നിങ്ങളുടെ മാതാപിതാക്കളെ നിങ്ങൾ എങ്ങനെ വീക്ഷിക്കുന്നു?
അധ്യായം 10
നിങ്ങളുടെ മാതാപിതാക്കളെ നിങ്ങൾ എങ്ങനെ വീക്ഷിക്കുന്നു?
1-3. (എ) മാതാപിതാക്കളോടുളള ഒരുവന്റെ മനോഭാവം അവനെ സംബന്ധിച്ച് എന്തു വെളിപ്പെടുത്തുന്നു? (ബി) നിങ്ങളുടെ അറിവിൽപ്പെട്ട യുവജനങ്ങൾക്ക് തങ്ങളുടെ മാതാപിതാക്കളോടുളള മനോഭാവം എന്താണ്? നിങ്ങൾ അവരോട് യോജിക്കുന്നുവോ? (സി) ഏതുതരത്തിലുളള പരിശീലനമാണ് മാതാപിതാക്കളെ ആദരിക്കാൻ ഒരു യുവാവിനെ സഹായിക്കുന്നത്, എന്തുകൊണ്ട്?
മററുളളവർ അവരുടെ മാതാപിതാക്കൻമാരേപ്പററി എന്തു വിചാരിക്കുന്നു എന്നു നിങ്ങളോടു പറയുമ്പോൾ അവർ അവരെപ്പററിയും ചിലത് നിങ്ങളോട് പറയുകയാണ്. അതെ, നിങ്ങൾ നിങ്ങളുടെ മാതാപിതാക്കൻമാരോട് പറയുന്നതും ചെയ്യുന്നതുമായ കാര്യങ്ങൾ നിങ്ങളുടെ മനസ്സിലും ഹൃദയത്തിലും എന്താണുളളത് എന്ന് വെളിപ്പെടുത്തുന്നു. ഇപ്പോൾത്തന്നെ നിങ്ങൾ ഏതുതരം വ്യക്തിയാണെന്ന് അത് ഒട്ടേറെ വെളിപ്പെടുത്തുന്നു. നിങ്ങൾ ഭാവിയിൽ ഏതുതരം വ്യക്തിയായിത്തീർന്നേക്കാം എന്നതിനുളള വ്യക്തമായ ഒരു സൂചനയും അതു നൽകുന്നു. നിങ്ങളുടെ ഭവനത്തിൽ നിങ്ങൾ വളർത്തിയെടുക്കുന്ന പെരുമാററ രീതികൾ ക്രമേണ നിങ്ങളുടെ ഒരു ഭാഗമായിത്തീരുന്നു എന്നുളളതിനാലാണ് ഇത് അപ്രകാരമായിരിക്കുന്നത്.
2 ചില യുവജനങ്ങൾ തങ്ങളുടെ മാതാപിതാക്കളോട് മിക്കവാറും എല്ലാ കാര്യങ്ങളിലും ഒരു നിഷേധാത്മകമായ മനോഭാവം വളർത്തുന്നു. തങ്ങളുടെ മാതാപിതാക്കൾക്ക് തങ്ങളെ മനസ്സിലാകുന്നില്ല, മനസ്സിലാക്കാൻ അവർ ശ്രമിക്കുന്നുമില്ല എന്നാണ് ചിലർ കരുതുന്നത്. മാതാപിതാക്കൾ ആശയററവണ്ണം പഴഞ്ചൻമാരും ത്വരിതഗമനം ചെയ്തുകൊണ്ടിരിക്കുന്ന ഈ ലോകത്തിൽ പ്രയോജനകരമായ എന്തെങ്കിലും മാർഗ്ഗനിർദ്ദേശം നൽകാൻ അപ്രാപ്തരുമാണെന്ന് ഇവർ വിചാരിക്കുന്നു. ഈ ചിന്ത പെട്ടെന്നുതന്നെ എല്ലാത്തിലും മത്സരിക്കുന്ന ഒരു ഗതിയിലേക്കു വളരുന്നു. നിയന്ത്രിക്കപ്പെടുന്നില്ലെങ്കിൽ എളുപ്പത്തിൽ അത് ഒരു ശീലമായി മാറുന്നു. കുടുംബവൃത്തത്തിനു പുറത്തുളളവരോടുളള പെരുമാററത്തിലും അതു പ്രകടമാകുന്നു. നിങ്ങൾ എവിടെ എത്തി നിൽക്കുന്നു എന്നു തിരിച്ചറിയും മുമ്പേ അതു ഒരു മനുഷ്യസമുദായത്തിന്റെ സംരക്ഷണത്തിനും പ്രയോജനത്തിനുമായി നിർമ്മിച്ചിരിക്കുന്ന നിയമങ്ങൾ അനുസരിക്കാനുളള വിമുഖത നിമിത്തം നിങ്ങളെ ഗൗരവമായ കുഴപ്പത്തിലേക്കു നയിച്ചേക്കാം.
3 എന്നാൽ അത്തരത്തിൽ വിചാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യാത്ത മററുളളവരുണ്ട്. അവർ വളരുമ്പോൾ മാതാപിതാക്കളെ ആദരവോടെ വീക്ഷിക്കുന്നു. ലോകം ഇത്രമാത്രം കുഴപ്പത്തിലായിരിക്കുന്നത് എന്തുകൊണ്ടെന്നും ഭാവി എങ്ങനെയുളളതായിരിക്കുമെന്നും ഈ യുവജനങ്ങൾക്കറിയാം. അതുകൊണ്ട് മററുളളവരുടെ നിഷേധാത്മകമായ മനോഭാവത്തോടൊത്തു പോകുന്നതിനുളള സമ്മർദ്ദങ്ങൾക്ക് അവർ കീഴ്പ്പെടുന്നില്ല. നിശ്വസ്തതയിൽ എഴുതപ്പെട്ട ദൈവവചനത്തിൽ കാണപ്പെടുന്ന മാനുഷപെരുമാററത്തെ സംബന്ധിച്ച അത്യുത്തമമായ തത്വങ്ങളോടുളള ആദരവ് തങ്ങളുടെ മാതാപിതാക്കൾ തങ്ങളിൽ വളർത്തിയിരിക്കുന്നതിൽ അവർ വിലമതിപ്പുളളവരാണ്. ബൈബിൾ ബുദ്ധിയുപദേശിക്കുന്നപ്രകാരംതന്നെ, “പിതാക്കൻമാരേ, നിങ്ങളുടെ മക്കളെ പ്രകോപിപ്പിക്കാതെ യഹോവയുടെ ശിക്ഷണത്തിലും മാനസിക ക്രമവൽക്കരണത്തിലും അവരെ പോററി വളർത്തുവിൻ.” ഈ യുവജനങ്ങൾ ഇത്തരം പരിശീലനത്തോട് നന്നായി പ്രതിവർത്തിക്കുകയും മനസ്സോടെ അവരുടെ പങ്ക് വഹിക്കുകയും ചെയ്തിരിക്കുന്നു. തൽഫലമായി, കുടുംബക്രമീകരണത്തിലെ അവരുടെ സ്ഥാനം അവർ വിലമതിക്കുന്നു. കുടുംബതലത്തിൽ നല്ല ബന്ധങ്ങൾ നിലനിൽക്കുകയും ചെയ്യുന്നു.—എഫേസ്യർ 6:4.
മാതാപിതാക്കളോട് കടപ്പെട്ടിരിക്കുന്ന അനുസരണം
4-6. (എ) ഇന്നോളമുളള ജീവിതത്തിൽ നിങ്ങളുടെ മാതാപിതാക്കൻമാർ നിങ്ങൾക്കുവേണ്ടി എന്തു ചെയ്തിരിക്കുന്നു? (ബി) നിങ്ങൾ അതു വിലമതിക്കുന്നു എന്ന് നിങ്ങൾക്കെങ്ങനെ പ്രകടമാക്കാൻ കഴിയും? (എഫേസ്യർ 6:1, 2)
4 എന്നാൽ ബൈബിൾ തത്വങ്ങൾ പഠിപ്പിക്കാൻ മാതാപിതാക്കൾ യാതൊരു ശ്രമവും ചെയ്യാത്ത കുട്ടികളെ സംബന്ധിച്ചെന്ത്? അവർ തങ്ങളുടെ മാതാപിതാക്കൻമാരോട് ബഹുമാനം കാണിക്കുകയും അവരെ അനുസരിക്കുകയും ചെയ്യേണ്ടതില്ല എന്നർത്ഥമുണ്ടോ? മാതാപിതാക്കളിൽ നിന്നുളള മാർഗ്ഗനിർദ്ദേശം ദൈവിക നിലവാരത്തിൽനിന്ന് അകന്നകന്നുപോകുമ്പോൾ അതിന്റെ മേൻമ കുറയുമെന്നിരുന്നാൽതന്നെ അതു യുവജനങ്ങൾ തങ്ങളുടെ മാതാപിതാക്കളോട് ശരിയായ മനോഭാവം വളർത്തുന്നതിന്റെ ആവശ്യകതയെ ഒരു തരത്തിലും കുറയ്ക്കുന്നില്ല. എന്തുകൊണ്ട്? പലേകാരണങ്ങളുമുണ്ട്.
5 നിങ്ങൾ ഒരിക്കലും ഉത്തരവാദിത്തത്തോടെ കഴിഞ്ഞുകൂടിയിട്ടില്ലാത്ത സ്ഥിതിക്ക് നിങ്ങളുടെ മാതാപിതാക്കൾ നിങ്ങൾക്കുവേണ്ടി ചെയ്തിട്ടുളളതിനെ നിങ്ങൾ പൂർണ്ണമായി വിലമതിക്കാതിരുന്നേക്കാം. എന്നാൽ ഒരു നിമിഷം നിന്നു ചിന്തിക്കുക: നിങ്ങളുടെ പിതാവും മാതാവും നിങ്ങളുടെ ജനനം മുതൽ നിത്യേന നിങ്ങളെ പരിചരിച്ചിട്ടുണ്ട്. അവർ നിങ്ങൾക്ക് ആഹാരവും വസ്ത്രവും വസിക്കാൻ ഒരു ഭവനവും നൽകിയിരിക്കുന്നു; നിങ്ങളുടെ വിദ്യാഭ്യാസത്തിനു വേണ്ട ഏർപ്പാട് ചെയ്തിരിക്കുന്നു.
6 നിങ്ങളുടെ മാതാപിതാക്കൾ നിങ്ങൾക്കുവേണ്ടി ചെയ്ത സേവനങ്ങളെല്ലാം ചെയ്യാൻ നിങ്ങൾ ആരെയെങ്കിലും കൂലിക്ക് എടുക്കേണ്ടിയിരുന്നെങ്കിൽ അതിന് വളരെ ധനം വ്യയം ചെയ്യേണ്ടിവരുമായിരുന്നു. ഇതിനെല്ലാം നിങ്ങളുടെ മാതാപിതാക്കൾ ആദരവ് അർഹിക്കുന്നു. പിൽക്കാലത്ത് നിങ്ങൾ വിവാഹിതരാവുകയും ഒരു പിതാവോ മാതാവോ ആകുകയും ചെയ്യുമ്പോൾ നിങ്ങളുടെ മാതാപിതാക്കൾ നിങ്ങൾക്കുവേണ്ടി ചെയ്തതിനെ കൂടുതൽ വിലമതിക്കാൻ നിങ്ങൾക്കു കഴിയും. എന്നാൽ എന്തുകൊണ്ട് ഇപ്പോൾത്തന്നെ വിലമതിപ്പ് കാണിച്ചുകൂടാ? നിങ്ങൾ മാതാപിതാക്കളോട് കടപ്പെട്ടിരിക്കുന്ന സ്നേഹം നിങ്ങളുടെ ആദരവിനാലും അനുസരണത്താലും മടക്കിക്കൊടുക്കുന്നുവെങ്കിൽ നിങ്ങൾ നിങ്ങൾക്കു നൻമചെയ്യുന്നവരെ വിലമതിക്കുന്ന, സുബോധമുളള ഒരാളായി പക്വതയിലേക്കു വളരുകയാണെന്നു പ്രകടമാക്കും.
7-12. (എ) ഒരു യുവാവോ യുവതിയോ തങ്ങളുടെ മാതാപിതാക്കളുടെ ഭാഗത്തെ തെററുകളെ എങ്ങനെ വീക്ഷിക്കണം? (മത്തായി 6:14, 15) (ബി) ബൈബിളിൽ കാണപ്പെടും പ്രകാരം മാതാപിതാക്കൾക്കു ദൈവം എന്തു സ്ഥാനമാണ് നൽകിയിരിക്കുന്നത്? (സദൃശവാക്യങ്ങൾ 6:20) ഇത് ഒരു അത്യാവശ്യ ക്രമീകരണമായിരിക്കുന്നതെന്തുകൊണ്ട്? (സി) ഒരുവന്റെ മാതാപിതാക്കളെ അനുസരിക്കാതിരിക്കുന്നത് എത്രമാത്രം ഗൗരവമുളള ഒരു സംഗതിയാണ്?
7 ഇതിനാൽ നിങ്ങളുടെ മാതാപിതാക്കൾ യാതൊരു കുറവുമില്ലാത്തവരാണ് എന്നു പറയുകയല്ല. തീർച്ചയായും അവർക്കും പിശകുകൾ സംഭവിക്കും. എന്നാൽ നിങ്ങൾക്കും സംഭവിക്കും. അവരോടൊപ്പം പരിചയം നിങ്ങൾക്കില്ലാത്തതിനാൽ ഒരുപക്ഷേ നിങ്ങൾക്ക് അതിൽ കൂടുതൽ പിശകുകൾ സംഭവിക്കുന്നു. നിങ്ങളുടെ മാതാപിതാക്കളുടെ തെററുകൾ സംബന്ധിച്ച് നിങ്ങൾ അവരെ കുററപ്പെടുത്തുകയും എന്നാൽ നിങ്ങളുടെ തെററുകൾ സംബന്ധിച്ച് അവർ യാതൊന്നും പറയാതിരിക്കാൻ പ്രതീക്ഷിക്കുകയും ചെയ്യുമോ? എന്നാൽ പരസ്പര വൈരുദ്ധ്യമില്ലാതിരിക്കുന്നതിന് നിങ്ങളുടെ അനേകം തെററുകളെ അവർ ക്ഷമിക്കുന്നതുപോലെ അവരുടെ തെററുകളെ ക്ഷമിക്കാൻ നിങ്ങളും പഠിക്കേണ്ടതാണ്. നിങ്ങൾക്കുളളതിനേക്കാൾ വളരെ കൂടിയ ഉത്തരവാദിത്വങ്ങൾ അവർക്കുളളതുകൊണ്ട് അവർക്ക് ചില പരാജയങ്ങൾ നേരിട്ടാൽ അതു മനസ്സിലാക്കാവുന്നതേയുളളു. ഈ ബൈബിൾ തത്വം അന്വർത്ഥമാണ്: “കരുണ കാണിക്കാത്തവന് കരുണയില്ലാത്ത ന്യായവിധി ഉണ്ടാകും, കരുണ ന്യായവിധിയെ ജയിച്ചു പ്രശംസിക്കുന്നു.”—യാക്കോബ് 2:13.
8 എന്നാൽ മാതാപിതാക്കളുടെ ഭാഗത്തെ ഒരു തെററായി നിങ്ങൾ വിചാരിക്കുന്നത് ചിലപ്പോൾ നിങ്ങളുടേതിൽ നിന്ന് വ്യത്യസ്തമായ ഒരു കാഴ്ചപ്പാടിനെയായിരിക്കും. ഇപ്രകാരമായിരിക്കുകയും മാതാപിതാക്കൾ ആ കാര്യം സംബന്ധിച്ച് വ്യക്തമായ ഒരു നിലപാട് സ്വീകരിക്കുകയും ചെയ്തിരിക്കുമ്പോൾ നിങ്ങൾ എന്തു ചെയ്യണം?
9 മാതാപിതാക്കളുടെ സ്ഥാനം നിങ്ങളുടേതിന് സമമല്ല എന്ന് നിങ്ങൾ മനസ്സിൽ പിടിക്കേണ്ടതുണ്ട്. ദൈവിക ക്രമീകരണത്തിൽ ഒരു പിതാവോ മാതാവോ നിങ്ങളുടേതിനേക്കാൾ അല്പം കൂടി ഉയർന്ന ഒരു സ്ഥാനത്താണ്. നിങ്ങൾക്ക് ഇപ്പോഴും ഇല്ലാത്ത അധികാരവും ഉത്തരവാദിത്വവും ദൈവം നിങ്ങളുടെ മാതാപിതാക്കളെ ഏൽപ്പിച്ചിരിക്കുന്നു. അതുകൊണ്ട് നിങ്ങളെ ബാധിക്കുന്ന കാര്യങ്ങൾ സംബന്ധിച്ചുളള അന്തിമ തീരുമാനം എടുക്കാനുളള അവകാശം അവരുടേതാണ്. അതുകൊണ്ടാണ് ദൈവവചനം ഇപ്രകാരം ബുദ്ധിയുപദേശിക്കുന്നത്: “മക്കളേ, നിങ്ങളുടെ അമ്മയപ്പൻമാരെ സകലത്തിലും അനുസരിപ്പിൻ, അതു കർത്താവിന്റെ ശിഷ്യൻമാരിൽ കണ്ടാൽ പ്രസാദകരമല്ലോ.” തീർച്ചയായും ഇതിന്റെ അർത്ഥം ദൈവിക നിയമത്തിന്റെ ലംഘനമാകാത്ത എല്ലാ കാര്യങ്ങളിലും മാതാപിതാക്കൾ നിങ്ങളോട് ആവശ്യപ്പെടുന്നത് നിങ്ങൾ ചെയ്യണം എന്നാണ്.—കൊലോസ്യർ 3:20.
10 മാനുഷ സമൂഹത്തിൽ ഒരു ക്രമം ഉണ്ടായിരിക്കേണ്ടതാണ്, അല്ലേ? ക്രമമില്ലാഞ്ഞാൽ കുഴപ്പങ്ങളും അരാജകത്വം പോലുമോ ആയിരുന്നേക്കാം ഫലം. ഉദാഹരണത്തിന്, ഒരു കപ്പലിലെ കാര്യങ്ങൾ എങ്ങനെ നടത്തണമെന്ന് ഒരു ജോലിക്കാരൻ കപ്പിത്താനോട് കല്പിക്കുന്നില്ല. അല്ലെങ്കിൽ ഒരു പന്തുകളിക്കാരൻ ക്ലബ്ബിന്റെ മാനേജരോട് ക്ലബ്ബിന്റെ കാര്യങ്ങൾ എങ്ങനെ നടത്തണമെന്ന് നിർദ്ദേശിക്കാറില്ല. ഒരു നല്ല ക്യാപ്ററനോ മാനേജരോ തന്റെ കീഴിലുളളവരിൽനിന്നുളള അഭിപ്രായങ്ങൾ സ്വാഗതം ചെയ്യുകയും വാസ്തവത്തിൽ അത്തരം അഭിപ്രായങ്ങൾ പറയാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും എന്നത് സത്യം തന്നെ. എന്നാൽ മററുളളവർ അവർക്ക് ഉത്തരവുകൾ നൽകാനും എന്തുചെയ്യണം എന്ന് കല്പിക്കാനും അവർ അനുവദിച്ചുകൊടുക്കുന്നുവെങ്കിൽ അവരുടെ അധികാരം തകരും. അതിന്റെ ഫലമോ കുഴപ്പങ്ങളും ക്രമക്കേടുകളും ആയിരിക്കും എന്നതിനോട് നിങ്ങൾക്ക് യോജിക്കാൻ കഴിയുന്നില്ലേ?
11 അതുപോലെതന്നെ കുടുംബവൃത്തത്തിലും ക്രമമുണ്ടായിരിക്കേണ്ടതുണ്ട്. അവിടെ പിതാവിനെ ശിരസ്സായും മാതാവ് പിതാവിനോട് അടുത്തു സഹകരിക്കാനും ദൈവം നിയോഗിച്ചിരിക്കുന്നു. പിതാവും മാതാവും മക്കളുടെ മേൽനോട്ടം വഹിക്കാൻ നിയമിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് നിങ്ങൾ വൈകിട്ട് എപ്പോൾ വീട്ടിലെത്തണമെന്നും ഏതുതരം ആളുകളുമായി സഹവസിക്കണമെന്നും നിങ്ങളുടെ ചമയങ്ങൾ ഏതുതരത്തിലുളളതായിരിക്കണമെന്നും മററും സംബന്ധിച്ച് നിങ്ങളുടെ മാതാപിതാക്കൾ ചില നിബന്ധനകൾ വയ്ക്കുകയും നിങ്ങൾ അതു അനുസരിക്കുകയും ചെയ്യുമ്പോൾ നിങ്ങൾ ദൈവിക ക്രമീകരണത്തെ ആദരിക്കുകയാണ് ചെയ്യുന്നത്. നിങ്ങൾ മാതാപിതാക്കളെ അനുസരിക്കാത്തപ്പോൾ നിങ്ങൾ ദൈവിക ക്രമീകരണത്തെയാണ് ആദരിക്കാത്തത്. നിങ്ങളുടെയും നിങ്ങളുടെ മാതാപിതാക്കളുടെയും സ്രഷ്ടാവായ ദൈവത്തോട് മത്സരിക്കുക എന്നാണ് അതിന്റെ അർത്ഥം! അവിടെ ആരായിരിക്കും പരാജയപ്പെടുക എന്നു നിങ്ങൾക്കറിയാം. അതുകൊണ്ട് നിങ്ങളുടെ മാതാപിതാക്കളുടെ മാർഗ്ഗനിർദ്ദേശങ്ങളോട് നിങ്ങൾ എങ്ങനെ പ്രതിവർത്തിക്കുന്നു എന്നത് അവരെക്കാൾ ഉന്നതനായ, അവർ അനുസരിക്കാൻ കടപ്പെട്ട യഹോവയാം ദൈവത്തെ നിങ്ങൾ എങ്ങനെ കരുതുന്നു എന്നതിനെ പ്രതിഫലിപ്പിക്കും.
12 അതുകൊണ്ടാണ് ദൈവവചനം ഇപ്രകാരം പറയുന്നത്: “അപ്പനെ പരിഹസിക്കയും അമ്മയെ അനുസരിക്കാതിരിക്കുകയും ചെയ്യുന്ന കണ്ണിനെ തോട്ടരികത്തെ കാക്ക കൊത്തിപ്പറിക്കുകയും കഴുകൻ കുഞ്ഞുങ്ങൾ തിന്നുകയും ചെയ്യും.” അതെ, മാതാപിതാക്കളോടുളള തെററായ മനോഭാവം യുവജനങ്ങൾക്ക് അവരുടെ ജീവ നഷ്ടത്തിന് ഇടയാക്കിയേക്കാം.—സദൃശവാക്യങ്ങൾ 30:17.
കീഴ്പ്പെടലിൽനിന്ന് പഠിക്കുന്ന പാഠങ്ങൾ
13-17. (എ) നിങ്ങളുടെ മാതാപിതാക്കളെ ബഹുമാനിക്കാനും അനുസരിക്കാനും പഠിക്കുന്നത് എപ്രകാരമാണ് നിങ്ങൾ മാതാപിതാക്കളാകുമ്പോൾ നിങ്ങൾക്ക് സഹായകമായിരുന്നേക്കാവുന്നത്? (ബി) നിങ്ങൾ സ്കൂളിലായിരിക്കുമ്പോഴും ഏതെങ്കിലും തൊഴിലുടമക്കുവേണ്ടി പണിയെടുക്കുമ്പോഴും എപ്രകാരമാണ് അത്തരം പഠനത്തിന് നിങ്ങളെ സഹായിക്കാൻ കഴിയുന്നത്? (സി) അതിലും പ്രധാനമായി അതു ദൈവവുമായുളള നിങ്ങളുടെ നിലയെ ബാധിക്കുന്നതെങ്ങനെ?
13 ഒരു കാലത്ത് നിങ്ങൾക്ക് പ്രായപൂർത്തിയായി ഒരുപക്ഷേ സ്വന്തമായൊരു കുടുംബമുണ്ടായിരിക്കുമ്പോൾ നിങ്ങളുടെ കുട്ടികൾ നിങ്ങളെ ബഹുമാനിക്കാനും അനുസരിക്കാനും നിങ്ങൾ ആഗ്രഹിക്കുകയില്ലേ? എന്നാൽ നിങ്ങളുടെ മാതാപിതാക്കളോട് അതു ചെയ്യാൻ നിങ്ങൾ പഠിച്ചിട്ടില്ലെങ്കിൽ നിങ്ങൾ നിങ്ങളുടെ കുട്ടികളെ അത്തരം ബഹുമാനം നൽകുന്നതിൽ പരിശീലിപ്പിക്കും എന്നു കരുതാൻ ന്യായമുണ്ടോ? നിങ്ങൾ വിതയ്ക്കുന്നതു നിങ്ങൾ കൊയ്യും എന്ന് ബൈബിൾ പറയുന്നു. (ഗലാത്യർ 6:7) അനുസരിക്കാൻ കടപ്പാടുളള ഇപ്പോഴത്തെ അവസ്ഥയിൽ എങ്ങനെ പെരുമാറണമെന്ന് പഠിക്കുക. അതു പിൽക്കാലത്ത് പ്രായപൂർത്തിയിലെത്തുമ്പോൾ, നിങ്ങൾ ഒരു പിതാവോ മാതാവോ ആയിരിക്കുമ്പോൾ ഉളള കൂടുതലായ ഉത്തരവാദിത്വങ്ങൾ വഹിക്കാൻ നിങ്ങളെ സഹായിക്കും.
14 കൂടാതെ, നിങ്ങൾ മാതാപിതാക്കൻമാരോട് ഒരു നിഷേധാത്മക മനോഭാവം വളർത്തിയെടുക്കുന്നുവെങ്കിൽ പിൽക്കാലത്തു നിങ്ങൾ ചെയ്യുന്ന മററു കാര്യങ്ങളിലും അതു പ്രകടമാകും. ഉദാഹരണത്തിന്, നിങ്ങൾ ഒരു തൊഴിലുടമക്കുവേണ്ടി ജോലി ചെയ്യുന്നുവെങ്കിൽ അദ്ദേഹത്തിനു നിങ്ങളുടെ മേലുളള അധികാരത്തോട് നിങ്ങൾക്ക് എല്ലായ്പ്പോഴും അമർഷം തോന്നുമോ? അദ്ദേഹം എന്തെങ്കിലും ജോലി നിർദ്ദേശിക്കുമ്പോൾ അനുസരിക്കുന്നത് ബുദ്ധിമുട്ടാണെന്ന് നിങ്ങൾ കണ്ടെത്തുമോ? നിങ്ങൾ ചെയ്യേണ്ടിയിരിക്കുന്ന ജോലിയെക്കുറിച്ച് നിങ്ങൾ നിരന്തരം പരാതിപ്പെടുമോ? സഹജോലിക്കാരോടുളള നിങ്ങളുടെ മനോഭാവം സംബന്ധിച്ചെന്ത്? അവർ നിങ്ങൾക്കു വേണ്ടി ചെയ്യുന്ന കാര്യങ്ങൾക്കൊന്നും നന്ദിയില്ലാത്തവരായി എല്ലായ്പ്പോഴും അവർക്കെതിരെ നിങ്ങൾ പിറുപിറുക്കുന്നതായി നിങ്ങൾ കണ്ടെത്തിയേക്കാം. അല്ലെങ്കിൽ നിങ്ങൾ തൊഴിൽ പരിശീലനത്തിനുളള ഒരു സ്കൂളിൽ പോകുകയോ ഏതെങ്കിലും പ്രത്യേക ജോലിയിൽ പരിശീലനം നേടുകയോ ആണെങ്കിൽ ഏതാനും ആഴ്ചകൾ കഴിയുമ്പോൾ നിങ്ങൾക്കു നിങ്ങളെ പരിശീലിപ്പിക്കുന്ന ആളിനേക്കാൾ കൂടുതൽ അറിയാം എന്ന് നിങ്ങൾക്കു തോന്നിത്തുടങ്ങിയേക്കാം. ഈ മനോഭാവങ്ങളെല്ലാം നിങ്ങൾക്ക് വളരെയേറെ സങ്കടത്തിനും ക്ലേശത്തിനും ഇടയാക്കിയേക്കാം. അത് ആദ്യംതന്നെ നിങ്ങളുടെ മാതാപിതാക്കളോട് തെററായ മനോഭാവം വളർത്തിക്കൊണ്ടു വന്നതിന്റെ ഫലമായിരിക്കാം.
15 അതുകൊണ്ട് കുടുംബക്രമീകരണത്തിന്റെ യാഥാർത്ഥ്യങ്ങളെയും നിങ്ങൾക്ക് അതിലുളള സ്ഥാനത്തെയും അംഗീകരിക്കുക. അത് ദൈവത്തിന്റെ വഴിയാണെന്നും അതാണ് ഏററവും മെച്ചമായിട്ടുളളതെന്നും വിലമതിക്കുക.
16 എന്നാൽ യൗവനത്തിൽ കുടുംബക്രമീകരണത്തിലെ നിങ്ങളുടെ യഥാർത്ഥ സ്ഥാനം അംഗീകരിക്കാൻ നിങ്ങൾ വിസമ്മതിക്കുന്നുവെങ്കിൽ നിങ്ങൾ കുഴപ്പങ്ങൾ ക്ഷണിച്ചുവരുത്തുകയായിരിക്കും. അതു മാതാപിതാക്കളോടും മററുളളവരോടും ഉളള നിങ്ങളുടെ ബന്ധത്തെയും നിങ്ങളുടെ പിൽക്കാല ജീവിതത്തെയും ബാധിക്കുക മാത്രമല്ല അതിലും പ്രധാനമായി അതു ദൈവവുമായുളള നിങ്ങളുടെ നില മോശമാക്കുകയും ചെയ്യും. ദൈവത്തിന്റെ നൂതനക്രമത്തിൽ നിങ്ങൾ നിത്യകാലം ജീവിക്കുമോ അതോ പെട്ടെന്നുതന്നെ ഈ ദുഷ്ടവ്യവസ്ഥിതി നശിപ്പിക്കപ്പെടുമ്പോൾ നിങ്ങൾ ആസ്തിക്യത്തിൽനിന്ന് നീങ്ങിപ്പോകുമോ എന്ന് നിശ്ചയിക്കുന്നത് അവനാണ്. ഈ ആഹ്വാനം അനുസരിച്ച് പ്രവർത്തിക്കുക: “മകനെ, എന്റെ ഉപദേശം മറക്കരുത്, നിന്റെ ഹൃദയം എന്റെ കല്പനകളെ കാത്തുകൊളളട്ടെ. അവ ദീർഘായുസ്സും ജീവകാലവും സമാധാനവും നിനക്കു വർദ്ധിപ്പിച്ചു തരും.”—സദൃശവാക്യങ്ങൾ 3:1, 2.
17 നമ്മുടെ സ്വർഗ്ഗീയ പിതാവിന്റെ നിയമങ്ങളെ മറന്നുകളയാതെ അവന്റെ കല്പനകളെ അനുസരിക്കുന്നവർക്കു ലഭിക്കുന്ന പ്രതിഫലത്തെപ്പററി ഒന്നു ചിന്തിച്ചുനോക്കുക. പ്രതിഫലം “ദീർഘായുസ്സും ജീവകാലവും സമാധാനവു”മാണ്. അതാണോ നിങ്ങളാഗ്രഹിക്കുന്നത്? ദീർഘകാലം ജീവിക്കുന്നതിനും സമാധാനപൂർവ്വകവും സന്തുഷ്ടവുമായ ജീവിതം ആസ്വദിക്കുന്നതിനും നിങ്ങളാഗ്രഹിക്കുന്നുവോ? എങ്കിൽ, മാതാപിതാക്കളോട് അനുസരണമുളളവരായിരിക്കാനുളള ദൈവത്തിന്റെ പ്രോത്സാഹനത്തിന് ശ്രദ്ധ കൊടുത്തുകൊണ്ട് നിങ്ങളത് ആഗ്രഹിക്കുന്നുവെന്ന് തെളിയിക്കുക.
[അധ്യയന ചോദ്യങ്ങൾ]
[76-ാം പേജിലെ ചിത്രം]
നിങ്ങൾ മാതാപിതാക്കൾക്ക് അവർ അർഹിക്കുന്ന ആദരവ് നൽകുന്നുണ്ടോ?