പുരുഷപ്രാപ്തിയിലേക്കുളള വളർച്ച
അധ്യായം 3
പുരുഷപ്രാപ്തിയിലേക്കുളള വളർച്ച
1-6. നമ്മുടെ ജനനം വരെയുളള കാലഘട്ടത്തെ നമ്മുടെ വളർച്ചയെ സംബന്ധിക്കുന്ന ചില അത്ഭുതകരങ്ങളായ വസ്തുതകൾ ഏവ? ഇതിന്റെയെല്ലാം ബഹുമതി അർഹിക്കുന്ന ആരെങ്കിലുമുണ്ടോ? (സങ്കീർത്തനം 139:13-18)
വ്യക്തികളെന്ന നിലയിൽ നാം ഓരോരുത്തരുടെയും തുടക്കം എങ്ങനെയായിരുന്നു എന്ന് നോക്കുന്നതിൽ നിന്ന് നമുക്ക് പ്രയോജനം അനുഭവിക്കാൻ കഴിയും. ഇതേപ്പററി ചിന്തിക്കുക: ഏതാനും വർഷങ്ങൾക്കു മുൻപ് നിങ്ങൾ, ഈ വാചകത്തിന്റെ അവസാനത്തിൽ കാണുന്ന വിരാമ ചിഹ്നത്തേക്കാൾ ചെറിയ ഒരു ഏകകോശ ഭ്രൂണം മാത്രമായിരുന്നു. ആ ചെറിയ തുടക്കത്തിൽനിന്ന് നിങ്ങൾ നിങ്ങളുടെ അമ്മയുടെ ഗർഭാശയത്തിനുളളിൽ വളരുവാൻ തുടങ്ങി. ക്രമേണ, ചിന്തിക്കാൻ മസ്തിഷ്ക്കം, കാണാൻ കണ്ണുകൾ, കേൾക്കാൻ കാതുകൾ, അതുപോലെ അത്ഭുതകരങ്ങളായ മററനേകം അവയവങ്ങൾ സഹിതം നിങ്ങളുടെ ശരീരം പൂർത്തിയാക്കപ്പെട്ടു. ഈ അത്ഭുതാവഹമായ വളർച്ച എങ്ങനെയുണ്ടായി?
2 നിങ്ങളെ നിർമ്മിക്കാനൊരു രൂപരേഖ നിങ്ങളുടെ മാതാപിതാക്കൻമാർ തയ്യാറാക്കിയില്ല. മറിച്ച്, നിങ്ങളുടെ പിതാവിൽ നിന്നുളള ഒരു ബീജകോശം മാതാവിന്റെ ഗർഭാശയത്തിനുളളിലെ ഒരു അണ്ഡകോശവുമായി സംയോജിച്ചുണ്ടായ ഭ്രൂണത്തിലാണ് ഇതൊക്കെയും നിർവ്വഹിക്കപ്പെട്ടത്. നിങ്ങളായിത്തീർന്ന ആ പുത്തൻ വ്യക്തിക്കുവേണ്ടി മിനിററുകൾക്കകം ആ ചെറിയ കോശത്തിൽ രൂപരേഖകൾ തയ്യാറാക്കപ്പെട്ടു!
3 നിങ്ങളെ രൂപപ്പെടുത്തുന്നതിനാവശ്യമായ എല്ലാ വിവരങ്ങളും ആ ചെറിയ ഏകകോശ ഭ്രൂണത്തിലെ DNA a-യിൽ കാണപ്പെടുന്നു. ഓരോ കോശത്തിലും കാണപ്പെടുന്ന പതിനായിരക്കണക്കിനു ജീനുകളിലെ (പാരമ്പര്യവാഹികളിലെ) അടിസ്ഥാന വസ്തു DNA യാണ്. ഈ ജീനുകൾ ഇരുപത്തിമൂന്നു ഗണം ക്രോമോസോമുകളായി (മർമ്മതന്തുക്കളായി) ഇണച്ചു ചേർക്കപ്പെട്ടിരിക്കുന്നു. ഒരു കോശത്തിൽ ശേഖരിച്ചു വയ്ക്കപ്പെട്ടിരിക്കുന്ന വിവരങ്ങൾ മാനുഷ ഭാഷയിൽ എഴുതാൻ ഒരു മുറി നിറയേ പുസ്തകങ്ങൾ വേണ്ടിവരും. ഈ വിശദവിവരങ്ങളെല്ലാം ശരീരത്തിലെ ഓരോ പുതിയ കോശത്തിലേക്കും എത്തിച്ചുകൊടുക്കപ്പെടുന്നു എന്നതാണ് ഒരുപക്ഷേ അതിലേറെ അതിശയകരമായ സംഗതി. അതുകൊണ്ട് ആദ്യകോശത്തിലുണ്ടായിരുന്ന അതേ വിവരങ്ങൾ ഓരോ പുതിയ കോശത്തിനും ലഭ്യമാണ്!
4 എന്നാൽ നിങ്ങൾ ചോദിച്ചേക്കാം: ഒരു മമനുഷ്യന്റെ ഓരോ വ്യത്യസ്ത ശരീരഭാഗങ്ങളും നിർമ്മിക്കുന്നതിനാവശ്യമായ വിവരങ്ങൾ മാത്രം, അത് ആവശ്യമുളളപ്പോൾമാത്രം തെരഞ്ഞെടുത്തുപയോഗിക്കാൻ DNA യ്ക്കു എങ്ങനെയാണ് കഴിയുക? ഉദാഹരണത്തിന്, ഒരു കണ്ണു നിർമ്മിക്കുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ മാത്രം തെരഞ്ഞെടുക്കാൻ അതിനെങ്ങനെയാണ് കഴിയുക? അത് ഒരു കണ്ണു നിർമ്മിച്ചുകൊണ്ടിരിക്കുമ്പോൾ കാതുകളും വൃക്കകളും കരളും മററും നിർമ്മിക്കുന്നതിനാവശ്യമായ വിവരങ്ങളെ ഒഴിച്ചു നിർത്തുന്നതെങ്ങനെയാണ്?
5 അത് ഒരു രഹസ്യമാണ്. മനുഷ്യർക്ക് അതു കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. ശ്രേഷ്ഠതയുളള ഒരു സ്രഷ്ടാവിന്റെ ആസൂത്രണമാണത്! ബൈബിളെഴുത്തുകാരിൽ ഒരാൾ തനിക്ക് മനുഷ്യശരീരത്തെപ്പററി അറിയാവുന്നതുവച്ചുകൊണ്ട് ദൈവത്തോടിങ്ങനെ പറഞ്ഞു: “ഭയജനകമായ ഒരു രീതിയിൽ അത്ഭുതകരമായി എന്നെ സൃഷ്ടിച്ചിരിക്കയാൽ ഞാൻ നിന്നെ സ്തുതിക്കുന്നു. എന്റെ ദേഹി നന്നായി അറിയുന്നതുപോലെ നിന്റെ പ്രവൃത്തികൾ അത്ഭുതകരങ്ങളാകുന്നു.” (സങ്കീർത്തനം 139:14) നിങ്ങൾക്ക് തോന്നുന്നത് അങ്ങനെയാണോ?
6 വെറും ഒൻപതു മാസം കൊണ്ട്, ഒരു ഏകകോശ ഭ്രൂണമായി ആരംഭിച്ച നിങ്ങൾ ഏതാണ്ട് 20 കോടി കോശങ്ങളടങ്ങിയ സങ്കീർണ്ണമായ ഒരു രൂപകൽപ്പനയായി, പൂർണ്ണ വളർച്ച പ്രാപിച്ച ഒരു ശിശുവായിത്തീർന്നു. നിങ്ങളുടെ വളർച്ച പിന്നീട് ഒരിക്കലും അത്ര ദ്രുതഗതിയിലായിരിക്കയില്ല. എന്നാൽ നിങ്ങളുടെ ജനനത്തിനു ഏതാണ്ട് പതിമൂന്നോ പതിനാലോ വർഷങ്ങൾക്കുശേഷം പൊടുന്നനേയുളള വളർച്ചയുടെ മറെറാരു ഘട്ടം ആരംഭിക്കുന്നു. ആ പ്രത്യേക ഘട്ടത്തിൽ നിങ്ങൾ കൗമാരദശയിൽ നിന്ന് ഒരു പുരുഷനായി b മാറാൻ തുടങ്ങുന്നു. യൗവനം എന്നു വിളിക്കപ്പെടുന്ന, പരിവർത്തനത്തിന്റെ ഈ ഘട്ടം കുറെ വർഷങ്ങൾ നീണ്ടു നിൽക്കുന്നു. നിങ്ങൾ ശാരീരിക പക്വതയിലെത്തുമ്പോൾ, സാധാരണയായി ഇരുപതു വയസ്സിനും ഇരുപത്തിമൂന്നു വയസ്സിനുമിടയ്ക്കു അത് അവസാനിക്കുന്നു. ഇതു നിങ്ങളുടെ ജീവിതത്തിലെ ഏററം എളുപ്പമുളള കാലഘട്ടമല്ല, എന്നാൽ അതു വളരെ വളരെ പ്രധാനപ്പെട്ടതാണ്. നിങ്ങളുടെ ഭാവി വളർച്ചയെ സംബന്ധിച്ചിടത്തോളം ഇതു ഒരു പരീക്ഷണഘട്ടം തന്നെയാണ്.
താരുണ്യത്തിലെ മാററങ്ങൾ
7-12. (എ) താരുണ്യത്തിൽ ഒരു ആൺകുട്ടിയിൽ എന്തു മാററങ്ങൾ ഉണ്ടാകുന്നു? ഈ മാററങ്ങൾ സംബന്ധിച്ച് ഉൽക്കണ്ഠപ്പെടേണ്ടയാവശ്യമുണ്ടോ? (ബി) ഒരു യുവാവിന് താൻ ഒരു പിതാവാകാൻ തക്കവണ്ണം തന്റെ ലൈംഗികാവയവം വളർച്ചയിലെത്തിയിരിക്കുന്നു എന്ന് എങ്ങനെ തിരിച്ചറിയാൻ കഴിയും?
7 യൗവനത്തിന്റെ ആദ്യഘട്ടമാണ് താരുണ്യം. കൃത്യമായിപ്പറഞ്ഞാൽ ലൈംഗിക പക്വതയുടെ ലക്ഷണങ്ങൾ പ്രത്യക്ഷമാകുന്ന പ്രായം. ഇതു സാധാരണയായി ആൺകുട്ടികൾക്കു പതിന്നാലു വയസ്സും പെൺകുട്ടികൾക്ക് പന്ത്രണ്ടു വയസ്സുമായി കണക്കാക്കപ്പെട്ടിരിക്കുന്നു. എന്നാൽ സാധാരണ ഗതിയിൽപോലും ഇതിന് വിപുലമായ വ്യതിയാനങ്ങൾ ഉണ്ടാകാറുണ്ട്. പതിനൊന്നാമത്തെയോ പന്ത്രണ്ടാമത്തെയോ വയസ്സിൽ നിങ്ങളുടെ താരുണ്യം ആരംഭിച്ചിരിക്കാം, അല്ലെങ്കിൽ പതിനഞ്ചോ പതിനാറോ വയസ്സായിട്ടും ലൈംഗിക പക്വത പ്രാപിക്കാൻ തുടങ്ങിയിട്ടില്ലായിരിക്കാം. നേരത്തെയോ, താമസിച്ചോ പക്വത പ്രാപിക്കുന്നത് അസാധാരണമല്ല. അതിനാൽ അതു സംബന്ധിച്ച് ഉൽക്കണ്ഠപ്പെടേണ്ടയാവശ്യമില്ല. താരുണ്യത്തിൽ നിങ്ങൾക്ക് പ്രതീക്ഷിക്കാവുന്ന ചില പ്രശ്നങ്ങൾ എന്തൊക്കെയാണ്?
8 നിങ്ങൾക്ക് ഒരുതരം വിലക്ഷണതയും സമീകരണമില്ലായ്മയും അനുഭവപ്പെട്ടേക്കാം എന്നതാണ് ഒരു സംഗതി. നിങ്ങളുടെ അസ്ഥികൾക്ക് ദൈർഘ്യം വർദ്ധിക്കുന്നതിനൊപ്പം നിങ്ങളുടെ മാംസപേശികൾക്ക് വലിവ് അനുഭവപ്പെടുന്നതാണ് അതിനുകാരണം. ചില ശരീര ഭാഗങ്ങളുടെ വളർച്ച വളരെ വേഗത്തിലും മററു ചിലവയുടേത് സാവധാനത്തിലുമാണെന്ന് തോന്നിയേക്കാം. എന്നാൽ അതിന്റെ ഫലമായുണ്ടാകുന്ന വിലക്ഷണത പെട്ടെന്നുതന്നെ മാറും. ഇതിൽ ഉൽക്കണ്ഠപ്പെടാനൊന്നുമില്ല. എന്നാൽ ഒരുപക്ഷേ ചില അപകടങ്ങൾ മൂലം ഉണ്ടാകുന്ന ഉപദ്രവങ്ങളിൽനിന്ന് നിങ്ങളെത്തന്നെ രക്ഷിക്കുന്നതിന് നിങ്ങൾ കൂടുതലായ ശ്രദ്ധ കൊടുക്കുന്നത് പ്രയോജനപ്രദമാണ്.
9 ദൈർഘ്യം വർദ്ധിക്കുന്ന ശരീരഭാഗങ്ങളിൽ സ്വനതന്തുക്കളും ഉൾപ്പെടുന്നു. തന്തുക്കളുടെ കൂടുതലായ നീളം നിങ്ങളുടെ സ്വരം ഘനമുളളതായിത്തീരാൻ ഇടയാക്കുന്നു, എന്നാൽ വളർച്ചയുടെ ഈ ഘട്ടത്തിൽ നിങ്ങളുടെ സ്വരം പലപ്പോഴും അപ്രതീക്ഷിതമായി ഉച്ചസ്ഥായിയിലെത്തുകയും നിങ്ങൾ ഒരുതരം “പൊട്ടസ്വരം” പുറപ്പെടുവിക്കുകയും ചെയ്തേക്കാം. ഇതും താരുണ്യത്തിലെ “വളർച്ചയുടെ അസുഖകരമായ” അനുഭവങ്ങളുടെ ഭാഗമാണ്. അതുകൊണ്ട് അപ്രകാരം സംഭവിക്കുകയും മററുളളവർക്ക് അതു രസകരമായി തോന്നുകയും ചെയ്യുമ്പോൾ അവരോടൊപ്പം ചിരിക്കുക. അപ്പോൾ നിങ്ങളുടെ സംഭ്രമം പെട്ടെന്നു തന്നെ മാറിക്കൊളളും.
10 ഈ ശാരീരിക വ്യതിയാനങ്ങൾക്ക് പിന്നിലുളളത് നിങ്ങളുടെ ശരീരത്തിലെ കൃകപിണ്ഡഗ്രന്ഥി, വൃക്കഗ്രന്ഥി, ബീജഗ്രന്ഥി എന്നിവയുൾപ്പെടെയുളള ഗ്രന്ഥികളാണ്. അവ ഇനിയും പലേ മാററങ്ങൾക്കും ഇടയാക്കുന്നു. ജനനേന്ദ്രിയത്തിനു ചുററിലും കക്ഷത്തിലും മാർവ്വിലും രോമം വളരുന്നതാണ് അതിലൊന്ന്. ഇത് വ്യത്യസ്ത വ്യക്തികളിൽ വ്യത്യസ്ത തോതിലായിരുന്നേക്കാം. ഇത് ഒരു പ്രകാരത്തിലും നിങ്ങളുടെ “പുരുഷത്വ”ത്തിന്റെ അളവുകോലായിരിക്കുന്നില്ല. നിങ്ങളുടെ മുഖത്തും രോമം പ്രത്യക്ഷമാകുന്നു. അത് അപ്പോഴും വെറും “പൊടിമീശ” മാത്രമാണെങ്കിലും ആദ്യമായി മുഖം വടിക്കുന്ന ആ അനുഭവം അടുത്തുവരികയാണ്.
11 പുരുഷത്വത്തിലേക്കു വളരുന്ന ആൺകുട്ടികളെ സംബന്ധിച്ചിടത്തോളം ഒരുപക്ഷേ അവരെ ഏററം കുഴക്കുന്ന മാററം അവരുടെ ജനനേന്ദ്രിയങ്ങളെ അഥവാ ലൈംഗികാവയവങ്ങളെ സംബന്ധിക്കുന്നതാണ്. താരുണ്യത്തിൽ അവ പൂർണ്ണവളർച്ചയിലെത്തുന്നു എന്നു മാത്രമല്ല പ്രവർത്തനക്ഷമം ആകുകയും ചെയ്യുന്നു. ബൈബിൾ ലേവ്യാപുസ്തകം 15:16, 17-ലെ ‘ബീജസ്ഖലനത്തെ’ പരാമർശിക്കുന്നു. നിങ്ങളുടെ മാതാപിതാക്കൾ ഈ കാര്യം സംബന്ധിച്ച് നേരത്തെ നിങ്ങളോട് സംസാരിച്ചിട്ടില്ലെങ്കിൽ ആദ്യത്തെ ബീജസ്ഖലനം നിങ്ങളെ അല്പം വിഷമിപ്പിക്കുന്ന ഒരു അനുഭവമായിരുന്നേക്കാം. എന്നാൽ അത്തരം സ്ഖലനത്തിന് ഇടയാക്കുന്നതു എന്താണ്?
12 നിങ്ങൾ ഒരു പിതാവാകാൻ തക്ക വളർച്ചയിലെത്തുമ്പോൾ നിങ്ങളുടെ ലൈംഗികാവയവം ബീജം എന്നറിയപ്പെടുന്ന ഒരു ദ്രാവകം സ്രവിപ്പിക്കാൻ തുടങ്ങുന്നു. അതിന് ജലത്തേക്കാൾ സാന്ദ്രത കൂടുതലാണ്. അത് അധികമില്ലെങ്കിലും അതിൽ ലക്ഷക്കണക്കിന് അതിസൂക്ഷ്മങ്ങളായ ബീജകോശങ്ങൾ അടങ്ങിയിരിക്കുന്നു. ഇതിൽ ഏതെങ്കിലും ഒരു കോശത്തിന് ഒരു സ്ത്രീയുടെ അണ്ഡകോശവുമായി സംയോജിച്ച് അത് ഒരു കുട്ടിയായി വളർന്നുവരാൻ ഇടയാക്കാൻ കഴിയും. ഇടയ്ക്കിടയ്ക്കു ഏതാണ്ട് ക്രമമായിത്തന്നെ നിങ്ങളുടെ ശരീരം ഇത്തരം ബീജം നിർഗ്ഗമിപ്പിക്കുന്നു. ഇതു സാധാരണയായി ഉറക്കത്തിൽ നിങ്ങൾ സ്വപ്നം കാണുമ്പോഴാണ് സംഭവിക്കുക.
ലൈംഗികതയുടെ ഉദ്ദേശ്യം
13-15. (എ) എന്തുദ്ദേശ്യത്തിലാണ് ദൈവം മനുഷ്യന് ലൈംഗിക താല്പര്യം നല്കിയിരിക്കുന്നത്? അതു നിയന്ത്രിക്കാൻ ദൈവം നിയമങ്ങൾ വെച്ചതെന്തുകൊണ്ട്? (എബ്രായർ 13:4) (ബി) ലൈംഗിക കാര്യങ്ങൾ സംബന്ധിച്ച് വിശ്വസനീയമായ വിവരം ലഭിക്കാവുന്നത് മിക്കവാറും എവിടെ നിന്നാണ്? (സദൃശവാക്യങ്ങൾ 6:20)
13 ഒരു പുരുഷന് ഒരു സ്ത്രീയോട് ആഴമായ സ്നേഹം പ്രകടമാക്കാൻ കഴിയേണ്ടതിനും അയാൾ അവരുടെ മക്കളുടെ പിതാവായിരിക്കേണ്ടതിനും വേണ്ടിയാണ് നമ്മുടെ സ്രഷ്ടാവ് ലൈംഗിക താൽപര്യത്തോടുകൂടി നമ്മെ സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ പരസ്പരം വിവാഹ ബന്ധത്തിലായിരിക്കുന്ന സ്ത്രീയും പുരുഷനും തമ്മിൽ മാത്രമേ ലൈംഗികബന്ധം പാടുളളു എന്നു വ്യക്തമാക്കാൻ ദൈവം അതു സംബന്ധിച്ചു നിയമങ്ങൾ വച്ചു. ഭൂമിയിൽ ജനിക്കുന്ന ഓരോ ശിശുവിനും അതിനെ പോററിപ്പുലർത്താനുളള മുഴു ഉത്തരവാദിത്വവും വഹിക്കാൻ ഒരു പിതാവും മാതാവും ഉണ്ടായിരിക്കണം എന്ന് ദൈവം ഉദ്ദേശിച്ചതിനാലാണ് അങ്ങനെ ചെയ്തത്. അതുകൊണ്ട് അവിവാഹിതരായ ആളുകൾ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് ദൈവദൃഷ്ടിയിൽ തെററാണ്.
14 മറിച്ച്, വിവാഹിതർക്ക് ലൈംഗിക ബന്ധം പരസ്പരസ്നേഹം പ്രകടമാക്കാനുളള വിസ്മയാവഹമായ ഒരു മാർഗ്ഗമാണ്. തന്റെ ലൈംഗികാവയവം സ്വാഭാവികമായും ഭാര്യയുടെ ജനനേന്ദ്രിയത്തിൽ കടത്താൻ തക്കവണ്ണം ഭർത്താവ് ഭാര്യയോട് പററിച്ചേർന്നു കിടക്കുന്നു. അത് ഇരുവർക്കും വളരെയേറെ സുഖം നൽകുന്നു. ഈ പ്രക്രിയയിൽ ഭർത്താവിന്റെ ശരീരത്തിൽനിന്ന് ബീജകോശങ്ങൾ ലിംഗത്തിലൂടെ കടന്ന് ഭാര്യയുടെ ജനനേന്ദ്രിയത്തിൽ എത്തിച്ചേരുന്നു. ഈ കോശങ്ങൾ ജനനനാളത്തിലൂടെ മുൻപോട്ടു നീങ്ങുന്നു. ഭാര്യയിൽ പാകമായ ഒരു അണ്ഡകോശമുണ്ടെങ്കിൽ പുരുഷകോശത്തിലൊന്നു അതുമായി സന്ധിക്കുകയും അങ്ങനെ പരിപുഷ്ടിപ്പെടുത്തപ്പെട്ട അണ്ഡം ഒരു ശിശുവായി വളരാനാരംഭിക്കുകയും ചെയ്തേക്കാം. കണ്ടോ, ജീവൻ നിലനിർത്തുകയെന്ന പവിത്രമായ ഉദ്ദേശ്യത്തോടെയാണ് ദൈവം ലൈംഗികാവയവങ്ങൾ രൂപപ്പെടുത്തിയത്. അതുകൊണ്ടാണ് അവ ദൈവിക നിയമങ്ങൾക്ക് അനുസൃതമായി ഉപയോഗിക്കപ്പെടുന്നത് ഉചിതമായിരിക്കുന്നത്.
15 ലൈംഗികമായ വളർച്ചയെ സംബന്ധിച്ച നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാനുളള ഏററം മെച്ചമായ മാർഗ്ഗം നിങ്ങളുടെ മാതാപിതാക്കളോട്, പ്രത്യേകിച്ചും പിതാവിനോട് ചോദിക്കുക എന്നതാണ്. നിങ്ങൾക്ക് അനുഭവവേദ്യമായതെന്തും, അതിൽ വളരെയധികവും, നിങ്ങളുടെ പിതാവിന് ഇതിനോടകം അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ട്. കൂടാതെ, മററു യുവജനങ്ങൾ നിങ്ങൾക്കു നൽകുന്ന അറിവ് അർദ്ധസത്യങ്ങൾ മാത്രമായിരുന്നേക്കാം, കുറെ വസ്തുതകളും അതിലേറെ കെട്ടുകഥകളും. എന്നാൽ നിങ്ങൾക്കു സഹായകമായതും നിങ്ങളുടെ നൻമയ്ക്കു ഉതകുന്നതുമായ വിലപ്പെട്ട വിവരങ്ങൾ നൽകാൻ നിങ്ങളുടെ പിതാവിന് കഴിയേണ്ടതാണ്. ദൈവവചനത്തെ അടിസ്ഥാനമാക്കിയുളള വിവരങ്ങളോ ഉപദേശമോ പറഞ്ഞുതരാൻ പററിയ അവസ്ഥയിലല്ല നിങ്ങളുടെ പിതാവെങ്കിൽ, ദൈവവചനം എന്തു പറയുന്നു എന്നറിയുന്നത് സുപ്രധാനമാണ്. യഹോവയുടെ സാക്ഷികളുടെ ഏതെങ്കിലും സഭയിലെ മൂപ്പൻമാർ നിങ്ങളെ സഹായിക്കാൻ കഴിയുന്നതിൽ സന്തോഷമുളളവരാണെന്ന് നിങ്ങൾ കണ്ടെത്തും.
നിങ്ങളെത്തന്നെ ഉത്തരവാദിത്വമുളളവരെന്ന് തെളിയിക്കുക
16-18. (എ) ഏതു വിധങ്ങളിലാണ് നിങ്ങളുടെ മാതാപിതാക്കൻമാർ ഒരളവുവരെയുളള സ്വാതന്ത്ര്യം അനുഭവിക്കാൻ നിങ്ങളെ പ്രോത്സാഹിപ്പിച്ചിട്ടുളളത്? അത്തരം പദവികളെ നിങ്ങൾ ഉപയോഗിക്കുന്ന വിധം നിങ്ങളുടെ ഭാവി അവസരങ്ങളെ ബാധിച്ചേക്കാവുന്നതെങ്ങനെ? (ബി) പല ചെറുപ്പക്കാരും “സംഘം” ചേരുന്നതെന്തിന്? ഇത് എന്തിലേക്കു നയിച്ചേക്കാം? (1 കൊരിന്ത്യർ 15:33)
16 നിങ്ങൾ പുരുഷപ്രാപ്തിയോടടുക്കുമ്പോൾ, നിങ്ങൾ സ്വന്തമായി സവിശേഷതകളുളള ഒരു വ്യക്തിയാണെന്ന് വിചാരിക്കുന്നതും അതു മററുളളവരാൽ അംഗീകരിക്കപ്പെടാൻ ആഗ്രഹിക്കുന്നതും സ്വാഭാവികമാണ്. ഒരു പരിധിവരെയുളള സ്വാതന്ത്ര്യം ഉണ്ടായിരിക്കാൻ ആഗ്രഹിക്കുക എന്നതും സ്വാഭാവികം മാത്രം. നിങ്ങൾ തികച്ചും സ്വതന്ത്രരായിരിക്കാവുന്ന ഒരു സമയത്തേക്ക് നിങ്ങളെ ഒരുക്കുന്നതിനും നിങ്ങളുടെ മാതാപിതാക്കൾ തുടക്കമിട്ടേക്കാം. എങ്ങനെ?
17 നിങ്ങൾ ചെയ്യാനുളള കാര്യങ്ങളെ സംബന്ധിച്ച് ചില തീരുമാനങ്ങൾ എടുക്കുന്നതിൽ പങ്കുപററാൻ കൂടുതലായ പദവിയും ഉത്തരവാദിത്വവും നിങ്ങൾക്ക് ക്രമേണ നൽകുന്നതിനാൽതന്നെ. സ്കൂളിൽ പഠിക്കാനുളള ചില വിഷയങ്ങളെ സംബന്ധിച്ച് നിങ്ങളുടെ താല്പര്യം പ്രകടമാക്കാൻ അവർ നിങ്ങളെ ക്ഷണിച്ചേക്കാം. അല്ലെങ്കിൽ ഒരു അംശകാല ജോലി ചെയ്യാൻ അവർ നിങ്ങളെ അനുവദിച്ചേക്കാം. നിങ്ങളുടെ സ്വന്തം ആവശ്യത്തിനുളള ചില സാധനങ്ങൾ വാങ്ങാൻ സമ്മതിച്ചേക്കാം. ഈ കാര്യത്തിൽ എന്തുതന്നെ ഉചിതം എന്ന് നിങ്ങളുടെ മാതാപിതാക്കൾ കരുതിയാലും നിങ്ങൾ ഉത്തരവാദിത്വങ്ങൾ വഹിക്കാൻ അർഹനാണ് എന്ന് തെളിയിക്കേണ്ടത് നിങ്ങളാണ്. നിങ്ങൾ തികച്ചും ബാലിശമായി പെരുമാറുകയോ “തലക്കനം” ഭാവിക്കുകയോ ചെയ്താൽ നിങ്ങൾ കുറച്ചുകൂടി പക്വത പ്രകടമാക്കുന്നതുവരെ നിങ്ങളുടെ സ്വാതന്ത്ര്യം അവർ കുറവു ചെയ്യേണ്ടത് ആവശ്യമായി വന്നേക്കാം.
18 സ്വന്തം വ്യക്തിത്വം അംഗീകരിക്കപ്പെടുന്നതിനും കൂടുതലായ സ്വാതന്ത്ര്യത്തിനും ഉളള ആഗ്രഹത്തോടൊപ്പം സ്വാഭാവികമായ മററു ചില ആഗ്രഹങ്ങളും ഉണ്ടാകുന്നു. നിങ്ങളുടെ കഴിവുകളെയും നേട്ടങ്ങളെയും മററുളളവർ വിലമതിക്കേണ്ട ആവശ്യം നിങ്ങൾക്ക് അനുഭവപ്പെടുന്നു. തങ്ങളുടെ വ്യക്തിത്വം അംഗീകരിപ്പിക്കുന്നതിനും ‘തങ്ങളും എന്തിന്റെയെങ്കിലും ഭാഗമായിരിക്കുന്നതിനും’ ആഗ്രഹിക്കുന്നതിനാൽ ചില യുവാക്കൾ ഒത്തുചേർന്ന് “സംഘങ്ങൾ” ഉണ്ടാക്കുന്നു. അങ്ങനെയുളള സംഘങ്ങൾ സാധാരണയായി അവരുടെ സ്വന്തം പെരുമാററ ചട്ടങ്ങൾ നിർമ്മിക്കുന്നു. അവ മിക്കപ്പോഴും തെററായ ഗതിയിലേക്കും ചിലപ്പോൾ ഗൗരവമായ കുററകൃത്യങ്ങളിലേക്കും നയിക്കുന്നു എന്നാണ് വസ്തുതകൾ വ്യക്തമാക്കുന്നത്. യുവജനങ്ങൾ കുഴപ്പത്തിൽ ചാടുമ്പോൾ മിക്കവാറും മറേറതൊരു ഘടകത്തേക്കാളും ചീത്ത കൂട്ടുകെട്ടാണ് അതിന്റെ മൂലകാരണം.
19, 20. നിങ്ങളുടെ മാതാപിതാക്കൻമാരുമായി ഒരു നല്ല ബന്ധം ഉണ്ടായിരിക്കുന്നത് പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്? എന്തിന് അതിനെ നശിപ്പിക്കാൻ കഴിയും? (സദൃശവാക്യങ്ങൾ 23:24, 25)
19 പ്രായപൂർത്തിയാകുമ്പോൾ നിങ്ങൾ കാഴ്ചയ്ക്കു എങ്ങനെയിരിക്കും എന്നതിന്റെ ഏകദേശരൂപം ഈ ഘട്ടത്തിൽ വ്യക്തമായി വരുന്നു. എന്നാൽ അകമേ നിങ്ങൾ എങ്ങനെയുളള ഒരാളായിരിക്കും എന്നും ഇപ്പോൾ കൂടുതൽ കൂടുതൽ ചിന്തിച്ചു തുടങ്ങണം. ബൈബിൾ അതിനെ “ഹൃദയത്തിന്റെ ഗൂഢമനുഷ്യൻ” എന്നു വിളിക്കുന്നു. (1 പത്രോസ് 3:4) കൂടുതലായ സ്വാതന്ത്ര്യത്തിനു വേണ്ടിയുളള താല്പര്യം നിങ്ങളെ മാതാപിതാക്കളിൽ നിന്നും മററു കുടുംബാംഗങ്ങളിൽനിന്നും ഏതെങ്കിലും വിധത്തിൽ വേർപെടുത്താൻ ഈ ഘട്ടത്തിൽ അനുവദിച്ചുകൂടാ. താരുണ്യത്തിൽ നിങ്ങൾക്ക് അനുഭവവേദ്യമാകുന്ന മാററങ്ങളും നിങ്ങൾക്ക് അനുഭവപ്പെടുന്നതും നിങ്ങൾ നിയന്ത്രിക്കാൻ പഠിക്കേണ്ടതുമായ പ്രേരണകളും വാസ്തവത്തിൽ നിങ്ങൾക്ക് മാതാപിതാക്കൻമാരുടെ സ്നേഹവും നിങ്ങളെ നേർവഴിക്കു നടത്താൻ അവരുടെ സ്വാധീനവും കൂടുതൽ ആവശ്യമാക്കിത്തീർക്കുന്നു.
20 അതുകൊണ്ട് നിങ്ങൾ പുരുഷപ്രാപ്തിയിലേക്കു വളരുമ്പോൾ മാതാപിതാക്കളിൽനിന്നും അകന്നുമാറി നിങ്ങൾക്കും അവർക്കുമിടയ്ക്കു ഒരു വിടവ് വളരാൻ അനുവദിക്കുന്നതിനു പകരം അവരോട് കൂടുതൽ അടുത്ത് അവരിൽ നിന്ന് പരമാവധി പഠിക്കാൻ ശ്രമിക്കുക. ഇതേപ്പററി നിങ്ങൾ ഒരിക്കലും ഖേദിക്കേണ്ടി വരികയില്ല. നിങ്ങൾ അവർക്ക് യഥാർത്ഥ സന്തോഷവും നിങ്ങളെപ്പോലെ ഒരാൾ പുത്രനായി ഉണ്ടായിരിക്കുന്നതിൽ അഭിമാനവും കൈവരുത്തും.
[അടിക്കുറിപ്പുകൾ]
a DNA എന്നത് ഡിഓക്സിറിബോന്യൂക്ലേയിക് ആസിഡ് എന്നതിന്റെ ഹ്രസ്വരൂപമാണ്.
b അടുത്ത അദ്ധ്യായം പെൺകുട്ടികളുടെ സ്ത്രീത്വത്തിലേക്കുളള വളർച്ച ചർച്ച ചെയ്യുന്നു.
[അധ്യയന ചോദ്യങ്ങൾ]
[19-ാം പേജിലെ ചിത്രം]
വെറും ഒൻപതു മാസംകൊണ്ട് ഒരൊററ കോശം ഒരു ശിശുവായിത്തീരുന്നു