നിങ്ങളുടെ വസ്ത്രധാരണവും ചമയവും നിങ്ങളെ വിളിച്ചറിയിക്കുന്നു
അധ്യായം 7
നിങ്ങളുടെ വസ്ത്രധാരണവും ചമയവും നിങ്ങളെ വിളിച്ചറിയിക്കുന്നു
1-4. നാം വസ്ത്രധാരണം ചെയ്യുന്ന രീതി നാം അകമെ എങ്ങനെയുളളവരാണ് എന്ന് വെളിവാക്കുന്നത് എന്തുകൊണ്ട്? ഉദാഹരണങ്ങൾ നൽകുക.
ഒരു വയലിൽ വിരിഞ്ഞു നിൽക്കുന്ന വസന്തപുഷ്പങ്ങളുടെ വർണ്ണ വൈവിധ്യങ്ങൾ കണ്ട് നിങ്ങൾ വിസ്മയഭരിതരായിട്ടുണ്ടോ? അല്ലെങ്കിൽ ഉഷ്ണമേഖലാ പ്രദേശത്തെ മൽസ്യങ്ങളിൽ കാണുന്ന സുന്ദരമായ വർണ്ണവ്യത്യാസങ്ങൾ കണ്ട് നിങ്ങൾ അതിശയിച്ചിട്ടുണ്ടോ? ഈ കാഴ്ചകൾ നമ്മുടെ സ്രഷ്ടാവ് വൈവിദ്ധ്യവും സൗന്ദര്യവും വിലമതിക്കുന്നു എന്ന് നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. എല്ലാം വിരസവും നിറം മങ്ങിയതും ഒരേ തരത്തിലുളളതുമായിരിക്കാൻ അവൻ ആഗ്രഹിക്കുന്നില്ല. ലോകത്താകമാനമുളള ആളുകൾക്കിടയിലെ അനേകം വ്യത്യസ്ത വസ്ത്രധാരണ രീതികൾ നിരീക്ഷിക്കുന്നത് എത്ര രസകരമാണ്! എന്നാൽ നിങ്ങൾ പുറമേ കാണപ്പെടുന്നത് അകമേ നിങ്ങൾ എങ്ങനെയുളള ആളാണ് എന്ന് എത്രമാത്രം വെളിപ്പെടുത്തും എന്ന് ചിന്തിക്കാൻ നിങ്ങൾ സമയമെടുത്തിട്ടുണ്ടോ?
2 നിങ്ങൾ വളരെ ചെറുപ്പമായിരുന്നപ്പോൾ നിങ്ങളുടെ വസ്ത്രധാരണരീതി ഒരുപക്ഷേ നിങ്ങൾ ഏതുതരം വ്യക്തിയാണ് എന്നത് അത്ര ഏറെ വെളിപ്പെടുത്തിയില്ല. നിങ്ങളുടെ മാതാപിതാക്കളാണ് നിങ്ങൾക്കു വേണ്ട വസ്ത്രം തെരഞ്ഞെടുക്കുകയും നിങ്ങളുടെ മുടി ചീകുകയും മററും ചെയ്തിരുന്നത്. എന്നാൽ നിങ്ങൾ അല്പംകൂടി വളർന്നപ്പോൾ നിങ്ങളുടെ വസ്ത്രങ്ങൾ തെരഞ്ഞെടുക്കുന്നതും കേശാലങ്കാരവും മററും സംബന്ധിച്ച് കൂടുതലായി സ്വന്തം തീരുമാനങ്ങൾ ചെയ്യാൻ അവർ നിങ്ങളെ അനുവദിച്ചു. അപ്പോൾ നിങ്ങൾ നിങ്ങളുടെ അഭിരുചികൾ പ്രകടമാക്കാൻ തുടങ്ങി. നിങ്ങൾ അകമേ എങ്ങനെയിരിക്കുന്നു, നിങ്ങളുടെ വ്യക്തിത്വം എങ്ങനെയുളളത് എന്ന് നിങ്ങളുടെ വസ്ത്രധാരണരീതി കൂടുതൽ കൂടുതൽ പ്രതിഫലിപ്പിക്കാൻ തുടങ്ങി. നിങ്ങളുടെ വസ്ത്രങ്ങളും നിങ്ങളുടെ ചമയവും നിങ്ങളെക്കുറിച്ച് എന്തു വെളിപ്പെടുത്തുന്നു?
സമനില പാലിക്കുക
3 തങ്ങളെപ്പററിത്തന്നെ ദുരഭിമാനമുളളയാളുകൾ പലപ്പോഴും അവരുടെ ഫാഷൻഭ്രമത്താൽ അതു പ്രകടമാക്കുന്നു. തങ്ങളുടെ വസ്ത്രധാരണത്താലും രൂപഭംഗിയാലും മററുളളവരെ “വെല്ലാൻ” അവർ ആഗ്രഹിക്കുന്നു. എന്നാൽ ചമയങ്ങളിൽ അങ്ങേയററം അശ്രദ്ധ കാണിച്ചുകൊണ്ടും ഒരുവന് ദുരഭിമാനവും സ്വാർത്ഥതയും പ്രകടമാക്കാൻ കഴിയും. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ഇങ്ങനെ അശ്രദ്ധ കാണിക്കുന്നവൻ അപ്രകാരം ചെയ്യുന്നത് അലസത കൊണ്ടായിരുന്നേക്കാമെങ്കിലും അപ്പോൾപോലും തന്റെ ചമയം മററുളളവരുടെമേൽ ഉളവാക്കുന്ന ഫലം സംബന്ധിച്ച് സ്വാർത്ഥപരമായ, “എനിക്കതൊരു പ്രശ്നമല്ല” എന്ന മനോഭാവവും ഉണ്ടായിരുന്നേക്കാം. എന്നാൽ തന്നെപ്പററിത്തന്നെ വലിപ്പം വിചാരിക്കാത്തവനും മററുളളവരോട് പരിഗണന ഉളളവനുമായ ആൾ ഈ രണ്ട് അമിതത്വങ്ങൾക്കും ഇടക്കായിരിക്കും. അയാളുടെ വസ്ത്രധാരണരീതി നല്ല അഭിരുചിയും മിതത്വവും പ്രകടമാക്കും.
4 വെറും പഴഞ്ചനായി കാണപ്പെടാതിരിക്കാൻ ഏററം ആധുനികമായ വസ്ത്രധാരണരീതികൾ സ്വീകരിക്കണം എന്നാണ് ചില യുവജനങ്ങൾ വിചാരിക്കുന്നത്. എന്നാൽ “അറുപഴഞ്ചനും” “അത്യന്താധുനികനു”മായിരിക്കുന്നതിന് ഇടയ്ക്കു ഒരു നിലയുണ്ട്. നിങ്ങൾ അവിടെ നിൽക്കുന്നുവെങ്കിൽ എപ്പോഴും ഉചിതമായി വസ്ത്രധാരണം ചെയ്യുകയും അതേ സമയം ചരടു വലിക്കുമ്പോഴൊക്കെ ചാടിക്കളിക്കുന്ന ഒരു പാവയെപ്പോലെ ഓരോ ഫാഷനും മാറുന്നതനുസരിച്ച് മാറാതിരിക്കയും ചെയ്യും.
5-7. (എ) ഒരുവൻ വസ്ത്രധാരണത്തിലെ അത്യന്താധുനിക രീതികൾക്കൊത്തു പോകാൻ ശ്രമിക്കുമ്പോൾ ആർക്കാണ് യഥാർത്ഥത്തിൽ നേട്ടമുണ്ടാകുന്നത്? (ബി) ഒരുവന് ഏറെ പണമില്ലെങ്കിലും അവന്റെ വസ്ത്രധാരണം എങ്ങനെയാണ് അവന് ആത്മാഭിമാനം ഉണ്ട് എന്ന് തെളിയിക്കുന്നത്? (സി) ഫിലിപ്യർ 2:3, 4-ലും റോമർ 15:2-ലും കാണപ്പെടുന്ന തത്വം നമ്മുടെ വസ്ത്രധാരണത്തിന്റെ കാര്യത്തിൽ ബാധകമാകാവുന്നതെങ്ങനെ?
5 നിങ്ങളോടുതന്നെ ചോദിക്കുക: എന്റെ ഫാഷൻ ഭ്രമംകൊണ്ട് ഏതായാലും ആർക്കാണ് നേട്ടമുണ്ടാവുക? വാസ്തവത്തിൽ വാണിജ്യലോകമാണ് പുതിയ ഫാഷനുകൾക്ക് തുടക്കമിടുന്നതും പ്രോത്സാഹനം കൊടുക്കുന്നതും. അവർക്ക് ഒരു വലിയ താല്പര്യമുണ്ട്: പണമുണ്ടാക്കുക എന്നതുതന്നെ. നാം അവരുടെ കയ്യിലേക്കു കളിച്ചു കൊടുത്താലോ? അത് അവർക്ക് നേട്ടമുണ്ടാക്കും. നമുക്കോ, യാതൊരു യഥാർത്ഥ പ്രയോജനവും ലഭിക്കയുമില്ല.
6 ചമയങ്ങളുടെ കാര്യത്തിലുളള അശ്രദ്ധ പണപരമായി നിങ്ങൾക്ക് ലാഭമെന്ന് തോന്നിയേക്കാം. എന്നാൽ മററു വിധങ്ങളിൽ അതു നിങ്ങൾക്കു വളരെ നഷ്ടം വരുത്തുന്നു. അതു മൂലം നിങ്ങൾക്ക് ഒരു ജോലി ലഭിക്കാതെ പോയേക്കാം. അല്ലെങ്കിൽ മററുളളവരുടെ ആദരവ് നഷ്ടമായേക്കാം. ഒരുവന്റെ വസ്ത്രങ്ങൾ അത്ര വിലപിടിപ്പുളളതല്ലെങ്കിൽ കൂടി അതു വൃത്തിയായും ഭംഗിയായും സൂക്ഷിക്കുന്നുവെങ്കിൽ അയാൾ ആത്മാഭിമാനമുളളവനാണ് എന്ന് അത് തെളിയിക്കും. അങ്ങനെയുളളവനെ മററുളളവർ കൂടുതൽ ആദരിക്കയും അവനിൽ വിശ്വാസം അർപ്പിക്കുകയും ചെയ്യും.
7 നമ്മുടെ ജീവിതത്തിലെ സകല കാര്യങ്ങളിലും നാം അനുവർത്തിക്കേണ്ട ഒരു നല്ല നിയമം റോമർക്കുളള ലേഖനം 15:2-ൽ കാണപ്പെടുന്നു: “നമ്മിൽ ഓരോരുത്തൻ കൂട്ടുകാരനെ നൻമയ്ക്കായിട്ട് ആത്മിക വർദ്ധനയ്ക്കുവേണ്ടി പ്രസാദിപ്പിക്കണം.” നാം നമ്മെത്തന്നെ കാണുന്നതിലും കൂടുതലായി മററുളളവരാണ് നമ്മെ കാണുന്നത്, എങ്കിൽ അവർക്ക് കാണാൻ കൊളളാവുന്ന തരത്തിലായിരിക്കാൻ നാം ശ്രമിക്കേണ്ടേ? അവർക്ക് അവരുടെതന്നെ വേഷം സംബന്ധിച്ച് ലജ്ജ തോന്നാനിടയാക്കുന്ന തരത്തിൽ അല്ല, മറിച്ച്, നാം അവരുടെ വികാരങ്ങളെ മാനിക്കുന്നു എന്ന് പ്രകടമാക്കുന്ന രീതിയിൽ തന്നെ.
വസ്ത്രത്താൽ തിരിച്ചറിയിക്കപ്പെടുന്നു
8-11. (എ) വിവിധ ഗണത്തിലോ തരത്തിലോ ഉളള ആളുകൾ അവരുടെ വസ്ത്രത്താൽ തിരിച്ചറിയപ്പെടുന്നതെങ്ങനെയാണ്? (ബി) അതുകൊണ്ട് ഒരുവന്റെ വസ്ത്രധാരണ രീതിയിൽനിന്ന് ആളുകൾ എന്തു നിഗമനം ചെയ്തേക്കാം; ഇതു പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാവുന്നതെങ്ങനെ?
8 നിങ്ങളുടെ വസ്ത്രധാരണ രീതി മറെറാരു പ്രകാരത്തിലും നിങ്ങളെക്കുറിച്ചു ചിലതു വെളിപ്പെടുത്തുന്നു. നിങ്ങൾ ഒരു പ്രത്യേക കൂട്ടത്തിൽ അല്ലെങ്കിൽ വിഭാഗത്തിൽപ്പെട്ടവനാണ് എന്ന് അതു തിരിച്ചറിയിക്കുന്നു. ആയിരക്കണക്കിനു വർഷങ്ങൾക്കു മുൻപ് ബൈബിൾ എഴുതപ്പെട്ട കാലത്തും ഇത് സത്യമായിരുന്നു. ഉദാഹരണത്തിന് രണ്ടു രാജാക്കൻമാർ എന്ന ബൈബിൾ പുസ്തകത്തിൽ അഹസ്യാവു രാജാവിനോട് അദ്ദേഹത്തിന്റെ സേവകൻമാർ തങ്ങൾ കണ്ടുമുട്ടിയതും തങ്ങൾക്ക് ഒരു സന്ദേശം തന്നയച്ചതുമായ ഒരു മനുഷ്യനെപ്പററിപ്പറയുന്നത് നാം വായിക്കുന്നു. രാജാവ് ചോദിച്ചു: “ആ മമനുഷ്യന്റെ വേഷം എന്തായിരുന്നു?” അവർ അവന്റെ വേഷം വിവരിച്ചപ്പോൾ രാജാവ് ഉടനെ പറഞ്ഞു: “അത് ഏലിയാവ് ആയിരുന്നു.” അദ്ദേഹം അത് എങ്ങനെ അറിഞ്ഞു? ഏലിയാവ് ഒരു പ്രവാചകന്റെ പ്രത്യേക വേഷം ധരിച്ചിരുന്നതിനാൽ തന്നെ.—2 രാജാക്കൻമാർ 1:2, 5-8.
9 ഒരു പ്രവാചകനായി തിരിച്ചറിയപ്പെടുക എന്നത് ഒരു ബഹുമതിതന്നെയായിരുന്നു. എന്നാൽ ഒരാളുടെ വസ്ത്രധാരണ രീതിക്ക് ആ വ്യക്തിയെ അപമാനകരമായ കാര്യങ്ങളുമായി ബന്ധപ്പെടുത്താൻ കഴിയും എന്നാണ് ബൈബിളിൽനിന്നുളള മറെറാരു ഉദാഹരണം തെളിയിക്കുന്നത്. ഒരു പ്രത്യേക കാര്യസാദ്ധ്യത്തിനുവേണ്ടി യഹൂദായുടെ മകന്റെ ഭാര്യ ഒരു വിധവയായി തന്നെ തിരിച്ചറിയിക്കുന്ന വസ്ത്രം നീക്കി ഒരു പുതപ്പും മൂടുപടവും ധരിച്ച് പാതവക്കിൽ ഇരുന്നു. യഹൂദാ അതുവഴി വന്നപ്പോൾ, രേഖ പറയുന്നപ്രകാരം “അവൾ [മൂടുപടംകൊണ്ട്] മുഖം മൂടിയിരുന്നതിനാൽ ഒരു വേശ്യയെന്ന് നിരൂപിച്ചു.” അവളുടെ വസ്ത്രം, അവൾ ആ കാലത്തെ ഒരു വേശ്യയായി തോന്നാനിടയാക്കി.—ഉല്പത്തി 38:13-15.
10 അന്നത്തെപ്പോലെതന്നെ ഇന്നും നമ്മുടെ വസ്ത്രധാരണരീതിക്ക് ചില പ്രത്യേകതരം ആളുകളുമായി, നാം അവരെപ്പോലെ പ്രവർത്തിക്കയോ വിശ്വസിക്കയോ ചെയ്യുന്നില്ലെങ്കിൽക്കൂടി, നമ്മേ ബന്ധപ്പെടുത്താൻ കഴിയും. അത്തരത്തിൽ വസ്ത്രധാരണം ചെയ്യുന്നവരോട് നമുക്ക് അനുഭാവമുണ്ടെന്നെങ്കിലും ആളുകൾ അനുമാനിക്കും. നമുക്ക് അതിന് അവരെ കുററപ്പെടുത്താൻ കഴിയുമോ?
11 വസ്ത്രധാരണ രീതി പോലീസുകാരെയോ അഗ്നിശമനക്കാരെയോ നേഴ്സുമാരെയോ മാത്രമല്ല തിരിച്ചറിയിക്കുന്നത്; അവമാനകരമായ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവരേയും അതു തിരിച്ചറിയിക്കും. ഏതാണ്ട് മൂവായിരത്തി അഞ്ഞൂറ് വർഷങ്ങൾക്ക് മുൻപ് കനാനിൽ ചെയ്തിരുന്നതുപോലെ ഇന്ന് വേശ്യകൾ പുതപ്പോ മൂടുപടമോ ധരിക്കാറില്ല. എന്നാൽ തുറന്നുകാട്ടുന്നതും വശീകരിക്കത്തക്കതുമായ അവരുടെ വസ്ത്രധാരണം ഇപ്പോൾ അവരുടെ തൊഴിലിനെ കൂടുതൽ വ്യക്തമാക്കി കാട്ടുന്നു. പുരുഷൻമാർക്കിടയിൽ വിപ്ലവത്തെയോ വിപ്ലവകരമായ രാഷ്ട്രീയ നീക്കങ്ങളെയോ അനുകൂലിക്കുന്നവരും അതുപോലെ സ്വവർഗ്ഗസംഭോഗികളും ചില പ്രത്യേക തരം വസ്ത്രം ധരിക്കുന്നു. ഇങ്ങനെയുളളവരുമായി ബന്ധപ്പെടുത്തി മററുളളവർ നമ്മേ വീക്ഷിക്കാൻ നാം ആഗ്രഹിക്കുന്നുണ്ടോ? നാം അവരെപ്പോലെ വസ്ത്രധാരണം ചെയ്യുന്നുവെങ്കിൽ അതിന്റെ ഫലമായി—നാം ഒരു തൊഴിൽ അന്വേഷിക്കുമ്പോഴോ ക്രിസ്തീയ സഭയിലെ ചില പദവികൾക്കു അർഹത സമ്പാദിക്കാൻ ശ്രമിക്കുമ്പോഴോ—നമുക്കു പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നുവെങ്കിൽ അതിൽ ആശ്ചര്യം തോന്നേണ്ടതുണ്ടോ?
കേശാലങ്കാര മാതൃക നിർണ്ണയിക്കേണ്ടത് എന്തിന്റെ അടിസ്ഥാനത്തിൽ
12-15. (എ) ഇക്കാലത്ത് ഏതുതരം കേശാലങ്കാരരീതികൾ വളരെയധികം ശ്രദ്ധ ആകർഷിക്കും എന്നാണ് നിങ്ങൾ വിചാരിക്കുന്നത്? എന്തുകൊണ്ട്? (ബി) 1 പത്രോസ് 3:3-ൽ നൽകപ്പെട്ടിരിക്കുന്ന ബുദ്ധിയുപദേശത്തിന്റെ മുഖ്യാശയമെന്ത്? (സി) 1 കൊരിന്ത്യർ 11:14, 15-ന്റെ അർത്ഥമെന്ത്? ഇപ്പോഴത്തെ പ്രവണതകളോടുളള ബന്ധത്തിൽ നിങ്ങളത് എങ്ങനെ ബാധകമാക്കും? (ഡി) പുരുഷൻമാർ സ്ത്രീകളെപ്പോലെ മുടി നീട്ടി ധരിക്കുന്നുവെങ്കിൽ അതു അവരെ സംബന്ധിച്ച് എന്തിന്റെ സൂചനയായി മററുളളവർക്കു തോന്നിയേക്കാം?
12 നിങ്ങൾക്ക് വിവിധ രീതിയിൽ നിങ്ങളുടെ മുടി ക്രമീകരിക്കാൻ കഴിയും. നൂററാണ്ടുകളിലൂടെ കേശാലങ്കാര രീതികൾ വിവിധ രാജ്യങ്ങളിലും വിവിധ കാലഘട്ടങ്ങളിലും വ്യത്യസ്തങ്ങളായിരുന്നിട്ടുണ്ട്. എന്നാൽ നിങ്ങൾ എന്തു മാതൃക സ്വീകരിക്കുന്നു എന്നത് ഏതെങ്കിലും വ്യത്യാസം ഉളവാക്കുന്നുവോ? ഉവ്വ്, മനുഷ്യരുടെ അഹങ്കാരം ചിലപ്പോൾ അങ്ങേയററത്തെ ചില കേശാലങ്കാര മാതൃകകൾക്ക് കാരണമായിരുന്നിട്ടുണ്ട്. ഇക്കാരണത്താൽ ക്രിസ്തീയ അപ്പോസ്തലൻമാരായ പത്രോസും പൗലോസും ക്രിസ്തീയ സ്ത്രീകളെ അമിതത്വങ്ങൾ ഒഴിവാക്കാനും കേശാലങ്കാരത്തിന് അമിത പ്രാധാന്യം കൊടുക്കാതിരിക്കാനും ഉപദേശിക്കേണ്ടത് ആവശ്യമാണെന്ന് കണ്ടെത്തി. പത്രോസ് എഴുതി: “നിങ്ങളുടെ അലങ്കാരം തലമുടി പിന്നുന്നതും സ്വർണ്ണാഭരണങ്ങൾ അണിയുന്നതും പോലെ പുറമേയുളളതായിരിക്കരുത്.”—1 പത്രോസ് 3:3.
13 എന്നാൽ ഈ അടുത്തകാലത്ത് യുവാക്കളുടെ കേശാലങ്കാര രീതികൾ—പ്രത്യേകിച്ചും നീണ്ട മുടിയും നീണ്ടകൃതാവും—വിശേഷാൽ ശ്രദ്ധയാകർഷിച്ചിരിക്കുന്നു. എന്നിരുന്നാലും ബൈബിൾ കാലങ്ങളിൽ പുരുഷൻമാർ സാധാരണയായി ഇന്നു മിക്ക രാജ്യങ്ങളിലും കാണപ്പെടുന്നതിലും നീളത്തിൽ മുടി ധരിച്ചിരുന്നില്ലേ? നിസംശയമായും അവർ ധരിച്ചിട്ടുണ്ട്. എന്നാൽ മറെറാരു കാര്യവും കൂടി തീർച്ചയാണ്. അതെന്താണ്? സ്ത്രീകളുടേതിനേക്കാൾ എല്ലായ്പ്പോഴും പുരുഷൻമാരുടെ മുടിക്ക് നീളം കുറവായിരുന്നു. അതുകൊണ്ടാണ് പൗലോസിന് ഗ്രീസ്സിലെ കൊരിന്ത്യ സഭയ്ക്ക് എഴുതിയപ്പോൾ ഇങ്ങനെ പറയാൻ കഴിഞ്ഞത്. “പുരുഷൻ മുടി നീട്ടിയാൽ അത് അവന് അപമാനമെന്നും സ്ത്രീ മുടി നീട്ടിയാലോ അത് അവൾക്ക് മാനം എന്നും പ്രകൃതി തന്നെ നിങ്ങളെ പഠിപ്പിക്കുന്നില്ലയോ?” (1 കൊരിന്ത്യർ 11:14, 15) “പ്രകൃതി” എങ്ങനെയാണ് ഇതു നമ്മേ പഠിപ്പിക്കുന്നത്?
14 ഒരു സംഗതി, പൗലോസ് ആർക്കെഴുതിയോ അവരുടെ ഇടയിൽ, ശേമ്യരേയും യൂറോപ്യരേയും പോലെ ചുരുണ്ട മുടിയുളള ആളുകൾക്കിടയിൽ, സ്ത്രീകളുടെയും പുരുഷൻമാരുടെയും മുടി സ്വാഭാവികമായി എത്രത്തോളം വളരാം എന്ന കാര്യത്തിൽ സാരമായ വ്യത്യാസമുണ്ട്. മിക്കവരുടെയും കാര്യത്തിൽ പ്രകൃത്യാ തന്നെ പുരുഷൻമാരുടെ മുടിക്കു നീളം കുറവാണ്. അതേ സമയം സ്ത്രീകളുടേതിനേക്കാൾ കുറച്ച് ഒരു മിതമായ നീളത്തിൽ പുരുഷൻമാരുടെ മുടി വെട്ടി നിറുത്തുന്നതാണ് “സ്വഭാവിക”വും ഉചിതവും യോഗ്യവുമായിരിക്കുന്നത് എന്ന് ആളുകൾ പരക്കെ അംഗീകരിച്ചിരിക്കുന്നു. ഒരു പുരുഷനോ ബാല്യക്കാരനോ ഒരു സ്ത്രീയാണെന്ന് തോന്നാൻ തക്കവണ്ണം മുടിനീട്ടുന്നത് സ്വാഭാവികമല്ല. മറിച്ച് അത് സ്വവർഗ്ഗസംഭോഗം വർദ്ധിച്ചു വരുന്ന ഒരു കാലഘട്ടത്തിന്റെയും അത്തരം പ്രദേശങ്ങളുടെയും ഒരു പ്രത്യേകതയാണ്. സ്വവർഗ്ഗസംഭോഗം “പ്രകൃതി വിരുദ്ധ”മാണെന്നും അതു ദൈവദൃഷ്ടിയിൽ അയോഗ്യവും വെറുക്കത്തക്കതും ആണെന്നും ബൈബിൾ പ്രകടമാക്കുന്നു.—റോമർ 1:26, 27.
15 ഇതു നമ്മെ കഠിനമായി നിയന്ത്രിക്കുന്നുവോ? ഇല്ല. എന്തുകൊണ്ടെന്നാൽ വസ്ത്രത്തിന്റെ കാര്യത്തിലെന്നപോലെ അസ്വാഭാവികമോ ലജ്ജാകരമോ ആയിരിക്കാതെതന്നെ തൃപ്തികരമായും ആകർഷകമായും മുടി ക്രമീകരിക്കുന്നതിന് വളരെ വൈവിധ്യമാർന്ന അനേകം രീതികളുണ്ട്. ദൈവദൃഷ്ടിയിൽ സ്വീകാര്യമായിരിക്കുന്നതിന്റെ അതിർ ലംഘിക്കാതെതന്നെ രസാവഹമായ വൈവിധ്യങ്ങളാസ്വദിക്കാൻ കഴിയും.
സൗന്ദര്യ വർദ്ധക വസ്തുക്കൾ സംബന്ധിച്ചെന്ത്?
16-19. (എ) സൗന്ദര്യവർദ്ധകവസ്തുക്കളുടെ ഉപയോഗം സംബന്ധിച്ച് നിങ്ങൾ എന്തു വിചാരിക്കുന്നു? (ബി) അവയ്ക്ക് ചിലപ്പോൾ എന്തു മോശമായ ഫലങ്ങൾ ഉണ്ടായേക്കാം? (സി) ഇക്കാര്യത്തിൽ ബൈബിൾ തത്വങ്ങൾ എപ്രകാരമാണ് ഒരു സന്തുലിതമായ മാർഗ്ഗനിർദ്ദേശം നൽകുന്നത്?
16 അതിപുരാതനകാലങ്ങൾ മുതൽ മനുഷ്യർ സൗന്ദര്യ വർദ്ധക വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ട് എന്ന് ബൈബിൾ പ്രകടമാക്കുന്നു. ആളുകൾ വസ്ത്രം ധരിക്കുന്നത് വെറുതെ ശരീരം മറയ്ക്കാൻ മാത്രമല്ല, മറിച്ച് ആകർഷകമായി പ്രത്യക്ഷപ്പെടാൻ കൂടിയാണ് എന്ന് നമുക്കറിയാം. തങ്ങളുടെ സാന്നിദ്ധ്യം അതിലുപരി സുഖദായകമാക്കാൻ വേണ്ടി പുരാതന എബ്രായർ പലപ്പോഴും സുഗന്ധദ്രവ്യങ്ങൾ ഉപയോഗിച്ചിരുന്നു. ത്വക്കിന്റെ വരൾച്ച അകററുന്നതിനും സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും ചില സൗന്ദര്യവർദ്ധക വസ്തുക്കൾ, പ്രത്യേകിച്ച് ലേപനങ്ങൾ അവർ ഉപയോഗിച്ചിരുന്നു എന്നുളളതിന് തെളിവുണ്ട്.
17 എങ്കിൽ ഇന്ന് ദൈവാംഗീകാരം നേടിത്തരുന്ന കാര്യങ്ങൾ ചെയ്യാനാഗ്രഹിക്കുന്ന യുവതികളെ നയിക്കുന്നത് എന്തായിരിക്കണം? എല്ലാ കാര്യവും “ലജ്ജാശീലത്തോടും സുബോധത്തോടും, മനസ്സിന്റെ [ആരോഗ്യത്തോടും]” കൂടെ ചെയ്യാനും “നിങ്ങളുടെ അലങ്കാരം ദൈവസന്നിധിയിൽ വിലയേറിയ സൗമ്യതയും സാവധാനതയുമുളള മനസ്സ് എന്ന അക്ഷയ ഭൂഷണമായ ഹൃദയത്തിന്റെ ഗൂഢമനുഷ്യൻ ആയിരിക്കണമെന്നും” ഉളള നല്ല ഉപദേശം അവർ അനുസരിക്കേണ്ടതുണ്ട്.—1 തിമൊഥെയോസ് 2:9, 10; 1 പത്രോസ് 3:3, 4.
18 സൗന്ദര്യവർദ്ധക വസ്തുക്കൾക്ക് പലപ്പോഴും ഗുണത്തേക്കാളേറെ ദോഷം ചെയ്യാൻ കഴിയും എന്ന് പെൺകുട്ടികൾ തിരിച്ചറിയുന്നത് തീർച്ചയായും നല്ലതാണ്. സൗന്ദര്യമുളളവരുടെ സൗന്ദര്യം നശിപ്പിക്കാനോ സൗന്ദര്യം കുറഞ്ഞവരുടെ മുഖം കൂടുതൽ വിരൂപമാക്കാനോ അവയ്ക്കു കഴിയും. കൂടാതെ സൗന്ദര്യവർദ്ധക വസ്തുക്കൾ, അവ സൃഷ്ടിക്കുന്ന കൃത്രിമ സൗന്ദര്യത്തേക്കാൾ സുന്ദരമായ യൗവനത്തിന്റെ പ്രസരിപ്പ് മറയ്ക്കുന്നു.
19 പെൺകുട്ടികൾ സൗന്ദര്യവർദ്ധക വസ്തുക്കൾ അമിതമായി ഉപയോഗിക്കുന്നത് പലപ്പോഴും അവരുടെ ബലഹീന വശങ്ങളിലേക്കു ശ്രദ്ധയാകർഷിക്കാനേ ഉപകരിക്കയുളളു. അതിലും മോശമായി അതു (സൗന്ദര്യത്തേക്കാൾ ആകർഷകവും കൂടുതൽ നിലനിൽക്കുന്നതുമായ) വ്യക്തിത്വ ഗുണം പ്രകടമാക്കുന്നതും ശ്രദ്ധിക്കപ്പെടുന്നതും തടഞ്ഞേക്കാം. ഇത്തരം വസ്തുക്കളുടെ അമിതമായ ഉപയോഗം മററുളളവരുടെ ദൃഷ്ടിയിൽ നിങ്ങളുടെ വ്യക്തിത്വത്തെ വികൃതമാക്കുകയും കാലക്രമത്തിൽ അതുവഴി നിങ്ങൾ പ്രദർശിപ്പിക്കുന്ന വിലകുറഞ്ഞ മാതൃകയ്ക്കൊത്തവണ്ണം നിങ്ങളുടെ വ്യക്തിത്വം രൂപപ്പെടുത്താൻ ചായ്വ് വരുത്തുകയും ചെയ്തേക്കാം.
ശരിയായ മാർഗ്ഗനിർദ്ദേശം അനുസരിക്കുക
20-22. (എ) വസ്ത്രത്തെയും ചമയങ്ങളെയും സംബന്ധിച്ച നിയമങ്ങൾക്കു പകരം എന്താണ് നാം ബൈബിളിൽ കാണുന്നത്? അതുകൊണ്ട് ഇവ ബാധകമാക്കാൻ നമ്മിൽനിന്ന് എന്താണ് ആവശ്യപ്പെട്ടിരിക്കുന്നത്? (സദൃശവാക്യങ്ങൾ 2:10, 11) (ബി) മക്കൾക്കു വേണ്ടി കൂടുതലായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകാൻ മാതാപിതാക്കൾക്ക് അവകാശമുണ്ടായിരിക്കുന്നതെന്തുകൊണ്ട്?
20 ദൈവവചനത്തിൽ ഈ കാര്യങ്ങൾ സംബന്ധിച്ച് കൃത്യമായ നിയമങ്ങളില്ല. എന്നാൽ പകരം നല്ല മാർഗ്ഗനിർദ്ദേശങ്ങൾ നൽകപ്പെട്ടിട്ടുണ്ട്. യുവജനങ്ങൾ ഒരു സന്തുലിത വീക്ഷണം ഉണ്ടായിരിക്കാൻ ശ്രമിക്കേണ്ടതുണ്ട്. ബൈബിൾ അതിന് അവരെ സഹായിക്കും.
21 കൂടുതലായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകാൻ സ്വാഭാവികമായും നിങ്ങളുടെ മാതാപിതാക്കൻമാർക്ക് അവകാശമുണ്ട്. നിങ്ങൾ വസിക്കുന്ന വീട് ഒട്ടും യോജിക്കാത്തതും വിചിത്രവുമായ ചായക്കൂട്ടുകൾ കൊണ്ട് പൂശിയിരുന്നെങ്കിൽ വീട്ടുടമയ്ക്കോ അയാളുടെ ഭാര്യയ്ക്കോ അല്പമെങ്കിലും ബോധമുണ്ടോ എന്ന് ആളുകൾ സംശയിക്കുമായിരുന്നു. അല്ലെങ്കിൽ വീട് ഉപേക്ഷിച്ച നിലയിലും ഇടിഞ്ഞു പൊളിഞ്ഞും കിടന്നാൽ ആ വീട്ടുടമയെപ്പററി ആർക്കും ഒരു ബഹുമാനവും തോന്നുകയില്ല. വീടിനേക്കാൾ കൂടുതലായി നിങ്ങൾ നിങ്ങളുടെ മാതാപിതാക്കൻമാരെ പ്രതിനിധീകരിക്കുന്നു. നിങ്ങൾ അവരുടെ പേരിനോട് ബന്ധപ്പെട്ട് അറിയപ്പെടുന്നു. നിങ്ങൾ പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന കാര്യങ്ങൾപോലെതന്നെ നിങ്ങളുടെ ചമയങ്ങളും അവർ ഏതുതരം ആളുകളാണെന്നും നിങ്ങൾക്ക് ഏതുതരം പരിശീലനം നൽകിയിരിക്കുന്നു എന്നും കാണിക്കുന്നു. അതിലും പ്രധാനമായി നിങ്ങൾ ദൈവത്തിന്റെ ദാസൻമാരിലൊരാളാണെന്ന് അവകാശപ്പെടുന്നുവെങ്കിൽ നിങ്ങൾ ദൈവത്തേയും പ്രതിനിധാനം ചെയ്യുന്നു. നിങ്ങളുടെ ചമയങ്ങൾ ആ അവകാശവാദത്തിന് യോജിക്കുന്നുവോ?
22 യേശുവിന്റെ വാക്കുകൾ പരിചിന്തിക്കുക: “ഇതു നിങ്ങൾ അറിയുന്നുവെങ്കിൽ ചെയ്താൽ ഭാഗ്യവാൻമാർ.” (യോഹന്നാൻ 13:17) നിങ്ങൾക്കുതന്നെ ബൈബിൾ ഉപദേശിക്കുന്ന കാര്യങ്ങളുടെ പൊരുൾ മനസ്സിലാക്കാൻ കഴിയുന്നുണ്ടോ? ബൈബിളിന്റെ ബുദ്ധിയുപദേശം നിങ്ങളുടെ ജീവിതത്തിൽ ബാധകമാക്കുന്നതിനാൽ നിങ്ങൾക്ക് യഥാർത്ഥ ഉൾക്കാഴ്ചയും ശക്തമായ ഒരു വ്യക്തിത്വവുമുണ്ടെന്ന് പ്രകടമാക്കാൻ കഴിയും. അപ്പോൾ നിങ്ങൾ ദൈവത്തിന്റെയും അവന്റെ പുത്രന്റെയും അവനെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുന്നവരുടെയും മുൻപിൽ സ്വീകാര്യരാണ് എന്നറിയുന്നതിൽ ഉളള സന്തോഷം നിങ്ങൾക്കുണ്ടായിരിക്കും.
[അധ്യയന ചോദ്യങ്ങൾ]
[53-ാം പേജിലെ ആകർഷകവാക്യം]
നിങ്ങളുടെ വസ്ത്രധാരണ രീതി നിങ്ങളെക്കുറിച്ച് എന്തു പറയുന്നു?