ശിക്ഷണത്തെ നിങ്ങൾ എങ്ങനെ വീക്ഷിക്കുന്നു?
അധ്യായം 13
ശിക്ഷണത്തെ നിങ്ങൾ എങ്ങനെ വീക്ഷിക്കുന്നു?
1-4. (എ) നാമെല്ലാം തെററുചെയ്യാൻ ചായ്വുളളവരായിരിക്കുന്നതെന്തുകൊണ്ട്? (ബി) അറിവിന്റെ അഭാവത്തെ കൂടാതെ മറെറന്തുകൂടി തെററുകൾക്കിടയാക്കുന്നു?
താൻ ഒരു തെററു ചെയ്തുവെന്നോ തനിക്ക് ഒരു പിശകു പററിയെന്നോ ഒരിക്കലും സമ്മതിക്കാത്ത ഒരു വിദ്യാർത്ഥിയെയോ ഒരു അദ്ധ്യാപകനെപ്പോലുമോ ഒരുപക്ഷേ നിങ്ങൾക്കറിയാമായിരിക്കും. അങ്ങനെയുളള ഒരാളെപ്പററി നിങ്ങളെന്തു വിചാരിക്കുന്നു? ഒരു ദിവസം അയാൾ വന്നു, “എനിക്കു ഖേദമുണ്ട്; എനിക്കു തെററുപററി എന്നു ഞാൻ മനസ്സിലാക്കുന്നു” എന്നു പറഞ്ഞാൽ നിങ്ങൾക്ക് അയാളെപ്പററിയുളള അഭിപ്രായം മെച്ചപ്പെടുമോ ഒന്നുംകൂടി മോശമാവുമോ?
2 യഥാർത്ഥത്തിൽ നാം എല്ലാവരും തെററു വരുത്തുന്നു, അല്ലേ? നമ്മിലാരുംതന്നെ പൂർണ്ണരോ കുററമററവരോ അല്ല. ബൈബിൾ അതു നമ്മോടു പറയുന്നു. നമ്മുടെ ആദ്യ പിതാവായ ആദാമിന്റെ അനുസരണക്കേടുമൂലം എല്ലാ മനുഷ്യരും അവകാശപ്പെടുത്തപ്പെട്ട അപൂർണ്ണതയോടുകൂടി, പാപത്തോടുകൂടി ജനിക്കുന്നു എന്ന് അതു പ്രകടമാക്കുന്നു. “ഏക മനുഷ്യനാൽ [ആദം] പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു; ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകല മനുഷ്യരിലും പരന്നിരിക്കുന്നു” എന്ന് ബൈബിൾ വിശദീകരിക്കുന്നു.—റോമർ 5:12
3 ചില തെററുകൾ ‘അറിവില്ലായ്മ’യിൽ നിന്ന് വരുന്നു. എന്നാൽ എല്ലാം അങ്ങനെയല്ല. അനേകം തെററുകൾ അശ്രദ്ധയിൽ നിന്നാണ് വരുന്നത്. ഉദാഹരണത്തിന് ഒരു വിമാനയാത്രക്കാരൻ വിമാനത്തിലെ വിചാരിപ്പുകാരി ലൈഫ് ജാക്കററിന്റെയോ ഓക്സിജൻ സപ്ളൈയുടെയോ ഉപയോഗത്തെ സംബന്ധിച്ച് വിവരിക്കുമ്പോൾ ശ്രദ്ധ കൊടുക്കാതിരുന്നേക്കാം. അതിന്റെ ഫലമായി ഒരു അടിയന്തിര ഘട്ടത്തിൽ ഈ കരുതലുകൾ ഉപയോഗിക്കുന്നതിൽ ആ യാത്രക്കാരൻ പരാജയപ്പെടുകയും ജീവൻ നഷ്ടമാവുകയും ചെയ്യുന്നുവെങ്കിൽ അത് അയാൾക്ക് അറിവില്ലാത്തതുകൊണ്ട് മാത്രമായിരുന്നില്ല. അറിയാൻ അയാൾ കൂട്ടാക്കാഞ്ഞതുകൊണ്ടായിരുന്നു.
4 അതുകൊണ്ട് എല്ലാ തെററുകളും പിശകുകളാണെന്ന് പറഞ്ഞുകൂടാ. പലപ്പോഴും മനഃപൂർവ്വമായ അറിവില്ലായ്മയാണ് കാരണം. അതിലും മോശമായി ഒരുവൻ ചിലപ്പോൾ ഒന്നല്ലെങ്കിൽ മറെറാരു കാരണത്തിന് തന്നെത്തന്നെ ന്യായീകരിച്ചുകൊണ്ട് തെററാണെന്ന് തനിക്ക് അറിവുളളത് ചെയ്തേക്കാം.
5, 6. (എ) യുവാക്കൾക്കും പ്രായമായവർക്കും തിരുത്തൽ പ്രയോജനപ്രദമായിരിക്കുന്നതെന്തുകൊണ്ട്? (ബി) ശിക്ഷണത്തിന്റെ ലക്ഷ്യമെന്താണ്? (സദൃശവാക്യങ്ങൾ 1:1-4)
5 ഇതെല്ലാം തിരുത്തൽ ഉൾപ്പെടുന്ന ശിക്ഷണത്തിന്റെ ആവശ്യം പ്രകടമാക്കുന്നു. നാം യുവാക്കളോ വൃദ്ധരോ ആയിരുന്നാലും നമുക്കെല്ലാം തിരുത്തലുകൾ ആവശ്യമാണ്. വാസ്തവത്തിൽ, ശിക്ഷണം അല്ലെങ്കിൽ തിരുത്തൽ ഇല്ലായിരുന്നെങ്കിൽ മനുഷ്യജീവിതത്തിന്റെ ഒരു രംഗത്തും പുരോഗതി ഉണ്ടാകുമായിരുന്നില്ല. അറിവിലോ പ്രാപ്തിയിലോ ഒരു പുരോഗതിയും നേടാതെ മനുഷ്യർ ഒരേ തെററായ ആശയങ്ങൾ വിശ്വസിച്ചുകൊണ്ട് ഒരേ തെററുകൾ ആവർത്തിക്കുന്നതിൽ തുടരുമായിരുന്നു.
6 എന്നാൽ ശിക്ഷണം വെറും തിരുത്തലിനേക്കാൾ കൂടുതൽ അർത്ഥമാക്കുന്നു എന്നു നിങ്ങൾക്കറിയാമായിരുന്നോ? അതു രൂപപ്പെടുത്തുന്നതും ശക്തിപ്പെടുത്തുന്നതും മെച്ചപ്പെടുത്തുന്നതുമായ പരിശീലനവുമാകാം. ഉചിതമായും ശിക്ഷണം നൽകപ്പെടുന്നത് തിരുത്തുന്നതിനും ഭാവി മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ്.
സ്വീകരിക്കാൻ പ്രയാസമായിരിക്കുന്നതെന്തുകൊണ്ട്
7-9. (എ) ശിക്ഷണം സ്വീകരിക്കുന്നത് പലപ്പോഴും പ്രയാസമായിരിക്കുന്നതെന്തുകൊണ്ട്? (ബി) ഇതിനെ എങ്ങനെ കീഴ്പ്പെടുത്താൻ കഴിയും?
7 എന്നാൽ ശിക്ഷണം ഇത്ര പ്രയോജനകരമാണെങ്കിൽ മിക്കവർക്കും അതു സ്വീകരിക്കുന്നത് വളരെ പ്രയാസമായിരിക്കുന്നതെന്തുകൊണ്ട്? ആദ്യംതന്നെ നമുക്ക് ശിക്ഷണം ആവശ്യമാക്കിത്തീർക്കുന്ന അതേ കാരണം തന്നെയാണ് ഇതിനുമുളളത്; അതായത് നമ്മുടെ അപൂർണ്ണത. ശിക്ഷണം നമ്മെ ലജ്ജിപ്പിക്കുക എളുപ്പമാണ്. അതു നമ്മുടെ അഭിമാനബോധത്തെ ക്ഷതപ്പെടുത്തിയേക്കാം. എന്നാൽ അപ്പോസ്തലനായ പൗലോസ് വിശദീകരിച്ചു തന്നപ്രകാരം ചിത്രത്തിന്റെ മറുവശംകൂടി ശ്രദ്ധിക്കുക: “ഏതു ശിക്ഷയും തൽക്കാലം സന്തോഷകരമല്ല, ദുഃഖകരമത്രെ എന്നു തോന്നും; എന്നാൽ പിന്നീട് അതിനാൽ അഭ്യാസം വന്നവർക്കു നീതി എന്ന സമാധാനഫലം വിളയിക്കുന്നു.”—എബ്രായർ 12:11.
8 എളിമ ശിക്ഷണത്തിൽനിന്ന് ഉണ്ടാകുന്ന ഹൃദയവേദന ഒട്ടുമുക്കാലുംതന്നെ നീക്കം ചെയ്യുന്നു. എന്നാൽ അനവധിയാളുകളുടെയും നിഗളവും മർക്കടമുഷ്ടിയും അവർ ശിക്ഷണത്തോട് എതിർത്തുനിൽക്കാൻ ഇടയാക്കുന്നു. എന്നാൽ ശിക്ഷണമോ ശാസനയോ അർഹിക്കുന്നവൻ നിർബന്ധബുദ്ധിയോടെ അതിനെ ചെറുത്തു നിൽക്കുമ്പോൾ അവൻ തന്നെത്തന്നെ മററുളളവരുടെ ദൃഷ്ടിയിൽ വിഡ്ഢിയാക്കുന്നു. ദൈവവചനം പറയുന്നു: “ഭോഷൻമാരോ ജ്ഞാനവും ശിക്ഷണവും നിരസിക്കുന്നു.”—സദൃശവാക്യങ്ങൾ 1:7.
9 അതിനു വിപരീതമായി നാം വായിക്കുന്നു: “ജ്ഞാനിയെ ശാസിക്ക; അവൻ നിന്നെ സ്നേഹിക്കും.” എന്തുകൊണ്ട്? തിരുത്തലിലൂടെ “തന്റെ ജ്ഞാനം വർദ്ധിക്കും” എന്നവനറിയാം.—സദൃശവാക്യങ്ങൾ 9:8, 9.
നിങ്ങൾ എങ്ങനെ പ്രതിവർത്തിക്കും?
10-12. (എ) സദൃശവാക്യങ്ങൾ 19:20 കാണിച്ചിരിക്കുന്ന പ്രകാരം ശിക്ഷണത്തിന് എപ്രകാരമാണ് നമ്മുടെ ജീവിതത്തെ ബാധിക്കാൻ കഴിയുന്നത്? (ബി) എന്തിനാണ് ദൈവം നമുക്കു ശിക്ഷണം നൽകുന്നത്? (എബ്രായർ 12:5, 6) (സി) നമുക്കു ശിക്ഷണം നൽകാൻ അധികാരപ്പെടുത്തപ്പെട്ടിരിക്കുന്നവർ ആരാണ്?
10 നിങ്ങളുടെ ജീവിതംകൊണ്ട് നിങ്ങൾ എന്തു ചെയ്യാനാഗ്രഹിക്കുന്നു എന്നതാണ് പ്രധാന പ്രശ്നം. വെറുതെ ഒഴുക്കിനൊത്തു നീങ്ങാനോ അതോ വിലപ്പെട്ട ഒരു ഭാവിക്കുവേണ്ടി പണിയെടുക്കാനോ നിങ്ങൾ ആഗ്രഹിക്കുന്നത്? ഇക്കാര്യത്തെ നിങ്ങൾ എങ്ങനെ വീക്ഷിക്കുന്നു? ദൈവവചനത്തിലെ ഈ ഉപദേശത്തോട് നിങ്ങൾ യോജിക്കുന്നുവോ? “ഭാവിയിൽ നീ ജ്ഞാനിയാകേണ്ടതിന് ആലോചന കേട്ട് ശിക്ഷണം കൈക്കൊൾക.”—സദൃശവാക്യങ്ങൾ 19:20.
11 നിങ്ങളുടെ വീക്ഷണം എന്തുതന്നെയായിരുന്നാലും ജീവിതത്തിലെപ്പോഴെങ്കിലും നിങ്ങൾക്ക് ശിക്ഷണം ലഭിക്കാതിരിക്കില്ല. അത് ദൈവത്തിന്റെ ക്രമീകരണമാണെന്ന് നിങ്ങൾ മനസ്സിൽ പിടിച്ചുകൊളളുന്നുവെങ്കിൽ അത് ഉല്ലാസപ്രദവും സ്വീകരിക്കാൻ കൂടുതൽ എളുപ്പവുമാണെന്ന് നിങ്ങൾ കണ്ടെത്തും. നമ്മേ സ്നേഹിക്കുന്നതിനാലും മെച്ചപ്പെടാൻ നമ്മേ സഹായിക്കാൻ ആഗ്രഹിക്കുന്നതിനാലുമാണ് ദൈവം ശിക്ഷണം നൽകുന്നത്. അതുകൊണ്ട് ശാസനയെ വെറുക്കുന്നവൻ ഫലത്തിൽ ‘ദൈവവചനത്തെ പുറകിൽ എറിഞ്ഞു കളയുന്നു,’ എന്ന് ബൈബിൾ പറയുന്നു.—സങ്കീർത്തനം 50:17.
12 ഉചിതമായും ശിക്ഷണം ലഭിക്കുന്നത് അധികാരപ്പെടുത്തപ്പെട്ട ഒരു ഉറവിൽനിന്നാണ്. യുവജനങ്ങൾക്ക് ശിക്ഷണം കൊടുക്കാൻ ഏററവും ഉചിതമായ സ്ഥാനത്തായിരിക്കുന്നത് ആരാണെന്നാണ് നിങ്ങൾ വിശ്വസിക്കുന്നത്? തങ്ങളുടെ കുട്ടികളുടെ ജീവന് ഉത്തരവാദികളായിരിക്കുന്നതിനാൽ മാതാപിതാക്കൾക്കാണ് ദൈവം ആ ജോലി നിയോഗിച്ചു കൊടുത്തിരിക്കുന്നത്. ക്രിസ്തീയ സഭയ്ക്കുളളിൽതന്നെ ദൈവം “പത്ഥ്യോപദേശത്താൽ പ്രബോധിപ്പിക്കാനും എതിർ പറയുന്നവരെ ശാസിക്കാനും പ്രാപ്തരായ” ആത്മീയ “മൂപ്പൻമാരെ” നൽകിയിരിക്കുന്നു.—തീത്തോസ് 1:5-9.
13-17. നമ്മൾ ശിക്ഷണത്തോടെതിർക്കാൻ ചായ്വുളളവരാണെങ്കിൽ നമ്മുടെ വീക്ഷണത്തിന് മാററം വരുത്താൻ സഹായിക്കുന്ന എന്തു ചിന്തകൾ നമുക്കു മനസ്സിലേക്കു വരുത്താം? (സദൃശവാക്യങ്ങൾ 4:1, 2; 13:24; 15:32)
13 നിങ്ങളുടെ മാതാപിതാക്കളിൽ നിന്നുളള ശിക്ഷണത്തോട് നിങ്ങൾ എങ്ങനെ പ്രതിവർത്തിക്കുന്നു? ഒരു കാലഘട്ടത്തേയ്ക്കെങ്കിലും നിരവധി യുവജനങ്ങൾ അതു ഒരു ദ്രോഹമായി കരുതുന്നു, ചിലർ വീടുപേക്ഷിച്ചു പോകാൻ പോലും അതിടയാക്കുന്നു. ആരെങ്കിലും ഉപദേശമോ ശാസനയോ നൽകുമ്പോൾ നിങ്ങൾക്ക് പ്രയാസം തോന്നുന്നുവെങ്കിൽ ഒരു നിമിഷം നിന്ന് നിങ്ങളോടുതന്നെ ചോദിക്കുക: അവർ അതിനുവേണ്ടി സമയവും ശ്രമവും ചെലവഴിച്ചതെന്തിനാണ്? നിങ്ങൾക്കറിയാവുന്നതുപോലെ, എപ്പോഴുമല്ലെങ്കിലും മിക്കപ്പോഴുംതന്നെ ശാസന കൊടുക്കുന്നത് അതു കൊടുക്കുന്നവർക്ക് ഒട്ടുംതന്നെ സന്തോഷകരമല്ല. അവർ നിങ്ങൾക്കുവേണ്ടി ആ ശ്രമം ചെയ്യാൻ മാത്രം നിങ്ങളോടു പരിഗണനയുളളവരായതുകൊണ്ടാണ് അവരങ്ങനെ ചെയ്യുന്നത്. അതുകൊണ്ടുതന്നെ അവർ പറയുന്നതിനെപ്പററി നിങ്ങൾ ഗൗരവമായി ചിന്തിക്കേണ്ടതാണ്.
14 വാസ്തവമായും നമ്മുടെ തെററുകൾ അംഗീകരിക്കുന്നതിന് ധൈര്യം ആവശ്യമാണ്. ശിക്ഷണം സ്വീകരിക്കുന്നതിന് എളിമയും ആവശ്യമാണ്, പ്രത്യേകിച്ചും അത് അർഹിക്കാത്തതാണ് എന്ന് നിങ്ങൾ വിചാരിക്കുമ്പോൾ. എന്നാൽ ശിക്ഷണത്തോടെതിർക്കാതെ ശാന്തമായി അതു സ്വീകരിക്കുന്നുവെങ്കിൽ നിങ്ങൾ ആ സാഹചര്യം ആയാസരഹിതമാക്കുകയും ശിക്ഷണത്തിൽനിന്ന് പ്രയോജനം അനുഭവിക്കുകയും ചെയ്യും.
15 നിങ്ങൾക്കു ശിക്ഷണം നൽകുന്നവർ ജീവിതപാതയിൽ നിങ്ങൾ മുടന്തി നടക്കാൻ തക്കവണ്ണം നിങ്ങൾക്കു “കൂച്ചുവിലങ്ങി”ടാൻ ശ്രമിക്കയായിരിക്കില്ല എന്നും കൂടി ഓർമ്മിക്കുക. മറിച്ച്, അവർ നിങ്ങൾ പുരോഗതി നേടാൻ നിങ്ങളെ സഹായിക്കാൻ ശ്രമിക്കുകയായിരിക്കും. ജ്ഞാനപൂർവ്വകമായ ശിക്ഷണം ഉപദ്രവകരങ്ങളായ അപകടങ്ങളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കും. നിങ്ങളുടെ പാതയെ പ്രയാസകരമാക്കുന്ന പ്രശ്നങ്ങളുമായി നിങ്ങളെ ബന്ധിച്ചു നിർത്തുന്ന കാര്യങ്ങളിൽ നിന്ന് നിങ്ങളെ അതു സ്വതന്ത്രരാക്കും. നിങ്ങൾ തിരുത്തൽ സ്വീകരിക്കുന്നുവെങ്കിൽ നിങ്ങൾക്ക് ബൈബിളിലെ ഈ വാഗ്ദത്തം ഉണ്ട്: “നീ നടക്കുമ്പോൾ നിന്റെ കാലടിക്ക് ഇടുക്കം വരികയില്ല; ഓടുമ്പോൾ നീ ഇടറുകയില്ല. ശിക്ഷണം മുറുകെ പിടിക്ക; വിട്ടുകളയരുത്. അതിനെ കാത്തുകൊൾക; അതു നിന്റെ ജീവനല്ലോ.”—സദൃശവാക്യങ്ങൾ 4:10-13.
16 തീർച്ചയായും, മററുളളവർ നിങ്ങളെ തിരുത്താൻ വേണ്ടി നിങ്ങൾ കാത്തിരിക്കേണ്ടതില്ല. നിങ്ങൾക്ക് സ്വയശിക്ഷണം ശീലിക്കാവുന്നതാണ്. ശ്രദ്ധയുളളവരായിരിക്കുന്നതിനാൽ നിങ്ങൾക്കു നിങ്ങളുടെ അനേകം തെററുകൾ തിരിച്ചറിയുന്നതിനും തിരുത്താനാവശ്യമായ നടപടി എടുക്കുന്നതിനും കഴിയും.
17 ശിക്ഷണം സ്വീകരിക്കാൻ തയ്യാറാകുന്നതിൽ നിന്ന് അനേകം പ്രയോജനങ്ങൾ ലഭിക്കുന്നു. സ്വന്തം തെററുകൾ ഒളിക്കാൻ ശ്രമിക്കാതെ സമ്മതിക്കുന്നതിൽ നിന്ന് നിങ്ങൾക്ക് ഉളളിൽ ഒരാശ്വാസംതോന്നുന്നു. അതു ശരിയായതിനനുകൂലമായി നിങ്ങളുടെ ഹൃദയത്തെയും മനസ്സിനെയും ശക്തിപ്പെടുത്തുന്നു. മററുളളവരുമായി നല്ല ബന്ധം ഉണ്ടായിരിക്കാൻ അതു സഹായിക്കുന്നു. ഇന്നുളള അനേകരിൽ നിന്നും ഉൻമേഷദായകമാംവണ്ണം വ്യത്യസ്തരായി സത്യസന്ധതയും വിനയവും സമനിലയും ഉളളവരായി അവർ നിങ്ങളെ അംഗീകരിക്കുന്നു. എല്ലാററിലുമുപരിയായി യഹോവയുമായി ഒരു നല്ലബന്ധത്തിൽ വരുന്നതിനും അതിൽ നിലനിൽക്കുന്നതിനും ശിക്ഷണം ആവശ്യമാണ്. അതിന് നിലനിൽക്കുന്നതും സന്തുഷ്ടവുമായ ഒരു ഭാവിയെക്കുറിച്ച് നിങ്ങൾക്ക് ഉറപ്പുതരാനും കഴിയുന്നു. അതെ, “ശിക്ഷണത്തിന്റെ ശാസനകൾ ജീവന്റെ മാർഗ്ഗമാകുന്നു.”—സദൃശവാക്യങ്ങൾ 6:23.
[അധ്യയന ചോദ്യങ്ങൾ]
[95-ാം പേജിലെ ചിത്രം]
ഒരു തിരുത്തൽ നല്കപ്പെടുമ്പോൾ നിങ്ങൾ എങ്ങനെ പ്രതിവർത്തിക്കുന്നു