നിങ്ങൾ ലഹരിപാനീയങ്ങൾ ഉപയോഗിക്കുന്നത് ഉചിതമോ?
അധ്യായം 14
നിങ്ങൾ ലഹരിപാനീയങ്ങൾ ഉപയോഗിക്കുന്നത് ഉചിതമോ?
1-4. (എ) നിങ്ങൾക്കു പരിചയമുളള യുവജനങ്ങളിൽ ആരെങ്കിലും ലഹരിപാനീയങ്ങൾ ഉപയോഗിക്കുന്നുണ്ടോ? (ബി) ലഹരിപാനീയങ്ങളുടെ ഉപയോഗം സംബന്ധിച്ച് നമ്മുടെ പ്രദേശത്തെ ആളുകളുടെ മനോഭാവമെന്താണ്? അത്തരം പാനീയങ്ങളുടെ ഉപയോഗം എല്ലായിടത്തും ഒരുപോലെയാണോ വീക്ഷിക്കപ്പെടുന്നത്?
ഇന്ന് കൂടുതൽ കൂടുതൽ യുവജനങ്ങൾ ഈ ചോദ്യത്തെ അഭിമുഖീകരിക്കുകയാണ്. എന്തുകൊണ്ട്? കാരണം യുവജനങ്ങൾക്കിടയിൽ മദ്യത്തിന്റെ ഉപയോഗം വർദ്ധിച്ചുവരുന്നു. പലരും മയക്കുമരുന്നുകൾക്ക് പകരമായി മദ്യം ഉപയോഗിക്കുന്നു. ഇതിന്റെ വെളിച്ചത്തിൽ നമുക്കു ചില വസ്തുതകൾ പരിശോധിക്കാം. നമ്മുടെ നീണ്ടുനിൽക്കുന്ന പ്രയോജനത്തിന് ഈ പ്രശ്നത്തെ വിവേകത്തോടെ വീക്ഷിക്കാൻ അവ നമ്മെ സഹായിക്കുമോ എന്നു നമുക്കു നോക്കാം.
2 ലഹരിപാനീയങ്ങൾ എന്നതിന് വിശാലമായ അർത്ഥമാണുളളത്. ബീയർ പോലുളള ചില പാനീയങ്ങൾക്ക് ലഹരി വളരെ കുറവാണ്. മററു ചിലതിന് വീര്യം അല്പം കൂടിയിരിക്കും. ഭക്ഷണത്തോടൊത്ത് ഉപയോഗിക്കുന്ന മിക്കയിനം വീഞ്ഞിന്റെ കാര്യത്തിലും ഇതു സത്യമാണ്. കൂടാതെ വീര്യം വളരെ കൂടിയ “വാററുമദ്യ”ങ്ങളുണ്ട്. ബ്രാൻഡി, വിസ്ക്കി, ജിൻ, വോഡ്ക മുതലായവ ഇതിലുൾപ്പെടുന്നു.
3 പ്രാദേശികമായിട്ടുളള മനോഭാവങ്ങളും ആചാരങ്ങളും വളരെ വ്യത്യസ്തങ്ങളാണ്. ഫ്രാൻസ്, ഇററലി, സ്പെയിൻ, ഗ്രീസ് മുതലായ രാജ്യങ്ങളിൽ വീഞ്ഞ് കുടുംബ ഭക്ഷണ മേശയിലെ ഒരു പതിവ് പാനീയമാണ്. അത് കുടിക്കാൻ നല്ല ജലം ലഭിക്കുന്നതിനുളള പ്രയാസം കൊണ്ട് വികാസം പ്രാപിച്ചതോ അല്ലെങ്കിൽ അവിടങ്ങളിലെ ഒരു സമ്പ്രദായമോ ആയിരിക്കാം. എന്നാൽ ഇങ്ങനെയുളള രാജ്യങ്ങളിൽ പോലും ലഹരി പാനീയങ്ങളോടുളള മനോഭാവം വ്യത്യസ്തമാണ്. അതുമാത്രവുമല്ല ലഹരിപാനീയങ്ങൾ ഉപയോഗിക്കുന്നതിൽ നിന്നുളവാകുന്ന ഫലങ്ങളും വ്യത്യസ്ത രാജ്യങ്ങളിലും വ്യത്യസ്ത വ്യക്തികളിലും വ്യത്യസ്തങ്ങളാണ്. അത്തരം പാനീയങ്ങളോടുളള നിങ്ങളുടെ വിവേകപൂർവ്വമായ വീക്ഷണം രൂപപ്പെടുത്തുന്നതിന് ഇതു നിങ്ങൾ മനസ്സിൽ പിടിക്കേണ്ടതാണ്.
4 കൊളളാം, ഈ വ്യത്യാസങ്ങളുടെയെല്ലാം വീക്ഷണത്തിൽ ഈ കാര്യം സംബന്ധിച്ച് മാർഗ്ഗദർശകമായിരിക്കാവുന്ന, സ്ഥിരമായ പരസ്പരയോജിപ്പിലുളള, ഒരു പ്രമാണം ഉണ്ടോ? ഉവ്വ്, ബൈബിൾ അതു നൽകുന്നു. അതു പറയുന്നതു ശ്രദ്ധിക്കുന്നതിനാൽ അതു ജ്ഞാനപൂർവ്വകവും സന്തുലിതവുമായ ഉപദേശം നൽകുന്നു എന്നതിനോട് നിങ്ങൾ യോജിക്കുന്നില്ലേ എന്നു കാണുക.
ഒരു സന്തുലിത വീക്ഷണം
5-7. (എ) കഴിഞ്ഞ കാലങ്ങളിൽ ദൈവജനത്തിന്റെ ഇടയിൽ നടപ്പിലിരുന്ന വീഞ്ഞിന്റെ ഉപയോഗത്തെ സംബന്ധിച്ചു ബൈബിൾ എന്തു പറയുന്നു? (ബി) നല്ല എന്തിന്റെയെങ്കിലും തെററായതോ നേരത്തെയുളളതോ ആയ ഉപയോഗം എപ്രകാരം ഗൗരവമായ പ്രശ്നങ്ങൾക്കിടയാക്കിയേക്കാം എന്നതിന് ഒരുദാഹരണം നൽകാൻ നിങ്ങൾക്കു കഴിയുമോ?
5 പുരാതനകാലം മുതൽക്കുതന്നെ സാധാരണയായി ഭക്ഷണത്തോടൊത്ത് ഉപയോഗിക്കപ്പെട്ടിരുന്ന ഒരു പാനീയമാണ് വീഞ്ഞെന്ന് ബൈബിൾ പ്രകടമാക്കുന്നു, അബ്രഹാമും ഇസഹാക്കും മററനേകരും അതുപയോഗിച്ചിരുന്നു. ഒരു വിവാഹഘോഷത്തിങ്കൽ യേശു വീഞ്ഞു ലഭ്യമാക്കി. “നിന്റെ ഉദരരോഗവും കൂടെക്കൂടെയുളള അസുഖവും നിമിത്തം അല്പം വീഞ്ഞു സേവിച്ചു കൊൾക,” എന്ന് അപ്പോസ്തലനായ പൗലോസ് തിമൊഥെയോസിനെ ബുദ്ധിയുപദേശിച്ചു.—1 തിമൊഥെയോസ് 5:23
6 ഉചിതമായി, മനുഷ്യർക്ക് ആസ്വാദനത്തിനായുളള ദൈവത്തിന്റെ കരുതലുകളുടെയും അനുഗ്രഹങ്ങളുടെയും കൂട്ടത്തിൽ ബൈബിൾ വീഞ്ഞും ഉൾപ്പെടുത്തിയിരിക്കുന്നു. ബൈബിളിലെ ഒരു സങ്കീർത്തനം പറയുന്നു: “അവൻ മൃഗങ്ങൾക്ക് പച്ച പുല്ലും മനുഷ്യവർഗ്ഗത്തിന്റെ ഉപയോഗത്തിനായി സസ്യവും മുളപ്പിക്കുന്നു . . . മർത്ത്യനായ മമനുഷ്യന്റെ ഹൃദയത്തെ സന്തോഷിപ്പിക്കാൻ വീഞ്ഞും.” (സങ്കീർത്തനം 104:14, 15) ദൈവജനം ചിലപ്പോൾ ബീയറും മദ്യവും ഉൾപ്പെടെയുളള മററു ലഹരിപാനീയങ്ങളും ഉപയോഗിച്ചിരുന്നതായി ബൈബിൾ പ്രകടമാക്കുന്നു.
7 ലഹരി പാനീയങ്ങളുടെ ഉപയോഗം സംബന്ധിച്ച് നിങ്ങളുടെ ഭാഗത്ത് യാതൊരു ജാഗ്രതയും ആവശ്യമില്ല എന്നാണോ ഇതർത്ഥമാക്കുന്നത്? ഒരിക്കലുമല്ല. കാരണം ദൈവവചനം ആ ‘നാണയത്തിന്റെ മറുവശവും’ കൂടി കാണിച്ചുതരുന്നു. അതിൽത്തന്നെ തെററല്ലാത്തതും എന്നാൽ തെററായ ഉപയോഗത്താലോ സമയത്തിനു മുമ്പേയുളള ഉപയോഗത്താലോ ഗൗരവമായ പരിണതഫലങ്ങൾ ഉളവാക്കാവുന്നതുമായ പലേ കാര്യങ്ങൾ നമ്മുടെ ജീവിതത്തിലുണ്ട്. ദൈവം മനുഷ്യർക്ക് പുനരുൽപാദനശേഷി നൽകിയിരിക്കുന്നു. എന്നാൽ അതു മാന്യമായ വിവാഹജീവിതത്തിൽ മാത്രം ഉപയോഗിക്കേണ്ടതാണ്. അതിന്റെ ഉപയോഗം ഒരു കുടുംബത്തെ പോററാനുളള ഭാരിച്ച ഉത്തരവാദിത്വവും കൈവരുത്തുന്നു. അഗ്നി, നീരാവി, വൈദ്യുതി, വിവിധതരം ഉപകരണങ്ങൾ ഇവയൊക്കെ സ്ത്രീ പുരുഷൻമാർക്ക് അവരുടെ ജോലികളിൽ സഹായകമാണ്. എന്നിരുന്നാലും സൂക്ഷ്മതയില്ലാതെ ഉപയോഗിച്ചാൽ അവ ഉപദ്രവകരമായേക്കാം. ജാഗ്രത പുലർത്താഞ്ഞാൽ ലഹരി പാനീയങ്ങളുടെ ഉപയോഗത്തിനും ഗൗരവമായ പരിണതഫലങ്ങൾ ഉണ്ടാകും.
മദ്യത്തിന്റെ ഫലം
8-11. (എ) ചെറിയതോതിൽ മദ്യം ശരീരത്തിൽ പ്രവേശിക്കുമ്പോൾ അതിന് എന്തുഫലമാണുളളത്? എന്നാൽ മദ്യത്തിന്റെ അളവു വർദ്ധിക്കുമ്പോൾ എന്തുസംഭവിക്കുന്നു? (ബി) സദൃശവാക്യങ്ങൾ 23:29-35 വരെ കുടിച്ചു മത്തുപിടിക്കുന്നതിന്റെ പരിണതഫലങ്ങളെ എങ്ങനെയാണ് വർണ്ണിച്ചിരിക്കുന്നത്? ആരെങ്കിലും അപ്രകാരം പ്രവർത്തിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ?
8 മദ്യത്തിന് മാനുഷ ശരീരത്തിൻമേലുളള ഫലങ്ങൾ പരിഗണിക്കുക. മററു വസ്തുക്കളിൽ നിന്ന് വ്യത്യസ്തമായി അതിന് ദഹനത്തിന്റെ ആവശ്യമില്ല. അതു ആമാശയത്തിൽ പ്രവേശിക്കുമ്പോൾതന്നെ രക്തത്തിലേക്കു വലിച്ചെടുക്കപ്പെടാൻ ആരംഭിക്കുന്നു. എന്നാൽ കൂടുതലായ ആഗിരണം നടക്കുന്നത് ചെറുകുടലിൽ വച്ചാണ്. അതു പെട്ടെന്നുതന്നെ നിങ്ങളുടെ തലച്ചോറിലും കരളിലും മററു ശരീര ഭാഗങ്ങളിലും എത്തിച്ചേരുന്നു. മദ്യം താപോർജ്ജം ഉൾക്കൊളളുന്നതാകയാൽ നിങ്ങളുടെ ശരീരം അതു ഒരു ഇന്ധനമായി ഉപയോഗിക്കാൻ തക്കരീതിയിൽ ചില രാസമാററങ്ങൾ വരുത്താൻ ആരംഭിക്കുന്നു. ഈ വേലയുടെ ഭൂരിഭാഗവും കരളാണ് നിർവ്വഹിക്കുന്നത്. ഉച്ഛ്വാസത്തിലൂടെയും മൂത്രത്തിലൂടെയും അതിലൊരംശം പുറന്തളളിക്കൊണ്ട് നിങ്ങളുടെ ശ്വാസകോശങ്ങളും വൃക്കകളും ആ ഭാരം അല്പം ലഘൂകരിക്കുന്നു.
9 രക്തത്തിൽ കലർന്നുകഴിഞ്ഞാൽ എന്തുഫലമാണ് മദ്യത്തിന് ഒരുവന്റെമേൽ ഉണ്ടാവുക? ചെറിയ തോതിലാണെങ്കിൽ ലഘുവായ ശമിപ്പിക്കലും ആശ്വാസവും ശാന്തതയും ആയിരിക്കും ഫലം. കൂടിയ അളവിലായാൽ അതു തലച്ചോറിന്റെ ‘നിയന്ത്രണ സംവിധാനങ്ങളെ’ തളർത്തുന്നു. ചിലരെയെങ്കിലും അതു വളരെ വാചാലരോ അങ്ങേയററം ഊർജ്ജസ്വലരോ അക്രമവാസനയുളളവരോ ആക്കിയേക്കാം. ആളുകൾക്ക് ഇങ്ങനെ സംഭവിക്കുന്നത് നിങ്ങൾ കണ്ടിട്ടില്ലേ?
10 മദ്യത്തിന്റെ ഇതിലും കൂടുതലായ സാന്ദ്രീകരണത്താൽ തലച്ചോറിന് ഗൗരവതരമായ മാന്ദ്യം സംഭവിക്കുന്നു. അതു കേന്ദ്ര നാഡീവ്യൂഹത്തെയും ബാധിക്കുന്നു. ആ വ്യക്തിക്ക് തന്റെ ചലനങ്ങളെ സമന്വയിപ്പിക്കുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെട്ടുതുടങ്ങുന്നു. അതുകൊണ്ടാണ് അയാൾക്ക് നടക്കുന്നതിനും കാണുന്നതിനും വ്യക്തമായി സംസാരിക്കുന്നതിനും പ്രയാസമുളളത്. അയാൾക്ക് ചിന്തയിലും കുഴച്ചിൽ അനുഭവപ്പെടുന്നു. എന്നാൽ തന്റെ ഇന്ദ്രിയങ്ങളൊക്കെ പതിവിലും നന്നായിത്തന്നെ പ്രവർത്തിക്കുന്നു എന്ന തോന്നലുളവാക്കാനുളള മദ്യത്തിന്റെ പ്രത്യേക പ്രാപ്തി പ്രശ്നം കൂടുതൽ വഷളാക്കുന്നു. അതുകൊണ്ട് താൻ വേണ്ടതിലധികം മദ്യപിച്ചിരിക്കുന്നു എന്ന് അയാൾതന്നെയായിരിക്കും ഏററവും അവസാനമായി തിരിച്ചറിയുന്നത്. അങ്ങനെ മത്തു പിടിച്ചുകഴിഞ്ഞാൽ പിന്നെ കുറെ സമയംകൊണ്ടേ അതിൽനിന്ന് വിമുക്തനാകാൻ കഴിയൂ.
11 ലഹരി പാനീയങ്ങളുടെ അമിതമായ ഉപയോഗത്താൽ ഉളവാകുന്ന അപകടങ്ങളെയും അസ്വസ്ഥതയേയും കൃത്യമായി ചിത്രീകരിച്ചിരിക്കുന്നത് കാണുക. അതു ബൈബിളിൽ സദൃശവാക്യങ്ങൾ 23:29-35 വരെ കാണപ്പെടുന്നു. “ആർക്ക് കഷ്ടം? ആർക്ക് അസ്വസ്ഥത? ആർക്ക് കലഹം? ആർക്ക് ആവലാതി? ആർക്ക് അനാവശ്യമായ മുറിവുകൾ? ആർക്ക് കൺചുവപ്പ്? വീഞ്ഞുകുടിച്ചുകൊണ്ട് നേരം വൈകിക്കുന്നവർക്ക്, കൂട്ടിക്കലർത്തിയ വീഞ്ഞുതേടി വരുന്നവർക്ക്. . . . നിന്റെ കണ്ണുകൾ വിചിത്രകാര്യങ്ങളെ കാണും, നിന്റെ ഹൃദയം വക്രത പറയും. നീ നടുക്കടലിൽ ശയിക്കുന്നവനെപ്പോലെയും (മുങ്ങിച്ചാകാൻ പോകുന്നവനെപ്പോലെ സംഭ്രമവും നിസ്സഹായതയും അനുഭവപ്പെടും), പാമരത്തിന്റെ മുകളിൽ ഉറങ്ങുന്നവനെപ്പോലെയും (അവിടെയാണ് ഒരു കപ്പലിന്റെ ചാഞ്ചാട്ടം ഏററവും കൂടുതൽ അനുഭവപ്പെടുക) ആകും. അവർ എന്നെ അടിച്ചു എനിക്കു നൊന്തില്ല; ‘അവർ എന്നെ തല്ലി ഞാൻ അറിഞ്ഞതുമില്ല. (കാരണം മത്തനായ ഒരുവന് പരിസരബോധം നഷ്ടപ്പെടുന്നു. പലപ്പോഴും മത്തു വിടുന്നതുവരെ തന്റെ മുറിവുകളെ സംബന്ധിച്ച് അറിയുന്നതുമില്ല).’” അതു കേട്ടിട്ട് അത്ര സുഖമുളള ഒരേർപ്പാടായിട്ടു തോന്നുന്നില്ല, അല്ലേ? എന്നാൽ ഒരുവൻ കുടിച്ചു മത്തനാകുമ്പോൾ സംഭവിക്കുന്നത് അതാണ്.
വളർന്നുവരുന്ന ഒരു പ്രശ്നം
12-17. (എ) യുവജനങ്ങൾക്കിടയിൽ മദ്യപാനത്തിന്റെ പ്രശ്നം എത്ര വ്യാപകമാണ്? എങ്ങനെയാണവർ മദ്യപാനം ആരംഭിക്കുന്നത്? (ബി) കുടിക്കാൻ നിങ്ങളെ ആരെങ്കിലും നിർബന്ധിക്കുന്നുവെങ്കിൽ അയാൾക്ക് എന്തുദ്ദേശ്യം ഉണ്ടായിരുന്നേക്കാം? (ഹബക്കൂക്ക് 2:15)
12 എന്നാൽ യുവജനങ്ങൾ, കുടിച്ചു മത്തരാകുന്നതിനോ മുഴുക്കുടിയൻമാർ പോലുമാകുന്നതിനോ സാദ്ധ്യതയുളള യഥാർത്ഥ അപകടസ്ഥിതിയിലാണോ? അതെ, വാഷിംഗ്ടൺ ഡി. സി. യിലെ മദ്യദുരുപയോഗവും മുഴുക്കുടിയും സംബന്ധിച്ച ദേശീയ സ്ഥാപനത്തിന്റെ അദ്ധ്യക്ഷനായ ഡോണാൾഡ്. ജി. ഫെൽപ്സ് പറയുന്നു:
“യുവജനങ്ങൾക്കിടയിൽ മദ്യം ദുരുപയോഗിക്കുന്നവരുടെ [അനുപാതം] പ്രായപൂർത്തിയായവർക്കിടയിലേതിനോട് ഏതാണ്ട് ഒപ്പമാണ്. (കുട്ടികൾക്കിടയിൽ നടത്തപ്പെട്ട ഒരു ദേശീയ സർവ്വേയിൽ കണ്ടുമുട്ടിയ) 13 വയസ്സുകാരിൽ പത്തു ശതമാനം ആൺകുട്ടികളും ആഴ്ചയിൽ ഒരിക്കലെങ്കിലും കുടിച്ചു മത്തരാകുന്നവരാണ്. അതായത് ഒരു വർഷം 52 പ്രാവശ്യമെങ്കിലും.”
13 ദീർഘകാലമായി ഫ്രാൻസ് കുട്ടികൾക്കിടയിലെ മദ്യപാനത്തിന്റേതായ ഗൗരവമേറിയ പ്രശ്നം അഭിമുഖീകരിച്ചുകൊണ്ടാണിരുന്നിട്ടുളളത്. പലരിലും വളരെ ചെറുപ്പത്തിൽതന്നെ കരൾ പഴുപ്പിന്റെ (Cirrhosis) ലക്ഷണങ്ങൾ കാണപ്പെടുന്നു. ഹങ്കറിയിൽ (ഏററവും കൂടിയ ആത്മഹത്യാനിരക്കുളള രാജ്യങ്ങളിലൊന്ന്) കഴിഞ്ഞ ഏതാനും വർഷങ്ങളിലായി മെഡിക്കൽ സെൻററുകളിൽ ആണ്ടുതോറും ആയിരക്കണക്കിനു കുട്ടികളെ അമിതമദ്യപാനത്തിന്റെ ഫലമായി ചികിത്സിക്കേണ്ടതായി വന്നിട്ടുണ്ട്.
14 യുവജനങ്ങൾ ഇത്തരം സാഹചര്യങ്ങളിൽ ചെന്നു പററുന്നതെന്തുകൊണ്ടാണ്? മിക്കവരുടെ കാര്യത്തിലും അവരുടെ കുടുംബത്തിൽ ആരെങ്കിലും മുമ്പേ തന്നെ അമിതമായി മദ്യപിക്കുന്നവരായിട്ടുണ്ടായിരിക്കും. മററു പലരുടെയും കാര്യത്തിൽ കുടിയാരംഭിക്കാൻ മററു യുവജനങ്ങൾ അവരെ പ്രേരിപ്പിച്ചതുകൊണ്ടാണ്. ചിലപ്പോൾ ഒരാൺകുട്ടി വളരെയധികം മദ്യം അകത്താക്കിക്കൊണ്ട് ‘താൻ ഒരു പുരുഷനാണ് എന്നു തെളിയിക്കാൻ’ തന്റെ സമപ്രായക്കാരാൽ നിർബന്ധിക്കപ്പെടുന്നു. അല്ലെങ്കിൽ ഒരു പെൺകുട്ടി മദ്യം കഴിക്കുന്നില്ലെങ്കിൽ അവൾ സാമൂഹികമായി പിന്നോക്കം നിൽക്കുന്നു എന്നു തോന്നാൻ ഇടയാക്കപ്പെടുന്നു.
15 എന്നാൽ നിങ്ങളോടു തന്നെ ചോദിക്കുക, ഏതെങ്കിലും ലഹരി പാനീയങ്ങൾ ഉപയോഗിക്കുന്നത് യഥാർത്ഥത്തിൽ നിങ്ങൾ ഏതുതരം ആളാണെന്നത് സംബന്ധിച്ച് എന്തെങ്കിലും തെളിയിക്കുന്നുവോ? വ്യക്തമായും ഇല്ല. കാരണം മൃഗങ്ങളെപ്പോലും അത്തരം പാനീയങ്ങൾ കുടിപ്പിക്കുന്നതിനും മത്തുപിടിപ്പിക്കുന്നതിനും സാധിക്കുന്നു. നിങ്ങൾ കുടിക്കാൻ സമ്മർദ്ദം പ്രയോഗിക്കുന്നവർ യഥാർത്ഥത്തിൽ എന്താണാഗ്രഹിക്കുന്നത്? അവർ നിങ്ങളുടെ നൻമ, നിങ്ങൾക്ക് പ്രയോജനകരമായ എന്തെങ്കിലും, ആണോ ആഗ്രഹിക്കുന്നത്? അതോ നിങ്ങളേയും അവരുടെ ഗണത്തിൽ ചേർക്കാൻ ശ്രമിക്കുകയാണോ? നിങ്ങൾ പ്രായപൂർത്തിയായ സ്ത്രീപുരുഷൻമാരെപ്പോലെ പെരുമാറുന്നതിനു പകരം നിയന്ത്രണം വിട്ട്, ഒരു കൊച്ചുകുട്ടിയെപ്പോലെ നടക്കാനോ സംസാരിക്കാനോ, വ്യക്തമായി കാണാനോ കഴിയാതെ വിഡ്ഢിത്തരങ്ങൾ പറയുകയും ചെയ്യുകയും ചെയ്യുന്നതു കണ്ടു “രസിക്കാ”നായിരിക്കുമോ അവർ ആഗ്രഹിക്കുന്നത്?
16 ഒരു പ്രാമാണികനായ ഡോ. ജിയോർജിയോ ലോളി പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക:
“മദ്യപാനി ശാരീരികമായും മാനസ്സികമായും മുതിർന്നവരുടെ ലോകത്ത് നിന്ന് കുട്ടിക്കാലത്തേക്കു പിന്തിരിഞ്ഞു പോവുകയാണ്. അവന്റെ ഗ്രഹണശക്തിയും ശാരീരിക വേദകത്വവും തിരിച്ചറിയാൻ വയ്യാത്തവണ്ണം മന്ദീഭവിക്കുന്നു. അവൻ ഒരു കൊച്ചു കുട്ടിക്കു കൊടുക്കുന്ന തരം ശ്രദ്ധയാവശ്യമാകുംവണ്ണം നിസ്സഹായനായിത്തീരുന്നു.”
കൂടാതെ, ലൈംഗിക ദുർന്നടത്തയിൽ താല്പര്യമുളളവരും ആത്മനിയന്ത്രണം നഷ്ടമാകാൻ തക്കവണ്ണം മദ്യപിക്കാൻ ഒരു സുഹൃത്തിന് പ്രോത്സാഹനം കൊടുത്തേക്കാം.
17 തീർച്ചയായും ഇത്തരത്തിലുളള ഏതെങ്കിലും പ്രേരണക്ക് വഴങ്ങുന്നവർ തങ്ങൾക്കു ശക്തിയുണ്ടെന്നോ പ്രായപൂർത്തിയിലെത്തിയിരിക്കുന്നുവെന്നോ അല്ല മറിച്ച് തങ്ങൾ ബലഹീനരാണെന്നും ധാർമ്മിക ശക്തിയില്ലാത്തവരാണെന്നുമാണ് പ്രകടമാക്കുന്നത്. “വീഞ്ഞു പരിഹാസിയും മദ്യം കലഹക്കാരനുമാകുന്നു. അതിനാൽ ചാഞ്ചാടി നടക്കുന്ന ആരും ജ്ഞാനിയാകയില്ല,” എന്ന് സദൃശവാക്യങ്ങൾ 20:1 മുന്നറിയിപ്പ് നൽകുന്നെങ്കിൽ അതു നല്ല കാരണത്തോടെയാണ്. കാലൊടിയുന്നത് എത്ര വേദനാജനകമാണെന്നറിയാൻ സ്വന്തം കാലൊടിക്കേണ്ട ആവശ്യമില്ലാത്തതുപോലെതന്നെ കുടിച്ചു മത്തനാകുന്നത് എത്ര അനഭിലഷണീയമാണെന്നറിയാൻ നിങ്ങൾതന്നെ മത്തനാകേണ്ടതില്ല.
18, 19. ഒരുവൻ മുഴുക്കുടിയനല്ലെങ്കിലും മദ്യവുമായുളള ഒരു മോശമായ അനുഭവത്തിൽ നിന്ന് എന്തു സംഭവിച്ചേക്കാം?
18 ഒരു “മുഴുക്കുടിയ”നായിത്തീരുന്നതിന്റെ അപകടം മാത്രമല്ല ജാഗ്രത ആവശ്യമാക്കിത്തീർക്കുന്നത്. മദ്യവുമായുളള മോശമായ ഒരനുഭവം പോലും നിലനിൽക്കുന്ന തകരാറ് വരുത്തിയേക്കാം. അതു നിങ്ങളുടെ തന്നെയോ നിരപരാധിയായ മറെറാരാളുടെയോ ജീവനോ ശാരീരികാവയവങ്ങളോ നഷ്ടമാക്കിയേക്കാവുന്ന ഒരു മോട്ടോർ അപകടമായിരിക്കാം. അല്ലെങ്കിൽ അതു നിങ്ങളുടെ മുഴു ജീവിതത്തെയും കളങ്കപ്പെടുത്തുന്ന ഒരു അധാർമ്മിക പ്രവൃത്തിയായിരിക്കാം. അതു വളരെ സങ്കീർണ്ണങ്ങളായ പ്രശ്നങ്ങൾ ഉളവാക്കിയേക്കാം. അതുമല്ലെങ്കിൽ അതു നിങ്ങൾക്ക് ദീർഘകാല ദുഃഖത്തിനിടയാക്കുന്ന എന്തെങ്കിലും അക്രമ പ്രവൃത്തിയായിരിക്കാം. എന്തിനിത്തരം അപകടങ്ങളിൽ ചെന്നു ചാടണം?
19 ഐക്യനാടുകളിൽ ആണ്ടുതോറും റോഡപകടങ്ങളിൽ കൊല്ലപ്പെടുന്ന 50,000 പേരിൽ പകുതിയിലധികവും മദ്യവുമായി ബന്ധപ്പെട്ടകാരണങ്ങളാൽ മരിക്കുന്നു എന്ന വസ്തുത ഇത്തരം ദുരന്ത ഫലങ്ങളുടെ സാദ്ധ്യത വ്യക്തമാക്കുന്നു. കൂടാതെ “80% കൊലപാതകങ്ങളും ആക്രമണപരമായ കയ്യേററങ്ങളും നടത്തുന്നത് കുടിച്ചു മത്തരായവരാണ്” എന്ന് ന്യൂയോർക്ക് ടൈംസിന്റെ ഒരു റിപ്പോർട്ടിൽ പറയുന്നു.
ജ്ഞാനപൂർവ്വം കാര്യങ്ങളെ തൂക്കിനോക്കുക
20, 21. (എ) ചിലയാളുകൾ ലഹരിപാനീയങ്ങൾ ഒട്ടുംതന്നെ ഉപയോഗിക്കാൻ ഇഷ്ടപ്പെടാത്തതെന്തുകൊണ്ടാണ്? (ഹോശെയാ 4:11) (ബി) പ്രശ്നങ്ങളിൽ നിന്ന് രക്ഷപ്രാപിക്കുന്നതിന് അത്തരം പാനീയങ്ങൾ ഉപയോഗിക്കുന്നത് ബുദ്ധിയായിരിക്കാത്തതെന്തുകൊണ്ട്?
20 കാര്യങ്ങളെ തൂക്കിനോക്കുമ്പോൾ ലഹരി പാനീയങ്ങൾ വായുവോ ഭക്ഷണമോ വെളളമോ പോലെ ജീവിതത്തിലെ അവശ്യ സാധനങ്ങളിലൊന്നല്ല എന്നോർമ്മിക്കുക. അതു കൂടാതെ നിങ്ങൾക്ക് കഴിഞ്ഞുകൂടാം. പലരും അങ്ങനെ ചെയ്യാൻ ഇഷ്ടപ്പെടുകയും ചെയ്യുന്നു. ജീവദാതാവായ യഹോവയാം ദൈവത്തിന്റെ അംഗീകാരം ആഗ്രഹിക്കുന്നവർ അവനെ ‘മുഴുഹൃദയത്തോടും മുഴുദേഹിയോടും മുഴുമനസ്സോടും മുഴുശക്തിയോടും’ കൂടെ സേവിക്കണം എന്നും കൂടി ഓർമ്മിക്കുക. (ലൂക്കോസ് 10:27) മദ്യത്തിന്റെ ദുരുപയോഗം മനസ്സിന്റെ തെളിമയും ജാഗ്രതയും ശരീരത്തിന്റെ ശക്തിയും കവർന്നു കളയുക മാത്രമല്ല, അതു തെററായ ആന്തരങ്ങൾ വളർത്തുന്നതിലേക്കു നയിക്കാൻ തക്കവണ്ണം ഒരുവന്റെ ഹൃദയത്തെയും ബാധിച്ചേക്കാം.
21 വീഞ്ഞുപോലെയുളള ലഹരി പാനീയങ്ങളുടെ മിതമായ ഉപയോഗം സംബന്ധിച്ച് ബൈബിൾ പ്രതിപാദിക്കുന്നു എന്നത് സത്യംതന്നെ. എന്നാൽ ഒരുവൻ അത്തരം ലഹരിപാനീയങ്ങളെ ജീവിത യാഥാർത്ഥ്യങ്ങളിൽ നിന്നും വിരസതയിൽ നിന്നും രക്ഷനേടാനുളള ഒരു മാർഗ്ഗമായി വീക്ഷിക്കുന്നെങ്കിലെന്ത്? അല്ലെങ്കിൽ അധൈര്യത്തെയോ ഭയത്തെയോ കീഴ്പ്പെടുത്താൻ ‘തന്നെത്തന്നെ ഉഷാറാക്കാനുളള’ ഒരു മരുന്നായി അതിനെ കാണുന്നെങ്കിലോ? രോഗശാന്തി രോഗത്തെക്കാൾ കഷ്ടമാണെന്ന് അയാൾ കണ്ടെത്തിയേക്കാം. ഒരുവന്റെ കൈവശമുളള പണം മുഴുവൻ കളളനോട്ടുകളാണെന്ന് തെളിയുന്നെങ്കിൽ അതുകൊണ്ടെന്തു പ്രയോജനം? സന്തോഷത്തിന്റെതോ ധൈര്യത്തിന്റെതോ ആയ ഒരു തോന്നൽ കൃത്രിമമാണെന്ന് തെളിയുന്നെങ്കിൽ അതുകൊണ്ടെന്തു പ്രയോജനം?
22. ഒരു റിപ്പോർട്ട് അനുസരിച്ച് ലഹരിപാനീയങ്ങളുടെ ഉപയോഗം പ്രശ്നങ്ങളിലേക്കു നയിക്കാൻ ഏററവും സാദ്ധ്യത കുറവുളളത് ഏതു സാഹചര്യങ്ങളിലാണ്?
22 ഇതിലേക്കു വെളിച്ചം വീശുന്നതും മാനസികാരോഗ്യം സംബന്ധിച്ച ദേശീയ സ്ഥാപന aത്താലുളളതുമായ ഒരു റിപ്പോർട്ട് പ്രകടമാക്കുന്നത് താഴെക്കാണുന്ന സാഹചര്യങ്ങൾ നിലവിലുളളപ്പോൾ മദ്യദുരുപയോഗത്തിന്റെ അപകടം ഉണ്ടായിരിക്കാൻ ഏററംകുറഞ്ഞ സാദ്ധ്യതയേ ഉളളു എന്നാണ്: (1) ഒരു വ്യക്തിയുടെ ലഹരി പാനീയങ്ങളുമായുളള ആദ്യ ബന്ധം (വീഞ്ഞോ ബിയറോ പോലെ) ലഹരി കുറഞ്ഞ എന്തെങ്കിലുമായിട്ടായിരിക്കുമ്പോഴും അതു ശക്തമായി കുടുംബപരമോ മതപരമോ ആയ കൂട്ടുകെട്ടിലുളളവരുടെ ഇടയ്ക്കു ഭക്ഷണത്തിന്റെ ഭാഗമായി ഭക്ഷണത്തോടൊത്ത് ആയിരിക്കുമ്പോഴും. (2) ലഹരിപാനീയങ്ങളുടെ ഉപയോഗം ഒരു പുണ്യമോ പാപമോ ആയി വീക്ഷിക്കാത്തിടത്ത്, കുടിക്കുന്നത് ഒരുവന്റെ പക്വതയുടെയോ “പുരുഷത്വ”ത്തിന്റെയോ തെളിവായി വീക്ഷിക്കാത്തിടത്ത്. (3) കുടിക്കാൻ ആരുടെമേലും സമ്മർദ്ദം പ്രയോഗിക്കാത്തിടത്ത്, ലഹരിപാനീയം നിരസിക്കുന്നത് ഒരു കഷണം റൊട്ടി നിരസിക്കുന്നതിനേക്കാൾ എന്തെങ്കിലും മോശമായ ഏർപ്പാടായി കണക്കാക്കാത്തിടത്ത്. (4) അമിതമായുളള മദ്യപാനത്തെ ഒരു “സ്റൈറലായിട്ടോ” തമാശയായിട്ടോ അനുവദിച്ചു കൊടുക്കപ്പെടേണ്ടതായിട്ടോ വീക്ഷിക്കാതെ ശക്തമായി നിരാകരിക്കപ്പെടുന്നിടത്ത്. ഒരുപക്ഷേ ഏററവും പ്രധാനമായി (5) മദ്യത്തിന്റെ ശരിയായ ഉപയോഗവും ദുരുപയോഗവും സംബന്ധിച്ച് വ്യക്തവും കൃത്യവുമായ ധാരണയുളളിടത്ത്, മാതാപിതാക്കൾ തന്നെ മിതത്വത്തിന്റെ നല്ല മാതൃക വയ്ക്കുന്നിടത്ത്.
23, 24. (എ) ലഹരിപാനീയങ്ങളുടെ ഉപയോഗം സംബന്ധിച്ച് എന്തു മാർഗ്ഗനിർദ്ദേശമാണ് ബൈബിൾ നിങ്ങൾക്കു തരുന്നത്? (സദൃശവാക്യങ്ങൾ 23:20; 6:20; 1 കൊരിന്ത്യർ 6:9, 10) (ബി) റോമർ 14:13-17, 21-ൽ നൽകപ്പെട്ടിരിക്കുന്ന ബുദ്ധിയുപദേശം ഈ സംഗതിയിൽ എങ്ങനെ ബാധകമാക്കാം?
23 തീർച്ചയായും നിങ്ങൾക്ക് ഏററവും മെച്ചവും സുരക്ഷിതവുമായ മാർഗ്ഗനിർദ്ദേശം ദൈവവചനത്തിൽ നിന്ന് ലഭിക്കുന്നു. നാം കണ്ടുകഴിഞ്ഞതുപോലെ അതു ലഹരിപാനീയങ്ങളുടെ ഉചിതമായ ഉപയോഗത്തിന്റെ ഉദാഹരണങ്ങളും അവയുടെ തെററായ ഉപയോഗത്തിനെതിരെ ശക്തമായ മുന്നറിയിപ്പും നൽകുന്നു. തങ്ങളുടെ മാതാപിതാക്കളുടെ തീരുമാനങ്ങളെ ആദരിക്കാൻ അതു യുവജനങ്ങളെ ബുദ്ധിയുപദേശിക്കുന്നു. അതുകൊണ്ട് ലഹരിപാനീയങ്ങൾ ഉപയോഗിക്കാവുന്നതെപ്പോൾ, നിങ്ങൾ ഉപയോഗിക്കണമോ വേണ്ടയോ എന്നിവ സംബന്ധിച്ച് അവർക്കു പറയാനുളളത് ശ്രദ്ധിച്ചുകൊണ്ട് ജ്ഞാനം പ്രകടമാക്കുക. മാർഗ്ഗനിർദ്ദേശം നൽകാൻ മാതാപിതാക്കളോ ബന്ധുക്കളോ കൂട്ടത്തിലില്ലാത്തപ്പോഴും യുവജനങ്ങൾ തനിയെ ആയിരിക്കുമ്പോഴും ലഹരിപാനീയങ്ങൾ ഉപയോഗിക്കുന്നതിനെ ഒഴിവാക്കുന്നത് നിങ്ങളുടെ ഭാഗത്ത് ബുദ്ധിയായിരിക്കും.
24 ജീവിതം പരമാവധി ആസ്വദിക്കുന്നതിനും നിലനിൽക്കുന്ന സന്തോഷം അനുഭവിക്കുന്നതിനും നിങ്ങൾ മാർഗ്ഗനിർദ്ദേശത്തിനായി ദൈവവചനത്തിലേക്ക് നോക്കേണ്ടതുണ്ട്. “അതുകൊണ്ട് നിങ്ങൾ തിന്നാലും കുടിച്ചാലും മറെറന്തുതന്നെ ചെയ്താലും എല്ലാം ദൈവമഹത്വത്തിനായി ചെയ്യുക.”—1 കൊരിന്ത്യർ 10:31.
[അടിക്കുറിപ്പുകൾ]
a യു. എസ്. ഡിപ്പാർട്ടുമെൻറ് ഓഫ് ഹെൽത്ത്, എഡ്യൂക്കേഷൻ ആൻഡ് വെൽഫയർ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
[അധ്യയന ചോദ്യങ്ങൾ]