നിങ്ങൾക്കായി കരുതിയിരിക്കുന്ന ഒരു മഹത്തായ ഭാവി
അധ്യായം 24
നിങ്ങൾക്കായി കരുതിയിരിക്കുന്ന ഒരു മഹത്തായ ഭാവി
1-3. (എ) നാം ജീവിക്കുന്നത് മാനവചരിത്രത്തിലെ ഏററവും അനുഗ്രഹപ്രദമായ സമയത്തായിരിക്കുന്നതെന്തുകൊണ്ട്? (ബി) നമ്മുടെ പ്രയോജനത്തിനുവേണ്ടി ദൈവം എന്തുമാററങ്ങളാണ് വരുത്താൻ പോകുന്നത്?
പല വിധങ്ങളിലും മാനവചരിത്രത്തിലെ ഏററവും അനുഗ്രഹകരമായ ഒരു സമയത്താണ് നിങ്ങൾ ജീവിക്കുന്നത്. അതു ഇന്നത്തെ ലോകാവസ്ഥകൾ ആയിരിക്കുന്നവിധത്തിലല്ല, മറിച്ച് ആസന്നമായ ഭാവി കൈവരുത്താനിരിക്കുന്നതായി ബൈബിൾ കാണിക്കുന്ന കാര്യങ്ങളാലാണ്.
2 ഈ ഗ്രഹത്തിലെ കാര്യങ്ങളിൽ ഒരു മാററത്തിന്—ഒരു വലിയ മാററത്തിന്—എത്രമാത്രം ആവശ്യമുണ്ടെന്ന് യഹോവയാം ദൈവത്തിനറിയാം. ആ മാററം വരുത്താൻ കഴിവുളള ഏകവ്യക്തി തീർച്ചയായും അവൻ മാത്രമാണ്. മനുഷ്യവർഗ്ഗലോകം ഇപ്പോൾ ആയിരക്കണക്കിന് വർഷം പഴക്കമുളളതാണ്. എന്നാൽ മാനവസമുദായത്തെ നിരന്തരം ശല്യപ്പെടുത്തിയിട്ടുളള പഴയപ്രശ്നങ്ങളുമായി—യുദ്ധം, പട്ടിണി, മോശമായ പാർപ്പിടങ്ങൾ, അനീതി, സാമ്പത്തിക പ്രശ്നങ്ങൾ—അതു ഇപ്പോഴും മല്ലടിക്കുകയാണ്.
3 ഇന്നത്തെ ലോകവ്യവസ്ഥിതിയിൽ നേരെയാക്കേണ്ടതാവശ്യമായ പ്രശ്നങ്ങൾ അസംഖ്യമാണ്. ഇതിലും മെച്ചമായ ഒന്ന് തീർച്ചയായും ഉണ്ടായിരിക്കണം. തന്നെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുന്നവർക്കായി യഹോവയാം ദൈവം ഇതിലും വളരെ മെച്ചമായ ഒന്ന് കരുതി വെച്ചിട്ടുണ്ടെന്ന് ബൈബിൾ പ്രകടമാക്കുന്നു. തികച്ചും നൂതനമായ ഒരു വ്യവസ്ഥിതി, ആനന്ദത്തിന്റെതായ ഒരു പറുദീസ ഇവിടെ കൊണ്ടുവരുന്നതിനുളള തന്റെ ഉദ്ദേശ്യം വ്യക്തമാക്കുന്നതിന് യഹോവ വാസ്തവത്തിൽ കഴിഞ്ഞ ആറായിരം വർഷം ഉപയോഗിച്ചുകൊണ്ടാണിരുന്നത്. പുതിയതും ആനന്ദസംദായകവുമായ ആ വ്യവസ്ഥിതിയിൽ ജീവിതത്തിൽനിന്നും വളരെയധികം സന്തോഷം കവർന്നുകളയുന്ന അഴിമതിയും അക്രമവും സ്വാർത്ഥതയും നിറഞ്ഞ അവസ്ഥകൾ എന്നെന്നേക്കുമായി നീക്കിക്കളയുമെന്ന് അവൻ വാഗ്ദാനം ചെയ്യുന്നു.
മാററം എപ്പോൾ എങ്ങനെ വരും
4-8. (എ) യഹോവ ആവശ്യമായ മാററങ്ങൾ വരുത്തുന്നത് എപ്രകാരമായിരിക്കും? (ബി) ഇതു സംഭവിക്കാനുളള സമയം സമീപിച്ചിരിക്കുന്നു എന്നു തെളിയിക്കുന്നതെന്താണ്? (2 തിമൊഥെയോസ് 3:1-5; മത്തായി 24:7, 8, 32, 33)
4 അവനെങ്ങനെയാണ് അതു ചെയ്യുക? ഇപ്പോൾ പ്രവർത്തനത്തിലിരിക്കുന്ന നൂറുകണക്കിന് കുഴഞ്ഞുമറിഞ്ഞതും നിഷ്ഫലവുമായ രാഷ്ട്രീയ വ്യവസ്ഥിതികളെ ആദ്യമായി നീക്കിക്കളയുന്നതിനാൽ തന്നെ. തൽസ്ഥാനത്ത് തന്റേതായ ഒരു ഏക ഗവൺമെൻറിനെ, തന്റെ പുത്രനായ യേശുക്രിസ്തു മുഖാന്തരമുളള തന്റെ രാജ്യത്തെ, സ്ഥാപിക്കാനുളള അവന്റെ ഉദ്ദേശ്യത്തെ അവൻ പ്രഖ്യാപിക്കുന്നു. ദാനിയേൽ പ്രവാചകൻ ഇപ്രകാരം പറഞ്ഞുകൊണ്ട് അതു മുൻകൂട്ടിപ്പറയാൻ ദൈവം ഇടയാക്കി: “ഈ രാജാക്കൻമാരുടെ (ഭരണകൂടങ്ങളുടെ) കാലത്ത് സ്വർഗ്ഗസ്ഥനായ ദൈവം ഒരു നാളും നശിപ്പിക്കപ്പെടുകയില്ലാത്ത ഒരു രാജത്വം സ്ഥാപിക്കും. . . . അതു ഈ രാജത്വങ്ങളെ ഒക്കെയും നശിപ്പിക്കയും എന്നേക്കും നിലനിൽക്കുകയും ചെയ്യും.” (ദാനിയേൽ 2:44) ഇതു എപ്പോഴായിരിക്കും സംഭവിക്കുക? അതു ആസന്നമാകുമ്പോൾ തിരിച്ചറിയാനൊരു വഴിയുണ്ട്.
5 നിങ്ങൾ മിതോഷ്ണമേഖലാ പ്രദേശത്താണ് ജീവിക്കുന്നതെങ്കിൽ മരങ്ങളിലെ ഇലകൾക്ക് തവിട്ടുനിറമാകയും അവ കൊഴിഞ്ഞു വീഴുകയും ആകാശം ദിനംപ്രതി കൂടുതൽ കൂടുതൽ ചാരനിറമാകയും അന്തരീക്ഷം വരണ്ടതും ശീതളവുമായിത്തീരുകയും പക്ഷികൾ കൂട്ടത്തോടെ ഉഷ്ണമേഖലാ പ്രദേശത്തേക്ക് പറക്കുകയും ചെയ്യുന്നതു കാണുകയാണെങ്കിൽ കലണ്ടറിൽ നോക്കാതെതന്നെ ശൈത്യകാലം സമീപിച്ചിരിക്കുന്നു എന്ന് നിങ്ങൾക്ക് അറിയാൻ കഴിയും അല്ലേ? ഇതിലേതെങ്കിലും ഒരു കാര്യമല്ല അതു നിങ്ങളോട് പറയുന്നത്. കാരണം വേനൽക്കാലത്ത് ഒരു ദിവസം ആകാശം ചാരനിറം പൂണ്ടേക്കാം, അല്ലെങ്കിൽ മരങ്ങൾക്ക് രോഗം ബാധിച്ചിട്ട് അവയുടെ ഇലകൾ നഷ്ടപ്പെട്ടേക്കാം. എന്നാൽ ആ കാര്യങ്ങൾ എല്ലാംകൂടെ ഒരുമിച്ചു ചേരുമ്പോൾ ശൈത്യകാലം സമീപിച്ചിരിക്കുന്നു എന്നതിന്റെ ഉറപ്പുളള അടയാളമാണത്.
6 അതുപോലെ ബൈബിൾ നൽകുന്നതായി പല ലക്ഷണങ്ങൾ അടങ്ങിയ ഒരു “അടയാളം” ഉണ്ട്. യേശുക്രിസ്തു മുഖാന്തരമുളള ദൈവരാജ്യം ഈ ഭൂമിയുടെ നിയന്ത്രണം ഏറെറടുക്കാനുളള സമയം സമാഗതമായിരിക്കുന്നു എന്ന് ഈ അടയാളം നമ്മോടു പറയുന്നു. ഇന്നത്തെ വർത്തമാന പത്രങ്ങളും റേഡിയോയിലെയും ടെലിവിഷനിലെയും വാർത്താപരിപാടികളും ശ്രദ്ധിക്കുന്നതിനാൽ നിങ്ങൾക്ക് ആ അടയാളം കാണാൻ കഴിയും. അതെന്താണ്?
7 ഭൂമിക്ക് എന്തു സംഭവിക്കാൻ പോകുന്നു എന്നതു സംബന്ധിച്ച ആകുലതയും അനിശ്ചിതത്വവും സഹിതം യുദ്ധം, ക്ഷാമം, രോഗങ്ങൾ, ഭൂകമ്പങ്ങൾ എന്നിവയാൽ വിശേഷാൽ അടയാളപ്പെടുത്തപ്പെട്ട ഒരു സമയം ഒരു പ്രത്യേക തലമുറക്കുളളിൽ തന്നെ ഉണ്ടായിരിക്കും എന്ന് യേശു മുൻകൂട്ടിപ്പറഞ്ഞു. ഇന്ന് വാർത്താ മാദ്ധ്യമങ്ങളിലൂടെ നാം നിരന്തരം അഭിമുഖീകരിക്കുന്നത് അത്തരം കാര്യങ്ങൾ തന്നെയല്ലേ? മാനവ ചരിത്രത്തിൽ യാതൊരു തലമുറയും 1914-നു ശേഷം ഭൂമിയിൽ ജീവിക്കുന്ന ഈ തലമുറയോളം മേൽപ്പറഞ്ഞ കാര്യങ്ങളെല്ലാം ഇത്രയധികമായി കണ്ടിട്ടില്ല. ഇതുകൊണ്ടാണ് ചരിത്രകാരൻമാർ 1914-നെ മാനവ ചരിത്രത്തിലെ ഒരു “വഴിത്തിരിവ്” എന്ന് വിളിച്ചിരിക്കുന്നത്.
8 ആ “അടയാളം” കാണുന്ന തലമുറയെപ്പററി സംസാരിച്ചുകൊണ്ട് യേശു പറഞ്ഞു: “ഇവ സംഭവിക്കുന്നതു കാണുമ്പോൾ ദൈവരാജ്യം അടുത്തിരിക്കുന്നു എന്ന് ഗ്രഹിപ്പിൻ. സകലവും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്ന് ഞാൻ സത്യമായിട്ട് നിങ്ങളോട് പറയുന്നു.” (ലൂക്കോസ് 21:31, 32) ദൈവത്തിന്റെ പുതിയ വ്യവസ്ഥിതി സമീപിച്ചിരിക്കുന്നു എന്നാണിതിന്റെ അർത്ഥം. അതു എന്തു മാററങ്ങളായിരിക്കും കൈവരുത്തുക?
മാനവ കുടുംബത്തിനുവേണ്ടി ദൈവം കരുതിവെച്ചിരിക്കുന്ന മാററങ്ങൾ
9-13. (എ) ദൈവത്തിന്റെ നൂതനക്രമത്തിൽ മുഴു മനുഷ്യ വർഗ്ഗത്തിനുംവേണ്ടി ഏതവസ്ഥകളാണ് ഉണ്ടായിരിക്കാൻപോകുന്നത്? (ബി) ഈ കാര്യങ്ങൾ യഥാർത്ഥത്തിൽ നടപ്പിലാകാമെന്നും നടപ്പിലാകുമെന്നും നിങ്ങൾക്ക് ബോധ്യംവരുത്തുന്നതെന്താണ്? (വെളിപ്പാട് 21:5)
9 ഈ ഗ്രഹത്തെയും അതിലെ നിവാസികളെയും സ്വർഗ്ഗത്തിൽ നിന്ന് നയിക്കപ്പെടുന്നതും പൂർണ്ണതയുളളതുമായ ഒററ ഭരണത്തിൻകീഴിൽ കൊണ്ടുവരുന്നതിനാൽ, ലോകത്തിലെ സമ്പത്തിന്റെ വലിയൊരു ഭാഗം ദുർവ്യയം ചെയ്യാനിടയാക്കുന്ന രാഷ്ട്രീയ കലഹങ്ങളും യുദ്ധങ്ങളും എന്നെന്നേക്കുമായി അവസാനിപ്പിക്കുമെന്ന് ദൈവം വാഗ്ദാനം ചെയ്യുന്നു. രാജ്യത്തിലെ യുവജനങ്ങളിൽ ഏററവും യോഗ്യരായവരെ കൊണ്ടുപോയിട്ട് വളരെയധികം പേരെ വികലാംഗരായി, കാലോ കയ്യോ മുറിച്ചുകളഞ്ഞ നിലയിലും അന്ധരായും, അതിലും മോശമായി ജീവനില്ലാത്ത ജഡം മാത്രമായും തിരിച്ചെത്തിക്കുന്ന യുദ്ധത്തിന്റെ അന്ത്യത്തെ അത് അർത്ഥമാക്കും. ദൈവത്തിന്റെ പുതിയ വ്യവസ്ഥിതിയിൽ ജീവിക്കുന്ന എല്ലാവരും യെശയ്യാവ് 2:4-ലെ ബൈബിൾ പ്രവചനം പ്രാവർത്തികമാക്കിയിട്ടുളള സമാധാന പ്രേമികളായ വ്യക്തികളായിരിക്കും: “അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ കോതുകത്രികകളായും അടിച്ചുതീർക്കും. ജനത ജനതക്കെതിരെ വാളോങ്ങുകയില്ല അവർ ഇനി യുദ്ധം അഭ്യസിക്കുകയുമില്ല.” ഭൂവ്യാപകമായി സമാധാനം സ്ഥാപിതമായിക്കഴിയുമ്പോൾ എല്ലായിടത്തുമുളള എല്ലാവർക്കുമായി അത്ഭുതകരമായ കാര്യങ്ങൾ നടപ്പാക്കാൻ കഴിയും.
10 രാഷ്ട്രീയമായ അഴിമതിയും ദുർവ്യയങ്ങളും മാത്രമായിരിക്കില്ല നിർത്തലാക്കപ്പെടുന്നത്. അതിബൃഹത്തായ വ്യാപാര സ്ഥാപനങ്ങളുടെ അത്യാഗ്രഹവും അവസാനിപ്പിക്കപ്പെടും. ഇവയിൽ അനേകവും വായുവും വെളളവും മണ്ണും വിഷലിപ്തമാക്കിക്കൊണ്ടും ഭൂമിയിലെ മൃഗസമ്പത്ത് നശിപ്പിച്ചുകൊണ്ടും ഭൂമിയെ മലിനീകരിച്ചുകൊണ്ടാണിരിക്കുന്നത്. എന്നാൽ വെളിപ്പാട് 11:18-ൽ ദൈവം “ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കാൻ” പോകുന്നു എന്ന് ബൈബിൾ നമ്മോടു പറയുന്നു. അപ്പോൾ ഭൂമിയിലെ വനങ്ങളുടെ മനോഹാരിതയും അതിലെ നദികളുടെയും തടാകങ്ങളുടെയും വെട്ടിത്തിളങ്ങുന്ന സുതാര്യതയും അതിലെ വായുവിന്റെ സുഖശീതളതയും സുഗന്ധവും അതിലെ പക്ഷികളുടെയും മത്സ്യങ്ങളുടെയും മൃഗങ്ങളുടെയും സമ്പന്നമായ വൈവിദ്ധ്യവും പുനഃസ്ഥാപിക്കപ്പെടും. തന്റെ വചനത്തിൽ വിശ്വാസം അർപ്പിക്കുന്നവർക്കായി ദൈവം കരുതിയിരിക്കുന്ന ഈ അതിമഹത്തായ ഭാവിയിൽ ഇത്തരം കാര്യങ്ങൾ ആസ്വദിക്കുന്നവരുടെ കൂട്ടത്തിലായിരിക്കാൻ നിങ്ങൾക്കും കഴിയും.
11 തന്റെ നൂതനക്രമത്തിൽ ഭൂമിയിലെ എല്ലാ ആളുകൾക്കും, അവർ എവിടെയായിരുന്നാലും, ഭൂമിയുടെ സമൃദ്ധമായ ഉൽപ്പന്നങ്ങൾ ആസ്വദിക്കാൻ കഴിയുമെന്ന് നമ്മുടെ സ്രഷ്ടാവ് വാഗ്ദാനം ചെയ്യുന്നു. ഇന്ന് ഭൂമിയിൽ പലേടങ്ങളിലും കാണാവുന്നതുപോലെ ശോഷിച്ച കൈകളും ഉന്തിയ വയറുമായി പട്ടിണികിടക്കുന്ന കുഞ്ഞുങ്ങളെ ഈ ഭൂമിയിൽ വീണ്ടുമൊരിക്കലും കാണുകയില്ല. യെശയ്യാവ് 25:6, 8, വാക്യങ്ങളിൽ ഈ പ്രവചനം എഴുതപ്പെടാൻ ദൈവം ഇടയാക്കി: “സൈന്യങ്ങളുടെ യഹോവ സകലർക്കുമായി . . . നന്നായി എണ്ണ ചേർത്ത വിഭവങ്ങൾ കൊണ്ട് ഒരു വിരുന്നു കഴിക്കും . . . അവൻ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും, യഹോവയായ കർത്താവ് തീർച്ചയായും സകല മുഖങ്ങളിൽ നിന്നും കണ്ണുനീർ തുടക്കും.”
12 അതെ, എല്ലാററിലും മെച്ചമായി അനുസരണമുളള മനുഷ്യവർഗ്ഗത്തിന് ദൈവം പൂർണ്ണമായി ആരോഗ്യം തിരികെക്കൊടുക്കാൻ പോകുന്നു എന്ന് ബൈബിൾ പ്രകടമാക്കുന്നു. അവന്റെ പുത്രന്റെ രാജ്യം മനുഷ്യരുടെ രോഗവും അപൂർണ്ണതയും സൗഖ്യമാക്കുമ്പോൾ രോഗവും വേദനയും മരണവും കൈവരുത്തിയിരിക്കുന്ന എല്ലാ സങ്കടവും കഷ്ടതയും എന്നേക്കുമായി അവസാനിക്കും. വെളിപ്പാട് 21:4 നമ്മോട് പറയുന്നു: “അവൻ അവരുടെ കണ്ണുകളിൽ നിന്ന് കണ്ണീരെല്ലാം തുടച്ചുകളയും, ഇനി മരണം ഉണ്ടായിരിക്കുകയില്ല. ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല. പൂർവ്വകാര്യങ്ങൾ കഴിഞ്ഞുപോയി.”
13 അതിന്റെ അർത്ഥം മാനുഷ അപൂർണ്ണതയുടെ ഫലമായുളള വാർദ്ധക്യം ഇല്ലാതാക്കപ്പെടുന്ന സമയം വരും എന്നാണ്. പ്രായാധിക്യത്തോടെ ഇന്നുണ്ടാകുന്ന ത്വക്കിന്റെ ചുളിവും നരച്ച മുടിയും കഷണ്ടിയും ദുർബ്ബലമായ അസ്ഥികളും പേശികളുടെ ശക്തിക്ഷയവും ശ്വാസംമുട്ടലും ഇല്ലാത്ത ഒരു ഭാവി പ്രദാനം ചെയ്യുന്നതിൽ ദൈവം എത്രയോ സ്നേഹവാനാണ്. അതെ, ഇപ്പോൾ തന്നെ പ്രായമായിരിക്കുന്നവർക്കുവേണ്ടി ഇയ്യോബ് 33:25 വർണ്ണിച്ചിരിക്കുന്ന സംഗതി ചെയ്യാൻ ദൈവം പ്രാപ്തനാണ്: “അവന്റെ ദേഹം യൗവനകാലത്തേതിലും പുഷ്ടിവെക്കട്ടെ; അവൻ ബാല്യപ്രായത്തിലേക്കു തിരിഞ്ഞു വരട്ടെ.” അതെ, ഇന്നു യുവജനങ്ങൾക്കുളളതിലും മെച്ചമായ ആരോഗ്യവും ശക്തിയും കൈവരുത്താൻ യഹോവയാം ദൈവത്തിനു കഴിയും. കാരണം ഇപ്പോൾ യുവജനങ്ങൾക്കുപോലും രോഗം ബാധിക്കുകയും ചിലർ അപ്രതീക്ഷിതമായി ചെറുപ്പത്തിൽതന്നെ മരിച്ചുപോകയും ചെയ്യുന്നു.
നിങ്ങൾക്ക് ഭാവി ആസ്വദിക്കാൻ കഴിയുന്ന വിധം
14-16. ഈ മഹത്തായ ഭാവി ആസ്വദിക്കുന്നതിന് നിങ്ങൾ എന്തു ചെയ്യേണ്ടതുണ്ട്?
14 ബൈബിൾ പറയുംപ്രകാരം നിങ്ങൾ പ്രവർത്തിക്കുന്നെങ്കിൽ ആ മഹത്തായ ഭാവി നിങ്ങളുടേതായിരിക്കും. “ദുർദ്ദിവസങ്ങൾ വരികയും ‘എനിക്കിഷ്ടമില്ല’ എന്നു [വാർദ്ധക്യത്തിൽ കഷ്ടപ്പെടുന്നവർ പറയുന്നതുപോലെ] നീ പറയുകയും ചെയ്യുന്ന കാലം വരുന്നതിനു മുൻപ് [യുവാവിന്റെയോ യുവതിയുടെയോ] യൗവനകാലത്ത് നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊൾക.”—സഭാപ്രസംഗി 12:1.
15 അതിന് നിങ്ങളുടെ സ്രഷ്ടാവിനെപ്പററി വല്ലപ്പോഴുമൊക്കെ വെറുതെ ചിന്തിക്കുന്നത് മതിയായിരിക്കുന്നില്ല. അവന്റെ പുതിയ വ്യവസ്ഥിതിയിൽ നിങ്ങൾ ഉണ്ടായിരിക്കാൻ അവൻ ആഗ്രഹിക്കത്തക്കവണ്ണം എന്നും എല്ലായ്പ്പോഴും അവനെ ഓർമ്മിക്കുകയും അവനെ പ്രസാദിപ്പിക്കാൻ തക്കവണ്ണം ജീവിക്കുകയും വേണം. അങ്ങനെ ചെയ്യാൻ അവൻ നിങ്ങളെ നിർബന്ധിക്കുകയില്ല. നിങ്ങൾ സ്വതന്ത്ര മനസ്സാലെയും സ്വന്ത തീരുമാനപ്രകാരവും അതുചെയ്യണം. നിങ്ങൾ ചെയ്യേണ്ടതായ എന്തെങ്കിലും ചെയ്യാൻ നിങ്ങളുടെ മാതാപിതാക്കൾ നിങ്ങളെ നിർബന്ധിക്കേണ്ടിവരുമ്പോൾ നിങ്ങൾ അതു ചെയ്യുന്നത് കാണുന്നതിൽ നിന്ന് അവർക്ക് യഥാർത്ഥത്തിൽ യാതൊരു സന്തോഷവും ലഭിക്കുകയില്ലെന്ന് നിങ്ങൾക്കറിയാം. എന്നാൽ അതു അവർക്കു സന്തോഷം കൈവരുത്തുമെന്ന് അറിയാവുന്നതുകൊണ്ട് നിങ്ങൾ സ്വമനസ്സാലെയും സന്തോഷത്തോടെയും അതു ചെയ്യുന്നെങ്കിൽ നിങ്ങൾ അവർക്ക് വളരെയധികം സന്തോഷം കൈവരുത്തും. അപ്രകാരംതന്നെ യഹോവ തന്റെ വചനത്തിൽ പറയുന്നു: “മകനെ, നീ ജ്ഞാനിയായിരുന്ന് എന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുക.”—സദൃശവാക്യങ്ങൾ 27:11.
16 അതേ, നിങ്ങളുടെ ജീവിതത്തിലെ വസന്തകാലമായ യൗവനം ആസ്വദിക്കുക. അതിൽനിന്ന് പരമാവധി നേട്ടമുണ്ടാക്കുക. ഇപ്പോഴും ഭാവിയിലും സാദ്ധ്യമാകുന്നതിൽ ഏററവും അധികം സന്തോഷം കൈവരുത്തുന്ന ഗുണങ്ങൾ നട്ടുവളർത്തുക. നിങ്ങളുടെ ജീവിതപാതയിൽ ഒരു നല്ല തുടക്കം കുറിക്കുന്നതിന് നിങ്ങളുടെ യൗവനം ഉപയോഗിക്കുക. ഇപ്പോഴത്തെ നശിച്ചുകൊണ്ടിരിക്കുന്ന, മരിച്ചുകൊണ്ടിരിക്കുന്ന ഈ വ്യവസ്ഥിതിയിലെ ഏതാനും ദശകങ്ങളിലേക്കുളള ജീവിതമല്ല, മറിച്ച് യൗവന യുക്തമായ ആരോഗ്യത്തിന്റെ ഉൻമേഷത്തോടെ ദൈവത്തിന്റെ പറുദീസാ ഭൂമിയിലെ നിത്യജീവിതം.
[അധ്യയന ചോദ്യങ്ങൾ]