടാണ് ദൈവത്തിന്റെ പുത്രൻ നമുക്കുവേണ്ടി തന്റെ ജീവനെ വെടിഞ്ഞത്.
16-18. (എ) ദൈവം തന്റെ പുത്രൻ മുഖാന്തരം ചെയ്തത് സംബന്ധിച്ച് നമ്മുടെ വിലമതിപ്പ് അർഹിക്കുന്നുവെന്ന് നിങ്ങൾക്ക് തോന്നുന്നത് എന്തുകൊണ്ട്? (റോമർ 5:6-10) (ബി) ആ വിലമതിപ്പ് പ്രകടമാക്കാൻ നമുക്ക് ചെയ്യാവുന്ന ചില കാര്യങ്ങൾ ഏവ?
16 അതുകൊണ്ട് നമുക്ക് ദൈവവുമായി സൗഹൃദമുണ്ടായിരിക്കുന്നതിനുളള വഴി തുറക്കപ്പെട്ടിരിക്കുന്നു. എന്നാൽ അവൻ തന്റെ പുത്രനെ ബലികഴിക്കുക വഴി നമുക്കുവേണ്ടി ചെയ്തതും അവന്റെ പുത്രൻ തന്റെ മരണത്താൽ നമുക്കുവേണ്ടി ചെയ്തതും നാം വിലമതിക്കുന്നു എന്ന് നാം പ്രകടമാക്കേണ്ടതുണ്ട്. ദൈവത്തിന്റെ ഈ കരുതലിൽ നമുക്ക് വിശ്വാസമുണ്ട് എന്ന് നാം കാണിക്കണം. യേശു പറഞ്ഞു: “പിതാവു പുത്രനെ സ്നേഹിക്കുന്നു. സകലവും അവന്റെ കയ്യിൽ കൊടുത്തുമിരിക്കുന്നു. പുത്രനിൽ വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ട്; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുളളു.”—യോഹന്നാൻ 3:35, 36.
17 നിങ്ങൾ ഒരാളുടെ ജീവനെ, ഒരുപക്ഷേ മുങ്ങി മരിക്കുന്നതിൽ നിന്നോ അഗ്നി ബാധിച്ച ഒരു വീട്ടിൽ കുടുങ്ങി വെന്തുമരിക്കുന്നതിൽ നിന്നോ രക്ഷിച്ചു എന്നും അതിന്റെ ഫലമായി നിങ്ങൾ പിന്നീട് മരണമടഞ്ഞുവെന്നും ഒന്നു വിചാരിക്കുക. രക്ഷിക്കപ്പെട്ടയാൾ അശേഷം നന്ദി കാണിക്കുന്നില്ലെങ്കിലോ, നിങ്ങളുടെ മാതാപിതാക്കളെ പോയിക്കാണുകയോ നിങ്ങളുടെ നിസ്വാർത്ഥമായ പ്രവൃത്തിയെപ്പററി വിലമതിപ്പിന്റേതായ ഒരു വാക്കുപോലും പറയുകയോ ചെയ്യുന്നില്ലെങ്കിലോ? നിങ്ങളുടെ പിതാവിന് അതു സംബന്ധിച്ച് എന്തു തോന്നുമെന്നാണ് നിങ്ങൾ വിചാരിക്കുന്നത്? ദൈവപുത്രൻ മനുഷ്യവർഗ്ഗത്തിനുവേണ്ടി ചെയ്തിരിക്കുന്നത് മനസ്സിലാക്കുകയും എന്നാൽ യാതൊരു വിലമതിപ്പും കാണിക്കാതിരിക്കുകയും ചെയ്യുന്നവരെപ്പററി യഹോവയാം ദൈവം വാസ്തവത്തിൽ ദുഃഖിതനായിരിക്കുകയും അവരോട് സൗഹൃദം കാട്ടാതിരിക്കുകയും ചെയ്യുന്നതെന്തുകൊണ്ടെന്ന് നിങ്ങൾക്ക് മനസ്സിലാക്കാവുന്നതേയുളളു.
18 നിങ്ങൾ നയിക്കുന്ന ജീവിതത്താൽ നിങ്ങൾക്ക് വിലമതിപ്പ് പ്രകടമാക്കാൻ കഴിയും. നിങ്ങൾ ചെയ്ത തെററുകൾ സംബന്ധിച്ച് നിങ്ങൾ ആത്മാർത്ഥമായി അനുതപിക്കുന്നുവെന്ന് പ്രകടമാക്കാനും തന്റെ പുത്രന്റെ ബലിമൂലം നിങ്ങളുടെ ‘കടങ്ങൾ മോചിച്ചുതരണമേ’യെന്ന് ദൈവത്തോട് പ്രാർത്ഥിക്കാനും കഴിയും. നിങ്ങളുടെ ജീവിതശിഷ്ടം മുഴുവൻ ദൈവേഷ്ടം ചെയ്തുകൊണ്ട് അവനെ സേവിക്കാൻ നിങ്ങളെത്തന്നെ ദൈവത്തിന് സമർപ്പിക്കാൻ കഴിയും. നമുക്ക് ഈ സമർപ്പണത്തെ ജലസ്നാനത്താൽ ലക്ഷ്യപ്പെടുത്താൻ കഴിയുമെന്നു ബൈബിൾ കാണിച്ചുതരുന്നു. എന്നാൽ തീർച്ചയായും ഇത് അത്ര ധൃതിയിൽ ചെയ്യപ്പെടേണ്ട ഒരു സംഗതിയല്ല. ഒരു സംഗതി ചെയ്തുകൊളളാമെന്ന് ദൈവത്തോട് വാഗ്ദാനം ചെയ്യുകയും പിന്നീട് മനസ്സു മാററുകയും ചെയ്യാൻപാടില്ല. കൊച്ചുകുട്ടികളാണ് അപ്രകാരം ചെയ്യുന്നത്. അവർ എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നത് എന്ന് അവർക്ക് നിശ്ചയമില്ല. എന്നാൽ പ്രായപൂർത്തിയാകുന്നതോടെ നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾക്കൊരു തീരുമാനമെടുക്കാവുന്ന അവസ്ഥയിൽ നിങ്ങൾ എത്തിച്ചേരുന്നു. അതുകൊണ്ട് നിങ്ങൾക്ക് ഗൗരവമായി പരിചിന്തിക്കാവുന്ന ഒരു സംഗതിയാണത്.
വെല്ലുവിളിയെ നേരിടുക
19-21. (എ) നിങ്ങൾ നേരിടുന്ന വെല്ലുവിളി ദാവീദ് ഗൊല്യാത്തിനെ നേരിടാൻ ഇറങ്ങിപ്പുറപ്പെട്ടപ്പോഴത്തേതുപോലെയായിരിക്കുന്നതെങ്ങനെയാണ്? (1 ശമുവേൽ 17:4-11, 26-51; യോഹന്നാൻ 15:17-20; യാക്കോബ് 4:4) (ബി) വിജയകരമായി ഈ വെല്ലുവിളിയെ നേരിടുന്നത് സാദ്ധ്യമാണ് എന്ന് നമുക്ക് വിശ്വാസമുണ്ടായിരിക്കാൻ കഴിയുന്നതെന്തുകൊണ്ട്? (യോഹന്നാൻ 16:33; ഫിലിപ്യർ 4:13; സദൃശവാക്യങ്ങൾ 3:5, 6)
19 നിങ്ങൾ ദൈവത്തിന്റെ സുഹൃത്താണ് എന്ന് തെളിയിച്ചുകൊണ്ടിരിക്കുന്നത് എല്ലായ്പ്പോഴും എളുപ്പമായിരിക്കയില്ല. ലോകം പൊതുവേ ദൈവത്തിന്റെ സുഹൃത്തല്ല, മറിച്ച് ശത്രുവായിരിക്കുന്നതിനാൽ നിങ്ങൾക്ക് ഒരു വലിയ വെല്ലുവിളിയെ നേരിടേണ്ടിവരുമെന്ന് ബൈബിൾ പ്രകടമാക്കുന്നു. എന്നാൽ നിരാശരാകേണ്ടതില്ല. ദൈവദാസനായിരുന്ന ദാവീദ് ഒരു ബാലനായിരുന്നപ്പോൾ കാണിച്ച അതേ മനോഭാവം നിങ്ങൾക്കും കാണിക്കാൻ കഴിയും. വ്യാജദൈവങ്ങളുടെ ആരാധകരായിരുന്ന ഫെലിസ്ത്യരുടെ സൈന്യവുമായി യിസ്രായേൽ ഏററുമുട്ടിക്കൊണ്ടിരുന്ന ഒരവസരത്തിൽ അവൻ യിസ്രായേൽ പാളയത്തിലേക്ക് വരാനിടയായി. ഭീമാകാരനും ഗൊല്ല്യാത്ത് എന്ന പേരോടുകൂടിയവനുമായ ഒരു ഫെലിസ്ത്യ മല്ലൻ തന്നോട് പോരിന് വെല്ലുവിളിച്ചുകൊണ്ട് യിസ്രായേല്യരെ അധിക്ഷേപിച്ചുകൊണ്ടിരുന്നു. ദാവീദ് ഇത് കേട്ടു. ഒരു ബാലൻ മാത്രമായിരുന്നെങ്കിലും അവന് യഹോവയിൽ ശക്തമായ വിശ്വാസമുണ്ടായിരുന്നു. അവൻ ആ വെല്ലുവിളി സ്വീകരിച്ചുകൊണ്ട് പടച്ചട്ട ധരിച്ചവനും ആയുധപാണിയുമായിരുന്ന പൊണ്ണനായ തന്റെ ശത്രുവിന്റെ നേരെ പാഞ്ഞു ചെന്ന് ഇടയന്റേതായി തന്റെ കൈവശമുണ്ടായിരുന്ന കവിണയിൽ നിന്നുമുളള ഒരു കല്ലുകൊണ്ട് അവനെ വീഴ്ത്തി.
20 ഇന്നു നിങ്ങൾ ഒരു ശത്രുലോകത്തെ നേരിടുന്നു. എന്നാൽ ഭയപ്പെടേണ്ടതില്ല. ദാവീദിന്റെ നാളിലെന്നതുപോലെ തന്നെ യഹോവ ഇന്നും സർവ്വശക്തനായ ദൈവമാണ്. നിങ്ങൾ ധൈര്യപ്പെടുകയും യഹോവ നിങ്ങളെ ഉപേക്ഷിക്കയില്ല, നിങ്ങളെ താങ്ങുകയും നിങ്ങൾക്കാവശ്യമായ ശക്തി നൽകുകയും ചെയ്യും എന്ന് എല്ലാററിലും ഉപരിയായി ഉറച്ചുവിശ്വസിക്കുകയും ചെയ്യുന്നെങ്കിൽ നിങ്ങൾക്ക് വിജയം വരിക്കാൻ കഴിയും.
21 ഭൂമിയിലെ ചില രാഷ്ട്രീയ ഗവൺമെൻറുകളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി അനേകം യുവജനങ്ങളുൾപ്പെടെ പലേ സ്ത്രീപുരുഷൻമാരും കഷ്ടം സഹിക്കുകയും തങ്ങളുടെ ജീവൻ അപകടപ്പെടുത്തുകയോ മരിക്കുകയോപോലും ചെയ്തിട്ടുണ്ട്. എന്നാൽ അഖിലാണ്ഡ സ്രഷ്ടാവിന്റെ താല്പര്യങ്ങൾക്കായി സേവനമനുഷ്ഠിക്കുന്നത് അതിലും എത്രയോ ഉന്നതമായ ഒരു ബഹുമതിയാണ്! അതു നിങ്ങൾക്ക്, ഇന്ന് ഭൂമിയിൽ ജീവിക്കുന്ന ഏതൊരാളും ആസ്വദിക്കുന്നതിലും വളരെവളരെ മെച്ചമായ ഒരു ജീവിതം നൽകുന്നതെങ്ങനെയെന്നുംകൂടി ഇപ്പോൾ പരിഗണിക്കുക.
[അധ്യയന ചോദ്യങ്ങൾ]