നിങ്ങൾ തുടങ്ങുന്നത് നിങ്ങൾ പൂർത്തിയാക്കാറുണ്ടോ?
അധ്യായം 12
നിങ്ങൾ തുടങ്ങുന്നത് നിങ്ങൾ പൂർത്തിയാക്കാറുണ്ടോ?
1, 2. നേട്ടങ്ങളിൽ നിന്നുണ്ടാകുന്ന സംതൃപ്തി കൈവരിക്കുന്നതിന് നിങ്ങൾക്ക് എന്താണാവശ്യമായിരിക്കുന്നത്?
മാനുഷിക സന്തോഷത്തിന്റെ അധികപങ്കും ലഭിക്കുന്നത് നേട്ടങ്ങളിൽ നിന്നാണ്. ഉദാഹരണത്തിന് ഗിത്താർ വായന പഠിക്കുന്നതിന് നിങ്ങൾ തീരുമാനിക്കുന്നു എന്നിരിക്കട്ടെ. നിങ്ങൾക്കതിനു കഴിയുന്നതു വരെ നിങ്ങൾ അതിൽ തുടരുന്നു. അപ്പോൾ നിങ്ങൾക്ക് അതിൽനിന്ന് സന്തോഷം അനുഭവിക്കാൻ കഴിയുന്നു. എന്നാൽ ആരംഭിച്ച് ഏറെ താമസിയാതെ നിങ്ങൾ അതു ഉപേക്ഷിച്ചു കളയുന്നെങ്കിൽ ആ സന്തോഷവും സംതൃപ്തിയും നിങ്ങൾക്ക് ഒരിക്കലും ലഭിക്കയില്ല. കുറേക്കാലത്തെ പരിശീലനവും അഭ്യാസവും ആവശ്യമായിരിക്കുന്ന ഏതൊരു സംരംഭത്തെ സംബന്ധിച്ചും ഇതു സത്യമാണ്.
2 എന്നാൽ പൂർത്തിയാകുംവരെ ഒരു പദ്ധതിയോടു പററിനിൽക്കുന്ന കാര്യത്തിൽ നാമെല്ലാവരും മറികടക്കേണ്ടതോ കീഴ്പ്പെടുത്തേണ്ടതോ ആയ ചില പ്രവണതകളുണ്ട്.
ഉൾപ്പെട്ടിരിക്കുന്ന പ്രശ്നങ്ങൾ
3-8. (എ) അക്ഷമയെ കീഴടക്കാൻ, എന്തിന് ഒരു മനുഷ്യനെ സഹായിക്കാൻ കഴിയും? (ബി) ഏതെങ്കിലും പദ്ധതി ആരംഭിക്കുന്നതിനു മുമ്പ് എന്ത് ചെയ്യുന്നത് ബുദ്ധിപൂർവ്വകമായിരിക്കും? തീരുമാനം ചെയ്യുന്നതിന് ആരുടെ ഉപദേശം നിങ്ങൾക്ക് പ്രയോജനകരമായിരിക്കും? (സി) ഏതു സാഹചര്യങ്ങളിൽ, നിങ്ങൾ തുടങ്ങിയത് മുഴുമിപ്പിക്കാതിരിക്കുന്നത് മെച്ചമായിരിക്കും?
3 നിങ്ങൾക്കറിയാവുന്നതുപോലെ, കൊച്ചുകുട്ടികൾക്കു വളരെ കുറച്ചു സമയത്തേക്കു മാത്രമേ എന്തിലെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുകയുളളു. കളിയിൽപോലും വളരെ എളുപ്പത്തിൽ അവരുടെ ശ്രദ്ധ പതറുകയോ അവരുടെ താല്പര്യം നശിക്കുകയോ ചെയ്യുന്നു. എന്നാൽ ഒരു വ്യക്തി വളരുന്നതോടൊപ്പം ശ്രദ്ധ കേന്ദ്രീകരിക്കാനുളള പ്രാപ്തിയും വികാസം പ്രാപിക്കുന്നു. നിങ്ങൾക്കുതന്നെ അതു നേരിട്ടനുഭവപ്പെട്ടിട്ടുണ്ടാകും. വലിയോരളവുവരെ നിങ്ങൾ ഈ ഗുണം നട്ടുവളർത്തേണ്ടതുണ്ട്. ജീവിതത്തിൽനിന്ന് വളരെയേറെ നേടാൻ അതു നിങ്ങളെ സഹായിക്കുമെന്നുളളതിനാൽ അതിനുവേണ്ടി ചെയ്യുന്ന ശ്രമം ഒരു നഷ്ടമായിരിക്കയില്ല.
4 ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് നിങ്ങൾ സർവ്വസാധാരണമായ മറെറാരു സ്വാഭാവ വിശേഷത്തെ, അതായത് അക്ഷമയെ, കീഴടക്കേണ്ടതുണ്ട്. നിങ്ങൾ ഒരു കൊച്ചു കുട്ടിയായിരുന്ന കാലത്തെപ്പററി ഒന്നു തിരിഞ്ഞു ചിന്തിക്കുക. നിങ്ങൾക്ക് ഓർമ്മിക്കാൻ കഴിയുന്നതുപോലെ, കൊച്ചു കുട്ടികൾക്ക് എല്ലായ്പ്പോഴും ഉടൻ! കാര്യങ്ങൾ സാധിച്ചു കിട്ടണം. മിക്കപ്പോഴും അവർ എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുമ്പോൾ ഏതാനും ശ്രമങ്ങൾ നടത്തിയിട്ടും വിജയിക്കാത്തപക്ഷം അവരതു വിട്ടുകളയാൻ തയ്യാറാണ്. കൊളളാം, ഒരുപക്ഷേ ഇപ്പോഴും അങ്ങനെതന്നെ ആയിരിക്കുന്ന പലേ ചെറുപ്പക്കാരെയും നിങ്ങൾക്കറിയാം. എന്നാൽ ജീവിതത്തിലെ വിലപ്പെട്ട കാര്യങ്ങൾക്കെല്ലാംതന്നെ സമയവും ശ്രമവും ആവശ്യമാണ് എന്നതിനെ നിങ്ങൾ വിലമതിക്കുന്നുവെങ്കിൽ അതു കാര്യങ്ങളെ വളരെ എളുപ്പത്തിൽ ഉപേക്ഷിച്ചുകളയാതിരിക്കാൻ നിങ്ങളെ സഹായിക്കും.
5 അക്ഷമനായ വ്യക്തി സാധാരണയായി പെട്ടെന്നുളള ഒരു ആവേശത്തിന്റെ പേരിൽ കാര്യങ്ങൾ ഏറെറടുക്കുന്നു. ഒരു ജ്ഞാനപൂർവ്വകമായ സദൃശവാക്യം പറയുംപ്രകാരം: “ഉത്സാഹിയുടെ വിചാരങ്ങൾ സമൃദ്ധി ഹേതുകങ്ങൾ ആകുന്നു; ധൃതികൂട്ടുന്ന ഏവനും തീർച്ചയായും ദാരിദ്ര്യത്തിലേക്കാണ് നീങ്ങുന്നത്.” (സദൃശവാക്യങ്ങൾ 21:5) അതുകൊണ്ട് ഏതെങ്കിലും പദ്ധതി ആരംഭിക്കുന്നതിനോ ഏതെങ്കിലും ജോലിയോ നിയമനമോ ഏറെറടുക്കുന്നതിനോ മുമ്പ് ആദ്യംതന്നെ അതു വേണ്ടത്ര വിലപ്പെട്ടതാണെന്ന് ഉറപ്പുവരുത്തുക.
6 എന്നാൽ ചില കാര്യങ്ങളിൽ നിങ്ങൾ തുടങ്ങിവച്ചത് മുഴുമിപ്പിക്കാതിരിക്കുന്നതാവും ജ്ഞാനപൂർവ്വകമായ ഗതി. അതെങ്ങനെ? കാരണം, ഒരുപക്ഷേ ആരംഭം മുതൽക്കുതന്നെ അതു ഒരു മോശമായ ആശയമായിരുന്നിരിക്കാം. ശരിയായ തത്വങ്ങളോട് യോജിക്കാത്ത, തെററായ ലക്ഷ്യമായിരിക്കാം അതിനുളളത്. അല്ലെങ്കിൽ അതു നിങ്ങൾക്ക് പററാത്തതായിരിക്കാം. ലക്ഷ്യത്തിലെത്താൻ ആവശ്യമായിരിക്കുന്ന സമയവും ശ്രമവും ചെലവിടാൻ മാത്രം വിലയുളളതാണോ അത്? നിങ്ങൾക്ക് ആ ലക്ഷ്യത്തിൽ എത്താൻ കഴിയും എന്ന് വിശ്വസിക്കാൻ മതിയായ കാരണമുണ്ടോ?
7 പണിപൂർത്തിയാക്കാൻ തനിക്കു വകയുണ്ടോ എന്നു കണക്കു കൂട്ടാതെ ഒരു ഗോപുരം പണിയാൻ ആരംഭിക്കുന്ന മനുഷ്യനെപ്പററി യേശു പറഞ്ഞു. അവൻ പറഞ്ഞതനുസരിച്ച് അടിസ്ഥാനം ഇട്ടശേഷം പണി പൂർത്തിയാക്കാൻ തനിക്കു കഴിവില്ല എന്നയാൾ കണ്ടെത്തി. “ഈ മനുഷ്യൻ പണിവാൻ തുടങ്ങി, തീർപ്പാനോ പ്രാപ്തിയില്ല” എന്നു പറഞ്ഞു കാണികൾ പരിഹസിപ്പാൻ ഇടയാകുന്നു. (ലൂക്കോസ് 14:28-30) നിങ്ങൾ ആരംഭിക്കുന്നത് പൂർത്തിയാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ആദ്യം തന്നെ ചെലവു കണക്കാക്കുക.
8 ലാഭനഷ്ടങ്ങൾ തൂക്കിനോക്കുക. മററുളളവരോട്, പ്രത്യേകിച്ചും നിങ്ങളുടെ മാതാപിതാക്കളോട് അഭിപ്രായം ആരായുക. അവരുടെ അനുഭവങ്ങളിൽ നിന്ന് പ്രയോജനം അനുഭവിക്കുക. അവർക്കു തെററുകൾ പററിയിട്ടുണ്ട്. അത്തരം പിശകുകൾ നിങ്ങൾക്കു പിണയാതെ നിങ്ങളുടെ ഗതിയെ നയിക്കാൻ അവർക്കു കഴിയും. ജ്ഞാനപൂർവ്വകവും പ്രായോഗികവുമായ ഉപദേശങ്ങളുടെ ഒരു മികച്ച ഉറവാണ് ബൈബിൾ. അത് ദൈവത്തിൽനിന്നുളളതാണ്. ആയിരക്കണക്കിന് വർഷങ്ങളിലൂടെ മനുഷ്യർ പഠിച്ച പാഠങ്ങൾ അതു വിവരിക്കുന്നു. ഉദാഹരണത്തിന് ഭൗതിക വസ്തുക്കളിൽ നിന്ന് സന്തോഷം തേടുന്നതിന് ഒരു മനുഷ്യനാൽ സാദ്ധ്യമായതെല്ലാംതന്നെ ശലോമോൻ രാജാവ് ചെയ്തു. ഫലമെന്തായിരുന്നു എന്നു അവൻ നമ്മോടുപറയുന്നു: അതെല്ലാം “വൃഥാ പ്രയത്നമായിരുന്നു.” അതുകൊണ്ട് അതുപോലുളള പ്രയോജനമില്ലാത്ത വ്യാപാരങ്ങളിൽ എന്തിനേർപ്പെടണം?—സഭാപ്രസംഗി 2:3-11.
ഒരു പിൻമാററക്കാരൻ ആയിരിക്കുന്നത് ഒഴിവാക്കുക
9-12. (എ) നിങ്ങൾ ഒരു ലക്ഷ്യം തെരഞ്ഞെടുത്തു കഴിഞ്ഞാൽ അതിലെത്തിച്ചേരുന്നതെങ്ങനെയെന്ന് നിങ്ങൾ ആസൂത്രണം ചെയ്യുന്നത് നല്ലതായിരിക്കുന്നതെന്തുകൊണ്ട്? (ബി) നിങ്ങൾ പ്രശ്നങ്ങളെ അഭിമുഖീകരിക്കുമ്പോൾ അവ എപ്രകാരം വീക്ഷിക്കപ്പെടണം? (സി) ഒരു പിൻമാററക്കാരനായിരിക്കുന്ന സ്വഭാവം ഉണ്ടാകാതെ സൂക്ഷിക്കുന്നത് പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്? (ലൂക്കോസ് 9:62)
9 നിങ്ങളുടെ ലക്ഷ്യം വിലപ്പെട്ടതാണ് എന്നു നിങ്ങൾക്കു ബോദ്ധ്യമായിക്കഴിഞ്ഞാൽ അതുനേടാനുളള പദ്ധതി ആവിഷ്ക്കരിക്കുന്നതും മർമ്മപ്രധാനമാണ്. പലേ യുവജനങ്ങളും അവർ ആരംഭിക്കുന്നത് പൂർത്തിയാക്കുന്നതിൽ പരാജയപ്പെടുന്നത് അവർ പെട്ടെന്ന് നിരാശരാകുന്നതുകൊണ്ടാണ്. അപ്രതീക്ഷിതമായി എന്തെങ്കിലും പ്രശ്നങ്ങളോ തടസ്സങ്ങളോ പൊന്തിവന്നേക്കാം. അല്ലെങ്കിൽ അവർ ചെയ്യാൻ ഏറെറടുത്ത ജോലി അവർ വിചാരിച്ചതിലധികം ബുദ്ധിമുട്ടുളളതാണെന്ന് അവർ കണ്ടെത്തുന്നു. അപ്പോൾ പിന്നെ എന്ത്?
10 അത്തരമൊരു സാഹചര്യം നിങ്ങൾ ഏതു തരത്തിലുളള ആളാണെന്ന് വെളിപ്പെടുത്തുന്നു. പ്രയാസങ്ങൾ നിങ്ങളെ നിഷേധാത്മകവും നിരാശാജനകവുമായ ചിന്തകളാൽ നിറയ്ക്കാൻ നിങ്ങൾ അനുവദിക്കയാണെങ്കിൽ അതു മുൻപോട്ടു പോകാനുളള ശക്തി നിങ്ങളിൽ നിന്ന് കവർന്നുകളയും. അതു ബൈബിളിലെ ഒരു സദൃശവാക്യം പറയും പോലെയാണ്: “കഷ്ടകാലത്തു നീ നിരുത്സാഹപ്പെട്ടിരിക്കുന്നുവോ? നിന്റെ ബലം അപര്യാപ്തം തന്നെ.” (സദൃശവാക്യങ്ങൾ 24:10) പകരം ആ സാഹചര്യത്തെ ഒരു വെല്ലുവിളിയായി കാണുക. അതിനെ നേരിടാൻ കൂടുതലായ ശ്രമത്തോടും ചിന്തയോടും ശക്തിയോടും സമയത്തോടും കൂടെ ഉണർന്നു പ്രവർത്തിക്കുക. നിങ്ങൾ അവയെ വിട്ടോടി പോകുന്നില്ലെങ്കിൽ വെല്ലുവിളികൾക്ക് നിങ്ങളുടെ ജീവിതത്തെ കൂടുതൽ രസാവഹമാക്കിത്തീർക്കാൻ കഴിയും. അവയെ വിജയകരമായി നേരിടുന്നതിനാൽ നിങ്ങളുടെ ആത്മവിശ്വാസവും പ്രാപ്തികളും വർദ്ധിക്കുന്നു. അപ്പോൾ നിങ്ങൾക്ക് ഭാവി ചുമതലകളെ കൂടുതലായ ഉറപ്പോടും ആസ്വാദ്യതയോടും കൂടി ഏറെറടുക്കാൻ കഴിയും.
11 ബുദ്ധിമുട്ടനുഭവപ്പെടുമ്പോഴേ പിൻമാറുന്ന സ്വഭാവം വളർത്തിക്കൊണ്ടു വരുന്നത് ഒഴിവാക്കുക. അല്ലാഞ്ഞാൽ അടുത്തതായി കാര്യങ്ങൾ അല്പം പ്രയാസമാകുമ്പോഴേ ഇട്ടെറിഞ്ഞ് പോകാനായിരിക്കും നിങ്ങളുടെ ചായ്വ്. ഇത്തരം ഒരു സ്വഭാവം ഉണ്ടാവാതെ സൂക്ഷിക്കുന്നതിനാൽ നിങ്ങളുടെ ജീവിതം പരാജയങ്ങളുടെയും പൂർത്തിയാക്കപ്പെടാത്ത പദ്ധതികളുടെയും ഒരു പരമ്പരയാകാതെ കാക്കാൻ കഴിയും.
12 നിങ്ങൾ എളുപ്പത്തിൽ കാര്യങ്ങളെ ഉപേക്ഷിച്ചുകളയുന്നവനോ പിൻമാററക്കാരനോ അല്ല എന്നു തെളിയിക്കുന്നുവെങ്കിൽ നിങ്ങൾ മററുളളവരുടെ വിശ്വാസവും ആദരവും ആർജ്ജിക്കും. ആദ്യകാലത്തെ ഒരു ക്രിസ്ത്യാനിയായിരുന്ന തിമൊഥെയോസ് ഒരു യുവാവായിരുന്നപ്പോൾതന്നെ രണ്ടു വ്യത്യസ്ത പട്ടണങ്ങളിൽ “സഹോദരൻമാരാൽ നല്ല സാക്ഷ്യം ലഭിച്ചവനായിരുന്നു.” (പ്രവൃത്തികൾ 16:2) അതുകൊണ്ടായിരുന്നു അപ്പോസ്തലനായ പൗലോസ് തന്നോടു കൂടെ കൊണ്ടുപോകാൻ അവനെ തെരഞ്ഞെടുത്തത്. പൗലോസിനോടൊപ്പം റോമാസാമ്രാജ്യത്തിൽ അനേകം പ്രദേശങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ട് അതുല്യമായ പദവികൾ ആസ്വദിക്കുന്നതിന് തിമൊഥെയോസിനു കഴിഞ്ഞു. ചിലപ്പോഴെല്ലാം വളരെ അപകടകരങ്ങളായ സാഹചര്യങ്ങളിൽപെട്ടതു സഹിതം ഏതാണ്ട് ഒരു ഡസൻ വർഷങ്ങളിലെ വിശ്വസ്ത സേവനത്തിനുശേഷം അവന് ഭാരിച്ച ഉത്തരവാദിത്വങ്ങൾ നൽകപ്പെട്ടു. നല്ല ആരോഗ്യനില ഇല്ലാതിരുന്നിട്ടും അവൻ അവ നിർവ്വഹിച്ചു. അതെ, തിമൊഥെയോസ് ഒരു നിയമനം ഏൽക്കുന്നതിനും നല്ലവേല ചെയ്യുന്നതിനും ആശ്രയയോഗ്യനായിരുന്നു. അവൻ വിശ്വസിക്കാൻ കൊളളാവുന്നവനായിരുന്നു. എന്നാൽ ആ വിശ്വാസം അർഹിക്കുന്നതിന് സമയവും സ്ഥിരപരിശ്രമവും ആവശ്യമായിരുന്നു.
സ്ഥിര പരിശ്രമത്തിനുളള അടിസ്ഥാനം
13, 14. (എ) പെട്ടകം പണിയുന്നതിനുളള നോഹയുടെ സ്ഥിരപരിശ്രമം കൊണ്ട് നമുക്കെന്തു പ്രയോജനം ലഭിച്ചിരിക്കുന്നു? (ബി) അപ്പോസ്തലനായ പൗലോസിന്റെ സ്ഥിരപരിശ്രമത്തിൽ നിന്ന് നമുക്ക് എന്തു പഠിക്കാൻ കഴിയും? (2 തിമൊഥെയോസ് 4:16, 17)
13 ഒരു കാര്യം ശരിയായിരിക്കുന്നതു കൊണ്ടോ, ദൈവത്തെ പ്രസാദിപ്പിക്കാനുളള നിങ്ങളുടെ ആഗ്രഹം കൊണ്ടോ അതു ചെയ്യാൻ ശ്രമിക്കുകയാണെങ്കിൽ അതു പൂർത്തിയാക്കാൻ ദൈവം നിങ്ങളെ സഹായിക്കും. ഉദാഹരണത്തിന് നോഹയെപ്പററി ചിന്തിക്കുക. അവനും പുത്രൻമാരുംകൂടി പണിത പെട്ടകം നാനൂറടിയിലേറെ (122 മീററർ) നീളമുളളതും മൂന്നു നിലകളോടു കൂടിയതുമായിരുന്നു. അതു ഒരു “വാരാന്ത്യത്തിൽ പൂർത്തിയാക്കാവുന്ന ഏതെങ്കിലും പദ്ധതി”യായിരുന്നില്ല. എന്നാൽ അതു പൂർത്തിയാക്കിയതിനാൽ നോഹയും കുടുംബവും പ്രളയത്തെ അതിജീവിച്ചു. അവന്റെ വംശജരായ നാം ഇന്നും ജീവിക്കുന്നു.
14 വീണ്ടും അപ്പോസ്തലനായ പൗലോസിനെപ്പററി ചിന്തിക്കുക. പ്രയാസകാലങ്ങളിൽ പിൻമാറാതെ നിന്നതിന്റെ ഒരു നല്ല ഉദാഹരണമാണവൻ. സേവനത്തിനുളള തന്റെ പ്രത്യേക നിയമനത്തിൽ അവസാനത്തോളം തുടരുന്നതിന് എല്ലാത്തരം കഷ്ടതകളും സഹിക്കുന്നത് അവനെ സംബന്ധിച്ചിടത്തോളം വിലയുളളതായിരുന്നു. അടിശിക്ഷയും കല്ലേറും ജയിൽവാസവും കഠിനാദ്ധ്വാനവും ഉറക്കമിളപ്പും ദാഹവും വിശപ്പും ശൈത്യവും നഗ്നതയും സത്യത്തിനു വിരോധമായി നിന്നവരിൽ നിന്നും കുററവാളികളിൽനിന്നും കാട്ടുമൃഗങ്ങളിൽനിന്നും ഉളള ഉപദ്രവവും കരയിലും കടലിലും യാത്ര ചെയ്യുന്നതിനിടയിൽ പ്രതികൂല കാലാവസ്ഥയിൽനിന്നുളള അപകടങ്ങളും എല്ലാം സഹിക്കാൻ അവൻ തയ്യാറായി. അവൻ ഒരു പിൻമാററക്കാരനല്ലാതിരുന്നതുകൊണ്ട്, ‘ഞാൻ നല്ല പോർപൊരുതു, ഓട്ടം തികച്ചു, വിശ്വാസം കാത്തു’ എന്ന് അവന് സത്യസന്ധമായി പറയാൻ കഴിഞ്ഞു. എന്തിന്റെ അടിസ്ഥാനത്തിൽ? സ്വന്തം ആത്മവിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ല. മറിച്ച്, പൗലോസുതന്നെ പറഞ്ഞപ്രകാരം: “എനിക്കു ബലമേകുന്നവൻ മുഖാന്തരം എനിക്ക് എല്ലാററിനും ശക്തിയുണ്ട്.” കൂടുതലായി, പൗലോസിന് ഇങ്ങനെയുംകൂടി എഴുതാൻ കഴിഞ്ഞു: “നാമോ നമ്മെ സ്നേഹിച്ചവൻ മുഖാന്തരം ഇതിൽ ഒക്കെയും പൂർണ്ണജയം പ്രാപിക്കുന്നു.” (2 തിമൊഥെയോസ് 4:6-8; ഫിലിപ്പ്യർ 4:13; റോമർ 8:35-39) അവൻ അനുകരണാർഹനായ ഒരു വ്യക്തിയാണെന്ന് നിങ്ങൾ പറയുകയില്ലേ?
15. (എ) നമുക്കെല്ലാവർക്കും മററുളളവരുമായി ഒത്തുപോകാൻ കഴിയേണ്ടതെന്തുകൊണ്ട്? (ബി) മററുളളവർ നമ്മെ നിരാശരാക്കുമ്പോൾ പെട്ടെന്ന് അവരെ “തളളിക്കള”യാതിരിക്കാൻ എന്ത് നമ്മെ സഹായിക്കും?
15 ജീവിതം ആസ്വദിക്കുന്നതിന്, നിങ്ങൾക്കു മററുളളവരുമായി യോജിച്ചു പോകുന്നതിനും അവരുടെ സഹകരണം നേടുന്നതിനും അവരുടെ ആദരവ് സമ്പാദിക്കുന്നതിനും കഴിയണം. നിങ്ങൾ വളരെ വേഗം ആളുകളെ “ഉപേക്ഷിക്കുന്ന”വരായിരുന്നാൽ, സൗഹൃദം ആരംഭിക്കുകയും ഏതെങ്കിലും വിയോജിപ്പിന്റെ ആദ്യ ലക്ഷണം കാണുമ്പോൾ തന്നെ അത് അവസാനിപ്പിക്കുകയും ചെയ്യുന്നവരായിരുന്നാൽ, നിങ്ങൾക്കതിനു കഴിയുകയില്ല. നിങ്ങളെത്തന്നെ ശോധന കഴിക്കുക. മററുളളവർക്ക് നിങ്ങളോട് പിണക്കം തോന്നാൻ തക്കവണ്ണം മോശമായ രീതിയിലാണോ നിങ്ങൾ ചിലപ്പോൾ മററുളളവരുമായി ഇടപെടുന്നത്? കൊളളാം, അതു നിങ്ങൾ നിങ്ങളെത്തന്നെ “ഉപേക്ഷിക്കുന്ന”തിന് ഇടയാക്കുന്നുവോ? എങ്കിൽ മററുളളവർ ചിലപ്പോൾ നിങ്ങളെ നിരാശരാക്കുന്നതിനാൽ അവരിൽ താല്പര്യം നശിക്കുകയും അവരോട് പിണങ്ങാൻ തിടുക്കം കൂട്ടുകയും ചെയ്യുന്നതെന്തിന്? ക്ഷമയോടുകൂടി പ്രശ്നങ്ങളെ പരിഹരിക്കുന്നതിനാവശ്യമായ സമയം എടുക്കുക. “ദീർഘക്ഷമയുളളവൻ മഹാബുദ്ധിമാൻ, അക്ഷമനോ ഭോഷത്വം ഉയർത്തുന്നു” എന്ന സദൃശവാക്യത്തിലെ ജ്ഞാനം ആർക്കാണു കാണാൻ കഴിയാത്തത്?—സദൃശവാക്യങ്ങൾ 14:29.
16. നമ്മുടെ ക്രിസ്തീയ പ്രത്യാശയുടെ നിവൃത്തിക്ക് നാം സ്ഥിരപരിശ്രമശീലം വളർത്തിയെടുക്കുന്നതിനോട് എന്തു ബന്ധമാണുളളത്?
16 സ്ഥിര പരിശ്രമത്തിന്റെ പ്രതിഫലങ്ങൾ നിരവധിയും ശ്രമം ചെയ്യാൻ മാത്രം വിലപ്പെട്ടവയുമാണ്. നിങ്ങൾ അവസാനംവരെ കാര്യങ്ങൾ ചെയ്തു പൂർത്തിയാക്കുന്നവരാണെന്ന് തെളിയിക്കുന്നതിനാൽ നിങ്ങൾക്ക് പല പദവികളും പ്രയോജനങ്ങളും ലഭിക്കുന്നു. തന്നെ അനുഗമിക്കുന്നവരെ സംബന്ധിച്ച് യേശു പറഞ്ഞു: “അവസാനത്തോളം സഹിച്ചുനിൽക്കുന്നവൻ രക്ഷിക്കപ്പെടും.” (മത്തായി 24:13) ക്രിസ്ത്യാനികളെന്നനിലയിൽ നാം ഒരു മത്സരയോട്ടത്തിലാണ്. അതിനു കിട്ടുന്ന മഹത്തായ സമ്മാനം നിത്യജീവനാണ്. പ്രശ്നങ്ങളും ബുദ്ധിമുട്ടുകളുമുണ്ടായിരുന്നാലും അവസാനത്തോളം പിടിച്ചുനിൽക്കുന്നതിനുളള പ്രാപ്തി വളർത്തിയെടുക്കുന്നെങ്കിൽ മാത്രമേ നിങ്ങൾക്ക് ആ സമ്മാനം നേടാൻ കഴിയുകയുളളു.
[അധ്യയന ചോദ്യങ്ങൾ]