സ്ത്രീത്വത്തിലേക്കുളള വളർച്ച
അധ്യായം 4
സ്ത്രീത്വത്തിലേക്കുളള വളർച്ച
1-3. യൗവനാരംഭത്തിൽ ഒരു പെൺകുട്ടിക്ക് തന്റെ ശാരീരിക വളർച്ചയെപ്പററി ഉൽക്കണ്ഠതോന്നാനിടയാക്കുന്നതെന്ത്? എന്നാൽ കാലക്രമത്തിൽ എന്തു സംഭവിക്കുന്നു?
വസന്തം ക്രമേണ വേനലിലേക്കു നീങ്ങുന്നു. പുഷ്പിക്കുന്ന മരങ്ങൾ കാലക്രമത്തിൽ ഫലം കായ്ച്ചു തുടങ്ങുന്നു. അപ്രകാരംതന്നെ കൊച്ചുപെൺകുട്ടികൾ തരുണീമണികളായി രൂപാന്തരപ്പെടുന്നു. ഒരു മൊട്ടു വിടരുമ്പോൾ പുഷ്പം എങ്ങനെയുളളതാണ് എന്ന് വെളിപ്പെടുന്നതുപോലെ പരിവർത്തനത്തിന്റേതായ കൗമാരം പിന്നിട്ടു കഴിയുമ്പോൾ, നിങ്ങൾ ഏതു തരത്തിലുളള ഒരു സ്ത്രീയായിത്തീരും എന്നത് കൂടുതൽ വ്യക്തമാകുന്നു. ഈ വളർച്ചയിൽ സന്തുഷ്ടിദായകമായ ഫലങ്ങൾ കൈവരുത്താവുന്ന പലതും നിങ്ങൾക്കു ചെയ്യാൻ കഴിയും.
2 യൗവനാഗമത്തിന്റെ ഈ വർഷങ്ങളിൽ നിങ്ങളുടെ ഉയരം ഏതാണ്ടു അഞ്ച്, ആറ് ഇഞ്ച് (12-15 സെ.മീ.) വർദ്ധിക്കുന്നു. നിങ്ങളുടെ തൂക്കവും വർദ്ധിക്കുന്നു. സാധാരണയായി ഒരു രണ്ടു വർഷത്തിനുളളിൽ ഉയരത്തിലും തൂക്കത്തിലും നിങ്ങളുടെ വളർച്ചയുടെ ഗതിവേഗം ശ്രദ്ധേയമായ രീതിയിൽ കൂടുന്നതിനാൽ നിങ്ങൾക്ക് ഒരു “വളർച്ചയുടെ കുതിപ്പ്” അനുഭവപ്പെടുന്നു. നിങ്ങളുടെ പ്രായത്തിലുളള മററു പെൺകുട്ടികൾ നിങ്ങളെക്കാൾ വളരെ വേഗത്തിൽ വളരുന്നത് നിങ്ങൾ നിരീക്ഷിച്ചേക്കാം. അല്ലെങ്കിൽ നിങ്ങൾ മററുളളവരെ വളർച്ചയിൽ കവച്ചു വയ്ക്കുന്നതായി കാണപ്പെട്ടേക്കാം. എങ്ങനെയായിരുന്നാലും ഇതിൽ ഉൽക്കണ്ഠപ്പെടാനൊന്നുമില്ല. ഓരോരുത്തർക്കും അവരവരുടേതായ പ്രത്യേക സമയത്താണ് പെട്ടെന്നുളള ഈ വളർച്ച അനുഭവപ്പെടുക. പെൺകുട്ടികൾ സാധാരണയായി ആൺകുട്ടികളേക്കാൾ ഒന്നു രണ്ടു വർഷം മുൻപേ ഈ “വളർച്ചയുടെ കുതിപ്പി”ലെത്തുന്നു. ഒരു പ്രത്യേക ഘട്ടത്തിൽ ചിലപ്പോൾ പെൺകുട്ടികൾക്ക് സമപ്രായക്കാരായ ആൺകുട്ടികളേക്കാൾ ഉയരക്കൂടുതൽപോലും ഉണ്ടായിരുന്നേക്കാം. എന്നാൽ ആൺകുട്ടികൾ ഒപ്പമെത്തുകയും അവരുടെ വളർച്ച കൂടുതൽ നീണ്ടു നിൽക്കുന്നതിനാൽ മിക്കവാറും പെൺകുട്ടികളേക്കാൾ ഒടുവിൽ ഉയരത്തിലും ശക്തിയിലും മികച്ചു നിൽക്കാൻ ഇടവരികയും ചെയ്യുന്നു.
3 ചിലപ്പോൾ കുതിച്ചുളള ഈ വളർച്ച ആരംഭത്തിൽ ശരീരത്തിന്റെ ഒരു ഭാഗത്ത് മറെറാരു ഭാഗത്തേതിനേക്കാൾ ത്വരിതഗതിയിലായിരുന്നേക്കാം. നിങ്ങളുടെ പാദങ്ങളോ കരങ്ങളോ മററു ശരീരഭാഗങ്ങളെ അപേക്ഷിച്ച് നിങ്ങൾക്ക് വല്ലായ്മ വരുത്തുമാറ് വളരുന്നതായിത്തോന്നിയേക്കാം. എന്നാൽ കാലക്രമത്തിൽ മററു ശരീരഭാഗങ്ങളും വളർന്ന് ആനുപാതിക വളർച്ച കൈവരുത്തുന്നു. സാധാരണയായി ഉടലിന്റെ നീളവും മാറിന്റെ വിരിവും അവസാനം മാത്രം വരുന്നു. മുഖത്തിന്റെ ആകൃതിക്ക് മാററം സംഭവിക്കുന്നു. അതേസമയം തികഞ്ഞ സ്ത്രൈണരൂപം കൈവരുത്തുന്നതിന് ശരീരത്തിന്റെ ഇതരഭാഗങ്ങളിൽ മേദസ്സ് വളരാൻ ആരംഭിക്കുന്നു.
മററ് ശാരീരിക മാററങ്ങൾ
4-6. (എ) താരുണ്യത്തിൽ “സ്ത്രീകൾക്കു പതിവുളള” എന്താണാരംഭിക്കുന്നത്? ഈ ശാരീരിക പ്രക്രിയയാൽ എന്തുദ്ദേശ്യമാണ് സാധിക്കുന്നത്? (ബി) മററ് എന്തു ശാരീരിക മാററങ്ങൾകൂടി ഈ സമയത്ത് ഉണ്ടാകുന്നു, എന്തുകൊണ്ട്?
4 പെൺകുട്ടികളുടെ യൗവനാരംഭത്തിൽ മറെറാന്നും കൂടി സംഭവിക്കുന്നു. അതു ബൈബിളിൽ പേരെടുത്തു പറയപ്പെട്ടിരിക്കുന്ന റാഹേൽ എന്ന സ്ത്രീ “സ്ത്രീകൾക്കുളള മുറ” എന്നു വിളിച്ചതിന്റെ, ആർത്തവത്തിന്റെ ആരംഭമാണ്. (ഉല്പത്തി 31:34, 35) ഒരർത്ഥത്തിൽ അതു പുളകപ്രദമായ ഒരു സമയമാണ്—നിങ്ങൾ സ്ത്രീത്വത്തിന്റെ പടിവാതിൽക്കൽ എത്തിയിരിക്കുന്നുവെന്ന് അതു തെളിയിക്കുന്നു. നിങ്ങളുടെ ശരീരഗ്രന്ഥികളിൽ നിന്നുളള ഹോർമോണുകൾ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. അവ നിങ്ങളുടെ അണ്ഡാശയത്തെ ഉത്തേജിപ്പിച്ച് ആദ്യമൊക്കെ അത്ര ക്രമത്തിലല്ലാതെയും പിന്നീട് ഏതാണ്ട് നാലാഴ്ചയിൽ ഒരിക്കൽ എന്ന ക്രമത്തിലും അണ്ഡങ്ങൾ വളർത്തിവിടാൻ തുടങ്ങുന്നു. പാകമായ അണ്ഡം പുറത്തേക്കു വരുമ്പോൾ അത് ഗർഭാശയത്തിലേക്കു പ്രവേശിക്കുന്നു. തൽസമയം, ബീജസംയോഗം നടക്കുന്നുവെങ്കിൽ ഭ്രൂണത്തെ സ്വീകരിക്കുന്നതിന് ചില ഉൾപ്പാളികൾ വെച്ചുപിടിപ്പിക്കാൻ ഗർഭാശയം ഉത്തേജിതമായിരിക്കുന്നു. എന്നാൽ ബീജസംയോഗം നടക്കാതെ പോയാൽ ഈ ഉൾപ്പാളികൾ പിന്നീട് പുറന്തളളപ്പെടുന്നു. ഇടയ്ക്കിടെ രക്തം കലർന്ന ദ്രാവകവും അല്പം പാടയും പുറന്തളളുന്ന ആർത്തവത്തിനിടയാക്കുന്നത് ഇതാണ്. ചിലപ്പോൾ ഇതിനോടനുബന്ധിച്ച് അല്പം വേദനയോ അസ്വാസ്ഥ്യമോ അനുഭവപ്പെട്ടേക്കാമെങ്കിലും ഇത് ഒരു സ്വാഭാവിക പ്രക്രിയയായതിനാൽ അതേപ്പററി അനാവശ്യമായ അങ്കലാപ്പ് തോന്നേണ്ടതില്ല.
5 ഏതു പ്രായത്തിലാണ് ഈ മാസമുറ ആരംഭിക്കുക? അതിന്റെ തുടക്കം വ്യത്യസ്ത വ്യക്തികളിൽ വ്യത്യസ്തമായിരിക്കും. പലേ രാജ്യങ്ങളിലും അത് സാധാരണയായി പതിമൂന്നു വയസ്സിനോടടുത്താണ്. എന്നാൽ ചിലർക്ക് അതു പത്തുവയസ്സിലോ അതിലും നേരത്തെ തന്നെയോ ആരംഭിച്ചേക്കാം. മററു ചിലർക്കാകട്ടെ പതിനാറു വയസ്സോ അതിൽ കൂടുതലോ ആയിട്ടും ആരംഭിച്ചില്ലെന്നും വരാം. അതുപോലെ തന്നെ ആർത്തവ ദിവസങ്ങൾ മൂന്നു മുതൽ അഞ്ചുവരെയായി വ്യത്യാസപ്പെട്ടിരുന്നേക്കാം.
6 കുട്ടിപ്രായത്തിൽ നിന്ന് സ്ത്രീത്വത്തിലേക്കുളള ഈ മാററത്തോടൊപ്പം നിങ്ങളുടെ അരക്കെട്ട് വണ്ണിക്കുന്നു. സ്തനങ്ങൾ വികസിച്ചു തുടങ്ങുന്നു. പ്രത്യക്ഷമായും പരോക്തമായും സംഭവിക്കുന്ന ഈ മാററങ്ങളൊക്കെയും സ്രഷ്ടാവ് സ്ത്രീകൾക്കായി നീക്കിവച്ചിരിക്കുന്ന, ഭാര്യയും അമ്മയും എന്ന ഇരട്ടധർമ്മത്തിനുളള തയ്യാറെടുപ്പുകളാണ്. പെൺകുട്ടികളുടെ വണ്ണിച്ച അരക്കെട്ട് ശിശുജനനം എളുപ്പമാക്കിത്തീർക്കുന്നു. കൂടാതെ കൊച്ചുകുഞ്ഞുങ്ങളെ ഒക്കത്ത് എടുത്തുകൊണ്ട് നടക്കുന്നതിനും അതു സഹായകമാണ്. സാധാരണ സ്ത്രീശരീരത്തിൽ കാണുന്ന മേദസ്സ് അവൾ ഗർഭിണിയായിരിക്കുമ്പോഴും ശിശു ജനിച്ചശേഷവും ശിശുവിനാവശ്യമായ പോഷണം നൽകുന്നതിന് ഒരു കരുതൽ സംഭരണമായി ഉതകുന്നു. ശിശുജനനത്തോടെ സ്തനങ്ങൾ പാൽ ഉല്പാദനം ആരംഭിക്കുന്നു.
പുരുഷൻമാരോടുളള വർദ്ധിച്ചുവരുന്ന ആകർഷണം
7-10.(എ) ഒരു പെൺകുട്ടിയുടെ ശാരീരികമായ വളർച്ച അവളുടെ പെരുമാററം സംബന്ധിച്ച് അവളുടെമേൽ കൂടുതലായ ഉത്തരവാദിത്വങ്ങൾ വയ്ക്കുന്നതെങ്ങനെ? (ബി) ഉത്തമഗീതത്തിൽ ഈ ഉത്തരവാദിത്വം ഒരു പെൺകുട്ടിയെ ഒരു “മതിലി”നോടും ഒരു “വാതിലി”നോടും താരതമ്യപ്പെടുത്തിക്കൊണ്ട് വിശദീകരിക്കുന്നതെങ്ങനെ?
7 മനുഷ്യവർഗ്ഗത്തിന്റെ സ്രഷ്ടാവായ യഹോവയാം ദൈവം സ്ത്രീകൾക്ക് നൽകിയിരിക്കുന്ന പദവികൾ അവയോടൊപ്പം തന്നെ യഹോവയുടെ ഉദ്ദേശ്യങ്ങളെ ആദരിക്കുന്നതിനും അവയ്ക്കനുസരണമായി പ്രവർത്തിക്കുന്നതിനുമുളള ഉത്തരവാദിത്വവും അവരുടെമേൽ വയ്ക്കുന്നു. സ്ത്രീപുരുഷൻമാർക്കിടയിൽ ഉണ്ടായിരിക്കാൻ ദൈവം ഇടയാക്കിയിരിക്കുന്ന പരസ്പരാകർഷണം മുഖ്യമായും പുനരുല്പാദനത്തോട് ബന്ധപ്പെട്ടാണിരിക്കുന്നത്. കുഞ്ഞുങ്ങൾക്ക് ജന്മമേകാൻ തക്കവണ്ണം ഒരു പെൺകുട്ടിയുടെ ശരീരം വളർച്ച പ്രാപിക്കുമ്പോൾ പിതൃത്വമേറെറടുക്കാൻ പ്രായമായ പുരുഷൻമാർ അവളിൽ കൂടുതൽ ആകൃഷ്ടരാകാൻ ഇടയാകുന്നു. ഈ ആകർഷണം തെററായ രീതിയിലോ ദ്രോഹപരമായ രീതിയിലോ ഉപയോഗിക്കപ്പെട്ടേക്കാം. എങ്കിൽ ദൈവാനുഗ്രഹം ഉറപ്പു വരുത്തുന്നതിനും നിങ്ങളുടെതന്നെ ഭാവി ഭാസുരമാക്കുന്നതരം ഗതി സ്വീകരിക്കുന്നതിനും എന്തു മനസ്സിൽ പിടിക്കേണ്ടതുണ്ട്?
8 ഉത്തമഗീതങ്ങൾ എന്ന ബൈബിൾ പുസ്തകത്തിൽ ഒരു ശൂലേമ്യ കന്യകയുടെ ജ്യേഷ്ഠ സഹോദരൻമാരുടേതായ രസാവഹമായ ഒരു പരാമർശനം നമുക്കു കാണാം. ആദ്യം ഒരാളുടെ വാക്കുകൾ ഇപ്രകാരം ഉദ്ധരിച്ചിരിക്കുന്നു. “സ്തനങ്ങൾ വന്നിട്ടില്ലാത്ത ഒരു ചെറിയ സഹോദരി നമുക്കുണ്ട്. നമ്മുടെ സഹോദരിക്കു കല്യാണം പറയുന്ന നാളിൽ നാം അവൾക്കുവേണ്ടി എന്തു ചെയ്യും?” അതായത് അവരുടെ സഹോദരിയുടെ നെഞ്ചിന്റെ പരപ്പു മാറി അവൾ വളരുമ്പോൾ ആരെങ്കിലും വിവാഹാലോചനയുമായി വരുമ്പോൾ അവർ അവൾക്കുവേണ്ടി എന്തു ചെയ്യണമെന്ന്? മറെറാരു സഹോദരൻ ഉത്തരമായി പറയുന്നു: “അവൾ ഒരു മതിൽ എങ്കിൽ അതിൻമേൽ ഒരു വെളളിമകുടം പണിയാമായിരുന്നു, ഒരു വാതിൽ എങ്കിൽ ദേവദാരുപ്പലകകൊണ്ട് അടയ്ക്കാമായിരുന്നു.” (ഉത്തമഗീതം 8:8, 9) ഇതിന്റെ അർത്ഥമെന്താണ്?
9 അവരുടെ സഹോദരി ഒരു “മതിൽ” പോലെ ഉറപ്പുളളവളാണ് എന്നു തെളിയിക്കുന്നുവെങ്കിൽ അവർ അവളെ ബഹുമാനിക്കുകയും സമൃദ്ധമായ പ്രതിഫലം നൽകുകയും ചെയ്യും എന്നാണ് അവരുടെ ആലങ്കാരിക ഭാഷ പ്രകടമാക്കുന്നത്. എന്നാൽ ഒരു മതിൽപോലെ ഉറപ്പുളളവളാണ് എന്ന് അവൾക്ക് എങ്ങനെ തെളിയിക്കാൻ കഴിയും? അവളെ അധാർമ്മിക പ്രവൃത്തികളിൽ ഉൾപ്പെടുത്താനുളള സർവ്വ ശ്രമങ്ങളെയും ചെറുത്തു നിൽക്കുന്നതിനുളള ശക്തി പ്രകടമാക്കിക്കൊണ്ട്, നിർമ്മലത പാലിക്കാനുളള ഉറച്ച തീരുമാനം വ്യക്തമാക്കിക്കാണിക്കുന്നതിനാൽത്തന്നെ. വിവാഹപ്രായമാകുമ്പോൾ അവൾ ശരിയായ തത്വങ്ങൾ മുറുകെപ്പിടിക്കുന്നതിൽ അചഞ്ചലയും വിശ്വസ്തയുമാണെന്ന് തെളിയിക്കും. മറിച്ച്, ആർക്കും, സദാചാര വൈകല്യമുളള ഒരുവനുപോലും, അല്പം ശക്തി പ്രയോഗിച്ചാൽ തുറന്നു കൊടുക്കുന്ന ഒരു “വാതിൽ”പോലെയാണവളെങ്കിലോ? അപ്പോൾ വിപരീതലിംഗവർഗ്ഗത്തിൽപ്പെട്ടവരോടുളള ബന്ധത്തിൽ വിശ്വസിക്കാൻ കൊളളാത്തവളെന്ന നിലയിൽ അവളെ ഫലത്തിൽ ‘അടച്ചു സൂക്ഷിക്കണം’, അല്ലെങ്കിൽ, അവർ അവളെ നിയന്ത്രിക്കാൻ നടപടികളെടുക്കണം. അവളുടെ സ്നേഹത്തിന്റെ കാര്യത്തിലും, ആദ്യം ഒരാളോടു കലശലായ പ്രേമം തോന്നുകയും പിന്നീട് മറെറാരാൾക്കുവേണ്ടി അയാളെ ഉപേക്ഷിക്കുകയും ചെയ്തുകൊണ്ട് അവൾക്ക് അടയുകയും തുറക്കുകയും ചെയ്യുന്ന ഒരു വാതിൽപോലെയായിരിക്കാൻ കഴിയും.
10 ഈ പരിശോധനാഘട്ടത്തെ വിജയപൂർവ്വം തരണം ചെയ്ത, സ്തനങ്ങളുളളവളായ, പക്വതയിലെത്തിയ ആ ശൂലേമ്യ കന്യകയ്ക്കു തന്റെ സഹോദരൻമാരോട് ഇപ്രകാരം പറയാൻ കഴിഞ്ഞു: “ഞാൻ മതിലും എന്റെ സ്തനങ്ങൾ ഗോപുരങ്ങൾ പോലെയുമിരിക്കുന്നു. ഈ കാര്യത്തിൽ ഞാൻ അവന്റെ [അവളുടെ പ്രതിശ്രുതവരന്റെ] ദൃഷ്ടിയിൽ സമാധാനം പ്രാപിച്ചിരിക്കുന്നു.”—ഉത്തമഗീതം 8:10.
11-14. (എ) ഇറക്കം കുറഞ്ഞ പാവാടയും ഇറുകിക്കിടക്കുന്ന സ്വെറററും ധരിക്കുന്നത് ഒരു യുവതിയെ അനാവശ്യമായ പ്രശ്നങ്ങളിലേക്കു നയിച്ചേക്കാവുന്നതെന്തുകൊണ്ട്? (ബി) ഒരു യുവതിയെന്ന നിലയിൽ വിശേഷിച്ച് ഏതു സംഗതികളിൽ നിങ്ങൾ ഒരു യുവാവിന് ആകർഷകയായിരിക്കാൻ ആഗ്രഹിക്കും?
11 നിങ്ങളും യൗവനത്തിലേക്കു കടക്കുമ്പോൾ ഇതുപോലൊരു പരിശോധനയെ നേരിടേണ്ടിവരുന്നു. മനസ്സിലും ഹൃദയത്തിലും മനസ്സാക്ഷിയിലും യഥാർത്ഥ സമാധാനം ആസ്വദിക്കുകയും നിങ്ങളുടെ സമാധാനത്തെ തകർക്കുന്ന പ്രശ്നങ്ങളിൽനിന്ന് നിങ്ങളെത്തന്നെ സംരക്ഷിക്കുകയും ചെയ്യുന്നതിന് നിങ്ങൾ ആത്മനിയന്ത്രണം പാലിക്കുകയും ശരിയായതിനോട് പററിനിൽക്കാനുളള ശക്തി പ്രകടമാക്കുകയും ചെയ്യേണ്ടതുണ്ട്. ഇറക്കം കുറഞ്ഞതും ഒട്ടിച്ചേർന്നു കിടക്കുന്നതുമായ പാവാടയും ഇറക്കി വെട്ടിയ ബ്ളൗസും ഇറുക്കമുളള സ്വെറററുകളും മററും ധരിച്ചുകൊണ്ട് മാതൃത്വത്തോട് ബന്ധമുളള നിങ്ങളുടെ ശരീരഭാഗങ്ങളിലേക്ക് നിങ്ങൾ മനഃപൂർവ്വം ശ്രദ്ധ ആകർഷിക്കണമോ? അത് എതിർലിംഗ വർഗ്ഗത്തിൽപ്പെട്ടവരെ ലൈംഗികമായി ഉത്തേജിപ്പിക്കുന്ന ഫലമായിരിക്കും ഉളവാക്കുക. എങ്കിൽ എന്ത്?
12 നിങ്ങളുടെ ശരീരഭാഗങ്ങളിലേക്കുളള അത്തരം ശ്രദ്ധയാകർഷിക്കൽമൂലം ഉണ്ടായേക്കാവുന്ന സമീപനങ്ങളെ ചെറുത്തുനിൽക്കാനുളള ഉറപ്പും ശക്തിയും നിങ്ങൾക്കുണ്ടായിരിക്കുമോ? നിങ്ങളിൽ ശാരീരികമായ വളർച്ച കാണപ്പെടുന്നുവെങ്കിലും വിവാഹത്തിനും സാധ്യതയനുസരിച്ച് മാതൃത്വത്തിനും വേണ്ട മാനസികവും വൈകാരികവുമായ വളർച്ച നിങ്ങൾക്കുണ്ടോ? പന്ത്രണ്ടു മാസം മാത്രം പ്രായമുളള ഒരു പൂച്ച, കുഞ്ഞുങ്ങളെ പ്രസവിക്കാൻ തക്ക അവസ്ഥയിലാണ്. അതു ജന്മവാസനയാൽത്തന്നെ അതിന്റെ കുഞ്ഞുങ്ങളെ പരിപാലിക്കുന്ന ജോലി നന്നായി ചെയ്യുന്നു. എന്നാൽ മനുഷ്യർ മൃഗങ്ങളെപ്പോലെ ജന്മവാസനകളാൽ നയിക്കപ്പെടുന്നില്ല. മനുഷ്യർക്ക് ജന്മനാ സിദ്ധിക്കുന്നതിലും വളരെയധികം കാര്യങ്ങൾ പഠിക്കേണ്ടതുണ്ട്. പഠനത്തിന് സമയം ആവശ്യമാണ്. ഇക്കാര്യത്തിൽ ധൃതികൂട്ടുന്നത് സമയത്തിന് മുൻപേ ഒരു റോസാമൊട്ട് നുളളി വിടർത്താൻ ശ്രമിക്കുന്നതുപോലെയായിരിക്കും. ആ പുഷ്പത്തിനുണ്ടായിരുന്നേക്കാമായിരുന്ന സകല ഭംഗിയും നഷ്ടമാക്കുന്നതിനും അതു നശിക്കുന്നതിനും മാത്രമേ പ്രസ്തുത നടപടി ഉപകരിക്കു. വിവാഹജീവിതം ഒരു മണവാട്ടിയായിരിക്കുക എന്നത് മാത്രമല്ല എന്നും കൂടി ഓർമ്മിക്കുക. ഗൃഹഭരണവും പാചകവൃത്തിയും വസ്ത്രം അലക്കലും എല്ലാം അതിൽപ്പെടുന്നു. കൂടാതെ ഒരമ്മയായിരിക്കുന്നതിന് കുട്ടികളോടുളള ഇടപെടലിൽ വളരെയേറെ ക്ഷമയും സഹനശക്തിയും ആവശ്യമാണ്. ഇതെല്ലാം, അനുകൂല സാഹചര്യങ്ങളിലും പ്രതികൂല സാഹചര്യങ്ങളിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും വേണ്ടിയിരിക്കുന്നു.
13 മാത്രവുമല്ല, വിവാഹത്തിനാവശ്യമായ പക്വത തനിക്കുണ്ട് എന്ന് ഒരു യുവതി കരുതുന്നുവെങ്കിൽത്തന്നെ ഏതു തരത്തിലുളള ഒരു ഭർത്താവിനെ ആകർഷിച്ചു നേടാനാണ് അവൾ ആഗ്രഹിക്കുക? ഒരു പെൺകുട്ടി തനിക്കു നൽകിയേക്കാമെന്ന് താൻ കരുതുന്ന ലൈംഗികമായ സംതൃപ്തിയുടെ പേരിൽ മാത്രം അവളിൽ ആകൃഷ്ടനാകുന്ന ഒരു യുവാവ് ഒരു നല്ല ഭർത്താവായിരിക്കാൻ സാധ്യതയുണ്ടോ? അതിന്റെ അടിസ്ഥാനത്തിൽ ആളുകളെ ആകർഷിക്കാൻ ശ്രമിക്കുന്നതിലും ഏറെ മെച്ചമായത് മനസ്സിലും ഹൃദയത്തിലും നിങ്ങൾ ഏതുതരം വ്യക്തിയായിരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ നിലനിൽക്കുന്ന സൗഹൃദം തേടുന്നതായിരിക്കില്ലേ? മററുളളവർക്ക് ആകർഷകമായ വ്യക്തിത്വഗുണങ്ങൾ വികസിപ്പിച്ചെടുക്കുന്നതിനാൽ നിങ്ങൾക്കതു ചെയ്യാൻ കഴിയും. കൂടാതെ നല്ല സംസാര രീതിയാലും ഉചിതവും ഉല്ലാസദായകവുമായ ജീവിതവീക്ഷണത്താലും സത്യസന്ധത, താഴ്മ, മാന്യത, ദയ, നിസ്വാർത്ഥത മുതലായവ നിങ്ങൾ വിലമതിക്കുന്നു എന്ന് പ്രകടമാക്കുന്നതിനാലും നിങ്ങൾക്കതു സാധിക്കും.
14 ഈ നല്ല ഗുണങ്ങളെ ഏതാനും നിമിഷത്തേയ്ക്കുളള സുഖത്തിനുവേണ്ടി ഉപേക്ഷിക്കാൻ വിസമ്മതിക്കുന്നതിനാൽ നിങ്ങൾക്ക് ഇക്കാര്യത്തിൽ ആത്മാർത്ഥതയുണ്ട് എന്ന് തെളിയിക്കാൻ കഴിയും. മറിച്ച്, നിങ്ങൾ അതിന് വഴിപ്പെടുന്നുവെങ്കിൽ അത് നിങ്ങളുടെ തന്നെ ദൃഷ്ടിയിലും നിങ്ങൾ സ്നേഹിക്കുകയും വിലമതിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരുടെ ദൃഷ്ടിയിലും നിങ്ങളുടെ വിലയിടിക്കാനും തരം താഴ്ത്താനുമേ ഉപകരിക്കു. നിങ്ങൾക്ക് ജീവിതത്തിൽ ഉൽകൃഷ്ടമായ ലക്ഷ്യങ്ങൾ ഉണ്ടെന്ന്, ‘നിങ്ങളുടെ യൗവനത്തിൽ സ്രഷ്ടാവിനെ ഓർക്കാൻ’ ആഗ്രഹിക്കുന്നു എന്ന് പ്രകടമാക്കുന്നതിനാൽ, യഥാർത്ഥ സന്തുഷ്ടി കൈവരുത്തുന്നതും ഒരു നിധിപോലെ കരുതാവുന്നതുമായ സൗഹൃദം പ്രദാനം ചെയ്യുന്ന സുഹൃത്തുക്കളെ നേടാൻ കഴിയും.—സഭാപ്രസംഗി 12:1.
സൗന്ദര്യം സംബന്ധിച്ച ഉചിതമായ വീക്ഷണം
15, 16. (എ) സൗന്ദര്യത്തിൽ താല്പര്യമുണ്ടായിരിക്കുന്നത് സ്വാഭാവികമാണെങ്കിലും നിങ്ങളുടെ ഭാവിസന്തുഷ്ടിയിൻമേൽ കൂടുതലായ ഫലം ഉണ്ടായിരിക്കുന്നത് എന്തിനാണ്? (ബി) അനുദിനജീവിതത്തോടുളള ബന്ധത്തിൽ സദൃശവാക്യങ്ങൾ 11:22; 31:30 വിശദീകരിക്കുക.
15 താരുണ്യത്തിൽ പെൺകുട്ടികൾ തങ്ങളുടെ സൗന്ദര്യം സംബന്ധിച്ച് വളരെ ശ്രദ്ധാലുക്കളായിരിക്കുക എന്നത് സ്വാഭാവികമാണ്. നിങ്ങളുടെ ഭാവി മുഴുവൻ നിങ്ങളുടെ ബാഹ്യരൂപത്തെ അല്ലെങ്കിൽ സൗന്ദര്യത്തെ ആശ്രയിച്ചിരുന്നാലെന്നവണ്ണം അതേപ്പററി അസംതൃപ്തരോ അനാവശ്യമായ ആകുലചിത്തരോ ആകേണ്ടതില്ല. നിങ്ങൾ ഇഷ്ടപ്പെടുകയും വിലമതിക്കുകയും ചെയ്യുന്നതായി നിങ്ങൾക്കു ചുററുമുളള മുതിർന്നവരെ നിരീക്ഷിക്കുക. അവരിൽ പലരും, ഒരുപക്ഷേ മിക്കവരുംതന്നെ അത്രയേറെ സൗന്ദര്യമൊന്നുമില്ലാത്തവരല്ലേ? ഭാവി സന്തുഷ്ടിക്കുളള യഥാർത്ഥ അടിസ്ഥാനം ശാരീരിക സൗന്ദര്യമല്ല.
16 ശാരീരിക സൗന്ദര്യമുളള പെൺകുട്ടികളെ സംബന്ധിച്ചും ഇത് അത്രതന്നെ സത്യമാണ്. സൗന്ദര്യവതികളായ പല സ്ത്രീകളും തികച്ചും അർത്ഥശൂന്യമായ, പലപ്പോഴും അധാർമ്മികമായ ജീവിതം നയിക്കുന്നതിൽ കലാശിക്കുന്നു എന്ന് അവർ തിരിച്ചറിയേണ്ടതുണ്ട്. ബൈബിളിലെ ഈ സദൃശവാക്യം എത്ര ശരിയാണ്: “വിവേകമില്ലാത്ത സുന്ദരി പന്നിയുടെ മൂക്കിൽ പൊൻമൂക്കുത്തി പോലെയാണ്”! (സദൃശവാക്യങ്ങൾ 11:22) അതെ, ബൈബിൾ ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “ലാവണ്യം വ്യാജവും സൗന്ദര്യം വ്യർത്ഥവുമായിരിക്കാം; യഹോവഭക്തിയുളള സ്ത്രീയോ പ്രശംസിക്കപ്പെടും.”—സദൃശവാക്യങ്ങൾ 31:30.
വൈകാരിക സമനിലക്കുവേണ്ടിയുളള ശ്രമം
17-19. (എ) താരുണ്യത്തിൽ ഒരു പെൺകുട്ടിക്ക് എന്തു വൈകാരിക മാററങ്ങൾ അനുഭവപ്പെട്ടേക്കാം? വൈകാരിക സമനില നേടുന്നതിന് എന്തു അവളെ സഹായിക്കും? (ഗലാത്യർ 5:22, 23) (ബി) വ്യക്തിപരമായ എന്തു ശീലങ്ങളും സമനിലനേടാൻ സഹായകമായേക്കാം?
17 താരുണ്യത്തിലെ ശാരീരിക മാററങ്ങൾ വൈകാരിക മാററങ്ങൾക്ക് ഇടയാക്കിയേക്കാം. ഒരു കൊച്ചുപെൺകുട്ടിക്ക് ഒരു നിമിഷം നല്ല ഉൻമേഷവും അടുത്ത നിമിഷം തളർച്ചയും അനുഭവപ്പെടുന്നതുപോലെ തന്നെ വൈകാരികമായും വളരെ വ്യതിയാനങ്ങൾ അനുഭവപ്പെടാം. ഉൻമേഷത്തിന്റെതും ആഹ്ളാദത്തിന്റേതുമായ നിമിഷങ്ങൾക്ക് തൊട്ടുപിന്നാലെ മ്ളാനതയും വിഷണ്ണതയും അനുഭവപ്പെട്ടേക്കാം. നിങ്ങൾക്ക് എന്താണ് സംഭവിക്കുന്നത്, നിങ്ങൾക്ക് ക്രമനില തെററിയിരിക്കുന്നോ എന്നുപോലും നിങ്ങൾ സംശയിച്ചേക്കാം. മാറിമറിയുന്ന മൂല്യങ്ങളുളള ആധുനിക വ്യാവസായിക സമൂഹത്തിൽ പ്രത്യേകിച്ചും, താരുണ്യത്തിലെത്തിയ പെൺകുട്ടികൾക്ക് പിരിമുറുക്കവും അനിശ്ചിതത്വവും അനുഭവിക്കേണ്ടി വരുന്നു.
18 ഈ അനിശ്ചിതത്വത്തിന് അടിമപ്പെട്ട്, മററുളളവരിൽനിന്ന് അകന്ന് തന്നിലേക്കുതന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു കഴിയുകയോ അല്ലെങ്കിൽ തികച്ചും സ്വതന്ത്രയും മർക്കടമുഷ്ടിക്കാരിയുമായി തീരുകയോ ചെയ്യുക എളുപ്പമാണ്. ചില പെൺകുട്ടികൾ പരുഷമായ പെരുമാററവും കോപാവേശവും പ്രകടമാക്കുകയും അശ്ളീല ഭാഷ ഉപയോഗിക്കുകയും ചെയ്തേക്കാം. മററു ചിലർ ആത്മാർത്ഥതയില്ലാത്തവരായി കപടവേഷമണിയാൻ തുടങ്ങുന്നു. എന്നാൽ ഇതു ഒരു പ്രകാരത്തിലും സഹായകമാകുന്നില്ല; കാര്യങ്ങൾ വഷളാകുന്നതേയുളളു. നിങ്ങൾ കുട്ടിപ്രായം പിന്നിട്ട സ്ഥിതിക്ക് ഇപ്പോൾ നിങ്ങൾ വ്യക്തിപരമായി ദൈവാത്മാവിന്റെ ഫലങ്ങൾ—സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, നൻമ, വിശ്വാസം, സൗമ്യത, ആത്മനിയന്ത്രണം—നട്ടുവളർത്താൻ ഒരു കഠിനശ്രമം ചെയ്യേണ്ടതാണ്.
19 അതുപോലെ സമനില കൈവരുത്താൻ സഹായകമായ ശീലങ്ങൾ നട്ടുവളർത്തുക. നിങ്ങളുടെ മുറി എല്ലാം കുഴഞ്ഞുമറിഞ്ഞു കിടക്കാനിടയാക്കാതെ അതു വൃത്തിയുളളതായും ക്രമമുളളതായും സൂക്ഷിക്കുക. ആഹാരവും നിദ്രയും സംബന്ധിച്ച് ക്രമമുളള ശീലങ്ങൾ ഉണ്ടായിരിക്കുവാൻ ശ്രമിക്കുക. നിങ്ങൾക്ക് വളർന്നുകൊണ്ടിരിക്കുന്ന നിങ്ങളുടെ ശരീരത്തിന് നൽകാൻ കഴിയുന്ന എല്ലാ സഹായവും അതിനാവശ്യമാണ്. ഈ ദിശയിൽ എത്രമാത്രം നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നോ അത്രയേറെ പ്രശാന്തതയും ഉറപ്പും നിങ്ങൾക്ക് അനുഭവപ്പെടും. ഇത് നിങ്ങളുടെ വൈകാരിക അനുഭവങ്ങളെ മിതപ്പെടുത്തുന്നതിനും നിങ്ങളെ സഹായിക്കും.
20, 21. (എ) ജീവിതത്തെ സംബന്ധിച്ച് നിങ്ങൾക്ക് ചോദ്യങ്ങളുളളപ്പോൾ സമപ്രായക്കാരിൽനിന്നു ലഭിക്കുന്നതിനേക്കാൾ ആശ്രയയോഗ്യമായ വിവരങ്ങൾ നിങ്ങളുടെ മാതാപിതാക്കളിൽനിന്ന് ലഭിക്കുന്നതെന്തുകൊണ്ട്? (ബി) വിശേഷിച്ച് എന്ത് നിങ്ങളെ യഥാർത്ഥത്തിൽ ആകർഷകയായ ഒരു വ്യക്തിയാക്കിത്തീർക്കും?
20 മാററങ്ങളുടെ ഈ കാലഘട്ടം നിങ്ങളെ നിങ്ങളുടെ മാതാപിതാക്കളിൽനിന്ന് അകററാൻ യാതൊരു കാരണവശാലും അനുവദിക്കരുത്. ഗതിമാററത്തിന്റെ ഈ ഘട്ടത്തിൽ സമനില പാലിക്കാൻ ഒരു താങ്ങായി ഉപകരിക്കാവുന്ന ഈടുററ സഹായവും ആശ്രയയോഗ്യമായ ദൃഢതയും നൽകാൻ അവർക്കു കഴിയും. നിങ്ങളുടെ സമപ്രായക്കാരായ മററുളളവരെപ്പോലെ ആയിരിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്ന “സമ്മർദ്ദം” അവരിൽനിന്ന് അനുഭവിക്കേണ്ടി വരുമ്പോൾ അവർതന്നെ മാററങ്ങൾക്ക് വിധേയരായിക്കൊണ്ടിരിക്കുന്നു എന്ന വസ്തുത തിരിച്ചറിയുക. അതുകൊണ്ടാണ് ഇന്ന് അവർ ഇഷ്ടപ്പെടുന്നത് നാളെ അവർക്ക് ഒട്ടുംതന്നെ തൃപ്തികരമല്ലാതിരുന്നേക്കാവുന്നത്. നിങ്ങളെപ്പററി അവർ എന്തു വിചാരിക്കുന്നു എന്നതിന് അമിതമായ ശ്രദ്ധ കൊടുക്കുന്നത് നിങ്ങളുടെ പ്രശ്നങ്ങൾ വർദ്ധിപ്പിക്കുകയേയുളളു. അതുകൊണ്ടു തന്നെയാണ് നിങ്ങൾക്ക് വ്യക്തിപരമായ, രഹസ്യസ്വഭാവത്തിലുളള, എന്തെങ്കിലും സംശയങ്ങൾ ഉളളപ്പോൾ നിങ്ങൾക്കു സമീപിക്കാവുന്ന കൂടുതൽ മെച്ചപ്പെട്ട അറിവിന്റെ ഉറവ് നിങ്ങളുടെ മാതാപിതാക്കളായിരിക്കുന്നത്. നിങ്ങളുടെ സഹപാഠികൾക്ക് നൽകാൻ കഴിയുന്നതിലും കൂടുതൽ പക്വവും സന്തുലിതവുമായ ഉത്തരം നൽകാൻ അവർക്ക് കഴിയും.
21 പുതുമഴയ്ക്കു പിന്നാലെ പുഷ്പങ്ങൾ വിടരുംപോലെ, കൊടുങ്കാററിനെ അതിജീവിക്കാനും പ്രശ്നങ്ങളെ അനുദിനജീവിതത്തിന്റെ ഭാഗമായി കണക്കാക്കാനും നിങ്ങൾ പഠിക്കുന്നുവെങ്കിൽ നിങ്ങൾ ദൃഢതയും ആത്മാവിശ്വാസവും നേടുകതന്നെ ചെയ്യും. (നല്ല ആഹാരക്രമവും ആരോഗ്യസംരക്ഷണവുംകൊണ്ട്) ശരീരം ബലിഷ്ഠമായും ശുചിയായും സൂക്ഷിക്കാൻ ശ്രമിക്കുന്നതോടൊപ്പം പുറമെ നിങ്ങൾ എങ്ങനെയിരിക്കുന്നു എന്നതിനേക്കാൾ അകമേ നിങ്ങൾ എന്തായിരിക്കുന്നു എന്നതിന് കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. നിങ്ങളുടെ ‘ഹൃദയത്തിന്റെ ഗൂഢമനുഷ്യൻ’ ഉല്പാദിപ്പിക്കുന്ന “സൗമ്യതയും സാവധാനതയുമുളള മനസ്സ്” എന്ന അക്ഷയഭൂഷണമാണ് നിങ്ങളെ ദൈവത്തിന്റെയും മനുഷ്യരുടെയും ദൃഷ്ടിയിൽ യഥാർത്ഥത്തിൽ ആകർഷകയാക്കുന്നത്.—1 പത്രോസ് 3:3, 4.
[അധ്യയന ചോദ്യങ്ങൾ]
[28-ാം പേജിലെ ചിത്രം]
നിങ്ങൾ ഒരു വാതിൽ പോലെയാണോ . . .
[29-ാം പേജിലെ ചിത്രം]
. . . അതോ ഒരു മതിൽപോലെയോ?
[32-ാം പേജിലെ ചിത്രം]
നിങ്ങൾ ശാരീരിക സൗന്ദര്യത്തിന് അമിതമായ ഊന്നൽ കൊടുക്കുന്നുവോ?