ലൈംഗിക സദാചാരം അർത്ഥമുളളതോ?
അധ്യായം 18
ലൈംഗിക സദാചാരം അർത്ഥമുളളതോ?
1-3. വിവാഹത്തിനു മുൻപേയുളള ലൈംഗിക ബന്ധങ്ങളെ സംബന്ധിച്ച് ലോകത്തിലുളള അനേകം ആളുകൾ എന്തു വിചാരിക്കുന്നു?
വിവാഹത്തിന് മുമ്പ്, ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെടാനുളള സമ്മർദ്ദങ്ങൾ ഇന്ന് പലേടങ്ങളിലും ശക്തമാണ്. വാസ്തവത്തിൽ ലോകം ഇന്നൊരു “ലൈംഗിക വിപ്ലവ”ത്തിന്റെ പിടിയിലാണ്. ന്യൂയോർക്ക് ഡെയ്ലി ന്യൂസ് വിശദീകരിക്കുന്നു: “വിവാഹം കൂടാതെയുളള ലൈംഗികബന്ധങ്ങൾ ഇന്ന് മാതാപിതാക്കൻമാരാലും കലാലയാധികൃതരാലും പൊതുജനങ്ങളാലും പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. അപ്രതിരോധ്യമായ വേലിയേററത്തെ തടയാൻ ശ്രമിക്കുന്നത് പ്രയോജനരഹിതമാണെന്ന മട്ടിൽ ഇന്ന് അധാർമ്മികതയോട് ആളുകൾ ഒരുതരം സഹിഷ്ണുത പുലർത്തുകയാണ്.”
2 തങ്ങൾ ഇഷ്ടപ്പെടുന്ന ആരുമായും തങ്ങൾക്കിഷ്ടപ്പെട്ട വിധങ്ങളിലും ലൈംഗികബന്ധങ്ങളിലേർപ്പെടാനുളള അവകാശത്തിനായി ഇന്ന് അനേകർ മുറവിളി കൂട്ടുകയാണ്. അത്തരം മനോഭാവങ്ങൾ പലരേയും അനിശ്ചിതത്വത്തിലേക്ക് തളളിവിട്ടിരിക്കുന്നു. ഒരു ഡെയിററിംഗിൽ തനിക്കു നേരിടേണ്ടി വന്നതും മററുളളവർക്കും അനുഭവപ്പെടാനിടയുളളതുമായ ഒരു പ്രശ്നത്തെപ്പററി ഒരു കോളേജ് വിദ്യാർത്ഥിനി പറയുന്നു: “എന്തുകൊണ്ടായികൂടാ? എന്നയാൾ ചോദിക്കുമായിരുന്നു. ധാർമ്മികശുദ്ധിയുടെ പ്രാധാന്യം അയാൾക്ക് വിവരിച്ചുകൊടുക്കാൻ ഡെയിററിംഗിന്റെ പകുതി സമയം ഞാൻ ചെലവഴിക്കുമായിരുന്നു. എന്നാൽ അതിനുശേഷം എന്തുകൊണ്ടായികൂടാ? എന്ന് ഞാൻ എന്നോടു തന്നെ ചോദിക്കുമായിരുന്നു.” “എന്തുകൊണ്ടായിക്കൂടാ?” എന്ന് നിങ്ങളും ചിന്തിച്ചിട്ടുണ്ടായിരിക്കുമോ? ലൈംഗിക സദാചാരം യഥാർത്ഥത്തിൽ അർത്ഥവത്താണോ?
3 ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെടുന്നതിന് തങ്ങൾക്ക് കായികമായ പ്രാപ്തിയുളളതിനാലും പറഞ്ഞുകേൾവിയനുസരിച്ച് അതു ‘വളരെ രസകര’മാണെന്നുളളതിനാലും അവർക്ക് അതിൽ ഏർപ്പെടാമെന്ന് യുവജനങ്ങൾ പൊതുവെ വിശ്വസിക്കുന്നു. എന്നാൽ യഥാർത്ഥത്തിൽ അങ്ങനെ തന്നെയാണോ? വിവാഹത്തിനു മുൻപുളള ലൈംഗികത ഉചിതമാണോ? ജീവിതം വിലപ്പെട്ടതാക്കിത്തീർക്കാൻ അതു സഹായിക്കുമോ?
നല്ല ഫലങ്ങളോ ചീത്തയോ?
4-7. (എ) വിവാഹത്തിനു മുൻപേ ലൈംഗിക ബന്ധങ്ങളിലേർപ്പെടുന്നതിനാലുണ്ടാകാവുന്ന സാധാരണ ഫലങ്ങളിൽ ചിലത് ഏവ? (ബി) ലൈംഗികമായ അയഞ്ഞ നടത്ത ഒരു “പുതിയ” ധാർമ്മികതയല്ല എന്ന് എന്തു പ്രകടമാക്കുന്നു? (ന്യായാധിപൻമാർ 19:22-25; യൂദാ 7) (സി) 1 കൊരിന്ത്യർ 6:18-ലെ ബുദ്ധിയുപദേശം വളരെ പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്? (പ്രവൃത്തികൾ 15:28, 29; 1 തെസ്സലോനീക്യർ 4:3, 7, 8).
4 ലൈംഗിക സ്വാതന്ത്ര്യം വ്യക്തികൾക്ക് കൂടുതൽ സന്തോഷം കൈവരുത്തുന്നു, അതു ‘വളരെ രസകരമാണ്’ എന്നുളള ചിലരുടെ അവകാശവാദം സംബന്ധിച്ചെന്ത്? വിവാഹത്തിനു മുൻപ് പലേ പെൺകുട്ടികളുമായി ലൈംഗികമായി ബന്ധത്തിലേർപ്പെട്ടിരുന്ന ഒരു യുവാവിന്റെ നിഗമനം ദി ജേർണൽ ഓഫ് ദി അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ റിപ്പോർട്ടു ചെയ്തു: “ഇത് എനിക്ക് സന്തോഷം കൈവരുത്തിയില്ല എന്ന് ഞാൻ പഠിച്ചിരിക്കുന്നു.” പെൺകുട്ടികൾ വിവാഹത്തിനു മുൻപേയുളള ലൈംഗികബന്ധങ്ങളിൽ നിന്ന് സന്തോഷം അനുഭവിക്കാനുളള സാദ്ധ്യത ഇതിലും കുറവാണ്. അത്തരമൊരനുഭവത്തെപ്പററി ചെറുപ്പക്കാരിയായ ഒരു കോളേജ് വിദ്യാർത്ഥിനി കണ്ണുനീർ വാർത്തുകൊണ്ടു പറഞ്ഞു: “അതു തീർച്ചയായും വിലയുളളതായിരുന്നില്ല—അതു രസകരവുമായിരുന്നില്ല, അന്നു മുതൽ ഞാൻ വളരെ മനഃപീഡ അനുഭവിക്കുകയുമാണ്.”
5 അത്തരം മനഃപീഡയ്ക്ക് മിക്കപ്പോഴും പലേ കാരണങ്ങളും ഉണ്ടാകാം. ഒരു കാരണം ചൂണ്ടിക്കാട്ടിക്കൊണ്ട് ആരോഗ്യ വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞത് അഞ്ചു വർഷത്തിനകം ഐക്യനാടുകളിലെ യുവജനങ്ങളിൽ അൻപതു ശതമാനത്തെയും ഗൊണോറിയ ബാധിക്കാം എന്ന ഭീഷണി നിലവിലുണ്ട് എന്നാണ്! മുഖ്യ ലൈംഗിക രോഗങ്ങളായ ഗൊണോറിയയുടെയും സിഫിലിസിന്റെയും വളർച്ച തടയുന്നതിൽ ആധുനിക ഔഷധങ്ങൾ നിഷ്ഫലമെന്ന് തെളിഞ്ഞിരിക്കുന്നതായി വൈദ്യശാസ്ത്രരംഗത്തെ പ്രാമാണികർ പറയുന്നു. മിക്കപ്പോഴും തങ്ങളുടെ ശരീരത്തിന് പരിഹരിക്കാനാവാത്ത തകരാറു സംഭവിക്കുന്നതിനെ തടയാനാവാത്തവണ്ണം അത്ര വൈകിയാണ് രോഗബാധിതർ അതു തിരിച്ചറിയുന്നത്. അധാർമ്മികതയുടെ ഫലമായി ഒരുപക്ഷേ വന്ധ്യതയോ അന്ധതയോ പോലുളള സ്ഥായിയായ തകരാറുണ്ടാകത്തക്കവണ്ണം നിങ്ങളെത്തന്നെ അപകടപ്പെടുത്തുന്നത് ബുദ്ധിപൂർവ്വകമായ നടപടിയായിരിക്കുമോ?
6 കൂടാതെ ഗർഭധാരണത്തിനുളള വലിയ സാദ്ധ്യതയും നിലനിൽക്കുന്നു. അവിവാഹിതരായ ദശലക്ഷക്കണക്കിന് പെൺകുട്ടികൾക്ക് അങ്ങനെ സംഭവിക്കുന്നു. അവരിലനേകർ ഗർഭച്ഛിദ്രത്തിന്റെ അപകടത്തിലൂടെയും ആകുലതയിലൂടെയും കടന്നുപോകേണ്ടിവരുന്നു. മററു ചിലർ അസന്തുഷ്ടമായ വിവാഹജീവിതം നയിക്കാൻ നിർബന്ധിതരാകുന്നു. ഇനിയും ചിലർ ഒരു ജാരസന്തതിയെ വളർത്തിക്കൊണ്ടുവരുന്നതിന് അസന്തുഷ്ടവും ദീർഘവുമായ ഒരു പോരാട്ടംതന്നെ നടത്തേണ്ടിവരുന്നു. അതുകൊണ്ട് യുവജനങ്ങൾക്ക് ഗർഭനിരോധന മാർഗ്ഗങ്ങൾ കൂടുതൽ കൂടുതൽ എളുപ്പത്തിൽ ലഭ്യമാണെങ്കിലും അവയൊന്നും ഗർഭധാരണത്തിൽ നിന്ന് “ഉറപ്പുളള” സ്വാതന്ത്ര്യം നൽകുന്നില്ല എന്ന് കാണുക എളുപ്പമാണ്.
7 വാസ്തവത്തിൽ ലൈംഗിക ദുർന്നടത്തയിൽ “ആധുനിക”മോ പുതിയതോ ആയി ഒന്നുമില്ല. അതു പണ്ടു മുതലേയുണ്ട്. യേശുവിന്റെ ജനനത്തിന് രണ്ടായിരം വർഷങ്ങൾക്കു മുൻപ് സോദോമിലെയും ഗൊമോറയിലെയും ആളുകൾ അത്തരം നടത്തയുളളവരായിരുന്നു. നിങ്ങൾ പുരാതന റോമൻ സാമ്രാജ്യത്തിന്റെ ചരിത്രം വായിക്കുന്നുവെങ്കിൽ ഇന്നു നടപ്പുളള ലൈംഗിക ദുർന്നടത്തയെല്ലാം അതിന്റെയും സവിശേഷതയായിരുന്നു എന്ന് നിങ്ങൾ കണ്ടെത്തും. വാസ്തവത്തിൽ അതിന്റെ വീഴ്ച മുഖ്യമായും അതിന്റെ ധാർമ്മികാധഃപതനത്തിന്റെ ഫലമായിട്ടാണ് സംഭവിച്ചത്. തീർച്ചയായും “ദുർന്നടപ്പ് വിട്ടോടുവിൻ” എന്നുളള ബൈബിളിന്റെ കല്പനക്ക് ശ്രദ്ധകൊടുക്കുന്നത് ബുദ്ധിപൂർവ്വകമായ ഒരു നടപടിയായിരിക്കും.—1 കൊരിന്ത്യർ 6:18.
ധാർമ്മികത ബലഹീനതയുടെ ലക്ഷണമോ?
8-11. (എ) വിവാഹത്തിനു മുൻപുളള ലൈംഗികതയിൽനിന്ന് ഒഴിഞ്ഞു നിൽക്കുന്നതിന് ധാർമ്മികമായ ശക്തി ആവശ്യമായിരിക്കുന്നതെന്തുകൊണ്ട്? (ബി) സദൃശവാക്യങ്ങൾ ഏഴാം അദ്ധ്യായത്തിൽ വിവരിക്കപ്പെട്ടിരിക്കുന്നതനുസരിച്ച് അധാർമ്മിക ബന്ധത്തിൽ കുടുങ്ങിയ യുവാവിന് നല്ല ആന്തരമില്ലായിരുന്നു എന്ന് എന്ത് പ്രകടമാക്കുന്നു? (സി) ശരിയായ തത്വങ്ങൾക്കുവേണ്ടിയുളള ശൂലേമ്യ കന്യകയുടെ ഭാഗത്തെ ഉറച്ച നിലപാട് പ്രകടമാക്കപ്പെട്ടിരിക്കുന്നതെങ്ങനെ?
8 എന്നാൽ, പരസംഗത്തിലേർപ്പെടാൻ ആളുകൾ നിങ്ങളെ വെല്ലുവിളിച്ചേക്കാം. നിങ്ങൾ വിസമ്മതിക്കുന്നുവെങ്കിൽ നിങ്ങൾക്ക് അതിനുളള തന്റേടം ഇല്ല എന്നു പറഞ്ഞ് ആളുകൾ നിങ്ങളെ കുററപ്പെടുത്തിയേക്കാം. ചില സ്ഥലങ്ങളിൽ പരസംഗം അംഗീകാരം നേടിയ ഒരു നടപടിയായിത്തീർന്നിരിക്കുന്നു. മെഡിക്കൽ ആസ്പെക്ററ്സ് ഓഫ് ഹ്യൂമൻ സെക്ഷ്വാലിററി എന്ന തങ്ങളുടെ പുസ്തകത്തിൽ രണ്ടു ഡോക്ടർമാർ ഇപ്രകാരം അഭിപ്രായപ്പെട്ടിരിക്കുന്നു: “ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെടാൻ വിസമ്മതിച്ചതിന്റെ പേരിൽ കുററബോധം അനുഭവപ്പെട്ടിട്ടുളള യുവജനങ്ങളുണ്ട്. അതുപോലെ ഇരുപത്തിയഞ്ചു വയസ്സായിട്ടും കന്യകമാരായി തുടരേണ്ടിവന്നതിൽ യുവതികൾ ലജ്ജിക്കുന്നതായി പറഞ്ഞ അനുഭവങ്ങളുമുണ്ട്.” വിവാഹത്തിനു മുൻപ് ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെടാൻ വിസമ്മതിക്കുന്നത് ബലഹീനതയുടെ ലക്ഷണമാണോ? കൊളളാം, ഏതിനാണ് കൂടുതൽ ബലം ആവശ്യമായിരിക്കുന്നത്—കാമവികാരങ്ങൾക്ക് അടിമപ്പെടുന്നതോ അതിനെ അടക്കുന്നതിനോ?
9 വാസ്തവത്തിൽ, ഏതു ചപലനും കാമത്തിന് അടിമപ്പെടാൻ കഴിയും. എന്നാൽ വിവാഹത്തിൽ ഒരു ഇണയെ നേടുന്നതുവരെ ആ വികാരം നിയന്ത്രിച്ചുനിർത്താൻ ഒരു യഥാർത്ഥ “പുരുഷനോ” “സ്ത്രീയ്ക്കോ” മാത്രമേ കഴിയുകയുളളു. ഇന്ന് ആഗോളവ്യാപകമായി ചായ്വ് മറിച്ചായിരിക്കുമ്പോൾ അപ്രകാരം ചെയ്യുന്നതിന് കൂടുതൽ ശക്തി ആവശ്യമാണ്. കാരണം അതു ഒഴുക്കിനെതിരെ നീന്തുന്നതുപോലെയാണ്.
10 സദൃശവാക്യങ്ങൾ എന്ന ബൈബിൾ പുസ്തകം ഈ ആശയം വ്യക്തമാക്കുന്ന ഒരു വിവരണം നൽകുന്നു. ലോക “പരിചയമില്ലാത്തവനും” നല്ല ആന്തരമില്ലാത്തവനുമായ ഒരു യുവാവ് തെരുവിലേക്ക് ഇറങ്ങിച്ചെല്ലുന്നതും ഒരു വേശ്യ അയാളെ സമീപിക്കുന്നതുമാണ് അവിടെ വിവരിച്ചിരിക്കുന്നത്. അവളുടെ വശീകരണത്തിനു വഴങ്ങി പെട്ടെന്നുതന്നെ “അറക്കുന്നിടത്തേക്കു കാള ചെല്ലുന്നതുപോലെയും ഒരു മൂഢന്റെ ശിക്ഷണത്തിനു ചങ്ങലയിട്ടതുപോലെയും അവൻ അവളുടെ പിന്നാലെ പോകുന്നു.” (സദൃശവാക്യങ്ങൾ 7:6-23) ചെറുത്തു നിൽക്കാനുളള ധാർമ്മികശക്തി അവനില്ലായിരുന്നു.
11 എന്നാൽ ഈ പ്രസിദ്ധീകരണത്തിൽ നേരത്തെ നാം സുന്ദരിയായ ശൂലേമ്യകന്യകയെ സംബന്ധിച്ച് വായിച്ചു, താൻ വിവാഹം കഴിക്കാൻ പ്രതീക്ഷിച്ചിരുന്ന യുവ ഇടയനോട് വിശ്വസ്തയായിരിക്കാൻ കൂടുതലിഷ്ടപ്പെട്ടുകൊണ്ട് ധനവാനായ ശലോമോൻ വച്ചുനീട്ടിയ എല്ലാ പ്രലോഭനങ്ങളെയും അവൾ ചെറുത്തുനിന്നു. തളളിയാൽ തുറന്നുപോകുന്ന ഒരു “വാതിൽ” പോലെയായിരിക്കാതെ താൻ കാത്തിരിക്കുന്ന പുരുഷനുവേണ്ടി തന്റെ കന്യകാത്വം കാത്തുസൂക്ഷിക്കുന്നതു സംബന്ധിച്ച അവളുടെ ദൃഢനിശ്ചയത്തിൽ അവൾ ഒരു “മതിൽ”പോലെ ഉറപ്പുളളവളാണെന്ന് തന്റെ മൂത്ത സഹോദരൻമാരുടെ മുൻപിൽ അവൾ തെളിയിച്ചു.—ഉത്തമഗീതം 8:8-10.
ലൈംഗിക സദാചാരം അർത്ഥവത്തായിരിക്കുന്നതിന്റെ കാരണം
12-14. (എ) ലൈംഗികത സംബന്ധിച്ചുളള ദൈവത്തിന്റെ നിയമങ്ങൾ അനുസരിക്കുന്നത് അർത്ഥവത്തായിരിക്കുന്നതെന്തുകൊണ്ട്? (ബി) പരസംഗക്കാർക്ക് എന്ത് ഭാവിയുണ്ടെന്നാണ് എബ്രായർ 13:4-ലും 1 കൊരിന്ത്യർ 6:9,10-ലും പറഞ്ഞിരിക്കുന്നത്? പരസംഗം എന്നതിനാൽ എന്താണ് അർത്ഥമാക്കപ്പെട്ടിരിക്കുന്നത്?
12 ലൈംഗിക സദാചാരം അർത്ഥവത്തായിരിക്കുന്നതിന്റെ മുഖ്യകാരണം മനുഷ്യരുടെ സന്തോഷത്തെപ്പററി ഏററവും അധികം അറിയാവുന്ന യഹോവയാം ദൈവം നിർദ്ദേശിച്ചിരിക്കുന്ന വഴിയാണത് എന്നതാണ്. അതേപ്പററി ചിന്തിക്കുക. ലൈംഗികബന്ധങ്ങളിലൂടെ ജീവൻ നിലനിർത്തുന്നതിന് യഹോവയാം ദൈവം സ്നേഹപൂർവ്വം കരുതൽ ചെയ്തിരിക്കുന്നു. ഇത് അത്യന്തം അത്ഭുതകരവും വിശുദ്ധവുമാണ്. നാം എല്ലാം ഇതിന്റെ പ്രയോജനം അനുഭവിച്ചിട്ടുണ്ട്. കാരണം നാം ഇന്ന് ജീവനോടിരിക്കുന്നു. നാം അതിന്റെ പ്രയോജനം അനുഭവിക്കുന്നെങ്കിൽ അതു ദൈവത്തിന്റെ മുഴു കരുതലും സംബന്ധിച്ച നിബന്ധനകളനുസരിക്കാൻ നമ്മെ കടപ്പാടുളളവരാക്കിത്തീർക്കുന്നില്ലേ? നമ്മുടെ ജീവദാതാവ് എന്ന നിലയിൽ ജീവൻ നൽകാനുളള പ്രാപ്തിയോടുകൂടിയ നമ്മുടെ ജനനേന്ദ്രിയങ്ങളുടെ ഉപയോഗം സംബന്ധിച്ച പെരുമാററ ചട്ടങ്ങൾ വയ്ക്കാൻ യഹോവയാം ദൈവത്തിന് തീർച്ചയായും അവകാശമുണ്ട്.
13 പൗലോസ് അപ്പോസ്തലനിലൂടെ ദൈവം നമ്മോടു പറയുന്നു: “വിവാഹം എല്ലാവർക്കും മാന്യവും വിവാഹശയ്യ നിർമ്മലവും ആയിരിക്കട്ടെ; എന്നാൽ ദുർന്നടപ്പുകാരെയും വ്യഭിചാരികളെയും ദൈവം വിധിക്കും.” (എബ്രായർ 13:4) ആരുമായും ഉളള വിവേചനാരഹിതമായ ലൈംഗികവേഴ്ച മാത്രമല്ല വിവാഹസമ്മതം നടത്തിയവരെങ്കിലും വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തിലേർപ്പെടുന്നവരുടെ നടപടിയും പരസംഗത്തിൽ ഉൾപ്പെടുന്നു.
14 പരസംഗത്തെയും മററ് അയഞ്ഞ നടത്തയെയും കുററംവിധിക്കുന്ന കാര്യത്തിൽ ദൈവവചനം വളരെ അസന്ദിഗ്ദ്ധമാണ്. അത്തരം കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നവർക്ക് ദൈവരാജ്യത്തിൽ പങ്കുണ്ടായിരിക്കയില്ല എന്ന് അതു പറയുന്നു. ബൈബിൾ പറയുന്നു: “വഞ്ചിക്കപ്പെടാതിരിപ്പിൻ. ദുർന്നടപ്പുകാർ, വിഗ്രഹാരാധികൾ, വ്യഭിചാരികൾ, അസ്വാഭാവിക ഉപയോഗത്തിനായി സൂക്ഷിക്കപ്പെട്ടിരിക്കുന്നവർ, പുരുഷൻമാരോടുകൂടി ശയിക്കുന്ന പുരുഷൻമാർ, കളളൻമാർ, അത്യാഗ്രഹികൾ, മദ്യപൻമാർ, വാവിഷ്ഠാണക്കാർ, പിടിച്ചുപറിക്കാർ എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല.”—1 കൊരിന്ത്യർ 6:9, 10.
15-19. (എ) ലൈംഗിക അധാർമ്മികതയെ നാം യഥാർത്ഥത്തിൽ വെറുക്കേണ്ടതെന്തുകൊണ്ട്? (സങ്കീർത്തനം 97:10) (ബി) അത്തരം ഉചിതമായ വെറുപ്പ് വളർത്തിയെടുക്കാൻ എന്തിന് നമ്മെ സഹായിക്കാൻ കഴിയും?
15 ദൈവനിയമത്തിന്റെ ഈ അസന്ദിഗ്ദ്ധത നമ്മുടെ നൻമയ്ക്കുവേണ്ടിയാണ്. ലൈംഗികമായ ആഗ്രഹങ്ങൾ വളരെ ശക്തമായിരിക്കാവുന്നതാണ്. മിക്കവരുടെയും ജീവിതത്തിൽ പ്രലോഭനങ്ങളുടെ സമ്മർദ്ദങ്ങൾക്ക് കീഴ്പ്പെടുക എളുപ്പമായിരിക്കാവുന്ന അവസരങ്ങൾ ഉണ്ടായേക്കാം. ഇക്കാര്യം സംബന്ധിച്ച ദൈവനിയമം അവ്യക്തമോ ബലഹീനമോ ആയിരുന്നെങ്കിൽ അതു അത്തരം സാഹചര്യങ്ങളിൽ നമുക്കു സഹായകമാകയില്ലായിരുന്നു. എന്നാൽ അതു വളരെ വ്യക്തവും ശക്തവും ആയിരിക്കുന്നതിനാൽ നമ്മേ സുബോധമുളളവരായി നിർത്തുന്നതിനു നമ്മുടെ ധാർമ്മിക ശക്തിക്കൊരു പിൻബലം കൊടുക്കുന്നതിനും അതിലും പ്രധാനമായി, തെററായ ഗതിയെ ദ്വേഷിക്കാൻ പഠിക്കുന്നതിനും അതു നമ്മെ സഹായിക്കുന്നു. നിങ്ങൾ വാസ്തവത്തിൽ ലൈംഗികമായ അധാർമ്മിക ഗതിയെ ദ്വേഷിക്കുന്നുവോ? നിങ്ങൾ അപ്രകാരം ചെയ്യേണ്ടതെന്തുകൊണ്ടാണ്?
16 അത്തരമൊരു ഗതി ചിലപ്പോൾ ആകർഷകമായി തോന്നുന്നുവെങ്കിൽ നിങ്ങളോടുതന്നെ ചോദിക്കുക: ‘എന്റെ സ്വന്തം കുടുംബത്തിൽപ്പെട്ടവർ, എന്റെ മാതാപിതാക്കളോ എന്റെ സഹോദരൻമാരോ സഹോദരികളോ, അങ്ങനെയൊരു ഗതിയിലുൾപ്പെടാൻ ഞാൻ ആഗ്രഹിക്കുമോ? അവർക്ക് ജാരസന്തതികളുണ്ടായിരിക്കാൻ ഞാൻ ആഗ്രഹിക്കുമോ? അതു അവരോടുളള എന്റെ സ്നേഹവും ബഹുമാനവും വർദ്ധിപ്പിക്കുമോ?’ ഇല്ലെങ്കിൽ അതു ഞാൻ ദ്വേഷിക്കേണ്ട ഒരു ഗതിയല്ലേ? ഏതൊരു സ്ത്രീക്കും പുരുഷനും അധാർമ്മികതകൊണ്ട് തങ്ങളുടെ കൈ തുടയ്ക്കാൻ പൊതു ഉപയോഗത്തിനിട്ടിരിക്കുന്ന ഒരു ടവ്വൽ പോലെയായിരിക്കാൻ തീർച്ചയായും നിങ്ങൾ ആഗ്രഹിക്കയില്ല.
17 അത്തരം അധാർമ്മിക ഗതിയിൽനിന്ന് ജനിക്കുന്ന കുട്ടികളെ സംബന്ധിച്ചെന്ത്? നിങ്ങൾ ഒരു പെൺകുട്ടിയാണെങ്കിൽ നിങ്ങൾതന്നെ അത്തരമൊരു കുഞ്ഞിന് ജൻമം നൽകിയെന്നു വിചാരിക്കുക. അതിനെ വളർത്തിക്കൊണ്ടുവരുവാൻ ആരുണ്ട്? നിങ്ങളുടെ മാതാപിതാക്കളോ? അതോ നിങ്ങൾ തന്നെയോ? നിങ്ങൾ എപ്രകാരം അതു ചെയ്യും? കൂടാതെ കുട്ടി വളരുകയും താൻ ജനിക്കാനിടയായത് എങ്ങനെയാണ് എന്നറികയും ചെയ്യുമ്പോൾ ആ കുട്ടിതന്നെ എന്തു വിചാരിക്കും? അല്ലെങ്കിൽ നിങ്ങൾ ആ ഉത്തരവാദിത്വം ഏറെറടുക്കാൻ വിസമ്മതിക്കുകയും കുട്ടിയെ ദത്തെടുക്കാൻ ആർക്കെങ്കിലും വിട്ടുകൊടുക്കുകയുമാണെങ്കിൽ മററുളളവർ നിങ്ങളെപ്പററി എന്തു വിചാരിക്കും? നിങ്ങൾക്കുതന്നെ നിങ്ങളെപ്പററി എന്തു തോന്നും? കുട്ടിയുടെ ജനനം രഹസ്യമായി വയ്ക്കുകയും കുട്ടിയെ ദത്തെടുക്കാൻ വിട്ടുകൊടുത്തുകൊണ്ട് നിങ്ങളിൽ നിന്ന് അകററി നിങ്ങൾ ഉത്തരവാദിത്വത്തിൽ നിന്നും അപമാനത്തിൽനിന്നും ഒളിച്ചോടാൻ ശ്രമിക്കുകയും ചെയ്തേക്കാം. എന്നാൽ നിങ്ങൾക്ക് നിങ്ങളിൽനിന്നുതന്നെ ഒളിച്ചോടാൻ സാദ്ധ്യമല്ല. ഉവ്വോ?
18 ഒരു പുരുഷനെന്നനിലയിൽ നിങ്ങൾ ഒരു ജാര സന്തതിക്ക് ജൻമം നൽകിയെങ്കിൽ നിങ്ങളുടെ മനഃസാക്ഷി സ്വസ്ഥമായിരിക്കുമോ? അമ്മയുടെ മേലും നിങ്ങളുടെ കുഞ്ഞിന്റെമേലും അത്തരമൊരവസ്ഥ വരുത്തിവയ്ക്കുന്ന ബുദ്ധിമുട്ടുകളെയും അപമാനത്തെയുംപററി ചിന്തിക്കുക. തീർച്ചയായും അതു ഒഴിവാക്കപ്പെടേണ്ടതുതന്നെയാണ്.
19 വാസ്തവത്തിൽ ലൈംഗിക അധാർമ്മികതയിൽ നിന്ന് എന്തു നൻമയാണ് എന്നെങ്കിലും കൈവന്നിട്ടുളളത്? അംഗവൈകല്യം വരുത്തുന്ന ലൈംഗിക രോഗങ്ങൾ, ഗർഭച്ഛിദ്രങ്ങൾ, ജാരശങ്കയിൽ നിന്നുളവാകുന്ന ഏററുമുട്ടലുകൾ, കൊലപാതകങ്ങൾ തുടങ്ങി ആരും ആഗ്രഹിക്കാത്ത അനേകം കാര്യങ്ങൾ അതിനോട് ബന്ധപ്പെട്ടിരിക്കുന്നതെന്തുകൊണ്ടാണ്? വലിയ ലൈംഗിക “സ്വാതന്ത്ര്യം” അനുവദിച്ചിരിക്കുന്ന രാജ്യങ്ങളിൽ വിവാഹമോചനനിരക്ക് ലോകത്തിലെ ഏററവും ഉയർന്നതായിരിക്കുന്നതെന്തുകൊണ്ട്? വിവാഹമോചനം വിജയത്തിന്റെ സൂചനയാണോ അതോ പരാജയത്തിന്റെ തെളിവാണോ? അതു യഥാർത്ഥ സന്തോഷത്തിന്റെ ലക്ഷണമാണോ അതോ സന്താപത്തിന്റെയും അസന്തുഷ്ടിയുടെയും ലക്ഷണമാണോ?
20, 21. ലൈംഗികമായ അധാർമ്മികതയുടെ ഒഴിവാക്കൽ വിജയകരമായ വിവാഹ ജീവിതത്തിനുളള നിങ്ങളുടെ സാദ്ധ്യത മെച്ചപ്പെടുത്താവുന്നതെങ്ങനെ?
20 നേരെ മറിച്ച്, ലൈംഗിക സദാചാരം അർത്ഥവത്താണ്. കാരണം അതു മുറുകെ പിടിക്കുന്നവർക്ക് വിജയകരമായ വിവാഹജീവിതത്തിന് വളരെ മെച്ചപ്പെട്ട സാദ്ധ്യതകളാണുളളത്. ദൈവത്തിന്റെ ക്രമീകരണത്തെയും തങ്ങളുടെ ഭാവി വിവാഹ ഇണയെയും വിവാഹത്തിൽ ശുദ്ധിയുളള ഇണകളെ ലഭിക്കാനുളള ഇരുവരുടെയും അവകാശത്തെയും മാനിച്ചുകൊണ്ട് അവർ വിവാഹത്തോട് വിലമതിപ്പുളളവരായിരിക്കുന്നതിനാലാണ് അപ്രകാരമായിരിക്കുന്നത്.
21 വാസ്തവത്തിൽ, പ്രേമാഭ്യർത്ഥന നടത്തുമ്പോഴും വിവാഹവാഗ്ദാനം ചെയ്തതിനു ശേഷമുളള കാലത്തും അമിത സ്വാതന്ത്ര്യവും അയഞ്ഞ നടത്തയും ഒഴിവാക്കാൻ നിങ്ങൾ എത്രമാത്രം ശ്രദ്ധവയ്ക്കുന്നുവോ അത്രകണ്ട് നിങ്ങളുടെ വിവാഹജീവിതം വിജയപ്രദമായിത്തീരാൻ കൂടിയ സാദ്ധ്യതയാണുളളത്. അപ്പോൾ നിങ്ങൾക്കോ നിങ്ങളുടെ വിവാഹ ഇണയ്ക്കോ, ലൈംഗികതയായിരുന്നു മറേറയാൾ വിവാഹത്തിലേർപ്പെടുന്നതിനുളള ഏകപ്രേരണ എന്നു വിചാരിച്ച് മറേറയാളുടെ സ്നേഹത്തിന്റെ ആത്മാർത്ഥതയെ സംശയിക്കുന്നതിന്റെ ശല്യം അനുഭവിക്കേണ്ടിവരികയില്ല. കാരണം വിവാഹം എന്നത് രണ്ടു ശരീരങ്ങളുടെ മാത്രം ബന്ധിപ്പിക്കലല്ല. അതു രണ്ടു വ്യക്തികൾ തമ്മിലുളള ബന്ധമാണ്. വിവാഹം നിലനിൽക്കുന്ന സന്തോഷം കൈവരുത്തണമെങ്കിൽ വ്യക്തികൾക്ക് പരസ്പരം ബഹുമാനവും സ്നേഹവും ഉണ്ടായിരിക്കണം.
ജ്ഞാനപൂർവ്വകമായ തെരഞ്ഞെടുപ്പ്
22-24. (എ) അമ്നോനെയും താമാറിനെയും സംബന്ധിച്ച ബൈബിൾ വിവരണത്തിൽനിന്ന് ഒരു യുവതിക്ക് സഹായകമായ എന്തു പാഠം പഠിക്കാൻ കഴിയും? (ബി) പോത്തിഫറിന്റെ ഭാര്യ പ്രകടമാക്കിയ വികാരം സ്ഥായിയായ സ്നേഹമായിരുന്നില്ലെന്ന് തെളിയിക്കുന്നതെന്ത്?
22 വികാരങ്ങളെ മാത്രം അടിസ്ഥാനമാക്കിയുളള സ്നേഹം നിലനിൽക്കുന്ന സ്നേഹമല്ല. അതു സ്വാർത്ഥപരവും അത്യാഗ്രഹത്തോടുകൂടിയതുമായ സ്നേഹമാണ്. ദാവീദിന്റെ പുത്രൻമാരിൽ ഒരുവനായിരുന്ന അമ്നോന്റെ സംഗതിയിൽ ഇത്തരത്തിലുളള സ്നേഹത്തെയാണ് ബൈബിളിൽ ചിത്രീകരിച്ചിരിക്കുന്നത്. അവന് സുന്ദരിയായിരുന്ന തന്റെ അർദ്ധസഹോദരി താമാറിൽ “പ്രേമം ജനിച്ചു,” അവൻ ഉപായം പ്രയോഗിച്ച് ബലാൽക്കാരേണ അവളുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടു. എന്നാൽ അതിനുശേഷം എന്ത്? രേഖ പറയുന്നു: “പിന്നെ അമ്നോൻ അവളെ അത്യന്തം വെറുത്തു; അവളെ സ്നേഹിച്ച സ്നേഹത്തെക്കാൾ അവളെ വെറുത്ത വെറുപ്പ് വലുതായിരുന്നു.” അവൻ അവളെ പുറത്ത് തെരുവിലേക്ക് ഇറക്കി വിട്ടുകളഞ്ഞു. (2 ശമുവേൽ 13:1-19) ഇപ്പോൾ നിങ്ങളൊരു യുവതിയാണെങ്കിൽ, ഏതെങ്കിലുമൊരു ചെറുപ്പക്കാരൻ തീവ്രമായ പ്രേമം പ്രകടമാക്കുകയും നിങ്ങളുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ ആഗ്രഹിക്കുകയും ചെയ്യുന്നതിനാൽ അയാൾ നിങ്ങളെ ആത്മാർത്ഥമായി സ്നേഹിക്കുന്നുണ്ടെന്ന് വെറും ശുദ്ധഗതിയിൽ നിങ്ങൾ വിചാരിക്കണമോ? അയാൾ അമ്നോനെപ്പോലെ തന്നെയാണന്ന് തെളിഞ്ഞേക്കാം.
23 ഈജിപ്ററിലെ ഒരുദ്യോഗസ്ഥനായിരുന്ന പോത്തീഫറിന്റെ ഭാര്യയ്ക്കു അവളുടെ വീട്ടു വേലക്കാരനായിരുന്ന യുവാവായ യോസേഫിനോട് ഇത്തരത്തിലുളള താൽപര്യം തോന്നിയെന്ന് ബൈബിൾ നമ്മോട് പറയുന്നു. തന്നെ വശീകരിക്കാനുളള എല്ലാ ശ്രമങ്ങളെയും അവൻ ചെറുത്തപ്പോൾ അവൾ തന്റെ തനിനിറം കാണിച്ചു. യോസേഫിനെ അന്യായമായി കാരാഗൃഹത്തിൽ അടയ്ക്കുവാൻ തക്കവണ്ണം അവൾ ഹീനമായ രീതിയിൽ തന്റെ ഭർത്താവിനോട് യോസേഫിനെപ്പററി കളളം പറഞ്ഞു.—ഉൽപ്പത്തി 39:7-20.
24 അതെ, ലൈംഗിക “സ്വാതന്ത്ര്യ”മെന്ന് വിളിക്കപ്പെടുന്നത് ശുദ്ധവും സന്തോഷദായകവുമായിരിക്കേണ്ടതിനെ വില കുറഞ്ഞതും വെറുക്കത്തക്കതുമാക്കി മാററുന്നു. അതുകൊണ്ട്, നിങ്ങൾ എന്താണാഗ്രഹിക്കുന്നത്? ഉൾപ്പെട്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങളും അപകടങ്ങളും സഹിതം വല്ലപ്പോഴും അല്പനേരത്തേയ്ക്കുളള നിയമവിരുദ്ധമായ ലൈംഗിക ഉത്തേജനമോ അതോ ജീവിതകാലം മുഴുവൻ ദൈവത്തിന്റെയും മനുഷ്യന്റെയും മുൻപാകെ ഒരു ശുദ്ധമനഃസാക്ഷി ഉണ്ടായിരിക്കുന്നതിന്റെ സംതൃപ്തിയോ?
25, 26. ലൈംഗിക അധാർമ്മികതയിൽ ഉൾപ്പെടുന്നത് ഒഴിവാക്കുന്നതിന് എന്തു സംഗതികൾ നമ്മെ സഹായിക്കും? (എഫേസ്യർ 5:3, 4; ഫിലിപ്യർ 4:8)
25 അധാർമ്മികതയിൽനിന്ന് അകന്നു നിൽക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അതിലേക്കു നയിക്കുന്ന കാര്യങ്ങളിൽനിന്ന് അകന്നു നിൽക്കുക; അതായത്, വിപരീത ലിംഗവർഗ്ഗത്തിൽപ്പെട്ടവരെ ചുററിപ്പററിയുളള സംസാരം, അതുപോലെ ലൈംഗികമായി ഉത്തേജിപ്പിക്കുക എന്ന ഏകലക്ഷ്യത്തോടുകൂടിയ ചിത്രങ്ങളും സാഹിത്യങ്ങളും. അപമാനവും ഹൃദയവേദനയും അവശേഷിപ്പിക്കാത്തതും നിലനിൽക്കുന്ന പ്രയോജനങ്ങൾ കൈവരുത്തുന്നതുമായ വിലപ്പെട്ട ലക്ഷ്യങ്ങൾ സാധിക്കുന്നതിനുവേണ്ടി പണിയെടുത്തുകൊണ്ട് നിങ്ങളുടെ മനസ്സും കണ്ണുകളും നാവും ശുദ്ധവും പ്രയോജനകരവുമായ കാര്യങ്ങൾകൊണ്ട് നിറക്കുക.
26 എല്ലാററിലുമുപരി, യഹോവയാം ദൈവത്തെയും അവന്റെ വഴികളുടെ ന്യായയുക്തതയെയും ജ്ഞാനത്തെയും കുറിച്ചുളള നിങ്ങളുടെ അറിവും വിലമതിപ്പും ശക്തിപ്പെടുത്തുക. പ്രാർത്ഥനയിൽ അവനിലേക്കു തിരിയുകയും അവനെ സേവിക്കുന്നവർക്കായി അവൻ വാഗ്ദാനം ചെയ്തിരിക്കുന്ന കാര്യങ്ങളിൽ നിങ്ങളുടെ ഹൃദയം ഉറപ്പിക്കുകയും ചെയ്യുക. നിങ്ങൾ യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങൾക്ക് ലൈംഗിക സദാചാരത്തിന്റെ ഒരു ഗതിയോട് മുറുകെ പററി നിൽക്കാൻ കഴിയും. കാരണം യഹോവയാം ദൈവവും അവന്റെ പുത്രനും അതിനാവശ്യമായ ശക്തി നിങ്ങൾക്കു തരും.
[അധ്യയന ചോദ്യങ്ങൾ]